പേജുകള്‍‌

നഷ്ടവസന്തം


                                                     
          ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്നുള്ള വീട്ടിലായിരുന്നു കുട്ടിക്കാലത്ത് ഞങ്ങളുടെ താമസം. ഏതാണ്ട് 2 ഏക്കറ വരുന്ന സ്ഥലത്ത് ആ ഒരു വീട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാവുകളും,പറങ്കിമാവുകളും,പ്ലാവുകളും ആ പറമ്പിനെ ഹരിതാഭമാക്കിയിരുന്നു. കൂടാതെ കായ്ച്ചു നില്‍ക്കുന്ന തെങ്ങുകളും നിറയെ ഉണ്ടായിരുന്നു.  മുറ്റത്തിനോട് ചേര്‍ന്ന് ഒരു മുല്ല പടര്‍ന്നു പന്തലിച്ചു കിടന്നിരുന്നു.കൊച്ചു കൊച്ചു ചെടികളും വര്‍ണ്ണ- ചെടികളാലും സമ്പന്നമായിരുന്നു ഞങ്ങളുടെ പറമ്പ്. വൈവിധ്യങ്ങളായ മാമ്പഴങ്ങള്‍ അവിടെ ഉണ്ടായിരുന്നത് പോലെ അടുത്തുള്ള ഒരു പറമ്പിലും ഉണ്ടായിരുന്നില്ല എന്നത് ഞാന്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു.
        പറങ്കിയണ്ടി (കൊരട്ട) പറക്കുക എന്നത് തീരെ താല്പര്യമില്ലാത്ത പണിയാണെങ്കിലും (അച്ഛനെ പേടിച്ചാണ് അത് ചെയ്തിരുന്നത് എന്നത് വേറെ കാര്യം) പഴുത്ത തേനൂറുന്ന പറങ്കിമാങ്ങ തിന്നുമ്പോള്‍ അതൊക്കെ മറന്നുപോവുമായിരുന്നു. അതിരാവിലെ എഴുന്നേറ്റു മാവിന്‍ചോട്ടില്‍ പോകാന്‍ എല്ലാവര്ക്കും വലിയ ഉത്സാഹമായിരുന്നു.ആര്‍ക്കാണ് കൂടുതല്‍ മാങ്ങ കിട്ടുക എന്നതില്‍ ഞങ്ങള്‍ തമ്മില്‍ മത്സരിച്ചിരുന്നു. ആര്‍ക്കും കൊടുക്കാതെ ഒറ്റയ്ക്ക് മാങ്ങ തിന്നുന്നതിലും ഒരു സുഖമുണ്ടായിരുന്നു.
        വൈകുന്നേരം പറമ്പില്‍ നടക്കുന്നത് സന്തോഷമുള്ള കാര്യമായിരുന്നു. കാരണം നിറയെ പൂമ്പാറ്റകളെ കാണാം എന്നതായിരുന്നു. പലനിറത്തിലുള്ള പല വലുപ്പത്തിലുള്ള പൂമ്പാറ്റകള്‍, ഒരു പൂവില്‍ നിന്ന് മറ്റൊരു പൂവിലേക്ക് പറന്നു പോകുന്ന അവയെ കാണാന്‍ വല്ലാതെ ഒരു ചന്തമായിരുന്നു. ചെടികളില്‍ നിന്ന് പൂക്കള്‍ പാറിപോകുകയാണോ എന്ന് പോലും തോന്നിപ്പോകും.  നമ്മുടെ ശരീരത്തെ മുട്ടിയുരുമ്മിക്കൊണ്ട് എന്നാല്‍ നമുക്ക് പിടിതരാതെ അവ പാറിക്കളിക്കുന്നത് കാണുക എന്നത് തന്നെ ഒരു വല്ലാത്ത അനുഭവമായിരുന്നു. സന്ധ്യ ആകുമ്പോഴാണ് ഒരു പക്ഷെ കൂടുതല്‍ രസം. ചീവീടുകളും പോക്കാച്ചി തവളകളും പേരറിയാത്ത പല ജീവികളും ചേര്‍ന്ന് കാണാമറയത്തിരുന്നു   നടത്തിയിരുന്ന ഗാനമേള കാതുകള്‍ക്ക് ഉത്സവമായിരുന്നു. കുറച്ചു കൂടി ഇരുട്ടിയാല്‍ ആകാശ താരകള്‍ ഭൂമിയിലേക്ക്‌ ഇറങ്ങി വന്നതാണോ എന്ന് തോന്നിപ്പിക്കും വിധം മിന്നി കളിക്കുന്ന മിന്നമിന്നുകളുടെ ഒരു കൂട്ടം. ഒരു പക്ഷെ എണ്ണിയാല്‍ തീരില്ല അത്രയും ഉണ്ടാകും. ഇരുട്ടിലൂടെ എങ്ങോട്ട് കണ്ണയച്ചാലും അവിടെയൊക്കെ ചൂട്ടു പോലെ മിന്നിക്കൊണ്ടിരിക്കുന്ന മിന്നാമിനുങ്ങുകള്‍ സൃഷ്ടിച്ചിരുന്ന ആ ദൃശ്യ വിരുന്നു മനസ്സിനെ എത്ര മാത്രം കുളിര്‍മ്മ അണിയിച്ചിരുന്നുവെന്നു ഇപ്പോള്‍ വിവരിക്കുക അസാധ്യം.
