പേജുകള്‍‌

മാമ്പഴക്കാലം



ഉമ്മറത്തെ പടിയിലിരുന്ന് പുറത്തേക്കു നോക്കുമ്പോൾ എനിക്ക് സങ്കടം തോന്നി. സൂര്യൻ ആകാശത്തിന്റെ ഉച്ചിയിൽ കത്തിജ്വലിക്കുകയാണ്. ഒരു ഇളം കാറ്റിനായി ഞാൻ ആശിച്ചു. ഭൂമിയെ ചുംബിക്കാൻ കൊതിക്കുന്ന മരച്ചില്ലകളിൽ കാറ്റ് ഊഞ്ഞാലാടുന്നത് കാണാൻ കൊതിച്ചു. മുന്നിൽ ഏട്ടനായി പണിതുകൊണ്ടിരിക്കുന്ന വീട്. അതിന്റെ കിഴക്കുഭാഗത്തായി ഒരു വലിയ ശൂന്യത പൊടുന്നനെ എനിക്കനുഭവപ്പെട്ടു. ആ ശൂന്യതയിലൂടെ എന്റെ മനസ്സ് പിറകോട്ടോടി, വർഷങ്ങളോളം പിറകോട്ട്. ഇപ്പോൾ ഞാൻ ട്രൗസറുമിട്ട് മാങ്ങ വലിച്ചൂമ്പി നടക്കുന്ന കുട്ടിയാണ്. കൈകളിലൂടെ ഒലിച്ചിറങ്ങുന്ന മധുരമേറും മാങ്ങാച്ചാറ് ഇടയ്ക് നക്കുന്നുമുണ്ട്. ഏതു മാങ്ങയാണ് തിന്നുന്നത്, ഇത്തിരിപ്പോന്ന ചുണ്ണ്യൻ ആണോ അതോ കൈയിൽ ഒതുങ്ങാത്ത ഗുണ്ഡിയനോ? ഇനി അഥവാ തേനൂറും പഞ്ചസാര മാങ്ങയാണോ..? അറിയില്ല,ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്ന ഒരുപാടു മാങ്ങകൾ നിറഞ്ഞ കാലമായിരുന്നല്ലോ അത്..ഒരു നല്ല മാമ്പഴക്കാലം.

കയ്യാലയോട് ചേർന്ന് വളപ്പിന്റെ നാലുഭാഗത്തും നിറയെ മാവുകൾ ആയിരുന്നു. ബാക്കിയുള്ള സ്ഥലത്ത് തെങ്ങും പലതരം പ്ലാവുകളും പറങ്കിമാവുകളും പുളിമരവും നെല്ലിയും കാഞ്ഞിരവും ഒക്കെ ഒരുമയോടെ കഴിഞ്ഞു പോന്നു. മാമ്പഴക്കാലമായാൽ പ്രത്യേകിച്ച് അവധിദിവസം കൂടിയായാൽ ഞങ്ങൾ കുട്ടികളെല്ലാം ഏതെങ്കിലും മാവിൻ ചോട്ടിൽ കാറ്റിന്റെ കനിവും പ്രതീക്ഷിച്ചിരിക്കും. ഇടയ്ക്കിടെ കടന്നുപോവുന്ന കാറ്റ് ചിലപ്പോൾ ഞങ്ങളോട് അലിവ് തോന്നി മാവിന്റെ ചില്ലയൊന്നിൽ ഊഞ്ഞാലാടും. ആ ഇളക്കത്തിൽ ഞെട്ടറ്റു വീഴുന്ന മാങ്ങകൾക്കു വേണ്ടിയുള്ള കലപിലയാവും പിന്നെ. ആ കാഴ്ചയിൽ മനംനിറഞ്ഞ് ഒരു ചെറുചിരിയോടെ അനലൻ ഞങ്ങളെയും കടന്ന് കിഴക്കോട്ട് പോകും. ഇപ്പോഴും ഓർമ്മയിൽ തെളിഞ്ഞുകാണാം പൂത്തുലഞ്ഞു നിൽക്കുന്ന ഓരോ മാവുകളേയും. പേരെടുത്തു പറയാനുമറിയാം ഓരോന്നിനെയും. അവയുടെ രുചിയും മണവുമാകട്ടെ എന്റെ നാവിൻതുമ്പിലും മൂക്കിൻത്തുമ്പിലും സദാ തങ്ങിനിൽക്കുന്നുമുണ്ട്. കേൾക്കണോ നിങ്ങൾക്കത്? കാണണോ എന്നിലൂടെ ആ കാഴ്ചകൾ? എങ്കിൽ ഇതാ...

