പേജുകള്‍‌

ഓർമ്മകൾ-2: ബന്ധങ്ങൾ വിളഞ്ഞ കാലം


ഏതാനും മാസങ്ങൾക്ക് മുൻപ് ഞാൻ എന്റെ പഴയൊരദ്ധ്യാപകനെ കണ്ടു. വർഷങ്ങൾക്ക് മുൻപ് കരുവേടകം യു പി സ്കൂളിൽ ആറിലും ഏഴിലും എന്നെ കണക്ക് പഠിപ്പിച്ച നാരായണൻ മാഷിനെ. യു പി സ്കൂൾ ആയതിനാൽ സ്വാഭാവികമായും ഏഴാം ക്ലാസ് കഴിഞ്ഞപ്പോൾ വേറെ സ്കൂളിൽ തുടർപഠനത്തിനായി പോയെങ്കിലും എന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഞാൻ മാഷിനെ കാണുന്നുണ്ടായിരുന്നു. അതിനാൽ തന്നെ എന്നെ കണ്ടപ്പോൾ 'ആരാ?' എന്നെ സംശയം ഒരിക്കലും മാഷിൽ നിന്നുണ്ടായില്ല. പണ്ട് ബഹുമാനത്തോടെ ഇത്തിരി പേടിച്ചായിരുന്നു മാഷിന്റെ മുന്നിൽ നിന്നിരുന്നതെങ്കിൽ ഇന്ന് പേടിയില്ലാതെ തമാശ പറഞ്ഞു നില്ക്കാൻ കഴിയുന്നു എന്ന വ്യത്യാസം മാത്രം. ഞാൻ എന്നും മനസ്സിൽ സൂക്ഷിക്കുന്ന ചുരുക്കം ചില അദ്ധ്യാപകരിൽ ഒരാളാണ് നാരായണൻ മാഷ്. ചീത്ത പറയാതെയും വടിയെടുക്കാതെയും കുട്ടികളെ പഠിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. രണ്ടു വർഷം മാത്രമേ ഞാൻ ഈ സ്കൂളിൽ പഠിച്ചിട്ടുള്ളൂ. പക്ഷെ എന്റെ സ്കൂൾ ജീവിതത്തിലെ ഏറ്റവും മികച്ച രണ്ടു വർഷങ്ങൾ ആയിരുന്നു ഇവ. ഞാൻ അത്രയേറെ ഊർജ്ജസ്വലനും സമർത്ഥനുമാണെന്ന് എനിക്ക് തോന്നിയ രണ്ടുവർഷം. 'അതിനുമാത്രം എന്ത് തേങ്ങയാ താൻ കാട്ടിക്കൂട്ടിയത്?' എന്ന് ചിന്തിക്കുന്നവരുണ്ടാകാം, അവർക്കുള്ള ഉത്തരമാണ് ശേഷം ഭാഗം. എന്റെ ഓർമ്മക്കുറിപ്പിലെ ഒന്നാം ഭാഗത്തിൽ പറഞ്ഞതുപോലെ അഞ്ചാംതരം വരെ ഞാൻ പഠിച്ചത് പനയാൽ ശ്രീ മഹാലിംഗേശ്വര സ്കൂളിൽ ആയിരുന്നു. അതുകഴിഞ്ഞാണ് കരുവേടകം യു പി സ്കൂളിൽ എത്തുന്നത്. എന്തിനായിരുന്നു ഈ മാറ്റം എന്ന ചോദ്യത്തിനുള്ള ഉത്തരം അന്നത്തെ പത്താം വയസ്സുകാരന് മനസ്സിലാവുന്നതായിരുന്നില്ല. ലോറിയിലായിരുന്നു പുതിയ സ്ഥലത്തേക്കുള്ള യാത്ര. അതുവരെ ഞങ്ങളുടെ കളിക്കൂട്ടുകാരായിരുന്നവർ സങ്കടപ്പെട്ട് നിൽക്കുമ്പോൾ ലോറിയുടെ പിന്നിലിരുന്ന് യാത്ര ചെയ്യാനുള്ള അവസരം കിട്ടിയതിലുള്ള സന്തോഷത്തിലായിരുന്നു ഞാൻ. ഒരു മെയ് മാസത്തിലായിരുന്നു ഈ യാത്ര. പുതിയ സ്ഥലത്തെത്തി ദിവസങ്ങൾക്കുള്ളിൽ എന്നെ തൊട്ടടുത്തുള്ള സ്കൂളിൽ ആറാം ക്ലാസ്സിൽ ചേർക്കുകയും ചെയ്തു. ഏട്ടന്മാരിൽ ഒരാൾ എട്ടാം ക്ലാസ്സിലും മറ്റെയാൾ പ്രീ ഡിഗ്രിയും. അഷ്ടമത്തിലുള്ളയാൾ അമ്മാവന്റെ വീട്ടിലും അത്ര മോശം ഡിഗ്രിയല്ലാത്ത പ്രീ ഡിഗ്രിക്കാരൻ അച്ഛച്ഛൻ/അച്ഛമ്മയുടെ കൂടെയുമായിരുന്നു താമസം. ഇളയവനായ ഞാൻ അച്ഛനമ്മമാരുടെ കൂടെയും. ഏതായാലും ഇടവപ്പാതിയുടെ വരവറിയിച്ച് മഴ തകർത്തു പെയ്യാൻ തുടങ്ങിയപ്പോൾ കുന്ന് കയറിയിറങ്ങി ഞാൻ പുതിയ സ്കൂളിൽ പോകാൻ തുടങ്ങി. പുതിയ സ്കൂൾ, തികച്ചും അപരിചിതരായ സഹപാഠികൾ - ഈ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ കുറച്ചു ദിവസങ്ങളെടുത്തെങ്കിലും വളരെ വേഗത്തിൽ എനിക്ക് പുതിയ സൗഹൃദങ്ങൾ വളർത്തിയെടുക്കാൻ കഴിഞ്ഞു. ഞാൻ ആദ്യമായി യൂണിഫോം ഇടുന്നതും ആറാം തരത്തിൽ പഠിക്കുമ്പോഴാണ്. നേവി നീല ട്രൗസറും വെള്ള ഷർട്ടും. ബുധനാഴ്ച ഒഴിച്ച് ബാക്കിയുള്ള നാലു ദിവസവും യൂണിഫോം. ഒരുജോഡി യൂണിഫോം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അതെന്നെ വിഷമിപ്പിച്ചിരുന്നില്ല. കൂടുതൽ കുപ്പായം വേണമെന്ന് വാശിപിടിക്കുകയോ കരയുകയോ ഒന്നും ചെയ്തിരുന്നില്ല. സുന്ദരനായതിനാലാണോ അതോ പാവമായതിനാലാണോ എന്നറിയില്ല ആൺകുട്ടികളേക്കാൾ മുൻപേ ഞാൻ സ്വീകാര്യനായത് പെൺകുട്ടികൾക്കായിരുന്നു. അതിനുള്ള ഉദാഹരണമായിരുന്നു ക്ലാസ് ലീഡറിന് വേണ്ടിയുള്ള തിരെഞ്ഞടുപ്പ്. പെൺകുട്ടികൾ മുഴുവനും എന്റെ പേര് പറഞ്ഞപ്പോൾ ആൺകുട്ടികൾ ഒരാൾ പോലും എന്നെ അനുകൂലിച്ചില്ല, പകരം പഴയ സഹപാഠിയെ പിന്തുണച്ചു. എണ്ണത്തിൽ കൂടുതൽ ആൺകുട്ടികളായതിനാൽ ചെറിയ സങ്കടത്തോടെ ഞാൻ രണ്ടാം ലീഡർ സ്ഥാനം സ്വീകരിച്ചു. പിന്നീട് ആൺകുട്ടികൾ എന്നെ കൂടെച്ചേർത്തെങ്കിലും വരത്തനായ എന്നോട് കെറുവ് കാണിച്ചിരുന്ന ചില  ആൺപിള്ളേരോട് അടികൂടേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഉള്ളിലെ ഭീരുത്വം പുറത്തുകാണിക്കാതെയായിരുന്നു അവന്മാരോട് അടികൂടിയിരുന്നത്. സുന്ദരിമാരായ കുറെ പെൺകുട്ടികൾ ക്ലാസ്സിലുണ്ടായിരുന്നു എന്നതാണ് ഈ അസ്വസ്ഥകൾക്കിടയിലും തെളിനീരായി തോന്നിയത് (അവരൊക്കെ ഇപ്പോൾ എവിടെയാണോ ആവോ?? ആ സ്കൂൾ വിട്ടതിൽ പിന്നെ ആൺകുട്ടികളിൽ ചിലരെ പിന്നീട് അപൂർവ്വമായി കണ്ടിരുന്നെങ്കിലും പെൺപിള്ളേരെ കണ്ടിട്ടേയില്ല.!!). ഏതായാലും പഠിക്കാൻ മോശമല്ലാത്തതിനാൽ പെട്ടെന്ന് തന്നെ അദ്ധ്യാപകരുടെ സ്നേഹം സമ്പാദിക്കാനും കഴിഞ്ഞു. ഉച്ചക്കഞ്ഞി വിതരണത്തിൽ സഹകരിച്ചും ഞാൻ എന്റെ സാമർഥ്യം തെളിയിച്ചു. കഞ്ഞി വിളമ്പിക്കൊടുത്താൽ കൂടുതൽ പയറുകറി കിട്ടുമെന്നതായിരുന്നു ഈ സാഹസത്തിന് പിന്നിലുള്ള ചേതോവികാരം. 

