പേജുകള്‍‌

ധർമ്മസങ്കടം
കല്ലുകൾ പാകി മനോഹരമാക്കിയ ആ ഒറ്റയടിപ്പാതയിലൂടെ അയാൾ  വെറുതെ നടന്നു, ഏകനായി. കുറച്ചിടവിട്ട് വളരുന്ന ആൽമരങ്ങൾ തണൽ പാകിയ ആ വഴിയിലൂടെ നടക്കുമ്പോൾ മീനച്ചൂടിൽ അയാൾ വാടിയില്ല. ഒത്തിരി പൊക്കമുള്ള ആ മനുഷ്യൻ, പൊക്കമില്ലാത്ത തന്റെ നിഴലിനെ നോക്കി മരങ്ങളുടെ നിഴലുകൾക്കു മീതെ നടന്നു. മരഞ്ചാടിയായ ഒരു കുരങ്ങൻ മരങ്ങൾ ചാടി ചാടി കടക്കുന്നത് പോലെ തന്റെ നിഴൽ ഒരു മരത്തിന്റെ നിഴലിൽ നിന്നും മറ്റൊരു മരത്തിന്റെ നിഴലിലേക്കു ചാടി കയറിക്കൊണ്ടേയിരിക്കുന്ന കാഴ്ച അയാളിൽ കൗതുകം ജനിപ്പിച്ചു. ലക്ഷ്യമില്ലാത്ത നടത്തമായതിനാലായിരിക്കും വേണ്ട എന്ന് കരുതിയിട്ടും ഏതൊക്കെയോ പഴയ ഓർമ്മകൾ തന്നിലേക്ക് അലയടിച്ചുവരുന്നത് തടയാൻ അയാൾക്ക്‌ കഴിഞ്ഞില്ല. മറക്കാനാഗ്രഹിക്കുന്ന, ഒരിക്കലും ചിന്തിക്കില്ല എന്ന് കരുതിയ അശുഭകരമായ ഒരുപാടു ഒരുപാടു ഓർമ്മകൾ. മനസ്സിന്റെ മച്ചിലെവിടെയോ പഴന്തുണി കെട്ടിൽ ഒളിപ്പിച്ചു വച്ച ഓർമ്മകൾ. മനസ്സ് അസ്വസ്ഥമായപ്പോൾ അതിൽ നിന്നും രക്ഷപ്പെടാനെന്നോണം അയാൾ വീണ്ടും തന്റെ നിഴലിനെ നോക്കി, അതിപ്പോഴും മരങ്ങൾ ചാടികടക്കുന്ന തിരക്കിലാണ്. അയാളുടെ വേഗത്തിനനുസരിച്ച്, താളത്തിനനുസരിച്ച് അതും നീങ്ങുകയാണ്. അയാൾ നിൽക്കുമ്പോൾ അതും നിൽക്കും, അയാൾ നടക്കുമ്പോൾ അതും നടക്കും. അങ്ങനെയെങ്കിൽ? അയാൾ ചിന്തിക്കുകയായിരുന്നു. 'അങ്ങനെയെങ്കിൽ ഞാൻ ചിന്തിക്കുമ്പോൾ എന്റെ നിഴലും ചിന്തിക്കുന്നുണ്ടാവുമോ? എന്റെ മനസ്സ് അസ്വസ്ഥമാകുമ്പോൾ അതിന്റെ മനസ്സും അസ്വസ്ഥമാകുമോ? അതിനു മനസ്സിന് നിഴലില്ലല്ലോ.' അയാൾ ഉടനെ തന്നെ തിരുത്തി. 'അതോ നിഴലിന് മനസ്സില്ലാത്തതോ?' അയാൾക്ക്‌ വീണ്ടും സംശയമായി. നിഴലിന്റെ മനസ്സറിയാൻ കഴിയില്ല എന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് 'എന്റെ കൺവെട്ടത്തുപോലും നിന്റെ നിഴൽ വീഴരുത്' എന്ന് അച്ഛൻ തന്നോട്  പറഞ്ഞത്. 'നിഴലിന് ഒരാളെ വേദനിപ്പിക്കാൻ പറ്റുമോ? അതോ ആ നിഴൽ ഉണർത്തുന്ന ഓർമ്മകളിൽ പോലും ഞാൻ ഉണ്ടാകരുതെന്ന വാശിയാണോ?' ഉത്തരം തരാതെ അച്ഛൻ പോയി. അമ്മയ്ക്കാണെങ്കിൽ ഒന്നിനും ഒരുത്തരവുമില്ല. നിഴലിനോടാണെങ്കിൽ ചോദിക്കാനും വയ്യ. ഉലയുന്ന മനസ്സോടെ അയാൾ തന്റെ നിഴലിനെ വീണ്ടും നോക്കി. അതിപ്പോഴും ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക് കുതിക്കുകയാണ്, തന്റെ ഉടയോന്റെ ചിന്തകൾ അറിയാതെ.

