പേജുകള്‍‌

കൊല്ലൂര്‍ യാത്ര

ഒരു പാട് നാളുകളായി എന്തെങ്കിലും എഴുതണം എന്ന് വിചാരിക്കുന്നു. അപ്പോൾ നിങ്ങൾ കരുതും ഇവനാരെടാ ഇങ്ങനെയൊക്കെ പറയാൻ; സാരമില്ല നമുക്ക് ശരിയാക്കാം .മനസ്സിൽ കിടന്നു പുളയ്ക്കുന്ന വാക്കുകൾ പക്ഷെ തൂലികത്തുമ്പിലെത്തുന്നില്ല. മുൻപൊക്കെ ഒരു യാത്ര പോയാൽ അല്ലെങ്കിൽ  മനോഹരമായ ഒരു കാഴ്ച കണ്ടാൽ വല്ലതുമൊക്കെ കുത്തികുറിക്കുമായിരുന്നു എന്റെ നോട്ട് പുസ്തകത്തിൽ. അത് ഞാൻ അല്ലാതെ ആരും വായിച്ചിട്ടില്ല എന്നത് മറ്റൊരു വശം. കൊല്ലൂർ യാത്ര തീരുമാനിച്ചപ്പോൾ തന്നെ ഉറപ്പിച്ചതാണ് ഇത്തവണ എനിക്കെന്തെങ്കിലും എഴുതിയെ തീരു എന്ന്. അത് ഞാൻ ഒരു സാഹിത്യകാരനാണെന്ന് വരുത്തി തീർക്കാനല്ല. മറിച്ച് ഒരു സുഖത്തിനു വേണ്ടി. മഴക്കാർ പെയ്തൊഴിയുമ്പോൾ പോലെയുള്ള ഒരു സുഖം. അല്ലാതെ സാഹിത്യകാരനായി നിങ്ങളുടെ മുൻപിൽ സ്വയം അവതരിപ്പിക്കാൻ മാത്രം മണ്ടനല്ല ഞാൻ എന്നാണ് എന്റെ വിശ്വാസം.

ഒരു പക്ഷെ ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് തോന്നാം ഇതിലൊരു സാഹിത്യവുമില്ലല്ലോ, ഒരു യാത്രയെ പറ്റി വെറുതെ പറയുന്നു എന്നല്ലാതെ. എന്നിക്കും അത്രയൊക്കയെ ഉദ്ദേശമുള്ളൂ. മനസ്സിൽ മാറാല പിടിച്ചു കിടക്കുന്ന അക്ഷരക്കൂട്ടങ്ങളെ ഒന്ന് വെളിച്ചത്ത് കൊണ്ട് വരണം. അത് കൊണ്ട് ഒരു മഹത്തായ സൃഷ്ടടിയായിരിക്കും എന്നൊന്നും കരുതാതെ വായിക്കുക. ഒന്നുമില്ലെങ്കിലും ഇതെഴുതാൻ ഞാൻ അനുഭവിച്ച ബുദ്ധിമുട്ടെങ്കിലും ഓർക്കാമല്ലോ. അപ്പൊ ഇനി സംഭവത്തിലേക്ക് …..

ഒരു പാട് നാളത്തെ ആഗ്രഹമായിരുന്നു ആദിപരാശക്തി കുടി കൊള്ളുന്ന പുണ്യഭൂവായ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രം സന്ദർശിക്കുക എന്നത്. ആദ്യമായിട്ടല്ല പോകുന്നത് എങ്കിലും ഒരു വർഷം ആ ദേവി സമക്ഷത്തിങ്കൽ ചെന്നില്ലെങ്കിൽ മനസ്സിനൊരു വല്ലായ്കയാണ്. പോയ വർഷം അവിടെ ചെല്ലാൻ പറ്റാത്തതിൽ മനസ്സ് വല്ലാതെ കുണ്ഠിതപ്പെട്ടിരുന്നു. ആ സങ്കടം മനസ്സിൽ കിടന്നു നീറുന്നത് കൊണ്ട് തന്നെയാണ് ഇത്തവണ ഏതുവിധേനെയും അവിടം സന്ദർശിക്കണമെന്ന് തീരുമാനിച്ചത്.പക്ഷെ ഓരോ തവണയും പല കാരണങ്ങളാൽ ആ യാത്ര നീണ്ടു നീണ്ടു പോയി. ഇനിയും വൈകിയാല് ശരിയാകില്ല എന്നാ തിരിച്ചറിവിലാണ് എല്ലാ പരിപാടികളും മാറ്റി വച്ച് കഴിഞ്ഞ ആഴ്ച പുറപ്പെടാൻ തീരുമാനിച്ചത്. നാട്ടിലേക്കുള്ള ടിക്കറ്റ് റദ്ദു ചെയ്ത് കൊല്ലൂർക്കുള്ള ബസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്തു, മുൻകൂട്ടി തന്നെ.

