പേജുകള്‍‌

വായനാദിനം




ഒരു വായനാദിനം കൂടി കടന്നുപോയി.പലരും ചികഞ്ഞെടുക്കുന്നതു പോലെ വായനയുടെ പുഷ്കലമായ ഒരു ബാല്യമോ കൗമാരമോ എനിക്കുണ്ടായിരുന്നില്ല. യൗവ്വനത്തിലായിരുന്നു ഞാൻ വായനയുടെ ലോകത്തിലേക്ക് ചേക്കേറിയത്. ഇടയ്ക്കു തളർന്നും വീണ്ടും തളിർത്തും ഇപ്പോഴും അത് മുന്നോട്ടു കൊണ്ടുപോകാൻ എനിക്ക് കഴിയുന്നുണ്ട് എന്നത് എന്റെ ഭാഗ്യം. അതും വായനയുടെ പാരമ്പര്യമോ പ്രോത്സാഹനമോ ഒന്നും ഇല്ലാതെ വളർന്നുവന്ന ഒരാൾ ആളെന്ന നിലയിൽ.
കുട്ടിയായിരിക്കുമ്പോൾ അക്കാലത്തെ കുട്ടികളെ പോലെ പൂമ്പാറ്റയും ബാലരമയുമായിരുന്നു ഞങ്ങളുടെ കൂട്ടുകാർ. വീട്ടിൽ സ്ഥിരം വാങ്ങാറില്ലായിരുന്നു ഈ പുസ്തകങ്ങൾ എങ്കിലും സ്കൂളിൽ നിന്നോ അയല്പക്കത്തു നിന്നോ കിട്ടുമായിരുന്നു. ഞങ്ങൾ മൂന്നുപേരായിരുന്നതിനാൽ പുസ്തകം കൊണ്ടുവന്ന ആൾ കഴിഞ്ഞാൽ രണ്ടാമതായി അത് വായിക്കാൻ ബാക്കിയുള്ള രണ്ടുപേരിലും മത്സരമായിരുന്നു.കൂടാതെ അന്നത്തെ മാ പ്രസിദ്ധീകരണങ്ങളിലെ ചിത്രകഥയും കാർട്ടൂണും വായിച്ചിരുന്നു. ഈ പുസ്തകങ്ങളും സ്വന്തം വീട്ടിൽ നിന്നോ അല്ലെങ്കിൽ അയല്പക്കത്തെ വീടുകളിൽ നിന്നോ കറങ്ങിത്തിരിഞ്ഞ് കൈയ്യിൽ കിട്ടുമായിരുന്നു. കുറച്ചു കൂടി കഴിഞ്ഞാണ് അതിലെ നോവലുകളും കഥകളും വായിക്കാൻ തുടങ്ങിയത്. പക്ഷെ അത് ശീലമാക്കിയിരുന്നില്ല.പത്രം വായിക്കാൻ തുടങ്ങിയത് പിന്നെയും കുറെ കഴിഞ്ഞായിരിക്കണം.
മാതൃഭുമിയാണ് അന്ന് കണ്ട പത്രം. ഇന്നും മാതൃഭൂമി തന്നെയാണ് എനിക്ക് തൃപ്തി നൽകുന്ന പത്രം, പഴയ മാദ്ധ്യമധർമ്മത്തിൽ നിന്നും ഒരുപാടു മാറിപ്പോയെങ്കിലും. സ്കൂളുകളിൽ ലൈബ്രറി ഉണ്ടായിരുന്നില്ല, കൂടാതെ പുസ്തകം വാങ്ങി വായിക്കുന്ന ആരെയും എന്റെ കുടുംബത്തിൽ ഞാൻ അക്കാലത്തു കണ്ടിട്ടുമില്ല. അതിനാൽ തന്നെ വായനാശീലത്തെ ഉണർത്തുന്ന അനുഭവങ്ങൾ ഒന്നും ബാല്യകാലത്ത് ഉണ്ടായിരുന്നില്ല എന്ന് വേണം പറയാൻ. കോളേജിൽ എത്തിയപ്പോൾ മലയാളം വലിയ താല്പര്യമായിരുന്നെങ്കിലും ലൈബ്രറിയിൽ നിന്ന് പുസ്തകമെടുത്ത് വായിക്കാൻ അധികം താല്പര്യം കാണിച്ചില്ല. വളരെ അപൂർവ്വമായാണ് അതിനു മിനക്കെട്ടതു തന്നെ. എങ്കിലും എവിടെ നിന്നെങ്കിലും വല്ലപ്പോഴും പുസ്തകങ്ങൾ കിട്ടിയാൽ വായിക്കുമായിരുന്നു. അങ്ങിനെയാണ് മഹാഭാരതവും രാമായണവും അറിഞ്ഞത് തന്നെ. എങ്കിലും വായന ഒരു ഗൗരവമായി കാണുകയോ ദൗർബല്യമായിത്തീരുകയോ ചെയ്തില്ല.