ദീപാവലി പിറ്റേന്ന്
ആവി പറക്കുന്ന ഒരു കപ്പ് ചായയുമായി ഞാൻ ബാൽക്കണിയിലേക്ക് നടന്നു. പാതിരാത്രിയിലെപ്പോഴോ പെയ്ത മഴയുടെ തണുപ്പ് അന്തരീക്ഷത്തിൽ അപ്പോഴും ബാക്കിയുണ്ടായിരുന്നു. മുറ്റത്ത് അവിടവിടെയായി വെള്ളം കെട്ടി നിൽപ്പുണ്ട്. സമയം എട്ടു മണി കഴിഞ്ഞിരുന്നെങ്കിലും വഴി മുടക്കി നിൽക്കുന്ന മേഘങ്ങൾക്കിടയിലൂടെ തിങ്ങിഞെരിഞ്ഞു മാത്രമേ സൂര്യകിരണങ്ങൾക്ക് ഭൂമിയെ തലോടാൻ കഴിഞ്ഞുള്ളു. ഇലകളിൽ ഉരുണ്ടുകൂടി നിൽക്കുന്ന വെള്ളത്തുള്ളികൾ സൂര്യരശ്മികളാൽ വൈഡൂര്യം പോൽ തിളങ്ങി. ഇന്നലെ രാത്രി അരങ്ങേറിയ ശബ്ദവർണ്ണഘോഷങ്ങളുടെ ബാക്കിപത്രമായി പ്രാണൻ വെടിഞ്ഞ പടക്കങ്ങളുടെ അവശിഷ്ടങ്ങൾ മുറ്റത്ത് നിറയെ ചിതറിക്കിടക്കുന്നു. പ്രാണൻ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വെപ്രാളം കൊണ്ടായിരിക്കുമോ അവയിങ്ങനെ ചെറുകഷണങ്ങളായി ചിതറിത്തെറിച്ചു പോകുന്നത് എന്ന് ഞാൻ ചിന്തിച്ചു. ജീവൻ വെടിയുമ്പോൾ അവ സൃഷ്ടിച്ച സുഖകരമല്ലാത്ത വിഷപ്പുകയുടെ രൂക്ഷഗന്ധം  ഇപ്പോഴും അവിടെ തങ്ങി നിൽക്കുന്നതായി എനിക്ക് തോന്നി.

ഇന്നലെ ദീപാവലിയായിരുന്നു. രാവണവധം കഴിഞ്ഞ് ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ഓർമ്മയായും ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ സന്തോഷമായും ഒക്കെ ആളുകൾ ഈ ദിവസത്തെ ആഘോഷിക്കുന്നു. ദീപങ്ങളാൽ വീടുകൾ അലങ്കരിക്കുന്നതിനൊപ്പം  ആകാശത്ത് കരിമരുന്നുകൾ തീർക്കുന്ന വർണ്ണവിസ്മയങ്ങളിലൂടെയും ദിഗന്തം നടുങ്ങുന്ന ഘോഷങ്ങളിലൂടെയുമാണ് ജനങ്ങൾ സാധാരണ ദീപാവലി ആഘോഷിക്കാറുള്ളത്. ഇവിടെയും ആഘോഷങ്ങൾ ഏതാണ്ട്  അങ്ങനെയൊക്കെത്തന്നെയായിരുന്നു . ബഹളം കാരണം ഉറങ്ങാൻ വാവ നന്നേ ബുദ്ധിമുട്ടി. ഞാൻ മുറ്റത്ത് ചിതറി കിടക്കുന്ന ജഡങ്ങളെ നോക്കിക്കൊണ്ട് ചായ ഊതിയൂതി കുടിച്ചു. തകർത്തു പെയ്ത മഴ അവയുടെ ചിതാഭസ്മം കോരിയെടുത്തു കൊണ്ടുപോയിരുന്നു, മോക്ഷ പ്രാപ്തിക്കായി.

