പേജുകള്‍‌

വെളിച്ചം മറഞ്ഞപ്പോൾ...

 

വെറുതെയിരിക്കുമ്പോൾ കുത്തിക്കുറിച്ച വരികൾ, ഒരു സുഹൃത്ത് വഴി സംഗീതം സിരകളിൽ നിറഞ്ഞ ഒരു ചെറുപ്പക്കാരന്റെ കയ്യിലെത്തി. അവൻറെ  ഹൃദയത്തിൽ നിന്നും വിരിഞ്ഞ ഈണം അവൻറെ ചുണ്ടിലൂടെത്തന്നെ  പുറത്തിറങ്ങി. എനിക്കറിയാത്ത ഏതോ നല്ല കലാകാരന്മാർ അതിന് മനോഹരമായ ദൃശ്യം ചമയ്ക്കാനുമെത്തി (താഴെ കൊടുത്തിരിക്കുന്ന പാട്ടിലെ മൂന്നാമത്തെ ചരണം ദൃശ്യാവിഷ്കാരത്തിൽ ഉൾപ്പെടുത്തിയിട്ടില്ല).

കാണുക:  https://youtu.be/Ma2fDkjB21w


എന്റെ പകലിനെ ഇരുളിൽ താഴ്ത്തി
എങ്ങോ പോയ്മറഞ്ഞു നീ
എങ്ങോ പോയ്മറഞ്ഞു
അമ്മയെ വേർപെട്ട പൈതലിനെപ്പോൽ
പകച്ചു നിൽപ്പൂ ഇവിടെ 
ഞാൻ വിതുമ്പി  നിൽപ്പൂ ഇവിടെ

വെയിലേറ്റു വാടാതെ മഴയേറ്റ് നനയാതെ
കുടയായി എന്നെ നീ കാത്തിരുന്നു
മാറോട് ചേർത്ത് പിടിച്ചിരുന്നു
പൂത്തുമ്പിയായി നമ്മൾ പാറിയില്ലേ
പൂക്കളിൻ തേൻ നുകർന്നില്ലേ
മെല്ലെ രാവിലലിഞ്ഞു ചേർന്നില്ലേ

മുഖമൊട്ടു വാടിയാൽ ഞാനൊന്നു തളർന്നാൽ
നിന്മിഴിക്കോണും നനഞ്ഞിരുന്നു
എന്നിൽ നീ ആശ്വാസം ചൊരിഞ്ഞിരുന്നു
ഒരുപാട് കാതം അലഞ്ഞതല്ലേ
കാഴ്ചകളേറെ കണ്ടതല്ലേ
നമ്മൾ എല്ലാം മറന്നൊന്ന് പാടിയില്ലേ

വൃശ്ചിക കുളിരിലും ഇടവപ്പാതിയിലും
സ്വപ്നങ്ങളേറെ നെയ്തുകൂട്ടി
ഒരു മെയ്യും മനവുമായി കഴിഞ്ഞു നമ്മൾ
എന്നെ തനിച്ചാക്കി നീ മറഞ്ഞു
ആട്ടവും പാട്ടും മറന്നുപോയി
എൻ സ്വപ്നങ്ങളെങ്ങോ പോയി മറഞ്ഞു

ഓർമ്മകൾ-1

ഭൂതകാലവും കൊറോണയും: 

"അച്ഛാ, ഈ ലാപ്ടോപ്പ് ലോഗിൻ ചെയ്തു തരുമോ, ക്ലാസ് തുടങ്ങാറായി" മോളാണ്, ഓൺലൈൻ ക്ലാസ്സിനുള്ള തയ്യാറെടുപ്പിലാണ്. കോറോണയുടെ തേർവാഴ്ച കാരണം ലോകമെമ്പാടുമുള്ള ഒരുപാടു ജനങ്ങളുടെ ജീവിതം നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ടപ്പോൾ ഒരുപക്ഷെ ഏറ്റവുമധികം  ബാധിച്ചിട്ടുള്ളത് കുട്ടികളെയായിരിക്കും. കൂട്ടുകാരുടെ കൂടെ കുസൃതി കാണിച്ചും കളിച്ചും രസിച്ചും നടക്കേണ്ട സമയത്ത്, അതൊന്നും ചെയ്യാൻ കഴിയാതെ ചതുരപ്പെട്ടിയുടെ മുന്നിൽ എല്ലാം അടക്കിപ്പിടിച്ച് ഇരിക്കേണ്ട അവസ്ഥ. ജീവിതത്തിലെ ഏറ്റവും രസകരങ്ങളായേക്കാവുന്ന കുറെയേറെ മുഹൂർത്തങ്ങളാണ് അവർക്ക് നഷ്ടമാകുന്നത്. എങ്കിലും അവർക്ക് പഠിക്കാൻ കഴിയുന്നുണ്ട്. ടെലിവിഷനിലൂടെയും മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ചൊക്കെ അവർക്ക് അകലെയുള്ള അദ്ധ്യാപകരുമായും കൂട്ടുകാരുമായും ബന്ധം സ്ഥാപിക്കാൻ കഴിയുന്നുണ്ട്. ശാസ്ത്രത്തിന്റെ വലിയ നേട്ടം. എങ്കിലും ഇതിനൊന്നും വകയില്ലാത്ത ഒരുപാട് കുട്ടികൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കേരളമടക്കമുള്ള നാടുകളിൽ പകച്ചുനിൽപ്പുണ്ട് എന്നത് കാണാതെ പോകരുത്. 

