പേജുകള്‍‌

ഒ എൻ വി സ്മൃതി സന്ധ്യ

 


മാനവികസ്നേഹത്തെ കുറിച്ച് പാടിയ, മലയാളി മനസ്സുകളിൽ ആർദ്രത നിറച്ച, മരണാസന്നയായ ഭൂമിയെക്കുറിച്ചോർത്ത് വേദനിച്ച, സിരകളിൽ വിപ്ലവവീര്യം നിറച്ച, പ്രണയത്തിന്റെ ആത്മസൗന്ദര്യം കണ്ടെത്തിയ കേരളത്തിന്റെ പ്രിയകവിയായ ശ്രീ ഒ എൻ വിയുടെ (ജന്മദിനത്തിന്റെ)  നവതിയാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കവിതകളിലൂടെയും ഗാനങ്ങളിലൂടെയും പ്രമുഖ പ്രഭാഷകനായ ശ്രീ വി കെ സുരേഷ് ബാബു, കുന്ദനഹള്ളി കേരള സമാജത്തിലെ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തീർത്ഥയാത്രയെ കുറിച്ചുള്ള വിവരണം.

ഇത്തിരിക്കുഞ്ഞന്റെ തേരോട്ടത്തിൽ വിറങ്ങലിച്ചു പോയ മനസ്സുകൾക്ക് ഒരു സാന്ത്വനം; നാലുചുവരുകൾക്കിടയിൽ പെട്ട് വിറങ്ങലിച്ചുപോയ സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക്, പ്രവർത്തകർക്ക് ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ പുതുവെളിച്ചം. ജീവിച്ചിരുന്നെങ്കിൽ ഇക്കഴിഞ്ഞ മെയ് 27 ന് തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുമായിരുന്ന മഹാകവിയുടെ ഓർമ്മകളെ തൊട്ടുണർത്താൻ ശ്രമിക്കുമ്പോൾ, അങ്ങനെയൊരു പരിപാടിയെപ്പറ്റി ചിന്തിക്കുമ്പോൾ കാരണഹേതുവായി മുന്നിൽ നിറഞ്ഞുനിന്നിരുന്നത് മേല്പറഞ്ഞ നിശ്ചലാവസ്ഥകളും നിറം മങ്ങിയ  മനസ്സുകളുമായിരുന്നു. ചിന്തകളെ അധികം കാടുകയറാൻ സമ്മതിക്കാതെ സുഹൃത്തും സമാനമനസ്ക്കനും സഹൃദയനുമായ രാജേഷിനെ വിളിച്ച് കാര്യം അവതരിപ്പിക്കുമ്പോൾ 'എന്ത്, എങ്ങനെ' എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമില്ലായിരുന്നു. പരസ്പരപൂരകങ്ങളായ വാക്കുകൾക്കിടയിൽ നിന്നാണ് ഉദയസൂര്യനെപ്പോലെ 'ശ്രീമാൻ വി കെ സുരേഷ്ബാബു സാർ' രാജേഷിന്റെ മനസ്സിൽ ഉദിച്ചുയർന്നു വന്നത്. പ്രഭാഷകനും സഹൃദയനും സാമൂഹ്യപ്രവർത്തകനും ഗായകനും വിജ്ഞാനകുതുകിയും മാത്രമല്ല ഒ എൻ വി കവിതകളുടെ ആരാധകൻ കൂടിയാണ് ശ്രീമാൻ സുരേഷ് ബാബു. ഏതാനും വരികളിലോ ഖണ്ഡികയിലോ ഒതുക്കാനാവില്ല അദ്ദേഹത്തെ. കേൾവിക്കാരെ ഒരു നിമിഷം മുഷിപ്പിക്കാതെ, സരസമായും ലളിതമായും എന്നാൽ ഗഹനമായും വിഷയത്തെ സമീപിക്കാനും അവതരിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് എതിരാളികൾക്ക് പോലും സംശയമുണ്ടാവില്ല (ഇങ്ങനെയൊരാൾക്ക് എതിരാളികൾ ഉണ്ടാവുമോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു). പിന്നീടെല്ലാം പെട്ടന്നായിരുന്നു. എന്നെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് പിറ്റേദിവസം തന്നെ അദ്ദേഹത്തെ ബന്ധപ്പെടുകയും വിഷയം അവതരിപ്പിക്കുകയും സമ്മതം വാങ്ങുകയും ചെയ്യുന്നു രാജേഷ്. ഒരു കുഞ്ഞിക്കാലിനായി കാത്തിരിക്കുന്ന പള്ളിക്കൂടത്തിരുമുറ്റമെന്നപോൽ കവിതകളും കഥകളും പാട്ടുകളും കേൾക്കാനാഗ്രഹിക്കുന്ന കുന്ദലഹള്ളി കേരള സമാജത്തിന്റെ നാലുചുവരുകളെ തൃപ്തിപ്പെടുത്താനാവില്ലെങ്കിലും അവിടെ  സന്നിഹിതരാവാറുള്ള മനസ്സുകളിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആനന്ദബിന്ദുക്കൾ ചൊരിയാനാവുമെന്ന ചിന്ത ആവേശം വിതറി. ഭരണസമിതിയിൽ ഔദ്യോഗികമായി അറിയിക്കേണ്ട കാര്യം കാര്യദർശിയെ  ചുമതലപ്പെടുത്തി. കൂടിയാലോചനകൾക്കും പദ്ധതിക്ക് വിശദമായ രൂപരേഖ തയ്യാറാക്കാനുമായി നേരത്തെ പറഞ്ഞ വിശേഷണങ്ങൾക്ക് പുറമെ കവിത്വം തുളുമ്പുന്ന ഹൃദയത്തിനുടമകളായ അനിലേട്ടനെയും മധുവിനെയും കൂടെക്കൂട്ടുന്നു. കാറ്റിൽ ഒഴുകിവരുന്ന ഒരു മുരളീനാദം പോലെ മധുരതരമായ പേരും എവിടെനിന്നോ ഒഴുകിയെത്തി, 'ഒ എൻ വി സ്മൃതി സന്ധ്യ'. ഒരു മധുരപലഹാരക്കടയിൽ അകപ്പെട്ട കൊച്ചുകുട്ടിയെപ്പോലെ എവിടെ നിന്ന് തുടങ്ങണം എന്നറിയാതെ പകച്ചുപോയി ഞങ്ങൾ അദ്ദേഹത്തിന്റെ കവിതകൾക്കും ഗാനങ്ങൾക്കും മുന്നിൽ. എങ്കിലും എന്നും മലയാളിയിൽ ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ ആവോളം ഉണർത്തുന്ന, പറയാത്ത പ്രണയത്തിന്റെ വേദനയുണർത്തുന്ന, മാതൃത്വത്തിന്റെ മഹത്വം ഓർമ്മിപ്പിക്കുന്ന ഏതാനും കവിതകൾ തിരഞ്ഞെടുക്കുന്നു. മുത്തുകൾ ചേർത്തുവെച്ച് പൊന്നിഴകളാൽ  മനോഹരമായ ഒരു മാലയുണ്ടാക്കുന്ന സൂക്ഷ്മതയോടെയും ചാരുതയോടെയും ഒരു കാവ്യശില്പ വീഡിയോ ഉണ്ടാക്കുന്നു മനസ്സിലും വാക്കുകളിലും സൗന്ദര്യം ആവാഹിച്ച മധു. സമയവും വേദിയും തീരുമാനിച്ച് എല്ലാവരെയും അറിയിച്ചതിനുശേഷം പിന്നെയൊരു കാത്തിരിപ്പായിരുന്നു ഒ എൻ വി കവിതയുടെ അമൃതേത്തിനായി. 

