പേജുകള്‍‌

മാമ്പഴക്കാലംഉമ്മറത്തെ പടിയിലിരുന്ന് പുറത്തേക്കു നോക്കുമ്പോൾ എനിക്ക് സങ്കടം തോന്നി. സൂര്യൻ ആകാശത്തിന്റെ ഉച്ചിയിൽ കത്തിജ്വലിക്കുകയാണ്. ഒരു ഇളം കാറ്റിനായി ഞാൻ ആശിച്ചു. ഭൂമിയെ ചുംബിക്കാൻ കൊതിക്കുന്ന മരച്ചില്ലകളിൽ കാറ്റ് ഊഞ്ഞാലാടുന്നത് കാണാൻ കൊതിച്ചു. മുന്നിൽ ഏട്ടനായി പണിതുകൊണ്ടിരിക്കുന്ന വീട്. അതിന്റെ കിഴക്കുഭാഗത്തായി ഒരു വലിയ ശൂന്യത പൊടുന്നനെ എനിക്കനുഭവപ്പെട്ടു. ആ ശൂന്യതയിലൂടെ എന്റെ മനസ്സ് പിറകോട്ടോടി, വർഷങ്ങളോളം പിറകോട്ട്. ഇപ്പോൾ ഞാൻ ട്രൗസറുമിട്ട് മാങ്ങ വലിച്ചൂമ്പി നടക്കുന്ന കുട്ടിയാണ്. കൈകളിലൂടെ ഒലിച്ചിറങ്ങുന്ന മധുരമേറും മാങ്ങാച്ചാറ് ഇടയ്ക് നക്കുന്നുമുണ്ട്. ഏതു മാങ്ങയാണ് തിന്നുന്നത്, ഇത്തിരിപ്പോന്ന ചുണ്ണ്യൻ ആണോ അതോ കൈയിൽ ഒതുങ്ങാത്ത ഗുണ്ഡിയനോ? ഇനി അഥവാ തേനൂറും പഞ്ചസാര മാങ്ങയാണോ..? അറിയില്ല,ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്ന ഒരുപാടു മാങ്ങകൾ നിറഞ്ഞ കാലമായിരുന്നല്ലോ അത്..ഒരു നല്ല മാമ്പഴക്കാലം.

കയ്യാലയോട് ചേർന്ന് വളപ്പിന്റെ നാലുഭാഗത്തും നിറയെ മാവുകൾ ആയിരുന്നു. ബാക്കിയുള്ള സ്ഥലത്ത് തെങ്ങും പലതരം പ്ലാവുകളും പറങ്കിമാവുകളും പുളിമരവും നെല്ലിയും കാഞ്ഞിരവും ഒക്കെ ഒരുമയോടെ കഴിഞ്ഞു പോന്നു. മാമ്പഴക്കാലമായാൽ പ്രത്യേകിച്ച് അവധിദിവസം കൂടിയായാൽ ഞങ്ങൾ കുട്ടികളെല്ലാം ഏതെങ്കിലും മാവിൻ ചോട്ടിൽ കാറ്റിന്റെ കനിവും പ്രതീക്ഷിച്ചിരിക്കും. ഇടയ്ക്കിടെ കടന്നുപോവുന്ന കാറ്റ് ചിലപ്പോൾ ഞങ്ങളോട് അലിവ് തോന്നി മാവിന്റെ ചില്ലയൊന്നിൽ ഊഞ്ഞാലാടും. ആ ഇളക്കത്തിൽ ഞെട്ടറ്റു വീഴുന്ന മാങ്ങകൾക്കു വേണ്ടിയുള്ള കലപിലയാവും പിന്നെ. ആ കാഴ്ചയിൽ മനംനിറഞ്ഞ് ഒരു ചെറുചിരിയോടെ അനലൻ ഞങ്ങളെയും കടന്ന് കിഴക്കോട്ട് പോകും. ഇപ്പോഴും ഓർമ്മയിൽ തെളിഞ്ഞുകാണാം പൂത്തുലഞ്ഞു നിൽക്കുന്ന ഓരോ മാവുകളേയും. പേരെടുത്തു പറയാനുമറിയാം ഓരോന്നിനെയും. അവയുടെ രുചിയും മണവുമാകട്ടെ എന്റെ നാവിൻതുമ്പിലും മൂക്കിൻത്തുമ്പിലും സദാ തങ്ങിനിൽക്കുന്നുമുണ്ട്. കേൾക്കണോ നിങ്ങൾക്കത്? കാണണോ എന്നിലൂടെ ആ കാഴ്ചകൾ? എങ്കിൽ ഇതാ...

ഒരറ്റത്ത് നിന്ന് ഞാൻ തുടങ്ങട്ടെ. ഞങ്ങളുടെ വളപ്പിലേക്ക് കയറുമ്പോൾ വീടിന്റെ തെക്കു-കിഴക്കേ കോണിലായി തലയുയർത്തി നിൽക്കുന്ന ആ മാവ് കണ്ടോ? അതാണ് പോത്തൻ മാവ്. അതെന്താ അങ്ങിനെ ഒരു പേര്? സംശയം തോന്നാം. നല്ല വലിപ്പമുള്ള ഉരുണ്ട മാങ്ങകളാണ് ഇതിൽ കായ്ക്കാറ്. ഒരു പോത്തിനെ പോലെ വലിയ മാങ്ങ. ഒന്നിനും കൊള്ളാത്തവരെ നമ്മൾ പറയില്ലേ 'അതൊരു പോത്ത്' എന്ന്? അതുപോലെയാണ് ഇതിന്റെ മാങ്ങയും. പുളിച്ചിട്ട് വായിൽ വയ്ക്കാൻ കൊള്ളില്ല. എങ്കിലും ഇതിനെ ഇഷ്ടപ്പെടുന്നവരും ഉണ്ട് കേട്ടോ.

അതിന്റെ തൊട്ടടടുത്തായി നിൽക്കുന്നത് ചുണ്ണ്യൻ. വലിപ്പത്തിൽ ഈ രണ്ട് മാവുകളും മത്സരിക്കുകയാണോ എന്ന് തോന്നും. കാഴ്ചയ്ക്ക് ഉണ്ണിയാണീ മാങ്ങ.രുചിയാണെങ്കിലോ കേമവും. ഒരു കാറ്റടിച്ചാൽ ശറപറാന്നു താഴേക്ക് വീഴും.വലിച്ചൂമ്പി കുടിക്കാൻ പറ്റിയ ഇനമാണ്.ഇതിനെക്കൊണ്ട് മാങ്ങാപ്പച്ചടി ഉണ്ടാക്കിയാൽ എന്തൊരു സ്വാദാണെന്നോ.!! ഈ വിരുതൻ മാങ്ങ ഒരിക്കൽ ചെറിയ ഏട്ടന്റെ തല മുറിയാൻ നിമിത്തമായിട്ടുണ്ട്. മൂപ്പിളമ തർക്കമായിരുന്നില്ല പകരം മൂത്ത ഏട്ടന് സംഭവിച്ച ഒരു ചെറിയ കൈപ്പിഴ.

ഇനി ഇത്തിരി താഴോട്ട് നടക്കണം. കളപ്പുരയും കഴിഞ്ഞു ഇത്തിരി താഴോട്ട്. തെക്കു ഭാഗത്തായി ഒരു വലിയ മരം കുത്തനെ മേലോട്ട് നിൽക്കുന്നത് കണ്ടോ? അതിന്റെ ചില്ലകളൊക്കെ അങ്ങ് മേലേയാണ്. ഇതാണ് പുളിയൻമാവ്. പേര് പോലെത്തന്നെ പുളിച്ചിട്ടു വയ്യ ഇതിലെ മാങ്ങകളെങ്കിലും വലിച്ചുകുടിക്കാൻ കേമനാണ് ഇവനും. ഓരോ വർഷവും കാക്കത്തൊള്ളായിരം മാങ്ങകൾ കായ്ക്കും. ഇവന്റെ ചില്ലുകളിൽ മിക്കതും അപ്പുറത്തെ പറമ്പിലേക്കാണ് കിടക്കുന്നത്. അതുകൊണ്ട് മാങ്ങ പെറുക്കാൻ മിക്കപ്പോഴും അതിർത്തി കടക്കേണ്ടിവരും. ഒരു ചെറു കാറ്റടിച്ചാൽ മതി എണ്ണിയാൽ തീരാത്തത്രയും മാങ്ങകൾ  മണ്ണിൽ ചിതറിക്കിടക്കും. ഇരുഭാഗത്തുമുള്ളവർ വട്ടിയും കൂട്ടയുമായി വന്ന് മത്സരിച്ച്‌ മാങ്ങ പെറുക്കും. എന്റെ അച്ഛമ്മയുടെ കൂട്ടുകാരി പാറുവമ്മയുടെ ആവേശമൊക്കെ ഒന്ന് കാണേണ്ടത് തന്നെ. പെറുക്കുന്നവനാണ് മാങ്ങയുടെ അവകാശി എന്ന അലിഖിതനിയമം ഉണ്ടായിരുന്ന കാലമായിരുന്നു അത്.

പടിഞ്ഞാറേ അതിരിലാണ് കപ്പമാങ്ങ. ഇതും നല്ല വലിപ്പമുള്ള മാങ്ങയാണ്. തൊലി നല്ല കട്ടിയായിരിക്കും. ഇതിനൊരു പ്രത്യകസ്വാദും മണവുമാണ്. അറബിക്കടലിനെ തഴുകിവരുന്ന തെക്കുപടിഞ്ഞാറൻ കാറ്റ് ഇതിന്റെ മണവും വലിച്ചെടുത്താണ് പിന്നെ കിഴക്കന്മലകളിലേക്ക് പറക്കുന്നത്. അത്ര പെട്ടെന്നൊന്നും വീഴാൻ കൂട്ടാക്കാത്ത ഈ മാങ്ങ മാവിന്റെ ഉയരക്കൂടുതൽ കാരണം പറിക്കാൻ എളുപ്പവുമല്ല. പിന്നെ അർജ്ജുനന്മാർ അല്ലാത്തതിനാൽ എറിയുന്ന കല്ല് വല്ല ഭാഗ്യത്തിനും ഒരെണ്ണത്തിനെ താഴെയിട്ടാലായി.

വടക്കുപടിഞ്ഞാറേ മൂലയിൽ സമൃദ്ധമായ ഇലകളോടെ ഇത്തിരി ഇരുൾ പരത്തി ഉശിരോടെ നിൽക്കുന്ന വീരനാണ് ചേരിയൻ മാങ്ങ. നിറയെ നാരാണ് ഈ മാങ്ങയിൽ. ഒരു മാങ്ങ തിന്നാൻ അഞ്ചുമിനിറ്റ് മതിയാകും പക്ഷെ പല്ലിൽ കുടുങ്ങിക്കിടക്കുന്ന നാര് എടുത്തുകളയാൻ പതിനഞ്ചു മിനുട്ടു വേണ്ടി വരും. പഴുത്താൽ ചുവപ്പും മഞ്ഞയും ചേർന്ന നിറമാണിതിന്. ഇതിന്റെ സ്വാദോർക്കുമ്പോൾ നാര് കളയാനുള്ള ബുദ്ധിമുട്ട് എല്ലാവരും മറക്കും. ഈ മാങ്ങയുടെ അണ്ടി നല്ല പുഷ്ടിയുള്ളതിനാൽ പച്ചടിയിൽ ഇതിന്റെ അണ്ടിക്കായി ഞാൻ തപ്പാറുണ്ട്.

ഇനി കുറെ ഗോമാവുകളാണ്. ഒരു പക്ഷെ മാവുകളുടെ കൂട്ടത്തിൽ തനി നാടൻ. എല്ലാ വളപ്പിലും കാട്ടിലും ഗോമാവുകൾ നിറയെ കാണാം. പച്ചയായാലും പഴുത്തായാലും തിന്നാൻ നല്ലതാണ്. കടിച്ച് തിന്നാനാണ് സുഖം. പഴുത്താൽ പച്ചയും ഇളം മഞ്ഞയും ചേർന്ന നിറം. മുറിച്ചാലും പലനിറം. ചിലപ്പോൾ നല്ല ഓറഞ്ച് നിറം അല്ലെങ്കിൽ ഇളം മഞ്ഞ കലർന്ന വെള്ള നിറം, മഞ്ഞയും ഓറഞ്ചും അങ്ങനെ പല നിറത്തിലും പല വലുപ്പത്തിലും കാണാം. തുളസിക്കതിർ ചൂടിയ നാടൻ പെൺകുട്ടിയുടെ ചന്തമാണ് ഇവയ്ക്ക്. താഴ്ന്നുകിടക്കുന്ന കൊമ്പുകളായതിനാൽ പറിക്കാനും ഞങ്ങൾക്ക് വളരെ എളുപ്പം. കിണറിന് ചുറ്റുമായും കളപ്പുരയുടെ പിന്നിലായും കുറെ ഗോമാവുകൾ ഉണ്ടായിരുന്നു, പല വലുപ്പത്തിൽ. ഉപ്പും മുളകും ലേശം വെളിച്ചെണ്ണയും ചാലിച്ച് തിന്നാനായി പഴുക്കും മുൻപേ നിലത്തെറിയപ്പെട്ട് വീരചരമം പ്രാപിക്കാൻ മിക്കവാറും യോഗമുണ്ടായിരുന്ന പാവം ചാവേറുകളായിരുന്നു ഇവ. ആ പഴയ ഓർമ്മകൾ ഉണർത്തിക്കൊണ്ട് ഇതിൽ ചില മരങ്ങൾ ഇപ്പോഴും കിണറിന് സമീപത്ത് ബാക്കിനിൽപ്പുണ്ട്.

മധുരമുള്ള പലഹാരങ്ങൾ ഉണ്ടാക്കാൻ നമ്മൾ സംശയലേശമന്യേ ഉപയോഗിക്കുന്ന വസ്തുവാണ് പഞ്ചസാര. ആ പേരിലൊരു മാങ്ങയുള്ളതായികേട്ടിട്ടുണ്ടോ? എന്നാൽ അതും ഉണ്ടായിരുന്നു ഞങ്ങളുടെ പൂങ്കാവനത്തിൽ. പഞ്ചസാര മാങ്ങ എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും മാധുര്യം. എത്ര തിന്നാലും മടുക്കാത്ത മാങ്ങ. കാഴ്ചയ്ക്ക് ചെറുതാണ് മാങ്ങയും മാവും. മറ്റു മാവുകളെപ്പോലെ ഭൂമിയിൽ നിന്ന് അധികം ഉയരത്തിൽ വളരാതെ, കുട്ടികൾക്ക് കേറിമറിയാനും ഊഞ്ഞാലാടാനും ഒക്കെ അകമഴിഞ്ഞു സഹായിക്കുന്ന മാവാണ് ഈ പഞ്ചാരക്കുട്ടൻ. മാവിൽ കയറി കൊമ്പു കുലുക്കി മാങ്ങ താഴെയിടാനും അത് പെറുക്കിയെടുക്കാനും എന്തൊരു ഉത്സാഹമായിരുന്നു അന്നൊക്കെ. മാങ്ങയുടെ അറ്റത്തു സൂചിമുന പോലൊരു ഓട്ടയുണ്ടാക്കി വലിച്ചു കുടിക്കുന്നത് ഞങ്ങളുടെ ശീലമായിരുന്നു. ഈ മാങ്ങ മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ ഇത്തിരി മടിയുണ്ടായിരുന്നു. ഞങ്ങളുടെ അയല്പക്കത്തെ ഒരു ചേട്ടൻ ഈ മാങ്ങയൊരെണ്ണം കട്ടു എന്ന് പറഞ്ഞു ഞാൻ പണ്ട് കോലാഹലം ഉണ്ടാക്കിയിട്ടുണ്ട്.

ഇനിയുള്ളത് അച്ചാറുണ്ടാക്കാൻ ബഹുകേമൻ എന്നെല്ലാവരും പറയുന്ന കടുമാങ്ങയാണ്. ഇതിന്റെ മണം എത്ര ദൂരത്തു നിന്നാണെങ്കിലും നമ്മൾക്ക് തിരിച്ചറിയാൻ പറ്റും. അധികം മൂക്കാത്ത മാങ്ങ നിലത്തു വീഴാതെ ശ്രദ്ധയോടെ പറിച്ച് ഞെട്ട് മുറിച്ച് ചെന കളഞ്ഞ് വൃത്തിയായി തുടച്ച് ചീനഭരണിയിൽ ഇട്ട്  ഉപ്പും ചേർത്ത് ദിവസങ്ങളോളം തട്ടിൻപുറത്ത് വയ്ക്കും. മാങ്ങയുടെ നീരൊക്കെ ഉപ്പ് വലിച്ചെടുത്ത് കഴിയുമ്പോൾ ബാക്കി ചേരുവകളൊക്കെ ചേർത്ത് അതിനെ ഒരു സ്വാദേറും അച്ചാർ ആക്കി മാറ്റുമായിരുന്നു പണ്ട് അമ്മയും അച്ഛമ്മയും ഒക്കെ. പിന്നെ അടുത്ത വർഷം വരെ വീട്ടുകാർക്കും പണിക്കാർക്കും എല്ലാം കഞ്ഞിയുടെ കൂടെ തൊട്ടുകൂട്ടാൻ ഇത്തിരി കടുമാങ്ങ അച്ചാറുമുണ്ടാകും.

ഇനിയാണ് ഞങ്ങളുടെ പൂങ്കാവനത്തിലെ ഗജകേസരി എന്നറിയപ്പെടുന്ന , ഒറ്റക്കൊമ്പന്റെ തലയെടുപ്പോടെ കിഴക്ക് ഭാഗത്തായി ഏതാണ്ട് ഒറ്റയ്ക്ക് നിലകൊണ്ടിരുന്ന ഗുണ്ടിയന്റെ കഥ.
എന്തുകൊണ്ടാണ് ഇങ്ങനെയൊരു പേരെന്നെനിക്കറിയില്ല. എനിക്കോർമ്മ വച്ചനാൾ മുതൽ ഞാനിതിന്റെ ആരാധകനാണ്. ആകാശത്തേക്ക് തെറിച്ചുപോകുന്ന തലയുമായി കൈകൾ വിശാലമായി വിടർത്തി ആരെയും കൂസാത്ത ആ നിൽപ്പുണ്ടല്ലോ, ഏതൊരാളിനേയും തന്റെ അകാരസൗഷ്ഠവം കൊണ്ട് വശീകരിക്കാൻ പോന്ന ആ തന്റേടം നിറഞ്ഞ നിൽപ്പ്. അതിനെ വർണ്ണിക്കാൻ എനിക്ക് വാക്കുകൾ പോരാ. ഇപ്പോഴും എന്റെ കണ്മുന്നിൽ നിറഞ്ഞു നിൽക്കുകയാണത്. ഒരു പക്ഷെ, ഇല്ലാതായപ്പോൾ ഞാൻ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടതും ഇതിനെയോർത്താണ്. ആ വളപ്പിലെ ഏറ്റവും വലിയ മാങ്ങ ഇവന്റെതാണ്. ഒരു മാങ്ങ തിന്നാൽ വയർ നിറയും. ആകാശത്തോളം ഉയർന്ന കൊമ്പുകളായതിനാൽ കാറ്റിനെ ആശ്രയിക്കുകയേ വഴിയുള്ളൂ ഇതിന്റെ മാങ്ങയൊന്ന് തിന്നാൻ. ഏറ്റവും വൈകി മാത്രം തീരുന്ന മാങ്ങ കൂടിയാണിത്. ഇളം പച്ച നിറത്തിലുള്ള മാങ്ങ, മൂക്കാൻ തുടങ്ങുമ്പോൾ ഒരു ഭാഗം ചുവന്ന  നിറത്തിലാകുന്നു. പഴുക്കുമ്പോൾ അതിന്റെ കൂടെ ഇത്തിരി മഞ്ഞയും കൂടി ചേരും, മാത്രവുമല്ല ചുവന്ന നിറം കൂടുതൽ ചുവക്കുന്നു. അകത്തെ മുറിയിലിരുന്നാൽ കേൾക്കാം ഇവൻ പൊത്തോന്ന് വീഴുന്ന ശബ്ദം. എന്നും തന്റെ ഊന്നുവടിയുമായി അച്ഛച്ചൻ ഇവന്റെ ചുവട്ടിൽ നടക്കുമായിരുന്നു. വടിയും കുത്തി എന്നും തന്റെ തണലിൽ മാങ്ങയും തിരഞ്ഞുനടന്നിരുന്ന, തന്നോളം പ്രായമുള്ള അച്ഛച്ഛന്റെ പൊടുന്നനെയുള്ള മരണം ഞങ്ങളെപ്പോലെ ഇതിനേയും ഒരു വല്ലാത്ത ശൂന്യതയിലേക്ക് ആഴ്ത്തിയിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ഇതിനും അൽപ്പം നാരൊക്കെയുണ്ട്. കട്ടിയുള്ള തൊലിയും മാംസളമായ ശരീരവുമാണിതിന്. താഴെ വീണാൽ പെട്ടെന്ന് പുഴു കയറുന്ന മാങ്ങയായതിനാൽ ശ്രദ്ധിച്ചു കഴിക്കണം.

പേരറിയാത്ത മാങ്ങകൾ വേറെയുമുണ്ട്. ഒരു വലിയ കുഴിയിൽ ഒറ്റയ്ക്ക് പാർത്തിരുന്ന ഒരു കൊച്ചു മാവ്. വൈകി മാത്രം പൂവിട്ട് വളരെ കുറച്ച്  മാങ്ങകൾ ഉണ്ടായിരുന്ന ഈ മാവ് മറ്റു മാവുകളിൽ നിന്നും വലുപ്പത്തിലും സ്വാദിലും വേറിട്ടതാണ്. കുഴിയുടെ കരയിൽ ഉണ്ടായിരുന്ന ഒരു കുഞ്ഞു നെല്ലിമരമായിരുന്നു ഈ പാവത്തിന് എന്നും കൂട്ട്. തന്റെ ചങ്ങാതി പോയതോടെ മിണ്ടാനും പറയാനും ആരുമില്ലാതെ നെല്ലിമരം ഇന്നും പൂത്തും തളിർത്തും കഴിയുന്നു. പേരറിയാത്തതിനാൽ കണ്ടത്തിലെ മാങ്ങ എന്ന അറിയപ്പെട്ട മാങ്ങയുമുണ്ടായിരുന്നു.

ഇനി അമ്മയുടെ വീട്ടിൽ പോയാലോ? അവിടെയും ഉണ്ട് ഇവിടെയൊന്നും കാണാത്ത മാങ്ങകൾ. നീലൻ എന്ന് പറയുന്ന സ്വാദിഷ്ടമായ വലിയ മാങ്ങ. ഒരിക്കൽ കഴിച്ചവർക്ക് ആ പേര് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും. അറ്റത്ത് തത്തച്ചുണ്ട് പോലെ വളഞ്ഞമൂക്കുള്ള മൂക്കൻ എന്ന മാങ്ങ. ഇത്രയും സ്വാദിഷ്ടമായ മാങ്ങ ഞാൻ കഴിച്ചിട്ടുണ്ടാകില്ല. പിന്നെ കശിമാങ്ങ എന്നറിയപ്പെടുന്ന, പഴുക്കാറുകുമ്പോഴേക്കും പുഴു കയറുന്ന, ഒരിക്കലും പഴുത്ത്  കഴിച്ചിട്ടില്ലാത്ത മാങ്ങ. പറയാനാണെങ്കിൽ പിന്നെയും ഒരുപാടുണ്ടായിരുന്നു മാവുകളവിടെ. ഒരു മഴപെയ്താൽ, ഇളം കാറ്റൊന്ന് വീശിയാൽ ആലിപ്പഴം പോലെ മാങ്ങകൾ ഉതിർത്തിരുന്ന മാവുകൾ. അമ്മയുടെ അച്ഛൻ മരണാസന്നനായി കിടന്നപ്പോൾ സങ്കടം സഹിക്കാനാകാതെ, കാറ്റും മഴയും ഇല്ലാത്ത രാത്രിയിൽ വേരറ്റ്‌ ചെരിഞ്ഞുവീണ ഒരു കൂറ്റൻ മാവ് ഇപ്പോഴും എന്റെ ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്നു. ആഹാരനീരാദികൾ വെടിഞ്ഞ് തപസ്സിലൂടെ പതുക്കെ മരണത്തിലേക്ക് നടന്നുകയറിയ യോഗീവര്യനെ ഓർമ്മിപ്പിക്കുന്ന പഴയകാലത്തിന്റെ നല്ല ഓർമ്മകൾ പേറിയിരുന്ന ഒരു പാവം നാട്ടുമാവ്.

ജീവിതപാരാവാരം മുറിച്ചു കടക്കുന്നതിനിടയിൽ കറങ്ങിത്തിരിഞ്ഞ് ഉദ്യാനനഗരിയെന്ന് മേനി നടിക്കുന്ന ബാംഗ്ലൂരിൽ എത്തിപ്പെട്ടപ്പോഴും അപരിചിതമല്ലാത്തതായ് എനിക്ക് തോന്നിയത് ഇവിടുത്തെ കാറ്റിൽ പോലും നിറഞ്ഞിരിക്കുന്ന മാമ്പഴത്തിന്റെ ഗന്ധമാണ്. കൊട്ടാരമൈതാനിയിൽ (പാലസ്‌ ഗ്രൗണ്ട്) കൃത്രിമ കുന്നുകളായി രൂപം പൂണ്ടിരിക്കുന്ന പല നിറത്തിലും വലുപ്പത്തിലും ഉള്ള മാങ്ങകളുടെ കാഴ്ച എന്നിൽ അത്‍ഭുതം നിറച്ചു. പല മാങ്ങകളും എവിടെയൊക്കെയോ കണ്ടു മറന്നതുപോലെ തോന്നിച്ചെങ്കിലും അവയുടെ പേരുകൾ എന്നിൽ അന്യതാ ഭാവം നിറച്ചു. ആ പേരുകൾ ഇങ്ങനെയായിരുന്നു - ബൈഗനപ്പള്ളി,മല്ലിക,തോത്താപുരി, രാസ്‌പുരി, നീലം, അൽഫോൻസ തുടങ്ങിയവ. ഇതിൽ നീലം മാത്രമാണ് ഞാൻ മുൻപ് കേട്ടിട്ടും കണ്ടിട്ടുമുള്ളത്. അൽഫോൻസയും ഇപ്പോൾ നാട്ടിൽ ധാരാളം കണ്ടുവരാറുണ്ട്. നല്ല മഞ്ഞ കലർന്ന ഓറഞ്ച് നിറത്തോടു കൂടിയ ബൈഗനപ്പള്ളി രുചിയിലും വിലയിലും കേമനാണ്. ഇതേ നിറമാണെങ്കിലും ഇത്തിരി കൂടുതൽ നീളം കൂടുതൽ ആണ് മല്ലികയ്ക്ക്. ചുവപ്പും മഞ്ഞയും കലർന്നതാണ് രാസ്‌പുരിയെങ്കിൽ  കൂട്ടത്തിലെ സുന്ദരിയാണ് അൽഫോൻസ എന്ന് നിസ്സംശയം പറയാം. ഈ കാഴ്ചകളെല്ലാം കണ്ടു നടക്കെ, നന്ദിമല താണ്ടി വന്ന വടക്കൻ കാറ്റ് ഈ വിളഞ്ഞ മാങ്ങകളുടെ ഉടലിൽ നിന്നും അവയുടെ കൊതിപ്പിക്കുന്ന ഗന്ധം കവർന്നെടുത്ത് എന്റെ നാസാരന്ദ്രങ്ങളിലേക്ക് അടിച്ചുകേറ്റി. മനംമയക്കുന്ന ആ ഗന്ധം എന്നെ  വീണ്ടും മാമ്പഴത്തിന്റെ മധുരിക്കുന്ന ഓർമ്മകൾ നിറഞ്ഞ ബാല്യകാലത്തേക്ക് കൈപിടിച്ച് കൊണ്ടുപോയി.

പറയാൻ തുടങ്ങിയാൽ തീരാത്തത്രയും മാവുകളും മാങ്ങകളും നിറഞ്ഞതായിരുന്നു ഞങ്ങളുടെ ബാല്യകാലം. ഒരു പക്ഷെ ഇപ്പോഴത്തെ കുട്ടികൾക്ക് കേൾക്കാൻ പോലും ഭാഗ്യമില്ലാത്ത കഥകളും മരങ്ങളും പഴങ്ങളും നിറഞ്ഞ കാലം. കാലക്രമേണ പലവിധ കാരണങ്ങളാൽ നിഷ്ഠൂരം മുറിച്ചുമാറ്റപ്പെട്ടു ഓരോ മരങ്ങളും. കിളികൾക്കും ചെറുജീവികൾക്കും  ആശ്രയമായിരുന്ന, എല്ലാവർക്കും നന്മ മാത്രം പ്രദാനം ചെയ്തിരുന്ന വൻ വൃക്ഷങ്ങൾ പതുക്കെ വിസ്മൃതിയിലാണ്ടുപോയി. ഇപ്പോഴും അവശേഷിക്കുന്നു ചില മാവുകൾ മരുഭൂമിയിലെ ഒറ്റപ്പെട്ട പച്ചത്തലപ്പുപോലെ. പ്രായം തളർത്തിയ അവശതകളേക്കാളേറെ അവയെ തളർത്തുന്നത് തങ്ങൾക്ക് നഷ്‌ടമായ ആ പഴയ കാലത്തിന്റെ ഓർമ്മകളാണെന്ന് എനിക്ക് തോന്നി. കാലം തെറ്റി തളിർത്തും പൂവിട്ടും വിളഞ്ഞും ആർക്കോ വേണ്ടി ജീവിക്കുകയാണ് അവയിപ്പോൾ. ശൂന്യമായ പറമ്പ് കാണുമ്പോൾ, മഴക്കാലത്തും വെയിലേറ്റ് വാടുമ്പോൾ, കാറ്റ് പോലും കടന്നുവരാൻ മടിക്കുന്ന കാലത്ത് ഈ  പൂമുഖത്തിരിക്കുമ്പോൾ അറിയാതെ കൊതിച്ചുപോകുന്നു, മനസ്സുകൊണ്ട് പ്രാർഥിച്ചുപോകുന്നു മധുരമേറിയ ഒരു നല്ല മാമ്പഴക്കാലത്തിനായ്, ആ നല്ല ഹരിതകഞ്ചുകത്തിനായ്‌.

