പേജുകള്‍‌

പുതുവര്‍ഷാശംസകള്‍

അങ്ങനെ ഒരു വര്‍ഷം കൂടി നമ്മെ വിട്ടു പോവുകയാണ്.കഴിഞ്ഞ ഒരു വര്‍ഷം എങ്ങിനെ ജീവിച്ചു എന്ന് ആത്മപരിശോധന നടത്താനുള്ള ഒരവസരമായി ഈ ദിവസത്തെ നമുക്ക് ഉപയോഗിക്കാം.അടുത്ത വര്‍ഷം എങ്ങിനെ ജീവിക്കണം എന്ന് തയ്യാറെടുപ്പ് നടത്താനും ഇതിനെ ഉപയോഗിക്കാം.ഇന്നലെ ചെയ്ത തെറ്റുകളെ തിരിച്ചറിയാനും നാളെ അത് ആവര്‍ത്തിക്കാതിരിക്കാനും എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് കണ്ടുപിടിക്കേണ്ട സമയമാണിത്. എവിടെയൊക്കെ വീഴ്ച പറ്റി എന്നന്വേഷിക്കാം, എന്തൊക്കെ ചെയ്യാമായിരുന്നു എന്നും വിശകലനം ചെയ്യാം.മനസാക്ഷിയും മനുഷ്യത്വവും മരവിച്ചു പോയോ എന്നന്വേഷിക്കുന്നത് ഒരു പക്ഷെ നല്ലതായിരിക്കും.സ്നേഹിക്കപെടാതിരുന്നിട്ടുണ്ട് എന്ന് തോന്നുന്നു എങ്കില്‍ സ്നേഹിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാം. കിട്ടാത്തതിനെ പറ്റി വിഷമിക്കുബോള്‍ ഓര്‍ക്കുക കൊടുക്കാനുള്ള അവസരം നേരാം വണ്ണം വിനിയോഗിച്ചിട്ടുണ്ടോ എന്ന്. ചെയ്ത തെറ്റുകള്‍ക്ക് മനസ്സറിഞ്ഞു പശ്ചാതപിക്കാം. എന്നിട്ട് ഒരു നല്ല നാളെക്കായ്‌ കാത്തിരിക്കാം .സ്നേഹിക്കാനും സ്നേഹിക്കപെടാനും അവ്സരമുണ്ടാകണമേ എന്ന് പ്രാര്‍ത്ഥിക്കാം. നേര്‍ വഴിയിലേക്ക് നടത്താനും നല്ലത് മാത്രം ചിന്തിക്കാനും വേണ്ടി ഈശ്വര കടാക്ഷത്തിനായ് യാചിക്കാം. 

പുതുവര്‍ഷ പിറവിക്കായി കാത്തിരിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍....

ഡിസംബര്‍ 25

ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായ ഉണ്ണി യേശു ഈ ഭൂമിയില്‍ പിറന്ന ദിവസം. തന്റെ ശത്രുക്കളോടു പോലും ക്ഷമിച്ച മഹാന്‍....... ...ദ്രോഹിക്കുന്നവരെയും സ്നേഹിക്കാന്‍ പഠിപ്പിച്ച ദൈവ പുത്രന്‍....
അധികാരത്തിനും പണത്തിനും വേണ്ടി മനുഷ്യന്‍ ഏതു കടുംകൈയും ചെയ്യുന്ന, ധര്മ്മച്യുതി നേരിട്ട് കൊണ്ടിരിക്കുന്ന ഈ കലി കാലത്തിലും
ത്യാഗ നിര്‍ഭരമായ ഒരു ജീവിതം എങ്ങിനെ കെട്ടിപ്പടുക്കാം എന്ന് ലോകത്തിനു കാണിച്ചു കൊടുത്ത ഈ മനുഷ്യസ്നേഹിയുടെ ജീവിതത്തിന് ഏറെ പ്രസക്തിയുണ്ട്.
കുരിശില്‍ കിടന്നു മരണത്തെ നേരിടുമ്പോഴും തന്നെ ദ്രോഹിച്ചവരോട് പൊറുക്കണമേ എന്ന് പ്രാര്‍ത്ഥിച്ച, ആയുധങ്ങളെ ആശയങ്ങളിലൂടെ നേരിട്ട യേശു നാഥന്റെ ജീവിതം ആയുധരാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഒരു പക്ഷെ അവിശ്വസനീയമായി തോന്നാം.
എങ്കിലും സഹിഷ്ണുതയാര്‍ന്ന, മനുഷ്യത്വമുള്ള ഒരു പുതു തലമുറ ഉയര്‍ന്നു വരാന്‍ ഈ ക്രിസ്തുമസ് ദിനത്തിലും നമുക്ക് അദ്ദേഹത്തോട് പ്രാര്‍ത്ഥിക്കാം.

നിന്നെ സ്നേഹിക്കുന്ന പോലെ നീ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക.
സ്നേഹമാണ് സത്യം 
സ്നേഹത്തില്‍ നിന്നുദിക്കുന്നു ലോകം സ്നേഹത്തില്‍ വൃദ്ധി തേടുന്നു.

എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍..

ശബരീശ്വര സന്നിധിയില്‍ നിന്നും ശബരിഗിരിനാഥ സന്നിധിയിലേക്ക്


            കഴിഞ്ഞ 2-3 ആഴ്ചയായുള്ള  തുടര്ച്ചയായ നാട്ടില് പോക്ക് കാരണം അലക്കാനുള്ള കുപ്പായത്തിന്റെ എണ്ണം കൂടി കൂടി വന്നു. അങ്ങനെയാണ് എല്ലാം വാരി കെട്ടി ശാന്തിയുടെ വീട്ടിലേക്ക് ചെന്നത്. പോകുന്ന വഴിക്കു എച്ച്എഎല് അമ്പലത്തില് കയറി. വിവേകാനന്ദ ബസ്സിന്റെ ശബരിമല യാത്രയെ കുറിച്ചുള്ള വിവരങ്ങള് അറിയുക എന്നതായിരുന്നു ഉദ്ദേശം. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായുള്ള ശീലം കാരണം ഇത്തവണയും വൃശ്ചിക മാസത്തില് വ്രതം ആരംഭിച്ചിരുന്നു. എന്നാല് പതിവിന് വിപരീതമായി ഇപ്രാവശ്യം ആരെയും കൂട്ടിന് കിട്ടിയില്ല മലക്ക് പോകാന്. അങ്ങനെയിരിക്കുംബോഴാണ് ബസ്സിന്റെ കാര്യം ഓര്മ്മയില് വന്നത്. കാര്യങ്ങളൊക്കെ വിശദമായി അന്വേഷിച്ചു, നാളെ അറിയിക്കാം എന്നു എജെന്റിനോട് പറഞ്ഞു നേരെ ശാന്തി/ജയ്-യുടെ വീട്ടിലേക്ക് വച്ച് പിടിച്ചു. അവിടെ എത്തുംബോഴേക്കും രാത്രിയായിരുന്നു. അവിടെയിരുന്ന് കുശലം പറയുന്നതിന്റെ ഇടയിലാണ് ജയ് മലക്ക് പോകുന്ന കാര്യം പറഞ്ഞത്. അവന്റെ കൂടെ വേറെ ഒരാള് മാത്രമേ ഉള്ളൂ. ഏതായാലും തേടിയ വള്ളി കാലില് ചുറ്റി എന്നു ഞാന് ഊഹിച്ചു.അപ്പോള് തന്നെ അവന് പോകുന്ന ട്രയിന്-ല് എനിക്കും ടിക്കെറ്റ് എടുത്തു, അവന്റെ നാടായ തൃപ്രയാറിലേക്ക്.സാധാരണ എന്റെ നാട്ടിലെ അമ്പലത്തില് നിന്നാണ് ഇരുമുടി നിറച്ചു യാത്ര തിരിക്കുന്നത്. ഇത്തവണയും അങ്ങനെ ആയിരിക്കുമെന്ന് കരുതിയതാണ്. പക്ഷേ എത്ര പെട്ടെന്നാണ് കാര്യങ്ങള് കീഴ്മേല് മറിഞ്ഞത്! എന്റെ വിദൂര സ്വപ്നങ്ങളില് പോലും ഇല്ലായിരുന്ന കാര്യമാണ് സംഭവിക്കാന് പോകുന്നത്. നാലംബലങ്ങളില് ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം. മുന്‍പൊരു തവണ ശബരിമല യാത്രക്കിടയില് അവിടൊന്നു കേറിയതൊഴിച്ചാല് എനിക്കു തീര്‍ത്തും അപരിചിതമായ ഒരു സ്ഥലം.വിധാതാവിന്റെ ഓരോ തീരുമാനങ്ങള്. അല്ലാതെന്തു പറയാന്.. ...!!ഞാന് അത്ഭുതപ്പെട്ടുപോയി. ഒരിക്കലും നിനച്ചിരിക്കാത്ത ഒരു യാത്ര.ഇത് തന്നെയായിരുന്നു ഇത്തവണത്തെ എന്റെ ശബരിമല യാത്രയിലെ പ്രത്യേകതയും..

           നാട്ടിലേക്ക് വിളിച്ചു കാര്യങ്ങള് പറഞ്ഞു. ഡിസംബര് 13-നു പോകാനാണ് തീരുമാനിച്ചിട്ടുള്ളത്.ഏതായാലും അന്ന് റയില്‍വേ സ്റ്റേഷനില് വച്ച് കാണാമെന്നു  പറഞ്ഞു പിറ്റേ ദിവസം ഞാന് എന്റെ വീട്ടിലേക്ക് മടങ്ങി. ദിവസങ്ങള് പെട്ടെന്ന് കടന്നു പോയി.അതിനിടയില് ഒരു തവണ കൂടി നാട്ടില് പോയി വന്നു. വരുമ്പോള് ഇരുമുടിയും കറുത്ത മുണ്ടും കൊണ്ട് വന്നിരുന്നു. മാല വേറെ സംഘടിപ്പിച്ചു. 13 -നു രാവിലെ തന്നെ കൊണ്ടുപോകാനുള്ള സാധനങ്ങള് എടുത്തു വച്ചു. എന്റെ കൈയിലുള്ള ബാഗ് ചെറുതായതിനാല് ഒരു സുഹൃത്തിന്റെ  കൈയില് നിന്ന് വേറെ ഒപ്പിച്ചു. വൈകുന്നേരം ഓഫീസ്സില് നിന്ന് നേരത്തെ ഇറങ്ങി.ബാഗുമെടുത്ത് ഏതാണ്ട് 7 : 30 നു വീട്ടില് നിന്നിറങ്ങി. സ്റ്റേഷനില് കൊണ്ട് വിടാന് സുഹൃത്ത് ബൈക്കുമായി വന്നിരുന്നു. സാധാരണ പോകാറുള്ള സ്ഥലമല്ലാത്തതിനാല്  കൃത്യമായി വഴി അറിയില്ലായിരുന്നു.വഴി പറഞ്ഞു തന്ന ആള് ഒരിത്തിരി ചുറ്റിയുള്ള വഴിയാണ് പറഞ്ഞു തന്നത്. നല്ല തണുപ്പുണ്ടായിരുന്നു.ബൈക്കിലായതിനാല് അതിന്റെ കാഠിന്യം ശരിക്കും അനുഭവിച്ചു.തണുത്തു വിറച്ചാണ് സ്റ്റേഷനില് ചെന്ന് കയറിയത്.അളിയനും പെങ്ങളും നേരത്തെ എത്തിയിരുന്നു. കുറച്ചു സമയം കൂടി ഉണ്ട് വണ്ടി വരാന്.. . കുങ്കന്റെ കളി കണ്ടിരുന്നു, അതിനിടയില് സുഹൃത്ത് തിരിച്ചു പോയി.കുങ്കനെ കെട്ടിപിടിച്ചിരുന്നു തണുപ്പിന്റെ ശല്യം ഇത്തിരി കുറക്കാന് നോക്കി.കൃത്യസമയത്ത് തന്നെ വണ്ടി വന്നു.എല്ലാവരും ഒരേ ബോഗിയില് കയറി.എല്ലാം അടുക്കി വച്ചതിനു ശേഷം ഭക്ഷണം കഴിച്ചു. പുലാവ് ഉണ്ടാക്കി കൊണ്ട് വന്നിരുന്നു ശാന്തി.കുറച്ചു നേരം സംസാരിച്ചിരുന്നു. ഒടുവില് എല്ലാവരും കിടക്കാന് തയ്യാറെടുക്കുന്നത് കണ്ടപ്പോള് ശുഭരാത്രി നേര്ന്നു ഞാന് എന്റെ ബെര്ത്തിലേക്ക് പോയി.സ്വട്ടെര് ഇട്ടു പുതപ്പു കൊണ്ട് ശരീരമാസകലം മൂടി തണുപ്പിനെ പ്രതിരോധിക്കാന് ശ്രമിച്ചു. ആ ശ്രമത്തിനിടയില് എപ്പോഴോ ഉറങ്ങുകയും ചെയ്തു.

        ഒന്നു രണ്ടു തവണ ഉണര്ന്നു സമയം നോക്കി വീണ്ടും കിടന്നു. ഇറങ്ങാരാകുമ്പോള് വിളിക്കാം എന്ന് ജയ് പറഞ്ഞതിനാല് ആകുലത ഉണ്ടായിരുന്നില്ല. 6 മണിക്ക് അവന് വന്നു വിളിക്കുമ്പോള് ഉണര്ന്നു കിടക്കുകയായിരുന്നു. 6 : 30 ക്ക് മുന്പായി ത്രിശ്ശിവപേരൂരില് വണ്ടിയിറങ്ങി. ശാന്തിയുടെ അച്ഛന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഉണ്ണിയേട്ടന്റെ കാറില് തൃപ്രയാരിലേക്ക് വച്ചുപിടിച്ചു. ഉണ്ണിയേട്ടന് ആര് എന്ന സംശയം സ്വാഭാവികമായും ഇപ്പോള് നിങ്ങള്ക്ക് ഉണ്ടാകും അത് പിന്നീട് മാറും.അര മണിക്കൂറിന്റെ യാത്ര കൊണ്ട് തൃപ്രയാറില് ജയുടെ അമ്മാവന്റെ വീട്ടില് എത്തി.റോഡിനു അരികത്തായി ഒരു ചെറിയ വീട്. അവരുടെ തറവാട് വീടാണ്.ആ വീട്ടിനൊരു കുഴപ്പം മാത്രമേ ഞാന് കണ്ടുള്ളൂ.എനിക്ക് തലമുട്ടാതെ നടക്കണമെങ്കില് ഇറങ്ങി മുറ്റത്ത്‌ നില്‍ക്കണം എന്നുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം ഇതത്ര നിസ്സാരമല്ല. എങ്കിലും പരമാവധി ശ്രദ്ധിച്ച് കൊണ്ട് അവിടെ കഴിഞ്ഞു കൂടി.

