പേജുകള്‍‌

ഓർമ്മപ്പൂവുകൾ

 

ബാല്യകാലത്തിലെ മധുരസ്മരണകൾ കോർത്തിണക്കിക്കൊണ്ട് എഴുതിയ ഒരു പാട്ട്. കുന്ദലഹള്ളി കേരള സമാജത്തിലെ അംഗവും 'കൂട്ട്' എന്ന സംഗീതകുടുംബത്തിലെ നേതാവായി ഞങ്ങൾ കരുതുന്ന ശാലിനി ആ വരികൾക്ക് ഈണം നൽകുകയും മനോഹരമായി ആലപിക്കുകയും ചെയ്തു. ആ സംഗീതത്തെ അതിമനോഹരമായ രംഗങ്ങളാൽ കോർത്തിണക്കാൻ മുന്നിട്ടിറങ്ങിയത് കഥകളും കവിതകളും മനസ്സിൽ താലോലിക്കുന്ന അനിലേട്ടൻ / അനിൽ ഭായി എന്നൊക്കെ ഞങ്ങൾ വിളിക്കുന്ന അനിൽകുമാർ കെ. മലയാളമനോരമ മ്യൂസിക് ഈ ചലിക്കുന്ന കാവ്യത്തെ പ്രേക്ഷകരിലേക്ക് എത്തിക്കാനും സഹായിച്ചു. 

താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് അത് ആസ്വദിക്കാവുന്നതാണ്.

https://www.youtube.com/watch?v=tzCU0WnvASw


ഓർമ്മയിൽ നിറയുന്നു പൊന്നോണം
ബാല്യകാലത്തിലെ നല്ലോണം
പൂക്കളിറുത്തും പൂക്കളമിട്ടും
സോദരരോടൊത്ത് കളിച്ച കാലം

സ്വപ്‌നങ്ങൾ പുഞ്ചിരിയിട്ട കാലം
കൺകളിൽ പൂക്കൾ വിരിഞ്ഞ കാലം
മനസ്സിലെ കോണിൽ വിരിയും മുഖമെൻ
ഹൃദയത്തിൽ പൂക്കളം തീർത്ത കാലം

ഏഴുവർണ്ണങ്ങൾ വിരിഞ്ഞ കാലം
ഏഴുരാഗങ്ങളിൽ വിടർന്ന കാലം
തൊടിയിലെ ചില്ലയിൽ പാടും കിളിയെൻ
മനതാരിൽ ഈണം നിറച്ച കാലം

കടപ്പാട്

 


ടി എൻ വാസുദേവൻ: കോഴിക്കോട് സർവ്വകലാശാലയിലെ ഫിസിക്സ് വിഭാഗം അദ്ധ്യാപകനായിരുന്നു. 1946 ൽ തൃശൂരിലെ മുളങ്കുന്നത്തുകാവ് എന്ന ഗ്രാമത്തിൽ ജനിച്ച അദ്ദേഹം ഓഗസ്റ്റ് 2 തിങ്കളാഴ്ച, 2021 ൽ ഇഹലോകവാസം വെടിഞ്ഞു. ജീവിച്ചിരിക്കുമ്പോൾ തനിക്കു കിട്ടിയ തൈകൾ നട്ട് വീടിനടുത്ത് ഒരു കാട്  അദ്ദേഹം സൃഷ്ടിക്കുകയുണ്ടായി. അകാലത്തിൽ  വിടപറഞ്ഞ ഇളയമകനും ഒടുവിൽ വാസുദേവൻ സാറും അന്ത്യവിശ്രമം കൊള്ളുന്നത് ഈ  മരങ്ങൾക്കിടയിലാണ്. ആ വാർത്തയുടെ അടിസ്ഥാനത്തിൽ കുറിച്ചിട്ട വരികൾ.


ഒറ്റയ്ക്ക് കുഴിയെടുത്ത്  

കൈ കൊണ്ട് മണ്ണ് കോരി 

ഓരോ ചെടിയും അയാൾ നട്ടു 

അവ അയാൾക്ക്‌ സമ്മാനമായി കിട്ടിയതായിരുന്നു 

അല്ല, അവയൊക്കെ സമ്മാനമായി ചോദിച്ചു വാങ്ങിയതായിരുന്നു 

അമൂല്യമായ സമ്മാനങ്ങൾ!!!

