പേജുകള്‍‌

തുള്ളൽ കലയുടെ പെരുംതച്ചൻ


യക്ഷഗാനങ്ങളുടെയും തെയ്യങ്ങളുടെയും നൃത്തച്ചുവടുകൾ നിറയുന്ന, കോൽക്കളിയുടെയും പൂരക്കളിയുടെയും താളം മുഴങ്ങുന്ന, ഒപ്പനയുടെ ശീലുകൾ ഉതിരുന്ന, മാപ്പിളപ്പാട്ടിന്റെ ഇശലുകൾ പൊഴിയുന്ന തുളുനാടൻ മണ്ണ് അഥവാ കേരളത്തിന്റെ വടക്കേയറ്റം. പുഴകളാലും മലകളാലും സമൃദ്ധമായ, സപ്തഭാഷസംഗമ ഭൂമിയായ ഈ കാസർഗോഡ് ജില്ലയുടെ തെക്കു ഭാഗത്തായി വേനലിലും നിറഞ്ഞൊഴുകുന്ന തേജസ്വിനി പുഴ. പുഴയുടെ തീരത്തുനിന്നും അൽപ്പം അകന്ന് സ്ഥിതി ചെയ്യുന്ന പച്ച പുതച്ച വയലേലകൾ നിറഞ്ഞ, മനോഹരമായ കുട്ടമത്ത് എന്ന കൊച്ചുഗ്രാമം. തേജസ്വിനിയിലെ കുഞ്ഞോളങ്ങൾ ഉതിർക്കുന്ന നാദം ഇവിടുത്തെ ജനതയുടെ ആത്മാവിൽ കവിതയായി. ഒഴുക്കിന്റെ ഈണം മനസ്സിൽ സംഗീതമായി. അതിന്റെ താളത്തിൽ അവർ നൃത്തമാടി. സുന്ദരിയായ പ്രകൃതിയുടെ മനോഹാരിതയിൽ ലയിച്ചു ഒട്ടനവധി കവികളും കലാകാരന്മാരും ജ്യോത്സ്യന്മാരും സംസ്‌കൃത പണ്ഡിതന്മാരും ആ നാട്ടിൽ നിന്നും ജന്മമെടുത്തു. യൗവ്വനാരംഭത്തിൽ തന്നെ 'കാളിയമർദ്ദനം' എന്ന സംഗീതനാടകം രചിച്ച്, 'മഹാകവി കുട്ടമത്താ'യി ചരിത്രത്തിലേക്ക് നടന്നു കയറിയ കുന്നിയൂർ വീട്ടിലെ കുഞ്ഞിക്കൃഷ്ണക്കുറുപ്പ് അതിലൊരാൾ മാത്രം. 

കുട്ടമത്ത് ഗ്രാമത്തിലെ ഒരു സാധാരണ കർഷക  കുടുംബത്തിൽ ജനിച്ച വള്ളിയോടൻ രാമൻ നായർ, കലക്കത്ത് കുഞ്ചൻ നമ്പ്യാർ ജന്മമേകിയ തുള്ളൽ എന്ന കലയെ വെള്ളവും വളവുമേകി വളർത്തി തുള്ളൽ കലയുടെ വളർത്തച്ഛനായ 'മലബാർ രാമൻ നായർ' ആയി ചരിത്രത്തിൽ ഇടം പിടിച്ചു. തുള്ളലെന്ന കലയെ നെഞ്ചോട് ചേർത്ത് നടന്ന നിരവധി കലാകാരന്മാർക്ക് പിന്നേയും ജന്മമേകി കുട്ടമത്ത് ഗ്രാമം കാലം തന്നിലേൽപ്പിച്ച കർമ്മത്തിനോട് നീതി പുലർത്തി. തുള്ളൽ കലയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മലബാർ രാമൻ നായരുടെ കുടുംബത്തിൽ നിന്നും ആ പാരമ്പര്യത്തിന്റെ തിളക്കവുമായി ഒരാൾ കൂടി കലാകേരളത്തിന്റെ ഉച്ചിയിലേക്കു നടന്നുകയറി. രാമൻ നായരുടെ അനുജൻ വള്ളിയോടൻ കുഞ്ഞമ്പു നായരുടെയും പറമ്പത്ത് വീട്ടിൽ മാക്കമ്മയുടേയും പുത്രനായ പ്രഭാകരനായിരുന്നു അത്. വാക്കിലും ശ്വാസത്തിലും തുള്ളലിനെ നിറച്ച പറമ്പത്ത് വീട്ടിൽ പ്രഭാകരൻ, കലാമണ്ഡലം പ്രഭാകരനായി ഇന്ത്യക്കകത്തും പുറത്തുമായി ഏറെ പ്രശസ്തിയും പദവികളും എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങളും നേടി. വിദഗ്ദനായ ഒരു ശില്പിയുടെ ചാതുര്യത്തോടെ അഴകളവുകൾ ചെത്തിമിനുക്കുകയും 'തുള്ളൽ ത്രയ'വും 'കുഞ്ചൻ സംഗീത സായാഹ്‌ന'വും പോലുള്ള പരീക്ഷണങ്ങൾ നടത്തി തുള്ളൽ കലയേയും സംഗീതത്തെയും കൂടുതൽ മിഴിവുറ്റതാക്കുകയും സാധാരണക്കാരുടെ ഇടയിൽ കൂടുതൽ ജനകീയമാക്കുകയും ചെയ്തു. അയിത്തം കൽപ്പിച്ച് മാറ്റി നിർത്തിയിരുന്ന പറയൻ തുള്ളലിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാനും അദ്ദേഹം ജനങ്ങളെ ശീലിപ്പിച്ചു. അതുകൊണ്ടു തന്നെയായിരിക്കാം, രാജ്യ ശാസനപ്രകാരം കുഞ്ചൻ നമ്പ്യാരെ പടിയിറക്കിയ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ രണ്ടര നൂറ്റാണ്ടിനുശേഷം തുള്ളൽ അവതരിപ്പിക്കാൻ കേരള സാംസ്‌കാരിക വകുപ്പും ദേവസ്വം ബോർഡും തീരുമാനിച്ചപ്പോൾ തുള്ളൽ അവതരിപ്പിക്കാൻ കലാമണ്ഡലം പ്രഭാകരനെ ക്ഷണിച്ചത്. കുഞ്ചൻ നമ്പ്യാർ ആദ്യം അവതരിപ്പിച്ചു എന്ന് പറയപ്പെടുന്ന ശീതങ്കൻ തുള്ളൽ അവതരിപ്പിച്ചു കൊണ്ട് തന്നെ ആ ചരിത്ര സംഭവം അദ്ദേഹം അവിസ്മരണീയമാക്കി. 

ഈ കഴിഞ്ഞ ഒക്ടോബർ 21 നു എഴുപഞ്ചാമാണ്ടിന്റെ നിറവിലെത്തിയ അദ്ദേഹം കോവിഡ് കാലത്തും തുള്ളൽ കലയെ പരിപോഷിപ്പിക്കാനായി അക്ഷീണം പരിശ്രമിക്കുകയാണ്. ഒപ്പം കുഞ്ചൻ നമ്പ്യാരെയും തുള്ളൽ കലയിലെ അറിയപ്പെടുന്നതും അല്ലാത്തതുമായ മണ്മറഞ്ഞ മഹാരഥന്മാരെയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള തയ്യാറെടുപ്പിലുമാണ്. എറണാകുളം കലൂരിലുള്ള 'സൗഗന്ധികം' എന്ന വീട്ടിലിരുന്നുകൊണ്ട് കൊണ്ട് ശ്രീ കലാമണ്ഡലം പ്രഭാകരൻ കുന്ദലഹള്ളി കേരള സമാജത്തിനു വേണ്ടി തന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു:


1. തുള്ളൽ കലയാണ് തന്റെ ജീവിതവഴി എന്ന് തീരുമാനിച്ചത് എപ്പോഴായിരുന്നു, എന്തായിരുന്നു പ്രചോദനം?