ജൂലൈ 3 ശനിയാഴ്ച, 2021 സമയം 6 : 45 :-

രാജേഷ് അയച്ചുതന്ന ഗൂഗിൾ മീറ്റിന്റെ ലിങ്കിൽ ഒന്ന് തൊട്ട് അകത്തുകയറാൻ കഴിയാതെ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന ബിംബത്തെ നോക്കിയിരിക്കുമ്പോൾ എന്റെ മനസ്സും ആകാംക്ഷയിൽ വട്ടംകറങ്ങുകയായിരുന്നു. ആതിഥേയസ്ഥാനം വഹിക്കുന്ന രാജേഷ് യോഗമുറിയിൽ കയറാൻ ഇത്തിരി വൈകിയത് എന്നിലുണ്ടാക്കിയ അസ്വസ്ഥത പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. എങ്കിലും അകത്തു കയറി ആൾക്കാർ ഓരോരുത്തരായി വരുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. കൃത്യസമയത്ത് തന്നെ അതിഥിയായ സുരേഷ് ബാബു സാർ എത്തി. കണ്ണൂരിലെ ചിറ്റാരിപ്പറമ്പിലെ വീടിന്റെ ഉമ്മറത്തിരുന്ന് അദ്ദേഹം ഞങ്ങളെ എത്തി നോക്കി. കേരളത്തിന്റെ പലഭാഗത്തിരുന്നും ഉദ്യാനനഗരിയിലെ പല കോണുകളിൽ നിന്നും വിദേശത്തുനിന്നുപോലും കുറെയേറെ സഹൃദയർ കണ്ണുകളിൽ ആകാംക്ഷ നിറച്ച് തുടിക്കുന്ന ഹൃദയവുമായി അദ്ദേഹത്തെയും നോക്കി. സാങ്കേതികവിദ്യയുടെ സഹായത്തോടെ ആ ഹൃദയങ്ങൾ പരസ്പരം ഐക്യപ്പെട്ടു, ചേതനയിൽ സ്നേഹം നിറച്ചു. പരിപാടിയെപ്പറ്റിയും അഥിതിയെപ്പറ്റിയും രാജേഷിന്റെ മുഖവുര, ഹ്രസ്വമായ ഭാഷണം. കുന്ദലഹള്ളി കേരള സമാജത്തെപ്പറ്റിയും അത് സമൂഹത്തിൽ നിർവ്വഹിക്കുന്ന കർമ്മങ്ങളെപ്പറ്റിയും കാര്യദർശി രജിത്തിന്റെ ഏതാനും വാക്കുകൾ, അതിഥിയുടെ അറിവിലേക്കായി. തുടർന്ന് ഔപചാരികമായി അതിഥിയെ ശ്രോതാക്കൾക്ക്/കാണികൾക്ക് പരിചയപ്പെടുത്തി അതും ഒട്ടും ദീർഘിപ്പിക്കാതെ. പിന്നീട് സുരേഷ് ബാബു സാറിന്റെ ഊഴമായിരുന്നു, ഏവരും കാത്തിരുന്ന സന്ദർഭം. 

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത കവിയായ ശ്രീ ഒ എൻ വി കുറുപ്പിന്റെ ഏതാനും വരികൾ ചൊല്ലിക്കൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. പ്രകൃതിയുടെ കാവലാളായ കവിയെ അദ്ദേഹം അവതരിപ്പിച്ചത് അരനൂറ്റാണ്ട്  മുൻപ് മൃതഹസ്തയായ ഭൂമിയെക്കുറിച്ചെഴുതിയ 'ഭൂമിക്കൊരു ചരമഗീത'ത്തിലെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ്. ഹരിതകഞ്ചുകം