ഈ കൊറോണ ഇപ്പോൾ വന്നതിനുപകരം കുറച്ചു വർഷങ്ങൾക്കുമുൻപ് അതായത് എൺപതുകളിലോ അതിനുമുൻപോ വന്നിരുന്നെങ്കിൽ? ഒന്നാലോചിച്ചു നോക്കൂ. ഇന്ന് ഒരുപാട് പേർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനും നേരത്തെ പറഞ്ഞതുപോലെ വീട്ടിലിരുന്ന് പഠിക്കാനും കഴിയുന്നു. പക്ഷെ ഇരുപതോ മുപ്പതോ വർഷങ്ങൾക്ക് മുൻപ് നമ്മുടെ നാട്ടിലെ സ്ഥിതി ഇങ്ങനെയല്ലായിരുന്നു. മൊബൈൽ എന്നത് കണ്ടിട്ട് പോയിട്ട് കേട്ടിട്ടുപോലുമില്ലായിരുന്നു. ചുരുക്കം വീടുകളിൽ മാത്രമേ ടെലിവിഷൻ ഉണ്ടായിരുന്നുള്ളൂ. വൈദ്യുതിപോലും എത്തിനോക്കാത്ത ഗ്രാമങ്ങൾ ഈ കേരളത്തിൽ പോലും ഒരുപാടുണ്ടായിരുന്നു. ഏതായാലും ഈ കാലം എന്നെ പിറകിലോട്ട് നോക്കാൻ പ്രേരിപ്പിക്കുകയാണ്; കൗതുകമാർന്ന ഒരു തിരിഞ്ഞു നോട്ടം.

അഞ്ചുവയസ്സുവരെ വീട്ടിലിരുന്ന സുഖിച്ചിരുന്ന എന്നെ ഒരു ഇടവപ്പാതിയിൽ ഇളയച്ഛന്മാർ തൂക്കിയെടുത്ത് ഒന്നാം ക്ലാസ്സിൽ കൊണ്ടുപോയി ഇരുത്തിയത് ഇന്നും എനിക്കോർമ്മയുണ്ട്. നിലവിളിച്ചു കൊണ്ട്  ആദ്യദിവസം അവിസ്മരണീയമാക്കിയ ഞാൻ എന്തുകൊണ്ടോ തുടർന്നുള്ള ദിവസങ്ങളിൽ കരഞ്ഞില്ല. അമ്മമാരെപ്പോലുള്ള ടീച്ചർമാരുടെ സാമീപ്യം കാരണമാണോ അതോ കരഞ്ഞതുകൊണ്ടു ഒരു കാര്യവും ഇല്ല എന്ന് മനസ്സിലാക്കിയതുകൊണ്ടോ എന്ന് ഒരു പിടിയുമില്ല. ഏതായാലും ക്ലാസ്സിലെ കൂട്ടുകാരുടെ കൂടെ കളിച്ചും കരഞ്ഞും അടികൂടിയും ഞാൻ എന്റെ വിദ്യാഭ്യാസകാലം ഓരോ പടിയായി ചവുട്ടിക്കയറി.  അത്യാവശ്യം കുഴപ്പമില്ലാതെ പഠിച്ചും വളരെ കുറച്ചുമാത്രം കുരുത്തക്കേട് കാണിച്ചും ഞാൻ വളരുന്നതിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനം ഞാൻ പഠിച്ച എല്ലാ സ്കൂളുകളിലും അദ്ധ്യാപകരായി അടുത്ത ബന്ധുക്കൾ ഒന്നിലധികംപേർ ഉണ്ടായിരുന്നു എന്നതാണ്. അവർക്കൊക്കെ അച്ഛനെ മാത്രമല്ല വീടിന്റെ മേൽവിലാസം വരെ അറിയാമായിരുന്നു. ഞാൻ ഹരിശ്രീ കുറിച്ച പനയാൽ  മഹാലിംഗേശ്വരഃ അപ്പർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത് എന്റെ അച്ഛന്റെ അച്ഛച്ഛനായിരുന്നു. ആ സ്കൂളും ഞങ്ങളും തമ്മിലുള്ള  ബന്ധം അവിടുത്തെ മിക്ക അദ്ധ്യാപകർക്കും അറിയാമായിരുന്നു എന്നതും ഇതിന്റെ കൂടെ ചേർത്ത് വായിക്കണം. രണ്ടാമത്തെ കാരണം കുരുത്തക്കേട് കളിക്കുന്ന കുട്ടി എന്ന പേര് സമ്പാദിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു എന്നതാണ്. ഇത്രയൊക്കെ പറഞ്ഞത് അത്രയ്ക്കൊന്നും സംഭവബഹുലമായ ഒരു സ്കൂൾ കാലഘട്ടം എനിക്കില്ലായിരുന്നു എന്നറിയിക്കാനാണ്. എന്നുവെച്ചു തീരെ ഇല്ലാതില്ല കേട്ടോ, അതൊക്കെ ഞാൻ പിന്നീട് പറയാം. ഏതായാലും "നീ എന്തിനാ....പഠിക്കണെ" യെന്ന് ഇതുവരെ ആരെക്കൊണ്ടും ചോദിപ്പിച്ചില്ല. 

