ഇത്തവണ നാട്ടില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഉറപ്പിച്ചതാണ് അമ്മാവന്റെ വീട്ടില്‍ ഒരു ദിവസം തങ്ങണമെന്ന്, പണ്ടൊക്കെ സ്കൂള്‍ പൂട്ടിയാല്‍ അവിടെ പോയി കുറച്ചു ദിവസം താമസിക്കുമായിരുന്നു. മച്ചുനിയന്മാരോക്കെ ചേര്‍ന്ന് നല്ല രസമായിരുന്നു അന്നൊക്കെ.അമ്മായി ഉണ്ടാക്കുന്ന ചക്കപുഴുക്ക് ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളം വരുമായിരുന്നു.ഒരു പാട് തവണ ചക്കപുഴുക്കുണ്ടാക്കി ഊട്ടിയിട്ടുണ്ട് അമ്മായി. വലുതായി ജോലിയൊക്കെ കിട്ടിയപ്പോള്‍ നാട്ടിലേക്കുള്ള യാത്ര തന്നെ കുറഞ്ഞു, അതിനിടയില്‍ ബന്ധു വീട് സന്ദര്‍ശനം അപൂര്‍വ്വമായി. കുറേക്കാലത്തിനു ശേഷം ഇപ്രാവശ്യം ഏതായാലും ചക്കപുഴുക്ക് കുറെ കഴിക്കണം എന്നുറപ്പിച്ചു. 'പ്ലാവില്‍ ഇപ്പോഴും നിറയെ ചക്കകള്‍ ഉണ്ടായിരിക്കണേ ഈശ്വരാ' എന്ന് മനസ്സില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു.
നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെ അമ്മാവന്റെ വീട്ടിലേക്കു വച്ചുപിടിച്ചു.അധികം ദൂരമൊന്നുമില്ല.ബസിലാണ് പോയത്. കാറ്റും കൊണ്ട് പുറത്തേക്കു നോക്കിയിരിക്കുന്നതിനിടയിലും മനസ്സില്‍ ചക്കപുഴുക്ക് കിടന്നു തിളക്കുന്നുണ്ടായിരുന്നു. അങ്ങനെ അമ്മാവന്റെ വീടെത്തി. എന്നെ കണ്ടതും മുന്‍ജന്മ ശത്രുവിനെ കണ്ടത് പോലെ അവിടുത്തെ പട്ടി ചാടി വീണു. ഒന്ന് കിടുങ്ങിയെങ്കിലും ചങ്ങലയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നു അറിഞ്ഞപ്പോള്‍ ആശ്വാസമായി. അതിനെ നോക്കി ഒരു വളിച്ച ചിരിയും ചിരിച്ചു ഞാന്‍ നേരെ ഉമ്മറത്തേക്ക് കയറി. ആരെയും കാണുന്നില്ല. ഈ ചാവാലി പട്ടിയുടെ കുര കേട്ടിട്ടെങ്കിലും ആരാണെന്നറിയാന്‍ ആരെയും വന്നു കണ്ടില്ല. അമ്മാവന്‍ ഉണ്ടാവാന്‍ വഴിയില്ല, ഉണ്ടായിരുന്നെങ്കില്‍ ഉമ്മറത്ത് കാണുമായിരുന്നു.വാതില്‍ തള്ളി നോക്കി.പൂട്ടിയിരിക്കുകയാണ്.മുന്‍വശത്തെ വാതിലുകളൊക്കെ അടച്ചിരിക്കുകയാണ്. എവിടെ പോയി? എനിക്കാണെങ്കില്‍ വിശന്നു കുടല് കരിയുന്നു. ഒന്ന് ഞെട്ടിക്കോട്ടേ എന്ന് കരുതി വരുന്ന കാര്യം പറഞ്ഞിരുന്നില്ല.ഇപ്പോള്‍ ശരിക്കും ഞെട്ടിയത് ഞാനാണ്. ഏതായാലും പിന്നാമ്പുറം കൂടി ഒന്ന് നോക്കാം എന്ന് കരുതി വീടിന്റെ പുറകിലേക്ക് നടന്നു.വാതില്‍ വെറുതെ ഒന്ന് തള്ളി നോക്കി,തുറക്കും എന്ന വിശ്വാസമുണ്ടായിരുന്നില്ല. ഒരിക്കല്‍ കൂടി ഞാന്‍ ഞെട്ടി, കാരണം വാതില്‍ തുറന്നിരിക്കുന്നു.'ഇതെന്താപ്പ കഥ? പുറകിലെ വാതിലും തുറന്നു വച്ച് എല്ലാവരും എവിടെ പോയി?' എന്ത് ചെയ്യണം എന്ന് ഞാന്‍ അധികം ചിന്തിച്ചില്ല. വിശപ്പിന്റെ അസുഖം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുന്നു.
