പേജുകള്‍‌

ആത്മസഖി



ഒരു വ്യാഴവട്ടത്തിനു ഒരു വർഷം കുറവ്..കൃത്യമായി പറഞ്ഞാൽ പതിനൊന്ന് വർഷം..അതൊരു ചെറിയ കാലയളവല്ല. ഈ കാലമത്രയും എന്നെ പരിചരിച്ചുകൊണ്ടു എന്റെ കൂടെ നിന്ന ആത്മമിത്രം. എന്റെ സുഖത്തിലും ദുഖത്തിലും കൂടെയുണ്ടായിരുന്നവൾ. വെയിലേറ്റ് വാടാതിരിക്കാൻ എനിക്ക് തണൽ വിരിച്ചവൾ..മഴയും മഞ്ഞും ഏൽക്കാതിരിക്കാനായി എനിക്ക് കുട പിടിച്ചവൾ..തണുത്ത നിശ്വാസത്താൽ എന്നെ ഉന്മേഷവാനാക്കിയവൾ..ഇരുട്ടത്ത് വഴി കാണാതെ നിന്ന എനിക്ക് മുൻപിൽ വഴി വിളക്ക് തെളിയിച്ചവൾ..കാതങ്ങളോളം എന്റെ കൂടെ അനുഗമിച്ചവൾ..പ്രകൃതിയിലെ കാഴ്ചകൾ തേടി ഞാൻ ഇറങ്ങിയപ്പോഴും ചരിത്രത്തിന്റെ സ്മരണകളിലേക്ക് ഊളിയിട്ടപ്പോഴും ചന്ദനത്തിന്റെ സൗരഭ്യം പരക്കുന്ന ഈശ്വരസങ്കേതങ്ങൾ അന്വേഷിച്ചിറങ്ങിയപ്പോഴും എന്റെ കൂടെ പോന്നവൾ.. കാലങ്ങളോളം എന്നോട് സല്ലപിച്ചവൾ, എന്റെ കാതിൽ സംഗീതം പൊഴിച്ചവൾ..എന്റെ ചവിട്ടേറ്റിട്ടും എന്നെ വിട്ടുപിരിയാത്തവൾ..സ്വന്തം ശരീരം തകർന്നിട്ടും എന്നെയും എന്റെ കുടുംബത്തെയും കാത്തുരക്ഷിച്ചവൾ..പറഞ്ഞാലും പറഞ്ഞാലും തീരാത്ത കടപ്പാട് സൃഷ്ടിച്ചവൾ..എല്ലാ സുഖങ്ങളും എനിക്ക് വേണ്ടി പ്രദാനം ചെയ്തവൾ..ഇടയ്ക്കു എന്നെയൊന്നു ഭയങ്കരമായി പേടിപ്പിച്ചവൾ..ഇങ്ങനെ നിരവധി വിശേഷണങ്ങൾക്ക് അർഹയായവൾ..അവളെപ്പറ്റി, എന്റെ ആത്മസഖിയെപ്പറ്റി എത്ര പറഞ്ഞാലും എനിക്ക് മതിവരില്ല..ജീവിതാവസാനം വരെ കൂടെകൂട്ടേണ്ടവൾ ആയിരുന്നു..എന്നിട്ടും......!!!

എന്നിട്ടും ഞാൻ അത് ചെയ്തു..നിഷ്കരുണം ഞാനവളെ ഉപേക്ഷിച്ചു..വിലപേശി വന്നവന് നിർദ്ദാക്ഷിണ്യം ഞാനവളെ കൊടുത്തു, ഒരു തുള്ളി കണ്ണീർ പൊടിക്കാതെ....കുറ്റബോധം തെല്ലുമില്ലാതെ..ഇടനെഞ്ചിൽ ഒരിത്തിരി നൊമ്പരം മാത്രമായി..ഇന്നലെയായിരുന്നു ആ ക്രൂരകൃത്യത്തിനു പ്രകൃതി സാക്ഷ്യം വഹിച്ചത്..കാശിനോടുള്ള എന്റെ ആർത്തിയാണോ അതോ പുതുമോടികളായ,യൗവ്വനയുക്തകളുടെ അകമഴിഞ്ഞ സൗന്ദര്യവും പ്രകടനങ്ങളും കണ്ടിട്ടുള്ള താല്പര്യമായിരുന്നോ..? അറിയാൻ കഴിയുന്നില്ല, ഏതായാലും കഴിഞ്ഞ പതിനൊന്ന് വർഷമായി ഉപയോഗിച്ചുകൊണ്ടിരുന്ന വാഗണർ കാർ ഞാൻ വിറ്റു, പുതിയതൊന്ന് വാങ്ങാനായി എന്ന് മാത്രം തല്ക്കാലം മനസിലാക്കുക.