പേജുകള്‍‌

അദ്വൈതം


പകലോൻ ഭൂമിയെ പുൽകിടുമ്പോൾ

ഈശ്വരഗാഥകൾ ഉയർന്നുപൊങ്ങി 

ആ നാദധാരയിൽ മനം കുളിർക്കെ 

പടിപ്പുര കടന്നെത്തിയൊരു വൃദ്ധരൂപം 

ഞാനെന്ന ഭാവത്തിലമർന്നിരിക്കെ,    

അലോസരം തെല്ലൊരവജ്ഞയായി  

ഒരുചാൺ വയറു നിറച്ചിടാൻ പാവം, കണ്ണിൽ 

പ്രതീക്ഷതൻ കിരണം നിറച്ചുനിന്നു  

അടിമുടിയാരൂപമളന്നു നോക്കി,യെൻ

ചൊടിയുടെ കോണിൽ തെളിഞ്ഞു പുച്ഛം 

കരിപുരളാനിനി ബാക്കിയില്ലാ,ദ്ദേഹം  

പൊതിഞ്ഞൊരാ കാഷായത്തിൽ 

നെറ്റിയിൽ വ്രണംപോലെ ചാരക്കുറി 

കൈയ്യിൽ പിഞ്ഞാണവും കാട്ടുകമ്പും 

മൗലിയിലലങ്കാരമൊരു കീറത്തുണി 

വിളറിയ ദേഹത്തിൽ വടുക്കളേറെ  

കാറ്റുപോലും മടുക്കുന്നഗന്ധവും 

കാണുന്നവർക്കേറ്റം ഭയവുമുണ്ടാം

ഒരുപിടി നെല്ലോ, ഒരു നാണയമോ 

കൈനീട്ടിയെന്മുന്നിൽ നിന്നേറെനേരം 

ശ്രീമഹാദേവന്റെ മാഹാത്മ്യഗാഥകൾ  

അലയടിച്ചീടുന്നു വാനിൽ നിന്നും 

ഏറ്റം മുഷിച്ചിലോടെ നൽകീടിനാൻ 

കൈയ്യിൽ തടഞ്ഞൊരു ചെറുനാണയം.

അശ്രീകരമെന്നോർത്തു നടക്കുന്ന വേളയി-

ലൊരുമാത്രയെന്തിനോ തിരിഞ്ഞുനോക്കി 

കണ്മുന്നിൽ തെളിഞ്ഞൊരാക്കാഴ്ചയിൽ 

അദ്‌ഭുതസ്തബ്ധനായി മിഴിനിറഞ്ഞു.  

കീറിപ്പറിഞ്ഞത്തുണിയില്ല, ദണ്ഡില്ല 

തലയെപ്പൊതിഞ്ഞൊരു തോർത്തുമില്ല 

ദേഹം നിറയെ വടുക്കളുമായി മുന്നിൽ 

കണ്ടാലറക്കുന്ന വൃദ്ധഭിക്ഷുവില്ല 

ആനത്തൊലിയിൽ മറച്ചൊരാദേഹത്ത്

ഭസ്മത്തിൻ ധവളിമയൊന്നുമാത്രം 

കൈയ്യിൽ ത്രിശൂലവും മൗലിയിൽ തിങ്കളും 

നാഗം ശയിക്കുന്ന നീലകണ്ഠം 

ആകാശഗംഗയാലാഭിഷിക്തനായീടും 

നാരായണപ്രിയൻ ദേവദേവൻ 

കാരുണ്യം പൊഴിയുന്ന കൺകളാലവൻ 

പുഞ്ചിരിയോടെന്റെ മുന്നിൽ നിൽപ്പൂ 

പാദാരവിന്ദം തൊഴുതിടുന്നേര,മശ്രു

മറച്ചെൻക്കാഴ്ചയൊരുമാത്രനേരം 

കൺ തെളിഞ്ഞൊന്നു നോക്കീടവേ 

ഈശനില്ല മുന്നിൽ വൃദ്ധഭിക്ഷു മാത്രം 

സംഭ്രമചിത്തനായി നിന്നീടുമ്പോൾ 

ഒരു ചെറുചിരിയവിടെ മിന്നിയെന്നോ 

ഈശനും ഞാൻ തന്നെ യാചകനും 

നിന്നിലും അതുണ്ടെന്നറിഞ്ഞീടുക 

സ്നേഹിച്ചീടുക സർവ്വരെയെങ്കിലോ,

സ്നേഹിച്ചീടുന്നു നീയെന്നെയുമെന്നൊരാ-

പ്തവാക്യമെൻ ഹൃത്തിൽ നിറയവെ

അദ്വൈതഭാവമെന്തെന്നറിഞ്ഞിടുന്നേൻ  

ആനന്ദക്കണ്ണീരിലാക്കളങ്കം കഴുകി  

ആനന്ദദുന്ദുഭിയുള്ളിൽ മുഴങ്ങി

ശ്രീമഹാദേവന്റെ മാഹാത്മ്യഗാഥകൾ  

മുഴങ്ങുന്നുണ്ടിപ്പോഴും വാനിൽ നിന്നും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