ഒരറ്റത്ത് നിന്ന് ഞാൻ തുടങ്ങട്ടെ. ഞങ്ങളുടെ വളപ്പിലേക്ക് കയറുമ്പോൾ വീടിന്റെ തെക്കു-കിഴക്കേ കോണിലായി തലയുയർത്തി നിൽക്കുന്ന ആ മാവ് കണ്ടോ? അതാണ് പോത്തൻ മാവ്. അതെന്താ അങ്ങിനെ ഒരു പേര്? സംശയം തോന്നാം. നല്ല വലിപ്പമുള്ള ഉരുണ്ട മാങ്ങകളാണ് ഇതിൽ കായ്ക്കാറ്. ഒരു പോത്തിനെ പോലെ വലിയ മാങ്ങ. ഒന്നിനും കൊള്ളാത്തവരെ നമ്മൾ പറയില്ലേ 'അതൊരു പോത്ത്' എന്ന്? അതുപോലെയാണ് ഇതിന്റെ മാങ്ങയും. പുളിച്ചിട്ട് വായിൽ വയ്ക്കാൻ കൊള്ളില്ല. എങ്കിലും ഇതിനെ ഇഷ്ടപ്പെടുന്നവരും ഉണ്ട് കേട്ടോ.

അതിന്റെ തൊട്ടടടുത്തായി നിൽക്കുന്നത് ചുണ്ണ്യൻ. വലിപ്പത്തിൽ ഈ രണ്ട് മാവുകളും മത്സരിക്കുകയാണോ എന്ന് തോന്നും. കാഴ്ചയ്ക്ക് ഉണ്ണിയാണീ മാങ്ങ.രുചിയാണെങ്കിലോ കേമവും. ഒരു കാറ്റടിച്ചാൽ ശറപറാന്നു താഴേക്ക് വീഴും.വലിച്ചൂമ്പി കുടിക്കാൻ പറ്റിയ ഇനമാണ്.ഇതിനെക്കൊണ്ട് മാങ്ങാപ്പച്ചടി ഉണ്ടാക്കിയാൽ എന്തൊരു സ്വാദാണെന്നോ.!! ഈ വിരുതൻ മാങ്ങ ഒരിക്കൽ ചെറിയ ഏട്ടന്റെ തല മുറിയാൻ നിമിത്തമായിട്ടുണ്ട്. മൂപ്പിളമ തർക്കമായിരുന്നില്ല പകരം മൂത്ത ഏട്ടന് സംഭവിച്ച ഒരു ചെറിയ കൈപ്പിഴ.

