പേജുകള്‍‌

അറിവിന്റെ കുന്നിറങ്ങി വന്ന മാഷ്
കുന്ദലഹള്ളി കേരളസമാജത്തിന്റെ പ്രതിമാസ പരിപാടിയായ സാഹിത്യവേദിയുടെ സെപ്റ്റംബർ മാസത്തിലെ പരിപാടി ഇക്കഴിഞ്ഞ 29 നു ഞായറാഴ്ച BEML Layout -ലെ KKS ന്റെ കാര്യാലയത്തിൽ വച്ച് നടന്നു. കഴിഞ്ഞ തവണ തീരുമാനിച്ചതുപോലെ 'കാവ്യകേളി' എന്ന കവിതാവതരണ പരിപാടി എന്ന നിലയിൽ സാധാരണ പരിപാടിയായിപ്പോകുമായിരുന്ന വേളയിലാണ് കണ്ണൂർക്കാരനും മലയാളം അദ്ധ്യാപകനുമായിരുന്ന ശ്രീ ടി പി ഭാസ്‍കര പൊതുവാൾ എന്ന അത്ഭുതവ്യക്തിത്വത്തിനെ പരിചയപ്പെടുന്നത്. 36 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് ലഭിച്ച അറിവുകളും അനുഭവങ്ങളും സമൂഹത്തിനും വളർന്നു വരുന്ന കുട്ടികൾക്കും എങ്ങിനെ ഉപകാരപ്രദമായ രീതിയിൽ പങ്കുവെയ്ക്കാം എന്നും അതോടൊപ്പം തന്നെ ഞാനാക്കിയ മലയാളഭാഷയ്ക്ക് എന്ത് തിരിച്ചുനല്കാനാകുമെന്ന ചിന്തയും ഒത്തുചേർന്നപ്പോൾ അന്നുവരെ കാണാത്ത ഒരു വിപ്ലവത്തിന് വടക്കേ മലബാറും കേരളീയസമൂഹവും സാക്ഷ്യം വഹിക്കുകയായിരുന്നു. തന്റെ ഭവനത്തിനു 'മലയാളഭാഷാ പാഠശാല' എന്ന് പേരിട്ട് കേരളത്തിലങ്ങോളമുള്ള ചെറുതും വലുതുമായ എഴുത്തുകാരെയും കലാകാരന്മാരെയും പാഠശാലയിലേക്ക് ക്ഷണിച്ച് സാഹിത്യചർച്ചകളും കലാപ്രകടനങ്ങളുമായി മലയാളഭാഷയെയും മലയാളദേശത്തെയും അതുവഴി മലയാളിയെയും ഉണർത്തുക എന്ന ധർമ്മം നിർവ്വഹിക്കാൻ തുടങ്ങി ഭാസ്കരൻ മാഷ് അല്ലെങ്കിൽ ഇതാണ് തന്റെ കർമ്മകാണ്ഡം എന്ന് പ്രഖ്യാപിച്ചു മാഷ്. മലയാളികൾ മലയാളത്തിൽ നിന്നും നമ്മുടെ സംസ്കാരത്തിൽ നിന്നും അകലാൻ തുടങ്ങിയപ്പോൾ അവരെ ഒന്നിച്ചു നിർത്താൻ, ഭാഷാസ്നേഹം വളർത്താൻ, ബന്ധങ്ങളുടെ ആഴവും പരപ്പും മനസ്സിലാക്കാൻ 'മധുരം മധുരം മലയാളം' എന്ന പരിപാടിയും കൂടി തുടങ്ങി മാഷ് എന്ന് മാത്രമല്ല കേരളത്തിനകത്തും പുറത്തുമായി ഏഴായിരത്തിലധികം വേദികളിൽ അതവതരിപ്പിക്കുകയും ചെയ്തു. ഏതാണ്ട് മുപ്പതോളം നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. അതിൽ തന്നെ നാൽപ്പതു വർഷങ്ങൾക്ക് മുൻപെഴുതിയ 'ഉദയസംക്രാന്തി' എന്ന നാടകം രണ്ടായിരത്തിലധികം വേദികളിൽ കളിച്ചു എന്നത് ഒരു പക്ഷെ ചരിത്രമായിരിക്കും. മലയാളസാഹിത്യത്തിൽ കവിത/കഥ/നാടകം എന്നെ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച എഴുത്തുകാരെ മണ്മറഞ്ഞ മഹാരഥന്മാരുടെ പേരിൽ, അതും ആരോടും കാശ് വാങ്ങാതെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകി ആദരിക്കുന്ന പതിവ് കൂടിയുണ്ട് മാഷിന് എന്ന് പറഞ്ഞാലേ മാതൃഭാഷയ്ക്കായുള്ള ആ സമർപ്പണത്തിന്റെ ആഴം വായനക്കാർക്ക് മനസ്സിലാവുകയുള്ളൂ
