പേജുകള്‍‌

എന്റെ കവിതകൾ - 3

***സ്വാദ്***
1. ഉപ്പിനെക്കാളേറെ സ്വാദു-
ണ്ടെന്നമ്മ ഉപ്പിലിട്ടത്..

***കിരാതവൃത്തം***
2.
വില്ലാളിവീരൻ പാർഥനന്നൊരുനാൾ പുലർകാലേ
പുറപ്പെട്ടേകനായി ദേവദേവനെ ഭജിക്കുവാൻ
ഹിമാലയശൈലാഗ്രെ കൊടുംകാനനമധ്യേ
ഘോരതപസ്സിലാണ്ടു പഞ്ചാക്ഷരമന്ത്രവുമായി
കാടിളക്കിവന്ന വരാഹത്തിൻ ദേഹേ വർഷിച്ചു
അസ്ത്രങ്ങളൊന്ന് കിരീടിയും പിന്നൊന്ന് കിരാതനും
യമപുരിക്കയച്ചതാരെന്നറിയാൻ വർഷമായി പെയ്തി-
റങ്ങി വാക്കുകളുമതിൻപിന്നെ കൂർത്ത ബാണങ്ങളും
ഗാണ്ഡീവി തൊടുക്കും ശരങ്ങളോരോന്നും പുഷ്പാ-
ർച്ചനയായി മാറിയല്ലോ കിരാതമൗലിയിലന്നേരം
പ്രജ്ഞയുദിച്ചോരാ പാർഥൻ വെടിഞ്ഞൂ ഗാണ്ഡീവം
പ്രണമിച്ചു ലോകൈകനാഥനെ ഭക്തിപരവശനായി
മുൽപ്പാടേകിയവൻ കൃപാകടാക്ഷം ചെറുഹാസവും
പിന്നെ വിശേഷമേറും ദിവ്യാസ്ത്രവുമനുഗ്രഹാൽ
നൽകിയതിൻ ശേഷമുമാസമേതം മന്ദം ഗമിച്ചു
നന്ദിമേലേറി കൈലാസമേരുവിലേക്കെന്നയീക്കഥ
അത്താഴശേഷമിത്തിരിയുലാത്തവേ എൻ ചിത്തേ
തെളിഞ്ഞെന്നമ്മയുരുവിട്ട പഞ്ചാക്ഷരി കേൾക്കവേ
കൈലാസനാഥ ദേവദേവാ..അറിവായി പൊരുളായി
അക്ഷരക്കൂട്ടമായെൻ നാവിലെപ്പോഴും വിളങ്ങേണേ

***ഒരുമ***
3 .
പല വയറ്റിലാണ് പിറവിയെങ്കിലും
ഒന്നാണ് നമ്മൾ പലതരത്തിലും

***ജീവിതം***
4 .
ജനനത്തിൽ നിന്നും മരണത്തിലേക്കുള്ള
യാത്രയത്രേ ജീവിതമെന്നാരോ പറഞ്ഞു

***എട്ടുകാലി***
5 .
കാലുള്ളവരെ ഇരയാക്കി
വലയിൽ കുടുക്കിയവൻ

***മൗനം***
6 .
മൗനം ഭഞ്ജിച്ചാൽ ജനനം,
മൗനത്തിലമർന്നാൽ മരണം

***തലയിണ***
7 .
തലയിണകൾ രഹസ്യം കാക്കും
പാവം മിണ്ടാപൂച്ചകൾ മാത്രം
അവയൊന്ന് വാ തുറന്നാൽ
ഉടയുന്ന ബന്ധങ്ങളെത്രയെന്ന്
ഈശ്വരനുപോലും അറിയില്ലത്രേ

8 .
സുഖനിദ്രപ്രദായിനിയിവളെങ്കിലും
നിദ്രാവിഹീനവുമാക്കീടുമൊരുവേള

***അവസ്ഥ***
9 .
കുളിരുകോരുമീ പുലര്കാലവേളയിൽ
എന്തുചെയ്യേണ്ടു എന്നറിയാതെ
അന്തംവിട്ട് കുന്തിച്ചിരിക്കുന്നു
ഞാനീ നാൽചുവരുകൾക്കുള്ളിൽ
നിദ്രാവിഹീനനായി