അങ്ങനെ ആ സുദിനം വന്നെത്തി. രാവിലെ ഓഫീസിലേക്ക് ഇറങ്ങുമ്പോൾത്തന്നെ യാത്രക്കുള്ള ബാഗും കൈയിൽ കരുതിയിരുന്നു. വൈകുന്നേരം ഓഫീസിൽ നിന്ന് നേരെ മജെസ്ടിക്കിലേക്ക് പോകാനാണ് പരിപാടി. പതിവായി വരാറുള്ള ഡ്രൈവർക്ക് പകരം വേറൊരാളെ കണ്ടപ്പോൾ തന്നെ എനിക്ക് ഒരു അപകടം മണത്തു. 8 : 30 -നാണു ബസ്. അതിനു മുൻപ് സ്റ്റാൻഡിൽ എത്തുക അത്ര എളുപ്പമല്ല. ബസ് കിട്ടാനുള്ള സാധ്യത കുറവാണ് എന്നെനിക്കു തോന്നി കാരണം ഏറ്റവും തിരക്കുണ്ടാവാൻ ഇടയുള്ള റൂട്ട് ആണ് ഡ്രൈവർ തിരഞ്ഞെടുത്തത്. ആ വഴിയിലാണെങ്കിലോ മുടിഞ്ഞ തിരക്കും! പോരെ പൂരം. ഞാൻ എല്ലാ ആഗ്രഹങ്ങളും വെടിഞ്ഞു പുറത്തേക്കും നോക്കിയിരുന്നു; അല്ലാതെന്തു ചെയ്യാൻ. പക്ഷെ പോകണം എന്നുള്ളത് വിധികല്പിതമാണ്. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് 10 മിനുട്ട് മുൻപേ ഞാൻ ഒക്കലിപ്പുരത്ത് വണ്ടിയിറങ്ങി. പെട്ടെന്ന് തന്നെ നടന്നു സ്റ്റാൻഡിൽ എത്തുകയും ബസ് പിടിക്കുകയും ചെയ്തു.വിശപ്പിന്റെ വിളി കാര്യമായുണ്ടായിരുന്നു. പക്ഷെ കഴിക്കാൻ സമയമില്ല. നേരെ ചെന്ന് തൊട്ടടുത്ത കടയിൽ നിന്ന് അര ലിറ്റർ വെള്ളവും രണ്ടു ദില്പസന്തും വാങ്ങി ബസ്സിൽ ഇരുന്നു. കൃത്യസമയത്ത് തന്നെ ബസ് പുറപ്പെട്ടു. വയറിന്റെ ആഗ്രഹം തടുക്കാൻ പറ്റിയില്ല, വേഗം തന്നെ ഒരു ദില്പസന്തെടുത്തു കഴിച്ചു. എന്റെ ആക്രാന്തം കണ്ടിട്ടോ അതോ അതിന്റെ മണം കാരണമോ എന്റെ സഹയാത്രികൻ പിന്നിലേക്ക് ചാഞ്ഞിരുന്നു ഉറങ്ങാൻ തുടങ്ങി.

കുറച്ചേറെ സമയമെടുത്തു നഗരത്തിന്റെ ഊരാക്കുടുക്കിൽ നിന്ന് പുറത്തിറങ്ങാൻ. ശുദ്ധവായു കിട്ടിയപ്പോൾ എന്നെപ്പോലെ തന്നെ ബസ്സിനും ആശ്വാസമായി എന്ന് തോന്നി. അത് അത്യാവശ്യം വേഗതയിൽ കൊല്ലുരിനെ ലക്ഷ്യമാക്കി കുതിക്കാൻ തുടങ്ങി. തണുത്ത കാറ്റും നേർത്ത പ്രകാശമുള്ള അന്തരീക്ഷവും - എല്ലാം കൂടി മനസ്സിന് ഒരു ഉന്മേഷം അനുഭവപ്പെട്ടു. കുറെ നേരം പുറത്തേക്കു നോക്കിയിരുന്നു, ഒടുവിൽ 10 : 30 കഴിഞ്ഞപ്പോൾ പതുക്കെ നിദ്രാദേവി എന്നെയും അനുഗ്രഹിച്ചു.

രണ്ടു മൂന്നു തവണ ബസ് നിർത്തിയപ്പോഴൊക്കെ ഞാനും ഇറങ്ങി ജലസേചനം നടത്തി. തുടർന്നുള്ള യാത്രയിലെപ്പോഴോ ബസ് എവിടെയോ നിർത്തിയ പോലെ തോന്നി. കണ്ണ് തുറക്കാൻ പോയില്ല. വീണ്ടു ഒരു വശത്തേക്ക് ചെരിഞ്ഞിരുന്നു ഉറങ്ങാൻ തുടങ്ങി. എങ്കിലും കുറച്ചു കഴിഞപ്പോൾ ഉണർന്നു. ബസ് ഇപ്പോഴും അവിടെ തന്നെ നില്ക്കുകയാണ്. എന്താ കാര്യമെന്നറിയാൻ ചുറ്റും നോക്കിയപ്പോഴാണ് മനസ്സിലായത് സഹ്യാദ്രിയിലൂടെയുള്ള യാത്രയാണെന്നും മുന്നിൽക്കൂടി വരുകയായിരുന്ന ഒരു ലോറി അപകടത്തിൽ പെട്ടതിനെ തുടർന്ന് യാത്ര നിലച്ചതാണെന്നും. കുറച്ചു നേരം ഒരു വിഡ്ഢിയെ പോലെ മിഴിച്ചിരുന്നു.വീണ്ടും തടസ്സമാണല്ലോ മഹാദേവ എന്ന് മനസ്സിൽ കരുതി. അപ്പോഴാണ് ആണുങ്ങളെല്ലാം ഇറങ്ങണമെന്ന് കണ്ടക്ടർ വന്നു പറയുന്നത്. ഞങ്ങൾ കുറച്ചുപേർ പറയുന്നതിന് മുൻപ് ചാടിയിറങ്ങി. ചില ബുദ്ധി രാക്ഷസന്മാർ കേട്ട ഭാവം നടിക്കാത ഉറങ്ങുന്നതായി ഭാവിച്ചു. ആൾക്കാർ ഇറങ്ങിയപ്പോള് ബസ്സിന്റെ ഭാരം കുറയുകയും ഡ്രൈവർ  സാഹസികമായി ഒരു വശത്ത് കൂടി ലോറിയെ മറികടന്നുപോയി കുറച്ചു മുൻപിൽ നിർത്തുകയും ചെയ്തു. വീണ്ടും കയറി. ഉറങ്ങാൻ നോക്കിയെങ്കിലും വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിലൂടെയുള്ള യാത്രയായതിനാൽ അതിന് കഴിഞ്ഞില്ല. വെറുതെ പുറത്തേക്കു നോക്കിയിരുന്നു. ഇതൊന്നും അറിയാതെ സഹയാത്രികൻ ഇപ്പോഴും ഉറക്കത്തിലാണ്. 'ഭാഗ്യവാൻ', ഞാൻ  ചിന്തിച്ചു. സമയം പിന്നെയും പതുക്കെ ഇഴഞ്ഞു പോവുകയാണ്. ബസ് വീണ്ടും നിർത്തി. ഇത്തവണ കണ്ടക്ടർ വന്നത് മറ്റൊരു ഭൂകമ്പവും കൊണ്ടാണ്. ടയർ  പഞ്ചറായി പോലും..!!! ഒരു അരമണിക്കൂർ ദൂരം ബാക്കിയുണ്ടാകുമ്പോഴാണ് ഈ സംഭവം. ബസ്സിൽ വെറുതെ ചടഞ്ഞിരിക്കുന്നതിൽ കാര്യമില്ലാത്തതിനാൽ പുറത്തിറങ്ങി.കാനന ഭംഗിനുകർന്നു. ടയർ മാറ്റുന്ന പ്രക്രിയ നോക്കി നിന്നു. ഇപ്പോൾ തന്നെ ബസ് വൈകിയാണ് ഓടുന്നത്. അതിന്റെ കൂടെയാണ് പഞ്ചറും റോഡ് ബ്ലോക്കും ഒക്കെ. അര മണിക്കൂർ അവിടെ പോയിക്കിട്ടി. യാത്രതുടർന്നു. ഉറക്കം നഷ്ട്ടപ്പെട്ടിരുന്നു. സഹയാത്രികൻ ഇതും അറിയുന്നില്ല. പുറത്തേക്കു നോക്കിയിരിക്കുന്നതിനിടയിൽ എന്റെ ചിന്തെ ഇപ്പോൾ  വേറൊന്നിലേക്ക്  തെന്നിപ്പോയി, അത് എന്റെ സമാധാനം വീണ്ടും നശിപ്പിച്ചു.