വലിച്ചു കീറി മരണവക്ത്രത്തിലേക്ക് പൊയ്ക്കൊണ്ടിരുന്ന ഭൂമിയുടെ ദുരവസ്ഥ എത്ര വേദനയോടെയാണ് ദീർഘദർശിയായ കവി പാടിയതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. പുഴയ്ക്കും മലകൾക്കും കിളികൾക്കും വേണ്ടി എന്നും തൂലിക ചലിപ്പിച്ച കവിയായിരുന്നു ശ്രീ ഒ എൻ വി എന്ന് കൂടി സുരേഷ് ബാബു സാർ ഓർമ്മിപ്പിച്ചു. ശ്രുതിശുദ്ധമായ ശബ്ദത്തിൽ കവിത്വം തുളുമ്പുന്ന വരികൾ സുരേഷ്ബാബു സാർ ആലപിക്കുമ്പോൾ കേൾവിക്കാരന്റെ മനസ്സിൽ ആർദ്രത നിറയുന്നു. അത് അവതാരകന്റെ, കവിയുടെ വിജയമാണ്. എന്തെഴുതണം എങ്ങനെയെഴുതണം എന്ന് അന്തിച്ചു നിന്ന മനുഷ്യന്റെ  മുന്നിലേക്ക് തൂവൽ പൊഴിച്ചിട്ട കിളിയോടും മഷി നൽകിയ കദളിവാഴയോടും ഇലകൾ നൽകിയ ഭൂർജപത്രവൃക്ഷത്തിനോടും എന്തെഴുതണം എന്ന് ചോദിച്ച കവിയുടെ ചോദ്യം യഥാർത്ഥത്തിൽ ഉയരേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലാണ് എന്ന് മനസ്സിലാക്കിത്തരുന്നു സുരേഷ്ബാബു സാർ. ആമുഖമായി ഇത്രയും പറഞ്ഞ ശേഷം പിന്നീട് സുരേഷ്ബാബു സാർ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് എത്ര അളന്നാലും തീരാത്ത കവിതയുടെ സമുദ്രത്തിലേക്കായിരുന്നു. സമുദ്രത്തിലെവിടെനിന്നും ഒരു തുള്ളിയെടുത്ത് രുചിച്ചാൽ ഉപ്പുരസമായിരിക്കും എന്ന് പറഞ്ഞത് പോലെ ഒ എൻ വി യുടെ ഏതൊരു കവിതയെടുത്താലും അതിന്റെ ഏതു ഭാഗം ചികഞ്ഞു നോക്കിയാലും കാവ്യഭംഗി നിറഞ്ഞു നിൽക്കുന്നതായിരിക്കും എന്ന് കവിയുടെ പല കവിതകളിലൂടെ സുരേഷ്ബാബു സാർ വിവരിക്കുകയുണ്ടായി. കൊയ്ത്തു കഴിഞ്ഞ ആവണിപ്പാടത്തിലെ കതിര് തിന്നാൻ വരുന്ന കിളികൾ, ഗൃഹാതുരത്വത്തിന്റെ ഓർമ്മകളുമായി കേരളക്കരയിലേക്ക് ആവണിമാസത്തിൽ ഓടിയണയുന്ന പ്രവാസികളായ മലയാളികൾ അല്ലാതെ മറ്റാരുമല്ല എന്നുകൂടി പറഞ്ഞപ്പോൾ 'ആവണിപ്പാടം' എന്ന ഈ കവിതയ്ക്ക് ഇങ്ങനെയൊരു മാനമുണ്ടെന്നു ഒരുപക്ഷെ പലരും ചിന്തിച്ചത് ഇന്നലെയായിരിക്കും. 

