പേജുകള്‍‌

തുളുനാട്


(കാസർഗോഡ് നിന്നും പ്രസിദ്ധീകരിക്കുന്ന 'തുളുനാട്' എന്ന മാസികയിൽ ഈ കവിത അച്ചടിച്ച് വന്നപ്പോൾ)


സ്വർഗ്ഗത്തേക്കാൾ സുന്ദരമല്ലോയെന്നും 

പച്ചയിൽ പുതഞ്ഞൊരാ എന്റെ നാട് 

പല ഭാഷ സംസ്കാരം ജാതി മതങ്ങൾ   

ഇടചേർന്ന് പുലരുന്ന തുളുനാടിതത്രെ 


ചുരികത്തഴപ്പിൻ വടക്കൻ പാട്ടിലുണ്ട്  

തുളുനാടിൻ മാഹാത്മ്യം വേണ്ടുവോളം 

കടത്തനാടനടവുകൾ പഠിച്ചെന്നാലും     

പോരിൽ ജയിക്കാൻ തുളുനാടൻ വേണം 


കാണാം തുളുനാടിൻ പുരാണകാലം

ചരിത്രലിഖിതങ്ങളിൽ വേണ്ടുവോളം 

അറബികൾ പറങ്കികൾ വെള്ളക്കാർ 

പരദേശികൾ പലരും വന്നുപോയി 


കീഴടക്കി വിജയനഗരരാജൻ പണ്ട് 

ശേഷം ഇക്കേരിവംശം കോട്ടകെട്ടി   

ഹൈദറും ടിപ്പുവും പിടിച്ചെടുത്തു   

ചേർത്തിരുത്തി മലയാളനാട് പിന്നെ  


ഹർക് വില്ലിയ എന്നൊരു പേരിലത്രേ 

പ്രാചീനരേഖയിൽ ഈനാടിൻ പെരുമ 

കാഞ്ഞിരക്കൂട്ടത്തിൻ നാടൊരുനാൾ 

കാഞ്ഞിരോടും പിന്നെ കാസർഗോഡുമായി


മാലയിൽ കോർത്ത മുത്തുകൾപോൽ 

നിൽപ്പുണ്ട് സഹ്യാദ്രി കിഴക്കനതിരായി  

ഈരാറുനദികളിവിടെ കുണുങ്ങീടുന്നു 

കൈവെള്ളയിൽ തെളിയും രേഖപോലെ  


കേരനിരകളാടും ഹരിതകേരളത്തിൻ

ശിരസ്താനമാകുന്ന ഭൂമിയല്ലോയിവിടം   

മൗലിയിൽ മിന്നുന്ന പൊൻകിരീടമായി 

റാണിപുരം ശൈലം അവർണ്ണനീയം  


പശ്ചിമാബ്ദിയെ സ്പർശിച്ചുകിടക്കും   

പ്രൗഢഗംഭീരമാം ബേക്കൽ കോട്ടയിൽ 

കാണാം പല നൂറുവർഷങ്ങൾക്കപ്പുറം

പടനയിച്ചെത്തിയ പരദേശിക്കരുത്ത് 


ചന്ദ്രഗിരിക്കുന്നിലൊരുറവയായി പിറന്നു 

കണ്ണിന് കുളിരായി ചിരിച്ചിറങ്ങി 

കേരങ്ങൾ തിങ്ങും പുളിനങ്ങൾ തഴുകി 

ഒഴുകുന്ന ദേവത പയസ്വിനി മനോഹരി 


അനന്തൻകാട്ടിൽ കാണാമെന്നുചൊല്ലി

ദർശനമേകിയത്രേ ദേവൻ സ്വാമിയാർക്ക് 

പൂജിച്ചിടുന്നു തടാകമധ്യേ ശ്രീകോവിലിൽ  

അനന്തപുരംക്ഷേത്രം തീർത്ഥാടനപ്രിയം  


അനന്തൻകാട്‌ തേടി നടന്നു ഭക്തൻ  

അനന്തശായിയായി ദർശനമേകിയത്രേ 

അനന്തശായിയായി ഭക്ത്യാ കുടിയിരുത്തി 

തിരു അനന്തപുരം ഇന്നുലോകപ്രശസ്തം 


മുഹമ്മദിനനുയായി മതം വളർത്താൻ 

കടലും കടന്നന്ന് കേരളനാട്ടിലെത്തി 

ആ ദീപ്തസ്മരണയുമായി നിലകൊള്ളുന്നു  

മാലിക് ദീനാർ മസ്ജിദ് അതിവിശിഷ്ടം 


കേൾക്കാം കലയുടെ മണിനൂപുരങ്ങൾ 

തുളുനാട്ടിലെങ്ങും പലപല കാലങ്ങളിൽ 

തറവാടുമുറ്റത്തും തീണ്ടാത്ത കാവിലും

അനുഗ്രഹമായി തെയ്യങ്ങൾ ആടീടുന്നു   


നിറപ്പകിട്ടാർന്ന വേഷഭൂഷാദികളാൽ  

അമ്പലപ്പറമ്പിൽ നിറയുന്നു യക്ഷഗാനം 

ചടുല താളത്തിൽ മനം നിറച്ചീടുന്നു  

പൂരക്കളിയും പിന്നെ കോൽക്കളിയും 


മാപ്പിളപ്പാട്ടിൻ ഇശലുകൾ കേൾക്കാം 

നിക്കാഹിൻ കനവൂറും ഒപ്പനയും  

വായ്ത്താരിച്ചൊല്ലി പാടും പദത്തിന് 

നൃത്തചുവടുകളാടുന്ന മാർഗ്ഗംകളി 


പിറന്നുവീണേറെ മഹാത്മാക്കളിവിടം  

ദേശാഭിമാനികൾ പുണ്യാത്മാക്കൾ 

ചൊല്ലിപറയുവാനേറെയുണ്ടെന്നാലും    

ചൊല്ലീടാം ഏതാനും നാമങ്ങൾ മാത്രം  


കാളിയമർദ്ദനം നാടകം സംഗീതപ്രദം

മഹാകവി കുട്ടമത്ത് അതിപ്രഗത്ഭൻ 

ജീവിതം ക്ഷണികമെങ്കിലും വിദ്വാൻ, 

സാമൂഹ്യപരിഷ്കർത്താവ് കേളുനായർ 


നിത്യസഞ്ചാരി സൗന്ദര്യോപാസകൻ 

നിത്യകന്യകയെത്തേടും മഹാകവി പി 

തുള്ളൽ വളർത്തിയ മലബാർ രാമൻ- 

നായരും,മാപ്പിളപ്പാട്ടിലെ കേമൻ ഉബൈദും 


സിരകളിൽ ദേശഭക്തി കിഞ്ഞണ്ണറായിക്ക് 

തൂലികയിലോ നിറയും തുളുസാഹിത്യവും  

മലബാറിലുമുണ്ടൊരു ചാർളി ചാപ്ലിൻ 

രസികശിരോമണി കോമൻ നായർ


കന്നഡസാഹിത്യം പുഷ്കലമാക്കിയേറെ     

ഗോവിന്ദപൈയെന്ന രാഷ്ട്രകവിയും 

പാടുന്ന പടവാൾ തിരുമുമ്പുമുണ്ട്

കരിങ്കല്ലിലെ മഹാകവി കാനായിയും


സ്വാതന്ത്ര്യവീര്യം ഹൃദയത്തിലേറ്റിയ  

ഗാന്ധിയന്മാരുണ്ട് രക്തസാക്ഷികളും 

രാജവംശങ്ങൾ കൊട്ടാരക്കെട്ടുകൾ 

കലയെയുപാസിക്കും സഹൃദയരും 

 

മൂവർണ്ണക്കൊടിയും ചെങ്കൊടിയും 

അമ്പിളിക്കലയും പിന്നെ താമരയും 

ചിരിച്ചും കളിച്ചും സംഹാരംപൂണ്ടും 

വാഴുന്നു തുളുനാട്ടിലെ നീലവാനിൽ


നാലുകെട്ടിൻ മനോഹാരിതയുണ്ട്  

എട്ടുകെട്ടിൽ നിറയും പഴമകളും  

ആഡംബരമേറും രമ്യഹർമ്യങ്ങളും 

ദാരിദ്ര്യം നിറയും ചെറുകുടിലുകളും 


പെരുങ്കളിയാട്ടങ്ങൾ ഉത്സവങ്ങൾ 

പള്ളിപ്പെരുന്നാൾ മഖാമുറൂസുകൾ   

പൊതുജനം വലയുന്ന ജാഥകളും 

കണ്ടിടാൻ കാഴ്ച്ചകൾ ഏറെയുണ്ട് 


അഴിമുഖമുണ്ട് കടൽത്തീരമുണ്ട് 

കുയിലുകൾ പാടുന്ന തൊടികളുണ്ട് 

നിരനിരയായുള്ള കേരങ്ങൾക്കു കീഴെ 

കളകളം പാടുന്നു കല്ലോലിനികൾ  


ആകാശം മുട്ടുന്ന മലകൾ കാണാം 

മലകൾക്കു താഴെ പൂഞ്ചോല കാണാം 

ഇടതൂർന്നു വളരുന്ന മരങ്ങളുമായിതാ  

ഹരിതകം മൂടിയ തുളുനാട് ദേശം 


വികസനകാര്യത്തിൽ അവഗണന 

മാറാതെ കാട്ടുന്നോരോ ഭരണക്കാരും 

എൻഡോസൽഫാനിൽ പിടയും ജീവനു-

കൾ ഇരക്കുന്നിപ്പോഴും നീതിക്കായി


കയ്യേറ്റമുണ്ട് കൈയ്യിട്ടുവാരലുണ്ട്

ചോരുന്ന കൂരയിലെ ദുരിതങ്ങളും 

കൈയ്യൂക്കിൻ ഹുങ്കുണ്ട്, കുരുതികളും 

തോരാത്ത കണ്ണീരിൻ വേദനകളും 


ചൊല്ലുവാനുണ്ടേറെ നാടിൻ കഥകൾ  

കാഴ്ചകളുമുണ്ടേറെ കാട്ടീടുവാൻ 

വിസ്താരമേറീടുമവ വർണ്ണിച്ചെന്നാൽ 

വിസ്തരിച്ചീടാം വരുംകാലത്തിലായി 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