പേജുകള്‍‌

കവിതയുടെ ഹരിതസഞ്ചാരങ്ങൾ

 (കവി രാജൻ കൈലാസുമായുള്ള സംഭാഷണം-അജിത് കോടോത്ത് നടത്തിയത്)

വലിയ വലിയ സംഖ്യകൾക്കിടയിൽ ജീവിക്കുമ്പോഴും കവിതയെ അയാൾ മുറുകെപ്പിടിച്ചിരുന്നു. ധാരധാരയായി പൊഴിഞ്ഞില്ലെങ്കിലും അയാളുടെ വരുതിയിൽ നിന്നും അവ അകന്നുപോയില്ല. എന്നുമാത്രമല്ല വല്ലപ്പോഴും അയാളുടെ വിരൽത്തുമ്പിലൂടെ അവ കടലാസ്സുകളിലേക്ക് ഒലിച്ചിറങ്ങുകയും ചെയ്തു. ഇല്ലാതായിക്കൊണ്ടിരിക്കുന്ന പ്രകൃതിയും അന്യം നിൽക്കുന്ന കാഴ്ചകളും സംസ്കാരങ്ങളും അയാൾക്ക് വിഷയങ്ങളായി ഭവിച്ചു. പ്രകൃതിയിലെ മുറിവുകൾ ആ മനസ്സിനേയും മുറിവേൽപ്പിച്ചു. മാവു പൂക്കാത്ത കാലത്തെ കുറിച്ച് ആ മനസ്സ് ഏറെ വേവലാതിപ്പെട്ടു. പ്രളയത്തിൽ അദ്ദേഹം ജലത്തിന്റെ പ്രണയോന്മാദം കണ്ടു. അനീതികളോട് പ്രതികരിക്കാത്ത മനുഷ്യരെ പ്രതിമകളായും കണ്ടു. നാട്ടുവളപ്പിൽ നിന്നും അപ്രത്യക്ഷമാകുന്ന കമ്മ്യൂണിസ്ററ് പച്ചയിൽ പോലും അയാൾ കവിത കണ്ടെത്തി. അതിലൂടെ നമുക്ക് നഷ്ടമാകുന്ന സ്വത്വത്തെ, കടന്നുവരുന്ന സാമ്രാജ്യത്തെ മോഹങ്ങളെക്കുറിച്ച് അയാൾ ഓർമ്മപ്പെടുത്തി. തീരെ നിസ്സാരമെന്ന് നമ്മൾ കരുതുന്നവയിൽ നിന്നും തന്റെ കവിതക്കുള്ള വിഷയങ്ങൾ അയാൾ കണ്ടെത്തി. അതിലൂടെ വലിയ ജീവിതസത്യങ്ങൾ, വേദനകൾ, ആശങ്കകൾ ഒക്കെ അദ്ദേഹം വായനക്കാരുമായി പങ്കുവെച്ചു,   അവരുമായി തന്റെ ഹൃദയം പങ്കുവെച്ചു. സാധാരണക്കാരനുപോലും മനസ്സിലാകുന്ന ഭാഷയിൽ കവിതയെഴുതി അവരിലൊരാളായി ജീവിക്കുന്ന ആ കവിയുടെ പേര് 'രാജൻ കൈലാസ്'. ഉദ്യാനനഗരിയിൽ ഇടയ്ക്കിടെ വിരുന്നിനെത്തുന്ന ശ്രീ രാജൻ കൈലാസ് കുന്ദലഹള്ളി കേരളസമാജത്തിലെ വായനക്കാരുമായി തന്റെ മനസ്സ് പങ്കുവെക്കുന്നു, വായിച്ചാലും.

1. ഒരു ഹരിതകവിയാണ് താങ്കളെന്ന് തോന്നിയിട്ടുണ്ട്. സുഗതകുമാരി ടീച്ചർക്കുശേഷം ഇത്രയ്ക്ക് പ്രകൃതിസ്നേഹം നിറഞ്ഞ കവിതകൾ ഒരുപക്ഷെ വേറെ ആരും എഴുതിയിട്ടുണ്ടാവില്ല എന്ന് തോന്നുന്നു, എന്താണ് അഭിപ്രായം? എങ്ങനെയാണ് ഈയൊരു കാഴ്ചപ്പാടിലേക്കു അല്ലെങ്കിൽ നിലപാടിലേക്ക് എത്തപ്പെട്ടത്?