കാലങ്ങൾ പിന്നെയും കഴിഞ്ഞ് ബാംഗ്ലൂരിൽ ജോലി ചെയ്യവെയാണ്‌ പുസ്തകം വാങ്ങലും വായനയും ജീവിതത്തിന്റെ ഭാഗമായി മാറിയത്. ഒരു ശരാശരി മലയാളി അല്ലെങ്കിൽ അഭ്യസ്തവിദ്യൻ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ വായിച്ചിരുന്നില്ല എന്ന് മാത്രമല്ല പലതിന്റെയും പേര് പോലും കേട്ടിരുന്നില്ല എന്നത് ന്യൂനതയായി തോന്നി. എങ്കിലും ഒരു വ്യാഴവട്ടത്തിന് മുൻപ് തുടങ്ങിയ ശീലം ഇപ്പോഴും തുടരുന്നു. വായിക്കാൻ സമയം കിട്ടിയില്ലെങ്കിലും വാങ്ങുക എന്ന ആഗ്രഹം നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു. ഏകദേശം 300 -ഓളം പുസ്തകങ്ങൾ ഇപ്പോൾ എന്റെ ശേഖരത്തിലുണ്ട്. അത് നാൾക്കുനാൾ വളർത്തുക എന്നത് തന്നെയാണ് എന്റെ ലക്‌ഷ്യം. കൂടാതെ ഞാൻ അംഗമായ മലയാളസമാജത്തിലെ സാഹിത്യചർച്ചകൾ നിർബന്ധമായും വായിക്കാൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ മാസം അസുഖമായി കിടന്നപ്പോൾ അതിന്റെ തീവ്രത എന്നെ വേദനിപ്പിച്ചിരുന്നെങ്കിലും കുറെ പുസ്തകങ്ങൾ വായിക്കാമല്ലോ എന്ന ചിന്ത എന്നെ കുറച്ചൊന്നുമല്ല ആഹ്ളാദിപ്പിച്ചത്. ചെറുപ്പത്തിലേ വായിച്ചു വളരാൻ മൂത്തമോൾക്ക് ബാലരമയും കളിക്കുടുക്കയും മാജിക് പോർട്ട് എന്നിവയൊക്കെ വാങ്ങുന്നുണ്ടെങ്കിലും അവൾക്ക് അതിനോട് താല്പര്യം കുറവാണ് എന്നത് സങ്കടകരമാണ്. അതിനിടയിലും 5 മാസം മാത്രം പ്രായമായ രണ്ടാമത്തെ മോൾ പുസ്തകങ്ങൾ നിറഞ്ഞ അലമാര കാണുമ്പോൾ കരയുന്നതു നിർത്തി അതിലേക്കു ഉറ്റുനോക്കുന്നത് കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നുന്നു, ഒപ്പം അവളെങ്കിലും ഇതൊക്കെ വായിക്കണമെന്ന ആഗ്രഹവും.
തിരിഞ്ഞുനോക്കുമ്പോൾ വായിക്കാതെ നഷ്ടപ്പെടുത്തിയ ദിനങ്ങളും പുസ്തകങ്ങളും എന്നെ സങ്കടത്തിലാഴ്ത്തുന്നു. അതിനാൽ തന്നെ ഒരു വായനാദിനം കൂടി കടന്നു പോകുമ്പോൾ എനിക്ക് പറയാനുള്ളത് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് തന്നെയാണ്.
                                      " വായിച്ചാലും വളരും വായിച്ചില്ലേലും വളരും
                                        വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും "
അതിനാൽ വായിച്ചു തന്നെ വളരുക..

