പേജുകള്‍‌

മുന്നറിയിപ്പ് - സിനിമ നിരൂപണം


           മുന്നറിയിപ്പ് കണ്ടു..ഒറ്റ വക്കിൽ പറഞ്ഞാൽ ഒരു നല്ല സിനിമ.വളരെ നാളുകൾക്കു ശേഷം ഒരു നല്ല സിനിമ കാണാൻ പറ്റി എന്നതിന് സംവിധായകനോടും തിരക്കഥകൃത്തിനോടും ആദ്യമേ നന്ദി പറയുന്നു.കഴിഞ്ഞ കുറച്ചു കാലങ്ങളായി കാമ്പില്ലാത്ത സിനിമയിൽ അഭിനയിച്ചു ജനങ്ങളുടെ ക്ഷമ പരീക്ഷിച്ചതിനു മമ്മൂട്ടിയുടെ ശക്തമായ പ്രായശ്ചിത്തം.
         ഒരു ചെറിയ ലളിതമായ കഥ കൊണ്ട് പ്രേക്ഷകരെ എങ്ങിനെ പിടിച്ചിരുത്താൻ കഴിയും എന്ന് കാണിച്ചു തരുന്നുണ്ട് ഈ സിനിമ.ഓരോ ഫ്രെയ്മിലും സംവിധായകന്റെയും തിരക്കഥകൃത്തിന്റെയും കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. പശ്ചാത്തല സംഗീതമാണ് എടുത്തു പറയേണ്ട മറ്റൊരു മേഖല. സന്ദർഭത്തിനു ചേര്ന്ന സംഗീതം ഒരുക്കുന്നതിൽ ബിജിബാൽ 100% വിജയിച്ചു എന്ന് നിസ്സംശയം പറയാം. അഭിനേതാക്കൾ എല്ലാവരും തങ്ങളുടെ വേഷം മികച്ചതാക്കി.
        പക്ഷെ എല്ലാത്തിലും ഉപരിയാണ് C K രാഘവൻ അഥവാ മമ്മൂട്ടി. മമ്മൂട്ടി എന്ന നടന്റെ പകർന്നാട്ടം അത്ഭുതത്തോടെയല്ലാതെ കണ്ടിരിക്കാൻ കഴിയില്ല. കഥാപാത്രത്തോട് അത്രയ്ക്ക് ഇഴുകിചെർന്നിട്ടുണ്ട്‌ അദ്ദേഹം. കഥാപാത്രത്തെ തന്നിലേക്ക് അവേശിക്കുന്നതിനു പകരം കഥാപാത്രത്തിന്റെ ഉള്ളിലേക്ക് കയറിച്ചെന്നു മമ്മൂട്ടി എന്ന വ്യക്തിയെ അല്ലെങ്കിൽ നടനെ മായ്ച്ചു കളയുന്നു, പകരം പ്രേക്ഷകന് കാണാൻ കഴിയുന്നത്‌   C K രാഘവൻ എന്ന കൊലയാളിയെ മാത്രം. ക്ലൈമാക്സ്‌ രംഗത്തിൽ അഞ്ജലിയെ നോക്കി ചിരിക്കുന്ന രാഘവന്റെ ചിരി മാത്രം മതി ഈ നടന്റെ അഭിനയപ്രതിഭ എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ.പകർന്നാട്ടത്തിന്റെ (method acting) പൂർണ്ണത പ്രേക്ഷകന് ഇവിടെ ദർശിക്കാൻ കഴിയും.നന്ദി സംവിധായകൻ വേണുവിനും, തിരക്കഥാകൃത്ത്‌ ഉണ്ണിക്കും, പിന്നെ ഈ സിനിമ നിര്മ്മിക്കാൻ ചങ്കൂറ്റം കാണിച്ച സംവിധയകാൻ രഞ്ജിത്തിനും എല്ലാത്തിനും ഉപരി സിനിമ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷക മനസ്സിൽ മായാതെ ഒരു നൊമ്പരമായി അല്ലെങ്കിൽ ഒരു ചോദ്യമായി നിറഞ്ഞു നില്ക്കുന്ന രാഘവനും...