***നീലേശ്വരം രാജാസ് ഹൈസ്കൂളിൽ പത്താം തരത്തിൽ പഠിക്കുമ്പോൾ ആറുരൂപ ഫീസ് അടക്കാൻ കഴിയാത്തതിനാൽ സ്കൂളിൽ നിന്നും പുറത്താക്കപ്പെടുകയും തുടർന്ന് വല്യച്ഛന്റെ നിർദ്ദേശപ്രകാരം കലാമണ്ഡലത്തിൽ തുള്ളൽ പഠിക്കാൻ ചേരുകയായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ തുള്ളൽ ചെറിയ രീതിയിൽ പഠിച്ചിരുന്നു, അതും ഒരു അനുഗ്രഹമായി. ഒരുപാട് കലാകാരൻമാർ നിറഞ്ഞ കലാമണ്ഡലത്തിലെ അന്തരീക്ഷം തികച്ചും വ്യത്യസ്തമായിരുന്നു. മഹാന്മാരായ ഒരുപാട് കലാകാരൻമാർ അവിടെ വരികയും അവരുടെ അനുഭവങ്ങൾ കേൾക്കുകയും ചെയ്തപ്പോൾ ആ കലാകാരന്മാരോടുള്ള ബഹുമാനം വർദ്ധിക്കുക മാത്രമല്ല തുള്ളൽ എന്ന കലയോടുള്ള ഇഷ്ടം കൂടുകയും ചെയ്തു. പ്രശസ്തരായ കലാകാരന്മാർക്ക് അന്ന് സമൂഹത്തിൽ ലഭിച്ചിരുന്ന ആദരവും അവർക്കുണ്ടായിരുന്നു നല്ല അനുഭവങ്ങളും എന്നെയും പ്രചോദിപ്പിക്കുകയും ഇനി തുള്ളൽ തന്നെയാണ് എന്റെ വഴി എന്ന് തീരുമാനിക്കുകയും ചെയ്തു.

2. മലബാർ രാമൻ നായരുടെ സഹോദരപുത്രൻ എന്ന വിശേഷണം കലാജീവിതത്തിൽ ഗുണകരമായിരുന്നോ അതോ ഭാരമായിരുന്നോ?

***എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും ഏറ്റവും അനുഗ്രഹമായിട്ടുള്ളതുമായ കാര്യങ്ങളിൽ ഒന്നാണ് മലബാർ രാമൻ നായരുടെ അനുജന്റെ പുത്രൻ എന്ന വിശേഷണം. തുള്ളൽക്കലയുടെ അച്ഛൻ കുഞ്ചൻ നമ്പ്യാർ ആണെങ്കിൽ വളർത്തച്ഛനാണ്‌ മലബാർ രാമൻ നായർ എന്ന് നിസ്സംശയം പറയാം. അങ്ങനെയുള്ള ഒരാളിന്റെ ബന്ധു അല്ലെങ്കിൽ സഹോദരപുത്രനാണ് കലാമണ്ഡലം പ്രഭാകരൻ എന്ന് പരിചയപ്പെടുത്തുമ്പോൾ കാണികളിൽ നിന്നും ലഭിച്ചിരുന്ന സ്നേഹം അളവില്ലാത്തതായിരുന്നു. സമൂഹത്തിന്റെ എല്ലാ കോണിൽ നിന്നും അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും എനിക്കും നിർലോഭം കിട്ടിയിരുന്നു എന്ന് നിസ്സംശയം പറയാൻ കഴിയും. 

3. തുള്ളൽ എന്ന് കേൾക്കുമ്പോൾ സാധാരണക്കാരന് പെട്ടെന്നോർമ്മ വരുന്നത് ഓട്ടൻ തുള്ളൽ ആണ്. അപ്പോൾ മൂന്നു തുള്ളലുകളെയും സമന്വയിപ്പിച്ച് 'തുള്ളൽ ത്രയം' എന്ന ആശയത്തിലേക്ക് എത്തിയപ്പോൾ മുന്നിലുണ്ടായിരുന്ന വെല്ലുവിളികൾ എന്തൊക്കെയായിരുന്നു? 'തുള്ളൽ ത്രയം' അവതരിപ്പിച്ചപ്പോൾ ലഭിച്ച പ്രതികരണങ്ങൾ എന്തായിരുന്നു?

