പേജുകള്‍‌

മഞ്ഞയിൽ മുങ്ങിയ 2022


മഞ്ഞക്കുറ്റിയും മഞ്ഞലോഹവും സ്വജനപക്ഷപാതവും മൂപ്പിളമതർക്കങ്ങളും നാക്കുപിഴകളും കൊണ്ട് സമ്പന്നമായിരുന്നു കേരളരാഷ്ട്രീയം ഇത്തവണയും. പ്രകൃതിദുരന്തങ്ങളും ജനങ്ങൾ നെഞ്ചേറ്റി നടന്നവരുടെ അപ്രതീക്ഷിതവിയോഗങ്ങളും പോയവർഷത്തെ കണക്കെടുപ്പിൽ മലയാളിക്ക് മറക്കാനാവില്ല. യൂറോപ്പിലെയോ ലാറ്റിൻ അമേരിക്കയിലെയോ കളിയാരാധകരെ കവച്ചുവെക്കുന്ന രീതിയിൽ ലോകകപ്പ് ഫുട്ബോളിന്റെ ആവേശം മലയാളികളുടെ നെഞ്ചിൽ അലയടിച്ചതും 2022 ൽ തന്നെയായിരുന്നു. പതിവ് തെറ്റിക്കാതെ രാഷ്ട്രീയകൊലപാതകങ്ങളും ഈ നാട്ടിൽ അരങ്ങേറി. എന്തിനേറെപ്പറയുന്നു നരബലികളും പ്രണയക്കൊലകളും ലോക്കപ്പ് മരണങ്ങളും നിർബാധം നടന്നു ഈ പ്രബുദ്ധകേരളത്തിൽ. ഏതായാലും പോയവർഷങ്ങളിലെപ്പോലെ തന്നെ ഒരുപാട് സംഭവബഹുലമായ നാടകങ്ങളും അനുഭവങ്ങളും നടമാടിയ വർഷമായിരുന്നു 2022 എന്നത് പറയാതിരിക്കാനാവില്ല. ജനങ്ങളെ, നാടിനെ ഗുരുതരമായി ബാധിച്ച, വേദനിപ്പിച്ച ചില സംഭവങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

കെ റെയിൽ വിവാദത്തോടെയാണ് വർഷം തുടങ്ങിയത്. വർഷാവസാനമാകുമ്പോഴും ആ വിവാദം അടങ്ങിയിട്ടില്ല. അപൂർണ്ണമായ ഡി പി ആർ, സാമൂഹ്യാഘാതപഠനം, ബലപ്രയോഗത്തിലൂടെയുള്ള കല്ലിടൽ (അത് മുറ്റത്തായാലും അടുക്കളയിലായാലും), കല്ലുപറിച്ചെറിയൽ, ശാസ്ത്രസാഹിത്യപരിഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിർപ്പ്, ആരെതിർത്താലും പദ്ധതി നടപ്പിലാക്കും എന്ന സർക്കാരിന്റെ പ്രഖ്യാപനം തുടങ്ങി പറഞ്ഞാൽ തീരാത്ത സംഭവങ്ങളാണ് ഇതുമായി ബന്ധപ്പെട്ട അരങ്ങേറിയത്. കാര്യകാരണങ്ങൾ ജനങ്ങളെ പറഞ്ഞുമനസ്സിലാക്കും എന്ന് പ്രഖ്യാപിച്ചവർ പക്ഷെ ഇരകൾക്ക് പകരം വിശദീകരണയോഗം നടത്തിയത് നഷ്ടങ്ങളുടെ കഥ പറയാനില്ലാത്ത  സമൂഹത്തിലെ പൗരപ്രമാണികളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു. തലചായ്ക്കാനുള്ള ഒരിത്തിരി മണ്ണിനെ കാക്കാനിറങ്ങിയവർക്ക് സർക്കാർ സമ്മാനിച്ചത് കേസുകളും മറ്റു  പൊല്ലാപ്പുകളുമായിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ നിർത്തിവെച്ച കല്ലിടൽ ജനവിധി എതിരായപ്പോൾ ഉപഗ്രഹസർവ്വെയിലേക്ക് മാറ്റേണ്ടി വന്നു. ഒടുവിൽ കേന്ദ്രത്തിന്റെ അംഗീകാരം കിട്ടാതെ ഊർദ്ധശ്വാസം വലിക്കുന്ന അവസ്ഥയിലാണ് ഈ കെ റയിലിന്റെ കിടപ്പ്. എന്നിട്ടും പദ്ധതിയിൽ നിന്നും പിന്മാറുന്നു എന്ന് പ്രഖ്യാപിക്കാൻ സർക്കാരിന്റെ ദുരഭിമാനം സമ്മതിക്കുന്നുമില്ല.

