പേജുകള്‍‌

ശിവമയം

പനയാൽ ശ്രീ മഹാലിംഗേശ്വരനെ മനസ്സിൽ ധ്യാനിച്ചുകൊണ്ടെഴുതിയ ഈ ഗാനം 2024 ജനുവരി 15 (മകരം 1 ) നാളിൽ ഭഗവാന്റെ തിരുവുത്സവത്തോടനുബന്ധിച്ച് തിരുനടയിൽ സമർപ്പിക്കുകയുണ്ടായി. ഈ ഗാനത്തിന്റെ രംഗങ്ങൾ താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്കിൽ നിന്നും കാണാവുന്നതാണ്. 

https://www.youtube.com/watch?v=q2ri2hSxpS8ശംഭോ ശങ്കര ജഗന്നാഥാ…

ശംഭോ ശങ്കര ഗൗരീപതേ…

ശംഭോ ശ്രീ നീലകണ്ഠാ..

ശംഭോ മഹാലിംഗേശ്വരാ..

പനയാൽ വാഴും ശംഭുവേ ശരണം…

പനയാലപ്പനേ ശരണം ചരണം…


ശ്രീകോവിൽ മുന്നിൽ കൈ കൂപ്പി നിന്നു 

എൻ മാനസത്തിൽ നീ വിളങ്ങി നിന്നു

പരമേശ്വര നാമം മുഴങ്ങി ചുറ്റിലും

അമ്പലപ്രാവു പോൽ മനം കുറുകി 


അഴലെല്ലാം മറന്നു ഇരുളെങ്ങോ മറഞ്ഞു 

ജന്മാന്തര സുകൃതം നിൻ കടാക്ഷം 

കൈക്കുമ്പിളിൽ തീർത്ഥമേറ്റുവാങ്ങി 

പഞ്ചാക്ഷരിയാൽ അകം നിറഞ്ഞു 


ശീവേലി കണ്ടു തിരുനർത്തനം കണ്ടു 

മനതാരിൽ കാർമുകിൽ പോയിമറഞ്ഞു 

നിന്നാർദ്രഭാവമെൻ മിഴി നനച്ചു  

ഓംകാരമന്ത്രം വാനിലുയർന്നു


ഡമ ഡ്ഡമ ഡമ ഡ്ഡമ ഡമരു മുഴങ്ങി കൈലാസശൃംഗേ രുദ്രനുറഞ്ഞു

ധഗദ്ധഗ ധഗദ്ധഗ കോപാഗ്നിയാളി ദക്ഷമദാന്തക താണ്ഡവ നടനം 

ഈരേഴുപതിനാലുലോകം വിറപ്പൂ സംഹാരമൂർത്തിയിന്നാടീടുമ്പോൾ

ഈരേഴുപതിനാലുലോകം സ്തുതിപ്പൂ കാരുണ്യമൂർത്തിയേ ശരണം നീ നിത്യം

കാരുണ്യമൂർത്തിയേ ശരണം നീ നിത്യം

കാരുണ്യമൂർത്തിയേ ശരണം നീ നിത്യം

കാരുണ്യമൂർത്തിയേ ശരണം നീ നിത്യം


ഭഗവാന് സമർപ്പിക്കുന്നതിന്റെ ദൃശ്യം:2023-2

കാസർഗോഡ് നിന്നും പ്രസിദ്ധീകരിക്കുന്ന 'ഉത്തരദേശം' എന്ന പത്രത്തിൽ താഴെ കൊടുത്തിരിക്കുന്ന ലേഖനം ചെറിയ ചില മാറ്റങ്ങളോടെ ജനുവരി 10, 2024 ന് കൊടുത്തിരുന്നു.

https://utharadesam.com/last-year-kerala-saw/

സാമ്പത്തിക പരാധീനതകൾക്കിടയിൽ ഞെരുങ്ങിയ കേരളം - പോയവർഷം  കേരളത്തിന്റെ അവസ്ഥ ഇങ്ങനെയായിരുന്നു. സാമ്പത്തികപ്രശ്നങ്ങളാൽ ശമ്പളം കൊടുക്കാൻ പോലും വകയില്ലാതെ ക്ഷേമപെൻഷനുകളും കർഷകർക്കുള്ള കുടിശ്ശികയും മുടങ്ങുകയും ആത്മഹത്യകൾ അരങ്ങേറുകയും ചെയ്യുമ്പോൾ തന്നെയാണ് കേരളീയവും നവകേരളയാത്രയും ക്ലിഫ് ഹൗസ്സിലെ തൊഴുത്ത് നിർമ്മാണവും യുവജനക്ഷേമകമ്മീഷന്റെ ശമ്പളവർധനയും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ നാട്ടിൽ അരങ്ങേറിയത്. അതിനിടയിലും കെ-ഫോൺ, വിഴിഞ്ഞം തുറമുഖം, എ ഐ കാമറ, കുടിവെള്ളവിതരണം എന്നിങ്ങനെ ചില വികസനമുദ്രകളും ഈ നാട്ടിൽ കാണുകയുണ്ടായി. പറഞ്ഞാലും തീരാത്ത വിവാദങ്ങളും പോരാട്ടങ്ങളും അക്രമങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും ദുരിതങ്ങളും എന്നുവേണ്ട സകലമാനസംഭവങ്ങളും മറ്റിടങ്ങളിലെന്നപോലെ ഈ കൊച്ചുകേരളത്തിലും പോയവർഷം അരങ്ങേറുകയുണ്ടായി.  ഏതായാലും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നമ്മുടെ സംസ്ഥാനത്ത് സംഭവിച്ച പ്രധാന സംഭവങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം. വിശദമായി പറയാനുള്ള സ്ഥലപരിമിതിയും സമയക്കുറവും ഇവിടെയുണ്ടെന്നതുകൂടി കണക്കിലെടുക്കണം.

ഭരണഘടനയെ വിമർശിച്ചതിന് മന്ത്രിസ്ഥാനം നഷ്‌ടമായ സജി ചെറിയാൻ വീണ്ടും മന്ത്രിക്കസേരയിൽ അമർന്നിരിക്കുന്നതിന് ഈ വർഷം ആദ്യം നാം സാക്ഷിയായി. ഭരണഘടനയെ സംരക്ഷിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്തവർ തന്നെയാണ് അതിനെ വിമർശിക്കുന്നതും പിന്നീട് അതേ ഭരണഘടന നൽകുന്ന അധികാരസുഖം നുണയാനായി എത്തുന്നതും. ഭക്ഷ്യദുരന്തം ഒരിക്കൽ കൂടി കേരളത്തിൽ എത്തി. ഉറക്കമുണർന്ന ഭക്ഷ്യവകുപ്പ് ത്വരിതഗതിയിൽ ഗുണനിലവാര പരിശോധനയെന്ന പ്രഹസനവുമായി ഇറങ്ങി, അതും വാർത്തയുടെ ചൂട് ആറുന്നതുവരെ മാത്രം. ദിനംതോറും ലഹരിയുടെ അടിമകളായിത്തീരുന്ന നമ്മുടെ ബാല-കൗമാരങ്ങൾ ഏറെ ആശങ്കയുണർത്തുന്ന ഒരു വാർത്ത തന്നെയാണ്. ഇതിന്റെ പിന്നിൽ ഭരണകക്ഷിയുടെ യുവജനസംഘടനകളിൽ പ്രവർത്തിക്കുന്ന ചിലരെങ്കിലും  ഉൾപ്പെട്ടിട്ടുണ്ടെന്നത് അതിലും വലിയ ഞെട്ടലായിരുന്നു. പകൽ മുഴുവൻ ലഹരിക്കെതിരെ ഘോരഘോരം വാദിക്കുക, ഇരുട്ടിന്റെ മറവിൽ അതിന്റെ വില്പനക്കാരാകുക. ഒരുപക്ഷെ ഈ അധികാരബന്ധങ്ങൾ തന്നെയാണ് ലഹരിക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സാധിക്കാതെ പോകുന്നതിനും കാരണം എന്ന് പറയേണ്ടിയിരിക്കുന്നു. കോളേജ് ലാബുകളിൽ ആയുധനിർമ്മാണം, പോലീസുകാരുടെ ഗുണ്ടാബന്ധം തുടങ്ങിയ വാർത്തകളും ഇതിനോട് ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു.

ഒരുകാലത്ത് സ്വകാര്യ സർവ്വകലാശാലകൾക്കെതിരെ വീറോടെ സമരരംഗത്തിറങ്ങിയിരുന്ന ഇടതുപക്ഷം, പ്രത്യേകിച്ച് സി പി എം തങ്ങളുടെ നിലപാടിൽ നിന്നും മാറി അവയ്ക്കനുകൂലമായി നിലപാടെടുക്കുന്നതും നാം കണ്ടു. ആഗോളവിദ്യാഭ്യാസത്തിന്റെ പ്രസക്തി ഇപ്പോഴെങ്കിലും ഇടതുപക്ഷം തിരിച്ചറിഞ്ഞെന്നു കരുതാം. സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയെന്ന് ഇടതുപക്ഷം മേനിപറഞ്ഞിരുന്ന കെ റെയിലിനെതിരെ പ്രത്യക്ഷസമരത്തിനിറങ്ങിയ ശാസ്ത്ര സാഹിത്യ പരിഷത്ത് ആദ്യമായി യുഡിഎഫ് നേതാക്കളെ കൂടെ കൂട്ടിയതും നാം കണ്ടു. സാമൂഹ്യാഘാതപഠനത്തിന്റെ റിപ്പോർട്ട് പുറത്തിറക്കി, കെ റയിൽ യാഥാർഥ്യമായാൽ എത്രമാത്രം വലിയ ദുരന്തമാണ് സംഭവിക്കാനിരുന്നത് എന്നത് ജനങ്ങൾക്കവർ വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾക്കും സേവനങ്ങൾക്കും വർദ്ധന വരുത്തിക്കൊണ്ടാണ് സംസ്ഥാന സർക്കാർ പുതിയ ബജറ്റ് അവതരിപ്പിച്ചത്. സാമ്പത്തികപ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാർ, ക്ഷേമപെൻഷനുകൾ നൽകാനെന്ന പേരിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് രണ്ടു രൂപയുടെ അധിക സെസ്സും ഏർപ്പെടുത്തി. നഷ്ടത്തിന്റെ പേരും പറഞ്ഞ് വെള്ളക്കരവും വൈദ്യുതിക്കാശും പലവട്ടം വർദ്ധിപ്പിച്ചു. വീണ്ടും ഒരു ആദിവാസിയുവാവിന്റെ മരണം കൂടി സംസ്ഥാനത്ത്. ആത്മഹത്യയെന്ന് പോലീസും കൊലപാതകമെന്ന് വീട്ടുകാരും. ഇത്തരം കേസുകളുടെ ഭാവി എന്തായിരിക്കുമെന്ന് നമുക്കൂഹിക്കാൻ പറ്റുന്നതേയുള്ളൂ. കഴിഞ്ഞ വർഷം ഏറെ കോളിളക്കം സൃഷ്ടിച്ച ലൈഫ് മിഷൻ കേസിന്റെ പേരിൽ എം ശിവശങ്കരനെ ഇ ഡി അറസ്റ്റ് ചെയ്തു. തുടർന്ന് യൂണിടെക് എം ഡി സന്തോഷ് ഈപ്പനും അറസ്റ്റിലായി. പല ഉന്നതർക്കും പങ്കുണ്ടെന്നു പറയപ്പെടുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വരെ ഇ ഡി ചോദ്യം ചെയ്തു. ഉന്നതപദവിയിലിരിക്കുന്ന പലരും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അയച്ച അശ്ലീലസന്ദേശങ്ങൾ കണ്ടു ജനം മൂക്കത്ത് വിരൽ വെച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന പല ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും അതിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാൻ പോലും ആരും തയ്യാറായില്ല എന്ന വിചിത്ര നിലപാടും നാം കാണുകയുണ്ടായി. മുൻ സ്‌പീക്കർക്കും മന്ത്രിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കാൻ പോലും കഴിയാതെ, കൂടുതൽ വെളിപ്പെടുത്തലുകൾ ഭയന്ന് അവരൊക്കെ പിൻവാങ്ങുന്നതും നാം കണ്ടു. പ്രതിപക്ഷത്തെ പ്രത്യേകിച്ച് കോൺഗ്രസിനെ വേട്ടയാടാൻ എന്നും ഉത്സാഹിച്ചിരുന്ന കേന്ദ്രസർക്കാരാവട്ടെ ഇത്ര വലിയ അഴിമതിയാരോപണങ്ങൾ കേട്ടിട്ടും അതിനെതിരെ ഒരു അന്വേഷണം നടത്താൻ തയ്യാറാകാത്തതും ഇരുപക്ഷങ്ങൾ തമ്മിലുള്ള അന്തർധാരയുടെ ഫലമായിട്ടാണോയെന്ന് ജനത്തിന് സംശയം തോന്നുകയുമുണ്ടായി. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചിലവഴിച്ചെന്ന പരാതിയിലെ വാദങ്ങളെല്ലാം കേട്ടുകഴിഞ്ഞ് ഒരുവർഷത്തിന് ശേഷം ലോകായുക്ത വിധി പറഞ്ഞു, കേസ് മൂന്നംഗ ബെഞ്ചിന് കൈമാറിക്കൊണ്ട്. മാസങ്ങൾക്ക് ശേഷം വന്ന ലോകായുക്തയുടെ തീരുമാനമാകട്ടെ സർക്കാരിന് അനുകൂലമായും. ഇതിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ. കേന്ദ്രസർക്കാർ ബിബിസി ഓഫീസുകളിൽ പരിശോധന നടത്തിയപ്പോൾ മാധ്യമസ്വാതന്ത്ര്യത്തിനെതിരെ വാദിച്ചവർ കേരളത്തിലെ മാധ്യമപ്രവർത്തകരെ ഭരണപക്ഷം അക്രമിച്ചപ്പോഴും അസഭ്യം പറഞ്ഞപ്പോഴുമൊക്കെ ഉരുണ്ടുകളിക്കുന്നതും കണ്ടു. മറുനാടനെതിരെ സർക്കാരും ഭരണപക്ഷവും നടത്തിയ മാധ്യമവേട്ട പലപ്പോഴും കോടതികളിൽപ്പോലും വിമർശിക്കപ്പെട്ടു. കെ എസ് ആർ ടി സി ജീവനക്കാർ ശമ്പളത്തിന് വേണ്ടി കോടതികളിൽ കയറിയിറങ്ങുന്നതും സർക്കാരിനെ പലതവണ കോടതികൾ മുൾമുനയിൽ നിർത്തുന്നതും നാം കണ്ട മറ്റൊരു കാഴ്ചയാണ്. ഓരോ മാസത്തെ ശമ്പളവും ഗഡുക്കളായി കൊടുക്കാമെന്ന് ഗത്യന്തരമില്ലാതെ സർക്കാർ പറഞ്ഞെങ്കിലും അതിനും വഴിയില്ലാത്ത  അവസ്ഥയിലാണിപ്പോൾ. ആ സ്ഥാപനത്തെ നന്നാക്കാൻ ഇറങ്ങിയവരൊക്കെ യൂണിയൻകാരുടേയും അവർക്ക് ഒത്താശ പാടുന്നവരുടേയും മർക്കടമുഷ്ടി കാരണം ദൗത്യം പാതിവഴിയിലിട്ടു പോയി. സർക്കാർ കെടുകാര്യസ്ഥയുടെ ഏറ്റവും വലിയ തെളിവായി മാറി ഈ സ്ഥാപനം. കൊച്ചിയിലെ മാലിന്യത്തിൽ പടർന്ന തീ പറത്തിവിട്ട വിഷപ്പുക ഒരുപാടു ജീവിതങ്ങളെ ദുരിതത്തിലാക്കി. ഒരുപാട് ദിവസങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണ് അതിനെ നിയന്ത്രവിധേയമാക്കാൻ കഴിഞ്ഞത്. സർക്കാർ കൊട്ടിഘോഷിച്ച മാലിന്യനിർമ്മാജ്ജനത്തിന്റെ മറ്റൊരു ദുരന്തപൂർണ്ണമായ മുഖമായിരുന്നു ഇവിടെ കാണാൻ കഴിഞ്ഞത്. ആരുടെയൊക്കെയോ സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി നിയമം മറന്നപ്പോൾ  പുകഞ്ഞുപോയത് നിസ്സഹായരായ ജനങ്ങളായിരുന്നു. വഴിവിട്ട കരാർ എത്തിനിന്നതും മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ മുന്നിലായിരുന്നു. പ്രഖ്യാപിക്കപ്പെട്ട അന്വേഷണങ്ങൾ എല്ലാം പ്രഹസനമായി. സംസ്ഥാനത്തെ പല സ്ഥലങ്ങളിലും മേല്പറഞ്ഞ കമ്പനിക്ക് വഴിവിട്ട രീതിയിൽ കരാർ ലഭിച്ച കഥകളും ഇതിനിടയിൽ പുറത്തുവന്നു.