എന്റെ മനസ്സമാധാനം കളഞ്ഞ ചിന്ത എന്തായിരിക്കാം? പ്രശ്നം ഇതാണ്..ഞാൻ  മുറി ബുക്ക് ചെയ്തിട്ടില്ല ..ഇപ്പോൾ എന്റെ ചിന്ത എവിടെ താമസിക്കും എന്നതാണ്..റൂം കിട്ടുമോ അതോ നാട്ടിലേക്കു ബസ് പിടിക്കേണ്ടി വരുമോ..? എങ്കിലും അങ്ങിനെയൊന്നും പനയാലപ്പൻ എന്നെ കൈവിടില്ല എന്ന പ്രതീക്ഷയും എനിക്കുണ്ടായിരുന്നു. മനുഷ്യന്റെ ഒരു കാര്യം. ഒരു പ്രശ്നം തീരുമ്പോഴേക്കും അടുത്തത്. ഇങ്ങനെ മനസ്സമാധനമില്ലാതെയാണ് എല്ലാവരും ജീവിക്കുന്നത്. കുറച്ചു സമയത്തിനുള്ളിൽ ഞാൻ കൊല്ലൂരിൽ ബസ്സിറങ്ങി.  നേരെ സൗപർണ്ണിക ലോഡ്ജ് ലക്ഷ്യമാക്കി നടന്നു. പണ്ട് മുതലേ താമസിക്കുന്ന ഇടമായതിനാൽ അവിടേക്ക് തന്നെ ആദ്യം ചെല്ലാം എന്ന് കരുതുകയായിരുന്നു. അവിടെ കയറിയ ഞാൻ പെട്ടെന്ന് തന്നെ ഇറങ്ങി നടന്നു, കാരണം ലളിതം റൂം ഇല്ല. എന്ത് ചെയ്യേണ്ട് എന്ന് ചിന്തിച്ച ഞാൻ കുറച്ചു സമയത്തിനകം ശ്വേത ലോഡ്ജിൽ മുറിയെടുക്കുന്നു. എങ്ങിനെ..? അതാണു ട്രിക്ക്. സൗപർണ്ണികയിൽ നിന്നുമിറങ്ങിയ ഞാൻ എന്റെ ചെറിയ ഇളയമ്മയെ ഫോൺ ചെയ്തു കാര്യം പറയുന്നു. ശ്രീമതി അത് DSP -യോട് പറയുന്നു. DSP കൊല്ലൂർ പോലിസ് സ്റ്റേഷനിലേക്ക് വിളിക്കുന്നു. ആ വിവരം എന്നോട് പറയുന്നു. ഞാൻ സ്റ്റേഷനിൽ ചെല്ലുന്നു, പോലിസിനെ കാണുന്നു, അങ്ങേര്  എന്നെ ഒരു ബ്രോക്കറിനെ ഏല്പ്പിക്കുന്നു. മുറി കിട്ടി വളരെ ലളിതമായി. അതിനു ശേഷം പയ്യനോട് ചോദിച്ചു എന്താ ആദ്യം മുറി കിട്ടാതിരുന്നതെന്ന്? അവൻ പറഞ്ഞ മറുപടി എല്ലാവർക്കും ബാധകമാണ്. ഒറ്റയ്ക്ക് വന്നാൽ മുറി കൊടുക്കാൻ പാടില്ല എന്ന് പോലിസ് അറിയിപ്പുണ്ടത്രേ..!!! എന്തായ്യാലും മുറി കിട്ടി. നാട്ടിലേക്കു ഫോൺ വിളിച്ചു. ശേഷം, കലാപരിപാടികൾ തീർത്ത് ശാപ്പാടും അടിച്ച് നേരെ സന്നിധിയിലേക്ക്. ഞാൻ ആരെ കാണാനാണോ വന്നത് അവിടുത്തേക്ക്.