ഇടുക്കി കോളേജിലെ SFI പ്രവർത്തകൻ ഒരു യൂത്ത് കോൺഗ്രെസ്സുകാരനാൽ കൊല്ലപ്പെട്ട സംഭവവും അതിന് കെപിസിസി പ്രസിഡണ്ട് നൽകിയ പ്രതികരണവും കോൺഗ്രസിന്റെ അക്രമരാഷ്ട്രീയത്തോടുള്ള നിലപാടിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്തി. കുറ്റാരോപിതർ ജാമ്യത്തിൽ ഇറങ്ങുകയും അന്വേഷണം കാര്യമായി മുന്നേറാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിപ്പോൾ. 

കോവിഡ് മൂലം അനാവശ്യനിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങളെ വലച്ച സർക്കാർ പക്ഷെ പാർട്ടി സമ്മേളനങ്ങൾ വെട്ടിച്ചുരുക്കാൻ തയ്യാറാവാത്തത് രൂക്ഷവിമര്ശനത്തിന് ഇടയാക്കി. ചിലയിടങ്ങളിൽ സമ്മേളനങ്ങൾ മാറ്റിവെക്കാൻ കോടതി ഇടപെടലുകൾ വരെ നടത്തേണ്ടി വന്നു എന്നത് സർക്കാരിന്റെ ഇരട്ടത്താപ്പിനെ വെളിപ്പെടുത്തുന്ന സംഭവമായി. കേരളത്തിലെ ലോകായുക്ത കുരയ്ക്കുക്ക മാത്രമല്ല കടിക്കുകയും ചെയ്യും എന്ന് അവകാശപ്പെട്ടവർ പക്ഷെ അതിന്റെ പല്ലു പറിക്കാൻ മുന്നിട്ടിറങ്ങിയ കാഴ്ചയ്ക്കും സാക്ഷരകേരളം സാക്ഷിയായി. എല്ലാ എതിർപ്പുകളും തള്ളി ഓർഡിനൻസ് ആക്കി ഇറക്കിയ ഭേദഗതി പക്ഷെ വർഷാവസാനമാകുമ്പോൾ ബില്ലിന്റെ രൂപത്തിൽ ഗവർണ്ണറുടെ കനിവും കാത്തു കിടക്കുന്നു. മുഖ്യമന്ത്രിയുൾപ്പെടെയുള്ള പലർക്കും എതിരായ കേസുകൾ ലോകായുകതയുടെ മുന്നിലുണ്ട് എന്നത് തന്നെയായിരിക്കണം അഴിമതിയുദ്ധത്തിൽ വെള്ളം ചേർക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. 

ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന ഗവർണറും സർക്കാരും ഡിസംബർ ആകുമ്പോഴേക്കും പോര് മൂത്തു സൽക്കാരങ്ങൾ പോലും ബഹിഷ്ക്കരിക്കുന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. ഈ പോര് എവിടെച്ചെന്നവസാനിക്കുമെന്ന് ഏതായാലും കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. സർവ്വകലാശാലയിലെ അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ ഗവർണ്ണർ പ്രതികരിച്ചതാണ് പിണക്കത്തിന്റെ തുടക്കം. പാർട്ടിയിലെ പ്രമുഖരുടെ ഭാര്യമാരുടെ നിയമനം, ഇഷ്ടക്കാരെ വൈസ് ചാൻസലർ ആക്കാനുള്ള ശുപാർശ തുടങ്ങി പലതും ഗവർണ്ണർ എതിർത്തതോടെ സർക്കാരിന് അദ്ദേഹം സംഘപരിവർകാരനായി മാറി.  ഇതേ ഗവർണ്ണർ, സർക്കാരിന്റെ ശുപാർശകൾ അതുപോലെ നടപ്പിലാക്കിയ കാലത്ത് അദ്ദേഹം അവർക്ക് സ്വീകാര്യനായിരുന്നു. യു ജി സി ചട്ടങ്ങൾക്കെതിരായ നിയമനങ്ങൾ സുപ്രീം കോടതി റദ്ദ് ചെയ്തപ്പോൾ ഗവർണ്ണർക്ക് വടിയെടുക്കുക അല്ലാതെ വേറെ വഴിയില്ലാതായി. ഏതായാലും യു ഡി എഫിന്റെ അഭിപ്രായത്തിൽ ഇത് വെറും ചക്കളത്തിപോരാട്ടമെന്നതിനപ്പുറം ഒന്നുമില്ല. 