സ്വപ്നം



നിഴലകന്നൊരു വീഥിയിൽ മലരു കൊണ്ടൊരു മന്ദിരം
വെറുതെ ഞാനൊരുക്കി
വെയിലിൽ വാടാതെ മഴയിൽ നനയാതെ
കാത്തിരുന്നുവെങ്കിലും
മൃദുലമാമൊരു തെന്നലിൽ സ്വപ്നസൗധമുടഞ്ഞുപോയ്



"എനിക്ക് കുറെ കാർഡ്‌ബോർഡും ചാർട്ട് പേപ്പറുകളും വാങ്ങിത്തരണം" മോൾ രാവിലെ തന്നെ ഒരു നീണ്ട ലിസ്റ്റ് എന്റെ മുന്നിൽ അവതരിപ്പിച്ചു.
"ആ പിന്നാ.. കാർഡ് ബോർഡ് ഒട്ടിക്കാൻ ഒരു ഫെവിക്കോളും പെയിന്റും കൂടി വേണം" അവൾ തന്റെ പട്ടികയുടെ നീളം ഇത്തിരി കൂടി കൂട്ടി.
"എന്തിനാ ഇപ്പോൾ ഇത്രയും സാധനങ്ങൾ..?" ഞാൻ എന്റെ പതിവ് പ്രതിരോധം തീർത്തു.
"എനിക്ക് വീടുണ്ടാക്കാനാ.."
"വീടോ..?" എനിക്ക് ആകാംക്ഷയായി.
"ആ വീട്..എനിക്ക് വലിയ വീടുണ്ടാക്കണം. മൂന്ന് നിലയുള്ള വീട്. അതിൽ ടീവിയും ഫ്രിഡ്‌ജും സോഫയും ഡൈനിങ്ങ് ടേബിളും എല്ലാം ഉള്ള വീട്.."
അവൾ ആവേശത്തിലാണ്.
ഞാൻ ഒന്നും മിണ്ടിയില്ല.
"അച്ഛാ..ഈ ഫസ്റ്റ് ഫ്ലോറിൽ നിന്ന് സെക്കന്റ് ഫ്ലോറിലേക്ക് പോകാൻ സ്റ്റെയർ കേസ് വേണ്ടേ, അതെങ്ങിനെ ഉണ്ടാക്കും..? വീടല്ല ഏണിപ്പടികളാണ് അവൾക്ക് വെല്ലുവിളി..!!!
"ആദ്യം നീ വീടുണ്ടാക്ക്, സ്റ്റെപ്‌സ് പിന്നെയുണ്ടാക്കാം" ഞാൻ പ്രോത്സാഹിപ്പിച്ചു എങ്കിലും അവൾ എങ്ങിനെ വീടുണ്ടാക്കും എന്ന സംശയം എനിക്ക് ഉണ്ടായിരുന്നു. അതിനാൽ ഞാൻ ആ ചോദ്യം അവളോട് ചോദിച്ചു.
"അല്ലാ, അതിന് നിനക്ക് വീടുണ്ടാക്കാൻ അറിയുമോ..??????"
"ആ..അറിയും." എന്റെ ആകാംക്ഷ കൂടി. അതറിഞ്ഞു കൊണ്ടോ എന്തോ അവൾ കൂട്ടിച്ചേർത്തു
"ഞാൻ സ്വപ്നത്തിൽ ഉണ്ടാക്കീന്..3 ഫ്ലോർ ഉള്ള വീട്. എത്ര പെട്ടെന്ന് നന്നായി ഞാൻ ആക്കീനെന്നറിയോ അച്ഛന്..?" അവൾക്ക് ആവേശം കൂടി.
"എപ്പോ അച്ഛാ വാങ്ങുന്നേ " അവൾ തന്റെ പട്ടിക വീണ്ടും സമർപ്പിച്ചു.
പുറത്തുപോയി വാങ്ങാൻ കഴിയാത്ത ആരോഗ്യസ്ഥിതിയായതിനാൽ ഞാൻ പറഞ്ഞു, "നീ ആദ്യം എന്നെയൊന്നു ഉണ്ടാക്കി കാണിക്ക്, എന്നിട്ട് വാങ്ങിത്തരാം.."
"അമ്മയോട് പറഞ്ഞ് മുകളിലെ തട്ടിൽനിന്ന് കാർഡ്ബോർഡ് എടുത്തു തരാൻ പറ" ഞാൻ വിദഗ്ദമായി പന്ത് തിരിച്ചു തട്ടി.

പിന്നെ ഒന്ന് രണ്ട് ദിവസം അമ്മയും മോളുമുള്ള കശപിശയായിരുന്നു എങ്കിലും അവസാനം അവൾക്ക് ഒരു കാർഡ്ബോർഡ് പെട്ടി ഭാര്യ എടുത്തു കൊടുത്തു. കത്രികയും ഫെവിക്കോളുമായി ആവേശത്തോടെ പണി തുടങ്ങിയ മോൾ പെട്ടെന്ന് തന്നെ സങ്കടപ്പെട്ടു "എനിക്കിത് മുറിക്കാൻ കഴിയുന്നില്ല"
അവൾ വീണ്ടും അമ്മയെ ശല്യപ്പെടുത്താൻ തുടങ്ങി. അമ്മയും മോളുമുള്ള ലഹള വീണ്ടും.എങ്കിലും ഭാര്യ അതൊക്കെ മുറിച്ചു കൊടുത്തു. മോൾ അടുത്ത ഘട്ടമായ ഒട്ടിക്കൽ പരിപാടിയിലേക്ക് നീങ്ങി. അധികസമയം വേണ്ടി വന്നില്ല, അടുത്ത പരാതിയെത്തി. ജഗതി പറഞ്ഞത് പോലെ 'കലങ്ങിയില്ല..' എന്ന ഭാവത്തിൽ "ഒട്ടുന്നില്ല.." എന്നും പറഞ്ഞ് അവൾ വന്നു. 'നല്ലോണം പശയിട്ട് അച്ഛൻ ഒട്ടിക്കട്ടെ' എന്ന് ഞാനൊട്ടു ചോദിച്ചതുമില്ല.  ഏതായാലും ആ ആവേശം ചോർന്നുപോയി.