        പ്രാഥമിക പരിപാടികളൊക്കെ കഴിച്ച്, കുളിച്ച് ഓരോ കാലി ചായ കുടിച്ചു.ജലജമ്മായിയുടെ നിര്ദ്ദേശപ്രകാരം ഞങ്ങള് അളിയന്മാര് അമ്പലത്തിലേക്ക് നടന്നു. ഇനി വല്ലതും അകത്തു കയറുന്നത് മാല ഇട്ടതിനു ശേഷം. നടന്നു പോകാനുള്ള ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കറുപ്പുടുത്തു, മാല ധരിക്കാതെ കൈയില് പിടിച്ചാണ് പോയത്.പുഴയുടെ അക്കരെയാണ് ക്ഷേത്രം. പണ്ട് കാലത്ത് വഞ്ചിയില് മാത്രമേ പോകാന് പറ്റുമായിരുന്നുള്ളൂ, ഇപ്പോള് പാലം നിര്മ്മിച്ചിട്ടുണ്ട്.പെരിയാറില് ചെന്ന് ചേരുന്ന നദിയായിരിക്കും എന്ന് തോന്നി. നിറയെ വെള്ളമുള്ള വലിയ നദി, പക്ഷെ ആഫ്രിക്കന് പായലിനാല് സമൃദ്ധം.നദിക്കരയിലാണ് തൃപ്രയാരപ്പന് വാണരുളുന്നത്.വലതു കാല് വച്ചു ഈശ്വരനെ മനസ്സില് ധ്യാനിച്ച് മതില്ക്കെട്ടിനകത്തെക്ക് പ്രവേശിച്ചു. 
വടക്കന് കേരളത്തിലുള്ളവര്ക്ക് വലിപ്പം കൊണ്ടും പ്രൌഡി കൊണ്ടും ഒരു വിസ്മയമാണ്  മധ്യ കേരളത്തിലെയും തെക്കന് കേരളത്തിലെയും ക്ഷേത്രങ്ങള്.. അക്കൂട്ടത്തില് പെടുത്താവുന്ന പ്രൌഡ ഗംഭീരമാര്ന്ന ക്ഷേത്രം തന്നെയാണ് തൃപ്രയാറും.മതില്ക്കെട്ടിനകത്തു വിശാലമായ സ്ഥലം.ഉപദേവതകള് ഒരുപാടൊന്നുമില്ല.അയ്യപ്പനും കൃഷ്ണനും മാത്രം.ഒരു ഭാഗത്ത്‌ വെടി വഴിപാടിന്റെ ഏര്പ്പാട്.ഇവിടുത്തെ പ്രധാന വഴിപാടുകള് വെടി വഴിപാടും മീനൂട്ടും ആണ്. പുഴയിലെ മീനുകളെയാണ് ഊട്ടെണ്ടത്. 
ഹനുമാന് സ്വാമിയേ വണങ്ങി, ഷര്ട്ട് ഊരി അകത്തു കയറി. നല്ല ഉയരത്തിലാണ് ശ്രീകോവില്. അതിനകത്താണ് ഭഗവാന് കുടി കൊള്ളുന്നത്... മനുഷ്യരെക്കാള് ഉന്നതിയിലാണ് ഈശ്വരന്റെ സ്ഥാനം എന്നോര്മ്മിപ്പിക്കാന് വേണ്ടിയാണോ ഇതെന്ന് തോന്നിപോകും.ശ്രീരാമ സ്വാമിയേ വണങ്ങി പ്രദക്ഷിണം വച്ചു.വിഘ്നെശ്വരനെയും തൊഴുതു. പുറത്തുള്ള ആകാരം അകത്തില്ല.പ്രദക്ഷിണം വയ്ക്കുമ്പോള് ഈശ്വരനെ ധ്യാനിക്കുന്നതിനു പകരം എന്റെ ശ്രദ്ധ മുഴുവന് തല എവിടെയെങ്കിലും ഇടിക്കുമോ എന്നതായിരുന്നു. എത്ര വലിയവനായാലും തല കുനിച്ചു നടക്കണം എന്നതായിരിക്കുമോ ഈ ഉയരക്കുരവിനാധാരം? ആരോട് ചോദിയ്ക്കാന്... ഏതായാലും തല തട്ടാതെ പ്രദക്ഷിണം പൂര്ത്തിയാക്കി പുറത്തിറങ്ങി,നേരെ അയ്യപ്പ സ്വാമിയുടെ മുന്നിലേക്ക്.. പൂജാരിയുടെ കയ്യില് മാല പൂജിക്കാന്‍ ഏല്‍പ്പിച്ചു.ദക്ഷിണ കൊടുത്തു വാങ്ങി, പിന്നെ ശരണം വിളിയോടെ ഭവ്യതയോടെ ആ മുദ്ര ശിരസ്സിലണിഞ്ഞു. അങ്ങനെ ഞങ്ങള് സ്വമിമാരായി.ഒരിക്കല് കൂടി കലിയുഗ വരദനെ തൊഴുതു ചുറ്റമ്പലത്തില് പ്രദക്ഷിണം ചെയ്തു. ഗോപാലകൃഷ്ണനെയും വന്ദിച്ചു പ്രദക്ഷിണം പൂര്ത്തിയാക്കി പുറത്തിറങ്ങി.നേരെ വീട്ടിലേക്ക്. ആറാട്ട് പുഴ പൂരവും പണ്ട് അതില് പങ്കെടുത്ത കഥയുമൊക്കെ ജയ് ആവേശത്തോടെ വിവരിച്ചത് കൌതുകത്തോടെ ഞാന് കേട്ടു.

         വൈകുന്നേരമാണ് കെട്ടു നിറ, അതുവരെ വേറെ പണിയൊന്നുമില്ല.അങ്ങനെ വെറുതെ ഇരിക്കുമ്പോഴാണ് ജയ് അടുത്തൊരു മന ഉള്ള കാര്യം പറയുന്നത് - ചേലൂര് മന. 'വല്യേട്ടന്' സിനിമ ഷൂട്ട് ചെയ്തത് ഈ മനയില് നിന്നാണ് പോലും.ഏതായാലും അങ്ങോട്ട് പോയി.കുറച്ചു നടക്കേണ്ട ദൂരമേയുള്ളൂ.പേര് കേട്ട മനയാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല ഇവിടെ താമസിക്കാന് ആളില്ല എന്നതാണ് അവസ്ഥ.അവിടുത്തെ ഓരോ കെട്ടിടവും കണ്ടപ്പോള് നല്ല പരിചയം തോന്നി. സിനിമ കണ്ടതിന്റെ  ഗുണം.പക്ഷെ അതില് കണ്ട ചന്തമൊന്നുമില്ല ഇപ്പോള് കാണുമ്പോള്.. ആകെ കാടു പിടിച്ചു കിടക്കുകയാണ്.പല ഭാഗങ്ങളും ചിതല് പിടിച്ചു നശിക്കാന് തുടങ്ങിയിരിക്കുന്നു. ഒരു കാലഘട്ടത്തിന്റെ പ്രതീകമായി അതിങ്ങനെ നിലകൊള്ളുന്നു.ഒരു കാലത്ത് ഒരു പാട് ആളുകള്ക്ക് താങ്ങും തണലുമായി നിന്ന വീട് ഇപ്പൊ ആര്ക്കും വേണ്ടാതായിരിക്കുന്നു. കൂട്ടുകുടുംബം നശിച്ചതിന്റെ വേദന പേറുന്നത് ഇതുപോലുള്ള മനകളായിരിക്കും.ഒരു ഗജവീരന്റെ തലയെടുപ്പുണ്ടായിരുന്നു അതിന്. പ്രതാപം നശിച്ചെങ്കിലും ഗാംഭീര്യം ഒട്ടും ചോര്ന്നിട്ടില്ല എന്ന് കാണുമ്പോള് തന്നെ അറിയാം.മനയോടു ചേര്ന്ന് ഒരു ഗോപാലകൃഷ്ണ ക്ഷേത്രവും കുളപ്പുരയോടു കൂടിയ ഒരു കുളവും ഉണ്ട്. ഒക്കെ നാശത്തിന്റെ വക്കിലാണ് എന്ന് കാണുമ്പോള് തന്നെ അറിയാം. ക്ഷേത്രം, പൂജ കഴിഞ്ഞ് അടച്ചിരിക്കുകയായിരുന്നു.ആരുടെയോ വീടായിരുന്നു എങ്കിലും അതനുഭവിക്കുന്ന ഒറ്റപ്പെടുത്തലിന്റെ വേദനെ എന്നെ നൊമ്പരപ്പെടുത്തി. കുറച്ചുനേരം അവിടെ ചിലവഴിച്ചു.അതിന്റെ തൊട്ടടുത്തുള്ള പാടം നോക്കി കുറച്ചു നേരം നിന്നു. ഇതും സിനിമയില് ഉള്ളതാണ്. കൃഷിയൊന്നും കാര്യമായി കണ്ടില്ല.ചെയ്യാത്തതാണോ അതോ കൃഷി എടുത്തു കഴിഞ്ഞതാണോ എന്നറിയില്ല.പച്ച പാടം കാണാന് നല്ല ഭംഗിയുണ്ട്. തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോള് ഒറ്റപ്പെടുത്തലിന്റെ വേദന അനുഭവിക്കുന്ന മനയുടെ ചിത്രമായിരുന്നു മനസ്സ് മുഴുവന്.. ആ ചിന്ത എന്നിലൊരു ദീര്ഘനിശ്വാസം ഉളവാക്കി.
      ഉച്ചഭക്ഷണം കഴിച്ചു വൈകുന്നേരം വരെ നന്നായി ഉറങ്ങി. 5 മണിയോട് കൂടി കുളിച്ചു വേണ്ടതൊക്കെ എടുത്തു അമ്പലത്തിലേക്ക് പുറപ്പെട്ടു. എല്ലാവരും ഉണ്ടായിരുന്നു. കെട്ടു നിറക്കു വേണ്ടതൊക്കെ ജലജമ്മായി ഏര്പ്പാട് ചെയ്തിരുന്നു, ഗുരുസ്വാമി അടക്കം.ശീവേലിക്കായി നട അടച്ചതിനാല് പുറത്തു നിന്ന് തൊഴേണ്ടി വന്നു. ഇവിടുത്തെ ശീവേലിക്ക് ആന നിര്ബന്ധമാണ്..  ശാന്തമായ ആ അന്തരീക്ഷത്തിലും വെടി വഴിപാടിന്റെ ശബ്ദം ഇടയ്ക്കിടക്ക് മുഴങ്ങുന്നുണ്ടായിരുന്നു.ഓര്ക്കാപ്പുറത്തുള്ള ആ ശബ്ദം കേട്ട് പലതവണ ഞെട്ടിപ്പോയി. സ്വാമിമാരുടെ നല്ല തിരക്കുണ്ടായിരുന്നു.തൊഴുതു വന്നതിനു ശേഷം കെട്ടുനിറ ആരംഭിച്ചു. ചടങ്ങുകള്ക്ക് ചില വ്യത്യാസങ്ങള് ഉണ്ടായിരുന്നു. വാട്ടിയ ഇലയിലാണ് നെയ്ത്തേങ്ങ പൊതിയുന്നത്.പട്ടിലാണ് കാണിപണം പൊതിയുന്നത്.കൂടാതെ കാണി പൊന്നും കൊണ്ടുപോകണം. ഇരുമുടിയിലാണ് വഴിപാടിന്റെ അരി ഇടുന്നത്, അല്ലാതെ കുട്ടിസഞ്ചിയില് അല്ല. ദക്ഷിണ കൊടുത്തു ഇരുമുടി ഭക്ത്യാദരപൂര്വ്വം ഏറ്റുവാങ്ങി. അപ്പോഴേക്കും നട തുറന്നിരുന്നതിനാല് അകത്തു കയറി തൊഴുതു.മഹാദേവനെ സ്മരിച്ചു കൊണ്ടു ശ്രീരാമ സ്വാമിയെ വണങ്ങി. അമ്പലത്തിനു തൊട്ടടുത്തുള്ള ഒരു ഹോട്ടലില് നിന്ന് മസാല ദോശ കഴിച്ചു. അയ്യപ്പ സേവ സമാജത്തില് ചെന്നിരുന്നു. പോകാനുള്ള കാര്‍ എത്തിയിട്ടില്ല. നമ്മുടെ ഉണ്ണിയേട്ടന് തന്നെയാണ് വരേണ്ടത്. അപ്പം, അരവണ , അഭിഷേകം എന്നിവയുടെ ടിക്കറ്റ് അവിടുന്ന് കിട്ടിയത് വലിയ അനുഗ്രഹമായി തോന്നി. അല്പസമയത്തിനകം ഉണ്ണിയേട്ടന് എത്തി.ബാഗ്, ഇരുമുടി ഒക്കെ ഡിക്കിയില് വച്ചു. ജയും ഉണ്ണിയേട്ടനും മുന്പില്, ഞാനും പ്രമോദേട്ടനും പുറകില്. അങ്ങനെ ശബരീശ്വര സന്നിധിയില് നിന്ന് ശബരി ഗിരിനാഥനെ ദര്ശിക്കാന് എല്ലാവരുടെയും ആശീര്വാദത്തോടെ ഞങ്ങള് പുറപ്പെട്ടു.

       ഇനി ഉണ്ണിയേട്ടനെ പറ്റി പറയാം. RSS എന്ന് പറഞ്ഞാല് മൂപ്പര് ചാവും.അതിനെ പറ്റി പറഞ്ഞാല് മൂപ്പര്ക്ക് നൂറു നാവാണ്. പിന്നെ ഒന്ന് നിര്ത്തി കിട്ടാനാണ് ബുദ്ധിമുട്ട്. എങ്കിലും ആളൊരു രസികനാണ്.തുടര്ന്നുള്ള യാത്ര മുഷിയാതെ രസാവഹമായി നിര്ത്തിയത് ഉണ്ണിയേട്ടന്റെ വീരസാഹസികത നിറഞ്ഞ കഥകളാണ്. 