ഇനി ഇത്തിരി താഴോട്ട് നടക്കണം. കളപ്പുരയും കഴിഞ്ഞു ഇത്തിരി താഴോട്ട്. തെക്കു ഭാഗത്തായി ഒരു വലിയ മരം കുത്തനെ മേലോട്ട് നിൽക്കുന്നത് കണ്ടോ? അതിന്റെ ചില്ലകളൊക്കെ അങ്ങ് മേലേയാണ്. ഇതാണ് പുളിയൻമാവ്. പേര് പോലെത്തന്നെ പുളിച്ചിട്ടു വയ്യ ഇതിലെ മാങ്ങകളെങ്കിലും വലിച്ചുകുടിക്കാൻ കേമനാണ് ഇവനും. ഓരോ വർഷവും കാക്കത്തൊള്ളായിരം മാങ്ങകൾ കായ്ക്കും. ഇവന്റെ ചില്ലുകളിൽ മിക്കതും അപ്പുറത്തെ പറമ്പിലേക്കാണ് കിടക്കുന്നത്. അതുകൊണ്ട് മാങ്ങ പെറുക്കാൻ മിക്കപ്പോഴും അതിർത്തി കടക്കേണ്ടിവരും. ഒരു ചെറു കാറ്റടിച്ചാൽ മതി എണ്ണിയാൽ തീരാത്തത്രയും മാങ്ങകൾ  മണ്ണിൽ ചിതറിക്കിടക്കും. ഇരുഭാഗത്തുമുള്ളവർ വട്ടിയും കൂട്ടയുമായി വന്ന് മത്സരിച്ച്‌ മാങ്ങ പെറുക്കും. എന്റെ അച്ഛമ്മയുടെ കൂട്ടുകാരി പാറുവമ്മയുടെ ആവേശമൊക്കെ ഒന്ന് കാണേണ്ടത് തന്നെ. പെറുക്കുന്നവനാണ് മാങ്ങയുടെ അവകാശി എന്ന അലിഖിതനിയമം ഉണ്ടായിരുന്ന കാലമായിരുന്നു അത്.

പടിഞ്ഞാറേ അതിരിലാണ് കപ്പമാങ്ങ. ഇതും നല്ല വലിപ്പമുള്ള മാങ്ങയാണ്. തൊലി നല്ല കട്ടിയായിരിക്കും. ഇതിനൊരു പ്രത്യകസ്വാദും മണവുമാണ്. അറബിക്കടലിനെ തഴുകിവരുന്ന തെക്കുപടിഞ്ഞാറൻ കാറ്റ് ഇതിന്റെ മണവും വലിച്ചെടുത്താണ് പിന്നെ കിഴക്കന്മലകളിലേക്ക് പറക്കുന്നത്. അത്ര പെട്ടെന്നൊന്നും വീഴാൻ കൂട്ടാക്കാത്ത ഈ മാങ്ങ മാവിന്റെ ഉയരക്കൂടുതൽ കാരണം പറിക്കാൻ എളുപ്പവുമല്ല. പിന്നെ അർജ്ജുനന്മാർ അല്ലാത്തതിനാൽ എറിയുന്ന കല്ല് വല്ല ഭാഗ്യത്തിനും ഒരെണ്ണത്തിനെ താഴെയിട്ടാലായി.

വടക്കുപടിഞ്ഞാറേ മൂലയിൽ സമൃദ്ധമായ ഇലകളോടെ ഇത്തിരി ഇരുൾ പരത്തി ഉശിരോടെ നിൽക്കുന്ന വീരനാണ് ചേരിയൻ മാങ്ങ. നിറയെ നാരാണ് ഈ മാങ്ങയിൽ. ഒരു മാങ്ങ തിന്നാൻ അഞ്ചുമിനിറ്റ് മതിയാകും പക്ഷെ പല്ലിൽ കുടുങ്ങിക്കിടക്കുന്ന നാര് എടുത്തുകളയാൻ പതിനഞ്ചു മിനുട്ടു വേണ്ടി വരും. പഴുത്താൽ ചുവപ്പും മഞ്ഞയും ചേർന്ന നിറമാണിതിന്. ഇതിന്റെ സ്വാദോർക്കുമ്പോൾ നാര് കളയാനുള്ള ബുദ്ധിമുട്ട് എല്ലാവരും മറക്കും. ഈ മാങ്ങയുടെ അണ്ടി നല്ല പുഷ്ടിയുള്ളതിനാൽ പച്ചടിയിൽ ഇതിന്റെ അണ്ടിക്കായി ഞാൻ തപ്പാറുണ്ട്.

