പേജുകള്‍‌

പനയാലപ്പൻ
എന്റെ ഗ്രാമമായ പനയാലിൽ സ്ഥിതിചെയ്യുന്ന, വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രമാണ് ശ്രീ മഹാലിംഗേശ്വര ക്ഷേത്രം. ഓർമ്മ വെച്ചത് മുതൽ കാണുകയും കേൾക്കുകയും ചെയ്യുന്ന പനയാലിന്റെ നാഥനെ കുറിച്ച്, ഇഷ്ട ദൈവമായ ശ്രീ മഹാദേവനെക്കുറിച്ച് എന്റെ മനസ്സിൽ  ഉടലെടുത്ത ഏതാനും വരികൾ ഇവിടെ കുറിക്കുന്നു.


ആദ്യമായി കേട്ടതെന്നറിയില്ല നിൻ നാമം
ആദ്യമായി കണ്ടതെന്നറിയില്ല നിൻ രൂപം
പനയാലിൽ വാഴും മഹാലിംഗേശ്വരാ 
ഭക്തരേ കാത്തീടും ശ്രീപരമേശ്വരാ...

അരയാൽത്തറയിൽ എത്തീടുമ്പോൾ
ഇലകളിൽ കാറ്റിന്റെ പഞ്ചാക്ഷരി
അമ്പലക്കുളത്തിലെ കുഞ്ഞോളങ്ങൾ 
താളത്തിൽ പാടുന്നു ശിവപഞ്ചാക്ഷരി

കൽവിളക്കിലെ നാളങ്ങൾ കാറ്റിനാൽ 
ആടുന്നുവോ നിന്റെ താണ്ഡവ നൃത്തം
ദീപാരാധന തൊഴുതു ഞാൻ നിൽക്കവേ
തിരികളിൽ തെളിഞ്ഞതും നിൻരൂപമല്ലോ

ഓംകാരം മുഴങ്ങും പ്രദക്ഷിണ വഴിയിൽ
കണ്ടു ഞാൻ നിന്നെയോരോ ചുവടിലും
തെളിയേണെ നിൻ രൂപം എന്നുള്ളിൽ നിത്യം
നിറയേണെ നിൻ നാമം എൻ കാതിലെന്നും

നാഗത്തറയിലെ മഞ്ഞൾപ്പൊടിയിലും
ഉപദേവത വാഴും ശ്രീകോവിലുകളിലും
നിറയുന്നതോ ശിവമാഹാത്മ്യം മാത്രം
അറിയുന്നതോ ശിവപൊരുളുകൾ മാത്രം

കുളിരുമായി ഒഴുകിവരും തെക്കൻ കാറ്റും
നിന്മുന്നിൽ വസിക്കും ശ്രീനാരായണനും
പാടുന്നതത്രയും നിൻ നാമാവലികൾ
കാണുന്നതോ നിൻ മായാലീലകൾ

അമ്പലമണികളും ശംഖൊലി നാദവും
നാലമ്പലം നിറയ്ക്കും നിന്നപദാനങ്ങൾ
എന്നധരം മന്ത്രിക്കും ഓംകാരം നിത്യം
പാടുന്നു നമഃശ്ശിവായ മന്ത്രം ഹൃദയവും 

നാടിൻ കാവലാൾ പെരുന്തട്ട വാഴും 
ചാമുണ്ഡിദേവിക്കുടയോനാം ശങ്കരാ  
തിരുമുടി ഉയർത്തി തിരുമുറ്റം വലംവെച്ചു
വാക്കുരിയേകുന്നു നിനക്കായ് മാത്രം

നിൻ നടയിലാടും ലോകൈകപാലകൻ
വിഷ്ണുമൂർത്തി ഭജിപ്പതും നിൻ നാമമല്ലോ 
പൊരുളുകൾ ഉരുവിട്ട് അരിയെറിഞ്ഞ്
ഗുണം വരുത്തുന്നതും നിൻ കൃപയാലേ

മകരസംക്രമവേളയിൽ അവിടുത്തെ
തിരുവുത്സവമേളം നടത്തുന്നു ഭക്തർ
നിൻ ദിവ്യരൂപവും പഞ്ചാരിമേളവും
ശീവേലിക്കാഴ്ചയും നിറയുന്നു മനസ്സിൽ 

ആടുന്നു ആനന്ദനർത്തനം രാവിൽ 
അയ്യപ്പസ്വാമിയും നടരാജമൂർത്തിയും 
കൺകുളിർത്തീടും നർത്തനം കാൺകേ
ആനന്ദാശ്രു പൊഴിക്കുന്നു ഭക്തരും 