      അങ്ങനെ ഞങ്ങള് യാത്ര തുടങ്ങി.തുടക്കത്തിലുണ്ടായിരുന്ന മൂകത മാറി ഞങ്ങള് സംസാരം തുടങ്ങി. പ്രമോദേട്ടനെ കൂടുതല് പരിചയപ്പെട്ടു. ജയുടെ വല്ല്യമ്മയുടെ മകനാണ്.ഉണ്ണിയേട്ടന് കഥകള് തുടങ്ങിയിരുന്നു.പുറകിലിരുന്നു ഞങ്ങളും ഓരോന്ന് സംസാരിക്കാന് തുടങ്ങി.കൊടുങ്ങല്ലൂര്‍ അമ്പലത്തില്‍ കയറി, ഇവിടെയും തല മുട്ടാതിരിക്കാന്‍ ഞാന്‍ കുറച്ചു ബുദ്ധിമുട്ടി.
ഇടപ്പള്ളി - വൈറ്റില - പിറവം - പറവൂര് - പാല - പൊന്കുന്നം വഴിയാണ് ഞങ്ങള് പോയത്. സമയം പതുക്കെ കടന്നു പോവുകയാണ്. പ്രമോദേട്ടന് ഉറക്കം തുടങ്ങി. ആദ്യത്തെ ആവേശം പോയ ജയും ഉറക്കത്തിലേക്കു വഴുതി വീണു. ഞാന് ഓരോന്ന് ആലോചിച്ചും പുറത്തേക്കു നോക്കിയിരുന്നും ഇടയ്ക്ക് ഉണ്ണിയെട്ടനോട് സംസാരിച്ചും സമയം നീക്കി. ഇടയ്ക്ക് വച്ചു വണ്ടിക്കു ഡീസല് അടിച്ചു. അവിടെ വച്ചു ജയിനെ പിന്നിലേക്ക് മാറ്റി ഞാന് മുന്നില് കയറി ഇരുന്നു. ഞങ്ങള് ലാത്തിയടി തുടങ്ങി. ഉറക്കം കുറേശ്ശെ ആക്രമിക്കുന്നു എന്ന് തോന്നിയപ്പോള് ഒരു ചായക്കടയുടെ മുന്നില് നിര്ത്തി. അതുവരെ ഉറങ്ങിക്കൊണ്ടിരുന്നവരും ചാടി ഇറങ്ങി.നല്ല ചൂട് ദോശ - തട്ട് ദോശ പോലെ- നന്നായി കേറ്റി. വീണ്ടും യാത്ര. അര്ദ്ധരാത്രിക്ക് എരുമേലിയില് എത്തി. ഉണ്ണിയേട്ടന്റെ കണ്ണൊക്കെ ചുവക്കാന് തുടങ്ങി. ഇനി ശരിയാകില്ല എന്ന് മൂപ്പര്ക്ക് തന്നെ തോന്നി. എരുമേലിയിലെ തിരക്കൊഴിഞ്ഞ ഇടത്ത് കാര് നിര്ത്തി മൂപ്പര് സീറ്റില് ചാഞ്ഞിരുന്നു  ഉറങ്ങാന് തുടങ്ങി. മറ്റുള്ളവര് സംഭവം അറിഞ്ഞിട്ടില്ല.ഞാന് ഉറങ്ങാതെ കുറെ സമയം കാറില് തന്നെ ഇരുന്നു കടന്നു പോകുന്ന വാഹനങ്ങളെ നോക്കിയിരുന്നു.എല്ലാം ശബരിമലയിലേക്ക് പോകുന്നതാണ്.ദര്ശനത്തിനായി ഒരു വലിയ Q ഞാന് മനസ്സില് കണ്ടു.കുറച്ചു നേരം പുറത്തിറങ്ങി നടന്നു. ഒരാളെങ്കിലും ഉണര്ന്നിരിക്കണം എന്ന് തോന്നിയത് കൊണ്ടാണ് ഞാന് കണ്ണ് മിഴിച്ചിരിക്കുന്നത്.അതിനു വേണ്ടിയാണു തലേ ദിവസം ഉച്ചക്ക് നന്നായി ഉറങ്ങിയത്.ഒരു മണിക്കൂറിനു ശേഷം യാത്ര തുടര്ന്നു. ഇനി അങ്ങോട്ട് മല കയറ്റമാണ്. പതുക്കെ മാത്രമേ പോകാന് കഴിയുകയുള്ളൂ. നല്ല തണുത്ത കാറ്റുണ്ടായിരുന്നു. അറിയാതെ എന്റെ കണ്ണുകള് അടഞ്ഞു പോയി. ഉണരുമ്പോള് നിലക്കല് കഴിഞ്ഞിരുന്നു. 3 മണിയോടെ പമ്പയിലെത്തി.parking കിട്ടിയത് പമ്പയില് തന്നെയായിരുന്നു. പെട്ടെന്ന് തന്നെ ഓരോരുത്തരായി പരിപാടികള് തീര്ത്തു. ഇരുമുടി എടുത്തു തലയില് വച്ചു തോര്ത്ത് കൊണ്ടു കഴുത്തിലൂടെ ഒരു കെട്ടും കെട്ടി 4 മണിയോടെ പുറപ്പെട്ടു. പമ്പാ ഗണപതിയെ വണങ്ങി ഭക്തി പൂര്വ്വം തേങ്ങ ഉടച്ച്, മറ്റു ദേവതകളെയും വണങ്ങി മല കയറ്റം തുടങ്ങി.

          പതുക്കെ വളരെ പതുക്കെയാണ് ഞങ്ങള് മല കയറാന് തുടങ്ങിയത്. സംഘങ്ങളായും ഒറ്റക്കും ആയി ഒരു പാട് പേര് ഉണ്ടായിരുന്നു മല കയറാനായി.പമ്പയില് നിന്ന് വെറും 4 KM മാത്രമേ ഉള്ളൂ സന്നിധാനത്തേക്ക് പക്ഷെ ശബരിമല യാത്രയിലെ ഏറ്റവും കുത്തനെയുള്ള കയറ്റം നീലിമലയില് ആണെന്ന്  തോന്നും. കാടിനെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും  പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഒക്കെ വനം വകുപ്പിന്റെ അറിയിപ്പുകള് വഴി നീളെ കാണാം.പക്ഷെ എല്ലാവരും അത് വെറുതെ വായിച്ചു തള്ളുക മാത്രമാണെന്ന് തോന്നും വഴി കണ്ടാല്... .പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് വനം വകുപ്പ് പറയുന്നു പക്ഷെ എല്ലാ കടകളിലും പ്ലാസ്റ്റിക് കുപ്പിയില് നിറച്ച വെള്ളവും മറ്റു സാധനങ്ങളും യഥേഷ്ടം വില്ക്കാനുള്ള അനുവാദം ദേവസ്വം വകുപ്പ് കൊടുത്തിട്ടുണ്ട്.., അപ്പോള് പിന്നെ ഈ ബോര്ഡ് കൊണ്ടു എന്ത് പ്രയോജനം. പൊന്മുട്ടയിടുന്ന താറാവ് -അതാണ് ബോര്ഡിനെ സംബന്ധിച്ചിടത്തോളം ശബരിമല.കല്ലും മുള്ളും നിറഞ്ഞ വഴിയൊക്കെ സിമന്റ് ഇട്ടു വെടിപ്പാക്കിയിരിക്കുന്നു.പന്തല് കെട്ടിയും ഇന്റര് ലോക്ക് ഇട്ടും ഈ പരിപാവന തപോവനത്തെ സഞ്ചാരികളുടെ പരുദീസയക്കാനുള്ള ശ്രമം കണ്ടപ്പോള് മനസ്സിലെവിടെയോ ഒരു നൊമ്പരം അനുഭവപ്പെട്ടു. പോകുന്ന വഴിയിലെല്ലാം പ്ലാസ്റ്റിക് കുപ്പികളും കവറുകളും വലിച്ചെറിഞ്ഞത് കാണാന് പറ്റി.വെറും ബോര്ഡ് വച്ചത് കൊണ്ട് മാത്രം ഈ പൂങ്കാവനത്തെ ശുദ്ധീകരിക്കാന് പറ്റില്ല എന്ന് വ്യക്തം. 'സ്വാമിയുടെ പൂന്കാവനമേ', 'പൂങ്കാവനം ചവിട്ടുമാരക്കണമേ' എന്ന് കണ്ണടച്ച് ശരണം വിളിക്കുന്ന സ്വാമിമാര് ഇവിടെയെത്തുമ്പോള് സായിപ്പിനെ കാണുമ്പോള് കവാത്ത് മറക്കുകയാണ്. അങ്ങനെ ഞങ്ങള് കയറുകയാണ്. ഇടക്കൊന്നു വിശ്രമിച്ചു ക്ഷീണം മാറ്റി വളരെ പതുക്കെ.സ്വാമിമാരുടെ മടക്കയാത്ര ഇതിനിടയില് തുടങ്ങിയിരുന്നു. ഇറങ്ങുന്നവര് കയറുന്നവര്ക്ക് വീശി കൊടുത്തും glucose കൊടുത്തും ഒക്കെ ആശ്വാസം അരുളുന്നുണ്ടായിരുന്നു.ഇതാണ് ഈ കാനനവാസന്റെ പ്രത്യേകത. എല്ലാവരും ഒന്നായി മാറുന്ന അവസ്ഥ. ഇവിടെ മലയാളിയും തെലുങ്കനും തമിഴനും ഒന്നും ഇല്ല, സ്വാമിമാര് മാത്രം. 'ലോകമേ തറവാട്' എന്ന് അവസ്ഥ ഇവിടെ നമുക്ക് ദര്ശിക്കാം. അപ്പാചിമേടും കഴിഞ്ഞ് 
ശബരീപീടത്തില് എത്തി.ശ്രീരാമ ഭക്തയായ ശബരി തപസ്സനുഷ്ടിച്ച സ്ഥലമാണ്, ഇവിടെയാണ് ശബരിക്ക് ശ്രീരാമ സ്വാമി മോക്ഷം കൊടുത്തത്. അതും കഴിഞ്ഞ് മരക്കൂട്ടത്തെത്തി. അവിടുത്തെ ആള്ക്കൂട്ടം കണ്ടപ്പോള് Q ആണോ എന്ന് കരുതി, പക്ഷെ അല്ലായിരുന്നു. നേരെ ശരംകുത്തിയിലേക്ക്.അവിടുന്നിറങ്ങി നേരെ നടപ്പന്തലിലേക്ക്. അവിടെ എത്തിയപ്പോഴാണ് സമാധാനമായത് തീരെ തിരക്കില്ലായിരുന്നു.പെട്ടെന്ന് തന്നെ 18 -അം പടിയുടെ മുന്നിലെത്തി.നാളികേരം ഉടച്ച് വലതു കാല്‍  വച്ചു പടി കയറി.തിരക്കില്ലാഞ്ഞിട്ടു കൂടി അനാവശ്യമായി തിരക്കുണ്ടാക്കാന് ശ്രമിക്കുകയായിരുന്നു ചിലര്.. പോലീസുകാരുടെ സഹായത്തോടെ പടി കയറി മുകളിലെത്തി. അതുകഴിഞ്ഞുള്ള Q complex -ലും കാര്യമായ തിരക്കുണ്ടായിരുന്നില്ല.ആള്‍ക്കുട്ടത്തിനിടയിലുടെ ശ്രീകോവിലിന്റെ മുന്നിലെത്തി ചൈതന്യവത്തായ ഹരിഹരപുത്രനായ കലിയുഗവരദനെ കണ്കുളിര്ക്കെ കണ്ടു.മനസ്സ് നിറയുവോളും തൊഴുതു.

         പുറകിലെ വഴിയിലൂടെ താഴെയിറങ്ങി ആദ്യം കണ്ട ഒഴിഞ്ഞ സ്ഥലത്ത് തന്നെ വിരി വച്ചു. ഞാനും ജയ് മാത്രം. പ്രമോദേട്ടന് ഇരുമുടിയില്ലാതെ വന്നതിനാല് വേറെ വഴിയിലൂടെയാണ് പോയത്. സാവധാനം ഇരുമുടി അഴിച്ചു, നെയ്ത്തേങ്ങ ഉടച്ച് ഒരു പാത്രത്തിലാക്കി അഭിഷേകത്തിനായി ജയിനെ പറഞ്ഞയച്ചു. കൂട്ടത്തില് മൂപ്പനായത് കൊണ്ടുള്ള സ്വാതന്ത്ര്യം. ഞാന് ബാഗുകള്ക്ക് കാവലിരുന്നു. അധികം കാത്തുനില്ക്കേണ്ടി വന്നില്ല അവന്. Q കാര്യമായി ഇല്ലായിരുന്നു. മുല്ലപ്പെരിയാറിന്റെ ബാക്കിപത്രം.തമിഴന്മാര് തീരെ കുറവായിരുന്നു.അഭിഷേകത്തിനു ശേഷം ഓരോ കര്മ്മങ്ങളായി തീര്ത്തു.മാളികപ്പുറത്ത് തേങ്ങ ഉരുട്ടി ഒപ്പിച്ചു. ആള്ക്കൂട്ടത്തിനിടയിലൂടെ ശരിക്കും ഉരുട്ടാന് പറ്റിയില്ല, അതിനാല് ഒപ്പിച്ചു.ഞങ്ങളുടെ പണി തീരുമ്പോഴേക്കും പ്രമോദേട്ടന് അപ്പം/അരവണ  വാങ്ങി വച്ചിരുന്നു.നല്ല വിശപ്പുണ്ടായിരുന്നു. ചക്കര പായസം വാങ്ങി കഴിച്ചു.അങ്ങനെ ഞങ്ങള് വന്ന കാര്യം സാധിച്ചിരിക്കുന്നു. ബാഗ് മുറുക്കി മടക്കയാത്രക്ക് ഒരുങ്ങുകയായി.അതിനു മുന്പ് വടക്കേ നട വഴി ഒരിക്കല് കൂടി അയ്യപ്പസ്വാമിയെ തൊഴുതു.കുറേക്കാലം കൂടിയാണ് ഇത്രയും മനോഹരമായി, സുഖകരമായി ദര്ശനം സാധിച്ചത്. മഹാദേവനാണോ അതോ തൃപ്രയാര് പെരുമാളാണോ അനുഗ്രഹിച്ചത്? അറിയില്ല. ഒരു പക്ഷെ രണ്ടു പേരും അനുഗ്രഹിച്ചിരിക്കണം, ഹരിയുടെയും ഹരന്റെയും പുത്രനാണല്ലോ ഇവിടം കുടികൊള്ളുന്നത്. കൊണ്ടുപോയ തേങ്ങ ഉടച്ച് ഒരിക്കല് കൂടി കൊടിമരം നോക്കി തൊഴുത് മലയിറങ്ങി.പുതിയ ബെയ്‌ലി പാലത്തിലുടെയാണ് മടങ്ങിയത്.ചുറ്റി വളഞ്ഞുള്ള വഴിയാണ്, പോരാത്തതിനു കുത്തനെയുള്ള കയറ്റവും.വളരെ കുറച്ചു ആള്ക്കാര് മാത്രമേ ഈ വഴി ഉപയോഗിക്കുന്നുള്ളൂ.മല കയറുന്നവരുടെ തിരക്ക് കൂടി വരികയാണ്.. വൃദ്ധരും അംഗ വൈകല്യം സംഭവിച്ചവരും ഒക്കെ ഉണ്ടായിരുന്നു ആ കൂട്ടത്തില്.. ഇത്രയും കഷ്ട്ടപെട്ടു ഇവിടേയ്ക്ക് വരാന് മാത്രം എന്തായിരിക്കും അവരെ പ്രേരിപ്പിച്ചിരിക്കുന്നത്? വിശ്വാസം അതല്ലേ എല്ലാം.

          കയറിയത് പോലെതന്നെ വളരെ പതുക്കെയാണ് ഇറങ്ങിയതും.ഉണ്ണിയേട്ടനെ വിളിച്ചു പറഞ്ഞിരുന്നു. പ്രതീക്ഷിച്ചതിലും നേരത്തെ ഞങ്ങളെ കണ്ടപ്പോള് മൂപ്പര്ക്ക് അത്ഭുദമായി.9 മണിയോടെ പമ്പയില് നിന്ന് മടക്കയാത്ര ആരംഭിച്ചു.നിലക്കലിലെ ഹോട്ടലില് നിന്ന് ദോശ കഴിച്ചു.ഞാന് മുന്നിലിരുന്ന് ഉണ്ണിയെട്ടനുമായി കത്തിയടി തുടങ്ങി.കുറച്ചു കഴിഞ്ഞപ്പോള് ബാക്കി രണ്ടു പേരും ഉറക്കമായി.ഉണ്ണിയേട്ടനെ ഉഷാറാക്കാന്‍ ഞാന് ഇടയ്യ്ക്കിടെ ചില നമ്പറുകള് എറിഞ്ഞു കൊടുത്തു. പോയ വഴിയിലൂടെ അല്ല മടങ്ങിയത്.മൂവാറ്റുപുഴയില് നിന്നാണ് ഊണ് കഴിച്ചത്. അങ്കമാലി - ഇരിങ്ങാലക്കുട വഴി ഏതാണ്ട് 4 മണിക്ക് തൃപ്രയാര് എത്തി.നട അടച്ചു കിടക്കുകയായിരുന്നു.അയ്യപ്പന്റെ ശ്രീകോവിലിലെത്തി ശരണം വിളിയോടെ മാല ഊരി. അങ്ങനെ ഈ വര്ഷത്തെ ശബരിമല യാത്രക്ക് വിരാമമായി.വീട്ടില് എല്ലാവരും കാത്തിരിക്കുകയായിരുന്നു.കുളിച്ചു ഉന്മേഷം വീണ്ടെടുത്തു. നല്ല ക്ഷീണം ഉണ്ടായിരുന്നു അതിനാല് രാത്രി നേരത്തെ കിടന്നു.വളരെ പെട്ടെന്ന് തന്നെ ഉറങ്ങുകയും ചെയ്തു. പിറ്റേ ദിവസം പരശുരാം എക്സ്പ്രസ്സിന് നാട്ടിലേക്കു മടങ്ങി.

