പേജുകള്‍‌

സ്വാതന്ത്ര്യം


    "ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും 
ബന്ധനം  ബന്ധനം  തന്നെ  പാരിൽ"


"സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം,
പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം "

 - വള്ളത്തോൾ 

**************************************

"മോളെ ഒന്ന് ഡോക്ടറെ കാണിക്കണം.."
"ഉം..??" എന്തിനാണെന്ന ചോദ്യരൂപേണ ഞാൻ ഭാര്യയെ നോക്കി.
"പാല് കുടിക്കുമ്പോൾ തൊണ്ടയിൽ വല്ലാത്ത കുറുകുറു ശബ്ദം..കഫത്തിന്റേതാണോ ഒന്ന് പരിശോധിപ്പിക്കണം." മറുപടി.
'ഇന്ന് തന്നെ പോകണോ?', 'രണ്ടു ദിവസം കൂടി നോക്കിയിട്ടു പോയാൽ പോരെ?','നിനക്ക് തോന്നുന്നതായിരിക്കും' എന്നിങ്ങനെയുള്ള ഭർത്താക്കന്മാരുടെ സ്ഥിരം വാദഗതികൾ ഞാൻ ഉയർത്തിയില്ല, കാരണം മോൾക്ക് കഷ്ടിച്ച് നാൽപതു ദിവസം പ്രായമായതേയുള്ളൂ. അപ്പോൾപ്പിന്നെ കൂടുതൽ ചോദ്യങ്ങൾക്ക് അവിടെ പ്രസക്തിയില്ല.

അങ്ങിനെ ഞാനും ഭാര്യയും മോളെയും കൂട്ടി അധികം ദൂരത്തല്ലാതെയുള്ള ഒരു ക്ലിനിക്കിലേക്ക് യാത്ര തിരിച്ചു. ദൂരം കുറവുണ്ടെന്നത് മാത്രമല്ല ആ സ്ഥലം തിരഞ്ഞെടുക്കാൻ കാരണം അവിടെയുള്ള കുട്ടികളുടെ ഡോക്ടർ ഒരു മലയാളിയാണെന്നത് കൂടിയാണ്. മലയാളത്തിൽ കുറുകുറു എന്നൊക്കെ വളരെ എളുപ്പത്തിൽ ഡോക്ടറെ മനസിലാക്കാം. വേറെ ഭാഷയാണെങ്കിൽ ഇതൊക്കെ എങ്ങിനെ നടക്കാൻ? ജോലി ചെയ്യുന്നത് ഐടി-യിലാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, ഇംഗ്ലീഷിൽ കുറുകുറു എന്നൊക്കെ പറയാൻ പറഞ്ഞാൽ ഞാൻ കുഴയും. ആ കുരുക്ക് ഒഴിവാക്കാൻ കൂടിയാണ് ഇങ്ങോട്ടു വന്നത്.
അവിടുത്തെ ചെറിയ നടപടിക്രമങ്ങളൊക്കെ കഴിഞ്ഞു ഞങ്ങൾ ഡോക്ടറുടെ മുറിയിൽ പ്രവേശിച്ചു. ഒരു നാല്പതിനോടടുത്തു പ്രായമുള്ള
എന്നാൽ കൃശഗാത്രിയും ഉയരക്കുറവുമുള്ള ഒരു യുവതിയാണ് കക്ഷി. ഇംഗ്ലീഷിലാണ് ചോദ്യം വന്നതെങ്കിലും അതിനെ തെല്ലും അവഗണിച്ച് മലയാളത്തിൽ വിശദമായി 'തൊണ്ടയിലെ കുറുകുറു' അടക്കം വന്ന കാര്യം വിവരിച്ചു.  എല്ലാം ശ്രദ്ധയോടെ കേട്ട അവർ കുഞ്ഞിനെ പരിശോധിക്കാൻ തുടങ്ങി. കൈകാലുകൾ വലിച്ചും ഒടിച്ചും നീട്ടിയും  വയറ്റത്ത് തട്ടിയും പുറത്തു തട്ടിയും ഒക്കെ പരിശോധന വിശദമായി നടക്കുകയാണ്. അതിനിടയിൽ മോളുടെ കുപ്പായമൊക്കെ ഊരിമാറ്റാൻ പറഞ്ഞിരുന്നു. ഇപ്പോൾ ഒരു ഡയപ്പെർ മാത്രമിട്ട് 'എന്തോന്നാ ഈ അമ്മച്ചി കാണിക്കുന്നത്' എന്ന കൗതുകത്തോടെ മേശമേൽ അങ്ങിനെ കിടക്കുകയാണ്. ഇടയ്ക്കു മറിച്ചിട്ടും പിന്നെ തിരിച്ചിട്ടും ഒക്കെ അവരുടെ പരിശോധന നീളുന്നു. എല്ലാം കഴിഞ്ഞപ്പോൾ ഡോക്ടർക്ക് ഒരു ആഗ്രഹം. ഡോക്ടർമാർക്ക് ആഗ്രഹിക്കാൻ പാടില്ല എന്നൊന്നുമില്ലല്ലോ. അവർക്കു കുട്ടിയുടെ തൂക്കം നോക്കണം. അതും ഒന്നും ഇല്ലാതെ. എന്നുവച്ചാൽ ഡയപ്പെർ അടക്കം ഊരി മാറ്റണം എന്നവർ. 'അത്രയ്ക്ക് വേണോ അതിട്ടിട്ടു നോക്കിയാൽ പോരെ' എന്ന് ഞങ്ങൾ.
"അത് പോരാ, യഥാർത്ഥ തൂക്കം തന്നെ വേണം, ചാർട്ടിൽ രേഖപ്പെടുത്താനാണ്" എന്നായി ഡോക്ടർ.
ശരി, അവിടുത്തെ ഇഷ്ട൦. ഞങ്ങൾ അവളുടെ ശരീരത്തിൽ അവശേഷിക്കുന്ന ഡയപ്പെർ കൂടി ഊരി മാറ്റി എന്നിട്ടു പതുക്കെ തൂക്കം നോക്കുന്ന പാത്രത്തിൽ കിടത്തി. നഗ്നമായ തളിരിളം മേനിയിൽ പത്രത്തിന്റെ തണുപ്പ് തട്ടിയപ്പോൾ അവളൊന്നു പുളഞ്ഞു. പാരതന്ത്ര്യത്തിന്റെ എല്ലാ കെട്ടുകളിൽ നിന്നും മോചിതയായതിന്റെ  സന്തോഷം കൊണ്ടോ അതോ ഇത്ര നേരം തന്നെ ബന്ധനസ്ഥയാക്കിയതിന്റെ പ്രതിഷേധസൂചകമായിട്ടോ എന്നറിയില്ല പെട്ടെന്നായിരുന്നു അവൾ ശൂർർർർ.... എന്ന് മൂത്രമൊഴിച്ചത്. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞങ്ങൾ  അന്താളിച്ചെങ്കിലും ഡോക്ടറുടെ പ്രതികരണം ഒരു വലിയ പൊട്ടിച്ചിരിയായിരുന്നു. മോൾ അവളുടെ സ്വാതന്ത്ര്യം ആഘോഷിച്ചു തീരുന്നതു വരെ ഞങ്ങളെല്ലാം ചുറ്റും നിന്ന് കൗതുകത്തോടെ അവൾ അനുഭവിക്കുന്ന അനിർവചനീയമായ ആനന്ദം കണ്ടു നിന്നു (അവളെ എടുക്കാൻ അവർ സമ്മതിച്ചില്ല എന്നതാണ് സത്യം). പോകേണ്ടതെല്ലാം പോയി ശരീരത്തിൽ തണുത്ത വെള്ളത്തുള്ളികൾ തട്ടിയപ്പോൾ ഒന്നും ആലോചിക്കാതെ ഉച്ചത്തിൽ നിലവിളിയും തുടങ്ങി അവൾ. ഡോക്ടർക്കാണ് ഇപ്പോൾ ശരിക്കും സന്തോഷമായത്, യഥാർത്ഥ തൂക്കം തന്നെ കിട്ടിയ സന്തോഷത്താൽ അവർ അവിടെ വൃത്തിയാക്കാനായി ആരോടോ വിളിച്ചു പറഞ്ഞു. അത്രയും നേരം തനിക്ക് നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരിച്ചു കിട്ടിയപ്പോൾ ഇനിയുള്ളതൊന്നും എനിക്ക് ബാധകമല്ല എന്ന മട്ടിൽ എല്ലാം മറന്നു സന്തോഷത്തോടെ അവൾ അമ്മയുടെ മാറിൽ ചുരുണ്ടുകൂടി നിദ്രയെ പുൽകി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