പേജുകള്‍‌

കുഞ്ഞു ഉറങ്ങുകയാണ്‌...          "ഉറങ്ങിയോ..?" അയാൾ പതുക്കെ അവളെ തട്ടിവിളിച്ചു.ശബ്ദമുണ്ടാക്കരുത് എന്നവൾ ആഗ്യം കാണിച്ചു. എന്നിട്ട് പതുക്കെ തന്റെ മാറിൽ ചേർന്ന് കിടക്കുന്ന കുഞ്ഞിനെ മാറ്റി കിടത്തി ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു. അയാൾ അക്ഷമയോടെ കാത്തു നില്ക്കുകയായിരുന്നു. അവർ പതുക്കെ മുറിയിൽ നിന്ന് പുറത്തിറങ്ങി. കുഞ്ഞു ഉണരാതിരിക്കാൻ വളരെ ശ്രദ്ധിച്ചാണ് അവർ നടന്നത്. കിടപ്പു-    മുറിയുടെ വാതിൽ പതുക്കെ ചാരി, ഇരുട്ടത്ത്‌ തപ്പി തടഞ്ഞു അടുക്കളയിലേക്ക്  പോയി. ചുമരിലെവിടെയോ തപ്പി അവൾ അടുക്കളയിലെ ലൈറ്റ് ഇട്ടു.പെട്ടെന്ന് കുഞ്ഞിന്റെ അനക്കം കേട്ടത് പോലെ ഒരു നിമിഷം ചെവി കൂർപ്പിച്ചിരുന്നു രണ്ടു പേരും.പിന്നെ അനക്കമൊന്നും കേൾക്കാതായപ്പോൾ കുഞ്ഞു നല്ല ഉറക്കത്തിലാണ് എന്നവർ ഉറപ്പിച്ചു. അവൻ ആശ്വാസത്തോടെ അവളെ  നോക്കി. അവളാകട്ടെ അവനെ നോക്കി കുസൃതിയോടെ ചിരിച്ചു, എന്നിട്ട് പതുക്കെ ഫ്രിഡ്ജ്‌ തുറന്നു.
    ഇപ്പോഴും  അവർ ഐസ് ക്രീം കഴിച്ചുകൊണ്ടിരിക്കുകയാണ്‌. കുഞ്ഞാകട്ടെ ഉറങ്ങുകയാണ്, ഒന്നും അറിയാതെ.