***ഇത് കുറച്ചു വിശദമായി പറയേണ്ട സംഗതിയാണ്. സാധാരണ തുള്ളൽ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്കോടിയെത്തുക ഒരാൾ ഒറ്റയ്ക്ക് പാടി അഭിനയിച്ചു കാണിക്കേണ്ട ഒരു കലാരൂപം എന്നതാണ്. കുഞ്ചൻ നമ്പ്യാർ വിഭാവനം ചെയ്തതും അങ്ങനെത്തന്നെയാണ്. പുരാണകഥകളിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന തിന്മകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുക എന്നൊരു ധർമ്മം കൂടി നമ്പ്യാർ ഇതിൽ ഉദ്ദേശിച്ചിട്ടുണ്ട്. 'തുള്ളൽ ത്രയം' എന്നത് ഇതിൽ നിന്നെല്ലാം വേറിട്ട ഒരു സമ്പ്രദായമാണ്. ഒരുപാട് കാലം മനസ്സിൽ കൊണ്ടുനടന്ന ഒരാശയം കൂടിയായിരുന്നു അത്. അതിന് കാരണമായത് ആളുകൾക്ക് തുള്ളലുകളെപ്പറ്റി കൃത്യമായി ഒരു ധാരണയില്ല എന്ന് മനസ്സിലായതാണ്. പ്രത്യേകിച്ച് സ്കൂൾ കുട്ടികൾ തുള്ളലിനെ പറ്റി പഠിക്കുമ്പോൾ ഓട്ടൻ തുള്ളലിന്റെ ചിത്രം മാത്രമേ കൃത്യമായി പുസ്തകങ്ങളിൽ കാണുന്നുള്ളൂ. ബാക്കി രണ്ടു തുള്ളലിനെപ്പറ്റി കാര്യമായൊരു വിവരവും അവർക്കു കിട്ടുന്നില്ല. അദ്ധ്യാപകർക്കും കൃത്യമായൊരു ധാരണയുണ്ടായിരുന്നില്ല. ആളുകൾ കൂടുതൽ കണ്ടിരുന്നതും ഓട്ടൻ തുള്ളലാണ്, പിന്നെ അപൂർവ്വമായി ശീതങ്കനും. ഇരുപതോളം വർഷങ്ങൾക്ക് മുൻപുള്ള കാര്യമാണ് ഞാൻ പറയുന്നത്. പറയൻ തുള്ളൽ അക്കാലത്ത് കേരളത്തിൽ എവിടെയെങ്കിലും അവതരിപ്പിക്കപ്പെട്ടിരുന്നോ എന്ന് തന്നെ സംശയമാണ് (തീരെയുണ്ടായിരുന്നില്ല എന്ന് പറയുന്നില്ല പക്ഷെ അങ്ങനെ പറഞ്ഞു കേട്ടിരുന്നില്ല). അങ്ങനെ പറയൻ തുള്ളൽ അറിയാമായിരുന്ന ഒരാശാന്റെ കീഴിൽ നിന്നും അത് പഠിച്ചെടുത്ത് കേരളത്തിൽ അവതരിപ്പിക്കാൻ ശ്രമം തുടങ്ങി. പക്ഷെ പല അമ്പലക്കമ്മിറ്റിക്കാരും പറയൻ തുള്ളലിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നതാണ് അനുഭവം (ചിലപ്പോൾ പേരിലുള്ള അയിത്തമായിരിക്കാം കാരണം). അങ്ങനെ പറയൻ അവതരിപ്പിക്കാൻ വേദി കിട്ടുന്നില്ല എന്നവസ്ഥ വന്നപ്പോഴാണ് തുള്ളൽ ത്രയം എന്നൊരു സമ്പ്രദായത്തെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്. കൂടാതെ കുട്ടികൾക്ക് അവബോധം ഉണ്ടാക്കുക, ജനങ്ങൾക്ക് അവബോധം ഉണ്ടാക്കുക എന്നതും ആവശ്യമായി തോന്നി. പക്ഷെ വേഷത്തിലും പാട്ടിലും അവതരണത്തിലും ഒക്കെ വ്യത്യാസമുള്ള ഈ മുന്ന് തുള്ളലുകളും മൂന്ന് ദിവസങ്ങളായി അവതരിപ്പിച്ചാലും ആൾക്കാർക്ക് കൃത്യമായി മനസ്സിലാവില്ല എന്ന് തോന്നി. മാത്രവുമല്ല അതിനു പ്രായോഗികമായ ബുദ്ധിമുട്ടുമുണ്ട്. അങ്ങനെയാണ് മൂന്നു തുള്ളലുകളും ഒരു വേദിയിൽ ഒരുമിച്ച് വരുന്നതിനെപ്പറ്റി ചിന്തിച്ചത്. മൂന്നും ഒരുമിച്ച് കാണുമ്പോൾ അവ തമ്മിലുള്ള വേഷത്തിലെ വ്യത്യാസം, താളത്തിലും നൃത്തത്തിലുമുള്ള വ്യത്യാസം ഒക്കെ പറഞ്ഞു കൊടുക്കാൻ എളുപ്പമാവുമെന്നു തോന്നി. അങ്ങനെയാണ് മൂന്ന് വേഷങ്ങളും സമന്വയിപ്പിച്ച് കല്യാണസൗഗന്ധികം അവതരിപ്പിച്ചത്. ഭീമനായി ഓട്ടൻ തുള്ളൽക്കാരൻ, ഹനുമാനായി ശീതങ്കൻ, ഒടുവിൽ പാഞ്ചാലിയായി പറയൻ വേഷവും വരുന്നു. മൂന്നുപേരും ഒരു കഥയിൽ വന്നപ്പോൾ നാടകം പോലെ കാണികൾക്ക് അതാസ്വദിക്കാൻ പറ്റി. മൂന്ന് കഥാപാത്രങ്ങളും പാടി അഭിനയിച്ചപ്പോൾ അത് കാണികളെ വല്ലാതെ ആകർഷിച്ചു. അങ്ങനെ 'തുള്ളൽ ത്രയം' വലിയ വിജയമായി. എനിക്കുണ്ടായ ഒരു ഗുണമെന്നോ സൗകര്യമെന്നോ പറയാവുന്നത്, എന്റെ രണ്ടു മക്കളും തുള്ളൽ രംഗത്തുണ്ടെന്നതായിരുന്നു. മൂത്ത മകൻ പ്രവീൺ ഭീമനായും ഞാൻ ശീതങ്കൻ വേഷത്തിലും മകൾ പ്രവീണ പറയൻ തുള്ളൽ വേഷത്തിൽ പാഞ്ചാലിയായും രംഗത്തെത്തി. അച്ഛനും മക്കളും ഒരേ വേദിയിൽ എന്നത് തന്നെ ആളുകൾക്കും മാദ്ധ്യമങ്ങൾക്കുമൊക്കെ ഒരു വലിയ കൗതുകമായിരുന്നു. തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിൽ സൂര്യ കൃഷ്ണമൂർത്തിയാണ് അതുദ്ഘാടനം ചെയ്തത്, 2003 ൽ. അതിനുശേഷം ഞാനും മക്കളും ചേർന്ന് ഏതാണ്ട് അഞ്ഞൂറിലേറെ വേദികളിൽ അതവതരിപ്പിച്ചു കഴിഞ്ഞു. മാത്രമല്ല, എല്ലാ തുള്ളൽ സംഘങ്ങളും ഈ തുള്ളൽ ത്രയം ഇപ്പോൾ അവതരിപ്പിക്കുന്നുമുണ്ട്. ടെലിവിഷൻ ചാനലുകളിലൂടെയും CDയായുമൊക്കെ ഞങ്ങളുടെ തുള്ളൽ ത്രയം ഇറങ്ങിയപ്പോൾ അതിനു ജനങ്ങളുടെയിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ഇപ്പോൾ കല്യാണസൗഗന്ധികം മാത്രമല്ല മറ്റു കഥകളും തുള്ളൽ ത്രയം രൂപത്തിൽ പലരും അവതരിപ്പിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. അതുതന്നെ എന്റെ വലിയ ഒരു വിജയമായും അനുഗ്രഹമായും ഞാൻ കാണുന്നു.

ഇതിനു എതിർപ്പുണ്ടായിരുന്നോ എന്ന് ചോദിച്ചാൽ തീർച്ചയായും പാരമ്പര്യവാദികൾ എന്ന് പറയപ്പെടുന്നവർ തുള്ളലിനെ നാടകമാക്കി മാറ്റിയെന്നൊക്കെ ആദ്യകാലത്ത് എന്നെ വിമർശിച്ചിരുന്നു. വ്യത്യസ്തങ്ങളായ മൂന്ന് സമ്പ്രദായങ്ങൾ ഒരുമിച്ചു ചേർക്കുന്നത് നല്ലൊരു കീഴ്വഴക്കമല്ലായെന്നൊക്കെ പറഞ്ഞു എതിർത്തെങ്കിലും ജനങ്ങളുടെയിടയിൽ ഈ തുള്ളൽ ത്രയത്തിനു കിട്ടിയ സ്വീകാര്യത അവരെ മാറ്റിച്ചിന്തിപ്പിക്കുകയും ഈ പുതിയ തുള്ളൽ സമ്പ്രദായത്തെ അംഗീകരിക്കുകയും ചെയ്തു എന്നതാണ് സത്യം. കാരണം തുള്ളൽ ത്രയത്തിന്റെ ലക്‌ഷ്യം നല്ലതായിരുന്നു, ആ സത്യം എല്ലാവരും മനസ്സിലാക്കി. കൂടാതെ പറയൻ തുള്ളൽ പറ്റില്ല എന്ന് പറഞ്ഞ സ്ഥലങ്ങളിലൊക്കെ, അവർ പോലുമറിയാതെ ഈ തുള്ളൽ ത്രയം വഴി ഞങ്ങൾ അതവതരിപ്പിക്കുകയും ചെയ്തു. ഇതുവഴി ഇന്ത്യ മുഴുവൻ പറയൻ തുള്ളൽ അവതരിപ്പിക്കാനും പ്രചാരം നൽകാനും കഴിഞ്ഞു. പറയൻ തുള്ളലാണ് എനിക്ക് കൂടുതൽ സ്വീകാര്യത നൽകിയത്. ഇന്ത്യയിൽ മാത്രമല്ല വിദേശങ്ങളിൽ പോലും പറയൻ തുള്ളൽ അവതരിപ്പിച്ച് വിജയിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരുപക്ഷെ എനിക്ക് തോന്നുന്നു, ഈ തുള്ളൽ  ത്രയത്തിനുശേഷമാണ് ഭരതനാട്യവും കുച്ചിപ്പുടിയും മോഹിനിയാട്ടവും സമന്വയിപ്പിച്ച് അവതരിപ്പിക്കാൻ തുടങ്ങിയത്. കൂടാതെ ചെണ്ടയും  വയലിനും ഫ്ലൂട്ടും അതുപോലെ മറ്റു സംഗീതോപകരണങ്ങൾ ചേർന്നുള്ള ഫ്യൂഷൻ പരിപാടികൾ രംഗത്തെത്തിയതും തുള്ളൽ ത്രയത്തിന്റെ വിജയത്തിനുശേഷമാണ് എന്നതും കാണേണ്ടതാണ്.