***മാതൃഭാഷ***
10 .
പെറ്റമ്മയോളം വലുതല്ല പോറ്റമ്മയെന്നപോൽ
മാതൃഭാഷയോളം വരില്ല മറ്റൊരു ഭാഷയു-
മെന്ന നിത്യസത്യം ഓർക്കുക മർത്യാ, നീ
സ്നേഹിക്കുക എന്നുമീ മലയാളഭാഷയെ

***പ്രണയം***
11 .
മിഴിമുനയിൽ വിടരും നിൻ
മൊഴികളിലലിഞ്ഞ നേരം
മഴ മൊഴിഞ്ഞ മൊഴികൾ
ഞാൻ കേൾക്കാതെ പോയി

***ഞാൻ***
12.
അഹംബോധം വേണമെപ്പോഴും മനുജ-
നെന്നാൽ അഹംകാരമായത് മാറീടൊല്ല
അകമേ മതിപ്പൊന്നും തോന്നിയില്ലെങ്കിൽ
ആരുമല്ലായീയുലകത്തിൽ നാമൊരു തൃണം

***വെളിച്ചം***
13.
പൊൻനിലാവിൻ പ്രഭ ചൊരിയും
നിൻ മുഖപത്മം മെല്ലെ കാൺകവേ
ഇരുളടഞ്ഞൊരെൻ മനസ്സിൽ വീണ്ടും
പ്രതീക്ഷതൻ മിന്നാമിന്നി ചിറകടിച്ചു

***അഗ്നി***
14.
അഗ്നി..വാക്കുകളാൽ പൊഴിയട്ടെ
ശരമാരി കണക്കെയീ ധരണിയിൽ
തകരട്ടെ കോട്ടകൊത്തളങ്ങൾ, പുലരട്ടെ-
യൊരു നവലോകം ആത്മശുദ്ധിയാൽ

***ദുര***
15.
പുഴ മരിച്ചാലും
മഴ മരിച്ചാലും
മനുഷ്യന്റെ ദുര
മരിക്കുകില്ല...

***കേശം***
16.
കേശഭാരം കൊണ്ടുഴലും കേശവേട്ടനും
കേശം നാസ്തിയെന്നു വിലപിക്കുമടിയനും
കേശാദിപാദം തൊഴാനായി ക്ലേശിച്ചിടുന്നേൻ
കേശവാ കൃപാനിധേ ആശയിതൊന്ന് മാറ്റണെ