ബാംഗ്ലൂർ,കുന്ദലഹള്ളി കേരളസമാജം പ്രസിദ്ധീകരിക്കുന്ന വാർഷിക സ്മരണികയിൽ എന്റെ ഒരു അഭിമുഖം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതിൽ ആദ്യമേ സന്തോഷം രേഖപ്പെടുത്തട്ടെ! 

ഒരു 'ഹരിതകവി 'എന്ന് എന്നെ വിശേഷിപ്പിച്ചതിൽ എനിക്ക് അഭിമാനമേ ഉള്ളൂ.എന്നാൽ ഇക്കാര്യത്തിൽ സുഗതകുമാരി ടീച്ചറുടെ അടുത്ത് വരാനുള്ള യോഗ്യത പോലും എനിക്കില്ല എന്നു ഞാൻ കരുതുന്നു . ഗുരുതുല്യയായി ഞാൻ കാണുന്ന കവിയാണ് സുഗതടീച്ചർ. ടീച്ചർ പരിസ്ഥിതി സംബന്ധമായ കവിതകൾ എഴുതുക മാത്രമല്ല,  പരിസ്ഥിതിപ്രവർത്തനങ്ങളിലും  ബന്ധപ്പെട്ട സമരങ്ങളിൽ പോലും സജീവമായിരുന്നു. വലിയ പരിസ്ഥിതിനാശം വരുത്തുമായിരുന്ന ആറന്മുള വിമാനത്താവളത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ നടത്തിയ സമരത്തിൽ ടീച്ചറിനോടൊപ്പം ഞാനും പങ്കെടുത്തിരുന്നു. പരിസ്ഥിതി എന്നാൽ ഭൂമിയുടെ ജീവനാണ്.  അതിനെ വേണ്ടവിധത്തിൽ പരിപാലിക്കാതെ മനുഷ്യനു മാത്രമല്ല ഒരു ജീവിക്കും സസ്യങ്ങൾക്കുപോലും ഇവിടെ ജീവിക്കാൻ പറ്റുകയില്ല. ഈയൊരു ചിന്തയാണ് പരിസ്ഥിതി സംബന്ധമായ കവിതകളിലേക്ക് പലപ്പോഴും എന്നെ നയിച്ചത്. ചില കാഴ്ചകൾ ഉണ്ടാക്കുന്ന വേദന അറിയാതെ കവിതയായിപ്പോവുകയാണ്. ഞാൻ എഴുതിയ കവിതകളിൽ ഭൂരിപക്ഷവും ഇത്തരം കവിതകൾ തന്നെയാണ്. ഇത്തരത്തിൽ ആദ്യമായി ശ്രദ്ധിക്കപ്പെട്ട കവിതയാണ് 'ബുൾഡോസറുകളുടെ വഴി'.

ദേശാഭിമാനി വാരികയിൽ 2001 ൽ വന്ന ആ കവിത,എന്റെ ഗ്രാമമായ വള്ളികുന്നത്തിന്റെ പരിസ്ഥിതി നാശത്തിന്റെ കഥ തന്നെയാണ്. അടുത്തകാലത്ത് എഴുതിയ വൃത്തി, മരസ്സാക്ഷി (ഭാഷാ പോഷിണി ), കവിമുറ്റം (സ്ത്രീശബ്ദം ) എന്നീ കവിതകൾ ഏറെ സ്വീകരിക്കപ്പെട്ടു. 'പക്ഷിരാഷ്ട്രം' എന്നൊരു പുതിയ കവിതയും ഉണ്ട്. 'ഭൂമിക്കായി' എന്നൊരു ചെറിയ പരിസ്ഥിതി സിനിമ(Ecological Film )യ്ക്കായി എഴുതിയ 'ഭൂമിഗീതം' ആയിരക്കണക്കിന് കുട്ടികൾ ഏറ്റെടുത്ത ഗാനമാണ്. പരിസ്ഥിതി ദിനത്തിൽ സ്കൂളുകളിൽ ഇത് ചൊല്ലുന്ന വീഡിയോ ധാരാളം കുട്ടികൾ യൂട്യൂബിലും ഇട്ടിട്ടുണ്ട്. ഒരു വൃക്ഷഗീതം, കോവളം, കമ്മ്യൂണിസ്റ് പച്ചകൾ, മാവു പൂക്കാത്ത കാലം, ഹിമാലയം, ജലം, അന്തകം, ഒറ്റയിലത്തണൽ, ജോൺസി (പരിസ്ഥിതി പ്രവർത്തകനായിരുന്ന പ്രൊഫ. ജോൺസി മാഷിനെ ഓർത്ത് )എന്നീ ശ്രദ്ധിക്കപ്പെട്ട കവിതകളിലും പരിസ്ഥിതിയോ പരിസ്ഥിതിരാഷ്ട്രീയമോ ആണ് വിഷയം.