അന്നൊക്കെ വളരെ കുറച്ചു കുപ്പായങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ മൂന്ന് ആൺകുട്ടികളായതിനാൽ എല്ലാവർക്കും ഒരേ തരത്തിലുള്ള ഉള്ള കുപ്പായമായിരിക്കും. നിറവും വള്ളിയും പുള്ളിയും ഒക്കെ ഒന്നുതന്നെ. സ്കൂൾ ബാഗ് പോലും മര്യാദക്ക് ഉണ്ടായിരുന്നില്ല. എന്റെ ആദ്യത്തെ സ്കൂൾ ബാഗ് ഉണ്ടാക്കിയത് തീന്മേശക്ക് വിരിക്കാൻ കൊണ്ടുവന്ന തുണിയിൽ ബാക്കിവന്ന കഷണം കൊണ്ടുണ്ടാക്കിയതാണ്. ചുവന്ന തുണിയിൽ കറുത്ത പുള്ളികളുള്ള,  വലിയ വള്ളിയുള്ള ബാഗ്. എത്രകാലം അതുപയോഗിച്ചുവെന്ന് എനിക്കോർമ്മയില്ല. അന്നൊക്കെ മഴവന്നാലും പോയാലും സ്കൂൾ അവധിയില്ലായിരുന്നു. മണ്ണിട്ട റോഡുകളും ഇടവഴികളുമായിരുന്നു (കിള എന്ന് നാടൻ പ്രയോഗം) ഞങ്ങൾക്ക് ആശ്രയം. കലുങ്ക് ഇല്ലാത്തതിനാൽ മഴക്കാലത്ത് റോഡ് തോടിനായി മാറിക്കൊടുക്കും. തോടായ റോഡ് മുറിച്ചു കടക്കാൻ ചെറിയ കുട്ടികൾക്ക് കഴിയാത്തതിനാൽ മുതിർന്ന കുട്ടികളോ അല്ലെങ്കിൽ 4 മണി മുതൽ വഴിയരികിൽ നിൽക്കുന്ന അച്ഛന്മാരോ സഹായിക്കും. അന്നത്തെ മൺറോഡ് ഇന്ന് ടാർ റോഡ് ആയിമാറി. തോടിനു പോകാൻ റോഡിനടിയിലൂടെ വഴിയൊരുക്കി. ഇടവഴികൾ മിക്കതും മതിലുകളാലും പുതിയ വീടുകളാലും അകാലചരമം പ്രാപിച്ചു. മഴക്കാലത്ത്  സ്കൂളിലേക്ക് എത്തുന്നതും തിരിച്ചു വീട്ടിലെത്തുന്നതും നനഞ്ഞുകൊണ്ടായിരിക്കും. അന്ന് സ്വിച്ച് ഇടുമ്പോൾ തുറക്കുന്ന കുടകളില്ലായിരുന്നു (അതോ ഞാൻ കണ്ടിട്ടില്ലായിരുന്നു). മഴയിൽ നിന്ന് ഞങ്ങളെ കാക്കുന്ന കുടയെ ഒരു പ്രത്യുപകാരമെന്ന നിലയ്ക്ക് ആഞ്ഞടിക്കുന്ന കാറ്റിൽ നിന്നും രക്ഷിക്കുന്ന ജോലി ഞങ്ങളുടേതായിരുന്നു. മഴക്കോട്ടൊക്കെ അപൂർവമായിരുന്നു. ആരെങ്കിലും കോട്ടിട്ട് വന്നാൽ ആ കാഴ്ച ഞങ്ങൾക്കൊരു അത്ഭുതവും അസൂയ ജനിപ്പിക്കുന്നതുമായിരുന്നു. കുട വാങ്ങാൻ കഴിയാത്ത കുട്ടികൾ തെങ്ങോല മെടഞ്ഞുണ്ടാക്കിയ, ഞങ്ങൾ 'കൊരമ്പ' എന്ന് വിളിക്കുന്ന നാടൻ കവചമായിരുന്നു ഉപയോഗിച്ചിരുന്നത്. മുൻവശം തുറന്നു കിടക്കുന്ന കൊരമ്പയ്ക്ക്, മുന്നിൽ നിന്നും വരുന്ന മഴയിൽ നിന്നും സംരക്ഷണം നല്കാൻ ആവില്ലായിരുന്നു. കണ്ടത്തിൽ പണിയെടുക്കുന്ന പണിക്കാർ ചൂടിയിരുന്നതും ഇതേ കൊരമ്പകളാണ്. സ്കൂൾ വിട്ടുവന്നാൽ സന്ധ്യ വരെ അപ്പുറത്തെ വീട്ടിലെ കുട്ടികളുമായി കളിക്കുക എന്നതായിരുന്നു പതിവ്. സൂര്യൻ മറഞ്ഞാലും കളി തുടരുന്ന ഞങ്ങൾ അമ്മയുടെ അന്ത്യശാസനം കിട്ടിയാൽ മാത്രമേ തിരിച്ചു വീട്ടിൽ കയറിയിരുന്നുള്ളൂ. കൈയും കാലും മുഖവും ഒക്കെ കഴുകി ഉച്ചത്തിൽ സന്ധ്യാനാമം ചൊല്ലുക (രാമനാമം ജപിക്കുക എന്നായിരുന്നു പറഞ്ഞിരുന്നത്) ശീലം ഉണ്ടായിരുന്നു. കുറേക്കാലം ഈ ശീലം ഞാൻ  കൊണ്ടുനടന്നിരുന്നെങ്കിലും പിന്നീടെപ്പോഴോ അതെനിക്ക് നഷ്ടമായി. ഇന്നും സന്ധ്യക്ക്‌ വിളക്ക് വെക്കാറുണ്ടെങ്കിലും പ്രാർത്ഥന എന്നത് കണ്ണടച്ചു നിൽക്കുന്ന ഏതാനും നിമിഷങ്ങൾ എന്നതായി ചുരുങ്ങി. പ്രാർത്ഥിച്ചു കഴിഞ്ഞാൽ മണ്ണെണ്ണ വിളക്കുകൾ (ചിമ്മിണി വിളക്ക് എന്ന് ഞങ്ങൾ പറയും) കത്തിച്ച് അതിന്റെ മുന്നിൽ ഇരുന്ന് വായിക്കുന്നു എന്ന ഭാവത്തിൽ ഭക്ഷണം കഴിക്കുന്നത് വരെയുള്ള സമയം തള്ളിനീക്കുക എന്നതായിരുന്നു പതിവ്. 