17.
കേശമില്ലാത്തവനശ്രയമായോ-
രുമീശയങ്ങ് വടിച്ചാലയ്യോ ശിവശിവ
പിന്നവനെന്തുണ്ടോരാശ്രയം തൻ
വദനത്തിലൊരു ചന്തമേറും ചിരിതൂകുവാൻ
കൊറോണക്കാലം ഓർമ്മിപ്പിക്കുന്നത്
ഭൂമി മുഴുവനും കീഴടക്കി ചന്ദ്രനും സൗരയൂഥവും താരാഗണങ്ങളും കീഴടക്കാനുള്ള വഴികളുമായി ശാസ്ത്രവും മനുഷ്യനും മുന്നോട്ടു പോകുമ്പോഴാണ് എവിടെ നിന്നോ വന്ന എന്നാൽ നഗ്നനേത്രങ്ങൾക്ക് അപ്രാപ്യമായ ഒരു ഇത്തിരിക്കുഞ്ഞൻ വൈറസ് മനുഷ്യനെ വിറപ്പിച്ചത്. നിശബ്ദമായി വന്ന ആ കൊലയാളിയുടെ സംഹാരതാണ്ഡവത്തിൽ അടിമുടി വിറച്ചുപോയവരിൽ രാഷ്ട്രങ്ങളുടെ തലവന്മാർ മുതൽ ആരോരുമില്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരനും വരെ ഉണ്ടായിരുന്നു എന്നതാണ് വൈചിത്ര്യം. ആരോഗ്യരംഗത്ത് മറ്റാർക്കും കിടപിടിക്കാൻ കഴിയാത്തത്ര അത്യാധുനിക സൗകര്യങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് വീരവാദം മുഴക്കിയിരുന്ന രാഷ്ട്രങ്ങൾ വരെ ഈ പടയോട്ടം കണ്ട് ഒന്നും ചെയ്യാനാകാതെ വിറച്ചുനിൽക്കുകയാണ്. കടന്നുപോകുന്ന ഓരോ നിമിഷത്തിലും പലയിടങ്ങളിലായി മനുഷ്യർ മരിച്ചു വീണുകൊണ്ടിരിക്കുകയാണ്. ഇതിനെ തൽക്കാലത്തേക്കെങ്കിലും പിടിച്ചുകെട്ടാനുള്ള ഉപാധിയായി നമ്മുടെ ആരോഗ്യവിദഗ്ധർ കണ്ടത് എല്ലാവരെയും വീടിനുള്ളിലോ മുറിക്കുള്ളിലോ അടച്ചിടുകയോ തളച്ചിടുകയോ ചെയ്യുക എന്നതുമാത്രമായിരുന്നു. അങ്ങനെ എല്ലാവിധ സ്വാതന്ത്ര്യത്തോടെ ഇന്നലെ വരെ അഴിഞ്ഞാടിയവരും സമാധാനജീവിതം നയിച്ചവരും ആരോരുമില്ലാത്തവരും ഉൾപ്പെട്ട കോടികണക്കിനാളുകൾ സമൂഹം സൃഷ്ടിച്ച പുതിയ തടവറയിൽ കിടക്കാൻ നിർബന്ധിതരായി. ഒരുമിച്ചു കളിച്ചു നടന്നവർ, പരസ്പരം ഭക്ഷണം പങ്കിട്ടവർ, എന്നും സൗഹൃദം പ്രകടിപ്പിച്ചവർ, ഒരുമിച്ചു ജോലി ചെയ്തവർ എന്തിനേറെ, ദിവസേന കണ്ടിരുന്നവർ വരെ പരസ്പരം കാണാതെയും മുഖം കൊടുക്കാതെയും തങ്ങളുടെ വീടെന്ന നാലുചുവരുകൾക്കുള്ളിലോ സർക്കാർ നിർമ്മിച്ച മുറികൾക്കുള്ളിലോ സ്വാതന്ത്ര്യത്തിന്റെ കെട്ടുപാടുകൾ അറുത്തുമാറ്റാൻ വിധിക്കപ്പെട്ട്, പാരതന്ത്ര്യത്തിന്റെ സ്വാദ് അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വീടുകളിൽ നിന്ന് ജോലി ചെയ്തും കുട്ടികളുടെ കൂടെ  കളിച്ചും ഭാവിയെപ്പറ്റി ആശങ്കപ്പെട്ടും വീട്ടുകാരെപ്പറ്റി ഉത്കണ്ഠാകുലരായും ദിവസങ്ങൾ ഓരോന്നായി തള്ളിനീക്കുമ്പോഴാണ്, ഇത്രയും കാലം മറവിയുടെ അറകളിലേക്ക് തള്ളിവെച്ചിരുന്ന പലതും ഓർമ്മയിലേക്ക് തിരയടിച്ചു വരുന്നതായി ചിലർക്കെങ്കിലും തോന്നിത്തുടങ്ങിയത്.  ബന്ധങ്ങളെ കുറിച്ചോർക്കാനും കുട്ടികളുടെയും കുടുംബത്തിന്റെ കൂടെയും സമയം ചെലവഴിക്കാനും ഇത്രയും കാലം തങ്ങൾക്കു കഴിഞ്ഞില്ലല്ലോ   എന്നോർത്തത്. പലവേഷങ്ങളിലായി ജീവിതം ആടിത്തീർക്കാൻ ശ്രമിക്കുന്നതിനിടയിൽ തങ്ങൾക്ക് ഇഷ്ടപ്പെട്ട പലതും അത് സന്തോഷമായാലും സ്നേഹമായാലും കടമകളായാലും ഇത്രയും കാലം മാറ്റിനിർത്തേണ്ടിവന്നുവല്ലോ എന്ന് ഖേദപൂർവ്വം ചിന്തിക്കാൻ തുടങ്ങിയത്. എല്ലാം നേടി എന്ന് അഹങ്കരിക്കുമ്പോഴും ഇതുപോലുള്ള ചെറിയ കാര്യങ്ങൾ ഓർമ്മിപ്പിക്കാൻ വലുപ്പത്തിൽ മനുഷ്യന്റെ മുന്നിൽ ഒന്നുമല്ലാത്ത ഒരു അണു വേണ്ടിവന്നു എന്നത് മറ്റൊരു വൈരുദ്ധ്യം.