കലോത്സവ ഓർമ്മകൾ
കലയുടെ ഉത്തമോദാഹരണമായ തെയ്യത്തിന്റെ നാട്ടിലേക്ക്, തോറ്റംപാട്ടിന്റെയും ചെണ്ടക്കൂറ്റിന്റേയും പൂരക്കളിയുടെയും ദഫ്‌മുട്ടിന്റെയും താളമേളങ്ങൾ നിറഞ്ഞ തുളുനാടിന്റെ മണ്ണിലേക്ക് വീണ്ടും കലയുടെ മാമാങ്കം വിരുന്നിനെത്തുമ്പോൾ 28 വർഷങ്ങൾക്ക് മുൻപ് ആദ്യമായി ഈ നാട് സാക്ഷ്യംവഹിച്ച, ഏഷ്യയിലെ ഏറ്റവും വലിയ കലയുടെ പൂരത്തിന്റെ ഓർമ്മകൾ അറിയാതെ എന്റെ മനസ്സിൽ ചിലങ്കകൾ കിലുക്കി കടന്നുവരുന്നു.

കലോത്സവം എന്നത് കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലായിരുന്നു ഏഴാംക്ലാസ്സ് വരെ. എട്ടിൽ നിന്നാണ് സ്കൂൾ തലത്തിലെ മത്സരങ്ങൾ കാണാൻ തുടങ്ങിയത്. കാഞ്ഞങ്ങാടുള്ള ദുർഗ ഹൈസ്കൂളിൽ എത്തിയപ്പോഴാണ് അതിന്റെ ആവേശവും ആരവവും അടുത്തറിയാനായത്. അതിനാൽ തന്നെ ആദ്യമായി സംസ്ഥാന കലോത്സവം ജില്ലയിൽ എത്തിയപ്പോൾ ആവേശം കൊടുമുടിയിൽ എത്തിയിരുന്നു. പൊതുവെ കണിശക്കാരനായ അച്ഛൻ എന്തുകൊണ്ടോ പക്ഷേ കലോത്സവത്തിന് പോകാൻ സമ്മതിച്ചു. അതും വീട്ടിൽ നിന്നും ദൂരെയുള്ള കാസർഗോഡ് ടൗണിൽ ആണെന്നറിഞ്ഞിട്ടും. ഒന്നുരണ്ടു ജോഡി കുപ്പായവും അഞ്ചോ പത്തോ രൂപയുമായി ഏട്ടന്മാരുടെ കൂടെ ഞാനും ബസ് കയറി കലോത്സവത്തിന്റെ ആഘോഷരാവുകളിൽ അലിഞ്ഞുചേരാൻ. പിന്നീടുള്ള നാലുദിവസം വേദികളിലേക്ക് കണ്ണും നട്ട് ആ താളത്തിലും മേളത്തിലും നടനത്തിലും ലയിച്ചു. ഒരു വേദിയിലെ പരിപാടി കണ്ടുമടുക്കുമ്പോൾ അടുത്ത വേദിയിൽ നല്ല പരിപാടിയുണ്ടെന്നറിഞ്ഞ് അങ്ങോട്ടോടിയും പൊടിമണ്ണിൽ പെരങ്ങിയും അത് ശ്വസിച്ചും ഞാനും ആ മഹാമകത്തിന്റെ ഭാഗമായി മാറി. വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ കൂട്ടത്തിലായിരുന്നെങ്കിലും പരിപാടി കാണാൻ മിക്കവാറും ഞാൻ ഒറ്റയ്ക്കായിരുന്നു. വിശപ്പ് കടിച്ചുപിടിച്ചും വെള്ളം കുടിച്ചൊപ്പിച്ചും സഹിക്കാൻ പറ്റാതെയാവുമ്പോൾ ചെറുതായി വല്ലതും തിന്നും പാതിരയ്ക്ക് വിളക്കണയുമ്പോൾ അടുത്തുള്ള ഏതെങ്കിലും ബന്ധുവീട്ടിൽ തലചായ്ച്ചും പിറ്റേദിവസം പ്രഭാതകൃത്യങ്ങൾ ഒരുവിധത്തിൽ ഒപ്പിച്ച് വീണ്ടും വേദികളിലേക്ക് ഓടിയും ആ ഉത്സവപ്പറമ്പിൽ ഒരു പൂത്തുമ്പിയായി ഞാൻ പാറിനടന്നു. പല പരിപാടികളും മുഴുവനായും കണ്ടു. പതിനാല് ഭരതനാട്യം,പതിനാല് മാർഗ്ഗംകളി, കോൽക്കളി, ദഫ്‌മുട്ട് അങ്ങനെ അങ്ങനെ പലതും. അപ്പീലുകൾ ഇന്നത്തേതിനേക്കാൾ കുറവായ കാലമായതിനാൽ മിക്ക ഇനങ്ങളും പതിനാലിൽ ഒതുങ്ങി. മാതാപിതാക്കൾക്ക് കല എന്നത് ഈശ്വരന്റെ വരദാനമായിരുന്നു അല്ലാതെ തങ്ങളുടെ ദുരഭിമാനം കാക്കാനുള്ള കച്ചവടച്ചരക്കായിരുന്നില്ല. മിക്ക വിധികർത്താക്കളും കുട്ടികളുടെ നിലവാരത്തിനായിരുന്നു മുൻ‌തൂക്കം നൽകിയിരുന്നത് അല്ലാതെ നോട്ടുകെട്ടുകൾക്കോ സ്വജനപക്ഷപാതത്തിനോ ആയിരുന്നില്ല.

വേദിക്കകത്തും പുറത്തുമായി ഒരുപാട് കാഴ്ചകൾ കൂടി കാണിച്ചുതന്നു ആ കലോത്സവം. കുടുംബസമേതം ഉല്ലാസയാത്രപോകുന്ന പോലെ കുട്ടികളും പരിവട്ടവുമായി വന്നുചേർന്നവർ, ഐസിനും ബലൂണിനും വാശിപിടിച്ചു കരയുന്ന കൊച്ചുകുട്ടികൾ, ചക്കരയ്ക്കു ചുറ്റും ഈച്ച പൊതിഞ്ഞതു പോലെ ആൾക്കൂട്ടം കൂടിനിൽക്കുന്ന ഭക്ഷണശാലകൾ. അതിനിടയിൽ ഓരോന്നും കൊതിയോടെ നോക്കി വിലചോദിച്ചറിഞ്ഞ്  കീശ തടവി ആശാഭംഗത്തോടെ നടന്നുനീങ്ങുന്ന എന്നെപോലുള്ളവർ, ലഹരിയുടെ അകമ്പടിയുമായി വന്നവർ, ചെറിയ കലഹങ്ങൾ, വിജയിക്കാത്ത മത്സരാർത്ഥികളുടെ സങ്കടങ്ങൾ, വേദിയിൽ നടക്കുന്നതിലൊന്നും ശ്രദ്ധ പതിപ്പിക്കാതെ സിനിമ കഥകളിലും നട്ടുവർത്തമാനങ്ങളിലും മുഴുകിയവർ. വേദിക്കു പിന്നിൽ പോയാലോ? സങ്കടകരമായ കാഴ്ചകളായിരിക്കും മിക്കതും.
മണിക്കൂറുകൾ മേക്കപ്പിനുള്ളിൽ തളച്ചിടപ്പെട്ട കൊച്ചു കലാകാരന്മാരുടെയും കലാകാരികളുടെയും ഉദ്വേഗം നിറഞ്ഞ മുഖങ്ങൾ. മേക്കപ് ഒലിച്ചിറങ്ങാതിരിക്കാൻ വെള്ളം കുടിക്കാതെയും വയറു നിറഞ്ഞാൽ കളിയ്ക്കാൻ പറ്റില്ല എന്ന ആശങ്കയോടെ പട്ടിണി കിടന്നവരും കൂട്ടത്തിലുണ്ട്. മൂത്രമൊഴിക്കാൻ പോലും പറ്റാതെ, ഇറുകിയ കുപ്പായത്തിനുള്ളിൽ വിയർത്ത ശരീരവുമായി എപ്പോഴാണെന്ന് പോലും കൃത്യമായി അറിയാതെ തങ്ങളുടെ ഊഴം കാത്തുനിന്നിരുന്ന പാവം കുട്ടികൾ. കാതടപ്പിക്കുന്ന കൈയ്യടികളോടെ പരിപാടി അവതരിപ്പിക്കാൻ അവസരം കിട്ടിയ ഭാഗ്യവാന്മാരെ ചിലർ  അസൂയയോടെ നോക്കിക്കണ്ടു. ആളൊഴിഞ്ഞ കസേരകൾക്കു മുൻപിൽ ഉറക്കം തൂങ്ങുന്ന മിഴികളോടെയും ഒട്ടിയ വയറുമായി എന്നാൽ അണയാത്ത തീജ്വാലയായി ഉള്ളിൽ കിടന്നു തിളയ്ക്കുന്ന കലയോടുള്ള അർപ്പണബോധവുമായി തങ്ങളുടെ കഴിവിന്റെ നൂറു ശതമാനവും പുറത്തെടുത്ത് പ്രകടനം നടത്തിയവർ. അവരോടുള്ള അനുകമ്പകൂടിയായിരിക്കാം ഉറക്കച്ചടവ്‌ ശരീരത്തെയാകമാനം കീഴ്‌പ്പെടുത്താൻ തുടങ്ങിയിട്ടും തോൽക്കാൻ പറ്റാത്ത മനസ്സുമായി  ഇരുന്നിടത്തുനിന്ന് അനങ്ങാതെ വേദിയിലെ അവസാനപ്രകടനവും കഴിഞ്ഞു വിളക്ക് അണക്കുന്നതുവരെ സെക്രട്ടറിയേറ്റിലെ ഒഴിഞ്ഞ കസേരകൾക്കിടയിലിരുന്ന് ജോലി ചെയ്യുന്ന അപൂർവ്വം സർക്കാർ ഉദ്യോഗസ്ഥരെപ്പോലെ എന്നെയും ആ സദസ്സിലിരിക്കാൻ പ്രേരിപ്പിച്ചത്.

രാത്രികളിൽ ഒറ്റയ്ക്ക് ഒരു വേദിയിൽ നിന്ന് ഒന്നുരണ്ടു  കിലോമീറ്ററുകൾ അകലെയുള്ള അടുത്ത വേദികളിലേക്ക് നടന്നുപോകുമ്പോൾ പേടിയോ ആശങ്കയോ തോന്നിയിരുന്നില്ല, പകരം എത്രമാത്രം കാണാൻ പറ്റുമോ അത്രയും കാണുക എന്നത് മാത്രമായിരുന്നു ലക്‌ഷ്യം. ഒടുവിൽ നാലാം ദിനം എല്ലാം കഴിഞ്ഞു വീട്ടിലേക്കെത്തുമ്പോൾ മുഴിഞ്ഞ കുപ്പായങ്ങളുടെയും ഒഴിഞ്ഞ കീശയോടുമൊപ്പം നിറഞ്ഞ ഹൃദയമുണ്ടായിരുന്നു. മിഴിവാർന്ന  കലാപ്രകടനങ്ങൾ കണ്ടു സംതൃപ്തമായ മനസ്സുണ്ടായിരുന്നു. കൂട്ടത്തിൽ കലയുടെ ആ ഉപാസകരോട് തോന്നിയ ചെറുതല്ലാത്ത ഒരസൂയയും.

ധർമ്മസങ്കടം
കല്ലുകൾ പാകി മനോഹരമാക്കിയ ആ ഒറ്റയടിപ്പാതയിലൂടെ അയാൾ  വെറുതെ നടന്നു, ഏകനായി. കുറച്ചിടവിട്ട് വളരുന്ന ആൽമരങ്ങൾ തണൽ പാകിയ ആ വഴിയിലൂടെ നടക്കുമ്പോൾ മീനച്ചൂടിൽ അയാൾ വാടിയില്ല. ഒത്തിരി പൊക്കമുള്ള ആ മനുഷ്യൻ, പൊക്കമില്ലാത്ത തന്റെ നിഴലിനെ നോക്കി മരങ്ങളുടെ നിഴലുകൾക്കു മീതെ നടന്നു. മരഞ്ചാടിയായ ഒരു കുരങ്ങൻ മരങ്ങൾ ചാടി ചാടി കടക്കുന്നത് പോലെ തന്റെ നിഴൽ ഒരു മരത്തിന്റെ നിഴലിൽ നിന്നും മറ്റൊരു മരത്തിന്റെ നിഴലിലേക്കു ചാടി കയറിക്കൊണ്ടേയിരിക്കുന്ന കാഴ്ച അയാളിൽ കൗതുകം ജനിപ്പിച്ചു. ലക്ഷ്യമില്ലാത്ത നടത്തമായതിനാലായിരിക്കും വേണ്ട എന്ന് കരുതിയിട്ടും ഏതൊക്കെയോ പഴയ ഓർമ്മകൾ തന്നിലേക്ക് അലയടിച്ചുവരുന്നത് തടയാൻ അയാൾക്ക്‌ കഴിഞ്ഞില്ല. മറക്കാനാഗ്രഹിക്കുന്ന, ഒരിക്കലും ചിന്തിക്കില്ല എന്ന് കരുതിയ അശുഭകരമായ ഒരുപാടു ഒരുപാടു ഓർമ്മകൾ. മനസ്സിന്റെ മച്ചിലെവിടെയോ പഴന്തുണി കെട്ടിൽ ഒളിപ്പിച്ചു വച്ച ഓർമ്മകൾ. മനസ്സ് അസ്വസ്ഥമായപ്പോൾ അതിൽ നിന്നും രക്ഷപ്പെടാനെന്നോണം അയാൾ വീണ്ടും തന്റെ നിഴലിനെ നോക്കി, അതിപ്പോഴും മരങ്ങൾ ചാടികടക്കുന്ന തിരക്കിലാണ്. അയാളുടെ വേഗത്തിനനുസരിച്ച്, താളത്തിനനുസരിച്ച് അതും നീങ്ങുകയാണ്. അയാൾ നിൽക്കുമ്പോൾ അതും നിൽക്കും, അയാൾ നടക്കുമ്പോൾ അതും നടക്കും. അങ്ങനെയെങ്കിൽ? അയാൾ ചിന്തിക്കുകയായിരുന്നു. 'അങ്ങനെയെങ്കിൽ ഞാൻ ചിന്തിക്കുമ്പോൾ എന്റെ നിഴലും ചിന്തിക്കുന്നുണ്ടാവുമോ? എന്റെ മനസ്സ് അസ്വസ്ഥമാകുമ്പോൾ അതിന്റെ മനസ്സും അസ്വസ്ഥമാകുമോ? അതിനു മനസ്സിന് നിഴലില്ലല്ലോ.' അയാൾ ഉടനെ തന്നെ തിരുത്തി. 'അതോ നിഴലിന് മനസ്സില്ലാത്തതോ?' അയാൾക്ക്‌ വീണ്ടും സംശയമായി. നിഴലിന്റെ മനസ്സറിയാൻ കഴിയില്ല എന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് 'എന്റെ കൺവെട്ടത്തുപോലും നിന്റെ നിഴൽ വീഴരുത്' എന്ന് അച്ഛൻ തന്നോട്  പറഞ്ഞത്. 'നിഴലിന് ഒരാളെ വേദനിപ്പിക്കാൻ പറ്റുമോ? അതോ ആ നിഴൽ ഉണർത്തുന്ന ഓർമ്മകളിൽ പോലും ഞാൻ ഉണ്ടാകരുതെന്ന വാശിയാണോ?' ഉത്തരം തരാതെ അച്ഛൻ പോയി. അമ്മയ്ക്കാണെങ്കിൽ ഒന്നിനും ഒരുത്തരവുമില്ല. നിഴലിനോടാണെങ്കിൽ ചോദിക്കാനും വയ്യ. ഉലയുന്ന മനസ്സോടെ അയാൾ തന്റെ നിഴലിനെ വീണ്ടും നോക്കി. അതിപ്പോഴും ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക് കുതിക്കുകയാണ്, തന്റെ ഉടയോന്റെ ചിന്തകൾ അറിയാതെ.

ദീപാവലി പിറ്റേന്ന്
ആവി പറക്കുന്ന ഒരു കപ്പ് ചായയുമായി ഞാൻ ബാൽക്കണിയിലേക്ക് നടന്നു. പാതിരാത്രിയിലെപ്പോഴോ പെയ്ത മഴയുടെ തണുപ്പ് അന്തരീക്ഷത്തിൽ അപ്പോഴും ബാക്കിയുണ്ടായിരുന്നു. മുറ്റത്ത് അവിടവിടെയായി വെള്ളം കെട്ടി നിൽപ്പുണ്ട്. സമയം എട്ടു മണി കഴിഞ്ഞിരുന്നെങ്കിലും വഴി മുടക്കി നിൽക്കുന്ന മേഘങ്ങൾക്കിടയിലൂടെ തിങ്ങിഞെരിഞ്ഞു മാത്രമേ സൂര്യകിരണങ്ങൾക്ക് ഭൂമിയെ തലോടാൻ കഴിഞ്ഞുള്ളു. ഇലകളിൽ ഉരുണ്ടുകൂടി നിൽക്കുന്ന വെള്ളത്തുള്ളികൾ സൂര്യരശ്മികളാൽ വൈഡൂര്യം പോൽ തിളങ്ങി. ഇന്നലെ രാത്രി അരങ്ങേറിയ ശബ്ദവർണ്ണഘോഷങ്ങളുടെ ബാക്കിപത്രമായി പ്രാണൻ വെടിഞ്ഞ പടക്കങ്ങളുടെ അവശിഷ്ടങ്ങൾ മുറ്റത്ത് നിറയെ ചിതറിക്കിടക്കുന്നു. പ്രാണൻ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വെപ്രാളം കൊണ്ടായിരിക്കുമോ അവയിങ്ങനെ ചെറുകഷണങ്ങളായി ചിതറിത്തെറിച്ചു പോകുന്നത് എന്ന് ഞാൻ ചിന്തിച്ചു. ജീവൻ വെടിയുമ്പോൾ അവ സൃഷ്ടിച്ച സുഖകരമല്ലാത്ത വിഷപ്പുകയുടെ രൂക്ഷഗന്ധം  ഇപ്പോഴും അവിടെ തങ്ങി നിൽക്കുന്നതായി എനിക്ക് തോന്നി.

ഇന്നലെ ദീപാവലിയായിരുന്നു. രാവണവധം കഴിഞ്ഞ് ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ഓർമ്മയായും ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ സന്തോഷമായും ഒക്കെ ആളുകൾ ഈ ദിവസത്തെ ആഘോഷിക്കുന്നു. ദീപങ്ങളാൽ വീടുകൾ അലങ്കരിക്കുന്നതിനൊപ്പം  ആകാശത്ത് കരിമരുന്നുകൾ തീർക്കുന്ന വർണ്ണവിസ്മയങ്ങളിലൂടെയും ദിഗന്തം നടുങ്ങുന്ന ഘോഷങ്ങളിലൂടെയുമാണ് ജനങ്ങൾ സാധാരണ ദീപാവലി ആഘോഷിക്കാറുള്ളത്. ഇവിടെയും ആഘോഷങ്ങൾ ഏതാണ്ട്  അങ്ങനെയൊക്കെത്തന്നെയായിരുന്നു . ബഹളം കാരണം ഉറങ്ങാൻ വാവ നന്നേ ബുദ്ധിമുട്ടി. ഞാൻ മുറ്റത്ത് ചിതറി കിടക്കുന്ന ജഡങ്ങളെ നോക്കിക്കൊണ്ട് ചായ ഊതിയൂതി കുടിച്ചു. തകർത്തു പെയ്ത മഴ അവയുടെ ചിതാഭസ്മം കോരിയെടുത്തു കൊണ്ടുപോയിരുന്നു, മോക്ഷ പ്രാപ്തിക്കായി.

നക്ഷത്രങ്ങൾ ചിതറിച്ചുകൊണ്ട് എരിഞ്ഞടങ്ങിയ ചെറുതും വലുതുമായ കമ്പിത്തിരികളുടെ എല്ലിൻകൂടുകൾ മതിലിനോട് ചേർന്ന് വലിച്ചെറിഞ്ഞിരിക്കുന്നു. മൃതരാണെങ്കിലും `ഒരവസരം കിട്ടിയാൽ പച്ചമാംസത്തിൽ തുളഞ്ഞു കയറാൻ പാകത്തിൽ തന്നെയാണ് അവയുടെ കിടപ്പ്. കുട്ടികളാരെങ്കിലും അറിയാതെ അവിടെ കളിയ്ക്കാൻ പോയാലുണ്ടാകുന്ന വിപത്ത് എന്നിൽ ചെറുതായി ഭയത്തിന്റെ വിത്തുകൾ പാകി. തീ ചീറ്റിക്കൊണ്ട്  വട്ടത്തിൽ കറങ്ങി പിടഞ്ഞുപിടഞ്ഞു രക്തസാക്ഷിയായ ചക്രങ്ങൾ പലയിടങ്ങളിലായി കിടക്കുന്നു. ചക്രവ്യൂഹത്തിൽ പെട്ടുപോയ അഭിമന്യുവിനെയാണ് എനിക്കിപ്പോൾ ഓർമ്മ വരുന്നത്. കാഴ്ചക്കാരെ രസിപ്പിക്കാനായി പരുപരുത്ത തറയിൽ ഉരഞ്ഞുരഞ്ഞു കറങ്ങിയതിനാലാകണം തൊലി പോയ ശരീരവുമായി കണ്ണീരൊലിപ്പിച്ച് അവ കിടക്കുന്നത്. രാത്രി മുഴുവൻ പെയ്ത മഴയ്ക്കും അവയുടെ കണ്ണീരൊപ്പാൻ കഴിഞ്ഞിട്ടില്ലായെന്ന് എനിക്ക് തോന്നി. തല തകർന്നു കിടക്കുന്ന പൂക്കുറ്റിയിൽ, കത്തിക്കയറിയ തീ ശമിപ്പിക്കാനെന്നവണ്ണം  മഴവെള്ളം നിറഞ്ഞിട്ടുണ്ട്. ഒരാൾ വെറുതെ തുപ്പിക്കളയുന്ന ലാഘവത്തോടെ തന്റെ ഓജസ്സും ഊർജ്ജവും എല്ലാം മറ്റുള്ളവർക്കായി തലയിലൂടെ പുറത്തേക്ക് വർണ്ണങ്ങളായി വിതറിയ ആ പാവത്തിന്റെ അവസ്ഥ എന്നെ തെല്ലൊന്ന് വേദനിപ്പിച്ചു. അമ്പിളിയമ്മാവനെ തൊടാം എന്ന വ്യാമോഹത്തോടെ ആകാശത്തേക്ക് കുതിച്ചുയർന്ന് അല്പനേരത്തിനകം തകർന്നു വീണ ബാണങ്ങളുടെ ഉടലും കരിഞ്ഞ തലയും അവിടവിടെയായി കാണാം. റോക്കറ്റ് വിക്ഷേപണ യന്ത്രങ്ങളായി പ്രവർത്തിച്ചതെന്ന് തോന്നിപ്പിച്ച  ഒന്നുരണ്ട് കുപ്പികൾ ആരോ മറന്നുവെച്ചതു പോലെ തെങ്ങിൻ ചുവട്ടിൽ കിടക്കുന്നത്  കണ്ടു. കുറച്ചപ്പുറത്തായി മാറി നിൽക്കുന്ന മാവിന്റെ താഴ്ന്നുകിടക്കുന്ന ചില്ലയിൽ കരിന്തിരി കത്തിയതുപോലെ ഒരു ചരട് ഇളംകാറ്റിൽ പതുക്കെ ആടുന്നത് കാണാം. ഏതു നിമിഷം വേണമെങ്കിലും വീഴാം എന്ന നിലയിലാണ് അതിന്റെ നില്പ്. നിമിഷങ്ങളോളം നിർത്താതെ പൊട്ടിത്തെറിച്ച്  കാഴ്ചക്കാരെ ത്രസിപ്പിച്ച മാലപ്പടക്കത്തിന്റെ ബാക്കിപത്രമായിരുന്നു അത്. ആ കാഴ്ച, മനുഷ്യച്ചങ്ങലപോലെ സ്വയം പൊട്ടിത്തെറിക്കുന്ന ചാവേറുകളെ ഓർമ്മിപ്പിച്ചു. കൂട്ടപ്പൊരിച്ചിലിന്റെ ഉന്തിലും തള്ളിലും പെട്ട് തെറിച്ചു പോയ ചില ഒറ്റയാൻ പടക്കങ്ങൾ കുറച്ചകലെയായി വീണുകിടപ്പുണ്ടായിരുന്നു. പൊട്ടാത്ത പടക്കങ്ങൾ തപ്പിയിറങ്ങിയ കുട്ടികൾ മഴയിൽ കുതിർന്നു കിടക്കുന്ന അവയെ കണ്ട് നിരാശയോടെ വെള്ളം തട്ടിത്തെറിപ്പിച്ചു കൊണ്ട് തിരിച്ചുപോയി. ആകാശം നടുങ്ങും ഘോഷത്തോടെ പൊട്ടിത്തെറിച്ച ഗുണ്ടുകൾ, ആരോ കത്തിച്ചെറിഞ്ഞു തകർത്ത ഓലപ്പടക്കങ്ങൾ, പല നിറങ്ങൾ പൊഴിച്ചശേഷം പ്രാണൻ വെടിഞ്ഞ വളഞ്ഞുപുളഞ്ഞ് കിടക്കുന്ന തിരികൾ അങ്ങനെ തിരിച്ചറിയുന്നതും അല്ലാത്തതുമായ പടക്കങ്ങളുടെ കത്തിക്കരിഞ്ഞ ശരീരങ്ങൾ ധർമ്മയുദ്ധം കഴിഞ്ഞ കുരുക്ഷേത്രഭൂമിയെ ഓർമ്മിപ്പിച്ചു. ജലസമാധിയെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ചില മൃതശരീരങ്ങൾ മുറ്റത്ത് കെട്ടികിടക്കുന്ന വെള്ളത്തിലും കണ്ടു. ഈ കൂട്ടമരണങ്ങൾക്ക് സാക്ഷിയാകേണ്ടി വന്ന മെഴുകുതിരി സ്വയം ഉരുകിയുരുകി മരണത്തെ പുല്കിയതിന്റെ തെളിവായി അതിന്റെ അസ്ഥിപഞ്ജരം മുറ്റത്തിന്റെ ഒരു ഭാഗത്ത് കാണാൻ കഴിഞ്ഞു. 

ഈ കാഴ്ചകൾ നോക്കിനിൽക്കെ പണ്ട് കുട്ടിക്കാലത്ത് വിഷുവിന് പടക്കങ്ങൾ ആവേശത്തോടെ പൊട്ടിച്ചത് ഓർമ്മയിൽ വന്നു. വലുതാവുംതോറും എന്തുകൊണ്ടോ പടക്കങ്ങളോടുള്ള താല്പര്യം എന്നിൽ കുറഞ്ഞു വന്നു. ഒരുപക്ഷേ അവയുണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ ഓർത്തു തന്നെയായിരിക്കും ഉപയോഗിക്കേണ്ട എന്ന തീരുമാനത്തിലേക്ക് ഒടുവിൽ എന്നെ എത്തിച്ചതും.
മോള് ഒരുപാട് വാശി പിടിച്ചപ്പോൾ കഴിഞ്ഞ വർഷം ദീപാവലിക്ക് വർണ്ണങ്ങൾ മാത്രം വിതറുന്ന കുറച്ചു പടക്കങ്ങൾ വാങ്ങിയിരുന്നു. എന്നാൽ ഇത്തവണ വാങ്ങാൻ ഞാൻ കൂട്ടാക്കിയില്ല. പലപ്പോഴും അന്തരീക്ഷ മലിനീകരണത്തെയും പരിസരശുചിത്വത്തേയും കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന എന്റെ സുഹൃത്തുക്കൾ തന്നെയാണ് ഈ ഭീകരകൃത്യം നിർവഹിച്ച് പൊടിയും തട്ടി പോയതെന്ന് ആലോചിച്ചപ്പോൾ അറിയാതെ എന്റെ ചുണ്ടിൽ ഒരു പരിഹാസച്ചിരി വിരിഞ്ഞു.

ഇന്നലെ വരെ പല കടകളിൽ പലരെയും മോഹിപ്പിച്ച് പല നിറങ്ങളിൽ വിരാജിച്ചിരുന്ന ഈ പടക്കങ്ങളുടെ ഇന്നത്തെ അവസ്ഥ വീണപൂവിന്റേതിൽ നിന്നും വ്യത്യസ്തമല്ലെന്നും അത് സർവ്വ ചരാചരങ്ങൾക്കും ബാധകമാണെന്നുമുള്ള ചിന്തയിലേക്ക് ഞാൻ എത്തി. എല്ലാത്തിനെയും സ്വീകരിക്കുന്ന മണ്ണിലേക്ക് അലിഞ്ഞുചേരുക എന്ന കർമ്മം മാത്രമേ ഇവയ്ക്ക് ഇനി ചെയ്യാനുള്ളൂ എന്നും എന്റെ നൊമ്പരത്തിന് യാതൊരു സ്ഥാനവുമില്ല എന്നും ഞാൻ തിരിച്ചറിഞ്ഞു. പിന്നിൽ ഒരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. മോളാണ്, മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. എന്റെ അടുത്ത് വന്നു അവളും മുറ്റത്തേക്ക് നോക്കി. ചിതറിക്കിടക്കുന്ന പടക്കങ്ങൾ കണ്ടപ്പോൾ ഒത്തിരി സങ്കടത്തോടെ അവൾ പറഞ്ഞു, "എന്നാലും ഇന്നലെ അച്ഛൻ ഒരു കമ്പിത്തിരി പോലും വാങ്ങി തന്നില്ലല്ലോ" മറുപടിയൊന്നും പറയാതെ കാലിയായ ചായക്കപ്പുമായി ഞാൻ അടുക്കളയിലേക്കു നടന്നു.