പിൻവാതിൽ നിയമനങ്ങളും അതിനെത്തുടർന്നുണ്ടായ വിവാദങ്ങളും ഏറെ കണ്ട വർഷം കൂടിയായി 2022. പാർട്ടി സെക്രട്ടറിക്ക് അയച്ച ശുപാർശക്കത്തുകളും മറ്റും പുറത്തുവന്നിട്ടും കുലുക്കമില്ലാതെ സർക്കാർ പിന്നെയും മുന്നോട്ട്. കത്തയച്ച ആളിനെയും ചോർത്തിയ ആളിനെയും കണ്ടുപിടിക്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിട്ടും പോലീസ് ഇപ്പോഴും അന്വേഷണപ്രഹസനവുമായി മുന്നോട്ടു തന്നെ.

മഞ്ഞക്കുറ്റി പോലെ സർക്കാരിനെ പ്രതിരോധത്തിലാക്കിയ മറ്റൊരു സംഭവമായിരുന്നു കഴിഞ്ഞവർഷം കൂടു തുറന്ന് പുറത്തുവന്ന സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതിസ്ഥാനത്തുള്ള സ്വപ്നസുരേഷിന്റെ  വെളിപ്പെടുത്തലുകൾ. തന്റെ നിരപരാധിത്വം തെളിയിക്കാൻ എന്നവണ്ണം സർക്കാരിന്റെ മൗനസമ്മതത്തോടെ ശിവശങ്കരൻ എഴുതിയ 'അശ്വത്ഥാമാവ് വെറുമൊരു ആനയല്ല' എന്ന ആത്മകഥയിലെ പലസംഭവങ്ങളും സ്വപ്‍ന ചോദ്യം ചെയ്തതോടെ കൂടുതൽ ചീഞ്ഞുനാറുന്ന കഥകൾ പുറത്തുവരികയായിരുന്നു. തുടർന്ന് സ്വപ്നയും പുസ്തമെഴുതി. ബിരിയാണി ചെമ്പിന്റെ കഥകളും, ലൈംഗികാരോപണങ്ങളും ഒക്കെ ഉന്നയിച്ചിട്ടും സ്വപ്നയെക്കെതിരെ ഒരു പേരിനുപോലും മാനനഷ്ടക്കേസ് കൊടുക്കാൻ ആരും തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ കുടുംബം, സ്പീക്കർ, മറ്റു മന്ത്രിമാർ എന്നിവരൊക്കെ ആരോപണവിധേയരായിട്ടും പ്രതിപക്ഷത്തുള്ള നേതാക്കളെ ചെറിയൊരവസരം കിട്ടിയാൽ പോലും വേട്ടയാടുന്ന കേന്ദ്രഏജൻസികൾ ഒന്നുപോലും ഈ ആരോപണങ്ങൾ അന്വേഷിക്കാൻ തയ്യാറായില്ല എന്നതും തികച്ചും സംശയാസ്പദമായിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന മഞ്ചേശ്വരം തിരഞ്ഞെടുപ്പുകേസും, വോട്ട് മറിക്കാൻ പണം നൽകിയ കേസും കൊടകരകുഴൽപ്പണക്കേസും ഒരിഞ്ചുപോലും മുന്നോട്ടു പോയില്ല എന്നതും ലാവലിൻ കേസിന്റെ വിചാരണ മുപ്പതിലേറെ തവണ നീട്ടിവെക്കാൻ സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു എന്നതുമൊക്കെ ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടിയിരിക്കുന്നു.

രാഷ്ട്രീയക്കൊലപാതകങ്ങൾക്ക് ഇക്കൊല്ലവും ശമനമുണ്ടായിരുന്നില്ല. പല കാരണങ്ങളാൽ പല രാഷ്ട്രീയപാർട്ടിയിൽപ്പെട്ടവരും മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിൽ കൊല്ലപ്പെടുകയുണ്ടായി. കൊലയ്ക്ക് പകരം കൊല എന്ന രീതിയും കേരളം കണ്ടു, അതും മണിക്കൂറുകൾക്കുള്ളിൽ. പല കേസുകളിലും അന്വേഷണം പൂർത്തിയായിട്ടുമില്ല. ഗുണ്ടാവിളയാട്ടത്താലും സ്ത്രീപീഡനത്താലും കാക്കിക്കുള്ളിലെ ക്രിമിനകളാലും ഏറെ പഴി കേൾക്കേണ്ടിവന്നു ആഭ്യന്തരവകുപ്പിന്. എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് പറഞ്ഞു ലഘൂകരിച്ചു സർക്കാരും പാർട്ടിയും. 