ഇത്രയും പറഞ്ഞത് നമ്മുടെ അതിഥിയെ പറ്റി നിങ്ങളിൽ ഒരു ചെറിയ അവബോധം സൃഷ്ടിക്കാൻ മാത്രം. സാഹിത്യവേദി തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഒരു അതിഥിയെ നമ്മുടെ പരിപാടിയിലേക്ക് കൊണ്ട് വരുന്നത്. അതിനാൽ തന്നെ കഴിയുന്നത്ര ആൾക്കാരെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കണമെന്നു ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്തിരുന്നു. ഏതായാലും തെറ്റില്ലാത്ത ഒരു സദസ്സ് ഉണ്ടായിരുന്നുവെന്ന് നിസ്സംശയം പറയാൻ കഴിയും. രണ്ടു മണിക്ക് തന്നെ നമ്മുടെ അതിഥി എത്തിയെങ്കിലും അരമണിക്കൂർ വൈകിയാണ് പരിപാടി തുടങ്ങിയത്. സെക്രട്ടറിയുടെ ഔപചാരികമായ സ്വാഗതം, അനിൽകുമാറിന്റെ അഥിതിയെ സദസ്സിനു പരിചയപ്പെടുത്തൽ. ശേഷം മുതിർന്ന അംഗങ്ങൾ KKS ന്റെ സ്നേഹാദരം ഭാസ്കരൻ മാഷിന് സമ്മാനിച്ചു. തുടർന്നങ്ങോട്ട് മാഷിന്റെ ഊഴമായിരുന്നു. തന്നിൽ നിന്ന് അകലം പാലിച്ചിരുന്ന സദസ്സിനെ ചേർത്തിരുത്തി, ചാരിയിരുന്ന്, ചേർന്നിരുന്ന് സ്നേഹം ചോരാതിരിക്കാനാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞു തുടങ്ങിയ മാഷ് പിന്നീട് മലയാളഭാഷയിലെ വാക്കുകളുടെ അർത്ഥതലങ്ങളെ പറ്റി പറഞ്ഞു, അതിന്റെ സൗന്ദര്യത്തെയും പ്രയോഗിക്കേണ്ട രീതിയെപ്പറ്റിയും പറഞ്ഞു. കൈതപ്രം എന്ന മനോഹരമായ കൊച്ചുഗ്രാമത്തിൽ ജനിച്ചു വളർന്ന് പാഠശാലയുടെ അമരക്കാരനായി മാറിയതുവരെയുള്ള തന്റെ ജീവിതാനുഭവങ്ങളുടെ കെട്ടഴിച്ച് പല സംഭവങ്ങൾ, പഠിച്ച പാഠങ്ങൾ, അവ പഠിക്കാനുണ്ടായ സാഹചര്യം എന്നിങ്ങനെ പലതും വിവരിച്ച് പല വഴികളിലൂടെ ആ സംഭാഷണം നീണ്ടുപോയി. അതിനിടയിൽ ജി ശങ്കരകുറുപ്പിന് കണ്ടത്, സുകൃതം പോലെ കുഞ്ഞുണ്ണിമാഷിന്റെ ദർശനം, സ്വപ്നസാഫല്യമായി ദക്ഷിണാമൂർത്തി സ്വാമികളുടെ അനുഗ്രഹാശിസ്സുകൾ നെറുകയിൽ പതിഞ്ഞത് എന്നിങ്ങനെ കോൾമയിർ കൊള്ളിച്ച വിവരണം. തന്റെ കണ്ണ് തുറപ്പിച്ച ശിഷ്യർ, തന്നെ കണ്ണീരണിയിച്ച കുട്ടികൾ, തന്നെ മറക്കാത്ത ശിഷ്യർ അങ്ങനെ ഒരുപാടു ഒരുപാട് കഥകൾ ഒരു ചിത്രത്തിലെന്ന പോലെ തന്റെ മുന്നിൽ നിർന്നിമേഷനായി ഇരിക്കുന്ന ആൾക്കാരുടെ മുന്നിൽ മാഷ് അവതരിപ്പിച്ചു. പലരും മനസ്സ് കൊണ്ട് ഒരു മടക്കയാത്ര നടത്തി കഴിഞ്ഞുപോയ കാലത്തിലേക്ക്. അറിയാതെ മിഴികൾ തുളുമ്പി പലരുടെയും.വാക്കുകൾക്ക് ഇടർച്ച വന്നു.
സംഭാഷണത്തിനിടെ പലപ്പോഴും മനോഹരമായി മാഷ് കവിത ചൊല്ലി.മഹാകവി കുട്ടമത്തിന്റെയും പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന് പറഞ്ഞ കുഞ്ഞുണ്ണിമാഷിന്റെയും മറ്റു പലരുടെയും. കൂട്ടത്തിൽ താനെഴുതിയ 'പൊട്ടക്കവിതകൾ' എന്ന് മാഷ് പറയുന്ന കവിതകളും. കുട്ടികളെ പഠിപ്പിക്കുന്നവൻ അല്ല പഠിക്കുന്നവനാണ് ഒരു യഥാർത്ഥ അദ്ധ്യാപകൻ എന്നുകൂടി പറഞ്ഞുതന്നു മാഷ്. ഒരു നല്ല പാഠം. മറ്റുള്ളവരെ അംഗീകരിക്കുക അവരുടെ മഹത്വം മനസിലാക്കുക, കളങ്കമില്ലാതെ സ്നേഹിക്കുക, നല്ലതു മാത്രം പറയുക എന്നുകൂടി ചേർത്തു മാഷ്. കവിത ആലപിക്കാനായി വന്നവർ പോലും ആ മധുരഭാഷണത്തിൽ മുഴുകിപ്പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. ഇന്നത്തെ അദ്ധ്യായം നാലരയ്ക്ക് നിർത്തണം എന്നാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും അതങ്ങിനെ നീണ്ടുപോയി. സംസാരിക്കുന്നതു നിർത്താൻ മാഷിനും കേൾക്കുന്നത് നിർത്താൻ ഞങ്ങൾക്കും വയ്യായിരുന്നു. തനിക്കു പറയാനുള്ളത് പറയാൻ ഇന്നത്തെ ദിവസം മതിയാവില്ല എന്ന് പറഞ്ഞ മാഷ് തുടർന്ന് ഓരോ ആളെയും പ്രത്യകം പ്രത്യേകം ചോദിച്ചറിഞ്ഞു. അവരുടെ കഴിവുകൾ മനസ്സിലാക്കി.കവിത എഴുതുന്നവരെ കൊണ്ട് അവരുടെ കവിത ചൊല്ലിപ്പിച്ചു. മടിച്ചു നിന്നവരെ സ്നേഹപൂർവ്വം പ്രോത്സാഹിപ്പിച്ചു. പാട്ട് പാടാൻ അറിയുന്നവരെകൊണ്ട് അതും ചെയ്യിച്ചു മാഷ്. ഒടുവിൽ മനസ്സ് കൊണ്ട് ഞാൻ ഈ സമാജത്തിലെ അംഗമായി എന്ന് കൂടി പറഞ്ഞാണ് മാഷ് അവസാനിപ്പിച്ചത്. ജീവിതത്തിൽ താൻ പരാജയമാണെന്ന് തോന്നുമ്പോഴൊക്കെ തന്നെ കേൾക്കാനിരിക്കുന്നവരുടെ ആവേശം കലർന്ന മുഖങ്ങളാണ് തന്റെ ജീവിതം ഒരു പരാജയമല്ല മറിച്ചു വലിയ വിജയമാണെന്ന് ഓർമ്മിപ്പിക്കുന്നതെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. സമാജത്തിന്റെ പ്രസിഡണ്ട് യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ഔപചാരികമായി നന്ദി അറിയിച്ചു. എല്ലാവരും മാഷുടെ ഫോട്ടോയെടുത്തു, പുസ്തകത്താളുകളിൽ സ്നേഹചാർത്തുകൾ വാങ്ങി.ഒടുവിൽ എല്ലാ അംഗങ്ങളെയും കൂടെയിരുത്തി ഒരു ഫോട്ടോ കൂടി.
പകലോൻ മറയാറായിരുന്നു. ആർക്കും മതിയായിരുന്നില്ല. ഇനിയും കാണാമെന്ന പ്രതീക്ഷയോടെ കേൾക്കണമെന്ന ഉൽക്കടമായ ആഗ്രഹത്തോടെ എല്ലാവരും സ്നേഹപൂർവ്വം മാഷിനെ യാത്രയച്ചു. ഇത്തിരിപേരെക്കൂടി സന്തോഷിപ്പിക്കാനായി എന്ന ചാരിതാർഥ്യത്തോടെ മാഷും മടങ്ങി, വീണ്ടും വരണമെന്ന ചിന്തയോടെ തന്നെ.
അങ്ങിനെ ഒരു പതിവ് കാവ്യാലാപനത്തിൽ മാത്രം ഒതുങ്ങുമായിരുന്ന സാഹിത്യവേദിയുടെ ഈ അദ്ധ്യായത്തെ മറക്കാനാവാത്ത ഒരേടാക്കി മാറ്റാനായി എന്ന നിർവൃതി കൂടി ഞങ്ങൾ അനുഭവിച്ചറിഞ്ഞു.
അതിനു അവസരമൊരുക്കിത്തന്ന സർവ്വേശ്വരനും മറ്റുള്ളവർക്കും ഒരായിരം നന്ദി.