 തൃപ്രയാറില്‍ നിന്ന് തൃശൂര്‍ റെയില്‍വേ സ്റ്റെഷനിലെക്കുള്ള യാത്രക്കിടയില്‍ കണ്ട ഒരു കാഴ്ച കൂടി വിവരിച്ചാലേ ഈ കുറിപ്പ് പൂര്‍ത്തിയാവുകയുള്ളൂ എന്നെനിക്കു തോന്നുന്നു. ആ സ്ഥലത്തിന്റെ പേര് ഞാന്‍ മറന്നു പോയി.വീട്ടില്‍ നിന്ന് അധികം ദൂരം ഇല്ല. ഇവിടെ എത്തുന്നതിനു കുറച്ചു മുന്‍പാണ്‌ അന്തിക്കാടിലേക്കുള്ള വഴി പിരിയുന്നത്. എന്റെ മനസ്സില്‍ ഇത്രയേറെ കുളിര്‍മഴ പെയ്യിച്ച ഒരു കാഴ്ച അടുത്ത കാലത്തൊന്നും ഞാന്‍ കണ്ടിട്ടില്ല, അത്രയ്ക്ക് വശ്യമായിരുന്നു സുന്ദരമായിരുന്നു അത്. കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന പാടശേഖരം. പച്ച പട്ടു പുതച്ചു അത് കണ്മുന്നിലിങ്ങനെ വിലസുകയാണ്. റോഡ്‌ ഈ പാടത്തിനെ രണ്ടായി തിരിക്കുന്നു. പച്ച പരവതാനി ഒരു ഭാഗത്താണെങ്കില്‍ മറുഭാഗത്ത്‌ അതിലും നയനാനന്ദകരമായ കാഴ്ചയായിരുന്നു. നിറഞ്ഞു നില്‍ക്കുന്ന കായല്‍.. ഉച്ചവെയിലിന്റെ തീക്ഷ്ണതയില്‍ ഒരു സ്ഫടികം പോലെ തിളങ്ങുകയാണ്.സ്നേഹപൂര്‍വ്വമായ തലോടലിലുടെ അതില്‍ കുഞ്ഞോളങ്ങളെ തീര്‍ക്കുകയാണ് മന്ദമാരുതന്‍.. .,. കാറിലൂടെ ഈ വഴി കടന്നു പോയപ്പോള്‍ ഇതില്‍ ഏതു സുന്ദര കാഴ്ച ആസ്വദിക്കണം എന്നറിയാതെ ഞാന്‍ കുഴങ്ങിപ്പോയി. ഉണ്ണിയേട്ടന്‍ അതിനെ പറ്റി പറഞ്ഞതൊന്നും ശ്രവിക്കാന്‍ പറ്റാത്തവണ്ണം കാതുകളും ഈ ദൃശ്യത്തില്‍ മുഴുകിപോയിരുന്നു.ഇളംകാറ്റിന്റെ മര്‍മ്മരങ്ങളും ഓളങ്ങളുടെ നേര്‍ത്ത അലയടിയും ശ്രദ്ധിക്കുന്ന തിരക്കിലായിരുന്നു എന്റെ കര്‍ണ്ണ പുടങ്ങള്‍...,. പണ്ട് ചേലൂര്‍ മനക്കാരുടെ വകയായിരുന്നത്രേ ഈ കോള്‍ പാടങ്ങള്‍.,. മുന്നില്‍ നിന്ന് പൂര്‍ണ്ണമായും മായും വരെ അവയുടെ മനോഹാരിത മുഴുവനായും ഒപ്പിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു എന്റെ നയനങ്ങള്‍ . ആ വഴിയും പിന്നിട്ടു ദൂരങ്ങള്‍ ഒരു പാട് താണ്ടിയെങ്കിലും, കണ്മുന്നില്‍ കാണുന്നത് പോലെ എന്റെ മനോമുകുരത്തില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ് പ്രകൃതി ദേവിയുടെ മുഗ്ദ സൌന്ദര്യം.

        ഒരു തവണ പോലും ശരണം വിളിക്കാതെയാണ് ഇത്തവണ മല ചവുട്ടിയതെങ്കിലും എല്ലാം ഭംഗിയായി കലാശിച്ചതില് സന്തോഷം തോന്നി. ആ സന്തോഷം ഒരു മൂളിപ്പാട്ടില് ഒതുക്കി കണ്ണടച്ച് സീറ്റില് ചാരിയിരുന്നു. കണ്മുന്നിലപ്പോള് അയ്യപ്പന്റെ കാഞ്ചന വിഗ്രഹം നിറഞ്ഞു നില്ക്കുന്നതായി തോന്നി.അറിയാതെ മനസ്സ് മന്ത്രിച്ചുപോയി - ശംഭോ മഹാദേവ.

ചോറൂണ് പിന്നെ നാമകരണം


ഇന്ന് 1187 വൃശ്ചികം 25  ഡിസംബര്‍ 11 ഞായര്‍, 2011 .
പതിവിലും നേരത്തെ എല്ലാവരും ഉണര്‍ന്നു. അമ്മ അതി രാവിലെ എഴുന്നേറ്റു അടുക്കളയില്‍ കയറി ഭക്ഷണം ഉണ്ടാക്കാന്‍ തുടങ്ങി. സൌമ്യയും നേരത്തെ എഴുന്നേറ്റു. ഞാന്‍ കുറച്ചു നേരം കൂടി മോളുടെ ചൂടേറ്റു കിടന്നു എങ്കിലും 7 -മണിക്ക് മുന്പായി എഴുന്നേറ്റു. എന്നോടൊപ്പം തന്നെ മോളും ഉറക്കം മതിയാക്കി. ഇന്ന് ഞങ്ങളെ സംബന്ധിച്ച് ഒരു വിശേഷ ദിവസമാണ്.ഇന്നാണ് മോളുടെ ചോറൂണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.എല്ലാവരും ആ ഉത്സാഹത്തിലായിരുന്നു. പക്ഷെ ആഘോഷങ്ങള്‍ ഇത്തവണ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. പനയാല്‍ അമ്പലത്തില്‍ നിന്ന് നടത്താനാണു തീരുമാനിച്ചിരുന്നത്.അത് എന്റെ ആഗ്രഹമായിരുന്നു പനയലപ്പന്റെ തിരുനടയില്‍ നിന്ന് തന്നെ ചോറൂണ് നടത്തണം എന്നത്. 8 :30 മണിയോട് കൂടി എല്ലാവരും വീട്ടില്‍ നിന്ന് ഇറങ്ങി.ഞങ്ങള്‍ 6 പേര്‍ മാത്രം.അമ്പലത്തില്‍  ചെല്ലുമ്പോഴേക്കും ഉഷ പൂജ കഴിഞ്ഞു നട തുറന്നിരിക്കുകയായിരുന്നു. പനയലപ്പന്റെ കടാക്ഷത്തിനു പാത്രീഭൂതരായി ഞങ്ങള്‍ ആ സാന്നിധ്യത്തിന് മുന്‍പില്‍ പ്രാര്‍ത്ഥന നിരതമായ മനസ്സോടെ നിന്നു.കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും അതിയാംബൂരില്‍ നിന്നുള്ളവരും എത്തി - കുട്ടികളടക്കം 6 പേര്‍.

സമയം 8 :30 യ്ക്കും 9 : 30 യ്ക്കും ഇടയിലുള്ള ശുഭമുഹുര്‍ത്തം

 അച്ചച്ചനെ കൊണ്ട് പേര് ചൊല്ലി വിളിപ്പിച്ചു ആ കൈ കൊണ്ട് തന്നെ ആദ്യത്തെ ഉരുള കുഞ്ഞുന്റെ വായില്‍ വച്ച് കൊടുക്കണം എന്നതായിരുന്നു എന്റെ ആഗ്രഹം.പക്ഷെ പ്രായാധിക്യം കാരണം ആ ആഗ്രഹം ഉപേക്ഷിച്ചു.ആ കര്‍മ്മം ഏറ്റെടുക്കാന്‍ ഞാന്‍ എന്റെ അച്ഛനോട് പറഞ്ഞെങ്കിലും നടുവേദന  അതിനും തടസ്സമായി. കൂടാതെ ശാന്തിക്കാരന്‍ പറഞ്ഞു കുട്ടിയുടെ അച്ഛനാണ് ഈ കര്‍മ്മം ചെയ്യണ്ടത് എന്ന്.അങ്ങനെ ഞാന്‍ ഈ കര്‍മ്മം ഏറ്റെടുത്തു. മഹാദേവനെ ഒരിക്കല്‍ കൂടി തൊഴുതു ആദരപൂര്‍വ്വം ഭണ്ടാരസമര്‍പ്പണം നടത്തി ശന്തിക്കാര്‍ക്കും വാര്യര്‍ക്കും മാരാര്‍ക്കും ദക്ഷിണ കൊടുത്തു അവരുടെയൊക്കെ അനുഗ്രഹം വാങ്ങി മഹാദേവന് അഭിമുഖമായി ഷര്‍ട്ട് ഊരി മാറ്റി ചമ്രം പടിഞ്ഞിരുന്നു.കസവ് മുണ്ടുടുത്ത് മോള് എന്റെ മടിയില്‍ ഇരുന്നു.കാഴ്ചക്കാരായി മറ്റുള്ളവര്‍ ചുറ്റിലും.ശാന്തിക്കാരന്റെ നിര്‍ദ്ദേശമനുസരിച്ച് പനയാലപ്പനെ വണങ്ങി ഇടതു കൈ കൊണ്ട് മോളുടെ ഇടതു ചെവി പൊത്തി വലതു ചെവിയില്‍ പതുക്കെ മൂന്നുവട്ടം ഞാന്‍ ഉരുവിട്ടു - 'പ്രാര്‍ത്ഥന' ...'പ്രാര്‍ത്ഥന' ....'പ്രാര്‍ത്ഥന'...ഒരു പ്രാര്‍ത്ഥനയുടെ പുണ്യം പോലെ കിട്ടിയ എന്റെ മോള്‍ക്കും ഭൂമിയില്‍ പിറന്നു വീണു 5 മാസങ്ങള്‍ക്ക് ശേഷം ഒരു വിളിപ്പേരായി.ആ കുഞ്ഞിളം കാതില്‍ ഞാന്‍ പേര് ചൊല്ലി വിളിച്ചപ്പോള്‍ അമ്പലക്കുളത്തിലെ ഓളങ്ങള്‍ സൃഷ്ടിച്ച് ഓംകാരം ഉണര്‍ത്തുന്ന ആലിലകളെ തഴുകി വന്ന വടക്കന്‍ കാറ്റു മോളുടെ നെറുകയില്‍ ഉമ്മ വച്ച് കടന്നു പോയി. അദൃശതയില്‍ നിന്നു മഹാദേവന്‍ മോളെ അനുഗ്രഹിച്ചതായി എനിക്ക് തോന്നി. ആ നിര്‍വൃതിയില്‍ ഞാന്‍ സ്വയം അലിഞ്ഞു.

ഇനി അടുത്ത ഘട്ടം ചോറു കൊടുക്കലാണ്.ദേവന് അര്‍പ്പിച്ച നിവേദ്യചോരും ഉപ്പും തേനും പഴവും - ഇതാണ് വിഭവങ്ങള്‍. ആദ്യം ഉപ്പും ചോറും കൂടി ഒരു നുള്ള് ഞാന്‍ ആ തളിരിളം ചുണ്ടില്‍ വച്ച് കൊടുത്തു.ശേഷം തേന്‍ പിന്നെ ഒരിത്തിരി പഴം.വായിലേക്ക് തിരുകുന്നതിനു മുന്‍പ് എല്ലാം പുറത്തേക്കു തുപ്പുന്നുണ്ടായിരുന്നു അവള്‍.അമ്മിഞ്ഞപ്പാലിന്റെ രുചി മാത്രം അറിഞ്ഞ ആ പിഞ്ചു നാക്ക്‌ ഈ ഭൂമിയിലെ മറ്റു രസങ്ങളെ കൂടി ഏറ്റു വാങ്ങാന്‍ ആദ്യമൊന്നു വിസമ്മതിച്ചതിന്റെ ലക്ഷണം ആയിരുന്നു അത്. എല്ലാവരും അവളുടെ മുഖഭാവം വീക്ഷിക്കുകയായിരൂന്നു. പിന്നെ അച്ചച്ചന്റെ ഊഴമായിരുന്നു,പിന്നെ അച്ഛന്‍, അമ്മ, സൌമ്യ അങ്ങനെ എല്ലാവരും രുചിയുടെ വകഭേദങ്ങള്‍ സ്വീകരിക്കാന്‍ അവളെ പഠിപ്പിച്ചു.നല്ല അനുസരണയോടെ എല്ലാം ഏറ്റു വാങ്ങിയ മോള്‍ പിന്നെ അക്ഷമ പ്രകടിപ്പിച്ചു തുടങ്ങി.കുഞ്ഞിളം വായിലൂടെ അവള്‍ കരഞ്ഞപ്പോള്‍ ഒരു പഞ്ചാക്ഷരി മന്ത്രം പോലെ ആ കരച്ചില്‍ നാലംബലത്തിനകത്തു  പ്രതിദ്ധ്വനിച്ചു. മഹാദേവന്‍ ആ കരച്ചില്‍ ഏറ്റു വാങ്ങി അവളെ അനുഗ്രഹിച്ചിരിക്കണം.ഏതായാലും ചോറൂണ് കഴിഞ്ഞപ്പോള്‍ അവള്‍ കരച്ചില്‍ നിര്‍ത്തി. എഴുന്നേറ്റു തിരുനടയിലേക്ക് കൈ കൂപ്പി തൊഴുതു പിന്നെ ഓംകാര മന്ത്രങ്ങള്‍ ഉരുവിട്ടു കൊണ്ട് ഒരു പ്രദക്ഷിണം, ഉപദേവതമാരെയും    തൊഴുതു.നടയില്‍ നിന്നു ഒരിക്കല്‍ കൂടി ദേവനെ തൊഴുതു പുറത്തേക്ക്. അവിടെ അനന്തശായിയായ മഹാവിഷ്ണു കുടികൊള്ളുന്ന പള്ളിയറ ഉണ്ട്.അവിടെയും തൊഴുതു പ്രദക്ഷിണം വച്ച് വീട്ടിലേക്കു മടങ്ങി. 
 നാവിലെ അസുഖകരമായ് സ്വാദോടെ, അന്വര്തമായ ഒരു പേര് കിട്ടിയ ചാരിതാര്ത്യവുമായി പ്രാര്‍ത്ഥനയും അവളുടെ ലോകത്തിലേക്ക്‌.....