പിൻകുറിപ്പ്: ദീപാവലി പിറ്റേന്ന് ചിതറിക്കിടക്കുന്ന പടക്കങ്ങളുടെ അവശിഷ്ടങ്ങൾ കണ്ട് അതിൽ നിന്നും മനോഹരമായ കവിത സൃഷ്ടിച്ച മധുവിന് ഈ കഥ സമർപ്പിക്കുന്നു. മധുവിന്റെ വരികളാണ് എനിക്ക് പ്രചോദനമായത്.

മായാത്ത ഓർമ്മകൾ


University of Calicut, Thenjippalam

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്ര  ധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത്‌ തരുമോ
ഇനിയൊരു ജന്മം കൂടി.


ഇന്നലെ ഞാനൊരു യാത്ര പോയി...ഉദ്യാനനഗരിയായ ബാംഗ്ലൂരിലെ നാലുചുവരുകൾക്കുള്ളിൽ നിന്ന് കാതങ്ങൾ താണ്ടി, ഏറെ  വർഷങ്ങൾ പിന്നിലേക്കാക്കി മനസ്സുകൊണ്ടൊരു യാത്ര.. ഒരു തീർത്ഥയാത്ര....

തേഞ്ഞിപ്പലം ആസ്ഥാനമായി സ്ഥിതി ചെയ്യുന്ന കോഴിക്കോട് സർവ്വകലാശാല..ഏക്കറുകളോളം പടർന്നുകിടക്കുന്ന ഈ ക്യാമ്പസ്സിൽ ഞങ്ങളുടെ കാൽപ്പാടുകൾ ഇപ്പോഴും എനിക്ക് വ്യക്തമായി  കാണാം..ഞങ്ങളുടെ മണം ഇവിടുത്തെ കാറ്റിൽ  നിറഞ്ഞുനിൽക്കുന്നുണ്ട്.. .ഭൗതികശാസ്ത്രത്തിന്റെ ക്ലാസ് ചുമരുകളിൽ ഞങ്ങളുടെ ശബ്ദം പ്രതിധ്വനിക്കുന്നത് എനിക്ക് കേൾക്കാം..കളിചിരികൾ കേൾക്കാം..ഇവിടെയാണ് ഞങ്ങൾ രണ്ടു വർഷം ജീവിച്ചത്...ഇവിടെ വച്ചാണ് ഞങ്ങൾ സ്നേഹിക്കാൻ തുടങ്ങിയത്..ഞങ്ങൾ പരസ്പരം മനസ്സിലാക്കാൻ തുടങ്ങിയത്..ഞങ്ങൾ എന്നാൽ നാട്ടിപുറത്തിന്റെ വിശുദ്ധിയുമായി ബസ്സിറങ്ങി വന്ന 16 യുവതിയുവാക്കൾ..ഞങ്ങൾക്ക് മുൻപും പിൻപും  വന്നവർ..ജീവിതത്തിലെ നിർണ്ണായകഘട്ടം താണ്ടാൻ സ്വപ്നങ്ങളും ആകുലതകളുമായി വന്നിറങ്ങിയവർ..പരസ്പരം സ്നേഹിച്ചും കലഹിച്ചും കളിയാക്കിയും കരയിച്ചും രണ്ടു വർഷത്തെ രണ്ടു നിമിഷമാക്കി മാറ്റി ഞങ്ങൾ..കടന്നുപോയ ഓരോ നിമിഷവും  യുഗങ്ങളോളം നീണ്ടുനിൽക്കുന്ന ഓർമ്മകളാക്കി മാറ്റി...ഞങ്ങൾ ചവുട്ടിമെതിച്ച്‌ കടന്നുപോയ പാതകൾ..ഞങ്ങളുടെ  കിന്നാരം കേട്ട് തലയാട്ടിയ വൃക്ഷത്തലപ്പുകൾ..കാതിൽ രഹസ്യങ്ങൾ ഓതി ഞങ്ങളെ തഴുകി കടന്നു പോയ മന്ദമാരുതൻ...മറക്കാനാവുന്നില്ല, ഒന്നും...ഒന്നും..

ഭാർഗവി നിലയം പോലെ മുന്നിൽ പ്രത്യക്ഷമായ ഹോസ്റ്റൽ കെട്ടിടങ്ങൾ..ഭയാശങ്കകളോടെ ആദ്യദിനങ്ങൾ കഴിച്ചുകൂട്ടിയ ഹോസ്റ്റൽ മുറികൾ..എന്നാൽ ദിവസങ്ങൾ കഴിയവേ, കണ്ണുരുട്ടി സ്വീകരിച്ചവന്റെ തോളിൽ കയ്യിട്ട് സഭ്യവും അസഭ്യവും പറഞ്ഞു ചിരിച്ച നിമിഷങ്ങൾ..കുളിരാർന്ന കാറ്റേറ്റ് ടെറസ്സിൽ മലർന്നു കിടന്നു നക്ഷത്രങ്ങളെ നോക്കി കിനാവ് കണ്ടത്..സുന്ദരികളായ പെൺകിടാങ്ങളെ പ്രേമപൂർവ്വം കടാക്ഷിച്ചത്‌..വിശേഷങ്ങൾ പരസ്പരം പങ്കുവച്ചത്..കോഴിക്കോടൻ നഗരക്കാഴ്ചകളിലേക്ക് ഊളിയിട്ടത്..മാനാഞ്ചിറയിൽ വട്ടം കൂടിയിരുന്നത്..സാഗറിന്റെ രുചിയറിഞ്ഞത്..തേഞ്ഞിപ്പലത്തിന്റെ സൗന്ദര്യം മുഴുവനും ആവാഹിച്ച ബ്യൂട്ടീസ്‌പോട്ടിൽ ഒറ്റക്കും തെറ്റക്കും ചെന്നിരുന്ന് നേരം കളഞ്ഞത്..പകലോൻ അറബിക്കടലിനക്കരയിലേക്ക് തുഴഞ്ഞു പോകുമ്പോൾ ഇത്തിരി വേദനയോടെ എന്നാൽ ഒത്തിരി പ്രതീക്ഷകളോടെ തിരിച്ചു നടന്നത്..ഭാവിയെപ്പറ്റി തോരാതെ സംസാരിച്ചത്...ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ വിഷണ്ണരായത്..സഹകരണഭവനിൽ ചെന്ന് മസാലദോശയുടെയും പഴംപൊരിയുടെയും ഗന്ധം മൂക്കു വിടർത്തി ആവോളം വലിച്ചെടുത്തത്..പറ്റുബുക്കിൽ കണക്കെഴുതി കാന്റീനിൽ നിന്നും  മൂക്കുമുട്ടെ തിന്നത്..നിശബ്ദത തളം കെട്ടി നിൽക്കുന്ന വായനശാലകളിൽ മണിക്കൂറുകൾ ചെലവഴിച്ചത്..ഒരുമയോടെ,ആവേശത്തോടെ ഓണവും ക്രിസ്തുമസും ആദ്യമായി ആസ്വദിച്ചത്..ഇടനാഴികളിലൂടെ പാറി നടന്നത്...പാടിയും ആടിയും ഉല്ലസിച്ചത്..പുസ്തകങ്ങൾക്ക് മുന്നിൽ തല പുകച്ചിരുന്നത്.. സ്വാതന്ത്ര്യത്തിന്റെ സുഖമറിഞ്ഞത്..പല നാട്ടിൽ പല തരത്തിൽ ജനിച്ചു വളർന്നവർ കൂടപ്പിറപ്പുകളായത്..ആർക്കൊക്കെയോ ഏട്ടനും അനിയനും ആയത്..ഗുരു-ശിഷ്യ ബന്ധത്തിന്റെ ആഴമറിഞ്ഞത്..ഒടുവിൽ എല്ലാ ഓർമ്മകളും മനസ്സിൽ ചേർത്തുപിടിച്ച് ജീവിതം കെട്ടിപ്പടുക്കാൻ ഇറങ്ങിത്തിരിച്ചത്.. അങ്ങനെ എന്തെല്ലാം ഓർമ്മകൾ..പറഞ്ഞാൽ തീരില്ല ഒന്നും..മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുകയാണ് ഓരോ ഇടവഴികളും പുൽക്കൊടികളും കണ്ടുമുട്ടിയ മുഖങ്ങളും ഇന്നലെയെന്നപോലെ..

സുഹൃത്തുക്കളായ ഗിരീഷും ദീപക്കേട്ടനും ഷജുവും സ്വന്തം വേലായുധേട്ടനും ഓർമ്മകൾ നടമാടുന്ന ആ മണ്ണിലേക്ക് പോകുന്നുവെന്നറിഞ്ഞപ്പോൾ ഒരു പക്ഷെ അവർക്കു മുൻപേ ഞാൻ അവിടെ എത്തിയിരുന്നു..ആ ഗന്ധം നുകർന്ന്, കളിചിരികൾ കേട്ട്..അദ്ധ്യാപകരോട് തമാശ പറഞ്ഞ്..ക്ലാസ്സ്മുറിയിൽ തല ചായ്ച്ച്..കുട്ടേട്ടന്റെ കടയിൽ നിന്ന് പൊറോട്ടയും പാലും കഴിച്ച്..വില്ലൂന്നിയിലെ ഭഗവാനെ വണങ്ങി..ഓരോ മുക്കും മൂലയും കണ്ട് ഞാൻ അങ്ങനെ നടന്നു ഒരുപാട് നേരം..ആ പഴയ ഇരുപതുകാരനായി..അവർ മടങ്ങിയിട്ടും കാഴ്ചകൾ ഇപ്പോഴും മായുന്നില്ല എന്റെ മുന്നിൽ നിന്ന്...ഓർമ്മകളുടെ വേലിയേറ്റത്തിൽ കടലലകൾ പോലെ അവ തീരത്തേക്ക് എത്തിനോക്കിക്കൊണ്ടേയിരിക്കുന്നു..ആ ഓർമ്മകളും അവ സമ്മാനിച്ച സൗഹൃദങ്ങളും ഇന്നും ഹൃദയത്തോട് ചേർത്തുനിർത്തിയിട്ടുണ്ട് ഞാൻ..കൈവിടാതെ..ഒരിക്കലും  കൈമോശം വരരുതെന്ന പ്രാർത്ഥനയോടെ..

അറിവിന്റെ കുന്നിറങ്ങി വന്ന മാഷ്
കുന്ദലഹള്ളി കേരളസമാജത്തിന്റെ പ്രതിമാസ പരിപാടിയായ സാഹിത്യവേദിയുടെ സെപ്റ്റംബർ മാസത്തിലെ പരിപാടി ഇക്കഴിഞ്ഞ 29 നു ഞായറാഴ്ച BEML Layout -ലെ KKS ന്റെ കാര്യാലയത്തിൽ വച്ച് നടന്നു. കഴിഞ്ഞ തവണ തീരുമാനിച്ചതുപോലെ 'കാവ്യകേളി' എന്ന കവിതാവതരണ പരിപാടി എന്ന നിലയിൽ സാധാരണ പരിപാടിയായിപ്പോകുമായിരുന്ന വേളയിലാണ് കണ്ണൂർക്കാരനും മലയാളം അദ്ധ്യാപകനുമായിരുന്ന ശ്രീ ടി പി ഭാസ്‍കര പൊതുവാൾ എന്ന അത്ഭുതവ്യക്തിത്വത്തിനെ പരിചയപ്പെടുന്നത്. 36 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് ലഭിച്ച അറിവുകളും അനുഭവങ്ങളും സമൂഹത്തിനും വളർന്നു വരുന്ന കുട്ടികൾക്കും എങ്ങിനെ ഉപകാരപ്രദമായ രീതിയിൽ പങ്കുവെയ്ക്കാം എന്നും അതോടൊപ്പം തന്നെ ഞാനാക്കിയ മലയാളഭാഷയ്ക്ക് എന്ത് തിരിച്ചുനല്കാനാകുമെന്ന ചിന്തയും ഒത്തുചേർന്നപ്പോൾ അന്നുവരെ കാണാത്ത ഒരു വിപ്ലവത്തിന് വടക്കേ മലബാറും കേരളീയസമൂഹവും സാക്ഷ്യം വഹിക്കുകയായിരുന്നു. തന്റെ ഭവനത്തിനു 'മലയാളഭാഷാ പാഠശാല' എന്ന് പേരിട്ട് കേരളത്തിലങ്ങോളമുള്ള ചെറുതും വലുതുമായ എഴുത്തുകാരെയും കലാകാരന്മാരെയും പാഠശാലയിലേക്ക് ക്ഷണിച്ച് സാഹിത്യചർച്ചകളും കലാപ്രകടനങ്ങളുമായി മലയാളഭാഷയെയും മലയാളദേശത്തെയും അതുവഴി മലയാളിയെയും ഉണർത്തുക എന്ന ധർമ്മം നിർവ്വഹിക്കാൻ തുടങ്ങി ഭാസ്കരൻ മാഷ് അല്ലെങ്കിൽ ഇതാണ് തന്റെ കർമ്മകാണ്ഡം എന്ന് പ്രഖ്യാപിച്ചു മാഷ്. മലയാളികൾ മലയാളത്തിൽ നിന്നും നമ്മുടെ സംസ്കാരത്തിൽ നിന്നും അകലാൻ തുടങ്ങിയപ്പോൾ അവരെ ഒന്നിച്ചു നിർത്താൻ, ഭാഷാസ്നേഹം വളർത്താൻ, ബന്ധങ്ങളുടെ ആഴവും പരപ്പും മനസ്സിലാക്കാൻ 'മധുരം മധുരം മലയാളം' എന്ന പരിപാടിയും കൂടി തുടങ്ങി മാഷ് എന്ന് മാത്രമല്ല കേരളത്തിനകത്തും പുറത്തുമായി ഏഴായിരത്തിലധികം വേദികളിൽ അതവതരിപ്പിക്കുകയും ചെയ്തു. ഏതാണ്ട് മുപ്പതോളം നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. അതിൽ തന്നെ നാൽപ്പതു വർഷങ്ങൾക്ക് മുൻപെഴുതിയ 'ഉദയസംക്രാന്തി' എന്ന നാടകം രണ്ടായിരത്തിലധികം വേദികളിൽ കളിച്ചു എന്നത് ഒരു പക്ഷെ ചരിത്രമായിരിക്കും. മലയാളസാഹിത്യത്തിൽ കവിത/കഥ/നാടകം എന്നെ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച എഴുത്തുകാരെ മണ്മറഞ്ഞ മഹാരഥന്മാരുടെ പേരിൽ, അതും ആരോടും കാശ് വാങ്ങാതെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകി ആദരിക്കുന്ന പതിവ് കൂടിയുണ്ട് മാഷിന് എന്ന് പറഞ്ഞാലേ മാതൃഭാഷയ്ക്കായുള്ള ആ സമർപ്പണത്തിന്റെ ആഴം വായനക്കാർക്ക് മനസ്സിലാവുകയുള്ളൂ
ഇത്രയും പറഞ്ഞത് നമ്മുടെ അതിഥിയെ പറ്റി നിങ്ങളിൽ ഒരു ചെറിയ അവബോധം സൃഷ്ടിക്കാൻ മാത്രം. സാഹിത്യവേദി തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഒരു അതിഥിയെ നമ്മുടെ പരിപാടിയിലേക്ക് കൊണ്ട് വരുന്നത്. അതിനാൽ തന്നെ കഴിയുന്നത്ര ആൾക്കാരെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കണമെന്നു ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്തിരുന്നു. ഏതായാലും തെറ്റില്ലാത്ത ഒരു സദസ്സ് ഉണ്ടായിരുന്നുവെന്ന് നിസ്സംശയം പറയാൻ കഴിയും. രണ്ടു മണിക്ക് തന്നെ നമ്മുടെ അതിഥി എത്തിയെങ്കിലും അരമണിക്കൂർ വൈകിയാണ് പരിപാടി തുടങ്ങിയത്. സെക്രട്ടറിയുടെ ഔപചാരികമായ സ്വാഗതം, അനിൽകുമാറിന്റെ അഥിതിയെ സദസ്സിനു പരിചയപ്പെടുത്തൽ. ശേഷം മുതിർന്ന അംഗങ്ങൾ KKS ന്റെ സ്നേഹാദരം ഭാസ്കരൻ മാഷിന് സമ്മാനിച്ചു. തുടർന്നങ്ങോട്ട് മാഷിന്റെ ഊഴമായിരുന്നു. തന്നിൽ നിന്ന് അകലം പാലിച്ചിരുന്ന സദസ്സിനെ ചേർത്തിരുത്തി, ചാരിയിരുന്ന്, ചേർന്നിരുന്ന് സ്നേഹം ചോരാതിരിക്കാനാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞു തുടങ്ങിയ മാഷ് പിന്നീട് മലയാളഭാഷയിലെ വാക്കുകളുടെ അർത്ഥതലങ്ങളെ പറ്റി പറഞ്ഞു, അതിന്റെ സൗന്ദര്യത്തെയും പ്രയോഗിക്കേണ്ട രീതിയെപ്പറ്റിയും പറഞ്ഞു. കൈതപ്രം എന്ന മനോഹരമായ കൊച്ചുഗ്രാമത്തിൽ ജനിച്ചു വളർന്ന് പാഠശാലയുടെ അമരക്കാരനായി മാറിയതുവരെയുള്ള തന്റെ ജീവിതാനുഭവങ്ങളുടെ കെട്ടഴിച്ച് പല സംഭവങ്ങൾ, പഠിച്ച പാഠങ്ങൾ, അവ പഠിക്കാനുണ്ടായ സാഹചര്യം എന്നിങ്ങനെ പലതും വിവരിച്ച് പല വഴികളിലൂടെ ആ സംഭാഷണം നീണ്ടുപോയി. അതിനിടയിൽ ജി ശങ്കരകുറുപ്പിന് കണ്ടത്, സുകൃതം പോലെ കുഞ്ഞുണ്ണിമാഷിന്റെ ദർശനം, സ്വപ്നസാഫല്യമായി ദക്ഷിണാമൂർത്തി സ്വാമികളുടെ അനുഗ്രഹാശിസ്സുകൾ നെറുകയിൽ പതിഞ്ഞത് എന്നിങ്ങനെ കോൾമയിർ കൊള്ളിച്ച വിവരണം. തന്റെ കണ്ണ് തുറപ്പിച്ച ശിഷ്യർ, തന്നെ കണ്ണീരണിയിച്ച കുട്ടികൾ, തന്നെ മറക്കാത്ത ശിഷ്യർ അങ്ങനെ ഒരുപാടു ഒരുപാട് കഥകൾ ഒരു ചിത്രത്തിലെന്ന പോലെ തന്റെ മുന്നിൽ നിർന്നിമേഷനായി ഇരിക്കുന്ന ആൾക്കാരുടെ മുന്നിൽ മാഷ് അവതരിപ്പിച്ചു. പലരും മനസ്സ് കൊണ്ട് ഒരു മടക്കയാത്ര നടത്തി കഴിഞ്ഞുപോയ കാലത്തിലേക്ക്. അറിയാതെ മിഴികൾ തുളുമ്പി പലരുടെയും.വാക്കുകൾക്ക് ഇടർച്ച വന്നു.
സംഭാഷണത്തിനിടെ പലപ്പോഴും മനോഹരമായി മാഷ് കവിത ചൊല്ലി.മഹാകവി കുട്ടമത്തിന്റെയും പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന് പറഞ്ഞ കുഞ്ഞുണ്ണിമാഷിന്റെയും മറ്റു പലരുടെയും. കൂട്ടത്തിൽ താനെഴുതിയ 'പൊട്ടക്കവിതകൾ' എന്ന് മാഷ് പറയുന്ന കവിതകളും. കുട്ടികളെ പഠിപ്പിക്കുന്നവൻ അല്ല പഠിക്കുന്നവനാണ് ഒരു യഥാർത്ഥ അദ്ധ്യാപകൻ എന്നുകൂടി പറഞ്ഞുതന്നു മാഷ്. ഒരു നല്ല പാഠം. മറ്റുള്ളവരെ അംഗീകരിക്കുക അവരുടെ മഹത്വം മനസിലാക്കുക, കളങ്കമില്ലാതെ സ്നേഹിക്കുക, നല്ലതു മാത്രം പറയുക എന്നുകൂടി ചേർത്തു മാഷ്. കവിത ആലപിക്കാനായി വന്നവർ പോലും ആ മധുരഭാഷണത്തിൽ മുഴുകിപ്പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. ഇന്നത്തെ അദ്ധ്യായം നാലരയ്ക്ക് നിർത്തണം എന്നാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും അതങ്ങിനെ നീണ്ടുപോയി. സംസാരിക്കുന്നതു നിർത്താൻ മാഷിനും കേൾക്കുന്നത് നിർത്താൻ ഞങ്ങൾക്കും വയ്യായിരുന്നു. തനിക്കു പറയാനുള്ളത് പറയാൻ ഇന്നത്തെ ദിവസം മതിയാവില്ല എന്ന് പറഞ്ഞ മാഷ് തുടർന്ന് ഓരോ ആളെയും പ്രത്യകം പ്രത്യേകം ചോദിച്ചറിഞ്ഞു. അവരുടെ കഴിവുകൾ മനസ്സിലാക്കി.കവിത എഴുതുന്നവരെ കൊണ്ട് അവരുടെ കവിത ചൊല്ലിപ്പിച്ചു. മടിച്ചു നിന്നവരെ സ്നേഹപൂർവ്വം പ്രോത്സാഹിപ്പിച്ചു. പാട്ട് പാടാൻ അറിയുന്നവരെകൊണ്ട് അതും ചെയ്യിച്ചു മാഷ്. ഒടുവിൽ മനസ്സ് കൊണ്ട് ഞാൻ ഈ സമാജത്തിലെ അംഗമായി എന്ന് കൂടി പറഞ്ഞാണ് മാഷ് അവസാനിപ്പിച്ചത്. ജീവിതത്തിൽ താൻ പരാജയമാണെന്ന് തോന്നുമ്പോഴൊക്കെ തന്നെ കേൾക്കാനിരിക്കുന്നവരുടെ ആവേശം കലർന്ന മുഖങ്ങളാണ് തന്റെ ജീവിതം ഒരു പരാജയമല്ല മറിച്ചു വലിയ വിജയമാണെന്ന് ഓർമ്മിപ്പിക്കുന്നതെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. സമാജത്തിന്റെ പ്രസിഡണ്ട് യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ഔപചാരികമായി നന്ദി അറിയിച്ചു. എല്ലാവരും മാഷുടെ ഫോട്ടോയെടുത്തു, പുസ്തകത്താളുകളിൽ സ്നേഹചാർത്തുകൾ വാങ്ങി.ഒടുവിൽ എല്ലാ അംഗങ്ങളെയും കൂടെയിരുത്തി ഒരു ഫോട്ടോ കൂടി.
പകലോൻ മറയാറായിരുന്നു. ആർക്കും മതിയായിരുന്നില്ല. ഇനിയും കാണാമെന്ന പ്രതീക്ഷയോടെ കേൾക്കണമെന്ന ഉൽക്കടമായ ആഗ്രഹത്തോടെ എല്ലാവരും സ്നേഹപൂർവ്വം മാഷിനെ യാത്രയച്ചു. ഇത്തിരിപേരെക്കൂടി സന്തോഷിപ്പിക്കാനായി എന്ന ചാരിതാർഥ്യത്തോടെ മാഷും മടങ്ങി, വീണ്ടും വരണമെന്ന ചിന്തയോടെ തന്നെ.
അങ്ങിനെ ഒരു പതിവ് കാവ്യാലാപനത്തിൽ മാത്രം ഒതുങ്ങുമായിരുന്ന സാഹിത്യവേദിയുടെ ഈ അദ്ധ്യായത്തെ മറക്കാനാവാത്ത ഒരേടാക്കി മാറ്റാനായി എന്ന നിർവൃതി കൂടി ഞങ്ങൾ അനുഭവിച്ചറിഞ്ഞു.
അതിനു അവസരമൊരുക്കിത്തന്ന സർവ്വേശ്വരനും മറ്റുള്ളവർക്കും ഒരായിരം നന്ദി.

എന്റെ കവിതകൾ - 2

1.
ഇന്നലെ കണ്ട കിനാവിൽ ഞാനൊരു
സുന്ദരഗീതം രചിച്ചുവല്ലോ
മനതാരിൽ നിന്നുമാ കാവ്യശകലം
കണ്ണ് തുറന്നപ്പോൾ മാഞ്ഞുവല്ലോ
ഒരുവരി പോലും ഓർക്കാതെയാ-
യെങ്കിലും അറിയുന്നുണ്ടിതിപ്പോൾ
ഇന്നോളം ഞാനൊട്ടും ചമച്ചതില്ല
മേന്മയേറീടും മറ്റൊരു ഗീതകം

2.
അർത്ഥഗർഭമായ പുഞ്ചിരിയാൽ
ഇന്നും നീ എന്നെ കടന്നുപോയി
ഒരടികൂടി ഞാൻ കൂടുതൽ താണ്ടി
ഇനി മടങ്ങാൻ കഴിയാത്ത യാത്ര

ആവതില്ല എനിക്കോ നിങ്ങൾക്കോ
ഇനിയൊരു ബാല്യമായ് ഊയലാടാൻ
മുലപ്പാലിന്റെ സുഗന്ധം നിറയും
അമ്മതൻ മാറിൽ മുഖം പൂഴ്ത്താൻ..

മധുരം കിനിയും വചനങ്ങളും കൂടെ
മിഠായികളുമായി പൊതിയുന്നു സ്നേഹം
ഞാനൊരു നാഴികക്കല്ല് കൂടി കടന്നത്രെ..!
ഓർമ്മിപ്പിക്കുന്നു നിന്റെ ഓരോ വരവും
മൃത്യുവിലേക്കുള്ള ദൂരം കുറയുന്നതും
നിത്യസത്യമായ ഈശ്വരനിലേക്ക് ഞാൻ
കൂടുതൽ കൂടുതൽ അടുക്കുന്നതും
അറിയുന്നു പിന്നെയും ഞാൻ,
നിങ്ങൾ ജന്മദിനങ്ങൾ എന്നത്
നാഴികക്കല്ലുകൾ മാത്രമാണെന്ന്..
ജനിമൃതികൾക്കിടയിലെ ദൂരം കുറിക്കും
വെറും നാഴികക്കല്ലുകൾ മാത്രമെന്ന്.

അനിതേച്ചിയുടെ (അനിത എസ് നാഥ് ) ആംഗല കവിതയുടെ വിവർത്തനം

Again you came,
My Birthday,
Passing by, with a smile.
With lot of meaning  in it.
A foot step ahead
But I, struggling  to
Step back.
None can,I know.
Chokes  me the sweet
I take,Birthdays,I know,
Are mile stones.
When I pass it,
I know,I am nearing  
To You.
Nearing  to You
Nearing to You

3.
ആദിയിലെ മൗനത്തിലേക്ക്
അനന്തയിൽ നിന്നുതിർന്നു വീണ
ഓംകാരത്തിൽ നിന്നാണത്രെ
ഞാനും നീയും ഈ മഹാപ്രപഞ്ചവും
സൃഷ്ടിക്കപ്പെട്ടത്

4.
ജലോപരിതത്തിൽ വിരിയുന്ന
ഓളങ്ങളിലിളകുന്നത് എന്റെ
മൗനമോ നിന്റെ ഹൃദയവിചാരങ്ങളോ

5.
വെളിയിലേക്ക് ഗമിക്കുവാൻ
ആനന്ദാതിരേകത്താൽ പടവുകൾ ഇറങ്ങവേ
പിഴച്ചുപോയ് ചുവടുകൾ
ഞൊടിയിടയിൽ ഭൂമിമാതാവിൻ സ്പർശനം
നേത്രങ്ങളിൽ താരകദർശനം !!!
ഒടിഞ്ഞകാലും നൊമ്പരവുമായൊരു ശയ്യാവലംബി
വീണ്ടും പിച്ചവച്ചു തുടങ്ങണം
പിഞ്ചുകുഞ്ഞിനെപോൽ മെല്ലവേ
ഉറച്ച ചുവടുകളുമായി നടന്നീടുവാൻ
അത് ജീവിതമായാലും പെരുവഴിയായാലും

6.
ഇടവപ്പാതി തകർത്തു പെയ്യവേ
കവിളിലൂടൊഴുകും കണ്ണുനീരുമായി
ജാലകത്തിൽ മുഖം ചേർത്തിരുന്നു
കുളിർകാറ്റിലുലയും ദേഹവുമായി ഞാൻ

തെന്നലിൻ ഊഞ്ഞാലിലാടി ചിതറിവീണൊരാ
മഴത്തുള്ളികളാൽ നനഞ്ഞുപോയെൻ മുഖം
കരയും പൈതലിനെക്കണ്ട് കുറുമ്പ് കാട്ടിയ-
താരെന്നറിഞ്ഞില്ല, മഴച്ചാറ്റലോ കുളിർകാറ്റോ?

ഒലിച്ചിറങ്ങിയിടവപ്പാതിയെൻ പാദം വരെ
അശ്രുബിന്ദുക്കളെല്ലാമതിലലിഞ്ഞു പോയ്
അറിയുവാൻ കഴിയുന്നില്ലെനിക്കിപ്പോൾ
കരയുന്നതു വാനമോ അതോ ഞാനോ?

7  .
പുലർകാല സുന്ദര സ്വപ്നത്തിൽ മുഴുകവേ
ഞെട്ടിയുണർന്നോരുവേള, ഓമൽ മിഴികളിൽ
പരിഭവമോ വ്യഥയോ? പിന്നെയൊരു നിമിഷാർദ്ധ-
ത്തിൻവേളയിൽ തൻ കുഞ്ഞിളം ചുണ്ടു പിളർത്തി 
പരിഭവകരച്ചിലാലുണർത്തി തന്നെ മറന്ന്
സംസാരസാഗരത്തിലേക്കാണ്ടുപോയവരെ

ശ്രവിച്ചു ഞാനെൻ ഓമനക്കുഞ്ഞിൻ വിലാപം
ഇടനെഞ്ചിൽ വീണതിന്മാത്രയിലെൻ ഉള്ളം പിടഞ്ഞു 
ഓടിയണഞ്ഞീകൈകളാലവളെ വാരിയെടു- 
ത്തീമാറിൽ പുണർന്നീടാണെൻ മനം തുടിച്ചു   
എങ്കിലുമോടിയില്ല ഞാനെൻ പൈതലിനരികെ
മന്ദം മന്ദം നടന്നൂ തൊട്ടിലിൻ സവിധമണഞ്ഞു
നോക്കിനിന്നൊരാ ദീനരോദനം നിസ്സഹായനായി

കുഞ്ഞിന്റെ നിലയ്ക്കാത്ത രോദനം കേട്ടമാത്രയിൽ
ഓടിയണഞ്ഞൊരാ മാതാവിൻ സ്നേഹം
വാരിയെടുത്തു പുണർന്നുമ്മ വച്ചു നിറുകയിൽ

നെഞ്ചിലെ സ്നേഹം കൈകളിലേക്ക് പകർന്നു 
തലോടി ഞാനാ നെറുകയും തളിർമേനിയും
തുളുമ്പുമെൻ മിഴികൾ ആരാലും കാണാതെ
തിരിഞ്ഞുനടന്നു മുറിയിൽ നിന്നും മെല്ലെവേ
എന്നെ കാത്തിരുന്നൊരാ മഞ്ചലിൽ തനിയെ-
യിറക്കി ഞാനെൻ തളർന്ന ദേഹവും ദുഖങ്ങളും

8  .
ദർശനമാത്രയിൽ വിടരുന്ന മുഖങ്ങൾക്ക-
റിയാമോ ഉള്ളിലെ നീറും നോവുകൾ?

9 .
ഏകനായാണ് പിറന്നതെന്നാകിലും, ഞാ-
നേകനായല്ല വളർന്നതീയുലകത്തിൽ
ചുറ്റിലും ബന്ധങ്ങൾ നിറയുന്നുണ്ടെങ്കിലും
ഞാനെന്നുമൊറ്റയ്ക്കാണീ ജീവിതവീഥിയിൽ

(ബന്ധങ്ങൾ തളിരിടുന്നുണ്ടെങ്കിലും 
ഞാനൊറ്റയ്ക്കാണീ ജീവിതയാത്രയിൽ)

പാട്ടോർമ്മകൾ 1: നിലാവ് പോലൊരു പാട്ട്
കാലങ്ങൾ എത്ര കഴിഞ്ഞാലും വറ്റാത്ത തെളിനീരുറവ പോലെ മനസ്സിലെ ഓർമ്മച്ചെപ്പിൽ ഒഴുകികൊണ്ടേയിരിക്കുന്ന ചില പാട്ടുകളുണ്ട്. എന്തുകൊണ്ടെന്ന് പറയാൻ കഴിയാത്ത കാരണത്താൽ കുട്ടിക്കാലത്തെങ്ങോ നമ്മൾ ഹൃദയത്തോട് ചേർത്ത് പിടിച്ചവയായിരിക്കും ആ പാട്ടുകൾ. അങ്ങിനെയൊരു പാട്ടിനെക്കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. എപ്പോഴാണ് ഈ പാട്ട് ആദ്യമായി കേട്ടതെന്നു എനിക്കോർമ്മയില്ല പക്ഷെ അതിനെ എന്റെ ഹൃദയത്തിൽ ഞാൻ കുടിയിരുത്തിയത് മൂന്നാം തരത്തിൽ പഠിക്കുമ്പോൾ നടന്ന ഒരു സാഹിത്യസമാജത്തിന്റെ അന്നുതൊട്ടാണെന്ന് മാത്രം എനിക്കറിയാം.
വെള്ളിയാഴ്ചകളിൽ നടക്കുന്ന സാഹിത്യസമാജത്തിൽ പാടാനായി ഒരു പാട്ട് പഠിപ്പിച്ചു തരണമെന്ന് ഞാൻ ആവശ്യപ്പെട്ടത് അമ്മയോടായിരുന്നു. അമ്മ അത്യാവശ്യം പാടും എന്നതിനാലായിരുന്നു ആ തീരുമാനം. പാട്ട് തെരഞ്ഞെടുത്തതും പഠിപ്പിച്ചു തന്നതും അമ്മയായിരുന്നു. അക്കാലങ്ങളിൽ സ്ഥിരമായി ആകാശവാണിയിലെ ചലച്ചിത്രഗാനപരിപാടിയിൽ കേൾക്കുമായിരുന്ന ആ പാട്ട് ഒരു ദിവസം കൊണ്ട് തന്നെ പഠിച്ചെടുത്തു എന്നാണെന്റെ ഓർമ്മ. അമ്മയിൽ നിന്ന് ആദ്യമായി പഠിച്ചതിനാലാകണം ഇന്ന് വരെ ആ പാട്ട് ഞാൻ മറന്നിട്ടുമില്ല അതിന്റെ മാധുര്യം എന്നിൽ നിന്നും മാഞ്ഞിട്ടുമില്ല.
ആ ആഴ്ചയിലെ വെള്ളിയാഴ്ച ആവാനായി ഞാൻ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു. വളരെ പതുക്കെയാണ് നേരം കടന്നുപോകുന്നതെന്ന് പോലും തോന്നിപ്പോയിരുന്നു. ഒടുവിൽ ആ ദിവസമെത്തി.ഉച്ചയൂണ് കഴിഞ്ഞതും ചാക്കോ മാഷിനെ വിളിച്ചു കൊണ്ട് വന്നു. മാഷ് വന്നു, കുറച്ചു നേരം സംസാരിച്ചു. ഒടുവിൽ പരിപാടി അവതരിപ്പിക്കുന്നതാരൊക്കെ എന്ന് ചോദിച്ചു. ആ ചോദ്യം കേൾക്കാൻ കാത്തിരുന്നവനെന്നപോലെ ഞാൻ ഉടനെ ചാടി എഴുന്നേറ്റു. എന്റെ ആവേശം കണ്ടിട്ടായിരിക്കണം പാട്ട് പാടാനായി മാഷ് ആദ്യം തന്നെ എന്നെ വിളിച്ചു. എന്റെ ഹൃദയം സന്തോഷാധിക്യത്താൽ തുള്ളിച്ചാടുകയായിരുന്നു. ഈയൊരു നിമിഷത്തിനു വേണ്ടിയാണ് ഞാൻ കാത്തിരുന്നത്. യാതൊരു വിധ ഭയമോ വിറയലോ സഭാകമ്പമോ കൂടാതെ ഒരു ചെറു പുഞ്ചിരിയോടെ ഞാൻ പാടി; ഞാൻ നെഞ്ചിലേറ്റിയ ആ പാട്ട്.
രണ്ടു പതിറ്റാണ്ടിനു മുൻപ് ഇത്തിരി അനുനാസികശബ്ദവുമായി യേശുദാസ് എന്ന ഗാനഗന്ധർവ്വൻ വാഴുന്ന സിനിമാഗാനലോകത്തേക്ക് കൂസലില്ലാതെ കടന്നുവന്ന്, പിന്നീട് ഭാവഗായകനായി ഏവരുടെയും ഹൃദയത്തിൽ കുടിയേറിയ സാക്ഷാൽ പി ജയചന്ദ്രന്റെ കണ്ഠത്തിൽ നിന്ന് മലയാളികൾ കേട്ട ആദ്യത്തെ പാട്ടായിരുന്നു അത്. 'കളിത്തോഴൻ' എന്ന സിനിമക്ക് വേണ്ടി ദേവരാജൻ മാഷ് ആത്മാവിൽ തൊട്ട ഈണവുമായി സൃഷ്ടിച്ച മനോഹരമായ ഗാനം, 'മഞ്ഞലയിൽ മുങ്ങിത്തോർത്തിയ മധുമാസചന്ദ്രികയായി' മലയാളി മനസ്സിൽ ഇന്നും വിളയാടുന്ന മധുരമനോഹരസുന്ദരഗാനം. ഒരു പക്ഷെ അതിനുമുമ്പും പിൻപും ഇത്രയും ലാഘവത്തോടെ ഞാൻ ഒരു പാട്ട് പാടിയിട്ടുണ്ടാവില്ല. പാടിക്കഴിഞ്ഞതും ആദ്യം കൈയ്യടിച്ചതു ചാക്കോമാഷ് തന്നെയായിരുന്നു. നിമിഷങ്ങൾ കടന്നുപോയി. നിറഞ്ഞ മനസ്സോടെ ബെഞ്ചിൽ പോയിരുന്ന എന്നെ വിടർന്ന ചിരിയോടെ മാഷ് വീണ്ടും വിളിച്ചു. എന്നിട്ട് ഒരിക്കൽ കൂടി ആ പാട്ട് പാടാൻ പറഞ്ഞു. ഇത്തവണ എനിക്ക് അമ്പരപ്പായിരുന്നു തോന്നിയത്. ആദ്യമായി പാടിയ പാട്ട്, അതിത്രയ്ക്കും നന്നായോ എന്ന സംശയം എന്നിൽ ഉടലെടുത്തിരുന്നു. എങ്കിലും ഞാൻ പാടി, മുമ്പത്തെപ്പോലെ തന്നെ. പാട്ടിൽ ലയിച്ച് പ്രേമപൂർവ്വം ഞാൻ ചകോരിയെ വിളിച്ചു, ഒന്നല്ല മൂന്നാവർത്തി അതും ആ വാക്കിന്റെ അർഥം പോലുമറിയാതെ. ഇത്തവണയും പാടിത്തീർന്നപ്പോൾ മാഷുൾപ്പടെ എല്ലാവരും കൈയ്യടിച്ചു. ഒരു പക്ഷേ ആ ദിവസം മുഴുവൻ അതോ ദിവസങ്ങളോളമോ ആ പാട്ട് സമ്മാനിച്ച അനുഭൂതിയിൽ ഞാൻ അലിഞ്ഞിറങ്ങിയിരിക്കണം.
ഏതായാലും ഈ സംഭവത്തിന് ശേഷം തരക്കേടില്ലാതെ പാടാൻ കഴിയും എന്നൊരു വിശ്വാസം കുറച്ചുകാലം എന്നിൽ ചൂഴ്ന്നുനിന്നിരുന്നു, പിന്നീട് അത് മാഞ്ഞുപോയെങ്കിലും. ആ പള്ളിക്കൂടത്തിൽ വച്ച് വേറൊരു പാട്ട് ഞാൻ പാടിയിട്ടില്ല. പക്ഷേ ആറാംതരത്തിലും ഏഴാംതരത്തിലും പഠിക്കുമ്പോൾ പല തവണ പാട്ടുകൾ പാടാനായി ഞാൻ വേദിയിൽ കയറിയിട്ടുണ്ട്. കുടുംബസദസ്സുകളിൽ ഇന്നും വല്ലപ്പോഴും പാടാറുമുണ്ട്. പക്ഷേ വർഷങ്ങൾക്ക് മുൻപ് മൂന്നാം തരത്തിൽ പഠിക്കുമ്പോൾ പാടിയത് പോലെ സങ്കോചമില്ലാതെ പാടാൻ പിന്നീട് എനിക്ക് കഴിഞ്ഞിട്ടേയില്ല. അന്ന് ചാക്കോ മാഷ് പറഞ്ഞത് പോലെ പാടിയ പാട്ട് ഒരിക്കൽ കൂടി പാടാൻ ആരും പറഞ്ഞിട്ടുമില്ല.
ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്, എന്തിനായിരിക്കും മാഷ് എന്നെക്കൊണ്ട് വീണ്ടും പാടിച്ചത്? അത്രയും മനോഹരമായി ഞാൻ പാടിയതുകൊണ്ടായിരിക്കുമോ അതോ രണ്ടാംതവണ പാടിക്കുമ്പോഴെങ്കിലും ഇവൻ നന്നായി പാടാൻ ശ്രമിക്കുമായിരിക്കും എന്ന വിശ്വാസം കൊണ്ടോ? അറിയില്ല, ഞാൻ മാഷോട് ഒരിക്കലും ചോദിച്ചുമില്ല. ഏതായാലും അന്നെന്നിൽ കുടിയേറിയ ആ ധനുമാസചന്ദ്രലേഖ ഇന്നും സ്വർണ്ണനിലാവ് പൊഴിച്ചുകൊണ്ടെന്റെ മനസ്സിലും ഹൃദയത്തിലും വിരാജിക്കുന്നു. അതിലേറെ പ്രിയമായി ആ ഗായകനും നിറഞ്ഞുനിൽക്കുന്നു, ഒരു പ്രേമചകോരിയെപ്പോലെ.

വീഴ്ചയും ഉയിർത്തെഴുന്നേൽപ്പും

ആമുഖം:

കുടുംബവും ജോലിയും ആളും ആരവവും ആയി ജീവിക്കുന്നതിനിടയിൽ ഒന്ന് വീണു. ഗുരുത്വാകർഷണത്തെ വെല്ലുവിളിച്ചു കൊണ്ട് ജീവിക്കുകയായിരുന്ന ആറടിയിലേറെയുള്ള അഹങ്കാരത്തിന്റെ പത്തി തൽക്കാലത്തേക്ക് ചെറുതായി മടങ്ങി .  നീണ്ടു നിവർന്നു നടന്നിരുന്ന ഒരു മനുഷ്യന് അപ്രതീക്ഷിതമായി തന്റെ ജീവിതം ഒരു കട്ടിലിൽ ഒതുക്കേണ്ടി വന്നു ഒരു ചെറിയ കാലയളവിലേക്കെങ്കിലും; ജീവിതത്തിലെ ഒരു ചെറിയ വീഴ്ച..

എത്രയോക്കാലമായി അനുഭവിക്കുന്ന നടുവേദനയായിരുന്നു പ്രതിനായകസ്ഥാനത്ത്. പലപ്പോഴും ഇതിന്റെ ആക്രമണത്തിൽ ഞാൻ വീണുപോയിട്ടുണ്ട്. അപ്പോഴൊക്കെ പൂർവ്വാധികം ശക്തിയോടെ തിരിച്ചു കയറിയിട്ടുമുണ്ട്. പക്ഷേ ഇത്തവണ, കണക്കുകൂട്ടലുകൾക്കും  അപ്പുറമായിരുന്നു വീഴ്ചയുടെ ആഘാതം. പല ഡോക്ടർമാർ പലപ്പോഴായി പറഞ്ഞിട്ടുണ്ട് വ്യായാമം മുടങ്ങാതെ ചെയ്യണമെന്ന്. പക്ഷെ ഇത്തിരി തണൽ കണ്ടാൽ പിന്നിട്ട വെയിൽവഴികൾ മറക്കുന്നവരാണല്ലോ നാം. നടന്നു തീർക്കാനുള്ള വഴികളിൽ വെയിലിന്റെ തീക്ഷ്ണത കൂടുമോ എന്ന് നമ്മൾ ആശങ്കപ്പെടാറുമില്ലല്ലോ. ചോരയും നീരും നിറഞ്ഞ യൗവനാരംഭത്തിലെ ഒരു അഭിശപ്ത നിമിഷത്തിൽ എന്നോടൊപ്പം പൊറുതി തുടങ്ങിയതാണ് കക്ഷി. എവിടെ നിന്ന് വന്നു, എങ്ങിനെ വന്നു എന്ന ചോദ്യങ്ങൾക്കൊന്നും ഇന്നും എനിക്കുത്തരമില്ല. ഡോക്ടർമാരടക്കം ആര് ചോദിച്ചാലും 'ആ....' എന്ന് വായ് പൊളിക്കുകയാണ് ഞാൻ ചെയ്യാറ്. ഇത്തവണയും പതിവ് പൊടിക്കൈകൾ പ്രയോഗിച്ചെങ്കിലും കക്ഷി  കൂട്ടാക്കിയില്ല. വേദന പതുക്കെ പിൻഭാഗത്തുനിന്ന് കാലുകളിലേക്ക് ഊർന്നിറങ്ങി നടക്കാനും ഇരിക്കാനും വയ്യാതെയായി. വൈദ്യന്മാരുടെ സഹായം തേടിയെങ്കിലും പൂർണ്ണമായും ഒഴിഞ്ഞുപോയില്ല. അതിനിടയിൽ അഹംമതി എന്നോ അഹങ്കാരമെന്നോ പറയാം കാറോടിച്ച് സകുടുംബം നാട്ടിലേക്കും പോയി. ഒറ്റയ്ക്ക് കഴിയുന്ന രണ്ടുമാസം ചെയ്യേണ്ട കാര്യങ്ങൾ ഞാൻ മനസ്സിൽ കണക്കുകൂട്ടി വച്ചിരുന്നു. തിരിച്ചെത്തിയ ആദ്യത്തെ വാരാന്ത്യത്തിൽ തന്നെ തെരുവുകളിലൂടെ നടന്നും തട്ടുദോശ കഴിച്ചും വളരെ വൈകി വീട്ടിലേക്കു വന്നും ഞാൻ ആഘോഷിച്ചു. പക്ഷെ ആ സന്തോഷത്തിന് ഒരു ദിവസത്തെ ആയുസ്സുമാത്രമേ ഉണ്ടായിരുന്നുള്ളു. തിങ്കളാഴ്ച പുലർന്നത് കാലുകുത്താൻ കഴിയാതെയുള്ള എന്റെ നിലവിളിയോടെയാണ്. കഷ്ടപ്പെട്ട് ഓഫീസിൽ പോയെങ്കിലും ഇരിക്കാനും നടക്കാനും കഴിയാതെ പിന്തിരിയേണ്ടി വന്നു. പിന്നീടുള്ള ദിവസങ്ങളിലും അത് തന്നെയായിരുന്നു അവസ്ഥ. ഒടുവിൽ ഒരു സുഹൃത്ത് പറഞ്ഞു തന്ന ആയുർവേദഡോക്ടർ തൽക്കാല രക്ഷയ്ക്കെത്തി. വളഞ്ഞു 'ഗ' പോലെ നടന്ന് ആശുപത്രിയിൽ എത്തിയ എന്നെ കണ്ടപ്പോൾ തന്നെ എത്രമാത്രം പരിതാപകരമാണെന്ന് എന്റെ അവസ്ഥയെന്ന് ഡോക്ടർക്ക് മനസ്സിലായി. പൊടിക്കിഴിയാണ് പരിഹാരമായി നിർദ്ദേശിച്ചത്. തൃശ്ശൂർക്കാരനായ തിരുമ്മുഗഡിയുടെ മുൻപിൽ മുക്കാലും നഗ്‌നനായി കിടക്കുമ്പോൾ ഞാൻ വേദന കൊണ്ട് പുളയുകയായിരുന്നു. അവശേഷിച്ച തുണി കൂടി പെട്ടെന്ന് വലിച്ചു താഴ്ത്തുമ്പോൾ ഒരു ജാള്യത മനസ്സിൽ തിരയടിച്ച്‌ വന്നെങ്കിലും അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനയുടെ തീക്ഷ്ണത അതിനെ അടക്കിക്കളഞ്ഞു.അവന്റെ കൈകൾ പലവട്ടം എന്റെ ശരീരത്തിൽ  പാദം മുതൽ കഴുത്തുവരെ കയറി ഇറങ്ങി; പേശികളെ ഞെരിച്ചുടച്ചുകൊണ്ട്, പരമാവധി നൊമ്പരം പ്രദാനം ചെയ്തു കൊണ്ട്. ആ വേദനക്കിടയിലും എന്നെ സുഖിപ്പിച്ചത് "ചേട്ടനെ കണ്ടാൽ 32 വയസ്സ് മാത്രമേ പ്രായം തോന്നുന്നുള്ളൂ" എന്ന അവന്റെ  'സത്യസന്ധമായ' അഭിപ്രായം മാത്രമായിരുന്നു.

2 ദിവസത്തെ കിഴി ചെയ്ത് വേദന ഒരുവിധം മാറ്റി വിഷുക്കണി കാണാനും ആഘോഷിക്കാനും ഒക്കെയായി ഞാൻ നാട്ടിലേക്കുള്ള ബസ് കയറി. നാട്ടിൽ എത്തിയാൽ ചികിത്സ തുടരണം അതല്ലെങ്കിൽ തിരിച്ചുവന്നു ചെയ്യണം എന്നൊരുപദേശവും ഡോക്ടർ തന്നിരുന്നു. കിടന്നുറങ്ങുന്ന ബസിൽ രാത്രി നാട്ടിലേക്കു പുറപ്പെട്ടു. തണുത്ത കാറ്റേറ്റ് പുറത്തെ നഗരക്കാഴ്ചകളിൽ കണ്ണോടിച്ച് സീറ്റിൽ ചാഞ്ഞിരിക്കുന്നതിനിടയിൽ വലതുകാലിന്റെ കണങ്കാലിൽ നിന്ന് പതുക്കെ ഒരു വേദന മുളപൊട്ടി വരുന്നത് ഒരാശങ്കയോടെ ഞാൻ തിരിച്ചറിഞ്ഞു. ആ ആശങ്കയിൽ മനസ്സൊന്നു ഉലഞ്ഞതിനാലാവണം ഏറെ വൈകിയാണ് ഉറക്കം എന്നെ തേടിയെത്തിയത്.

പിന്നീട് നടന്നത്:
വേദനയോടെയാണ് വീട്ടിലേക്കെത്തിയതെങ്കിലും അടുത്ത രണ്ടുദിവസവും ഞാൻ വീട്ടിനകത്ത് അടങ്ങിയിരുന്നില്ല. എന്റെ ഈ അഹമ്മതിക്കു ഞാൻ പിന്നീട് നല്ല വില നൽകേണ്ടി വന്നു.കഴിഞ്ഞ രണ്ടുദിവസവും ചെയ്ത ചികിത്സകൾ എല്ലാം നിഷ്ഫലമാക്കി വേദന മേലോട്ട് കയറിക്കൊണ്ടിരുന്നു. വിഷു ആഘോഷിക്കാൻ നാട്ടിൽപോയ ഞാൻ ആഘോഷം കട്ടിലിൽ ഒതുക്കി. പിന്നീട് ഒരു മാസത്തേക്ക് എന്റെ ജീവിതത്തിലെ കൂടുതൽ സമയവും ചെലവഴിക്കാൻ പോകുന്നത് ഇതുപോലുള്ള ഒരു  കട്ടിലിൽ ആയിരിക്കുമെന്ന് അപ്പോഴൊന്നും  ഞാൻ കരുതിയിരുന്നില്ല. ഡോക്ടരേട്ടനെ (ഭാര്യയുടെ ചേച്ചിയുടെ ഭർത്താവ്) കാര്യം അറിയിച്ചു. എത്രയും പെട്ടെന്ന്  ആശുപത്രിയിൽപോയി കിടക്കുക എന്നല്ലാതെ എനിക്ക് മുന്നിൽ മറ്റു വഴികൾ ഒന്നും ഇല്ലെന്ന തിരിച്ചറിവിലേക്ക് ഒത്തിരി സങ്കടത്തോടെയും ഇത്തിരിയല്ലാത്ത നിരാശയോടെയും ഞാൻ എത്തിച്ചേരുകയായിരുന്നു.

ചികിത്സാക്കാലം:
2019 ഏപ്രിൽ 16 നു ഉച്ചയോടെ ഏകദേശം 12 :30 യോടെ  ഞാൻ സൗഖ്യം (Soukhyam at Bekal) ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. ലാപ്ടോപ്പ് കൂടെ കരുതിയിരുന്നു. ഭക്ഷണം കഴിഞ്ഞ് 3 മണിയോടെ എന്റെ ഇവിടുത്തെ ചികിത്സാവിധികൾക്ക് തുടക്കം കുറിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന ഈ കലാപരിപാടിക്കാണ് തങ്ങൾ നാന്ദി കുറിച്ചതെന്ന് എന്റെ മാത്രമല്ല ആരുടെ ചിന്തയിലും ഉരുത്തിരിഞ്ഞില്ല.

മണൽക്കിഴി വച്ചായിരുന്നു ഉദ്‌ഘാടനം. ജെട്ടി മാത്രമിട്ട് തിരുമ്മുകാരന്റെ മുന്നിൽ കമിഴ്ന്നു കിടക്കുമ്പോൾ മുൻ അനുഭവം കാരണം മനസ്സിൽ സങ്കോചം തീരെയില്ലായിരുന്നു. അതുകൊണ്ടു തന്നെ ആ ചെറിയ തുണി അയാൾ നിർദ്ദാക്ഷിണ്യം വലിച്ചു താഴ്ത്തുമ്പോൾ ഒരു അപരിചതന് മുന്നിൽ നഗ്നത വെളിപ്പെട്ടതിൽ ഒരു അസ്വാഭാവികതയും എനിക്ക് തോന്നിയില്ല. മണൽക്കിഴി ചൂടാക്കി ശരീരത്തിൽ അമർത്തുകയും ഉരയ്ക്കുകയും ചെയ്യുന്ന പ്രയോഗമായിരുന്നു അത്. തന്റെ ബലം മുഴുവൻ അയാൾ എന്റെ ശരീരത്തിൽ പ്രയോഗിച്ചു എങ്കിലും അതെന്നെ വേദനിപ്പിച്ചില്ല, മറിച്ചു സുഖകരമായ ഒരു അനുഭവമായത് മാറി. മുക്കാൽ മണിക്കൂർ നേരത്തേ പ്രകടനത്തിന് ശേഷം ഞാൻ മുറിയിലേക്ക് മടങ്ങി. അടുത്തത് മരുന്ന് തേച്ചു പിടിപ്പിച്ചുകൊണ്ടുള്ള ഒരു ചികിത്സയായിരുന്നു. മുറിയിൽ വച്ച് തന്നെ അത് ചെയ്തു. നേരത്തെ അത്രയില്ലെങ്കിലും എന്റെ പിൻഭാഗത്തെ നഗ്നത വെളിപ്പെടുത്തിക്കൊണ്ടു ആ കട്ടിലിൽ കമിഴ്ന്നുകിടന്നു. അവർ എന്റെ അരയിലും കാലിലും മരുന്ന് തേച്ചു പിടിപ്പിച്ചു, അനന്തരം മുക്കാൽ മണിക്കൂർ കഴിഞ്ഞു വരാമെന്നു പറഞ്ഞു എല്ലാവരും പോയി. വയറമർത്തി കുറെ നേരം കമിഴ്ന്നു കിടക്കുന്നതിനേക്കാൾ പിന്നീടുള്ള ദിവസങ്ങളിൽ എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നത് നീളം കുറഞ്ഞ കട്ടിലായിരുന്നു.  പറഞ്ഞത് പോലെ മുക്കാൽ മണിക്കൂർ കഴിഞ്ഞു ചൂട് വെള്ളവുമായി അനൂപ് (ഇയാൾ തന്നെയാണ് എന്നെ കിഴി വച്ചത്) വന്നു. മരുന്ന് കഴുകി വൃത്തിയാക്കുമ്പോഴേക്കും ഫിസിയോതെറാപ്പിയുടെ ഉപകരണങ്ങളുമായി ഡോക്ടർ അജിത് എത്തിയിരുന്നു. ഇരുപതു മിനുട്ടു നേരം അയാൾ വൈദ്യുതി ഉപയോഗിച്ച് എന്റെ അരയിലും കാലിലും തരംഗങ്ങൾ കടത്തിവിട്ടു. രാത്രി അക്യുപഞ്ചർ ചെയ്യാൻ വരാമെന്നു പറഞ്ഞു അയാൾ പോയി. ആ വിവരം എന്റെ മനസ്സിൽ ആശങ്കയുടെ ഒരു നേർത്ത അല സൃഷ്ടിച്ചു. ലക്‌ഷ്യം കഠിനമാകുമ്പോൾ മാർഗ്ഗവും അങ്ങനെയല്ലാതെ തരമില്ലല്ലോ എന്ന് ഞാൻ എന്റെ മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

7 :30 വരെ ഞാൻ ജോലി ചെയ്തു. രാത്രി എന്റെ ശരീരത്തിൽ കുത്തിയിറക്കാനുള്ള സൂചികളുമായി അജിത് ഡോക്ടർ വന്നു. ആ കർമ്മത്തിനായി കമിഴ്ന്നു കിടക്കുമ്പോൾ ഞാൻ എന്റെ പേടിയെപ്പറ്റി പറഞ്ഞു. വേദനയൊന്നും ഉണ്ടാവില്ല എന്നയാൾ മറുപടി പറഞ്ഞത് എന്നെ സമാധാനിപ്പിക്കാനല്ല എന്ന് അല്പനേരത്തിനകം എനിക്ക് മനസ്സിലായി. സ്പിരിറ്റ് തേച്ചിട്ടു പതുക്കെ ഓരോ സൂചികളായി അയാൾ എന്റെ ദേഹത്ത് കുത്തിയിറക്കി. ഒന്നുരണ്ട് പോയിന്റ് ഒഴിച്ച് ബാക്കിയൊന്നും വേദനിപ്പിച്ചില്ല. ഏകദേശം പത്തോളം സൂചികൾ അയാൾ എന്റെ ദേഹത്ത് കുത്തിയിറക്കി. ഇരുപതു മിനിറ്റോളം ഞാൻ ആ കിടപ്പു കിടന്നു, അമ്പ് കൊണ്ട് വീണ മൃഗത്തിനെപ്പോലെ അനങ്ങാതെ. സൂചികൾ ഇളക്കിയെടുത്തു വീണ്ടും സ്പിരിറ്റ് കൊണ്ട് തുടച്ചപ്പോൾ അവിടെയൊക്കെ ചെറുതായി നീറ്റൽ അനുഭവപ്പെട്ടു. അതോടെ ഇന്നത്തെ കലാപരിപാടികൾ അവസാനിച്ചതായിഅറിയിപ്പ് കിട്ടി. മരുന്നുകളൊക്കെ കഴിച്ചതിന് ശേഷം ബെന്ന്യാമന്റെ 'അൽ-അറേബ്യൻ നോവൽ ഫാക്ടറി' എന്നെ തടിച്ച പുസ്തകം കുറച്ചു വായിച്ചു, ശേഷം ഞാൻ 'സൗഖ്യ' ത്തിലെ ആദ്യ ഉറക്കത്തിലേക്ക് ഊളിയിട്ടിറങ്ങി. ഇന്ന് അരങ്ങേറിയ സംഭവങ്ങളുടെ ഒരു ഏകദേശ  ആവർത്തനമായിരിക്കും ആതുരാലയത്തിലെ വരും ദിവസങ്ങളിൽ സംഭവിക്കുകയെന്ന് ആദ്യദിവസം തന്നെ എനിക്ക് മനസ്സിലായി.

തുടർന്നുള്ള എത്രയോ ദിവസം നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങി എന്റെ ജീവിതം . ആദ്യ കുറേ ദിവസങ്ങൾ ശരിക്കും തിരിയാനോ മറിയാനോ ഇരിക്കാനോ കഴിയാതെ വേദന കൊണ്ട് പുളഞ്ഞു. തൈലത്തിന്റെയും പച്ചമരുന്നുകളുടെയും ഗന്ധം മാത്രം മൂക്കിൽ തങ്ങി. തിരുമ്മലും കിഴികളുമായിരുന്നു പ്രധാനചികിത്സ. രണ്ടും ചെയ്തിരുന്നത് അനൂപായിരുന്നു. കാഴ്ചക്ക് ദുർബ്ബലനെങ്കിലും കർമ്മത്തിൽ അങ്ങിനെയല്ല എന്ന് തിരുമ്മലിന്റെ ആദ്യദിവസം തന്നെ മനസ്സിലായി. അനൂപിന്റെ ബലിഷ്ഠമായ കൈകൾ എന്റെ ശരീരത്തിലെ പേശികളെ അമർത്തി ഞെരിച്ചു കൊണ്ട് താഴേക്കും മുകളിലേക്കും നീങ്ങിക്കൊണ്ടിരുന്നു, മരത്തിന്റെ പരുത്ത പരുത്ത പ്രതലം ചിപ്ലിയിട്ടു മിനുക്കുന്ന ആശാരിയെപ്പോലെ. അതിനിടയിൽ കാലിലേയും തുടയിലെയും നീർക്കെട്ടുകളെ ഒരു ദാക്ഷിണ്യവുമില്ലാതെ ഞെക്കി ഉടയ്ക്കുന്നുണ്ടായിരുന്നു. വേദന അസഹ്യമായിരുന്നെങ്കിലും കശാപ്പുശാലയിലെ മൃഗത്തിനെപ്പോലെ മിണ്ടാതെ അനങ്ങാതെ കിടന്നുകൊടുത്തു ഞാൻ. കാരണം എത്രയും പെട്ടെന്ന് സാധാരണനിലയിലേക്കു മടങ്ങിയെത്തുക എന്നതായിരുന്നു എന്റെ ലക്‌ഷ്യം. പച്ച മരുന്ന് നിറച്ച, താപത്തെ ആവാഹിച്ച കിഴികൾ എന്റെ മേൽ താഡനങ്ങളായും പൊള്ളലുകളായും കോശങ്ങളെയും പേശികളേയും ഉത്തേജിപ്പിച്ചു കൊണ്ടേയിരുന്നു. മനസ്സിൽ അനിഷ്ടം നിറച്ചുകൊണ്ട് മുഖം ചുളിച്ച് ദിവസത്തിൽ പലതവണ കയ്പ്പും ചവർപ്പും പുളിപ്പും രസങ്ങൾ മരുന്നുകളുടെ രൂപത്തിൽ അന്നനാളത്തിലൂടെ ഇറങ്ങിപ്പോയി. വൈദ്യുതതരംഗങ്ങൾ എന്റെ ശരീരത്തിൽ വിറയുലകൾ സമ്മാനിച്ച് കടന്നുപോയി. ലോഹസൂചികൾ എന്റെ തുടയിലും കാലിലും തുളഞ്ഞിറങ്ങി.എന്റെ ചുടുനിശ്വാസങ്ങൾ എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്ന പങ്കയിൽ തട്ടി ചിതറി, നിശബ്ദമായി ചുമരുകൾ അതേറ്റു വാങ്ങി. മുടങ്ങാതെ വരുന്ന ഫോൺ വിളികളും പുസ്തകങ്ങളും ആ ഏകാന്തതയിൽ എനിക്ക് കൂട്ടായി. അവ എന്റെ വേദനകളെ മറക്കാൻ എന്നെ സഹായിച്ചു.

അക്യുപഞ്ചർ ചികിത്സ എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ ഇവിടം വരുന്നതിന് മുൻപ്. പുറംവേദന വന്നപ്പോൾ ഈ ചികിത്സ ചെയ്ത ഒരു സുഹൃത്ത് അവൻ കടന്നുപോയ വേദനാജനകമായ നിമിഷങ്ങളെ പറ്റി വിവരിക്കുമ്പോഴും ഇതൊന്നും എന്നെ ബാധിക്കാത്ത കാര്യമായതിനാൽ ഒരു സിനിമാക്കഥ കേൾക്കുന്ന ലാഘവത്തോടെ ഞാൻ അത് കേട്ടിരുന്നിരുന്നു. കൂർത്ത സൂചികൾ ശരീരത്തിൽ തട്ടുമ്പോൾ തന്നെ മനസ്സിൽ അനുഭവപ്പെട്ടിരുന്ന ആശങ്കകളെ പുറത്തു കാണിക്കാതിരിക്കാൻ ഞാൻ നന്നായി പരിശ്രമിച്ചു. അധികം വേദന തോന്നിയില്ലെങ്കിലും ഓരോ സൂചി കയറുമ്പോഴും മനസ്സും ശരീരവും വല്ലാതെ ജാഗ്രത പാലിച്ചു. ആ ജാഗ്രതക്കൂടുതൽ കൊണ്ടാകണം പച്ചമാംസത്തിലേക്ക് നിർദ്ദയം ആഴ്ന്നിറങ്ങിയ ചില വികൃതികളായ സൂചികൾ എന്നെ വേദനിപ്പിക്കാൻ ഇടയായത്. അതും അത്യാവശ്യം നന്നായി തന്നെ. നടുഭാഗത്തും തുടയിലും കാൽവണ്ണയിലും പാദത്തിലുമായി പത്തോളം സൂചികൾ എന്റെ സമാധാനം കെടുത്തിക്കൊണ്ട് ആകാശത്തേക്ക് തെറിച്ചു നിന്നു. കാൽ ഒന്നനങ്ങിയാൽ അവ എന്റെ മാംസപേശികളിൽ കുറുമ്പ് കാട്ടുമായിരുന്നു. അതാകട്ടെ എനിക്ക് പ്രദാനം നൽകിയത് നൊമ്പരം  മാത്രമായിരുന്നു. അതിനാൽ തന്നെ അണുകിട ചലിക്കാതെ ആ ശരശയ്യയിൽ ഞാൻ കിടന്നു; ഉത്തരായനം കഴിയാൻ കാത്തുകിടന്ന ഭീഷ്മപിതാമഹനെ പോലെ.അദ്ദേഹം ആഗ്രഹിച്ചത് മരണമാണെങ്കിൽ ഞാൻ ശ്രമിക്കുന്നത് ഉയിർത്തെഴുന്നേല്പ്പിനും.

തിരുമ്മൽ അല്ലെങ്കിൽ കിഴി കഴിഞ്ഞാൽ പിന്നെ ചൂട് വെള്ളത്തിൽ കുളിയാണ്. കുളിമുറിയിൽ കയറി വാതിലടച്ചാൽ എണ്ണയിലോ മരുന്നുപൊടിയിലോ മുങ്ങിയ എന്റെ നഗ്ന ശരീരം അതിനകത്തുണ്ടായിരുന്ന കണ്ണാടിയിൽ നോക്കി നിൽക്കുമായിരുന്നു. പുരുഷലക്ഷണങ്ങളിൽ ഒന്ന് പോലും പാലിക്കാത്ത എന്റെ നീണ്ട ശരീരം കുറച്ചുനേരം നോക്കി നിന്ന് നെടുവീർപ്പിടുക എന്നത് എന്റെ പതിവ് പല്ലവിയായി. ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ട് സമാന്തരരേഖകൾക്കിടയിലൂടെ താഴേക്ക് നീണ്ടു പോകുന്ന ശരാശരി വണ്ണം മാത്രമുള്ള ദേഹം. അതിന്റെ മദ്ധ്യഭാഗത്തായി ചെറിയ കുടം കമിഴ്ത്തിയത് പോലുള്ള ഉദരവും ആസനവും. അട്ടപ്പാടി കുന്നുകളെ ഓർമ്മിപ്പിക്കുന്ന തല, അതിന്റെ വശങ്ങളിൽ സമൃദ്ധമായി വളർന്നുനിൽക്കുന്ന ചോലമരക്കാട്. പുറംലോകത്തേക്ക് വരൻ വെമ്പി നിൽക്കുന്ന ഏതാനും നരച്ച രോമങ്ങൾ ഉള്ള ചെറിയ താടി. നിരതെറ്റി വളരുന്ന മീശ കാണുമ്പോൾ എനിക്കോർമ്മ വന്നത് 'കക്കൂസ് കഴുകുന്ന ബ്രഷ് പോലെ' എന്ന എന്റെ ഒരു സുഹൃത്തിന്റെ പ്രയോഗമാണ്. അതിൽ ഒളിഞ്ഞും തെളിഞ്ഞും വളരുന്ന, സായിപ്പിനെ ഓർമ്മിപ്പിക്കുന്ന ചെമ്പൻ രോമങ്ങൾ. കുറേക്കാലങ്ങൾക്ക് ശേഷമായിരിക്കും ഞാൻ എന്റെ പ്രതിരൂപത്തെ നിർന്നിമേഷനായി നോക്കിനിൽക്കാൻ തുടങ്ങിയത്. അതിനും പക്ഷേ നടുവേദനയുടെ രൂപത്തിൽ കാലം അവതരിക്കേണ്ടി വന്നു എന്നത് കാലത്തിന്റെ തന്നെ തമാശ.

പുസ്തകം വായിച്ചും ടീവി കണ്ടും ചിന്തിച്ചും ദീർഘനിശ്വാസം വിട്ടും തള്ളിനീക്കിയ ദിവസങ്ങൾ. ആദ്യത്തെ കുറെ നാളുകൾ പക്ഷെ ഒരു നിമിഷം പോലും മുഷിച്ചിലോ നിരാശയോ തോന്നിയില്ല എന്നതും സത്യമായ അത്ഭുതങ്ങളാണ്. മുറ തെറ്റാതെ വരുന്ന അമ്മയുടെയും ഭാര്യയുടെയും ഫോൺ വിളികൾ. ചിലപ്പോൾ അവ കടന്നു വന്നിരുന്നത് പുസ്തകങ്ങളിലെ ഏറെ ആകാംക്ഷ നിറഞ്ഞ ഭാഗങ്ങൾ വായിക്കുമ്പോഴായിരിക്കും എന്നത് എന്നെ ചെറുതായി അലോസരപ്പെടുത്തിയിരുന്നു. അങ്ങിനെ വായനക്കാരനെ ഒരുപാട് ത്രസിപ്പിക്കുകയും,ചിന്തിപ്പിക്കുകയും ചെയ്യുന്ന കൃതികളൊന്നുമല്ല ഞാൻ വായിച്ചിരുന്നത്; എങ്കിൽ കൂടി എന്നെ തേടി വന്ന ഫോൺ വിളികൾ പലപ്പോഴും വായനയുടെ രസച്ചരട്  മുറിച്ചുകൊണ്ടേയിരുന്നു. പക്ഷെ ഓരോ ഫോൺ വിളികളും എന്നിൽ നിറച്ചത് വല്ലാത്തൊരു ഊർജ്ജമായിരുന്നു, പകരം വെക്കാനില്ലാത്ത ആശ്വാസമായിരുന്നു.

ആശുപത്രിയിൽ അഭയം തേടിയതിന് ശേഷമുള്ള ആദ്യദിവസങ്ങളിൽ രാത്രിയാകുമ്പോൾ കണങ്കാലിൽ നിന്ന് ചുട്ടുപറിക്കുന്ന വേദന ഉടലെടുക്കുമായിരുന്നു. അത് പിന്നെ തുടയിലേക്കും നടുവിലേക്കും വ്യാപാരിക്കുകയും എന്റെ ഉറക്കം കളയുകയും ചെയ്യുമായിരുന്നു. എങ്ങിനെയെങ്കിലും ഒന്ന് നേരം വെളുത്ത് കിട്ടിയാൽ മതിയെന്ന് പ്രാർത്ഥിച്ചുകൊണ്ട്  തിരിഞ്ഞും മറിഞ്ഞും കിടക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. കമിഴ്ന്നു കിടന്ന് ശീലിച്ച എനിക്ക് അതുപോലെ കിടക്കാനും പറ്റില്ല എന്നതിന്റെ സങ്കടം വേറെ. മലർന്നോ ചെരിഞ്ഞോ മാത്രമേ കിടക്കാവൂ എന്ന നിർദ്ദേശം എന്റെ ശീലത്തിന്റെ ഭാഗമാക്കാൻ ഞാൻ കുറച്ചു കഷ്ടപ്പെട്ടു, എങ്കിലും ഉറങ്ങാൻ ഇപ്പോഴും ഞാൻ ഈ പുതിയ ശീലം തന്നെയാണ് പാലിക്കുന്നത്.

ആശുപത്രിയിൽ വരുന്നതിനു മുൻപേ ക്ഷൗരം ചെയ്തതായിരുന്നു. അത് കുറേശ്ശെ വളർന്ന് ചൊറിച്ചിൽ ഉണ്ടാക്കിയെങ്കിലും വടിച്ചു കളയാൻ ശ്രമിച്ചതേയില്ല. ദിവസം കഴിയുന്തോറും നരയുടെ എണ്ണം കൂടാനും ഒരു രോഗിയുടെ രൂപത്തിലേക്ക് മാറാനും തുടങ്ങിയപ്പോൾ അതിനാൽ എത്രയും പെട്ടെന്ന് വടിച്ചു കളയാൻ ജിതീഷേട്ടൻ പറഞ്ഞു. ആദ്യമൊന്നു മടിച്ചെങ്കിലും ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ കഷ്ടപ്പെട്ട് ഞാൻ അത് വൃത്തിയാക്കി. ആകാശത്തിലേക്ക് തെറിച്ചു നിന്നിരുന്ന ചെമ്പനും കറുമ്പനുമായ മീശ രോമങ്ങളെ ചാഞ്ഞും ചരിഞ്ഞും വളഞ്ഞും നിന്ന് ഞാൻ വെട്ടിയൊതുക്കി പ്രകൃത്യാ ഉടലെടുത്ത അരിപ്പയെ ഇല്ലാതാക്കി.  നന്നായി ഇരിക്കാനും മടങ്ങാനും കഴിയാത്തതിനാലാണ് ഞാൻ ഈ കർമ്മം നീട്ടി നീട്ടി കൊണ്ടുപോയത്. എങ്കിലും സട കളഞ്ഞ് വൃത്തിയായ എന്നെ കണ്ടപ്പോൾ എനിക്ക് തന്നെ മതിപ്പു തോന്നി എന്നതാണ് യാഥാർഥ്യം. പിന്നീട് ഒരു രോഗിയുടെ രൂപത്തിലേക്ക് മാറുന്നു എന്ന് തോന്നുമ്പോഴൊക്കെ ഞാൻ ഈ കർമ്മം ആവർത്തിക്കുകയുണ്ടായി.

പുസ്തകങ്ങൾ എന്നെ എത്ര മാത്രം സഹായിച്ചു എന്ന് പറഞ്ഞറിയിക്കാൻ  കഴിയില്ല.മേടച്ചൂടിൽ പൊരിയുമ്പോഴും മലർന്നു കിടന്ന് ഓരോ താളുകളായി അവ വായിച്ചു തീർക്കുമ്പോൾ ഞാൻ അനുഭവിച്ച സന്തോഷം വേറെ തന്നെയായിരുന്നു. നീണ്ട ആശുപത്രി വാസത്തിനിടയിൽ വിരസത അകറ്റാൻ എന്നെ സഹായിച്ചതിൽ പുസ്തകങ്ങൾക്കുള്ള പങ്ക് നിസ്തുലമാണ്. അറിയപ്പെടുന്നതും അല്ലാത്തതുമായ എഴുത്തുകാരുടെ ചെറുതും വലുതുമായ പത്തോളം പുസ്തകങ്ങളാണ് ഒരു മാസത്തിനിടയിൽ വായിച്ചു തീർത്തത്. ചികിത്സകർമ്മങ്ങളും ഓഫീസിലെ ജോലിയും കഴിഞ്ഞുള്ള ഇടവേളകൾ ഉപയോഗിച്ചാണ് ഞാൻ ഈ നേട്ടം കൈവരിച്ചത്. വായിച്ച പുസ്തകങ്ങളിൽ അപൂർവ്വമായി എനിക്ക് തോന്നിയത് വയലാറിന്റെ കഥാസമാഹാരമാണ്. ആവേശത്തോടെയാണ് ഞാൻ ആ പുസ്തകം വായിക്കാൻ തുടങ്ങിയത്, പക്ഷെ വയലാർ കവിതകളുടെ ഭംഗിയും ലാളിത്യവും ഒന്നും എനിക്ക് അതിൽ കാണാൻ കഴിഞ്ഞില്ല. ബെന്യാമന്റെ അറബിനാട്ടിലെ അനുഭവം ഒരു തടിയൻ പുസ്തകമായിരുന്നിട്ടുകൂടി വളരെ വേഗത്തിൽ അത് വായിച്ചു തീർക്കാൻ കഴിഞ്ഞതിന് കാരണം അദ്ദേഹത്തിന്റെ എഴുത്തിലെ ലാളിത്യം തന്നെയായിരുന്നു. എൻമകജെ എന്ന ഗ്രാമത്തിലെ എൻഡോസൾഫാൻ ഇരകളെ കുറിച്ച് എന്റെ അദ്ധ്യാപകൻ കൂടിയായ അംബികാസുതൻ മാങ്ങാട് എഴുതിയ 'എൻമകജെ' നല്ലൊരു വായനാനുഭവമായിരുന്നു.തിരുവനന്തപുരത്തെ പഴയകാല ലോഡ്‌ജിലെ അനുഭവങ്ങളെ കുറിച്ചെഴുതിയ 'സ്റ്റാച്യു പി ഒ' എന്ന നോവലും ഇഷ്ടമായി. ഒന്നിലധികം പുസ്തകങ്ങളുടെ പ്രമേയത്തിന് സമാനത തോന്നിയത് ആസ്വാദനത്തിനെ ബാധിച്ചെങ്കിലും വായിച്ച പുസ്തകങ്ങളെല്ലാം മുഴുവനാക്കിയിരുന്നു. പുസ്തകങ്ങൾ ഒരു നല്ല സുഹൃത്താണെന്ന് പറയുന്നത് വെറുതെയല്ലെന്ന് ഈ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചു. 'നിങ്ങൾ ഒരു കാര്യം അതിയായി ആഗ്രഹിച്ചാൽ അത് സാധിക്കാനായി ഈ ലോകം മുഴുവൻ നിങ്ങളുടെ കൂടെ നിൽക്കും' എന്ന് പറഞ്ഞ പൗലോ കൊയ്‌ലോയുടെ 'ആൽക്കമിസ്റ്റ്' ഒരു നവ്യമായ അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ തന്നെ 'പെഡ്ര നദി തീരത്തിരുന്നു ഞാൻ തേങ്ങിക്കരഞ്ഞു'  എന്ന പ്രണയവും വിശ്വാസവും സ്വപ്നവും ഒക്കെ കൂടിക്കലർന്ന പുസ്തകവും വായിച്ചു, അത്രയ്ക്ക് ഇഷ്ടമായില്ലെങ്കിലും.

അതിനിടയിൽ ഫോണി വന്നു. അറിയില്ലേ, തമിഴ്‌നാട്ടിൽ ആഞ്ഞടിക്കും എന്ന് പ്രവചിച്ച്‌ ഒടുവിൽ ഒറീസ്സ തീരത്തേക്ക് വഴി മാറിപ്പോയ ബംഗാൾ ഉൾക്കടലിൽ നിന്ന് രൂപം കൊണ്ട ചുഴലിക്കാറ്റ്. ഒരിറ്റു നീരിനായി ദാഹിച്ചിരുന്ന ധരണിയെ കുളിർപ്പിച്ചു കൊണ്ട് ഫോണിയുടെ അനുരണങ്ങൾ തകർത്തു പെയ്തു.  മഴ കണ്ട് കൺകുളിർത്തിരുന്ന പാവം മർത്യജന്മങ്ങളെ പക്ഷേ അകമ്പടിയായി വന്ന ദുംദുഭി നാദങ്ങളും കണ്ണഞ്ചിപ്പിക്കുന്ന മിന്നൽപ്പിണരുകളും ഭീതിയിലാഴ്ത്തി.രാത്രി മുഴുവൻ ഫോണി അയച്ച മഴമേഘങ്ങൾ ഞങ്ങളുടെ നാടിനെ കുളിപ്പിച്ചുകൊണ്ടേയിരുന്നു. പലരും ഒരു ആധിയോടെ കണ്ടിരുന്ന ഫോണി ഒരർത്ഥത്തിൽ കേരളനാട്ടിൽ അനുഗ്രഹമായി മാറുകയായിരുന്നു; പ്രത്യേകിച്ച് വേനൽമഴയിൽ 100 % കുറവുണ്ടായിരുന്ന കാസറഗോഡ് ജില്ലക്ക്. ജനലിനോട് ചേർന്നായിരുന്നു എന്റെ കട്ടിലിന്റെ സ്ഥാനം എന്നതിനാൽ ആകാശയുദ്ധത്തിന്റെ എല്ലാ തീവ്രതയും നിവൃത്തിയില്ലാതെ പേടിയൊടെയാണെങ്കിലും എനിക്ക് അനുഭവിക്കേണ്ടി വന്നു.

തുടക്കത്തിലെ കുറച്ചു ദിവസങ്ങൾ എന്റെ ജീവിതം രണ്ടു മുറികൾക്കിടയിൽ മാത്രമായി ഒതുങ്ങി - എന്റെ മുറിയിടേയും  തിരുമ്മുമുറിയുടെയും. നാളൊട്ടു കഴിഞ്ഞപ്പോൾ പുറംലോകം കാണാതെ ഒതുങ്ങിക്കൂടിയിരുന്ന എന്റെ ജീവിതം പതുക്കെ മുറ്റം കാണാൻ തുടങ്ങി. ഏറെ നാളിനു ശേഷം തെളിഞ്ഞുകിടക്കുന്ന നീലാകാശം കണ്ടപ്പോൾ, ഇളംകാറ്റെന്നെ തലോടിയപ്പോൾ, ഇളംവെയിൽ എന്നെ ഉമ്മ വച്ച് പൊതിഞ്ഞപ്പോൾ ശരീരം ഉണർന്നു, തെളിഞ്ഞ മനസ്സ് പീലിവിരിച്ചാടി. കൂട്ടിൽ നിന്ന് പുറത്തിറങ്ങിയ കിളിക്കുഞ്ഞ് തന്റെ ഇളംചിറകുകൾ വിരിച്ചു ആകാശത്തിലേക്ക് പറന്നുയർന്ന് സ്വാതന്ത്ര്യം ആഘോഷിച്ചത് പോലെ വേദന വിട്ടുമാറാത്ത കാലുകൾ വേച്ചു വെച്ച് ഇത്തിരിനേരം ഞാൻ ആ മുറ്റത്തു കൂടി നടന്നു. ഒരു പാട് നടക്കണമെന്നും അവിടെ ഒരുപാടു നേരം ഇരിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നെങ്കിലും രണ്ടും ചെയ്യാൻ ആരോഗ്യസ്ഥിതി അനുവദിക്കാത്തതിനാൽ ഞാൻ തിരിച്ചു എന്റെ കൂട്ടിൽ കയറി അടയിരുന്നു. പിന്നീടുള്ള എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കൂട്ടിൽ നിന്ന് പുറത്തു കടന്ന് ഇത്തിരിനേരം ഞാൻ ആ മുറ്റത്തുകൂടി നടക്കുമായിരുന്നു. മറ്റുള്ളവർ വെളിയിലേക്കു നടക്കാൻ പോകുമ്പോൾ ഞാൻ മാത്രം ആ ഇത്തിരിപ്പോന്ന സ്ഥലത്ത് എന്റെ സന്തോഷം കണ്ടെത്തുകയായിരുന്നു.

അങ്ങിനെ കഴിയുമ്പോഴാണ് മേടം 27 പറന്നെത്തിയത്. അമ്മവീടായ വരിക്കുളം താഴത്തുവീട്ടിലെ തെയ്യക്കാലം. മിക്കവാറും എല്ലാവർഷവും 2 ദിവസം മുൻപേ അമ്മാവന്മാരുടെ സഹായിയായി ആ മുറ്റത്ത് ഞാൻ എത്താറുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ നിസ്സഹായനായി ഇവിടെ കിടക്കുമ്പോൾ പറയാൻ കഴിയാത്ത ഒരു സങ്കടം മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ചാണകമെഴുതിയ മുറ്റത്ത് നിന്നുകൊണ്ട്, പടിഞ്ഞാറ്റ ചാമുണ്ഡിയമ്മയുടെ നിശബ്ദസാന്നിധ്യം നിറഞ്ഞുനിൽക്കുന്ന ആ അന്തരീക്ഷരത്തിൽ തെയ്യം കലാകാരൻമാർ ആസുരവാദ്യമായ ചെണ്ടയിൽ പതിഞ്ഞ താളത്തിലൂടെയും പിന്നീട് കൊട്ടിക്കയറിയും നാട്ടുകാരെയും വീട്ടുകാരെയും തെയ്യത്തിന്റെ വരവ് അറിയിക്കുമ്പോഴും തോറ്റംപാട്ടുകൾ പാടി ദൈവങ്ങളെ ഉണർത്തുമ്പോഴും അതിനു സാക്ഷ്യം വഹിച്ചുകൊണ്ട് ഞാനാ തിരുനടയിൽ തന്നെ ഉണ്ടാകേണ്ടതായിരുന്നു. ഭീകരത മുറ്റി നിൽക്കുന്ന മുഖമൂടി ധരിച്ച് ആളിപ്പടരുന്ന ഓലച്ചൂട്ടുയർത്തി അട്ടഹാസത്തിലൂടെയും തലകുലുക്കലിലൂടെയും അനുഗ്രഹങ്ങൾ ചൊരിഞ്ഞും ഭക്തരെ ചിരിപ്പിച്ചും ശിവാംശമായ ഗുളികൻ (കുളിയൻ എന്ന് നാട്ടുഭാഷ്യം) ഉറഞ്ഞുതുള്ളിയത് തറവാട്ടുമുറ്റത്ത് മാത്രമല്ല എന്റെ മനസ്സിനകത്തും കൂടിയായിരുന്നു. പിറ്റേദിവസം സൂര്യൻ ഉച്ചിയിലെത്തുമ്പോൾ സർവ്വാഭരണവിഭൂഷിതയായി കുടുംബദേവതയായ പടിഞ്ഞാറ്റ ചാമുണ്ഡിയമ്മ അരങ്ങിലെത്തും. മഹിഷാസുരന്റെ  തലയറുത്ത് ഉറഞ്ഞുതുള്ളുന്ന ആ കരുണാമയി അരിയെറിഞ്ഞും വാളുയർത്തിയും മാലോകർക്ക് അനുഗ്രഹമേകുന്നു. ദൈവത്തിന്റെ വചനങ്ങളായി അമ്മയുടെ വാക്കുരി കർണ്ണപുടങ്ങളിൽ പതിക്കുമ്പോൾ ദുഃഖിക്കുന്ന മനസ്സിന് അതൊരു കുളിർകാറ്റായി മാറുന്നു. ഒടുവിൽ പകലോൻ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ മൂർദ്ധാവിൽ മഞ്ഞപ്പൊടി വിതറി അനുഗ്രഹം ചൊരിഞ്ഞ് എല്ലാ ആട്ടവും നിർത്തിവച്ച് കൊല്ലത്തോട് കൊല്ലം തികയുമ്പോൾ വീണ്ടും കാണാമെന്ന പ്രത്യാശയോടെ ആ ആനന്ദസ്വരൂപിണി അരങ്ങൊഴിയുന്നു. എത്ര കണ്ടാലും മതിവരാത്ത ആ രൂപവും കേട്ടാൽ മടുക്കാത്ത വാക്കുകളും മറയുമ്പോൾ എല്ലാവരും ദുഖാർത്ഥരാവുകയും ആ ഭക്തവത്സലയെ ഹൃദയത്തിലേക്ക് കൂടുതൽ ചേർത്ത് പിടിക്കുകയും ചെയ്യുന്നു. ഇത്തവണ ആ രംഗത്തിന് സാക്ഷ്യം വഹിക്കാതെ തന്നെ ആ ദുഃഖം ഞാൻ അനുഭവിച്ചത്‌  നാലുചുവരുകൾക്കുള്ളിൽ നിന്നാണെന്നു മാത്രം. ഇളയമകന്  വന്നുപെട്ട അനാരോഗ്യത്തിൽ ദുഖിതയായ അമ്മ സാക്ഷാൽ ജഗദംബയോട്  പ്രാർത്ഥിക്കുകയും ആയുരാരോഗ്യസൗഖ്യത്തിനായി ഒരു ഇളനീർ ഭക്തി പൂർവ്വം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ആ ഇളനീർ ആശുപത്രിയിൽ എത്തിക്കുകയും ഞാൻ അത് എല്ലാവിധ വിശുദ്ധിയോടും കൂടിത്തന്നെ കഴിക്കുകയും ചെയ്തു. ഇളനീർ ജലത്തിന്റെ കുളിർമ്മയും മധുരവും കൂടാതെ അതിലടങ്ങിയിരിക്കുന്ന അനുഗ്രഹവും പ്രാർത്ഥനകളും എന്റെ മനസ്സിന്റെ വേദനയെ തെല്ലൊന്നു ശമിപ്പിച്ചുകൊണ്ട് ആമാശയത്തിലേക്ക് ഊർന്നിറങ്ങി.

