പേജുകള്‍‌

ക്ലാവ് പിടിച്ച ഓർമ്മകൾ

 

ഇന്ന് രണ്ട് കൂട്ടുകാരെ കണ്ടു, ഒരുപാട് വർഷങ്ങൾക്ക് ശേഷം. സ്കൂളിൽ  കൂടെ പഠിച്ച ശ്രീധരനും ബാലുവും. ശ്രീധരനെ കാണാൻ തീരുമാനിച്ചായിരുന്നു റേഷൻ കടയിലേക്ക് ഇറങ്ങിയത്. ഈയടുത്ത നാൾ, ഞാൻ നാട്ടിലുണ്ടെന്നറിഞ്ഞ് എന്റെ ഫോൺ നമ്പർ തപ്പിപ്പിടിച്ച് എന്നെ കാണാൻ കാത്തിരിക്കുന്ന അവനെ നിരാശപ്പെടുത്തുന്നതെങ്ങിനെ? കാണാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ പരസ്പരം കാണുന്നത്. ഞാൻ റേഷൻ വാങ്ങുമ്പോഴേക്കും അവനെത്തി. എനിക്കവനെയും അവനെന്നെയും തിരിച്ചറിയാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കാലം ഞങ്ങളിൽ ഏൽപ്പിച്ച മാറ്റങ്ങൾക്കൊന്നും പണ്ടെങ്ങോ മനസ്സിൽ പോറിയിട്ട രേഖാചിത്രങ്ങളെ മായ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഒന്നാം തരം മുതൽ അഞ്ചാം തരം വരെ ഒരേ ബെഞ്ചിലിരുന്ന് ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞവർ. അവന്റെ അമ്മ എനിക്കും എന്റെ അമ്മ അവനും കഞ്ഞി വിളമ്പിയിട്ടുണ്ട്. അവൻ കെട്ടഴിച്ചു വിട്ട നിറമുള്ള ഓർമ്മകളിലൂടെ ഞാൻ പനയാലിലെ ശ്രീ മഹാലിംഗേശ്വര പള്ളിക്കൂടത്തിലെ ക്ലാസ്സ്മുറികളും വരാന്തകളിലും മൈതാനത്തും പലവട്ടം സഞ്ചരിച്ചു, ഒരു പട്ടം പോലെ. അതിനിടയിൽ അപ്രതീക്ഷിതമായാണ് ബാലു വന്നത്. ശ്രീധരനോട് സംസാരിക്കാൻ വന്ന അവൻ എന്നെ കണ്ട് ഞെട്ടി. അഞ്ചാം തരം കഴിഞ്ഞിട്ട് ഞങ്ങൾ പരസ്പരം കണ്ടിരുന്നില്ല. ആറിലും ഏഴിലും ഞാൻ വേറെ സ്കൂളിൽ ആയിരുന്നു. എട്ടാം തരത്തിൽ പഠിക്കാൻ  ഞാനും ശ്രീധരനും ചെന്നെത്തിയത് ഒരേ സ്കൂളിൽ തന്നെയായിരുന്നു, പക്ഷെ ബാലുവിനെ കണ്ടിട്ടേയില്ല. ജനിച്ച നാട്ടിൽ നിന്നും പോയി പലയിടങ്ങളിൽ കറങ്ങി ഒടുവിൽ ജനിച്ച നാട്ടിലേക്ക് തിരിച്ചു വന്നവനാണ് ഞാൻ. അതിനിടയിൽ ബാല്യത്തിൽ ഇഴകൂട്ടിയ ബന്ധങ്ങളെല്ലാം മുറിഞ്ഞിരുന്നു. പലരും മറവിയുടെ ഇരുണ്ട ഗുഹകളിലെവിടെയോ മറഞ്ഞിരുന്നു. 

