പേജുകള്‍‌

അപ്പൂപ്പൻ



"ഒരിടത്തൊരിടത്ത് ഒരു അപ്പൂപ്പനുണ്ടായിരുന്നു...മെലിഞ്ഞു നീണ്ടു ശരീരമുള്ള, ഭംഗിയായി ചിരിക്കാറുള്ള, കള്ളം പറയാത്ത അപ്പൂപ്പൻ.." അയാൾ പറഞ്ഞു തുടങ്ങി.
മോളെ ഉറക്കാൻ കിടത്തിയതായിരുന്നു, പക്ഷെ കഥ കേട്ടാലേ ഉറങ്ങൂ എന്ന് ആ അഞ്ചുവയസ്സുകാരി വാശി പിടിച്ചപ്പോൾ, 'ശരി കഥ പറഞ്ഞു തരാം' എന്നായി അയാളും.
"അപ്പൂപ്പൻന്നു പറഞ്ഞാലാരാ അച്ഛാ?" അവൾ സംശയം തുടങ്ങി.
"അപ്പൂപ്പൻന്നു പറഞ്ഞാൽ അച്ഛച്ഛ..വെളുത്ത മുടിയൊക്കെയായി, നല്ലോണം വയസ്സായ ആള്. മോൾക്ക് വല്യ അമ്മമ്മ ഇല്ലേ, അതുപോലെ വല്യ അച്ഛച്ഛൻ " അയാൾ വ്യക്തമാക്കി കൊടുത്തു.  
"മനസ്സിലായോ?" അയാൾ ചോദിച്ചു.
"ഉം" അവൾ ഉത്തരം മൂളി.
"മോൾക്ക് അറിയോ, ആ അപ്പൂപ്പന്റെ തലയിലും മുടിയൊന്നുമില്ലായിരുന്നു, അച്ഛനെ പോലെ.." അയാൾ തുടർന്നു.
അവൾ അത് കേട്ട് ചിരിച്ചുകൊണ്ട് അയാളുടെ തലയിൽ തൊട്ടു.
"അച്ഛന്റെ മൊട്ടത്തല.."
"ഒരു മുണ്ടുടുത്ത്...പിന്നൊരു മുണ്ട് പുതച്ച്..അതായിരുന്നു അപ്പൂപ്പന്റെ കുപ്പായം...കൈയിലൊരു വലിയ വടിയുമായി അതും കുത്തിപ്പിടിച്ചായിരുന്നു അപ്പൂപ്പൻ നടക്കാറ്"
"ആ വടിയെന്തിനാ അപ്പൂപ്പന്, കുട്ടികളെ തല്ലാനാ?" കുട്ടി ഇടയിൽ കയറി ചോദിച്ചു.
"അയ്യോ..അപ്പൂപ്പൻ ഒരു പാവമായിരുന്നു..കുട്ടികളെയൊന്നും തല്ലില്ല, മാത്രവുമല്ല അപ്പൂപ്പന് കുട്ടികളെ ഭയങ്കര ഇഷ്ടമായിരുന്നു.. ആ വടിയും കുത്തിയാണ് അപ്പൂപ്പൻ നാടായ നാടൊക്കെ സഞ്ചരിച്ചത്..."
"ഒറ്റക്കോ..????"
"ചിലപ്പോൾ ഒറ്റക്ക്, ചിലപ്പോൾ കുറെ ആൾക്കാരുടെ കൂടെ.."
"അതെന്തിനാ?" അവൾക്കു ജിജ്ഞാസ അടക്കാൻ പറ്റുന്നില്ല.
"അതോ,ഓരോ നാട്ടിലും ചെന്ന് അവിടെയുള്ള ആൾക്കാരെയൊക്കെ കണ്ട് അവരുടെ ബുദ്ധിമുട്ടുകൾ അറിയും, എന്നിട്ട് തന്നെക്കൊണ്ട് കഴിയുന്നതുപോലെ അവരെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.."
"അപ്പൊ..അപ്പൂപ്പന് ജോലിയൊന്നുമില്ലേ, അച്ഛനെപ്പോലെ..?"
"പണ്ട് അപ്പൂപ്പൻ ഒരു വക്കീലായിരുന്നു...മോളുടെ അച്ഛച്ഛനെ പോലെ കറുത്ത കോട്ടൊക്കെ ഇട്ടു കോടതിയിൽ പോയ ഒരു വക്കീൽ.."