ഏറെ മുൻകരുതലോടെ, പരിസ്ഥിതിനാശം പരമാവധി കുറച്ചു വേണം ഓരോ വികസന പ്രവർത്തനവും നമ്മൾ നടത്തേണ്ടത് എന്നാണ് ഞാൻ ചിന്തിക്കുന്നത്. അടുത്തകാലത്ത് നമ്മുടെ ഭരണാധികാരികളും ഈ വഴിയിൽ ചിന്തിക്കുന്നു എന്നത് സന്തോഷകരമാണ്.

2. കണക്കുകൾക്കിടയിലെ ഔദ്യോഗികജീവിതം കവിതയെഴുത്തിനെ ബാധിച്ചതായി തോന്നിയിട്ടുണ്ടോ? 

ബാങ്കിൽ കണക്കുകൾക്കിടയിൽ ജോലി ചെയ്ത ആളാണ് ഞാൻ.'ബാക്കിപത്രം ' എന്ന എന്റെ ഒരു കവിതയിൽത്തന്നെ ഈ വിഷയമാണുള്ളത് . ജോലിചെയ്യുന്ന സമയമത്രയും കവിത മാത്രമല്ല സർഗ്ഗാത്മകമായ ചിന്തകളാകെ ഏറെ ദൂരെനിൽക്കുന്ന അനുഭവമാണ് എനിക്ക്. ചില രാത്രികളിലും ഇടയ്ക്കിടയ്ക്കുള്ള യാത്രാവേളകളിലുമാണ് കവിതയുടെ നാമ്പുകൾ മനസ്സിലേക്ക് വരാറുള്ളത്. സംഖ്യകളുമായുള്ള യുദ്ധവും സമ്പത്തിക ഇടപെടലുകളും മാനസിക സംഘർഷവും കുറയ്ക്കാൻ വേണ്ടിയാണ് ഞാൻ ബാങ്കിന്റെ ഉന്നത തസ്തികകളിലേക്ക് പോകാതിരുന്നത്. രണ്ടുവർഷം മുൻപേ ജോലിയിൽ നിന്നും സ്വയം വിരമിക്കുകയും ചെയ്തു.

3. ചെറിയ ചെറിയ വിഷയങ്ങളിൽ നിന്നാണ് പലപ്പോഴും താങ്കളുടെ കവിതകൾ ഉരുത്തിരിഞ്ഞു വരുന്നത്. എങ്ങനെയാണ് അത് സാധിക്കുന്നത്?

 ചെറിയ വിഷയങ്ങളാണോ എന്റെ കവിതയിലെന്ന് ഞാൻ ചിന്തിക്കുന്നതുതന്നെ ഈ ചോദ്യം കേൾക്കുമ്പോഴാണ്.  ഗൗരതരമായ വിഷയങ്ങൾ പോലും ചെറുതായും ലളിതമായും അവതരിപ്പിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഒരു കവിതയുടെ വിഷയം എങ്ങനെയാണ് മനസ്സിലേക്ക് വരുന്നതെന്ന് പറയാനാവില്ല.പലപ്പോഴും അത് ആകസ്മികമായിരിക്കും.