        ഇപ്പോള്‍ കാലം മാറി. വീടുകളുടെ എണ്ണം കൂടി, അതിനനുസരിച്ച് മാവുകളും പ്ലാവുകളും പറങ്കിമാവുകളും അപ്രത്യക്ഷമായി. മുല്ലയുടെ സൌരഭം എവിടെയോ പോയി മറഞ്ഞു. തെങ്ങുകള്‍ മണ്ടയില്ലാ തെങ്ങുകളായി മാറി.  പൂക്കള്‍ ഇല്ലാതെയായി, പൂമ്പാറ്റകളും എങ്ങോ പോയി മറഞ്ഞു. പോക്കാച്ചി തവളകളെ മഴക്കാലത്ത് പോലും കാണാതെയായി. കൂട്ടുകാര്‍ മറഞ്ഞതിനാലാവണം ചീവീടുകള്‍ പോലും പാടാന്‍ മറന്നു പോയി.ഇരുട്ടത്ത്‌ എത്ര നോക്കിയാലും കാണാന്‍ പറ്റുന്നത് അങ്ങേ വീട്ടിലെ ഇലക്ട്രിക്‌ പ്രകാശം മാത്രമായി, മിന്നാമിന്നികള്‍ എങ്ങോട്ട് പോയി എന്ന് ആരും അറിഞ്ഞില്ല, ഒരു പക്ഷെ ആരും അന്വേഷിച്ചു പോലുമില്ല.
      ഇപ്പോള്‍ നാട്ടിലെത്തിയാല്‍ പറമ്പ് മുഴുവന്‍ ഞാന്‍ നടക്കും ഒരു പൂമ്പാറ്റയെ കാണാന്‍, ചീവീടിന്റെ സംഗീതം കേള്‍ക്കാന്‍, ഒരു പോക്കാച്ചി തവളയെ കാണാന്‍. ഇരുട്ടത്ത് മിന്നി തിളങ്ങുന്ന മിന്നാമിന്നിയെ ഒന്ന് കാണാന്‍ കിട്ടിയിരുന്നെങ്കില്‍ മോള്‍ക്ക്‌ കാണിച്ചു കൊടുക്കാമായിരുന്നെന്നു വെറുതെ ആശിക്കും. നിരാശയോടെ തിരിഞ്ഞു നടക്കുമ്പോള്‍ ചിലപ്പോള്‍ ഒരു അനക്കം കാണാം, കണ്മുന്‍പില്‍ എന്തോ പാറി കളിക്കുന്നത് കാണാം. ആരുമില്ലാതെ ഒറ്റയ്ക്ക് ഈ ഭൂമിയില്‍ ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു ഹതഭാഗ്യനായ ഒരു പൂമ്പാറ്റയെ - ഏതോ ലോകത്തില്‍ നിന്ന് കൂട്ടം തെറ്റി വന്നത് പോലെ, വെറുതെ പാറി നടക്കാന്‍ വിധിക്കപ്പെട്ടവന്‍. !!... ആ കാഴ്ച കണ്ടു കുഞ്ഞു മനസ്സ് ചിരിക്കുമ്പോള്‍ ഒരു പക്ഷെ അവനും സന്തോഷിക്കുന്നുണ്ടാവാം, നഷ്ടമായ വസന്തകാലം തിരിച്ചു കിട്ടിയത് പോലെ....