"ഈ അപ്പൂപ്പനും അച്ഛച്ഛന്റെ ഓഫീസിലാണോ..?"
"അല്ലപ്പാ..ഈ അപ്പൂപ്പൻ ആദ്യം ജോലി ചെയ്തത് അങ്ങ് ദൂരെ. കുറെ ദൂരെ, കടലിനുമപ്പുറത്തുള്ള ഒരു നാട്ടിൽ.."
"അതെന്തിനാ? ഇവിടെ ആരും ജോലി കൊടുത്തില്ലേ?" അവൾക്ക് സംശയം.
"ഹേയ്, അതല്ല...ആ നാട്ടിൽ ആരും സഹായിക്കാനില്ലാത്ത കുറെ പാവം ആൾക്കാറുണ്ടായിരുന്നു,അവരെ സഹായിക്കാനാ അപ്പൂപ്പൻ അങ്ങോട്ട് പോയത്..."
"എന്നിട്ട്..?"
"അവിടെ ചെന്ന അപ്പൂപ്പൻ അവരെ സഹായിച്ചു..ജോലിയെടുക്കാൻ പഠിപ്പിച്ചു..അവർക്ക് കാശൊന്നുമില്ലല്ലോ, അതുകൊണ്ടു അവരുടെ കുഞ്ഞുകുട്ടികൾക്കൊന്നും സ്കൂളിൽ പോകാൻ കഴിഞ്ഞില്ല..അവരെ എഴുതാനും വായിക്കാനും പഠിപ്പിച്ചു..അവരെ ഉപദ്രവിച്ച ആൾക്കാർക്കെതിരെ കേസ് കൊടുത്തു.."
"അവർക്കു നല്ല അടി കൊടുത്തിട്ടുണ്ടാകും അപ്പൂപ്പൻ, അല്ലെ അച്ഛാ..?"
"ഇല്ല, അപ്പൂപ്പൻ ആരെയും തല്ലിയില്ല..അപ്പൂപ്പൻ അങ്ങിനെ ആരെയും തല്ലാറില്ല..."
"അതെന്താ...?"
"നമ്മുടെ അപ്പൂപ്പൻ ഒരു പാവംല്ലേ ..എല്ലാവരേയും സ്നേഹിക്കാൻ മാത്രമേ അപ്പൂപ്പന് അറിയൂ..ആരോടും ദേഷ്യം തോന്നില്ല.."
"ഹായ്..നല്ല അപ്പൂപ്പൻ" അവൾ ചിരിച്ചു, "എന്നിട്ടോ..?"
"കുറെ കഴിഞ്ഞു വലുതായപ്പോൾ അപ്പൂപ്പൻ നാട്ടിലേക്കു വന്നു..നമ്മള് സ്കൂൾ പൂട്ടിയാൽ നാട്ടിൽ പോകുന്നില്ലേ, അത് പോലെ അപ്പൂപ്പൻ തിരിച്ച്‌ അപ്പൂപ്പന്റെ നാടായ ഇന്ത്യയിലേക്ക് വന്നു.." അയാളെ മുഴുവൻ പറയാൻ അവൾ സമ്മതിച്ചില്ല, അതിനു മുൻപേ, 
"ഇന്ത്യ നമ്മുടെ കൺട്രി അല്ലെ..? ടീച്ചർ പഠിപ്പിച്ചിരുന്നു..ഇന്ത്യ ഈസ് മൈ കൺട്രി, ഓൾ ഇന്ത്യൻസ് ആർ ബ്രതെർസ് ആൻഡ് സിസ്റ്റെർസ്.." അവൾ നിർത്തുന്നില്ല 
"അതെ, അപ്പൂപ്പന്റെ രാജ്യവും ഇന്ത്യയായിരുന്നു.."
"രാജ്യംന്ന് പറഞ്ഞാ എന്താ അച്ഛാ?"
"രാജ്യംന്ന് പറഞ്ഞാലും കൺട്രീന്ന് പറഞ്ഞാലും ഒന്നന്നെ..നമ്മുടെ രാജ്യവും ഇന്ത്യയാണ്, കൺട്രിയും ഇന്ത്യയാണ്..കൺട്രിയുടെ മലയാളമാണ് രാജ്യം...മനസ്സിലായോ നിനക്ക്..?
"ഉം..." അവൾ തലയാട്ടി 
"ബാക്കി പറ അച്ഛാ..."