നക്ഷത്രങ്ങൾ ചിതറിച്ചുകൊണ്ട് എരിഞ്ഞടങ്ങിയ ചെറുതും വലുതുമായ കമ്പിത്തിരികളുടെ എല്ലിൻകൂടുകൾ മതിലിനോട് ചേർന്ന് വലിച്ചെറിഞ്ഞിരിക്കുന്നു. മൃതരാണെങ്കിലും `ഒരവസരം കിട്ടിയാൽ പച്ചമാംസത്തിൽ തുളഞ്ഞു കയറാൻ പാകത്തിൽ തന്നെയാണ് അവയുടെ കിടപ്പ്. കുട്ടികളാരെങ്കിലും അറിയാതെ അവിടെ കളിയ്ക്കാൻ പോയാലുണ്ടാകുന്ന വിപത്ത് എന്നിൽ ചെറുതായി ഭയത്തിന്റെ വിത്തുകൾ പാകി. തീ ചീറ്റിക്കൊണ്ട്  വട്ടത്തിൽ കറങ്ങി പിടഞ്ഞുപിടഞ്ഞു രക്തസാക്ഷിയായ ചക്രങ്ങൾ പലയിടങ്ങളിലായി കിടക്കുന്നു. ചക്രവ്യൂഹത്തിൽ പെട്ടുപോയ അഭിമന്യുവിനെയാണ് എനിക്കിപ്പോൾ ഓർമ്മ വരുന്നത്. കാഴ്ചക്കാരെ രസിപ്പിക്കാനായി പരുപരുത്ത തറയിൽ ഉരഞ്ഞുരഞ്ഞു കറങ്ങിയതിനാലാകണം തൊലി പോയ ശരീരവുമായി കണ്ണീരൊലിപ്പിച്ച് അവ കിടക്കുന്നത്. രാത്രി മുഴുവൻ പെയ്ത മഴയ്ക്കും അവയുടെ കണ്ണീരൊപ്പാൻ കഴിഞ്ഞിട്ടില്ലായെന്ന് എനിക്ക് തോന്നി. തല തകർന്നു കിടക്കുന്ന പൂക്കുറ്റിയിൽ, കത്തിക്കയറിയ തീ ശമിപ്പിക്കാനെന്നവണ്ണം  മഴവെള്ളം നിറഞ്ഞിട്ടുണ്ട്. ഒരാൾ വെറുതെ തുപ്പിക്കളയുന്ന ലാഘവത്തോടെ തന്റെ ഓജസ്സും ഊർജ്ജവും എല്ലാം മറ്റുള്ളവർക്കായി തലയിലൂടെ പുറത്തേക്ക് വർണ്ണങ്ങളായി വിതറിയ ആ പാവത്തിന്റെ അവസ്ഥ എന്നെ തെല്ലൊന്ന് വേദനിപ്പിച്ചു. അമ്പിളിയമ്മാവനെ തൊടാം എന്ന വ്യാമോഹത്തോടെ ആകാശത്തേക്ക് കുതിച്ചുയർന്ന് അല്പനേരത്തിനകം തകർന്നു വീണ ബാണങ്ങളുടെ ഉടലും കരിഞ്ഞ തലയും അവിടവിടെയായി കാണാം. റോക്കറ്റ് വിക്ഷേപണ യന്ത്രങ്ങളായി പ്രവർത്തിച്ചതെന്ന് തോന്നിപ്പിച്ച  ഒന്നുരണ്ട് കുപ്പികൾ ആരോ മറന്നുവെച്ചതു പോലെ തെങ്ങിൻ ചുവട്ടിൽ കിടക്കുന്നത്  കണ്ടു. കുറച്ചപ്പുറത്തായി മാറി നിൽക്കുന്ന മാവിന്റെ താഴ്ന്നുകിടക്കുന്ന ചില്ലയിൽ കരിന്തിരി കത്തിയതുപോലെ ഒരു ചരട് ഇളംകാറ്റിൽ പതുക്കെ ആടുന്നത് കാണാം. ഏതു നിമിഷം വേണമെങ്കിലും വീഴാം എന്ന നിലയിലാണ് അതിന്റെ നില്പ്. നിമിഷങ്ങളോളം നിർത്താതെ പൊട്ടിത്തെറിച്ച്  കാഴ്ചക്കാരെ ത്രസിപ്പിച്ച മാലപ്പടക്കത്തിന്റെ ബാക്കിപത്രമായിരുന്നു അത്. ആ കാഴ്ച, മനുഷ്യച്ചങ്ങലപോലെ സ്വയം പൊട്ടിത്തെറിക്കുന്ന ചാവേറുകളെ ഓർമ്മിപ്പിച്ചു. കൂട്ടപ്പൊരിച്ചിലിന്റെ ഉന്തിലും തള്ളിലും പെട്ട് തെറിച്ചു പോയ ചില ഒറ്റയാൻ പടക്കങ്ങൾ കുറച്ചകലെയായി വീണുകിടപ്പുണ്ടായിരുന്നു. പൊട്ടാത്ത പടക്കങ്ങൾ തപ്പിയിറങ്ങിയ കുട്ടികൾ മഴയിൽ കുതിർന്നു കിടക്കുന്ന അവയെ കണ്ട് നിരാശയോടെ വെള്ളം തട്ടിത്തെറിപ്പിച്ചു കൊണ്ട് തിരിച്ചുപോയി. ആകാശം നടുങ്ങും ഘോഷത്തോടെ പൊട്ടിത്തെറിച്ച ഗുണ്ടുകൾ, ആരോ കത്തിച്ചെറിഞ്ഞു തകർത്ത ഓലപ്പടക്കങ്ങൾ, പല നിറങ്ങൾ പൊഴിച്ചശേഷം പ്രാണൻ വെടിഞ്ഞ വളഞ്ഞുപുളഞ്ഞ് കിടക്കുന്ന തിരികൾ അങ്ങനെ തിരിച്ചറിയുന്നതും അല്ലാത്തതുമായ പടക്കങ്ങളുടെ കത്തിക്കരിഞ്ഞ ശരീരങ്ങൾ ധർമ്മയുദ്ധം കഴിഞ്ഞ കുരുക്ഷേത്രഭൂമിയെ ഓർമ്മിപ്പിച്ചു. ജലസമാധിയെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ചില മൃതശരീരങ്ങൾ മുറ്റത്ത് കെട്ടികിടക്കുന്ന വെള്ളത്തിലും കണ്ടു. ഈ കൂട്ടമരണങ്ങൾക്ക് സാക്ഷിയാകേണ്ടി വന്ന മെഴുകുതിരി സ്വയം ഉരുകിയുരുകി മരണത്തെ പുല്കിയതിന്റെ തെളിവായി അതിന്റെ അസ്ഥിപഞ്ജരം മുറ്റത്തിന്റെ ഒരു ഭാഗത്ത് കാണാൻ കഴിഞ്ഞു. 