പിന്നീട് ഭക്ഷണം ഉരുട്ടിയുരുട്ടി വായിലിടുന്നതിനിടയിൽ ഞാൻ അവളോട് ചോദിച്ചു "എന്തേ വീടുണ്ടാക്കുന്നതു നിർത്തിയോ ..?"
അവളുടെ കുഞ്ഞുമുഖം വാടി, സങ്കടത്തോടെ പറഞ്ഞു.
"എനിക്ക് ഒട്ടിക്കാൻ പറ്റുന്നില്ല. ഞാൻ സ്വപ്നത്തിൽ കണ്ടത് വല്യ കാർഡ്‌ബോർഡായിരുന്നു. അത് എനിക്ക് ഒട്ടിക്കാൻ പറ്റി.." ഒന്ന് നിർത്തി അവൾ തുടർന്നു "ഇത് അങ്ങനത്തെ കാർഡ്‌ബോർഡല്ല"

'സാരമില്ല അച്ഛനും സഹായിക്കാം, നമുക്ക് കുറച്ച് കഴിഞ്ഞിട്ട് നോക്കാം..' എന്ന വാഗ്ദാനം കൊടുക്കാനൊന്നും ഇക്കാര്യങ്ങളിൽ മടിയനായ ഞാൻ പോയതേയില്ല.

വിരലുകൊണ്ട് അച്ചാർ തൊട്ടു നക്കി 'റ്റ..' എന്ന ശബ്ദവും വിട്ട് ഞാൻ ഇത്തിരി ഗൗരവത്തിൽ അവളെ നോക്കി. 
"ഇപ്പൊ മനസ്സിലായോ, സ്വപനത്തിൽ കാണുന്നത് പോലെയൊന്നും നടക്കില്ല എന്ന്" കുറെ അനുഭവപരിജ്ഞാനമുള്ള കാരണവരുടെ ഭാവത്തിൽ ഞാൻ വലിയൊരു തത്വം അവളുടെ നേർക്കെറിഞ്ഞു.

എന്നിട്ട് അടുത്ത ഒരു ഉരുള കൂടി വായിലിട്ട് ചവക്കുന്നതിനിടയിൽ ഞാൻ പതുക്കെ ഒളികണ്ണിട്ട് മോളെ നോക്കി. അച്ഛൻ എന്തോ പറഞ്ഞുവെന്നല്ലാതെ എന്താണ് പറഞ്ഞതെന്നറിയാതെ മിഴിച്ചിരിക്കുകയായിരുന്നു അവളപ്പോൾ. അത് കണ്ടതായി നടിക്കാതെ പാത്രത്തിലെ അവസാന വറ്റും നക്കിയെടുത്ത് അത്യാവശ്യം ചെറുതല്ലാത്ത ഒരു ഏമ്പക്കവും വിട്ടു കൈകഴുകാനായി ഞാൻ നീങ്ങി.

സ്വപ്നത്തിൽ കണ്ട മൂന്ന് നിലയുള്ള വീട് അപ്പോഴും ഒരു മോഹമായി അവളുടെ മനസ്സിൽ വട്ടമിട്ട് പറക്കുന്നത് എനിക്കാ വാടിയമുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു.

        

എന്റെ ഹൈക്കു കവിതകൾ - 1



1 .
കുറുക്കൻ പാവം!
പുളിക്കും മുന്തിരിയും
തീരാ ആശയും...

2 .
ഞാനൊരു കഥ പറയാം
ഒരു കഥയുമില്ലാത്തവന്റെ കഥ
കേൾക്കുമ്പോൾ അതുമൊരു കഥ
കേട്ടു കഴിഞ്ഞാൽ? കഥയും കഴിഞ്ഞു

3 .
പാതിയേയുള്ളൂ..
പരാതിയില്ല നൂനം
ശിരോലിഖിതം !!!

4 .
ദുഃഖങ്ങൾ തീരാത്ത നാട്ടിൽ
ഞാൻ മാത്രം എന്തിന് പെയ്തൊഴിയണം
എന്ന് മഴ

******മണ്ണാങ്കട്ട*****

5 .
ഭൂമിതൻ എതോ കോണിൽ നിന്നും
കരിയില തൻ വിലാപകാവ്യം മുഴങ്ങി
മണ്ണാങ്കട്ടെ, എൻ പ്രിയ കാമുക
നീയത്രേ ആദ്യത്തെ രക്തസാക്ഷി  !!!

6 .
ഞാൻ എന്തുപറഞ്ഞാലും
എങ്ങിനെ പറഞ്ഞാലും
എല്ലാവരും പറയുന്നു
മണ്ണാങ്കട്ട ...!!!!

