ഇന്ന് 1187 വൃശ്ചികം 25 ഡിസംബര്‍ 11 ഞായര്‍, 2011 .
പതിവിലും നേരത്തെ എല്ലാവരും ഉണര്‍ന്നു. അമ്മ അതി രാവിലെ എഴുന്നേറ്റു അടുക്കളയില്‍ കയറി ഭക്ഷണം ഉണ്ടാക്കാന്‍ തുടങ്ങി. സൌമ്യയും നേരത്തെ എഴുന്നേറ്റു. ഞാന്‍ കുറച്ചു നേരം കൂടി മോളുടെ ചൂടേറ്റു കിടന്നു എങ്കിലും 7 -മണിക്ക് മുന്പായി എഴുന്നേറ്റു. എന്നോടൊപ്പം തന്നെ മോളും ഉറക്കം മതിയാക്കി. ഇന്ന് ഞങ്ങളെ സംബന്ധിച്ച് ഒരു വിശേഷ ദിവസമാണ്.ഇന്നാണ് മോളുടെ ചോറൂണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.എല്ലാവരും ആ ഉത്സാഹത്തിലായിരുന്നു. പക്ഷെ ആഘോഷങ്ങള്‍ ഇത്തവണ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. പനയാല്‍ അമ്പലത്തില്‍ നിന്ന് നടത്താനാണു തീരുമാനിച്ചിരുന്നത്.അത് എന്റെ ആഗ്രഹമായിരുന്നു പനയലപ്പന്റെ തിരുനടയില്‍ നിന്ന് തന്നെ ചോറൂണ് നടത്തണം എന്നത്. 8 :30 മണിയോട് കൂടി എല്ലാവരും വീട്ടില്‍ നിന്ന് ഇറങ്ങി.ഞങ്ങള്‍ 6 പേര്‍ മാത്രം.അമ്പലത്തില്‍ ചെല്ലുമ്പോഴേക്കും ഉഷ പൂജ കഴിഞ്ഞു നട തുറന്നിരിക്കുകയായിരുന്നു. പനയലപ്പന്റെ കടാക്ഷത്തിനു പാത്രീഭൂതരായി ഞങ്ങള്‍ ആ സാന്നിധ്യത്തിന് മുന്‍പില്‍ പ്രാര്‍ത്ഥന നിരതമായ മനസ്സോടെ നിന്നു.കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും അതിയാംബൂരില്‍ നിന്നുള്ളവരും എത്തി - കുട്ടികളടക്കം 6 പേര്‍.
സമയം 8 :30 യ്ക്കും 9 : 30 യ്ക്കും ഇടയിലുള്ള ശുഭമുഹുര്‍ത്തം
അച്ചച്ചനെ കൊണ്ട് പേര് ചൊല്ലി വിളിപ്പിച്ചു ആ കൈ കൊണ്ട് തന്നെ ആദ്യത്തെ ഉരുള കുഞ്ഞുന്റെ വായില്‍ വച്ച് കൊടുക്കണം എന്നതായിരുന്നു എന്റെ ആഗ്രഹം.പക്ഷെ പ്രായാധിക്യം കാരണം ആ ആഗ്രഹം ഉപേക്ഷിച്ചു.ആ കര്‍മ്മം ഏറ്റെടുക്കാന്‍ ഞാന്‍ എന്റെ അച്ഛനോട് പറഞ്ഞെങ്കിലും നടുവേദന അതിനും തടസ്സമായി. കൂടാതെ ശാന്തിക്കാരന്‍ പറഞ്ഞു കുട്ടിയുടെ അച്ഛനാണ് ഈ കര്‍മ്മം ചെയ്യണ്ടത് എന്ന്.അങ്ങനെ ഞാന്‍ ഈ കര്‍മ്മം ഏറ്റെടുത്തു. മഹാദേവനെ ഒരിക്കല്‍ കൂടി തൊഴുതു ആദരപൂര്‍വ്വം ഭണ്ടാരസമര്‍പ്പണം നടത്തി ശന്തിക്കാര്‍ക്കും വാര്യര്‍ക്കും മാരാര്‍ക്കും ദക്ഷിണ കൊടുത്തു അവരുടെയൊക്കെ അനുഗ്രഹം വാങ്ങി മഹാദേവന് അഭിമുഖമായി ഷര്‍ട്ട് ഊരി മാറ്റി ചമ്രം പടിഞ്ഞിരുന്നു.കസവ് മുണ്ടുടുത്ത് മോള് എന്റെ മടിയില്‍ ഇരുന്നു.കാഴ്ചക്കാരായി മറ്റുള്ളവര്‍ ചുറ്റിലും.ശാന്തിക്കാരന്റെ നിര്‍ദ്ദേശമനുസരിച്ച് പനയാലപ്പനെ വണങ്ങി ഇടതു കൈ കൊണ്ട് മോളുടെ ഇടതു ചെവി പൊത്തി വലതു ചെവിയില്‍ പതുക്കെ മൂന്നുവട്ടം ഞാന്‍ ഉരുവിട്ടു - 'പ്രാര്‍ത്ഥന' ...'പ്രാര്‍ത്ഥന' ....'പ്രാര്‍ത്ഥന'...ഒരു പ്രാര്‍ത്ഥനയുടെ പുണ്യം പോലെ കിട്ടിയ എന്റെ മോള്‍ക്കും ഭൂമിയില്‍ പിറന്നു വീണു 5 മാസങ്ങള്‍ക്ക് ശേഷം ഒരു വിളിപ്പേരായി.ആ കുഞ്ഞിളം കാതില്‍ ഞാന്‍ പേര് ചൊല്ലി വിളിച്ചപ്പോള്‍ അമ്പലക്കുളത്തിലെ ഓളങ്ങള്‍ സൃഷ്ടിച്ച് ഓംകാരം ഉണര്‍ത്തുന്ന ആലിലകളെ തഴുകി വന്ന വടക്കന്‍ കാറ്റു മോളുടെ നെറുകയില്‍ ഉമ്മ വച്ച് കടന്നു പോയി. അദൃശതയില്‍ നിന്നു മഹാദേവന്‍ മോളെ അനുഗ്രഹിച്ചതായി എനിക്ക് തോന്നി. ആ നിര്‍വൃതിയില്‍ ഞാന്‍ സ്വയം അലിഞ്ഞു.
ഇനി അടുത്ത ഘട്ടം ചോറു കൊടുക്കലാണ്.ദേവന് അര്‍പ്പിച്ച നിവേദ്യചോരും ഉപ്പും തേനും പഴവും - ഇതാണ് വിഭവങ്ങള്‍. ആദ്യം ഉപ്പും ചോറും കൂടി ഒരു നുള്ള് ഞാന്‍ ആ തളിരിളം ചുണ്ടില്‍ വച്ച് കൊടുത്തു.ശേഷം തേന്‍ പിന്നെ ഒരിത്തിരി പഴം.വായിലേക്ക് തിരുകുന്നതിനു മുന്‍പ് എല്ലാം പുറത്തേക്കു തുപ്പുന്നുണ്ടായിരുന്നു അവള്‍.അമ്മിഞ്ഞപ്പാലിന്റെ രുചി മാത്രം അറിഞ്ഞ ആ പിഞ്ചു നാക്ക് ഈ ഭൂമിയിലെ മറ്റു രസങ്ങളെ കൂടി ഏറ്റു വാങ്ങാന്‍ ആദ്യമൊന്നു വിസമ്മതിച്ചതിന്റെ ലക്ഷണം ആയിരുന്നു അത്. എല്ലാവരും അവളുടെ മുഖഭാവം വീക്ഷിക്കുകയായിരൂന്നു. പിന്നെ അച്ചച്ചന്റെ ഊഴമായിരുന്നു,പിന്നെ അച്ഛന്‍, അമ്മ, സൌമ്യ അങ്ങനെ എല്ലാവരും രുചിയുടെ വകഭേദങ്ങള്‍ സ്വീകരിക്കാന്‍ അവളെ പഠിപ്പിച്ചു.നല്ല അനുസരണയോടെ എല്ലാം ഏറ്റു വാങ്ങിയ മോള്‍ പിന്നെ അക്ഷമ പ്രകടിപ്പിച്ചു തുടങ്ങി.കുഞ്ഞിളം വായിലൂടെ അവള്‍ കരഞ്ഞപ്പോള്‍ ഒരു പഞ്ചാക്ഷരി മന്ത്രം പോലെ ആ കരച്ചില്‍ നാലംബലത്തിനകത്തു പ്രതിദ്ധ്വനിച്ചു. മഹാദേവന്‍ ആ കരച്ചില്‍ ഏറ്റു വാങ്ങി അവളെ അനുഗ്രഹിച്ചിരിക്കണം.ഏതായാലും ചോറൂണ് കഴിഞ്ഞപ്പോള്‍ അവള്‍ കരച്ചില്‍ നിര്‍ത്തി. എഴുന്നേറ്റു തിരുനടയിലേക്ക് കൈ കൂപ്പി തൊഴുതു പിന്നെ ഓംകാര മന്ത്രങ്ങള്‍ ഉരുവിട്ടു കൊണ്ട് ഒരു പ്രദക്ഷിണം, ഉപദേവതമാരെയും തൊഴുതു.നടയില്‍ നിന്നു ഒരിക്കല്‍ കൂടി ദേവനെ തൊഴുതു പുറത്തേക്ക്. അവിടെ അനന്തശായിയായ മഹാവിഷ്ണു കുടികൊള്ളുന്ന പള്ളിയറ ഉണ്ട്.അവിടെയും തൊഴുതു പ്രദക്ഷിണം വച്ച് വീട്ടിലേക്കു മടങ്ങി.
നാവിലെ അസുഖകരമായ് സ്വാദോടെ, അന്വര്തമായ ഒരു പേര് കിട്ടിയ ചാരിതാര്ത്യവുമായി പ്രാര്‍ത്ഥനയും അവളുടെ ലോകത്തിലേക്ക്.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