"ഇന്ത്യയിലും കുറെ പാവം ആൾക്കാറുണ്ടായിരുന്നു..പൈസയൊന്നുമില്ലാത്ത, ആരും സഹായിക്കാൻ ഇല്ലാത്ത കുറെ പാവം ആൾക്കാർ..അപ്പൂപ്പൻ അവരെയൊക്കെ സഹായിച്ചു...അവരെ ഉപദ്രവിച്ചവരെ അപ്പൂപ്പൻ തടഞ്ഞു.."
"അയ്യോ..പാവം..ആരാ അച്ഛാ ആൾക്കാരെ ഉപദ്രവിക്കുന്നെ?.."
"അതോ..അത് ബ്രിട്ടീഷുകാർ എന്ന് പറയുന്ന ആൾക്കാർ..നമ്മളവരെ സായിപ്പന്മാർ എന്നാ വിളിക്കാറ്..അവര് അങ്ങ് ദൂരെ കടലിനപ്പുറമുള്ള നാട്ടിൽ നിന്ന് ഇങ്ങോട്ടു വന്നിട്ട് നമ്മളെ ഉപദ്രവിക്കുന്നതാ.."
"അപ്പൂപ്പൻ പോയ നാട്ടിന്നു വന്നതാ..?"
"അല്ലല്ല...ഇത് വേറെ നാട്..അതിനേക്കാളൊക്കെ ദൂരമുള്ള നാട്..ബ്രിട്ടൺ എന്ന ഒരു രാജ്യണ്ട്..ഇന്ത്യയെപ്പോലെ വേറെ രാജ്യം..കൺട്രി..അവര്  നമ്മുടെ നാട്ടിൽ വന്ന് എല്ലാവരെയും പേടിപ്പിച്ചുകൊണ്ടിരുന്നു..നമ്മുടെ നാട്ടിലെ ആളെക്കൊണ്ട് കൊറേ പണിയെടുപ്പിച്ചു.."
"അപ്പൂപ്പൻ ഈ ചായിപ്പന്മാരെ...."
"ചായിപ്പ് അല്ല സായിപ്പ്...സായിപ്പ്.." അയാൾ തിരുത്തി
"ആ അതന്നെ ..അപ്പൂപ്പൻ ഈ ചായിപ്പന്മാരെ..അല്ല..ശായിപ്പന്മാരെ വടിയെടുത്തു തല്ലി ഓടിച്ചിട്ടുണ്ടാവുംല്ലേ.?"
"ഹേയ്...അപ്പൂപ്പൻ തല്ലില്ലാന്നു ഞാൻ പറഞ്ഞില്ലേ..? ദേഷ്യം വന്നാലും സങ്കടം വന്നാലും അപ്പൂപ്പൻ ആരെയും തല്ലില്ല..അപ്പൂപ്പൻ എന്താ ചെയ്യാന്നറിയോ മോൾക്ക്..? ആരോടും മിണ്ടാതെ ഭക്ഷണം ഒന്നും കഴിക്കാതെ ഇരിക്കും...അപ്പൊ എല്ലാവര്ക്കും സങ്കടാവും..അവര് ഉപദ്രവിക്കുന്നത് നിർത്തും.. കുഞ്ഞിമോള് ദേഷ്യം വന്നാ അച്ഛനോടും അമ്മയോടും മിണ്ടാതെ ഇരിക്കുന്നില്ലേ..? അപ്പൊ അച്ഛനും അമ്മയ്ക്കും സങ്കടം വരുന്നില്ലേ..? അതുപോലെ..."
"അപ്പൂപ്പൻ വേറെ നാട്ടിന്നു വന്നവരോട് പറഞ്ഞു, നിങ്ങള് വേഗം ഈ നാട്ടിന്നു പോണംന്ന്..."
"അപ്പൊ അവര് പോയി അല്ലെ..?"
"ഇല്ല, അങ്ങനെ അവര് പോവൂല്ല..അവര് ചീത്ത ആൾക്കാരല്ലേ...അപ്പൂപ്പൻ ബാക്കി എല്ലാരേയും വിളിച്ചിട്ടു പറഞ്ഞു, ഇവര് പോന്നവരെ നമുക്ക് സമരം ചെയ്യണംന്ന്.."
 "ആ..സമരം എനിക്കറിയാം...ടിവിലൊക്കെ കാണുന്നതല്ലേ അച്ഛേ..? കൊറേ ആള് വടിയെല്ലാം എടുത്തു പോലീസിനെ തല്ലുന്നത്...."