സ്വയംഭൂവായീ മണ്ണിൽ പിറവിയെടുത്തു
പനയോലയിൽ മൂടിക്കിടന്നല്ലോ പണ്ട്
പനയാലിൻ നാഥനായി നീ മാറിയല്ലോ 
പനയാലപ്പനായി ഭജിച്ചിടുന്നേൻ നിത്യം

ദാഹം


കുന്ദലഹള്ളി കേരള സമാജത്തിൽ അവതരിപ്പിച്ച 'ദാഹം' എന്ന നാടകത്തിനായി എഴുതിയ കവിതകൾ

കുടിവെള്ളം പോലും ഊറ്റി വിറ്റ്  ഭൂമിയെ ഒരു വരണ്ട നാടായി മാറ്റുന്ന മനുഷ്യന്റെ ദുരയ്ക്കെതിരെ ഒറ്റയാൾപ്പോരാട്ടം നടത്തുന്ന ഒരു മനുഷ്യന്റെ കഥയാണിത്.


1.
ജലമൊരു വരമെന്ന് പാടിയ തലമുറ വാണൊരു നാട്
ജലമൊരു നിധിയെന്ന് പാടും മാഫിയ വാഴും നാട് 
ജലമാണ് ജീവൻ സകലലോകർക്കും 
ജലമാണ് സർവ്വവുമെന്നറിയുക 
ജലധിയിൽ കുരുത്തൊരീ ജീവനുമൊരുനാൾ 
ദാഹിച്ചൊടുങ്ങുമീ ധരണിയിൽ  
ജലധിയാണീ ഭൂമിയിലേറെയെങ്കിലും 
കുടിവെള്ളം കഠിനം പലർക്കും 
ജലമാണ് നാളെത്തെ ശാന്തിയും യുദ്ധവും 
ജലമാണ് ജീവനും മൃതിയും 
ജീവജലം ഊറ്റി വിൽക്കുമീകാലം 
കലികാലമല്ലാതതെന്ത്? 
ഉയിരോടെ വാഴണം ജന്മങ്ങളേറെ 
ഇനിയുമീ സുന്ദര ഭൂഗോളത്തിൽ 
ഉയരട്ടെ മണ്ണിൽ മാമരങ്ങൾ 
അണിയട്ടെ മലകൾ ഹരിതകഞ്ചുകങ്ങൾ 
പെയ്യട്ടെ കാർമേഘങ്ങളീ മാനത്ത്
നിറയട്ടെ ജീവജലസ്രോതസ്സുകൾ 
പുലരട്ടെ ഒരു നല്ല നാളെ, 
ജീവജലം വറ്റാത്ത ഊറ്റാത്ത നാളെ...

2.
ഏഴാഴികൾ ചൂഴും ഭൂമിക്ക് ദാഹം,
കത്തുന്ന കനലിന്റെ നോവിന്റെ ദാഹം
ഇരുകരകൾക്കിടയിലായി താളത്തിലൊഴുകി    
സംസ്കൃതി വിരിയിച്ച പുഴകൾക്കുമിന്നേറെ ദാഹം
ആഴത്തിൽ വേരുകളോടിയിട്ടും 
മരങ്ങൾക്കുമെന്തൊരു ദാഹം
പുൽക്കൊടിത്തുമ്പിനും പൈങ്കിളിക്കും
ഒരിറ്റുവെള്ളത്തിനായി കേഴുന്ന ദാഹം
എല്ലാമൊടുക്കീട്ടും എല്ലാമൊടുങ്ങീട്ടും 
മർത്യനും തീരാ ദാഹം
ദുരമൂത്ത കൊതിമൂത്ത 
ഒടുങ്ങാത്ത ദാഹം ഒടുക്കത്തെ ദാഹം
ദാഹം...ദാഹം...ദാഹം...