കുഞ്ഞു ഉറങ്ങുകയാണ്‌...          "ഉറങ്ങിയോ..?" അയാൾ പതുക്കെ അവളെ തട്ടിവിളിച്ചു.ശബ്ദമുണ്ടാക്കരുത് എന്നവൾ ആഗ്യം കാണിച്ചു. എന്നിട്ട് പതുക്കെ തന്റെ മാറിൽ ചേർന്ന് കിടക്കുന്ന കുഞ്ഞിനെ മാറ്റി കിടത്തി ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു. അയാൾ അക്ഷമയോടെ കാത്തു നില്ക്കുകയായിരുന്നു. അവർ പതുക്കെ മുറിയിൽ നിന്ന് പുറത്തിറങ്ങി. കുഞ്ഞു ഉണരാതിരിക്കാൻ വളരെ ശ്രദ്ധിച്ചാണ് അവർ നടന്നത്. കിടപ്പു-    മുറിയുടെ വാതിൽ പതുക്കെ ചാരി, ഇരുട്ടത്ത്‌ തപ്പി തടഞ്ഞു അടുക്കളയിലേക്ക്  പോയി. ചുമരിലെവിടെയോ തപ്പി അവൾ അടുക്കളയിലെ ലൈറ്റ് ഇട്ടു.പെട്ടെന്ന് കുഞ്ഞിന്റെ അനക്കം കേട്ടത് പോലെ ഒരു നിമിഷം ചെവി കൂർപ്പിച്ചിരുന്നു രണ്ടു പേരും.പിന്നെ അനക്കമൊന്നും കേൾക്കാതായപ്പോൾ കുഞ്ഞു നല്ല ഉറക്കത്തിലാണ് എന്നവർ ഉറപ്പിച്ചു. അവൻ ആശ്വാസത്തോടെ അവളെ  നോക്കി. അവളാകട്ടെ അവനെ നോക്കി കുസൃതിയോടെ ചിരിച്ചു, എന്നിട്ട് പതുക്കെ ഫ്രിഡ്ജ്‌ തുറന്നു.
    ഇപ്പോഴും  അവർ ഐസ് ക്രീം കഴിച്ചുകൊണ്ടിരിക്കുകയാണ്‌. കുഞ്ഞാകട്ടെ ഉറങ്ങുകയാണ്, ഒന്നും അറിയാതെ.

അമേരിക്കൻ ജീവിതം

ആയിരക്കണക്കിന് മൈലുകൾക്കപ്പുറത്തു തികച്ചും അപരിചിതമായ ഒരു നാട്ടിൽ ഉറ്റവരെയും ഉടയവരെയും കാണാതെ കഴിയേണ്ടി വരുമ്പോൾ ഞാൻ മനസിലാക്കുന്നു പ്രവാസി എന്നാൽ എന്താണെന്നും അവന്റെ നഷ്ടങ്ങളും വേദനകളും എന്തൊക്കെയെന്നും...

                                                                              *****
ഹോളിവുഡ് സിനിമകളിൽ കാണുന്നത് പോലുള്ള അംബരചുംബികളായ കെട്ടിടങ്ങളോ വിമാനങ്ങളുടെ ഇരംബലോ, ചീറിപ്പായുന്ന വാഹനങ്ങളോ ഇല്ല.പകരം ചെറിയ ചെറിയ കെട്ടിടങ്ങൾ, വൃത്തിയേറിയ റോഡുകളും പരിസരങ്ങളും.. നിയമങ്ങളൊക്കെ പാലിച്ച് ശ്രദ്ധയോടെ ഇടതടവില്ലാതെ കടന്നു പോകുന്ന വാഹനങ്ങൾ..നിറയെ വന്മരങ്ങൾ..അവയൊക്കെ ശിശിരകാലത്തിന്റെ സ്മരണകളുമായി ഇലകൊഴിഞ്ഞു നില്ക്കുകയാണ്..എന്നാൽ ചെറു മരങ്ങൾ വസന്തകാലത്തിന്റെ വരവ് 
അറിയിക്കാനെന്നവണ്ണം തളിർത്ത്‌ തുടങ്ങിയിരിക്കുന്നു..വാഹനങ്ങളുടെ നിർത്താതെയുള്ള ശബ്ദങ്ങളോ ആൾക്കാരുടെ കലഹങ്ങലോ ബഹളങ്ങളോ ഒന്നുമില്ലാത്ത ശാന്തസുന്ദരമായ സ്ഥലം... ഇടയ്ക്ക് ഒരു ചാറ്റൽ മഴ..അല്ലെങ്കിൽ പിൻവാങ്ങാൻ തുടങ്ങിയ തണുപ്പിന്റെ അപ്രതീക്ഷിതമായ വരവ്..ചിലപ്പോൾ പാലൊളി തൂകുന്ന സൂര്യരശ്മികൾ..അങ്ങനെ ദിനംപ്രതി മാറി വരുന്ന അമേരിക്കയിലെ ജീവിതം ഞാൻ നോക്കി കാണുകയാണ്...കണ്ടു പഠിക്കുകയാണ്..