ഭരണം നഷ്ടപ്പെട്ട് പിടിച്ചു നില്ക്കാൻ ബുദ്ധിമുട്ടിക്കൊണ്ടിരുന്ന യു ഡി എഫിനും കോൺഗ്രസിനും കിട്ടിയ വലിയ ആശ്വാസമായിരുന്നു തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് ഫലം. വർഗ്ഗീയമടക്കം കാടിളക്കി പ്രചാരണം നടത്തിയിട്ടും വൻമാർജിനിൽ തോറ്റത് ഇടതുമുന്നണിക്ക് ക്ഷീണമുണ്ടാക്കി. കോൺഗ്രസിന്റെ അഖിലേന്ത്യപ്രസിഡന്റ് തിരഞ്ഞെടുപ്പ് കേരളത്തിലും ചേരിതിരിവുകൾ സൃഷ്ടിച്ചു. യുവതലമുറ ശശി തരൂരിനെ പിന്തുണച്ചപ്പോൾ മാറാൻ തയ്യാറില്ലാത്ത മുതിർന്ന നേതാക്കൾ ഔദ്യാഗികസ്ഥാനാർഥിയെ അനുകൂലിച്ചു. പരാജയം രുചിച്ചെങ്കിലും ശശി തരൂർ കേരളത്തിലെ കോൺഗ്രസ്സുകാർക്ക് ഏറെ സ്വീകാര്യനായി മാറി. അതിൽ അരിശം പൂണ്ട മറ്റുള്ളവർ അച്ചടക്കത്തിന്റെ പടവാളോങ്ങി അദ്ദേഹത്തിന്റെ മലബാർ പര്യടനവും മറ്റുപരിപാടികളും തടയാൻ ശ്രമിക്കുകയും ചെയ്തു. പാർട്ടിയുടെ വിജയത്തേക്കാൾ തങ്ങളുടെ നിലനിൽപ്പും സ്ഥാനമാനങ്ങളുമാണ് വലുതെന്ന് കരുതുന്ന നേതാക്കൾ ഉള്ളിടത്തോളം കോൺഗ്രസ് രക്ഷപ്പെടില്ല അല്ലെങ്കിൽ രക്ഷപെടാൻ സമ്മതിക്കില്ല എന്നവർ വീണ്ടും തെളിയിച്ചു.

ബി ജെ പി ഉയർത്തുന്ന മതരാഷ്ട്രവാദത്തിനെതിരെ ഇന്ത്യയുടെ മതേതരത്വം നിലനിർത്തുക, എല്ലാവരെയും ഒന്നായിക്കാണുക എന്ന മുദ്രാവാക്യത്തോടെ രാഹുൽ ഗാന്ധി നയിച്ച 'ഭാരത് ജോഡോ' യാത്രയ്ക്ക് കേരളത്തിൽ കിട്ടിയ പിന്തുണ കോൺഗ്രസ് പാർട്ടിക്ക് സമ്മാനിച്ചത് വലിയ ഊർജ്ജമായിരുന്നു. കേരളത്തിലെ ഇടതുനേതാക്കൾ എതിർത്തെങ്കിലും കേന്ദ്രനേതാക്കൾ യാത്രയെ പിന്തുണച്ചത് അവർക്ക് വീണ്ടും തിരിച്ചടിയായി.

സഹകരണബാങ്കിലെ കൊള്ള കണ്ട് മലയാളികൾ ഞെട്ടിയതും ഈ വർഷമായിരുന്നു. കോടിക്കണക്കിന് രൂപ തട്ടിച്ചവർക്കെതിരെ കേരളാപോലീസിന്റെ മെല്ലെപ്പോക്ക് നയം അഴിമതി കാണിച്ചത് സ്വന്തം പാർട്ടിക്കാർ ആണെങ്കിൽ സർക്കാർ എന്നും കൂടെയുണ്ടാവും എന്ന പ്രതീതി സൃഷ്ടിച്ചു. വർഷാവസാനമാകുമ്പോൾ കൂടുതൽ ബാങ്കുകളിലെ തട്ടിപ്പുകൾ പുറത്തുവരുന്നതും നാം കണ്ടു. 