"അതന്നെ..പക്ഷേ നമ്മുടെ അപ്പൂപ്പൻ ആരെയും തല്ലാതെ സമരം ചെയ്തു..."
"അപ്പൊ അവരെല്ലാം പോയോ..?
"അത്ര വേഗം അവര് പോവ്വോ..? അപ്പൂപ്പൻ കുറേക്കാലം സമരം ചെയ്തു. പട്ടിണി കിടന്നും ആരോടും മിണ്ടാതെയും ആൾക്കാരെ കൂട്ടിയും ഒക്കെ സമരം ചെയ്തു. അവരുടെ കൂടെ ആരും ഒന്നിനും കൂടാൻ പാടില്ല എന്നൊക്കെ എല്ലാവരോടും പറഞ്ഞു"
"എന്നിറ്റോ..?"
"അങ്ങനെ കൊറേക്കാലം സമരം ചെയ്തിട്ടാമ്പോ അവര് പോയി. അവര്ക്ക് നമ്മുടെ നാട്ടില് ജീവിക്കാൻ ബുദ്ധിമുട്ടായി, അങ്ങനെ എല്ലാരും മടങ്ങിപ്പോയി.."
"നല്ല അപ്പൂപ്പൻ...ഈ അപ്പൂപ്പൻ ഇപ്പൊ എന്താ ചെയ്യുന്നേ..?"
"അപ്പൂപ്പനോ..? കൊറേ വയസ്സായിട്ടുമ്പോ അപ്പൂപ്പനെ തമ്പാച്ചി വിളിച്ചു..അങ്ങനെ അപ്പൂപ്പൻ സ്വർഗ്ഗത്തിലേക്ക് പോയി..."
"അയ്യോ...അപ്പൂപ്പനെ എനക്ക് കാണാൻ പറ്റൂല്ലേ..." കുഞ്ഞുമുഖം വാടി.
"അത് സാരമില്ല, അച്ഛൻ നാളെ അപ്പൂപ്പന്റെ ചിത്രം കാണിച്ചു തരാംട്ടോ..."
"അച്ഛന്റെ കൈയില് അപ്പൂപ്പന്റെ ഫോട്ടോ ഉണ്ടോ..?" അവളുടെ മുഖം തെളിഞ്ഞു.
"പിന്നെ...അച്ഛന്റെ കൈയിൽ കൊറേ ഫോട്ടോ ഉണ്ട്.."
"അച്ഛാ, ഈ അപ്പൂപ്പന്റെ പേരെന്താ..?"""
"അപ്പൂപ്പന്റെ പേരോ.. ഈ അപ്പൂപ്പന്റെ പേരാണ് മഹാത്മാ ഗാന്ധി..എല്ലാവരും ഗാന്ധിജി എന്ന് പറയും.."
"ആ ...ഗാന്ധിജി എനിക്കറിയാം...ഗാന്ധിജി ഈസ് ഔർ നാഷണൽ ഫാദർ...ഞാൻ പഠിച്ചിട്ടുണ്ട്..." അവൾ ക്ലാസ്സിൽ ടീച്ചർ പറഞ്ഞു കൊടുത്തത് ഓർത്തെടുത്തു.   
"ആ മിടുക്കി...നിന്നെ പോലുള്ള കുട്ടികൾ അപ്പൂപ്പനെ 'ബാപ്പു' എന്നാ വിളിച്ചിരുന്നത്..."
"ബാപ്പു...നല്ല പേര്.." അവൾ ചിരിച്ചു..
"മോളും വലുതായിട്ടുമ്പോ ഈ അപ്പൂപ്പനെ പോലെ ആവണം കേട്ടോ..ആരോടും ദേഷ്യപ്പെടാതെ എല്ലാരോടും ചിരിച്ചു സ്നേഹിച്ചു വർത്തമാനം പറയണം...അപ്പൂപ്പൻ കള്ളം പറയാറില്ല..അതുപോലെ മോളും പറയാൻ പാടില്ല..."
"ഉം..ശരിയച്ഛ...ഞാനും അപ്പൂപ്പനെ പോലെ നല്ല മോളാവും...നല്ല കഥ...അച്ഛന് ഒരുമ്മ ...." അവൾ അയാളുടെ കവിളത്തു സ്നേഹത്തോടെ അമർത്തി ചുംബിച്ചു...
