നാരായണപ്രിയ നാമമാണെങ്കിലും
ഗാണ്ഡീവമില്ല, പോരാളിയുമല്ലിവൻ
മധുരമായി ഈണങ്ങൾ മീട്ടീടുന്ന
മലയാളക്കൊമ്പിലെ പൂങ്കുയിലോ
അമ്മതൻ ദുരിതം തുടർന്നീടവേ
ആശ്രമവാടിയന്ന് അഭയമായി
അന്തിക്കീശനെ തൊഴുതു പാടി
സ്വരങ്ങൾ നാഭിയിലുറവയായി
സംഗീതപ്പെട്ടിയും കണ്ഠവുമായി
നാടിൻറെ അകങ്ങളെ കീഴടക്കി
വെള്ളിത്തിരയിലെ നടനങ്ങളോ
നൽപാട്ടിനാൽ മിഴിവുറ്റതായിടുന്നു
ഗന്ധർവ്വസംഗീതമൊഴുകുന്നേരം
ചീറിയെടുത്തേറെ കൂരമ്പുകൾ
പുഞ്ചിരി മായാതെ തളരാതെയും
ഈണംകൊണ്ടമ്പിൻ മുനയൊടിച്ചു
ശാരദാനിലാവിൻ ചാരുതയേറും
സംഗീതപൂക്കളിതൾ വിടർത്തി
കാറ്റിനാലെങ്ങും ഒഴുകിയെത്തി
കർണ്ണങ്ങൾക്കമൃതമേകീടുന്നു
പൗർണ്ണമി ചന്ദ്രികയിറങ്ങി മണ്ണിൽ
സൗഗന്ധികങ്ങൾ വിടർന്നുവത്രെ
ഹൃദയത്തിൽ മലരമ്പൻ പൂവിരിച്ചു
പാട്ടിന്റെ പാലാഴി തീർപ്പിവനോ
ഒരുമണിയിൽ നിന്നൊരു കതിരുപോലെ
ഏഴുസ്വരങ്ങളാലെഴുന്നൂറ് ഗാനം
പ്രേമമോ കാമമോ ശോകങ്ങളോ
ഋതുഭാവങ്ങളെല്ലാം വിരിഞ്ഞീടുന്നു
തന്ത്രികൾ പൊട്ടിയ തംബുരുപോൽ
ഹൃദയത്തിൻ താളം നിലച്ചൊരുനാൾ
ഈണങ്ങളേറെയും പാടീടാതെ
പൂങ്കുയിലെങ്ങോ പറന്നേപോയി
മഴ മാറി മാനം തെളിയുന്നേരം
കുളിർകാറ്റ് പിന്നെയും വീശും പോലെ
കാലങ്ങളേറെ കൊഴിഞ്ഞെന്നാലും
വിലസട്ടെയായീണങ്ങളീയുലകിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