അങ്ങനെ ലോകത്തിലെ അനേകം മനുഷ്യരോടൊപ്പം ഞാനും ഈ പാരതന്ത്ര്യത്തിന്റെ കെട്ടിലകപ്പെട്ടു വിഷമിച്ചിരിക്കുമ്പോഴാണ് ഇതേ അവസ്ഥയിലുള്ള എന്റെ ഒരു മച്ചുനന് വെളിപാടുണ്ടാകുന്നത്. ആ വെളിപാട് അല്ലെങ്കിൽ ചിന്ത പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കാൻ അവനെയും പ്രേരിപ്പിച്ചിട്ടുണ്ടാകാം. ആ വഴികളിൽ എവിടെയൊക്കെയോ ഉപേക്ഷിച്ച അല്ലെങ്കിൽ ഉപേക്ഷിക്കാൻ നിർബന്ധിതനായ ഗതകാലസ്മരണകളിലെ  സന്തോഷങ്ങൾ അവനെ തിരിഞ്ഞു കൊത്തിയിട്ടുണ്ടാകാം. അതിന്റെ വേദനയിൽ പുളഞ്ഞിട്ടാകാം ഇന്നത്തെ തലമുറയുടെ കൂട്ടായ്മയും ജീവനാഡിയുമായ വാട്സാപ്പിൽ അവൻ ഒരു സന്ദേശം ഇട്ടത്. കാര്യമായ ഒച്ചയോ അനക്കമോ ഇല്ലാതെ ഏതാണ്ട് ഒരു മരണവീടിന്റെ അവസ്ഥയിലായിരുന്നു ഞങ്ങൾ രണ്ടാംതലമുറക്കാരുടെ ആ ഗ്രൂപ്പ്. മനുഷ്യരാശിയുടെ തലയ്ക്കു മുകളിൽ ഡെമോക്ലസിന്റെ വാളുപോലെ തൂങ്ങിക്കിടക്കുന്ന കോറോണയെന്ന മഹാമാരിയുടെ തേരോട്ടം കണ്ടു ആധിപിടിച്ചു നിൽക്കുന്ന എല്ലാവർക്കും ഒരാശ്വാസമാകട്ടെ എന്ന് കരുതിയിട്ടാകണം അവൻ അങ്ങനെ ചെയ്തത്. അവന്റെ സന്ദേശം ഇത്രമാത്രം "വീട്ടിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഈ സമയത്തു എന്തുകൊണ്ട് നമുക്ക് പഴയ നല്ല നല്ല ഓർമ്മകൾ പങ്കുവെച്ചുകൂടാ? കൂടാതെ പകച്ചുനിൽക്കുന്ന മനസ്സിനെ ഉല്ലാസപ്രദമാക്കാൻ എല്ലാവരും നിർബന്ധമായും ഓരോ പാട്ടുകൂടി പാടി അയക്കണം". വളരെ നിസ്സാരമായ കാര്യമാണെന്ന് തോന്നുമെങ്കിലും അതിൽ ഒരുപാടു അർഥങ്ങൾ ഉള്ളതായി എനിക്ക് തോന്നി. അവന്റെ വാക്കുകൾ എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു. അത് ഒരുപാടു ചിന്തകൾ എന്നിൽ നിറച്ചു. ഈ സംഘത്തിലെ അംഗങ്ങളായ ഞങ്ങൾ സഹോദരങ്ങളുടെ മക്കളാണ്. ഞരമ്പുകളിൽ ഒരേ രക്തം നിറഞ്ഞവർ. പലരും ഒരുമിച്ചു കളിച്ചു വളർന്നവർ. ഓണത്തിനും ക്രിസ്തുമസിനും വേനലവധിക്കും മുടങ്ങാതെ കണ്ടിരുന്നവർ, സ്നേഹം പങ്കുവെച്ചിരുന്നവർ. മാവിൽ കല്ലെറിഞ്ഞും മരത്തിൽ കയറിയും അടികൂടിയും ഒളിച്ചു കളി കളിച്ചും പരസ്പരം ശുണ്ഠിപിടിപ്പിച്ചും വലുതായവർ. ഇത്തിരി കൂടി മുതിർന്നപ്പോൾ ഒരുമിച്ചു സിനിമ കാണാനും ഉത്സവം കാണാനും കമ്പനി കൂടാനും ഉത്സാഹിച്ചവർ. കൂട്ടത്തിലെ ഇളയവരാകട്ടെ ഏട്ടന്മാരുടെയും ചേച്ചിമാരുടെയും ലാളനകൾ ഒരുപാടു ഏറ്റുവാങ്ങിയവർ. പക്ഷെ കാലം തങ്ങളിൽ പ്രായത്തിന്റെ ക്ഷതം  ഏൽപ്പിച്ചപ്പോൾ, ജീവിതം ഗൗരവമായി കാണണമെന്ന അലിഖിതനിയമത്തിന്റെ ചുവടുപിടിച്ചു പുതിയ പുതിയ മേച്ചിൽപ്പുറങ്ങൾ അന്വേഷിച്ചുപോയപ്പോൾ അകന്നുപോയത് ശരീരം മാത്രമായിരുന്നില്ല മനസ്സുകളുമായിരുന്നു. 'മെയ്യകന്നാൽ മനസ്സുമകലും' എന്ന ആപ്തവാക്യം അന്വർത്ഥമായി. അത് ആരുടേയും കുറ്റമായിരുന്നില്ല മറിച്ച് ഇന്നത്തെ കാലത്തിന്റെ ശീലമായിരുന്നു. കൂട്ടുകുടുംബങ്ങളും കൃഷിയിടങ്ങളും നശിച്ചപ്പോൾ ജീവിതം കരുപിടിപ്പിക്കുന്നതിനായി ദേശത്തിന്റെ അതിരുകൾ മുറിച്ചുകടക്കുമ്പോൾ സംഭവിക്കാവുന്ന സ്വാഭാവിക പ്രക്രിയ മാത്രം. വർഷങ്ങൾ മാറിമറിഞ്ഞപ്പോൾ ലോകം എന്നത് താനും തന്റെ കുടുംബവും മാത്രം എന്നതിലേക്ക് ചുരുങ്ങാനും തുടങ്ങി. ഒരേവയറ്റിൽ ജന്മമെടുത്തവർ പോലും പരസ്പരം കാണാനും ഓർക്കാനും കഴിയാതെ സംസാരസാഗരത്തിൽ മുങ്ങിപ്പോയി.

പലനാടുകളിൽ പലവേഷങ്ങളിൽ ചിലർക്ക് ജീവിക്കേണ്ടിവന്നു. കറങ്ങിത്തിരിഞ്ഞ് ആകസ്മികമായി ഒരേനാട്ടിൽ എത്തിയവരിൽ ചിലർ പഴയ ബന്ധം പൊടിതട്ടിയെടുത്തു. തികച്ചും യന്ത്രികമായിപ്പോകുന്ന ജീവിതത്തിൽ നിന്നും തൽക്കാലത്തേക്കെങ്കിലും ആശ്വാസം നേടാൻ ഒരുപക്ഷെ അവർക്ക്  ഇതുപകരിച്ചിട്ടുണ്ടാവാം. മറ്റുചിലരാകട്ടെ ഒരേ നാട്ടിലാണെങ്കിലും തികച്ചും അന്യരെ പോലെ കഴിയുന്ന അവസ്ഥയും ഉണ്ടായി. അതിനും പലകാരണങ്ങൾ ഉണ്ടാകാം. പ്രായത്തിലുള്ള വ്യത്യാസം, കാഴ്ചപ്പാടിലുള്ള അന്തരം അതുമല്ലെങ്കിൽ പഴയതുപോലെ ഇടപഴകാനുള്ള വൈമുഖ്യം എന്നിങ്ങനെ എന്തുമാകാം. രക്തബന്ധത്തേക്കാൾ പ്രാധാന്യം മറ്റു ബന്ധങ്ങൾക്ക്‌ കൽപ്പിച്ചതോ ആവാം. എന്തായാലും ചെറിയൊരകൽച്ച ഒരുപരിധിവരെയെങ്കിലും   മേല്പറഞ്ഞ സഹോദരങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ടെന്നത് ഒരു വാസ്തവം തന്നെയാണ്. പലരും തമ്മിൽ കാണാതെ വർഷങ്ങളായി എന്നതാണ് അതിലും വലിയ തമാശ. ഇതിൽ മിക്കവരും വിവാഹിതരായി ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നു. അവരുടെ പങ്കാളികൾക്ക് ഈ സഹോദരബന്ധം എത്രമാത്രം പരിചിതമാണെന്നും സംശയമുണ്ട്. അവരുടെ കുട്ടികളുടെ കാര്യമാണെങ്കിൽ പറയേണ്ട കാര്യവുമില്ല. തങ്ങൾക്ക് ഈ ലോകത്തിലെ പല ഭാഗത്തായി വല്യച്ചന്മാരോ വല്യമ്മമാരോ അമ്മാമന്മാരോ ചെറിയമ്മമാരോ ഇളയച്ഛന്മാരോ ഒക്കെയുണ്ടെന്നത് അവർക്ക് കേട്ടുകേൾവി  പോലുമുണ്ടാകില്ല. നാളെ എവിടെവച്ചെങ്കിലും കണ്ടാൽ കൂടി തികച്ചും അപരിചതരായി പെരുമറിയാലും അതിശയമില്ല. ലോകം ഒരുവിരൽത്തുമ്പിൽ എന്ന് പറയുമ്പോഴും അവനവന്റെ ലോകം എന്നത് തന്നിലേക്ക് മാത്രമായി ചുരുങ്ങിപ്പോകുന്നു എന്നതാണ് ഏറെ ദുഃഖകരം.