നന്നായി തൊഴുതു, പ്രാർഥിച്ചു, എല്ലാവർക്കും വേണ്ടി. പിന്നെ നമ:ശിവായ മന്ത്രം ഉരുവിട്ട് കൊണ്ട് പ്രദക്ഷിണം നടത്തി. സരസ്വതി മണ്ഡപത്തിൽ  ഇരുന്ന് ചിന്തയും മനസ്സും ദേവിയിലേക്ക് അർപ്പിക്കാൻ ശ്രമിച്ചു. പൂർണ്ണമായും വിജയിച്ചില്ല. എങ്കിലും ശ്രമംതുടർന്നു. മൂകാംബിക ദേവിക്ക്  അലങ്കാര പൂജ കഴിപ്പിച്ചു, ത്രിമധുരം, പഞ്ചാഗഞ്ചായം ഒക്കെ വാങ്ങി മുറിയിലേക്ക് മടങ്ങി. വിശദമായി മാതൃഭൂമി വായിച്ചു. വീണ്ടും തിരുനടയിലേക്ക്, വീണ്ടും ദർശനം. കണ്ടിട്ടും മതിയായില്ല. പുറത്തിറങ്ങി വീണ്ടും കയറി. അങ്ങനെ 3 തവണ. മന്ത്രോച്ചാരണത്തോടെ പ്രദക്ഷിണം. അപ്പോഴേക്കും തിരക്ക് വർദ്ധിക്കാൻ തുടങ്ങി. ദേവി സന്നിധിയിലേക്ക് ഭക്തർ ഒഴുകുകയാണ്. തിരക്കായതോടെ അകത്തു കയറുന്നത് നിർത്തി പുറത്തിരുന്നു. കുറച്ചു നേരം ഇരുന്നപ്പോൾ വിശപ്പിന്റെ വിളി വന്നു. നേരെ അഗ്രശാലയിലേക്ക്. സാമ്പാറും രസവും മോരും,പായസവും കൂട്ടിയുള്ള ഊണ്. വയറു നിറഞ്ഞു. തിരിച്ചു വന്ന് സരസ്വതി മണ്ഡപത്തിലിരുന്നു. തിരക്ക് കഴിയുന്നത് വരെ അത് തുടർന്നു. വരുന്ന ആൾക്കാരെ നോക്കിക്കൊണ്ട്. പല തരത്തിലുള്ളവർ. പക്ഷെ ക്ഷേത്ര സന്ദർശനം ഒരു ആഘോഷമാക്കി മാറ്റുന്ന കാഴ്ചയാണ് അവിടെയുണ്ടായിരുന്നത്. പ്രാർത്ഥിക്കുമ്പോൾ പോലും കൈയ്യിൽ ക്യാമറ. 
ഉപപ്രതിഷ്ഠകളുടെ ശ്രീ കോവിലിനുള്ളിലേക്ക് നോക്കി ഫോട്ടോ എടുക്കുന്ന കൂട്ടത്തിന് പ്രായം ഒരു ഘടകമായിരുന്നില്ല. നിശബ്ദത പാലിക്കേണ്ട സ്ഥലങ്ങളിൽ പോലും ശബ്ദമുഖരിതമാക്കി അനുഷ്ഠാനത്തെയും ആഘോഷമാക്കി മാറുന്ന ഒരു തലമുറയാണ് വളർന്നു വരുന്നത് എന്നോർത്തപ്പോൾ വിഷമം തോന്നി. കൊല്ലുരിന്റെ മാത്രം പ്രത്യേകതയായിരുന്നു നിറഞ്ഞു നില്ക്കുന്ന നിശബ്ദതയും ആത്മീയതയും. അതൊക്കെ കൈ മോശം വന്നു പോവുകയാണോ എന്ന് തോന്നിപ്പോയി ഈ കോപ്രായങ്ങൾ കാണുമ്പോൾ. നട അടക്കുന്നത് വരെ അവിടെ ഇരുന്നു. പുറത്തിറങ്ങുന്നതിന് തൊട്ടു മുൻപ് വീണ്ടും കയറി വന്ദിച്ചു. കണ്ടിട്ടും മതി വരാത്ത കാഴ്ച തന്നെയാണ് സംശയമേതുമില്ല. എന്തൊരു ചൈതന്യമാണ് ഈ മൂർത്തിക്ക്! കോല മഹർഷി പൂജിച്ചിരുന്ന ശിവലിംഗത്തിലേക്ക് ആവാഹനം ചെയ്തതാണത്രെ ഈ ലോകൈകനാഥയെ. ഒരു പാട് സമയം ആ സുന്ദര രൂപം കണ്ടു കൊണ്ടിരിക്കാൻ പൂജാരിമാർ സമ്മതിക്കാത്തതിനാൽ വേഗം പുറത്തേക്കു നടന്നു.

