പേജുകള്‍‌

ചിദംബരസ്മരണ......


             ചിദംബരം എന്ന പേര് എത്രയോ വട്ടം മനസ്സിൽ ഒരു സ്വപ്നമായി കൊണ്ട് നടന്നിട്ടുണ്ട്.എന്നെങ്കിലും ഒരിക്കൽ ഇവിടം സന്ദർശിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ലോകൈകനാഥനായ മഹാദേവൻ നടരാജ രൂപത്തിൽ അനുഗ്രഹം ചൊരിയുന്ന പുണ്യഭൂമിയാണ് അവിടം എന്നത് തന്നെയായിരുന്നു അതിനു കാരണം.
            ചിദംബരം പട്ടണത്തിലേക്ക് കാർ പ്രവേശിച്ചപ്പോൾ തന്നെ മനസ്സിൽ ആഹ്ലാദം നിറയാൻ തുടങ്ങിയിരുന്നു, ഹൃദയം വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു.ഒരു ചെറിയ പട്ടണമാണ് ചിദംബരം, വീതി കുറഞ്ഞ റോഡുകളും എന്നാൽ അത്യാവശ്യം തിരക്കും നിറഞ്ഞതായിരുന്നു.ഇന്ത്യയിലെ മറ്റു നഗരങ്ങളിൽ എന്ന പോലെ ഇവിടെയും വഴിയോരത്ത് മാലിന്യങ്ങൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ലോകപ്രശസ്തമായ നടരാജ ക്ഷേത്രം ഇവിടെയാണോ സ്ഥിതി ചെയ്യുന്നത് എന്ന് പോലും സംശയം തോന്നാവുന്ന ഒരു അന്തരീക്ഷമായിരുന്നു അവിടം അനുഭവപ്പെട്ടത്. എങ്കിലും എത്രയും പെട്ടെന്ന് നടരാജ സന്നിധിയിൽ എത്താനായി എന്റെ മനസ്സും ശരീരവും വെമ്പൽ കൊള്ളുകയായിരുന്നു. സമയം ഏതാണ്ട് 10 മണി ആയിക്കാണും, സൂര്യകിരണങ്ങൾ അത്യാവശ്യം തീക്ഷ്ണമായിരുന്നു. കാർ പാർക്ക് ചെയ്യാൻ പോകുമ്പോൾ തന്നെ വലത്തോട്ട് ഒരു ദിശാസൂചി കണ്ടു -- അമ്പലത്തിന്റെ ദിശ സൂചിപ്പിച്ചു കൊണ്ട്. കാറിൽ നിന്ന് ഇറങ്ങി ഒരു ചെറിയ റോഡിലേക്ക് കയറിയപ്പോൾ കണ്ടു ആകാശം മുട്ടെ ഉയർന്നു നില്ക്കുന്ന, കൊത്തുപണികളാൽ അലങ്കൃതമായ ഒരു ഗോപുരം.വഴിയുടെ ഇരു വശങ്ങളിലും ചൈനീസ് കളിപ്പാട്ടങ്ങൾ വില്ക്കുന്ന കടകളായിരുന്നു കൂടുതലും.ദേവന് അർപ്പിക്കാൻ വേണ്ട പൂക്കളും തേങ്ങയും ഒക്കെ വിൽക്കുന്ന കടകളും അത് വിൽക്കാൻ നടക്കുന്ന കൊച്ചു കുട്ടികളെയും കണ്ടു. പാദരക്ഷകൾ സുരക്ഷിതമായി വച്ച്, ഗോപുരത്തിനെ വീക്ഷിച്ചു കൊണ്ട് മുന്നോട്ടു നടന്നു. നൂറ്റാണ്ടുകൾക്കു മുൻപുണ്ടായിരുന്ന ശിൽപികളുടെ കരവിരുത് കണ്ടു അത്ഭുതപെട്ടു. ഭഗവാനെ മനസ്സാസ്മരിച്ചു കൊണ്ട് വലതു കാൽ വച്ച് അകത്തു കയറി.ഒരു നിമിഷം അത്ഭുതപ്പെട്ടുപ്പോയി.വിശാലമായ ക്ഷേത്രവളപ്പിലെക്കായിരുന്നു കയറിച്ചെന്നത്. നേരത്തെ കണ്ടത് പോലെയുള്ള ഗോപുരങ്ങൾ മറ്റു 3 ഭാഗത്തും തല ഉയർത്തി പിടിച്ചു നിൽക്കുന്നത് കണ്ടു. പുറമേ നിന്ന് വീക്ഷിക്കുന്ന ആളുടെ കണ്ണിൽ നിന്നും വളരെ വിദഗ്ദമായാണ് ക്ഷേത്രത്തിന്റെ വലുപ്പം ഒളിപ്പിച്ചു നിർത്തിയിരിക്കുന്നത്.
              ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും ക്ഷേത്രത്തിന്റെ പഴക്കം. ക്ഷേത്രഭാഗങ്ങൾ പലയിടത്തും പൊട്ടിപൊളിഞ്ഞു അശ്രദ്ധമായി കിടക്കുന്നത് കണ്ടപ്പോൾ മനസ്സിലെവിടെയോ ഒരു വേദന തോന്നി. പുറത്തെ ഭംഗി ആസ്വദിച്ചും ഉപദേവതമാരെ തൊഴുതും സാവധാനം നാലമ്പലത്തിന്റെ അകത്തേക്ക് പ്രവേശിച്ചു.ഓരോ ശിലയും ഒരു അത്ഭുതമാണ് ഭക്തർക്ക്.അതിലെ കരവിരുത് അത്രയ്ക്ക് മനോഹരമായിരുന്നു.ഓരോ ഉപദേവതമാരെ തൊഴുമ്പോഴും നടരാജ സന്നിധിയിൽ എത്താനായി എന്റെ മനസ്സ് ധൃതി കൂട്ടിക്കൊണ്ടിരുന്നു. എനിക്ക് ആശ്ചര്യം തോന്നിയ മറ്റൊരു കാര്യം, ഒരു ശ്രീകോവിലിന്റെ മുന്നിലും ഭണ്ടാരമില്ല എന്നതായിരുന്നു. മാസപ്പൂജയോ അല്ലെങ്കിൽ വർഷപ്പൂജയൊ ചെയ്യാനായി ഭക്തർ ഏൽപ്പിക്കുന്ന തുകയാണ് ഇവിടുത്തെ വരുമാനം എന്ന് ഒരു പൂജാരി പറഞ്ഞു തന്നു. താൽപ്പര്യമുള്ളവർക്ക് കാശും മേൽവിലാസവും അവിടെ ഏൽപ്പിക്കാം. പ്രസാദം കൃത്യമായി മേൽവിലാസക്കാരനെ തേടിയെത്തും എന്നും അറിയാൻ കഴിഞ്ഞു. കരിങ്കല്ലിന്റെ കുളിർമ ആവോളം നുകർന്നും ശില്പചാതുര്യം ആസ്വദിച്ചും ഞങ്ങൾ പതുക്കെ പ്രദക്ഷിണം വച്ചു. ഒരു വലിയ ശ്രീകോവിൽ കണ്ടപ്പോൾ അവിടെ കയറി തൊഴുതു, അത് പക്ഷെ ഭഗവൻ വിഷ്ണുവിന്റെതായിരുന്നു. നടരജമൂർത്തി എവിടെ എന്നന്വേഷിച്ചപ്പോഴാണ് അതിനു പുറത്തു വലതു വശത്തായി വലിയൊരു ജനക്കൂട്ടം കണ്ടത്. ആരോടോ അന്വേഷിച്ചപ്പോൾ അതാണ് സാക്ഷാൽ കൈലാസനാഥന്റെ ഗർഭഗൃഹം എന്നറിയാൻ കഴിഞ്ഞു. അപ്പോൾ എനിക്കുണ്ടായ ആനന്ദം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. അവിടെ നിന്ന് കൊണ്ട് ശ്രീകോവിലിനുള്ളിലേക്ക് സൂക്ഷിച്ചു നോക്കി.കൃഷ്ണ ശിലയിൽ, നർത്തനമാടുന്ന മഹാദേവന്റെ ചൈതന്യമാർന്ന വിഗ്രഹം, കൂടെ ദേവി പാർവതിയും.ഇമയനക്കാതെ ഒരു പാട് നേരം ആ വിഗ്രഹം നോക്കി നിന്നു. ഭക്തിയോടെ പഞ്ചാക്ഷരി മന്ത്രം ഉരുവിട്ടു. തിരക്കൊഴിഞ്ഞപ്പോൾ മുൻപിലേക്ക് ചെന്ന് വീണ്ടും തൊഴുതു. വലതു കാലിനാൽ തിന്മയെ ചവുട്ടിയമർത്തി, ഇടതു കാലുയർത്തി, വലതു കൈയ്യാൽ അനുഗ്രഹമേകി, ഇടതു കൈ കൊണ്ട് തന്റെ പാദത്തിനെ അഭയമാക്കിക്കൊള്ളു എന്ന് ഭക്തർക്ക് കാണിച്ചു തരുന്ന നടനത്തിന്റെ രാജനായ സാക്ഷാൽ മഹേശ്വരൻ. ഇതിൽ കൂടുതൽ മനോഹരമായ എന്ത് കാഴ്ചയാണ് ഒരു ഭക്തനു കാണാൻ കഴിയുക!!! എത്ര നേരം അവിടെ നിന്നു എന്നറിയില്ല. തൊട്ടടുത്ത് ഉണ്ടായിരുന്ന ഒരു വൃദ്ധൻ ക്ഷേത്രത്തിന്റെ ചരിത്രം പറഞ്ഞു തരുമ്പോഴും ശ്രദ്ധ മുഴുവൻ ശ്രീകോവിലിൻ ആയിരുന്നു. കുറച്ചു സമയത്തിന് ശേഷം അവിടെ നിന്ന് പുറത്തിറങ്ങി. നേരെ ചെന്നത് മഹാദേവനും മഹാകാളിയും നൃത്ത മത്സരം നടത്തുന്ന രീതിയിൽ വിഗ്രഹമുള്ള കോവിലിൽ ആയിരുന്നു. അവിടുത്തെ പൂജാരി ആ വിഗ്രഹത്തിന്റെ കഥയും ശിവരാത്രിക്ക് നൃത്തമൽസരങ്ങൾ അരങ്ങേറുന്ന വിശേഷങ്ങളും പറഞ്ഞു തന്നു. പൂജ കഴിപ്പിക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ എന്ത് കൊണ്ടോ നിരസിക്കാൻ മനസ്സ് വന്നില്ല. ഒരു കൊല്ലത്തേക്കുള്ള തുക ഒന്നിച്ചു കൊടുത്തു രശീതി വാങ്ങി തൊഴുതിറങ്ങി.
              വീണ്ടും അമ്പലം മുഴുവൻ നടന്നു കണ്ടു.വിശാലമായ അമ്പലക്കുളവും ഗോശാലയും പാർവതി ദേവിയുടെ ആവാസസ്ഥാനം എന്ന് കരുതുന്ന മണ്ഡപങ്ങളും ഒക്കെ സന്ദർശിച്ചു.അതിനിടയിൽ സ്കൂളിൽ നിന്ന് വന്ന ഒരു കൂട്ടം കുട്ടികളുടെ കലപില ശബ്ദം ആ അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നിരുന്ന നിശബ്ദതയെ തച്ചുടച്ചു കളഞ്ഞു.പല ഭാഗത്തായി മിനുക്ക് പണികൾ നടക്കുന്നത് കണ്ടു.മഹാശിവരാത്രിക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ ആയിരിക്കും എന്ന് തോന്നി. എങ്കിലും പൊട്ടി പൊളിഞ്ഞു കിടക്കുന്ന പല ക്ഷേത്ര ഭാഗങ്ങളും മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ചു.
             ഏതാണ്ട് 3 മണിക്കൂറിനു ശേഷം മടങ്ങാൻ തീരുമാനിച്ചു. അമ്മയെ പിരിയേണ്ടി വരുന്ന കുട്ടിയെപ്പോലെ മ്ലാനവദനനായി, ശ്രീകോവിലിനു നേരെ നോക്കി തൊഴുത് ഇനിയും വരാൻ കഴിയണേ എന്ന് മൂകമായി പ്രാർത്ഥിച്ചു. അരുണദേവന്റെ തീക്ഷ്ണരശ്മികൾ ഏറ്റുവാങ്ങി തിരിഞ്ഞു നടക്കുമ്പോൾ ഹൃദയത്തിൽ ഡമരുവിന്റെ താളം മുഴങ്ങി,മനസ്സിൽ നടരാജൻ താണ്ടവമാടി. ആ നിർവൃതിയിൽ അലിഞ്ഞു ചേർന്നു കൊണ്ട് ഞാൻ പതുക്കെ കാർ മുൻപോട്ടെടുത്തു.