പേജുകള്‍‌

ശിശുദിനം...


കൈയെത്തും ദൂരെ ഒരു കുട്ടിക്കാലം...
മഴവെള്ളം പോലെ ഒരു കുട്ടിക്കാലം...
മഴവെള്ളം പോലെ പെയ്തൊലിച്ചു പോയ ബാല്യകാലത്തിന്റെ മാധുര്യമാർന്ന സ്മരണകളും നൊമ്പരങ്ങളും എന്നെ ഓർമ്മിപ്പിച്ചു കൊണ്ട് ഒരു ശിശുദിനം കൂടി കടന്നു പോയി..കളിച്ചും ചിരിച്ചും കരഞ്ഞും നടന്ന നാളുകൾ..എന്തൊരു സുഖമായിരുന്നു..!! എന്തൊരു രസമായിരുന്നു..!!!!.നിങ്ങൾക്ക് ഓർമ്മയുണ്ടോ കുസൃതികളും വികൃതികളും നിറഞ്ഞ ആ കുട്ടിക്കാലം? എങ്ങിനെ മറക്കും, അല്ലെ? എത്ര വളർന്നാലും ഈ ലോകം മുഴുവൻ കാൽക്കീഴിലാക്കിയാലും മങ്ങാതെ മായാതെ കിടപ്പുണ്ടാകും എല്ലാം, മനസ്സിന്റെ അടിത്തട്ടിലെവിടെയോ.ഒന്ന് പൊടി തട്ടിയെടുക്കുകയേ വേണ്ടൂ,നിറം പിടിച്ച ആ ഓർമ്മകൾ..പത്തരമാറ്റിന്റെ തിളക്കമുണ്ടാകും അതിന്....
ഒന്ന് കണ്ണടച്ച് കിടന്നാൽ ഓടിയെത്തും എല്ലാ ഓർമ്മകളും. ഒരു സിനിമയിലെ രംഗങ്ങളെ പോലെ, ഒന്നിന് പുറകെ ഒന്നായി..പല വർണ്ണത്തിൽ, പല ഭാവത്തിൽ..അവിടെ നാളെയെ പറ്റിയുള്ള ചിന്തയില്ല. ജോലിയെ പറ്റിയുള്ള ആശങ്കകൾ ഇല്ല..വീടിന്റെ ലോൺ, സ്കൂൾ ഫീസ് അങ്ങിനെ ഒന്നും ഇല്ല...പകരം കളിയും ചിരിയും കുശുമ്പും കണ്ണീരും കുസൃതിയും നിറഞ്ഞ, ഒരിക്കലും തിരിച്ചു കിട്ടാത്ത, എന്നാൽ തിരിച്ചു കിട്ടാൻ എല്ലാവരും ആഗ്രഹിക്കുന്ന ഒരുപാടു നല്ല നിമിഷങ്ങൾ മാത്രം ....
സ്നേഹം അന്യം നിന്ന് പോകുന്ന, എല്ലാം കച്ചവടവൽക്കരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ മനസ്സ് കൊണ്ടെങ്കിലും ഒരു ശിശുവായി മാറാൻ നമുക്ക് കഴിയട്ടെ, കാലുഷ്യമില്ലാത്ത, കാപട്യമില്ലാത്ത ഒരു ശിശു...

തിരിച്ചറിവ്...


              കാറിൽ നിന്നിറങ്ങി വീട്ടിൽ കയറാൻ ഒരുങ്ങുമ്പോഴാണ് മഴ പെയ്യാൻ തുടങ്ങിയത്.മഴ പെട്ടെന്ന് ശക്തി പ്രാപിക്കുകയും അതോടൊപ്പം തന്നെ തണുത്ത കാറ്റു വീശുകയും ചെയ്തു. ദേഹത്തേക്ക് തെറിച്ചു വീഴുന്ന തണുത്ത മഴത്തുള്ളികൾ കാര്യമാക്കാതെ ആ സുഖം ആസ്വദിച്ചു കൊണ്ട് ഞാൻ ആ മഴ നോക്കി നിന്നു. ഇടയ്ക്കു ആഞ്ഞു വീശിയ കാറ്റിൽ ശരീരമാകെ തണുത്തു വിറച്ചപ്പോൾ പണ്ടെങ്ങോ നഷ്ടപ്പെട്ട കളിപ്പാട്ടം വീണ്ടുകിട്ടിയ കൊച്ചു കുഞ്ഞിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. കുറച്ചു നേരം കൂടി ആ മഴ ആസ്വദിച്ച് കൊണ്ട് അവിടെ നിന്നു, പിന്നീട് വീടിനകത്തേക്ക് തിരിച്ചു നടക്കുമ്പോൾ നമുക്ക് നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന ഒന്നിനെ കൂടി ഞാൻ തിരിച്ചറിയുകയായിരുന്നു.