നിധി കാക്കുന്ന ഭൂതത്തെ പോലെ അയാൾ അവയെ സംരക്ഷിച്ചു 

അവയെ നട്ടു നനച്ചു വളർത്തി 

നെഞ്ചിലെ ചൂട് കൊടുത്ത് വളർത്തിയ 

മകനെ അയാൾ അവയെ ഏൽപ്പിച്ചു 

വെയിലും മഴയെ കൊള്ളാതെ കാത്തുകൊള്ളാൻ 

പാട്ടുമൂളി ഉറക്കാൻ 

ചാമരം വീശി കൂട്ടിരിക്കാൻ 

കാലം പിന്നെയും കടന്നുപോയി 

അയാളുടെ കൈയ്യാൽ പുതുമുളകൾ വീണ്ടും നാമ്പെടുത്തു 

തളിരിലകൾ മാനത്തേക്ക് മിഴിതുറന്നു 

ഒടുവിൽ ഒരുദിനം ആയാളും വന്നു  

ആ തണലേറ്റ് മണ്ണിൽ കിടക്കാൻ 

ഒറ്റയ്ക്കായ മകനെ കെട്ടിപ്പിടിച്ചുറങ്ങാൻ 

ചങ്കു പിടയുന്ന വേദനയോടെ അവ ചാമരം വീശി

തങ്ങളുടെ കൈകൾ വിടർത്തി ഉറങ്ങാതെ കാത്തിരിപ്പൂ  

മഴയത്ത് നനയാതെ വെയിലത്ത് വാടാതെ സംരക്ഷിക്കാൻ

എന്റെ ഗുരുനാഥൻ

 


ടി എൻ വാസുദേവൻ: കോഴിക്കോട് സർവ്വകലാശാലയിലെ ഫിസിക്സ് വിഭാഗം അദ്ധ്യാപകനായിരുന്നു. 1946 ൽ തൃശൂരിലെ മുളങ്കുന്നത്തുകാവ് എന്ന ഗ്രാമത്തിൽ ജനിച്ച അദ്ദേഹം ഓഗസ്റ്റ് 2 തിങ്കളാഴ്ച, 2021 ൽ ഇഹലോകവാസം വെടിഞ്ഞു. ആ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലിയർപ്പിക്കുന്നു. 


ആരായിരുന്നു ടി എൻ വാസുദേവൻ സാർ? കോഴിക്കോട് സർവ്വകലാശാലയിലെ ഫിസിക്സ് വിഭാഗത്തിൽ ദീർഘകാലം അദ്ധ്യാപകനായി ജോലി ചെയ്ത് നൂറുകണക്കിന് ശിഷ്യരുടേയും ഒരുപാട് സഹപ്രവർത്തകരുടെയും സ്നേഹത്തിനും ആദരവിനും പാത്രീഭവിച്ച ഒരാൾ. അത് അദ്ദേഹത്തെ കുറിച്ചുള്ള ലഘുവായ വിവരണം, പക്ഷെ അത്രയും മതിയോ? അതിനപ്പുറം എനിക്കാരായിരുന്നു അദ്ദേഹം? ചിന്തിച്ചിട്ടില്ല രണ്ടുദിവസം മുൻപ് വരെ. പക്ഷെ ചിന്തിക്കാൻ അദ്ദേഹത്തിന്റെ ശരീരം നിശ്ചലമാവേണ്ടിവന്നു. ആകസ്മികമായ ആ മരണത്തിൽ, ആ വാർത്തയുടെ നടുക്കത്തിൽ ഞാൻ പതുക്കെ തിരിച്ചറിയുകയായിരുന്നു എന്റെ ജീവിതത്തിൽ കണ്ടുമറന്ന ഒരുപാട് അദ്ധ്യാപകരിൽ ഒരാൾ മാത്രമല്ലായിരുന്നു അദ്ദേഹമെന്ന്. മറിച്ച് എന്റെ ഹൃദയത്തിൽ നിറഞ്ഞുനിന്നിരുന്ന എന്നാൽ ഞാൻ തിരിച്ചറിയപ്പെടാതെ പോയ അളവറ്റ സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ മൂർത്തീഭാവമായിരുന്നു എന്ന്. എത്ര പകർന്നാലും തീരാത്ത അറിവിന്റെ അക്ഷയപാത്രമായിരുന്നു എന്ന്. ഓർക്കുന്തോറും അഭിമാനം നിറച്ചിരുന്ന ഗുരുനാഥനായിരുന്നു എന്ന്. സാറിന്റെ മരണവാർത്ത അറിഞ്ഞത് മുതൽ ആരെയും വശീകരിക്കുന്ന നിഷ്കളങ്കമായ ചിരിയുമായി മുന്നിൽ നിൽക്കുകയാണ് അദ്ദേഹം. തല കുലുക്കിയുള്ള സന്തോഷപ്രകടനവും കൈയും കാലും വീശി ചുറ്റുമുള്ളതൊന്നും കാണാത്ത ദ്രുതഗതിയിലുള്ള ആ നടത്തവും വീണ്ടും വീണ്ടും തെളിയുകയാണ് കണ്മുന്നിൽ. കണ്ണടച്ച് താളം പിടിച്ച് കഥകളി പദം പാടുന്ന മാഷിന്റെ രൂപം ഒരു ചലച്ചിത്രത്തിലെന്ന പോലെ ഇതൾ വിരിയുകയാണ്, ആ നാദം എന്റെ കർണ്ണപുടങ്ങളിൽ അമൃത് ചൊരിയുകയാണ്. മുന്നിൽ നിൽക്കുന്ന ആൾ എത്ര ചെറിയവനായാലും അതിനേക്കാൾ വിനയത്തോടെ നിൽക്കുന്ന മാഷിന്റെ രൂപം മറക്കാനാവില്ല. സങ്കീർണ്ണമായ ഒരു സൂത്രവാക്യം ബോർഡിൽ എഴുതി വിശദീകരിച്ചതിന് ശേഷം ആ കർമ്മം ആസ്വദിച്ചുള്ള ഒരു ചിരിയുണ്ട്, എത്ര വർഷം നീണ്ടാലും മനസ്സിൽ നിന്ന് മാഞ്ഞുപോകില്ല ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ ക്ലാസ്സിൽ ഇരുന്ന ഒരാൾക്ക്. തികഞ്ഞ കലാകാരനായിരുന്ന വാസുദേവൻ സാറിനും അദ്ധ്യാപനവും ഒരു കല തന്നെയായിരുന്നു. ഒരു ഇരുത്തം വന്ന കഥകളി നടനെ പോലെ എന്നാൽ കുഞ്ചൻ നമ്പ്യാരെ പോലെ ലളിതമായ വാക്കുകളാൽ അദ്ദേഹം വിദ്യാർത്ഥികൾക്ക് മുന്നിൽ Quantum Physics  ആടിത്തിമിർക്കുകയായിരുന്നു. അതില്പരം സന്തോഷം മറ്റൊന്നിനുമില്ലെന്ന പോലെ. പുത്രവിയോഗം പോലെ കഠിനമായ വ്യഥകളാൽ പിടയുമ്പോഴും മറ്റുള്ളവരുടെ മുന്നിൽ ചിരിച്ച് സ്നേഹിച്ച് ആരോടും പരാതിയില്ലാതെ തന്റേതായ രംഗം അഭിനയിച്ചു തീർക്കുകയായിരുന്നുവത്രേ അദ്ദേഹം.

