പേജുകള്‍‌

കാത്തിരിപ്പ്

 


കൈപ്പത്തി നെറ്റിമേൽ ചേർത്തുവെച്ച്

നെടുവീർപ്പോടെയവൻ മാനം നോക്കി  

ഒരു കരിമുകിലെങ്ങാൻ കാണ്മതുണ്ടോ 

ഒരു തുള്ളി മഴയെങ്ങാൻ പെയ്തീടുമോ 


ഇടവത്തിൻ പാതി കടന്നുവല്ലോ  

മിഥുനപ്പകലോ വിയർത്തു നിൽപ്പൂ 

വിണ്ടല് കീറിയ പാടങ്ങളും 

കരിയുന്ന കർഷക മോഹങ്ങളും  


കത്തിജ്വലിക്കുന്ന പകലോനൊപ്പം 

നിറയും മിഴികൾക്കിടയിലൂടെ 

തോരാത്ത മഴയെ കാത്തിരിക്കെ 

പണ്ടത്തെ കാലം കിനാവ് കണ്ടു 


തിരിമുറിയാത്ത മഴയെ കണ്ടു 

മഴയത്തു ചിരിതൂകും ഞാറു കണ്ടു 

ഉഴുതു മറിക്കുന്ന കലപ്പകളും

കണ്ടത്തിൽ പണിയുന്ന പെണ്ണുങ്ങളും 


അവരുടെ പാട്ടുകൾ കരളിൽ കൊണ്ടു

അവരുടെ ചിരിയിൽ കുളിരു കണ്ടു 

കുളിരും കൊണ്ടന്നൊരു കാറ്റു പാഞ്ഞു 

ഈണത്തിൽ താളത്തിൽ ആറൊഴുകി 


കർക്കിടകം കള്ളൻ, പഞ്ഞമായി 

രാമന്റെ സത്കഥ കേട്ടുവെങ്ങും  

തെയ്യങ്ങളോരോന്നായി നൃത്തമാടി 

കതിരുകൾ ഒന്നൊന്നായി വെളിയിൽ വന്നു  


പൂക്കളിൽ വർണ്ണങ്ങൾ തേൻ തുളുമ്പി  

കാണം വിറ്റും എങ്ങും ഓണമാടി

ചിങ്ങക്കുളിരിലോ മനം നിറഞ്ഞു 

കതിരുകൾ പൊൻനിറമായി മാറി 


താളത്തിൽ കതിര് മുറിച്ചെടുത്തു 

ചിരിതൂകി നെൽമണിയുതിർന്നുവീണു 

ഉരലിന്റെ നൊമ്പരം താളമായി  

പുത്തരിച്ചോറായി വയർ നിറഞ്ഞു 


പേടിക്കും നാദമായി തുലാവം വന്നു 

കുളിരുന്നു വൃശ്ചികം മകരം വരെ 

മീനത്തിൻ ഒളിയായി കൊന്നപൂത്തു 

മേനി വിയർത്തീടും മേടച്ചൂടും 


അന്നത്തെ കാലം കൊഴിഞ്ഞുപോയി 

നേരം നോക്കാതെ ഋതുക്കൾ വന്നു 

വർഷത്തിൽ കതിരോൻ കത്തിനിന്നു

ഗ്രീഷ്മത്തിൽ വർഷം പെയ്തിറങ്ങി 


പൊയ്‌പ്പോയ കാലത്തെ സ്വപ്നം കണ്ട്  

ഒരു ചിരി മെല്ലെ വിരിഞ്ഞുവെന്നോ 

മഴപ്പെയ്ത്താൽ പാടം നിറഞ്ഞിടാനായി 

ആശയോടെയവൻ കാത്തിരിപ്പൂ 


മഴപ്പെയ്ത്താൽ പാടം നിറഞ്ഞിടാനായി 

ആശയോടെയിന്നും കാത്തിരിപ്പൂ 

ആശയോടെയിന്നും കാത്തിരിപ്പൂ 

ആശയോടെയിന്നും കാത്തിരിപ്പൂ 

10 ചോദ്യങ്ങൾ 10 ഉത്തരങ്ങൾ

 