മുഖ്യമന്ത്രിക്ക് വിമാനത്തിലുണ്ടായ പ്രതിഷേധം വധശ്രമമായതും പാർട്ടി ഓഫീസിന് നേരെ എറിഞ്ഞ ഏറുപടക്കം ഉഗ്രസ്ഫോടനം നടത്തി കെട്ടിടം കുലുക്കാനിടയായ സ്റ്റീൽ ബോംബുകൾ ആവുന്നതും നാം കണ്ടു. ആശ്രമം കത്തിച്ച കേസിൽ ഇരുട്ടിൽ തപ്പുന്ന പോലീസിന് ഇരുട്ടിൽ തപ്പാൻ വീണ്ടും കുറെ കേസുകൾ. അട്ടപ്പാടിയിലെ മധുവിന്റെ ആത്മാവിന് മോക്ഷം ഇനിയും എത്രയോ അകലെയാണെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പീഡനശ്രമത്തിൽ അകത്തായ കോൺഗ്രസ് MLA പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തിയപ്പോൾ, സസ്‌പെൻഡ് ചെയ്ത് പാർട്ടിയുടെ മാനം രക്ഷിച്ചു കെപിസിസി. പക്ഷെ പിന്നീടും പാർട്ടി പരിപാടികളിൽ ഈ കക്ഷി പങ്കെടുത്തു എന്നത് വിരോധാഭാസം. കെപിസിസി പ്രസിഡന്റിന് നാക്കുപിഴയുടെ വർഷം കൂടിയായിരുന്നു പോയി മറഞ്ഞത്. മുന്നും പിന്നും നോക്കാതെ തോന്നിയത് വിളിച്ചു പറയുന്നത് ഒരു നേതാവിന് ഭൂഷണമല്ല, ഇരിക്കുന്ന സ്ഥാനത്തിന് അതൊട്ടും യോജിച്ചതുമല്ല.

വയനാട് ലോകസഭാംഗമായ രാഹുൽ ഗാന്ധിയുടെ കാര്യാലയം sfi ആക്രമിച്ചത് വൻവാർത്തയായിരുന്നു. അക്രമത്തിനു ശേഷം താഴെ ചില്ലു പൊട്ടിയ നിലയിൽ കണ്ട ഗാന്ധിയുടെ ഫോട്ടോ പലരുടെയും നേരെ സംശയവിരൽ നീട്ടി. അന്വേഷണം കഴിയും മുൻപേ പ്രതികളെ പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്റെ പാർട്ടിക്കാരെ ഗാന്ധിജിയുടെ ഫോട്ടോ തകർത്ത കേസിൽ  നിന്നും രക്ഷിച്ചെടുത്തു. 

സിപിഎം കാരെ മാത്രമല്ല കേരളത്തിലെ ജനങ്ങളെ ആകെ ദുഖിപ്പിച്ച സംഭവമായിരുന്നു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്റെ അകാലവിയോഗം. എതിരാളികളെപ്പോലും മിത്രങ്ങളാക്കുന്ന അദ്ദേഹത്തിന് അർഹിച്ച വിടവാങ്ങൽ തന്നെ നൽകി രാഷ്ട്രീയകേരളം. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച വിടവിലേക്ക് ഗോവിന്ദൻ മാഷ് പുതിയ സെക്രട്ടറിയായി എത്തി.

ജനങ്ങളെ ആനന്ദിപ്പിച്ച ഒരുപാട് കലാകാരന്മാരുടെയും രാഷ്ട്രീയപ്രവർത്തകരുടേയുമൊക്കെ സാഹിത്യകാരന്മാരുടേയുമൊക്കെ വിടവാങ്ങൽ കൂടി കണ്ടവർഷമായിരുന്നു പോയി മറഞ്ഞത്. അഭിനയത്തിന്റെ കൊടുമുടി കയറിയ നെടുമുടി വേണു, പകരം വെക്കാനില്ലാത്ത അഭിനേത്രി കെ പി എ സി ലളിത, കൊച്ചു പ്രേമൻ, തിരക്കഥാകൃത്ത് ജോൺപോൾ, കോൺഗ്രസിന്റെ മതേതരമുഖമായിരുന്ന ആര്യാടൻ മുഹമ്മദ്, പാലേരി മാണിക്യത്തിന്റെയടക്കം നിരവധി കഥകൾ പറഞ്ഞ എഴുത്തുകാരൻ രാജീവൻ, സൗമ്യനായ കോൺഗ്രസുകാരൻ സതീശൻ പാച്ചേനി, ഇസ്ളാം പണ്ഡിതനായ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ അങ്ങനെ നിരവധി പ്രമുഖർ സമയതീരത്തിനപ്പുറത്തേക്ക് മറഞ്ഞുപോയതും ഈ വർഷം തന്നെയായിരുന്നു.