വെണ്ണതോൽക്കുന്ന ഉടലുള്ള കാമുകിയെ വയലാർ വർണ്ണിച്ചപ്പോൾ ആരെയും ഭാവഗായകനാക്കുന്ന ആത്മസൗന്ദര്യം നിറഞ്ഞവളാണ് പ്രണയിനി എന്ന് മലയാളികളെ പഠിപ്പിക്കുന്നു ഒ എൻ വി. എണ്ണമറ്റ സിനിമാഗാനങ്ങളിലൂടെ, പറഞ്ഞാൽ തീരാത്ത കവിതകളിലൂടെ, അതിൽ ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങളുടെയും കല്പനകളുടെയും  ശില്പചാതുരിയെ വർണ്ണിച്ച് അവയുടെ അന്തർലീനമായ അർത്ഥതലങ്ങളിലേക്ക് സുരേഷ്ബാബു സാർ കേൾവിക്കാരെ കൂട്ടിക്കൊണ്ടുപോകുമ്പോൾ, ആത്മവേദനയുടെ, നഷ്ടപ്രണയത്തിന്റെ, ആർദ്രമായ മാനവിക സ്നേഹത്തിന്റെ, നിലവിളിക്കുന്ന പ്രകൃതിയുടെ വിവിധ മുഖങ്ങൾ/ഭാവങ്ങൾ നാം കാണുന്നു. അപ്പോഴൊക്കെ മിഴികൾ നനയുന്നതും ഹൃദയം ആർദ്രമാവുന്നതും മനസ്സ് തരളിതമാകുന്നതും നഷ്ടബോധം നിറയുന്നതും ഞാൻ അറിഞ്ഞു, ഒന്നല്ല പലവട്ടം. ഒരിക്കൽ കൂടി ഓർമ്മകളുടെ തിരുമുറ്റത്തെത്തിയിട്ടുണ്ടാകും അത് കേട്ടവരൊക്കെ. ശർക്കര കൊണ്ട് പന്തൽ കെട്ടിയ, മനസ്സാകുന്ന നിളയിൽ പൂന്തിങ്കളാകുന്ന കാമുകിയെ കണ്ട, മാരിവില്ലിന്റെ തേന്മലരിനെ കണ്ട, ചില്ലിമുളം കാടുകളിൽ ലല്ലലം പാടുന്ന തെന്നലിനെ കണ്ട, തൊടിയിലെ കുയിലിന്റെ പാട്ടുകേട്ട ആ കാവ്യഭാവനയ്ക്ക്   ഒരുകോടി പ്രണാമം. നന്മയാർന്ന സത്യത്തിന്റെ സൗന്ദര്യമാണ് ഈശ്വരൻ എന്ന് മലയാളികൾക്ക് പറഞ്ഞുതന്ന, കവിതയുടെ നിറകുടമായ ആ ഋഷീശ്വരന്റെ പാദമുദ്ര കൊണ്ട് പവിത്രമായ ഭൂവിലാണ് നമ്മളും ജീവിക്കുന്നതെന്ന് നമുക്ക് അഭിമാനിക്കാം. പൊൻതിങ്കൾക്കല പൊട്ടു തൊട്ട മലയാള കവിതയെന്ന ഹിമാലയ ശൃംഗത്തിലെ വെൺകൊറ്റ പൂങ്കുട ചൂടിയ കൈലാസമായി നിറഞ്ഞുനിൽക്കുകയാണ് മഹാകവി ഒ എൻ വി എന്ന് പറഞ്ഞാൽ പോലും ഒരുപക്ഷെ അതിശയോക്തിയാവില്ല. എത്ര കോരിയാലും തീരാത്ത, തൊടിയിലെ കിണർ വെള്ളം പോലെ മധുരമാർന്ന ഒ എൻ വി കവിതകളെക്കുറിച്ച് പറഞ്ഞാലും തീരില്ല, പ്രത്യേകിച്ച് ആ കവിതകളുടെ ആഴത്തിലേക്ക് മുങ്ങാംകുഴിയിട്ട് അതിന്റെ മാധുര്യം ഏറെ നുകർന്ന സുരേഷ്ബാബു സാറിനെപോലെയുള്ള സഹൃദയന്. എത്ര കേട്ടാലും മതിവരാത്ത വേണുഗാനമായി അദ്ദേഹത്തിന്റെ നാദം നമ്മുടെ കാതുകളിൽ നിറയുമ്പോൾ ഒരുപക്ഷെ കാലവും സമയവും നിശ്ചലമായിരുന്നെങ്കിലെന്ന് നാം ആഗ്രഹിക്കും. മിനിറ്റുകൾ മണിക്കൂറുകളായത് അറിഞ്ഞേയില്ല. ഒരു കൈക്കുമ്പിൾ വെള്ളത്തിൽ സമുദ്രത്തെ ആവാഹിച്ചതുപോലെ, ഒരു മണിക്കൂറിലേറെ നീണ്ട തന്റെ പ്രഭാഷണത്തിൽ ഒ എൻ വി കവിതകളുടെ സൗന്ദര്യവും ശക്തിയും മുഴുവനും നിറച്ചു സുരേഷ് ബാബു സർ. ഒരു പൂവ് മാത്രം ചോദിച്ചവന് ഒരു വസന്തം തന്നെ കൊടുത്തു അദ്ദേഹം. എന്തിനും ഒരു അവസാനമുണ്ടാകുമല്ലോ. മിഥുനത്തിലെ മഴമേഘങ്ങൾ പെയ്യാൻ മറന്നുപോയപ്പോൾ, അതിന്റെ പരിണിതഫലമായ ചൂടിൽ മലയാളക്കര ഉരുകിയൊലിക്കുമ്പോൾ തിരിമുറിയാത്ത തിരുവാതിരപെയ്ത്തായി കേൾവിക്കാരുടെ കരളിൽ പെയ്തിറങ്ങുകയായിരുന്നു സുരേഷ് ബാബു സർ, അനർഗ്ഗളനിർഗ്ഗളമായ വാക്കുകളാൽ മലയാളത്തിന്റെ പ്രിയകവിയുടെ കവിതയുടെ കുളിര് പകർന്നുകൊണ്ട്. മന്ദ്രസ്ഥായിയിൽ തുടങ്ങി മധ്യസ്ഥായിലൂടെ താരസ്ഥായിയിൽ എത്തി വീണ്ടും മന്ദ്രസ്ഥായിയിൽ നിർത്തിയ സംഗീതനിബദ്ധമായ വാക്കുകൾ. മഴ പെയ്തൊഴിഞ്ഞെങ്കിലും അത് പകർന്നു നൽകിയ കുളിര് ഏറെനാൾ ഞങ്ങളുടെ ഉള്ളിൽ തങ്ങി നിൽക്കും എന്നതിന് യാതൊരു സംശയവുമില്ല. ആ ഭൂതകാല കുളിരോർമ്മകൾ അടുത്ത തലമുറയ്ക്ക് പകർന്നു നൽകാൻ നമുക്ക് കഴിയട്ടെ. കവി സ്വപ്നം കണ്ട അല്ലലും അലട്ടുമില്ലാത്ത, സമഭാവനയോടെ മനുഷ്യരും പ്രകൃതിയും പുലരുന്ന വാഗ്ദത്തഭൂമി അടുത്ത തലമുറയ്‌ക്കെങ്കിലും പ്രാപ്യമാവട്ടെ എന്നാശംസിക്കാം, അതിനായി പ്രയത്നിക്കാം. ഒരു കവിത വെറുതെ ഏറ്റുപാടുമ്പോളല്ല അതിലെ ആശയം കേൾവിക്കാർ ഏറ്റെടുത്ത് നടപ്പിലാക്കുമ്പോഴാണ് കവിയുടെ ജീവിതത്തിന് അർത്ഥമുണ്ടാവുന്നത്, അവർക്കുള്ള യഥാർത്ഥ സ്മരണാഞ്ജലിയായി മാറുന്നത്. 

കൂട്ടത്തിൽ ഒരു രഹസ്യം കൂടി വെളിപ്പെടുത്തി സുരേഷ്ബാബു സർ. എല്ലാദിവസവും ഒരു പാട്ടെങ്കിലും ഹൃദിസ്ഥമാക്കാതെ, ഒരു കവിതയെങ്കിലും വായിക്കാതെ കിടക്കാറില്ല എന്ന തന്റെ ദൃഢനിശ്ചയം. അതാണ് തന്നെ താനാക്കിയതെന്ന വെളിപ്പെടുത്തൽ. ഒരുപക്ഷെ മലയാളത്തെ സ്നേഹിക്കുന്ന ഏവരും പിന്തുടരേണ്ട ഒരു ദിനചര്യ. മനസ്സൊന്ന് പതറുമ്പോൾ, തളർന്നിരിക്കുമ്പോൾ, ഇരുളിലാണ്ടുപോകുമ്പോൾ പ്രതീക്ഷയുടെ, നന്മയുടെ, സ്നേഹത്തിന്റെ ഒരു നറുവെട്ടം തെളിയാൻ ഒ എൻ വി യുടെ ഒരു കവിതയെങ്കിലും വായിച്ചാൽ മതി എന്ന വലിയ ചെറിയ ഉപദേശവും.