4. തുള്ളൽ കലാകാരനായും അദ്ധ്യാപകനായും ജോലി നോക്കിയിട്ടുണ്ട്, ഏതാണ് കൂടുതൽ സംതൃപ്തി തരുന്നത്, കല അവതരിപ്പിക്കുന്നതാണോ പഠിപ്പിക്കുന്നതാണോ?

***തീർച്ചയായും അദ്ധ്യാപനം തന്നെയാണ് എന്നെസംബന്ധിച്ചിടത്തോളം കൂടുതൽ സംതൃപ്തി നൽകുന്നത്. വേദികളിലോ അമ്പലങ്ങളിലോ ഒരു പരിപാടി അവതരിപ്പിച്ചാലും കാണികളിൽ നിന്നും ആവോളം പ്രശംസയും  സ്നേഹവും ഒക്കെ കിട്ടാറുണ്ടെങ്കിലും അത് താൽക്കാലികം മാത്രമാണ്. വേറൊരു പരിപാടി കാണുമ്പോൾ അവർ പഴയത് മറക്കും, പഴയ കലാകാരന്മാരെ മറക്കും. പക്ഷെ ഒരു കുട്ടിയെ പഠിപ്പിച്ചാൽ കിട്ടുന്ന സ്നേഹവും ബഹുമാനവും അത് ജീവിതത്തിൽ എന്നും നിലനിൽക്കും. നമ്മൾ പഠിപ്പിക്കുന്ന ശൈലി അവർ പല വേദികളിൽ അവതരിപ്പിക്കുമ്പോൾ, അതിന് സ്വീകാര്യത കിട്ടുമ്പോൾ ആദരിക്കപ്പെടുന്നത് ആ കലാകാരൻ മാത്രമല്ല അത് പകർന്നു നൽകിയ അദ്ധ്യാപകൻ കൂടിയാണ്. അതുകൊണ്ട് തന്നെ കല പഠിപ്പിക്കുന്നത് തന്നെയാണ് എനിക്കേറെ പ്രിയം.

5. ഒരുപാടു പുരസ്‌കാരങ്ങൾ അല്ലെങ്കിൽ അഭിനന്ദനങ്ങൾ ലഭിച്ചിട്ടുണ്ടല്ലോ അല്ലെ? ചിലത് ഫലകങ്ങളായി കിട്ടും പക്ഷെ മറ്റു ചിലത് വാക്കുകളായോ അല്ലെങ്കിൽ ഒരു പുഞ്ചിരിയായോ അനുഗ്രഹമായോ ഒക്കെയായിരിക്കും. അങ്ങനെ മനസ്സിൽ മായാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന ഏതെങ്കിലും പുരസ്കാരമോ സന്ദർഭമോ ഉണ്ടോ?

***ഇല്ല. കേരളത്തിൽ നിന്നും ഒരു കലാകാരന് കിട്ടാവുന്ന പുരസ്കാരങ്ങളെല്ലാം കിട്ടിയിട്ടുണ്ട്, കൂടാതെ മറ്റു രാജ്യങ്ങളിൽ നിന്നും വിലകൂടിയ സമ്മാനങ്ങൾ ഏറെ കിട്ടിയിട്ടുണ്ട്. എല്ലാം പുരസ്കാരങ്ങളും അതിന്റെ വലിപ്പ ചെറുപ്പം നോക്കാതെ ഒരേപോലെതന്നെയാണ് ഏറ്റുവാങ്ങിയതും ഹൃദയത്തിൽ സൂക്ഷിച്ചിട്ടുള്ളതും. ഒരു കലാകാരൻ തനിക്കു കിട്ടുന്ന പുരസ്‌കാരം അത് എന്തുതന്നെയായാലും വേദിയിൽ വെച്ച് കിട്ടുമ്പോൾ എന്നും സന്തോഷത്തോടെ മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

6. കേരളത്തിനകത്തും പുറത്തുമായി പതിനായിരത്തിലധികം വേദികൾ, ഒരുപാടു പുരസ്‌കാരങ്ങൾ..തിരിഞ്ഞു നോക്കുമ്പോൾ എത്രമാത്രം സംതൃപ്തനാണ്? 

***അർഹിച്ചതിൽ കൂടുതൽ അംഗീകാരം കിട്ടിയെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിനാൽ തന്നെ എല്ലാ അർത്ഥത്തിലും എന്റെ ഈ ജീവിതത്തിൽ ഞാൻ പൂർണ്ണ തൃപ്തനാണ്.

7. നമ്മുടെ സംസ്കാരത്തോടും കലകളോടുള്ള മലയാളികളുടെ താല്പര്യം കുറഞ്ഞുവരുന്ന കാലമാണിത്. സംഗീതത്തോടുള്ള ഇഷ്ടം പോലും ആകെ  മാറിക്കൊണ്ടിരിക്കുന്നു എന്നോ പാരമ്പര്യവീഥിയിൽ നിന്നും മാറിനടക്കാൻ തുടങ്ങിയിരിക്കുന്നു എന്നൊക്കെ പറയാവുന്ന ഈ കാലത്ത് തുള്ളൽ കലയുടെ ഭാവി എന്തായിരിക്കും?

***പഴയകാലത്തെ അപേക്ഷിച്ചു വിദ്യാഭ്യാസവും കഴിവും ഉള്ള ഒരുപാട് ചെറുപ്പക്കാർ ഇപ്പോൾ തുള്ളൽ പഠിക്കാനായി വരുന്നുണ്ട്. അത് മുൻകാലങ്ങളിൽ ചിലരെങ്കിലും ചെയ്തത് പോലെ വെറും ഉപജീവനത്തിനല്ല മറിച്ചു കലയോടുള്ള താല്പര്യം കൊണ്ട് മാത്രമാണ്. ഗോഷ്ടികൾ കാണിച്ച് കാണികളെ ചിരിപ്പിക്കുകയാണ് തുള്ളൽക്കാരന്റെ ധർമ്മം എന്ന് വിശ്വസിച്ചിരുന്ന ചുരുക്കം ചില കലാകാരൻമാർ ഈ കലയ്ക്ക് ഇത്തിരി മങ്ങൽ ഏൽപ്പിച്ചിരുന്നെങ്കിലും ഇന്ന് ആ അവസ്ഥ മാറി. കലാമണ്ഡലത്തിൽ തന്നെ തുള്ളലിൽ ബിരുദാനന്തരബിരുദം പഠിക്കാനും ഗവേഷണം നടത്താനും നിരവധി ചെറുപ്പക്കാർ വരുന്നുണ്ട്. അതുകൊണ്ടുതന്നെ കലക്കത്ത് കുഞ്ചൻ നമ്പ്യാരുടെ ഈ തുള്ളൽ കല ഒരിക്കലും അസ്തമിക്കുകയില്ല എന്ന് മാത്രമല്ല അതിനു നല്ലൊരു ഭാവിയുണ്ടെന്നു കൂടി നിഷ്പ്രയാസം പറയാൻ പറ്റും.