പ്രണയക്കൊലപാതകങ്ങളും നരബലിയും അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയക്കൊലപാതകങ്ങളും ജാതിവെറിയും  ഗുണ്ടാവിളയാട്ടവും പിൻവാതിൽ നിയമനങ്ങളും വർഗ്ഗീയക്കളികളും തുടങ്ങി എന്നും ഉത്തരേന്ത്യക്കാരെ ആക്ഷേപിച്ചിരുന്ന എല്ലാ സംഭവവികാസങ്ങളും   പ്രബുദ്ധകേരളമെന്ന് നാഴികയ്ക്ക് നാല്പതുവട്ടം നമ്മൾ പറയുന്ന ഈ കൊച്ചുകേരളത്തിൽ ഒരു മറയുമില്ലാതെ എത്രയോവട്ടം നടമാടി.

തുടര്ഭരണത്തിന്റെ മേന്മയുമായി അധികാരത്തിലേറിയ സർക്കാരിനെ സംബന്ധിച്ചിടത്തോളം തീരെ ആശ്വസിക്കാൻ വകയുള്ളതായിരുന്നില്ല പോയവർഷം. ജനങ്ങളുടെ പ്രതീക്ഷയ്ക്കു കടക വിരുദ്ധമായ തീരുമാനങ്ങളും നയങ്ങളും കാരണം പലവട്ടം സർക്കാരിന് പ്രതിഷേധച്ചൂട് ഏൽക്കേണ്ടി വന്നു. 

തീരദേശവാസികളുടെ പ്രതിഷേധത്തിന്റെ ചൂടിൽ വിഴിഞ്ഞം തുറമുഖനിർമാണം സ്തംഭിച്ചതും കോടതികളടക്കം പോലീസിന്റെ സഹായത്തോടെ ജോലി തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ കൃത്യമായ ഇടപെടലുകൾ നടത്താതെ ജനങ്ങളെ വലിയ അക്രമസമരത്തിലേക്ക് ചാടിച്ചതുമൊക്കെ എത്രയോ ദിവസങ്ങൾ കേരളം ചർച്ച ചെയ്യുകയുണ്ടായി. മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിൽ താൽക്കാലികമായി സമരം നിർത്തിയെങ്കിലും പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും അനാസ്ഥ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായാൽ സമരം വീണ്ടും തുടരുമെന്ന കാര്യത്തിൽ സംശയമില്ല. 

ഇടനാട്ടിൽ മഞ്ഞക്കുറ്റിയുടെ പേരിലും തീരപ്രദേശത്ത്‌ വിഴിഞ്ഞം തുറമുഖത്തിന്റെ പേരിലും ആഞ്ഞടിച്ച സമരത്തിന്റെ അലയൊലികൾ ഇപ്പോൾ ഉയരുന്നത് മലയോരങ്ങളിലാണ്. ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടുത്തി ബഫർ സോൺ പ്രഖ്യാപിക്കാനുള്ള നയത്തിനെതിരെയാണ് ഈ സമരം. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നടത്താമായിരുന്ന സർവ്വേയ്ക്ക് പകരം ഉപഗ്രഹസർവ്വെ നടത്തി അബദ്ധജടിലമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനൊരുങ്ങുകയാണ്.സർക്കാർ. ഏതായാലും ഇതിനെതിരെ അതിശക്തമായ പ്രതിഷേധമാണ് മലയോരമേഖലകളിൽ ഉയരുന്നത്. ജനോപകാരനിർദ്ദേശങ്ങൾക്കു പകരം ഒരിക്കൽക്കൂടി ജനവിരുദ്ധനയവുമായി മുന്നോട്ടു നീങ്ങാൻ ശ്രമിച്ച സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചടി കൂടിയായിത്.