ഈ കാഴ്ചകൾ നോക്കിനിൽക്കെ പണ്ട് കുട്ടിക്കാലത്ത് വിഷുവിന് പടക്കങ്ങൾ ആവേശത്തോടെ പൊട്ടിച്ചത് ഓർമ്മയിൽ വന്നു. വലുതാവുംതോറും എന്തുകൊണ്ടോ പടക്കങ്ങളോടുള്ള താല്പര്യം എന്നിൽ കുറഞ്ഞു വന്നു. ഒരുപക്ഷേ അവയുണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ ഓർത്തു തന്നെയായിരിക്കും ഉപയോഗിക്കേണ്ട എന്ന തീരുമാനത്തിലേക്ക് ഒടുവിൽ എന്നെ എത്തിച്ചതും.
മോള് ഒരുപാട് വാശി പിടിച്ചപ്പോൾ കഴിഞ്ഞ വർഷം ദീപാവലിക്ക് വർണ്ണങ്ങൾ മാത്രം വിതറുന്ന കുറച്ചു പടക്കങ്ങൾ വാങ്ങിയിരുന്നു. എന്നാൽ ഇത്തവണ വാങ്ങാൻ ഞാൻ കൂട്ടാക്കിയില്ല. പലപ്പോഴും അന്തരീക്ഷ മലിനീകരണത്തെയും പരിസരശുചിത്വത്തേയും കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന എന്റെ സുഹൃത്തുക്കൾ തന്നെയാണ് ഈ ഭീകരകൃത്യം നിർവഹിച്ച് പൊടിയും തട്ടി പോയതെന്ന് ആലോചിച്ചപ്പോൾ അറിയാതെ എന്റെ ചുണ്ടിൽ ഒരു പരിഹാസച്ചിരി വിരിഞ്ഞു.