അന്നൊക്കെ ഞങ്ങൾക്ക് നെല്കൃഷിയുണ്ടായിരുന്നു. വിഷുവിനാണ് വിത്തിടാറ്. ആദ്യത്തെ ഒരുപിടി അച്ഛന്റെ വക, ബാക്കി നാരായണേട്ടനും. ഇടവപ്പാതി തകർത്തുപെയ്യുമ്പോൾ ഈ ഞാറൊക്കെ പൊരിച്ചെടുത്ത് (പിഴുതെടുത്ത് എന്നർത്ഥം) കണ്ടത്തിൽ കൊണ്ടുപോയി നടും. അവധിദിവസങ്ങളിൽ ഞങ്ങളും കണ്ടത്തിലെ ചളിയിൽ കളിക്കും, എന്നിട്ട് കുതിച്ചൊഴുകുന്ന തോട്ടിൽ  കുളിച്ചതിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയിരുന്നത്. ഓണം കഴിഞ്ഞാണ് കൊയ്ത്ത്  തുടങ്ങുന്നത് (എന്റെ നാട്ടിൽ 'മൂരുക' എന്ന് പറയും). അന്ന് ഞങ്ങൾ താമസിച്ചിരുന്ന വീടിന് 2 മുറ്റങ്ങളുണ്ടായിരുന്നു (കളം എന്ന് നാട്ടുഭാഷ്യം). ഒന്ന് വീടിനു ചുറ്റുമുള്ള ചെറിയ കളം, മറ്റൊന്ന് അതിന് ചേർന്നുള്ള വലിയ കളം. മൂർന്ന് കഴിഞ്ഞാൽ നെല്ലിന്റെ കറ്റകൾ കൂട്ടിയിടുന്നതും അതിനെ അടിച്ചും ചവുട്ടിപ്പിഴിഞ്ഞും നെല്ലെടുക്കുന്നതും കൂലിയായി നെല്ല് അളന്നു കൊടുക്കുന്നതുമൊക്കെ ഈ വലിയ കളത്തിൽ വെച്ചായിരുന്നു. അതിന്റെ അപ്പുറത്തായിരുന്നു കളപ്പുര. കളപ്പുരയുടെ ഒരറ്റത്ത് വലിയ മുറി. നിത്യോപയോഗത്തിനുള്ള നെല്ലും വെള്ളരിക്ക പോലുള്ള പച്ചക്കറികളും ഇവിടെയാണ് സൂക്ഷിക്കാറ്. മുറിയുടെ പുറത്ത് ഒരു പഴയ പത്തായം. അധികം വരുന്ന നെല്ല് സൂക്ഷിക്കാനാണ് ഇത്. പത്തായം കഴിഞ്ഞാൽ ബാക്കിയുള്ള സ്ഥലം നീളത്തിൽ ഒഴിഞ്ഞു കിടക്കും. ശബരിമല വ്രതം നോക്കുന്നവർ കിടക്കാനും കോളേജിൽ പഠിച്ചുകൊണ്ടിരുന്ന അച്ഛന്റെ ഇളയ അനുജൻ വായിക്കാനും കിടക്കാനും മറ്റും ഈ സ്ഥലം ഉപയോഗിച്ചുപോന്നു. കൂടാതെ ഞങ്ങൾ കുട്ടികളുടെ പ്രധാന കളിയരങ്ങു കൂടിയായിരുന്നു ഈ കളപ്പുരയും വലിയ മുറ്റവും ഒക്കെ. എനിക്ക് 10 വയസ്സ് ആകുന്നതുവരെ എന്നുവെച്ചാൽ അഞ്ചാം തരം