മദ്യവർജ്ജനനയവുമായി വന്നവർ സംസ്ഥാനത്തുടനീളം മദ്യഷാപ്പുകൾ തുറക്കുന്നതും നമ്മൾ കണ്ടു. യുവാക്കൾ മയക്കുമരുന്നിലേക്ക് ആകർഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ലഹരിയിൽ മുങ്ങുന്ന കേരളത്തെയാണ് നമുക്കിപ്പോൾ കാണാൻ കഴിയുന്നത്. ഇതിനെയൊക്കെ നിയന്ത്രിക്കേണ്ട സർക്കാർ സംവിധാനങ്ങൾ പരാജയമാണെന്ന് പറയേണ്ടതില്ലല്ലോ. 

തീവ്രവാദപ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്രസർക്കാരിന്റെ നിരോധനം നേരിടേണ്ടിവന്ന പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളെ അതിവിദഗ്ദ്ധമായി കേന്ദ്രസേന കേരളത്തിൽ നിന്നും പൊക്കിയതും വൻ വാർത്തയായി. മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും കണക്കുകൂട്ടലുകൾക്കും ശേഷം സംഘടനയെ നിരോധിച്ചതിന്റെ പ്രതിഫലനം കേരളീയസമൂഹത്തിലുമുണ്ടായി. മിന്നൽപണിമുടക്ക് നടത്തി കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ചവരിൽ നിന്നും അത് തിരിച്ചു പിടിക്കാൻ ആവശ്യപ്പെട്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വരേണ്ടിവന്നു കോടതിക്ക്.

സാമ്പത്തികത്തകർച്ച നേരിടുന്ന ഈ കാലത്ത് മുണ്ടുമുറുക്കിയുടുക്കണമെന്ന് മറ്റുള്ളവരോട് ആഹ്വാനം ചെയ്യുമ്പോഴും ഭരിക്കുന്നവരുടെ ആർഭാടത്തിനും ധൂർത്തിനും ഒരു കുറവുമുണ്ടായില്ല. വിദേശയാത്ര നടത്തിയും കാറുകൾ വാങ്ങിയും വീടുകൾ മോടിപിടിപ്പിച്ചും അവർ ആഘോഷിക്കുകയാണ്. KSRTC യിൽ ശമ്പളത്തിനായി കാത്തിരിക്കേണ്ടി വരുന്നതിലും പെൻഷനുകൾ മുടങ്ങുന്നതിലും പുതുമയില്ലാതായി. മുപ്പത് ലക്ഷത്തോളം അഭ്യസ്തവിദ്യരായ യുവാക്കൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ജോലി കിട്ടാൻ കാത്തുനിൽക്കുമ്പോഴും പിൻവാതിൽ നിയമനം നിർബാധം നടക്കുന്നതും നാം കണ്ടു. 