കായികമത്സരങ്ങളുടെ കാലമായാൽ അമ്പത് മീറ്റർ ഓട്ടം മുതൽ ആയിരത്തഞ്ഞൂറു മീറ്റർ വരെ ഞാൻ ഓടും. കൂടാതെ എല്ലാത്തരം ചാട്ടങ്ങളും എറിയുലകളും (throws), ഒരു ഇനം പോലും ഒഴിവാക്കില്ല. സമ്മാനങ്ങൾ ഒന്നുപോലും കിട്ടിയിരുന്നില്ല എന്നത് വേറെ കാര്യം. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം ഒക്കെയായാൽ പ്രസംഗിക്കാൻ സ്റ്റേജിൽ കയറും. മലയാളം മാഷായ കൊച്ചുമാഷ് നല്ല പ്രസംഗങ്ങൾ എഴുതിത്തരും. കൈയും കാലും പടാപടാന്ന് ഇടിക്കുമെങ്കിലും അതൊന്നും എന്നെ പിന്തിരിപ്പിക്കാൻ മാത്രം ഉതകുന്നതായിരുന്നില്ല. ഇതൊക്കെ പോരാഞ്ഞിട്ടാണ് പാട്ടിലുള്ള അഭ്യാസം. പാടാനുള്ള കഴിവുണ്ടോ കേൾവിക്കാർ സഹിക്കുമോ എന്നൊന്നും ആലോചിക്കാതെ ഈ രണ്ടുവർഷത്തിനുള്ളിൽ പലതവണ ഞാൻ പാടി തകർത്തിരുന്നു (തകർന്നത് കേൾവിക്കാരുടെ കർണ്ണപുടമായിരുന്നോ എന്നും പറയാനാവില്ല). 'പഞ്ചാഗ്നി' സിനിമയിലെ 'സാഗരങ്ങളെ'യൊക്കെയായിരുന്നു അന്നത്തെ എന്റെ തുറുപ്പുചീട്ട്. സാഹിത്യസമാജത്തിലോ കായികമത്സരങ്ങളിലോ പങ്കെടുക്കുന്നവർക്ക് പരിശീലനത്തിന്റെ പേരും പറഞ്ഞു ക്ലാസ്സിൽ കയറാതിരിക്കാം. പാട്ട് പഠിക്കാൻ അല്ലെങ്കിൽ ഓട്ടവും ചാട്ടവും പരിശീലിക്കാൻ എന്നൊക്കെ പറഞ്ഞു ഞങ്ങൾ സുഹൃത്തുക്കൾ ഈ അവസരം ശരിക്കും മുതലെടുത്തിരുന്നു. മേല്പറഞ്ഞതൊന്നും പോരാഞ്ഞിട്ട് ഞങ്ങൾ മറ്റൊരു സാഹസം കൂടി ചെയ്തു. ഒരുപക്ഷെ ആ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സാഹിത്യസമാജത്തിൽ നാടകം അവതരിപ്പിച്ചു. അതിനുമുൻപ്‌ ഒന്നോ രണ്ടോ തവണ നാടകം കണ്ടത് മാത്രമാണ് അനുഭവം. പിന്നെ ആകാശവാണിയിൽ കേട്ടിരുന്ന നാടകങ്ങളും. എന്നിട്ടും ഒന്നുമറിയാത്ത