ഇനി കുറെ ഗോമാവുകളാണ്. ഒരു പക്ഷെ മാവുകളുടെ കൂട്ടത്തിൽ തനി നാടൻ. എല്ലാ വളപ്പിലും കാട്ടിലും ഗോമാവുകൾ നിറയെ കാണാം. പച്ചയായാലും പഴുത്തായാലും തിന്നാൻ നല്ലതാണ്. കടിച്ച് തിന്നാനാണ് സുഖം. പഴുത്താൽ പച്ചയും ഇളം മഞ്ഞയും ചേർന്ന നിറം. മുറിച്ചാലും പലനിറം. ചിലപ്പോൾ നല്ല ഓറഞ്ച് നിറം അല്ലെങ്കിൽ ഇളം മഞ്ഞ കലർന്ന വെള്ള നിറം, മഞ്ഞയും ഓറഞ്ചും അങ്ങനെ പല നിറത്തിലും പല വലുപ്പത്തിലും കാണാം. തുളസിക്കതിർ ചൂടിയ നാടൻ പെൺകുട്ടിയുടെ ചന്തമാണ് ഇവയ്ക്ക്. താഴ്ന്നുകിടക്കുന്ന കൊമ്പുകളായതിനാൽ പറിക്കാനും ഞങ്ങൾക്ക് വളരെ എളുപ്പം. കിണറിന് ചുറ്റുമായും കളപ്പുരയുടെ പിന്നിലായും കുറെ ഗോമാവുകൾ ഉണ്ടായിരുന്നു, പല വലുപ്പത്തിൽ. ഉപ്പും മുളകും ലേശം വെളിച്ചെണ്ണയും ചാലിച്ച് തിന്നാനായി പഴുക്കും മുൻപേ നിലത്തെറിയപ്പെട്ട് വീരചരമം പ്രാപിക്കാൻ മിക്കവാറും യോഗമുണ്ടായിരുന്ന പാവം ചാവേറുകളായിരുന്നു ഇവ. ആ പഴയ ഓർമ്മകൾ ഉണർത്തിക്കൊണ്ട് ഇതിൽ ചില മരങ്ങൾ ഇപ്പോഴും കിണറിന് സമീപത്ത് ബാക്കിനിൽപ്പുണ്ട്.

മധുരമുള്ള പലഹാരങ്ങൾ ഉണ്ടാക്കാൻ നമ്മൾ സംശയലേശമന്യേ ഉപയോഗിക്കുന്ന വസ്തുവാണ് പഞ്ചസാര. ആ പേരിലൊരു മാങ്ങയുള്ളതായികേട്ടിട്ടുണ്ടോ? എന്നാൽ അതും ഉണ്ടായിരുന്നു ഞങ്ങളുടെ പൂങ്കാവനത്തിൽ. പഞ്ചസാര മാങ്ങ എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും മാധുര്യം. എത്ര തിന്നാലും മടുക്കാത്ത മാങ്ങ. കാഴ്ചയ്ക്ക് ചെറുതാണ് മാങ്ങയും മാവും. മറ്റു മാവുകളെപ്പോലെ ഭൂമിയിൽ നിന്ന് അധികം ഉയരത്തിൽ വളരാതെ, കുട്ടികൾക്ക് കേറിമറിയാനും ഊഞ്ഞാലാടാനും ഒക്കെ അകമഴിഞ്ഞു സഹായിക്കുന്ന മാവാണ് ഈ പഞ്ചാരക്കുട്ടൻ. മാവിൽ കയറി കൊമ്പു കുലുക്കി മാങ്ങ താഴെയിടാനും അത് പെറുക്കിയെടുക്കാനും എന്തൊരു ഉത്സാഹമായിരുന്നു അന്നൊക്കെ. മാങ്ങയുടെ അറ്റത്തു സൂചിമുന പോലൊരു ഓട്ടയുണ്ടാക്കി വലിച്ചു കുടിക്കുന്നത് ഞങ്ങളുടെ ശീലമായിരുന്നു. ഈ മാങ്ങ മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ ഇത്തിരി മടിയുണ്ടായിരുന്നു. ഞങ്ങളുടെ അയല്പക്കത്തെ ഒരു ചേട്ടൻ ഈ മാങ്ങയൊരെണ്ണം കട്ടു എന്ന് പറഞ്ഞു ഞാൻ പണ്ട് കോലാഹലം ഉണ്ടാക്കിയിട്ടുണ്ട്.

ഇനിയുള്ളത് അച്ചാറുണ്ടാക്കാൻ ബഹുകേമൻ എന്നെല്ലാവരും പറയുന്ന കടുമാങ്ങയാണ്. ഇതിന്റെ മണം എത്ര ദൂരത്തു നിന്നാണെങ്കിലും നമ്മൾക്ക് തിരിച്ചറിയാൻ പറ്റും. അധികം മൂക്കാത്ത മാങ്ങ നിലത്തു വീഴാതെ ശ്രദ്ധയോടെ പറിച്ച് ഞെട്ട് മുറിച്ച് ചെന കളഞ്ഞ് വൃത്തിയായി തുടച്ച് ചീനഭരണിയിൽ ഇട്ട്  ഉപ്പും ചേർത്ത് ദിവസങ്ങളോളം തട്ടിൻപുറത്ത് വയ്ക്കും. മാങ്ങയുടെ നീരൊക്കെ ഉപ്പ് വലിച്ചെടുത്ത് കഴിയുമ്പോൾ ബാക്കി ചേരുവകളൊക്കെ ചേർത്ത് അതിനെ ഒരു സ്വാദേറും അച്ചാർ ആക്കി മാറ്റുമായിരുന്നു പണ്ട് അമ്മയും അച്ഛമ്മയും ഒക്കെ. പിന്നെ അടുത്ത വർഷം വരെ വീട്ടുകാർക്കും പണിക്കാർക്കും എല്ലാം കഞ്ഞിയുടെ കൂടെ തൊട്ടുകൂട്ടാൻ ഇത്തിരി കടുമാങ്ങ അച്ചാറുമുണ്ടാകും.

