പേജുകള്‍‌

നിഴൽച്ചിന്തകൾ




1. സുഹൃത്ത്

സുഹൃത്തേ നീ കാണുന്നുണ്ടോ..
എന്നുടലിൽ അണ്ണാറക്കണ്ണന്മാർ ഇക്കിളി കൂട്ടുന്നത്?
പുതുമഴയിൽ എന്നിൽ പുതുനാമ്പ് കിളിർക്കുന്നത്?
കിളികളുടെ കളകളാരവം എന്നിൽ സംഗീതമായി പെയ്തിറങ്ങുന്നത്?
നാടോടിക്കാറ്റ് എന്റെ കാതിൽ രഹസ്യങ്ങൾ ഓതുന്നത്?
ഇളംവെയിൽ എന്നെ തഴുകി കടന്നുപോകുന്നത്?
ചെറുകാറ്റിനാൽ ഇലകൾ കുണുങ്ങിച്ചിരിക്കുന്നത്?
ചെറുബാല്യങ്ങൾ എന്നിൽ കുസൃതി കാട്ടുന്നത്?
എൻ മെയ്യിൽ വേദന പടരുന്നത്?
മീനത്തിൽ ഞാൻ ദാഹാർത്താനാവുന്നത്?
പെരുമഴയിൽ ഞാൻ നനഞ്ഞൊലിക്കുന്നത്?
തുലാമാസത്തിൽ ഇടിവെട്ടേറ്റ്‌ ഞാൻ പിടയുന്നത്?
വൃശ്ചികം എന്നിൽ കുളിരുകോരിയിടുന്നത്?
ദുരമൂത്ത മനുഷ്യർ എന്റെ രക്തം ചീന്തുന്നത്?
എന്റെ അവസാന ഞരമ്പുകളും തോണ്ടിയെടുക്കുന്നത്?
നിനക്ക് അറിയാൻ കഴിയുന്നുണ്ടോ ഇതൊക്കെ?
നീ എത്ര ഭാഗ്യവാനാണ്, ദുഃഖങ്ങൾ നീ അറിയുന്നേയില്ല 
നീ നിർഭാഗ്യവാനുമാണ്, സുഖങ്ങളും നീ അറിയുന്നില്ലല്ലോ
ഞാൻ കരഞ്ഞാലും ചിരിച്ചാലും നിനക്ക് ഒരുപോലെയല്ലേ
എന്തെന്നാൽ നീ എന്റെ രൂപത്തിന്റെ മാത്രം നിഴൽ,
അല്ലാതെ വികാരങ്ങളുടെയല്ലല്ലോ....
എങ്കിലും നിന്നിലൂടെ ആളുകൾ എന്നെ വാഴ്ത്തുന്നു
അവരുടെ ചുട്ടുനീറുന്ന പാദങ്ങൾക്ക് നീ ആശ്വാസമാകുന്നു
വെറും നിഴലെന്നാകിലും പലർക്കും നീ തണലാകുന്നു
നിന്റെ നിലനിൽപ്പ് എന്നിലൂടെയാണെങ്കിലും
ഞാനും നിന്നിൽ ആശ്വാസം കൊള്ളുന്നു..
കാരണം ഇണപിരിയാത്ത ആത്‌മസൗഹൃദം എന്നത്
നീ മാത്രമാകുന്നു എനിക്ക്..എന്നും നീ മാത്രം

2.
ആചന്ദ്രതാരം നീ കൂടെയുണ്ടെന്നാകിലും 
ആവതില്ല എൻ ചിരിയൊളി കാണുവാനും
അശ്രുപടർന്നൊരീ കവിളിണ തഴുകുവാനും
നിർവികാര, നീ കേവലമെൻ നിഴൽ മാത്രം

അച്ഛച്ഛൻ




ചിരിതൂകി ഒളിതൂകി വാത്സല്യത്തിടമ്പായി
എൻ നിനവിൽ നിറയുന്നൊരച്ഛച്ചൻ
ഗോതമ്പിൻ നിറമുണ്ട് തൂവെള്ള മുണ്ടുണ്ട്
നെഞ്ചും വിരിച്ചൊരു നിൽപ്പുണ്ട്
ആ അച്ഛച്ഛനെന്തൊരു ചേലുണ്ട്
ആ അച്ഛച്ഛനെന്നുമെൻ ജന്മപുണ്യം

ഒരുവേള കോപത്താൽ മുഖം ചുവന്നാൽ
മറുവേള കാരുണ്യ കടലാകും
വാരിപ്പുണർന്നിട്ടില്ലിന്നുവരെ, ചിത്തേ
വാരിയെടുത്തിരുന്നെന്നുമെന്നെ
മെല്ലെ തഴുകിയുറക്കാറുണ്ടായിരുന്നു
ഞാനാ മാറിലെ സ്നേഹമറിഞ്ഞിരുന്നു
ഞാനതിൽ സ്വയം മറന്നിരുന്നു   

മാമ്പൂ മണക്കുന്ന കാലമായാൽ,
മാഞ്ചോട്ടിലെന്നും അലഞ്ഞീടും
ഒരുചെറുകാറ്റിൽ വീഴുമാ തേൻപഴങ്ങൾ
മടിയാതെ ഏകീടുമേവർക്കും
നറുപൂ വിരിയും പോൽ സൗമ്യമായി
ഒരു പുഞ്ചിരി വിടരുമാ ചുണ്ടിലപ്പോൾ
കൺകളിൽ കുസൃതിയും നിറഞ്ഞീടും

ദൂരത്തേയ്‌ക്കെന്നുമിറങ്ങും നേരം
ഞാനാ പാദങ്ങൾ രണ്ടും വണങ്ങീടും
വിറയാർന്ന കരതലസ്പർശത്താലേ
മടിയാതനുഗ്രഹം ചൊരിഞ്ഞീടവേ
ഇടനെഞ്ച് മെല്ലെ പിടയുന്നതും
മിഴികളിൽ അശ്രു പടരുന്നതും
പറയാതെ ഞാൻ അറിഞ്ഞിരുന്നു