കാലനില്ലാകാലത്തെ ക്ഷേത്രം


                   കോപാന്ധനായ മഹാദേവൻ മൂന്ന് ചുവട് വച്ചു, പിന്നെ തന്റെ വലതു കയ്യിലിരുന്ന തൃശ്ശൂലം, ഭയന്ന് വിറച്ചു നിൽക്കുകയായിരുന്ന കാലന്റെ നെഞ്ചിലേക്ക് താഴ്ത്തി.ഈരേഴു പതിനാലു ലോകങ്ങളും ഞെട്ടി വിറച്ചു..ബ്രഹ്മാവും വിഷ്ണു ദേവനും മറ്റു ദേവതകളും പരിഭ്രാന്തരായി.ഇനി എന്ത് ചെയ്യും.? എല്ലാവരുടെയും ജീവനെടുക്കുന്ന കാലന്റെ ജീവൻ മഹാദേവൻ എടുത്തിരിക്കുന്നു.കാലനില്ലാ കാലമാണ് ഇനി വരാൻ പോകുന്നത്.അപ്പോഴും സംഭവിച്ചതൊന്നുമറിയാതെ ശിവലിംഗത്തെ കെട്ടിപിടിച്ചു പഞ്ചാക്ഷരി മന്ത്രം ഉരുവിടുകയായിരുന്ന  മഹാഭക്തനായ മാർക്കാണ്ഡേയനെ വാത്സല്യത്തോടെ കടാക്ഷിച്ചു് അനുഗ്രഹിച്ചു അന്തകനെ വധിച്ച അന്തകൻ..അന്തകാന്തകൻ!!!!
                  അല്പ്പായുസ്സും എന്നാൽ ശിവഭക്തനുമായിരുന്ന മാർക്കാണ്ഡേയനെ വധിക്കാൻ കാലൻ വന്നതും ആ കാലനെ മഹാദേവൻ വധിച്ചതും പുരാണത്തിൽ നാം വായിച്ചതാണ്.എന്നാൽ ഈ സംഭവം നടന്നു ദേശക്കാർ വിശ്വസിക്കുന്നതും അതിൻ പ്രകാരം ആചാരം നടത്തുന്നതുമായ ഒരു പുണ്യഭൂമി നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ടെന്നു എത്ര പേർക്ക് അറിയാം? മലപ്പുറം ജില്ലയിലെ തിരൂരിൽ സ്ഥിതി ചെയ്യുന്ന തൃപ്രങ്ങോട് ക്ഷേത്രം മേൽ പറഞ്ഞ ഐതിഹ്യവുമായി ബന്ധമുണ്ടെന്ന് കരുതുന്ന പുണ്യസ്ഥലമാണ്.

                  ഏതാനും മാസങ്ങൾക്കു മുൻപ് ഗുരുവായൂർ സന്ദർശിച്ചപ്പോൾ അവിചാരിതമായാണ് തിരൂർ പോകാനിടയായതും അതിലും അവിചാരിതമായാണ് മേല്പറഞ്ഞ തൃപ്രങ്ങോട്ടു ക്ഷേത്രത്തെ പറ്റി
 കേൾക്കാനിടയായതും അവിടം ദർശനം നടത്താനുള്ള ഭാഗ്യം സിദ്ധിച്ചതും.അൽപ്പായുസ്സായ മാർക്കാണ്ഡേയന്റെ ജീവനെടുക്കാൻ കാലൻ കാലപാശവുമായി വന്നതും അത് കണ്ടു പേടിച്ചു ഓടിയ മാർക്കണ്ഡേയൻ ശിവലിംഗത്തിൽ അഭയം പ്രാപിച്ചതും തുടർന്ന് കാലഹത്യ നടന്നതും ഈ ക്ഷേത്രഭൂവിൽ വച്ചാണെന്നാണ് ദേശക്കാർ വിശ്വസിച്ചു പോരുന്നത്. ക്ഷേത്രവളപ്പിൽ കടന്നാൽ നാലമ്പലത്തിനു പുറത്തു 4 ശ്രീകോവിലുകൾ കാണാൻ കഴിയും. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു -- മൂലം, ശിവപാദം 1 , ശിവപാദം 2 , ശിവപാദം 3 .  മാർക്കണ്ഡേയൻ അഭയം പ്രാപിച്ച ശിവലിംഗമാണ് മൂലസ്ഥാനത്തു പൂജിക്കുന്നത്.കാലനിഗ്രഹത്തിനായി ഭഗവാൻ വച്ച 3 ചുവടുകളാണ് അടുത്ത മൂന്നു ശ്രീകോവിലുകൾ. ക്ഷേത്രത്തിന്റെ തെക്കേ മൂലക്കായി യമനിഗ്രഹത്തിനു ശേഷം ഭഗവാൻ ത്രിശൂലം കഴുകിയതെന്നു വിശ്വസിക്കുന്ന ഒരു കുളവും കാണാം.
സന്ധ്യാസമയത്താണ് ഞങ്ങൾ അമ്പലത്തിൽ എത്തിയത്.അതിന്റെ ഒരു സുഖമുണ്ടായിരുന്നു ദർശനത്തിന്. ദർശനം കഴിഞ്ഞു മറ്റുള്ളവരെ കാത്തു പുറത്തു നിൽക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന ആളോട് ഞാൻ ചോദിച്ചു 'ഈ ക്ഷേത്രത്തിനു എത്ര പഴക്കം കാണും?' എന്ന്. എന്നെ നോക്കി ഒന്ന് ചിരിച്ച ശേഷം അയാൾ പറഞ്ഞു 'കാലനില്ലാകാലം കാലം എന്നായിരുന്നോ അത്രത്തോളം..'