7 .
നാരായമെന്ന കൂട്ടായ്മയിൽ
നിറയുന്നതൊരേ ചിന്ത
അത് മണ്ണാങ്കട്ടയത്രേ..

8 .
ലോകം? മണ്ണാങ്കട്ട

*****വിവാഹവാർഷികം*****
9 .
കവിതപോൽ തുളുമ്പുന്ന മുഖശ്രീയും
മോഹനമായൊരു രാജപൗരുഷവും
അർദ്ധനാരീശ്വരന്മാരായി വിളങ്ങീടുന്ന
ധന്യമുഹൂർത്തിന് ആശംസകൾ

*****പ്രഭാതം*****

10 .
ആസ്വാദനമനമുണർന്നു മെല്ലെ
കവിത നുകർന്നു ആനന്ദചിത്തരായി

*****ഒറ്റമരം*****

11 .
ശിഖരം ഒടിഞ്ഞും ഒടിച്ചും
പൂവിടാൻ മറന്നും തളർന്നും
വളരാതെ വളരുന്നു ഞാനി-
ന്നൊറ്റമരം ഈ തരിശുഭൂവിൽ

12 .
പൂവില്ല കായില്ല
ഇലകളൊന്നുമില്ല
കിളിക്കൊഞ്ചലില്ല, കൂടില്ല
ഊയലാടാൻ ചെറുബാല്യമില്ല
കാലത്തിൻ അക്ഷരത്തെറ്റുപോലെ
നിൽക്കുന്നു ഞാനൊരു ഒറ്റമരം

13 .
                   ആശിക്കുന്നു ഞാനിന്നും വ്യഥാ
                   വരും എനിക്കു കൂട്ടായ് ഒരു മരം

മേല്പറഞ്ഞ വരികളോട് കൂട്ടിച്ചേർത്തത്.......

ആ മരത്തിന്ന് കൂട്ടായി എത്തിടട്ടെ
ചെറുബാല്യങ്ങളും കൊച്ചു കിളികളും

                   പിന്നെ  പൂവും  കായും  
                  തേൻ കുടിക്കാനൊരു  കരിവണ്ടും

ആ കരിവണ്ടിൻ മൂളലേറ്റ്
പുഷ്പിണിയാവട്ടെ നന്മമരം

14 .
മരമൊരു വരമായി
വരമൊരു മരമായി
പൊള്ളുന്ന ഭൂമിയൊരു
പൂവനമായിടട്ടെ
പൂക്കൾ നിറയട്ടെ
പൂന്തേൻ നുകരട്ടെ
സ്നേഹം പടരട്ടെ
നമ്മൾ ഒന്നായിടട്ടെ

15 .
                     ജീവിതവഴിയിൽ എപ്പോഴോ.. 
                     ഞാനും നീയും 
                     ഒറ്റമരങ്ങൾ..
                     മാറ്റീടേണം ജീവിതയാത്ര യിൽ നമ്മൾ
                     ഒറ്റമരമായ് വാഴുന്നതും സന്തോഷമായ്

ഒറ്റമരമാണ് ഞാനെങ്കിലും
ഒറ്റയ്ക്കല്ല ഈ ജീവിതയാത്രയിൽ
വിധാതാവ് കല്പിച്ച കർമ്മങ്ങൾ
ഏറെയുണ്ടെനിക്ക് താണ്ടുവാൻ

                  ജീവിത കർമപഥത്തിൽ
                  വഴികാട്ടിയായ് വരും
                  ഒരുപാടൊറ്റമരങ്ങൾ

ഒറ്റമരത്തിന്നരികിലായി കുറെയേറെ
ഒറ്റമരങ്ങൾ ഞാൻ നാട്ടീടട്ടെ
ഒറ്റമരങ്ങളെല്ലാം ഒത്തു ചേർന്ന്
ഭൂമിയൊരു കാനനമാകുമല്ലോ
ആ ശീതളഛായയിൽ ചാഞ്ഞിരുന്നു
പാടാം നമുക്കന്നൊരു സ്നേഹഗീതം

16.
മരമേതയാലും അതിൽ
പൂക്കൾ നിറയട്ടെ
കിളികൾ പാടട്ടെ
പൂന്തേൻ നുകരട്ടെ
സ്നേഹം പടരട്ടെ
ഇവിടം നന്മകൾ പരക്കട്ടെ

17.
അന്ന്:-
കുളക്കരയിലാണെന്റെ താമസം
ചെറുബാല്യങ്ങൾ എൻ പ്രിയതോഴരായി
തെന്നലിൻ കരങ്ങളാൽ തഴുകിയുറങ്ങി
അരുണകിരണങ്ങൾ പൊൻനിറം നൽകി
കർക്കിടകത്തിൽ ഞാൻ നനഞ്ഞലിഞ്ഞു
ശ്രാവണത്തിൽ ഞാനൊരു പൂമരമായി
മകരം വന്നെന്നെ കുളിരണിയിച്ചു
മീനവും മേടവും ചിരി നിറച്ചു
കളിവാക്ക് ചൊല്ലുവാൻ കൂടെയുണ്ട്
കുഞ്ഞുമരങ്ങൾ എൻ കൂടപ്പിറപ്പുകൾ