നഷ്ടമാകുന്ന സായാഹ്നങ്ങള്‍


തിരക്കു പിടിച്ച   ജീവിതത്തിനിടയില്  എപ്പോഴെങ്കിലും  നിങ്ങള്  ഒന്ന്  പിന്തിരിഞ്ഞു  നോക്കിയിട്ടുണ്ടോ? നമ്മുടെ പഴയ  കാലത്തിലേക്ക്..ഒന്നുമറിയാതെ  എല്ലാം  മറന്നു  കളിച്ചു  ചിരിച്ചു  നടന്നിരുന്ന    നല്ല കുട്ടിക്കാലത്തിലേക്ക് ..?

ഇല്ലെങ്കില്  ഒന്ന്  നോക്കണം
നാം  അറിയണം നമുക്ക്  എന്തൊക്കെ  നഷ്ടപ്പെട്ടു  എന്ന്

പ്രഭാതത്തിലെ  തണുപ്പ് ഏറ്റു, മൂത്രശന്കയെ പിടിച്ചമര്ത്തി  പുതപ്പിനുള്ളില്  ചുരുണ്ട് ഉറങ്ങിയ    ദിനങ്ങളെ ..?
ഒടുവില്  അച്ഛന്റെയോ  അമ്മയുടെയോ  നിര്ബന്ധബുദ്ധിക്കു  വഴങ്ങി  എഴുന്നേറ്റു  കണ്ണും  തിരുമ്മി  മുറ്റത്തിറങ്ങി  തെങ്ങിന്  ചോട്ടില്  കുത്തിയിരിക്കുമ്പോള്  കണ്മുന്നില്  തെളിയുന്ന  കോടമഞ്ഞു ആസ്വദിച്ച്  നിര്ന്നിമേഷനായി  ഇരുന്നത് ?
വായില്  നിന്നും  പുക  വരുന്നത്  കൊണ്ട്  ബീഡി  വലിച്ചു  പുക  വിടുന്നത്  പോലെ  രസിച്ചത് ?
പുല്നാമ്പുകളില്  പറ്റിപിടിച്ചിരിക്കുന്ന  ജലകണങ്ങള്  സൂര്യരശ്മി ഏറ്റു തിളങ്ങുന്നത് ?
വായില്  ബ്രുഷും  തിരുകി ഇളം  വെയിലേറ്റു  മുറ്റത്ത്  നടന്നത് ? കൊച്ചു  വെളുപ്പാന്  കാലത്തേ  തണുപ്പും  ഇളം  വെയിലും  ചേര്ന്ന്  സമ്മാനിച്ച  അനുഭൂതി  ആവോളം  നുകര്ന്നത്..?
അമ്മ  ദോശ ചുടുമ്പോള്  അടുപ്പിന്  തിണ്ണയില്  തീ  കായാനിരിക്കുന്നത് ? അവിടെയിരുന്നു  കൊണ്ട്  തന്നെഅമ്മയുടെ  ശകാരം  കേട്ട്  കൊണ്ട്  ചായ  മൊത്തി കുടിച്ചത് ?
കിണറ്റില്  നിന്നും  വെള്ളമെടുത്തു  ദേഹത്തെക്കൊഴിക്കുമ്പോള്  ശരീരമാകെ  തണുത്തു വിറച്ചത് ..? ചുണ്ടുകള്  വിരയാര്ന്നത്?
മനസ്സില്ലാമനസ്സോടെ  സ്കൂള് -ല് പോയിരിക്കുന്നതും  ക്ലാസ്സിലിരുന്നു  ഉറക്കം  തൂങ്ങിയതും ഒക്കെ  മറവിയുടെ  അഗാധതയിലേക്ക്  ഊളിയിട്ടു  പോയോ ?
വൈകുന്നേരം  കളിച്ചു  രസിച്ചു  വീട്ടിലേക്കു  വന്നതും  കാപ്പി  കുടി  കഴിഞ്ഞു  വീണ്ടും  കളിക്കാനായി  അപ്പുറത്തെ  പറമ്പിലേക്ക്  ഓടിയത് ?
ഒടുവില്  അസ്തമന സൂര്യന്  ചെന്ചായത്തില്  കുളിച്ചു  നില്ക്കുന്നത്  കണ്കുളിര്ക്കെ  നോക്കി  കണ്ടത് ?
ഇരുട്ട്  വീണു  തുടങ്ങിയിട്ടും  അമ്മയുടെ  വിളിയെ  മാനിക്കാതെ  പിന്നെയും  ഓടി  ചാടി  കളിച്ചത് ?
ചക്രവാള ശോഭ  കണ്ടു  ആര്ത്തുല്ലസിച്ചു  കൊണ്ട്  വീട്ടിലേക്കു  മടങ്ങിയത് ?
കൈ -കാല്  കഴുകി  ഉച്ചത്തില്  സന്ധ്യാനാമം ചൊല്ലിയത് ?
അങ്ങനെ  അങ്ങനെ  ഒരു പാട്  ഒരു  പാട്  രസകരമായ, ആനന്ദകരമായ  അനുഭവങ്ങള്  പറഞ്ഞാലും  തീരില്ല  അല്ലെ ? എന്താ ഒക്കെ മറവിയുടെ പെട്ടിയില് അടുക്കി വെച്ചോ ഇത്ര വേഗം?

ഇന്നോ ..?

വൈകി  എഴുന്നേറ്റു  ജോലിക്ക്  പോവുക , പാതിരാത്രിക്ക്  തിരിച്ചു  വന്നു  ടിവി -യുടെ  മുന്പിലിരിക്കുക..ഒടുവില്  രാവിന്റെ  ഏതോ  അന്ത്യയാമത്തില്  കിടക്കാനായി  പോവുക ..
ജീവിതത്തില്  ഒരു  പാട്  നേടിയെന്നു  കരുതുമ്പോഴും  നഷ്ടപ്പെട്ടതെന്താണെന്നു മനസ്സിലാക്കാന്  കഴിയുന്നില്ല  പലര്ക്കും ..
എവിടെ  പോയി  നമ്മുടെ    നല്ല  പ്രഭാതങ്ങളും  സന്ധ്യകളും ..?
ചിന്തിച്ചിട്ടുണ്ടോ , എല്ലാം  നേടി  എന്നഹങ്കരിക്കുമ്പോഴും  നമ്മള്  ഒരു  പാട്  നഷ്ടപ്പെടുത്തി എന്ന് ?
ആസ്വദിക്കുക  ഇപ്പോഴത്തെ  ജീവിതവും  അതിനിടയില്‍  ഓര്‍ക്കുക  നഷ്ടമാകുന്ന  സായാഹ്നങ്ങളെ …

ശ്രമിക്കുക ഇനിയും നമ്മുടെ ജീവിതത്തില്‍ നല്ല സായാഹ്നങ്ങള്‍ ഉണ്ടാകാന്‍....

രാധയും കൃഷ്ണനും



"നിനക്കെന്നെ ഇഷ്ടമല്ലേ..?"

കൃഷ്ണന്റെ തോളില്‍ തല ചായ്ചിരുന്നു രാധ ചോദിച്ചു.

"തീര്‍ച്ചയായും.." കൃഷ്ണന്‍ പറഞ്ഞു.

"എത്ര മാത്രം ഇഷ്ടമുണ്ട്..?" അവള്‍ വീണ്ടു ചോദിച്ചു.

"ഒരു പാട്..ഈ ആകാശത്തെക്കാളും.." അവളുടെ തലമുടിയില്‍ തഴുകിക്കൊണ്ട് കൃഷ്ണന്‍ വികാരാധീനനായി.

"എനിക്ക് വേണ്ടി ഒരു കാര്യം ചെയ്യാമോ?"

"പിന്നെന്താ, ഒന്നല്ല ഒരായിരം കാര്യം ചെയ്യാം" കൃഷ്ണന്‍ പ്രണയാര്ദ്രനായി മറുപടിയേകി.

"എങ്കില്‍ ഈ ബില്ല് ഒന്ന് അടയ്ക്കാമോ?"

അവള്‍ നീട്ടിയ ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ലിലേക്ക് കൃഷ്ണന്‍ ഒന്നേ നോക്കിയുള്ളൂ; പിന്നെ രാധ കണ്ടത് മലര്‍ന്നടിച്ചു വീണ കൃഷ്ണനെയാണ്.

തത്ത്വവിചാരം

ആരാണ് ദുര്യോധനന്‍ അഥവാ എന്താണ് ദുര്യോധനത്വം?


1. സന്ദര്‍ഭത്തിന് നിരക്കാത്ത രീതിയില്‍ ആളുകളെ സംബോധന ചെയ്യുന്നവന്‍

2 എപ്പോഴും നമ്മുടെ എന്നതിന് പകരം എന്റെ എന്ന് മാത്രം ഉപയോഗിക്കുന്നവന്‍

3 ബഹുമാനമില്ലാതെ സംസാരിക്കുന്നവന്‍

4 തനിക്കു മാത്രമേ എല്ലാം അറിയൂ എന്ന് കരുതുന്നവന്‍

5 ഞാന്‍ എന്ന അഹങ്കാരത്തില്‍ ജീവിക്കുന്നവന്‍

6 അജ്ഞാനത്തെ തുറന്നു കാണിക്കുന്നവന്‍

7 ധര്‍മ്മം അറിഞ്ഞിട്ടും അത് പ്രവര്‍ത്തിക്കാത്തവന്‍

8 അധര്‍മ്മം എന്താണെന്നു അറിഞ്ഞിട്ടും അതിനെ നിവൃത്തിക്കുന്നവന്‍


മേല്പറഞ്ഞ സ്വഭാവം ഉള്ളവരിലെല്ലാം ദുര്യോധനന്‍ ഉണ്ട് അല്ലെങ്കില്‍ ആ സ്വഭാവങ്ങളെല്ലാം ചേര്‍ന്നതിനെ ദുര്യോധനത്വം എന്ന് പറയുന്നു.

എന്തിനോ തുടിക്കുന്ന മനസ്സ്

കമ്പ്യൂട്ടര്‍- ന്റെ സ്ക്രീന്‍ നോക്കിയിരുന്നു കണ്ണ് കഴക്കുന്നു...

എന്നും ഒരേ നിറത്തിലുള്ള സ്‌ക്രീന്‍...
ഒരേ അപ്പ്ലിക്കേഷന്‍ ....ഒരേ ജോലി...

എത്ര കാലമാ..ഇങ്ങനെ..മടുത്തു...

മനസ്സിലേക്ക് തിരിഞ്ഞു നോക്കിയാല്‍ നിസ്സംശയം പറയാന്‍ പറ്റും ഈ ജോലി എനിക്കൊട്ടും സന്തോഷം തരുന്നില്ല എന്ന്...

എന്നിട്ടും കിട്ടുന്ന ശംബലത്തിനോടു നീതി പുലര്‍ത്താന്‍ കഴിയുന്നതും ശ്രമിക്കുന്നു...
ഞാന്‍ ചിന്തിച്ചിട്ടുണ്ട് പലവട്ടം ..ഈ ജീവിതം കൊണ്ട് ഞാന്‍ എന്ത് നേടി..?
കുറച്ചു കാശുണ്ടാക്കിയിരിക്കാം പക്ഷെ നഷ്ടപ്പെട്ടത് സന്തോഷവും സമാധാനവും..

ഇത് എല്ലാവരുടെയും പ്രശ്നമാണോ..? ആവണം എന്നില്ല എന്റെ മാത്രം കുഴപ്പമായിരിക്കാം...

മനസ്സ് വല്ലാതെ മടുക്കുംബോഴായിരിക്കും ഒരു പാട്ട് ദൂരെ നിന്ന് ഒഴുകി വരുന്നത്...അതില്‍ സ്വയം അലിഞ്ഞില്ലാതാകുന്ന സുഖം ..അനിര്‍വചനീയം...

ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ..എന്ത് കൊണ്ട് ഇവിടേയ്ക്ക് വന്നു..? ഇതായിരുന്നില്ല എന്റെ വഴി എന്ന് ഇപ്പോഴെനിക്ക്‌ വ്യക്തമാവുന്നുണ്ട്...പിന്നെ എന്താ..?

ഇപ്പോഴും കൃത്യമായി അറിയില്ല..ഈ അറിയായ്ക തന്നെയാണ് എന്നെ ഇതിലേക്ക് കൊണ്ടെത്തിച്ചതും...
വേഷം കേട്ടിപ്പോയില്ല...കഴിയാവുന്നിടത്തോളം ആടുക..അല്ലാതെന്തു ചെയ്കാന്‍...

നിങ്ങള്‍ കരുതും എനിക്ക് വട്ടാണെന്ന്...എനിക്കും തോന്നാറുണ്ട്...പക്ഷെ ഈ വട്ടാനെന്റെ സുഖം..അപ്പോഴാണ് എനിക്കിങ്ങനെയൊക്കെ എഴുതാന്‍ തോന്നുന്നത്..അത് തന്നെയാണ് എനിക്ക് സന്തോഷം പ്രദാനം ചെയ്യുന്നതും ...

പ്രതിസന്ധി

ഇന്നലെ ഒരു രഹസ്യം കണ്ടുപിടിച്ചെന്ന ഭാവത്തോടെ ഭാര്യ എന്റെ അടുത്ത് വന്നു ചോദിച്ചു


"നിങ്ങളുടെ പേര്‍സില്‍ എന്റെ ഫോട്ടോ ഉണ്ടല്ലേ..?"

ഉണ്ട് എന്ന അര്‍ത്ഥത്തില്‍ ഞാന്‍ മൂളി.

"എന്തിനാ എന്നും കണ്ടു കൊണ്ടിരിക്കാനാണോ..?" അവള്‍ കുസൃതിയോടെ ചോദിച്ചു.

ഞാന്‍ ഒന്നും പറയാതെ ചിരിച്ചു.

അതില്‍ തൃപ്തി വരാഞ്ഞിട്ടോ എന്തോ അവള്‍ ചോദ്യം ആവര്‍ത്തിച്ചു.

ഒടുവില്‍ നിര്‍ബദ്ധം കൂടിയപ്പോള്‍ ഞാന്‍ പറഞ്ഞു " ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുമ്പോള്‍ ഞാന്‍ നിന്റെ ഫോട്ടോ എടുത്തു നോക്കും, അപ്പോള്‍ എന്തെന്നില്ലാത്ത ഒരു ധൈര്യം എനിക്ക് കിട്ടാറുണ്ട്."

"എന്റെ സ്നേഹം നിറഞ്ഞ കണ്ണുകള്‍ കാണുംബോഴാണോ അങ്ങനെ തോന്നുന്നത്?" അവള്‍ സ്നേഹത്തോടെ അരികിലേക്ക് നീങ്ങിയിരുന്നു കൊണ്ട് ചോദിച്ചു.

"അല്ല, നിന്റെ മുഖം കാണുമ്പോഴാണ് ഞാന്‍ നേരിടാനിരിക്കുന്ന പ്രതിസന്ധി എത്രയോ നിസ്സാരമാണ് എന്ന് മനസ്സിലാകുന്നത്‌, അത് എനിക്ക് കൂടുതല്‍ ആത്മവിശ്വാസം നില്കുന്നു" ഞാന്‍ പുറത്തേക്കു നോക്കിക്കൊണ്ട്‌ പറഞ്ഞു.

അത് മുഴുവനും അവള്‍ കേട്ടോ എന്നറിയാന്‍ പറ്റിയില്ല, പക്ഷെ അടുക്കളയില്‍ നിന്ന് ഒരു ഗ്ലാസ്‌ വീണുടയുന്ന ശബ്ദം ഞാന്‍ വ്യക്തമായും കേട്ടു.

മഹദ് വചനം

ചിന്തകളാണ് വാക്കുകള്‍ ആയി മാറുന്നത്..


വാക്കുകള്‍ പ്രവൃത്തിയായി മാറുന്നു....

പ്രവൃത്തി പെരുമാറ്റം ആയും

പെരുമാറ്റും സംസ്കാരമായും രൂപപ്പെടുന്നു..

അതുകൊണ്ട് ചിന്തകള്‍ക്ക് കടിഞ്ഞാണിടുക..

നല്ലത് ചിന്തിക്കുക്ക.എങ്കില്‍ എല്ലാം നല്ലതായി മാറും...
 
 

പ്രേമം

ആദ്യമായി കണ്ടപ്പോള്‍ തന്നെ അവള്‍ അവന്റെ ഹൃദയം കീഴടക്കി..

രണ്ടാവട്ടം കണ്ടപ്പോള്‍ അവന്‍ അവളെ നോക്കി ചിരിച്ചെങ്കിലും അവള്‍ അത് കണ്ടില്ല..
മൂന്നാം വട്ടം കണ്ടപ്പോള്‍ അവന്‍ അവളോട്‌ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അത് ശ്രദ്ധിക്കാതെ അവള്‍ കൂട്ടുകാരികലോടൊപ്പം കലപില പറഞ്ഞു കൊണ്ട് നടന്നു പോയി....
നാലാം തവണ രണ്ടും കല്‍പ്പിച്ചു അവന്‍ അവള്‍ക്കു പ്രേമലേഖനം കൊടുത്തു..ഒരു നിമിഷം അമ്പരന്നെങ്കിലും ഒരു പുഞ്ചിരിയോടെ അവള്‍ അത് വാങ്ങി...

അഞ്ചാംവട്ടം കാണേണ്ടി വന്നില്ല....

അതിനു മുൻപേ അവളുടെ ആങ്ങളമാർ അവനെ പഞ്ഞിക്കിട്ടിരുന്നു..!!!

കൊല്ലൂര്‍ യാത്ര

ഒരു പാട് നാളുകളായി എന്തെങ്കിലും എഴുതണം എന്ന് വിചാരിക്കുന്നു. അപ്പോൾ നിങ്ങൾ കരുതും ഇവനാരെടാ ഇങ്ങനെയൊക്കെ പറയാൻ; സാരമില്ല നമുക്ക് ശരിയാക്കാം .മനസ്സിൽ കിടന്നു പുളയ്ക്കുന്ന വാക്കുകൾ പക്ഷെ തൂലികത്തുമ്പിലെത്തുന്നില്ല. മുൻപൊക്കെ ഒരു യാത്ര പോയാൽ അല്ലെങ്കിൽ  മനോഹരമായ ഒരു കാഴ്ച കണ്ടാൽ വല്ലതുമൊക്കെ കുത്തികുറിക്കുമായിരുന്നു എന്റെ നോട്ട് പുസ്തകത്തിൽ. അത് ഞാൻ അല്ലാതെ ആരും വായിച്ചിട്ടില്ല എന്നത് മറ്റൊരു വശം. കൊല്ലൂർ യാത്ര തീരുമാനിച്ചപ്പോൾ തന്നെ ഉറപ്പിച്ചതാണ് ഇത്തവണ എനിക്കെന്തെങ്കിലും എഴുതിയെ തീരു എന്ന്. അത് ഞാൻ ഒരു സാഹിത്യകാരനാണെന്ന് വരുത്തി തീർക്കാനല്ല. മറിച്ച് ഒരു സുഖത്തിനു വേണ്ടി. മഴക്കാർ പെയ്തൊഴിയുമ്പോൾ പോലെയുള്ള ഒരു സുഖം. അല്ലാതെ സാഹിത്യകാരനായി നിങ്ങളുടെ മുൻപിൽ സ്വയം അവതരിപ്പിക്കാൻ മാത്രം മണ്ടനല്ല ഞാൻ എന്നാണ് എന്റെ വിശ്വാസം.

ഒരു പക്ഷെ ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് തോന്നാം ഇതിലൊരു സാഹിത്യവുമില്ലല്ലോ, ഒരു യാത്രയെ പറ്റി വെറുതെ പറയുന്നു എന്നല്ലാതെ. എന്നിക്കും അത്രയൊക്കയെ ഉദ്ദേശമുള്ളൂ. മനസ്സിൽ മാറാല പിടിച്ചു കിടക്കുന്ന അക്ഷരക്കൂട്ടങ്ങളെ ഒന്ന് വെളിച്ചത്ത് കൊണ്ട് വരണം. അത് കൊണ്ട് ഒരു മഹത്തായ സൃഷ്ടടിയായിരിക്കും എന്നൊന്നും കരുതാതെ വായിക്കുക. ഒന്നുമില്ലെങ്കിലും ഇതെഴുതാൻ ഞാൻ അനുഭവിച്ച ബുദ്ധിമുട്ടെങ്കിലും ഓർക്കാമല്ലോ. അപ്പൊ ഇനി സംഭവത്തിലേക്ക് …..

ഒരു പാട് നാളത്തെ ആഗ്രഹമായിരുന്നു ആദിപരാശക്തി കുടി കൊള്ളുന്ന പുണ്യഭൂവായ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രം സന്ദർശിക്കുക എന്നത്. ആദ്യമായിട്ടല്ല പോകുന്നത് എങ്കിലും ഒരു വർഷം ആ ദേവി സമക്ഷത്തിങ്കൽ ചെന്നില്ലെങ്കിൽ മനസ്സിനൊരു വല്ലായ്കയാണ്. പോയ വർഷം അവിടെ ചെല്ലാൻ പറ്റാത്തതിൽ മനസ്സ് വല്ലാതെ കുണ്ഠിതപ്പെട്ടിരുന്നു. ആ സങ്കടം മനസ്സിൽ കിടന്നു നീറുന്നത് കൊണ്ട് തന്നെയാണ് ഇത്തവണ ഏതുവിധേനെയും അവിടം സന്ദർശിക്കണമെന്ന് തീരുമാനിച്ചത്.പക്ഷെ ഓരോ തവണയും പല കാരണങ്ങളാൽ ആ യാത്ര നീണ്ടു നീണ്ടു പോയി. ഇനിയും വൈകിയാല് ശരിയാകില്ല എന്നാ തിരിച്ചറിവിലാണ് എല്ലാ പരിപാടികളും മാറ്റി വച്ച് കഴിഞ്ഞ ആഴ്ച പുറപ്പെടാൻ തീരുമാനിച്ചത്. നാട്ടിലേക്കുള്ള ടിക്കറ്റ് റദ്ദു ചെയ്ത് കൊല്ലൂർക്കുള്ള ബസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്തു, മുൻകൂട്ടി തന്നെ.

അങ്ങനെ ആ സുദിനം വന്നെത്തി. രാവിലെ ഓഫീസിലേക്ക് ഇറങ്ങുമ്പോൾത്തന്നെ യാത്രക്കുള്ള ബാഗും കൈയിൽ കരുതിയിരുന്നു. വൈകുന്നേരം ഓഫീസിൽ നിന്ന് നേരെ മജെസ്ടിക്കിലേക്ക് പോകാനാണ് പരിപാടി. പതിവായി വരാറുള്ള ഡ്രൈവർക്ക് പകരം വേറൊരാളെ കണ്ടപ്പോൾ തന്നെ എനിക്ക് ഒരു അപകടം മണത്തു. 8 : 30 -നാണു ബസ്. അതിനു മുൻപ് സ്റ്റാൻഡിൽ എത്തുക അത്ര എളുപ്പമല്ല. ബസ് കിട്ടാനുള്ള സാധ്യത കുറവാണ് എന്നെനിക്കു തോന്നി കാരണം ഏറ്റവും തിരക്കുണ്ടാവാൻ ഇടയുള്ള റൂട്ട് ആണ് ഡ്രൈവർ തിരഞ്ഞെടുത്തത്. ആ വഴിയിലാണെങ്കിലോ മുടിഞ്ഞ തിരക്കും! പോരെ പൂരം. ഞാൻ എല്ലാ ആഗ്രഹങ്ങളും വെടിഞ്ഞു പുറത്തേക്കും നോക്കിയിരുന്നു; അല്ലാതെന്തു ചെയ്യാൻ. പക്ഷെ പോകണം എന്നുള്ളത് വിധികല്പിതമാണ്. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് 10 മിനുട്ട് മുൻപേ ഞാൻ ഒക്കലിപ്പുരത്ത് വണ്ടിയിറങ്ങി. പെട്ടെന്ന് തന്നെ നടന്നു സ്റ്റാൻഡിൽ എത്തുകയും ബസ് പിടിക്കുകയും ചെയ്തു.വിശപ്പിന്റെ വിളി കാര്യമായുണ്ടായിരുന്നു. പക്ഷെ കഴിക്കാൻ സമയമില്ല. നേരെ ചെന്ന് തൊട്ടടുത്ത കടയിൽ നിന്ന് അര ലിറ്റർ വെള്ളവും രണ്ടു ദില്പസന്തും വാങ്ങി ബസ്സിൽ ഇരുന്നു. കൃത്യസമയത്ത് തന്നെ ബസ് പുറപ്പെട്ടു. വയറിന്റെ ആഗ്രഹം തടുക്കാൻ പറ്റിയില്ല, വേഗം തന്നെ ഒരു ദില്പസന്തെടുത്തു കഴിച്ചു. എന്റെ ആക്രാന്തം കണ്ടിട്ടോ അതോ അതിന്റെ മണം കാരണമോ എന്റെ സഹയാത്രികൻ പിന്നിലേക്ക് ചാഞ്ഞിരുന്നു ഉറങ്ങാൻ തുടങ്ങി.

കുറച്ചേറെ സമയമെടുത്തു നഗരത്തിന്റെ ഊരാക്കുടുക്കിൽ നിന്ന് പുറത്തിറങ്ങാൻ. ശുദ്ധവായു കിട്ടിയപ്പോൾ എന്നെപ്പോലെ തന്നെ ബസ്സിനും ആശ്വാസമായി എന്ന് തോന്നി. അത് അത്യാവശ്യം വേഗതയിൽ കൊല്ലുരിനെ ലക്ഷ്യമാക്കി കുതിക്കാൻ തുടങ്ങി. തണുത്ത കാറ്റും നേർത്ത പ്രകാശമുള്ള അന്തരീക്ഷവും - എല്ലാം കൂടി മനസ്സിന് ഒരു ഉന്മേഷം അനുഭവപ്പെട്ടു. കുറെ നേരം പുറത്തേക്കു നോക്കിയിരുന്നു, ഒടുവിൽ 10 : 30 കഴിഞ്ഞപ്പോൾ പതുക്കെ നിദ്രാദേവി എന്നെയും അനുഗ്രഹിച്ചു.

രണ്ടു മൂന്നു തവണ ബസ് നിർത്തിയപ്പോഴൊക്കെ ഞാനും ഇറങ്ങി ജലസേചനം നടത്തി. തുടർന്നുള്ള യാത്രയിലെപ്പോഴോ ബസ് എവിടെയോ നിർത്തിയ പോലെ തോന്നി. കണ്ണ് തുറക്കാൻ പോയില്ല. വീണ്ടു ഒരു വശത്തേക്ക് ചെരിഞ്ഞിരുന്നു ഉറങ്ങാൻ തുടങ്ങി. എങ്കിലും കുറച്ചു കഴിഞപ്പോൾ ഉണർന്നു. ബസ് ഇപ്പോഴും അവിടെ തന്നെ നില്ക്കുകയാണ്. എന്താ കാര്യമെന്നറിയാൻ ചുറ്റും നോക്കിയപ്പോഴാണ് മനസ്സിലായത് സഹ്യാദ്രിയിലൂടെയുള്ള യാത്രയാണെന്നും മുന്നിൽക്കൂടി വരുകയായിരുന്ന ഒരു ലോറി അപകടത്തിൽ പെട്ടതിനെ തുടർന്ന് യാത്ര നിലച്ചതാണെന്നും. കുറച്ചു നേരം ഒരു വിഡ്ഢിയെ പോലെ മിഴിച്ചിരുന്നു.വീണ്ടും തടസ്സമാണല്ലോ മഹാദേവ എന്ന് മനസ്സിൽ കരുതി. അപ്പോഴാണ് ആണുങ്ങളെല്ലാം ഇറങ്ങണമെന്ന് കണ്ടക്ടർ വന്നു പറയുന്നത്. ഞങ്ങൾ കുറച്ചുപേർ പറയുന്നതിന് മുൻപ് ചാടിയിറങ്ങി. ചില ബുദ്ധി രാക്ഷസന്മാർ കേട്ട ഭാവം നടിക്കാത ഉറങ്ങുന്നതായി ഭാവിച്ചു. ആൾക്കാർ ഇറങ്ങിയപ്പോള് ബസ്സിന്റെ ഭാരം കുറയുകയും ഡ്രൈവർ  സാഹസികമായി ഒരു വശത്ത് കൂടി ലോറിയെ മറികടന്നുപോയി കുറച്ചു മുൻപിൽ നിർത്തുകയും ചെയ്തു. വീണ്ടും കയറി. ഉറങ്ങാൻ നോക്കിയെങ്കിലും വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിലൂടെയുള്ള യാത്രയായതിനാൽ അതിന് കഴിഞ്ഞില്ല. വെറുതെ പുറത്തേക്കു നോക്കിയിരുന്നു. ഇതൊന്നും അറിയാതെ സഹയാത്രികൻ ഇപ്പോഴും ഉറക്കത്തിലാണ്. 'ഭാഗ്യവാൻ', ഞാൻ  ചിന്തിച്ചു. സമയം പിന്നെയും പതുക്കെ ഇഴഞ്ഞു പോവുകയാണ്. ബസ് വീണ്ടും നിർത്തി. ഇത്തവണ കണ്ടക്ടർ വന്നത് മറ്റൊരു ഭൂകമ്പവും കൊണ്ടാണ്. ടയർ  പഞ്ചറായി പോലും..!!! ഒരു അരമണിക്കൂർ ദൂരം ബാക്കിയുണ്ടാകുമ്പോഴാണ് ഈ സംഭവം. ബസ്സിൽ വെറുതെ ചടഞ്ഞിരിക്കുന്നതിൽ കാര്യമില്ലാത്തതിനാൽ പുറത്തിറങ്ങി.കാനന ഭംഗിനുകർന്നു. ടയർ മാറ്റുന്ന പ്രക്രിയ നോക്കി നിന്നു. ഇപ്പോൾ തന്നെ ബസ് വൈകിയാണ് ഓടുന്നത്. അതിന്റെ കൂടെയാണ് പഞ്ചറും റോഡ് ബ്ലോക്കും ഒക്കെ. അര മണിക്കൂർ അവിടെ പോയിക്കിട്ടി. യാത്രതുടർന്നു. ഉറക്കം നഷ്ട്ടപ്പെട്ടിരുന്നു. സഹയാത്രികൻ ഇതും അറിയുന്നില്ല. പുറത്തേക്കു നോക്കിയിരിക്കുന്നതിനിടയിൽ എന്റെ ചിന്തെ ഇപ്പോൾ  വേറൊന്നിലേക്ക്  തെന്നിപ്പോയി, അത് എന്റെ സമാധാനം വീണ്ടും നശിപ്പിച്ചു.

എന്റെ മനസ്സമാധാനം കളഞ്ഞ ചിന്ത എന്തായിരിക്കാം? പ്രശ്നം ഇതാണ്..ഞാൻ  മുറി ബുക്ക് ചെയ്തിട്ടില്ല ..ഇപ്പോൾ എന്റെ ചിന്ത എവിടെ താമസിക്കും എന്നതാണ്..റൂം കിട്ടുമോ അതോ നാട്ടിലേക്കു ബസ് പിടിക്കേണ്ടി വരുമോ..? എങ്കിലും അങ്ങിനെയൊന്നും പനയാലപ്പൻ എന്നെ കൈവിടില്ല എന്ന പ്രതീക്ഷയും എനിക്കുണ്ടായിരുന്നു. മനുഷ്യന്റെ ഒരു കാര്യം. ഒരു പ്രശ്നം തീരുമ്പോഴേക്കും അടുത്തത്. ഇങ്ങനെ മനസ്സമാധനമില്ലാതെയാണ് എല്ലാവരും ജീവിക്കുന്നത്. കുറച്ചു സമയത്തിനുള്ളിൽ ഞാൻ കൊല്ലൂരിൽ ബസ്സിറങ്ങി.  നേരെ സൗപർണ്ണിക ലോഡ്ജ് ലക്ഷ്യമാക്കി നടന്നു. പണ്ട് മുതലേ താമസിക്കുന്ന ഇടമായതിനാൽ അവിടേക്ക് തന്നെ ആദ്യം ചെല്ലാം എന്ന് കരുതുകയായിരുന്നു. അവിടെ കയറിയ ഞാൻ പെട്ടെന്ന് തന്നെ ഇറങ്ങി നടന്നു, കാരണം ലളിതം റൂം ഇല്ല. എന്ത് ചെയ്യേണ്ട് എന്ന് ചിന്തിച്ച ഞാൻ കുറച്ചു സമയത്തിനകം ശ്വേത ലോഡ്ജിൽ മുറിയെടുക്കുന്നു. എങ്ങിനെ..? അതാണു ട്രിക്ക്. സൗപർണ്ണികയിൽ നിന്നുമിറങ്ങിയ ഞാൻ എന്റെ ചെറിയ ഇളയമ്മയെ ഫോൺ ചെയ്തു കാര്യം പറയുന്നു. ശ്രീമതി അത് DSP -യോട് പറയുന്നു. DSP കൊല്ലൂർ പോലിസ് സ്റ്റേഷനിലേക്ക് വിളിക്കുന്നു. ആ വിവരം എന്നോട് പറയുന്നു. ഞാൻ സ്റ്റേഷനിൽ ചെല്ലുന്നു, പോലിസിനെ കാണുന്നു, അങ്ങേര്  എന്നെ ഒരു ബ്രോക്കറിനെ ഏല്പ്പിക്കുന്നു. മുറി കിട്ടി വളരെ ലളിതമായി. അതിനു ശേഷം പയ്യനോട് ചോദിച്ചു എന്താ ആദ്യം മുറി കിട്ടാതിരുന്നതെന്ന്? അവൻ പറഞ്ഞ മറുപടി എല്ലാവർക്കും ബാധകമാണ്. ഒറ്റയ്ക്ക് വന്നാൽ മുറി കൊടുക്കാൻ പാടില്ല എന്ന് പോലിസ് അറിയിപ്പുണ്ടത്രേ..!!! എന്തായ്യാലും മുറി കിട്ടി. നാട്ടിലേക്കു ഫോൺ വിളിച്ചു. ശേഷം, കലാപരിപാടികൾ തീർത്ത് ശാപ്പാടും അടിച്ച് നേരെ സന്നിധിയിലേക്ക്. ഞാൻ ആരെ കാണാനാണോ വന്നത് അവിടുത്തേക്ക്.

നന്നായി തൊഴുതു, പ്രാർഥിച്ചു, എല്ലാവർക്കും വേണ്ടി. പിന്നെ നമ:ശിവായ മന്ത്രം ഉരുവിട്ട് കൊണ്ട് പ്രദക്ഷിണം നടത്തി. സരസ്വതി മണ്ഡപത്തിൽ  ഇരുന്ന് ചിന്തയും മനസ്സും ദേവിയിലേക്ക് അർപ്പിക്കാൻ ശ്രമിച്ചു. പൂർണ്ണമായും വിജയിച്ചില്ല. എങ്കിലും ശ്രമംതുടർന്നു. മൂകാംബിക ദേവിക്ക്  അലങ്കാര പൂജ കഴിപ്പിച്ചു, ത്രിമധുരം, പഞ്ചാഗഞ്ചായം ഒക്കെ വാങ്ങി മുറിയിലേക്ക് മടങ്ങി. വിശദമായി മാതൃഭൂമി വായിച്ചു. വീണ്ടും തിരുനടയിലേക്ക്, വീണ്ടും ദർശനം. കണ്ടിട്ടും മതിയായില്ല. പുറത്തിറങ്ങി വീണ്ടും കയറി. അങ്ങനെ 3 തവണ. മന്ത്രോച്ചാരണത്തോടെ പ്രദക്ഷിണം. അപ്പോഴേക്കും തിരക്ക് വർദ്ധിക്കാൻ തുടങ്ങി. ദേവി സന്നിധിയിലേക്ക് ഭക്തർ ഒഴുകുകയാണ്. തിരക്കായതോടെ അകത്തു കയറുന്നത് നിർത്തി പുറത്തിരുന്നു. കുറച്ചു നേരം ഇരുന്നപ്പോൾ വിശപ്പിന്റെ വിളി വന്നു. നേരെ അഗ്രശാലയിലേക്ക്. സാമ്പാറും രസവും മോരും,പായസവും കൂട്ടിയുള്ള ഊണ്. വയറു നിറഞ്ഞു. തിരിച്ചു വന്ന് സരസ്വതി മണ്ഡപത്തിലിരുന്നു. തിരക്ക് കഴിയുന്നത് വരെ അത് തുടർന്നു. വരുന്ന ആൾക്കാരെ നോക്കിക്കൊണ്ട്. പല തരത്തിലുള്ളവർ. പക്ഷെ ക്ഷേത്ര സന്ദർശനം ഒരു ആഘോഷമാക്കി മാറ്റുന്ന കാഴ്ചയാണ് അവിടെയുണ്ടായിരുന്നത്. പ്രാർത്ഥിക്കുമ്പോൾ പോലും കൈയ്യിൽ ക്യാമറ. 
ഉപപ്രതിഷ്ഠകളുടെ ശ്രീ കോവിലിനുള്ളിലേക്ക് നോക്കി ഫോട്ടോ എടുക്കുന്ന കൂട്ടത്തിന് പ്രായം ഒരു ഘടകമായിരുന്നില്ല. നിശബ്ദത പാലിക്കേണ്ട സ്ഥലങ്ങളിൽ പോലും ശബ്ദമുഖരിതമാക്കി അനുഷ്ഠാനത്തെയും ആഘോഷമാക്കി മാറുന്ന ഒരു തലമുറയാണ് വളർന്നു വരുന്നത് എന്നോർത്തപ്പോൾ വിഷമം തോന്നി. കൊല്ലുരിന്റെ മാത്രം പ്രത്യേകതയായിരുന്നു നിറഞ്ഞു നില്ക്കുന്ന നിശബ്ദതയും ആത്മീയതയും. അതൊക്കെ കൈ മോശം വന്നു പോവുകയാണോ എന്ന് തോന്നിപ്പോയി ഈ കോപ്രായങ്ങൾ കാണുമ്പോൾ. നട അടക്കുന്നത് വരെ അവിടെ ഇരുന്നു. പുറത്തിറങ്ങുന്നതിന് തൊട്ടു മുൻപ് വീണ്ടും കയറി വന്ദിച്ചു. കണ്ടിട്ടും മതി വരാത്ത കാഴ്ച തന്നെയാണ് സംശയമേതുമില്ല. എന്തൊരു ചൈതന്യമാണ് ഈ മൂർത്തിക്ക്! കോല മഹർഷി പൂജിച്ചിരുന്ന ശിവലിംഗത്തിലേക്ക് ആവാഹനം ചെയ്തതാണത്രെ ഈ ലോകൈകനാഥയെ. ഒരു പാട് സമയം ആ സുന്ദര രൂപം കണ്ടു കൊണ്ടിരിക്കാൻ പൂജാരിമാർ സമ്മതിക്കാത്തതിനാൽ വേഗം പുറത്തേക്കു നടന്നു.

സായാഹ്നമാകുന്നത് വരെ മുറിയിലിരുന്നു പുസ്തകം വായിച്ചു. ഇടവേളകളെ ആനന്ദമാക്കാൻ ഞാൻ ഒരു പുസ്തകം കരുതിയിരുന്നു. നാല് മണിയായപ്പോൾ  പുറത്തിറങ്ങി നടന്നു. ചായ കുടിച്ചു. സൗപർണ്ണികയിൽ പോയി കാലും മുഖവും കഴുകി. വരുന്ന വഴിക്കുള്ള ഒരു കടയിൽ ചൂട് ഉള്ളിവട ഇരിക്കുന്നത് കണ്ടെങ്കിലും വയറു നിരഞ്ഞിരിക്കുന്നതിനാൽ വേണ്ടെന്നു വച്ചു. കുളിച്ചു വീണ്ടും ക്ഷേത്ര സന്നിധിയിലേക്ക്. ഭാഗ്യത്തിന് തിരക്കില്ലായിരുന്നു. നന്നായി തൊഴുതു. പ്രദക്ഷിണം വെച്ചു. ഇളം കാറ്റും സന്ധ്യയും ചേർന്ന അന്തരീക്ഷം ഈശ്വര സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായിരുന്നു. മനസ്സിന് വല്ലാത്ത ഒരു സുഖം തോന്നി. അങ്ങനെ ഇരിക്കുമ്പോൾ അങ്ങ് ദൂരെ ഒരു അവ്യക്ത ചിത്രം പോലെ കുടജാദ്രി മല തലയെടുപ്പോടെ നില്ക്കുന്നുണ്ടായിരുന്നു, ദേവി സന്നിധിയിലേക്ക് തന്നെ മിഴി നട്ട്. ഒരു പാട് തവണ കൊല്ലൂർ വന്നെങ്കിലും കുടജാദ്രി ഇന്നും എനിക്ക് അപ്രാപ്യമായി കിടക്കുന്നതെന്തേ എന്ന് തോന്നി. ഇത്തവണയും അങ്ങോട്ടുള്ള യാത്ര സാദ്ധ്യമല്ല. ശങ്കരാചാര്യർ തപം കൊണ്ട് ദേവിയെ പ്രസാദിപ്പിച്ച പുണ്യ ഭൂമി. ആ മണ്ണിൽ ചവുട്ടി നിൽക്കുകയെന്നു പറഞ്ഞാൽ അതിൽ പരം പുണ്യം വേറെന്തു വേണം. സന്ധ്യ സമയത്ത് കൊല്ലൂർ ഒരു വല്ലാത്ത അനുഭവമാണ്. അനിർവചനീയമായ ഒരു ആനന്ദം നമുക്ക് അനുഭവിക്കാൻ കഴിയും. ആ അനുഭൂതിയാണ് ആൾക്കാരെ പിന്നെയും പിന്നെയും ഇങ്ങോട്ട് ആകർഷിക്കുന്നതെന്ന് തോന്നാറുണ്ട്. ദീപസ്തംഭം തെളിച്ചപ്പോൾ അതിന്റെ ഭംഗി ആസ്വദിക്കാൻ  ആൾക്കാർ ക്യാമറയുമായി മത്സരിക്കുകയായിരുന്നു. ഒരു വല്ലാത്ത ആകർഷണീയത ആ ദീപങ്ങൾക്കുണ്ടെന്ന് തോന്നി. എല്ലാ തിരികളും ഒരുമിച്ചു ആകാശത്തില്‍ ജ്വലിച്ചു നില്ക്കുമ്പോൾ, ദേവിയുടെ അനുഗ്രഹത്തിനായി അവ തമ്മിൽ തമ്മിൽ മത്സരിക്കുകയാണോ എന്ന് പോലും തോന്നി. വല്ലാത്ത ഒരു കൌതുകമുണ്ടതിന്. ഒരു വലിയ കൽവിളക്കിൽ നൂറോളം തിരികൾ ഒരുമിച്ചു ജ്വലിച്ചു നില്ക്കുക, കുറച്ചു കഴിയുമ്പോൾ ഒരാവേശത്തിലെന്നപോലെ ആളിക്കത്തുക. ഒടുവിൽ കുറേ കരിയും പുകയുമായി എരിഞ്ഞടങ്ങുക. ശരിക്കും പറഞ്ഞാൽ നമ്മുടെ ജീവിതവും ഇത് പോലെ തന്നെയല്ലേ? അതോർമ്മിപ്പിക്കാൻ വേണ്ടിയാണോ പ്രതീകാത്മകമായി അമ്പലമുറ്റത്ത് ഈ കൽവിളക്ക് നിവർന്ന് നില്ക്കുന്നത്? ആർക്കറിയാം?

ഞാൻ വരുന്ന ആൾക്കാരെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ എത്ര കഴിഞ്ഞിട്ടും ഒരു പരിചിത മുഖം പോലും കണ്ടെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. കൊച്ചു കുട്ടികൾ ഒന്നുമറിയാതെ ഓടി കളിക്കുകയാണ്. അമ്മയോ അച്ഛനോ ചെന്ന് പിടിക്കുമ്പോൾ കരയുകയും നിലത്തിറങ്ങാൻ ശാഠ്യം പിടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സർവ്വസ്വതന്ത്രമായ ബാല്യം. ഒരു പക്ഷെ ഇത്രയും സമാധാനത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞു കൂടുന്ന കാലം ഒരാളുടെയും ജീവിതത്തിൽ പിന്നീടുണ്ടാവില്ല. ഏതു ഗൌരവക്കാരനും ഒന്ന് അയഞ്ഞു പോകുന്ന നിഷ്കളങ്ക ബാല്യം. ഈശ്വരൻ തന്നെയാണ് കുഞ്ഞുങ്ങൾ എന്ന് പറയുന്നത് എത്ര ശരി എന്ന് തോന്നിപോകുന്നു. അതിനിടയിലാണ് ഒരു കുട്ടി അവിടെയിരിക്കുന്ന ഒരു സ്വാമിയുടെ ഫോട്ടോയെടുക്കുന്നത് ശ്രദ്ധിച്ചത്. അദ്ദേഹം ഒരു ചെറു പുഞ്ചിരിയോടെ അവന്റെ കലാപരിപാടിക്കായി നിന്ന് കൊടുക്കുകയും ഒപ്പം തന്നെ അതാസ്വാദിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ ഒരു പാട് സമയം പോയി. ഇടയ്ക്ക് ഒന്നെഴുന്നേറ്റ് ഒരു പ്രദക്ഷിണം വച്ചു. ജനങ്ങൾ പ്രവഹിക്കുകയാണ്. ഇനി ഇപ്പോഴൊന്നും ദർശനം നടത്താം എന്ന പ്രതീക്ഷ വേണ്ട. ആൾക്കാരുടെ Q കമ്പിവേലിയും കഴിഞ്ഞു പുറത്തെത്തിയിരിക്കുന്നു.

സരസ്വതി മണ്ഡപത്തിൽ കുറച്ചു കലാപരിപാടികൾ ഉണ്ടായിരുന്നു. ഒരു പെൺകുട്ടിയുടെ നൃത്തവും വേറെ 2-3 ആൾക്കാരുടെ ഭക്തി ഗാനങ്ങളും. മൈക്ക് ഇല്ലാത്തതിനാൽ ഒരു പൊലിമ ഉണ്ടായിരുന്നില്ല. എങ്കിലും അത് കഴിയും വരെ ഞാൻ അവിടെ ചുറ്റി പറ്റി നിന്നു. സമയം കുറെയായി. ഞാൻ  അടുത്ത കർമ്മത്തെക്കുറിച്ചാലോചിച്ചു. സമയം നോക്കി, മെല്ലെ അഗ്രശാലയിലേക്ക് നടന്നു. ഇരിക്കാൻ സ്ഥലമുണ്ടായിരുന്നു. വിഭവസമൃദ്ധമല്ലെങ്കിലും ഈ ആഹാരത്തിന് ഒരു പ്രത്യേക സ്വാദുണ്ട്  .ഇവിടെ വരുമ്പോഴൊക്കെ അനുഭവിക്കാറുള്ളതാണ്. സ്വാദിഷ്ടമായ ഭക്ഷണം കഴിഞ്ഞ് വീണ്ടും അമ്പലത്തിനകത്തേക്ക് ചെന്നു. തിരക്ക് കുറഞ്ഞിരിക്കുന്നു. വൈകുന്നേരം കുട്ടികൾക്കായി വാങ്ങിയ കറുത്ത ചരട്പൂജിക്കാൻ ഒരു ശാന്തിക്കാരനെ ഏൽപ്പിച്ചു. അയാളാകട്ടെ ഒരു ഇരയെ കിട്ടിയ സന്തോഷത്തോടെ ചരട് വാങ്ങി ശ്രീകോവിലിനകത്തെക്ക് ചെന്നു. ശാന്തിക്കാരൻ പോലും പുതിയ കാലത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നു. കാശു കൊടുക്കുന്നവർക്ക് പ്രസാദം ഇലയിൽ പ്രത്യേകമായി കൊടുക്കുന്ന കാഴ്ച കണ്ടു. അല്ലാത്തവർക്ക് വെറും ദർശനം മാത്രം.!! ദക്ഷിണ കൊടുത്തതിനുശേഷം പൂജിച്ച മാല വാങ്ങി പുറത്തേക്കു നടന്നു. കഷായ തീർഥം കൂടി കിട്ടാനുണ്ട്. അതിനും നീണ്ടൊരു Q. ആൾക്കാരൊക്കെ വലിയ കുപ്പികളൊക്കെ പിടിച്ചാണ് നിൽപ്പ്. ഇവിടുത്തെ കഷായത്തിന് ഒരു പാട് പ്രത്യേകതകളുണ്ടെന്ന് പറയാറുണ്ട്. ദഹനത്തിനും  ഒജസ്സിനും ഒക്കെ നല്ലതാണത്രേ. കുറച്ചു നേരം Q നിന്നു.പാത്രമൊന്നും കരുതിയില്ലായിരുന്നു, ഇത്തിരി കയ്യിൽ വാങ്ങിക്കുടിച്ചു. ആൾക്കാരുടെ ബാഹുല്യമായിരിക്കണം കഷായത്തിന്റെ സാന്ദ്രത വല്ലാതെ കുറഞ്ഞിട്ടുണ്ട്. എങ്കിലും ദേവിയുടെ പ്രസാദമല്ലേ, ഭക്തി പുരസരം തന്നെ അമൃത് പോലെ കഴിച്ചു. നട അടക്കാറായി. ആളുകളെ പുറത്താക്കാൻ തുടങ്ങിയിരിക്കുന്നു. കൊടിമരച്ചോട്ടിൽ നമസ്ക്കരിച്ചതിന് ശേഷം പുറത്തേക്കു നടന്നു. പോകുന്ന വഴിക്ക് ഒരു കുപ്പി വെള്ളവും കുറച്ചു മധുരവും വാങ്ങി. മുറിയിൽ ചെന്നു വേഷം മാറി, ഡയറി എഴുതി. രാവിലെ വായിച്ചു കൊണ്ടിരുന്ന പുസ്തകം വീണ്ടും വായിക്കാൻ തുടങ്ങി. കുറച്ചു നേരം വായിച്ച് ഉറങ്ങാൻ കിടന്നു. അതിനു മുൻപ് രാവിലെ 4 മണിക്ക് അലാറം വച്ചിരുന്നു.

അങ്ങനെ മൂകാംബിക സന്നിധിയിലെ ഒരു പകൽ കഴിഞ്ഞു. ആഗ്രഹിച്ചതു  പോലെ നന്നായി തൊഴാൻ കഴിഞ്ഞു. എല്ലാവർക്കും വേണ്ടി പ്രാർഥിച്ചു. ഒറ്റയ്ക്കായതിനാൽ ഈ യാത്രക്ക് ഒരു സുഖം തോന്നി. നാളെ കാലത്തെഴുന്നേറ്റ് നിർമാല്യം തൊഴാൻ പോകുന്നതിനെക്കുറിച്ച് ആലോചിച്ചു ഉറങ്ങാൻ കിടന്നു. എപ്പോഴാണെന്നറിയില്ല ഞാൻ പതുക്കെ ഉറക്കത്തിലേക്കു വഴുതി വീണു.

കൃത്യം നാല് മണിക്ക് തന്നെ അലാറം ശബ്ദിച്ചു. മഹാദേവനെ ഉള്ളാലെ പ്രാർഥിച്ച് വലത്തോട്ട് തിരിഞ്ഞെഴുന്നേറ്റു. പ്രഭാതകൃത്യങ്ങളൊക്കെ പെട്ടെന്ന് തീർത്ത് 4:30-നു മുൻപ് മുറി പൂട്ടിയിറങ്ങി. അമ്പലത്തില് ചെന്നപ്പോൾ 4-5 പേർ  പുറത്തു Q നില്ക്കുന്നു. ഗോപുരം തുറന്നിട്ടില്ല. 1/2 മണിക്കൂറോളം അവിടെ നിൽക്കേണ്ടി വന്നു. അപ്പോഴേക്കും Q നീണ്ടു വലുതായിരുന്നു. 5 മണിക്ക് അകത്തേക്ക് പ്രവേശിച്ചു. ഒരു പാട് നേരം തൊഴുതു. ഗണപതിയെയും നാഗരാജാവിനേയും ശങ്കരസ്വാമികളെയും വന്ദിച്ചു പുറത്തിറങ്ങി. പ്രദക്ഷിണ വഴിയിൽ മന്ത്രങ്ങളുമായി ഈശ്വരനിലേക്ക് അടുക്കാൻ ശ്രമിച്ചു. കുറേക്കാലത്തിനു ശേഷം കിഴക്ക് വെള്ള കീറുന്നത് കണ്ടു, ശബ്ദം കേട്ടില്ലെങ്കിലും. ആൾക്കാർ വന്നു കൊണ്ടേയിരുന്നു. ഒരു മണിക്കൂറിനു ശേഷം തിരിച്ചു പോയി. ഭക്ഷണം കഴിച്ചു 9:30 വരെ കിടന്നുറങ്ങി. പിന്നീട് പുറത്തിറങ്ങി കടകൾ നോക്കി നടക്കാൻ തുടങ്ങി. രണ്ട് കല്ല് മാല വാങ്ങണം, പിന്നെ പത്രവും. മിക്ക കടകളിലും ചെറിയ ആൾക്കൂട്ടമെങ്കിലും കാണാം. നടന്ന് നടന്ന് ഒരു പുസ്തക കടയുടെ മുൻപിലെത്തി. അവിടുത്തെ അമ്മ സ്നേഹത്തോടെ എന്നെ അകത്തേക്ക് ക്ഷണിച്ചു. ഞാൻ അവിടെ കണ്ട പുസ്തകങ്ങളൊക്കെ നോക്കി. ദേവി മാഹാത്മ്യം, ശ്യാമളാദണ്ഡകം തുടങ്ങിയ അഞ്ചോളം പുസ്തകങ്ങൾ വാങ്ങി. അതിനിടയിൽ ആ അമ്മയുമായി കൂടുതൽ  പരിചയപ്പെട്ടു. കണ്ണൂർ സ്വദേശിനിയാണ്, ഭർത്താവ് മരിച്ചു പോയി. പ്രായമായി കൂടാതെ വാതത്തിന്റെ ശല്യവും വേണ്ടുവോളമുണ്ട്. അതിനാൽ  വേണ്ടപ്പെട്ടരാൾക്ക് കട കൈമാറി ശേഷം ജീവിതം നാട്ടിൽ ജീവിക്കാനാണ് പരിപാടി. എന്നോടും വിശേഷങ്ങളൊക്കെ ചോദിച്ചു. കുറച്ചുനേരത്തിനു ശേഷം ഞാൻ യാത്ര പറഞ്ഞിറങ്ങി. സ്നേഹത്തോടെയുള്ള അവരുടെ സംസാരം മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു. ഉച്ചക്ക് വീണ്ടും അമ്പലത്തിൽ പോയി. തിരക്കില്ലാത്ത സമയമായിരുന്നു. നിർന്നിമേഷനായി ഒരു പാട് നേരം ദേവിയെ നോക്കി നിന്നു. കണ്ണ് തുറന്നു പ്രാർഥിക്കുന്നതാണ് എനിക്കിഷ്ടം. കഷ്ട്ടപ്പെട്ട് ഇവിടം വരെ വന്നിട്ട് ദേവിയെ കാണുമ്പോൾ കണ്ണടക്കുന്നത് ശരിയല്ല എന്ന് തോന്നി. അഗ്രശാലയിൽ ചെന്നെങ്കിലും തിരക്കുണ്ടായിരുന്നു. തിരിച്ചു വന്നു വീണ്ടും തൊഴുന്നതിനിടയിൽ ഫോണ് റിംഗ് ചെയ്തു, എങ്കിലും എടുത്തില്ല. അല്ലെങ്കിലും അമ്പലത്തിനകത്ത് ഫോൺ ഉപയോഗിക്കുന്നതിനോട് എനിക്ക് യോജിക്കാൻ  കഴിയില്ല.

ഇത് പറയുമ്പോഴാണ് ഞാൻ വേറൊരു സംഭവം ഓർത്തത്. കാലത്ത് നടന്നതാണ്. കുട്ടികളുടെ വിദ്യാരംഭ ചടങ്ങുകൾ നടക്കുകയായിരുന്നു. ഞാൻ  അതും വീക്ഷിച്ചു കൊണ്ട് നിൽക്കുകയായിരുന്നു. കുറേപേർ വന്നും പോയിമിരുന്നു. ഒരു സ്ത്രീയുടെ പ്രവൃത്തി എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. കുട്ടിയെ മടിയിലിരുത്തി മറുകൈയിൽ ക്യാമറയും പിടിച്ച് തന്റെ മകന്റെ വിദ്യാരംഭം റെക്കോർഡ് ചെയ്യുകയാണ്. പൂജാരി പറയുന്നതോ ചെയ്യുന്നതോ ഒന്നും ആ സ്ത്രീ ശ്രദ്ധിക്കുന്നേയില്ല. അവരുടെ ശ്രദ്ധ മുഴുവനും ക്യാമറയിലാണ്. ആ ചടങ്ങ് തീരും വരെ അവർ അങ്ങനെ തന്നെയായിരുന്നു . ഈശ്വരനിൽ മനസ്സർപ്പിക്കാതെ അമ്പലത്തിനകത്ത് വച്ച് ഹരിശ്രീ കുറിച്ചാൽ കുട്ടി കളക്ടര് ആകും എന്ന ധാരണയാണ് എല്ലവർക്കും. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ?

അമ്പലത്തില് നിന്ന് പുറത്തിറങ്ങിയതും വീണ്ടും ഫോൺ ശബ്ദിച്ചു. അയറോട്ടെ വേണുമാമ്മൻ ആണ്. അവർ കൊല്ലുരിലേക്ക് വരുന്നു, മുറി ബുക്ക് ചെയ്യണം എന്ന് പറഞ്ഞു. ശരി എന്ന് പറഞ്ഞു ഞാൻ അവിടെയുണ്ടായിരുന്ന നല്ലൊരു ഹോട്ടലിൽ ചെന്നു, പക്ഷെ അവിടെ മുറി ഒഴിവില്ലായിരുന്നു. അവരുടെ തന്നെ വേറൊരു ഹോട്ടലിൽ മുറി ശരിയാക്കി തന്നു. ഏതായാലും അവരാരും ആ മുറി ഉപയോഗിച്ചില്ല, ദൂ കൂടുതലാണെന്ന കാരണത്താൽ. അവർ അമ്പലത്തിനടുത്തു വേറെ മുറി എടുത്തു. അവരിൽ കുറച്ചുപേർ  കുടജാദ്രിയിലേക്ക് പോയി. അവർ പോയതിനു ശേഷം ഞാൻ മുറിയിലേക്ക് ചെന്നു. എന്റെ ഇന്നത്തെ ദിവസവും അവസാനിക്കാൻ പോകുകയാണ്. 7 മണിക്ക് ബംഗ്ലൂരിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിട്ടുണ്ട്. സാധനങ്ങളൊക്കെ ബാഗിൽ എടുത്തു വെച്ചു. കുളിച്ച് വീണ്ടും അമ്പലത്തിലേക്ക് പോയി. ഇത്തവണ വളരെ ശാന്തമായിരുന്നു പരിസരം. ജനങ്ങൾ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. കുറേ തവണ കേറി തൊഴുതു. പ്രദക്ഷിണം ചെയ്തു. 6 മണിക്ക് മടക്കയാത്രക്ക് തയ്യാറായി ഒരിക്കൽ കൂടി കയറി തൊഴുതു. 6:15 നു മുറി പൂട്ടി താക്കോൽ തിരികെ ഏല്പ്പിച്ചു. കിട്ടാനുള്ള കാശും വാങ്ങി ഞാന് ബസ് സ്റ്റാൻഡിലേക്ക് നടന്നു. കൃത്യസമയത്ത് തന്നെ ബസ് വന്നു. 7 മണിയോടുകൂടി അത് കൊല്ലൂരിൽ നിന്ന് എന്നെയും മറ്റുള്ളവരെയും വഹിച്ച് ബംഗ്ലൂരിനെ ലക്ഷ്യമാക്കി കുതിച്ചു.

തിരിഞ്ഞുനോക്കുമ്പോൾ വളരെ ആത്മസംതൃപ്തി തന്ന ഒരു സന്ദർശനമായിരുന്നു ഇത്തവണത്തേത് എന്ന് തോന്നി. ആദ്യമായാണ് ഒറ്റയ്ക്ക് കൊല്ലൂരിൽ വരുന്നത്. എങ്കിലും ഒരിത്തിരി പോലും മുഷിയാതെ അവിടെ കഴിച്ചു കൂട്ടാൻ പറ്റി എന്നതിൽ സന്തോഷം തോന്നി. പക്ഷെ മനസ്സിന് മതിയായിരുന്നില്ല, ഇനിയും വരണം ഈ പുണ്യഭൂമിയിലേക്ക്. ഈ ചൈതന്യം അനുഭവിക്കാൻ, ഈ വായു ശ്വസിക്കാൻ. എല്ലാം മറന്ന് ഇവിടങ്ങിനെ ഇരിക്കാൻ. 'വരും' പിന്നിലേക്ക് മറഞ്ഞു പോകുന്ന ക്ഷേത്രത്തെ നോക്കി മെല്ലെ ഞാൻ മന്ത്രിച്ചു. സഹ്യന്റെ മാറിൽ തഴുകി കടന്നുപോകുകയായിരുന്ന കാറ്റ് എന്നെ തലോടിക്കൊണ്ട് അതേറ്റുപറഞ്ഞു.