എന്റെ ചിന്തകൾ ഇങ്ങനെ കാടു കയറിപോയിക്കൊണ്ടിരിക്കെ തന്നെ ഞാനറിഞ്ഞു ബാക്കിയുള്ളവർ മച്ചുവിന്റെ സന്ദേശം ഗൗരവമായി കാണുന്നതും അനുകൂലമായി പ്രതികരിക്കുന്നതും. പിന്നെയുള്ള കുറെ നിമിഷങ്ങൾ എല്ലാവരും അതിന്റെ ആഹ്ളാദത്തിലായിരുന്നു. ആ ഉത്സാഹം കണ്ടപ്പോൾ എന്റെ മനസ്സും ചിന്തകൾ മാറ്റിവെച്ച് ആ പഴയ വള്ളിട്രൗസറുകാരന്റെ പ്രായത്തിലേക്ക് ഓടിപ്പോയി. എത്രനാൾ ഈ ആരവം നിലനിൽക്കും എന്നറിയില്ല എങ്കിലും ഒരുപാടു ആശങ്കകളും തിരക്കുകളും പ്രശ്നങ്ങളും നിലനിൽക്കുന്ന ഈ കാലത്തും ഇത്രയെങ്കിലും നടന്നല്ലോ എന്നൊരു ചിന്ത മനസ്സിന് നൽകിയ ഉന്മേഷം ചെറുതല്ല. ഏതായാലും സമ്പന്നൻ കൂടുതൽ സമ്പന്നനും ദരിദ്രൻ  കൂടുതൽ ദരിദ്രനുമാകുന്ന, ബന്ധങ്ങൾ തീരെ അപ്രസക്തമാകുന്ന ഈ കാലത്ത്, ഒരുമയുടെയും സ്നേഹത്തിന്റെയും ബന്ധത്തിന്റെയും അർഥം മനസ്സിലാവാനും ആഴം അറിയാനും ഇത്തിരിപോലുമില്ലാത്ത ഒരു കൊറോണ വേണ്ടിവന്നു എന്നത് കാലത്തിന്റെ ഒരു തമാശ. മാത്രവുമല്ല കൊറോണയ്ക്ക് മനുഷ്യരെപ്പോലെ വലിപ്പച്ചെറുപ്പമോ ജാതി-മത-രാഷ്ട്രീയ-ലിംഗ വ്യത്യാസമോ അതിർത്തികളോ ബാധകമല്ല എന്നതും ഇതിന്റെ കൂടെ ചേർത്തുവായിക്കേണ്ടതാണ്. കാലമെത്ര കഴിഞ്ഞാലും ഈ സ്നേഹബന്ധങ്ങൾ പിരിയാതെ എന്നും നിലനിർത്താൻ നമുക്ക് കഴിയട്ടെ, ഒരു വൈറസിന്റെയും സാനിധ്യം ഇല്ലാതെ തന്നെ. അതായിരിക്കട്ടെ ഈ കൊറോണക്കാലം നമ്മെ പഠിപ്പിക്കുന്നത്.