അടുക്കളയില്‍ കയറി. ആദ്യം കണ്ട ഒരു പാത്രം തുറന്നു നോക്കി. പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല, അതില്‍ ഒന്നും ഉണ്ടായിരുന്നില്ല.അടുത്തത് തുറന്നു. അതും തഥൈവ. 'ദൈവമേ ഈ നേരത്ത് എന്നെ പരീക്ഷിക്കരുതേ' എന്ന് മനമുരുകി പ്രാര്‍ത്ഥിച്ചു.അതിനു ഫലമുണ്ടായി.ഒരു പാത്രത്തില്‍ നിന്ന് 3 ഉണ്ട കിട്ടി(തെക്കരുടെ ഭാഷയില്‍ കൊഴുക്കട്ട). എന്റെ ശ്വാസം നേരെ വീണു. 'ഇതിപ്പോ കറി ഇല്ലാതെ എങ്ങിനെയാ കഴിക്കുക?'. നോക്കണേ എന്റെ ഒരു അത്യാര്‍ത്തി. എന്തെങ്കിലും കിട്ടിയാല്‍ മതിയേ എന്ന് കരുതിയവനാ , ഇപ്പൊ കണ്ടില്ലേ.അല്ലെങ്കിലും വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.
അങ്ങനെ ഞാന്‍ പാത്ര പരിശോധന തുടരുകയാണ്.എന്നെ നിരാശപ്പെടുത്തിക്കൊണ്ട് കറി ഒന്നും കണ്ടില്ല. ഏതായാലും ഇതെങ്കിലും കിട്ടിയല്ലോ, വല്ല അച്ചാറും കാണാതിരിക്കില്ല എന്ന് ചിന്തിച്ചു ഉണ്ടയുടെ പാത്രവുമായി തിരിഞ്ഞപ്പോള്‍ അതാ തിണയുടെ മൂലയില്‍ നിന്നൊരു കുഞ്ഞു തളിക എന്നെ നോക്കി ചിരിക്കുന്നു. ഒന്ന് സംശയിച്ചെങ്കിലും എന്താണെന്ന് അറിയാനായി ഞാന്‍ പതുക്കെ അതെടുത്തു തുറന്നു. എന്റെ കണ്ണ് തള്ളിപ്പോയി,ശ്വാസം നിലച്ചോ എന്ന് പോലും തോന്നി. അതിന്നകത്തിരുന്നു എന്നെ നോക്കി ചിരിക്കുയാണ് സാക്ഷാല്‍ ചക്കപ്പുഴുക്ക്.'ആനന്ദ ലബ്ധിക്കിനിയെന്തു വേണം' എന്ന് കവി പാടിയത് പോലെയായി എന്റെ അവസ്ഥ.വശ്യമായ പുഞ്ചിരിയോടെ എന്നെ നോക്കി കണ്ണിറുക്കി മാടി വിളിക്കുകയാണ്.പിന്നെ ഒന്നും ആലോചിച്ചില്ല.ഉണ്ടയുടെ പാത്രത്തിലെക്കൊരു കമിഴ്ത്തായിരുന്നു നമ്മുടെ ചക്കപുഴുക്ക്. ഉണ്ടയെ കൈ കൊണ്ട് ഞെരിച്ചു പുഴുക്കും കൂട്ടി ഒന്ന് കുഴച്ചു. ഇപ്പൊ നല്ല സൊയമ്പന്‍ സാധനമായി.കാണുമ്പോള്‍ തന്നെ വായില്‍ വെള്ളം നിറയുന്നു. ഉരുളയാക്കി 1 - 2 - 3 ....എന്നിങ്ങനെ ഞാന്‍ തട്ടുകയാണ്.