പോയവർഷം ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു പ്രസ്താവനയായിരുന്നു തലശ്ശേരി അതിരൂപതയിലെ ആർച്ച്  ബിഷപ്പിന്റേതായി പുറത്തുവന്ന, 'റബ്ബറിന് മുന്നൂറു രൂപയാക്കിയാൽ സംസ്ഥാനത്ത് ബിജെപിയെ പിന്തുണക്കും' എന്നത്. ബിജെപിക്ക് പ്രതീക്ഷയും മോഹവും നൽകി; ഏറെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വഴിവെച്ചു ഈ പ്രസ്താവന. പക്ഷേ മണിപ്പൂരിലെ വർഗ്ഗീയകലാപത്തിൽ  കേന്ദ്രസർക്കാരിന്റെ നിലപാടുകളും റബ്ബറിന്റെ വിലകൂടാൻ സാധ്യതയില്ല എന്ന തിരിച്ചറിവുകളും ഈ നിലപാടിൽ നിന്ന് പിന്നോക്കം പോകാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ടാകും. ഏതായാലും ബിഷപ്പിന്റെ ഈ പ്രസ്താവന റബ്ബറിന്റെ സബ്സിഡി പുനഃസ്ഥാപിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് രോഗിയെ ജീവനക്കാരൻ പീഡിപ്പിച്ചുവെന്ന വാർത്ത സാംസ്കാരികകേരളത്തിന് അപമാനമായി. നാളിതുവരെയായിട്ടും സർക്കാരിൽ നിന്നും ഇരയ്ക്ക് നീതി ലഭിച്ചില്ല എന്നത് 'ഒറ്റപ്പെട്ട' ഈ കേസിലെ വൈരുദ്ധ്യം. സംവരണപ്രശ്നത്തിൽ അയോഗ്യനാക്കപ്പെട്ട ദേവികുളം എം എൽ എ യും മതത്തെ ഉപയോഗപ്പെടുത്തി എന്നതിന് തൃപ്പൂണിത്തറ എം എൽ എയും കോടതികളിൽ പോരാട്ടം തുടരുന്നു. നിയമസഭയിലെ പ്രതിപക്ഷസമരങ്ങളും സത്യാഗ്രഹങ്ങളും ഏറെ വിവാദമായി. വേഗതയ്ക്ക് കൊതിക്കുന്ന മലയാളികൾക്ക് കേന്ദ്രത്തിന്റെ സമ്മാനമായി ലഭിച്ചത് ഒന്നല്ല, രണ്ട് വന്ദേഭാരത് തീവണ്ടി. എതിർത്തവർ പോലും അതിൽ ടിക്കറ്റ് എടുക്കാൻ പരക്കംപായുന്നതും നിത്യകാഴ്ച. കെ റയലിന് ബദലായി അതിവേഗ/അർദ്ധാതിവേഗ ആകാശ തീവണ്ടിപ്പാതകളെന്ന ആശയവുമായി ഇ ശ്രീധരൻ രംഗത്തുവന്നു. സംസ്ഥാനത്തെ റോഡുകളെ അപകടരഹിതമാക്കുകയെന്ന നല്ല ഉദ്ദേശവുമായി കെൽട്രോണുമായി സഹകരിച്ച് സർക്കാർ സംസ്ഥാനത്തിലെ റോഡുകളിൽ എ ഐ ക്യാമറകൾ ഘടിപ്പിക്കാൻ തീരുമാനിച്ചു. വാഹനം ഓടിക്കുമ്പോഴുള്ള എല്ലാ നിയമലംഘനങ്ങളും പിടിക്കുക എന്നതായിരുന്നു ലക്‌ഷ്യം. ഇതിനുശേഷം  സംസ്ഥാനത്തെ റോഡുകളിൽ അപകടങ്ങളിൽ കുറഞ്ഞുവെന്നാണ് മന്ത്രിയുടെ അവകാശവാദം. എങ്കിലും ഈ പദ്ധതിക്കെതിരെ ഉയർന്ന ആരോപണം ഇതിന്റെ ശോഭ കെടുത്തി എന്ന് പറയാതിരിക്കാനാവില്ല. ടെൻഡർ പോലും വിളിക്കാതെ വന്ന കരാറിനെ ചൊല്ലി പ്രതിപക്ഷം പല ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും അതൊന്നും അന്വേഷിക്കാൻ പോലും സർക്കാർ തയ്യാറായില്ല. പതിറ്റാണ്ടുകൾ കഴിഞ്ഞ ലാവലിൻ കേസ് ഈ നൂറ്റാണ്ടിലും തീരാനുള്ള സാധ്യതയില്ല എന്ന സന്ദേശവുമായി പലതവണ സുപ്രീം കോടതിയിൽ വാദം കേൾക്കൽ നീട്ടിവെച്ചു. സംസ്ഥാനവും കേന്ദ്രവുമായുള്ള ഒത്തുകളി രാഷ്ട്രീയമെന്ന്  കോൺഗ്രസ്. കൊടകര കുഴൽപ്പണക്കേസിലെയും മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിലേയും അന്വേഷണം ഇഴയുന്നത് കാണുമ്പോൾ ആരോപണത്തിൽ തെറ്റുപറയാനാവില്ല. 

വന്യമൃഗശല്യം ഓരോവർഷം കഴിയുമ്പോഴും ഏറിവരുന്നതാണ് കാണുന്നത്. അരിക്കൊമ്പനും ചക്കകൊമ്പനുമെല്ലാം കടുവയും പുലിയുമെല്ലാം മാധ്യമങ്ങളിൽ ഏറെ ദിവസങ്ങളിൽ ചർച്ചയായി. സ്വാഭാവികവനം കുറയുന്നതാണ് ഇതിനു കാരണമെന്ന് പക്ഷേ നാം ഓർക്കുന്നില്ല. സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തി പരപ്പനങ്ങാടിയിലെ ബോട്ട് അപകടത്തിൽ പൊലിഞ്ഞുപോയത് ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം 22  ജീവനുകൾ. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കും പിടിപ്പുകേടിനും വഴിവിട്ട നീക്കങ്ങൾക്കുമെല്ലാം മറ്റൊരു ഉദാഹരണം. ബോട്ട് പരിശോധന എന്ന പ്രഹസനം വീണ്ടും കണ്ടു. ഏറെ ദുരൂഹത ഉയർത്തി സെക്രട്ടറിയേറ്റിൽ വീണ്ടും അഗ്നിബാധ. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട അഴിമതി പരിശോധിക്കാൻ കേന്ദ്രസംഘം വരാനിരിക്കെ നടന്ന സംഭവത്തിൽ തുടർനടപടിയില്ല. സർവ്വകലാശാല തിരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തുക,  പരീക്ഷ എഴുതാതെ വിജയിപ്പിക്കുക, വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുമായി പിടിയിലാകുക എന്നിങ്ങനെ പലതരം നാണംകെട്ട കലാപരിപാടികൾക്കും നാം സാക്ഷിയായി. തീവണ്ടിയിൽ തീപിടുത്തം, അക്രമം തുടങ്ങിയ സംഭവങ്ങൾ ഒന്നിലധികം തവണ കേരളത്തിൽ അരങ്ങേറി. എലത്തൂർ തീവണ്ടിയാക്രമണക്കേസിലെ പ്രതിയെ മഹാരാഷ്ട്രയിൽ നിന്നും പൊക്കിയത് കേരളാപോലീസിന് അഭിമാനകരമായി, പ്രത്യേകിച്ച് പോലീസിനെതിരെ ഒരുപാട് ആരോപണങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ. ലോകകേരളസഭയുടെ പേരിൽ മുഖ്യമന്ത്രിയും സംഘവും അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ പ്രവാസികളോട് സംവദിക്കാൻ പോയി. ഇതിന്റെ പേരിൽ നടന്നുവെന്ന് പറയപ്പെടുന്ന പണപ്പിരിവും ഏറെ പരിഹാസ്യമായി. ഈ സമ്മേളനങ്ങൾ കൊണ്ട് കേരളത്തിനെന്ത് ഗുണമുണ്ടായി എന്നതും ഇന്നും അവ്യക്തം. പട്ടിശല്യത്തിൽ ജനങ്ങൾ ഏറെ വലഞ്ഞ കാലം കൂടിയായിരുന്നു കടന്നുപോയത്. പട്ടിയുടെ കടിയേറ്റ് മരണം വരെ സംഭവിച്ചു.  കേരളത്തിലങ്ങോളമിങ്ങോളം പ്രതിഷേധം അലയടിച്ചു. അലഞ്ഞുനടക്കുന്ന നായകളെ സംരക്ഷിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്നും അങ്ങനെ അവയുടെ ശല്യം തീരുമെന്നും മന്ത്രി ഏതായാലും പ്രഖ്യാപിച്ചിട്ടുണ്ട്.  കാലവർഷം ചതിച്ചെങ്കിലും മുൻ സിപിഎം അനുഭാവിയും ദേശാഭിമാനി ജീവനക്കാരനുമായ ശക്തിധരന്റെ ഒന്നിനുപുറകെ ഒന്നായി വന്ന ആരോപണമഴയിൽ പിണറായി വിജയനും മറ്റു നേതാക്കന്മാരും ഏറെ നനഞ്ഞു. കൈതോലപ്പായയും കൊല്ലാനുള്ള ഗൂഢാലോചനയുമടക്കം ഒരുപാട് വെളിപ്പെടുത്തലുകൾ നടത്തി. എല്ലാ ആരോപണങ്ങളെപ്പോലെ ഇതും പാർട്ടി നിഷേധിച്ചു എന്നതിനപ്പുറം ഒന്നും സംഭവിച്ചില്ല.

പിവി അൻവർ എന്ന ഭരണപക്ഷ എം എൽ എയുടെ സ്വാധീനത്തിനു മുന്നിൽ നിയമം പലപ്പോഴായി വഴിമാറുന്നതും നാം കാണുകയുണ്ടായി. മിച്ചഭൂമി തിരിച്ചുപിടിക്കാൻ കോടതികൾ പുറപ്പെടുവിച്ച വിധികൾ പാലിക്കാൻ പോലും സർക്കാരോ ഉദ്യോഗസ്ഥരോ ശ്രമിച്ചില്ല. അതിനെതിരെ വളരെ രൂക്ഷമായി കോടതിക്ക് പലപ്പോഴും പ്രതികരിക്കേണ്ടിവന്നു. മാസങ്ങൾ പലത് കഴിഞ്ഞിട്ടും അധികമുള്ള ഭൂമി പിടിച്ചെടുക്കാതിരിക്കാനുള്ള മെല്ലെപ്പോക്ക് നയവുമായാണ് സർക്കാർ നീങ്ങുന്നതെന്ന് വ്യക്തം. കെ റയിലിനുവേണ്ടി ഒരു തുണ്ടു ഭൂമി മാത്രം ഉള്ളവരുടെ അടുക്കളയിൽകേറി കല്ലിട്ടവർ തന്നെയാണ് ഇതിനും കൂട്ടുനിന്നത്. 

മൂട്ടിൽ മരം മുറിക്കേസിൽ ഒടുവിൽ പ്രതികൾക്കെതിരെ കുരുക്ക് മുറുകുന്നു. അന്വേഷണത്തിൽ മെല്ലെപ്പോക്കുണ്ടായെങ്കിലും പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാൽ ഓണക്കിറ്റ് വെട്ടിക്കുറച്ചു. സപ്പ്ളൈകോവിലും സാധനങ്ങൾ കിട്ടാത്ത അവസ്ഥയിൽ. വിലവർദ്ധന കാരണം ജനം നട്ടം തിരിഞ്ഞു. മന്ത്രിയുടെ മണ്ഡലത്തിലെ സപ്പ്ളൈകോവിൽ പോലും വില കുറഞ്ഞ 13 സാധനങ്ങൾ കിട്ടാതെയായി. വിവാദങ്ങൾക്കു ശമനമില്ലാതെ ദിവസങ്ങൾ കഴിയുന്നതിനിടയിലാണ് ഗണപതി മിത്താണെന്ന പ്രസ്താവനയുമായി സ്പീക്കർ എ എൻ ഷംസീർ രംഗത്തെത്തുന്നത്. ബിജെപിയും മറ്റു ഹൈന്ദവസംഘടനകളും വിഷയം ഏറ്റെടുത്തപ്പോൾ ഷംസീറിനെ അനുകൂലിച്ചു പ്രസ്താവന നടത്തിയ ഗോവിന്ദൻ മാഷ് നടത്തിയത് അതിലും പുലിവാലായിരുന്നു. ഗണപതി മിത്താണെന്നും മറ്റു മതങ്ങളിൽ ഉള്ളത് വിശ്വാസവുമാണെന്ന ഒന്നാംതരം 'മതേതര' പ്രസ്താവനയിൽ കുരുങ്ങിയ പാർട്ടി സെക്രട്ടറി അതിൽ നിന്നൂരാൻ കുറച്ചു പണിപ്പെടുന്നതും കേരളം കണ്ട കാഴ്ചയാണ്. ഇതിനെതിരെ എൻ എസ് എസ്, എസ് എൻ ഡി പി തുടങ്ങിയവർ നൽകിയ പരാതികൾ കോടതിയുടെ മുന്നിലിപ്പോഴുമുണ്ട്. 

സംസ്ഥാനത്തെ 50 % വീടുകളിലും കുടിവെള്ളമെത്തിക്കുന്ന, ഇന്ത്യയിലെ  ആദ്യസംസ്ഥാനമായി കേരളം മാറി എന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരു നേട്ടമായിരുന്നു. മോദി സമൂഹത്തെ അപമാനിച്ചു എന്ന കാരണത്തിന് ലോകസഭാംഗത്വം നഷ്‌ടമായ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയിലെ പോരാട്ടത്തിലൂടെയത്  തിരിച്ചെടുക്കാനായത് കേരളത്തിലെ കോൺഗ്രസ്സിനാകെ ഉണർവേകിയ സംഭവമാണ്. കരിമണൽ കർത്താ എന്നറിയപ്പെടുന്ന വ്യവസായിയുടെ കമ്പനിയിലെ സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട ആദായവകുപ്പിന്റെ ഒത്തുതീർപ്പ് ഉത്തരവിൽ സംസ്ഥാനത്തെ രാഷ്ട്രീയനേതാക്കൾ കൈക്കൂലി വാങ്ങിയെന്ന വാർത്തയുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. മുഖ്യമന്ത്രിയുടെയും മകളുടെയും പേരുകളോടൊപ്പം ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങി മറ്റു പ്രമുഖരുടെ പേരുകൾ കൂടി വെളിച്ചത്ത് വന്നത് ഇരുപക്ഷത്തേയും വെട്ടിലാക്കി. പാർട്ടിക്ക് വേണ്ടി വാങ്ങിയെന്നു യുഡിഎഫ് നേതാക്കൾ സമ്മതിച്ചപ്പോൾ കൃത്യമായ തെളിവോടെ പേരുണ്ടായിട്ടും മുഖ്യമന്ത്രി അത് നിഷേധിച്ചു. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഒറ്റയാൾ പോരാട്ടത്തിനിറങ്ങിയത് മാത്യു കുഴൽനാടൻ മാത്രമായിരുന്നു. മുഖ്യമന്ത്രിയുടെ മകൾ കർത്തയുടെ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയെന്ന് രേഖകൾ ഉദ്ദരിച്ച് അദ്ദേഹം വെല്ലുവിളിച്ചു. അതിന് പ്രതികാരമെന്നോണം അദ്ദേഹത്തിനെതിരെ സർക്കാർ പലതരത്തിലുള്ള അന്വേഷണപരമ്പരകൾ നടത്തിയെങ്കിലും കുഴൽനാടൻ തളർന്നില്ല. പാർട്ടി തന്നെ മുഖ്യമന്ത്രിയുടെ മകളെ ന്യായീകരിക്കാൻ ഇറങ്ങിയെങ്കിലും ജനം അതെത്ര മാത്രം വിശ്വസിച്ചു എന്നതിൽ സംശയമുണ്ട്. വർഷം കടന്നുപോകുമ്പോഴും തന്റെ നിലപാടിൽ നിന്നും ഒരിഞ്ച് പിന്നോട്ട് മാറാൻ മൂവാറ്റുപുഴ എം എൽ എ തയ്യാറായിട്ടില്ല. ഈ വെളിപ്പെടുത്തലുകൾക്കെതിരെ അന്വേഷണം വേണമെന്ന പരാതി ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

കരാറിലെ നിയമപ്രശ്നം ഉന്നയിച്ച് യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടാക്കിയ വൈദ്യതി കരാറുകൾ സർക്കാർ റദ്ദാക്കി. എന്നാൽ അനുദിനം വളരുന്ന വൈദ്യുതി ക്ഷാമം പരിഹരിക്കാൻ അതേ കമ്പനികളുമായി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ സർക്കാർ നിർബന്ധിതരായി എന്നതാണ് ഇതിലെ തമാശ. ഭാരം വീണ്ടും ജനങ്ങളുടെ തോളിൽ. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായ കരുവന്നൂർ സഹകരണബാങ്ക് കൊള്ള അന്വേഷിക്കാൻ ഇ ഡി എത്തിയതും ഈ വർഷമായിരുന്നു. സിപിഎം ന്റെ മുൻ മന്ത്രിയേയും പാർട്ടി നേതാക്കളെയും ചോദ്യം ചെയ്ത ഇ ഡി ഇതിലുള്ള അന്വേഷണം ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനപോലീസ് അന്വേഷിച്ചപ്പോൾ പ്രതിപട്ടികയിൽ ഇല്ലാതിരുന്ന പലരും ഇ ഡി യുടെ വലയിൽ കുടുങ്ങിയത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. സിപിഎം എന്ന പാർട്ടിക്ക് ഈ തട്ടിപ്പിൽ വ്യക്തമായ പങ്കുണ്ടെന്ന തെളിവുകളും ഇ ഡി പുറത്തു വിട്ടു. കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് കേന്ദ്രസംഘം ഇപ്പോൾ. അതിനു പിന്നാലെ പല സഹകരണബാങ്കുകളിലെ തട്ടിപ്പും പുറത്തു വരികയുണ്ടായി. വയനാട്ടിലെ തട്ടിപ്പിൽ കോൺഗ്രസ് നേതാവ് കുടുങ്ങിയതും കണ്ടല ബാങ്കിലെ തട്ടിപ്പിന് സിപിഐ നേതാവ് അറസ്റ്റിലായതും ഇതിനു പിന്നാലെയാണ്. രാഷ്ട്രീയപാർട്ടികളുടെ സമ്പൂർണ്ണ നിയന്ത്രണങ്ങളുള്ള സഹകരണബാങ്കുകളിൽ തട്ടിപ്പുകൾ നിർബാധം നടക്കുന്നുവെന്ന് കേരളം കണ്ട വർഷം കൂടിയായിരുന്നു കടന്നുപോയത്. ഈ അന്വേഷണത്തിന്റെ അലയൊലി വരുന്ന വർഷത്തിലും ഉണ്ടാകുമെന്നത് തീർച്ചയാണ്. വ്യാജ ഐ ഡി കാർഡുകളുമായി ബാങ്കുകളുടെ ഭരണം പിടിക്കാൻ ശ്രമിക്കുന്ന  രാഷ്ട്രീയപാർട്ടികൾ ജനാധിപത്യത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കുന്നതും മലയാളി കേട്ടു. 

രാജ്യത്തിനാകെ അഭിമാനമായി ചന്ദ്രനിൽ പറന്നിറങ്ങിയ ചന്ദ്രയാൻ-3 ന് പിന്നിലുണ്ടായിരുന്ന മലയാളിസാന്നിദ്ധ്യം ഓരോ മലയാളിയെയും കോരിത്തരിപ്പിച്ചു. യുഡിഎഫ് ഭരണത്തെ അധികാരത്തിൽ നിന്നുമാറ്റിനിർത്തിയ സോളാർ അഴിമതിയിൽ പ്രതിചേർക്കപ്പെട്ട എല്ലാ രാഷ്ട്രീയക്കാരെയും കുറ്റവിമുക്തമാക്കിക്കൊണ്ട് സിബിഐ കോടതി നടത്തിയ വിധിപ്രസ്താവം തെറ്റ് ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസമുണ്ടെന്ന ഉമ്മൻചാണ്ടിയുടെ നിലപാടിനെ അക്ഷരാർത്ഥത്തിൽ സാധൂകരിക്കുന്നതായി. മരിക്കുന്നതിന് മുൻപ് തന്റെ നിരപരാധിത്വം ജനങ്ങളുടെ മുന്നിൽ ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു. ഈ ആരോപണത്തിന് പിന്നിൽ ഗണേഷ്‌കുമാർ ഉൾപ്പെടെയുള്ളവരാണെന്ന സിബിഐ യുടെ കണ്ടെത്തലുകൾ ഗണേഷിന് ഏറെ ക്ഷീണമായി. ലഭിക്കുമെന്ന് കരുതിയിരുന്ന മന്ത്രിസ്ഥാനത്തിനും ഇളക്കം തട്ടിയേക്കാമെന്ന അവസ്ഥയ്ക്ക് വരെ കാര്യങ്ങളെത്തി. എങ്കിലും പുതുവർഷാരംഭത്തിന് മുൻപേ, വീതംവെപ്പിൽ ലഭിക്കേണ്ട മന്ത്രിസ്ഥാനം അദ്ദേഹത്തെ തേടിയെത്തുകതന്നെ ചെയ്തു. കോഴിക്കോട് നിവാസികളെ ഭീതിയിലാഴ്ത്തി വീണ്ടും നിപയെത്തി. 2 ജീവനുകൾ തട്ടിയെടുത്തെങ്കിലും ആരോഗ്യവകുപ്പിന്റെ നിതാന്തജാഗ്രത കാരണം കൂടുതൽ ആളുകളിലേക്കോ പ്രദേശങ്ങളിലേക്കോ പടരാതെ ഈ മഹാമാരിയെ അമർച്ച ചെയ്യാൻ നമുക്ക് കഴിഞ്ഞു. ഏറെ സൂക്ഷ്മതയോടേയും ഉത്തരവാദിത്തത്തോടേയും ആരോഗ്യവകുപ്പ് അഭിനന്ദമർഹിക്കുന്ന രീതിയിൽ തന്നെ ഈ പ്രശ്നത്തെ കൈകാര്യം ചെയ്തു. 

ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്രസർക്കാർ നിരോധിച്ച പി എഫ് ഐ യുടെ നേതാക്കളെയും പ്രവർത്തകരെയും സംസ്ഥാനസർക്കാർ പോലുമറിയാതെ എൻ ഐ എ അറസ്റ്റ് ചെയ്തു. കൃത്യമായ പരിശോധന നടത്താൻ പോലും സംസ്ഥാനസർക്കാരും പോലീസും മടിക്കുന്നുവെന്ന വാർത്തകൾ വരുന്നതിനിടയിലാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത്. വോട്ട് ബാങ്കിനെ ഭയന്ന് പലതും കണ്ടില്ലന്നു നടിക്കുന്ന സംസ്ഥാനസർക്കാരിന്റെ അലംഭാവത്തിന് കിട്ടിയ മറ്റൊരു തിരിച്ചടി. എൻ ഐ എ നടത്തിയ പരിശോധനയിൽ നിർണ്ണായകമായ പല രേഖകളും പിടിച്ചെടുത്തു എന്നാണ് അറിയാൻ കഴിഞ്ഞത്.


ഇസ്രായേൽ - ഹമാസ് യുദ്ധത്തിൽ ഭീകരരേക്കാൾ സാധാരണക്കാർ കൊല്ലപ്പെടാൻ തുടങ്ങിയപ്പോൾ അതിനെതിരെ വൈകാരികമായി പ്രതിഷേധിക്കാൻ കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ മത്സരിക്കുന്നതും നാം കണ്ടു. ബിജെപി ഇസ്രയേലിനെ പിന്തുണച്ചപ്പോൾ ഹമാസിനെ സ്വാതന്ത്ര്യവാദികളാക്കി കോൺഗ്രസ്സും സിപിഎമ്മും. മുസ്‌ലിം വോട്ടുകൾ മുന്നിൽ കണ്ട് അവർ മത്സരിച്ച് യോഗങ്ങളും പ്രസ്താവനകളും ഇറക്കി. ഈ കളിയിൽ സിപിഎം ഒരു ചുവട് മുന്നിൽ നിൽക്കുകയും ചെയ്തു. ലോകത്ത് നടക്കുന്ന മറ്റു യുദ്ധങ്ങളോ മനുഷ്യാവകാശധ്വസനങ്ങളോ ഇവർക്കാർക്കും ഒരു പ്രശ്നമേയല്ലായിരുന്നു. മുസ്ലിം ലീഗിനെ അല്ലെങ്കിൽ അല്ലെങ്കിൽ ഒരു വിഭാഗത്തെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കാനുള്ള സിപിഎമ്മിന്റെ നയത്തിന്റെ ഭാഗം തന്നെയായിരുന്നു ഈ പ്രതിഷേധവും. എന്നാൽ കോൺഗ്രസ്സാവട്ടെ കാൽക്കീഴിലെ മണ്ണ് ചോർന്നു പോകാതെ തടയാൻ ശ്രമിക്കുന്ന ബദ്ധപ്പാടിലായിരുന്നു.

പലവിധ കാരണങ്ങളാൽ നിർമ്മാണപ്രവർത്തനങ്ങൾ ഏറെ വൈകിയെങ്കിലും വിഴിഞ്ഞെത്ത് ആദ്യത്തെ കപ്പൽ എത്തിക്കാൻ കഴിഞ്ഞതിൽ സർക്കാർ അഭിമാനിച്ചു. വാട്ടർ സലൂട്ട് നൽകി മുഖ്യമന്ത്രിയും മന്ത്രിമാരും ആ കപ്പലിനെ സ്വീകരിക്കുകയും ചെയ്തു.  പ്രതിപക്ഷത്തിരിക്കുമ്പോൾ, ആറായിരം കോടിയുടെ ഭൂമിക്കച്ചവടമാണ് വിഴിഞ്ഞത്ത് നടക്കുന്നതെന്ന് പറയുകയും എഴുതുകയും ചെയ്ത സിപിഎമ്മും ഇടതുപക്ഷവും നടത്തിയ ഈ പ്രകടനം അക്ഷരാർത്ഥത്തിൽ പരിഹാസ്യമായി. ഇവരുടെ മുൻനിലപാട് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ചടങ്ങു ബഹിഷ്കരിച്ചിരുന്നു. ഈ സർക്കാരിന്റെ മറ്റൊരു നേട്ടമായി ഉയർത്തിക്കാട്ടാനുള്ളത് കെ ഫോൺ പദ്ധതിയാണ്. കുറഞ്ഞ നിരക്കിൽ എല്ലാവർക്കും ഇന്റർനെറ്റ് എന്ന ആശയവുമായി കഴിഞ്ഞ സർക്കാരിന്റെ തന്നെ കാലത്ത് അവതരിപ്പിക്കപ്പെട്ട പദ്ധതിയായിരുന്നു ഇത്. തുടക്കത്തിൽ ഇന്റർനെറ്റ് നൽകാനുള്ള കേബിളുകൾ സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് ഇന്റർനെറ്റ് നൽകുക എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. ഉദ്‌ഘാടനം കഴിഞ്ഞ് മാസങ്ങൾ ഏറെ കഴിഞ്ഞെങ്കിലും, ജനങ്ങൾക്ക് ഇതെത്രമാത്രം പ്രയോജനകരമാണ് എന്നത് ഇനിയും അറിയേണ്ടിയിരിക്കുന്നു.

കളമശേരിയിൽ നടന്ന യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ ബോംബ് പൊട്ടി ആളുകൾ കൊല്ലപ്പെട്ടതും നിരവധിപേർക്ക് പരിക്കേറ്റതും വല്ലാത്തൊരു ഭയത്തോടെയും പരിഭ്രാന്തിയോടെയുമാണ് കേരളം കേട്ടത്. സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതി ആ വിഭാഗത്തോടുള്ള എതിർപ്പു കാരണമാണ് ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്തതെന്ന് ഏറ്റുപറഞ്ഞു. നാളുകൾ കഴിയുന്തോറും മരണനിരക്ക് കൂടി. അന്വേഷണം തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഇതിനു പിന്നിൽ വേറെ വല്ല ഗൂഢാലോചനയുമുണ്ടോ എന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ല.

വർഷാവസാനമായപ്പോൾ കേരളരാഷ്ട്രീയം കൂടുതൽ കലങ്ങി മറിയുന്നതാണ് നാം കണ്ടത്. 'നവകേരളസദസ്സ്' എന്ന പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ കാണാനിറങ്ങിയ പരിപാടി ഏറെ വിമർശനങ്ങൾക്ക് വിധേയമായി. മന്ത്രിമാർക്കുള്ള യാത്രയ്ക്കായി കോടികൾ വിലയുള്ള ശീതീകരിച്ച ബസ്സും അകമ്പടിയായി നൂറോളം കാറുകളും പോലീസുകാവലുമൊക്കെ സാമ്പത്തികപ്രശനത്തിൽ നട്ടം തിരിയുന്ന ഒരു സംസ്ഥാനത്തിന് യോജിച്ചതല്ലെന്ന ആക്ഷേപം പരക്കെയുണ്ടായി. മന്ത്രിമാർ കാണുന്നത് പൗരപ്രമുഖരെ മാത്രമാണെന്നും സാധാരണക്കാരായ ജനങ്ങളെയല്ലെന്നതും വിവാദത്തിനു കാരണമായി. മാത്രിമാർ നേരിട്ട് പരാതി വാങ്ങുകയോ തീർപ്പു കല്പിക്കുകയോ ചെയ്യാതിരുന്നതും ആക്ഷേപം വർദ്ധിപ്പിച്ചു. ഈ യാത്രക്കെതിരെ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ ഡി വൈ എഫ് ഐ ക്കാർ മർദ്ധിച്ചതും അതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതും ഏറെ വിവാദത്തിനും പ്രതിഷേധത്തിനും വഴിതെളിച്ചു. യാത്ര അവസാനിക്കുന്നതുവരെ യൂത്ത് കോൺഗ്രസ്സുകാർ ഇതിനെതിരെ പലയിടത്തും പ്രതിഷേധിക്കുകയും എതിർ പാർട്ടിക്കാരാൽ ആക്രമിക്കപ്പെടുകയും ചെയ്തു. സർക്കാർ ജീവനക്കാരേയും കുട്ടികളേയും നിർബന്ധിച്ച് പങ്കെടുപ്പിച്ചും സ്കൂൾ മതിലുകൾ ഇടിച്ചുപൊളിച്ചുമാണ് ഈ യാത്ര മുന്നേറിയിരുന്നത്. നിർബന്ധിതപിരിവിനും പൊളിക്കലിനും കുട്ടികളെ കെട്ടിയിറക്കുന്നതിനുമൊക്കെ കോടതി കടിഞ്ഞാണിടേണ്ട അവസ്ഥയുമുണ്ടായി. നേതാക്കന്മാർ തമ്മിൽ കടുത്ത  വാക്പ്രയോഗങ്ങളുമുണ്ടായി. അതിനിടയിൽ തന്നെയാണ് സർക്കാരിനോട് നേരിട്ട് ഏറ്റുമുട്ടാൻ ഗവർണ്ണർ ഇറങ്ങിത്തിരിച്ചത്. മുഖ്യമന്ത്രിയും ഗവർണറും സ്ഥാനത്തിന് യോജിക്കാത്ത പല പ്രസ്താവനകളും നടത്തി. മുൻപും ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് മഞ്ഞുരുകിയിരുന്നു. തുടർന്നാണ് കണ്ണൂർ വി സി യുടെ പുനർനിയമനത്തിന് ഗവർണ്ണർ പച്ചക്കൊടി കാണിച്ചത്. കോടതി ഉത്തരവിന്റെ ബലത്തിൽ സർവ്വകലാശാലകളിൽ തനിക്കു വേണ്ടപ്പെട്ടവരെ നിയമിക്കാൻ ഗവർണ്ണർ തുനിഞ്ഞപ്പോൾ, കാവിവൽക്കരണമാണെന്ന് പറഞ്ഞ എസ് എഫ് ഐ പ്രത്യക്ഷസമരത്തിനിറങ്ങി. സർവ്വകലാശാലകളിൽ സർക്കാർ ഇതുപോലെ സ്വന്തക്കാരെ നിയമിച്ചപ്പോൾ ഇതിനെതിരെ പ്രതികരിക്കാൻ എസ് എഫ് ഐ തുനിഞ്ഞിരുന്നില്ല. എസ് എഫ് ഐ യേയും സർക്കാരിനേയും വെല്ലുവിളിച്ച് ഗവർണ്ണർ കോഴിക്കോട് മിട്ടായിത്തെരുവിലൂടെ നടത്തിയ യാത്ര ഇതുവരെ കാണാത്ത തരത്തിലുള്ളതുമായിരുന്നു. തുടക്കത്തിൽ സർക്കാരിന്റെ താളത്തിന് തുള്ളിയിരുന്ന ഗവർണ്ണർ ചുവടു മാറ്റി ചാൻസിലർ എന്ന രീതിയിൽ തന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഗവർണ്ണറുടെ മാറിയ നിലപാട്, കണ്ണൂർ വി സി യുടെ പുനർനിയമനം റദ്ദാക്കാൻ സുപ്രീം കോടതിയെ നിർബന്ധിതമാക്കി. ചാൻസലർക്ക് ശുപാർശ സമർപ്പിക്കാനോ നിർദ്ദേശങ്ങൾ കൊടുക്കണോ പ്രൊ ചാൻസലർക്ക് അധികാരമില്ല എന്ന ശ്രദ്ധേയമായ നിരീക്ഷണവും കോടതി നടത്തുകയുണ്ടായി.

കേരളത്തിന്റെ കല-സാംസ്‌കാരിക മേഖലകളെ തൊട്ടുണർത്താനും വിനോദമേഖലയെ പുഷ്ടിപ്പെടുത്താനുമെന്ന ഉദ്ദേശത്തോടെ സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ വലിയ കലാമേളയാണ് 'കേരളീയം'. വരുംവർഷങ്ങളിലും ഈ കലാമേള സംഘടിപ്പിക്കുമെന്നും ഇത് സംസ്ഥാനത്തേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കിന് കാരണമാവുമെന്നാണ് സർക്കാർ ഭാഷ്യം. എങ്കിലും സംസ്ഥാനം കടുത്ത സാമ്പത്തികപരാധീനതയിലൂടെ കടന്നുപോകുന്ന സമയത്ത് ധാരാളം പണമൊഴുക്കി ഇങ്ങനെയൊരു മേള സംഘടിപ്പിച്ചതിന് ഏറെ വിമർശനവും സർക്കാർ കേൾക്കേണ്ടിവന്നു.

പോയ വർഷം ഏറ്റവും ചർച്ച ചെയ്തത് ഒരുപക്ഷെ സംസ്ഥാനത്തിന്റെ പരിതാപകരമായ സാമ്പത്തികസ്ഥിതിയും സർക്കാരിന്റെ ധൂർത്തുമായിരിക്കും. ഹൈക്കോടതിയിൽപ്പോലും ചീഫ് സെക്രട്ടറിക്ക് ധനസ്ഥതിയെക്കുറിച്ച് തുറന്നുപറയേണ്ടി വന്നു. നിർമ്മാണകരാറുകാർക്കും സാമൂഹ്യപെൻഷൻ വാങ്ങുന്നവർക്കും നെൽക്കർഷകർക്കും ലൈഫ് മിഷനിൽ വീട് നിർമ്മിക്കുന്നവർക്കും കെ എസ് ആർ ടി സി ക്കും സപ്പ്ളൈക്കോവിനും അങ്ങനെ സമസ്ത മേഖലകളിലും കൊടുക്കാനുള്ള കാശ് കൊടുക്കാൻ കഴിയാതെ കുഴങ്ങുകയാണ് സർക്കാർ. വായ്പഗാരന്റി പോലും കൊടുക്കാൻ കഴിയില്ല എന്ന് കോടതിയിൽ പറയേണ്ടിവന്നു. കർഷക ആത്മഹത്യകൾ പെരുകുന്നു. വിധവകളും രോഗികളും ആരോരുമില്ലാത്തവരുമൊക്കെ സർക്കാർ സഹായത്തിനായി കാത്തുനിൽക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. എങ്കിലും സർക്കാരിന്റെ ചെലവാക്കലിനാകട്ടെ ഒരു കുറവുമില്ല. കോടികൾ മുടക്കി നടത്തിയ  കേരളീയവും നവകേരളയാത്രയും പശുത്തൊഴുത്ത് നിർമ്മാണവും പുതിയ സർക്കാർ വാഹനങ്ങളും തുടങ്ങി കെ വി തോമസിന്റെ ഡൽഹിയിലെ നിയമനം വരെ ഏറെ ചർച്ചകൾക്കും കുറ്റപ്പെടുത്തലുകൾക്കും കാരണമായി. തങ്ങളാണ് ദേശീയപാത നിർമ്മിക്കുന്നതെന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറഞ്ഞുനടന്ന ഇടതുസർക്കാർ സ്ഥലമേറ്റെടുപ്പിനു നൽകിയ പണം പോലും തിരികെവെണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടതും ഇക്കാലത്താണ്. വളരെ ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കിട്ടാനുള്ള കുടിശിക പിരിച്ചെടുക്കാനോ ചിലവുകൾ കുറയ്ക്കാനോ വരുമാനത്തിന് പുതിയ മാർഗ്ഗങ്ങൾ ആവിഷ്കരിക്കാനോ സർക്കാരിന് കഴിയുന്നില്ല. വിദഗ്ദാഭിപ്രായങ്ങൾ ചെന്നുവീഴുന്നത് ബധിരകർണ്ണങ്ങളിലാണ്.  കേന്ദ്രമാണിതിന് കാരണമെന്ന് സംസ്ഥാനസർക്കാരും നല്കാനുള്ളതൊക്ക നൽകിയെന്ന് കേന്ദ്രവും പറയുമ്പോൾ എവിടെയാണ് യാഥാർത്ഥപ്രശ്നമെന്ന്  തിരിച്ചറിയാതെ കുഴങ്ങുകയാണ് സാധാരണക്കാർ. 

പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ വിഷയം സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചു. പോലീസിന്റെ കാര്യക്ഷമതയെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്തു. എങ്കിലും മാധ്യമങ്ങളുടെയും ജനങ്ങളുടെയും സഹായത്തോടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ കുട്ടിയെ വീണ്ടെടുക്കാനായതും പ്രതികളെ വലയിൽ വീഴ്ത്താനുമായത് പോലീസിന് മാത്രമല്ല ജനങ്ങൾക്കും ഏറെ ആശ്വാസം പകർന്നു എന്നതാണ് വസ്തുത. ഇതിനോടൊപ്പം ചേർത്തുവെയ്ക്കേണ്ട രണ്ടു വാർത്തകളാണ് ആലുവയിൽ കുട്ടിയെ പീഡിപ്പിച്ചുകൊന്ന പ്രതിക്ക് വിചാരണ പൂർത്തിയാക്കി അതിവേഗം വധശിക്ഷ വിധിച്ചതും വണ്ടിപ്പെരിയാറിൽ ബാലികയെ പീഡിപ്പിച്ചുകൊന്നയാളെ കൃത്യമായ തെളിവില്ലാത്തതിനാൽ കോടതി വെറുതെ വിട്ടതും. 

സർക്കാരിനെതിരെ ശക്തമായ വികാരമുണ്ടായിട്ടും അതിനെ കൃത്യമായ പ്രയോജനപ്പെടുത്താനോ ചോദ്യം ചെയ്യാനോ ആവാതെ നിർവീര്യമായി കിടക്കുകയാണ് പ്രതിപക്ഷം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

എ ഐ കാമറ, കെ ഫോൺ, മാലിന്യപ്ലാന്റ്, ഡിജിറ്റൽ സർവ്വേ തുടങ്ങി എല്ലാത്തിലും അഴിമതി ആരോപണങ്ങളുമൊക്കെയുണ്ടായിട്ടും അവയെ കൃത്യമായി രാഷ്ട്രീയമായോ നിയമപരമായോ ചോദ്യം ചെയ്യുകയോ പ്രതിപക്ഷം എന്ന നിലയിലുള്ള ശക്തമായ ഇടപെടലുകൾ നടത്തുകയോ ചെയ്യാതെ മാറിനിൽക്കുകയാണ് യു ഡി എഫ് എന്നുതന്നെ പറയേണ്ടി വരും. 

സംഘടനതിരഞ്ഞെടുപ്പുപോലും സമയബന്ധിതമായി നടപ്പിലാക്കാനാവാതെ  ഉൾപ്പാർട്ടി പ്രശ്നങ്ങളാൽ നട്ടം തിരിയുകയാണ് കോൺഗ്രസ്.  ഇടത് സർക്കാർ തികഞ്ഞ പരാജയമാണെങ്കിൽ പ്രതിപക്ഷവും അതുതന്നെ. നിയമസഭയിൽ പലപ്പോഴും സർക്കാരിനെ ചോദ്യങ്ങളാൽ വിറപ്പിക്കുന്ന പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ഹൈക്കമാൻഡ് പ്രതിനിധിയുമൊക്കെ ഒരു മനസ്സോടെ പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. ഒളിഞ്ഞും തെളിഞ്ഞും കളിക്കുന്ന ഗ്രൂപ്പിസമാണിതിന് കാരണം എന്നുതന്നെ പറയേണ്ടിവരും. പലതവണ മാറ്റിവെച്ച യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ ഐ ഡി കാർഡുകൾ ഉപയോഗിച്ചെന്ന ആരോപണം പോലും ശക്തമായി പ്രതിരോധിക്കാൻ കഴിയുന്നില്ല. ഏകീകൃത സിവിൽ കോഡിന്റെയും ഇസ്രായേൽ-ഹമാസ് പ്രശ്നത്തിന്റെയുമൊക്കെ പേരിൽ ന്യൂനപക്ഷങ്ങളിക്കിടയിൽ കടന്നുചെല്ലാൻ സിപിഎം നടത്തുന്ന ശ്രമത്തെ പോലും പാർട്ടിയുടെ ദേശീയനേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടോ കൃത്യമായ തീരുമാനം എടുക്കാൻ വയ്യാത്തതിനാലോ വേണ്ടരീതിയിൽ പ്രതിരോധിക്കാൻ കേരളത്തിലെ കോൺഗ്രസ്സിന് കഴിയുന്നില്ല. പറയുന്നതിൽ പലപ്പോഴും നാക്കുപിഴ വരുത്തുന്ന കെപിസിസി പ്രസിഡന്റും പാർട്ടിക്ക് സമ്മാനിക്കുന്ന തലവേദന ചെറുതല്ല. എങ്കിലും നവകേരളസദസ്സിനൊടുവിൽ നടന്ന സംഭവങ്ങളും എ ഐ കാമറ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട കോടതി നടത്തിയ പരാമർശവും  തദ്ദേശ ഉപതെരഞ്ഞെടുപ്പുകളുടെ ഫലങ്ങളും ഒരുണർവ്വ് കോൺഗ്രസിന് നൽകിയിട്ടുണ്ട്. മറ്റൊരു പ്രമുഖകക്ഷിയായ മുസ്ലിം ലീഗാകട്ടെ  സമസ്തയുമായും ഉൾപാർട്ടി പ്രശ്നങ്ങളുമൊക്കെയായി ഇത്തിരി വലയുകയാണ്.

ബിജെപിയിൽ ആകെ ഒരോളം സൃഷ്ടിക്കാൻ കഴിഞ്ഞത് സുരേഷ് ഗോപിക്ക് മാത്രമാണ്. അതിനിടയിൽ പീഡനശ്രമത്തിൽ ഒതുക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കാനേ അതുപകരിച്ചുള്ളൂ. ഗവർണ്ണറുടെ നടപടിയെ ബിജെപി ന്യായീകരിക്കുന്നതിലൂടെ കേന്ദ്രത്തിന്റെ ഉപദേശമനുസരിച്ചാണ് അദ്ദേഹം സർക്കാരിനെതിരെ നീങ്ങുന്നതെന്ന ശക്തമായ ആക്ഷേപമുയർത്താനേ സഹായിച്ചുള്ളൂ. സിപിഎമ്മിലും കാര്യങ്ങൾ അത്ര പന്തിയല്ല. ആലപ്പുഴയടക്കമുള്ള പല സ്ഥലങ്ങളിലും വിഭാഗീയത ശക്തമായി നിൽക്കുന്നുണ്ട്. ചിലരെങ്കിലും പാർട്ടിവിട്ടുപോകാൻ അത് കാരണമാകുകയും ചെയ്തു. വ്യക്തിപൂജയെ എന്നുമെതിർത്തിരുന്ന പാർട്ടി ഇന്ന് ഒരു വ്യക്തിയെ ദൈവമായി കരുതുന്ന തരത്തിലേക്ക് മാറുന്നതും അതിനെതിരെ പാർട്ടിനേതൃത്വം മൗനം പാലിക്കുന്നതും മലയാളിക്ക് പുതുമയുള്ളതായിരുന്നു. പരസ്പരം കൊണ്ടും കൊടുത്തും കേരളരാഷ്ട്രീയം കൂടുതൽ മലീമസമാകുന്ന കാഴ്ചകളാണ് പുതുവർഷാരംഭത്തിലും നാം കണ്ടുകൊണ്ടിരിക്കുന്നത്.

കേരളമൊന്നാകെ കരഞ്ഞൊരു ദിനം -  മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ ദേഹവിയോഗത്തെ അങ്ങനെ വിശേഷിപ്പിക്കാനേ കഴിയൂ. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടം അറിയാമായിരുന്നെങ്കിലും (അതിനെപ്പറ്റിയും ഒരുപാട് വിവാദങ്ങൾ ഉണ്ടായി എന്നത് മറ്റൊരു കാര്യം), ചരമം പ്രാപിച്ചപ്പോൾ രാഷ്ട്രീയ എതിരാളികൾ പോലും ദുഖിതരായി. ചിലരൊക്കെ അദ്ദേഹത്തോട് ചെയ്ത തെറ്റിന് മാപ്പു പറഞ്ഞു. ഒരു രാഷ്ട്രീയനേതാവിനും കിട്ടാത്തത്ര ജനപിന്തുണയോടെ അദ്ദേഹം തന്റെ അവസാനയാത്ര നടത്തി. മരണശേഷവും അദ്ദേഹത്തെ സ്നേഹിച്ചിരുന്ന, സഹായം ലഭിച്ച സാധാരണക്കാർ ഉൾപ്പെടെയുള്ളവർ ആ കല്ലറ സന്ദർശിക്കുന്നതും വണങ്ങുന്നതും നാം കണ്ടു. ആ മരണം സൃഷ്ടിച്ച ഉപതിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് ജയിച്ചു കയറി. 

മലയാളികളെ ഏറെ ചിരിപ്പിച്ച എന്നാൽ ഇടയ്ക്ക് കണ്ണ് നനയിപ്പിച്ച രണ്ടു അഭിനയപ്രതിഭകൾ, ഇന്നസെന്റും മാമുക്കോയയും ഭൂമിയിലെ അഭിനയം നിർത്തിയത് പോയവർഷത്തെ നമ്മുടെ നൊമ്പരമായിരുന്നു. അവരുടെ അഭാവം മലയാളസിനിമയിൽ സൃഷ്ടിച്ച വിടവുകൾ നികത്താൻ ആരെങ്കിലുമുണ്ടാവുമോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. അവരെ കൂടാതെ പല പ്രമുഖരും നമ്മെ വിട്ടു പിരിയുകയുണ്ടായി. മലയാളികളുടെ ചുണ്ടിലും ഹൃദയത്തിലും താങ്ങി നിൽക്കുന്ന അനേകം ഗാനങ്ങൾ  സമ്മാനിച്ച പ്രിയപ്പെട്ട ഗായിക വാണി ജയറാമിന്റെ അപ്രതീക്ഷിതവിയോഗം ഏറെ വേദനയോടെയാണ് മലയാളികൾ ശ്രവിച്ചത്. സംവിധായകരായ സിദ്ദിഖ്, കെ ജി ജോർജ്ജ്, നടന്മാരായ ജോണി, ഹരീഷ് പേങ്ങൻ, പൂജപ്പുര രവി, കലാഭവൻ ഹനീഫ്, വിനോദ്, കാസം ഖാൻ, ദേവ്, കൊല്ലം സുധി കവിയും ഗാനരചയിതാവുമായ ബി ആർ പ്രസാദ്, നടി സുബി സുരേഷ്, സാമൂഹ്യപരിഷ്കർത്താവ് ചിത്രൻ നമ്പൂതിരിപ്പാട്, ആർട്ടിസ്റ്റ് നമ്പൂതിരി, രാഷ്ട്രീയരംഗത്തെ അതികായകരായ, വക്കം പുരുഷോത്തമൻ, പി മുകുന്ദൻ, കാനം രാജേന്ദ്രൻ, കെ പി വിശ്വനാഥൻ, ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവ് എം എസ് സ്വാമിനാഥൻ, ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്ന്റെ പി വി ഗംഗാധരൻ, ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജി ഫാത്തിമ ബീവി, എഴുത്തുകാരി പി വത്സല, നടിയും ഗായികയുമായ സുബ്ബലക്ഷ്മി, ചിന്തകൻ പ്രൊ. കുഞ്ഞാമൻ എന്നിങ്ങനെ കേരളസമൂഹത്തിനും രാജ്യത്തിനും ഏറെ സംഭാവനകൾ ചെയ്ത ഒരുപാട് പ്രഗത്ഭർ വിടപറഞ്ഞ വർഷം കൂടിയാണ് കടന്നുപോയത്.

പറയുകയാണെങ്കിൽ ഇനിയുമുടൊരുപാട് വിശേഷങ്ങൾ. നിയമസഭ പാസ്സാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാത്ത ഗവർണ്ണറുടെ സമീപനം, തുടർന്നുണ്ടായ കോടതി നടപടികൾ, ബില്ലുകൾ രാഷ്ട്രപതിക്കയച്ച സാമർഥ്യം എന്നിവയൊക്കെ ചർച്ചാവിഷയങ്ങളായിരുന്നു. ഭരണപക്ഷത്തെ എം എൽ എ മാർക്കെതിരെ കെ ബി ഗണേഷ്‌കുമാർ നിയമസഭയ്ക്കകത്തും പുറത്തും വിമർശനങ്ങൾ  ഉന്നയിക്കുന്നതും അതിനെതിരെ മുന്നണിയിൽ അപ്രീതി ഉരുണ്ടുകൂടുന്നതും കണ്ടു. മുന്നൊരുക്കങ്ങൾ വേണ്ടവിധം ചെയ്യാതെ ശബരിമലയിൽ ഭക്തരെ കഷ്ടപ്പെടുത്തിയതും ചർച്ചയായി. മുൻ മുഖ്യമന്ത്രിയും ജീവിച്ചിരിക്കുന്ന സിപിഎം സ്ഥാപക നേതാവുംകൂടിയായ വി എസ് അച്യുതാനന്ദൻ തന്റെ നൂറാം പിറന്നാളാഘോഷിച്ചതും പോയവർഷമാണ്. ചികിൽസിക്കാനെത്തിയ രോഗി ഡോക്ടറിനെ കുത്തിക്കൊന്നതും സ്ത്രീധനക്കൊലപാതകങ്ങളും ആൾക്കൂട്ടക്കൊലയും ഗുണ്ടാവിളയാട്ടവും അക്രമവും കൊലപാതകങ്ങളും തുടങ്ങി മനുഷ്യമനസ്സാക്ഷി മരവിച്ചുപോകുന്ന ഒരുപാട് സംഭവങ്ങൾക്ക് സംസ്ഥാനം സാക്ഷിയാകേണ്ടിവന്നു. കൊച്ചിയിൽ നടന്ന 25000  കോടിയുടെ മയക്കുമരുന്ന് വേട്ട ഒരുപക്ഷെ രാജ്യത്തുതന്നെ ഏറ്റവും വലിയ ഇത്തരത്തിലുള്ള കേസായിരിക്കും. പാർട്ടിക്കാർ ഉൾപ്പെട്ട അക്രമങ്ങളിലും തട്ടിപ്പുകളിലും കേസ് എടുക്കാതെയും മെല്ലെപ്പോക്ക് കാണിച്ചും പോലീസ് പരമാവധി പാർട്ടി വിധേയത്വം കാണിക്കുന്നതും നാം കണ്ടു. സോളാർ കേസിൽ സി ദിവാകരന്റെ വെളിപ്പെടുത്തലുകൾ, ഹവാല പണം തേടിയുള്ള കേന്ദ്ര ഏജൻസികളുടെ വരവ്, പ്രണയക്കൊലപാതകങ്ങൾ, മദ്യം ഒഴുക്കാനുള്ള സർക്കാരിന്റെ പുതിയ മദ്യനയം, നഗ്നമായ നിയമലംഘനം നടത്തി നിർമ്മിക്കുന്ന പാർട്ടി ആപ്പീസുകൾ, കോളേജ് ക്യാമ്പസുകളിൽ തിരിച്ചുവരുന്ന കെ എസ് യു, വ്യവസായ സൗഹൃദമെന്ന അവകാശപ്പെടുമ്പോൾപ്പോലും പണം മുടക്കി നട്ടം തിരിയേണ്ടിവരുന്ന പ്രവാസികളുടെ കഥകൾ, കുസാറ്റിലെ സംഗീത നിശയിലെ തിക്കിലും തിരക്കിലും പെട്ട് സംഭവിച്ച ദാരുണമായ മരണങ്ങൾ; അങ്ങനെ പറഞ്ഞാലും തീരാത്ത സംഭവങ്ങൾക്ക് സാക്ഷിയായായ വർഷമാണ് കടന്നുപോകുന്നത്. പോയവർഷങ്ങളും ഇത് പോലെയൊക്കെയായിരുന്നു. അതിനാൽ വരും കാലങ്ങളും അങ്ങനെയാവാനേ തരമുള്ളൂ. എങ്കിലും നല്ല കാലം വരുമെന്ന്  പ്രതീക്ഷിക്കുന്നതിൽ തെറ്റെന്നുമില്ലല്ലോ.

അയാൾ കവിതയെഴുതുകയാണ്

അയാൾ വിതയെഴുതുകയാണ്:


ആദ്യത്തെ വായനയിൽ,

       അതിലൊരു കഥയുണ്ടെന്ന് തോന്നി.

പിന്നത്തെ വായനയിൽ

       അതിലൊരു കദനമുണ്ടെന്നും.

മൂന്നാമതും വായിച്ചപ്പോഴാ-

       ണത് കരളിൽ കൊണ്ടത്.

അടുത്ത വായനയ്ക്കിടയിൽ 

        മനസ്സിലൊരു കഥ പിറന്നു.

വീണ്ടും വായിക്കാൻ നിൽക്കാതെ

       കഥയങ്ങെഴുതി.

വായിക്കാനും എഴുതാനുമിനി

        മിനക്കെടരുതെന്നാ കഥ!

പക്ഷെ ഇപ്പോഴും എഴുതുകയാണ്,

        കഥയല്ലമറിച്ചൊരു കവിത.


സാമ്പത്തികത്തിൽ കുടുങ്ങിയ 2023


 

സാമ്പത്തിക പരാധീനതകൾക്കിടയിലും നിറയുന്ന ധൂർത്ത് - ഒരു പക്ഷേ കടന്നുപോകുന്ന വർഷത്തെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. സാമ്പത്തികപ്രശ്നങ്ങളാൽ ശമ്പളം കൊടുക്കാൻ പോലും വകയില്ലാതെ ക്ഷേമപെൻഷനുകളും കർഷകർക്കുള്ള കുടിശ്ശികയും മുടങ്ങുകയും ആത്മഹത്യകൾ അരങ്ങേറുകയും ചെയ്യുമ്പോൾ തന്നെയാണ് കേരളീയവും നവകേരളയാത്രയും ക്ലിഫ് ഹൗസ്സിലെ തൊഴുത്ത് നിർമ്മാണവും മന്ത്രിമാരുടെ ആഡംബരവും യുവജനക്ഷേമകമ്മീഷന്റെ ശമ്പളവർധനയും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ നാട്ടിൽ അരങ്ങേറിയത്. പക്ഷേ ഇതുമാത്രമല്ല പറഞ്ഞാലും തീരാത്ത വിവാദങ്ങളും പോരാട്ടങ്ങളും അക്രമങ്ങളും ആത്മഹത്യകളും നൊമ്പരങ്ങളും എന്നുവേണ്ട ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിൽ കാണുന്ന സകലമാനസംഭവങ്ങളും അരങ്ങേറിയ ഒരു വർഷം തന്നെയാണ് കേരളത്തെ സംബന്ധിച്ച് പോയവർഷം. ഏതായാലും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നമ്മുടെ സംസ്ഥാനത്ത് സംഭവിച്ച പ്രധാന സംഭവങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം. വിശദമായി പറയാനുള്ള സ്ഥലപരിമിതിയും സമയക്കുറവും ഇവിടെയുണ്ടെന്നതുകൂടി കണക്കിലെടുക്കണം.

ഭരണഘടനയെ വിമർശിച്ചതിന് മന്ത്രിസ്ഥാനം നഷ്‌ടമായ സജി ചെറിയാൻ വീണ്ടും മന്ത്രിക്കസേരയിൽ അമർന്നിരിക്കുന്നതിന് ഈ വർഷം ആദ്യം നാം സാക്ഷിയായി. ഭരണഘടനയെ സംരക്ഷിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്തവർ തന്നെയാണ് അതിനെ വിമർശിക്കുന്നതും പിന്നീട് ഒരു നാണവുമില്ലാതെ അതേ ഭരണഘടന നൽകുന്ന അധികാരസുഖം നുണയാനായി എത്തുന്നതും. ഭക്ഷ്യദുരന്തം ഒരിക്കൽ കൂടി കേരളത്തിൽ എത്തി. ഉറക്കമുണർന്ന ഭക്ഷ്യവകുപ്പ് ത്വരിതഗതിയിൽ ഗുണനിലവാര പരിശോധനയെന്ന പ്രഹസനവുമായി ഇറങ്ങി, അതും വാർത്തയുടെ ചൂട് ആറുന്നതുവരെ മാത്രം. ദിനംതോറും ലഹരിയുടെ അടിമകളായിത്തീരുന്ന നമ്മുടെ ബാല-കൗമാരങ്ങൾ ഏറെ ആശങ്കയുണർത്തുന്ന ഒരു വാർത്ത തന്നെയാണ്. ഇതിന്റെ പിന്നിൽ ഭരണകക്ഷിയുടെ യുവജനസംഘടനകളിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെയുണ്ടെന്നത് അതിലും വലിയ ഞെട്ടലായിരുന്നു. പകൽ മുഴുവൻ ലഹരിക്കെതിരെ ഘോരഘോരം വാദിക്കുക, ഇരുട്ടിന്റെ മറവിൽ അതിന്റെ വില്പനക്കാരാകുക. ഒരുപക്ഷെ ഈ അധികാരബന്ധങ്ങൾ തന്നെയാണ് ലഹരിക്കെതിരെ ശക്തമായ   നടപടിയെടുക്കാൻ സാധിക്കാതെ പോകുന്നതിനും കാരണം എന്ന് പറയേണ്ടിയിരിക്കുന്നു. കോളേജ് ലാബുകളിൽ ആയുധനിർമ്മാണം, പോലീസുകാരുടെ ഗുണ്ടാബന്ധം തുടങ്ങിയ വാർത്തകളും ഇതിനോട് ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു.

ഒരുകാലത്ത് സ്വകാര്യ സർവ്വകലാശാലകൾക്കെതിരെ വീറോടെ സമരരംഗത്തിറങ്ങിയ സിപിഎം തങ്ങളുടെ നിലപാടിൽ നിന്നും മലക്കം മറിയുന്നതും നാം കണ്ടു. അവരുടെ യുവജന-വിദ്യാർത്ഥി സംഘടനകളാവട്ടെ ഇങ്ങനെയൊരു കാര്യം അറിഞ്ഞതായി ഭാവിച്ചതേയില്ല. സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയെന്ന് ഇടതുപക്ഷം മേനിപറഞ്ഞിരുന്ന കെ റെയിലിനെതിരെ പ്രത്യക്ഷസമരത്തിനിറങ്ങിയ ശാസ്ത്ര സാഹിത്യ പരിഷത്ത് ആദ്യമായി യുഡിഫ് നേതാക്കളെ കൂടെ കൂട്ടിയതും നാം കണ്ടു. കെ റയിലിനെ ഒരുപോലെ എതിർക്കുന്നവരുടെ യോജിച്ച പ്രതിഷേധമായതുമാറി. ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾക്കും സേവനങ്ങൾക്കും വർദ്ധന വരുത്തിക്കൊണ്ടാണ് സംസ്ഥാന സർക്കാർ പുതിയ ബജറ്റ് അവതരിപ്പിച്ചത്. സാമ്പത്തികപ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാർ, ക്ഷേമപെൻഷനുകൾ നൽകാനെന്ന പേരിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് രണ്ടു രൂപയുടെ അധിക സെസ്സും ഏർപ്പെടുത്തി. നഷ്ടത്തിന്റെ പേരും പറഞ്ഞ് വെള്ളക്കരവും വൈദ്യുതിക്കാശും പലവട്ടം വർദ്ധിപ്പിച്ചു. രണ്ടാം കർമ്മപദ്ധതി എങ്ങുമെത്തിയില്ലെങ്കിലും മൂന്നാം കർമ്മപദ്ധതിയെന്ന പേരിൽ വീണ്ടും പുതിയ കാര്യങ്ങൾ അവതരിപ്പിക്കാൻ സർക്കാരിന് ഒരു  മടിയുമുണ്ടായില്ല! വീണ്ടും ഒരു ആദിവാസിയുവാവിന്റെ മരണം കൂടി സംസ്ഥാനത്ത്. ആത്മഹത്യയെന്ന് പോലീസും കൊലപാതകമെന്ന് വീട്ടുകാരും. ഇത്തരം കേസുകളുടെ ഭാവി എന്തായിരിക്കുമെന്ന് നമുക്കൂഹിക്കാൻ പറ്റുന്നതേയുള്ളൂ. കഴിഞ്ഞ വർഷം ഏറെ കോളിളക്കം സൃഷ്ടിച്ച ലൈഫ് മിഷൻ കേസിന്റെ പേരിൽ എം ശിവശങ്കരനെ ഇ ഡി അറസ്റ്റ് ചെയ്തു. തുടർന്ന് യൂണിടെക് എം ഡി സന്തോഷ് ഈപ്പനും അറസ്റ്റിലായി. പല ഉന്നതർക്കും പങ്കുണ്ടെന്നു പറയപ്പെടുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വരെ ഇ ഡി ചോദ്യം ചെയ്തു. ഉന്നതപദവിയിലിരിക്കുന്ന പലരും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അയച്ച അശ്ലീലസന്ദേശങ്ങൾ കണ്ടു ജനം മൂക്കത്ത് വിരൽ വെച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന പല ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും അതിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാൻ പോലും അദ്ദേഹമോ വീട്ടുകാരോ തയ്യാറായില്ല എന്ന വിചിത്ര നിലപാടും നാം കാണുകയുണ്ടായി. മുൻ സ്‌പീക്കർക്കും മന്ത്രിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കാൻ പോലും കഴിയാതെ, കൂടുതൽ വെളിപ്പെടുത്തലുകൾ ഭയന്ന് അവരൊക്കെ പിൻവാങ്ങുന്നതും നാം കണ്ടു. പ്രതിപക്ഷത്തെ പ്രത്യേകിച്ച് കോൺഗ്രസിനെ വേട്ടയാടാൻ എന്നും ഉത്സാഹിച്ചിരുന്ന കേന്ദ്രസർക്കാരാവട്ടെ ഇത്ര വലിയ അഴിമതിയാരോപണങ്ങൾ കേട്ടിട്ടും അതിനെതിരെ ഒരു അന്വേഷണം നടത്താൻ തയ്യാറാകാത്തതും ഇരുപക്ഷങ്ങൾ തമ്മിലുള്ള അന്തർധാരയുടെ ഫലമായിട്ടാണോയെന്ന് ജനത്തിന് സംശയം തോന്നുകയുണ്ടായി. 

കറുത്ത നിറത്തിനെ ഇത്രയധികം അസഹിഷ്ണുതയോടെ കണ്ട ഒരു മുഖ്യമന്ത്രി വേറെയുണ്ടാവുമെന്ന് തോന്നുന്നില്ല. കരിങ്കൊടിയും കറുത്ത മാസ്കും കറുത്ത കുപ്പായവും എന്തിന് കുടപോലും കൈയിലെടുക്കാൻ ജനങ്ങൾക്ക് കഴിയാതെ വന്നു. മരണാന്തരസൂചകമായി കറുത്ത കൊടി പോലും കെട്ടാൻ കഴിയാത്ത സ്ഥിതിയായി. കറുപ്പിനെ മറികടക്കാൻ റോഡ് യാത്ര ഉപേക്ഷിച്ചു മുഖ്യൻ ആകാശപാതയിലൂടെയായി സഞ്ചാരം. ജമായത്ത് നേതാക്കളുമായി ആർ എസ് എസ് നേതാക്കൾ ചർച്ച നടത്തിയ കാര്യം പുറത്തു വന്നത് അടുത്ത വിവാദത്തിന് തിരികൊളുത്തി. അതിനും പിണറായി കുറ്റം പറഞ്ഞത് കോൺഗ്രസിനെ!

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചിലവഴിച്ചെന്ന പരാതിയിലെ വാദങ്ങളെല്ലാം കേട്ടുകഴിഞ്ഞ് ഒരുവർഷത്തിന് ശേഷം ലോകായുക്ത വിധി പറഞ്ഞു, കേസ് മൂന്നംഗ ബെഞ്ചിന് കൈമാറിക്കൊണ്ട്. മാസങ്ങൾക്ക് ശേഷം വന്ന ലോകായുക്തയുടെ തീരുമാനമാകട്ടെ സർക്കാരിന് അനുകൂലമായും. ഇതിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ. കേന്ദ്രസർക്കാർ ബിബിസി ഓഫീസുകളിൽ പരിശോധന നടത്തിയപ്പോൾ മാധ്യമസ്വാതന്ത്ര്യത്തിനെതിരെ വാദിച്ചവർ കേരളത്തിലെ മാധ്യമപ്രവർത്തകരെ ഭരണപക്ഷം അക്രമിച്ചപ്പോഴും അസഭ്യം പറഞ്ഞപ്പോഴുമൊക്കെ ഉരുണ്ടുകളിക്കുന്നതും കണ്ടു. മറുനാടനെതിരെ സർക്കാരും ഭരണപക്ഷവും നടത്തിയ മാധ്യമവേട്ട പലപ്പോഴും കോടതികളിൽപ്പോലും വിമർശിക്കപ്പെട്ടു. കെ എസ് ആർ ടി സി ജീവനക്കാർ ശമ്പളത്തിന് വേണ്ടി കോടതികളിൽ കയറിയിറങ്ങുന്നതും സർക്കാരിനെ പലതവണ കോടതികൾ മുൾമുനയിൽ നിർത്തുന്നതും നാം കണ്ട മറ്റൊരു കാഴ്ചയാണ്. ഓരോ മാസത്തെ ശമ്പളവും ഗഡുക്കളായി കൊടുക്കാമെന്ന് ഗത്യന്തരമില്ലാതെ സർക്കാർ പറഞ്ഞെങ്കിലും അതിനും വഴിയില്ലാത്ത  അവസ്ഥയിലാണിപ്പോൾ. ആ സ്ഥാപനത്തെ നന്നാക്കാൻ ഇറങ്ങിയവരൊക്കെ യൂണിയൻകാരുടേയും അവർക്ക് ഒത്താശ പാടുന്ന സർക്കാരിന്റേയും മാർക്കടമുഷ്ടി കാരണം ദൗത്യം പാതിവഴിയിലിട്ടു പോയി. സർക്കാർ കെടുകാര്യസ്ഥയുടെ ഏറ്റവും വലിയ തെളിവായി മാറി ഈ സ്ഥാപനം. കൊച്ചിയിലെ മാലിന്യത്തിൽ പടർന്ന തീ പറത്തിവിട്ട വിഷപ്പുക ഒരുപാടു ജീവിതങ്ങളെ ദുരിതത്തിലാക്കി. ഒരുപാട് ദിവസങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണ് അതിനെ നിയന്ത്രവിധേയമാക്കാൻ കഴിഞ്ഞത്. സർക്കാർ കൊട്ടിഘോഷിച്ച മാലിന്യനിർമ്മാജ്ജനത്തിന്റെ മറ്റൊരു ദുരന്തപൂർണ്ണമായ മുഖമായിരുന്നു ഇവിടെ കാണാൻ കഴിഞ്ഞത്. ആരുടെയൊക്കെയോ സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി നിയമം മറന്നപ്പോൾ  പുകഞ്ഞുപോയത് നിസ്സഹായരായ ജനങ്ങളായിരുന്നു. വഴിവിട്ട കരാർ എത്തിനിന്നതും മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ മുന്നിലായിരുന്നു. പ്രഖ്യാപിക്കപ്പെട്ട അന്വേഷണങ്ങൾ എല്ലാം പ്രഹസനമായി. സംസ്ഥാനത്തെ പല സ്ഥലങ്ങളിലും മേല്പറഞ്ഞ കമ്പനിക്ക് വഴിവിട്ട രീതിയിൽ കരാർ ലഭിച്ച കഥകളും ഇതിനിടയിൽ പുറത്തുവന്നു.

പോയവർഷം ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു പ്രസ്താവനയായിരുന്നു തലശ്ശേരി അതിരൂപതയിലെ ആർച്ച്  ബിഷപ്പിന്റേതായി പുറത്തുവന്ന, 'റബ്ബറിന് മുന്നൂറു രൂപയാക്കിയാൽ സംസ്ഥാനത്ത് ബിജെപിയെ പിന്തുണക്കും' എന്നത്. ബിജെപിക്ക് പ്രതീക്ഷയും മോഹവും നൽകി; ഏറെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വഴിവെച്ചു ഈ പ്രസ്താവന. പക്ഷേ മണിപ്പൂരിലെ വർഗ്ഗീയകലാപത്തിൽ  കേന്ദ്രസർക്കാരിന്റെ നിലപാടുകളും റബ്ബറിന്റെ വിലകൂടാൻ സാധ്യതയില്ല എന്ന തിരിച്ചറിവുകളും ഈ നിലപാടിൽ നിന്ന് പിന്നോക്കം പോകാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ടാകും. ഏതായാലും ബിഷപ്പിന്റെ ഈ പ്രസ്താവന റബ്ബറിന്റെ സബ്സിഡി പുനഃസ്ഥാപിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് രോഗിയെ ജീവനക്കാരൻ പീഡിപ്പിച്ചുവെന്ന വാർത്ത സാംസ്കാരികകേരളത്തിന് അപമാനമായി. നാളിതുവരെയായിട്ടും 'സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന്' ആവർത്തിക്കുന്ന സർക്കാരിൽ നിന്നും ഇരയ്ക്ക് നീതി ലഭിച്ചില്ല എന്നത് 'ഒറ്റപ്പെട്ട' ഈ കേസിലെ വൈരുദ്ധ്യം. സംവരണപ്രശ്നത്തിൽ അയോഗ്യനാക്കപ്പെട്ട ദേവികുളം എം എൽ എ യും മതത്തെ ഉപയോഗപ്പെടുത്തി എന്നതിന് തൃപ്പൂണിത്തറ എം എൽ എയും കോടതികളിൽ പോരാട്ടം തുടരുന്നു. നിയമസഭയിലെ പ്രതിപക്ഷസമരങ്ങളും സത്യാഗ്രഹങ്ങളും ഏറെ വിവാദമായി. പ്രതിപക്ഷത്തിനെതിരെ പല അക്രമകഥകളും ഭരണപക്ഷം കൊണ്ടുവന്നെങ്കിലും എല്ലാം കള്ളമെന്നു തെളിഞ്ഞു. വേഗതയ്ക്ക് കൊതിക്കുന്ന മലയാളികൾക്ക് കേന്ദ്രത്തിന്റെ സമ്മാനമായി ലഭിച്ചത് ഒന്നല്ല, രണ്ട് വന്ദേഭാരത് തീവണ്ടി. എതിർത്തവർ പോലും അതിൽ ടിക്കറ്റ് എടുക്കാൻ പരക്കംപായുന്നതും നിത്യകാഴ്ച. സംസ്ഥാനത്തെ റോഡുകളെ അപകടരഹിതമാക്കാൻ കൊണ്ടുവന്ന എ ഐ ക്യാമറയും അഴിമതി ആരോപണത്തിൽ നിന്ന് മുക്തമായില്ല. ടെൻഡർ പോലും വിളിക്കാതെ വന്ന കരാറിനെ ചൊല്ലി പ്രതിപക്ഷം പല ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും അതൊന്നും അന്വേഷിക്കാൻ പോലും സർക്കാർ തയ്യാറായില്ല. ആരുടെ താല്പര്യം സംരക്ഷിക്കാനെന്ന് ജനം. പതിറ്റാണ്ടുകൾ കഴിഞ്ഞ ലാവലിൻ കേസ് ഈ നൂറ്റാണ്ടിലും കഴിയാനുള്ള സാധ്യതയില്ല എന്ന സന്ദേശവുമായി വീണ്ടും പലതവണ സുപ്രീം കോടതിയിൽ വാദം കേൾക്കൽ നീട്ടിവെച്ചു. ഒത്തുകളിയെന്ന കോൺഗ്രസ് ആരോപണം തെറ്റെന്ന് പറയാനാവില്ല. കൊടകര കുഴൽപ്പണക്കേസും മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസുമെല്ലാം ഇഴയുന്നത് കാണുമ്പോൾ പ്രത്യേകിച്ച്. വന്യമൃഗശല്യം ഓരോവർഷം കഴിയുമ്പോഴും ഏറിവരുന്നതാണ് കാണുന്നത്. അരിക്കൊമ്പനും ചക്കകൊമ്പനുമെല്ലാം കടുവയും പുലിയുമെല്ലാം  മാധ്യമങ്ങളിൽ ഏറെ ദിവസങ്ങളിൽ ചർച്ചയായി. സ്വാഭാവികവനം കുറയുന്നതാണ് ഇതിനു കാരണമെന്ന് പക്ഷേ നാം ഓർക്കുന്നില്ല. സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തി പരപ്പനങ്ങാടിയിലെ ബോട്ട് അപകടത്തിൽ പൊലിഞ്ഞുപോയത് ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം 22  ജീവനുകൾ. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കും പിടിപ്പുകേടിനും വഴിവിട്ട നീക്കങ്ങൾക്കുമെല്ലാം മറ്റൊരു ഉദാഹരണം. ബോട്ട് പരിശോധന എന്ന പ്രഹസനം വീണ്ടും കണ്ടു. ഏറെ ദുരൂഹത ഉയർത്തി സെക്രട്ടറിയേറ്റിൽ വീണ്ടും അഗ്നിബാധ. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട അഴിമതി പരിശോധിക്കാൻ കേന്ദ്രസംഘം വരാനിരിക്കെ നടന്ന സംഭവത്തിൽ തുടർനടപടിയില്ല. എസ് എഫ് ഐ നേതാവ് സർവ്വകലാശാല തിരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തി പിടിക്കപ്പെട്ടു, മറ്റൊരു നേതാവിനെ പരീക്ഷ എഴുതാതെ വിജയിപ്പിച്ചു, വേറെയൊരാൾ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുമായി പിടിയിലായി. ആ കേസുകൾക്ക് എന്ത് സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ. തീവണ്ടിയിൽ തീപിടുത്തം, അക്രമം തുടങ്ങിയ സംഭവം ഒന്നിലധികം തവണ കേരളത്തിൽ അരങ്ങേറി. കേന്ദ്ര-സംസ്ഥാന സംഘങ്ങൾ അന്വേഷിച്ചെങ്കിലും പലതും ഇരുട്ടിൽ തന്നെ. സംസ്ഥാനത്തിന് ഒരു ഗുണവുമില്ലെന്ന പേരുകേട്ട ലോകകേരളസഭയുടെ പണപ്പിരിവും വിവാദമായി. കാശു കൂടുതൽ കൊടുത്താൽ മുഖ്യമന്ത്രിയുടെ അടുത്തിരിക്കാമെന്ന വാഗ്ദാനമടക്കം കാശുണ്ടാക്കാൻ നിരവധി വഴികൾ. ഒരു പ്രയോജനവുമില്ലാതെ അമേരിക്കയിലടക്കം ഈ നാടകം നടന്നു. പട്ടിശല്യത്തിൽ കേരളത്തിലങ്ങോളമിങ്ങോളം പ്രതിഷേധം അലയടിച്ചു. പട്ടിയുടെ കടിയേറ്റ് മരണം വരെ സംഭവിച്ചു. തെരുവുപട്ടികളെ സംരക്ഷിക്കുമെന്ന മന്ത്രിയുടെ വാഗ്ദാനം നടപ്പിലാകാൻ ഏതായാലും  സാധ്യതയില്ല. കാലവർഷം ചതിച്ചെങ്കിലും മുൻ സിപിഎം അനുഭാവിയും ദേശാഭിമാനി ജീവനക്കാരനുമായ ശക്തിധരന്റെ ഒന്നിനുപുറകെ ഒന്നായി ആരോപണമഴയിൽ പിണറായി വിജയനും മറ്റു നേതാക്കന്മാരും ഏറെ നനഞ്ഞു. കൈതോലപ്പായയും കൊല്ലാനുള്ള ഗൂഢാലോചനയുമടക്കം ഒരുപാട് വെളിപ്പെടുത്തലുകൾ നടത്തി. എല്ലാ ആരോപണങ്ങളെപ്പോലെ ഇതും പാർട്ടി ഭംഗിയായി നിഷേധിച്ചു. എ ഐ, കെ ഫോൺ, ഡിജിറ്റൽ സർവ്വേ അങ്ങനെ സർക്കാരിന്റെ എല്ലാ പദ്ധതിയിലും അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷം കരുത്തുകാട്ടി. ചിലതിൽ അവരുടെ നിലപാടിനെ കോടതി പ്രശംസിക്കുക കൂടി ചെയ്യുകയുണ്ടായി.

പിവി അൻവർ എന്ന ഭരണപക്ഷ എം എൽ എയുടെ സ്വാധീനത്തിനു മുന്നിൽ നിയമം പലപ്പോഴായി വഴിമാറുന്നതും നാം കാണുകയുണ്ടായി. മിച്ചഭൂമി തിരിച്ചുപിടിക്കാൻ കോടതികൾ പുറപ്പെടുവിച്ച വിധികൾ പാലിക്കാൻ പോലും സർക്കാരോ ഉദ്യോഗസ്ഥരോ ശ്രമിച്ചില്ല. അതിനെതിരെ വളരെ രൂക്ഷമായി കോടതിക്ക് പലപ്പോഴും പ്രതികരിക്കേണ്ടിവന്നു. മാസങ്ങൾ പലത് കഴിഞ്ഞിട്ടും അധികമുള്ള ഭൂമി പിടിച്ചെടുക്കാതിരിക്കാനുള്ള മെല്ലെപ്പോക്ക് നയവുമായാണ് സർക്കാർ നീങ്ങുന്നതെന്ന് വ്യക്തം. കെ റയിലിനുവേണ്ടി ഒരു തുണ്ടു ഭൂമി മാത്രം ഉള്ളവരുടെ അടുക്കളയിൽകേറി കല്ലിട്ടവർ തന്നെയാണ് ഇതും ചെയ്യുന്നതെന്നോർക്കണം. 

കേരളമൊന്നാകെ കരഞ്ഞൊരു ദിനം -  മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ ദേഹവിയോഗത്തെ അങ്ങനെ വിശേഷിപ്പിക്കാനേ കഴിയൂ. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടം അറിയാമായിരുന്നെങ്കിലും (അതിനെപ്പറ്റിയും ഒരുപാട് വിവാദങ്ങൾ ഉണ്ടായി എന്നത് മറ്റൊരു കാര്യം) ചരമം പ്രാപിച്ചപ്പോൾ രാഷ്ട്രീയ എതിരാളികൾ പോലും ദുഖിതരായി. ചിലരൊക്കെ അദ്ദേഹത്തോട് ചെയ്ത തെറ്റിന് മാപ്പു പറഞ്ഞു. ഒരു രാഷ്ട്രീയനേതാവിനും കിട്ടാത്തത്ര ജനപിന്തുണയോടെ അദ്ദേഹം തന്റെ അവസാനയാത്ര നടത്തി. മരണശേഷവും അദ്ദേഹത്തിന്റെ സഹായം ലഭിച്ച സാധാരണക്കാർ ഉൾപ്പെടെയുള്ളവർ ആ കല്ലറ സന്ദർശിക്കുന്നതും വണങ്ങുന്നതും നാം കണ്ടു. ആ മരണം സൃഷ്ടിച്ച ഉപതിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് ജയിച്ചു കയറി. മൂട്ടിൽ മരം മുറിക്കേസിൽ കുരുക്ക് മുറുകുന്നു. അന്വേഷണത്തിൽ മെല്ലെപ്പോക്കുണ്ടായെങ്കിലും ഒടുവിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാൽ ഓണക്കിറ്റ് വെട്ടിക്കുറച്ചു. സപ്പ്ളൈകോവിലും സാധനങ്ങൾ കിട്ടാത്ത അവസ്ഥയിൽ. വിലവർദ്ധന കാരണം ജനം നട്ടം തിരിഞ്ഞു. കാര്യമായ ഒരിടപെടൽ പോലും നടത്താതെ സർക്കാർ നോക്കിനിന്നു. മന്ത്രിയുടെ മണ്ഡലത്തിലെ സപ്പ്ളൈകോവിൽ പോലും വില കുറഞ്ഞ 13 സാധനങ്ങൾ കിട്ടാതെയായി. വിവാദങ്ങൾക്കു ശമനമില്ലാതെ ദിവസങ്ങൾ കഴിയുന്നതിനിടയിലാണ് ഗണപതി മിത്താണെന്ന പ്രസ്താവനയുമായി സ്പീക്കർ എ എൻ ഷംസീർ രംഗത്തെത്തുന്നത്. ബിജെപിയും മറ്റു ഹൈന്ദവസംഘടനകളും വിഷയം ഏറ്റെടുത്തപ്പോൾ ഷംസീറിനെ അനുകൂലിച്ചു പ്രസ്താവന നടത്തിയ ഗോവിന്ദൻ മാഷ് നടത്തിയത് അതിലും പുലിവാലായിരുന്നു. ഗണപതി മിത്താണെന്നും മറ്റു മതങ്ങളിൽ ഉള്ളത് വിശ്വാസവുമാണെന്ന ഒന്നാംതരം 'മതേതര' പ്രസ്താവനയിൽ കുരുങ്ങിയ പാർട്ടി സെക്രട്ടറി അതിൽ നിന്നൂരാൻ കുറച്ചു പണിപ്പെടുന്നതും കേരളം കണ്ട കാഴ്ചയാണ്. ഇതിനെതിരെ എൻ എസ് എസ്, എസ് എൻ ഡി പി തുടങ്ങിയവർ നൽകിയ പരാതികൾ കോടതിയുടെ മുന്നിലിപ്പോഴുമുണ്ട്. ഈ നാടകങ്ങൾക്കിടയിലും 50 % വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറി എന്നതും പറയാതിരിക്കാനാവില്ല. മോദി സമൂഹത്തെ അപമാനിച്ചു എന്ന കാരണത്തിന് ലോകസഭാംഗത്വം നഷ്‌ടമായ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയിലെ പോരാട്ടത്തിലൂടെ അത് തിരിച്ചെടുക്കാനായത് കേരളത്തിലെ കോൺഗ്രസ്സിനാകെ ഉണർവേകിയ സംഭവമാണ്. കരിമണൽ കർത്താ എന്നറിയപ്പെടുന്ന വ്യവസായിയുടെ കമ്പനിയിലെ സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട ആദായവകുപ്പിന്റെ ഒത്തുതീർപ്പ് ഉത്തരവിൽ സംസ്ഥാനത്തെ രാഷ്ട്രീയനേതാക്കൾ കൈക്കൂലി വാങ്ങിയെന്ന വാർത്തയുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. മുഖ്യമന്ത്രിയുടെയും മകളുടെയും പേരുകളോടൊപ്പം ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങി മറ്റു പ്രമുഖരുടെ പേരുകൾ കൂടി വെളിച്ചത് വന്നത് ഇരുപക്ഷത്തേയും വെട്ടിലാക്കി. പാർട്ടിക്ക് വേണ്ടി വാങ്ങിയെന്നു യുഡിഫ് നേതാക്കൾ സമ്മതിച്ചപ്പോൾ കൃത്യമായ തെളിവോടെ പേരുണ്ടായിട്ടും മുഖ്യമന്ത്രി അത് നിഷേധിച്ചു. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഒറ്റയാൾ പോരാട്ടത്തിനിറങ്ങിയത് മാത്യു കുഴൽനാടൻ മാത്രമായിരുന്നു. മുഖ്യമന്ത്രിയുടെ മകൾ കർത്തയുടെ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയെന്ന് രേഖകൾ ഉദ്ദരിച്ച് അദ്ദേഹം വെല്ലുവിളിച്ചു. അതിന് പ്രതികാരമെന്നോണം അദ്ദേഹത്തിനെതിരെ സർക്കാർ പലതരത്തിലുള്ള അന്വേഷണപരമ്പരകൾ നടത്തിയെങ്കിലും വിജയിക്കാനായില്ല. പലവിധ ക്യാപ്സ്യൂകളുമായി പാർട്ടി തന്നെ മുഖ്യമന്ത്രിയുടെ മകളെ ന്യായീകരിക്കാൻ   ഇറങ്ങിയെങ്കിലും ജനം അതെത്ര മാത്രം വിശ്വസിച്ചു എന്നതിൽ സംശയമുണ്ട്. വർഷം കടന്നുപോകുമ്പോഴും തന്റെ നിലപാടിൽ നിന്നും ഒരിഞ്ച് പിന്നോട്ട് മാറാൻ മൂവാറ്റുപുഴ എം എൽ എ തയ്യാറായിട്ടില്ല. ഈ വെളിപ്പെടുത്തലുകൾക്കെതിരെ അന്വേഷണം വേണമെന്ന പരാതി ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

കരാറിലെ നിയമപ്രശ്നം ഉന്നയിച്ച് യുഡിഫ് സർക്കാരിന്റെ കാലത്തുണ്ടാക്കിയ വൈദ്യതി കരാറുകൾ സർക്കാർ റദ്ദാക്കി. എന്നാൽ അനുദിനം വളരുന്ന വൈദ്യുതി ക്ഷാമം പരിഹരിക്കാൻ അതേ കമ്പനികളുമായി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ സർക്കാർ നിർബന്ധിതരായി എന്നതാണ് പരിഹാസ്യം. ഭാരം വീണ്ടും ജനങ്ങളുടെ തോളിൽ. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായ കരുവന്നൂർ സഹകരണബാങ്ക് കൊള്ള അന്വേഷിക്കാൻ ഇ ഡി എത്തിയതും ഈ വർഷമായിരുന്നു. സിപിഎം ന്റെ മുൻ മന്ത്രിയേയും പാർട്ടി നേതാക്കളെയും ചോദ്യം ചെയ്ത ഇ ഡി ഇതിലുള്ള അന്വേഷണം ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനപോലീസ് അന്വേഷിച്ചപ്പോൾ പ്രതിപട്ടികയിൽ ഇല്ലാതിരുന്ന പലരും ഇ ഡി യുടെ വലയിൽ കുടുങ്ങിയത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. സിപിഎം എന്ന പാർട്ടിക്ക് ഈ തട്ടിപ്പിൽ വ്യക്തമായ പങ്കുണ്ടെന്ന തെളിവുകളും ഇ ഡി പുറത്തു വിട്ടു. കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് കേന്ദ്രസംഘം ഇപ്പോൾ. അതിനു പിന്നാലെ പല സഹകരണബാങ്കുകളിലെ തട്ടിപ്പും പുറത്തു വരികയുണ്ടായി. വയനാട്ടിലെ തട്ടിപ്പിൽ കോൺഗ്രസ് നേതാവ് കുടുങ്ങിയതും കണ്ടല ബാങ്കിലെ തട്ടിപ്പിന് സിപിഐ നേതാവ് അറസ്റ്റിലായതും ഇതിനു പിന്നാലെയാണ്. രാഷ്ട്രീയപാർട്ടികളുടെ സമ്പൂർണ്ണ നിയന്ത്രണങ്ങളുള്ള സഹകരണബാങ്കുകളിൽ തട്ടിപ്പുകൾ നിർബാധം നടക്കുന്നുവെന്ന് കേരളം കണ്ട വർഷം കൂടിയായിരുന്നു കടന്നുപോയത്. ഈ അന്വേഷണത്തിന്റെ അലയൊലി വരുന്ന വർഷത്തിലും ഉണ്ടാകുമെന്നത് തീർച്ചയാണ്. വ്യാജ ഐ ഡി കാർഡുകളുമായി ബാങ്കുകളുടെ ഭരണം പിടിക്കാൻ ശ്രമിക്കുന്ന  രാഷ്ട്രീയപാർട്ടികൾ ജനാധിപത്യത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കുന്നതും മലയാളി കേട്ടു. 

രാജ്യത്തിനാകെ അഭിമാനമായി ചന്ദ്രനിൽ പറന്നിറങ്ങിയ ചന്ദ്രയാൻ-3 ന് പിന്നിലുണ്ടായിരുന്ന മലയാളിസാന്നിദ്ധ്യം ഓരോ മലയാളിയെയും കോരിത്തരിപ്പിച്ചു. യുഡിഫ് ഭരണത്തെ അധികാരത്തിൽ നിന്നുമാറ്റിനിർത്തിയ സോളാർ അഴിമതിയിൽ പ്രതിചേർക്കപ്പെട്ട എല്ലാ രാഷ്ട്രീയക്കാരെയും കുറ്റവിമുക്തമാക്കിക്കൊണ്ട് സിബിഐ കോടതി നടത്തിയ വിധിപ്രസ്താവം തെറ്റ് ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസമുണ്ടെന്ന ഉമ്മൻചാണ്ടിയുടെ നിലപാടിനെ അക്ഷരാർത്ഥത്തിൽ സാധൂകരിക്കുന്നതായി. മരിക്കുന്നതിന് മുൻപ് തന്റെ നിരപരാധിത്വം ജനങ്ങളുടെ മുന്നിൽ ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു. ഈ ആരോപണത്തിന് പിന്നിൽ ഗണേഷ്‌കുമാർ ഉൾപ്പെടെയുള്ളവരാണെന്ന സിബിഐ യുടെ കണ്ടെത്തലുകൾ ഗണേഷിന് ഏറെ ക്ഷീണമായി. ലഭിക്കുമെന്ന് കരുതിയിരുന്ന മന്ത്രിസ്ഥാനത്തിനും ഇളക്കം തട്ടിയേക്കാമെന്ന അവസ്ഥയ്ക്ക് വരെ കാര്യങ്ങളെത്തി. എങ്കിലും പുതുവർഷാരംഭത്തിന് മുൻപേ, വീതംവെപ്പിൽ ലഭിക്കേണ്ട മന്ത്രിസ്ഥാനം അദ്ദേഹത്തെ തേടിയെത്തുകതന്നെ ചെയ്തു. കോഴിക്കോട് നിവാസികളെ ഭീതിയിലാഴ്ത്തി വീണ്ടും നിപയെത്തി. 2 ജീവനുകൾ തട്ടിയെടുത്തെങ്കിലും ആരോഗ്യവകുപ്പിന്റെ നിതാന്തജാഗ്രത കാരണം കൂടുതൽ ആളുകളിലേക്കോ പ്രദേശങ്ങളിലേക്കോ പടരാതെ ഈ മഹാമാരിയെ അമർച്ച ചെയ്യാൻ നമുക്ക് കഴിഞ്ഞു. ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്രസർക്കാർ നിരോധിച്ച പി എഫ് ഐ യുടെ നേതാക്കളെയും പ്രവർത്തകരെയും സംസ്ഥാനസർക്കാർ പോലുമറിയാതെ എൻ ഐ എ അറസ്റ്റ് ചെയ്തു. കൃത്യമായ പരിശോധന നടത്താൻ പോലും സംസ്ഥാനസർക്കാരും പോലീസും മടിക്കുന്നുവെന്ന വാർത്തകൾ വരുന്നതിനിടയിലാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത്. വോട്ട് ബാങ്കിനെ ഭയന്ന് പലതും കണ്ടില്ലന്നു നടിക്കുന്ന സംസ്ഥാനസർക്കാരിന്റെ അലംഭാവത്തിന് കിട്ടിയ മറ്റൊരു തിരിച്ചടി.

ഇസ്രായേൽ - ഹമാസ് യുദ്ധത്തിൽ ഭീകരരേക്കാൾ സാധാരണക്കാർ  കൊല്ലപ്പെടാൻ തുടങ്ങിയപ്പോൾ അതിനെതിരെ വൈകാരികമായി പ്രതിഷേധിക്കാൻ കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ മത്സരിക്കുന്നതും നാം കണ്ടു. ബിജെപി ഇസ്രയേലിനെ പിന്തുണച്ചപ്പോൾ ഹമാസിനെ സ്വാതന്ത്ര്യവാദികളാക്കി കോൺഗ്രസ്സും സിപിഎമ്മും. മുസ്‌ലിം വോട്ടുകൾ മുന്നിൽ കണ്ട് അവർ മത്സരിച്ച് യോഗങ്ങളും പ്രസ്താവനകളും ഇറക്കി. ഈ കളിയിൽ സിപിഎം ഒരു ചുവട് മുന്നിൽ നിൽക്കുകയും ചെയ്തു. ലോകത്ത് നടക്കുന്ന മറ്റു യുദ്ധങ്ങളോ മനുഷ്യാവകാശധ്വസനങ്ങളോ ഇവർക്കാർക്കും ഒരു പ്രശ്നമേയല്ലായിരുന്നു. മുസ്ലിം ലീഗിനെ അല്ലെങ്കിൽ അല്ലെങ്കിൽ ഒരു വിഭാഗത്തെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കാനുള്ള സിപിഎമ്മിന്റെ നയത്തിന്റെ ഭാഗം തന്നെയായിരുന്നു ഈ പ്രതിഷേധവും. എന്നാൽ കോൺഗ്രസ്സാവട്ടെ കാൽക്കീഴിലെ മണ്ണ് ചോർന്നു പോകാതെ തടയാൻ ശ്രമിക്കുന്ന ബദ്ധപ്പാടിലായിരുന്നു.

ആറായിരം കോടിയുടെ ഭൂമിക്കച്ചവടമാണ് വിഴിഞ്ഞത്ത് നടക്കുന്നതെന്ന് പറയുകയും എഴുതുകയും ചെയ്ത സിപിഎമ്മും ഇടതുപക്ഷവും വിഴിഞ്ഞത്ത് ക്രയിനുമായി എത്തിയ ആദ്യത്തെ കപ്പലിന് നൽകിയ വാട്ടർ സലൂട്ട് സ്വീകരണം അക്ഷരാർത്ഥത്തിൽ പരിഹാസ്യമായി. ഇവരുടെ മുൻനിലപാട് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ചടങ്ങു ബഹിഷ്കരിച്ചിരുന്നു. കണ്ണൂരിൽ പരീക്ഷണപറക്കൽ നടത്തി വിമാനത്താവളം ഉദ്‌ഘാടനം ചെയ്തതിന് ഉമ്മൻചാണ്ടിയെ കളിയാക്കിയ പിണറായി വിജയനടക്കം തെല്ല് ജാള്യതയുമില്ലാതെ ഈ കപ്പലിനെ വരവേറ്റു. ഒരിക്കൽ തങ്ങൾ എതിർത്ത പദ്ധതിയാണ് ഇന്ന് തങ്ങളുടെ നേട്ടമായി പറയുന്നതെന്ന് ചിന്തിക്കാൻ ഇടതുപക്ഷം മിനക്കെട്ടില്ല! കളമശേരിയിൽ നടന്ന യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ ബോംബ് പൊട്ടി ആളുകൾ കൊല്ലപ്പെട്ടതും നിരവധിപേർക്ക് പരിക്കേറ്റതും വല്ലാത്തൊരു ഭയത്തോടെയും പരിഭ്രാന്തിയോടെയുമാണ് കേരളം കേട്ടത്. സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതി ആ സമൂഹത്തോടുള്ള എതിർപ്പു കാരണമാണ് ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്തതെന്ന് ഏറ്റുപറഞ്ഞു. നാളുകൾ കഴിയുന്തോറും മരണനിരക്ക് കൂടി. അന്വേഷണം തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഇതിനു പിന്നിൽ വേറെ വല്ല ഗൂഢാലോചനയുണ്ടോ എന്ന് കണ്ടുപിടിക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. 

വർഷം കഴിയാൻപോകുന്തോറും കേരളരാഷ്ട്രീയം കലങ്ങി മറിയുന്നതാണ് നാം കാണുന്നത്. 'നവകേരളസദസ്സ്' എന്ന പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നാട് കാണാനിറങ്ങുന്ന ചടങ്ങ് ഏറെ വിമർശനങ്ങൾക്ക് വിധേയമായി. മന്ത്രിമാർക്കുള്ള യാത്രയ്ക്കായി കോടികൾ വിലയുള്ള ശീതീകരിച്ച ബസ്സും അകമ്പടിയായി നൂറോളം കാറുകളും പോലീസുകാവലുമൊക്കെയായി രാജഭരണകാലത്തെ രാജാവിന്റെ നാടുകാണാൻ എഴുന്നെള്ളുന്നതിനെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഈ യാത്ര നടക്കുന്നത്. മന്ത്രിമാർ കാണുന്നത് പൗരപ്രമുഖരെ മാത്രം, അത്താഴപട്ടിണിക്കാരായ ജനങ്ങൾക്ക് അതിനവകാശമില്ല. പരാതി വാങ്ങുന്നത് ഉദ്യോഗസ്ഥർ. ധൂർത്തിനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്സുകാരിൽ നിന്നുമുള്ള സംരക്ഷണത്തിനായി പാർട്ടിക്കാരുടെ 'രക്ഷാപ്രവർത്തന'മുണ്ട്. സർക്കാർ ജീവനക്കാരേയും കുട്ടികളേയും നിർബന്ധിച്ച് പങ്കെടുപ്പിച്ചും സ്കൂൾ മതിലുകൾ ഇടിച്ചുപൊളിച്ചും മുന്നേറിക്കൊണ്ടിരുന്ന യാത്ര കൊല്ലത്തെത്തിയപ്പോഴേക്കും കളി മാറി. രക്ഷപ്രവർത്തകരെ പ്രതിഷേധിക്കാർ തിരിച്ചടിക്കുന്ന കാഴ്ചയാണിപ്പോൾ. നിർബന്ധിതപിരിവിനും പൊളിക്കലിനും കുട്ടികളെ കെട്ടിയിറക്കുന്നതിനുമൊക്കെ കോടതി കടിഞ്ഞാണിടേണ്ട അവസ്ഥയുമുണ്ടായി. ഏതായാലും കൊല്ലാവസാനം നല്ലൊരു കലാശപ്പോരിനാണ് കേരളം സാക്ഷ്യം വഹിക്കേണ്ടിവരിക എന്നുറപ്പാണ്. അതിനിടയിൽ തന്നെയാണ് സർക്കാരിനോട് നേരിട്ട് ഏറ്റുമുട്ടാൻ ഗവർണ്ണർ ഇറങ്ങിത്തിരിച്ചത്. മുഖ്യമന്ത്രിയും ഗവർണറും സ്ഥാനത്തിന് യോജിക്കാത്ത പ്രസ്താവനകളുമായി കളം നിറഞ്ഞിരിക്കുന്ന അവസ്ഥ. സർവ്വകലാശാലകളിലെ കാവിവൽക്കരണത്തിനെതിരെ എസ് എഫ് ഐ പ്രത്യക്ഷസമരത്തിനിറങ്ങി. സർക്കാർ അവിടെ നടത്തുന്ന  മാർകിസ്റ്റുവൽക്കരണം അവർക്ക് പ്രശ്നമേയല്ലായിരുന്നു. അവരെ വെല്ലുവിളിച്ച് ഗവർണ്ണർ നടത്തിയ യാത്ര ഇതുവരെ കാണാത്ത തരത്തിലുള്ളതുമായിരുന്നു. തുടക്കത്തിൽ സർക്കാരിന്റെ താളത്തിന് തുള്ളിയിരുന്ന ഗവർണ്ണർ ചുവടു മാറ്റി ചാൻസിലർ എന്ന രീതിയിൽ തന്റെ അജണ്ട നടപ്പിലാക്കാൻ തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. കണ്ണൂർ വി സി യുടെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കാനും ഗവർണ്ണറുടെ നിലപാട് കാരണമായിരുന്നു.

എങ്കിലും പോയ വർഷം ഏറ്റവും ചർച്ച ചെയ്തത് ഒരുപക്ഷെ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയും സർക്കാരിന്റെ ധൂർത്തുമായിരിക്കും. ഹൈക്കോടതിയിൽപ്പോലും ചീഫ് സെക്രട്ടറിക്ക് ധനസ്ഥതിയെക്കുറിച്ച് തുറന്നുപറയേണ്ടി വന്നു. നിർമ്മാണകരാറുകാർക്കും സാമൂഹ്യപെൻഷൻ വാങ്ങുന്നവർക്കും നെൽക്കർഷകർക്കും ലൈഫ് മിഷനിൽ വീട് നിർമ്മിക്കുന്നവർക്കും കെ എസ് ആർ ടി സി ക്കും സപ്പ്ളൈക്കോവിനും അങ്ങനെ സമസ്ത മേഖലകളിലും കൊടുക്കാനുള്ള കാശ് കൊടുക്കാൻ കഴിയാതെ കുഴങ്ങുകയാണ് സർക്കാർ. വായ്പഗാരന്റി പോലും കൊടുക്കാൻ കഴിയില്ല എന്ന് കോടതിയിൽ പറയേണ്ടിവന്നു. കർഷക ആത്മഹത്യകൾ പെരുകുന്നു. വിധവകളും രോഗികളും ആരോരുമില്ലാത്തവരുമൊക്കെ സർക്കാർ സഹായത്തിനായി കാത്തുനിൽക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. എങ്കിലും ധൂർത്തിനൊട്ടും ഒരു കുറവുമില്ല. കോടികൾ മുടക്കി ആഘോഷിച്ച കേരളീയവും ഇപ്പോൾ നടക്കുന്ന നവകേരളയാത്രയും പശുത്തൊഴുത്ത് നിർമ്മാണവും പുതിയ സർക്കാർ വാഹനങ്ങളും തുടങ്ങി കെ വി തോമസിന്റെ ഡൽഹിയിലെ നിയമനം വരെ അനാവശ്യമായ ചിലവുകളാണ് എങ്ങും നടക്കുന്നത്. പിൻവാതിൽ നിയമനങ്ങളും നിർബാധം തുടരുന്നുണ്ട്. തങ്ങളാണ് ദേശീയപാത നിർമ്മിക്കുന്നതെന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറഞ്ഞുനടന്ന ഇടതുസർക്കാർ സ്ഥലമേറ്റെടുപ്പിനു നൽകിയ പണം പോലും തിരികെവെണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടതും ഇക്കാലത്താണ്. വളരെ ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കിട്ടാനുള്ള കുടിശിക പിരിച്ചെടുക്കാനോ ചിലവുകൾ കുറയ്ക്കാനോ വരുമാനത്തിന് പുതിയ മാർഗ്ഗങ്ങൾ ആവിഷ്കരിക്കാനോ സർക്കാരിന് കഴിയുന്നില്ല. വിദഗ്ദാഭിപ്രായങ്ങൾ ചെന്നുവീഴുന്നത് ബധിരകർണ്ണങ്ങളിലാണ്. ഇത്രമാത്രം പ്രശ്‍നങ്ങളും അഴിമതി ആരോപണങ്ങളുമൊക്കെയുണ്ടായിട്ടും കൃത്യമായി ചോദ്യം ചെയ്യാനാകാതെ സംഘടനാപ്രശ്‌നത്തിലും ഉൾപ്പാർട്ടി പ്രശ്നങ്ങളാലും നട്ടം തിരിയുകയാണ് പ്രതിപക്ഷം, പ്രത്യേകിച്ച് കോൺഗ്രസ്. ഇടത് സർക്കാർ തികഞ്ഞ പരാജയമാണെങ്കിൽ പ്രതിപക്ഷവും അതുതന്നെ. നിയമസഭയിൽ പലപ്പോഴും സർക്കാരിനെ വിറപ്പിക്കുന്ന പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ഹൈക്കമാൻഡ് പ്രതിനിധിയുമൊക്കെ ഒരു മനസ്സോടെ പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. ഒളിഞ്ഞും തെളിഞ്ഞും കളിക്കുന്ന ഗ്രൂപ്പിസമാണിതിന് കാരണം. പലതവണ മാറ്റിവെച്ച യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ ഐ ഡി കാർഡുകൾ ഉപയോഗിച്ചെന്ന ആരോപണവും തിരിഞ്ഞുകുത്തുകയാണ്. അതിനിടയിലാണ് ഏകീകൃത സിവിൽ കോഡിന്റെയും ഇസ്രായേൽ-ഹമാസ് പ്രശ്നത്തിന്റെയും പേരിൽ ന്യൂനപക്ഷങ്ങളിക്കിടയിൽ കടന്നുചെല്ലാൻ സിപിഎം ശ്രമം നടത്തുന്നതും. എങ്കിലും നവകേരളസദസ്സിനൊടുവിൽ നടന്ന സംഭവങ്ങളും തദ്ദേശ ഉപതെരഞ്ഞെടുപ്പുകളുടെ ഫലങ്ങളും ഒരുണർവ്വ് കോൺഗ്രസിന് നൽകിയിട്ടുണ്ട്. ബിജെപിയിൽ ആകെ ഒരോളം സൃഷ്ടിക്കാൻ കഴിഞ്ഞത് സുരേഷ് ഗോപിക്ക് മാത്രമാണ്. അതിനിടയിൽ പീഡനശ്രമത്തിൽ ഒതുക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കാനേ അതുപകരിച്ചുള്ളൂ. സിപിഎമ്മിലും കാര്യങ്ങൾ അത്ര പന്തിയല്ല. ആലപ്പുഴയടക്കമുള്ള പല സ്ഥലങ്ങളിൽ വിഭാഗീയത ശക്തമായി നിൽക്കുന്നുണ്ട്. വ്യക്തിപൂജയെ എന്നുമെതിർത്തിരുന്ന പാർട്ടി ഇന്ന് ഒരു വ്യക്തിയെ ദൈവമായി കരുതുന്ന തരത്തിലേക്ക് മാറുന്നതും നാം കണ്ടു. പരസ്പരം കൊണ്ടും കൊടുത്തും കേരളരാഷ്ട്രീയം കൂടുതൽ മലീമസമാകുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

മലയാളികളെ ഏറെ ചിരിപ്പിച്ച എന്നാൽ ഇടയ്ക്ക് കണ്ണ് നനയിപ്പിച്ച രണ്ടു അഭിനയപ്രതിഭകൾ ഇന്നസെന്റും മാമുക്കോയയും ഭൂമിയിലെ അഭിനയം നിർത്തിയത് പോയവർഷത്തെ ദുഖങ്ങളായിരുന്നു. ആ ശൂന്യത സൃഷ്ടിച്ച വിടവുകൾ മലയാളസിനിമയിൽ നികത്താൻ ആരുമുണ്ടാവില്ല എന്നത് തീർച്ചയാണ്. കൂടാതെ പല പ്രമുഖരും നമ്മെ വിട്ടു പിരിയുകയുണ്ടായി. സംവിധായകരായ സിദ്ദിഖ്, കെ ജി ജോർജ്ജ്, നടന്മാരായ ജോണി, ഹരീഷ് പേങ്ങൻ, പൂജപ്പുര രവി, കലാഭവൻ ഹനീഫ്, വിനോദ്, കവിയും ഗാനരചയിതാവുമായ ബി ആർ പ്രസാദ്, നടി സിബി സുരേഷ്, സാമൂഹ്യപരിഷ്കർത്താവ് ചിത്രൻ നമ്പൂതിരിപ്പാട്, ആർട്ടിസ്റ്റ് നമ്പൂതിരി, രാഷ്ട്രീയരംഗത്തെ അതികായകരായ, വക്കം പുരുഷോത്തമൻ, പി മുകുന്ദൻ, കാനം രാജേന്ദ്രൻ, കെ പി വിശ്വനാഥൻ, ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവ് എം എസ് സ്വാമിനാഥൻ, ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്ന്റെ പി വി ഗംഗാധരൻ, ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജി ഫാത്തിമ ബീവി, എഴുത്തുകാരി പി വത്സല, നടിയും ഗായികയുമായ സുബ്ബലക്ഷ്മി, ചിന്തകൻ പ്രൊ. കുഞ്ഞാമൻ എന്നിങ്ങനെ ഒരുപാട് പ്രഗത്ഭർ  വിടപറഞ്ഞ വർഷം കൂടിയാണ് കടന്നു പോകുന്നത്.

പറയുകയാണെങ്കിൽ ഇനിയുമുടൊരുപാട് വിശേഷങ്ങൾ. നിയമസഭ പാസ്സാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാത്ത ഗവർണ്ണറുടെ സമീപനം, തുടർന്നുണ്ടായ കോടതി നടപടികൾ, ബില്ലുകൾ രാഷ്ട്രപതിക്കയച്ച സാമർഥ്യം എന്നിവയൊക്കെ ചർച്ചാവിഷയങ്ങളായിരുന്നു. ഭരണപക്ഷത്തെ എം എൽ എ മാർക്കെതിരെ കെ ബി ഗണേഷ്‌കുമാർ നിയമസഭയ്ക്കകത്തും പുറത്തും വിമർശനങ്ങൾ  ഉന്നയിക്കുന്നതും അതിനെതിരെ മുന്നണിയിൽ അപ്രീതി ഉരുണ്ടുകൂടുന്നതും കണ്ടു. മുന്നൊരുക്കങ്ങൾ വേണ്ടവിധം ചെയ്യാതെ ശബരിമലയിൽ ഭക്തരെ കഷ്ടപ്പെടുത്തിയതും ചർച്ചയായി. മുൻ മുഖ്യമന്ത്രിയും ജീവിച്ചിരിക്കുന്ന സിപിഎം സ്ഥാപക നേതാവുംകൂടിയായ വി എസ് അച്യുതാനന്ദൻ തന്റെ നൂറാം പിറന്നാളാഘോഷിച്ചതും പോയവർഷമാണ്. ചികിൽസിക്കാനെത്തിയ രോഗി ഡോക്ടറിനെ കുത്തിക്കൊന്നതും സ്ത്രീധനക്കൊലപാതകങ്ങളും ആൾക്കൂട്ടക്കൊലയും ഗുണ്ടാവിളയാട്ടവും അക്രമവും കൊലപാതകങ്ങളും തുടങ്ങി മനുഷ്യമനസ്സാക്ഷി മരവിച്ചുപോകുന്ന ഒരുപാട് സംഭവങ്ങൾക്ക് സംസ്ഥാനം സാക്ഷിയാകേണ്ടിവന്നു. കൊച്ചിയിൽ നടന്ന 25000  കോടിയുടെ മയക്കുമരുന്ന് വേട്ട ഒരുപക്ഷെ രാജ്യത്തുതന്നെ ഏറ്റവും വലിയ ഇത്തരത്തിലുള്ള കേസായിരിക്കും. പാർട്ടിക്കാർ ഉൾപ്പെട്ട അക്രമങ്ങളിലും തട്ടിപ്പുകളിലും കേസ് എടുക്കാതെയും മെല്ലെപ്പോക്ക് കാണിച്ചും പോലീസ് പരമാവധി പാർട്ടി വിധേയത്വം കാണിക്കുന്നതും നാം കണ്ടു. സോളാർ കേസിൽ സി ദിവാകരന്റെ വെളിപ്പെടുത്തലുകൾ, കെ സുധാകരന്റെ നാക്കുപിഴകൾ, ഹവാല പണം തേടിയുള്ള കേന്ദ്ര ഏജൻസികളുടെ വരവ്, പ്രണയക്കൊലപാതകങ്ങൾ, മദ്യം ഒഴുക്കാനുള്ള സർക്കാരിന്റെ പുതിയ മദ്യനയം, പീഡിപ്പിച്ച് കൊന്നകേസിൽ പോലും കുറ്റവാളികൾ രക്ഷപ്പെടുന്ന കാഴ്ചകൾ, നഗ്നമായ നിയമലംഘനം നടത്തി നിർമ്മിക്കുന്ന പാർട്ടി ആപ്പീസുകൾ, കോളേജ് ക്യാമ്പസുകളിൽ തിരിച്ചുവരുന്ന കെ എസ് യു, വ്യവസായ സൗഹൃദമെന്ന അവകാശപ്പെടുമ്പോൾപ്പോലും പണം മുടക്കി നട്ടം തിരിയേണ്ടിവരുന്ന പ്രവാസികളുടെ കഥകൾ, കുസാറ്റിലെ സംഗീത നിശയിലെ തിക്കിലും തിരക്കിലും പെട്ട് സംഭവിച്ച മരണങ്ങൾ അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് സംഭവബഹുലമായ വർഷമാണ് കടന്നുപോകുന്നത്. പോയവർഷങ്ങളും ഇത് പോലെയൊക്കെയായിരുന്നു. അതിനാൽ വരും വർഷങ്ങളും അങ്ങനെയാവാനേ തരമുള്ളൂ. എങ്കിലും നമുക്ക് പ്രത്യാശിക്കാം കഷ്ടനഷ്ടങ്ങൾ ഇല്ലാത്ത ഒരു ദിനങ്ങൾ കടന്നുവരാൻ.