8. ഏറെ പ്രശംസകൾ നേടിത്തന്ന അല്ലെങ്കിൽ മനസ്സിന് ഏറ്റവും ഇഷ്ടപ്പെട്ട കഥയോ കഥാസന്ദർഭമോ വല്ലതും ഓർത്തെടുത്തു പറയാൻ കഴിയുമോ?

***ഏറെ പ്രശംസ നേടിത്തന്ന കഥകൾ കുറേയുണ്ട്, എങ്കിലും പ്രധാനമായും കല്യാണസൗഗന്ധികം, കിരാതം, സന്താനഗോപാലം, പുളുന്തി മോക്ഷം എന്നിവയാണ്. അഭിനയപ്രാധാന്യം കുറച്ചേറെയുള്ളതിനാൽ കാണികളെ കൂടുതൽ രസിപ്പിക്കാനായി വിദേശങ്ങളിൽ കൂടുതലും അവതരിപ്പിച്ചിട്ടുള്ളത് കിരാതവും കല്യാണസൗഗന്ധികവുമാണ്. പുളുന്തി മോക്ഷവും വിദേശത്ത് അവതരിപ്പിച്ച് ഫലിപ്പിച്ചിട്ടുണ്ട്. ഭകതിരസമേറെയുള്ള പറയൻ തുള്ളലാണ് പുളുന്തിമോക്ഷം. പറയൻ തുള്ളലിൽ എനിക്ക് വ്യക്തിപരമായേറെ പേരും പ്രശംസയും നേടിത്തന്ന കഥയാണിത്. എന്റെ മാസ്റ്റർപീസ് എന്ന് പറയാവുന്നത് കല്യാണസൗഗന്ധികമാണ്. എല്ലാത്തരം കാണികളെയും ഒരുപോലെ രസിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അഞ്ചുമിനിറ്റ് കണ്ടിട്ട് പോകും എന്ന് പറഞ്ഞ പല പ്രശസ്‌തരേയും കഥ മുഴുവൻ തീരുന്നതുവരെ പിടിച്ചിരുത്താൻ എനിക്ക് കല്യാണസൗഗന്ധികത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. മാത്രവുമല്ല ചിലർ ഉപഹാരം തന്നിട്ടുമുണ്ട്. അങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ട്. മുൻമുഖ്യമന്ത്രിമാരായ അച്യുതാനന്ദൻ, ഇ കെ നായനാർ മുതലായവരൊക്കെ അങ്ങനെ തുള്ളൽ കണ്ട് ഉപഹാരങ്ങൾ തന്നിട്ടുണ്ട്. കൂടാതെ സാംസ്കാരികരംഗത്തെ പ്രശസ്തരായ വ്യക്തികളിൽ നിന്നും ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ ഒരു പരിപാടി കണ്ട് എഴുത്തുകാരൻ സി രാധാകൃഷ്ണൻ സർ എന്നെ ഫോൺ വിളിച്ച് അഭിനന്ദിച്ചതൊക്കെ മറക്കാൻ പറ്റാത്ത അനുഭവമാണ്. വിദേശരാജ്യങ്ങളിലൊക്കെ ഭാഷയറിയാത്തവർ കൂടി കഥ പറഞ്ഞുകൊടുത്തപ്പോൾ പരിപാടി കണ്ടിഷ്ടപ്പെട്ട അനുഭവങ്ങളൊക്കെ ഒരുപാടുണ്ട്. എല്ലാംകൂടി പറഞ്ഞാൽ സ്ഥലം തികയാതെ വരും.

9. കുഞ്ചൻ നമ്പ്യാർ തുളളിലൂടെ അന്നത്തെ രാഷ്ട്രീയസാമൂഹിക അവസ്ഥകളെ കളിയാക്കിയത് പോലെ അങ്ങു ഇന്നത്തെ അവസ്ഥകളെ കളിയാക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിന് കിട്ടിയ പ്രതികരണം എന്തായിരുന്നു?

***ഇന്നത്തെ സമൂഹത്തിലെ തിന്മകളെ പറ്റിയും പറയാൻ നമ്പ്യാരുടെ വരികൾ തന്നെ ധാരാളമാണ്. രാഷ്ട്രീയചായ്‌വോടെ ചില തുളളൽ വരികൾ വേറെ ചിലർ എഴുതിയിട്ടുണ്ടെങ്കിലും അതൊന്നും ഞാൻ ഇപ്പോൾ പരാമർശിക്കുന്നില്ല. ഇന്നത്തെ വ്യവസ്ഥകളെ ചോദ്യം ചെയ്യാൻ നമ്പ്യാരുടെ വരികൾ ഉപയോഗിച്ചുകൊണ്ട് തന്നെ കഴിയും. മുന്നൂറു വർഷങ്ങൾക്ക് മുൻപെഴുതിയ വരികളെല്ലാം കാലികപ്രസക്തമാണ്. ചില ഉദാഹരണങ്ങൾ മാത്രം പറയാം..

"കിട്ടും പണമിങ്കിലിപ്പോൾ മനുഷ്യർക്ക് 

ദുഷ്ടത കാട്ടുവാൻ ഒട്ടും മടിയില്ല" 


"കനകം മൂലം കാമിനി മൂലം 

കലഹം പലവിധമുലകിൽ സുലഭം" 


"മാനിനിമാരിൽ ഭ്രമിക്കും പുരുഷന് 

മാനക്ഷയം വന്നു ചേരുന്നതില്ലയോ"


"തനയൻ ജനകനെ വഞ്ചന ചെയ്യും 

ജനകൻ തനയനെ വധവും കൂട്ടും 

അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊല്ലും 

മാനുജന്മാരുടെ മാർഗ്ഗമിതല്ലോ"

ഇതൊക്കെ ഏതു കാലത്തും ഉപയോഗിക്കാൻ പറ്റുന്ന വരികൾ ആയതിനാൽ പുതിയതായി ഒന്നും ഉണ്ടാക്കേണ്ടി വന്നിട്ടില്ല.  

10. നമ്പ്യാരുടെ കൃതികളല്ലാതെ വേറെ ഏതെങ്കിലും കൃതികളെ തുള്ളൽ രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ടോ? പാരമ്പര്യ വഴിയിൽ നിന്നും മാറിനടക്കാൻ എപ്പോഴെങ്കിലും ശ്രമിക്കുകയോ അല്ലെങ്കിൽ അങ്ങനെ തോന്നുകയോ ചെയ്തിട്ടുണ്ടോ?

***മീശാൻ എന്നൊരു വ്യക്തി എഴുതിയ 'അയ്യപ്പചരിതം' ചിട്ടപ്പെടുത്തി ഒരുപാട് വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ത്രിമൂർത്തികളുടെ സംഗമത്തിന്റെ കഥ പറയുന്ന 'ദത്താത്രേയൻ' ചിട്ടപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ ബൈബിളിലെ ആദത്തിന്റെയും ഹവ്വയുടെയും ഉത്ഭവം, മുടിയനായ പുത്രൻ, ലാസർ എന്ന കഥകളും ചെയ്തിട്ടുണ്ട്. ശുചിത്വത്തിന്റെ പ്രാധാന്യത്തെ പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്ന 'ശുചിത്വ കേരളം' പോലുള്ള സംഭവങ്ങൾ ചെയ്തിട്ടുണ്ട്. 