3.
വരളുന്നു ഭൂമി...തളരുന്നു ഭൂമി..
ഉരുകുന്നു ഭൂമി...പിടയുന്നു പ്രാണൻ...
ദേഹികൾ ആയിരം അലയുന്നുവല്ലോ
ഒരു തുള്ളി നീരിനായി..മോക്ഷത്തിനായി...
അമ്മതൻ മാറിടം മാന്തിപ്പൊളിച്ചിവർ...
അമ്മതൻ ചുടുനിണം കോരിക്കുടിച്ചിവർ..
ഇനിയൊരു തലമുറ വാഴാത്ത നാടായി..
ഇനിയൊരു ജീവൻ തുടിക്കാത്ത മണ്ണായി..
എല്ലാം കരിന്തിരി കത്തിച്ചു മർത്യർ
വിഷയാസക്തനാം ക്രൂരനാം മർത്യർ
ഉണരണം നമ്മൾ ഉറയണം നമ്മൾ
ഇനിയേറെ ജന്മങ്ങൾ വാഴണമെങ്കിൽ..
ഇനിയും തടിനികൾ നിറയണമെങ്കിൽ..
ഇനിയൊരു പൈങ്കിളി പാടണമെങ്കിൽ..
അമ്മതൻ ദാഹം മാറ്റണമെങ്കിൽ...
പുതുനാമ്പ് വീണ്ടും മുളയ്ക്കണമെങ്കിൽ..
ഉണരുവിൻ നിങ്ങൾ പൊരുതുവിൻ നിങ്ങൾ
ധരണിയെ കൈപിടിച്ചുയർത്തുവിൻ നിങ്ങൾ
ദേവിക്കുടയാട ചാർത്തുവിൻ നിങ്ങൾ
അമ്മയ്ക്ക് ജീവനമേകുവിൻ നിങ്ങൾ
ഉണരുവിൻ നിങ്ങൾ....ഉണരുവിൻ നിങ്ങൾ..

ആതുരസേവകർക്ക് ഒരു കൂപ്പുകൈ


ഒരു മഹായുദ്ധത്തിൽ കാലാള്‍പ്പടയെന്ന പോൽ
മുന്നിൽ നിന്നടരാടുന്ന കൂട്ടരിവർ, നിസ്വാർത്ഥ-
സേവനതല്പരർ, സ്വ കാര്യം വെടിഞ്ഞപരന്നായ്
വെളിച്ചം പരത്തുന്നോരിവർ ആതുരസേവകർ

കുതിച്ചുപായുവാനശ്വങ്ങളില്ലെന്നാലുമീ ധീരര്‍
കുതിച്ചെത്തുമൊരു മനുഷ്യത്വമെന്ന തേരിലേറി
ആനകളില്ലെതിരാളിയെ മെതിക്കുവാന്‍ പകര-
മിവർക്കുണ്ടായുധം മനഃസ്ഥൈര്യം വേണ്ടുവോളം

പരിചയല്ല, ആത്മവിശ്വാസമിവർക്കുരക്ഷാകവചം 
ചക്രവ്യൂഹത്തില്‍ പെട്ടുഴറുന്നോര്‍ക്കാശ്വാസമായി
വ്യൂഹം ഭേദിച്ചവരെ പിടിച്ചു തേരിലേറ്റുന്നോര്‍
വീണാലും പതറാതെ തളരാതെ പോരാടുന്നവരിവര്‍

പരിഭവം പറയാതെ മുഖം തെല്ലുമേ വാടാതെ
ആഹാരനീഹാരാദികൾ വെടിഞ്ഞും യാമങ്ങളോളം
നിർഭയം; തേർവാഴ്ച നടത്തുമൊരണുവിൻ മുന്നിൽ
ചെന്നാരിപുവെ വെന്ന് രോഗിക്കേകുമിവർ പുതുജന്മം

വീണു പോയിടാം ചിലരെങ്കിലുമീപ്പോരാട്ടത്തിൽ
തോൽക്കുകില്ലെന്നാല്‍ പിന്നാലെ വരും പോരാളിക -
ളേറ്റം വാശിയോടെക്കേറിപ്പോയിടും, വീണകൂട്ടാളി-
കളിൽ നിന്നേന്തിയ ആത്മാഭിമാനം രണവീര്യമായി

താഡനമല്ല ചിരിയാണിവരേകുന്നോരൗഷധം, മൂർച്ച-
യേറീടും കുന്തമല്ല, തലോടലാണിവരുടെ ദിവ്യായുധം
പകരമെന്തേകീയാലും മതിവരില്ലീ സേവനത്തിനെങ്കിലും
സ്വീകരിക്കൂ എത്രയും സ്നേഹം നിറഞ്ഞോരീ കൂപ്പുകൈ

ഇവർക്കുമുണ്ടനേകം മനഃപ്രയാസങ്ങളും, വേദനകളു - 
മെന്നാല്‍ ഓർക്കുകില്ല നമ്മളിൽ പലരും അതൊരിക്കലും
വാക്കുകളാലേറെ പുകഴ്ത്തുമിവർ നൽകിയ സേവന-
ങ്ങളെന്നാലും മറന്നീടും ഭരണകൂടവുമീ യാതനകൾ

ഇനിയൊരാപത്ത് വന്നണയുന്ന നേരവും തിരയും
ദീനതയാർന്ന കണ്ണുകളാശ്വാസത്തിനായീ മുഖങ്ങൾ
ഓടിയെത്തുമവിടെയും ഈ നിസ്വാർത്ഥസേവകർ
അവഗണിച്ചാലും തളരാത്ത ദൈവത്തിൻ മാലാഖമാർ