കോളേജിൽ പഠിക്കുമ്പോൾ ഞാൻ മുടങ്ങാതെ കയറിയത് അല്ലെങ്കിൽ മുടക്കാൻ ഇഷ്ടമില്ലാതിരുന്നത് ഒരു പക്ഷെ മലയാളം ക്ലാസ് മാത്രമായിരിക്കും. അത്രയ്ക്ക് താല്പര്യമുണ്ടായിരുന്നു എനിക്ക് മാതൃഭാഷയോട്. മലയാളത്തിൽ ബിരുദാനന്തര ബിരുദവും ഗവേഷണവും ഒക്കെ ചെയ്യണം എന്നും ഒടുവിൽ മുണ്ടുടുത്തു മലയാളം പഠിപ്പിക്കുന്ന ഒരു അധ്യാപകൻ ആകണം എന്നൊക്കെ ആയിരുന്നു ആഗ്രഹം.പക്ഷെ വിധാതാവിന്റെ തീരുമാനം മറ്റൊന്നായിരുന്നു.
"നന്നായി എഴുതുന്നുണ്ടെന്ന്' ഒരു പക്ഷെ ആദ്യമായി പറഞ്ഞത് എന്റെ മലയാളം അദ്ധ്യാപികയായിരുന്ന വസുമതി ടീച്ചർ ആയിരിക്കും. പരീക്ഷാകടലാസ്സുകളിലെ എന്റെ എഴുത്ത് കണ്ടിട്ടാണെന്ന് തോന്നുന്നു ടീച്ചർ അങ്ങിനെ പറഞ്ഞത്. പക്ഷേ അതിന്റെ ഗൗരവം ഉൾക്കൊള്ളാൻ അന്ന് കഴിഞ്ഞിരുന്നില്ല അല്ലെങ്കിൽ ഞാൻ അത് നിസ്സാരമായി കണ്ട് തള്ളിയിരിക്കണം. പിന്നീട് ബിരുദത്തിനു പഠിക്കുമ്പോഴാണ് എന്റെ എഴുത്തിന് ഒരു ലേഖനത്തിന്റെ ഭാഷയുണ്ടെന്ന് അദ്ധ്യാപകനും എഴുത്തുകാരനുമായ അംബികാസുതൻ സാർ പറയുന്നത്. അത് ഒരു പക്ഷെ പ്രചോദനമായിക്കാണണം, പിന്നീട് ഞാൻ എഴുതാൻ തുടങ്ങി. ആരും കാണാതെ പുസ്തക താളുകളിൽ ആയിരുന്നു ആ പ്രയത്‌നം.ഞാൻ മാത്രം വായിച്ച കഥകൾ, ലേഖനങ്ങൾ (അങ്ങിനെയൊക്കെ വിളിക്കാൻ പറ്റുമോ എന്നറിയില്ല) അങ്ങനെ കുറച്ചുണ്ടായിരുന്നു. ചില സംഭവങ്ങൾ, യാത്രകൾ..മനസ്സിൽ മായാതെ കിടക്കുന്ന ചില നൊമ്പരങ്ങൾ അങ്ങിനെ അങ്ങിനെ.കുറേക്കാലം ഇത് തുടർന്നു. എന്റെ ഒരു മച്ചുനിയൻ ആണ് ഇത് ആദ്യമായി കാണുന്നത്..ഞാൻ അറിയാതെ അയാൾ അവരുടെ അച്ഛനെ (എന്റെ അമ്മാവനെ) കാണിക്കുകയും അവരൊക്കെ നല്ല അഭിപ്രായം പറയുകയും ചെയ്തു. തുടർന്നും ഞാൻ എഴുതിയത് (വല്ലപ്പോഴും) ആരും കാണാതെ തന്നെയായിരുന്നു.
ഒടുവിൽ ബാംഗ്ലൂർ എത്തി ജോലി ചെയ്യാൻ തുടങ്ങി പിന്നെയും കുറച്ച് വർഷങ്ങൾ കഴിഞ്ഞാണ് എന്റെ സുഹൃത്ത് എനിക്ക് ബ്ലോഗ് ഉണ്ടാക്കാൻ പഠിപ്പിച്ചത്. അതിനിടയിൽ ഞാൻ ഫേസ്ബുക്കിൽ എഴുതാൻ തുടങ്ങിയിരുന്നു. എന്റെ ബന്ധുക്കളുടെ പ്രോത്സാഹനം കൂടിയായപ്പോൾ എനിക്ക് പുതിയൊരു ഊർജ്ജം കിട്ടുകയായിരുന്നു. എന്റെ കൃതികൾ മഹത്തരങ്ങൾ അല്ല. ചിലപ്പോൾ ശരാശരിയിലും താഴെയായിരിക്കും,പക്ഷെ ഈ എഴുത്ത്, അതെനിക്ക് ഊർജ്ജം തരുന്നു;വായിക്കുന്നവരുടെ അഭിപ്രായം എന്നെ കൂടുതൽ കരുത്തനാക്കുന്നു.
ഏതായാലും ഞാൻ എന്റെ സൃഷ്ടികൾ ഇവിടെ എഴുതിയിടുകയാണ്, താൽപ്പര്യമുള്ളവർ വായിക്കട്ടെ, അല്ലാത്തവർ തിരസ്ക്കരിച്ചോട്ടെ. എങ്കിലും മനസ്സിൽ പൊട്ടി മുളക്കുന്ന ചില ചിന്തകൾ അക്ഷരങ്ങളായി പകർത്താൻ കഴിഞ്ഞാൽ അത് തന്നെ പുണ്യം. വാഗ്ദേവത നിർത്താതെ അവളുടെ അനുഗ്രഹം എന്നിൽ ചൊരിയട്ടെ. വേദനകളും നർമ്മങ്ങളും സന്തോഷങ്ങളും കൊണ്ട് ഞാൻ എന്റെ താൾ നിറയ്ക്കട്ടെ..
അനുഗ്രഹിച്ചാലും ആശിർവദിച്ചാലും...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