കഴിഞ്ഞുള്ള വേനലവധി പകുതിയാകുന്നത് വരെ സ്കൂൾ കഴിഞ്ഞാൽ എൻ്റെ ജീവിതം വട്ടം തിരിഞ്ഞിരുന്നത്,  ഈ കളപ്പുരയുടെ ചുറ്റുവട്ടത്തും അതുപോലെ വളപ്പിൽ നിറയെ ഉണ്ടായിരുന്ന മരങ്ങളുടെ ചോട്ടിലുമായിരുന്നു. ആകാശത്തോളം വളർന്ന ഇടതൂർന്നു നിൽക്കുന്ന മരങ്ങൾ എന്നും എന്റെ കണ്ണിനും മനസ്സിനും ഹരം പകർന്നിരുന്നു. അക്കൊല്ലം മെയ് മാസത്തിലായിരുന്നു ഞങ്ങൾ ആ വീട് വിട്ടു വേറെ നാട്ടിലേക്കു പോയത്. അതുകൊണ്ടു തന്നെ ആറാം തരം മുതൽ എന്റെ നിശകളിലെ തമസ്സകറ്റിയത് നാല്പതോ അറുപതോ വാട്ടുകളുള്ള ബൾബിൽ നിന്നും പൊഴിഞ്ഞുവീണ മഞ്ഞവെളിച്ചമായിരുന്നു. അപ്പോഴും ഈയാംപാറ്റകൾ ആ വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടായിരുന്നു. ഒരു വ്യത്യാസം എന്നത് അവയൊന്നും അഗ്നിയിൽ വീണ് എരിഞ്ഞടങ്ങിയില്ല എന്ന് മാത്രമായിരുന്നു. കാലം കടന്നുപോയപ്പോൾ കണ്ടങ്ങൾ നഷ്ടമായി (വിറ്റുകളഞ്ഞു). കളപ്പുരയും വലിയ കളവുമൊക്കെ അനാവശ്യമായി തോന്നി. പല സ്ഥലങ്ങളിൽ താമസിച്ച് വർഷങ്ങൾക്കുശേഷം പിറന്ന നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ ഒരുപാട് ഓർമ്മകൾ നിഴലിക്കുന്ന കളപ്പുര പൊളിച്ച് വലിയ കളവുമായി ചേർന്നുള്ള സ്ഥലത്താണ് അച്ഛൻ പുതിയ വീട് കെട്ടിയത് എന്നത് കാലത്തിന്റെ തമാശ മാത്രം. മരങ്ങൾ തലയുയർത്തി നിൽക്കുന്നത് കണ്ടു സന്തോഷിച്ച ഞാൻ, ഉയർന്നു വരുന്ന പുതിയ വീടുകൾക്കായി മുറിഞ്ഞുവീണ മരങ്ങളുടെ രോദനങ്ങൾക്കും മൂകസാക്ഷിയാകേണ്ടി വന്നു എന്നത് കാലത്തിന്റെ മറ്റൊരു ക്രൂരമായ തമാശ. ഒരുപാട് പ്രാണികൾക്ക് താങ്ങും തണലുമായിരുന്ന ആ മരങ്ങൾ ഒരു ദിനം പൊടുന്നനെ ചേതനയറ്റ് ഭൂമിയിലേക്ക് പതിച്ചപ്പോൾ ആകാശത്തും എന്റെ മനസ്സിലും സൃഷ്ടിച്ച വിടവുകൾ വളരെ വലുതായിരുന്നു.

 പത്തു വയസ്സുവരെ മേശവിളക്കിന്റെ മങ്ങിയ വെളിച്ചത്തിലാണ് ഞങ്ങളൊക്കെ പഠിച്ചത്. കരിപിടിച്ച ചില്ലുഗ്ലാസ്സിലൂടെ പുറത്തേക്കെത്തിനോക്കുന്ന നേർത്ത വെളിച്ചത്തിൽ, ഈയാംപാറ്റകൾ എരിഞ്ഞുതീരുന്നതിനിടെ, ഉറക്കം തൂങ്ങിയ കണ്ണുകളും ഇടയ്ക്കിടെ പൊളിക്കുന്ന വായുമായി പുസ്തകങ്ങളിലെ അക്ഷരങ്ങൾ ഓരോന്നായി തിന്നുതീർക്കുകയായിരുന്നു. അച്ഛന്റെ പാദപതനമായിരുന്നു പലപ്പോഴും ഞെട്ടിയുണരാൻ സഹായിച്ചിരുന്നത്. അങ്ങനെയൊരു കാലത്തിലേക്ക് കൊറോണ പറന്നിറങ്ങിയിരുന്നെങ്കിൽ എന്താവുമായിരുന്നു? സ്കൂളുകൾ തുറക്കാൻ പറ്റാത്തതിനാൽ മേല്പറഞ്ഞ സൗകര്യങ്ങൾ ഇല്ലാത്തതിനാലും വേനലവധി അനന്തമായി നീളുമായിരുന്നു. നാട്ടിൻപുറമായതിനാൽ അടുത്ത വീട്ടിലെ കുട്ടികളുമായി ഒരുപക്ഷെ കളിക്കാൻ സാധിക്കുമായിരിക്കും. അല്ലെങ്കിൽ ഒന്നും ചെയ്യാനില്ലാതെ വീട്ടിലിരുന്നു മുഷിഞ്ഞേനെ. അതുമല്ലെങ്കിൽ കുരുത്തക്കേട് കാട്ടിയും സഹോദരങ്ങളോട് അടികൂടിയും വീട്ടുകാർക്ക് പൊറുതിമുട്ടിയേനെ. സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഒരു അദ്ധ്യയനവർഷം മുഴുവനായി നഷ്ടപ്പെട്ടേനെ. അന്നത്തെ കാലത്ത് അതൊരു നഷ്ടമായി കുട്ടികൾക്കോ മാതാപിതാക്കൾക്കോ ഒരിക്കലും തോന്നുകയുമില്ലായിരുന്നു എന്നത് വേറെകാര്യം. ഒരേ ക്ലാസ്സിൽ ഒന്നിലധികം തവണ ഇരിക്കുന്നത് പണ്ടൊക്കെ ഒരസാധാരണകാര്യമായി ആർക്കും തോന്നിയിരുന്നില്ല. ഐ ടി കമ്പനികൾ ഇല്ലാത്തതിനാലും യുവാക്കൾ പലരും തൊഴിൽരഹിതരായതിനാലും ജീവിതം കൂടുതൽ ദുഷ്കരമായേനെ. ഒരുപക്ഷെ ആൾക്കാർ കൂടുതലായി കൃഷിയിലേക്ക് തിരിഞ്ഞേനെ. പത്രവാർത്തകളും ആകാശവാണിയും മാത്രം ആശ്രയമായതിനാൽ മരണനിരക്കോ അസുഖബാധിതരായവരുടെ കണക്കോ ഇന്നത്തെപോലെ അറിയുമായിരുന്നില്ല. ലോകത്തിന്റെ പല ഭാഗത്തും നിന്നുള്ള കൊറോണക്കഥകൾ നമ്മൾ കേൾക്കുമായിരുന്നില്ല. കൊറോണ എന്ന അസുഖം തന്നെ ഒരുപക്ഷെ ജനങ്ങൾ കേൾക്കുന്നത് എത്രയോ ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞായിരിക്കും. മെഡിക്കൽ ഷോപ്പുകൾ നഗരങ്ങളിൽ മാത്രമായതിനാൽ ഗ്രാമത്തിലുള്ളവർ സാനിറ്റൈസർ എന്നത് കാണുകയേ ഇല്ലായിരുന്നു. ഇന്നത്തെപ്പോലെ ജനസാന്ദ്രത ഇല്ലാത്തതിനാലും യാത്രകൾ കുറവായതിനാലും അസുഖത്തിന്റെ വ്യാപനം ഒരുപക്ഷേ അത്ര വേഗം സംഭവിക്കില്ലായിരിക്കും. പക്ഷേ ആശുപത്രികളുടെ അഭാവം മരണനിരക്ക് ഭീകരമായി കൂട്ടിയേനെ. സ്വന്തമായി വാഹനങ്ങളുള്ളവർ വിരളമായ ആ കാലത്ത് സർക്കാർ വാഹനങ്ങളെയാണല്ലോ യാത്രകൾക്കായി മിക്കവാറും ഉപയോഗിച്ചിരുന്നത്. അതിനാൽ തന്നെ ഇന്ന് റോഡിൽ നാം കാണുന്ന സ്വകാര്യ വാഹനങ്ങളുടെ തിരക്ക് അന്ന് കാണാനേ കഴിയില്ലായിരുന്നു.  ഏതായാലും അങ്ങനെയുള്ള ഒരു കാലത്താണ് ഞാൻ (നിങ്ങളിൽ പലരും) ബാല്യവും കൗമാരവും കഴിച്ചുകൂട്ടിയത്. 