ഇന്നലെ വരെ പല കടകളിൽ പലരെയും മോഹിപ്പിച്ച് പല നിറങ്ങളിൽ വിരാജിച്ചിരുന്ന ഈ പടക്കങ്ങളുടെ ഇന്നത്തെ അവസ്ഥ വീണപൂവിന്റേതിൽ നിന്നും വ്യത്യസ്തമല്ലെന്നും അത് സർവ്വ ചരാചരങ്ങൾക്കും ബാധകമാണെന്നുമുള്ള ചിന്തയിലേക്ക് ഞാൻ എത്തി. എല്ലാത്തിനെയും സ്വീകരിക്കുന്ന മണ്ണിലേക്ക് അലിഞ്ഞുചേരുക എന്ന കർമ്മം മാത്രമേ ഇവയ്ക്ക് ഇനി ചെയ്യാനുള്ളൂ എന്നും എന്റെ നൊമ്പരത്തിന് യാതൊരു സ്ഥാനവുമില്ല എന്നും ഞാൻ തിരിച്ചറിഞ്ഞു. പിന്നിൽ ഒരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. മോളാണ്, മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. എന്റെ അടുത്ത് വന്നു അവളും മുറ്റത്തേക്ക് നോക്കി. ചിതറിക്കിടക്കുന്ന പടക്കങ്ങൾ കണ്ടപ്പോൾ ഒത്തിരി സങ്കടത്തോടെ അവൾ പറഞ്ഞു, "എന്നാലും ഇന്നലെ അച്ഛൻ ഒരു കമ്പിത്തിരി പോലും വാങ്ങി തന്നില്ലല്ലോ" മറുപടിയൊന്നും പറയാതെ കാലിയായ ചായക്കപ്പുമായി ഞാൻ അടുക്കളയിലേക്കു നടന്നു.


പിൻകുറിപ്പ്: ദീപാവലി പിറ്റേന്ന് ചിതറിക്കിടക്കുന്ന പടക്കങ്ങളുടെ അവശിഷ്ടങ്ങൾ കണ്ട് അതിൽ നിന്നും മനോഹരമായ കവിത സൃഷ്ടിച്ച മധുവിന് ഈ കഥ സമർപ്പിക്കുന്നു. മധുവിന്റെ വരികളാണ് എനിക്ക് പ്രചോദനമായത്.

മായാത്ത ഓർമ്മകൾ


University of Calicut, Thenjippalam

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്ര  ധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത്‌ തരുമോ
ഇനിയൊരു ജന്മം കൂടി.


ഇന്നലെ ഞാനൊരു യാത്ര പോയി...ഉദ്യാനനഗരിയായ ബാംഗ്ലൂരിലെ നാലുചുവരുകൾക്കുള്ളിൽ നിന്ന് കാതങ്ങൾ താണ്ടി, ഏറെ  വർഷങ്ങൾ പിന്നിലേക്കാക്കി മനസ്സുകൊണ്ടൊരു യാത്ര.. ഒരു തീർത്ഥയാത്ര....

തേഞ്ഞിപ്പലം ആസ്ഥാനമായി സ്ഥിതി ചെയ്യുന്ന കോഴിക്കോട് സർവ്വകലാശാല..ഏക്കറുകളോളം പടർന്നുകിടക്കുന്ന ഈ ക്യാമ്പസ്സിൽ ഞങ്ങളുടെ കാൽപ്പാടുകൾ ഇപ്പോഴും എനിക്ക് വ്യക്തമായി  കാണാം..ഞങ്ങളുടെ മണം ഇവിടുത്തെ കാറ്റിൽ  നിറഞ്ഞുനിൽക്കുന്നുണ്ട്.. .ഭൗതികശാസ്ത്രത്തിന്റെ ക്ലാസ് ചുമരുകളിൽ ഞങ്ങളുടെ ശബ്ദം പ്രതിധ്വനിക്കുന്നത് എനിക്ക് കേൾക്കാം..കളിചിരികൾ കേൾക്കാം..ഇവിടെയാണ് ഞങ്ങൾ രണ്ടു വർഷം ജീവിച്ചത്...ഇവിടെ വച്ചാണ് ഞങ്ങൾ സ്നേഹിക്കാൻ തുടങ്ങിയത്..ഞങ്ങൾ പരസ്പരം മനസ്സിലാക്കാൻ തുടങ്ങിയത്..ഞങ്ങൾ എന്നാൽ നാട്ടിപുറത്തിന്റെ വിശുദ്ധിയുമായി ബസ്സിറങ്ങി വന്ന 16 യുവതിയുവാക്കൾ..ഞങ്ങൾക്ക് മുൻപും പിൻപും  വന്നവർ..ജീവിതത്തിലെ നിർണ്ണായകഘട്ടം താണ്ടാൻ സ്വപ്നങ്ങളും ആകുലതകളുമായി വന്നിറങ്ങിയവർ..പരസ്പരം സ്നേഹിച്ചും കലഹിച്ചും കളിയാക്കിയും കരയിച്ചും രണ്ടു വർഷത്തെ രണ്ടു നിമിഷമാക്കി മാറ്റി ഞങ്ങൾ..കടന്നുപോയ ഓരോ നിമിഷവും  യുഗങ്ങളോളം നീണ്ടുനിൽക്കുന്ന ഓർമ്മകളാക്കി മാറ്റി...ഞങ്ങൾ ചവുട്ടിമെതിച്ച്‌ കടന്നുപോയ പാതകൾ..ഞങ്ങളുടെ  കിന്നാരം കേട്ട് തലയാട്ടിയ വൃക്ഷത്തലപ്പുകൾ..കാതിൽ രഹസ്യങ്ങൾ ഓതി ഞങ്ങളെ തഴുകി കടന്നു പോയ മന്ദമാരുതൻ...മറക്കാനാവുന്നില്ല, ഒന്നും...ഒന്നും..