പത്ത് വർഷം പൂർത്തിയാക്കുന്ന കുന്ദലഹള്ളി കേരള സമാജത്തിന്റെ നാൾവഴികൾ തേടിനടക്കുന്നതിന്റെ ഭാഗമായി തുടക്കകാലത്ത് സമാജവുമായി പ്രവർത്തിച്ചവരോ അല്ലെങ്കിൽ കഴിഞ്ഞ പത്ത് വർഷമായി അതിന്റെ വളർച്ചയിൽ ഭാഗമായിട്ടുള്ളവരോ ആയ പത്ത് അംഗങ്ങളുമായി നടത്തിയ അഭിമുഖത്തിന്റെ ഭാഗമായി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. ഈ സംരംഭത്തിൽ പ്രവർത്തകസമിതിയിലെ അംഗമായ അനിൽകുമാറും എന്നോടൊപ്പമുണ്ടായിരുന്നു.


1 . ഒരു സമാജത്തിന് വളരാൻ ഏതു രീതിയിലുള്ള പ്രവർത്തനമാണ് ആവശ്യമെന്ന ചോദ്യത്തിന് ഒരുപാട് സമാജങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളതും കുന്ദലഹള്ളി കേരള സമാജത്തിന്റെ സ്ഥാപകരിൽ ഒരാളുമെന്ന നിലയിൽ എന്തായിരിക്കും താങ്കളുടെ മറുപടി?

പി എൻ യോഗീദാസ്: ദീർഘവീക്ഷണത്തോടൊപ്പം കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള മനസ്സുണ്ടാകണം. ഒരു കാര്യം ചെയ്യണം എന്ന് തീരുമാനിച്ചാൽ എത്ര പ്രതിബന്ധങ്ങൾ നേരിട്ടാലും പിന്മാറരുത്. വെല്ലുവിളി ഏറ്റെടുക്കാനും അത് തരണം ചെയ്യാനുമുള്ള ആർജ്ജവം ഭരണസമിതിയിലുള്ളവർ കാണിക്കണം.

2 . പത്ത് വർഷം പൂർത്തിയായ ഈ വേളയിൽ സമാജം രൂപീകരിക്കുമ്പോൾ മുന്നോട്ടു വെച്ചിരുന്ന ഉദ്ദേശശുദ്ധിയിൽ നിന്നും വ്യതിചലിച്ചതായി താങ്കൾ കരുതുന്നുണ്ടോ?

രാമചന്ദ്രൻ കെ: അങ്ങനെ തോന്നിയിട്ടില്ല, സമാജം തുടങ്ങുമ്പോൾ മുന്നോട്ടു വെച്ച ആശയങ്ങളിലും ആദർശങ്ങളിലും ഊന്നി തന്നെയാണ് സമാജം ഇപ്പോഴും പ്രവർത്തിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. കോവിഡ് പ്രശ്ങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് കാണുന്നതിലും ശക്തമായി മുന്നേറാൻ ഈ സമാജത്തിന് കഴിയുമായിരുന്നു.

3 . തമിഴ്‌നാട്ടിൽ ജനിച്ച് കർണ്ണാടകത്തിൽ വേരുറപ്പിച്ച താങ്കൾക്ക് കേരള/മലയാളി സമാജങ്ങളുടെ പ്രസക്തിയെ പറ്റി എന്ത് പറയാനുണ്ട്?

ശ്രീകണ്ഠൻ ജി: വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരുന്നതു കൊണ്ടാവാം ഒരു വ്യക്തിയെ സംബന്ധിച്ച് ആദ്യം സ്വകുടുംബവും പിന്നെ ഇന്ത്യൻ/ഭാരതീയൻ എന്ന ചിന്തയുമാണ് ഉണ്ടാവേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷെ ഇന്ത്യ എന്ന് പറയുന്നത് പല സംസ്ഥാനങ്ങൾ കൂടിച്ചേർന്നതാണ് അതിലോരോന്നിനും അതാതിന്റേതായ ഭാഷയും കലയും സംസ്കാരവും ഒക്കെയുണ്ട്. പ്രവാസികളായ നമുക്ക് നമ്മുടെ നാടിന്റെ ഭാഷയേയും കലയെയും സംസ്കാരത്തെയും അടുത്തറിയാനും മറ്റു സംസ്ഥാന / ദേശക്കാരുമായി പങ്കുവെക്കാനും പുതുതലമുറയ്ക്ക് പകർന്നു നൽകാനും  കേരള/മലയാളി സമാജങ്ങൾ നല്ലതാണ്. കൂടുതൽ ആളുകളെ പരിചയപ്പെടാനും പരസപര സഹകരണം വർദ്ധിപ്പിക്കാനും ഇത് തീർച്ചയായും സഹായിക്കുന്നുണ്ട്. 