ആ രംഗം കണ്ടു ആകാശത്തെവിടെയോ ഇരുന്നു ഗാന്ധിയപ്പൂപ്പൻ പുഞ്ചിരിച്ചു, കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കമായി. ആ മന്ദഹാസം ഒരു സ്നേഹനിലാവായി ഭൂമിയിലേക്കിറങ്ങി വന്ന് അച്ഛനെയും മോളെയും തഴുകിയുറക്കി.  

തോറ്റിട്ടും ജയിച്ചവർ


കലാശപ്പോരാട്ടത്തിൽ ഫ്രാൻസ് എന്ന വമ്പൻമാരുടെ മുൻപിൽ പൊരുതിവീണ, തോറ്റിട്ടും ആരാധകരുടെ ഹൃദയത്തിൽ വിജയിച്ചു നിൽക്കുന്ന ക്രോയേഷ്യൻ ടീമിന് ഒരു കാൽപന്തുകളി ആരാധകന്റെ സമർപ്പണം...


ഭൂമുഖത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയിലെ ലൂഷ്നിക്കി സ്റ്റേഡിയത്തിലെ പുൽമൈദാനത്ത് തകർന്ന സ്വപ്നങ്ങളുമായി അയാൾ നിന്നു, ഏറ്റവും നല്ല കളിക്കാരനുള്ള സുവർണ്ണപന്ത് പുരസ്കാരവുമായി. ഉള്ളിൽ സങ്കടക്കടലിരമ്പുമ്പോഴും  ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കാതെ തല ഉയർത്തിപ്പിടിച്ചു തന്നെ നിന്നു; അയാൾ -  41 ലക്ഷത്തോളം വരുന്ന ജനതയുടെ സ്വപ്‌നങ്ങൾക്ക് സാക്ഷാത്ക്കാരം നൽകാനായി ചിറകു വിടർത്തി ഉയരങ്ങളിലേക്ക് പറന്നവൻ. എതിരാളിയുടെ കാൽക്കീഴിൽ തങ്ങളുടെ സ്വപ്‌നങ്ങൾ ചവുട്ടിയരയ്ക്കപ്പെടുന്നത് വേദനയോടെ കാണേണ്ടി വന്നയാൾ..ഒരു പളുങ്കുപാത്രം പോലെ തന്റെ രാജ്യത്തിൻറെ മോഹം വീണുടയുന്നത് നിസ്സഹായനായി നോക്കിനിൽക്കേണ്ടി വന്നയാൾ - ലുക്കാ മോഡ്രിച്, ക്രോയേഷ്യ എന്ന ഇത്തിരിക്കുഞ്ഞൻ രാജ്യത്തിലെ ഫുട്ബോൾ ടീമിന്റെ നായകൻ.

ലോകത്തിന്റെ സൗന്ദര്യം മുഴുവൻ ഒരു കാല്പന്തിൽ ആവാഹിച്ച,  ആകാംക്ഷയും ഉദ്ദ്വേഗജനകമായ നിമിഷങ്ങളും നിറഞ്ഞ 30 ദിനരാത്രങ്ങൾ. എല്ലാ ശത്രുതകളും ദുഃഖങ്ങളും ആവലാതികളെല്ലാം മാറ്റിവച്ചു കഴിഞ്ഞ ഒരു മാസമായി ലോകജനത ഈയൊരു പന്തിന്റെ പിറകെയായിരുന്നു, കണക്കുകൂട്ടലും പ്രാർത്ഥനകളുമായി. ആര് വീഴും ആര് നേടും എന്ന് പ്രവചിക്കാനാവാത്ത ആവേശം നിറഞ്ഞ പോരാട്ടങ്ങളുടെ 30 നാളുകൾ. ഒടുവിൽ കലാശപോരാട്ടത്തിലേക്കു എത്തുമ്പോഴേക്കും, ലോകകപ്പ് തങ്ങൾക്കുള്ളതാണെന്നു വീമ്പിളക്കിയ അല്ലെങ്കിൽ ആരാധകർ അങ്ങിനെ കല്പിച്ച ഫുട്ബോൾ ലോകത്തിലെ പ്രമാണിമാരായ വമ്പന്മാരും ആരാധകരുടെ സിരകളെ ചൂടുപിടിപ്പിച്ച ഭാവനാസമ്പന്നരായ മഹാരഥന്മാരായ കളിക്കാരും കൂടാരങ്ങളിലേക്കു മടങ്ങിയിരുന്നു, പോരാട്ടവീര്യത്തിന്റെ ലക്ഷണം തരിമ്പും പ്രകടിപ്പിക്കാതെ. 