സ്വയംപര്യാപ്തത :ഞാന്‍ ഒരുപാടു നേരം ഉറങ്ങി എന്ന് തോന്നുന്നു. ഇപ്പോള്‍ സമയം എന്തായോ ആവോ? ഞാന്‍ കണ്ണ് തുറന്നു ചുറ്റും നോക്കി.ആരെയും കാണാനില്ല. പതുക്കെ തല പൊക്കി കട്ടിലിലേക്കും നോക്കി. ഇല്ല, അച്ഛനെയും കാണാനില്ല.ഓഫീസ്സിലേക്ക് പോയിട്ടുണ്ടാവും.ഏതായാലും എഴുന്നേല്‍ക്കാം.അമ്മയെ വിളിക്കണ്ട, ഒന്ന് ഞെട്ടിച്ചേക്കാം . പുതപ്പ് ഞാന്‍ ‍തട്ടി മാറ്റി.അത് മൂത്രത്തില് കുതിര്‍ന്നിരുന്നു.മുട്ടുകുത്തി കുറച്ചു ദൂരം മുന്നോട്ടു നീങ്ങി. 'എത്രകാലമായി ഇങ്ങനെ പോകുന്നു,ഒന്ന് മാറ്റി പിടിച്ചാലോ?' ഞാന്‍ ‍ചിന്തിച്ചു. അവിടെത്തന്നെ ഇരുന്നു കൊണ്ട് മെല്ലെ എഴുന്നേല്‍ക്കാന്‍ നോക്കി.പറ്റിയില്ല.രണ്ടു മൂന്നു തവണ ശ്രമിച്ചു.ഇല്ല, ശരിയാവുന്നില്ല. അങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റില്ലല്ലോ.ഞാന്‍ ഇത്തവണ മുഴുവന്‍ ബലവും പ്രയോഗിച്ചു ആഞ്ഞു പൊങ്ങി.ഹാവൂ, എഴുന്നേറ്റു. ഇനി നടന്നേക്കാം എന്ന് കരുതി വലത്തെ കാല്‍ പതുക്കെ പൊക്കി ...................
ഇപ്പോള്‍ വലിയ വായില്‍ കരഞ്ഞു കൊണ്ട് ഞാന്‍ അമ്മയുടെ ഒക്കത്തിരിക്കുന്നു. എന്തായിരിക്കാം സംഭവിച്ചത്? ഒരു പിടിയും കിട്ടുന്നില്ലല്ലോ..? അല്ലെങ്കിലും കുട്ടികള്‍ എന്തിനാ ഇതൊക്കെ ആലോചിക്കുന്നത്..കരച്ചില്‍ നിര്‍ത്തി ഞാന്‍ പാല്‍ കുടിക്കാന്‍ തുടങ്ങി..

നാണിയമ്മ - ഒരു നൊമ്പരം


പതിവ് പോലെ കാലത്ത് ഓഫീസിലേക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് നാട്ടില്‍ നിന്ന് അമ്മയുടെ ഫോണ്‍ വന്നത്. എന്താ വിശേഷം എന്ന ചോദ്യത്തിനുത്തരമായി "നമ്മുടെ നാണിയമ്മ മരിച്ചു പോയി" എന്ന് അമ്മ മറുപടി പറഞ്ഞു.ഒരു മരണ വാര്‍ത്തയായിട്ടു കൂടി അതെന്നിലൊരു വികാരവും ഉളവാക്കിയില്ല.നേരം വൈകിയതിനാല്‍ ബാഗുമായി പെട്ടെന്ന് വീട്ടില്‍ നിന്നിറങ്ങുകയും ചെയ്തു.കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം ഓഫീസ് വണ്ടി വന്നു. എന്നത്തെയും പോലെ അന്നും ഏററവും പിന്നിലെ സീറ്റില്‍ ചെന്നിരുന്നു.കുറച്ചു നേരം പുറത്തേക്കു നോക്കി ഇരുന്നതിനു ശേഷം വല്ലതും വായിക്കാം എന്ന് കരുതി മാധവിക്കുട്ടിയുടെ 'ജാനുവമ്മ പറഞ്ഞ കഥ' എന്ന പുസ്തകമെടുത്തു. ജാനുവമ്മ എന്ന ഒരു മുത്തശ്ശിയാണ് ഇതിലെ കഥാനായിക. ഒരു തവണ കൂടി ആ പേര് വായിച്ചപ്പോള്‍ അമ്മയുടെ ശബ്ദം കാതില്‍ മുഴങ്ങുന്നത് പോലെ തോന്നി .."നമ്മുടെ നാണിയമ്മ മരിച്ചു പോയി". 'എന്താ ഇപ്പൊ ഇങ്ങനെ എന്ന് തോന്നാന്‍?' എന്ന് ചിന്തിച്ചെങ്കിലും വായിക്കാന്‍ തന്നെ ഉറപ്പിച്ചു കൊണ്ട് ആദ്യത്തെ പേജ് തുറന്നു. ഞാന്‍ ഞെട്ടിപ്പോയി, അവിടെ അക്ഷരങ്ങള്‍ക്ക് പകരം പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന, കുസൃതി നിറഞ്ഞ കണ്ണുകളുള്ള ഒരു വൃദ്ധയുടെ മുഖമായിരുന്നു തെളിഞ്ഞത്. ഞാന്‍ സൂക്ഷിച്ചു നോക്കി - അത് നാണിയമ്മയുടെ രൂപമായിരുന്നു.
ഇപ്പോള്‍ എനിക്ക് വ്യക്തമായി കാണാം.നാണിയമ്മ തനിച്ചല്ല, കൂടെ കുറെ കുട്ടികളുമുണ്ട്. നാണിയമ്മ അവര്‍ക്ക് കഥകള്‍ പറഞ്ഞു കൊടുക്കുന്നു, പാട്ട് പാടി കൊടുക്കുന്നു, അത് കേട്ട് കുട്ടികള്‍ സന്തോഷിക്കുന്നു. ആ സന്തോഷം കണ്ട് നാണിയമ്മയും തന്റെ പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുകയാണ്. അല്‍പനേരം ആ കളിചിരികള്‍ നീണ്ടു നിന്നു. ഞാന്‍ ആ കുട്ടികളെ തന്നെ നോക്കുകയായിരുന്നു.ആരാണിവര്‍? പെട്ടെന്ന്, കൂട്ടത്തില്‍ നിന്നൊരു കുട്ടി മാത്രം തിരിഞ്ഞു നിന്ന്‌ എന്നെ നോക്കി - ഞാന്‍ ഞെട്ടിപ്പോയി, കാരണം അത് ഞാനായിരുന്നു.
നോക്കി നില്‍ക്കെ കുട്ടികളെല്ലാം മറഞ്ഞു, നാണിയമ്മ മാത്രം ബാക്കിയായി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് നാണിയമ്മ എന്നെ നോക്കി. ഇപ്പോള്‍ ആ മുഖത്ത് ചിരിയുണ്ടായിരുന്നില്ല,കണ്ണുകളില്‍ കുസൃതിക്കു പകരം പരിഭവം നിറഞ്ഞു നിന്നിരുന്നു. കുറച്ചു നേരം എന്നെ തന്നെ നോക്കിയശേഷം അവര്‍ പറഞ്ഞു -"എന്നാലും മോനെ, നീ എന്നെ മറന്നു അല്ലെ? വലിയ ആളായപ്പോള്‍ ഈ നാണിയമ്മ നിനക്ക് ആരും അല്ലാതെ ആയി അല്ലെ? എന്നെങ്കിലും നിങ്ങളൊക്കെ വരുമെന്ന് കരുതി ഞാന്‍ ഇവിടെ കാത്തു നില്‍ക്കുകയായിരുന്നു, പക്ഷെ ആരും വന്നില്ല..ആരും..നീ പോലും " നാണിയമ്മയുടെ വാക്കുകള്‍ കേട്ട് ചാട്ടുളി ഏറ്റത് പോലെ ഞാന്‍ പിടഞ്ഞു. മറുപടി പറയാനാകാതെ ഞാന്‍ മുഖം താഴ്ത്തി. 
ഞാന്‍ ആലോചിക്കുകയായിരുന്നു എന്റെ കുട്ടിക്കാലം. നാണിയമ്മയുടെ കൂടെ ചിലവഴിച്ച ബാല്യ കൌമാരങ്ങള്‍.... കുട്ടികളെ ജീവനായിരുന്നു അവര്‍ക്ക്. ഞാന്‍ മാത്രമായിരുന്നില്ല ചുറ്റുവട്ടത്ത് വേറെയും കുട്ടികളുണ്ടായിരുന്നു. കളിയ്ക്കാന്‍ സമയം കിട്ടുമ്പോഴെല്ലാം ഞങ്ങള്‍ അവിടെയെത്തിയിരുന്നു, നാണിയമ്മയുടെ കഥകള്‍ കേള്‍ക്കാനും കൂടെ പാടാനും ഒക്കെ.കാലം മാറി, കൌമാരം കടന്നു യൌവ്വനം വന്നപ്പോള്‍ മറ്റുള്ള ചെറുപ്പക്കാരെ പോലെ ഞങ്ങളും ജോലിക്കായി പരക്കം പാഞ്ഞു. നഗരങ്ങളില്‍ നിന്ന്‌ നഗരങ്ങളിലേക്ക് ചേക്കേറുമ്പോള്‍ നാടും വീടും മറന്നു, നാണിയമ്മയെയും മറന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ ഒരു തവണ പോലും അവരെ ഓര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചതേയില്ല.എല്ലാം വെട്ടിപിടിക്കാനുള്ള ഓട്ടത്തിനിടയില്‍ അല്ലെങ്കില്‍ ആരാണ് ബന്ധവും സ്വന്തവും ഓര്‍ക്കുന്നത്? എന്നിട്ട് ഒടുവില്‍ എന്ത് നേടി? 
ചിന്തകള്‍ ഭാരമായി മാറി, അത് മനസ്സിനെ കലുഷിതമാക്കി.പിടിച്ചു നില്‍ക്കാനാവാതെ ഞാന്‍ സീറ്റിലേക്ക് തല ചായ്ച്ചു. നാണിയമ്മയുടെ ചോദ്യം ഒരു നൊമ്പരമായി നെഞ്ചില്‍ പടരുന്നത്‌ ഞാന്‍ അറിഞ്ഞു. എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരിക്കല്‍ കൂടി പഴയ കുട്ടിയായി നാണിയമ്മയുടെ അടുക്കല്‍ ചെന്നിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു. അപ്പോള്‍ എവിടെ നിന്നോ ഒരു തണുത്ത കാറ്റ് എന്റെ നെറുകയില്‍ തലോടി കടന്നു പോയി,അതിന് നാണിയമ്മയുടെ ഗന്ധമായിരുന്നു. അത് എന്നില്‍ ആഹ്ലാദം നിറക്കുന്നതായി ഞാന്‍ അറിഞ്ഞു.

ജന്മദിനം

ഇന്ന് എന്റെ ജന്മദിനമാണത്രെ..!എന്താപ്പാ ഈ ജന്മദിനം എന്ന് പറഞ്ഞാല്‍..? എനിക്ക് ഒന്നും മനസ്സിലായില്ല...അല്ലെങ്കിലും മുട്ടിലിഴഞ്ഞു നടക്കുന്ന എനിക്ക് എങ്ങിനെയാ ഇത്രയും വലിയ കാര്യങ്ങള്‍ അറിയുക..?കുറച്ചു ദിവസമായി അച്ഛനും അമ്മയും പറയുന്നത് കേള്‍ക്കുന്നു..9 -നു കുഞ്ഞുന്റെ {എന്നെ അങ്ങിനെയാ അച്ഛനും അമ്മയും വിളിക്കുന്നത്‌)))} ഒന്നാം പിറന്നാളാണെന്ന്.എന്താ ഈ ഒന്നാം പിറന്നാളിന്റെ പ്രത്യേകത? അപ്പൊ ഇതിനു മുന്‍പ് എനിക്ക് പിറന്നാള്‍ ഒന്നുമുണ്ടായില്ലേ? ആ..ആര്‍ക്കറിയാം..!! കേക്ക് വാങ്ങണം എന്നൊക്കെ പറയുന്നത് കേട്ടു..എനിക്ക് പുതിയ ഉടുപ്പ് വാങ്ങിത്തന്നു.ഇന്നലെ എന്നെ പുത്തനുടുപ്പൊക്കെ ഇടുവിച്ചു എന്റെ കസേരയില്‍ ഇരുത്തി..എന്നോട് ചിരിക്കാനൊക്കെ പറഞ്ഞു, ഫോട്ടോ എടുക്കണം പോലും..ഫോട്ടോ,കേക്ക് ..അതെന്താണാവോ..???ഇന്നിപ്പോള്‍ ആരൊക്കെ വിളിക്കുന്നു..അമ്മ ചിരിച്ചു കൊണ്ട് വര്‍ത്തമാനം പറയുന്നു..ആരാ ഇപ്പൊ രാവിലെ തന്നെ എന്റെ ഉറക്കം കളയാന്‍ വേണ്ടി..എനിക്ക് സങ്കടം വരുന്നു...അമ്മേ..അമ്മേ..ഞാന്‍ ഉറക്കെ കരഞ്ഞു..

ചക്കപുഴുക്ക്


ഇത്തവണ നാട്ടില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഉറപ്പിച്ചതാണ് അമ്മാവന്റെ വീട്ടില്‍ ഒരു ദിവസം തങ്ങണമെന്ന്, പണ്ടൊക്കെ സ്കൂള്‍ പൂട്ടിയാല്‍ അവിടെ പോയി കുറച്ചു ദിവസം താമസിക്കുമായിരുന്നു. മച്ചുനിയന്മാരോക്കെ ചേര്‍ന്ന് നല്ല രസമായിരുന്നു അന്നൊക്കെ.അമ്മായി ഉണ്ടാക്കുന്ന ചക്കപുഴുക്ക് ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളം വരുമായിരുന്നു.ഒരു പാട് തവണ ചക്കപുഴുക്കുണ്ടാക്കി ഊട്ടിയിട്ടുണ്ട് അമ്മായി. വലുതായി ജോലിയൊക്കെ കിട്ടിയപ്പോള്‍ നാട്ടിലേക്കുള്ള യാത്ര തന്നെ കുറഞ്ഞു, അതിനിടയില്‍ ബന്ധു വീട് സന്ദര്‍ശനം അപൂര്‍വ്വമായി. കുറേക്കാലത്തിനു ശേഷം ഇപ്രാവശ്യം ഏതായാലും ചക്കപുഴുക്ക് കുറെ കഴിക്കണം എന്നുറപ്പിച്ചു. 'പ്ലാവില്‍ ഇപ്പോഴും നിറയെ ചക്കകള്‍ ഉണ്ടായിരിക്കണേ ഈശ്വരാ' എന്ന് മനസ്സില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു.     
              നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെ അമ്മാവന്റെ വീട്ടിലേക്കു വച്ചുപിടിച്ചു.അധികം ദൂരമൊന്നുമില്ല.ബസിലാണ് പോയത്. കാറ്റും കൊണ്ട് പുറത്തേക്കു നോക്കിയിരിക്കുന്നതിനിടയിലും മനസ്സില്‍ ചക്കപുഴുക്ക് കിടന്നു തിളക്കുന്നുണ്ടായിരുന്നു. അങ്ങനെ അമ്മാവന്റെ വീടെത്തി. എന്നെ കണ്ടതും മുന്‍ജന്മ ശത്രുവിനെ കണ്ടത് പോലെ അവിടുത്തെ പട്ടി ചാടി വീണു. ഒന്ന് കിടുങ്ങിയെങ്കിലും ചങ്ങലയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നു അറിഞ്ഞപ്പോള്‍ ആശ്വാസമായി. അതിനെ നോക്കി ഒരു വളിച്ച ചിരിയും ചിരിച്ചു ഞാന്‍ നേരെ ഉമ്മറത്തേക്ക് കയറി. ആരെയും കാണുന്നില്ല. ഈ ചാവാലി പട്ടിയുടെ കുര കേട്ടിട്ടെങ്കിലും ആരാണെന്നറിയാന്‍ ആരെയും വന്നു കണ്ടില്ല. അമ്മാവന്‍ ഉണ്ടാവാന്‍ വഴിയില്ല, ഉണ്ടായിരുന്നെങ്കില്‍ ഉമ്മറത്ത്‌ കാണുമായിരുന്നു.വാതില്‍ തള്ളി നോക്കി.പൂട്ടിയിരിക്കുകയാണ്.മുന്‍വശത്തെ വാതിലുകളൊക്കെ അടച്ചിരിക്കുകയാണ്. എവിടെ പോയി? എനിക്കാണെങ്കില്‍ വിശന്നു കുടല് കരിയുന്നു. ഒന്ന് ഞെട്ടിക്കോട്ടേ എന്ന് കരുതി വരുന്ന കാര്യം പറഞ്ഞിരുന്നില്ല.ഇപ്പോള്‍ ശരിക്കും ഞെട്ടിയത് ഞാനാണ്‌. ഏതായാലും പിന്നാമ്പുറം കൂടി ഒന്ന് നോക്കാം എന്ന് കരുതി വീടിന്റെ പുറകിലേക്ക് നടന്നു.വാതില്‍ വെറുതെ ഒന്ന് തള്ളി നോക്കി,തുറക്കും എന്ന വിശ്വാസമുണ്ടായിരുന്നില്ല. ഒരിക്കല്‍ കൂടി ഞാന്‍ ഞെട്ടി, കാരണം വാതില്‍ തുറന്നിരിക്കുന്നു.'ഇതെന്താപ്പ കഥ? പുറകിലെ വാതിലും തുറന്നു വച്ച് എല്ലാവരും എവിടെ പോയി?' എന്ത് ചെയ്യണം എന്ന് ഞാന്‍ അധികം ചിന്തിച്ചില്ല. വിശപ്പിന്റെ അസുഖം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുന്നു.    
               അടുക്കളയില്‍ കയറി. ആദ്യം കണ്ട ഒരു പാത്രം തുറന്നു നോക്കി. പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല, അതില്‍ ഒന്നും ഉണ്ടായിരുന്നില്ല.അടുത്തത് തുറന്നു. അതും തഥൈവ. 'ദൈവമേ ഈ നേരത്ത് എന്നെ പരീക്ഷിക്കരുതേ' എന്ന് മനമുരുകി പ്രാര്‍ത്ഥിച്ചു.അതിനു ഫലമുണ്ടായി.ഒരു പാത്രത്തില്‍ നിന്ന് 3 ഉണ്ട കിട്ടി(തെക്കരുടെ ഭാഷയില്‍ കൊഴുക്കട്ട). എന്റെ ശ്വാസം നേരെ വീണു. 'ഇതിപ്പോ കറി ഇല്ലാതെ എങ്ങിനെയാ കഴിക്കുക?'. നോക്കണേ എന്റെ ഒരു അത്യാര്‍ത്തി. എന്തെങ്കിലും കിട്ടിയാല്‍ മതിയേ എന്ന് കരുതിയവനാ , ഇപ്പൊ കണ്ടില്ലേ.അല്ലെങ്കിലും വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.           