11. തുള്ളലിനെ ഓട്ടൻ, പറയൻ, ശീതങ്കൻ എന്നിങ്ങനെ മൂന്നായി തിരിച്ചത് എന്തടിസ്ഥാനത്തിലാണ്? കളിക്കുമ്പോൾ ഇതു തമ്മിലുള്ള വ്യത്യാസം എന്തൊക്കെ? എന്നിങ്ങനെയുള്ള കാര്യങ്ങൾ ചുരുക്കി പറയാമോ?

***വേഷസമ്പ്രദായത്തിലും താളത്തിലും (ഗാനസമ്പ്രദായം) ഈ മൂന്ന് തുള്ളലുകളും വ്യത്യസ്തത പുലർത്തുന്നു. ചതുർവിധ അഭിനയത്തിൽ (നാട്യശാസ്ത്രത്തിൽ പറയുന്ന ആംഗീകം, വാചികം, സ്വാതികം, ആഹാര്യം) അധിഷ്ടിതമാണ് തുള്ളൽ. ഓരോന്നും ചുരുക്കിപ്പറയാം..

ശീതങ്കൻ: നമ്പ്യാർ ആദ്യം അവതരിപ്പിച്ചത് ശീതങ്കനാണ്. കുരുത്തോല ചമയങ്ങൾ ഉപയോഗിച്ചാണ് നമ്പ്യാർ ഇതവതരിപ്പിച്ചത്. 

ശീതം എന്ന പേരിനെ ഓർമിപ്പിക്കുന്ന രീതിയിൽ (ശീതം എന്നാൽ തണുപ്പാണല്ലോ) പതിഞ്ഞ കാലത്തിൽ പാടുന്ന രീതി (തക തകിട തക തകിട എന്ന താളം) യാണ് പാട്ടിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

വനദേവത കഥ പറയുന്നു എന്നൊരു സങ്കൽപം ശീതങ്കനുണ്ട്. അതാണ് ദേഹം മുഴുവൻ കുരുത്തോല കെട്ടുന്നത്. മുഖം വെറുതെ മിനുക്കുന്നത് മാത്രമേയുള്ളൂ, കണ്ണും പുരികവുമൊക്കെ.

പറയൻ: തലയിൽ നാഗഫണമുള്ള കിരീടം, അരയിൽ ചുവന്ന പട്ട്, ദേഹം മുഴുവൻ ഭസ്മം പൂശി, വലതുകാലിൽ മാത്രം ചിലമ്പ് (ചിലങ്ക) അണിഞ്ഞ് ഒരു കാൽ മാത്രം ചവുട്ടി നൃത്തം ചെയ്യുന്ന സമ്പ്രദായം. ഇതിലും മുഖം വെറുതെ മിനുക്കുന്നത് മാത്രമേയുള്ളൂ.

പറയുന്നതുപോലെ പാടുക എന്നാണ് പറയനിലെ രീതി. ശീതങ്കനിൽ ഉപയോഗിക്കുന്നതിനേക്കാൾ വേഗം കുറഞ്ഞ് കുറച്ചുകൂടി പതിഞ്ഞ കാലത്തിൽ ഓരോ കാല് ചവുട്ടി നീക്കി വെച്ച് കളിക്കുന്നു (തകിട തകധിമി തകിട തകധിമി എന്ന താളത്തിൽ). ശിവന്റെ സങ്കല്പമാണിവിടെ, ശിവൻ വന്നു കഥ പറയുന്നു എന്ന രീതി.

ഓട്ടൻ: എല്ലാവർക്കും അറിയുന്നത് പോലെ തലയിൽ അർദ്ധകൃതിയിലുള്ള കിരീടം, മുഖത്ത് കഥകളിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ പച്ച നിറം തേച്ച്, അരി വളയമിട്ട്, ഹസ്തകടകം, തോൾപൂട്ട് , മാർമാല, കൊരലാരം, അരയിൽ കച്ച, അച്ചടി, രണ്ടുകാലിലും ചിലങ്ക മുതലായവ  കെട്ടിയാടുന്നതാണിത്.

പേര് സൂചിപ്പിക്കുന്നതുപോലെ ഓടുന്നതുപോലെ അല്ലെങ്കിൽ വേഗത്തിൽ നൃത്തം ചെയ്യുന്ന തുള്ളലാണ് ഓട്ടൻ (തകധിമി തകജണു തകധിമി തകജണു എന്ന താളം).

അനന്തൻ (ആദിശേഷൻ) കഥപറയുന്ന എന്ന സങ്കല്പമാണ് ഓട്ടന്. തലയിലെ കിരീടം അനന്തന്റെ ഫണമാണെന്ന് സങ്കൽപം. മുഖത്തെ പച്ച മഹാവിഷ്ണുവിനേയും, അരയിലെ തുണികൾ അനന്തന്റെ വാലിനെയും സൂചിപ്പിക്കുന്നു.

കൂടാതെ ജാതി സമ്പ്രദായവുമായി ഈ തുള്ളലുകൾക്കു ബന്ധമുണ്ടെന്ന് കൂടി പറയപ്പെടുന്നു. പറയൻ തുള്ളൽ പറയ ജാതിയും, ശീതങ്കൻ പുലയനാണെന്നും ഓട്ടൻ തുള്ളൽ ഗണികനാണെന്നുമൊക്കെ വ്യാഖ്യാനമുണ്ട്. അങ്ങനെ പല രീതിയിൽ ഈ തുള്ളലുകളെ വ്യാഖ്യാനിക്കാം. അതൊക്കെ ഒരുപാട് പറയാനുണ്ട്.

മൂന്നു വൃത്തത്തിലാണ് കുഞ്ചൻ നമ്പ്യാർ തുള്ളൽ കൃതികൾ രചിച്ചിരിക്കുന്നത്. മൊത്തം 42 കഥകളാണ് നമ്പ്യാർ തുള്ളലിനായി രചിച്ചത്. അത് ഓരോ തുള്ളലിനുമായി അവ ഭാഗിച്ചിട്ടുമുണ്ട് (ഓട്ടൻ 22 , ശീതങ്കൻ 10 , പറയൻ 10 എന്നിങ്ങനെ). മേല്പറഞ്ഞ രീതിയിലും സമ്പ്രദായത്തിലുമാണ് സാധാരണ തുള്ളൽ അവതരിപ്പിക്കാറ്, അവതരിപ്പിക്കേണ്ടത്. എന്നാൽ ഇന്നിപ്പോൾ കുരുത്തോല കിട്ടാനും ഉണ്ടാക്കാനുമുള്ള ബുദ്ധിമുട്ടു കാരണം കല്യാണസൗഗന്ധികമൊക്കെ ശീതങ്കന് പകരം ഓട്ടൻ തുള്ളലിലാണ് കൂടുതലും അവതരിപ്പിക്കാറ്. അതിൽ കുറ്റം പറയാൻ കഴിയില്ല. പക്ഷെ കലാമണ്ഡലത്തിൽ തുള്ളൽ പഠിപ്പിക്കുമ്പോൾ സമ്പ്രദായികരീതിയിൽ തന്നെയാണ് വേഷങ്ങളായാലും ചമയങ്ങളായാലും ആട്ടമായാലും പഠിപ്പിക്കുന്നത്.

12. നമ്മുടെ ആസ്വാദനരീതി മാറിക്കൊണ്ടിരിക്കുകയാണ്. തീർച്ചയായും അത് തുള്ളലിനെയും ബാധിച്ചിട്ടുണ്ടാകാം. പഴയ തലമുറയിൽപ്പെട്ടവർക്ക് മാത്രമല്ല  പുതു തലമുറയിൽപ്പെട്ടവർക്ക് കൂടി ആസ്വദിക്കാൻ കഴിയുന്നവണ്ണം തുള്ളൽ കലയെ മാറ്റണമെന്ന് തോന്നുകയോ അങ്ങനെ ചെയ്യുകയോ ഉണ്ടായിട്ടുണ്ടോ?

***വേണ്ടത് വേണ്ടതുപോലെ ചെയ്താൽ തുള്ളൽ ഒരിക്കലും നശിക്കില്ല. കാണികൾക്ക് ആസ്വാദ്യകരമാകുന്ന രീതിയിൽ അഭിനയവും ഹാസ്യവും ഉൾപ്പെടുത്തിയാൽ തലമുറ വ്യത്യാസമില്ലാതെ ആളുകൾ തുള്ളലിനെ സ്വീകരിക്കും. പലരും പരിഷ്‌കാരങ്ങൾ ചെയ്യുന്നുണ്ട്, അത് പക്ഷെ തുള്ളലിനെ നന്നാക്കാനുള്ള അല്ലെങ്കിൽ കൂടുതൽ ജനകീയമാക്കാനുള്ള പരിഷ്‌കാരങ്ങൾ ആയിരിക്കണം. കുഞ്ചൻ നമ്പ്യാരെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഞാൻ പരിശ്രമിച്ചിട്ടുണ്ട്. അതിനൊരുദാഹരണമാണ് അദ്ദേഹത്തിന്റെ വരികളിലെ മൊഴിമുത്തുകൾ, അപൂർവ്വ താളങ്ങൾ ഒക്കെ ഉൾപ്പെടുത്തി അവതരിപ്പിച്ച 'കുഞ്ചൻ സംഗീത സായാഹ്നം'. സംഗീത കച്ചേരി പോലെ വേഷമില്ലാതെ എന്നാൽ മൃദംഗം ഉൾപ്പെടുത്തി വരികളിലെ ആശയം ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ  അവതരിപ്പിക്കുന്ന പരിപാടിയാണിത്. 2005 ൽ തുടങ്ങിയ ഈ പരിപാടിയും ഒരുപാട് വേദികളിൽ അവതരിപ്പിക്കുകയുണ്ടായി. അതുപോലെയുള്ള പരിഷ്‌കാരങ്ങൾ ജനങ്ങൾ ഏറ്റെടുക്കും അല്ലതെ വെറുതെ ചില ഗോഷ്ടികൾ കാണിച്ചതുകൊണ്ടു മാത്രം തുള്ളലിൽ പരിഷ്‌കാരങ്ങൾ വരികയില്ല. മലബാർ രാമൻ നായരൊക്കെ വരുമ്പോൾ തുള്ളലൊക്കെ വളരെ പ്രാകൃതമായാണ് അവതരിപ്പിച്ചിരുന്നത്. ഞാൻ പോലും അറുപത് വർഷങ്ങൾക്ക് മുന്പിതു കാണുമ്പോൾ നല്ല വേഷം ഇല്ലാതെ, മൃദംഗം അല്ലെങ്കിൽ പിൻപാട്ടുകാർ ഇല്ലാതെയൊക്കെ 'ഉദരനിമിത്തം ബഹുകൃതവേഷം' എന്ന രീതിയിൽ പലരും തുള്ളലിനെ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. അവിടെനിന്നൊക്കെ തുള്ളൽ ഒരുപാട് മാറിയത് പല പരിഷ്കാരങ്ങൾക്കു ശേഷമാണ്. തുള്ളലിനെ നന്നാക്കാനുള്ള പരിഷ്‌കാരങ്ങൾ ആവാം അല്ലാതെ വെറുതെ വല്ലതും കാട്ടിക്കൂട്ടാനുള്ള പരിഷ്‌കാരങ്ങൾ ചെയ്യരുത് എന്നാണ് എന്റെ അപേക്ഷ.

13. കുടുംബത്തിലെ പുതിയ തലമുറയിൽപ്പെട്ടവർക്ക് തുള്ളൽ കലയോടുള്ള സമീപനം എങ്ങിനെയാണ്?

***മൂന്നു മക്കളിൽ മൂത്ത മകനും ഇളയ മകളും ഈ രംഗത്ത് സജീവമായിട്ടുണ്ട്. മകൻ പ്രവീൺ, 9 തവണ സംസ്ഥാനതലത്തിൽ സമ്മാനം നേടിയിട്ടുണ്ട്, മൃദംഗവും പഠിച്ചിട്ടുണ്ട്. നല്ലൊരു നർത്തകി കൂടിയായ മകളും സർവ്വകലാശാല തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. പിന്നെ, നേരത്തെ ഞാൻ പറഞ്ഞത് പോലെ തുള്ളൽ ത്രയം അവതരിപ്പിക്കുമ്പോൾ ഞങ്ങൾ മൂന്നുപേരും ചേർന്നായിരുന്നു ഓരോ വേഷങ്ങൾ കൈകാര്യം ചെയ്തത്. അച്ഛനും മക്കളും ഒരേവേദിയിൽ എന്നത് മാദ്ധ്യമങ്ങൾക്കും കാണികൾക്കുമൊക്കെ ഒരു കൗതുകമായിരുന്നു. തുള്ളൽ കല കൊണ്ടുമാത്രം ജീവിതം കെട്ടിപ്പടുക്കുക അല്ലെങ്കിൽ സാമ്പത്തിക സുരക്ഷിതത്വം അനുഭവിക്കുക എന്നത് അസാദ്ധ്യമാണ്. അങ്ങനെ കലയെ മാത്രം സ്നേഹിച്ചവർ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീണത് എത്രയോ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ മക്കളെ പഠിപ്പിച്ചു ജോലി കിട്ടാൻ പ്രാപ്തരാക്കി. രണ്ടാമത്തെ മകനടക്കം മൂന്നുപേരും പല സ്ഥാപനങ്ങളിൽ അദ്ധ്യാപകരായി ജോലി നോക്കുകയാണ്. അങ്ങനെ കലയും ജോലിയും ഒരുമിച്ചു കൊണ്ടുപോകുകയാണിപ്പോൾ.

14. ചെയ്യണം എന്ന് ഇനിയും മനസ്സിൽ കിടക്കുന്ന വല്ല കഥയോ ആശയങ്ങളോ പദ്ധതികളോ ഉണ്ടോ?

***കോവിഡ് കാലത്ത് വീട്ടിനുള്ളിൽ കുടുങ്ങിയപ്പോൾ അകത്തിരുന്നു ചെയ്യേണ്ട ചില കാര്യങ്ങൾ ചെയ്തിരുന്നു. 'ഒഴിവുകാല കുഞ്ചൻ നർമ്മ ചിന്തകൾ' എന്ന പേരിൽ നമ്പ്യാരുടെ അധികം പ്രചാരത്തില്ലാത്ത കൃതികളിലെയും അല്ലാത്തതുമായ നർമ്മങ്ങളും ആക്ഷേപഹാസ്യങ്ങളും സദ്യവട്ടങ്ങളിലെ നർമ്മങ്ങളും പ്രാസങ്ങളും ഒക്കെ ആവശ്യമായ വിവരങ്ങൾ ചേർത്തുകൊണ്ട് പത്തു എപ്പിസോഡുകളാക്കി ഫേസ്ബുക്കിൽ ഇട്ടിരുന്നു. അതുപോലെ തന്നെ രാമായണമാസത്തിൽ കുഞ്ചൻ നമ്പ്യാർ എഴുതിയ രാമായണത്തിലെ നർമ്മങ്ങൾ വിവരിച്ചുകൊണ്ടും ഫേസ്ബുക്കിൽ ഇട്ടിരുന്നു. നമ്മളൊക്കെ ചിന്തിക്കുന്നതിലും അപ്പുറത്തായിരുന്നു നമ്പ്യാരുടെ ഭാവന. എഴുത്തച്ഛൻ ഏതാണ്ട് നൂറു വരികളിൽ എഴുതിയ സീതാസ്വയംവരം, ഒരു കല്യാണാഘോഷം എങ്ങനെയായിരിക്കണമെന്ന് ചിന്തിച്ചുകൊണ്ട് വളരെ വിശദമായി നമ്പ്യാർ ഇരുന്നൂറോ മുന്നൂറോ വരികളിൽ ഹാസ്യത്തിന്റെ  മേമ്പൊടിയോടെ  എഴുതിയിട്ടുണ്ട്. കൂടാതെ മലബാർ രാമൻ നായർ, വടക്കൻ കണ്ണൻ നായർ, കനിഞ്ഞാടാൻ കൃഷ്ണൻ നായർ, കെ ടി കുമാരനാശാൻ തുടങ്ങി മൺമറഞ്ഞുപോയ പത്തോളം ഗുരുക്കന്മാരുടെ ജീവിതരേഖയും തയ്യാറാക്കിയിരുന്നു. അവരിൽ പലരെപ്പറ്റിയും ഇന്നത്തെ തലമുറയ്ക്ക് അറിയില്ല എന്ന് മാത്രമല്ല അവരെക്കുറിച്ചുള്ള വിവരങ്ങളും കിട്ടാനില്ല. അതൊക്കെ പലരുടെയും സഹായത്തോടെ കിട്ടാവുന്നത്ര  തേടിപ്പിടിച്ച് ഏതാണ്ട് പത്തോളം ലേഖനങ്ങളായി സാമൂഹ്യമാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. അത് വായിച്ചവർ വളരെ നല്ല അഭിപ്രായം പറയുകയുണ്ടായി. ആവശ്യമായ മാറ്റങ്ങൾ വരുത്തിയും കൂടുതൽ വിവരങ്ങൾ ചേർത്തും ഇതൊക്കെ പുസ്തകരൂപത്തിൽ ഇറക്കണമെന്നുണ്ട്. അതിനുള്ള ആലോചനയിലും പ്രവർത്തനത്തിലുമാണിപ്പോൾ.

15. ഇത്രയും ബൃഹത്തായ അനുഭവമുള്ള ഒരു വ്യക്തിക്ക് ഈ അനുഭവങ്ങളൊക്കെ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചുകൂടേ? ആത്മകഥയോ തുള്ളലിനെ പറ്റിയുള്ള രചനകളോ അങ്ങനെ എന്തെങ്കിലും പദ്ധതിയുണ്ടോ?

***അങ്ങനെ ചെയ്യണം എന്നുണ്ട്, പ്രായം ഇത്രയൊക്കെയായില്ലേ? നോക്കാം..'പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല' എന്ന് നമ്പ്യാർ പണ്ട് പറഞ്ഞത് ഞാൻ ഇപ്പോൾ ചിന്തിക്കാറുണ്ട്.

16. 75ആം വയസ്സിലും പരിപാടി അവതരിപ്പിക്കാൻ ഊർജ്ജവും പ്രചോദനവും എന്താണ്?

***അതൊരു പരകായപ്രവേശമാണ് എന്നേ ഇപ്പോൾ പറയാനാവൂ. വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്.

ഓലക്കുട ചൂടി പള്ളിക്കൂടത്തിൽ പോയിരുന്ന, ഫീസടക്കാൻ കഴിയാതെ പത്താം തരത്തിൽ പഠിത്തം ഉപേക്ഷിക്കേണ്ടി വന്ന അന്നത്തെ കുട്ടിയായ പ്രഭാകരനാണ് പിന്നീട് കലാമണ്ഡലത്തിലൂടെ വളർന്ന്‌ പതിനായിരത്തിലേറെ വേദികളിൽ തുള്ളൽ അവതരിപ്പിച്ചത്. കേരള കലാമണ്ഡലത്തിലെ വിസിറ്റിംഗ് പ്രൊഫസ്സർ പദവി, അവിടുത്തെ ഭരണസമിതിയിൽ അംഗം, തിരൂർ മലയാളം സർവ്വകലാശാലയിലെ സെനറ്റ് അംഗം തുടങ്ങിയ പദവികളിലെത്തിയത്. വിദേശ രാജ്യങ്ങളിലെ സർവ്വകലാശാലകളിൽ പ്രഭാഷണങ്ങൾ നടത്തിയത്. നൂറുകണക്കിന് ശിഷ്യരെ സമ്പാദിച്ചത്. അത് കാലത്തിന്റെ കാവ്യനീതി.

താൻ ജീവിതത്തിൽ എന്തെങ്കിലും നേടിയിട്ടുണ്ടെകിൽ, എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അത് തുള്ളലിന്റെ പിതാവ് മഹാനായ കലക്കത്ത് കുഞ്ചൻ നമ്പ്യാരുടെയും വലിയച്ഛൻ മലബാർ രാമൻ നായരുടെയും അനുഗ്രഹം കൊണ്ടുമാത്രമാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നു ശ്രീ പ്രഭാകരൻ. മലബാർ രാമൻ നായർ ജനിച്ചു വളർന്ന കുട്ടമത്ത് ഗ്രാമത്തിലെ തറവാട് വീട്ടിൽ, അദ്ദേഹത്തിന്റെ സ്മരണയ്ക്കായി കലാമണ്ഡലം പ്രഭാകരന്റെ അച്ഛൻ കെട്ടിയ തറയിൽ ഇന്നും മുടങ്ങാതെ പൂക്കളർപ്പിക്കുന്നു വീട്ടുകാർ. നാട്ടിൽ ചെല്ലുമ്പോഴൊക്കെ പ്രഭാകരനും അത് മുടക്കാൻ കഴിയാത്ത അനുഷ്ഠാനകർമ്മമാണ്. 'രാമപുരം' എന്ന് പേരിട്ടിരിക്കുന്ന ഈ വീട്ടിൽ നിന്നുമാണ് പറമ്പത്ത് വീട്ടിൽ പ്രഭാകരൻ, കലാമണ്ഡലം പ്രഭാകരനാവാനുള്ള യാത്ര തുടങ്ങിയത്. ആ യാത്രയുടെ ഭാഗമായി എത്രയോ വേദികളിൽ താൻ പകർന്നാടിയ 'കല്യാണസൗഗന്ധിക'ത്തിന്റെ ഓർമ്മകൾ തുളുമ്പുന്ന, എറണാകുളത്തെ 'സൗഗന്ധിക'മെന്ന വീട്ടിൽ  ഭാര്യക്കും മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം അദ്ദേഹം ഇന്നും തന്റെ കർമണ്ഡലത്തിൽ സജീവമാണ്, പ്രായത്തിന് തളർത്താൻ കഴിയാത്ത  ആവേശവുമായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