ഇന്ന്:-
കുളമെല്ലാം ആരോ നികത്തിയെടുത്തു
മണ്ണിൽ ചവിട്ടാതെ ബാല്യങ്ങളും
തെന്നലിൻ കരങ്ങൾ തഴുകാൻ മറന്നു
സൂര്യകിരണങ്ങൾ എന്നെ തളർത്തീടുന്നു
കർക്കിടകത്തിലും ഞാൻ വിയർത്തീടുന്നു
ശ്രാവണത്തിലോ മുങ്ങിക്കുളിച്ചീടുന്നു
വൃശ്ചികം വന്നാലും മകരം പിറന്നാലും
കുളിരിന്റെ ഭംഗി ഞാൻ അറിയുന്നില്ല
മീനത്തിലോ ചിരി പടരുന്നില്ല
മേടത്തിൽ വാടി തളർന്നീടുന്നു
കളിവാക്ക് പറയാനിന്നാരുമില്ല
കൂടപ്പിറപ്പുകൾ മൃതിയടഞ്ഞു
പോയജന്മത്തിലെ ശാപവും പേറി
മഴകാക്കും വേഴാമ്പലെന്ന പോലെ
ഒറ്റയ്ക്ക് രാപ്പകൽ തപസ്സിരിക്കുന്നു
ആരോരുമില്ലാത്ത ഈ ഒറ്റമരം

*****മഴ*****

18.
പൊള്ളുന്ന വേനലിൽ
ആദ്യത്തെ മഴത്തുള്ളി
ആദ്യ പ്രണയത്തിൻ
ചുടു ചുംബനം പോലെ

19 .
മാനം കറുത്താൽ
മഴയും കാറ്റും ചെറുകുളിരും
മനം കറുത്താൽ
കണ്ണീരും മൃതിയും തീരാദുഃഖവും

20 .
നീയൊരു മഴയായി പെയ്യുമെങ്കിൽ
ഞാനൊരു തെന്നലായി പുണർന്നീടാം

21 .
പൂമുഖവാതിലിനരികെ
ചാരുകസേരയിൽ
ഞെളിഞ്ഞിരുന്നു
ഞാനാ മഴ കണ്ടു
കാറ്റിൻ കൈകളിൽ
തട്ടി ചിതറിയ മഴയാൽ
ഉടലാകെ നനഞ്ഞു എൻ
മനമാകെ തെളിഞ്ഞു

22 .
ആകാശം കരഞ്ഞു, മഴയായി പെയ്തിറങ്ങി
ഭൂമി ചിരിച്ചു പുതുജീവൻ കിളിർത്തു

23 .
മഴയോർമ്മകൾ
അതാണെന്റെ ബാല്യം

24 .
പണ്ടൊരു കാലം
തിരുവാതിരയ്ക്ക്
തിരി മുറിയാക്കാലം
ഇന്നത്തെ കാലം
തിരുവാതിരയ്ക്ക്
മഴ പൊഴിയാക്കാലം

25 .
നനഞ്ഞിറങ്ങിയ സിന്ദൂരം..
മുറിവേറ്റവൾ ഞാനോ മഴയോ..? 

ഒലിച്ചിറങ്ങിയ ശോണിമ..
മുറിവേറ്റത് അവൾക്കോ മഴയ്‌ക്കോ?

26.
മല കരഞ്ഞു പുഴ നിറഞ്ഞു
തോണിക്കാരന്റെ പശിയൊടുങ്ങി

*****വേനൽ*****

27 .
വെയിലേറ്റ് തളർന്ന
കുട കാത്തിരുന്നു
ഒരു മഴയേറ്റ്
കുളിരണിയാൻ

28 .
അവസാനത്തെ മരവും
വീഴ്ത്തിയശേഷം
സൂര്യനെ നോക്കി
മനുഷ്യൻ പറഞ്ഞു
ഹോ.. എന്തൊരു ചൂട് !!!

*****ചലനം*****

29.
ചലനത്തിൽ നിന്ന് ഉദിക്കുന്നു ലോകം
ചലനത്തിൽ വൃദ്ധി തേടുന്നു

30.
ചലനം അനശ്വരമാകുന്നു
ഞാനും നീയും ഈ മഹാപ്രപഞ്ചവും
ചലനത്തിന്റെ ബാക്കിപത്രങ്ങളത്രെ..