ഇനിയാണ് ഞങ്ങളുടെ പൂങ്കാവനത്തിലെ ഗജകേസരി എന്നറിയപ്പെടുന്ന , ഒറ്റക്കൊമ്പന്റെ തലയെടുപ്പോടെ കിഴക്ക് ഭാഗത്തായി ഏതാണ്ട് ഒറ്റയ്ക്ക് നിലകൊണ്ടിരുന്ന ഗുണ്ടിയന്റെ കഥ.
എന്തുകൊണ്ടാണ് ഇങ്ങനെയൊരു പേരെന്നെനിക്കറിയില്ല. എനിക്കോർമ്മ വച്ചനാൾ മുതൽ ഞാനിതിന്റെ ആരാധകനാണ്. ആകാശത്തേക്ക് തെറിച്ചുപോകുന്ന തലയുമായി കൈകൾ വിശാലമായി വിടർത്തി ആരെയും കൂസാത്ത ആ നിൽപ്പുണ്ടല്ലോ, ഏതൊരാളിനേയും തന്റെ അകാരസൗഷ്ഠവം കൊണ്ട് വശീകരിക്കാൻ പോന്ന ആ തന്റേടം നിറഞ്ഞ നിൽപ്പ്. അതിനെ വർണ്ണിക്കാൻ എനിക്ക് വാക്കുകൾ പോരാ. ഇപ്പോഴും എന്റെ കണ്മുന്നിൽ നിറഞ്ഞു നിൽക്കുകയാണത്. ഒരു പക്ഷെ, ഇല്ലാതായപ്പോൾ ഞാൻ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടതും ഇതിനെയോർത്താണ്. ആ വളപ്പിലെ ഏറ്റവും വലിയ മാങ്ങ ഇവന്റെതാണ്. ഒരു മാങ്ങ തിന്നാൽ വയർ നിറയും. ആകാശത്തോളം ഉയർന്ന കൊമ്പുകളായതിനാൽ കാറ്റിനെ ആശ്രയിക്കുകയേ വഴിയുള്ളൂ ഇതിന്റെ മാങ്ങയൊന്ന് തിന്നാൻ. ഏറ്റവും വൈകി മാത്രം തീരുന്ന മാങ്ങ കൂടിയാണിത്. ഇളം പച്ച നിറത്തിലുള്ള മാങ്ങ, മൂക്കാൻ തുടങ്ങുമ്പോൾ ഒരു ഭാഗം ചുവന്ന  നിറത്തിലാകുന്നു. പഴുക്കുമ്പോൾ അതിന്റെ കൂടെ ഇത്തിരി മഞ്ഞയും കൂടി ചേരും, മാത്രവുമല്ല ചുവന്ന നിറം കൂടുതൽ ചുവക്കുന്നു. അകത്തെ മുറിയിലിരുന്നാൽ കേൾക്കാം ഇവൻ പൊത്തോന്ന് വീഴുന്ന ശബ്ദം. എന്നും തന്റെ ഊന്നുവടിയുമായി അച്ഛച്ചൻ ഇവന്റെ ചുവട്ടിൽ നടക്കുമായിരുന്നു. വടിയും കുത്തി എന്നും തന്റെ തണലിൽ മാങ്ങയും തിരഞ്ഞുനടന്നിരുന്ന, തന്നോളം പ്രായമുള്ള അച്ഛച്ഛന്റെ പൊടുന്നനെയുള്ള മരണം ഞങ്ങളെപ്പോലെ ഇതിനേയും ഒരു വല്ലാത്ത ശൂന്യതയിലേക്ക് ആഴ്ത്തിയിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ഇതിനും അൽപ്പം നാരൊക്കെയുണ്ട്. കട്ടിയുള്ള തൊലിയും മാംസളമായ ശരീരവുമാണിതിന്. താഴെ വീണാൽ പെട്ടെന്ന് പുഴു കയറുന്ന മാങ്ങയായതിനാൽ ശ്രദ്ധിച്ചു കഴിക്കണം.

പേരറിയാത്ത മാങ്ങകൾ വേറെയുമുണ്ട്. ഒരു വലിയ കുഴിയിൽ ഒറ്റയ്ക്ക് പാർത്തിരുന്ന ഒരു കൊച്ചു മാവ്. വൈകി മാത്രം പൂവിട്ട് വളരെ കുറച്ച്  മാങ്ങകൾ ഉണ്ടായിരുന്ന ഈ മാവ് മറ്റു മാവുകളിൽ നിന്നും വലുപ്പത്തിലും സ്വാദിലും വേറിട്ടതാണ്. കുഴിയുടെ കരയിൽ ഉണ്ടായിരുന്ന ഒരു കുഞ്ഞു നെല്ലിമരമായിരുന്നു ഈ പാവത്തിന് എന്നും കൂട്ട്. തന്റെ ചങ്ങാതി പോയതോടെ മിണ്ടാനും പറയാനും ആരുമില്ലാതെ നെല്ലിമരം ഇന്നും പൂത്തും തളിർത്തും കഴിയുന്നു. പേരറിയാത്തതിനാൽ കണ്ടത്തിലെ മാങ്ങ എന്ന അറിയപ്പെട്ട മാങ്ങയുമുണ്ടായിരുന്നു.

ഇനി അമ്മയുടെ വീട്ടിൽ പോയാലോ? അവിടെയും ഉണ്ട് ഇവിടെയൊന്നും കാണാത്ത മാങ്ങകൾ. നീലൻ എന്ന് പറയുന്ന സ്വാദിഷ്ടമായ വലിയ മാങ്ങ. ഒരിക്കൽ കഴിച്ചവർക്ക് ആ പേര് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും. അറ്റത്ത് തത്തച്ചുണ്ട് പോലെ വളഞ്ഞമൂക്കുള്ള മൂക്കൻ എന്ന മാങ്ങ. ഇത്രയും സ്വാദിഷ്ടമായ മാങ്ങ ഞാൻ കഴിച്ചിട്ടുണ്ടാകില്ല. പിന്നെ കശിമാങ്ങ എന്നറിയപ്പെടുന്ന, പഴുക്കാറുകുമ്പോഴേക്കും പുഴു കയറുന്ന, ഒരിക്കലും പഴുത്ത്  കഴിച്ചിട്ടില്ലാത്ത മാങ്ങ. പറയാനാണെങ്കിൽ പിന്നെയും ഒരുപാടുണ്ടായിരുന്നു മാവുകളവിടെ. ഒരു മഴപെയ്താൽ, ഇളം കാറ്റൊന്ന് വീശിയാൽ ആലിപ്പഴം പോലെ മാങ്ങകൾ ഉതിർത്തിരുന്ന മാവുകൾ. അമ്മയുടെ അച്ഛൻ മരണാസന്നനായി കിടന്നപ്പോൾ സങ്കടം സഹിക്കാനാകാതെ, കാറ്റും മഴയും ഇല്ലാത്ത രാത്രിയിൽ വേരറ്റ്‌ ചെരിഞ്ഞുവീണ ഒരു കൂറ്റൻ മാവ് ഇപ്പോഴും എന്റെ ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്നു. ആഹാരനീരാദികൾ വെടിഞ്ഞ് തപസ്സിലൂടെ പതുക്കെ മരണത്തിലേക്ക് നടന്നുകയറിയ യോഗീവര്യനെ ഓർമ്മിപ്പിക്കുന്ന പഴയകാലത്തിന്റെ നല്ല ഓർമ്മകൾ പേറിയിരുന്ന ഒരു പാവം നാട്ടുമാവ്.

ജീവിതപാരാവാരം മുറിച്ചു കടക്കുന്നതിനിടയിൽ കറങ്ങിത്തിരിഞ്ഞ് ഉദ്യാനനഗരിയെന്ന് മേനി നടിക്കുന്ന ബാംഗ്ലൂരിൽ എത്തിപ്പെട്ടപ്പോഴും അപരിചിതമല്ലാത്തതായ് എനിക്ക് തോന്നിയത് ഇവിടുത്തെ കാറ്റിൽ പോലും നിറഞ്ഞിരിക്കുന്ന മാമ്പഴത്തിന്റെ ഗന്ധമാണ്. കൊട്ടാരമൈതാനിയിൽ (പാലസ്‌ ഗ്രൗണ്ട്) കൃത്രിമ കുന്നുകളായി രൂപം പൂണ്ടിരിക്കുന്ന പല നിറത്തിലും വലുപ്പത്തിലും ഉള്ള മാങ്ങകളുടെ കാഴ്ച എന്നിൽ അത്‍ഭുതം നിറച്ചു. പല മാങ്ങകളും എവിടെയൊക്കെയോ കണ്ടു മറന്നതുപോലെ തോന്നിച്ചെങ്കിലും അവയുടെ പേരുകൾ എന്നിൽ അന്യതാ ഭാവം നിറച്ചു. ആ പേരുകൾ ഇങ്ങനെയായിരുന്നു - ബൈഗനപ്പള്ളി,മല്ലിക,തോത്താപുരി, രാസ്‌പുരി, നീലം, അൽഫോൻസ തുടങ്ങിയവ. ഇതിൽ നീലം മാത്രമാണ് ഞാൻ മുൻപ് കേട്ടിട്ടും കണ്ടിട്ടുമുള്ളത്. അൽഫോൻസയും ഇപ്പോൾ നാട്ടിൽ ധാരാളം കണ്ടുവരാറുണ്ട്. നല്ല മഞ്ഞ കലർന്ന ഓറഞ്ച് നിറത്തോടു കൂടിയ ബൈഗനപ്പള്ളി രുചിയിലും വിലയിലും കേമനാണ്. ഇതേ നിറമാണെങ്കിലും ഇത്തിരി കൂടുതൽ നീളം കൂടുതൽ ആണ് മല്ലികയ്ക്ക്. ചുവപ്പും മഞ്ഞയും കലർന്നതാണ് രാസ്‌പുരിയെങ്കിൽ  കൂട്ടത്തിലെ സുന്ദരിയാണ് അൽഫോൻസ എന്ന് നിസ്സംശയം പറയാം. ഈ കാഴ്ചകളെല്ലാം കണ്ടു നടക്കെ, നന്ദിമല താണ്ടി വന്ന വടക്കൻ കാറ്റ് ഈ വിളഞ്ഞ മാങ്ങകളുടെ ഉടലിൽ നിന്നും അവയുടെ കൊതിപ്പിക്കുന്ന ഗന്ധം കവർന്നെടുത്ത് എന്റെ നാസാരന്ദ്രങ്ങളിലേക്ക് അടിച്ചുകേറ്റി. മനംമയക്കുന്ന ആ ഗന്ധം എന്നെ  വീണ്ടും മാമ്പഴത്തിന്റെ മധുരിക്കുന്ന ഓർമ്മകൾ നിറഞ്ഞ ബാല്യകാലത്തേക്ക് കൈപിടിച്ച് കൊണ്ടുപോയി.

പറയാൻ തുടങ്ങിയാൽ തീരാത്തത്രയും മാവുകളും മാങ്ങകളും നിറഞ്ഞതായിരുന്നു ഞങ്ങളുടെ ബാല്യകാലം. ഒരു പക്ഷെ ഇപ്പോഴത്തെ കുട്ടികൾക്ക് കേൾക്കാൻ പോലും ഭാഗ്യമില്ലാത്ത കഥകളും മരങ്ങളും പഴങ്ങളും നിറഞ്ഞ കാലം. കാലക്രമേണ പലവിധ കാരണങ്ങളാൽ നിഷ്ഠൂരം മുറിച്ചുമാറ്റപ്പെട്ടു ഓരോ മരങ്ങളും. കിളികൾക്കും ചെറുജീവികൾക്കും  ആശ്രയമായിരുന്ന, എല്ലാവർക്കും നന്മ മാത്രം പ്രദാനം ചെയ്തിരുന്ന വൻ വൃക്ഷങ്ങൾ പതുക്കെ വിസ്മൃതിയിലാണ്ടുപോയി. ഇപ്പോഴും അവശേഷിക്കുന്നു ചില മാവുകൾ മരുഭൂമിയിലെ ഒറ്റപ്പെട്ട പച്ചത്തലപ്പുപോലെ. പ്രായം തളർത്തിയ അവശതകളേക്കാളേറെ അവയെ തളർത്തുന്നത് തങ്ങൾക്ക് നഷ്‌ടമായ ആ പഴയ കാലത്തിന്റെ ഓർമ്മകളാണെന്ന് എനിക്ക് തോന്നി. കാലം തെറ്റി തളിർത്തും പൂവിട്ടും വിളഞ്ഞും ആർക്കോ വേണ്ടി ജീവിക്കുകയാണ് അവയിപ്പോൾ. ശൂന്യമായ പറമ്പ് കാണുമ്പോൾ, മഴക്കാലത്തും വെയിലേറ്റ് വാടുമ്പോൾ, കാറ്റ് പോലും കടന്നുവരാൻ മടിക്കുന്ന കാലത്ത് ഈ  പൂമുഖത്തിരിക്കുമ്പോൾ അറിയാതെ കൊതിച്ചുപോകുന്നു, മനസ്സുകൊണ്ട് പ്രാർഥിച്ചുപോകുന്നു മധുരമേറിയ ഒരു നല്ല മാമ്പഴക്കാലത്തിനായ്, ആ നല്ല ഹരിതകഞ്ചുകത്തിനായ്‌.

2 അഭിപ്രായങ്ങൾ: