പേജുകള്‍‌

ഒരു മൽസ്യഗന്ധ അപാരത

 


എന്റെ മുന്നിലുള്ള വട്ടത്തിലുള്ള പ്ലാസ്റ്റിക് കളിപ്പാട്ടം നിർത്താതെ  കറങ്ങിക്കൊണ്ടിരിക്കുകയാണ്. മോളുടെ കൂടെ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. കളിപ്പാട്ടത്തിലെ ചെറിയ കുഴികളിൽ നിന്നും പ്ലാസ്റ്റിക് മീനുകൾ മേലോട്ട് പൊങ്ങി വാ പിളർത്തി നിൽക്കുമ്പോൾ കൈയിലുള്ള ചൂണ്ട അതിന്റെ തൊണ്ടയിൽ കുരുക്കി പൊക്കിയെടുക്കുക എന്നതാണ് കളി.  കുഴികളിൽ നിന്നും പൊങ്ങി വന്ന മീനുകൾ ഓരോന്നായി വാ പിളർത്തി കുറച്ചുനേരം മുകളിലോട്ട് നോക്കിനിൽക്കുകയും പിന്നീട് വായടച്ച് കുഴിയിലേക്ക് മുങ്ങാംകുഴിയിടുകയും ചെയ്തുകൊണ്ടിരുന്നു. ഞാനാകട്ടെ വായുവിൽ ആടിക്കൊണ്ടിരിക്കുന്ന ചൂണ്ടയെ അടക്കിനിർത്താനുള്ള ശ്രമത്തിലുമാണ്. ഒടുവിൽ കഷ്ടപ്പെട്ട് എന്റെ ചൂണ്ട വാ പിളർത്തി വന്ന ഒരുവന്റെ തൊണ്ടയിൽ കുരുക്കി. മുകളിലോട്ട് വലിക്കാൻ നോക്കുമ്പോൾ ഒരു നിമിഷം എന്റെ നോട്ടം അതിന്റെ കണ്ണുകളിൽ തടഞ്ഞു. അവിടെ പ്രാണനുവേണ്ടി കരയുന്ന ഒരു ജീവന്റെ നിസ്സഹായാവസ്ഥ കണ്ടു. അതിനെ കാത്തിരിക്കുന്ന കുടുംബത്തിന്റെ വേദന കണ്ടു. ചൂണ്ട വലിക്കാനാവാതെ കൈകൾ നിശ്ചലമായി. അറിയാതെ വർഷങ്ങൾ പുറകിലോട്ടു ഞാൻ സഞ്ചരിച്ചു. അവിടെ തോട്ടിലും മഴവെള്ളം ഒഴുകിപ്പോകുന്ന ചെറിയ കൈവഴികളിലുമെല്ലാം ഞാനും ഏട്ടനും നിൽക്കുകയാണ്. കൈയ്യിലൊരു തോർത്തുമായി മുട്ടോളം വെള്ളത്തിൽ. കൈയ്യിലെ തോർത്ത് വെള്ളത്തിൽ മുക്കിവെച്ചു മീനുകൾ വരുമ്പോൾ പെട്ടെന്നൊരു പൊക്കൽ! അതാ, മൂന്നാലു മീനുകൾ പ്രാണനുവേണ്ടി പിടയുന്നു. ഞങ്ങൾ അത് കണ്ടു രസിക്കുകയാണ്. ജീവിതത്തിലേക്ക് കുതിക്കാനായി കുട്ടിക്കരണം മറിയുകയാണ് അവ. ഇളംവെയിലിൽ അവയുടെ ദേഹം വെള്ളി പോലെ തിളങ്ങുന്നു. പിടിക്കുമ്പോൾ വഴുതിപ്പോകുന്ന അവയെ ആയാസപ്പെട്ട് കൈയിലെടുത്ത് ആ പിടച്ചിൽ ഞങ്ങൾ ശരിക്കും ആസ്വദിക്കുകയാണ്. ചത്ത് മലച്ചുവീണപ്പോൾ ഒഴുകിപ്പോകുന്ന വെള്ളത്തിലേക്ക് അവയെ വലിച്ചെറിഞ്ഞു; ആ പോക്കും ഞങ്ങൾ ആസ്വദിച്ചു. തോർത്തു കൊണ്ടുള്ള അഭ്യാസം ഞങ്ങൾ പിന്നെയും തുടർന്നു കാണും, കുളത്തിലും പുഴയിലും ഒക്കെ. ഓർക്കുന്തോറും എന്റെ കണ്ണ് നനഞ്ഞു. അവയുടെ പിടച്ചിൽ എന്റെ നെഞ്ചിൽ തറച്ചു. ശ്വാസംമുട്ടിയുള്ള കരച്ചിൽ എന്റെ കർണ്ണപുടത്തിൽ ആഞ്ഞടിച്ചു. ഒരു കരച്ചിൽ എന്റെ തൊണ്ടയിൽ കുരുങ്ങി. മീനിന്റെ തൊണ്ടയിൽ കുടുങ്ങിയ ചൂണ്ട വലിച്ചെടുക്കാനാകാതെ ഞാൻ കുഴങ്ങി. ഞാൻ പതുക്കെ ശ്രദ്ധാപൂർവ്വം മീനിന് കേടുപറ്റാതെ ചൂണ്ട പുറത്തെടുത്തു. ജീവൻ തിരിച്ചുകിട്ടിയത് വിശ്വസിക്കാനാകാതെ എന്നാൽ രക്ഷപ്പെട്ടതിലുള്ള സന്തോഷത്തിൽ ആ മീനെന്നെ നന്ദിയോടെ നോക്കിയതായി എനിക്ക് തോന്നി. ഒറ്റ കുതിപ്പിന് അത് മാളത്തിലേക്ക് വലിഞ്ഞു. ചൂണ്ട താഴെയിട്ടു, ഞാൻ സോഫയിൽ ചാരിയിരുന്ന് കണ്ണുകളടച്ചു. ഒരു ജീവൻ തിരിച്ചുനല്കിയതിന്റെ ചാരിതാർഥ്യം ഞാൻ അനുഭവിക്കുകയായിരുന്നു. മോളാകട്ടെ ഇതൊന്നുമറിയാതെ മീനുകളെ പിടിച്ചുകൊണ്ടേയിരുന്നു. പെട്ടെന്ന് ഒരു തീക്ഷ്ണഗന്ധം മൂക്കുകളെ വലയം ചെയ്തു. നല്ല പരിചിതമായ സുഖകരമായ മണം. അതെന്റെ മൂക്കിലൂടെ ആമാശയത്തിലേക്കു കയറി അവിടെ ചില വിക്രിയകൾ ചെയ്തു. ആ ഗന്ധത്തിൽ അലിഞ്ഞിരിക്കെ ഭാര്യയുടെ വിളി വന്നു, "വന്നു ഭക്ഷണം കഴിച്ചോ..മോളെയും വിളിച്ചോ". കൈ കഴുകി ഞാൻ ഊൺമേശയിൽ ചെന്നിരുന്നു. അവിടെ ഒരു പാത്രത്തിൽ പൊരിച്ച മീൻ കഷണങ്ങൾ ചൂടാറാകാതെ കിടക്കുന്നു. ഒരു നിമിഷം ഞാൻ അതിനെ നോക്കിനിന്നു. വികാരത്തെ നിയന്ത്രിക്കാൻ കഴിയാതെ എന്റെ കൈകൾ തരിച്ചു. 