ഞങ്ങൾ ഏതോ ഒരു നാടകത്തിലെ ഒരു ഭാഗം മാത്രമെടുത്തു കാണാപാഠം പഠിച്ച് തട്ടിൽ കയറി. അനങ്ങാതെ വടി പോലെ നിന്ന് മുഖത്തു ഒരു ഭാവവും ഇല്ലാതെ (ഇന്നും ഈ മുഖത്തു ഒരു ഭാവവും വിരിയാറില്ല, കാണുന്നവർക്ക് 'അയ്യോ കഷ്ടം' എന്ന് തോന്നുന്നതല്ലാതെ. ഈ അടുത്ത കാലത്ത് ഞാൻ അതൊരിക്കൽ കൂടി തെളിയിച്ചു) പഠിച്ച സംഭാഷണങ്ങൾ യാന്ത്രികമായി ഉരുവിട്ട് ഒരു നാടകം. അത് കഴിഞ്ഞപ്പോൾ എല്ലാവരും കൈയ്യടിച്ചിരുന്നു. ഞങ്ങളുടെ പ്രകടനം തീർന്നുകിട്ടിയതിന്റെ  ആശ്വാസത്തിലായിരുന്നു ആ കൈയ്യടിയെന്ന് മനസ്സിലാക്കാൻ വർഷങ്ങൾ വേണ്ടി വന്നു. സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയപ്പോൾ അതിലും ഞാൻ ഉണ്ടായിരുന്നു. അതിനിടയിലും ജയിന്തൻ മാഷിന്റെ കൈയ്യിലെ ചൂരൽ,  ചുംബനത്താൽ എന്റെ തുടയിൽ അരുണപുഷ്പങ്ങൾ വിരിയിച്ചിരുന്നു, ഒരുവട്ടമല്ല പലവട്ടം. അതിസാമർഥ്യം തെളിയിക്കാൻ ശ്രമിച്ചപ്പോഴൊക്കെ അദ്ധ്യാപകർ ആ മോഹം മുളയിലേ നുള്ളിയിരുന്നു. എന്നിട്ടും സ്കൂളിലെ പ്രധാനാദ്ധ്യാപികയായിരുന്ന സിസ്റ്റർക്ക് എന്തുകൊണ്ടോ ഞാൻ പ്രിയപ്പെട്ട ശിഷ്യനായി മാറി (വർഷങ്ങൾക്ക് ശേഷം ഒരു ബസ്സിൽ വെച്ച് അവിചാരിതമായി എന്നെ കണ്ടപ്പോൾ ആവേശത്തോടെ സംസാരിച്ച സിസ്റ്ററുടെ മുഖത്തുണ്ടായിരുന്ന സന്തോഷം ഞാൻ ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്നു. ഒരുപാടാഗ്രഹിച്ചെങ്കിലും പിന്നീടിന്നുവരെ അവരെ കാണാൻ എനിക്ക് കഴിഞ്ഞിട്ടേയില്ല എന്നത് എന്റെ സ്വകാര്യദുഃഖം). സുന്ദരിമാർ കണ്ണാലെറിഞ്ഞ ശരങ്ങൾ മനസ്സിൽ ഇക്കിളി കൂട്ടാൻ തുടങ്ങിയതും അവരുടെ ചിരിയിൽ വസന്തം വിരിയുന്നത് കണ്ടതും ഇക്കാലയളവിൽ തന്നെയായിരുന്നു.

വോളീബോൾ കളിയുടെ ബാലപാഠം പഠിച്ചതും ഗോലി (ഗോട്ടി) കളിയുടെ അനന്ത സാദ്ധ്യതകൾ തിരിച്ചറിഞ്ഞതും തലപ്പന്തു കളിയുടെ സൗന്ദര്യം നുകർന്നതും ഇക്കാലയളവിൽ തന്നെയായിരുന്നു. വീട്ടിൽ ഒറ്റയ്ക്കായതിനാൽ അവധിദിവസങ്ങളിൽ എനിക്ക് കൂട്ട് ഞങ്ങളുടെ തോട്ടത്തിൽ പണിക്കു വന്നിരുന്ന ഹരിജൻ കോളനിയിലെ എന്നേക്കാൾ മുതിർന്ന കുട്ടികളും പിന്നെ ഞങ്ങളുടെ അയല്പക്കക്കാരായ കുട്ടപ്പായിയും ഷീബയും അവരുടെ ചേച്ചിയും ചേട്ടനും ഒക്കെയായിരുന്നു. കോളനിയിലെ ശങ്കരേട്ടനും ദാമോദരേട്ടനും ബാലേട്ടനും കുഞ്ഞിരാമനും കണ്ണനും നാരായണനും ഒക്കെ കണ്ടത്തിൽ വോളിബാൾ കളിക്കുമ്പോൾ ഞാനും കൂടെ കൂടിയിരുന്നു. കണ്ണനും നാരായണനുമായിരുന്നു കൂടുതലും എനിക്ക് കൂട്ട്. ഞായറാഴ്ചകളിൽ അവർ എന്റെ കൂടെ ഗോലി കളിച്ചു, മണ്ണിൽ കിടന്നു പുളഞ്ഞ് ഞങ്ങൾ കബഡി കളിച്ചു, തലപ്പന്ത് കളിച്ചു. അവധിദിവസങ്ങളിൽ ഞാൻ അവരുടെ കൂടെ തോട്ടത്തിൽ കവുങ്ങിന് വെള്ളം തേകാനും അടക്ക പെറുക്കാനും പോയി. അവരുടെ കോളനികളിൽ ഞാൻ കയറിയിറങ്ങി. കുട്ടപ്പായിയുടെ മമ്മിയുണ്ടാക്കിയ എരുമപ്പാൽ ചേർത്ത ചായ കുടിച്ചു, ഭക്ഷണം കഴിച്ചു. അവരുടെ കൂടെ കണ്ടത്തിൽ കിളക്കാൻ കൂടി. അങ്ങനെ ജാതി മത വ്യത്യാസങ്ങളില്ലാതെ, വലുപ്പ ചെറുപ്പങ്ങളില്ലാതെ എല്ലാവരെയും സമന്മാരായി കണ്ട, കൂടെ ചേർത്ത് നിർത്തിയ മറക്കാൻ പറ്റാത്ത രണ്ടു വർഷങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായി.

അച്ഛച്ഛന്റെ ഏട്ടന്റെ വീട് ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ അടുത്തായിരുന്നു. ഒറ്റയോട്ടത്തിനു ആ വീട്ടിൽ എത്താമായിരുന്നു. ആ വല്ല്യച്ഛനും വല്യമ്മയും അവിടുത്തെ ഇളയച്ഛന്മാരും ഇളയമ്മമാരും വല്ലപ്പോഴും വരാറുണ്ടായിരുന്ന അവിടുത്തെ കുട്ടികളും ഒക്കെ ഈ രണ്ടുവർഷത്തിനുള്ളിൽ എന്റെ ജീവിതത്തിൽ സ്ഥാനം നേടിയവരായിരുന്നു. പിതൃക്കളെ ഊട്ടുന്ന കറുത്ത വാവിന് എന്നും എന്റെ സാന്നിദ്ധ്യം കൂടിയാഗ്രഹിച്ചിരുന്നു ആ വല്യച്ഛൻ. സ്വന്തം പേരക്കിടാങ്ങൾ കൂടെയല്ലാത്തതിനാൽ ആ സ്ഥാനവും സ്നേഹവും എനിക്ക് നല്കാൻ തെല്ലും മടിച്ചിരുന്നില്ല അവർ. അവർക്ക് മുറുക്കാൻ ഇടിച്ചുകൊടുത്തും അടുക്കളയിൽ കയറിയിറങ്ങിയും കഥകളും വർത്തമാനങ്ങളും കേട്ടും ഞാനും ആ വീട്ടിലൊരാളായി മാറി. അമ്മ സ്വന്തം വീട്ടിൽ പോയാൽ എനിക്ക് ഭക്ഷണം ഇവിടുന്നായിരുന്നു. അവിടുത്തെ വലിയ കൊഴുക്കട്ടയും ചായയൊഴിയാത്ത പാത്രവും എന്നിൽ വിസ്മയങ്ങൾ തീർത്തിരുന്നു. ആ വീട്ടിലെ എല്ലാവർക്കും എന്നെ വലിയ കാര്യമായിരുന്നു, രണ്ടുപേർക്കൊഴിച്ച്. അവിടുത്തെ രണ്ടു കൂറ്റൻ അൾസേഷ്യൻ പട്ടികളായിരുന്നു ആ വിമതർ. എന്നെ കണ്ണെടുത്താൽ കണ്ടൂടായിരുന്നു അവറ്റകൾക്ക്. ഈ പട്ടികളോടുള്ള എന്റെ ദേഷ്യം ഞാൻ തീർത്തിരുന്നത് കൂടിന്റെ വെളിയിൽ നിന്ന് പരിഹസിച്ചു കൊണ്ടായിരുന്നു. നിങ്ങൾക്കിത് വായിക്കാനുള്ള ഭാഗ്യമുള്ളത് കൊണ്ടായിരിക്കാം എന്നോട് പക വീട്ടാനുള്ള അവസരം അതുങ്ങൾക്ക് കിട്ടിയിട്ടേയില്ല. കരുവേടകം ബസ്റ്റോപ്പിൽ നിന്നും പത്തുമിനിറ്റ് കിഴക്കോട്ട് നടന്നാൽ അച്ഛച്ഛന്റെ അനിയന്റെ വീടുണ്ടായിരുന്നു. ആ വല്യച്ചനെ കണ്ട ഓർമ്മ എനിക്കില്ല. പക്ഷെ അവിടുത്തെ വല്യമ്മയും ഇളയച്ഛനും ഇളയമ്മമാരും ഞാനെന്ന കുട്ടിയെ ഇഷ്ടപ്പെട്ടു. എന്റെ വേറൊരു ഇടത്താവളമായിരുന്നു ഈ വീട്. വല്യമ്മ ഒറ്റയ്ക്കാകുമ്പോൾ എന്നെ കൂട്ട് വിളിക്കാറുണ്ടായിരുന്നു. അതൊക്കെ ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഓർമ്മകളാണ്.

ചുരുക്കിപ്പറഞ്ഞാൽ എന്റെ പത്ത് വയസ്സുവരെയുള്ള ജീവിതത്തിനിടയിൽ കണ്ടിട്ടില്ലാത്ത, എന്നാൽ കാണേണ്ടിയിരുന്ന ഒരുപാട് അടുത്ത ബന്ധുക്കളെ കാണാനും അറിയാനും ഈ രണ്ടുവർഷം കൊണ്ട് എനിക്ക് സാധിച്ചു. ആ ബന്ധം തുടർന്നിങ്ങോട്ട് നിലനിർത്താനും എനിക്ക് സാധിച്ചു. ഒരുപാട് സൗഹൃദങ്ങളും ഞാൻ സമ്പാദിച്ചിരുന്നു കൂട്ടിയിരുന്നു. പക്ഷെ കാലപ്രവാഹത്തിൽപ്പെട്ട് അവയിൽ പലതും മുറിഞ്ഞുപോയി. ഈയടുത്ത കാലത്ത് അവയിൽ ചിലതൊക്കെ വിളക്കിച്ചേർക്കാൻ കഴിഞ്ഞിട്ടുണ്ട്. രണ്ടുമൂന്നു വർഷങ്ങൾക്ക് മുൻപ് പഴയ സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം നടത്തിയപ്പോൾ സദസ്യരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. വളരെ ആവേശത്തോടെ ഭാര്യയെയും മോളെയും കൂട്ടി പോയതായിരുന്നു. പക്ഷെ കണ്ട മുഖങ്ങൾ ഓർത്തെടുക്കാൻ കഴിയാതെ, ഓർമ്മയിലുണ്ടായിരുന്ന മുഖങ്ങൾ കാണാൻ കഴിയാതെ, കുശലം പറയാൻ വന്നവരോട് യാന്ത്രികമായി ചുണ്ടനക്കി അവിടുന്ന് പോരേണ്ടിവന്നു എന്നതാണ് യാഥാർഥ്യം. ബാംഗ്ലൂരിൽ പുതിയ ബന്ധങ്ങൾ കെട്ടിപ്പടുക്കുമ്പോൾ നാട്ടിലെ പല ബന്ധങ്ങളും അതിന്റെ യഥാർത്ഥ ആവേശത്തോടെ  നിലനിർത്താൻ കഴിഞ്ഞിരുന്നില്ല അല്ലെങ്കിൽ അതിന് ശ്രമിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം.


                                                                                                                                    തുടരും ..