**************************

31.
പകൽ ഒഴിഞ്ഞു നേരമിരുണ്ടു
കവികൾ ഇപ്പോഴും ഒളിവിൽ
പ്രതീക്ഷയുടെ പൊന്കിരണവുമായി
കാത്തിരിപ്പൂ ഞാൻ മൂകമായി

32.
ഹിമകണം പൊതിഞ്ഞൊരീ മുകുളം
ഒരു പൊൻവെയിലേറ്റു ഉണരട്ടെ
പീലി വിടർന്നോരാ ദളങ്ങൾ
പനിമതി പോലെ തിളങ്ങട്ടെ

*****കാക്ക*****

33.
കാക്ക വിളിച്ചാലാരോ
വരുമെന്ന് ചൊല്ല്,
കാക്കയെ വിളിച്ചാൽ
ആരോ പോയെന്നും.

34.
വൃത്തിയില്ലാത്ത കാക്ക
എല്ലാം വൃത്തിയാക്കീടുന്നു
വൃത്തിമാനെന്ന് നടിക്കും മനുഷ്യ-
നെല്ലാം വൃത്തികേടാക്കുന്നു

35.
കാക്ക
പക്ഷിയെങ്കിലും
കിളിയല്ല
കൂടില്ലെങ്കിലും
കൂട്ടിലിടില്ല
കരയുമെങ്കിലും
പാടില്ല
കറുപ്പെങ്കിലും
ഏഴഴകില്ല

***************

36.
നിപ:

തലതിരിഞ്ഞ മനുഷ്യനായ്
തലതിരിഞ്ഞ വവ്വാലിന്റെ
തലതിരിഞ്ഞ പണിയായ
തലയിൽ കയറുന്ന പനി

37.
മുറ്റത്തേക്ക് ചാഞ്ഞിറങ്ങും മഴതുള്ളി കാണവേ
പുളിമാവിൻകൊമ്പൊന്നു  കാറ്റിലൂയലാടവേ
പഴയൊരാ പള്ളിക്കൂടമുറ്റത്ത് നിൽക്കവേ
ചന്ദനപ്പാടുള്ള അമ്പലമതിൽക്കെട്ട് കാണവേ
സ്വർണ്ണത്തളിക പൊഴിക്കുമാ ചന്ദ്രിക കാണവേ
ആകാശത്താരകൾ മിന്നിത്തിളങ്ങവേ
കുഞ്ഞു ചിറകുമായി പൂമ്പാറ്റ പാറവേ
കുട്ടിക്കരണം മറയും കുളക്കടവിലെത്തവേ
അച്ഛനുമമ്മയ്ക്കും ചുളിവുകൾ വീഴവേ
സംസാരസാഗരത്തിൽ നിലതെറ്റി വീഴവേ
നഷ്ടബോധത്തിന്റെ ദുഃഖം നിറയവെ
അറിയാതെ ഓതി ഞാൻ, മനസ്സേ ശാന്തമാകൂ

38.
മനുഷ്യൻ കാറ്റിനോടും
കാറ്റ് മേഘത്തോടും
മേഘം സൂര്യനോടും
സൂര്യൻ ആകാശത്തോടും
ആകാശം തന്നോടുത്തന്നെയും
ചോദിച്ചുകൊണ്ടേയിരുന്നു
ആരാണ് ഞാൻ,
എന്റെ സ്വത്വം എന്താണ്?

39.
വിജനമാം വഴിത്താരയിലെവിടെ നിന്നോ
വിരഹിണിയായൊരു ഗായികയെപ്പോൽ
പ്രണയാർദ്ര രാഗം പൊഴിക്കുമൊരു 
പുല്ലാങ്കുഴൽ നാദം ഞാൻ കേട്ട മാത്രയിൽ
വിദൂരതയിലെവിടെയോ നിദ്രപൂകും
നിന്നോർമകൾ എന്നുള്ളിൽ തുളുമ്പി സഖീ...

40.
അമ്മതൻ മടിയിൽ നിന്ന-
ടർത്തിമാറ്റിയ കുഞ്ഞുങ്ങളേ 
ഭാവി ഭാസുരമാക്കാൻ
അറിവേറ്റും അക്ഷരത്തെ
മാറോടു ചേർക്കുക
മാനത്തോളം വളരുക
അച്ഛനുമമ്മയ്ക്കുമീ നാടിനും
അഭിമാനമാകുക എന്നുമെന്നും

41.
ജീവിതമെന്ന മൂന്നക്ഷരം നൽകു-
മോരറിവിനോളം നൽകില്ല
ഒരു ശാലയുമീയുലകത്തിലെന്ന്
ഓർത്തു വളരുക എൻ കിടാങ്ങളേ

42.
അക്ഷരമോരോന്ന് ചേലോടെ ചേർത്ത്
അതിലൊരു ആശയം കൂട്ടിക്കലർത്തി
കവിതയുമായി ചിരിയോടെ ഓടിവരുന്ന
അനിലേട്ടൻ ഈ ഗ്രൂപ്പിൻ സൗഭാഗ്യമല്ലോ