 4. ഗദ്യത്തിലും പദ്യത്തിലും താങ്കൾ കവിതയെഴുതാറുണ്ടല്ലോ, ഏതാണിഷ്ടം?

 കവിതയെക്കുറിച്ച് പറയുമ്പോൾ, 'വാക്യം രസാത്മകം കാവ്യം' എന്ന വിശ്വനാഥപണ്ഡിതന്റെ നിർവ്വചനമാണ് എനിക്കിഷ്ടം. കവിത പദ്യമോ ഗദ്യമോ ആവട്ടെ, രസാത്മകമാകണം, കാവ്യാത്മകമാകണം എന്നതാണ് പ്രധാനം. കവിതയും പദ്യവും തമ്മിൽ പലരും തിരിച്ചറിയുന്നില്ല. പദ്യവും കവിതയും ഒന്നല്ല.പദ്യത്തിൽ അല്ലെങ്കിൽ വൃത്തത്തിൽ വിരസമായി എന്തെങ്കിലുമൊ ക്കെ എഴുതിയാൽ അത് കവിതയാവില്ല. ഗദ്യമായാലും പദ്യമായാലും അത് 'കവിത'യാവുക എന്നതാണ് വേണ്ടത്. പദ്യത്തിൽ ഒതുക്കുമ്പോൾ ശക്തി ചോർന്നുപോകുന്ന പല വിഷയങ്ങളും ഗദ്യത്തിൽ പറയുന്നതല്ലേ ഉത്തമം?  ഏറെ പരത്തിപ്പറയുന്ന വിരസമായ ഗദ്യത്തെയല്ല ഞാനിവിടെ ഉദ്ദേശിച്ചത്. ഈ വിഷയം ഞാൻ കവിതയായി അവതരിപ്പിച്ചത് നോക്കൂ....

  വിത.

__

പദ്യമായാലും നല്ല

ഗദ്യമായാലും കൊള്ളാം

കവിതയിലുണ്ടാവണം

'വിത ' വീണ്ടും വീണ്ടും

വേട്ടയാടീടുന്നൊരു

വാക്കിന്റെ സൂചിത്തല!!

5. കവിതകൾ ഏറെ എഴുതിയിട്ടുണ്ടെങ്കിലും സമാഹാരങ്ങൾ അധികം ഇറങ്ങിയിട്ടില്ല, എന്തുകൊണ്ടാണിത്? ചിന്തിച്ചിട്ടുണ്ടോ?

 ഞാൻ കവിതകൾ ഏറെ എഴുതി എന്നു പറയുന്നത് ശരിയല്ല.തീരെ കുഞ്ഞുകവിതകളും ഒപ്പം ഗാനങ്ങളും കൂടി കൂട്ടിയാൽ പോ ലും 200 തികയാൻ സാധ്യതയില്ല. കവിത എഴുതിയേ പറ്റൂ എന്ന് തോന്നുമ്പോൾ മാത്രമാണ് ഞാൻ എഴുതുന്നത്. ഒരാൾ ഒരു വിഷയം പറയുമ്പോഴോ, ഒരു പ്രസിദ്ധീകരണം  കവിത ചോദിക്കുമ്പോഴോ പെട്ടെന്നൊരു കവിതയെഴുതാൻ എനിക്കാവില്ല.

അകംകാഴ്ചകൾ, ബുൾഡോസറുകളുടെ വഴി, ഒറ്റയിലത്തണൽ, മാവു പൂക്കാത്ത കാലം എന്നീ നാലു മലയാളം സമാഹാരങ്ങളും Shade of a single Leaf എന്ന ഒരു ഇംഗ്ലീഷ് വിവർത്തനകൃതിയും ആണ് എന്റെ പേരിലുള്ളത്. 'മാവു പൂക്കാത്ത കാലം' എന്ന സമാഹാരം 2019 ൽ ഡി.സി. ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്, അത് രണ്ടു പതിപ്പുകൾ കഴിഞ്ഞു. അതിനുശേഷമുള്ള കവിതകൾ പുസ്തകമാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.