4 . കുംദലഹള്ളി കേരളസമാജത്തിന്റെ വനിതാ വിഭാഗമായ സുരഭിയുടെ നേതൃനിരയിൽ ദീർഘകാലം ഉണ്ടായിരുന്ന വ്യക്തി എന്ന നിലയിൽ 'സുരഭി'യിൽ പ്രവർത്തിക്കുമ്പോൾ മറക്കാനാവാത്ത അനുഭവം വല്ലതും ഉണ്ടായിട്ടുണ്ടോ?

കവിത: ഒരുപാടുണ്ട്. വിദ്യാലയ/കലാലയ ജീവിതം കഴിഞ്ഞു ഒരു വേദി കിട്ടാത്തതിന്റെ പേരിൽ തങ്ങളുടെ കലാകായിക വാസനകൾ വീടിനകത്ത് തളച്ചിടാൻ വിധിക്കപ്പെട്ട അമ്മമാർക്ക് തങ്ങളൊരിക്കൽ സ്വപ്നം കണ്ടതുപോലെ  ആഗ്രഹിച്ചതുപോലെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം കിട്ടുമ്പോൾ, അതിലവർ സന്തോഷിക്കുന്നത് കാണുമ്പോൾ, അദമ്യമായ സന്തോഷം കൊണ്ട് പൊട്ടിക്കരയുന്നതുപോലും കാണേണ്ടി വന്നപ്പോൾ ഒരുപാട് സന്തോഷം തോന്നിയിട്ടുണ്ട്. ആരും കേൾക്കാനില്ലാതെ, ഒന്നും ചെയ്യാനില്ലാതെ കഴിഞ്ഞിരുന്നവരുടെ ആനന്ദം കണ്ടിട്ട് എത്രയോ വട്ടം മനസ്സും കണ്ണും നിറഞ്ഞിട്ടുണ്ട്.

5 . ഒരു സമാജം അല്ലെങ്കിൽ അതിന്റെ ഭരണസമിതി എങ്ങനെ പ്രവർത്തിക്കണമെന്നാണ് താങ്കൾ കരുതുന്നത്?

ഷിജോ ഫ്രാൻസിസ്: തീർച്ചയായും സമാജത്തിന്റെ നിയമാവലി (ബൈ-ലോ) അനുസരിച്ച് തന്നെ പ്രവർത്തിക്കണമെന്ന് തന്നെയാണ് അഭിപ്രായം. എല്ലാ കാര്യങ്ങളിലും  ഒരുപക്ഷേ നടപടിക്രമങ്ങൾ നൂറു ശതമാനം പാലിക്കാൻ പറ്റണം എന്നില്ല എങ്കിലും പരമാവധി നമ്മൾ ബൈ ലോ പിന്തുടരണം എന്ന് തന്നെയാണ് ശക്തമായ അഭിപ്രായം.

6 . താങ്കൾ പ്രസിഡന്റായിരിക്കെ നടപ്പിൽ വരുത്തണം എന്ന് ആഗ്രഹിച്ചതും എന്നാൽ ഇതുവരെ നടപ്പിലാക്കാൻ പറ്റാതെ പോയതുമായ എന്തെങ്കിലും കാര്യമുണ്ടോ?

നന്ദകുമാർ നായർ: കലാക്ഷേത്രയിലെ കുട്ടികളുടെ യാത്രയ്ക്കായി ഒരു വാഹനം വാങ്ങണമെന്നും കുട്ടികളെ കൂട്ടിക്കൊണ്ടുവരാനും കൊണ്ടുവിടാനുമുള്ള ഏർപ്പാടുകൾ ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ പല കാരണങ്ങൾ കൊണ്ടും സാങ്കേതിക-സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ടും അത് നടപ്പിലാക്കാൻ പറ്റിയില്ല. ഒരു പക്ഷെ അത് ചെയ്തിരുന്നെങ്കിൽ കൂടുതൽ കുട്ടികളെ കലാക്ഷേത്രയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞേനെ.