43.
മരത്തിനും മുള്ളുണ്ട്, ഫലത്തിനും മുള്ളുണ്ട്
മീനിനും മൃഗത്തിനുമുണ്ട് കൂർത്ത മുള്ളുകൾ
എങ്കിലും വാക്കുകൊണ്ടേൽക്കും മുറിവിനോ-
ളമാവില്ല വേദനിപ്പിച്ചീടാൻ ഈ ചൊന്നവയ്ക്ക്

44.
ഒന്നുമേ ചൊല്ലാതെയറിയുന്നു ഞാനാ മനസ്സ്‌
കേൾക്കാമെനിക്കാ ഹൃദയമിടിപ്പുകളെൻ
പേരുച്ചരിക്കുന്നതുമാ മിഴിക്കോണിൽ നിറയും
കണ്ണുനീർത്തുള്ളിയിലെൻ മുഖം വിടരുന്നതും

45.
ഒരു വലിയ മണൽപരപ്പിൽ നിറയും
ചെറുകുളങ്ങളിൽ പുളയ്ക്കുവാനല്ലോ
ഒരു മഹാ സംസ്കൃതിക്കുടമയാം
നിളയ്ക്ക് വിധിയൊന്നോർക്ക നാം

46.
ഓർത്തുവച്ചിരുന്നു നിന്നെയെൻ ഹൃത്തിൽ
പുസ്തകത്താളിലെ മയിൽപ്പീലിപോലവേ
എന്നുമാപ്പീലിയെൻ കണ്ണിനാൽ തലോടവേ
കണ്ടു ഞാൻ നിൻ മുഖം ആ പീലിക്കണ്ണിലും

47.
1.
നീയറിഞ്ഞിരുന്നോ സഖീ -
യെൻ വലംകണ്ണ്‌ തുടിച്ചതും
ഹൃദയം തരളിതമായതും
ചുണ്ടുകൾ വിറച്ചതും നീ
ചാരത്തണയുമ്പോഴായിരുന്നു

നിന്റെ കണ്ണുകൾ തിളങ്ങിയതും
ചുണ്ടിൽ പുഞ്ചിരി വിടർന്നതും
കവിൾത്തടങ്ങൾ ചുവന്നതും
എൻ മുഖദർശനത്താലായിരു
ന്നെന്ന് ഞാനുമറിയാതെ പോയ്‌

2.
അറിഞ്ഞിരുന്നോ സഖീ
യെൻ വലംകണ്ണ് തുടിച്ചതും
ഹൃദയമിടിപ്പുകൾ നിൻ
പേരുരുവിട്ടതും നനുത്ത മീശ
വിയർത്തതും ചുണ്ടുകൾ
വിറയാർന്നതും മന്ദം മന്ദം നീ
ചാരത്തണയുമ്പോഴായിരുന്നെന്ന്?

അറിഞ്ഞതില്ല ഞാനാ കണ്ണിലെ തിളക്കവും
അധരത്തിൽ പുഞ്ചിരി വിരിഞ്ഞതും
ലജ്ജയാൽ നുണക്കുഴികൾ വിടർന്നതും
എൻ ഹൃദയമർമ്മരം നീ അറിഞ്ഞതിനാലെന്ന്

48.
തീരത്തെ വെൺപൂഴിയെ തൊട്ടും തലോടിയും
തന്നിലേക്കണയുന്ന പാദങ്ങൾ കെട്ടിപ്പിടിച്ചും
കളിവാക്കു ചൊല്ലിയും പുളച്ചും ചിരിച്ചും
അടങ്ങാത്ത ദാഹവും തീരാമോഹവുമായി
പിന്നെയും പിന്നെയും തീരത്തേക്കണഞ്ഞും
കിതച്ചും തിര തൻ ജീവിതം തുടരുന്നനസ്യൂതം

49.
പടിഞ്ഞാറൻ ചക്രവാളത്തിൽ
ചായങ്ങൾ കൊണ്ട് കോലങ്ങളെഴുതി
കതിരോൻ വിടവാങ്ങി
കാത്തിരിപ്പിന്റെ വേദനയേകി
പ്രതീക്ഷയ്ക്ക് ചിറകുകളേകി

50.
നീലാകാശം പൊന്നണിഞ്ഞു
ഒരു നാടൻ നവവധുവെ പോലെ
നവവരൻ പനിമതി ചന്ദ്രിക തൂകി
നാണിച്ചു മുഖം താഴ്ത്തി അവളിരുന്നു

അമ്മ വസുന്ധര തേങ്ങലടക്കി
മകളെ മൂകം യാത്രയാക്കി
ദുഃഖം ചാലിച്ച മിഴികളുമായി
താതനാം പകലോൻ പോയിമറഞ്ഞു