ഒരു വലിയ മഴ കഴിഞ്ഞാൽ കുറച്ചുനേരം കൂടി ചാറ്റൽ മഴ പെയ്യുന്നതു പോലെയുള്ള സുഖമായിരുന്നു ടി എം എസ് അങ്കിളും ലക്ഷ്മിയും ശാന്താന്റിയും ആലപിച്ച ഒ എൻ വി കവിതകൾ കേൾക്കുമ്പോൾ. മാതൃത്വത്തിന്റെ എല്ലാ ഭാവങ്ങളും മനോഹരമായി ആലപിച്ചു ഗായിക കൂടിയായ ലക്ഷ്മി. 'മാനിഷാദ' യിലെ വരികൾ സമാജത്തിലെ ഏറ്റവും മുതിർന്ന അംഗമായ ടി എം എസ് അങ്കിൾ ആലപിച്ചപ്പോഴും 'ഗസലുകൾ' എന്ന സമാഹാരത്തിലെ വരികൾ ശാന്താന്റി ആലപിച്ചപ്പോഴും അത് നവ്യമായ അനുഭവമായി മാറി. ഭാരതീയസംസ്കാരം കവിയുടെ വരികളിൽ തെളിഞ്ഞുകാണുന്നതിനെ പരാമർശിച്ചുകൊണ്ട് സമാജത്തിന്റെ അദ്ധ്യക്ഷൻ നന്ദകുമാർ ഔപചാരികമായ നന്ദി അർപ്പിച്ചതോടെ ഒരു മനോഹരമായ സായാഹ്നത്തിന് തിരശീല വീണു. അന്തിച്ചോപ്പ് വീണ ചക്രവാളത്തിനെ സാക്ഷിയാക്കി നാന്ദി കുറിച്ച 'ഒ എൻ വി സ്മൃതി സന്ധ്യ' എന്ന കാവ്യാർച്ചനയ്ക്ക് ചാന്ദ്രരശ്മികൾ ഭൂമിയെ തഴുകാൻ തുടങ്ങുമ്പോൾ സമാപ്തമായി.

പാട്ടോർമ്മകൾ 2: മനസ്സിൻ മണിനൂപുരങ്ങളെ ഉണർത്തിയ പാട്ട്


ചില പാട്ടുകൾ അങ്ങനെയാണ്, ആദ്യത്തെ കേൾവിയിൽത്തന്നെ അത് നമ്മുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും, മനസ്സിനെ കീഴടക്കും. അത് എന്തെന്നില്ലാത്ത ആനന്ദം പ്രദാനം ചെയ്യുകയും ചെയ്യും. അതിന് കാരണമെന്തെന്നു ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം പറയാനും സാധ്യമല്ല. ആ പാട്ടിൽ അലിഞ്ഞിരിക്കുന്ന ഈണമോ, വരികളിലെ കവിത്വമോ അതുമല്ലെങ്കിൽ ആലാപനത്തിൽ നിറഞ്ഞിരിക്കുന്ന ഭാവത്തിന്റെ ദീപ്തിയോ ഒക്കെയായിരിക്കും അതിന് കാരണം. പലർക്കും പല പാട്ടുകളായിരിക്കാം ഇങ്ങനെയുള്ള അനുഭവങ്ങൾ നൽകുന്നത്. ചിലപ്പോൾ ഒന്നിൽ കൂടുതൽ പാട്ടുകൾ കേൾക്കുമ്പോഴും ഇതുപോലെ പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരങ്ങൾ നമ്മളിൽ ഓളങ്ങൾ സൃഷ്ടിച്ചേക്കാം. പലരും ഇതുപോലെയുള്ള അനുഭവങ്ങൾ വിവരിച്ചു കേട്ടിട്ടുണ്ട്, എവിടെയൊക്കെയോ വായിച്ചിട്ടുമുണ്ട്. എനിക്കും പറയാനുണ്ട് അത്തരമൊരു അനുഭവവും അതിന് വഴിവെച്ച ഒരു പാട്ടിനെപ്പറ്റിയും. 