നല്ലൊരു ആരോഗ്യവും ആരോഗ്യശീലവും മാത്രമല്ല എനിക്ക് ആ ആശുപത്രി സമ്മാനിച്ചത് മറിച്ച് കുറെ പുതിയ സൗഹൃദങ്ങൾ കൂടിയായിരുന്നു. അതിൽ കാസ്രോട്ടുകാരും അല്ലാത്തവരും ഉണ്ടായിരുന്നു. തുടക്കത്തിൽ എനിക്കീ സൗഹൃദങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞിരുന്നില്ല. നടക്കാൻ ആവാത്തതിനാൽ ഭക്ഷണം എനിക്ക് മുറിയിൽ കൊണ്ടുത്തരുമായിരുന്നു. അതിനാൽ പുറത്തിറങ്ങിയതും സഹരോഗികളെ പരിചയപ്പെട്ടതും കുറച്ചു ദിവസങ്ങൾക്കു ശേഷമാണ്. വൈകുന്നേരങ്ങളിൽ അവരുടെ കൂടെ ഇരുന്നു നാട്ടുവർത്തമാനം പറയാനും സമയമെടുത്തു. ആരോഗ്യം ചെറുതായി വീണ്ടു കിട്ടിയപ്പോൾ എല്ലാവരുടെയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും വെടി പറയാനും ഞാൻ ശ്രദ്ധിച്ചു. ചികിത്സ കഴിഞ്ഞ് എല്ലാവരും പോയെങ്കിലും ഫോൺ വിളികളിലൂടെ ആ ബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്നത് അതിന്റെ ആഴം വ്യക്തമാക്കുന്നു. അതുപോലെ തന്നെ എന്നെ ചികിൽസിച്ച ഡോക്ടർമാർ, കിഴി വെച്ചിരുന്നവർ എന്ന് തുടങ്ങി അവിടുത്തെ എല്ലാ ജീവനക്കാരുമായി നല്ലൊരു ബന്ധം പവളർത്തിയെടുക്കാൻ ഒരു മാസം നീണ്ട ആശുപത്രി വാസം എന്നെ സഹായിച്ചു. എന്റെ ദേഹത്തുണ്ടായിരുന്ന അസുഖം ഏറെക്കുറെയും ഇത്തിരി തൂക്കവും ഞാൻ 'സൗഖ്യ'ത്തിൽ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ പകരം അവിടുന്ന് ഹൃദയത്തിൽ ചേർത്തെടുത്തത് ഈ നിറഞ്ഞ സൗഹൃദങ്ങളായിരുന്നു, ഒരു പക്ഷെ ഉപേക്ഷിച്ചതിനെക്കാളേറെ.

ഭക്ഷണത്തെ കുറിച്ച് പറയാതെ എനിക്ക് ഈ അനുഭവക്കുറിപ്പുകൾ അവസാനിപ്പിക്കാനാവില്ല. ഇത്രയും വൈവിധ്യം നിറഞ്ഞ ഒരു ഭക്ഷണശീലം നമ്മുടെ ജീവിതത്തിനിടയിൽ ഒരിക്കൽ പോലും പുലർത്താൻ സാദ്ധ്യത ഇല്ലാത്തതിനാൽ ഒരു മറക്കാനാവാത്ത അനുഭവം തന്നെയായിരിക്കും ഈ ആശുപത്രിവാസം രോഗികൾക്ക് സമ്മാനിക്കുക. അരി ഭക്ഷണം കഴിവതും കുറച്ച്, റാഗിയിൽ അർപ്പിച്ച ഭക്ഷണക്രമം. ചില ദിവസം പച്ചക്കറി മാത്രമായിരിക്കും, ചിലപ്പോൾ പഴവർഗ്ഗങ്ങൾ ആയിരിക്കും. ചായ കിട്ടാത്തത് തുടക്കത്തിൽ ഒരു വലിയ പ്രശ്നമായി എന്റെ മുൻപിൽ ഉയർന്നുവന്നെങ്കിലും കട്ടൻചായയും ചുക്കുകാപ്പിയും ആ പ്രശ്നത്തെ മറികടക്കാൻ കുറച്ചൊക്കെ എന്നെ സഹായിച്ചു.  വ്യത്യസ്തമായ ഈ രുചിക്കൂട്ടുകൾ കുറേനാൾ നാവിനെ രുചിപ്പിച്ചെങ്കിലും പോകെപ്പോകെ ആദ്യം മനസ്സിനും പിന്നെ നാവിനും മടുപ്പു അനുഭവപ്പെട്ടു എന്നത് പറയാതിരിക്കാനാവില്ല. പയർ പുഴുങ്ങിയതും ഉലുവക്കഞ്ഞിയും പച്ചക്കറി പുഴുക്കും, അവിയലും, മുത്താറി കുറുക്കിയതും ചോളത്തിന്റെ പുട്ടും മുത്താറിയുടെ ഇലയടയും, നൂൽപ്പുട്ടും, ഇഡ്ഡലിയും ദോശയും കൂടാതെ കുമ്പളങ്ങ, ബീറ്റ്റൂട്ട്,കാരറ്റ് എന്നിവയുടെ ചാർ എന്നിങ്ങനെ വൈവിധ്യങ്ങളുടെ ഒരു തൃശ്ശിവപൂരമായിരുന്നു.കൃത്യമായ ഇടവേളകളിൽ കൃത്യമായ അളവോടെയുള്ള ഭക്ഷണം. എല്ലായ്പ്പോഴും വയർ നിറയും പക്ഷെ ചിലപ്പോഴൊക്കെ മനസ്സ് നിറയാറില്ല. അത് പക്ഷേ ഇവിടുത്തെ ഭക്ഷണത്തിന്റെ കുറ്റമായിരുന്നില്ല മറിച്ച് കൊതിപ്പിക്കുന്ന മസാലയും കണ്ണ് കുളിർപ്പിക്കുന്ന നിറവും മനംമയക്കുന്ന ഗന്ധവും ചേർത്ത എന്നാൽ ആരോഗ്യത്തിന് ഹാനികരമായ ഹോട്ടൽ ഭക്ഷണം കഴിച്ചു ശീലിച്ച നമ്മുടെ നാവിന്റെയും വിഷലിപ്തമായ ആ രുചിക്കൂട്ടുകളിൽ മയങ്ങിയ നാഗരികമനസ്സിന്റെയും പ്രശ്നമായിരുന്നു.

പേരിൽ ആശുപത്രിയാണെങ്കിലും ഗൃഹാന്തരീക്ഷം നിറഞ്ഞ, സ്വന്തം വീട്ടിലിരിക്കുന്ന പ്രതീതി ഉളവാക്കുന്ന, ഒരു ഗ്രാമത്തിന്റെ സൗന്ദര്യവും വിശുദ്ധിയും നിറഞ്ഞ, ഏറെ കരുതൽ സമ്മാനിക്കുന്ന സ്ഥാപനമാണ് 'സൗഖ്യം'. ഈയൊരു പ്രത്യേകത തന്നെയായിരിക്കും  കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം ആളുകളെ ചികിത്സക്കും വിശ്രമത്തിനുമായി തുളുനാട്ടിലെ ഈ സ്ഥാപനത്തിലേക്ക് ആകർഷിക്കുന്നത്. കാസർഗോഡ് ജില്ലയിലെ ഏറെ പ്രശസ്തമായ ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും രണ്ടോ മൂന്നോ കിലോമീറ്റർ ദൂരം മാത്രമേ സൗഖ്യത്തിലേക്കുള്ളു. വാഹനസൗകര്യം ഏറെയുള്ള, കാസർഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാനപാതയുടെ സമീപത്താണ് ഈ ആശുപത്രി എന്നത് ഇവിടം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ആശ്വാസകരമാണ്.

നമ്മൾ വീഴുമ്പോഴേ ചുറ്റും കാണുന്ന സ്നേഹത്തിന്റെ സത്യസന്ധത അറിയാൻ പറ്റൂ എന്നാണ് കാരണവന്മാർ പറയാറുള്ളത്. എന്റെ അസുഖത്തിന്റെ കാര്യം ഞാൻ മനപ്പൂർവ്വം പലരിൽ നിന്നും മറച്ചുപിടിച്ചിരുന്നു. എന്നിട്ടും കേട്ടറിഞ്ഞവരിൽ പലരും എന്നെ കാണാനെത്തി. വരാൻ പറ്റാത്തവർ ആശ്വാസവിളികളുമായി കാതിൽ നിറഞ്ഞു. ഈശ്വരകൃപ ആയിരിക്കാം, എനിക്ക് ചുറ്റും നിറഞ്ഞുനിൽക്കുന്നത് കലർപ്പില്ലാത്ത സ്നേഹം തന്നെയാണെന്ന് യാതൊരു പുനരാലോചനയില്ലാതെ എനിക്ക് പറയാൻ കഴിയും. അവരുടെ പ്രാർത്ഥനകളുടെ ശക്തി കൂടിയായിരിക്കും വീഴ്ചയിൽ നിന്നും എഴുന്നേൽക്കാൻ എന്റെ മനസ്സിനും ശരീരത്തിനും ബലമേകിയത്. ഇക്കൂട്ടത്തിൽ ഞാൻ ഒരു പക്ഷെ ആദ്യം പറയേണ്ട പേര് എന്റെ മാനേജരുടേതായിരിക്കും. എന്റെ രോഗാവസ്ഥ അറിഞ്ഞയുടൻ അതിനുവേണ്ട ഉപദേശങ്ങൾ തരുകയും പൂർവ്വസ്ഥിതിയിലാകാനുള്ള ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും നിർലോഭം തരികയും ചെയ്ത ആളാണ് അദ്ദേഹം. പലതവണ ഞാൻ ആശുപത്രി വാസം നീട്ടിയപ്പോൾ മുഷിയാതെ 'ആരോഗ്യം ശ്രദ്‌ധിക്കു' എന്ന് പറയുകയും എനിക്ക് ആശുപത്രിയിൽ നിന്നും പറ്റുന്നത് പോലെ ജോലി ചെയ്യാനുള്ള സൗകര്യം അനുവദിക്കുകയും ചെയ്ത ആളിന്റെ മഹാമനസ്കതയെപ്പറ്റി ഒന്നും പറയാതെ ഈ കുറിപ്പിന് പൂർണ്ണത കൈവരില്ല. കൂടാതെ മോനെപ്പോലെ സ്നേഹിക്കുന്നവർ, കൂടപിറപ്പിനെ പോലെ കരുതുന്ന സുഹൃത്തുക്കൾ, ബന്ധുക്കൾ അങ്ങിനെ ഒരുപാടു പേരുടെ ആശ്വാസധ്വനികളും, സന്ദേശങ്ങളും എന്നെ തേടി വന്നുകൊണ്ടേയിരുന്നു.

ഞാൻ ഇപ്പോൾ തിരിച്ചു കയറിക്കൊണ്ടിരിക്കുകയാണ്, പതുക്കെ. മരുന്നുകളുടെയും യോഗയുടെയും കരുതലിന്റെയും സഹായത്തോടെ. എല്ലായിടവും ഓടിയെത്തിയിരുന്ന എനിക്കായി, എന്റെ വിളിപ്പുറത്ത് ഒരുപാട് പേര് കാത്തുനിൽക്കുന്നത് ഞാൻ അറിയുന്നു, അവരുടെ സ്നേഹവും ആത്മാർത്ഥതയും എനിക്ക് ചുറ്റും നിറയുന്നതും മനസിലാക്കുന്നു. അവരുടെ മുടങ്ങാത്ത പ്രാർത്ഥനകളിൽ എനിക്ക് കൂടി ഇടമുണ്ടെന്നതും ഞാൻ അറിയുന്നു. അതെന്നെ കൂടുതൽ കരുത്തനാക്കുന്നു, എന്നിലെ പ്രതീക്ഷയുടെ കൈത്തിരിനാളത്തെ കെടാതെ സൂക്ഷിക്കുന്നു.

അനുബന്ധം:

സൗഖ്യത്തിലെ ചികിത്സ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക:

Website: www.soukhyam.in
Email : soukhyamab@gmail.com
Phone : 04672310000 

വീഴ്ചയും ഉയിർത്തെഴുന്നേൽപ്പും: വിശദമായ വിവരണം


ആമുഖം:

ജീവിത യാത്രയ്ക്കിടയിൽ ഒന്നുവീണു.ഗുരുത്വാകർഷണത്തെ വെല്ലുവിളിച്ചു കൊണ്ട് ജീവിക്കുകയായിരുന്ന ആറടിയിലേറെയുള്ള അഹങ്കാരത്തിന്റെ പത്തി ചെറുതായി മടങ്ങി; തൽക്കാലത്തേക്കെങ്കിലും. നിങ്ങൾ കരുതുന്നുണ്ടാകും 'വീണതിൽ എന്താണിത്ര പുതുമ, അടി തെറ്റിയാൽ ആനയും വീഴുന്നില്ലേ?' എന്നൊക്കെ. വീണു എന്നത് ആലങ്കാരികമായി പറഞ്ഞതാണ്. 'മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം' എന്നൊക്കെ പറയാറില്ലേ? അതുപോലെ.  സംഗതി ലളിതം, നീണ്ടു നിവർന്നു നടന്നിരുന്ന ഒരു മനുഷ്യന് പെട്ടെന്ന് ഒരു ദിവസം നടക്കാനും ഇരിക്കാനും കഴിയാതെ കട്ടിലിൽ തന്റെ ജീവിതം ഒതുക്കേണ്ടി വന്നു തൽക്കാലത്തേക്കെങ്കിലും; ജീവിതത്തിലെ ഒരു ചെറിയ വീഴ്ച.

കാരണഭൂതൻ / കാരണഹേതു :

നടുവേദന - മിക്കവർക്കും പരിചയമുള്ള ഒരസുഖം. വീണോ ഉളുക്കിയോ മറ്റും നടുവേദന ഒരിക്കലെങ്കിലും ജീവിതത്തിൽ അനുഭവിക്കാത്തവർ വിരളമായിരിക്കും.പക്ഷെ എന്നെ സംബന്ധിച്ച്‌ എത്രയോ വര്ഷങ്ങളായി ശരീരത്തിലെ ഒരവയവം പോലെ അത് എന്നോടൊപ്പം ഉണ്ട്.ചോരയും നീരും നിറഞ്ഞ യൗവനാരംഭത്തിലെ ഒരു അഭിശപ്ത നിമിഷത്തിൽ എന്നോടൊപ്പം പൊറുതി തുടങ്ങിയതാണ് കക്ഷി. എവിടെ നിന്ന് വന്നു, എങ്ങിനെ വന്നു എന്ന ചോദ്യങ്ങൾക്കൊന്നും ഇന്നും എനിക്കുത്തരമില്ല. ഡോക്ടർമാരടക്കം ആര് ചോദിച്ചാലും 'ആ....' എന്ന് വായ് പൊളിക്കുകയാണ് ഞാൻ ചെയ്യാറ്. കക്ഷി ഇടയ്ക്കിടെ എന്റെ സുഖവിവരങ്ങൾ അന്വേഷിക്കാൻ എത്തും. എന്നിട്ടു എന്റെ അരക്കെട്ടിനു മധ്യത്തിൽ പിന്ഭാഗത്തായി താമസം തുടങ്ങും. ആദ്യമൊന്നും ഞാൻ ഗൗനിക്കാറില്ല. പക്ഷെ പുള്ളിയുടെ സുഖവാസം കൂടുന്തോറും എനിക്കുണ്ടാകുന്ന അസുഖവാസം കാരണം ഞാൻ പതുക്കെ ചൂടുവെള്ളച്ചികിത്സയിലൂടെ അങ്ങേരെ പുറത്താക്കും.വീണ്ടും പഴയപടി ഞാൻ മദിച്ചുനടക്കും. ചിലപ്പോഴൊക്കെ അപൂർവ്വമായി ഡോക്ടർമാരുടെ സഹായവും തേടാറുണ്ട് കക്ഷിയെ ഓടിക്കാൻ. അവർ വ്യായാമമുറകൾ പോലുള്ള ചില നുറുക്ക് വിദ്യകൾ പറഞ്ഞുതരികയും വർദ്ധിച്ച ആവേശത്തോടെ തൊട്ടടുത്ത ദിവസം രാവിലെ എഴുന്നേറ്റു ആ കർമ്മം ഭംഗിയായി ചെയ്യുകയും ചെയ്യും. നാളുകൾ കഴിയുന്തോറും ആവേശം കുറഞ്ഞു കുറഞ്ഞു ആ കർമ്മം പതുക്കെ പതുക്കെ അങ്ങട് ഒഴിവാക്കും. ദിവസങ്ങളോ ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ കഴിയുമ്പോൾ കെട്ടിച്ചയച്ച വകയിലെ മരുമോളുടെ വിശേഷം അറിയാൻ വരുന്ന അമ്മാമനെപ്പോലെ നമ്മുടെ നായകൻ വീണ്ടും പതുക്കെ കടന്നുവരും. അപ്പോൾ നേരത്തെ പറഞ്ഞ ചൂടുവെള്ളച്ചികിത്സയിലൂടെ അമ്മാമനെ വന്ന വണ്ടിക്കു തന്നെ പറഞ്ഞുവിടുകയും ചെയ്യും. എന്നോടുള്ള ഇഷ്ടം കൊണ്ടായിരിക്കും മറുത്തൊന്നും പറയാതെ കക്ഷി ഒഴിഞ്ഞുപോവും. ഞാൻ ബാധ ഒഴിഞ്ഞ നായരെ പോലെ (കുഞ്ചൻ നമ്പ്യാരുടെ നായരെ പോലെ പുരയുടെ ചുറ്റും മണ്ടി നടക്കാറില്ല) വീണ്ടും ജീവിതത്തിലെ  തിരക്കുകളിലേക്ക് ഊളിയിടും. കുറെ വര്ഷങ്ങളായി ഇതാണ് ശീലം. ശീലിച്ചതല്ലേ പാലിക്കൂ.

അങ്ങനെ ഇത്തവണയും അങ്ങേരു വന്നു (ഈയിടെയായി വരവിത്തിരി കൂടിയിരുന്നു). പതിവുസ്ഥലത്തു കുടിയിരിക്കാതെ ഇത്തിരി മാറി സ്ഥലം പിടിച്ചു. സാധാരണ അങ്ങേരു വിരുന്നു വന്നാൽ രണ്ടു ദിവസം ഞാൻ നടു വളച്ചാണ് നടക്കാറ് (അല്ലാതെ ഞാൻ ആരുടേയും മുന്നിൽ നടു വളക്കാറില്ല), ഇത്തവണ അതിനു പകരം കാൽ വലിച്ചു നടക്കേണ്ടി വന്നു. പതിവ് പോലെ നമ്മുടെ കൂടോത്രമൊക്കെ ചെയ്തു നോക്കി, പക്ഷെ ഏറ്റില്ല.സംഗതി പിശകാണെന്നു തോന്നി തൊട്ടടുത്തുള്ള വൈദ്യരെ കാണിച്ചു, മരുന്നും തന്നു. അതും ഏറ്റില്ല. അതിനിടയിൽ വീട്ടിൽ വിരുന്നു വന്ന ഡോക്ടരേട്ടനോട് കാര്യം പറഞ്ഞു. മൂപ്പര് നാഗക്കളത്തിൽ ഇഴയുന്നത് പോലെയുള്ള ചില കസർത്തുകൾ കാണിച്ചു തന്നു. കൈകാലുകൾ പിണച്ചും പിരിച്ചും ഒക്കെയുള്ള ഒടിവിദ്യ. പിറ്റേന്ന് കാലത്തു മുതൽ അഭ്യാസം തുടങ്ങി.അതിനിടയിൽ അടുത്തുള്ള ആശുപത്രിയിൽ പോയി ആധുനിക തിരുമ്മു ചികിത്സയും (Physio Therapy) ചെറുതായി പരീക്ഷിച്ചു. അവിടുള്ളവരും കുറച്ചു കസർത്തുകൾ കാണിച്ചു തന്നു. അങ്ങിനെ എല്ലാ കസർത്തും ചെയ്യുന്നതിനിടയിൽ ക്ഷണിക്കാത്ത രണ്ടു അതിഥികൾ കൂടി കയറി വന്നു, പനിയും തലവേദനയും. ദേ കിടക്കുന്നു വെട്ടിയിട്ട വാഴ പോലെ നീണ്ടു നിവർന്നു കട്ടിലിൽ. കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും ഒരാഴ്ചക്കുള്ളിൽ അവരെ പറഞ്ഞയച്ചു ഞാൻ വീണ്ടും അഭ്യാസം തുടങ്ങി. അതിനിടയിൽ വേനലവധി വന്നു. സന്തോഷത്തോടെ അതിലേറെ ഉത്സാഹത്തോടെ (ആരോടും പറയരുത്) കുടുംബത്തെ നാട്ടിൽ കൊണ്ടുചെന്നാക്കി.

പിന്നീട് സംഭവിച്ചത് / എന്നിട്ടെന്തുണ്ടായി?:

അങ്ങിനെ സമാധാനപരമായി ഒറ്റയ്ക്കുള്ള ജീവിതം നയിക്കുകയായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ. അതിനിടയിൽ കുറേക്കാലമായി മുടങ്ങിക്കിടന്നിരുന്ന പ്രഭാതനടത്തം ഞാൻ പൊടി തട്ടിയെടുത്തു. അങ്ങിനെ രാവിലെ അരമണിക്കൂറോളം നടക്കുക എന്നതും പതിവാക്കി.വാരാന്ത്യങ്ങളിൽ വൈകുന്നേരം വരെ വീട്ടിൽ ഇരുന്നു വായിച്ചും ഭക്ഷണം ഉണ്ടാക്കിയും തിന്നും നേരം കളഞ്ഞു.വൈകീട്ട് സമാജത്തിൽ പോയി, സുഹൃത്തിന്റെ കൂടെ തെരുവുകളിൽ കൂടി നടന്നു, തട്ട് ദോശ കഴിച്ചു.രാത്രി വൈകും വരെ സംസാരിച്ചിരുന്നു.വൈകിമാത്രം വീട്ടിൽ വന്നു.ഞായറാഴ്ചയും വൈകുന്നേരം കുറെ നടന്നു, സുഹൃത്തിന്റെ വീട്ടിൽ പോയി.രണ്ടുദിവസം കൊണ്ട് ഒരുപാടുദൂരം ഞാൻ നടന്നുതീർത്തു. നേരത്തെ പറഞ്ഞ കാൽവേദന അവഗണിച്ചാണ് ഞാൻ ഈ സാഹസികത (അതോ തോന്ന്യവാസമോ) മുഴുവൻ കാണിച്ചത്. അനിലേട്ടൻ പറഞ്ഞു തന്ന മരുന്ന് പുരട്ടിയാണ് കിടന്നതെങ്കിലും പിറ്റേ ദിവസം രാവിലെ കാൽ നിലത്തു കുത്താൻ പറ്റാതായി. കഷ്ടപ്പെട്ടാണ് ഓഫീസിലേക്ക് പോയത്. കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും കഫെറ്റീരിയയിൽ പോയി ഭക്ഷണം കഴിച്ചു. തിരിച്ചു വന്നു കുറച്ചു നേരം ജോലി ചെയ്തു. പക്ഷെ സമയം കൂടുംതോറും ഇരിക്കാനും നിൽക്കാനും കഴിയാത്ത അവസ്ഥയായി. മാനേജരോട് കാര്യം പറഞ്ഞ് ടാക്സി പിടിച്ചു വീട്ടിലേക്കു മടങ്ങി. എങ്ങിനെയെങ്കിലും കിടന്നാൽ മതിയെന്നായിരുന്നു എന്റെ അവസ്ഥ. വീട്ടിലെത്തിയതും കിടക്കയിൽ നീണ്ടു നിവർന്നു കിടന്നു. കുറച്ചുനേരം അങ്ങിനെ കിടന്നപ്പോൾ കുറച്ചു സമാധാനമായി. പക്ഷേ എഴുന്നേൽക്കാൻ നോക്കുമ്പോൾ വീണ്ടും കാലുവേദന.കിടക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലെന്നു മനസ്സിലായി.ഉബർ ഇറ്റ്സ് വഴി ഭക്ഷണം വാങ്ങിക്കഴിക്കേണ്ടി വന്നു. കിടന്നുകൊണ്ട് തന്നെ എന്തൊക്കെയോ ജോലി ചെയ്തെന്നു വരുത്തുകയും ചെയ്തു.പിറ്റേദിവസവും വേദന കുറയാത്തതിനാൽ വൈകുന്നേരം പിള്ള ഡോക്ടറിനെ കണ്ടു മരുന്ന് വാങ്ങി.യോഗയൊന്നും ചെയ്യാതെ അടങ്ങിക്കിടക്കുമെങ്കിൽ മാത്രമേ മരുന്ന് തരത്തുള്ളൂ എന്നയാൾ പറഞ്ഞപ്പോൾ അങ്ങിനെതന്നെ ചെയ്യാം എന്ന് ഞാൻ ഉറപ്പു കൊടുത്തു.രാത്രി മരുന്ന് കഴിച്ചു കിടക്കുമ്പോൾ നാളെത്തേക്ക് വേദനയൊക്കെ മാറും എന്ന് ഞാൻ പ്രതീക്ഷിച്ചു.

അപ്രതീക്ഷിത സംഭവങ്ങൾ:

വളരെ പ്രതീക്ഷയോടെയാണ് ഞാൻ രാവിലെ എഴുന്നേറ്റത്. പക്ഷെ അതിനെയൊക്കെ തകിടം മറച്ചു കൊണ്ട് കാല് നിലത്തു കുത്താൻ പറ്റാത്ത അവസ്ഥയിലായിരുന്നു. എങ്കിലും കുറച്ചു കഴിഞ്ഞപ്പോഴേക്കും ചെറിയ ഒരു ആശ്വാസം കിട്ടിയതിനാൽ ഓഫീസിലേക്ക് പോയി. കാറിൽ കേറാനും ഇറങ്ങാനും നന്നേ ബുദ്ധിമുട്ടി.ഓഫീസിൽ എത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും കാര്യങ്ങൾ വീണ്ടും കുഴങ്ങി. അസഹ്യമായ വേദന.ഒന്നും ചെയ്യാനാവാതെ ഞാൻ പുളഞ്ഞുപോയി. മുടന്തി മുടന്തി പോയി മാനേജരോട് വീണ്ടും കാര്യം പറഞ്ഞു. എത്രയും പെട്ടെന്ന് ആയുർവേദ ചികിത്സ തേടാൻ അദ്ദേഹം നിർദ്ദേശിച്ചു. എന്റെ അവസ്ഥ കണ്ട് പ്രഭാകർ എന്നെ വീട്ടിൽ കൊണ്ട് വിട്ടു.കട്ടിലിൽ നീണ്ടു നിവർന്നു കിടന്നതും കുറച്ചാശ്വാസം കിട്ടി.കുറച്ചു നേരം അങ്ങിനെ കിടന്നപ്പോൾ എനിക്ക് കാര്യം പിടികിട്ടി, തൽക്കാലത്തേക്ക് ഇരിക്കുന്ന കാര്യം ചിന്തിക്കേണ്ട, കിടക്കുക മാത്രമേ പോംവഴിയുള്ളൂ. കുറെ കിടന്നപ്പോൾ ഇനി എന്ത് ചെയ്യും എന്നാലോചിക്കാൻ തുടങ്ങി. ആലോചനയ്‌ക്കൊടുവിൽ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു.അവർ ചില നിർദ്ദേശങ്ങൾ തന്നു. കൂട്ടത്തിൽ ഞാൻ മുൻപ് പരിചയപ്പെട്ടിട്ടുള്ള ആയുർവേദ ഡോക്ടറുടെ കാര്യം കൃഷ്ണകുമാർ പറഞ്ഞു. വൈകിയതിനാൽ നാളെ കാണാം എന്ന് തീരുമാനിച്ചിട്ടു പിള്ള സാറിന്റെ മരുന്നിൽ ഒരിക്കൽ കൂടി വിശ്വാസം അർപ്പിച്ചു ഉറങ്ങാൻ കിടന്നു.

വ്യാഴാഴ്ച രാവിലെ ഡോക്ടറിനെ വിളിച്ചു കാര്യം പറഞ്ഞു, കൂട്ടത്തിൽ എനിക്ക് നാളെ നാട്ടിൽ പോകണം എന്ന കാര്യവും. അതിനാൽ രണ്ടു ദിവസത്തിനുള്ളിൽ വേദന കുറച്ചുതരണം എന്നഭ്യർത്ഥിച്ചു. അവർ പറഞ്ഞ പ്രകാരം പത്തുമണിയോടെ ക്ലിനിക്കിലെത്തി, ഡോക്ടറിനെ കണ്ടു കാര്യങ്ങൾ വിശദീകരിച്ചു. കാൽ ഉയർത്തുമ്പോൾ എന്റെ മുഖത്തു നിറഞ്ഞ ദൈന്യഭാവം വേദനയുടെ തീക്ഷ്ണത അവർക്ക് മനസ്സിലാക്കിക്കൊടുത്തു. പൊടിക്കിഴിയാണ് പരിഹാരമായി നിർദ്ദേശിക്കപ്പെട്ടത്.

ഒരു തൃശ്ശൂർക്കാരനാണ് തിരുമ്മുന്ന ഗഡി.അവന്റെ മുന്നിൽ അവർ തന്ന ഡിസ്പോസിബിൾ ജെട്ടി മാത്രം ധരിച്ചു കിടക്കുമ്പോൾ ലജ്ജിക്കാൻ പോലുമുള്ള മാനസികാവസ്ഥയിലായിരുന്നില്ല . എങ്കിലും കമിഴ്ന്നു കിടക്കുന്ന എന്റെ അരയിൽ നിന്നും അവൻ ജെട്ടി പെട്ടെന്ന് വലിച്ചു താഴ്ത്തിയപ്പോൾ ഞാനൊന്ന് ചൂളിപ്പോയി. പക്ഷെ കൊളുത്തി വലിക്കുന്ന വേദന എന്നെ ബാക്കിയെല്ലാ വികാരങ്ങളേയും മറക്കാൻ സഹായിച്ചു.