               അങ്ങനെ ഞാന്‍ പാത്ര പരിശോധന തുടരുകയാണ്.എന്നെ നിരാശപ്പെടുത്തിക്കൊണ്ട് കറി ഒന്നും കണ്ടില്ല. ഏതായാലും ഇതെങ്കിലും കിട്ടിയല്ലോ, വല്ല അച്ചാറും കാണാതിരിക്കില്ല എന്ന് ചിന്തിച്ചു ഉണ്ടയുടെ പാത്രവുമായി തിരിഞ്ഞപ്പോള്‍ അതാ തിണയുടെ മൂലയില്‍ നിന്നൊരു കുഞ്ഞു തളിക എന്നെ നോക്കി ചിരിക്കുന്നു. ഒന്ന് സംശയിച്ചെങ്കിലും എന്താണെന്ന് അറിയാനായി ഞാന്‍ പതുക്കെ അതെടുത്തു തുറന്നു. എന്റെ കണ്ണ് തള്ളിപ്പോയി,ശ്വാസം നിലച്ചോ എന്ന് പോലും തോന്നി. അതിന്നകത്തിരുന്നു എന്നെ നോക്കി ചിരിക്കുയാണ് സാക്ഷാല്‍ ചക്കപ്പുഴുക്ക്.'ആനന്ദ ലബ്ധിക്കിനിയെന്തു വേണം' എന്ന് കവി പാടിയത് പോലെയായി എന്റെ അവസ്ഥ.വശ്യമായ പുഞ്ചിരിയോടെ എന്നെ നോക്കി കണ്ണിറുക്കി മാടി വിളിക്കുകയാണ്‌.പിന്നെ ഒന്നും ആലോചിച്ചില്ല.ഉണ്ടയുടെ പാത്രത്തിലെക്കൊരു കമിഴ്ത്തായിരുന്നു നമ്മുടെ ചക്കപുഴുക്ക്. ഉണ്ടയെ കൈ കൊണ്ട് ഞെരിച്ചു പുഴുക്കും കൂട്ടി ഒന്ന് കുഴച്ചു. ഇപ്പൊ നല്ല സൊയമ്പന്‍ സാധനമായി.കാണുമ്പോള്‍ തന്നെ വായില്‍ വെള്ളം നിറയുന്നു. ഉരുളയാക്കി 1  - 2 - 3 ....എന്നിങ്ങനെ ഞാന്‍ തട്ടുകയാണ്.         
              ഇനി കുറച്ചു കാറ്റും വെളിച്ചവും കണ്ടു കഴിക്കാം എന്ന് കരുതി പാത്രവുമായി ഞാന്‍ ഉമ്മറത്തെത്തി. സാമാന്യം വലുപ്പത്തില്‍ ഉരുട്ടിയ ഉരുള വായിലെക്കെടുക്കാന്‍ പോകുന്നതിനു മുന്‍പ് ഒരുള്‍വിളി കിട്ടിയ പോലെ വെറുതെ - വെറുതെ ഞാന്‍ ആ ഉരുളയിലേക്ക് നോക്കി. എന്റെ സപ്തനാഡികളും [എന്ന് പറഞ്ഞാല്‍ എന്താ എന്ന് ചോദിക്കരുത് ,അങ്ങനെ ഒന്നുണ്ട്]  തളര്‍ന്നു പോയി. താഴെ വീഴാതിരിക്കാന്‍ ഞാന്‍ ഉമ്മറപ്പടിയില്‍ പിടിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ആ ഉരുളയിലേക്ക് സൂക്ഷിച്ചു നോക്കി, കണ്ടത് സത്യമാണോ എന്നറിയാന്‍. ആ ഉരുളയില്‍ കിടന്നു പിടക്കുകയാണ് അര ഇഞ്ച് നീളത്തില്‍ ഒരു പുഴു.വെറുതെ കൈ കൊണ്ട് ഞാന്‍ ആ പാത്രത്തിലൊന്ന് ചികഞ്ഞു. ആ കാഴ്ച കണ്ടു ഞാന്‍ വാ പൊളിച്ചു പോയി-പുഴു ഒന്നായിരുന്നില്ല, വേറെയും ഒരുപാടെണ്ണം അവിടെ കിടന്നു പുളയ്ക്കുകയാണ്. എന്ത് ചെയ്യേണ്ട് എന്നറിയാതെ പകച്ചു പോയ ഞാന്‍ അപ്പോഴാണ് ഞെട്ടലോടെ 'എത്രയെണ്ണം എന്റെ വയറ്റില്‍ പോയിട്ടുണ്ടാകും?' എന്ന സത്യം ഓര്‍ത്തത്‌. ആ ഓര്‍മ്മ എന്നെ തളര്‍ത്തി, ഞാന്‍ പതുക്കെ നിലത്തിരുന്നു,എന്റെ കൈലുണ്ടായിരുന്ന പാത്രം തെറിച്ചു പോയത് ശ്രദ്ധിച്ചില്ല.    
