പേജുകള്‍‌

നഷ്ടവസന്തം


                                                     
          ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്നുള്ള വീട്ടിലായിരുന്നു കുട്ടിക്കാലത്ത് ഞങ്ങളുടെ താമസം. ഏതാണ്ട് 2 ഏക്കറ വരുന്ന സ്ഥലത്ത് ആ ഒരു വീട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാവുകളും,പറങ്കിമാവുകളും,പ്ലാവുകളും ആ പറമ്പിനെ ഹരിതാഭമാക്കിയിരുന്നു. കൂടാതെ കായ്ച്ചു നില്‍ക്കുന്ന തെങ്ങുകളും നിറയെ ഉണ്ടായിരുന്നു.  മുറ്റത്തിനോട് ചേര്‍ന്ന് ഒരു മുല്ല പടര്‍ന്നു പന്തലിച്ചു കിടന്നിരുന്നു.കൊച്ചു കൊച്ചു ചെടികളും വര്‍ണ്ണ- ചെടികളാലും സമ്പന്നമായിരുന്നു ഞങ്ങളുടെ പറമ്പ്. വൈവിധ്യങ്ങളായ മാമ്പഴങ്ങള്‍ അവിടെ ഉണ്ടായിരുന്നത് പോലെ അടുത്തുള്ള ഒരു പറമ്പിലും ഉണ്ടായിരുന്നില്ല എന്നത് ഞാന്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു.
        പറങ്കിയണ്ടി (കൊരട്ട) പറക്കുക എന്നത് തീരെ താല്പര്യമില്ലാത്ത പണിയാണെങ്കിലും (അച്ഛനെ പേടിച്ചാണ് അത് ചെയ്തിരുന്നത് എന്നത് വേറെ കാര്യം) പഴുത്ത തേനൂറുന്ന പറങ്കിമാങ്ങ തിന്നുമ്പോള്‍ അതൊക്കെ മറന്നുപോവുമായിരുന്നു. അതിരാവിലെ എഴുന്നേറ്റു മാവിന്‍ചോട്ടില്‍ പോകാന്‍ എല്ലാവര്ക്കും വലിയ ഉത്സാഹമായിരുന്നു.ആര്‍ക്കാണ് കൂടുതല്‍ മാങ്ങ കിട്ടുക എന്നതില്‍ ഞങ്ങള്‍ തമ്മില്‍ മത്സരിച്ചിരുന്നു. ആര്‍ക്കും കൊടുക്കാതെ ഒറ്റയ്ക്ക് മാങ്ങ തിന്നുന്നതിലും ഒരു സുഖമുണ്ടായിരുന്നു.
        വൈകുന്നേരം പറമ്പില്‍ നടക്കുന്നത് സന്തോഷമുള്ള കാര്യമായിരുന്നു. കാരണം നിറയെ പൂമ്പാറ്റകളെ കാണാം എന്നതായിരുന്നു. പലനിറത്തിലുള്ള പല വലുപ്പത്തിലുള്ള പൂമ്പാറ്റകള്‍, ഒരു പൂവില്‍ നിന്ന് മറ്റൊരു പൂവിലേക്ക് പറന്നു പോകുന്ന അവയെ കാണാന്‍ വല്ലാതെ ഒരു ചന്തമായിരുന്നു. ചെടികളില്‍ നിന്ന് പൂക്കള്‍ പാറിപോകുകയാണോ എന്ന് പോലും തോന്നിപ്പോകും.  നമ്മുടെ ശരീരത്തെ മുട്ടിയുരുമ്മിക്കൊണ്ട് എന്നാല്‍ നമുക്ക് പിടിതരാതെ അവ പാറിക്കളിക്കുന്നത് കാണുക എന്നത് തന്നെ ഒരു വല്ലാത്ത അനുഭവമായിരുന്നു. സന്ധ്യ ആകുമ്പോഴാണ് ഒരു പക്ഷെ കൂടുതല്‍ രസം. ചീവീടുകളും പോക്കാച്ചി തവളകളും പേരറിയാത്ത പല ജീവികളും ചേര്‍ന്ന് കാണാമറയത്തിരുന്നു   നടത്തിയിരുന്ന ഗാനമേള കാതുകള്‍ക്ക് ഉത്സവമായിരുന്നു. കുറച്ചു കൂടി ഇരുട്ടിയാല്‍ ആകാശ താരകള്‍ ഭൂമിയിലേക്ക്‌ ഇറങ്ങി വന്നതാണോ എന്ന് തോന്നിപ്പിക്കും വിധം മിന്നി കളിക്കുന്ന മിന്നമിന്നുകളുടെ ഒരു കൂട്ടം. ഒരു പക്ഷെ എണ്ണിയാല്‍ തീരില്ല അത്രയും ഉണ്ടാകും. ഇരുട്ടിലൂടെ എങ്ങോട്ട് കണ്ണയച്ചാലും അവിടെയൊക്കെ ചൂട്ടു പോലെ മിന്നിക്കൊണ്ടിരിക്കുന്ന മിന്നാമിനുങ്ങുകള്‍ സൃഷ്ടിച്ചിരുന്ന ആ ദൃശ്യ വിരുന്നു മനസ്സിനെ എത്ര മാത്രം കുളിര്‍മ്മ അണിയിച്ചിരുന്നുവെന്നു ഇപ്പോള്‍ വിവരിക്കുക അസാധ്യം.