എണ്ണയിൽ പുരണ്ട അവന്റെ കൈകൾ പലവട്ടം എന്റെ ശരീരത്തിലൂടെ പാദം മുതൽ കഴുത്തുവരെ കയറി ഇറങ്ങി. നാളെ എനിക്ക് നാട്ടിലേക്കു പോകേണ്ടതിനാൽ ഒരു ശരാശരി മർദ്ദത്തിലാണ് അവൻ പ്രയോഗം നടത്തിയത്. അതിനിടയിലും അവൻ നിർത്താതെ സംസാരിക്കുന്നുണ്ടായിരുന്നു. 'വേദന കുറവുണ്ടോ?' എന്ന ചോദ്യം പലതവണ ആവർത്തിച്ച് അവൻ എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. എന്നെ കണ്ടാൽ 32 വയസ്സ് മാത്രമേ പ്രായം തോന്നുന്നല്ലോ എന്ന അവന്റെ 'സത്യസന്ധമായ' അഭിപ്രായം എന്നെ ഇത്തിരി സുഖിപ്പിച്ചു എന്നത് സത്യം. ഏതാണ്ട് മുക്കാൽ മണിക്കൂർ നേരത്തെ പ്രയോഗത്തിന് ശേഷം ഒരു ഗ്ലാസ് വെള്ളവും കുടിച്ചു കബഡി മത്സരം തോറ്റ 'യോദ്ധാ'യിലെ ജഗതിയെ പോലെ ക്ഷീണിച്ചവശനായി ഒരു ടാക്സിയിൽ ഞാൻ കൂടാരം പൂകി. കിടന്നകിടപ്പിലും ജോലി മുടക്കിയില്ല. ഭക്ഷണക്കാര്യത്തിൽ 'യൂബർ ഇറ്റ്സ്' എന്നെ ശരിക്കും സഹായിച്ചു. വേദനക്ക് നല്ല ശമനം കിട്ടിയിരുന്നു. ഡോക്ടർ തന്ന മരുന്നും കഴിച്ചു ഞാൻ ആ ദിവസം കഴിച്ചു കൂട്ടി. പിറ്റേദിവസവും ഞാൻ എന്റെ നഗ്നശരീരം തൃശ്ശിവപേരൂർകാരന് അവന്റെ ഊർജ്ജം ചെലവാക്കാനായി വിട്ടുകൊടുത്തു. ഇന്നും പലവട്ടം അവൻ പഴയ ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു. ഇന്ന് ഇലക്കിഴിയാണ് ചെയ്തത്. നാട്ടിൽ എത്തിയാൽ ചികിത്സ തുടരണം അതല്ലെങ്കിൽ തിരിച്ചുവന്നു ചെയ്യണം എന്നൊരുപദേശവും ഡോക്ടർ തന്നു. കിടന്നുറങ്ങുന്ന ബസിൽ രാത്രി നാട്ടിലേക്കു പുറപ്പെട്ടു. തണുത്ത കാറ്റേറ്റ് പുറത്തെ നഗരക്കാഴ്ചകളിൽ കണ്ണോടിച്ച് നീങ്ങുന്നതിനിടയിൽ വലതു കാലിന്റെ കണങ്കാലിൽ നിന്ന് പതുക്കെ ഒരു വേദന മുളപൊട്ടി വരുന്നത് ഒരാശങ്കയോടെ ഞാൻ തിരിച്ചറിഞ്ഞു. ആ വേദനയുളവാക്കിയ ആശങ്കയിൽ മനസ്സൊന്നു ഉലഞ്ഞതിനാലാവണം ഏറെ വൈകിയാണ് ഉറങ്ങാൻ കഴിഞ്ഞത്.

പിന്നീട് നടന്നത്:

ബസ്സിറങ്ങി ഓട്ടോയിലാണ് വീട്ടിലേക്കു ചെന്നത്. മനസ്സ് മുഴുവൻ കാലിലെ വേദനയിൽ ഉൽക്കണ്ഠപ്പെട്ടതിനാൽ നടന്നു പോകാൻ അതെന്നെ അനുവദിച്ചില്ല. വീട്ടിലെത്തി സാധാരണപോലെ പെരുമാറാൻ ഞാൻ ശ്രമിച്ചെങ്കിലും വൈകാതെ മനസ്സിലായിഎന്റെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്ന്. പതുക്കെ വേദന കൂടാൻ തുടങ്ങിയിരിക്കുന്നു. എങ്കിലും കാറോടിച്ചു ഞാൻ അച്ഛനെയും കൊണ്ട് തറവാട്ടമ്പലത്തിൽ പോയി തൊഴുതു; മടക്കം സൗമ്യയുടെ വീട്ടിൽ പോയി അവളെയും കുട്ടികളെയും കൂട്ടി വീട്ടിലേക്കു മടങ്ങി. എന്റെ ഈ അഹമ്മതിക്കു ഞാൻ പിന്നീട് നല്ല വില നൽകേണ്ടി വന്നു. രണ്ടാംദിവസം, ഇതുവരെ ചെയ്ത ചികിത്സകൾ എല്ലാം നിഷ്ഫലമാക്കി വേദന മേലോട്ട് കയറിക്കൊണ്ടിരുന്നു. കുറച്ചൊക്കെ വിശ്രമിച്ചെങ്കിലും പിറ്റേന്ന് വിഷു ആയതിനാൽ പറമ്പിൽ നടക്കാനും കണിക്കൊന്ന പറിക്കാനും ഞാൻ മുതിർന്നു. നേരെ നടന്നിരുന്ന ഞാൻ ഒരു കാൽ വലിച്ചുകൊണ്ടു നടക്കാൻ തുടങ്ങി.മോള് കരയുമ്പോൾ അവളെ എടുത്തു നടക്കാൻ കഴിയാതെയായി.കസേരയിൽ ഇരുന്നു ടിവി കാണാൻ കഴിയാതെയായി. വിഷുവിനു രാവിലെ വീട്ടിലെ കണി കണ്ടതിനുശേഷം അമ്പലത്തിലെ കണി കാണാനായി വീണ്ടും കാർ ഓടിച്ചു. കാർ ഓടാൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും വലത്തേ കാലിനു അസഹ്യമായ വേദന അനുഭവപ്പെടാൻ തുടങ്ങി. എങ്ങിനെയെങ്കിലും എത്തിയാൽ മതിയെന്നായി. പ്രദക്ഷിണം വയ്ക്കുബോൾ കാലിന്റെ വലിവ് കൂടി. തിരിച്ചുള്ള ഡ്രൈവിങ്ങും അസഹ്യമായിരുന്നു. എത്തിയ ഉടൻ ഞാൻ കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു. അന്ന് മുഴുവൻ എന്റെ ജീവിതം കട്ടിലിൽ തന്നെയായിരുന്നു. ഡോക്ടരേട്ടനെ കാര്യം അറിയിച്ചു. എത്രയും പെട്ടെന്ന് ആശുപത്രിയിൽ പോവുക എന്നല്ലാതെ എനിക്ക് മുന്നിൽ മറ്റു വഴികൾ ഇല്ലെന്ന് എനിക്ക് മനസ്സിലായി. നിരാശ കലർന്ന വേദനയോടെ പലവട്ടം ദീർഘനിശ്വാസം വിട്ടു, പിന്നീട് ഞാൻ മലർന്ന് കിടന്നു ഞാൻ ഉറങ്ങാൻ ശ്രമിച്ചു.

ചികിത്സാക്കാലം:

ഏപ്രിൽ 16 നു ഉച്ചയോടെ ഏകദേശം 12 :30 ക്കു മുൻപായി ഞാൻ സൗഖ്യം (Soukhyam at Bekal) ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. ഡോക്ടരേട്ടൻ തന്നെ വന്നു എന്നെ കൂട്ടിക്കൊണ്ടുവരികയാണുണ്ടായത്. മൂപ്പരുടെ ആശുപത്രിയാണത്. ലാപ്ടോപ്പ് കൂടെ കരുതിയിരുന്നു. ഭക്ഷണം കഴിഞ്ഞു 3 മണിയോടെ എന്റെ ഇവിടുത്തെ ചികിത്സാവിധികൾ ആരംഭിച്ചു. മണൽക്കിഴി വച്ചായിരുന്നു ഉദ്‌ഘാടനം. ജെട്ടി മാത്രമിട്ട് തിരുമ്മുകാരന്റെ മുന്നിൽ കമിഴ്ന്നു കിടക്കുമ്പോൾ മനസ്സിൽ സങ്കോചം തീരെയില്ലായിരുന്നു. അതുകൊണ്ടു തന്നെ ആ ചെറിയ തുണി അയാൾ നിർദ്ദാക്ഷിണ്യം വലിച്ചു താഴ്ത്തുമ്പോൾ ഒരു അപരിച്ചതിന് മുന്നിൽ നഗ്നത വെളിപ്പെട്ടതിൽ ഒരു അസ്വാഭാവികതയും എനിക്ക് തോന്നിയില്ല. മണൽക്കിഴി ചൂടാക്കി ശരീരത്തിൽ അമർത്തുകയും ഉരയ്ക്കുകയും ചെയ്യുന്ന പ്രയോഗമായിരുന്നു അത്. തന്റെ ബലം മുഴുവൻ അയാൾ എന്റെ ശരീരത്തിൽ പ്രയോഗിച്ചു എങ്കിലും അതന്നെ വേദനിപ്പിച്ചില്ല, മറിച്ചു സുഖകരമായ ഒരു അനുഭവമായതു മാറി. മുക്കാൽ മണിക്കൂർ നേരത്തേ പ്രകടനത്തിന് ശേഷം ഞാൻ മുറിയിലേക്ക് മടങ്ങി. അടുത്തത് മരുന്ന് തേച്ചു പിടിപ്പിച്ചുകൊണ്ടുള്ള ഒരു ചികിത്സയായിരുന്നു. മുറിയിൽ വച്ച് തന്നെ അത് ചെയ്തു. നേരത്തെ അത്രയില്ലെങ്കിലും എന്റെ പിൻഭാഗത്തെ നഗ്നത വെളിപ്പെടുത്തിക്കൊണ്ടു ആ കട്ടിലിൽ കമിഴ്ന്നുകിടന്നു. അവർ എന്റെ അരയിലും കാലിലും മരുന്ന് തേച്ചു പിടിപ്പിച്ചു, അനന്തരം മുക്കാൽ മണിക്കൂർ കഴിഞ്ഞു വരാമെന്നു പറഞ്ഞു എല്ലാവരും പോയി. വയറമർന്ന്  കമിഴ്ന്നു കിടക്കുന്നതിനേക്കാൾ എന്നെ അലോസരപ്പെടുത്തിയത് നീളം കുറഞ്ഞ കട്ടിൽ ആയിരുന്നു. എന്റെ പദങ്ങളെ കൃത്യമായി സൗകര്യപ്രദമായി ഒതുക്കി വയ്ക്കാൻ എനിക്ക് സാധിക്കാതെപോയി. അത് കാരണം പാദങ്ങളെ ഞാൻ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റിക്കൊണ്ടേയിരുന്നു, ടേബിൾ ഫാൻ കറങ്ങുന്നതു പോലെ. പറഞ്ഞത് പോലെ മുക്കാൽ മണിക്കൂർ കഴിഞ്ഞു ചൂട് വെള്ളവുമായി അയാൾ (ഇയാൾ തന്നെയാണ് എന്നെ കിഴി വച്ചത്, പേര് അനൂപ്) വന്നു. മരുന്ന് കഴുകി വൃത്തിയാക്കുമ്പോഴേക്കും ഫിസിയോതെറാപ്പിയുടെ ഉപകരണങ്ങളുമായി ഡോക്ടർ അജിത് എത്തിയിരുന്നു. ഇരുപതു മിനുട്ടു നേരം അയാൾ വൈദ്യുതി ഉപയോഗിച്ച് എന്റെ അരയിലും കാലിലും തരംഗങ്ങൾ കടത്തിവിട്ടു. രാത്രി അക്യുപഞ്ചർ ചെയ്യാൻ വരാമെന്നു പറഞ്ഞു അയാൾ പോയി. അതെന്നിൽ നേരിയ ഭീതി ഉളവാക്കാതിരുന്നില്ല. അതിനുശേഷം 7 :30 വരെ ഞാൻ ജോലി ചെയ്തു. അതിനിടയിൽ ജ്യൂസ് വന്നിരുന്നു. നല്ല ഓറഞ്ചു നിറത്തിൽ കണ്ടപ്പോൾ മാധുര്യമൂറുന്ന മാമ്പഴജ്യൂസ്  കരുതി ആർത്തിയോടെ എടുത്തു കുടിച്ചതാണ്.പക്ഷെ എന്നെ തീർത്തും നിരാശപ്പെടുത്തിയ ആ ജ്യൂസ് കാരറ്റായിരുന്നു. എങ്കിലും ഞാൻ ഒരു തുള്ളി പോലും കളയാതെ കുടിച്ചു. ലക്‌ഷ്യം കഠിനമാകുമ്പോൾ മാർഗ്ഗവും അങ്ങനെയല്ലാതെ തരമില്ലല്ലോ. ഓഫീസിലെ ജോലി കഴിയുമ്പോഴേക്കും ഭക്ഷണം വന്നു. ദോശയും ചമ്മന്തിയും.നല്ല സ്വാദായിരുന്നു. അപ്പോഴേക്കും എന്റെ ശരീരത്തിൽ കുത്തിയിറക്കാനുള്ള സൂചികളുമായി അജിത് ഡോക്ടർ വന്നു. കുത്തിയിറക്കാനായി കമിഴ്ന്നു കിടക്കുമ്പോൾ ഞാൻ എന്റെ പേടിയെപ്പറ്റി പറഞ്ഞു. വേദനയൊന്നും ഉണ്ടാവില്ല എന്നയാൾ മറുപടി പറഞ്ഞത് എന്നെ സമാധാനിപ്പിക്കാനല്ല എന്ന് അല്പനേരത്തിനകം എനിക്ക് മനസ്സിലായി. സ്പിരിറ്റ് തേച്ചിട്ടു പതുക്കെ ഓരോ സൂചികളായി അയാൾ എന്റെ ദേഹത്ത് കുത്തിയിറക്കി. ഒന്ന്-രണ്ട് പോയിന്റ് ഒഴിച്ച് ബാക്കിയൊന്നും വേദനിപ്പിച്ചില്ല. ഏകദേശം പത്തോളം സൂചികൾ അയാൾ എന്റെ ദേഹത്ത് കുത്തിയിറക്കി. ശരശയ്യയിൽ കിടന്ന ഭീഷ്മരെപ്പോലെ ദേഹത്ത് കുത്തിയിറക്കിയ സൂചികളുമായി ഇരുപതു മിനിറ്റോളം ഞാൻ ആ കിടപ്പു കിടന്നു. സൂചികൾ ഇളക്കിയെടുത്തു വീണ്ടും സ്പിരിറ്റ് കൊണ്ട് തുടച്ചപ്പോൾ അവിടെയൊക്കെ ചെറുതായി നീറ്റൽ അനുഭവപ്പെട്ടു. അതോടെ ഇന്നത്തെ കലാപരിപാടികൾ അവസാനിച്ചതായി പറഞ്ഞു.മരുന്നുകളൊക്കെ കഴിച്ചതിന് ശേഷം ബെന്ന്യാമന്റെ 'അൽ-അറേബ്യൻ നോവൽ ഫാക്ടറി' എന്നെ തടിച്ച പുസ്തകം കുറച്ചു വായിച്ചു, ശേഷം ഞാൻ 'സൗഖ്യ' ത്തിലെ ആദ്യ ഉറക്കത്തിലേക്ക് ഊളിയിട്ടിറങ്ങി.

ദിവസം 2 :

എഴുന്നേൽക്കുമ്പോഴേക്കും മർദ്ദമാപിനിയുമായി ഡോക്ടർ എത്തിയിരുന്നു. വേദനക്ക് കുറവുണ്ടായിരുന്നില്ല. പ്രഭാതഭക്ഷണം കഴിഞ്ഞു കുറച്ചു നേരം വായന. ഇന്നത്തെ ചികിത്സ മണൽക്കിഴിയിലാണ് തുടങ്ങിയത്. എന്റെ തളിരിളം മേനിയിൽ ഒരു മനുഷ്യത്വവുമില്ലാതെ അനൂപ് ചൂടായ മണൽ നിറച്ച കിഴികൾ അമർത്താനും ഉരക്കാനും  തുടങ്ങി.മുക്കാൽ മണിക്കൂറോളം ആ പ്രയോഗം തുടർന്നു. ക്ഷീണിതനായി മുറിയിൽ തിരിച്ചെത്തി കിടന്നു.വായനയും ടിവിയുമായി സമയം നീങ്ങി. വേദന കൂടിയത് കാരണം ഇന്ന് അവധിയെടുത്തു. പുതിയ ഒരു ചികിത്സകൂടി ഉണ്ടായി 'പീജു'. കമിഴ്ത്തി കിടത്തി നടുഭാഗത്തു പരുത്തി വച്ച് അതിൽ ചൂടാക്കിയ മുറിവെണ്ണ ഒഴിച്ചുള്ള ഒരു രീതി. ഇതും ഇരുപതു മിനിട്ടു നേരം നീണ്ടു നിന്നു. ഉച്ചക്ക് ശേഷം  വയറ്റത്തും കണ്ണിനു മുകളിലും മണ്ണ് തേച്ച തുണി വെച്ച് കിടന്നു, ഇരുപതു മിനുട്ട്. കണ്ണടച്ച് വേണം കിടക്കാൻ. പിന്നെ ഫിസിയോതെറാപ്പി, മരുന്ന് തേച്ചു പിടിപ്പിക്കൽ,  സൂചികേറ്റൽ, ചൂട് പിടുത്തം എന്നീ പതിവുകൾ.

ദിവസം 3 :

മണൽക്കിഴിക്കു പകരം പൊടിക്കിഴി. ആദ്യം സഹജരാതി എണ്ണയിട്ട് ശരീരം മുഴുവനും തടവും. വേദനയുള്ള ഭാഗത്തു കൂടുതൽ തടവും. വേദനയിൽ പുളഞ്ഞു വേറെ ഒന്നും ചെയ്യാനാവാതെ അങ്ങിനെ കിടക്കും.അത്  കഴിഞ്ഞു മരുന്നുകളുടെ ഒരു കിഴി ചൂടായ എണ്ണയിൽ മുക്കി അമർത്തുകയും ഉരയ്ക്കുകയും  ചെയ്യും. ബാക്കിയെല്ലാം പതിവുപോലെ - പീജു, ഫിസിയോ, മരുന്ന് തേപ്പ്, മണ്ണ് ചികിത്സ, സൂചി, ചൂട് ബാഗ്. കൂടാതെ പുതിയ മരുന്നുകളും.

ദിവസം 4 :

വേദനക്ക് ശമനമില്ല എന്ന് മാത്രമല്ല കുറച്ചു കൂടിയത് പോലെ. എല്ലാ ചികിത്സകളും മാറ്റമില്ലാതെ നടന്നു. മരുന്ന് തേച്ചു പിടിപ്പിക്കുന്നതിനു പകരം പേസ്റ്റ് രൂപത്തിലാക്കി ശരീരത്തു കെട്ടിവച്ചു, ഉറങ്ങാൻ നേരം. പഴയ കഷായത്തിനു പകരം പുതിയ കഷായം.

ദിവസം 5:

വേദന കാരണം ഉറങ്ങാൻ പറ്റിയില്ല. കാലിലും തുടയിലും ഒക്കെ വേദന കൂടി. അതുകൊണ്ടായിരിക്കും അരിഷ്ടം കഴിക്കാൻ തന്നു. ഇന്ന് ഉഴിച്ചിൽ ഇല്ലായിരുന്നു പകരം പൊടിക്കിഴി മാത്രം. കൂടാതെ പീജു ഒഴിവാക്കി പകരം കടി ബസ്തി സഹജരാതി എണ്ണയിൽ. ആട്ട കുഴച്ച് നടുഭാഗത്തു ഒരു കോട്ട പോലെ ഒട്ടിച്ചു അതിൽ ചൂടാക്കിയ എണ്ണ ഒഴിച്ച് വെക്കും. അങ്ങിനെ അനങ്ങാതെ 20 മിനുട്ട് കിടക്കണം. എണ്ണയുടെ ചൂടാറുമ്പോൾ അത് മാറ്റി ചൂടായ എണ്ണ ഒഴിക്കും. ചൂട് കൂടിയപ്പോൾ ചെറുതായി പൊള്ളി. ബെന്യാമനെ വായിച്ചു തീർത്തിരുന്നു.

ദിവസം 7 :

ഇന്ന് പുതിയ പ്രയോഗങ്ങൾ ഉണ്ടായിരുന്നു. രാവിലെ ചൂട് വെള്ളം അടിയിലും തണുത്ത വെള്ളം ശരീരത്തിന്റെ ഒരു വശത്തുമായി കെട്ടിവെച്ചുള്ള ചികിത്സ. 20 മിനുട്ട് നേരം നീണ്ടു നിന്നു. പൊടിക്കിഴി എണ്ണയിൽ മുക്കാതെയായിരുന്നു ചെയ്തത്. കാലിനു പേസ്റ്റ് തേച്ചില്ല, പകരം രാത്രി ആവണക്കിന്റെ ഇല ചൂടാക്കി അതിൽ ചിഞ്ചാദി എണ്ണ പുരട്ടി നടുഭാഗത്തു കെട്ടിവച്ചു.കൂടാതെ ദേഹത്ത് ചെറുതായി എണ്ണ പുരട്ടുകയും ചെയ്തു. അരിഷ്ടത്തിന് പകരം കഷായമായിരുന്നു എന്നത് വിഷമിപ്പിച്ചു.

ദിവസം 8 :

തെരഞ്ഞെടുപ്പുദിനമായതിനാൽ ഞാനും വേറെ രണ്ടു ജീവനക്കാരും മാത്രമേ ആശുപത്രിയിൽ ഉണ്ടായിരുന്നുള്ളൂ. എസ് ആർ ലാൽ എഴുതിയ 'സ്റ്റാച്യു പി ഒ' എന്ന നോവൽ വായിച്ചുതീർത്തു. വോട്ട് ചെയ്യാൻ അദമ്യമായ ആഗ്രഹമുണ്ടായിരുന്നു.ഡോക്ടരേട്ടൻ കൊണ്ട് പോകാം എന്ന് പറഞ്ഞിരുന്നു. എങ്കിലും പോകാൻ കഴിയുമോ എന്നൊരാശങ്കയുണ്ടായിരുന്നു.അച്ഛൻ വിളിച്ചു ചോദിച്ചിരുന്നു. പക്ഷെ നാലുമണിയോടെ ഡോക്ടർ സാർ എന്നെ കൂട്ടിക്കൊണ്ടുപോയി.ബൂത്തിൽ ആരും ഉണ്ടായിരുന്നില്ല, അതിനാൽ പെട്ടെന്ന് വോട്ട് ചെയ്തു പോരാനായി. പോളിംഗ് ഓഫീസർ എന്റെ അദ്ധ്യാപകനായിരുന്ന രാമൻ മാഷായിരുന്നു. കുറച്ചു നേരം കുശലം. സതീശൻ മാഷോടും വേറെ കുറച്ചു പരിചയക്കാരോടും രണ്ട് വാക്ക് മിണ്ടി. നടക്കാൻ കുറച്ചു ബുദ്ധിമുട്ടു അനുഭവപ്പെട്ടു. വോട്ട് ചെയ്തതിൽ സന്തോഷമുണ്ടായിരുന്നെങ്കിലും യാത്ര അസുഖം കൂട്ടുമോ എന്നൊരാശങ്കയുണ്ടായിരുന്നു.തിരിച്ചു വന്നപ്പോൾ ആ ആശങ്ക ആസ്ഥനത്തല്ല എന്ന് മനസ്സിലായി. തിരിച്ചെത്തിയപ്പോൾ തന്നെ കടി ബസ്തിയും തുടർന്ന് ഫിസിയോ പിന്നീട് രാത്രി സൂചി കുത്തലും ചെയ്തു. രാത്രി മുഴുവൻ ടീവിയിൽ വാർത്ത കേട്ടിരുന്നു.

ദിവസം 9 :

കാലിന്റെ വേദന മാറിയിരുന്നില്ല. ഇന്ന് മുതൽ ജോലി ചെയ്യാൻ തീരുമാനിച്ചിരുന്നു.ഇരുന്നു ജോലി ചെയ്യാൻ നോക്കിയെങ്കിലും കാലുവേദന കാരണം കിടന്നു ജോലി ചെയ്തു. ഉച്ചക്ക് മാനേജറിനെ വിളിച്ചു സംസാരിച്ചു. ആരോഗ്യത്തിനെ പറ്റിയും ചികിത്സയെ പറ്റിയും മൂപ്പരോടു പറഞ്ഞു. അടുത്താഴ്ച കഴിഞ്ഞിട്ടേ ഓഫീസിൽ വരാൻ കഴിയൂ എന്നും പറഞ്ഞു. പിന്നീട് വിശദമായി അങ്ങേര് US ഓഫീസിലേക്ക് ഇമെയിൽ അയക്കുകയും ചെയ്തു. ആവണക്ക് ഇലയുടെ ചികിത്സ നടുവിന് മാത്രമല്ല കാലിനും കെട്ടി വച്ചു. നാളെ മുതൽ യോഗ കുറേശ്ശെയായി തുടങ്ങാം എന്ന് ഡോക്ടർ പറഞ്ഞു.

ദിവസം 10 :

രാവിലെ യോഗ ചെയ്യാൻ ഒരു ശ്രമം നടത്തി. പക്ഷെ വലത്തേ കാൽ പൊങ്ങുന്നില്ല എന്നുമാത്രമല്ല നടുവിന് വേദന കൂടിയത് പോലെയും തോന്നി. തിരിച്ചു മുറിയിൽ വന്നു കിടന്നു. ഇന്ന് കിഴിയുണ്ടായിരുന്നില്ല പകരം ചിഞ്ചാദി തൈലവും കർപ്പൂരാദി തൈലവും സമം ചേർത്ത് ഒരു ഉഴിച്ചിൽ. കുളി കഴിഞ്ഞു ജോലി തുടങ്ങി. 6 മണി കഴിയുന്നത് വരെ ജോലി ചെയ്തു അതിനിടയിൽ ബാക്കി ചികിത്സകൾ മുറ പോലെ നടന്നു. സൂചി കുത്തൽ ചിലയിടങ്ങളിൽ വേദന ബാക്കിവെച്ചു. കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും ഇന്ന് ക്ഷൗരം ചെയ്തു.കഴിഞ്ഞ രണ്ടുദിവസമായി ഡോക്ടരേട്ടൻ പറയുന്നുണ്ടായിരുന്നു. താടി രോമങ്ങൾ കൊഴിഞ്ഞ എന്റെ മുഖം ഇപ്പോൾ കാർമേഘം ഒഴിഞ്ഞ ആകാശത്തെപ്പോലെ പ്രസന്നമായിരുന്നു.

ദിവസം 11 :

രാത്രി മുഴുവൻ ചുട്ടു നീറുന്ന വേദനയായിരുന്നു കാലിന്. ഡോക്ടർ സാർ വന്നപ്പോൾ കാര്യം പറഞ്ഞു. ഒരു manual traction വേണമെങ്കിൽ ചെയ്യാം എന്ന് പറഞ്ഞു. ഉഴിച്ചിൽ ഇന്ന് അല്പം മൃദുവായാണ് ചെയ്തത്. എന്നോട് അനുകമ്പ തോന്നിയതാണോ? ജോലി ചെയ്തു ഒരു പേരിന്. പത്തു ദിവസം കഴിഞ്ഞതോടെ ശരശയ്യ അവതാരം തീർന്നു. ഞരമ്പുകൾക്ക് ബലം കിട്ടാൻ പുതിയൊരു തുള്ളി മരുന്ന് ശ്രീജിത്ത് ഡോക്ടർ തന്നു. ടീവി ഇല്ലാത്തതിനാൽ ഒരു അസ്വസ്ഥത തോന്നി. വായിക്കാൻ കിട്ടിയ പുസ്തകങ്ങൾ എല്ലാം ഒരേ പോലെ ചവറുകളായിരുന്നു. എങ്കിലും 'പോർക്കലി' വായിച്ചു തീർത്തു. വൈകുന്നേരം പുറത്തിറങ്ങി കുറച്ച് നടന്നു, മറ്റു രോഗികളെ പരിചയപ്പെട്ടു.രാത്രി കാലിലും നടുവിനും മരുന്ന് വച്ചു കെട്ടി.

ദിവസം 12 :

പാതിരാത്രിയിലെപ്പോഴോ വേദന കാരണം ഉറക്കം പോയി, കുറെ സമയം തിരിഞ്ഞും മറിഞ്ഞും കിടന്നു.

ഇന്ന് ഉഴിച്ചിലും ഫിസിയോയും മാത്രമേ ഉണ്ടായിരുന്നുള്ളൂ, കടി ബസ്തി ഇന്നലത്തോടെ കഴിഞ്ഞു. പകൽ പുസ്തകങ്ങളോട്  പ്രിയം തോന്നിയില്ല. കൂടുതൽ സമയം മൊബൈലിൽ ആയിരുന്നു. വൈകുന്നേരം പുറത്തിറങ്ങി കുറച്ചു നടന്നു. അമ്മക്ക് ആധി  തുടങ്ങി.പന്ത്രണ്ട് ദിവസമായിട്ടും അസുഖം കാര്യമായി കുറയാത്തതിനാൽ സ്വാഭാവികമായും അമ്മമാർക്കുണ്ടാകുന്ന ഉത്കണ്ഠ. പി വി കെ പനയാലിന്റെ പുസ്തകം 'ഇളകിയാടുന്ന മൗനം' കുറച്ചു വായിച്ചു.