              ചുമരില്‍ തല ചേര്‍ത്ത് കൈകള്‍ നിലത്തു കുത്തി ഞാന്‍ ഇരിക്കുകയാണ്. എത്ര നേരം അങ്ങിനെ ഇരുന്നു എന്നറിയില്ല.പെട്ടെന്ന് ചന്തിയില്‍ തേള് കുത്തിയത് പോലെ ഞാന്‍ ചാടിയെഴുന്നേറ്റു.കൈകള്‍ വയറ്റില്‍ അമര്‍ത്തി.അകത്തു നിന്ന് എന്തെക്കൊയോ ശബ്ദങ്ങള്‍.. മൂളലുകള്‍ ...അകത്തു കയറിയ വിദ്വാന്മാര്‍ പണി തുടങ്ങി എന്നെനിക്കു മനസ്സിലായി.പിന്നെ ഒരോട്ടമായിരുന്നു.കക്കൂസ്സില്‍ ഇരുന്നതും പോയതും ഒന്നിച്ചായിരുന്നു. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ മുറ്റം കഴുകേണ്ടി വന്നേനെ. അല്പസമയത്തിനു ശേഷം യുദ്ധം തീര്‍ന്നു വരുന്ന പട്ടാളക്കാരനെ പോലെ ക്ഷീണിച്ചു ഞാന്‍ മടങ്ങി. ഇരിക്കാന്‍ കസേര വലിച്ചതും വീണ്ടും വെളിപാട്‌.ഓടി..വെടി നിര്‍ത്തല്‍ കരാര്‍ ശത്രു സൈന്യം ലംഘിച്ചിരിക്കുന്നു...വീണ്ടും യുദ്ധം...അങ്ങനെ 4 -5 തവണ യുദ്ധഭൂമി കണ്ടപ്പോഴേക്കും കാറ്റു മുഴുവന്‍ പോയ ഒരു ബലൂണിനെ പോലെയായി എന്റെ അവസ്ഥ. വേച്ചു വേച്ചു എങ്ങിനെയൊക്കെയോ ഞാന്‍ ഉമ്മറത്തുള്ള കസേരയില്‍ ചെന്നിരുന്നു.       
               നന്നായി ഭക്ഷണം കഴിച്ചത് കൊണ്ടായിരിക്കണം ആ ഇരുപ്പില്‍ ഞാന്‍ ഒന്ന് മയങ്ങിപ്പോയി. അമ്മായിയുടെ വിളിയാണ് എന്നെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തിയത്. എന്നെ കണ്ട സന്തോഷത്തില്‍ കുശലപ്രശ്നം നടത്താനുള്ള തയ്യാറെടുപ്പിലാണ് അമ്മായി.പക്ഷെ എന്റെ തളര്‍ന്ന ഇരിപ്പും കുഴഞ്ഞു മറിയുന്ന ശബ്ദവും കാരണം എന്തോ പന്തികേട്‌ തോന്നി, അമ്മായി സംസാരം മതിയാക്കി അടുക്കളയിലേക്ക് നടന്നു.അകത്തെന്തോക്കയോ പാത്രങ്ങള്‍ കലപില കൂട്ടുന്ന ശബ്ദം.അമ്മായി ഉച്ചത്തില്‍ ആരോടോ സംസാരിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞു അമ്മായി എന്റെ അടുത്തെത്തി ചോദിച്ചു, "നീ വല്ലതും കഴിച്ചിരുന്നോ" ആ ചോദ്യം കേട്ടപ്പോള്‍ തന്നെ എന്റെ തല കറങ്ങി. "കഴിച്ചു" എന്ന് ഞാന്‍ മെല്ലെ തലയാട്ടി. "അപ്പോള്‍ നീയാണ് ആ ചക്കപുഴുക്ക് കഴിച്ചത്  അല്ലെ?" ഞാന്‍ ഒന്നും മിണ്ടിയില്ല."3 -4 ദിവസം പഴക്കമുള്ളതായിരുന്നു,കളയാന്‍ വച്ചതായിരുന്നു. രാവിലത്തെ തിരക്കില്‍ ഞാന്‍ അത് മറന്നു പോയി". 'അല്ലെങ്കിലും മറവി അങ്ങിനെയാ, അതിനു കൃത്യമായി അറിയാം എപ്പോ ഇടപെടണമെന്ന്' ഞാന്‍ മനസ്സില്‍ കരുതി. പെട്ടെന്ന് വീണ്ടുമൊരു തിരയിളക്കം ഞാന്‍ വയര്‍ അമര്‍ത്തി പിടിച്ചു ദയനീയമായി അമ്മായിയെ നോക്കി, തറയില്‍ കമിഴ്ന്നു കിടന്നു. മനസ്സില്‍ അപ്പോഴും ചക്കപുഴുക്ക് കിടന്നു തിളക്കുന്നുണ്ടായിരുന്നു..