ഭാർഗവി നിലയം പോലെ മുന്നിൽ പ്രത്യക്ഷമായ ഹോസ്റ്റൽ കെട്ടിടങ്ങൾ..ഭയാശങ്കകളോടെ ആദ്യദിനങ്ങൾ കഴിച്ചുകൂട്ടിയ ഹോസ്റ്റൽ മുറികൾ..എന്നാൽ ദിവസങ്ങൾ കഴിയവേ, കണ്ണുരുട്ടി സ്വീകരിച്ചവന്റെ തോളിൽ കയ്യിട്ട് സഭ്യവും അസഭ്യവും പറഞ്ഞു ചിരിച്ച നിമിഷങ്ങൾ..കുളിരാർന്ന കാറ്റേറ്റ് ടെറസ്സിൽ മലർന്നു കിടന്നു നക്ഷത്രങ്ങളെ നോക്കി കിനാവ് കണ്ടത്..സുന്ദരികളായ പെൺകിടാങ്ങളെ പ്രേമപൂർവ്വം കടാക്ഷിച്ചത്‌..വിശേഷങ്ങൾ പരസ്പരം പങ്കുവച്ചത്..കോഴിക്കോടൻ നഗരക്കാഴ്ചകളിലേക്ക് ഊളിയിട്ടത്..മാനാഞ്ചിറയിൽ വട്ടം കൂടിയിരുന്നത്..സാഗറിന്റെ രുചിയറിഞ്ഞത്..തേഞ്ഞിപ്പലത്തിന്റെ സൗന്ദര്യം മുഴുവനും ആവാഹിച്ച ബ്യൂട്ടീസ്‌പോട്ടിൽ ഒറ്റക്കും തെറ്റക്കും ചെന്നിരുന്ന് നേരം കളഞ്ഞത്..പകലോൻ അറബിക്കടലിനക്കരയിലേക്ക് തുഴഞ്ഞു പോകുമ്പോൾ ഇത്തിരി വേദനയോടെ എന്നാൽ ഒത്തിരി പ്രതീക്ഷകളോടെ തിരിച്ചു നടന്നത്..ഭാവിയെപ്പറ്റി തോരാതെ സംസാരിച്ചത്...ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ വിഷണ്ണരായത്..സഹകരണഭവനിൽ ചെന്ന് മസാലദോശയുടെയും പഴംപൊരിയുടെയും ഗന്ധം മൂക്കു വിടർത്തി ആവോളം വലിച്ചെടുത്തത്..പറ്റുബുക്കിൽ കണക്കെഴുതി കാന്റീനിൽ നിന്നും  മൂക്കുമുട്ടെ തിന്നത്..നിശബ്ദത തളം കെട്ടി നിൽക്കുന്ന വായനശാലകളിൽ മണിക്കൂറുകൾ ചെലവഴിച്ചത്..ഒരുമയോടെ,ആവേശത്തോടെ ഓണവും ക്രിസ്തുമസും ആദ്യമായി ആസ്വദിച്ചത്..ഇടനാഴികളിലൂടെ പാറി നടന്നത്...പാടിയും ആടിയും ഉല്ലസിച്ചത്..പുസ്തകങ്ങൾക്ക് മുന്നിൽ തല പുകച്ചിരുന്നത്.. സ്വാതന്ത്ര്യത്തിന്റെ സുഖമറിഞ്ഞത്..പല നാട്ടിൽ പല തരത്തിൽ ജനിച്ചു വളർന്നവർ കൂടപ്പിറപ്പുകളായത്..ആർക്കൊക്കെയോ ഏട്ടനും അനിയനും ആയത്..ഗുരു-ശിഷ്യ ബന്ധത്തിന്റെ ആഴമറിഞ്ഞത്..ഒടുവിൽ എല്ലാ ഓർമ്മകളും മനസ്സിൽ ചേർത്തുപിടിച്ച് ജീവിതം കെട്ടിപ്പടുക്കാൻ ഇറങ്ങിത്തിരിച്ചത്.. അങ്ങനെ എന്തെല്ലാം ഓർമ്മകൾ..പറഞ്ഞാൽ തീരില്ല ഒന്നും..മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുകയാണ് ഓരോ ഇടവഴികളും പുൽക്കൊടികളും കണ്ടുമുട്ടിയ മുഖങ്ങളും ഇന്നലെയെന്നപോലെ..

സുഹൃത്തുക്കളായ ഗിരീഷും ദീപക്കേട്ടനും ഷജുവും സ്വന്തം വേലായുധേട്ടനും ഓർമ്മകൾ നടമാടുന്ന ആ മണ്ണിലേക്ക് പോകുന്നുവെന്നറിഞ്ഞപ്പോൾ ഒരു പക്ഷെ അവർക്കു മുൻപേ ഞാൻ അവിടെ എത്തിയിരുന്നു..ആ ഗന്ധം നുകർന്ന്, കളിചിരികൾ കേട്ട്..അദ്ധ്യാപകരോട് തമാശ പറഞ്ഞ്..ക്ലാസ്സ്മുറിയിൽ തല ചായ്ച്ച്..കുട്ടേട്ടന്റെ കടയിൽ നിന്ന് പൊറോട്ടയും പാലും കഴിച്ച്..വില്ലൂന്നിയിലെ ഭഗവാനെ വണങ്ങി..ഓരോ മുക്കും മൂലയും കണ്ട് ഞാൻ അങ്ങനെ നടന്നു ഒരുപാട് നേരം..ആ പഴയ ഇരുപതുകാരനായി..അവർ മടങ്ങിയിട്ടും കാഴ്ചകൾ ഇപ്പോഴും മായുന്നില്ല എന്റെ മുന്നിൽ നിന്ന്...ഓർമ്മകളുടെ വേലിയേറ്റത്തിൽ കടലലകൾ പോലെ അവ തീരത്തേക്ക് എത്തിനോക്കിക്കൊണ്ടേയിരിക്കുന്നു..ആ ഓർമ്മകളും അവ സമ്മാനിച്ച സൗഹൃദങ്ങളും ഇന്നും ഹൃദയത്തോട് ചേർത്തുനിർത്തിയിട്ടുണ്ട് ഞാൻ..കൈവിടാതെ..ഒരിക്കലും  കൈമോശം വരരുതെന്ന പ്രാർത്ഥനയോടെ..