                                                                                                                               തുടരും....


തുളുനാട്


(കാസർഗോഡ് നിന്നും പ്രസിദ്ധീകരിക്കുന്ന 'തുളുനാട്' എന്ന മാസികയിൽ ഈ കവിത അച്ചടിച്ച് വന്നപ്പോൾ)


സ്വർഗ്ഗത്തേക്കാൾ സുന്ദരമല്ലോയെന്നും 

പച്ചയിൽ പുതഞ്ഞൊരാ എന്റെ നാട് 

പല ഭാഷ സംസ്കാരം ജാതി മതങ്ങൾ   

ഇടചേർന്ന് പുലരുന്ന തുളുനാടിതത്രെ 


ചുരികത്തഴപ്പിൻ വടക്കൻ പാട്ടിലുണ്ട്  

തുളുനാടിൻ മാഹാത്മ്യം വേണ്ടുവോളം 

കടത്തനാടനടവുകൾ പഠിച്ചെന്നാലും     

പോരിൽ ജയിക്കാൻ തുളുനാടൻ വേണം 


കാണാം തുളുനാടിൻ പുരാണകാലം

ചരിത്രലിഖിതങ്ങളിൽ വേണ്ടുവോളം 

അറബികൾ പറങ്കികൾ വെള്ളക്കാർ 

പരദേശികൾ പലരും വന്നുപോയി 


കീഴടക്കി വിജയനഗരരാജൻ പണ്ട് 

ശേഷം ഇക്കേരിവംശം കോട്ടകെട്ടി   

ഹൈദറും ടിപ്പുവും പിടിച്ചെടുത്തു   

ചേർത്തിരുത്തി മലയാളനാട് പിന്നെ  


ഹർക് വില്ലിയ എന്നൊരു പേരിലത്രേ 

പ്രാചീനരേഖയിൽ ഈനാടിൻ പെരുമ 

കാഞ്ഞിരക്കൂട്ടത്തിൻ നാടൊരുനാൾ 

കാഞ്ഞിരോടും പിന്നെ കാസർഗോഡുമായി


മാലയിൽ കോർത്ത മുത്തുകൾപോൽ 

നിൽപ്പുണ്ട് സഹ്യാദ്രി കിഴക്കനതിരായി  

ഈരാറുനദികളിവിടെ കുണുങ്ങീടുന്നു 

കൈവെള്ളയിൽ തെളിയും രേഖപോലെ  


കേരനിരകളാടും ഹരിതകേരളത്തിൻ

ശിരസ്താനമാകുന്ന ഭൂമിയല്ലോയിവിടം   

മൗലിയിൽ മിന്നുന്ന പൊൻകിരീടമായി 

റാണിപുരം ശൈലം അവർണ്ണനീയം  


പശ്ചിമാബ്ദിയെ സ്പർശിച്ചുകിടക്കും   

പ്രൗഢഗംഭീരമാം ബേക്കൽ കോട്ടയിൽ 

കാണാം പല നൂറുവർഷങ്ങൾക്കപ്പുറം

പടനയിച്ചെത്തിയ പരദേശിക്കരുത്ത് 


ചന്ദ്രഗിരിക്കുന്നിലൊരുറവയായി പിറന്നു 

കണ്ണിന് കുളിരായി ചിരിച്ചിറങ്ങി 

കേരങ്ങൾ തിങ്ങും പുളിനങ്ങൾ തഴുകി 

ഒഴുകുന്ന ദേവത പയസ്വിനി മനോഹരി 


അനന്തൻകാട്ടിൽ കാണാമെന്നുചൊല്ലി

ദർശനമേകിയത്രേ ദേവൻ സ്വാമിയാർക്ക് 

പൂജിച്ചിടുന്നു തടാകമധ്യേ ശ്രീകോവിലിൽ  

അനന്തപുരംക്ഷേത്രം തീർത്ഥാടനപ്രിയം  


അനന്തൻകാട്‌ തേടി നടന്നു ഭക്തൻ  

അനന്തശായിയായി ദർശനമേകിയത്രേ 

അനന്തശായിയായി ഭക്ത്യാ കുടിയിരുത്തി 

തിരു അനന്തപുരം ഇന്നുലോകപ്രശസ്തം 


മുഹമ്മദിനനുയായി മതം വളർത്താൻ 

കടലും കടന്നന്ന് കേരളനാട്ടിലെത്തി 

ആ ദീപ്തസ്മരണയുമായി നിലകൊള്ളുന്നു  

മാലിക് ദീനാർ മസ്ജിദ് അതിവിശിഷ്ടം 


കേൾക്കാം കലയുടെ മണിനൂപുരങ്ങൾ 

തുളുനാട്ടിലെങ്ങും പലപല കാലങ്ങളിൽ 

തറവാടുമുറ്റത്തും തീണ്ടാത്ത കാവിലും

അനുഗ്രഹമായി തെയ്യങ്ങൾ ആടീടുന്നു   


നിറപ്പകിട്ടാർന്ന വേഷഭൂഷാദികളാൽ  

അമ്പലപ്പറമ്പിൽ നിറയുന്നു യക്ഷഗാനം 

ചടുല താളത്തിൽ മനം നിറച്ചീടുന്നു  

പൂരക്കളിയും പിന്നെ കോൽക്കളിയും 


മാപ്പിളപ്പാട്ടിൻ ഇശലുകൾ കേൾക്കാം 

നിക്കാഹിൻ കനവൂറും ഒപ്പനയും  

വായ്ത്താരിച്ചൊല്ലി പാടും പദത്തിന് 

നൃത്തചുവടുകളാടുന്ന മാർഗ്ഗംകളി 


പിറന്നുവീണേറെ മഹാത്മാക്കളിവിടം  

ദേശാഭിമാനികൾ പുണ്യാത്മാക്കൾ 

ചൊല്ലിപറയുവാനേറെയുണ്ടെന്നാലും    

ചൊല്ലീടാം ഏതാനും നാമങ്ങൾ മാത്രം  


കാളിയമർദ്ദനം നാടകം സംഗീതപ്രദം

മഹാകവി കുട്ടമത്ത് അതിപ്രഗത്ഭൻ 

ജീവിതം ക്ഷണികമെങ്കിലും വിദ്വാൻ, 

സാമൂഹ്യപരിഷ്കർത്താവ് കേളുനായർ 


നിത്യസഞ്ചാരി സൗന്ദര്യോപാസകൻ 

നിത്യകന്യകയെത്തേടും മഹാകവി പി 

തുള്ളൽ വളർത്തിയ മലബാർ രാമൻ- 

നായരും,മാപ്പിളപ്പാട്ടിലെ കേമൻ ഉബൈദും 


സിരകളിൽ ദേശഭക്തി കിഞ്ഞണ്ണറായിക്ക് 

തൂലികയിലോ നിറയും തുളുസാഹിത്യവും  

മലബാറിലുമുണ്ടൊരു ചാർളി ചാപ്ലിൻ 

രസികശിരോമണി കോമൻ നായർ


കന്നഡസാഹിത്യം പുഷ്കലമാക്കിയേറെ     

ഗോവിന്ദപൈയെന്ന രാഷ്ട്രകവിയും 

പാടുന്ന പടവാൾ തിരുമുമ്പുമുണ്ട്

കരിങ്കല്ലിലെ മഹാകവി കാനായിയും


സ്വാതന്ത്ര്യവീര്യം ഹൃദയത്തിലേറ്റിയ  

ഗാന്ധിയന്മാരുണ്ട് രക്തസാക്ഷികളും 

രാജവംശങ്ങൾ കൊട്ടാരക്കെട്ടുകൾ 

കലയെയുപാസിക്കും സഹൃദയരും 

 

മൂവർണ്ണക്കൊടിയും ചെങ്കൊടിയും 

അമ്പിളിക്കലയും പിന്നെ താമരയും 

ചിരിച്ചും കളിച്ചും സംഹാരംപൂണ്ടും 

വാഴുന്നു തുളുനാട്ടിലെ നീലവാനിൽ


നാലുകെട്ടിൻ മനോഹാരിതയുണ്ട്  

എട്ടുകെട്ടിൽ നിറയും പഴമകളും  

ആഡംബരമേറും രമ്യഹർമ്യങ്ങളും 

ദാരിദ്ര്യം നിറയും ചെറുകുടിലുകളും 


പെരുങ്കളിയാട്ടങ്ങൾ ഉത്സവങ്ങൾ 

പള്ളിപ്പെരുന്നാൾ മഖാമുറൂസുകൾ   

പൊതുജനം വലയുന്ന ജാഥകളും 

കണ്ടിടാൻ കാഴ്ച്ചകൾ ഏറെയുണ്ട് 


അഴിമുഖമുണ്ട് കടൽത്തീരമുണ്ട് 

കുയിലുകൾ പാടുന്ന തൊടികളുണ്ട് 

നിരനിരയായുള്ള കേരങ്ങൾക്കു കീഴെ 

കളകളം പാടുന്നു കല്ലോലിനികൾ  


ആകാശം മുട്ടുന്ന മലകൾ കാണാം 

മലകൾക്കു താഴെ പൂഞ്ചോല കാണാം 

ഇടതൂർന്നു വളരുന്ന മരങ്ങളുമായിതാ  

ഹരിതകം മൂടിയ തുളുനാട് ദേശം 


വികസനകാര്യത്തിൽ അവഗണന 

മാറാതെ കാട്ടുന്നോരോ ഭരണക്കാരും 

എൻഡോസൽഫാനിൽ പിടയും ജീവനു-

കൾ ഇരക്കുന്നിപ്പോഴും നീതിക്കായി


കയ്യേറ്റമുണ്ട് കൈയ്യിട്ടുവാരലുണ്ട്

ചോരുന്ന കൂരയിലെ ദുരിതങ്ങളും 

കൈയ്യൂക്കിൻ ഹുങ്കുണ്ട്, കുരുതികളും 

തോരാത്ത കണ്ണീരിൻ വേദനകളും 


ചൊല്ലുവാനുണ്ടേറെ നാടിൻ കഥകൾ  

കാഴ്ചകളുമുണ്ടേറെ കാട്ടീടുവാൻ 

വിസ്താരമേറീടുമവ വർണ്ണിച്ചെന്നാൽ 

വിസ്തരിച്ചീടാം വരുംകാലത്തിലായി