നെടുമുടി വേണുവും പൂർണ്ണിമ ജയറാമും പ്രധാന കഥാപാത്രങ്ങളായ 'വെറുതെ ഒരു പിണക്കം' എന്ന സിനിമയ്ക്ക് വേണ്ടി സത്യൻ അന്തിക്കാട് - രവീന്ദ്രൻ - യേശുദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'മനസ്സേ നിന്റെ മണിനൂപുരങ്ങൾ..' എന്ന മനോഹരമായ പ്രണയഗാനത്തെക്കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. 1984 ൽ ഇറങ്ങിയ പാട്ടായിട്ട് കൂടി വളരെ വൈകി അടുത്തകാലത്താണ് ആ ഗാനമെന്നെ തേടിയെത്തിയത്, അതും പ്രിയസുഹൃത്തും ഗായകനുമായ രാജേഷ് വഴി. മൊബൈലിൽ ആ പാട്ട് പറന്നിറങ്ങിയപ്പോഴും എന്റെ കർണ്ണങ്ങളിൽ ഒഴുകിയെത്തുന്നതുവരെ ഞാനൊരിക്കലും കരുതിയിരുന്നില്ല ഇനിയുള്ള എന്റെ നാളുകളെ സംഗീതസാന്ദ്രമാക്കാൻ, ഹൃദയത്തിൻ മധുപാത്രം നിറക്കാൻ മാത്രം വശ്യത അതിനുണ്ടാവുമെന്ന്. നേരത്തെ സൂചിപ്പിച്ചതുപോലെ പ്രഥമ കേൾവിയിൽ തന്നെ ആ ഗാനം എന്റെ മനസ്സിലെ മണിനൂപുരങ്ങളെ ഉണർത്തി. എന്ത് മാന്ത്രികവിദ്യയാലാണ് അതെന്നെ വശീകരിച്ചതെന്ന് പറയാൻ പക്ഷെ എനിക്കറിയില്ല. അന്തിക്കാടിന്റെ ഗ്രാമീണസൗന്ദര്യം ചാലിച്ച കവിത തുളുമ്പുന്ന വരികളാണോ, ആ വരികളുടെ ചാരുത ഒരിറ്റുപോലും നഷ്ടപ്പെടാതെയതിനെ കോരിയെടുത്ത രവീന്ദ്രസംഗീതമാണോ അതോ വരികളിലും ഈണത്തിലും നിറഞ്ഞ ഭാവവും സൗന്ദര്യവും സ്വാംശീകരിച്ചുകൊണ്ട് ഗന്ധർവ്വഗായകന്റെ ഹൃദയത്തിൽ നിന്നൂറിയെത്തിയ ഭാവസാന്ദ്രമായ ആലാപനമധുരിമയാണോ എന്നെ ആകർഷിച്ചത്? അതോ ഇതെല്ലാം ചേർന്നപ്പോഴുണ്ടായ ഇന്ദ്രിയാനുഭൂതിയായിരുന്നോ? അറിയില്ല, ഉത്തരം പറയാൻ കഴിയുന്നില്ല. ഏതായാലും ഒന്നുമാത്രം പറയാം, ആദ്യമായി ഈ പാട്ട് കേട്ട നിമിഷം തൊട്ടിന്നോളം ദിവസത്തിൽ പലതവണ ഞാൻ ഈ പാട്ട് കേൾക്കുകയോ മൂളുകയോ ചെയ്യുന്നുണ്ട്. അപ്പോഴെല്ലാം അനിർവചനീയമായ ഒരാനന്ദം എന്റെ ഹൃദയത്തിൽ, സിരകളിൽ നിറയുന്നുണ്ട്. അത് പകരുന്ന അനുഭൂതിയിൽ സ്വയം മറന്ന് അലിഞ്ഞലിഞ്ഞില്ലാതാവുന്നുണ്ട്. 

ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ ഇപ്പോഴും നിർത്താതെ പെയ്തുകൊണ്ടിരിക്കുകയാണ്. ഇടയ്ക്കു വീശിയടിക്കുന്ന കാറ്റിൽ എല്ലാം മറന്നാടുകയാണ് വൃക്ഷത്തലപ്പുകളും പുൽക്കൊടികളും. ഇളം തണുപ്പാർന്ന അന്തരീക്ഷത്തിൽ കേൾവിക്കാരുടെ മനസ്സിലെ മണിനൂപുരങ്ങൾ ഉണർത്തിക്കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ ശുദ്ധസാവേരി രാഗത്തിൽ ഗാനഗന്ധർവ്വൻ വീണ്ടും എൻ്റെ ചെവികളിൽ അമൃത് ചൊരിയുമ്പോൾ 'എന്തേ ഇത്രനാളും ഈ പാട്ട് കേട്ടില്ല' എന്ന സന്ദേഹത്തിനും ഉത്തരമില്ലായിരുന്നു.