നിറഞ്ഞ വയറും തടവി ഒരു ഏമ്പക്കവും വിട്ടതിനുശേഷം ഞാൻ എഴുന്നേറ്റ്  കൈകഴുകി. ഞാനും മോളും ഇപ്പോഴും കളിക്കുകയാണ്. വാ പിളർന്നു വരുന്ന ഓരോ മീനിനെയും ഞാൻ ആവേശത്തോടെ ചൂണ്ടയിൽ കോർത്തെടുത്തു, യാതൊരു വൈമനസ്യവും കൂടാതെ.

പകയുടെ പഴയ കഥ

 



വടക്കൻ പാട്ട് ഞാൻ എന്റെ വാക്കുകളിൽ വളരെ ചരുക്കി എഴുതിയത്. 


വർഷം ചറ പറ പെയ്യും കാലം 

കണ്ടത്തിൽ ഞാറു നടുന്ന കാലം 

ചളിയിൽ ചവുട്ടി പണിയുന്നോർക്കായി 

ഒരു കഥ ചൊല്ലീടാം കൂട്ടരേ ഞാൻ 


ഒരു പെണ്ണിനോടുള്ള ആശ മൂത്ത്

മച്ചൂനനെ കൊന്ന പഴയ കഥ 

അമ്മാവനെ കൊന്ന ചേകവന്റെ 

തലയരിഞ്ഞടങ്ങിയ നാട്ടുകഥ 


അങ്ങോരു നാട് കടത്തനാട് 

അങ്കചേകോരേറെ വാഴും നാട് 

ആ നാട്ടിൽ തിലകമായി വാണിരുന്ന 

പുത്തൂരം വീടേറെ പെരുമയേറും 


ആ വീട്ടിൻ നാഥനായി വാണിരുന്ന  

കണ്ണപ്പൻ ചേകോരോ വീരനത്രെ 

പ്രായം നരകേറി വന്നെന്നാലും 

അങ്കത്തിൽ തോൽവിയറിഞ്ഞതില്ല 


കണ്ണപ്പൻ അങ്കം കുറിച്ചെന്നാലോ

വാളുമായി തട്ടിലൊന്നേറിയാലോ 

അങ്കക്കലിയിൽ അരിഞ്ഞിടുന്നു

എതിർചേകോന്മാരുടെ തലകളത്രെ 


വർഷം പലകുറി മാറിവന്നു

കുഞ്ഞിക്കാലോരോന്നായി പിച്ചവെച്ചു 

കണ്ണപ്പചേകോർക്കും പത്നിക്കുമായി 

ഇടവിട്ട് പിറന്നു മൂന്നുണ്ണികളും


ഒന്നാമൻ ആരോമൽ സൂര്യനെപ്പോൽ

തേജോമയനായി വളർന്നു വന്നു 

അടവുകൾ പതിനെട്ടും സ്വന്തമാക്കി 

വീരനാം ചേകോനായി പേരെടുത്തു 


കുന്നത്തെ കൊന്നപോൽ ഏഴഴകായി 

പെൺതരി ആർച്ച വിളങ്ങിനിന്നു 

പെണ്ണാണെന്നാകിലും വാളെടുത്തു 

പൂങ്കൈയ്യിൽ ചുരികതഴമ്പു വന്നു 


അവളെ വർണ്ണിപ്പതിനാവതില്ല 

അവളെ മോഹിക്കാത്ത ആണുമില്ല

പൂന്തിങ്കൾ മാനത്തുദിച്ചപോലെ

നീലാംബുജങ്ങൾ വിടർന്ന പോലെ 


ഇരുവർക്കും പ്രിയമേറും തമ്പിയായി 

ഉണ്ണിക്കണ്ണനെന്ന തൃപ്പുത്രനും 

സോദരി പുത്രനാം ചന്തുവാട്ടെ 

മൂവർക്കും മച്ചുനനായി വാണു


മലവേടനെയ്തൊരാ അമ്പുകൊണ്ട് 

സ്യാലൻ പരലോകം പൂകിയന്ന്

പെറ്റമ്മയും പോയനാഥനായ 

ഉണ്ണിയെ കണ്ണപ്പൻ ദത്തെടുത്തു 


അടവുകളൊക്കെ പഠിച്ചെടുത്തു 

എല്ലാം തികഞ്ഞൊരു ചേകോനായി 

പൊടിമീശ പ്രായത്തിലാശകേറി 

ആർച്ചയെ സ്വപ്നത്തിൽ കണ്ടുറങ്ങി 


താരുണ്യം വിഴിയുമാ ലാവണ്യത്തെ 

സ്വന്തമാക്കീടും കനവ് കണ്ടു   

ആങ്ങളയും പിന്നെ ആർച്ചപ്പെണ്ണും

ചീന്തിയെറിഞ്ഞെല്ലാ മോഹങ്ങളും 

 