വാസുദേവൻ സാറിന്റെ ആകസ്മികമായ മരണത്തിനു ശേഷം ഫിസിക്സ് വിഭാഗം സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ മറ്റുള്ളവരെ പോലെ ദുഃഖം ഉള്ളിലൊതുക്കി ഞാനും പങ്കെടുത്തിരുന്നു. സഹപ്രവർത്തകർ ആദ്ദേഹത്തിന്റെ ഗുണങ്ങൾ എണ്ണിയെണ്ണി പറയുമ്പോൾ, അവർക്ക് നഷ്ടപ്പെട്ടത് സുഹൃത്തിനെയും സഹോദരനെയുമാണെന്ന് പറയുമ്പോൾ  സഹൃദയനായ ഒരു കലാകാരനെ വരച്ചിടുമ്പോൾ, അറിവിന്റെ നിറകുടമായി വിശേഷിപ്പിക്കുമ്പോൾ എന്റെ മനസ്സ് കേഴുകയായിരുന്നു. സാറിന്റെ അനിയന്റെ ഹൃദയസ്പർശിയായ വാക്കുകൾ ടി എൻ വാസുദേവൻ എന്ന തികച്ചും നാട്ടിൻപുറത്തുകാരനായ, കൃഷിയെയും പാരമ്പര്യകലയേയും നെഞ്ചോട് ചേർത്തുവെച്ച മുളങ്കുന്നത്തുകാവുകാരനായ ഒരു മനുഷ്യന്റെ ജീവിതം കാച്ചിക്കുറുക്കി കേൾവിക്കാരുടെ മുന്നിലേക്കെത്തിക്കുകയായിരുന്നു. അനിയനുണ്ടായ നഷ്ടം എത്രമാത്രം വലുതാണെന്ന് പറയാതെ തന്നെ അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ശബ്ദത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു. ഉള്ളിൽ ഒരു കടലോളം ദുഃഖം ആർത്തിരമ്പുമ്പോഴും ഒരു സാധാരണ ഗുരു ശിഷ്യ ബന്ധത്തിനപ്പുറം പറയാൻ, എന്നെന്നും ഓർമ്മയിൽ സൂക്ഷിച്ചു വെക്കാൻ മാത്രം അനുഭവങ്ങളൊന്നും എനിക്കില്ലാതെ പോയല്ലോ എന്ന കുറ്റബോധത്താൽ നീറുകയായിരുന്നു ഞാൻ. എനിക്ക് മുൻപും ശേഷവും അദ്ദേഹത്തിന്റെ ശിഷ്യരായവർ പോലും ആ വലിയ മനുഷ്യന്റെ സൗഹൃദത്തിന്റെ മാധുര്യം നുണഞ്ഞവരായിരുന്നു. അതിന്റെ ഓർമ്മകളിൽ നിർവൃതി കൊള്ളുകയായിരുന്നു. പക്ഷെ ഞാൻ? പഠനം കഴിഞ്ഞ് രണ്ടു തവണ മാത്രമേ പിന്നീട് സാറിനെ കാണാൻ കഴിഞ്ഞിരുന്നുള്ളൂ എന്നാണ് എന്റെ ഓർമ്മ. സാഹചര്യം അനുവദിക്കാത്തത് കൊണ്ടായിരുന്നോ? അല്ല എന്ന് വേണം പറയാം. ഫിസിക്സ് എന്ന വലിയ ലോകത്തു നിന്നും മാറി പുതിയ മേച്ചിൽ പുറങ്ങൾ അന്വേഷിച്ച് നടക്കുമ്പോൾ പലതും മാറ്റി വെക്കുകയായിരുന്നു, പലതിനും പ്രാധാന്യം കുറഞ്ഞുപോവുകയായിരുന്നു. തൊഴിൽ രഹിതനായ കാലം മാറി തൊഴിലാളി ആയപ്പോഴും ഹൃദയമിടിപ്പിനെക്കാൾ വേഗത്തിൽ ചലിക്കുന്ന കീബോർഡിന്റെ താളത്തിൽ ജീവിതം കുരുങ്ങിക്കിടക്കുമ്പോഴും അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥനെ ഓർത്തില്ല എന്നതാണ് സത്യം. കമ്പനികൾ മാറുമ്പോഴും ഉദ്യോഗക്കയറ്റം കിട്ടുമ്പോഴും മകൻ എന്ന നിലയിൽ നിന്നും ഭർത്താവും അച്ഛനുമൊക്കെയാകുമ്പോഴും തിരിച്ചറിഞ്ഞില്ല പിന്നിൽ ഉപേക്ഷിച്ചത് ഒരിക്കലും തിരിച്ചു കിട്ടാത്ത അറിവിന്റെ മാണിക്യങ്ങളായിരുന്നെന്ന്, നഷ്ടപ്പെട്ടുപോയത് ഒരിക്കലും കിട്ടാത്ത അനുഭവങ്ങളായി മാറേണ്ടിയിരുന്നവയാണെന്ന്. രണ്ടു ദശാബ്ദങ്ങൾക്കു ശേഷം പിന്നിട്ട വഴിയിലേക്ക് തിരിഞ്ഞു നോക്കുന്ന ഈ നേരത്ത് എനിക്കവിടെ കാണാൻ കഴിയും ഇരുനിറമുള്ള കൃശഗാത്രനായ നിസ്വനായ ഒരു മനുഷ്യന്റെ നിഷ്കളങ്ക മുഖം. തന്റെ കൈയ്യിലുള്ള അറിവുകളെല്ലാം മറ്റുള്ളവർക്ക് മടിയില്ലാതെ പകർന്നു നല്കാൻ തയ്യാറായി നിൽക്കുന്ന, കാഴ്ചയ്ക്ക് സാധാരണക്കാരിൽ സാധാരണക്കാരനായ എന്നാൽ അറിവിന്റെ കാര്യത്തിൽ ഒരു വിജ്ജ്ഞാന ഭണ്ഡാരമായ ഒരു മനുഷ്യൻ. 'എന്നെ മറന്നുവല്ലേ' എന്ന പരിഭവത്തോടെ, പിന്നെ 'എനിക്ക് പരാതിയൊന്നുമില്ല കേട്ടോ' എന്ന കുസൃതിച്ചിരിയോടെ നെറ്റിയിലേക്ക് വീഴുന്ന കറുപ്പിലും വെളുപ്പിലുമുള്ള കുറുനിരകൾ മാടിയൊതുക്കിക്കൊണ്ട്, ഒരു കീർത്തനം മൂളിക്കൊണ്ട്. എവിടെയോ വായിച്ചിട്ടുള്ളത് പോലെ ഇല്ലാതാകുമ്പോൾ മാത്രമേ നമുക്ക് എത്രമാത്രം പ്രീയപ്പെട്ടതായിരുന്നു നഷ്ടപ്പെട്ടത് എന്ന് നാം തിരിച്ചറിയുകയുള്ളൂ. ഇല്ലാത്ത തിരക്കുകൾ ഉണ്ടാക്കി ജീവിതത്തിൽ എന്തൊക്കെയോ നേടാൻ വ്യഗ്രതപ്പെട്ട് ഓടുമ്പോൾ, നാം അറിയേണ്ടിയിരുന്നത് മാത്രം നാം അറിയുന്നില്ല. പക്ഷെ ഒടുവിൽ തിരിച്ചറിവ് വരുമ്പോഴേക്കും കൈയ്യെത്താദൂരത്തേക്ക് അകന്നിട്ടുണ്ടാവും എല്ലാം.   അതെ, ഞാനും ഇപ്പോൾ അറിയുകയാണ് എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്റെ വാസുദേവൻ സാർ എന്നത്. പിന്നിട്ട വഴിത്താരകളിലെന്നോ ഉപേക്ഷിച്ചു കളയാനുള്ളതായിരുന്നില്ല ആ ഗുരുനാഥന്റെ സ്നേഹവാത്സല്യം എന്നത്. എന്റെ ഓരോ സിരകളിലും ഞാനറിയാതെ നിറഞ്ഞു നിന്നിരുന്നു അദ്ദേഹമെന്നത്. ആ കുറ്റബോധത്തിനിടയിലും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽ ഒരുവനായിത്തീരാനെങ്കിലും ഭാഗ്യമുണ്ടായല്ലോ എന്ന ചിന്തയോടെ സാറിന്റെ പാദാരവിന്ദങ്ങളിൽ ഈ ശിഷ്യന്റെ ഒരായിരം നമസ്കാരം..ആ ഓർമ്മകൾക്ക് മുന്നിൽ തീരാത്ത വേദനയോടെ ഒരു തുള്ളി കണ്ണീർ പ്രണാമം.