        ഇപ്പോള്‍ കാലം മാറി. വീടുകളുടെ എണ്ണം കൂടി, അതിനനുസരിച്ച് മാവുകളും പ്ലാവുകളും പറങ്കിമാവുകളും അപ്രത്യക്ഷമായി. മുല്ലയുടെ സൌരഭം എവിടെയോ പോയി മറഞ്ഞു. തെങ്ങുകള്‍ മണ്ടയില്ലാ തെങ്ങുകളായി മാറി.  പൂക്കള്‍ ഇല്ലാതെയായി, പൂമ്പാറ്റകളും എങ്ങോ പോയി മറഞ്ഞു. പോക്കാച്ചി തവളകളെ മഴക്കാലത്ത് പോലും കാണാതെയായി. കൂട്ടുകാര്‍ മറഞ്ഞതിനാലാവണം ചീവീടുകള്‍ പോലും പാടാന്‍ മറന്നു പോയി.ഇരുട്ടത്ത്‌ എത്ര നോക്കിയാലും കാണാന്‍ പറ്റുന്നത് അങ്ങേ വീട്ടിലെ ഇലക്ട്രിക്‌ പ്രകാശം മാത്രമായി, മിന്നാമിന്നികള്‍ എങ്ങോട്ട് പോയി എന്ന് ആരും അറിഞ്ഞില്ല, ഒരു പക്ഷെ ആരും അന്വേഷിച്ചു പോലുമില്ല.
      ഇപ്പോള്‍ നാട്ടിലെത്തിയാല്‍ പറമ്പ് മുഴുവന്‍ ഞാന്‍ നടക്കും ഒരു പൂമ്പാറ്റയെ കാണാന്‍, ചീവീടിന്റെ സംഗീതം കേള്‍ക്കാന്‍, ഒരു പോക്കാച്ചി തവളയെ കാണാന്‍. ഇരുട്ടത്ത് മിന്നി തിളങ്ങുന്ന മിന്നാമിന്നിയെ ഒന്ന് കാണാന്‍ കിട്ടിയിരുന്നെങ്കില്‍ മോള്‍ക്ക്‌ കാണിച്ചു കൊടുക്കാമായിരുന്നെന്നു വെറുതെ ആശിക്കും. നിരാശയോടെ തിരിഞ്ഞു നടക്കുമ്പോള്‍ ചിലപ്പോള്‍ ഒരു അനക്കം കാണാം, കണ്മുന്‍പില്‍ എന്തോ പാറി കളിക്കുന്നത് കാണാം. ആരുമില്ലാതെ ഒറ്റയ്ക്ക് ഈ ഭൂമിയില്‍ ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു ഹതഭാഗ്യനായ ഒരു പൂമ്പാറ്റയെ - ഏതോ ലോകത്തില്‍ നിന്ന് കൂട്ടം തെറ്റി വന്നത് പോലെ, വെറുതെ പാറി നടക്കാന്‍ വിധിക്കപ്പെട്ടവന്‍. !!... ആ കാഴ്ച കണ്ടു കുഞ്ഞു മനസ്സ് ചിരിക്കുമ്പോള്‍ ഒരു പക്ഷെ അവനും സന്തോഷിക്കുന്നുണ്ടാവാം, നഷ്ടമായ വസന്തകാലം തിരിച്ചു കിട്ടിയത് പോലെ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