മോഹിച്ച പെണ്ണിൻ തിരസ്കാരവും 

ആരോമൽ തോഴന്റെ വാക് ശരവും

ആലയിൽ കത്തുന്ന കനലുപോലെ 

കനവിനെ കൊടുംപകയാക്കി മാറ്റി 


അന്നൊരു നാളൊരു തർക്കം വന്നു 

അരചന്മാർക്കിടയിലെ മൂപ്പനാര്

തർക്കത്തിനന്ത്യം കുറിച്ചീടുവാൻ 

ചേകോന്മാരങ്കം കുറിക്കണോത്രെ 


ആരോമൽ ചേകോന്റെ കേമം കേട്ട് 

അരചരിലൊരുവൻ ഓടിയെത്തി 

പൊൻകിഴിയേറെ നിരത്തി വെച്ചു

ആരോമൽ അങ്കക്കുറിയെടുത്തു 


രണ്ടാമൻ അരചനോ തേടിച്ചെന്നു  

കോലത്തുനാട്ടിലെ അരിങ്ങോടരെ 

പതിനെട്ടു കളരിക്ക് ഗുരുക്കളല്ലോ 

മദഗജം തോറ്റിടും വീരനല്ലോ  


അങ്കക്കാരിരുവരും നോമ്പെടുത്തു 

കളരിദൈവങ്ങൾ തുണച്ചീടണേ  

ആർച്ചയ്ക്കുമച്ഛനും ആധിയായി 

നിദ്രാവിഹീനരായി തീർന്നുവല്ലോ 


അങ്കത്തിനായി തുണ പോയീടുവാൻ 

മച്ചുനന് തന്നെ വന്നു യോഗം 

ഉള്ളിലെ പകയങ്ങാളിക്കത്തി

മുളയാണിയോളം വളർന്നു വന്നു 


നാൽപത്തിയൊന്ന് ദിനങ്ങൾ പോയി 

അങ്കപ്പുറപ്പാടിൻ നേരമായി 

ചതിയുടെ കാര്യമറിഞ്ഞീടാതെ 

ചിരിയോടെ ആരോമൽ യാത്രയായി 


മദയാന തമ്മിലിടഞ്ഞപോലെ 

ശ്രീരാമ രാവണ പോര് പോലെ 

ഇരു ചേകോന്മാരുമന്നേറ്റുമുട്ടി  

കാഴ്ചക്കാർ ആർപ്പുവിളിമുഴക്കി  


മുളയാണി രണ്ടായി മുറിഞ്ഞുവീണു

മാറ്റച്ചുരികയോ നല്കാനില്ല 

കൊല്ലന്റെ ചതിയെന്നോതി ചന്തു 

തന്നുടെ ചതിയെ മൂടിവെച്ചു


കൊല്ലുവാനോങ്ങിയ വാളുമായി 

അരിങ്ങോടർ ചാടി മറിഞ്ഞനേരം 

ആരോമൽ തന്റെ മുറിവാളിനാൽ 

ആ വീരനെ പരലോകം പൂക്കി


മടിയിൽ വീണുറങ്ങുന്ന ചേകവനെ 

ചന്തു പകയോടെയൊന്നു നോക്കി 

കുത്തുവിളക്കെടുത്താഞ്ഞു കുത്തി 

ആരോമൽ മണ്ണിൽ മരിച്ചു വീണു 


വർഷം പതിനെട്ടു തോർന്നുവല്ലോ 

ആർചേടെ കണ്ണീർ തോർന്നതില്ല 

ആരോമലാങ്ങള കനവിൽ വന്ന്

ചതിയുടെ കഥകൾ പാടുമത്രേ 


പകയുടെ മറുപക തീർത്തിടാനായി 

മരുമകൻ ആരോമൽ പോകുന്നിതാ 

അച്ഛന്റെ പൊന്നുണ്ണി കണ്ണപ്പനും 

തുണയായി അങ്കം കുറിച്ചീടുവാൻ     


കോലത്തുനാട്ടിലെ കോട്ടവാതിൽ 

പുത്തൂരമിളംമുറ കീഴടക്കി 

ചതിയനാം ചന്തൂനെ പോരിൽ വെന്ന്

തലയരിഞ്ഞാർച്ചെടെ കാൽക്കൽ വെച്ചു 


പുത്തൂരം വീടിന്റെ മാനം കാത്തു

ഒരു പകയിവിടെ എരിഞ്ഞൊടുങ്ങി 

തുടി കൊട്ടി പാണനാർ പാടീടുന്നു 

ആരോമൽ ചേകോന്റെ വീരഗാഥ 


ഇക്കഥ കേട്ടില്ലേ പെണ്ണുങ്ങളേ

ചതിയിലാരെയും വീഴ്ത്തരുതേ 

ആരോമൽ ചേകോന്റെ കഥകൾ കേട്ട് 

കണ്ണുനീർ തൂവുന്നോ കൂട്ടുകാരേ


കരിമുകിൽ മാനത്ത് കൂടീടുന്നു 

പണിയേറെ ചെയ്തീടാൻ ബാക്കിയുണ്ടേ 

പെരുമഴ മണ്ണിലിറങ്ങും മുൻപേ 

ചളിയിലീ ഞാറെല്ലാം താണീടട്ടെ


പെരുമഴ മണ്ണിലിറങ്ങും മുൻപേ 

ചളിയിലീ ഞാറെല്ലാം താണീടട്ടെ

അദ്വൈതം


പകലോൻ ഭൂമിയെ പുൽകിടുമ്പോൾ

ഈശ്വരഗാഥകൾ ഉയർന്നുപൊങ്ങി 

ആ നാദധാരയിൽ മനം കുളിർക്കെ 

പടിപ്പുര കടന്നെത്തിയൊരു വൃദ്ധരൂപം 

ഞാനെന്ന ഭാവത്തിലമർന്നിരിക്കെ,    

അലോസരം തെല്ലൊരവജ്ഞയായി  

ഒരുചാൺ വയറു നിറച്ചിടാൻ പാവം, കണ്ണിൽ 

പ്രതീക്ഷതൻ കിരണം നിറച്ചുനിന്നു  

അടിമുടിയാരൂപമളന്നു നോക്കി,യെൻ

ചൊടിയുടെ കോണിൽ തെളിഞ്ഞു പുച്ഛം 

കരിപുരളാനിനി ബാക്കിയില്ലാ,ദ്ദേഹം  

പൊതിഞ്ഞൊരാ കാഷായത്തിൽ 

നെറ്റിയിൽ വ്രണംപോലെ ചാരക്കുറി 

കൈയ്യിൽ പിഞ്ഞാണവും കാട്ടുകമ്പും 

മൗലിയിലലങ്കാരമൊരു കീറത്തുണി 

വിളറിയ ദേഹത്തിൽ വടുക്കളേറെ  

കാറ്റുപോലും മടുക്കുന്നഗന്ധവും 

കാണുന്നവർക്കേറ്റം ഭയവുമുണ്ടാം

ഒരുപിടി നെല്ലോ, ഒരു നാണയമോ 

കൈനീട്ടിയെന്മുന്നിൽ നിന്നേറെനേരം 

ശ്രീമഹാദേവന്റെ മാഹാത്മ്യഗാഥകൾ  

അലയടിച്ചീടുന്നു വാനിൽ നിന്നും 

ഏറ്റം മുഷിച്ചിലോടെ നൽകീടിനാൻ 

കൈയ്യിൽ തടഞ്ഞൊരു ചെറുനാണയം.

അശ്രീകരമെന്നോർത്തു നടക്കുന്ന വേളയി-

ലൊരുമാത്രയെന്തിനോ തിരിഞ്ഞുനോക്കി 

കണ്മുന്നിൽ തെളിഞ്ഞൊരാക്കാഴ്ചയിൽ 

അദ്‌ഭുതസ്തബ്ധനായി മിഴിനിറഞ്ഞു.  

കീറിപ്പറിഞ്ഞത്തുണിയില്ല, ദണ്ഡില്ല 

തലയെപ്പൊതിഞ്ഞൊരു തോർത്തുമില്ല 

ദേഹം നിറയെ വടുക്കളുമായി മുന്നിൽ 

കണ്ടാലറക്കുന്ന വൃദ്ധഭിക്ഷുവില്ല 

ആനത്തൊലിയിൽ മറച്ചൊരാദേഹത്ത്

ഭസ്മത്തിൻ ധവളിമയൊന്നുമാത്രം 

കൈയ്യിൽ ത്രിശൂലവും മൗലിയിൽ തിങ്കളും 

നാഗം ശയിക്കുന്ന നീലകണ്ഠം 

ആകാശഗംഗയാലാഭിഷിക്തനായീടും 

നാരായണപ്രിയൻ ദേവദേവൻ 

കാരുണ്യം പൊഴിയുന്ന കൺകളാലവൻ 

പുഞ്ചിരിയോടെന്റെ മുന്നിൽ നിൽപ്പൂ 

പാദാരവിന്ദം തൊഴുതിടുന്നേര,മശ്രു

മറച്ചെൻക്കാഴ്ചയൊരുമാത്രനേരം 

കൺ തെളിഞ്ഞൊന്നു നോക്കീടവേ 

ഈശനില്ല മുന്നിൽ വൃദ്ധഭിക്ഷു മാത്രം 

സംഭ്രമചിത്തനായി നിന്നീടുമ്പോൾ 

ഒരു ചെറുചിരിയവിടെ മിന്നിയെന്നോ 

ഈശനും ഞാൻ തന്നെ യാചകനും 

നിന്നിലും അതുണ്ടെന്നറിഞ്ഞീടുക 

സ്നേഹിച്ചീടുക സർവ്വരെയെങ്കിലോ,

സ്നേഹിച്ചീടുന്നു നീയെന്നെയുമെന്നൊരാ-

പ്തവാക്യമെൻ ഹൃത്തിൽ നിറയവെ

അദ്വൈതഭാവമെന്തെന്നറിഞ്ഞിടുന്നേൻ  

ആനന്ദക്കണ്ണീരിലാക്കളങ്കം കഴുകി  

ആനന്ദദുന്ദുഭിയുള്ളിൽ മുഴങ്ങി

ശ്രീമഹാദേവന്റെ മാഹാത്മ്യഗാഥകൾ  

മുഴങ്ങുന്നുണ്ടിപ്പോഴും വാനിൽ നിന്നും