ഇനി കുറച്ചു കാറ്റും വെളിച്ചവും കണ്ടു കഴിക്കാം എന്ന് കരുതി പാത്രവുമായി ഞാന്‍ ഉമ്മറത്തെത്തി. സാമാന്യം വലുപ്പത്തില്‍ ഉരുട്ടിയ ഉരുള വായിലെക്കെടുക്കാന്‍ പോകുന്നതിനു മുന്‍പ് ഒരുള്‍വിളി കിട്ടിയ പോലെ വെറുതെ - വെറുതെ ഞാന്‍ ആ ഉരുളയിലേക്ക് നോക്കി. എന്റെ സപ്തനാഡികളും [എന്ന് പറഞ്ഞാല്‍ എന്താ എന്ന് ചോദിക്കരുത് ,അങ്ങനെ ഒന്നുണ്ട്] തളര്‍ന്നു പോയി. താഴെ വീഴാതിരിക്കാന്‍ ഞാന്‍ ഉമ്മറപ്പടിയില്‍ പിടിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ആ ഉരുളയിലേക്ക് സൂക്ഷിച്ചു നോക്കി, കണ്ടത് സത്യമാണോ എന്നറിയാന്‍. ആ ഉരുളയില്‍ കിടന്നു പിടക്കുകയാണ് അര ഇഞ്ച് നീളത്തില്‍ ഒരു പുഴു.വെറുതെ കൈ കൊണ്ട് ഞാന്‍ ആ പാത്രത്തിലൊന്ന് ചികഞ്ഞു. ആ കാഴ്ച കണ്ടു ഞാന്‍ വാ പൊളിച്ചു പോയി-പുഴു ഒന്നായിരുന്നില്ല, വേറെയും ഒരുപാടെണ്ണം അവിടെ കിടന്നു പുളയ്ക്കുകയാണ്. എന്ത് ചെയ്യേണ്ട് എന്നറിയാതെ പകച്ചു പോയ ഞാന്‍ അപ്പോഴാണ് ഞെട്ടലോടെ 'എത്രയെണ്ണം എന്റെ വയറ്റില്‍ പോയിട്ടുണ്ടാകും?' എന്ന സത്യം ഓര്‍ത്തത്. ആ ഓര്‍മ്മ എന്നെ തളര്‍ത്തി, ഞാന്‍ പതുക്കെ നിലത്തിരുന്നു,എന്റെ കൈലുണ്ടായിരുന്ന പാത്രം തെറിച്ചു പോയത് ശ്രദ്ധിച്ചില്ല.
ചുമരില്‍ തല ചേര്‍ത്ത് കൈകള്‍ നിലത്തു കുത്തി ഞാന്‍ ഇരിക്കുകയാണ്. എത്ര നേരം അങ്ങിനെ ഇരുന്നു എന്നറിയില്ല.പെട്ടെന്ന് ചന്തിയില്‍ തേള് കുത്തിയത് പോലെ ഞാന്‍ ചാടിയെഴുന്നേറ്റു.കൈകള്‍ വയറ്റില്‍ അമര്‍ത്തി.അകത്തു നിന്ന് എന്തെക്കൊയോ ശബ്ദങ്ങള്‍.. മൂളലുകള്‍ ...അകത്തു കയറിയ വിദ്വാന്മാര്‍ പണി തുടങ്ങി എന്നെനിക്കു മനസ്സിലായി.പിന്നെ ഒരോട്ടമായിരുന്നു.കക്കൂസ്സില്‍ ഇരുന്നതും പോയതും ഒന്നിച്ചായിരുന്നു. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ മുറ്റം കഴുകേണ്ടി വന്നേനെ. അല്പസമയത്തിനു ശേഷം യുദ്ധം തീര്‍ന്നു വരുന്ന പട്ടാളക്കാരനെ പോലെ ക്ഷീണിച്ചു ഞാന്‍ മടങ്ങി. ഇരിക്കാന്‍ കസേര വലിച്ചതും വീണ്ടും വെളിപാട്.ഓടി..വെടി നിര്‍ത്തല്‍ കരാര്‍ ശത്രു സൈന്യം ലംഘിച്ചിരിക്കുന്നു...വീണ്ടും യുദ്ധം...അങ്ങനെ 4 -5 തവണ യുദ്ധഭൂമി കണ്ടപ്പോഴേക്കും കാറ്റു മുഴുവന്‍ പോയ ഒരു ബലൂണിനെ പോലെയായി എന്റെ അവസ്ഥ. വേച്ചു വേച്ചു എങ്ങിനെയൊക്കെയോ ഞാന്‍ ഉമ്മറത്തുള്ള കസേരയില്‍ ചെന്നിരുന്നു.
നന്നായി ഭക്ഷണം കഴിച്ചത് കൊണ്ടായിരിക്കണം ആ ഇരുപ്പില്‍ ഞാന്‍ ഒന്ന് മയങ്ങിപ്പോയി. അമ്മായിയുടെ വിളിയാണ് എന്നെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തിയത്. എന്നെ കണ്ട സന്തോഷത്തില്‍ കുശലപ്രശ്നം നടത്താനുള്ള തയ്യാറെടുപ്പിലാണ് അമ്മായി.പക്ഷെ എന്റെ തളര്‍ന്ന ഇരിപ്പും കുഴഞ്ഞു മറിയുന്ന ശബ്ദവും കാരണം എന്തോ പന്തികേട് തോന്നി, അമ്മായി സംസാരം മതിയാക്കി അടുക്കളയിലേക്ക് നടന്നു.അകത്തെന്തോക്കയോ പാത്രങ്ങള്‍ കലപില കൂട്ടുന്ന ശബ്ദം.അമ്മായി ഉച്ചത്തില്‍ ആരോടോ സംസാരിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞു അമ്മായി എന്റെ അടുത്തെത്തി ചോദിച്ചു, "നീ വല്ലതും കഴിച്ചിരുന്നോ" ആ ചോദ്യം കേട്ടപ്പോള്‍ തന്നെ എന്റെ തല കറങ്ങി. "കഴിച്ചു" എന്ന് ഞാന്‍ മെല്ലെ തലയാട്ടി. "അപ്പോള്‍ നീയാണ് ആ ചക്കപുഴുക്ക് കഴിച്ചത് അല്ലെ?" ഞാന്‍ ഒന്നും മിണ്ടിയില്ല."3 -4 ദിവസം പഴക്കമുള്ളതായിരുന്നു,കളയാന്‍ വച്ചതായിരുന്നു. രാവിലത്തെ തിരക്കില്‍ ഞാന്‍ അത് മറന്നു പോയി". 'അല്ലെങ്കിലും മറവി അങ്ങിനെയാ, അതിനു കൃത്യമായി അറിയാം എപ്പോ ഇടപെടണമെന്ന്' ഞാന്‍ മനസ്സില്‍ കരുതി. പെട്ടെന്ന് വീണ്ടുമൊരു തിരയിളക്കം ഞാന്‍ വയര്‍ അമര്‍ത്തി പിടിച്ചു ദയനീയമായി അമ്മായിയെ നോക്കി, തറയില്‍ കമിഴ്ന്നു കിടന്നു. മനസ്സില്‍ അപ്പോഴും ചക്കപുഴുക്ക് കിടന്നു തിളക്കുന്നുണ്ടായിരുന്നു..