ദിവസം 13 :

ഇന്ന് ഒരു പുതിയ ചികിത്സയുണ്ടായിരുന്നു. ആതപസ്‌നാന എന്നാണ് ഇതറിയപ്പെടുന്നത്. വെയിൽ കുളി എന്ന് വേണമെങ്കിൽ ചുരുക്കി പറയാം. ടെറസ്സിലെ മേശയിൽ വാഴയില വിരിച്ചു നീണ്ടു നിവർന്നു കിടക്കുക. നനഞ്ഞ തോർത്ത് കൊണ്ട് തല മൂടിയിരിക്കും. കിടന്നതിന്  ശേഷം വാഴയില കൊണ്ട് തന്നെ ശരീരം മൂടും, വള്ളി കൊണ്ട് ചെറുതായി കെട്ടി വെക്കും. ശ്വാസം കഴിക്കാനുള്ള സൗകര്യം മാത്രം നിർത്തി തുണി കൊണ്ട് ദേഹമാസകലം പൊതിയും. എരിപൊരി വെയിലത്ത് അങ്ങിനെ 20 മിനുട്ട് കിടക്കണം. അപ്പോൾ വെയിലിന്റെ ചൂട് കൊണ്ട് ശരീരം വിയർക്കും, പതിവിലും കൂടുതൽ. അതിനാൽ ധാരാളം വെള്ളം കുടിച്ചു വേണം ഇത് ചെയ്യാൻ. അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് രക്ഷ നേടാനാണ് വാഴയില ഉപയോഗിക്കുന്നത്. കൂടാതെ അതിൽ ധാരാളം ജീവകം സി അടങ്ങിയിട്ടുമുണ്ട്. പക്ഷെ ഫോണി ചുഴലിക്കാറ്റ് കാരണം ആകാശം മൂടിക്കെയിരുന്നു, അതിനാൽ വെയിലിനു ചൂട് കുറവായിരുന്നു. എന്നിട്ടും വിയർത്തു, അത്യാവശ്യം നന്നായി തന്നെ. ഉച്ചക്ക് ശേഷം ഉഴിച്ചിൽ വലത്തേ കാലിനും നടുവിനും  മാത്രമായി. പുസ്തകം വായിച്ചു തീർത്തു. അച്ഛനും അമ്മയും കാണാൻ വന്നിരുന്നു. കുറെ നേരം സംസാരിച്ചിരുന്നു. ഭാര്യയും വന്നതിനാൽ കുറെ ദിവസങ്ങൾക്കു ശേഷം മക്കളെ കണ്ടു.

ദിവസം 14 :

സാധാരണ ചികിത്സ തീരുന്ന ദിവസമാണിന്ന് പക്ഷെ എന്റെ കാര്യത്തിൽ അങ്ങിനെയല്ല. ഇന്ന് ഇലക്കിഴിയായിരുന്നു. പലതരം ഇലകളും വെളുത്തുള്ളി, നാരങ്ങ തുടങ്ങിയവയും ചേർത്തുണ്ടാക്കിയ കിഴി ചൂടായ സഹാജരാതി എണ്ണയിൽ മുക്കിയുള്ള പ്രയോഗം.  ഔഷധവീര്യമുള്ളതാണ് പോലും ഇലക്കിഴി. ഇത് ചെയ്തു കഴിയുമ്പോൾ വേദന ഇളകും എന്നാണ്പറയാറ്, അതിനാലാണോ എന്നറിയില്ല സന്ധ്യയോടെ വേദന ചെറുതായി കൂടിയോ എന്ന് സംശയം തോന്നി. ഇന്നലെ സൗമ്യ കൊണ്ട് വന്ന, സ്വാതിരുന്നാളിനെ കുറിച്ചുള്ള ഒരു പുസ്തകം (സ്വാതി തിരുനാൾ : മഹാരാജാവും മഹാകവിയും, Dr പി കെ ഗോപി)  വായിക്കാൻ തുടങ്ങി.

ദിവസം 15 :

ബംഗാൾ ഉൾക്കടലിന്റെ അഗാധതയിൽ നിന്ന് രൂപം കൊണ്ട് സംഹാരരുദ്രയായി ഇന്ത്യൻ തീരത്തേക്ക് കുതിച്ചു വന്ന ഫോണി എന്ന ചുഴലിക്കാറ്റ് പലർക്കും നിഗ്രഹമാണെങ്കിൽ ഞങ്ങൾക്ക്  അനുഗ്രഹമായി മാറി. മഴമേഘങ്ങൾ പെയ്യാൻ മറന്നുപോയതിനാൽ വരണ്ടുണങ്ങിയ ഞങ്ങളുടെ ഭൂമി കണ്ട് ദയ തോന്നിയ ഫോണി അയച്ച കരിമേഘങ്ങൾ പൊട്ടിക്കരഞ്ഞു കൊണ്ട് ഞങ്ങളുടെ മണ്ണിനെ കുളിരണിയിച്ചു.  ഇടയ്ക്കിടെ മുക്കിയും മൂളിയും ഗദ്ഗദകണ്ഠരായും അവർ തകർത്താടി. കണ്ണഞ്ചിപ്പിക്കുന്ന മിന്നല്പിണരുകൾ ഭൂമിയെ പുല്കാനായി ഓടിയണഞ്ഞു, അവയ്ക്കു അകമ്പടിയായി ദുംദുഭി നാദങ്ങളും. നിർത്താതെ പെയ്യുന്ന മഴ കണ്ടു ചിരിച്ച ഞങ്ങളെ കുറച്ചുനേരം പേടിപ്പിച്ചു അവ. എങ്കിലും ആ കുളിരാർന്ന രാത്രിയിൽ  ഒരു പാട് നാളുകൾക്ക് ശേഷം എല്ലാവരും മതിമറന്നു ഉറങ്ങി. കഠിനമായ മുറകൾ ഒഴിവാക്കി ഇന്ന് യോഗ ചെയ്യാൻ തുടങ്ങി.ഞാൻ മുൻപ് ചെയ്തിരുന്നവയായതിനാൽ വളരെ എളുപ്പമായി തോന്നി.

ദിവസം 16 :

കണ്ണുതുറന്നു ചുറ്റും നോക്കിയതും ഭൂമി വട്ടം കറങ്ങുന്നതായി തോന്നി. വീഴാതിരിക്കാൻ കട്ടിലിനെ മുറുകെപ്പിടിച്ചു. പലതവണ ഇതാവർത്തിച്ചു. ഡോക്ടറോട് പറഞ്ഞപ്പോൾ തലയ്ക്കു അനക്കം കിട്ടാത്തതിനാലാണ് ഇതെന്ന് പറഞ്ഞു. എഴുന്നേറ്റു നടക്കുമ്പോൾ പ്രശ്നമില്ല, കിടക്കുമ്പോൾ മാത്രം. ജിതീഷേട്ടന്റെ (ഡോക്ടരേട്ടൻ) അമ്മ മധുരമേറും മാമ്പഴം മുറിച്ചു തന്നു. വയറിനകത്ത് വായു ഉരുണ്ടുകേറിക്കിടക്കുന്നതിനാൽ അതിനെ പുറത്താകാൻ നാളെ ഒന്ന് കലക്കിയേക്കാം എന്ന് തീരുമാനിച്ചു. 'സ്വാതി തിരുനാളി'നെ തീർത്ത് അംബികാസുതൻ മാങ്ങാടിന്റെ കഥാസമാഹാരമായ 'രണ്ടു മത്സ്യങ്ങൾ' വായിക്കാൻ തുടങ്ങി.

ദിവസം 17 :

വയർ കലക്കാനുള്ള വിദ്വാനെ രാവിലെ തന്നെ അകത്താക്കി. ഇടയ്ക്കിടെ യുദ്ധഭൂമിയിലേക്ക് ഓടേണ്ടി വരുമോ എന്ന് തോന്നിയിരുന്നെങ്കിലും അങ്ങിനെയൊന്നും വേണ്ടി വന്നില്ല.മൂന്നോ നാലോ വട്ടം, സംഭവം സ്വാഹാ. വൈകുന്നേരം പതിവിലും കൂടുതൽ നടന്നു.

ദിവസം 18 :

ഒരു പുതിയ പ്രയോഗം കൂടി - ദേഹമാകെ ചളി തേച്ചുപിടിപ്പിച്ച്‌  അതുണങ്ങുന്നതു വരെ വെയിലത്ത് നിൽക്കുക. ചളിയിൽ കുളിച്ചു വെയിലും കാഞ്ഞു നിൽക്കുമ്പോൾ മനസ്സിലോർമ്മ വന്നത് കുട്ടിക്കാലത്ത്  കണ്ടത്തിലെ ചളിയിൽ കിടന്നു പുളയ്ക്കുന്നതായിരുന്നു. അരമണിക്കൂറോളം ആ നിൽപ്പ് തുടർന്നിട്ടുണ്ടാകും. ഉണങ്ങിയ മണ്ണിൻ കട്ടകൾ ശരീരത്തു നിന്ന് അടർന്നു വീണുകൊണ്ടേയിരുന്നു. മണ്ണ് ഉണങ്ങുമ്പോൾ അവിടം ചൊറിച്ചിൽ അനുഭവപ്പെട്ടു. ഒന്നും ചെയ്യാൻ വയ്യാത്തതിനാൽ മൂളിപ്പാട്ടൊക്കെ പാടി ഞാൻ ആ ചൊറിച്ചിലിനെ മറി കടന്നു. കഴുകിക്കളയാൻ കുറച്ചു മിനക്കെട്ടു. വൈകുന്നേരം അച്ഛന്റെ അനിയനും (ചന്ദ്രളേപ്പൻ) അനിയത്തിയും (ബേബി എളേമ്മയും) വന്നിരുന്നു. അര മണിക്കൂറോളം സംസാരിച്ചിരുന്നു. ചന്ദ്രളേപ്പൻ ഇനി നടത്താൻ ഉദ്ദേശിക്കുന്ന യാത്രകളെ പറ്റി പറഞ്ഞു.

ദിവസം 19 :

വേദന വീണ്ടും തുടങ്ങി. ചന്തി മുതൽ തുട വഴി കണങ്കാലിലേക്ക് അരിച്ചിറങ്ങുന്ന വേദന.എങ്കിലും യോഗ മുടക്കിയില്ല.നിർത്തിയ പീജു വീണ്ടും തുടങ്ങി.കൂടുതൽ സമയവും കട്ടിലിൽ കിടന്നു ചിലവഴിച്ചു.പുതിയ കാലത്തെ എഴുത്തുകാരനായ ജിജോ സേവിയർ എഴുതിയ 'ആത്‌മകഥയില്ലാത്തവരുടെ ആൽബം' എന്ന നോവൽ വായിച്ചുതീർത്തു. ഇന്നലെ രാത്രി ഉറക്കത്തിനിടയിൽ എന്തോ കടിച്ച്‌ കാലിന്റെ വിരലിൽ നിന്ന് ചെറുതായി ചോര പൊടിഞ്ഞിരുന്നു.

ദിവസം 20 :

വേദന വീണ്ടും കൂടിയതുപോലെ തോന്നി. രാവിലെ ജിതീഷേട്ടൻ വന്നപ്പോൾ പറഞ്ഞു.അതിനാൽ ഇന്നും പീജു തന്നെയായിരുന്നു, നടുവിന് പകരം അല്പം താഴ്ത്തിയാണ് വെച്ചത്. ഉച്ചക്ക് ശേഷം ആദ്യദിവസങ്ങളിൽ ചെയ്തത് പോലെ കാല് മുഴുവൻ ലേപം തേച്ചു പിടിപ്പിച്ച്‌ ഒരു മണിക്കൂറോളം കിടന്നു. ചെറിയൊരാശ്വാസം തോന്നി. വൈകുന്നേരം താടി വടിച്ചു. മുഖം തിളങ്ങിയപ്പോൾ മനസ്സും തെളിഞ്ഞു. മച്ചുനിയൻ അനൂനെ വിളിച്ചു, അവൻ ദുബായിലേക്ക് മടങ്ങുകയാണ്. ടി കെ സുധാകരൻ ആനന്ദാശ്രമം എഴുതിയ 'ഇടമില്ലാത്തവൻ' എന്ന കുഞ്ഞു നോവൽ വായിച്ചു തീർത്തു. ആദിവാസി കോളനികളിലെ ജീവിതത്തെ കുറിച്ചെഴുതിയ നോവലായിരുന്നു അത്. അദ്ദേഹത്തിന്റെ തന്നെ 'പഞ്ചാഗ്നി' എന്ന നോവൽ വായിക്കാൻ തുടങ്ങി.

ദിവസം 21 :

വേദന മാറാത്തതിനാൽ മണൽക്കിഴി വീണ്ടും തുടങ്ങി.രണ്ടുപേർ ചേർന്ന് ഇരുഭാഗത്തുമായി കിഴി ചെയ്തു. ആശുപത്രിവാസത്തിന് ചെറുതായി മുഷിച്ചിൽ തോന്നാൻ തുടങ്ങി. തേടി വരുന്ന ഫോൺ വിളികൾ ഒരാശ്വാസമായി മാറി.

ദിവസം 22 :

'പഞ്ചാഗ്നി' വായിച്ചു തീർത്തു, സൗമ്യ കൊണ്ടുവന്ന പുസ്തകങ്ങൾ എല്ലാം വായിച്ചു തീർത്തു. രാത്രി നല്ലൊരു മഴ കിട്ടി.

ദിവസം 23 :

വേദനക്ക് ശമനമില്ലാത്തതിനാൽ സൂചി കുത്തൽ ചികിത്സ വീണ്ടും തുടങ്ങി. പുസ്തകങ്ങൾ ഇല്ലാത്തതിനാൽ മൊബൈലിൽ സിനിമ കാണാൻ തുടങ്ങി. അമ്മയുടെ വീട്ടിൽ ഇത് തെയ്യക്കാലം. എല്ലാവർഷവും മുടങ്ങാതെ പങ്കുചേരുന്നതിനാൽ ഇത്തവണത്തെ അഭാവം മനസ്സിനെ തെല്ല് വേദനിപ്പിച്ചു. എനിക്ക് ശേഷം വന്ന രണ്ടുപേർ ചികിത്സ പൂർത്തിയാക്കി ഇന്ന് അവരവരുടെ വീടുകളിലേക്ക് മടങ്ങി. ഏകാന്തതയിലേക്കു വീണ്ടും പറിച്ചു നടുന്നതുപോലെ തോന്നി. നല്ല മധുരമൂറും മാങ്ങയും കൊണ്ട് അച്ഛൻ വന്നിരുന്നു. അസുഖം തിരക്കാനും ഇന്നും വേണ്ടപ്പെട്ടവർ വന്നു.

ദിവസം 24 :

നിർത്തിയ പൊടിക്കിഴി വീണ്ടും തുടങ്ങി. മുൻപൊക്കെ ആസ്വദിച്ചിരുന്ന സൂചികുത്തൽ ഒരു നൊമ്പരമായി തോന്നാൻ തുടങ്ങി. എന്ന് വരാൻ പറ്റും ആശുപത്രിയിൽ നിന്ന് എന്ന് അച്ഛനും അമ്മയും ആവലാതിപ്പെട്ടു. പ്രതീക്ഷിച്ചതുപോലെ ജോലി ചെയ്യാൻ പറ്റാത്തതിൽ ഉരുത്തിരിഞ്ഞ കുറ്റബോധം മനസ്സിൽ ഭാരം നിറച്ചു. പഴയ വിടവുകൾ നികത്തിക്കൊണ്ട് വന്ന പുതിയ ആൾക്കാരെ പരിചയപ്പെട്ടു. എങ്കിലും പിരിഞ്ഞുപോയ ആൾക്കാർ സൃഷ്ടിച്ച ഒരു ശൂന്യത മായാതെ നിൽക്കുന്നുണ്ടായിരുന്നു. മനസ്സ് പതുക്കെ നിരാശയിലേക്കാഴ്ന്നു പോകുന്നത് അറിയാൻ തുടങ്ങി. വേദന മാറാത്തതിലുള്ള സങ്കടം എവിടെയൊക്കെയോ നിഴലിക്കുന്നുണ്ടെങ്കിലും പുറത്തു കാണിക്കാതെ സന്തോഷത്തോടെ എല്ലാവരോടും പെരുമാറാൻ ശ്രദ്ധിച്ചു.

ദിവസം 25 :

പ്രത്യേകതകൾ ഒന്നുമില്ലാത്ത ദിവസമായിരുന്നു.

ദിവസം 26 :

കൊല്ലത്തോട് കൊല്ലം കൂടുമ്പോൾ വീണ്ടുമൊരു കളിയാട്ടക്കാലം. ഇന്ന് മേടം 27, അമ്മയുടെ വീടായ തായത്തുവീട്ടിലെ തിരുമുറ്റത്ത് പടിഞ്ഞാറ്റ ചാമുണ്ഡിയമ്മയുടെ പള്ളിയറക്ക് മുന്നിൽ കേളികൊട്ടുയരുമ്പോൾ ആ അനുഭവത്തിനു സാക്ഷ്യം വഹിക്കാനാവാതെ നിസ്സഹായനായി അധികം ദൂരത്തല്ലാതെ നാലു ചുവരുകൾക്കുള്ളിൽ കിടക്കേണ്ടി വരുന്ന അവസ്ഥ അത്രയ്ക്കും വേദനാജനകമായിരുന്നു. തെയ്യത്തിന്റെ വാക്കുകളും ചെണ്ടക്കോലും കണ്ടു വളർന്ന ഒരാളെന്ന നിലയിൽ ആ നഷ്ടം വിവരണാതീതമായിരുന്നു. ശരീരം മാത്രമേ ആശുപത്രിയിൽ ഉണ്ടായിരുന്നുള്ളൂ,മനസ്സ് മുഴുവൻ തറവാട് പരിസരത്തു ചുറ്റിത്തിരിയുകയാണ്. കുളിയൻ തമ്പാച്ചിയുടെ അരുളപ്പാടുകൾ കേൾക്കാൻ കഴിയാത്തത് എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് വേദനയുളവാക്കുന്നതാണ്. എങ്കിലും മനസ്സിൽ കാണാൻ കഴിയുന്നുണ്ടായിരുന്നു ഓരോ രംഗവും, അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു ഓരോ നിമിഷവും ഈ നാലു ചുവരുകൾക്കുള്ളിലിരുന്നും.

ദിവസം 27 :

ഇന്ന് പുതിയ കിഴിയായിരുന്നു. ഞവര കിഴി - പാലും കുറുന്തോട്ടി കഷായവും ചേർത്ത ലായനി ചൂടാക്കി അതിൽ ഞവര നിറച്ച കിഴി മുക്കി ചെയ്യുന്ന കർമ്മം. ദേഹത്തിന് നല്ല തണുപ്പായിരുന്നു ആ കിഴി. കിഴി കഴിയുമ്പോഴേക്കും പാലിൽ കുളിച്ചത് പോലെയായി. ഇന്ന് തറവാട്ടിൽ ചാമുണ്ഡിയമ്മയുടെ കോലം കളിക്കുന്ന മുഹൂർത്തമാണെന്ന ഓർമ്മ വീണ്ടും സങ്കടത്തിലാക്കി. ഇടയ്ക്കിടെ ഫോൺ വിളിച്ചും വാട്സപ്പ് വഴിയും അവിടുത്തെ വിശേഷങ്ങളും തെയ്യവും കാണാൻ കഴിഞ്ഞു. എന്റെ രോഗശാന്തിക്കായി തെയ്യത്തിന്റെ കൈയ്യിൽ നിന്നും ഒരു ഇളനീർ പ്രാർത്ഥിച്ചു വാങ്ങിയെന്നു അമ്മ പറഞ്ഞു.

ദിവസം 28 :

6 മണിക്ക് യോഗ ചെയ്യാൻ പോയി. ചെറുതായി വേദന കൂടിയതിനാൽ അവധി എടുക്കാം എന്ന് വിചാരിച്ചിരുന്നു എങ്കിലും ജോലി ചെയ്യാൻ തുടങ്ങി.പക്ഷെ അച്ഛനും അമ്മയും വന്നതിനാൽ ജോലി ഒഴിവാക്കി സംസാരിച്ചിരുന്നു.ഇന്നലെ തെയ്യത്തിനോട് പ്രാർത്ഥിച്ചു വാങ്ങിയ ഇളനീരും കൊണ്ടാണ് വന്നത്, കുറച്ചു മഞ്ഞക്കുറിയും. മാങ്ങയും ഉണ്ടായിരുന്നു കൂടെ. മാനേജർ വിളിച്ചിരുന്നു. നേരത്തെ ഞാൻ ഈമെയിൽ അയച്ചിരുന്നു. വിശ്രമം എടുക്കാനും പഥ്യം നോക്കാനും പറഞ്ഞു. ഇന്ന് തൃശൂർ പൂരം.എത്രയോ കാലമായി മനസ്സിലുള്ള മോഹം. അത് അങ്ങിനെ തന്നെ അടച്ചുവെച്ച് ടീവിയിൽക്കൂടി മഠത്തിൽ വരവും ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ഒക്കെ കൊതിയോടെ കണ്ടു നിന്നു. വൈകുന്നേരവും യോഗ ചെയ്തു.

ദിവസം 29 :

ഭക്ഷണത്തോട് വിരക്തി തോന്നിത്തുടങ്ങി. എന്ന് വീട്ടിലേക്കു പോകാൻ കഴിയും എന്നത് ഇന്നും ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി മാറി. ചെയ്യുന്ന ജോലിയോട് തീരെ ആത്‌മാർത്ഥത കാണിക്കാൻ കഴിയാത്തതിലുള്ള കുറ്റബോധം വളരാൻ തുടങ്ങി. ഇനിയും എത്രനാൾ എന്ന് കൃത്യമായി അറിയാത്തതിനാൽ അവധി എടുക്കാനും കഴിയുന്നില്ല എന്നതാണ് സത്യം.

ദിവസം 30 :

യോഗ ചെയ്യുമ്പോൾ അനുഭവപ്പെടുമായിരുന്ന വേദനക്ക് നല്ല ശമനം ഉള്ളതായി ശ്രദ്ധിച്ചു.കഴിഞ്ഞ രണ്ടാഴ്ചയായി കൂട്ടത്തിലൊരാളായി ഉണ്ടായിരുന്ന ശ്രീവത്സൻ മാഷ് വീട്ടിലേക്ക് മടങ്ങി. കുറെ ദിവസങ്ങൾക്ക് ശേഷം ഇന്ന് കുട്ടികളെ കണ്ടു. മോളുടെ ചിരി കണ്ടു.കൂടുതൽ സമയം താഴെ  ഇരുന്ന് എല്ലാവരുമായി സംസാരിച്ചു.സൂചികുത്തൽ ഇന്ന് ഇത്തിരി വേദനിപ്പിച്ചു. രാത്രി ഡോക്ടറേട്ടൻ മുറിയിൽ വന്നിരുന്നു. കുറേ വൈകുവോളം പല പല കാര്യങ്ങൾ സംസാരിച്ചിരുന്നു. നാളെ വീട്ടിലേക്ക് പൊയ്ക്കോ എന്നൊരു ആശ്വാസവാക്കും അതിനിടയിൽ വീണു. പതിവിലും ഒരുപാട് വൈകിയാണ് കിടന്നതെങ്കിലും മനസ്സിൽ ഉത്സാഹം തിരതല്ലുകയായിരുന്നു.

ദിവസം 31 :

രാവിലെ 5 :30 ക്ക് തന്നെ എഴുന്നേറ്റു. ഉത്സാഹത്തോടെ യോഗ ചെയ്തു. ഇന്ന് വീട്ടിലേക്ക് മടങ്ങുകയാണ് എല്ലാവരെയും അറിയിച്ചു. വീട്ടിലും അറിയിച്ചു. പതിവ് പോലെ ജോലി ചെയ്തു, ചികിത്സാക്രമങ്ങൾ മുറയ്ക്ക് നടന്നു. ഓഫീസിൽ കൊടുക്കാനായി കടലാസുകൾ ശരിയാക്കി തരാൻ അജിത് ഡോക്ടറോട് പറഞ്ഞു. കുറച്ചു ദിവസത്തേക്കുള്ള മരുന്നും തന്നു. സന്ധ്യയോടെ അരുണും വിപിനും വന്നു. അങ്ങിനെ 31 ദിവസത്തെ ആശുപത്രിവാസം അവസാനിപ്പിച്ച് എല്ലാവരോടും യാത്ര പറഞ്ഞു. 8 മണിക്ക് മുൻപായി വീട്ടിലെത്തി.രാത്രി ജിതേഷേട്ടനെ വിളിച്ചു സംസാരിച്ചു. ഒരു മാസമായുള്ള ശീലം മാറിയതിനാലോ പരിസരം മാറിയതിനാലോ എന്നറിയില്ല നിദ്രാദേവി എന്നെ അനുഗ്രഹിക്കാൻ കുറച്ചധികം പിശുക്കു കാട്ടി.

ചികിത്സാമുറകൾ വിശദമായി:

1 . മണൽക്കിഴി : മണൽ
2. പൊടിക്കിഴി : ചിഞ്ചാദി തൈലം, കൊലകുലത്താദി ചൂർണ്ണം
3 . പേസ്റ്റ്/ലേപം : ചെന്നിനായകം മുട്ടയുടെ വെള്ളയിൽ ചേർത്ത്
തയ്യാറാക്കുന്ന വിധം : പച്ചമരുന്നുകൾ + ചെന്നിനായകം + കുന്തിരിക്കം + അഷ്ടചൂർണ്ണം + മണ്ണ് ; എല്ലാം ചേർത്ത് കുഴച്ചു ഉരുട്ടിയെടുത്തു വച്ച് ഉണക്കിയെടുക്കും, വെയിലത്തല്ല തണലത്തു വച്ച്. പിന്നെ ആവശ്യാനുസരണം മുട്ടയുടെ വെള്ള ചേർത്ത് കുഴമ്പു രൂപത്തിലാക്കി പരുത്തിയിൽ തേച്ചു പിടിപ്പിച്ച് ശരീരത്തിൽ കെട്ടി വെക്കുന്നു. മുട്ടയുടെ വെള്ള നീർക്കെട്ടിനെ വലിച്ചെടുക്കും എന്നാണ് പറയുന്നത്.
4 . ആതപസ്‌നാനം
5 . ഉഴിച്ചിൽ : സഹജരാതി തൈലം
6. പീജു : മുറിവെണ്ണ
7. മണ്ണുകുളി
8. കടി ബസ്തി: സഹജരാതി തൈലം
ഏകദേശം മുപ്പതു മിനുട്ടോളം ശരീരം ഒരു തരി പോലും ഇളകാതെ കമിഴ്ന്നു കിടക്കുക! ഇത്തിരി കഷ്ടം തന്നെയായിരുന്നു. അനങ്ങിയാൽ പുറത്തു തളം കെട്ടി നിർത്തിയിരിക്കുന്ന ചൂട് എണ്ണ വരമ്പ് പൊട്ടിച്ചു കുതിച്ചൊഴുകും. ആ മുപ്പതു മിനിറ്റുകൾ മുപ്പത് മണിക്കൂറുകളായി തോന്നി. ഒടുവിൽ മൊബൈലിൽ വീഡിയോ നോക്കി ഞാൻ എന്റെ മനസ്സിനെ ഈ ആകുലതയിൽ നിന്ന് അകറ്റാൻ തുടങ്ങി. അത് ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു.

9. ശരീരം മൊത്തം ഉഴിച്ചിൽ: ചിഞ്ചാദി + കർപ്പൂരാദി തൈലം
10. ഞവരക്കിഴി: ഞവര + പാൽ + കുറുന്തോട്ടി കഷായം + കർപ്പസസ്‌താദി തൈലം
11. IRR : സഹജരാതി എണ്ണ അല്പം തടവി ഇൻഫ്രാ റെഡ് രശ്മികൾ വേദനയുള്ള ഭാഗത്തു ഏൽപ്പിക്കുക
12. യോഗ : രാവിലെയും വൈകുന്നേരം - രാവിലെ 1 മണിക്കൂർ നീളുന്ന കർമ്മമാണെകിൽ വൈകുന്നേരം നടുവേദനയ്ക്ക് മാത്രമുള്ള 30 മിനിറ്റ് നീളുന്ന പരിപാടി
13. ഫിസിയോ തെറാപ്പി
14. അക്വി പഞ്ചർ


വായിച്ചു തീർന്ന പുസ്തകങ്ങൾ:

1 . ബെന്ന്യാമന്റെ 'അൽ-അറേബ്യൻ നോവൽ ഫാക്ടറി'
2 . എസ് ആർ ലാൽ എഴുതിയ 'സ്റ്റാച്യു പി ഒ
3 . എ പി കളയ്ക്കാട് എഴുതിയ 'പോർക്കലി'
4 . പി വി കെപനയാലിന്റെ പുസ്തകം 'ഇളകിയാടുന്ന മൗനം'
5 . സ്വാതി തിരുനാൾ : മഹാരാജാവും മഹാകവിയും, Dr പി കെ ഗോപി
6 . അംബികാസുതൻ മാങ്ങാടിന്റെ 'രണ്ടു മത്സ്യങ്ങൾ'
7 . ജിജോ സേവിയർ എഴുതിയ 'ആത്‌മകഥയില്ലാത്തവരുടെ ആൽബം'
8 . ടി കെ സുധാകരൻ ആനന്ദാശ്രമം എഴുതിയ 'ഇടമില്ലാത്തവൻ'
9 . ടി കെ സുധാകരൻ ആനന്ദാശ്രമം എഴുതിയ 'പഞ്ചാഗ്നി'
10 . പൗലോ കെയ്‌ലൊ എഴുതിയ 'ദി ആൽക്കെമിസ്റ്'
11 . പൗലോ കെയ്‌ലൊ എഴുതിയ 'പെഡ്രോ നദിയുടെ തീരത്തിരുന്ന് ഞാൻ തേങ്ങിക്കരഞ്ഞു'