കറുത്തനിറത്തിനെതിരായ നിരോധനം, ഭരണഘടനാസംരക്ഷകനായിരിക്കേണ്ടയാൾ ഭരണഘടനാവിമർശകൻ ആവുന്നതും അധികാരമില്ലെങ്കിലും ഭാവിയിൽ കിട്ടുമെന്ന് മനക്കോട്ടകാണുന്ന കോൺഗ്രസ്സുകാരുടെ തൊഴുത്തിൽക്കുത്തും കോവിഡ് മറയിൽ നടന്ന കൊള്ളയും തുടർന്ന് നടക്കാൻ പോകുന്ന അന്വേഷണവും അങ്ങനെ ജനങ്ങളെ ആവേശഭരിതരാക്കുന്ന നിരവധി സംഭവങ്ങൾ ഇനിയുമുണ്ട്. റഷ്യ-ഉക്രൈൻ യുദ്ധത്തെ തുടർന്നുണ്ടായ വിദ്യാർത്ഥികളുടെ തിരിച്ചുവരവും ഇവിടെ ആവോളം ചർച്ചയായി. ലോകകപ്പ് ഫുട്ബോളിന്റെ ആവേശം അണപൊട്ടിയൊഴുകുന്നതും തുടർന്ന് ഒരുമാസത്തോളം ലോകത്തോടൊപ്പം ഈ കൊച്ചുകേരളവും ആ കാൽപ്പന്തിന് ചുറ്റും കറങ്ങുന്നതും നാം കണ്ടു. തോറ്റവരുടെ കൂടെ കരഞ്ഞും ജയിച്ചവരുടെ സന്തോഷം വാനോളം പങ്കിട്ടും നാം ഫുട്ബോളിനെ നെഞ്ചിലേറ്റിനടന്നു. ഡോക്ടർമാരുടെ അനാസ്ഥ കാരണം രോഗി മരിക്കുന്നതും പലകുറി കണ്ടു. ശബരിമലയിൽ വലയുന്ന അയ്യപ്പന്മാരും, സ്വൈര്യമായി വിഹരിക്കുന്ന രാഷ്ട്രീയക്കൊലപാതകികളും, ഒളിയും മറയുമില്ലാത്ത സ്ത്രീപീഡകരും അങ്ങനെ പറഞ്ഞാൽ തീരാത്ത കാര്യങ്ങൾ ഇനിയുമുണ്ടൊരുപാട്. പട്ടി ശല്യത്തിൽ വലയുന്ന ജനങ്ങളും പട്ടികൾക്ക് വേണ്ടി ഘോരഘോരം വാദിക്കുന്ന മൃഗസ്നേഹികളെയും കാണാനിടയായി. അലഞ്ഞുതിരിയുന്ന പട്ടികൾക്കായി പുതിയ പുതിയ നയങ്ങളും സർക്കാർ പ്രഖ്യാപിച്ചു. അട്ടപ്പാടിയിലെ മധുവുവിനെ പോലെ, ആക്രമിക്കപ്പെട്ട നടിയെപ്പോലെ, കാറിടിച്ചു മരിച്ച പത്രപ്രവർത്തകനെപ്പോലെ, മുട്ടിലിഴഞ്ഞ തൊഴിൽ രഹിതരെപ്പോലെ പലരും നീതിയുടെ കനിവിനായി കാത്തിരിക്കുന്നതും ഈ കൊച്ചുകേരളത്തിൽ തന്നെയാണ്, പ്രബുദ്ധതയുടെയും അറിവിന്റെയും സംസ്കാരത്തിന്റെയും പേരിൽ അഹങ്കരിക്കുന്ന മലയാളികളുടെ നാട്ടിൽ. വർഷാവസാനമാകുമ്പോൾ അനധികൃതസ്വത്ത് സമ്പാദനവിവാദത്തിൽ ഉത്തരം മുട്ടിപ്പോയ സിപിഎമ്മും ആ വിഷയത്തിൽ ഒന്നും മിണ്ടാതിരിക്കുന്ന പ്രതിപക്ഷകക്ഷികളേയും കൂടി കാണേണ്ടിവന്നു. കുളമാവ് പാലം പൊളിഞ്ഞതും, സംസ്ഥാനസർക്കാരിന്റെ കുറ്റം പറയാൻ മാത്രം പറന്നിറങ്ങുന്ന കേന്ദ്രമന്ത്രിയും, തെലുങ്കാനയിലെ ഓപ്പറേഷൻ താമരയിൽ കുടുങ്ങിപ്പോയ BDJS നേതാവും, രാജ്യസഭയിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടും രണ്ടാമതൊരവസരം കിട്ടാതെപോയ മലയാളികളുടെ സൂപ്പർസ്റ്റാറിന്റെ നിരാശയും, പി ടി ഉഷയിൽ നിയുക്തമായ പുതിയ ഉത്തരവാദിത്തങ്ങളും അങ്ങനെ എത്രയോ കാര്യങ്ങൾ ഇനിയും ബാക്കിയുണ്ട്. സോളാറിൽ ഉരുകിയൊലിക്കാതെ സിബിഐ എന്ന അഗ്നിപ്രവേശം വിജയകരമായി പൂർത്തിയാക്കിയ കോൺഗ്രസ്സ് നേതാക്കന്മാരുടെ ആശ്വാസവും വർഷാന്ത്യം എത്തിയ ഒരു ചൂടുവാർത്തയായി മാറി.  കൊറോണയെ ഓടിച്ച സന്തോഷത്തിൽ എല്ലാം പതിവുപോലെ മുന്നോട്ടുനീങ്ങിക്കൊണ്ടിരിക്കുന്ന മലയാളികളുടെ മനസ്സിൽ അശാന്തിയുടെ വിത്ത് വിതച്ചുകൊണ്ട് രാജ്യത്തിൻറെ അതിർത്തികൾക്കപ്പുറത്ത് നിന്നും ശുഭകരമല്ലാത്ത വാർത്തകൾ ഉയരുകയാണ്. തകർന്നജീവിതം കുറേശ്ശെയായി കരുപ്പിടിപ്പിക്കാൻ പാടുപെടുന്ന മനുഷ്യർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പുതുവർഷത്തെ, അരുതാത്തതൊന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥനയോടെ.