പേജുകള്‍‌

സമാഗമം
മൂന്നുപതിറ്റാണ്ടുകൾക്ക് ശേഷം, പിച്ചവെച്ചു നടന്ന പള്ളിക്കൂടത്തിന്റെ മുറ്റത്ത് അന്നത്തെ സഹപാഠികളിൽ ചിലരുമായി ഒത്തുചേർന്ന നിമിഷങ്ങളുടെ ചാരുതയ്ക്കായി കുറിച്ചിട്ട വരികൾ:

സ്ഥലം: എസ് എം എ യു പി സ്കൂൾ, പനയാൽ 

തീയതി: മാർച്ച് 14 ഞായറാഴ്ച 2021 


ആദ്യത്തെ ചവിട്ടുപടിയിൽ വലതുകാലൂന്നിയശേഷം ഞാൻ നിന്നു, എന്നിട്ടു പതുക്കെ തലയുയർത്തി. തൊട്ടുമുന്നിൽ കൈലാസേശ്വരനായ സാക്ഷാൽ ഇന്ദുചൂഢനെപ്പോലെ തലയുയർത്തി നിൽക്കുകയാണ് ശ്രീ മഹാലിംഗേശ്വര എ യു പി സ്കൂൾ, കാലപ്പഴക്കത്തിന്റെ പരിക്കുകളോടെ. പനയാൽ വാഴും ശ്രീ പരമേശ്വരന്റെ കരുണാർദ്രമായ കടാക്ഷം പോലെ ആർദ്രമായ ഓർമ്മകളുമായി, വാത്സല്യത്തിടമ്പായി അതങ്ങനെ നിൽക്കുകയാണ് മുന്നിൽ, എന്നിലേക്ക്‌ മിഴികളും കാതുകളും അർപ്പിച്ച്. നിലവിളിയോടെ ആദ്യമായി ഈ മുറ്റത്തേക്ക് കടന്നു വന്നത്, വളഞ്ഞും പുളഞ്ഞും കിടക്കുന്ന അക്ഷരങ്ങൾ കൈവിരൽ തുമ്പിലേക്ക് ആവാഹിച്ചെടുത്തത്, അറിവിന്റെ ലോകത്തിലേക്കുള്ള ആദ്യത്തെ  കാൽവെപ്പ് നടത്തിയത്, കുട്ടിക്കുറുമ്പുകൾ കാട്ടിയത്, അധ്യാപകരുടെ നല്ല വാക്കുകളും ചൂരൽക്കഷായങ്ങളും ഏറ്റുവാങ്ങിയത്, ഇണങ്ങിയും പിണങ്ങിയും പലരെയും ഹൃദയത്തിൽ ചേർത്ത് നിർത്തിയത്, ഒടുവിൽ വിങ്ങുന്ന ഹൃദയവുമായി എല്ലാം വിട്ട് അറിയാത്ത നാടുകളിലേക്ക് യാത്രയായത്..മനസ്സിലൊരായിരം ഓർമ്മകൾ പെയ്തിറങ്ങുമ്പോഴും ഞാൻ നിർന്നിമേഷനായി അതിനെ തന്നെ നോക്കിനിൽക്കുകയായിരുന്നു. എത്ര കണ്ടാലും മതിവരാത്ത, ഓർമ്മകൾ ഇരമ്പുന്ന കടലിനെയെന്നപോലെ അതെന്നെ മോഹിപ്പിച്ചുകൊണ്ടേയിരുന്നു. എത്രയോവട്ടം മനസ്സുകൊണ്ട് ഞാൻ നമസ്കരിച്ചിട്ടുണ്ട് ഈ സ്കൂളിന്റെ ഓർമ്മകൾക്ക് മുൻപിൽ, പ്രാർഥിച്ചിട്ടുണ്ടാവും അതിന്റെ അനുഗ്രഹവർഷത്തിനായി.

വർഷങ്ങൾക്ക് ശേഷം കാണാൻ എത്തിയ മകനെ അമ്മ സ്വീകരിക്കുന്നത് പോലെ ഇരുകൈയ്യും നീട്ടി അതെന്നെ മാടി വിളിക്കുന്നതായി എനിക്ക് തോന്നി. വല്ലാത്തൊരാനന്ദത്തോടെ ഞാൻ ആ തിരുമുറ്റത്തേക്കു കടന്നുചെന്നു. ഒരു നൂറു കണ്ണുകൾ എന്നെത്തന്നെ നോക്കിനിൽക്കുന്നതായി എനിക്ക് തോന്നി. അവരുടെ കണ്ഠങ്ങളിൽ നിന്നും എന്റെ പേര് ഉച്ചത്തിൽ മുഴങ്ങുന്നതായി എനിക്ക് തോന്നി. പടിഞ്ഞാറൻ കാറ്റ് എന്നെയും തഴുകി കടന്നുപോയി. ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മാറ്റമില്ലാത്ത പലതും അവിടെ ഇപ്പോഴും ബാക്കിയുണ്ടായിരുന്നു. അതിലൂടെ ഞാൻ കണ്ണോടിച്ചു. ഓരോ ക്ലാസ്സ്മുറികളിലൂടെയും എന്റെ നോട്ടം കടന്നുപോയി. അവിടെ ഞാൻ എന്നെ കണ്ടു, എന്റെ കൂട്ടുകാരെ കണ്ടു. അനുഗ്രഹങ്ങൾ ചൊരിഞ്ഞു നിൽക്കുന്ന സ്നേഹമസൃണരായ അദ്ധ്യാപകരെ കണ്ടു. ഈ മണ്ണിലാണ് ഞാൻ കാലുറപ്പിച്ചു നടക്കാൻ തുടങ്ങിയത്. എന്റെ മനസ്സിനെ പാകപ്പെടുത്തിയതും എന്റെ ഭാവി കുറിച്ചിട്ടതും. ഞങ്ങൾ തൊട്ടുകളിയും ഒളിച്ചുകളിയും കളിച്ചിരുന്ന മാവിൻചുവട്ടിൽ ഞാൻ ഇരുന്നു. പണ്ട് ഈ മാവിനോട് ചേർന്ന് ചുറ്റുമതിലുണ്ടായിരുന്നു. ഇന്ന് മതിലില്ല പകരം മാവിന് ചുറ്റും ഒരു തറ കെട്ടിയിട്ടുണ്ട്. അമ്പലമുറ്റത്തെ ധ്വജസ്തംഭത്തെ അനുസ്‌മരിപ്പിച്ചിരുന്ന കൊടിമരം, പഴയ അടയാളങ്ങൾ ഒന്നുപോലും ബാക്കിവെയ്ക്കാതെ വിസ്മൃതിയിലാണ്ടുപോയിരുന്നു. ഞെരുങ്ങി ഞെരുങ്ങി അകത്തു കടന്നിരുന്ന പ്രവേശനമാർഗ്ഗവും ഇന്നില്ല. ഈ നാട്ടിലെ ആദ്യത്തെ തപാൽ ആപ്പീസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഒരുഭാഗത്തുണ്ടായിരുന്നു. അതിന്റെ മുന്നിലായി പുതിയൊരു കെട്ടിടം വന്നിട്ടുണ്ട്, ചരിത്രത്തെ മറച്ചുകൊണ്ട്. 

പുതിയ കാഴ്ചകൾ കണ്ണിലും പഴയ കാഴ്ചകൾ മനസ്സിലും കണ്ടുകൊണ്ടു കുറച്ചുനേരം കൂടി ഞാൻ അവിടെ ഇരുന്നു, ശ്രീധരനും ബാലുവും വരുന്നത് വരെ. അവരെക്കണ്ടപ്പോൾ ഞാൻ ആ കാഴ്ചകളിൽ നിന്നും മടങ്ങി. അല്പസമയത്തിനുള്ളിൽ ഓരോരുത്തരായി വന്നു. അതിൽ ചിലരെ ഞാൻ കാണുന്നത് വർഷങ്ങൾക്ക് ശേഷമാണ്. കാലം എല്ലാവരിലും മാറ്റങ്ങൾ വരുത്തിയിരുന്നു. മധ്യവയസ്സിലേക്ക് കടന്നതിന്റെ അടയാളങ്ങൾ അവരിൽ തെളിഞ്ഞുകാണാമായിരുന്നു. അതെന്നിലും ഉണ്ടായിരിക്കുമെന്ന് ഞാൻ ഇത്തിരി പ്രയാസത്തോടെ തിരിച്ചറിഞ്ഞു.  പിന്നെയുണ്ടായിരുന്ന കുറച്ചു നേരത്തേക്ക് ഞങ്ങൾക്ക് പ്രായം പത്തോ പന്ത്രണ്ടോ ആയിരുന്നു. പഴയ കഥകൾ ഓർത്തെടുത്ത് ചിരിച്ചും പുതിയ ജീവിതം പറഞ്ഞും ഞങ്ങളുടെ മാത്രമായ ഏതാനും മണിക്കൂറുകൾ. സ്കൂൾ മൈതാനത്ത് കളിയ്ക്കാൻ വന്ന പുത്തൻ തലമുറയിലെ കുട്ടികൾക്ക് ഞങ്ങളുടെ കളിയും ചിരിയും കണ്ടു തമാശ തോന്നിയിരിക്കാം. രണ്ടുമൂന്ന്  മണിക്കൂറുകൾ നീണ്ട സല്ലാപത്തിനൊടുവിൽ ഉച്ചയോടെ എല്ലാവരും പിരിഞ്ഞു, അടുത്തവർഷം വീണ്ടും കാണണം എന്ന ഉറപ്പോടെ. ഇന്ന് വരാത്തവരെ അന്നെങ്കിലും കാണാൻ പറ്റുമെന്ന ശുഭാപ്തി വിശ്വാസത്തോടെ. ഓർമ്മകൾക്ക് വിടപറഞ്ഞ് ഞങ്ങൾ വീണ്ടും വർത്തമാനജീവിതത്തിന്റെ തിരക്കുകളിലേക്ക് മടങ്ങി. എങ്കിലും മനസ്സിന്റെ ഒരു കോണിൽ എസ് എം എ യു പി സ്കൂളും അവിടുത്തെ ജീവിതവും അണയാതെ മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു.

പറന്നുപോയ പൂങ്കുയിൽ

  


എം കെ അർജ്ജുനൻ 
ജനനം: മാർച്ച് 1 , 1936  - മരണം: ഏപ്രിൽ 6 , 2020 


നാരായണപ്രിയ നാമമാണെങ്കിലും  

ഗാണ്ഡീവമില്ല, പോരാളിയുമല്ലിവൻ 

മധുരമായി ഈണങ്ങൾ മീട്ടീടുന്ന 

മലയാളക്കൊമ്പിലെ പൂങ്കുയിലോ   


അമ്മതൻ ദുരിതം തുടർന്നീടവേ  

ആശ്രമവാടിയന്ന് അഭയമായി 

അന്തിക്കീശനെ തൊഴുതു പാടി 

സ്വരങ്ങൾ നാഭിയിലുറവയായി 


സംഗീതപ്പെട്ടിയും കണ്ഠവുമായി 

നാടിൻറെ അകങ്ങളെ കീഴടക്കി 

വെള്ളിത്തിരയിലെ നടനങ്ങളോ 

നൽപാട്ടിനാൽ മിഴിവുറ്റതായിടുന്നു 


ഗന്ധർവ്വസംഗീതമൊഴുകുന്നേരം   

ചീറിയെടുത്തേറെ കൂരമ്പുകൾ 

പുഞ്ചിരി മായാതെ തളരാതെയും 

ഈണംകൊണ്ടമ്പിൻ മുനയൊടിച്ചു

ശാരദാനിലാവിൻ ചാരുതയേറും   

സംഗീതപൂക്കളിതൾ വിടർത്തി 

കാറ്റിനാലെങ്ങും ഒഴുകിയെത്തി 

കർണ്ണങ്ങൾക്കമൃതമേകീടുന്നു  


പൗർണ്ണമി ചന്ദ്രികയിറങ്ങി മണ്ണിൽ

സൗഗന്ധികങ്ങൾ വിടർന്നുവത്രെ  

ഹൃദയത്തിൽ മലരമ്പൻ പൂവിരിച്ചു 

പാട്ടിന്റെ പാലാഴി തീർപ്പിവനോ


ഒരുമണിയിൽ നിന്നൊരു കതിരുപോലെ 

ഏഴുസ്വരങ്ങളാലെഴുന്നൂറ് ഗാനം 

പ്രേമമോ കാമമോ ശോകങ്ങളോ 

ഋതുഭാവങ്ങളെല്ലാം വിരിഞ്ഞീടുന്നു 

 

തന്ത്രികൾ പൊട്ടിയ തംബുരുപോൽ   

ഹൃദയത്തിൻ താളം നിലച്ചൊരുനാൾ   

ഈണങ്ങളേറെയും പാടീടാതെ 

പൂങ്കുയിലെങ്ങോ പറന്നേപോയി 


മഴ മാറി മാനം തെളിയുന്നേരം 

കുളിർകാറ്റ് പിന്നെയും വീശും പോലെ 

കാലങ്ങളേറെ കൊഴിഞ്ഞെന്നാലും 

വിലസട്ടെയായീണങ്ങളീയുലകിൽ