പ്രവചനങ്ങളെ മുഴുവൻ കാറ്റിൽ പരത്തി ക്രൊയേഷ്യ എന്ന കുഞ്ഞൻ രാജ്യം കലാശപോരാട്ടത്തിനു അർഹത നേടിയപ്പോൾ യാഥാസ്ഥിതികരുടെ നെറ്റി ചുളിഞ്ഞെങ്കിലും ഫുട്ബോളിനെ മാത്രം നെഞ്ചിലേറ്റുന്ന ഒരു ജനതയുടെ പോരാട്ടവീര്യത്തിന്റെ സാക്ഷ്യപത്രം കൂടിയായി അത്. 90 മിനുട്ടു നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ, ഉയിർത്തെഴുന്നേൽപ്പിനായി തങ്ങളുടെ രാജ്യം ആഗ്രഹിച്ചതെന്താണോ അത് കപ്പിനും ചുണ്ടിമിടയിൽ വച്ച് വഴുതിവീഴുന്നതു കണ്ടുനിൽക്കേണ്ടി വന്നു അവർക്ക്. അതൊരു വേദന തന്നെയായിരുന്നു ക്രോയേഷ്യയെ സംബന്ധിച്ചിടത്തോളം. അല്ലെങ്കിലും ഒരു ഫുട്ബോൾ മത്സരം മൂലം പിറവിയെടുത്ത രാജ്യത്തിന്, സിരകളിലും ചിന്തകളിലും ഫുട്ബോളിനെ നിറച്ച, ഫുട്ബോളിനെ മാത്രം നെഞ്ചിലേറ്റിയ ഒരു ജനതയ്ക്ക്, കാൽപ്പന്തു കളിയുടെ അവസാനവാക്കായ ലോകകപ്പിൽ കുറഞ്ഞൊന്നും ചിന്തിക്കാനാവുമായിരുന്നില്ലല്ലോ.

സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്തു ഫ്രാൻസിലെ താരങ്ങളും ആരാധകരും ആഹ്ളാദനൃത്തം ചവുട്ടുമ്പോൾ മോഡ്രിച്ചിന്റെ നെഞ്ചിൽ ദുഖത്തിന്റെ പെരുമ്പറ മുഴങ്ങുകയായിരുന്നു. അവസാനവിസിൽ മുഴങ്ങുന്നതുവരെയും പൊരുതിയ തങ്ങളുടെ ടീമിന് പിന്തുണയുമായി ഗാലറിയിൽ ക്രൊയേഷ്യക്കാർ വേദന കടിച്ചമർത്തി അഭിവാദ്യമർപ്പിച്ചു. അവർക്കറിയാം, തങ്ങളുടെ വീരനായകർ, ആയുധം പ്രയോഗിക്കാൻ മറന്ന യോദ്ധാക്കളല്ല മറിച്ചു തങ്ങളേക്കാൾ കരുത്തരായ എതിരാളികളോട് പൊരുതി തോറ്റവരാണെന്ന്. ആ തോൽവിക്ക് എതിരാളികളുടെ വിജയത്തേക്കാളും മഹത്വം അവർ കൽപ്പിച്ചു. 

മോഡ്രിച്ച്, കോടികൾ ജനസംഖ്യയുള്ള, വികസിതരാജ്യമെന്ന് അഹങ്കരിക്കുന്ന, സാങ്കേതികമായും സാമ്പത്തികമായും ഒരു പാട് മുന്നിലെന്ന് വീമ്പിളക്കുന്ന രാജ്യങ്ങൾക്കാർക്കും പെട്ടെന്നൊന്നും എത്തിപ്പെടാൻ കഴിയാത്ത ഉയരത്തിൽ തന്നെയാണ് നിങ്ങളും കൂട്ടുകാരും ചേർന്ന് നിങ്ങളുടെ രാജ്യത്തിനെ എത്തിച്ചിരിക്കുന്നത്. അതിൽ അഭിമാനിക്കാം, ഈ ജീവിതകാലം മുഴുവൻ. ഈ കാൽപ്പന്ത് മാമാങ്കം നിലനിൽക്കുന്നിടത്തോളം നിങ്ങളുടെ പോരാട്ടത്തെ (നേട്ടത്തെ) ഞങ്ങൾ കായികസ്നേഹികൾ ഒരിക്കലും മറക്കില്ല, മുന്നിൽ നിന്ന് നയിച്ച നിങ്ങളെയും. അതുകൊണ്ട്  തലയുയർത്തി നെഞ്ച് വിരിച്ചു തന്നെ  പോകാം നിങ്ങൾക്കും കൂട്ടാളികൾക്കും. ഞങ്ങളുടെ മനസ്സിൽ നിങ്ങളാണ് ചാമ്പ്യന്മാർ, രാജ്യത്തിന് വേണ്ടി പൊരുതി വീണ, സിരകളിൽ രാജ്യസ്നേഹം നിറച്ച  യഥാർത്ഥ വീരന്മാർ...

അഭിമന്യു

പുരാണത്തിൽ നാം കേട്ട ഒരു അഭിമന്യുവുണ്ട്, ദ്വാപരയുഗത്തിലെ അഭിമന്യു..
വില്ലാളി വീരനായ അർജ്ജുനന്റെ പുത്രൻ..
ഭഗവാൻ  കൃഷ്ണന്റെ അനന്തിരവൻ...
രാജകൊട്ടാരത്തിന്റെ സമൃദ്ധിയിൽ വളർന്നവൻ...
അച്ഛനെപ്പോലെ തന്നെ വില്ലാളിവീരനായി തീർന്നവൻ ...
ഗർഭസ്ഥശിശുവായിരിക്കുമ്പോൾ തന്നെ ചക്രവ്യൂഹം ഭേദിക്കാൻ പഠിച്ചവൻ..
അച്ഛന്റെ ശത്രുക്കളെ അവൻ തന്റെയും ശത്രുക്കളായി കണ്ടു..
അച്ഛന്റെ വിജയം തന്റെയും...
പക്ഷേ ഒരിക്കൽ പിഴച്ചു, ഒരിക്കൽ മാത്രം..ശത്രുക്കളുടെ ചതി മനസ്സിലാക്കാൻ അവന്  കഴിഞ്ഞില്ല..അല്ലെങ്കിൽ അത് തിരിച്ചറിയാൻ അവൻ വൈകിപ്പോയിരുന്നു...
ബന്ധുക്കളായ ശത്രുക്കൾ ചമച്ച ചക്രവ്യൂഹത്തിൽ പെട്ട് പൊരുതി മരിക്കേണ്ടി വന്നു അവന്... 
അതും ചതിയിലൂടെയുള്ള ആക്രമണത്തിൽ.. 
നിരായുധനായി, പക്ഷെ വീരനായി, അഭിമാനിയായി മഹാഭാരതയുദ്ധത്തിന്റെ പതിമൂന്നാം ദിവസം കുരുക്ഷേത്രയുദ്ധഭൂമിയിൽ അവൻ നിലം പതിച്ചു, തന്റെ പതിനാറാം വയസ്സിൽ.. 
പരാക്രമശാലിയായ, വില്ലാളിവീരനായ അഭിമന്യു എല്ലാ അസ്ത്രശസ്ത്ര വിദ്യകളും സ്വായത്തമാക്കിയിരുന്നു, ചക്രവ്യൂഹത്തിൽ നിന്ന് പുറത്തു കടക്കാനുള്ള തന്ത്രമൊഴിച്ച്..!!!!

അത് വ്യാസൻ കരുതിവച്ച അവസരമായിരുന്നു...
ചക്രവ്യുഹത്തിൽ ചതിയിൽ പെട്ട് മരിക്കണം എന്ന വിധി നടപ്പിലാക്കാനുള്ള സമർത്ഥമായ ഒരായുധം....

ഇപ്പോൾ നാം മറ്റൊരു അഭിമന്യുവിനെക്കൂടി അറിയും...
കുലമഹിമയും പ്രതാപവും അവകാശപ്പെടാൻ കഴിയാത്തവൻ..
തോട്ടം തൊഴിലാളിയായ മനോഹരന്റെ മകൻ...
ഒറ്റമുറി വീട്ടിലെ ആർഭാടത്തിൽ വളർന്നവൻ...
തനിക്കുവേണ്ടി  ജീവിതം മാറ്റിവച്ച സഹോദരന്റെ ഹൃദയവിശാലതയ്ക്കു മുൻപിൽ പൊട്ടിക്കരഞ്ഞവൻ..
പഠിക്കണമെങ്കിൽ സ്വയം സമ്പാദിക്കണം എന്ന് തിരിച്ചറിഞ്ഞവൻ...
ഒരു പക്ഷെ ജനിച്ചപ്പോൾ തന്നെ സ്നേഹിക്കാൻ മാത്രം പഠിച്ചവൻ..
ഒരു കൊടി കൈയിൽ പിടിക്കുമ്പോഴും മറുകൊടിക്കീഴിലുള്ളവരെ ഹൃദയത്തോട് ചേർത്ത് നിർത്തിയവൻ..
ആരെയും ശത്രുവായി കാണാതെ എല്ലാവരെയും മിത്രമായിക്കണ്ടവൻ..
പക്ഷെ അവിടെ അവനും പിഴച്ചു..
ഇരുട്ടിന്റെ മറപറ്റി ഒരു കൈയിൽ കത്തിയും മറുകൈയിൽ ഇരുമ്പുകട്ടയുമായി വന്ന നരാധമന്മാരായ ശത്രുക്കളെ തിരിച്ചറിയാൻ കഴിഞ്ഞില്ല അവന്..അവർ ചമച്ച ചക്രവ്യൂഹത്തിൽ പെട്ടുപോയി അവൻ...അവരുടെ ചതി തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു..
നെഞ്ചുപിളർന്നവർ അട്ടഹസിച്ചപ്പോൾ, നിസ്സഹായനായി, നിരായുധനായി, ഏകനായി അവൻ മരണത്തെ പുൽകി, വിദ്യയുടെ ക്ഷേത്രാങ്കണത്തിൽ വച്ച്..തന്റെ പത്തൊമ്പതാം വയസ്സിൽ...
ഇവൻ ആധുനികയുഗത്തിലെ അഭിമന്യു, കലിയുഗത്തിലെ അഭിമന്യു...

അഭിമന്യു എന്നാൽ പരാക്രമശാലി, ദീർഘബാഹു, അഗ്നിസദൃശൻ എന്നൊക്കെയാണ് അർത്ഥങ്ങൾ. പുരാണത്തിലെ അഭിമന്യു അച്ഛനെ പോലെ വീരശൂരപരാക്രമശാലിയായിരുന്നു. കർണ്ണൻ, കൃപർ,ദ്രോണർ, അശ്വത്ഥാമാവ്, കൃതവർമ്മാവ്‌ , ബൃഹദ്ബലൻ എന്നിവർ എത്ര ശ്രമിച്ചിട്ടും വധിക്കാൻ കഴിയാത്തപ്പോഴാണ് ചക്രവ്യൂഹത്തിൽ പെടുത്തി ചതിച്ചു കൊന്നത്. 
അഭിമന്യുവിന്റെ വീരമരണം പാണ്ഡവരെ തളർത്തിയെങ്കിലും വർദ്ധിച്ച വീര്യത്തോടെ അവർ പോരാടുകയും ചതിയന്മാരായ ശത്രുക്കളെ മുഴുവൻ നശിപ്പിക്കുകയും ചെയ്തു. അധർമ്മത്തിന്റെ മേൽ ധർമ്മം വിജയം നേടി, അനിവാര്യമായ വിജയം.

പക്ഷെ ഈ അഭിമന്യു?
മേല്പറഞ്ഞ വിശേഷണങ്ങൾക്ക് ഒന്നിനും അവൻ അർഹനായിരുന്നില്ല.. പകരം സ്നേഹശാലിയായിരുന്നു..തന്റെ ചെറുകൈകളാൽ എല്ലാവരെയും ചേർത്തുനിർത്തിയവനായിരുന്നു..  സാധാരണയിൽ സാധാരണക്കാരനുമായിരുന്നു. എന്നിട്ടും ശത്രുക്കളുടെ ചക്രവ്യൂഹത്തിൽ പെട്ട് പിടഞ്ഞു മരിക്കേണ്ടി വന്നു..!!!!  
കാലത്തിന്റെ ക്രൂരമായ തമാശ..അല്ലാതെന്ത്..???
ഇവിടെയും അഭിമന്യുവിന്റെ മരണം ധർമ്മസംസ്ഥാപനത്തിന്, അധർമ്മികളുടെ നാശത്തിന് കാരണമാകുമോ? അതോ ഇരുട്ടിന്റെ മറവിലിരുന്നു അവർ പിന്നെയും പിന്നെയും ആയുധത്തിനു മൂർച്ച കൂട്ടുമോ, അടുത്ത ഇരയ്ക്കായി? 
കാത്തിരുന്ന് കാണുക തന്നെ വേണം...