കുറച്ചുനേരത്തെ സംസാരത്തിനുശേഷം പിരിയാൻ നിന്ന എന്നെയും ശ്രീധരനെയും അതിൽ നിന്നും പിന്തിരിപ്പിച്ചത് ബാലുവിന്റെ അപ്രതീക്ഷിതമായ കടന്നുവരവായിരുന്നു. ഓട്ടോ ഓടിക്കുന്ന അവൻ പെട്ടെന്ന് തന്നെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച് തിരിച്ചെത്തി. പിന്നീട് ഏകദേശം ഒന്നരമണിക്കൂർ, അവരഴിച്ചിട്ട ഓർമ്മകളുടെ ഭാണ്ഡക്കെട്ടിൽ നിന്നും പഴയതെല്ലാം തിരിച്ചറിയാൻ ശ്രമിക്കുകയായിരുന്നു ഞാൻ. കൂടെ പഠിച്ചവരെയൊക്കെ എണ്ണിയെണ്ണി അവർ പറയുമ്പോൾ, അവരുടെ വിശേഷങ്ങൾ പറയുമ്പോൾ, അടുക്കിപ്പെറുക്കി വെച്ചിട്ടുള്ള ഓർമ്മപുസ്തകങ്ങൾ മനസ്സിന്റെ ഇരുണ്ട ഗുഹകളിൽ നിന്നും തപ്പിയെടുക്കുകയായിരുന്നു ഞാൻ. ദുരന്തത്തിനിടയായ ചില ജീവിതങ്ങൾ ഒരശനിപാതം പോലെ മനസ്സിൽ തറച്ചു. എന്റെ ഓർമ്മച്ചെപ്പിൽ നിലാവ് പൊഴിച്ചു കൊണ്ട് അവരുണ്ടായിരുന്നു എന്ന് ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു. വർഷങ്ങളായി ബോംബയിൽ ജീവിക്കുന്ന ശ്രീധരൻ അവന്റെ കഥകൾ പറഞ്ഞു. കല്യാണം കഴിക്കാതെ, ജോലിയുമായി ബോംബെയിൽ തന്നെ ജീവിച്ചു തീർക്കുകയാണ് അവൻ. അതിനിടയിൽ വളരെ അപൂർവ്വമായി നാട്ടിലേക്കുള്ള വരവ്. ഓട്ടോറിക്ഷ കൊണ്ട് കുടുംബം പോറ്റുന്ന ബാലു, താൻ നേരിട്ട അവസ്ഥകളൊക്കെ പറഞ്ഞപ്പോൾ നിശബ്ദം കേട്ട് നിൽക്കാനേ കഴിഞ്ഞുള്ളു. എങ്കിലും 'ദരിദ്രയാണ് ഞാൻ' എന്ന് പറഞ്ഞ പെണ്ണിനെ 'സ്നേഹിക്കാനുള്ള മനസ്സ് മാത്രം മതി' എന്ന് പറഞ്ഞ് താലികെട്ടി കൂടെച്ചേർത്ത ആ വലിയ മനസ്സിന്റെ മുൻപിൽ ഞാൻ തല കുനിച്ചു. വീട്ടിൽ പോകാൻ ബാലു നിർബന്ധിച്ചെങ്കിലും കോവിഡ് കാലമായതിനാലും അമ്മയുടെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് സ്നേഹപൂർവ്വം ആ ക്ഷണം നിരസിച്ചു. ഒരുപാട് സംസാരിച്ചു. ഒരുപാട് കഥകൾ പറഞ്ഞു. അതിൽ സഹപാഠികളും സ്നേഹത്തോടെ ചേർത്ത് പിടിച്ചിരുന്ന അദ്ധ്യാപകരും ഒക്കെയുണ്ടായിരുന്നു. എല്ലാം കൃത്യമായി ഓർത്തു വെക്കുന്ന ശ്രീധരനോടും ബാലുവിനോടും എനിക്ക് അസൂയ തോന്നി. ഇനിയും കാണാമെന്ന് പറഞ്ഞു പിരിയുമ്പോൾ ക്ലാവ് പിടിച്ചിരുന്ന ഓർമ്മകൾക്ക് ഇത്തിരി തിളക്കം കൂടിയിരുന്നു.