പേജുകള്‍‌

യാത്ര

ഹംപിയിലെ കാഴ്ചകൾ

ചരിത്രമുറങ്ങുന്ന ഹംപിയിലെ മണ്ണിലൂടെ, ആ ചരിത്രത്തിന്റെ വേരുകൾ അന്വേഷിച്ചു നടത്തിയ യാത്രയുടെ ഒരു ലഘുവിവരണം.

ഹംപി - വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായി ചരിത്രത്തിൽ ഇടം നേടിയ നഗരം. മഹാന്മാരായ കലാകാരന്മാർ കല്ലുകളിൽ കവിത വിരിയിച്ച്‌ നിർമ്മിച്ച, പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ പ്രദേശം. ഒരായിരം കഥകൾ പറയുവാനുണ്ടാകും ഇവിടുത്തെ ഓരോ മൺതരികൾക്കും. അതിൽ പ്രണയത്തിന്റെ, പകയുടെ, സൗന്ദര്യത്തിന്റെ, സ്നേഹത്തിന്റെ,ത്യാഗത്തിന്റെ,രാജ്യസ്നേഹത്തിന്റെ, ചതിയുടെ അങ്ങനെ ഒരുപാടു ഒരുപാട് സ്മരണകൾ ഉണ്ടാകും. വൈദേശികരായ മുഗളന്മാർ ചതിയിലൂടെ കീഴ്‌പ്പെടുത്തി തകർത്തു കളഞ്ഞ ഈ സുന്ദര ദൃശ്യങ്ങൾ ഏതൊരു കഠിനഹൃദയനേയും വേദനിപ്പിക്കും. കണ്ണിനും കാതിനും മനസ്സിനും കുളിർമ്മയേകുന്ന ഒരു പാട് രമ്യഹർമ്മ്യങ്ങൾ, വിഗ്രഹങ്ങൾ,ചിത്രങ്ങൾ ഒക്കെ നിങ്ങളെ പിന്നോട്ട് വലിക്കും, നൂറ്റാണ്ടുകൾ പിന്നോട്ട്. അന്നത്തെ നിർമ്മാണവൈദഗ്ദ്യം നിങ്ങളെ അത്ഭുദപരതന്ത്രനാക്കും, അവരുടെ ചിന്താശേഷിയും കർമ്മശേഷിയും ഇന്നത്തെ തലമുറയ്ക്ക് എങ്ങിനെ കൈമോശം വന്നു എന്ന് നിങ്ങളെ ഇരുത്തിച്ചിന്തിപ്പിക്കും. 

കടലൈ ഗണപതി - ഒറ്റക്കല്ലിൽ കൊത്തിയുണ്ടാക്കിയ ഈ ഗണപതി വിഗ്രഹം മുഗളന്മാർ തകർത്തു. ഒരു കടലയുടെ ആകൃതിയിൽ വയറ്റിൽ നിന്ന് വെട്ടിമാറ്റിയതിനാൽ ഈ വിഗ്രഹം കടല ഗണപതി എന്നറിയപ്പെടുന്നു; ഉടഞ്ഞ വിഗ്രഹമായതിനാൽ ഇപ്പോൾ പൂജ ചെയ്യുന്നില്ല.
ഒറ്റക്കല്ലിൽ പണിത ഉഗ്രമൂർത്തിയായ നരസിംഹവിഗ്രഹം, മടിയിൽ ലക്ഷ്മി ദേവി കൂടിയുള്ള അവസ്ഥയിലായിരുന്നു ഇത് കൊത്തിയെടുത്ത്,പക്ഷെ മുഗളന്മാരുടെ ആക്രമണത്തിൽ ലക്ഷ്മി ദേവി പൂർണ്ണമായും നരസിംഹമൂർത്തി ഭാഗികമായും ഉടഞ്ഞുപോയി. ഇപ്പോൾ പൂജ ചെയ്യുന്നില്ല.

ലോട്ടസ് മഹൽ അഥവാ താമര മാളിക - മഹാറാണി ചിന്നമ്മ ദേവിക്ക് വേണ്ടി ചക്രവർത്തി പണിത ഈ കൊട്ടാരത്തിലെ മുറികൾ അന്നത്തെ സാങ്കേതിക വിദ്യയുപയോഗിച്ച് തണുപ്പിച്ചിരുന്നു.ഭിത്തികളിൽ സ്ഥാപിച്ച പൈപ്പുകളിലൂടെ വെള്ളം കടത്തി വിറ്റാണ് ഇത് സാധിച്ചത്.
പുഷ്കരിണി അഥവാ പടികളുള്ള കുളം (സ്റ്റപ്പ്ഡ് ടാങ്ക്) - ദസറ ഉത്സവത്തിന് ദീപം തെളിയിക്കാനും മറ്റും മഹാറാണി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ഈ കുളത്തിന്റെ പടവുകളിലായിരുന്നു ദീപങ്ങൾ കത്തിച്ചു വച്ചിരുന്നതെന്നാണ് ഭാഷ്യം.

സുവർണ്ണ രഥം - വിജയ വിട്ടൽ ക്ഷേത്രത്തിലാണ് കരിങ്കല്ലിൽ നിർമ്മിച്ച ഈ രഥം സ്ഥാപിച്ചിരിക്കുന്നത്. ശ്രീകോവിലിന് അഭിമുഖമായി വച്ചിരിക്കുന്ന ഈ രഥത്തിൽ ഗരുഢപ്രതിഷ്ഠയുണ്ടായിരുന്നു. ചലിപ്പിക്കാൻ കഴിയുന്ന രഥമായിരുന്നു ഇത്. സന്ദർശകർ നശിപ്പിക്കാതിരിക്കാൻ സിമന്റ് ഇട്ട് നിലത്തു ഉറപ്പിച്ചിരിക്കുകയാണിപ്പോൾ. ഒരു പാട് കൊത്തു പണികൾ നിറഞ്ഞതും വലിയ ഭാരമുള്ളതുമാണീ രഥം.

വിജയ വിട്ടല ക്ഷേത്രമുറ്റത്ത് നിന്നുമുള്ള സൂര്യാസ്തമയദൃശ്യം 
വിട്ടല ക്ഷേത്രത്തിന്റെ മുകളിൽ നിന്നുള്ള ഒരു ദൃശ്യം - ദൂരെ വിരൂപാക്ഷ ക്ഷേത്രത്തിന്റെ ഗോപുരം കാണാം. രണ്ട് ക്ഷേത്രങ്ങളും ഒരു തെരുവിന്റെ രണ്ടറ്റത്തായിട്ടാണ് കിടക്കുന്നത്. ഒറ്റക്കല്ലിൽ കൊത്തിയെടുത്ത നന്ദിയുടെ പ്രതിമ വിട്ടല ക്ഷേത്രത്തിൽ ഇപ്പോഴുമുണ്ട്.

വിജയ വിട്ടല ക്ഷേത്രം 

കടുക് ഗണപതിയുടെ പിന്നിൽ നിന്നുള്ള ദൃശ്യം - സൂക്ഷിച്ചു നോക്കിയാൽ ഒരു സ്ത്രീ രൂപം കൊത്തി വച്ചതു കാണാം - ദേവി പാർവതിയുടെ മടിയിൽ ഇരിക്കുന്ന ഗണപതി എന്ന സങ്കൽപ്പത്തിൽ കൊത്തിയുണ്ടാക്കിയതാണ്. ഇത് ഒരു ഒറ്റക്കൽ വിഗ്രഹമാണ്.
മാതംഗ മല - മാതംഗ മഹർഷി തപസ്സു ചെയ്തിരുന്നു എന്ന് വിശ്വസിക്കുന്ന മല. വിട്ടല ക്ഷേത്രത്തിന്റെ വലതു വശത്തുള്ള ഉയരം കൂടിയ മലയാണിത്. മഹർഷി പൂജിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന വീരഭദ്രനാണ് ഇവിടുത്തെ പ്രതിഷ്ഠ. 1000 വർഷങ്ങൾക്ക് മുകളിൽ പഴക്കമുണ്ടെന്ന് കരുതുന്നു. രാവിലെ 5 :30 മല കയറി വരുന്ന പൂജാരി സന്ധ്യാപൂജയും കഴിഞ്ഞാണ് മടങ്ങുന്നത്.

വിരൂപാക്ഷ ബസാർ അഥവാ വിരൂപാക്ഷ തെരുവ് - വിരൂപാക്ഷ ക്ഷേത്രത്തിന്റെയും വിട്ടല ക്ഷേത്രത്തിന്റെയും ഇടയിലായി നീണ്ടു കിടക്കുന്ന തെരുവാണിത്. രാജഭരണ കാലത്തു ആഭരണങ്ങളും മറ്റും വിറ്റിരുന്ന പ്രധാന തെരുവായിരുന്നു ഇത്.  കരിങ്കൽ തൂണുകളാൽ നിർമ്മിതമായ ആ പഴയ കടകൾ ഇന്നും ഇവിടെ കാണാം.

വിട്ടല ബസാർ അഥവാ വിട്ടല തെരുവ്  - വിട്ടല ക്ഷേത്രത്തിന്റെ പിന്ഭാഗത്തായി തുങ്കഭദ്ര നദിയുടെ കരയോട് ചേർന്ന് കിടക്കുന്ന വിശാലമായ തെരുവാണിത്. വിജയനഗരസാമ്രാജ്യകാലത്ത് ഉണ്ടായിരുന്ന പ്രധാനപ്പെട്ട 5 തെരുവകളിൽ ഒന്നാണിത് .
കടുക് ഗണപതി - രാജ്യത്തു കടുക് വിൽക്കാൻ വന്ന വ്യാപാരി സമർപ്പിച്ചതെന്നു കരുതപ്പെടുന്ന, ഒറ്റക്കല്ലിൽ കൊത്തിയുണ്ടാക്കിയ ഗണപതി വിഗ്രഹം.

ഇരുനില കെട്ടിടം - വിജയനഗരകാലത്തെ നിർമ്മാണ വൈദഗ്ധ്യത്തെ വെളിപ്പെടുത്തുന്ന സ്മാരകം. 
ജലകണ്ഠൻ അഥവാ ത്രിക്കണ്ണേശ്വരൻ - ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ശിവലിംഗം. രാജ്യത്ത് ഭിക്ഷാടനം നടത്തിയ ഒരു വൃദ്ധ സമർപ്പിച്ചതെന്ന് പറയപ്പെടുന്നു .
വിരൂപാക്ഷക്ഷേത്രത്തിന്റെ ദൃശ്യം - കടുക് ഗണപതി സ്ഥിതി ചെയ്യുന്ന പാറയിൽ നിന്നുള്ള ഒരു കാഴ്ച. 
വിരൂപാക്ഷക്ഷേത്രത്തിന്റെ ഒരു വിദൂര ദൃശ്യം 

തുങ്കഭദ്ര അണക്കെട്ട് - അണക്കെട്ടിന് ചേർന്നുള്ള മലയുടെ മുകളിൽ നിന്നുള്ള കാഴ്ച - അരുണഭഗവാൻ അസ്തമിച്ചു പോകുന്ന സുന്ദരദൃശ്യം. താഴെ ഒരു വര പോലെ തുങ്കഭദ്ര അണക്കെട്ട് നീണ്ടു നിവർന്നു കിടക്കുന്നതു കാണാം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