6. ബാംഗളൂരിൽ ഇടയ്ക്കിടെ വരികയും ഇവിടുത്തെ കവിതാചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യുന്ന ആളെന്ന നിലയ്ക്ക് പ്രവാസികളുടെ കവിതകളെ എങ്ങനെ വിലയിരുത്തുന്നു?

എന്റെ മകൻ ജോലിയുടെ സൗകര്യത്തിനായി ബാംഗ്ലൂരിൽ താമസിക്കുന്നതുകൊണ്ടാണ് ഇടയ്ക്കിടെ ഇവിടേക്ക് വരുന്നത്. എന്റെ സാന്നിധ്യം മനസ്സിലാക്കി ധാരാളം സാഹിത്യ പരിപാടികളിലേക്ക് ഇവിടെ എന്നെ ക്ഷണിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. പ്രവാസികളായ കവികളുടെ കവിതകൾ എല്ലാം ഒരേ കോണിൽ നിന്ന് നോക്കേണ്ടവയല്ല. സ്വന്തം നാടുവിട്ട് താമസിക്കുന്നതിന്റെ ഗൃഹാതുരചിന്തകൾ ഈ കവിതകളിൽ ഏറെക്കാണാം. ഒപ്പം പ്രവാസജീവിതത്തിന്റെ സംഘർഷങ്ങളും പ്രശ്നങ്ങളും മുഴങ്ങി നിൽക്കുന്ന കവിതകളുമുണ്ട്. കവിതയെഴുത്തും സജീവമായ കവിതാവേദികളും ഈ മാനസിക സംഘർഷത്തിന് ഒരു അയവുണ്ടാക്കും എന്നും ഞാൻ കരുതുന്നു. ബാംഗ്ലൂരിൽ പ്രതിഭാസമ്പന്നരായ ധാരാളം കവികളുണ്ട്.

7. പുതുതായി ഈ രംഗത്തേക്ക് വരുന്നവർക്കുള്ള ഉപദേശം?

ഏറ്റവും പുതിയ കവികളോട് എനിക്ക് പറയാൻ എന്റെ ചില അഭിപ്രായങ്ങൾ മാത്രമാണുള്ളത്, ഉപദേശങ്ങൾ അല്ല.ലോക കവിതയോടൊപ്പം മലയാള കവിതയും വളരെ വേഗം മുന്നോട്ടു പായുകയാണ്. അതിനോടൊപ്പം സഞ്ചരിക്കാത്തവർ തീർച്ചയായും പിന്തള്ളപ്പെടും.

 കവിത ഗദ്യമോ പദ്യമോ താള ബദ്ധമോ എന്നതല്ല പ്രധാന പ്രശ്നം. ആധുനിക ജീവിതത്തിന്റെ സംഘർഷങ്ങൾ, പ്രശ്നങ്ങൾ, ആഘോഷങ്ങൾ, സന്തോഷങ്ങൾ,  പങ്കിടലുകൾ ഒക്കെ എത്രമാത്രം ആവിഷ്കരിക്കാൻ പറ്റുന്നു എന്നതാണ് പ്രശ്നം. ഗദ്യമായാലും പദ്യമായാലും മനസ്സിൽ തട്ടുന്ന വിധം ആവിഷ്കരിക്കുക എന്നതാണ് ആവശ്യം. നിരന്തരമായ വായനയും തപസ്സും ഇക്കാര്യത്തിൽ ആവശ്യമുണ്ട്. പുതുകാലത്തെ ജീവിതത്തിൽ ഇത് എത്രമാത്രം സാധിക്കുന്നു എന്നതും വിഷയമാണ്. ഉള്ളിൽ തട്ടുന്ന അനുഭവങ്ങളെ മാത്രം കവിതകൾ ആക്കുക, അതുവരുന്നത് ഗദ്യത്തിലോ പദ്യത്തിലോ ആവട്ടെ സാരമില്ല,

വായനക്കാരെ അനുഭവിപ്പിക്കുന്ന വരികളാവണം എന്നേയുള്ളു. ഗദ്യത്തിനും ഒരു ആന്തരികമായ താളം ഉണ്ടാവണം.

പുതിയ കവികളോട് ഇത്രമാത്രമാണ് പറയാനുള്ളത്.