7 . സമാജത്തിന്റെ തുടക്കം മുതൽ ഇതിൽ പ്രവർത്തിക്കുന്ന ഒരാളാണ് താങ്കൾ. ആദ്യം സുരഭിയിലും പിന്നീട് പ്രവർത്തകസമിതിയിലും അവസാനം കഴിഞ്ഞ ഭരണസമിതിയിലും സജീവമായി ഇടപെട്ടിരുന്ന താങ്കൾ, സമാജത്തിനായി ചെയ്ത ഏറ്റവും വലിയ കാര്യങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളത് എന്ന് തോന്നിയിട്ടുള്ള കാര്യമെന്താണ്?

രേഖ: പെട്ടെന്നൊരുത്തരം പറയാൻ ബുദ്ധിമുട്ടാണ്. എല്ലാ പ്രവർത്തനങ്ങൾക്കും ആത്മാർത്ഥമായ സഹകരണം ഞാൻ നൽകിയിരുന്നു. അതിനി മേലിലും ഉണ്ടാവുകയും ചെയ്യും. എങ്കിലും പെട്ടെന്നോർമ്മ വരുന്നത് 2017 ലെ ഓണാഘോഷമാണ്. ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും KKS അവശിഷ്ടരഹിത പരിപാടി (zero waste event) നടത്തുന്നത്. പ്ലാസ്റ്റിക്/ കടലാസ്സ് ഗ്ലാസ്സുകളും പാത്രങ്ങളും ഒഴിവാക്കിയുള്ള ആ വർഷത്തെ ഓണാഘോഷം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് 2019 ൽ കലാക്ഷേത്രയുടെ വാർഷികത്തിനും ഓണാഘോഷത്തിനും ഞങ്ങൾ ഈ ആശയം വിജയകരമായി നടപ്പിലാക്കി.

8 . നമ്മുടെ സമാജം പതിനൊന്നാം വയസ്സിലേക്ക് കടക്കുന്ന ഈ വേളയിൽ, സമാജത്തെ സംബന്ധിച്ച് താങ്കളുടെ മനസ്സിലെ ആഗ്രഹം എന്താണ്?

ഷക്കീല: കഴിഞ്ഞ പത്തു വർഷത്തെ ചരിത്രം നോക്കിയാൽ പല പുതിയ പരിപാടികളും നമ്മൾ ചെയ്തതായി കാണാം, എങ്കിലും എനിക്ക് തോന്നുന്നത് സ്ത്രീകൾക്ക് ആവശ്യത്തിന് പ്രാധാന്യം ഇപ്പോഴും കിട്ടുന്നില്ല എന്ന് തന്നെയാണ്. 25 പേരുള്ള പ്രവർത്തകസമിതിയിൽ ഇത്തവണ സ്ത്രീ പ്രാതിനിധ്യം രണ്ടിൽ നിന്നിരട്ടിച്ചു നാലായി. അതിനിയും കൂടുമെന്ന പ്രതീക്ഷയുമുണ്ട് എന്നിരുന്നാലും കൂടുതൽ വനിതകളെ ഉൾക്കൊള്ളിച്ചു കൊണ്ട്, അവർക്കു കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യം നൽകിക്കൊണ്ട് പുതിയ ആശയങ്ങൾ നടപ്പിൽ വരുത്താനും സമാജത്തിന്റെ ഭരണനേതൃത്വത്തിലേക്ക് കടന്നു വരാനുമുള്ള സാഹചര്യം KKS ൽ ഉണ്ടാകണം എന്നാണ് ആഗ്രഹം. അങ്ങനെ സ്ത്രീ-പുരുഷ സമത്വം നടപ്പിലാക്കി മറ്റു സംഘടനകൾക്ക് മാതൃകയാവാൻ നമുക്ക് കഴിയട്ടെ.

9 . സമാജത്തിന്റെ ജനനത്തിന് സാക്ഷിയായൊരാളാണ് താങ്കൾ. KKS ന്റെ ആദ്യത്തെ പ്രസിഡണ്ട് ആയെങ്കിലും അതിലും വളരെ മുന്നെത്തന്നെ ഇങ്ങനെയൊരു സമാജം സ്ഥാപിക്കണമെന്ന് ആഗ്രഹിച്ച ആളായിരുന്നു താങ്കളുടെ ഭർത്താവ് ശ്രീ കെ വി ജി നമ്പ്യാർ. ഇന്നിപ്പോൾ ഈ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ അദ്ദേഹം നമ്മുടെ കൂടെയില്ല. അദ്ദേഹം സ്വപ്നം കണ്ട സമാജത്തിൽ നിന്നും എത്രമാത്രം അകലത്താണ് KKS നിൽക്കുന്നത്? 

ശാന്ത എൻ കെ: അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലുണ്ടായിരുന്ന സമാജമായി മാറാൻ ഏറെക്കുറെ സാധിച്ചിട്ടുണ്ടെങ്കിലും കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ ചില കാര്യങ്ങളിൽ ഇനിയും ഏറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. പ്രത്യേകമായി പറഞ്ഞാൽ സമാജത്തിന്റെ ഭാഗമായി ഒരു നാടകസംഘം ഉണ്ടാക്കുക എന്നതും ആ സംഘം നാടകമത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം വാങ്ങുക എന്നതും അദ്ദേഹത്തിന്റെ വലിയൊരാഗ്രഹമായിരുന്നു. കഴിഞ്ഞവർഷം നാടകത്തിന്റെ ചർച്ചകൾ വന്നപ്പോൾ അതുകൊണ്ടു തന്നെ എനിക്ക് വലിയ സന്തോഷം തോന്നിയിരുന്നു. അത്കൂടാതെ അറിയപ്പെടുന്ന സാഹിത്യകാരന്മാരെ ക്ഷണിച്ചു വരുത്തുക, കവിസമ്മേളനങ്ങൾ നടത്തുക എന്ന മോഹങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. കവിതയെയും നാടകത്തെയും അത്രമേൽ ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. പത്തുവർഷം പിന്നിട്ടിട്ടും ഇവയൊന്നും സമാജത്തിൽ നടന്നു കാണാത്തതിൽ വ്യക്തിപരമായി എനിക്ക് സങ്കടവും നിരാശയുമുണ്ട്.

10 . ആദ്യത്തെ പ്രവർത്തകസമിതിയിലുണ്ടായിരുന്ന ആളാണ് താങ്കൾ. അംഗങ്ങളെ ചേർക്കാനും സമാജത്തിന്റെ മറ്റു പ്രവർത്തനങ്ങളിലുമൊക്കെ സജീവമായി പ്രവർത്തിച്ച താങ്കൾ പക്ഷെ പിന്നീട് പ്രവർത്തകസമിതിയിലോ സമാജത്തിന്റെ മറ്റു പ്രവർത്തനങ്ങളിലോ സജീവമായി ഇടപെട്ട് കണ്ടിട്ടില്ല. എന്താണതിനു കാരണം?

ജോർജ് സെബാസ്റ്റ്യൻ: ആരോഗ്യപരമായ കാരണങ്ങളാലാണ് ഇപ്പോൾ വിട്ടുനിൽക്കുന്നത്. പക്ഷെ മുൻപ് പക്ഷെ അങ്ങനെ ആയിരുന്നില്ല. ആദ്യത്തെ പ്രവർത്തകസമിതിയുടെ സമയത്ത് ഞങ്ങളൊക്കെ ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്നു. പക്ഷെ പിന്നീട് പ്രവർത്തകസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നതിനു കാരണം പുതിയ ആൾക്കാർ വരണം എന്ന ചിന്ത തന്നെയായിരുന്നു. പുതിയ കാഴ്ചപ്പാടും ശൈലിയും കാര്യക്ഷമതയുമൊക്കെയുള്ളവർ വന്നാലേ സമാജത്തിന് പുരോഗതിയുണ്ടാവുകയുള്ളൂ എന്ന് കരുതുന്ന ആളാണ് ഞാൻ. അത് മാത്രവുമല്ല, എന്നും ഒരേ സ്ഥലങ്ങളിൽ ഉള്ളവർ തന്നെ ആവരുത് പ്രവർത്തകസമിതിയിൽ. പല ഭാഗത്ത് നിന്നുള്ളവർ പല പ്രവർത്തനമേഖലയിൽ നിന്നുള്ളവർ ഒക്കെ വരണം. പല ചിന്തകൾ വേണം അല്ലാതെ ഒരേ ചിന്തയും കാഴ്ചപ്പാടും മാത്രമുള്ളവർ കുറേക്കാലം സമാജത്തിന്റെ മുൻനിരയിൽ നിൽക്കുന്നത് ഭംഗിയല്ല എന്നാണെന്റെ വിശ്വാസം.