സായാഹ്നമാകുന്നത് വരെ മുറിയിലിരുന്നു പുസ്തകം വായിച്ചു. ഇടവേളകളെ ആനന്ദമാക്കാൻ ഞാൻ ഒരു പുസ്തകം കരുതിയിരുന്നു. നാല് മണിയായപ്പോൾ  പുറത്തിറങ്ങി നടന്നു. ചായ കുടിച്ചു. സൗപർണ്ണികയിൽ പോയി കാലും മുഖവും കഴുകി. വരുന്ന വഴിക്കുള്ള ഒരു കടയിൽ ചൂട് ഉള്ളിവട ഇരിക്കുന്നത് കണ്ടെങ്കിലും വയറു നിരഞ്ഞിരിക്കുന്നതിനാൽ വേണ്ടെന്നു വച്ചു. കുളിച്ചു വീണ്ടും ക്ഷേത്ര സന്നിധിയിലേക്ക്. ഭാഗ്യത്തിന് തിരക്കില്ലായിരുന്നു. നന്നായി തൊഴുതു. പ്രദക്ഷിണം വെച്ചു. ഇളം കാറ്റും സന്ധ്യയും ചേർന്ന അന്തരീക്ഷം ഈശ്വര സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായിരുന്നു. മനസ്സിന് വല്ലാത്ത ഒരു സുഖം തോന്നി. അങ്ങനെ ഇരിക്കുമ്പോൾ അങ്ങ് ദൂരെ ഒരു അവ്യക്ത ചിത്രം പോലെ കുടജാദ്രി മല തലയെടുപ്പോടെ നില്ക്കുന്നുണ്ടായിരുന്നു, ദേവി സന്നിധിയിലേക്ക് തന്നെ മിഴി നട്ട്. ഒരു പാട് തവണ കൊല്ലൂർ വന്നെങ്കിലും കുടജാദ്രി ഇന്നും എനിക്ക് അപ്രാപ്യമായി കിടക്കുന്നതെന്തേ എന്ന് തോന്നി. ഇത്തവണയും അങ്ങോട്ടുള്ള യാത്ര സാദ്ധ്യമല്ല. ശങ്കരാചാര്യർ തപം കൊണ്ട് ദേവിയെ പ്രസാദിപ്പിച്ച പുണ്യ ഭൂമി. ആ മണ്ണിൽ ചവുട്ടി നിൽക്കുകയെന്നു പറഞ്ഞാൽ അതിൽ പരം പുണ്യം വേറെന്തു വേണം. സന്ധ്യ സമയത്ത് കൊല്ലൂർ ഒരു വല്ലാത്ത അനുഭവമാണ്. അനിർവചനീയമായ ഒരു ആനന്ദം നമുക്ക് അനുഭവിക്കാൻ കഴിയും. ആ അനുഭൂതിയാണ് ആൾക്കാരെ പിന്നെയും പിന്നെയും ഇങ്ങോട്ട് ആകർഷിക്കുന്നതെന്ന് തോന്നാറുണ്ട്. ദീപസ്തംഭം തെളിച്ചപ്പോൾ അതിന്റെ ഭംഗി ആസ്വദിക്കാൻ  ആൾക്കാർ ക്യാമറയുമായി മത്സരിക്കുകയായിരുന്നു. ഒരു വല്ലാത്ത ആകർഷണീയത ആ ദീപങ്ങൾക്കുണ്ടെന്ന് തോന്നി. എല്ലാ തിരികളും ഒരുമിച്ചു ആകാശത്തില്‍ ജ്വലിച്ചു നില്ക്കുമ്പോൾ, ദേവിയുടെ അനുഗ്രഹത്തിനായി അവ തമ്മിൽ തമ്മിൽ മത്സരിക്കുകയാണോ എന്ന് പോലും തോന്നി. വല്ലാത്ത ഒരു കൌതുകമുണ്ടതിന്. ഒരു വലിയ കൽവിളക്കിൽ നൂറോളം തിരികൾ ഒരുമിച്ചു ജ്വലിച്ചു നില്ക്കുക, കുറച്ചു കഴിയുമ്പോൾ ഒരാവേശത്തിലെന്നപോലെ ആളിക്കത്തുക. ഒടുവിൽ കുറേ കരിയും പുകയുമായി എരിഞ്ഞടങ്ങുക. ശരിക്കും പറഞ്ഞാൽ നമ്മുടെ ജീവിതവും ഇത് പോലെ തന്നെയല്ലേ? അതോർമ്മിപ്പിക്കാൻ വേണ്ടിയാണോ പ്രതീകാത്മകമായി അമ്പലമുറ്റത്ത് ഈ കൽവിളക്ക് നിവർന്ന് നില്ക്കുന്നത്? ആർക്കറിയാം?

ഞാൻ വരുന്ന ആൾക്കാരെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ എത്ര കഴിഞ്ഞിട്ടും ഒരു പരിചിത മുഖം പോലും കണ്ടെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. കൊച്ചു കുട്ടികൾ ഒന്നുമറിയാതെ ഓടി കളിക്കുകയാണ്. അമ്മയോ അച്ഛനോ ചെന്ന് പിടിക്കുമ്പോൾ കരയുകയും നിലത്തിറങ്ങാൻ ശാഠ്യം പിടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സർവ്വസ്വതന്ത്രമായ ബാല്യം. ഒരു പക്ഷെ ഇത്രയും സമാധാനത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞു കൂടുന്ന കാലം ഒരാളുടെയും ജീവിതത്തിൽ പിന്നീടുണ്ടാവില്ല. ഏതു ഗൌരവക്കാരനും ഒന്ന് അയഞ്ഞു പോകുന്ന നിഷ്കളങ്ക ബാല്യം. ഈശ്വരൻ തന്നെയാണ് കുഞ്ഞുങ്ങൾ എന്ന് പറയുന്നത് എത്ര ശരി എന്ന് തോന്നിപോകുന്നു. അതിനിടയിലാണ് ഒരു കുട്ടി അവിടെയിരിക്കുന്ന ഒരു സ്വാമിയുടെ ഫോട്ടോയെടുക്കുന്നത് ശ്രദ്ധിച്ചത്. അദ്ദേഹം ഒരു ചെറു പുഞ്ചിരിയോടെ അവന്റെ കലാപരിപാടിക്കായി നിന്ന് കൊടുക്കുകയും ഒപ്പം തന്നെ അതാസ്വാദിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ ഒരു പാട് സമയം പോയി. ഇടയ്ക്ക് ഒന്നെഴുന്നേറ്റ് ഒരു പ്രദക്ഷിണം വച്ചു. ജനങ്ങൾ പ്രവഹിക്കുകയാണ്. ഇനി ഇപ്പോഴൊന്നും ദർശനം നടത്താം എന്ന പ്രതീക്ഷ വേണ്ട. ആൾക്കാരുടെ Q കമ്പിവേലിയും കഴിഞ്ഞു പുറത്തെത്തിയിരിക്കുന്നു.

സരസ്വതി മണ്ഡപത്തിൽ കുറച്ചു കലാപരിപാടികൾ ഉണ്ടായിരുന്നു. ഒരു പെൺകുട്ടിയുടെ നൃത്തവും വേറെ 2-3 ആൾക്കാരുടെ ഭക്തി ഗാനങ്ങളും. മൈക്ക് ഇല്ലാത്തതിനാൽ ഒരു പൊലിമ ഉണ്ടായിരുന്നില്ല. എങ്കിലും അത് കഴിയും വരെ ഞാൻ അവിടെ ചുറ്റി പറ്റി നിന്നു. സമയം കുറെയായി. ഞാൻ  അടുത്ത കർമ്മത്തെക്കുറിച്ചാലോചിച്ചു. സമയം നോക്കി, മെല്ലെ അഗ്രശാലയിലേക്ക് നടന്നു. ഇരിക്കാൻ സ്ഥലമുണ്ടായിരുന്നു. വിഭവസമൃദ്ധമല്ലെങ്കിലും ഈ ആഹാരത്തിന് ഒരു പ്രത്യേക സ്വാദുണ്ട്  .ഇവിടെ വരുമ്പോഴൊക്കെ അനുഭവിക്കാറുള്ളതാണ്. സ്വാദിഷ്ടമായ ഭക്ഷണം കഴിഞ്ഞ് വീണ്ടും അമ്പലത്തിനകത്തേക്ക് ചെന്നു. തിരക്ക് കുറഞ്ഞിരിക്കുന്നു. വൈകുന്നേരം കുട്ടികൾക്കായി വാങ്ങിയ കറുത്ത ചരട്പൂജിക്കാൻ ഒരു ശാന്തിക്കാരനെ ഏൽപ്പിച്ചു. അയാളാകട്ടെ ഒരു ഇരയെ കിട്ടിയ സന്തോഷത്തോടെ ചരട് വാങ്ങി ശ്രീകോവിലിനകത്തെക്ക് ചെന്നു. ശാന്തിക്കാരൻ പോലും പുതിയ കാലത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നു. കാശു കൊടുക്കുന്നവർക്ക് പ്രസാദം ഇലയിൽ പ്രത്യേകമായി കൊടുക്കുന്ന കാഴ്ച കണ്ടു. അല്ലാത്തവർക്ക് വെറും ദർശനം മാത്രം.!! ദക്ഷിണ കൊടുത്തതിനുശേഷം പൂജിച്ച മാല വാങ്ങി പുറത്തേക്കു നടന്നു. കഷായ തീർഥം കൂടി കിട്ടാനുണ്ട്. അതിനും നീണ്ടൊരു Q. ആൾക്കാരൊക്കെ വലിയ കുപ്പികളൊക്കെ പിടിച്ചാണ് നിൽപ്പ്. ഇവിടുത്തെ കഷായത്തിന് ഒരു പാട് പ്രത്യേകതകളുണ്ടെന്ന് പറയാറുണ്ട്. ദഹനത്തിനും  ഒജസ്സിനും ഒക്കെ നല്ലതാണത്രേ. കുറച്ചു നേരം Q നിന്നു.പാത്രമൊന്നും കരുതിയില്ലായിരുന്നു, ഇത്തിരി കയ്യിൽ വാങ്ങിക്കുടിച്ചു. ആൾക്കാരുടെ ബാഹുല്യമായിരിക്കണം കഷായത്തിന്റെ സാന്ദ്രത വല്ലാതെ കുറഞ്ഞിട്ടുണ്ട്. എങ്കിലും ദേവിയുടെ പ്രസാദമല്ലേ, ഭക്തി പുരസരം തന്നെ അമൃത് പോലെ കഴിച്ചു. നട അടക്കാറായി. ആളുകളെ പുറത്താക്കാൻ തുടങ്ങിയിരിക്കുന്നു. കൊടിമരച്ചോട്ടിൽ നമസ്ക്കരിച്ചതിന് ശേഷം പുറത്തേക്കു നടന്നു. പോകുന്ന വഴിക്ക് ഒരു കുപ്പി വെള്ളവും കുറച്ചു മധുരവും വാങ്ങി. മുറിയിൽ ചെന്നു വേഷം മാറി, ഡയറി എഴുതി. രാവിലെ വായിച്ചു കൊണ്ടിരുന്ന പുസ്തകം വീണ്ടും വായിക്കാൻ തുടങ്ങി. കുറച്ചു നേരം വായിച്ച് ഉറങ്ങാൻ കിടന്നു. അതിനു മുൻപ് രാവിലെ 4 മണിക്ക് അലാറം വച്ചിരുന്നു.

അങ്ങനെ മൂകാംബിക സന്നിധിയിലെ ഒരു പകൽ കഴിഞ്ഞു. ആഗ്രഹിച്ചതു  പോലെ നന്നായി തൊഴാൻ കഴിഞ്ഞു. എല്ലാവർക്കും വേണ്ടി പ്രാർഥിച്ചു. ഒറ്റയ്ക്കായതിനാൽ ഈ യാത്രക്ക് ഒരു സുഖം തോന്നി. നാളെ കാലത്തെഴുന്നേറ്റ് നിർമാല്യം തൊഴാൻ പോകുന്നതിനെക്കുറിച്ച് ആലോചിച്ചു ഉറങ്ങാൻ കിടന്നു. എപ്പോഴാണെന്നറിയില്ല ഞാൻ പതുക്കെ ഉറക്കത്തിലേക്കു വഴുതി വീണു.

കൃത്യം നാല് മണിക്ക് തന്നെ അലാറം ശബ്ദിച്ചു. മഹാദേവനെ ഉള്ളാലെ പ്രാർഥിച്ച് വലത്തോട്ട് തിരിഞ്ഞെഴുന്നേറ്റു. പ്രഭാതകൃത്യങ്ങളൊക്കെ പെട്ടെന്ന് തീർത്ത് 4:30-നു മുൻപ് മുറി പൂട്ടിയിറങ്ങി. അമ്പലത്തില് ചെന്നപ്പോൾ 4-5 പേർ  പുറത്തു Q നില്ക്കുന്നു. ഗോപുരം തുറന്നിട്ടില്ല. 1/2 മണിക്കൂറോളം അവിടെ നിൽക്കേണ്ടി വന്നു. അപ്പോഴേക്കും Q നീണ്ടു വലുതായിരുന്നു. 5 മണിക്ക് അകത്തേക്ക് പ്രവേശിച്ചു. ഒരു പാട് നേരം തൊഴുതു. ഗണപതിയെയും നാഗരാജാവിനേയും ശങ്കരസ്വാമികളെയും വന്ദിച്ചു പുറത്തിറങ്ങി. പ്രദക്ഷിണ വഴിയിൽ മന്ത്രങ്ങളുമായി ഈശ്വരനിലേക്ക് അടുക്കാൻ ശ്രമിച്ചു. കുറേക്കാലത്തിനു ശേഷം കിഴക്ക് വെള്ള കീറുന്നത് കണ്ടു, ശബ്ദം കേട്ടില്ലെങ്കിലും. ആൾക്കാർ വന്നു കൊണ്ടേയിരുന്നു. ഒരു മണിക്കൂറിനു ശേഷം തിരിച്ചു പോയി. ഭക്ഷണം കഴിച്ചു 9:30 വരെ കിടന്നുറങ്ങി. പിന്നീട് പുറത്തിറങ്ങി കടകൾ നോക്കി നടക്കാൻ തുടങ്ങി. രണ്ട് കല്ല് മാല വാങ്ങണം, പിന്നെ പത്രവും. മിക്ക കടകളിലും ചെറിയ ആൾക്കൂട്ടമെങ്കിലും കാണാം. നടന്ന് നടന്ന് ഒരു പുസ്തക കടയുടെ മുൻപിലെത്തി. അവിടുത്തെ അമ്മ സ്നേഹത്തോടെ എന്നെ അകത്തേക്ക് ക്ഷണിച്ചു. ഞാൻ അവിടെ കണ്ട പുസ്തകങ്ങളൊക്കെ നോക്കി. ദേവി മാഹാത്മ്യം, ശ്യാമളാദണ്ഡകം തുടങ്ങിയ അഞ്ചോളം പുസ്തകങ്ങൾ വാങ്ങി. അതിനിടയിൽ ആ അമ്മയുമായി കൂടുതൽ  പരിചയപ്പെട്ടു. കണ്ണൂർ സ്വദേശിനിയാണ്, ഭർത്താവ് മരിച്ചു പോയി. പ്രായമായി കൂടാതെ വാതത്തിന്റെ ശല്യവും വേണ്ടുവോളമുണ്ട്. അതിനാൽ  വേണ്ടപ്പെട്ടരാൾക്ക് കട കൈമാറി ശേഷം ജീവിതം നാട്ടിൽ ജീവിക്കാനാണ് പരിപാടി. എന്നോടും വിശേഷങ്ങളൊക്കെ ചോദിച്ചു. കുറച്ചുനേരത്തിനു ശേഷം ഞാൻ യാത്ര പറഞ്ഞിറങ്ങി. സ്നേഹത്തോടെയുള്ള അവരുടെ സംസാരം മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു. ഉച്ചക്ക് വീണ്ടും അമ്പലത്തിൽ പോയി. തിരക്കില്ലാത്ത സമയമായിരുന്നു. നിർന്നിമേഷനായി ഒരു പാട് നേരം ദേവിയെ നോക്കി നിന്നു. കണ്ണ് തുറന്നു പ്രാർഥിക്കുന്നതാണ് എനിക്കിഷ്ടം. കഷ്ട്ടപ്പെട്ട് ഇവിടം വരെ വന്നിട്ട് ദേവിയെ കാണുമ്പോൾ കണ്ണടക്കുന്നത് ശരിയല്ല എന്ന് തോന്നി. അഗ്രശാലയിൽ ചെന്നെങ്കിലും തിരക്കുണ്ടായിരുന്നു. തിരിച്ചു വന്നു വീണ്ടും തൊഴുന്നതിനിടയിൽ ഫോണ് റിംഗ് ചെയ്തു, എങ്കിലും എടുത്തില്ല. അല്ലെങ്കിലും അമ്പലത്തിനകത്ത് ഫോൺ ഉപയോഗിക്കുന്നതിനോട് എനിക്ക് യോജിക്കാൻ  കഴിയില്ല.

ഇത് പറയുമ്പോഴാണ് ഞാൻ വേറൊരു സംഭവം ഓർത്തത്. കാലത്ത് നടന്നതാണ്. കുട്ടികളുടെ വിദ്യാരംഭ ചടങ്ങുകൾ നടക്കുകയായിരുന്നു. ഞാൻ  അതും വീക്ഷിച്ചു കൊണ്ട് നിൽക്കുകയായിരുന്നു. കുറേപേർ വന്നും പോയിമിരുന്നു. ഒരു സ്ത്രീയുടെ പ്രവൃത്തി എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. കുട്ടിയെ മടിയിലിരുത്തി മറുകൈയിൽ ക്യാമറയും പിടിച്ച് തന്റെ മകന്റെ വിദ്യാരംഭം റെക്കോർഡ് ചെയ്യുകയാണ്. പൂജാരി പറയുന്നതോ ചെയ്യുന്നതോ ഒന്നും ആ സ്ത്രീ ശ്രദ്ധിക്കുന്നേയില്ല. അവരുടെ ശ്രദ്ധ മുഴുവനും ക്യാമറയിലാണ്. ആ ചടങ്ങ് തീരും വരെ അവർ അങ്ങനെ തന്നെയായിരുന്നു . ഈശ്വരനിൽ മനസ്സർപ്പിക്കാതെ അമ്പലത്തിനകത്ത് വച്ച് ഹരിശ്രീ കുറിച്ചാൽ കുട്ടി കളക്ടര് ആകും എന്ന ധാരണയാണ് എല്ലവർക്കും. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ?

അമ്പലത്തില് നിന്ന് പുറത്തിറങ്ങിയതും വീണ്ടും ഫോൺ ശബ്ദിച്ചു. അയറോട്ടെ വേണുമാമ്മൻ ആണ്. അവർ കൊല്ലുരിലേക്ക് വരുന്നു, മുറി ബുക്ക് ചെയ്യണം എന്ന് പറഞ്ഞു. ശരി എന്ന് പറഞ്ഞു ഞാൻ അവിടെയുണ്ടായിരുന്ന നല്ലൊരു ഹോട്ടലിൽ ചെന്നു, പക്ഷെ അവിടെ മുറി ഒഴിവില്ലായിരുന്നു. അവരുടെ തന്നെ വേറൊരു ഹോട്ടലിൽ മുറി ശരിയാക്കി തന്നു. ഏതായാലും അവരാരും ആ മുറി ഉപയോഗിച്ചില്ല, ദൂ കൂടുതലാണെന്ന കാരണത്താൽ. അവർ അമ്പലത്തിനടുത്തു വേറെ മുറി എടുത്തു. അവരിൽ കുറച്ചുപേർ  കുടജാദ്രിയിലേക്ക് പോയി. അവർ പോയതിനു ശേഷം ഞാൻ മുറിയിലേക്ക് ചെന്നു. എന്റെ ഇന്നത്തെ ദിവസവും അവസാനിക്കാൻ പോകുകയാണ്. 7 മണിക്ക് ബംഗ്ലൂരിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിട്ടുണ്ട്. സാധനങ്ങളൊക്കെ ബാഗിൽ എടുത്തു വെച്ചു. കുളിച്ച് വീണ്ടും അമ്പലത്തിലേക്ക് പോയി. ഇത്തവണ വളരെ ശാന്തമായിരുന്നു പരിസരം. ജനങ്ങൾ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. കുറേ തവണ കേറി തൊഴുതു. പ്രദക്ഷിണം ചെയ്തു. 6 മണിക്ക് മടക്കയാത്രക്ക് തയ്യാറായി ഒരിക്കൽ കൂടി കയറി തൊഴുതു. 6:15 നു മുറി പൂട്ടി താക്കോൽ തിരികെ ഏല്പ്പിച്ചു. കിട്ടാനുള്ള കാശും വാങ്ങി ഞാന് ബസ് സ്റ്റാൻഡിലേക്ക് നടന്നു. കൃത്യസമയത്ത് തന്നെ ബസ് വന്നു. 7 മണിയോടുകൂടി അത് കൊല്ലൂരിൽ നിന്ന് എന്നെയും മറ്റുള്ളവരെയും വഹിച്ച് ബംഗ്ലൂരിനെ ലക്ഷ്യമാക്കി കുതിച്ചു.

തിരിഞ്ഞുനോക്കുമ്പോൾ വളരെ ആത്മസംതൃപ്തി തന്ന ഒരു സന്ദർശനമായിരുന്നു ഇത്തവണത്തേത് എന്ന് തോന്നി. ആദ്യമായാണ് ഒറ്റയ്ക്ക് കൊല്ലൂരിൽ വരുന്നത്. എങ്കിലും ഒരിത്തിരി പോലും മുഷിയാതെ അവിടെ കഴിച്ചു കൂട്ടാൻ പറ്റി എന്നതിൽ സന്തോഷം തോന്നി. പക്ഷെ മനസ്സിന് മതിയായിരുന്നില്ല, ഇനിയും വരണം ഈ പുണ്യഭൂമിയിലേക്ക്. ഈ ചൈതന്യം അനുഭവിക്കാൻ, ഈ വായു ശ്വസിക്കാൻ. എല്ലാം മറന്ന് ഇവിടങ്ങിനെ ഇരിക്കാൻ. 'വരും' പിന്നിലേക്ക് മറഞ്ഞു പോകുന്ന ക്ഷേത്രത്തെ നോക്കി മെല്ലെ ഞാൻ മന്ത്രിച്ചു. സഹ്യന്റെ മാറിൽ തഴുകി കടന്നുപോകുകയായിരുന്ന കാറ്റ് എന്നെ തലോടിക്കൊണ്ട് അതേറ്റുപറഞ്ഞു.

2 അഭിപ്രായങ്ങൾ: