പേജുകള്‍‌

മഞ്ഞയിൽ മുങ്ങിയ 2022


മഞ്ഞക്കുറ്റിയും മഞ്ഞലോഹവും സ്വജനപക്ഷപാതവും മൂപ്പിളമതർക്കങ്ങളും നാക്കുപിഴകളും കൊണ്ട് സമ്പന്നമായിരുന്നു കേരളരാഷ്ട്രീയം ഇത്തവണയും. പ്രകൃതിദുരന്തങ്ങളും ജനങ്ങൾ നെഞ്ചേറ്റി നടന്നവരുടെ അപ്രതീക്ഷിതവിയോഗങ്ങളും പോയവർഷത്തെ കണക്കെടുപ്പിൽ മലയാളിക്ക് മറക്കാനാവില്ല. യൂറോപ്പിലെയോ ലാറ്റിൻ അമേരിക്കയിലെയോ കളിയാരാധകരെ കവച്ചുവെക്കുന്ന രീതിയിൽ ലോകകപ്പ് ഫുട്ബോളിന്റെ ആവേശം മലയാളികളുടെ നെഞ്ചിൽ അലയടിച്ചതും 2022 ൽ തന്നെയായിരുന്നു. പതിവ് തെറ്റിക്കാതെ രാഷ്ട്രീയകൊലപാതകങ്ങളും ഈ നാട്ടിൽ അരങ്ങേറി. എന്തിനേറെപ്പറയുന്നു നരബലികളും പ്രണയക്കൊലകളും ലോക്കപ്പ് മരണങ്ങളും നിർബാധം നടന്നു ഈ പ്രബുദ്ധകേരളത്തിൽ. ഏതായാലും പോയവർഷങ്ങളിലെപ്പോലെ തന്നെ ഒരുപാട് സംഭവബഹുലമായ നാടകങ്ങളും അനുഭവങ്ങളും നടമാടിയ വർഷമായിരുന്നു 2022 എന്നത് പറയാതിരിക്കാനാവില്ല. ജനങ്ങളെ, നാടിനെ ഗുരുതരമായി ബാധിച്ച, വേദനിപ്പിച്ച ചില സംഭവങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

കെ റെയിൽ വിവാദത്തോടെയാണ് വർഷം തുടങ്ങിയത്. വർഷാവസാനമാകുമ്പോഴും ആ വിവാദം അടങ്ങിയിട്ടില്ല. അപൂർണ്ണമായ ഡി പി ആർ, സാമൂഹ്യാഘാതപഠനം, ബലപ്രയോഗത്തിലൂടെയുള്ള കല്ലിടൽ (അത് മുറ്റത്തായാലും അടുക്കളയിലായാലും), കല്ലുപറിച്ചെറിയൽ, ശാസ്ത്രസാഹിത്യപരിഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിർപ്പ്, ആരെതിർത്താലും പദ്ധതി നടപ്പിലാക്കും എന്ന സർക്കാരിന്റെ പ്രഖ്യാപനം തുടങ്ങി പറഞ്ഞാൽ തീരാത്ത സംഭവങ്ങളാണ് ഇതുമായി ബന്ധപ്പെട്ട അരങ്ങേറിയത്. കാര്യകാരണങ്ങൾ ജനങ്ങളെ പറഞ്ഞുമനസ്സിലാക്കും എന്ന് പ്രഖ്യാപിച്ചവർ പക്ഷെ ഇരകൾക്ക് പകരം വിശദീകരണയോഗം നടത്തിയത് നഷ്ടങ്ങളുടെ കഥ പറയാനില്ലാത്ത  സമൂഹത്തിലെ പൗരപ്രമാണികളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു. തലചായ്ക്കാനുള്ള ഒരിത്തിരി മണ്ണിനെ കാക്കാനിറങ്ങിയവർക്ക് സർക്കാർ സമ്മാനിച്ചത് കേസുകളും മറ്റു  പൊല്ലാപ്പുകളുമായിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ നിർത്തിവെച്ച കല്ലിടൽ ജനവിധി എതിരായപ്പോൾ ഉപഗ്രഹസർവ്വെയിലേക്ക് മാറ്റേണ്ടി വന്നു. ഒടുവിൽ കേന്ദ്രത്തിന്റെ അംഗീകാരം കിട്ടാതെ ഊർദ്ധശ്വാസം വലിക്കുന്ന അവസ്ഥയിലാണ് ഈ കെ റയിലിന്റെ കിടപ്പ്. എന്നിട്ടും പദ്ധതിയിൽ നിന്നും പിന്മാറുന്നു എന്ന് പ്രഖ്യാപിക്കാൻ സർക്കാരിന്റെ ദുരഭിമാനം സമ്മതിക്കുന്നുമില്ല.

ഇടുക്കി കോളേജിലെ SFI പ്രവർത്തകൻ ഒരു യൂത്ത് കോൺഗ്രെസ്സുകാരനാൽ കൊല്ലപ്പെട്ട സംഭവവും അതിന് കെപിസിസി പ്രസിഡണ്ട് നൽകിയ പ്രതികരണവും കോൺഗ്രസിന്റെ അക്രമരാഷ്ട്രീയത്തോടുള്ള നിലപാടിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്തി. കുറ്റാരോപിതർ ജാമ്യത്തിൽ ഇറങ്ങുകയും അന്വേഷണം കാര്യമായി മുന്നേറാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിപ്പോൾ. 

കോവിഡ് മൂലം അനാവശ്യനിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങളെ വലച്ച സർക്കാർ പക്ഷെ പാർട്ടി സമ്മേളനങ്ങൾ വെട്ടിച്ചുരുക്കാൻ തയ്യാറാവാത്തത് രൂക്ഷവിമര്ശനത്തിന് ഇടയാക്കി. ചിലയിടങ്ങളിൽ സമ്മേളനങ്ങൾ മാറ്റിവെക്കാൻ കോടതി ഇടപെടലുകൾ വരെ നടത്തേണ്ടി വന്നു എന്നത് സർക്കാരിന്റെ ഇരട്ടത്താപ്പിനെ വെളിപ്പെടുത്തുന്ന സംഭവമായി. കേരളത്തിലെ ലോകായുക്ത കുരയ്ക്കുക്ക മാത്രമല്ല കടിക്കുകയും ചെയ്യും എന്ന് അവകാശപ്പെട്ടവർ പക്ഷെ അതിന്റെ പല്ലു പറിക്കാൻ മുന്നിട്ടിറങ്ങിയ കാഴ്ചയ്ക്കും സാക്ഷരകേരളം സാക്ഷിയായി. എല്ലാ എതിർപ്പുകളും തള്ളി ഓർഡിനൻസ് ആക്കി ഇറക്കിയ ഭേദഗതി പക്ഷെ വർഷാവസാനമാകുമ്പോൾ ബില്ലിന്റെ രൂപത്തിൽ ഗവർണ്ണറുടെ കനിവും കാത്തു കിടക്കുന്നു. മുഖ്യമന്ത്രിയുൾപ്പെടെയുള്ള പലർക്കും എതിരായ കേസുകൾ ലോകായുകതയുടെ മുന്നിലുണ്ട് എന്നത് തന്നെയായിരിക്കണം അഴിമതിയുദ്ധത്തിൽ വെള്ളം ചേർക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. 

ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന ഗവർണറും സർക്കാരും ഡിസംബർ ആകുമ്പോഴേക്കും പോര് മൂത്തു സൽക്കാരങ്ങൾ പോലും ബഹിഷ്ക്കരിക്കുന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. ഈ പോര് എവിടെച്ചെന്നവസാനിക്കുമെന്ന് ഏതായാലും കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. സർവ്വകലാശാലയിലെ അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ ഗവർണ്ണർ പ്രതികരിച്ചതാണ് പിണക്കത്തിന്റെ തുടക്കം. പാർട്ടിയിലെ പ്രമുഖരുടെ ഭാര്യമാരുടെ നിയമനം, ഇഷ്ടക്കാരെ വൈസ് ചാൻസലർ ആക്കാനുള്ള ശുപാർശ തുടങ്ങി പലതും ഗവർണ്ണർ എതിർത്തതോടെ സർക്കാരിന് അദ്ദേഹം സംഘപരിവർകാരനായി മാറി.  ഇതേ ഗവർണ്ണർ, സർക്കാരിന്റെ ശുപാർശകൾ അതുപോലെ നടപ്പിലാക്കിയ കാലത്ത് അദ്ദേഹം അവർക്ക് സ്വീകാര്യനായിരുന്നു. യു ജി സി ചട്ടങ്ങൾക്കെതിരായ നിയമനങ്ങൾ സുപ്രീം കോടതി റദ്ദ് ചെയ്തപ്പോൾ ഗവർണ്ണർക്ക് വടിയെടുക്കുക അല്ലാതെ വേറെ വഴിയില്ലാതായി. ഏതായാലും യു ഡി എഫിന്റെ അഭിപ്രായത്തിൽ ഇത് വെറും ചക്കളത്തിപോരാട്ടമെന്നതിനപ്പുറം ഒന്നുമില്ല. 

പിൻവാതിൽ നിയമനങ്ങളും അതിനെത്തുടർന്നുണ്ടായ വിവാദങ്ങളും ഏറെ കണ്ട വർഷം കൂടിയായി 2022. പാർട്ടി സെക്രട്ടറിക്ക് അയച്ച ശുപാർശക്കത്തുകളും മറ്റും പുറത്തുവന്നിട്ടും കുലുക്കമില്ലാതെ സർക്കാർ പിന്നെയും മുന്നോട്ട്. കത്തയച്ച ആളിനെയും ചോർത്തിയ ആളിനെയും കണ്ടുപിടിക്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിട്ടും പോലീസ് ഇപ്പോഴും അന്വേഷണപ്രഹസനവുമായി മുന്നോട്ടു തന്നെ.

മഞ്ഞക്കുറ്റി പോലെ സർക്കാരിനെ പ്രതിരോധത്തിലാക്കിയ മറ്റൊരു സംഭവമായിരുന്നു കഴിഞ്ഞവർഷം കൂടു തുറന്ന് പുറത്തുവന്ന സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതിസ്ഥാനത്തുള്ള സ്വപ്നസുരേഷിന്റെ  വെളിപ്പെടുത്തലുകൾ. തന്റെ നിരപരാധിത്വം തെളിയിക്കാൻ എന്നവണ്ണം സർക്കാരിന്റെ മൗനസമ്മതത്തോടെ ശിവശങ്കരൻ എഴുതിയ 'അശ്വത്ഥാമാവ് വെറുമൊരു ആനയല്ല' എന്ന ആത്മകഥയിലെ പലസംഭവങ്ങളും സ്വപ്‍ന ചോദ്യം ചെയ്തതോടെ കൂടുതൽ ചീഞ്ഞുനാറുന്ന കഥകൾ പുറത്തുവരികയായിരുന്നു. തുടർന്ന് സ്വപ്നയും പുസ്തമെഴുതി. ബിരിയാണി ചെമ്പിന്റെ കഥകളും, ലൈംഗികാരോപണങ്ങളും ഒക്കെ ഉന്നയിച്ചിട്ടും സ്വപ്നയെക്കെതിരെ ഒരു പേരിനുപോലും മാനനഷ്ടക്കേസ് കൊടുക്കാൻ ആരും തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ കുടുംബം, സ്പീക്കർ, മറ്റു മന്ത്രിമാർ എന്നിവരൊക്കെ ആരോപണവിധേയരായിട്ടും പ്രതിപക്ഷത്തുള്ള നേതാക്കളെ ചെറിയൊരവസരം കിട്ടിയാൽ പോലും വേട്ടയാടുന്ന കേന്ദ്രഏജൻസികൾ ഒന്നുപോലും ഈ ആരോപണങ്ങൾ അന്വേഷിക്കാൻ തയ്യാറായില്ല എന്നതും തികച്ചും സംശയാസ്പദമായിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന മഞ്ചേശ്വരം തിരഞ്ഞെടുപ്പുകേസും, വോട്ട് മറിക്കാൻ പണം നൽകിയ കേസും കൊടകരകുഴൽപ്പണക്കേസും ഒരിഞ്ചുപോലും മുന്നോട്ടു പോയില്ല എന്നതും ലാവലിൻ കേസിന്റെ വിചാരണ മുപ്പതിലേറെ തവണ നീട്ടിവെക്കാൻ സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു എന്നതുമൊക്കെ ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടിയിരിക്കുന്നു.

രാഷ്ട്രീയക്കൊലപാതകങ്ങൾക്ക് ഇക്കൊല്ലവും ശമനമുണ്ടായിരുന്നില്ല. പല കാരണങ്ങളാൽ പല രാഷ്ട്രീയപാർട്ടിയിൽപ്പെട്ടവരും മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിൽ കൊല്ലപ്പെടുകയുണ്ടായി. കൊലയ്ക്ക് പകരം കൊല എന്ന രീതിയും കേരളം കണ്ടു, അതും മണിക്കൂറുകൾക്കുള്ളിൽ. പല കേസുകളിലും അന്വേഷണം പൂർത്തിയായിട്ടുമില്ല. ഗുണ്ടാവിളയാട്ടത്താലും സ്ത്രീപീഡനത്താലും കാക്കിക്കുള്ളിലെ ക്രിമിനകളാലും ഏറെ പഴി കേൾക്കേണ്ടിവന്നു ആഭ്യന്തരവകുപ്പിന്. എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് പറഞ്ഞു ലഘൂകരിച്ചു സർക്കാരും പാർട്ടിയും. 

ഭരണം നഷ്ടപ്പെട്ട് പിടിച്ചു നില്ക്കാൻ ബുദ്ധിമുട്ടിക്കൊണ്ടിരുന്ന യു ഡി എഫിനും കോൺഗ്രസിനും കിട്ടിയ വലിയ ആശ്വാസമായിരുന്നു തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് ഫലം. വർഗ്ഗീയമടക്കം കാടിളക്കി പ്രചാരണം നടത്തിയിട്ടും വൻമാർജിനിൽ തോറ്റത് ഇടതുമുന്നണിക്ക് ക്ഷീണമുണ്ടാക്കി. കോൺഗ്രസിന്റെ അഖിലേന്ത്യപ്രസിഡന്റ് തിരഞ്ഞെടുപ്പ് കേരളത്തിലും ചേരിതിരിവുകൾ സൃഷ്ടിച്ചു. യുവതലമുറ ശശി തരൂരിനെ പിന്തുണച്ചപ്പോൾ മാറാൻ തയ്യാറില്ലാത്ത മുതിർന്ന നേതാക്കൾ ഔദ്യാഗികസ്ഥാനാർഥിയെ അനുകൂലിച്ചു. പരാജയം രുചിച്ചെങ്കിലും ശശി തരൂർ കേരളത്തിലെ കോൺഗ്രസ്സുകാർക്ക് ഏറെ സ്വീകാര്യനായി മാറി. അതിൽ അരിശം പൂണ്ട മറ്റുള്ളവർ അച്ചടക്കത്തിന്റെ പടവാളോങ്ങി അദ്ദേഹത്തിന്റെ മലബാർ പര്യടനവും മറ്റുപരിപാടികളും തടയാൻ ശ്രമിക്കുകയും ചെയ്തു. പാർട്ടിയുടെ വിജയത്തേക്കാൾ തങ്ങളുടെ നിലനിൽപ്പും സ്ഥാനമാനങ്ങളുമാണ് വലുതെന്ന് കരുതുന്ന നേതാക്കൾ ഉള്ളിടത്തോളം കോൺഗ്രസ് രക്ഷപ്പെടില്ല അല്ലെങ്കിൽ രക്ഷപെടാൻ സമ്മതിക്കില്ല എന്നവർ വീണ്ടും തെളിയിച്ചു.

ബി ജെ പി ഉയർത്തുന്ന മതരാഷ്ട്രവാദത്തിനെതിരെ ഇന്ത്യയുടെ മതേതരത്വം നിലനിർത്തുക, എല്ലാവരെയും ഒന്നായിക്കാണുക എന്ന മുദ്രാവാക്യത്തോടെ രാഹുൽ ഗാന്ധി നയിച്ച 'ഭാരത് ജോഡോ' യാത്രയ്ക്ക് കേരളത്തിൽ കിട്ടിയ പിന്തുണ കോൺഗ്രസ് പാർട്ടിക്ക് സമ്മാനിച്ചത് വലിയ ഊർജ്ജമായിരുന്നു. കേരളത്തിലെ ഇടതുനേതാക്കൾ എതിർത്തെങ്കിലും കേന്ദ്രനേതാക്കൾ യാത്രയെ പിന്തുണച്ചത് അവർക്ക് വീണ്ടും തിരിച്ചടിയായി.

സഹകരണബാങ്കിലെ കൊള്ള കണ്ട് മലയാളികൾ ഞെട്ടിയതും ഈ വർഷമായിരുന്നു. കോടിക്കണക്കിന് രൂപ തട്ടിച്ചവർക്കെതിരെ കേരളാപോലീസിന്റെ മെല്ലെപ്പോക്ക് നയം അഴിമതി കാണിച്ചത് സ്വന്തം പാർട്ടിക്കാർ ആണെങ്കിൽ സർക്കാർ എന്നും കൂടെയുണ്ടാവും എന്ന പ്രതീതി സൃഷ്ടിച്ചു. വർഷാവസാനമാകുമ്പോൾ കൂടുതൽ ബാങ്കുകളിലെ തട്ടിപ്പുകൾ പുറത്തുവരുന്നതും നാം കണ്ടു. 

മുഖ്യമന്ത്രിക്ക് വിമാനത്തിലുണ്ടായ പ്രതിഷേധം വധശ്രമമായതും പാർട്ടി ഓഫീസിന് നേരെ എറിഞ്ഞ ഏറുപടക്കം ഉഗ്രസ്ഫോടനം നടത്തി കെട്ടിടം കുലുക്കാനിടയായ സ്റ്റീൽ ബോംബുകൾ ആവുന്നതും നാം കണ്ടു. ആശ്രമം കത്തിച്ച കേസിൽ ഇരുട്ടിൽ തപ്പുന്ന പോലീസിന് ഇരുട്ടിൽ തപ്പാൻ വീണ്ടും കുറെ കേസുകൾ. അട്ടപ്പാടിയിലെ മധുവിന്റെ ആത്മാവിന് മോക്ഷം ഇനിയും എത്രയോ അകലെയാണെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പീഡനശ്രമത്തിൽ അകത്തായ കോൺഗ്രസ് MLA പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തിയപ്പോൾ, സസ്‌പെൻഡ് ചെയ്ത് പാർട്ടിയുടെ മാനം രക്ഷിച്ചു കെപിസിസി. പക്ഷെ പിന്നീടും പാർട്ടി പരിപാടികളിൽ ഈ കക്ഷി പങ്കെടുത്തു എന്നത് വിരോധാഭാസം. കെപിസിസി പ്രസിഡന്റിന് നാക്കുപിഴയുടെ വർഷം കൂടിയായിരുന്നു പോയി മറഞ്ഞത്. മുന്നും പിന്നും നോക്കാതെ തോന്നിയത് വിളിച്ചു പറയുന്നത് ഒരു നേതാവിന് ഭൂഷണമല്ല, ഇരിക്കുന്ന സ്ഥാനത്തിന് അതൊട്ടും യോജിച്ചതുമല്ല.

വയനാട് ലോകസഭാംഗമായ രാഹുൽ ഗാന്ധിയുടെ കാര്യാലയം sfi ആക്രമിച്ചത് വൻവാർത്തയായിരുന്നു. അക്രമത്തിനു ശേഷം താഴെ ചില്ലു പൊട്ടിയ നിലയിൽ കണ്ട ഗാന്ധിയുടെ ഫോട്ടോ പലരുടെയും നേരെ സംശയവിരൽ നീട്ടി. അന്വേഷണം കഴിയും മുൻപേ പ്രതികളെ പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്റെ പാർട്ടിക്കാരെ ഗാന്ധിജിയുടെ ഫോട്ടോ തകർത്ത കേസിൽ  നിന്നും രക്ഷിച്ചെടുത്തു. 

സിപിഎം കാരെ മാത്രമല്ല കേരളത്തിലെ ജനങ്ങളെ ആകെ ദുഖിപ്പിച്ച സംഭവമായിരുന്നു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്റെ അകാലവിയോഗം. എതിരാളികളെപ്പോലും മിത്രങ്ങളാക്കുന്ന അദ്ദേഹത്തിന് അർഹിച്ച വിടവാങ്ങൽ തന്നെ നൽകി രാഷ്ട്രീയകേരളം. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച വിടവിലേക്ക് ഗോവിന്ദൻ മാഷ് പുതിയ സെക്രട്ടറിയായി എത്തി.

ജനങ്ങളെ ആനന്ദിപ്പിച്ച ഒരുപാട് കലാകാരന്മാരുടെയും രാഷ്ട്രീയപ്രവർത്തകരുടേയുമൊക്കെ സാഹിത്യകാരന്മാരുടേയുമൊക്കെ വിടവാങ്ങൽ കൂടി കണ്ടവർഷമായിരുന്നു പോയി മറഞ്ഞത്. അഭിനയത്തിന്റെ കൊടുമുടി കയറിയ നെടുമുടി വേണു, പകരം വെക്കാനില്ലാത്ത അഭിനേത്രി കെ പി എ സി ലളിത, കൊച്ചു പ്രേമൻ, തിരക്കഥാകൃത്ത് ജോൺപോൾ, കോൺഗ്രസിന്റെ മതേതരമുഖമായിരുന്ന ആര്യാടൻ മുഹമ്മദ്, പാലേരി മാണിക്യത്തിന്റെയടക്കം നിരവധി കഥകൾ പറഞ്ഞ എഴുത്തുകാരൻ രാജീവൻ, സൗമ്യനായ കോൺഗ്രസുകാരൻ സതീശൻ പാച്ചേനി, ഇസ്ളാം പണ്ഡിതനായ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ അങ്ങനെ നിരവധി പ്രമുഖർ സമയതീരത്തിനപ്പുറത്തേക്ക് മറഞ്ഞുപോയതും ഈ വർഷം തന്നെയായിരുന്നു.

പ്രണയക്കൊലപാതകങ്ങളും നരബലിയും അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയക്കൊലപാതകങ്ങളും ജാതിവെറിയും  ഗുണ്ടാവിളയാട്ടവും പിൻവാതിൽ നിയമനങ്ങളും വർഗ്ഗീയക്കളികളും തുടങ്ങി എന്നും ഉത്തരേന്ത്യക്കാരെ ആക്ഷേപിച്ചിരുന്ന എല്ലാ സംഭവവികാസങ്ങളും   പ്രബുദ്ധകേരളമെന്ന് നാഴികയ്ക്ക് നാല്പതുവട്ടം നമ്മൾ പറയുന്ന ഈ കൊച്ചുകേരളത്തിൽ ഒരു മറയുമില്ലാതെ എത്രയോവട്ടം നടമാടി.

തുടര്ഭരണത്തിന്റെ മേന്മയുമായി അധികാരത്തിലേറിയ സർക്കാരിനെ സംബന്ധിച്ചിടത്തോളം തീരെ ആശ്വസിക്കാൻ വകയുള്ളതായിരുന്നില്ല പോയവർഷം. ജനങ്ങളുടെ പ്രതീക്ഷയ്ക്കു കടക വിരുദ്ധമായ തീരുമാനങ്ങളും നയങ്ങളും കാരണം പലവട്ടം സർക്കാരിന് പ്രതിഷേധച്ചൂട് ഏൽക്കേണ്ടി വന്നു. 

തീരദേശവാസികളുടെ പ്രതിഷേധത്തിന്റെ ചൂടിൽ വിഴിഞ്ഞം തുറമുഖനിർമാണം സ്തംഭിച്ചതും കോടതികളടക്കം പോലീസിന്റെ സഹായത്തോടെ ജോലി തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ കൃത്യമായ ഇടപെടലുകൾ നടത്താതെ ജനങ്ങളെ വലിയ അക്രമസമരത്തിലേക്ക് ചാടിച്ചതുമൊക്കെ എത്രയോ ദിവസങ്ങൾ കേരളം ചർച്ച ചെയ്യുകയുണ്ടായി. മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിൽ താൽക്കാലികമായി സമരം നിർത്തിയെങ്കിലും പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും അനാസ്ഥ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായാൽ സമരം വീണ്ടും തുടരുമെന്ന കാര്യത്തിൽ സംശയമില്ല. 

ഇടനാട്ടിൽ മഞ്ഞക്കുറ്റിയുടെ പേരിലും തീരപ്രദേശത്ത്‌ വിഴിഞ്ഞം തുറമുഖത്തിന്റെ പേരിലും ആഞ്ഞടിച്ച സമരത്തിന്റെ അലയൊലികൾ ഇപ്പോൾ ഉയരുന്നത് മലയോരങ്ങളിലാണ്. ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടുത്തി ബഫർ സോൺ പ്രഖ്യാപിക്കാനുള്ള നയത്തിനെതിരെയാണ് ഈ സമരം. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നടത്താമായിരുന്ന സർവ്വേയ്ക്ക് പകരം ഉപഗ്രഹസർവ്വെ നടത്തി അബദ്ധജടിലമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനൊരുങ്ങുകയാണ്.സർക്കാർ. ഏതായാലും ഇതിനെതിരെ അതിശക്തമായ പ്രതിഷേധമാണ് മലയോരമേഖലകളിൽ ഉയരുന്നത്. ജനോപകാരനിർദ്ദേശങ്ങൾക്കു പകരം ഒരിക്കൽക്കൂടി ജനവിരുദ്ധനയവുമായി മുന്നോട്ടു നീങ്ങാൻ ശ്രമിച്ച സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചടി കൂടിയായിത്.

മദ്യവർജ്ജനനയവുമായി വന്നവർ സംസ്ഥാനത്തുടനീളം മദ്യഷാപ്പുകൾ തുറക്കുന്നതും നമ്മൾ കണ്ടു. യുവാക്കൾ മയക്കുമരുന്നിലേക്ക് ആകർഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ലഹരിയിൽ മുങ്ങുന്ന കേരളത്തെയാണ് നമുക്കിപ്പോൾ കാണാൻ കഴിയുന്നത്. ഇതിനെയൊക്കെ നിയന്ത്രിക്കേണ്ട സർക്കാർ സംവിധാനങ്ങൾ പരാജയമാണെന്ന് പറയേണ്ടതില്ലല്ലോ. 

തീവ്രവാദപ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്രസർക്കാരിന്റെ നിരോധനം നേരിടേണ്ടിവന്ന പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളെ അതിവിദഗ്ദ്ധമായി കേന്ദ്രസേന കേരളത്തിൽ നിന്നും പൊക്കിയതും വൻ വാർത്തയായി. മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും കണക്കുകൂട്ടലുകൾക്കും ശേഷം സംഘടനയെ നിരോധിച്ചതിന്റെ പ്രതിഫലനം കേരളീയസമൂഹത്തിലുമുണ്ടായി. മിന്നൽപണിമുടക്ക് നടത്തി കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ചവരിൽ നിന്നും അത് തിരിച്ചു പിടിക്കാൻ ആവശ്യപ്പെട്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വരേണ്ടിവന്നു കോടതിക്ക്.

സാമ്പത്തികത്തകർച്ച നേരിടുന്ന ഈ കാലത്ത് മുണ്ടുമുറുക്കിയുടുക്കണമെന്ന് മറ്റുള്ളവരോട് ആഹ്വാനം ചെയ്യുമ്പോഴും ഭരിക്കുന്നവരുടെ ആർഭാടത്തിനും ധൂർത്തിനും ഒരു കുറവുമുണ്ടായില്ല. വിദേശയാത്ര നടത്തിയും കാറുകൾ വാങ്ങിയും വീടുകൾ മോടിപിടിപ്പിച്ചും അവർ ആഘോഷിക്കുകയാണ്. KSRTC യിൽ ശമ്പളത്തിനായി കാത്തിരിക്കേണ്ടി വരുന്നതിലും പെൻഷനുകൾ മുടങ്ങുന്നതിലും പുതുമയില്ലാതായി. മുപ്പത് ലക്ഷത്തോളം അഭ്യസ്തവിദ്യരായ യുവാക്കൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ജോലി കിട്ടാൻ കാത്തുനിൽക്കുമ്പോഴും പിൻവാതിൽ നിയമനം നിർബാധം നടക്കുന്നതും നാം കണ്ടു. 

കറുത്തനിറത്തിനെതിരായ നിരോധനം, ഭരണഘടനാസംരക്ഷകനായിരിക്കേണ്ടയാൾ ഭരണഘടനാവിമർശകൻ ആവുന്നതും അധികാരമില്ലെങ്കിലും ഭാവിയിൽ കിട്ടുമെന്ന് മനക്കോട്ടകാണുന്ന കോൺഗ്രസ്സുകാരുടെ തൊഴുത്തിൽക്കുത്തും കോവിഡ് മറയിൽ നടന്ന കൊള്ളയും തുടർന്ന് നടക്കാൻ പോകുന്ന അന്വേഷണവും അങ്ങനെ ജനങ്ങളെ ആവേശഭരിതരാക്കുന്ന നിരവധി സംഭവങ്ങൾ ഇനിയുമുണ്ട്. റഷ്യ-ഉക്രൈൻ യുദ്ധത്തെ തുടർന്നുണ്ടായ വിദ്യാർത്ഥികളുടെ തിരിച്ചുവരവും ഇവിടെ ആവോളം ചർച്ചയായി. ലോകകപ്പ് ഫുട്ബോളിന്റെ ആവേശം അണപൊട്ടിയൊഴുകുന്നതും തുടർന്ന് ഒരുമാസത്തോളം ലോകത്തോടൊപ്പം ഈ കൊച്ചുകേരളവും ആ കാൽപ്പന്തിന് ചുറ്റും കറങ്ങുന്നതും നാം കണ്ടു. തോറ്റവരുടെ കൂടെ കരഞ്ഞും ജയിച്ചവരുടെ സന്തോഷം വാനോളം പങ്കിട്ടും നാം ഫുട്ബോളിനെ നെഞ്ചിലേറ്റിനടന്നു. ഡോക്ടർമാരുടെ അനാസ്ഥ കാരണം രോഗി മരിക്കുന്നതും പലകുറി കണ്ടു. ശബരിമലയിൽ വലയുന്ന അയ്യപ്പന്മാരും, സ്വൈര്യമായി വിഹരിക്കുന്ന രാഷ്ട്രീയക്കൊലപാതകികളും, ഒളിയും മറയുമില്ലാത്ത സ്ത്രീപീഡകരും അങ്ങനെ പറഞ്ഞാൽ തീരാത്ത കാര്യങ്ങൾ ഇനിയുമുണ്ടൊരുപാട്. പട്ടി ശല്യത്തിൽ വലയുന്ന ജനങ്ങളും പട്ടികൾക്ക് വേണ്ടി ഘോരഘോരം വാദിക്കുന്ന മൃഗസ്നേഹികളെയും കാണാനിടയായി. അലഞ്ഞുതിരിയുന്ന പട്ടികൾക്കായി പുതിയ പുതിയ നയങ്ങളും സർക്കാർ പ്രഖ്യാപിച്ചു. അട്ടപ്പാടിയിലെ മധുവുവിനെ പോലെ, ആക്രമിക്കപ്പെട്ട നടിയെപ്പോലെ, കാറിടിച്ചു മരിച്ച പത്രപ്രവർത്തകനെപ്പോലെ, മുട്ടിലിഴഞ്ഞ തൊഴിൽ രഹിതരെപ്പോലെ പലരും നീതിയുടെ കനിവിനായി കാത്തിരിക്കുന്നതും ഈ കൊച്ചുകേരളത്തിൽ തന്നെയാണ്, പ്രബുദ്ധതയുടെയും അറിവിന്റെയും സംസ്കാരത്തിന്റെയും പേരിൽ അഹങ്കരിക്കുന്ന മലയാളികളുടെ നാട്ടിൽ. വർഷാവസാനമാകുമ്പോൾ അനധികൃതസ്വത്ത് സമ്പാദനവിവാദത്തിൽ ഉത്തരം മുട്ടിപ്പോയ സിപിഎമ്മും ആ വിഷയത്തിൽ ഒന്നും മിണ്ടാതിരിക്കുന്ന പ്രതിപക്ഷകക്ഷികളേയും കൂടി കാണേണ്ടിവന്നു. കുളമാവ് പാലം പൊളിഞ്ഞതും, സംസ്ഥാനസർക്കാരിന്റെ കുറ്റം പറയാൻ മാത്രം പറന്നിറങ്ങുന്ന കേന്ദ്രമന്ത്രിയും, തെലുങ്കാനയിലെ ഓപ്പറേഷൻ താമരയിൽ കുടുങ്ങിപ്പോയ BDJS നേതാവും, രാജ്യസഭയിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടും രണ്ടാമതൊരവസരം കിട്ടാതെപോയ മലയാളികളുടെ സൂപ്പർസ്റ്റാറിന്റെ നിരാശയും, പി ടി ഉഷയിൽ നിയുക്തമായ പുതിയ ഉത്തരവാദിത്തങ്ങളും അങ്ങനെ എത്രയോ കാര്യങ്ങൾ ഇനിയും ബാക്കിയുണ്ട്. സോളാറിൽ ഉരുകിയൊലിക്കാതെ സിബിഐ എന്ന അഗ്നിപ്രവേശം വിജയകരമായി പൂർത്തിയാക്കിയ കോൺഗ്രസ്സ് നേതാക്കന്മാരുടെ ആശ്വാസവും വർഷാന്ത്യം എത്തിയ ഒരു ചൂടുവാർത്തയായി മാറി.  കൊറോണയെ ഓടിച്ച സന്തോഷത്തിൽ എല്ലാം പതിവുപോലെ മുന്നോട്ടുനീങ്ങിക്കൊണ്ടിരിക്കുന്ന മലയാളികളുടെ മനസ്സിൽ അശാന്തിയുടെ വിത്ത് വിതച്ചുകൊണ്ട് രാജ്യത്തിൻറെ അതിർത്തികൾക്കപ്പുറത്ത് നിന്നും ശുഭകരമല്ലാത്ത വാർത്തകൾ ഉയരുകയാണ്. തകർന്നജീവിതം കുറേശ്ശെയായി കരുപ്പിടിപ്പിക്കാൻ പാടുപെടുന്ന മനുഷ്യർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പുതുവർഷത്തെ, അരുതാത്തതൊന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥനയോടെ.

പനയാൽ ശ്രീമഹാലിംഗേശ്വരക്ഷേത്രം - ഉത്പത്തിയും പരിണാമവും

 


പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം ജഗന്നാഥ നാഥം സദാനന്ദ ഭാജം |

ഭവദ്ഭവ്യ ഭൂതേശ്വരം ഭൂതനാഥം, ശിവം ശങ്കരം ശംഭു മീശാനമീഡേ ||

ശ്രേഷ്ഠനായ, സകലജീവികളുടെയും നാഥനായ, സർവ്വവ്യാപിയായ, വിശ്വത്തിന്റെ അധിപനായ, വിഷ്ണുപൂജിതനായ, ആനന്ദം പ്രദാനം  ചെയ്യുന്ന, ഐശ്വര്യദായകനായ, ഭൂതഗണങ്ങളുടെ ഈശ്വരനും നാഥനുമായ, മംഗളകാരകനായ, ശുഭകാരകനായ, ആയുരാരോഗ്യദായകനായ നിന്നെ ഞാൻ പ്രാർഥിക്കുന്നു.

കേരളത്തിലെ അത്യുത്തരജില്ലയായ കാസർകോടിന്റെ ഏതാണ്ട് മധ്യഭാഗത്തായി പരന്നുകിടക്കുന്ന, തീരപ്രദേശവും ഇടനാടും ചേർന്ന ഒരുവലിയ ഗ്രാമം. കുടകുമലയിൽ നിന്നുദ്ഭവിച്ച് കാസർഗോഡ് ജില്ലയുടെ കിഴക്കൻ മേഖലകളിലൂടെ ശാന്തസ്വരൂപിയായി കിലോമീറ്ററുകളോളം ഒഴുകി ആയിരകണക്കിന് ജീവനുകൾക്കു താങ്ങുംതണലുമായി മാറി ഒടുവിൽ പയസ്വനിപ്പുഴയിൽ വന്നു ചേരുന്ന കരിച്ചേരി പുഴ അതിരിടുന്ന കിഴക്കേഭാഗവും അറബിക്കടലിനോട് ഏതാണ്ട് ചേർന്ന് കിടക്കുന്ന പടിഞ്ഞാറുഭാഗവും അടങ്ങിയ, തെയ്യങ്ങളും തറവാടുകളുമേറെ വാഴുന്ന നാട്. ലോകരക്ഷകനായ ശ്രീ മഹാലിംഗേശ്വരൻ അനാദികാലം മുതൽ  ധ്യാനനിമഗ്നനായി കുടികൊള്ളുന്ന ഈ സുന്ദരമായ നാടിനു പേര് പനയാൽ. മഹാദേവൻ തപംചെയ്യുന്ന പുണ്യഭൂമിയിൽ ഉയർന്നുവന്ന  മഹാലിംഗേശ്വരക്ഷേത്രം കലികാലദുരിതങ്ങളിൽ പെട്ടുഴലുന്ന ഭക്തജനങ്ങൾക്ക് ആശ്രയവും ആലംബവുമേകി ഹൃദയത്തിൽ ആനന്ദം നിറച്ച് ഈ ഗ്രാമത്തിന്റെ ഭൂഷണമായി വർത്തിക്കുന്നു.  

പേരിന്റെ ഉദ്ഭവം:

പനവരുടെ ആലയമാണ് പനയാൽ ആയതെന്നും അതല്ല പനയോലയിൽ നിന്നുമുരുത്തിരിഞ്ഞതാണ് പനയാൽ എന്നും രണ്ടുണ്ട് ഭാഷ്യം. പനവർ എന്നൊരു ഗോത്രവർഗ്ഗം നൂറ്റാണ്ടുകൾക്കു മുൻപ് വനശാസ്‌താവിനെ ആരാധിച്ചുകൊണ്ടിവിടെ വസിച്ചിരുന്നെന്നും അവരുടെ വാസസ്ഥാനമായതിനാലാണ് പിന്നീടിവിടം പനയാൽ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങിയതാണെന്നാണ് ആദ്യത്തെ വാദം (പനവർ എന്നത് ഗോത്രവർഗ്ഗമല്ല മറിച്ച് ബ്രാഹ്മണസമൂഹമാണ് എന്നും അഭിപ്രായമുണ്ട്. അക്കാലങ്ങളിൽ പത്തില്ലം ബ്രാഹ്മണരുടെ ആരാധനാമൂർത്തിയായിരുന്നത്രെ വനശാസ്താവ്). കാടു വെട്ടിത്തെളിക്കാനിറങ്ങിയ സ്ത്രീകൾ അവിചാരിതമായി ശിവലിംഗം (സ്വയംഭൂവായ ശ്രീ പരമേശ്വരനെ) കണ്ടെന്നും അവർ പനയോലകൊണ്ടതിനെ മൂടിവെക്കുകയും ചെയ്തു എന്നും അതിൽ നിന്നാണ് പനയാൽ എന്ന നാമം ഉടലെടുത്തതെന്നുമാണ് രണ്ടാമത്തെ വാദം (നൂറ്റാണ്ടുകൾക്ക് മുൻപ് പനയാലും അതിന്റെ പരിസരപ്രദേശങ്ങളിലും ധാരാളം പനകൾ ഉണ്ടായിരുന്നുവെന്ന് ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതൽ പഠനം നടത്തിയവർ പറയുന്നു. കാടുകൾ നിറഞ്ഞുനിൽക്കുന്ന ഒരു കാലത്ത് അതിനുള്ള സാധ്യത വിരളമല്ലതാനും). 

ക്ഷേത്രത്തിന്റെ ഐതിഹ്യം:

മഹാദേവന്റെ സാന്നിധ്യം കണ്ടെത്തിയതിനെക്കുറിച്ചും ക്ഷേത്രോല്പത്തിയെക്കുറിച്ചും പല കഥകളും പ്രചാരത്തിലുണ്ട്. മിക്ക ശിവക്ഷേത്രങ്ങളുടെയും ഉല്പത്തിക്ക് കാരണമായി പറയുന്ന കഥാസന്ദർഭം ഇവിടെയും നമുക്ക് കേൾക്കാൻ കഴിയും, അതിപ്രകാരമാണ്.

കാടുവെട്ടിത്തെളിക്കുമ്പോൾ കത്തിയുടെ സ്പർശത്താൽ ഒരു കല്ലിൽ നിന്നും ചോര കിനിയുന്നതു കണ്ട് ഭയചകിതരായ സ്ത്രീകൾ അതിനെ പനയോലകൊണ്ട് മൂടുകയും നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്തത്രേ. സ്ഥലത്തെത്തിയ അന്നത്തെ പ്രമാണികളും നാട്ടുകാരും ശിവഭഗവാന്റെ സാന്നിധ്യം മനസ്സിലാക്കുകയും സ്വയംഭൂവായി പ്രത്യക്ഷപ്പെട്ട ദേവനെ പൂജാദികർമ്മങ്ങളാൽ പ്രീതിപ്പെടുത്തുകയും ചെയ്തു. മഹാതപസ്വിയായ കണ്വമുനി യാഗം ചെയ്തിരുന്ന സ്ഥലമാണിവിടമെന്നും സ്വയംഭൂവായി മഹാദേവൻ പ്രത്യക്ഷപ്പെട്ടതാണെന്നുമുള്ള ഒരു ഐതിഹ്യവും നിലവിലുണ്ട് (അഗസ്ത്യമുനിയുടെ സാന്നിധ്യവും ഇവിടെയുള്ളതായി ചില വാമൊഴികളിൽ കാണാം. പക്ഷെ കല്പാന്ത കാലത്തിൽ നടന്നിട്ടുണ്ടാകുമെന്ന് കരുതുന്ന ഈ സംഭവങ്ങൾക്കൊന്നും വിശ്വാസയോഗ്യമായ തെളിവുകൾ ഏതായാലും ഇന്ന് ലഭ്യമല്ല). കാലാന്തരത്തിൽ ഇവിടെ വാസമുറപ്പിച്ച ജനത കണ്വമുനി പൂജിച്ചിരുന്ന ശിവലിംഗത്തെ കണ്ടെത്തുകയും (മേല്പറഞ്ഞപോലെ സ്ത്രീകൾ കണ്ടെത്തിയതോ പനവർ കണ്ടെത്തിയതോ ആകാം) ആരാധിക്കാൻ തുടങ്ങുകയും ചെയ്തതായിരിക്കാം. ഏതായാലും അങ്ങനെ കണ്ടെത്തിയ ശിവലിംഗത്തെ അന്നത്തെ ജനത പൂജിച്ചാരാധിക്കുവാൻ തുടങ്ങിയതിൽ നിന്നായിരിക്കണം ഇന്നത്തെ മഹാക്ഷേത്രത്തിന്റെ വളർച്ചയുടെ (തളർച്ചയുടെയും) പരിണാമദിശയാരംഭിക്കുന്നത്. ക്ഷേത്രവും ക്ഷേത്രാരാധനയും നിലവിൽ വന്നപ്പോൾ അതുവരെ പുറത്താരാധിച്ചിരുന്ന വനശാസ്‌താവിനെ ഉപദേവതയായി പ്രതിഷ്ഠിക്കുകയും ചെയ്തു. 

നാലമ്പലവും ഉപദേവതമാരും:

പശ്ചിമദിക്കിനഭിമുഖമായി ശാന്തസ്വരൂപനായ ദേവാദിദേവൻ ധ്യാനനിമഗ്നനായി കുടികൊള്ളുന്ന ശ്രീ മഹാലിംഗേശ്വരക്ഷേത്രത്തിൽ നാടിനേയും നാട്ടാരേയും ദുരിതത്തിൽ നിന്നകറ്റി കാത്തുരക്ഷിച്ചീടാനായി ആശ്രിതവത്സരും ആപത്ബാന്ധവരുമായ നിരവധി ഉപദേവതമാരേയും കാലാകാലങ്ങളിലായി പ്രതിഷ്ഠിക്കുകയുണ്ടായി/കുടിയിരുത്തുകയുണ്ടായി. പ്രപഞ്ചസൃഷ്ടിക്കും നിലനില്പിനുമാധാരമെന്ന് കരുതുന്ന ദൈവങ്ങളുടെ കാലഗണന മനുഷ്യന്റെ കണക്കുക്കൂട്ടലിനുമപ്പുറമായതിനാൽ എന്നാണർവിഭവിച്ചതെന്ന് പറയാൻ കഴിയാത്ത നാൾ മുതൽ സകലചരാചരങ്ങൾക്കും അനുഗ്രഹമേകി നാടിൻറെ പരദേവതയായി വനശാസ്താവിടെ കുടികൊണ്ടിരുന്നിരിക്കാം. അങ്ങനെ ആദിയുമന്തവുമില്ലാത്ത ഈ ദേവതയെയാണ് ഗോത്രവർഗ്ഗസംസ്കാരം നിലനിന്നിരുന്ന കാലഘട്ടത്തിൽ പനവർ ആരാധിച്ചിട്ടുണ്ടാവുക എന്ന് കരുതാവുന്നതാണ് (വനശാസ്‌താവിന്റെ മൂലസ്ഥാനമെന്നു കരുതുന്ന സ്ഥലം ഇന്നും ക്ഷേത്രത്തിന്റെയും അതിന്റെ തൊട്ടടുത്തുള്ള മണ്ഡപത്തിന്റെയും ഇടയിലുള്ള ഭാഗത്ത്, ക്ഷേത്രത്തിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായി കാണാവുന്നതാണ്). പിന്നീടേതോ ഒരു കാലത്തിൽ ശിവസാന്നിധ്യം തിരിച്ചറിഞ്ഞപ്പോൾ പ്രധാനമൂർത്തിയായി ശ്രീ പരമേശ്വരൻ മാറുകയും ക്ഷേത്രം ഉയർന്നുവരികയും അതുവരെ ആരാധിച്ചിരുന്ന ശാസ്താവിനെ ഉപദേവതയായി സങ്കൽപ്പിച്ച് നാലമ്പലത്തിൽ കന്നിമൂലയിൽ കുടിയിരുത്തുകയും ചെയ്തു. ശാസ്താവിന്റെ അവതാരമെന്ന് വിശ്വസിക്കുന്ന കലിയുഗവരദനും കലികാലപ്രത്യക്ഷദൈവവുമായ അയ്യപ്പൻറെ രൂപത്തിലാണ് പിന്നീടിങ്ങോട്ട് ആരാധിച്ചുപോരുന്നത്. രണ്ടുദശാബ്ദങ്ങൾക്ക് മുൻപ് ഒരു ഉത്സവവേളയിൽ തിടമ്പ് വീണതുമൂലമുണ്ടായ ദോഷങ്ങൾ പരിഹരിക്കാൻ വെച്ചുചാർത്തപ്പെട്ട പ്രശ്നവിധിയിൽ കല്പിച്ചതിൻ പ്രകാരം 2008 ൽ അയ്യപ്പനെ നാലമ്പലത്തിനകത്തുനിന്നും പുറത്തേക്കു മാറ്റി പ്രതിഷ്ഠിക്കുകയുണ്ടായി. സ്ഥാനചലനം സംഭവിച്ച് ക്ഷേത്രത്തിന്റെ അഗ്നിമൂലയോട് ചേർന്നാണ് ഇന്ന് ചിന്മുദ്രാങ്കിതനായ അയ്യപ്പൻ കുടികൊള്ളുന്നത്.  

ചരിത്രാതീതകാലം മുതൽ തന്നെ മനുഷ്യർ പ്രകൃതിശക്തികളെ ആരാധിക്കാൻ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായായ നാഗാരാധനയും പനയാലിൽ ഉണ്ടായിരുന്നതായി ലഭ്യമായ തെളിവുകളിൽ നിന്നും നമുക്കനുമാനിക്കാം. ക്ഷേത്രത്തിന്റെ വടക്ക്-കിഴക്ക് ഭാഗത്തായി പണ്ടുകാലങ്ങളിൽ ആരാധന നടത്തിയിരുന്ന കാവിന്റെ ബാക്കിപത്രം ഇപ്പോഴും കാണാം. ഗോത്രസംസ്കാരത്തിന്റെ ഗതകാലസ്മരണകൾ തുളുമ്പുന്ന പഴയ നാഗത്തറ വീണ്ടെടുക്കാൻ കഴിയാത്തവണ്ണം നശിച്ചുപോയിരുന്നു. ഏകദേശം നാല്പത്തഞ്ച് വർഷത്തോളം മുടങ്ങിയ നാഗാരാധന പുനരാരംഭിച്ചത് 2008 ൽ നടന്ന കലശാട്ടോട് കൂടിയാണ്.  പഴയതിൽ നിന്നും കുറച്ച് മുന്നോട്ട് (പടിഞ്ഞാറ്) മാറിയാണ് ഏതായാലും ഇപ്പോഴതിന്റെ സ്ഥാനം. നാഗകൂടം മാത്രം പുതുക്കിയ പഴയ വിഗ്രഹങ്ങൾ തന്നെയാണ് പുതിയ നാഗത്തറയിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. കുംഭത്തിലെ ആയില്യമാണ് പ്രധാനപൂജ ദിവസം. നാഗരാജാവ്, നാഗാമാതാവ്, നാഗയക്ഷി, നാഗകന്യ എന്നിവയാണ് സങ്കല്പങ്ങൾ.

പനവരുടെ പരദേവതയെന്ന് കണക്കാക്കുന്ന രക്തേശ്വരിയും ഉപദേവതാഭാവത്തിൽ ഇവിടെ കുടികൊള്ളുന്നു. കന്നിമൂലയിലായിരുന്നു ആദ്യം സ്ഥാനമെങ്കിലും ഏതാനും വർഷങ്ങൾക്ക് മുൻപ് നടത്തിയ ദേവപ്രശ്നത്തിൽ കണ്ടതുപ്രകാരം ദേവിയുടെ സ്ഥാനം ക്ഷേത്രമതിൽക്കെട്ടിന്‌ പുറത്ത് വായുകോണിലേക്ക് മാറ്റിസ്ഥാപിക്കുകയായുണ്ടായി. 

തുമ്പിക്കരത്തിൽ അന്പിന്റെ നിറകുടമേന്തുന്ന, സർവ്വനിവാരണങ്ങളുമൊഴിപ്പിക്കുന്ന ഗണനായകനായ വിഘ്നേശ്വരനും ഇവിടെ സങ്കല്പപൂജ നടത്താറുണ്ടായിരുന്നു. ശ്രീകോവിലിനുള്ളിൽ തപം ചെയ്യുന്ന പ്രപഞ്ചത്തിന്റെ പിതാവായ മഹാദേവന് സമീപത്തായിരുന്നു ഒരു പക്ഷെ ക്ഷേത്രമുണ്ടായ കാലം മുതൽ പുത്രനായ ഗണപതിക്കും പൂജ ചെയ്തിരുന്നത്. എന്നാൽ നേരത്തെ പറഞ്ഞ ദേവപ്രശ്നത്തിൽ ഭഗവാനും ഒരു സ്ഥാനം നൽകണമെന്ന് കല്പിച്ചരുളിച്ചെയ്തതിനാൽ നാലമ്പലത്തിന്റെ കന്നിമൂലയിൽ, നേരെത്തെ ശാസ്താവ് കുടികൊണ്ടിരുന്ന സ്ഥാനത്തായി വിഘ്നേശ്വരനേയും കുടിയിരുത്തുകയായിരുന്നു. എന്നാൽ ഈ വിഗ്രഹം ഭക്തർക്ക് ദർശിക്കാവുന്നതായിരുന്നില്ല. സർവ്വവിഘ്നങ്ങളും അകറ്റി ഭക്തരക്ഷയേകുന്ന ഗജമുഖനെ കണ്ടുവണങ്ങണമെന്ന സാധുജനങ്ങളുടെ അപേക്ഷപ്രകാരം ദേവഹിതമറിയാനായി വീണ്ടുമൊരു സ്വർണ്ണപ്രശ്നം നടത്തുകയും അപ്രകാരം ഗ്രഹങ്ങൾ അനുകൂലഭാവം പൂണ്ടുനിൽക്കുന്നതായി കാണപ്പെടുകയും ചെയ്തു. തന്മൂലം നാലമ്പലത്തിനു പുറത്ത് എന്നാൽ ചുറ്റമ്പലത്തിനുള്ളിൽ കന്നിമൂലയിൽ പുതിയൊരു ശ്രീകോവിൽ പണികഴിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ശ്രീകോവിൽ പണി പൂർത്തിയായാൽ പുനഃപ്രതിഷ്ഠ നടത്തി ഭക്തർക്ക് ദേവനെ കാണാനുള്ള സൗകര്യം ചെയ്തു കൊടുക്കും എന്നായിരുന്നു തീരുമാനം. എങ്കിലും ഈയിടെ വീണ്ടും ദേവപ്രശ്നം നടത്തിയപ്പോൾ സ്ഥാനചലനത്തിൽ ഭഗവാൻ തൃപ്തനല്ലെന്ന് തെളിഞ്ഞതിനാൽ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവെക്കുകയും അതുവരെ കെട്ടിപ്പൊക്കിയ ശ്രീകോവിലിന്റെ ഭാഗങ്ങൾ മുഴുവനും പൊളിച്ചുമാറ്റുകയും ചെയ്തു.

ഈ പ്രപഞ്ചവും സർവ്വചരാചരങ്ങളെയും സംരക്ഷിച്ചുപോരുന്ന പാലാഴിവാഴും ത്രൈലോകനാഥനും ശ്രീ മഹാലിംഗേശ്വരക്ഷേത്രസന്നിധിയിൽ ഒരു സ്ഥാനമുണ്ടായിരുന്നു. പണ്ടുകാലത്ത് പടിഞ്ഞാറെഗോപുരസമീപം ആ അമൂർത്ത സങ്കൽപ്പത്തിന്റെ പ്രതീകമായി തിരുവായുധം വെച്ചാരാധിച്ചിരുന്നു. എന്നാൽ കാലം മാറിയപ്പോൾ ക്ഷേത്രത്തിന് പുറത്ത് പടിഞ്ഞാറേ നടയുടെ സമീപത്തായി ഒരു പള്ളിയറയൊരുക്കി ആയുധങ്ങളും ചൈതന്യവും അങ്ങോട്ട് മാറ്റിസ്ഥാപിക്കുകയുണ്ടായി. അമൂർത്തമായ സങ്കൽപം മൂർത്തമായി മാറിയപ്പോൾ അത് വിഷ്ണുമൂർത്തിയായി മാറുകയും കോലം ധരിച്ചാടുകയും ചെയ്തു. വർഷം തോറും ഉത്സവത്തിന്റെ മൂന്നാം നാൾ (മകരം 3 ന്) തെയ്യക്കോലമായി അരങ്ങിലെത്തി ശ്രീ നാരായണൻ അരിയെറിഞ്ഞ് പൊരുളുകൾ ചൊല്ലി മാലോകരെ അനുഗ്രഹിക്കുന്നു. 

ശ്രീ ശങ്കരന്റെ പ്രേയസിയായ ശങ്കരി, ചാമുണ്ഡിയായി വാണരുളുന്നത് പടിഞ്ഞാറെ ഗോപുരത്തിലെ സ്‌തംഭപ്രതിഷ്ഠയിലാണ്. ചാമുണ്ഡിയമ്മയുടെ ചരിതവും തുടങ്ങുന്നത് നൂറ്റാണ്ടുകൾക്കപ്പുറത്തു നിന്നാണ്. സാമൂതിരിയുടെ പടനായകനായ ചന്ദ്രശേഖര ഗുരുക്കൾ വന്നേരിയിൽ നിന്നും പട നയിച്ചുവരുമ്പോൾ പഞ്ചവർണ്ണക്കിളിയായി ദേവി മറക്കുടയിൽ ഒളിച്ചിരുന്നുവെന്നും പടയിൽ അരികളെ വെന്ന ഗുരുക്കൾ തൃക്കണ്ണ്യാലപ്പൻ അയച്ച പൊൻശരം വീണ വരിക്കുളം പാറക്കുളങ്ങരയിൽ എത്തിയെന്നും പാറക്കുളങ്ങര ഭഗവതിയുടെ അനുവാദത്തോടെ ചാമുണ്ഡിദേവിയും അവിടെ കുടിയിരുന്നുവെന്നുമാണ് ഐതിഹ്യം. ഇരുദേവതമാരെ ഭജിച്ചു കൊണ്ട് സമീപത്തായി ചന്ദ്രശേഖര ഗുരുക്കൾ പടുത്തുയർത്തിയ തറവാടാണ് പിന്നീട് കോടോത്ത് തറവാടായി പേരുകേട്ടത്. പിന്നീടേതോ ഒരു കാലത്ത് ദേവിയുടെ പള്ളിയറയിൽ നിന്നും ദീപം പകർന്ന ഒരു കാരണവരുടെ കൂടെ അകമ്പടിയായി ചാമുണ്ഡിദേവിയും ബഞ്ചാടകം എത്തി അവിടുത്തെ മന്ത്രശാലയിൽ കുടിയിരുന്നത്രെ. അവിടെനിന്നും മെതിയാലുംകുന്നിലേക്കും ദേവിയുടെ സാന്നിധ്യം എത്തി. അവിടെ കുടിയിരുന്ന ദേവിയുടെ ഉപദ്രവം കാരണം ആർക്കും വഴി നടക്കാൻ കഴിയാതെവന്നത്രെ. പിന്നീട് പെരുന്തട്ട തറവാട്ടിലും ദേവിക്ക് സ്ഥാനം നൽകി പ്രീതിപ്പെടുത്താൻ ശ്രമിച്ചു. ഒടുവിൽ ഭക്തജനങ്ങളുടെ പ്രാർത്ഥനയിൽ മനമലിഞ്ഞ പനയാലപ്പൻ ദേവിക്ക് തന്റെ ക്ഷേത്രത്തിൽ ഒരു ഇരിപ്പിടം അനുവദിക്കുകയുമായിരുന്നത്രെ. അതിൽ സന്തുഷ്ടയായ ദേവി മാലോകരെ ഭയപ്പെടുത്താതെ എല്ലാവിധ അനുഗ്രഹങ്ങളും ചൊരിഞ്ഞുകൊണ്ട് കാത്തുരക്ഷിക്കാൻ തുടങ്ങി. ക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരത്തിലായിരുന്നു ശ്രീ പരമേശ്വരൻ  ദേവിക്ക് കല്പിച്ചുനൽകിയത്. ആദ്യകാലങ്ങളിൽ ഒരു മൺചെരാത് മാത്രമായിരുന്നു ചാമുണ്ഡിദേവിയുടെ സാന്നിധ്യം വെളിപ്പെടുത്തിയിരുന്നത്. കാലാന്തരത്തിൽ സ്തംഭപ്രതിഷ്ഠ നടത്തി ദേവിയെ അവിടെ പ്രതിഷ്ഠിക്കുകയായിരുന്നു. ക്ഷേത്രത്തിലെ മഹോത്സവത്തിനാരംഭം കുറിക്കുന്ന ചടങ്ങായ തിരുവത്താഴത്തിന് അരി അളക്കുന്നത് ചാമുണ്ഡിയമ്മയെ സാക്ഷി നിർത്തിയാണ്.

കൂടാതെ നാലമ്പലത്തിനകത്ത് മാതൃത്വത്തിന്റെ പ്രതീകമായ ഭഗവതിയുടെ സങ്കൽപ്പവുമുണ്ട്. ഭഗവതിസേവ പൂജ ചെയ്യുന്നത് ഭഗവതിസങ്കല്പമായി കത്തിച്ചുവെച്ച നിലവിളക്കിന്റെ മുന്നിലാണ്. കണ്വമുനി തപസ്സ് ചെയ്തിരുന്നു എന്ന് വിശ്വസിക്കുന്ന ഗുഹാകവാടം നാലമ്പലത്തിനകത്ത് ഈശാനകോണിൽ കാണാം. ആ ഗുഹയിലൂടെ ഇറങ്ങിച്ചെന്നാൽ ശ്രീപരമേശ്വരന്റെ സ്വയംഭൂ ലിംഗത്തിന്റെ സമീപത്തെത്താം എന്നാണ് പറയുന്നത്. കല്ലുവെച്ചടച്ച നിലയിലാണ് ഇപ്പോഴതിന്റെ കിടപ്പ്. നാലമ്പലത്തിന്റെ പുറത്ത് 'താപസ ശ്രേഷ്ഠരുടെ ഗുഹയെ' സൂചിപ്പിക്കുന്ന നാമഫലകം ഭക്തർക്ക് കാണാവുന്നതാണ്. നാലമ്പലത്തിനു പുറത്ത് ഈശാനകോണിൽ ക്ഷേത്രപാലകന്റെ സാന്നിധ്യവുമുണ്ട്. 

പരിണാമഘട്ടം: 

പനവർ എന്ന ജനത വസിച്ചിരുന്ന നാടാണ് പനയാൽ എന്നും അവരും അവർക്കുശേഷം വന്ന കൂട്ടരും ആരാധിച്ചിരുന്ന ശക്തികൾ ആണ് ഇന്നത്തെ ശ്രീ മഹാലിംഗേശ്വരക്ഷേത്രത്തിലെ പ്രധാന ദേവനും ഉപദേവതമാരും എന്നാണ് വാമൊഴികളിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. പനവർ വിഭാഗത്തിൽ പെട്ടവരാരും ഇന്നിവിടെ ഇല്ലാത്തതിനാലും അവരെ  സംബന്ധിക്കുന്ന തെളിവുകളൊന്നും ലഭ്യമല്ലാത്തതിനാലും അവർക്കെന്തു സംഭവിച്ചു എന്നതിനെപ്പറ്റിയും നമുക്ക് കൂടുതൽ ധാരണകളില്ല. ആ വംശം തന്നെ നശിച്ചുപോയതോ അതോ വല്ല ആക്രമണത്തെ തുടർന്ന് കൂട്ടപ്പലായനം ചെയ്തതോ അതോ മറ്റു വല്ല കാരണങ്ങളാൽ ജീവിതസന്ധാരണത്തിനായി നാടോടികളെപ്പോലെ വേറെ നാടുകളിലേക്ക് ചേക്കേറിയതോ ആകാം. നൂറ്റാണ്ടുകൾക്കു മുൻപ് സാമൂതിരിയുടെ നിർദ്ദേശപ്രകാരം ബല്ലാക്കന്മാർക്കെതിരെ പടനയിച്ചെത്തിയ ചന്ദ്രശേഖരഗുരുക്കളും കൂട്ടരും ഇവിടെത്തന്നെ തറവാടുകളും സന്തതി പരമ്പരകളും കെട്ടിപ്പടുക്കാൻ തുടങ്ങിയിരുന്നു. കാലം മാറിയപ്പോൾ ഇളങ്കുറ്റി (അള്ളട) സ്വരൂപത്തിന്റെ ഭാഗമായ ഈ ദേശത്ത് നായർ സമുദായത്തിലെ മാപ്പിലാംഗാഡ് കൂക്കൾ കുടുംബത്തിൽപ്പെട്ടവർ പ്രബലരായിത്തീരുകയും ക്ഷേത്രഭരണം സ്വാഭാവികമായും അവരുടെ കൈകളിലേക്ക് എത്തിപ്പെടുകയും ചെയ്തു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തിൽ തറവാട് കാരണവരായിരുന്ന മാപ്പിലാംഗാഡ് കൂക്കൾ ശ്രീ കോരൻ നായരാണ് ഇന്ന് കാണുന്ന ശ്രീകോവിലും മണ്ഡപവും നാലമ്പലവും പണി കഴിപ്പിച്ചത്, 1908 ലായിരുന്നു ഈ നിർമ്മാണപ്രവൃത്തികൾ നടന്നത്. അദ്ദേഹത്തിന്റെ കാലശേഷം അനുജനായ ശ്രീ ചിണ്ടൻ നായരാണ് ബലിക്കല്ല്, അഗ്രശാല, ചുറ്റുമതിൽ, കിഴക്കും പടിഞ്ഞാറുമുള്ള ഗോപുരങ്ങൾ, കുളം എന്നിവ നിർമ്മിച്ചത്. തുടർന്ന് കലശാട്ടും നടത്തുകയുണ്ടായി. 1950 കളിലാണ് പടിഞ്ഞാറെ ഗോപുരത്തിൽ സൂക്ഷിച്ചിരുന്ന വിഷ്ണുവിന്റെ തിരുവായുധം ക്ഷേത്രമതിൽക്കെട്ടിനു പുറത്ത് പ്രത്യേകമായി നിർമ്മിച്ച പള്ളിയറയിലേക്ക് മാറ്റിയത്. ഇതിന്റെ പ്രവർത്തനത്തിന്റെ മേൽനോട്ടം ഇപ്പോൾ പനയാൽ 'നഗരസഭ'യ്ക്കാണ്. പള്ളിയറ പണിഞ്ഞതിനു ശേഷമാണത്രെ വിഷ്ണുമൂർത്തിയുടെ കോലം കെട്ടിയാടാൻ തുടങ്ങിയത്. കാർഷികവൃദ്ധിയുടെ അഭിവൃദ്ധിക്കായി എല്ലാ വർഷവും മുടങ്ങാതെ വയൽക്കോലവും ഇവിടെ കെട്ടിയാടുന്നു. കൂടാതെ അഞ്ചുവർഷം കൂടുമ്പോൾ ഒറ്റക്കോലവും. 1954 ൽ നാലമ്പലം നവീകരിച്ചു. 1956 ൽ പുല്ലായ്ക്കൊടി ശ്രീ കുഞ്ഞമ്പു എഴുത്തച്ഛന്റെ നേതൃത്വത്തിൽ നാട്ടുകാർ  ആനപ്പന്തൽ പണികഴിപ്പിച്ചു. 1950 -60 കാലത്തിനിടയിൽ മറ്റൊരു തറവാട്ടുകാരുമായി ക്ഷേത്രത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി മാപ്പിലാംഗാഡ് കുടുംബക്കാർക്ക് കോടതിവ്യവഹാരത്തിൽ ഏർപ്പെടേണ്ടി വന്നെങ്കിലും 1964 ലെ ഭൂപരിഷ്കരണനിയമം മൂലം ആ വ്യവഹാരം ഇല്ലാതായി. 1950 കാലം മുതൽ തന്നെ ക്ഷേത്രത്തിലെ സംക്രമപൂജകൾ നിർവ്വഹിച്ചിരുന്നത് പത്ത് തറവാട്ടുകാർ ചേർന്നായിരുന്നത്രെ (1960 കളുടെ മധ്യത്തിൽ ഇവിടെ പൂജ മുടങ്ങിയത്രേ, 70 കളിൽ സംക്രമവും. നാട്ടുകാർ ഉൾപ്പെട്ട ഭരണസമിതി നിലവിൽ വരുന്നതുവരെ ഭഗവതിസേവയും മുടങ്ങിയതായി പഴമക്കാർ പറയുന്നു). ശ്രീ കൂക്കൾ ചിണ്ടൻ നായരുടെ കാലം വരേയ്ക്കും മഹാശിവരാത്രി ഉത്സവത്തിന്റെ സാമ്പത്തികം വഹിച്ചിരുന്നത് അദ്ദേഹമായിരുന്നെന്ന് പറഞ്ഞു കേൾക്കുന്നു. അദ്ദേഹത്തിന്റെ അനന്തിരവനായ ശ്രീ കൂക്കൾ നാരായണൻ നായർ 1979 ൽ ക്ഷേത്രഭരണം നാട്ടുകാർ കൂടി ഉൾപ്പെട്ട ഔദ്യോഗികഭരണസമിതിയെ ഏൽപ്പിച്ചെങ്കിലും അത് പ്രാവർത്തികമായത് 1987 ൽ മാത്രമാണ്. ശ്രീ നാരായണൻ നായരുടെ അനന്തിരവനായ ശ്രീ കൂക്കൾ കരുണാകരൻ നായരുടെ കാലത്തായിരുന്നു ആ കൈമാറ്റം സംഭവിച്ചത്. ഭരണം നാട്ടുകാരെ ഏൽപ്പിച്ചെങ്കിലും രക്ഷാധികാരി സ്ഥാനം കൈയ്യാളുന്നത് ഇപ്പോഴും മാപ്പിലാംഗാഡ് കുടുംബത്തിൽ പെട്ടവർ തന്നെയാണ്. രണ്ടു വർഷം കൂടുമ്പോൾ തിരഞ്ഞെടുപ്പ് നടത്തി ഭരണസമിതിയെ നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോൾ അനുവർത്തിച്ചു പോരുന്നത്. കൂടാതെ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇവിടുത്തെ നാട്ടുകാർ അന്നാടുകളിൽ സമിതികളുണ്ടാക്കി ക്ഷേത്രപുരോഗതിക്കു വേണ്ട നിർലോഭമായ സാമ്പത്തികപിന്തുണ ചെയ്തുവരുന്നുണ്ട്.

അരവത്ത് വാഴുന്നോരാണ് ക്ഷേത്രം തന്ത്രി. പനവർ ഉൾപ്പെടെ പൂജാവിധികൾ അറിയുന്ന ആരുമില്ലാത്തതിനാലായിരിക്കണം പൂജാകർമ്മങ്ങൾക്കായി അന്യനാട്ടുകാരായ നീലമന ഇല്ലക്കാരെ നിയോഗിച്ചത്. പൂജാവിധികൾ അറിയുന്ന ആളുകൾ ഇല്ലാതിരിക്കുമ്പോൾ പണ്ടുകാലത്ത് കേരളത്തിൽത്തന്നെ പലനാടുകളിലും രാജാക്കന്മാർ ഉൾപ്പെടെ മറുനാടുകളിൽ നിന്നും ആ വിദ്യയിൽ പ്രാവീണ്യം സിദ്ധിച്ചവരെ ആനയിച്ചുകൊണ്ടുവരുന്ന രീതിയുണ്ടായിരുന്നു. കഴകത്തിനുള്ള വാര്യരും വാദ്യകലയ്ക്കുള്ള മാരാരും ഇവിടെ വന്നുചേർന്നവരുടെ പിന്ഗാമികളാണത്രെ ഇന്നുള്ളത്. ഒരുകാലത്ത് മാരാരും വാര്യരും ഇവിടെ സ്ഥിരമായി നിൽക്കാത്ത അവസ്ഥയായിരുന്നത്രെ. അങ്ങനെയൊരു കാലത്താണ് സുബ്രഹ്മണ്യഭക്തനായ ഒരു വാര്യർ ഊരുചുറ്റി ഇവിടെ എത്തിച്ചേരുന്നതും അന്നത്തെ തറവാട്ട് കാരണവർ അദ്ദേഹത്തെ ഇവിടുത്തെ കഴകക്കാരനാക്കി മാറ്റിയതും. ഈ വാര്യർ പിന്നീട് കുടുംബസ്ഥനായി മഹാദേവന്റെ പാദസേവ ചെയ്തുകൊണ്ട് ഇവിടെത്തന്നെ സ്ഥിരതാമസമാക്കുകയായിരുന്നത്രെ. മാരാരുടെ മുൻഗാമിയും ഇതുപോലെ ഇവിടെ വന്നുചേരുകയായിരുന്നെന്നാണ് പറയപ്പെടുന്നത്. കാലാകാലങ്ങളായി കോതോറമ്പൻ കുടുംബക്കാരാണ് ക്ഷേത്രത്തിൽ അടിച്ചുതളി വേല ചെയ്തുവരുന്നത്.

ഉത്സവങ്ങൾ, വിശേഷങ്ങൾ:

പ്രതിവർഷം മകരം ഒന്നിന് കൊണ്ടാടുന്ന തിരുവുത്സവമഹാമകമാണ് ക്ഷേത്രത്തിലെ പ്രധാനാഘോഷം. ശ്രീപരമേശ്വരന്റെയും ശാസ്താവിന്റെയും തിടമ്പ് നൃത്തം ഈ ഉത്സവത്തിന്റെ പ്രധാന ആകർഷണമാണ് (1992 ലാണ് അയ്യപ്പൻറെ തിടമ്പ് നൃത്തം ആരംഭിച്ചത്). ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള ശ്രീ മഹാലിംഗേശ്വര വിദ്യാലയമൈതാനത്ത് സ്ഥിതി ചെയ്യുന്ന പൊടവതി കൂലത്തിന്റെ മൂലസ്ഥാനത്തേക്ക് ഇന്നും ഉത്സവസമയത്ത് ദേവന്റെ വിഗ്രഹം എഴുന്നെള്ളിക്കാറുണ്ട്, ചരിത്രാതീതകാലത്തിന്റെ ആചാരസ്മരണകളുടെ തിരുശേഷിപ്പായി. പണ്ടുകാലങ്ങളിൽ കൂക്കൾ തറവാട് കാരണവർ ആയുധമേന്തി അകമ്പടി സേവിച്ചുപോകുമായിരുന്നത്രെ. അതുപോലെത്തന്നെ തൊട്ടടുത്തുള്ള അടുക്കാടുക്കം തറവാടിന്റെ ഭാഗമായുള്ള കൊട്ടാരത്തിലേക്കും തിടമ്പെഴുന്നെള്ളിക്കാറുണ്ടായിരുന്നത്രെ. മഹാദേവന്റെ പുണ്യദിനമെന്ന് വിശ്വസിക്കുന്ന മഹാശിവരാത്രിയും ഇവിടുത്തെ വിശേഷോൽസവമാണ്. കൂടാതെ നിറ, പുത്തരി എന്നിവയും മുറപോലെ വർഷാവർഷം ഇവിടെ നടന്നുവരുന്നു. ഉമാമഹേശ്വരപൂജയും നിറമാലയും ക്ഷേത്രത്തിലെ വിശേഷവഴിപാടുകളായി കണക്കാക്കുന്നു.

ക്ഷേത്രഘടന:

ശ്രീകോവിൽ കൂടാതെ മണ്ഡപം, നാലമ്പലം, ബലിക്കല്ല്, ആനപ്പന്തൽ, നടപ്പന്തൽ, അഗ്രശാല, ഗോപുരം, കുളം, അരയാൽത്തറ, ചുറ്റുമതിൽ  എന്നിവയെല്ലാം ഈ ക്ഷേത്രത്തോടനുബന്ധിച്ചുണ്ട്. കൂടാതെ ക്ഷേത്രത്തിന് പുറത്ത് നാഗത്തറ, വിഷ്ണുവിന്റെ പള്ളിയറ എന്നിവയും കാണാം. നാലമ്പലത്തിന് പുറത്ത് ചുറ്റമ്പലത്തിന്റെ അഗ്നികോണോട് ചേർന്ന് ശാസ്താവിന്റെ ശ്രീകോവിൽ സ്ഥിതി ചെയ്യുന്നു. കന്നി മൂലയിലാണ് വിഘ്നേശ്വരനുള്ള ശ്രീകോവിൽ ഉയർന്നുവരുന്നത്. ഏതാണ്ട് വായുകോണിനോട് ചേർന്ന് മണിക്കിണറും കാണാം. വായുകോണിൽത്തന്നെയാണ് ക്ഷേത്രപാലകനും. പടിഞ്ഞാറെ ഗോപുരത്തിൽ ചാമുണ്ഡിയുടെ സ്തംഭ പ്രതിഷ്ഠ. നാലമ്പലത്തിനകത്ത് ഈശാനകോണിലാണ് കണ്വമുനിയുടെ ഗുഹാകവാടം.

തപോധനനായ കണ്വമഹർഷി തന്റെ യാഗഭൂമിയിൽ കാട്ടുകല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ യാഗത്തറയിൽ, സതീദേവിയുടെ അഗ്നിപ്രവേശനത്തിനുശേഷം കൊടുംതപസ്സിലാണ്ട ശ്രീ മഹാലിംഗേശ്വരൻ സർവ്വചരാചരങ്ങളെയും തന്നിലേക്കാവാഹിച്ച് ധ്യാനനിമഗ്നനായി അഭീഷ്ടവരദായകനായി ഇവിടെ വാഴുന്നുവെന്നാണ് വിശ്വാസം. ആ വിശ്വാസം മൂലമായിരിക്കാം അമ്പലപ്രാവുകളുടെ കുറുകലിലും അരയാലിലകളുടെ മർമ്മരങ്ങളിലും പഞ്ചാക്ഷരി മന്ത്രം മുഴങ്ങുന്നതായി ഭക്തർക്ക് അനുഭവപ്പെടുന്നത്. വയലേലകൾ തഴുകി കടന്നുപോകുന്ന കാറ്റുപോലും മഹാദേവനാമം ഉരുവിടുന്നത്. നാഗങ്ങൾ പോലും പത്തിതാഴ്ത്തി ഇഴഞ്ഞുപോകുന്നത്. അതുകൊണ്ടു തന്നെയാണ് ശ്രീകോവിലിനു മുന്നിൽ കൈകൂപ്പി നിൽക്കുന്ന ഭക്തരുടെ ഹൃദയത്തിൽ ശോകമകന്ന് അദമ്യമായ ആനന്ദം നിറയുന്നതും മനം ആർദ്രമാകുന്നതും.

പാട്ടുവഴിയിലൂടെ

സുഹൃത്തായ രാജേഷിനോടൊപ്പം കുന്ദലഹള്ളി കേരളസമാജത്തിന്റെ 2022 ലെ സ്മരണികയ്ക്ക് വേണ്ടി നടത്തിയ അഭിമുഖം.

ആരവങ്ങൾ ഉയരുന്ന മൈതാനങ്ങളുടെ താളബോധത്തിൽ നിന്നും ശ്രുതിലയങ്ങൾ നിറഞ്ഞ പാട്ടുവഴികളിലൂടെ അവയുടെ പിന്നാമ്പുറം തിരഞ്ഞുനടന്ന ഒരാൾ. മലയാളികൾ മൂളിനടക്കുന്ന പാട്ടുകളുടെ കഥകൾ അന്വേഷിച്ച് നടന്ന അയാൾ കണ്ടെത്തിയത് ചിരിക്കാഴ്ചകൾ മാത്രമല്ല കണ്ണീരിന്റേയും വേദനയുടേയും അവഗണനയുടേയും കൂടി നേർക്കാഴ്ചകളായിരുന്നു. ആ കഥകളെല്ലാം സത്യസന്ധമായ വാക്കുകളാൽ അദ്ദേഹം വായനക്കാർക്ക് പകർന്നു നൽകി, വർഷങ്ങളോളം. അവ വിസ്മൃതിയുടെ ആഴങ്ങളിലേക്ക് മറഞ്ഞുപോയവർക്ക്, അവഗണനയുടെ വേദനയുമായി ജീവിതം കഴിച്ചു കൂട്ടിയവർക്ക് വെളിച്ചമായി, താങ്ങും തണലുമായി. അവരേയും ആസ്വാദലോകം തിരിച്ചറിയാനതൊരു നിമിത്തമായി. ആ അനുഭവങ്ങളെല്ലാം കോർത്തിണക്കി ഇരുപതിലധികം പുസ്തകങ്ങളും പുറത്തിറങ്ങി. എഴുത്തുകാരനോടൊപ്പം അവയും വായനക്കാരുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടി. ആ വ്യക്തിയെ, എഴുത്തുകാരനെ നമ്മളെല്ലാം അറിയും. പാട്ട് എഴുതാതെ, പാട്ടിനെപ്പറ്റി എഴുതി പാട്ടെഴുത്തുകാരനായി മാറിയ ശ്രീ രവിമേനോൻ. കാല്പന്തുകളിയേയും പാട്ടിനെയും നെഞ്ചോട് ചേർത്ത് പിടിച്ച് പാട്ടിന്റെ രസം തേടി അസാധാരണവഴികളിലൂടെ നടക്കുന്ന സാധാരണക്കാരനായ രവി മേനോൻ കുന്ദലഹള്ളി കേരളസമാജത്തിലെ പാട്ടുപ്രേമികളോട്, വായനക്കാരോട് ഉള്ളുതുറക്കുകയാണിവിടെ.

1. ഗാലറിയിൽ ഇരുന്ന് കാൽപ്പന്ത് കളിയുടെ സൗന്ദര്യതാളത്തിനനുസൃതമായി മനസ്സ് കുതിക്കുമ്പോഴാണോ പാട്ടുവഴിയോരത്തിരുന്നുകൊണ്ട് പാട്ടിന്റെ ശ്രുതിയിൽ ലയിച്ചിരിക്കുമ്പോഴാണോ കൂടുതൽ സന്തോഷം തോന്നിയിട്ടുള്ളത്?

# രണ്ടും രണ്ടു മേഖലകളാണ്. അന്തരീക്ഷവും വ്യത്യസ്തം.  ഏകാന്തതയിൽ ഇരുന്ന്  കേട്ടാലേ  പാട്ട് മനസ്സിനെ തൊടൂ. ഫുട്ബാൾ ആകട്ടെ    വലിയൊരു ആൾക്കൂട്ടത്തിനിടയിൽ ഗാലറിയിലിരുന്ന് തന്നെ ആസ്വദിക്കണം . വീട്ടിൽ  ഇരുന്ന് ലൈവ് ടെലികാസ്റ്റ്  കണ്ടാലൊന്നും  ആ ഫീൽ  കിട്ടില്ല. പാട്ടും പന്തുകളിയും മനസ്സിൽ ഉണർത്തുന്ന വികാരങ്ങൾ വ്യത്യസ്തം. അവ തമ്മിൽ  താരതമ്യം ചെയ്യാനാവില്ല. രണ്ടും ആസ്വദിക്കുമ്പോഴത്തെ മാനസികാവസ്ഥയും പ്രധാനമാണ്. ലയണൽ മെസ്സിയുടെ ഗോൾ കാണുമ്പോഴത്തെ ആവേശമല്ല തലത്ത് മഹ്‌മൂദിന്റെ അല്ലെങ്കിൽ ഹേമന്ത് കുമാറിന്റെ നല്ലൊരു പാട്ട് കേൾക്കുമ്പോൾ ഉണ്ടാകുക. ആദ്യത്തേത് ആവേശമുണർത്തുമെങ്കിൽ രണ്ടാമത്തേത് ആർദ്രതയാർന്ന  അനുഭവമാണ്.

2. ബാല്യകാലമെന്നത് കഥകളും പാട്ടുകളും നിറഞ്ഞ കാലമായിരിക്കും. കഥ കേട്ട് വളർന്നതിലാണോ പാട്ട് കേട്ടുവളർന്ന ബാല്യമായതിനാലാണോ പാട്ടിന്റെ പിന്നാമ്പുറക്കഥകളും കൗതുകങ്ങളും അറിയാൻ ഇത്രയും താല്പര്യം ജനിച്ചത്?

# എങ്ങനെ ഈ വിചിത്രമായ താല്പര്യം മനസ്സിൽ കടന്നുവന്നു എന്നറിയില്ല. അമ്മ പറഞ്ഞുതന്ന കഥകൾ ഒരു സ്വാധീനമാകാം. പിന്നെ, പാട്ടിന്റെ പിന്നാമ്പുറ രഹസ്യങ്ങൾ  ഒരിക്കലും തിരഞ്ഞു പോകാൻ ആഗ്രഹിച്ചിട്ടില്ല. പലതും ഇങ്ങോട്ട് തിരഞ്ഞുവരികയായിരുന്നു.

കുട്ടിക്കാലത്ത് പാട്ടുകൾ കേൾക്കുമ്പോൾ അതിന്റെ വിഷ്വലുകൾ മനസ്സിൽ സങ്കൽപ്പിക്കുന്നത് ഒരു ശീലമായിരുന്നു. പിന്നീട് സിനിമ  കാണുമ്പൊൾ നിരാശ തോന്നും. ഗാനരംഗം ഞാൻ അങ്ങനെയല്ലല്ലോ മനസ്സിൽ കണ്ടത്. അകലെയകലെ നീലാകാശം എന്ന പാട്ട് കേൾക്കുമ്പോൾ ആർത്തലക്കുന്ന കടലും തിരമാലകളും  ചക്രവാള സീമകളും വിദൂരതയിൽ  നോക്കി പാടുന്ന കാമുകനും ഒക്കെയായിരുന്നു മനസ്സിൽ. സിനിമയിൽ കണ്ടത് കൂളിങ് ഗ്ളാസൊക്കെ ധരിച്ച്  കടലോരത്തുകൂടി ചുമ്മാ  ശാരദയുടെ പിന്നാലെ ഓടുന്ന സത്യനെയും. നിരാശ തോന്നി. അന്നത്തെ പല മലയാളം പാട്ടുകളുടെയും ചിത്രീകരണത്തിന്റെ അവസ്ഥ ഇതായിരുന്നു.

3. വെള്ളിവെളിച്ചത്തിൽ നിന്നും ജീവിതത്തിന്റെ അന്ധകാരത്തിലേക്ക് വീണുപോയവരുടെ അനുഭവം സമ്മാനിച്ച വികാരം അല്ലെങ്കിൽ പാഠങ്ങൾ?

# പലതും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ദുഖിപ്പിച്ചിട്ടുണ്ട്.  ഒരിക്കൽ ആരാധക സഹസ്രങ്ങൾക്കിടയിൽ രാജകുമാരനായി തിളങ്ങി നിന്ന താരം പിൽക്കാലത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ, തിരിച്ചറിയപ്പെടാതെ നിൽക്കുന്ന കാഴ്ച്ചകൾ സുലഭമാണ് സിനിമയുടെ മായാലോകത്ത്. അത്തരം അനുഭവങ്ങൾ നമുക്കും വിലപ്പെട്ട പാഠമാണ്. സിനിമയിൽ ഇന്നലെകളിലല്ല എന്ന് തോന്നും ചിലപ്പോൾ. ഇന്നുകൾ മാത്രമേ ഉള്ളൂ. ഇന്ന് നമ്മൾ ആരാണെന്നത് മാത്രമാണ് പ്രധാനം.

4. ഇന്നത്തെ തലമുറ പഴയ പാട്ടുകൾ പുതിയ കുപ്പിയിൽ ഇറക്കുന്നത് കാണുമ്പോൾ എന്ത് തോന്നുന്നു?

# പഴയ പാട്ടുകളുടെ കവർ വേർഷൻസ് ഇറക്കുന്നതിനോട് എനിക്ക് വിയോജിപ്പൊന്നുമില്ല.  ബന്ധപ്പെട്ടവരിൽ നിന്ന് ആവശ്യമായ  അനുമതി  വാങ്ങി വൃത്തിയായി ഇറക്കണം  എന്ന് മാത്രം.  മറവിയുടെ മാറാല പിടിച്ചു കിടക്കുന്ന പല പാട്ടുകളും പൊടി തട്ടി പുറത്തു  കൊണ്ടുവരാൻ ഇത്തരം ശ്രമങ്ങൾക്ക് സാധിച്ചിട്ടുണ്ട്.  ഒറിജിനൽ പതിപ്പിനോടും അവയുടെ സ്രഷ്ടാക്കളോടും ഉള്ള  ആദരം ഉൾക്കൊണ്ട് തന്നെ വേണം പുനരവതരണം  എന്നൊരു അഭിപ്രായമുണ്ട്. അല്ലാതെ ട്യൂൺ തോന്നുംപടി മാറ്റുക, വരികൾ മാറ്റുക... ഇതൊന്നും ആശാസ്യമല്ല. ഈണത്തിന് നമ്മുടേതായ ഒരു ഭാഷ്യം അല്ലെങ്കിൽ ഭാവം  കൊടുക്കുന്നതിൽ തെറ്റില്ല. പിന്നെ, ഇതെല്ലാം കാലത്തെ അതിജീവിക്കുമോ എന്നത് മറ്റൊരു കാര്യം. കാലമാണല്ലോ അന്തിമ  വിധികർത്താവ്.

5. യേശുദാസ് തന്റെ കഴിവിന്റെ പരമാവധി  ഉപയോഗിച്ചതായി തോന്നിയിരുന്നോ? പല സംഗീത സംവിധായകരും (രവീന്ദ്രൻ മാഷിനെ ഒഴിച്ച് നിർത്തിയാൽ) ഇക്കാര്യത്തിൽ പരിഭവം (രഹസ്യമായെങ്കിലും) പറഞ്ഞതായി കേട്ടിട്ടുണ്ട്. 

# ഒരു കലാകാരനും സ്വന്തം കഴിവ് ബോധപൂർവം മറച്ചുവെക്കാൻ ശ്രമിക്കും എന്ന് എനിക്ക് അഭിപ്രായമില്ല. യേശുദാസും തനിക്ക് കഴിയുന്നത്ര ഭംഗിയായി ഓരോ ഗാനത്തോടും നീതി പുലർത്തിയിട്ടുണ്ട്. ഓരോ സംഗീത സംവിധായകനും വ്യത്യസ്ത രീതിയിലാണ് ആ ശബ്ദം പ്രയോജനപ്പെടുത്തിയത് എന്ന് മാത്രം. മന്ദ്ര സ്ഥായിയുടെ സാദ്ധ്യതകൾ ഏറ്റവും ഉപയോഗിച്ചത് രവീന്ദ്രൻ മാഷ് ആവണം.

ഗായകന്റെ അല്ലെങ്കിൽ ഗായികയുടെ  കഴിവുകൾ മുഴുവൻ വെളിച്ചത്ത് കൊണ്ടുവരിക എന്നത് ഗാനത്തിന്റെ ധർമ്മമല്ല. സിനിമയിലെ  സന്ദർഭത്തോട്  ചേർന്നുനിൽക്കുകയാണ് പ്രധാനം. 

 ആത്യന്തികമായി ഗാനം  സംഗീത സംവിധായകന്റെ ശില്പമാണ് എന്ന് വിശ്വസിക്കുന്നവരിലാണ് എന്റെ സ്ഥാനം. കവിതയും ഗായക ശബ്ദവും ഒക്കെ സംഗീതത്തോട് ഔചിത്യപൂർവം  ചേർന്ന് നിൽക്കുമ്പോൾ അനശ്വര ഗാനങ്ങൾ പിറക്കുന്നു. ദേവരാജൻ മാഷിനെ പോലുള്ളവർ,  അനാവശ്യമായി ഗായകൻ/ഗായിക  പാട്ടിൽ എക്സ്ട്രാ സംഗതികൾ കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്നത് പോലും വിലക്കുന്നത് കണ്ടിട്ടുണ്ട്. സ്വന്തം  പാട്ടിന് ആവശ്യമുള്ള ആലാപന ശൈലി ഇന്നതാണ് എന്ന് ഉത്തമ ബോധ്യം ഉള്ളവരായിരുന്നു പഴയ സംഗീത സംവിധായകർ. അല്ലാതെ  പാട്ടിന്റെ ഒരു സ്ട്രക്ച്ചർ  മാത്രം തട്ടിക്കൂട്ടി, ഇനിയെല്ലാം ദാസേട്ടൻ ഇഷ്ടപ്രകാരം ചെയ്തുകൊള്ളൂ എന്ന് പറഞ്ഞു കയ്യും കെട്ടി നോക്കി നിൽക്കുന്ന സമ്പ്രദായക്കാർ ആയിരുന്നില്ല അവരൊന്നും. സംഗീതസംവിധായകർ ആരാധകരായി മാറുമ്പോഴാണ് മറിച്ചു  സംഭവിക്കുക.

6. സ്വതന്ത്ര്യ സംഗീതത്തിന്റെ പുതുതലമുറയിൽ ചലച്ചിത്രസംഗീതത്തിന്റെ ഭാവി എത്ര ശോഭനമാണ്. ഇന്ത്യൻ ചലച്ചിത്ര സംഗീതം അസ്തമനത്തിലേക്കാണോ? പാട്ടുകളില്ലാത്ത ഹോളിവുഡ്/വിദേശസിനിമളെ പോലെ ആയിത്തിരുമോ ഇന്ത്യൻ സിനിമയും?

# അന്നും ഇന്നും എന്റെ വിശ്വാസം സിനിമയിൽ ഗാനങ്ങൾ അനിവാര്യമല്ല എന്ന് തന്നെയാണ്. പിന്നണി ഗാനം എന്നത്  ഇന്ത്യയിലെ, അല്ലെങ്കിൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ സിനിമയിലെ ഒരു പ്രത്യേക പ്രതിഭാസം മാത്രമാണ്. വേറൊരിടത്തും ഒരു അഭിനേതാവ് വേറെ ഏതോ ഒരാളുടെ പാട്ടിനൊത്ത് ചുണ്ടനക്കുന്ന പതിവില്ല.  ഹോളിവുഡിലൊക്കെ മ്യൂസിക്കൽസ് എന്ന പേരിൽ വരുന്ന ചിത്രങ്ങളിലേ പാട്ടുകൾ തന്നെ ഉള്ളൂ.  അപൂർവം ഘട്ടങ്ങളിൽ പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായി ചില ഗാനശകലങ്ങൾ കടന്നുവരാറുണ്ട് എന്ന് മാത്രം. 

മലയാള സിനിമയിലും പാട്ടിന്റെ സിറ്റുവേഷനുകൾ ഇല്ലാതായി വരുന്നു. നമ്മുടെ പുതിയ സിനിമകളിൽ പാട്ടുകൾ തീർത്തും  അനാവശ്യമാണ് എന്ന് തോന്നാറുണ്ട്. കഥാഗതിക്ക് ഭംഗം വരുത്താനേ അനവസരത്തിൽ കയറിവരുന്ന പാട്ടുകൾ ഉപകരിക്കൂ. പിന്നെ, പല പാട്ടുകളുടെയും വരികൾക്ക് കഥയുമായോ കഥാപാത്രങ്ങളുടെ മാനസിക ഭാവവുമായോ പുല ബന്ധം പോലും കാണില്ല. ഈണത്തിന് അനുസരിച്ച് കാറ്റ്, മഴ, കുളിര്, തളിര്, കാതൽ, പ്രണയം എന്നിങ്ങനെ ചില  സ്റ്റോക്ക്  പദങ്ങൾ തിരുകിക്കയറ്റി, യു ട്യൂബ് വ്യൂസ് മാത്രം ലക്ഷ്യമിട്ട് പടച്ചുവിടുന്ന ഇത്തരം ഗാനങ്ങൾ നൂറു കണക്കിന് വരുന്നുണ്ട്, ആരുടേയും ശ്രദ്ധയിൽ പെടാതെ മൃതിയടയുന്നു എന്ന് മാത്രം. 

അതേ സമയം, സിനിമയിൽ നിന്ന് വേറിട്ട അസ്തിത്വമുള്ള പാട്ടുകൾക്ക് പ്രസക്തി കൂടി വരുന്നു. ഇനി അത്തരം പാട്ടുകൾക്കേ ഉള്ളൂ നിലനിൽപ്പ്.  നിർഭാഗ്യവശാൽ ആ  വഴിക്ക് പരീക്ഷണങ്ങൾ കുറവേ ഉണ്ടാകുന്നുള്ളൂ മലയാളത്തിൽ. പഴയ സിനിമാപ്പാട്ടുകളിൽ ചില്ലറ  മിനുക്കുപണി നടത്തി എളുപ്പം ശ്രദ്ധ പിടിച്ചുപറ്റാനുള്ള തത്രപ്പാടിലാണ് അധികം പേരും. അല്ലെങ്കിൽ നാടൻ പാട്ട് എന്ന പേരിൽ ഈ കാലത്തിരുന്ന് തട്ടിക്കൂട്ടുന്ന പാട്ടുകൾ.  മറ്റു ഭാഷകളിൽ, പ്രത്യേകിച്ച് തമിഴിൽ വേറിട്ട പരീക്ഷണങ്ങൾ താരതമ്യേന കൂടുതൽ ഉണ്ടാവുന്നുണ്ട്. അവരുടെ റാപ് മ്യൂസിക്ക്   പോലും കാലികമാണ്. അവയിൽ അർത്ഥമുണ്ട്. ആശയമുണ്ട്. നിലപാടുകളുണ്ട്. 

7. സാധാരണ ഒരു വ്യക്തി മരിച്ചാൽ മാത്രമേ അയാളുടെ ഗുണഗണങ്ങളെക്കുറിച്ച് ആളുകൾ പുകഴ്ത്തി പറയാറുള്ളൂ, പ്രത്യേകിച്ച് അയാൾ മറവിയിലേക്ക് തള്ളപ്പെട്ടയാളാണെങ്കിൽ. പക്ഷെ താങ്കൾ അപ്രശസ്തവരായെക്കുറിച്ചുപോലും അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ അവരുടെ സംഭാവനകൾ എടുത്തുപറയാൻ തയ്യാറാകുന്നു, എന്താണ് അതിനു പിന്നിലുള്ള ചേതോവികാരം?

# ആ ഉദ്ദേശ്യത്തോടെ  തന്നെ എഴുതുന്നതാണ്. ജീവിച്ചിരിക്കുമ്പോൾ സ്വന്തം കഴിവുകൾ തിരിച്ചറിയപ്പെടാൻ ആഗ്രഹം ഇല്ലാത്തവർ ആരുണ്ട്? അവഗണിക്കപ്പെട്ട പലരെയും തിരഞ്ഞു കണ്ടെത്തിയിട്ടുണ്ട്. അവരെ പറ്റി എഴുതുക മാത്രമല്ല, ചിലർക്ക് സാമ്പത്തിക സഹായം  ഉറപ്പാക്കിയിട്ടുമുണ്ട്. മറ്റു ചിലർക്ക് പെൻഷൻ സംഘടിപ്പിച്ചു കൊടുക്കാൻ പറ്റി. അവരൊക്കെ സ്നേഹം പങ്കിടാൻ ഇപ്പോഴും വിളിക്കും. വലിയ ആത്മ സംതൃപ്തി പകരുന്ന കാര്യങ്ങളാണ് അതൊക്കെ.

8. പാട്ടുവഴികൾ ഓരോന്നായി പിന്നിടുമ്പോൾ ലഭിക്കുന്ന സംതൃപ്തി എങ്ങനെ വിവരിക്കാം?

# ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിട്ടില്ലാത്ത എത്രയോ മഹാരഥന്മാരെ കാണാനും അവരുടെ സൗഹൃദ വലയത്തിൽ ചെന്ന് പെടാനും കഴിഞ്ഞത് മഹാഭാഗ്യം. പിന്നെ, എന്റെ എഴുത്ത് ഇഷ്ടപെടുന്ന സാധാരണക്കാരായ എത്രയോ പേരെ പരിചയപ്പെടാൻ കഴിഞ്ഞു. അവരുടെയൊക്കെ സ്നേഹം എന്നെ വികാരാധീനനാക്കുന്നു. ഇതൊക്കെ നമ്മെ മുന്നോട്ട് നടക്കാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ തന്നെ. ജീവിതം ജീവിക്കാൻ കൊള്ളാവുന്നതാണ് എന്ന് അടിവരയിട്ടു പറയുന്നു ഇത്തരം അനുഭവങ്ങൾ.

9. തെന്നിന്ത്യൻ ചലച്ചിത്ര സംഗീതം അഖിലേന്ത്യാ തലത്തിൽ അത്രധികം ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ കാരണം ഭാഷ മാത്രമാണോ? ഇന്ത്യ കണ്ട മികച്ച ഗായകരിൽ പലരും ഇവിടെ നിന്നായിട്ടു പോലും.

# ഹിന്ദി ബെൽറ്റ് വളരെ വിശാലമാണ്. അവിടത്തെ പ്രേക്ഷക സമൂഹവും വളരെ വലുതാണ്. സ്വാഭാവികമായും ഹിന്ദിയുടെ സ്വീകാര്യത മറ്റു ഭാഷകൾക്ക് ലഭിക്കണം എന്നില്ല. ഗുണനിലവാരം നോക്കിയാലും ഹിന്ദി ഗാനങ്ങൾ, പ്രത്യേകിച്ച് 1950 മുതൽ 70 കൾ വരെയുള്ള കാലഘട്ടത്തിലെ പാട്ടുകൾ മറ്റു ഭാഷകളിലെ പാട്ടുകളേക്കാൾ ഒരു ചുവട് മുന്നിൽ നിൽക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. 

10. ഭാവഗായകൻ ജയചന്ദ്രന് ഒരു പാടു പാട്ടുകൾ നഷ്ടമായി എന്നു  തോന്നിയിട്ടുണ്ടോ? ഒരു പദ്മശ്രീയ്ക്ക് പോലും അദ്ദേഹം ശുപാർശ ചെയ്യപ്പെടാതിരിക്കാനെന്തായിരിക്കും കാരണം?

# പാടിയ പാട്ടുകളിൽ ഭൂരിഭാഗവും ഹിറ്റാക്കിയ ഗായകനാണ് ജയചന്ദ്രൻ. മലയാളികൾക്ക് ഇന്നും എന്നും യേശുദാസ് കഴിഞ്ഞാൽ ജയചന്ദ്രൻ തന്നെ. പിന്നെ, യേശുദാസിനെ പോലെ അപൂർവ പ്രതിഭാശാലിയായ ഒരു  ഗായകൻ സജീവമായി നിൽക്കുമ്പോൾ മറ്റൊരു ഗായകന് സാന്നിധ്യം അറിയിക്കുക എളുപ്പമല്ല. എല്ലാ സംഗീത സംവിധായകർക്കും അവരുടെ ഈണം, അവർ ഉദ്ദേശിക്കുന്ന തരത്തിൽ പൂർണ്ണതയോടെ, ചിലപ്പോൾ അവരുടെ പ്രതീക്ഷക്ക് പോലും അപ്പുറത്തേക്ക് കടന്നുചെന്ന് ആലപിക്കുന്ന ഗായകരോടാകും താൽപ്പര്യം. യേശുദാസ് അവരുടെ പ്രതീക്ഷകൾക്ക് പൂർണ്ണതയേകിയ ഗായകനായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് പാട്ട് പഠിച്ചെടുത്ത്  ഏറ്റവും ഭാവമധുരമായി  പാടുന്ന അടിമുടി പ്രൊഫഷണൽ ആയ ഒരാൾ. അദ്ദേഹത്തെ  ഒത്തുകിട്ടാത്തപ്പോഴേ  പല സംഗീത സംവിധായകരും  മറ്റ് ഗായകരെ തിരഞ്ഞു പോയിട്ടുള്ളൂ.  

11. ഒരുപാട് മഹാന്മാരായ കലാകാരന്മാരെ പരിചയപ്പെടാൻ കഴിഞ്ഞത് ജീവിതത്തിലെ മഹാസൗഭാഗ്യങ്ങളായി കരുതുന്നുവെന്ന് താങ്കൾ പറഞ്ഞിട്ടുണ്ട്, പക്ഷെ ആഗ്രഹിച്ച ആരെയെങ്കിലും പരിചയപ്പെടാനോ അവരുമായി അടുത്തിടപഴകാനോ കഴിയാത്തതിൽ ദുഖിക്കേണ്ടി വന്ന അവസരങ്ങളുണ്ടായിട്ടുണ്ടോ?

#  പലരും നേരത്തെ കടന്നുപോയി എന്നത് നഷ്ടബോധത്തോടെ ഓർക്കുന്ന കാര്യം. ബാബുരാജ്, റഫി, കിഷോർ, മദൻ മോഹൻ, എസ് ഡി ബർമ്മൻ, ആർ ഡി ബർമ്മൻ ... ഇവരെയൊന്നും പരിചയപ്പെടാൻ കഴിഞ്ഞില്ല. ആശാ ഭോസ്ലെയുമായി സംസാരിച്ചു, പക്ഷെ ലതാജിയെ കണ്ടില്ല. അത് മറ്റൊരു നഷ്ടം. 

12. പാട്ടുവഴിയിലൂടെ ഇനിയും എത്രനാൾ? അല്ലെങ്കിൽ മൈതാനത്ത് നിന്നും പാട്ടുവഴിയിലേക്ക് എത്തിയതുപോലെ വീണ്ടും ഒരു മാറിനടത്തം ഉണ്ടാകുമോ?

# എഴുതിയാലും ഇല്ലെങ്കിലും, പാട്ടിനൊപ്പമുള്ള യാത്രക്ക് അവസാനമില്ല. പൂർണ്ണമായ കളിയെഴുത്ത് ജീവിതത്തിലേക്ക് ഇനി തിരിച്ചുപോകാൻ ഇടയില്ല.

13. പഴയ പല പാട്ടുകൾക്കും അതിന്റെ പിറവിയുമായി ബന്ധപ്പെട്ട് കഥകൾ ഉണ്ടാവാറുണ്ട്. അത് ചിലപ്പോൾ വളരെ രസകരമായൊരു മുഹൂർത്തത്തിൽ നിന്നോ അല്ലെങ്കിൽ തികച്ചും അവിചാരിതമായോ അതുമല്ലെങ്കിൽ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളിൽ നിന്നോ സൗഹൃദത്തിൽ നിന്നോ ഒക്കെ  ഉണ്ടായതായിരിക്കാം. സന്ദർഭവും അർത്ഥവും നോക്കാതെ ബഹളമയമായ ഒരു താളത്തിനനുസരിച്ച് കുറെ വാക്കുകൾ അടുക്കിപ്പെറുക്കിയുണ്ടാക്കുന്ന ഇന്നത്തെ പാട്ടുകളുടെ വഴിയിലൂടെ സഞ്ചരിച്ചാൽ അത്തരം അനുഭവകഥകൾ കിട്ടുമെന്ന് തോന്നുന്നുണ്ടോ?

# അങ്ങനെ പ്രതീക്ഷിക്കുന്നില്ല. ആഗ്രഹിച്ചാലും നടക്കില്ല എന്നതാണ് സത്യം. വലിയ ത്യാഗങ്ങളും  തപസ്യയും ഒന്നും ആവശ്യപ്പെടുന്നില്ല ഇന്ന് ഗാനസൃഷ്ടി. ട്രെൻഡിന് അനുസരിച്ചു പാട്ടുണ്ടാക്കുക എന്നതാണ് പുതിയ വെല്ലുവിളി. നിർമാതാവും സംവിധായകനും നായകനും ഉൾപ്പെടെ പലരുടെയും ഇടപെടലുകൾ അതിൽ ഉണ്ടാകും.  മുൻപ് ഹിറ്റായ പാട്ടുകൾ  മാതൃകയാക്കി വേറൊരു പാട്ട് ഉണ്ടാക്കാനാണ് പലപ്പോഴും ആവശ്യപ്പെടുക. പാട്ടിന്റെ ആദ്യ വരി/ വാക്ക്  നിർദേശിക്കുന്നത് പോലും സംവിധായകൻ അല്ലെങ്കിൽ നിർമ്മാതാവ് ആകാം. പ്രചോദനത്തിനായി യുട്യൂബിനെ ആശ്രയിക്കാം. ലോക സംഗീതം മുഴുവൻ വിരൽ തുമ്പിൽ കിട്ടുമല്ലോ ഇന്ന്.

റേഡിയോ പോലും അത്യപൂർവമായിരുന്ന കാലത്ത് ശൂന്യതയിൽ നിന്ന് പാട്ടുകൾ സൃഷ്ടിച്ച പഴയ സംഗീത സംവിധായകരെ നമിച്ചു പോകുന്നത് അതുകൊണ്ടാണ്. കുട്ടിക്കാലത്തു കേട്ട നാടൻ പാട്ടുകളുടെ ഓർമ്മയിൽ നിന്നാണ് നീലക്കുയിലിലെ എട്ടൊമ്പത് പാട്ടുകൾ രാഘവൻ മാഷ് സൃഷ്ടിച്ചത്. ഏഴു പതിറ്റാണ്ടോളം കഴിഞ്ഞിട്ടും ആ പാട്ടുകൾ നിലനിൽക്കുന്നു. റീമിക്സ് ചെയ്ത് പുതിയ പാട്ടുകാർ പാടി പുറത്തിറക്കിയാൽ ഇന്നും സൂപ്പർ ഹിറ്റായിരിക്കും ആ പാട്ടുകൾ. 

പാട്ടുണ്ടാക്കാൻ അത്തരം സാഹസങ്ങൾ ഒന്നും വേണ്ട ഇന്ന്. ഇത്തവണ ഓണപ്പാട്ടുകൾ എന്ന പേരിൽ പുറത്തിറങ്ങിയ പാട്ടുകളുടെ എണ്ണം നോക്കിയാൽ അറിയാം. ഗാനസൃഷ്ടി ആർക്കും എപ്പോഴും നിർവഹിക്കാവുന്ന ഏർപ്പാടായി മാറിയിരിക്കുന്നു. പഴയ പോലെ ഒരു പ്രത്യേക വിഭാഗത്തിന്റെ കുത്തകകയല്ല അത്. സ്വാഗതാർഹമായ കാര്യം. ഈ പാട്ടുകളിൽ എത്രയെണ്ണം ഓണത്തിനപ്പുറത്തേക്ക് സഞ്ചരിക്കും എന്നേ നോക്കേണ്ടതുള്ളൂ.

ദേവരാഗം

 


ദേവരാഗങ്ങളുടെ രാജശില്പി മണ്മറഞ്ഞ മഹാസംഗീതജ്ഞൻ ശ്രീ ജി ദേവരാജന് കുന്ദലഹള്ളി കേരള സമാജത്തിലെ സംഗീതപ്രേമികൾ നൽകിയ ഗാനാഞ്ജലി. 

മലയാളികളുടെ സ്വപ്നങ്ങൾക്കും ചിന്തകൾക്കും വികാരങ്ങൾക്കും അഴകും ഈണവും നൽകിയ മഹാനായ കലാകാരൻ. ഏതാണ്ട് ആറുപതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ സംഗീതജീവിതത്തിനൊടുവിൽ സമയതീരത്തിനപ്പുറത്തേക്ക് അദ്ദേഹം കടന്നുപോകുമ്പോൾ ഈ ഭൂമിയിൽ വരുംതലമുറയ്ക്കായി അവശേഷിപ്പിച്ചത് കേട്ടാലും കേട്ടാലും മതിവരാത്ത രണ്ടായിരത്തിലേറെ ഗാനങ്ങൾ. ആ ഗാനസാഗരം മുഴുവൻ കോരിക്കുടിക്കുവാൻ ഏറെ ആഗ്രഹമുണ്ടായിരുന്നെങ്കിലും വെറും
രണ്ടോ മൂന്നോ മണിക്കൂറുകൾക്കുള്ളിൽ അതസാധ്യമായതിനാൽ അതിന്റെ തീരത്തുനിന്നും തങ്ങളുടെ കൈക്കുമ്പിളിൽ കോരിയെടുത്ത ഏതാനും തുള്ളികൾ കാണികൾക്കായി പകർന്നുനല്കുകയാണ് നമ്മുടെ പാട്ടുകാർ ചെയ്തത്. തങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ആ ഗാനങ്ങൾ നിറഞ്ഞ മനസ്സോടെയാണ് ഏവരും സ്വീകരിച്ചത്. പകർന്നുനൽകുന്ന ഗാനാമൃതം ഒരുതുള്ളി പോലും പാഴാക്കാതെ ആസ്വാദകർ കരളിൽ ഏറ്റുവാങ്ങുകയായിരുന്നു, മനസ്സ് കൊണ്ട് കൂടെ സഞ്ചരിക്കുകയായിരുന്നു. ഹൃദയം കൊണ്ട് ഏറ്റുപാടുകയായിരുന്നു. കല്മഷമകന്ന് ഏവരും ഒന്നായിത്തീർന്ന നിമിഷങ്ങൾ.
വെൺകൊറ്റക്കുട ചൂടിയ ഹിമവാനെ വർണ്ണിച്ചുകൊണ്ടുള്ള ഓ എൻ വിയുടെ മനോഹര രചനയായ 'പൊൽത്തിങ്കൾക്കല പൊട്ടുതൊട്ട..' എന്നാരംഭിക്കുന്ന 'കുമാരസംഭവ'ത്തിലെ ഗാനം അതിസുന്ദരമായി ആലപിച്ചുകൊണ്ട് വേണുമാഷാണ് സംഗീതാർച്ചനയ്ക്ക് തുടക്കം കുറിച്ചത്. ശരീരവഴക്കം മാത്രമല്ല ശാരീരവഴക്കവും തനിക്കുണ്ടെന്ന് തെളിയിച്ചു അദ്ദേഹം. മോഹനരാഗത്തിൽ ചിട്ടപ്പെടുത്തിയ 'ഉജ്ജയിനിയിലെ ഗായികയെ'പറ്റി അമ്മുക്കുട്ടി (അക്ഷയ) പാടിയപ്പോൾ അക്ഷരാർത്ഥത്തിൽ ഏവരും ആ കുഞ്ഞുഗായികയുടെ സ്വരവലയത്തിൽ മോഹിതരായി. വയലാറിന്റെ ആത്മാശംമുള്ള ഗാനമെന്നു വിലയിരുത്തപ്പെടുന്ന 'സന്യാസിനി നിൻ പുണ്യാശ്രമത്തിൽ..' എന്ന വിരഹഗാനം രാജേഷ് പാടിയത് തൊണ്ടയിൽ നിന്നായിരുന്നില്ല മറിച്ച് ആത്മാവിൽ നിന്നായിരുന്നു. കൂടാതെ 'ഇളവന്നൂർ മഠത്തിലെ..' എന്ന പ്രണയഗാനവും 'ഇലഞ്ഞിപ്പൂമണം ഒഴുകിവരുന്നു..' എന്ന ശൃംഗാരവും പ്രണയവും നിറഞ്ഞ ഗാനവും കേൾവിക്കാരിലും ആ ഭാവങ്ങളൊക്കെ മാറി മാറി നിറച്ചിട്ടുണ്ടാവും. നിരഞ്ജനക്കുട്ടിയുടെ പ്രകടനത്തെപ്പറ്റി എന്ത് പറയാൻ? നിരഞ്ജനയെപ്പോലെ തന്നെ സുന്ദരമായിരുന്നു അവളുടെ പാട്ടുകളും. തികച്ചും വ്യത്യസ്തമായ എന്നാൽ ഒരിത്തിരി അടഞ്ഞ ശബ്ദം. പക്ഷെ എന്ത് മനോഹരമായിട്ടാണെന്നോ 'രാജശില്പി'യും ഒരുദിവസം കൊണ്ടുമാത്രം പഠിച്ച 'പൂന്തേനരുവി'യും അവൾ മറ്റുള്ളവർക്കായി പകർന്നുനല്കിയത്. 'കൂട്ടി'ലെ ഭാവഗായകൻ പ്രകാശൻ മാഷ് മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ധനുമാസചന്ദ്രികയായപ്പോൾ ശ്രോതാക്കളെല്ലാം പ്രേമചകോരികളായി! പഞ്ചമിയുടെ തോണിയിൽ കരിമ്പിന്റെ പങ്കായവുമായി തുഴഞ്ഞെത്തി സുശീലാമ്മയുടെ ഓർമ്മകൾ ഉണർത്തിയ ശാലിനി അത്ഭുതകരമായാണ് തൊണ്ടയിൽ പരനാദപ്രവേശം നടത്തി 'തെക്കുംകൂർ അടിയാത്തി'യിലൂടെ ബി വസന്തയുടെ പുള്ളുവൻ പാട്ടിന്റെ അന്തരീക്ഷം സൃഷ്ടിച്ചത്. വിരഹത്തിന്റെ തീവ്രഭാവങ്ങളെ യേശുദാസ് എന്ന മഹാഗായകൻ എത്രമാത്രം ഉൾക്കൊണ്ടുവോ അതത്രയും ഹൃദയത്തിലേറ്റുവാങ്ങി പുനരാവിഷ്കാരം നടത്തി ഹരിശങ്കർ എന്ന കൊച്ചുമിടുക്കൻ എന്ന് നിസ്സംശയം പറയാം. ആ കൊച്ചു കണ്ഠത്തിൽ നിന്നും സ്വരരാഗപ്രവാഹമായി ഒഴുകിയിറങ്ങിയത് ആയിരം പാദസരങ്ങളുടെ കിലുക്കമുള്ള ആലുവാപ്പുഴയായിരുന്നു. പാട്ടുകാരനായ അച്ഛന്റെ പാട്ടുകാരനായ മകൻ.
'പ്രിയതമാ..മാത്രം കൊള്ളാം' എന്നാണത്രെ 'ശകുന്തള'യിലെ പാട്ടുകളെക്കുറിച്ച് നിർമ്മാതാവായ കുഞ്ചാക്കോയുടെ വീട്ടുകാർ അഭിപ്രായപ്പെട്ടത്. അത്‌ പക്ഷെ തെറ്റാണെന്ന് കാലവും മലയാളക്കരയും തെളിയിച്ചു. ഏതു കഠിനഹൃദയനും തോറ്റുപോകുന്ന തരത്തിൽ സുശീലാമ്മ പ്രേമപുരസ്സരം 'പ്രിയതമ'നെ വിളിച്ചപ്പോൾ, അത്‌ കേട്ട കാമുകഹൃദയങ്ങളൊന്നും അലിയാതിരുന്നിട്ടുണ്ടാവില്ല. ഒരുപക്ഷെ അത്‌ തന്നെയല്ലേ ഇന്നലെ ലിനി പാടിയപ്പോൾ സംഭവിച്ചതും? കലാക്ഷേത്രയുടെ ചുമരുകൾക്ക് കാതുകളുണ്ടായിരുന്നെങ്കിൽ ആ കൽഹൃദയവും അലിഞ്ഞിട്ടുണ്ടാകുമായിരുന്നു, തീർച്ച. ചന്ദ്രകളഭം ചാർത്തിയുറങ്ങിയ ഈ മനോഹരതീരത്ത് ജീവിച്ചു കൊതിതീരാതെ പോയ വയലാർ പോലും ഒരുപക്ഷേ തിരിച്ചുവരാൻ ആശിച്ചേനേ ലിനിയുടെ പാട്ട് കേൾക്കാൻ കഴിഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ. അത്രയ്ക്ക് ഹൃദ്യമായിരുന്നു ആ ആലാപനം. ആദ്യമായി കാണുന്നവരുടെ മുന്നിൽ നിന്ന് പാടുന്ന സങ്കോചമുണ്ടായിരുന്നില്ല അനൂപിന്. സരസ്വതീയാമം കഴിഞ്ഞെത്തിയ ഉഷസ്സിന്റെ നൈർമ്മല്യമുണ്ടായിരുന്നു അനൂപിന്റെ ഗാനാലാപനത്തിനും. ആ ശബ്ദത്തിന് മാഘമാസത്തിൽ മാത്രമല്ല ഭാദ്രമാസത്തിലും അനുവാചകരുടെ കരളിൽ മല്ലികപ്പൂക്കൾ ചൂടിക്കാൻ കഴിഞ്ഞു. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്നും അതിന് മനസ്സിലെ പ്രണയത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നും തെളിയിച്ചു കുട്ടിമാമ്മനും അമ്മായിയും. അവരുടെ ആത്മാവിനുള്ളിലെ കാമുകമന്ത്രം രോമാഞ്ചം തളിർത്തതും ഉന്മാദം പടർത്തിയതും കേട്ടുനിന്നവരുടെ മനസ്സിലായിരുന്നു. കായാമ്പൂ കണ്ണിൽ വിടരുന്ന അനുരാഗവതിയെ കണ്ട്, ഭൂമിക്ക് പൊന്നരഞ്ഞാണമായ പുഴയുടെ ഏകാന്ത പുളിനത്തിൽ നിത്യവിസ്മയവുമായി ഇറങ്ങിയ കുട്ടിമാമനോടൊപ്പം കലാക്ഷേത്രയിലെ ആബാലവൃന്ദം ജനങ്ങളുമുണ്ടായിരുന്നു, അവർ പക്ഷെ വിസ്മയപ്പെട്ടത് ആ ശബ്ദസൗകുമാര്യത്തിലായിരുന്നു എന്നുമാത്രം. കസ്തുരി തൈലമിട്ട് മുടിമിനുക്കി ഷക്കീല ഹൃദയം തുറന്ന് പാടിയപ്പോൾ ഒരു മയിലാഞ്ചി കല്യാണത്തിന്റെ പ്രതീതിയായിരുന്നു. ആഹ്ലാദങ്ങൾ നുരപതഞ്ഞുവന്നു, മനം നിറഞ്ഞു വയർ നിറക്കാൻ ബിരിയാണി ഉണ്ടായില്ല പക്ഷെ. ചുരുൾമുടിയിൽ തുളസിത്തളിരില ചൂടിനിന്ന സുന്ദരിയോട് അരികിൽ എന്നും നീയുണ്ടായിരുന്നെങ്കിൽ എന്ന് കാതരഭാവത്തിൽ ബിജേഷ് മന്ത്രിച്ചപ്പോൾ ആ അദൃശ്യസുന്ദരിക്ക് പുളകിതയാവാതിരിക്കാനാവുമായിരുന്നില്ല. ഒരുനിമിഷമെങ്കിലും ഭൂതകാലസ്മരണകളിലെ പ്രണയകാലത്തിലേക്ക് മടങ്ങിപ്പോയ മനസ്സുകൾ ആർദ്രമായിട്ടുണ്ടാകും എന്നതും തീർച്ചയാണ്. ഇല്ലിമുളംകാടുകളിൽ പാട്ടുണർത്തുന്ന തെന്നലായി മാറി ആനന്ദും ലിനിയും. ആ ഇളംതെന്നലുകൾ പാഴ്മുളംതണ്ടുകളായിരുന്ന കാണികളുടെ ഹൃദയമിടിപ്പുകളെ ശ്രുതിമധുരമായ വേണുനാദങ്ങളാക്കി മാറ്റി.
ഓരോ പാട്ടിന്റെ തുടക്കവും ഒടുക്കവും അജിത്തും അനിലും നൽകിയ ചെറുവിവരണങ്ങളോടെയായിരുന്നു, പുട്ടിന് പീരയെന്നപോലെ. കാണികൾക്ക് ദേവരാജൻ മാഷെ പറ്റിയും ഈ പാട്ടുകളുടെ പിറവിയെപ്പറ്റിയുമൊക്കെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ ഈ അറിവുകൾ സഹായകരമായി. പാട്ടിനോളം ഈ പിന്നാമ്പുറക്കഥകളും ശ്രോതാക്കൾ ആവോളം ആസ്വദിച്ചു. ഗാനാർച്ചനയിലെ രസകരവും ഹൃദ്യവുമായ ഓരോ നിമിഷവും അതിന്റെ ദൃശ്യചാരുത ഒട്ടുമേ നഷ്ടപ്പെടാതെ ഒപ്പിയെടുത്ത ഹൃദ്യയും ഷിജിയും അവയെ ഇന്നലെകളുടെ ഓർമ്മകൾ നിറഞ്ഞ പുസ്തകത്താളിലെ മറക്കാനാവാത്ത മയിൽപ്പീലിത്തുണ്ടുകളാക്കി മാറ്റി. ഒടുവിൽ കല്യാണിയും കളവാണിയും മാണിക്യവീണയുമായി പതിനാലാം രാവിലെ അമ്പിളിയമ്മാവന്റെ മധുരിക്കുന്ന ഓർമ്മകൾ പാടിപ്പാടി വേമ്പനാട്ട് കായലിൽ താളം പിടിച്ചപ്പോഴേക്കും ദിവാകരബിംബം ആഴിക്കങ്ങേക്കരയിലേക്ക് മറഞ്ഞിരുന്നു. ശ്രുതിമധുരങ്ങളായ ദേവരാജസംഗീതം മനസ്സിനെ കൊതിപ്പിച്ചുകൊണ്ട് അപ്പോഴും അവിടെ അലയടിക്കുന്നുണ്ടായിരുന്നു.

പ്രഭാതം

 


1.

പൊന്നുഷസ്സിന്റെ പദനിസ്വനം

തെളിയുമരുണശോണകിരണങ്ങളാല്‍ 

വിടരട്ടെ പ്രഭാതമെൻ മനസ്സില്‍ 

അകലട്ടെ തമസ്സാകും അജ്ഞാനവും


2.

തരളകപോലങ്ങൾ ഒട്ടുമേ നോവാതെ

അരുണന്‍ ധരണിയെ മെല്ലെയുണർത്തി

ആ സുഖചുംബനത്തിൻ ശീതളിമയാല-

വൾ മിഴിതുറന്നു, കോരിത്തരിച്ചുനിന്നു


3.

തരുക്കൾ ചാമരം വീശി നിൽക്കെ,  

കിളികൾ പൊഴിക്കുന്നു മഞ്ജുനാദം 

ഭാസ്കരനുർവ്വിയെ പരിണയിക്കും-

നേരം പുലർകാലം, അതിസുന്ദരം 


4.

ഭാനു കിരണങ്ങള്‍ ഒളി പടരുന്നു

ഭാവരാഗലയമേളം തുടങ്ങുന്നു

ഭാസുരജീവിതം സ്വപ്നം കണ്ട്

ഭാരം ചുമക്കുന്നു പാവം മാനവൻ


5.

നിശാഗന്ധിയും കണ്ണടച്ചീടുന്നു

നിലാവൊളി മയങ്ങുംന്നേരം

നിശാകമ്പളം  കീറിമുറിച്ചിതാ

നളിനികാന്തൻ വരവായി മന്ദം


6.

ബാലാർക്കദേവന്റെ സ്പര്‍ശനത്താലേ

തുഷാരപടലങ്ങള്‍ ഉയരുന്നിതൂഴിയില്‍ 

കുളിരാർന്ന ആലസ്യ കമ്പളം നീക്കി 

പകലോനുണര്‍ത്തുന്നു ഊഴിയെ നിത്യം


7.

അമ്മ കൊളുത്തിയ നിലവിളക്കുപോൽ  

കിഴക്കേ കോലായിൽ അരുണോദയം 

ഇളംവെയിലിനാലൊന്ന് മുഖം മിനുക്കി 

നിദ്രാലസ്യത്തിൽ നിന്നുണർന്നീടുന്നവനി


8.

ദിനകരപ്രേമം ഹിരണകിരണമായി 

നളിനീദളങ്ങളെ ചുംബിച്ചുണർത്തവേ 

മധുരമൂറും മരന്ദമുണ്ടുറങ്ങിയ ഭൃംഗം 

ചിറകടിച്ചുയരുന്നിതാ നീലവാനിൽ  


9.

സപ്താശ്വരഥമേറി പുറപ്പെടുന്നേൻ 

താരകരാജാവ് അംബരം തന്നിലൂടെ

തരുക്കൾ വീശുന്നു വെഞ്ചാമരം 

കിളികൾ മുഴക്കുന്നു മംഗളാരവം


10.

ഋതുക്കൾ പലകുറി മാറിയാലും 

ഋതുചര്യയൊട്ടൊന്നു മാറിയാലും 

ഋഷുവെന്നും ഉണർത്തിടുമ്പോൾ 

ഋജുബുദ്ധിയോടെ നീങ്ങിടുവിൻ 


11.

ആഴിയിലേറെനേരം മുങ്ങിയിട്ടോ

പുലരിത്തുടിപ്പിനെന്നുമീ കുളിര്‍മ?

ആഴിയിലെ മുത്തെല്ലാം ചൂടിയിട്ടോ

പൊന്നുഷസ്സ് ശോണിമയാര്‍ന്നിരിപ്പൂ?


12.

ഉദയാസ്തമയങ്ങള്‍ മാറി വരുംപോലെ

കുന്നുകഴിഞ്ഞൊരു കുഴിയെന്നതുപോൽ 

സുഖദുഃഖങ്ങളും ശാശ്വതമല്ലെന്നറിഞ്ഞു-

ജീവിക്കൂ, വിളങ്ങട്ടെ പുഞ്ചിരിപാരിലെന്നും 


13. 

പുലരിത്തുടിപ്പിന് ചാരുതയേകിടാന്‍ 

പുല്‍ക്കൊടിത്തുമ്പില്‍ നീര്‍മുത്തുകള്‍ 

ചെറുകുളിരിനാല്‍ രാവ് നെയ്തൊരു- 

കംബളമിളംവെയില്‍ മെല്ലെ വലിച്ചെടുപ്പൂ


14.

നിഷ്പ്രഭം! ശതകോടി നക്ഷത്ര കാന്തി  

അശ്വഹസ്തൻ കിഴക്കുദിച്ചുയർന്നാൽ. 

കെൽപ്പുള്ളൊരുവൻ വന്നുവെന്നാൽ, 

മറഞ്ഞുപോകുമേതു മുറിമൂക്കന്മാരും.  

കുന്ദലഹള്ളി കേരളസമാജം - കൂട്ടായ്മയിൽ നിറയുന്നു കലയും കരുണയും

 

2022 ജൂലൈ 9, 10 തീയതികളിൽ ചെന്നൈയിലെ കോയമ്പേട് വച്ചുനടന്ന ഫെയ്മയുടെ അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സ്മരണികയിൽ കൊടുക്കാനായി തയ്യാറാക്കിയ ലേഖനം.


ബാംഗ്ലൂർ നഗരത്തിന്റെ ഹൃദയഭാഗത്തു നിന്നും ഉദ്ദേശം 20 കിലോമീറ്റർ കിഴക്കു മാറി സ്ഥിതി ചെയ്യുന്ന ചെറുപട്ടണമായ കുന്ദലഹള്ളിയെ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയ മലയാളികളുടെ ഒരു ചെറുകൂട്ടായ്മ പിന്നീട് നഗരത്തിന്റെ മറ്റുഭാഗങ്ങളിൽ വസിക്കുന്നവരെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയും അതുവഴി സമൂഹത്തിൽ കൂടുതൽ സ്വീകാര്യത നേടുകയും ചെയ്യുകയുണ്ടായി. അങ്ങനെ നിരന്തരമായ  ഇടപെടലുകൾ വഴി സമൂഹത്തോടുള്ള തങ്ങളുടെ കടമകൾ നിസ്വാർത്ഥമായി നിറവേറ്റിപ്പോരുന്ന അനേകം കൂട്ടായ്മകളിൽ നിന്നും ബാംഗ്ലൂർ മലയാളികളുടെ ഇടയിൽ സ്വന്തമായ അസ്തിത്വത്തോടെ നിറഞ്ഞുനിൽക്കുന്ന ഒരു സ്നേഹക്കൂട്ടായ്മയാണ് മേൽപ്രസ്താവിച്ച വാക്കുകളിൽ നിറഞ്ഞുനിൽക്കുന്ന കുന്ദലഹള്ളി കേരള സമാജം. ബാംഗ്ലൂർ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി രൂപംകൊണ്ട നിരവധി സമാജങ്ങളിൽ ചിലത് അംഗബലം കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും പേരും പെരുമയും നേടിയപ്പോൾ മറ്റുചിലത് നിശബ്ദമായി സാമൂഹ്യസേവനം അനുഷ്ഠിക്കുന്നതിൽ മാത്രം മുഴുകി. ഇങ്ങനെയുള്ള അത്ര ചെറുതോ എന്നാൽ വലുതോ അല്ലാത്ത ഒരിടത്തരം സമാജങ്ങൾക്കിടയിൽ സമൂഹത്തിൽ നിരന്തരം നടത്തുന്ന നിശ്ശബ്ദമായ പ്രവർത്തനങ്ങളുടെ പേരിൽ മലയാളികൾക്കിടയിൽ സാമാന്യം നന്നായി അറിയപ്പെടുന്ന ഒരു സമാജമാണ്‌ കുന്ദലഹള്ളി കേരള സമാജം. 2011 നവംബർ 11നു തുടക്കം കുറിച്ച ഈ മലയാളികൂട്ടായ്മയുടെ ഇപ്പോഴത്തെ പ്രായം ഒരു വ്യാഴവട്ടത്തിന് ഒരു വർഷം മാത്രം അകലെയാണ്.

തുടക്കം:-

കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ BEL,HAL,BEML എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നവരിൽ കർമ്മനിരതരും സംഘടനാപാടവും ഒത്തുചേർന്ന ഏതാനും പേർ ജോലിയിൽ നിന്നും വിരമിച്ചതിനുശേഷം മലയാളികൾക്ക് ഒത്തുകൂടാനൊരു പൊതു ഇടം വേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും മനസ്സിലാക്കുകയും കേരള സമാജം എന്ന ആശയസാക്ഷാൽക്കാരത്തിന്റെ പൂർത്തീകരണത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കാൻ ചെയ്തതിന്റെയും പരിണിതഫലമാണ് കുന്ദലഹള്ളി കേരളസമാജം. മേല്പറഞ്ഞതു പോലുള്ള സ്ഥാപനങ്ങളിൽ നിന്നുതന്നെ പിരിഞ്ഞ അല്ലെങ്കിൽ അവിടെ ജോലി ചെയ്തിരുന്ന ഒരുപാട് മലയാളികൾ താമസിക്കുന്ന ഇടമായിരുന്നു AECS Layout. അക്കൂട്ടത്തിൽപ്പെട്ട ചിലർ 2011 സെപ്റ്റംബർ 9 ന് (തിരുവോണദിവസം വൈകുന്നേരം) തങ്ങളിലൊരാളുടെ വീട്ടിൽ ആദ്യത്തെ യോഗം ചേരുകയും വിശദമായ കൂടിയാലോചനകൾക്കുശേഷം സമാജം രൂപീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഏറെ വൈകാതെ സമാജത്തിന്റെ ഭരണനിർവഹണ നടപടിക്രമങ്ങളുടെയും നിയമങ്ങളുടെയും കുറിപ്പ് (bylaw ), പ്രതീകമുദ്ര (logo) എന്നിവ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്തു. സമാജത്തിൽ ചേരാൻ സന്നദ്ധത കാണിച്ച ആൾക്കാരിൽ നിന്നും 25 പേരടങ്ങുന്ന ആദ്യത്തെ പ്രവർത്തകസമിതി (Executive Committee) രൂപീകരിച്ചു. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കി 2011 നവംബർ 11 ന്  'കുന്ദലഹള്ളി കേരള സമാജം' എന്ന സംഘടന നിലവിൽ വന്നു. ഔദ്യോഗികമായി ജന്മമെടുത്തതിന് ശേഷം ആ മാസം 19 ന് സമാജത്തിന്റെ ആദ്യത്തെ പ്രവർത്തക സമിതിയുടെ യോഗം ചേരുകയും കഴിവും കാര്യപ്രാപ്തിയും സംഘടനാപാടവവും പ്രവർത്തിക്കാനുള്ള മനസ്ഥിതിയും ചെലവഴിക്കാനുള്ള സമയവും ഒക്കെ നോക്കി 7 പേരെ ആദ്യത്തെ ഭരണസമിതിയായി (Office Bearers) ആയി തിരഞ്ഞെടുക്കുകയും ചെയ്തു.  2012 ജനുവരി 29 ന് AECS Layout ൽ വസിക്കുന്നവരുടെ ക്ഷേമസംഘടനയുടെ അദ്ധ്യക്ഷൻ നിലവിളക്ക് കൊളുത്തി സമാജത്തിന്റെ ഔപചാരികമായ ഉദ്‌ഘാടനം നിർവ്വഹിച്ചതിനോടൊപ്പം പ്രതീകമുദ്രയുടെ (logo) പ്രകാശനകർമ്മം നടത്തുകയും ചെയ്തു. 

വളർച്ച:-

വീടും കുടുംബവും മാത്രം നോക്കി ജീവിച്ചിരുന്ന സ്ത്രീകളെ കൂടി സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരണം എന്ന ഉദ്ദേശത്തോടു കൂടി അവർക്കു മാത്രമായി Ladies Wing (ഇപ്പോൾ 'സുരഭി' എന്ന പേരിൽ അറിയപ്പെടുന്ന വനിതാ കൂട്ടായ്മ), യുവാക്കളെയും അടുത്ത തലമുറയിലെ കുട്ടികളെയും സമാജത്തിലേക്ക് ആകർഷിക്കുക, സാമൂഹ്യപരമായും കലാപരമായും കായികപരമായും അവർക്ക് മേന്മയുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ Youth Wing ('യുവജനവേദി') എന്നിവയും തുടർന്ന്  രൂപം കൊള്ളുകയുണ്ടായി. കൂടാതെ സമാജത്തിലെ അംഗങ്ങൾക്കോ അവരുടെ കുടുംബങ്ങൾക്കോ ആപത്ഘട്ടത്തിൽ (അസുഖം, മരണം, മറ്റു ദുരിതങ്ങൾ) അടിയന്തിരസഹായം എത്തിക്കുക എന്ന ആശയവുമായി 'സാമൂഹ്യ ക്ഷേമ വിഭാഗ'വും ആരംഭിച്ചു. പ്രവർത്തകസമിതി അംഗങ്ങളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും വ്യക്തിപരമായ സംഭാവനകൾ ഉപയോഗിച്ചായിരുന്നു ആദ്യകാലങ്ങളിൽ സമാജത്തിന്റെ ദൈനംദിനച്ചെലവുകൾ നടത്തിയിരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അംഗങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ടായി.

ആദ്യത്തെ പ്രവർത്തകസമിതിയുടെ കാലാവധി മൂന്നുവർഷമായിരുന്നു തുടർന്നങ്ങോട്ട് ഓരോ രണ്ടുവർഷം കൂടുമ്പോഴും പുതിയ പ്രവർത്തകസമിതി നിലവിൽ വരുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. തികച്ചും ജനാധിപത്യരീതിയിലാണ് ഈ തിരഞ്ഞെടുപ്പ് നടന്നുപോരുന്നത്. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ പ്രവർത്തകസമിതിയും മൂന്ന് വർഷം അധികാരത്തിൽ ഇരിക്കുന്ന അവസ്ഥ സംജാതമായി. ആറാമത്തെ പ്രവർത്തകസമിതിയാണ് നിലവിൽ സമാജത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിച്ച് നടത്തിപ്പോരുന്നത്.

ആഘോഷവേളകൾ:-

സമാജം രൂപീകരിച്ചതിനുശേഷം കടന്നുവന്ന മലയാളികളുടെ ദേശീയ ഉത്സവവും പ്രവാസികളുടെ ഗൃഹാതുരത്വ വികാരവുമായ ഓണം ഗംഭീരമായി ആഘോഷിച്ചുകൊണ്ട് ബാംഗ്ലൂർ മലയാളികളുടെ ഇടയിൽ തങ്ങളുടെ സാനിധ്യം അടയാളപ്പെടുത്താൻ കുന്ദലഹള്ളി കേരള സമാജത്തിനു കഴിഞ്ഞു. തുടർന്നങ്ങോട്ട് ഓരോ ഓണക്കാലവും കലയും സംസ്കാരവും സംഗമിച്ച സമാനതകളില്ലാത്ത ഒത്തുകൂടലുകളുടെ ഉല്ലാസനാളുകളായിരുന്നു, നാവിലാകട്ടെ ഓർക്കുന്ന മാത്രയിൽ നിറയുന്ന രുചിക്കൂട്ടുകളുടെ മേളവും. ഉത്രാടപാച്ചിലിന്റെ ഓർമ്മയ്ക്കെന്നോണം ആരംഭിച്ച ഓണച്ചന്തയും വൈവിധ്യങ്ങളുടെ ഒത്തൊരുമയിൽ വിരിയുന്ന നിറഭംഗിയാർന്ന പൂക്കളമൽസരവും ഇന്നും ഓരോ ഓണക്കാലത്തും മുറ തെറ്റാതെ സംഘടിപ്പിച്ചുവരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രകൃതിസൗഹൃദമായ ഓണാഘോഷങ്ങൾ (തികച്ചും പ്ലാസ്റ്റിക് രഹിതമായി) സംഘടിപ്പിക്കുക വഴി സമൂഹത്തിനാകെ ഒരു മാതൃകയാകാൻ സമാജത്തിന് കഴിഞ്ഞിട്ടുണ്ട്. ആദ്യവർഷം തികയുന്ന വേളയിൽ തന്നെ ബാംഗ്ലൂരിലെ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് സംഘടിപ്പിച്ച മത്സരാധിഷ്ഠിതമായ കലാവിരുന്ന് ഏറെ പ്രശംസിക്കപ്പെട്ടു. പ്രശസ്തരായ വ്യക്തികളുടെ സാന്നിധ്യം കൊണ്ടും ബഹുജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മേളയായിരുന്നു ഇതെന്ന് പറയാതിരിക്കാനാവില്ല. ആദ്യത്തെ വർഷം അംഗങ്ങളുടെ വിവരങ്ങളും മറ്റു പൊതുഅറിവുകളും ഉൾപ്പെടുത്തിയുള്ള ഒരു കൈപുസ്തകമാണ് ഇറക്കിയിരുന്നതെങ്കിൽ തൊട്ടടുത്തവർഷം മുതൽ അംഗങ്ങളുടെ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്മരണിക പുറത്തിറക്കാൻ ഓരോ പ്രവർത്തകസമിതിയും ശ്രദ്ധിച്ചു. പ്രളയം താണ്ഡവമാടിയ 2018 ലൊഴിച്ചു എല്ലാവർഷവും ഓണാഘോഷത്തോടനുബന്ധിച്ച് സ്മരണിക പുറത്തിറങ്ങുന്നു. മഹാമാരിക്കാലത്ത് ഇ-പുസ്തകമായും സ്മരണിക പ്രത്യക്ഷപ്പെട്ടു.  ഗംഭീരം എന്ന് തന്നെ പറയാവുന്ന ഒരുപാട് കഥകളും കവിതകളും ലേഖനങ്ങളും ഓരോ വർഷവും സ്മരണികയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് കേരളം കടന്നാൽ മലയാളസാഹിത്യം മരിക്കുന്നില്ല എന്നതിന് ഉത്തമദൃഷ്ടാന്തമാണ്‌. തുടർച്ചയായിട്ടല്ലായെങ്കിലും കായികമത്സരങ്ങളും സമാജത്തിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി നടത്തിവരുന്നുണ്ട്. ദേശീയ പുരസ്‌കാരങ്ങൾ നേടിയ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായി 2016 ൽ കേരള ചലച്ചിത്ര അക്കാദമി ബാംഗളൂരിലെ ഒരു പ്രദർശനകേന്ദ്രമായി തിരഞ്ഞെടുത്തത് കുന്ദലഹള്ളി കേരള സമാജത്തിനെയായിരുന്നു എന്നത് സമാജത്തിന് കിട്ടിയ ഒരു അംഗീകാരമായിത്തന്നെ ഏവരും കാണുന്നു. വാർത്താമാദ്ധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഈ സിനിമാമാമാങ്കം സമാജത്തിന്റെ പ്രശസ്തി മുൻകാലത്തേക്കാൾ വർദ്ധിപ്പിക്കാൻ സഹായിച്ചു. 2017 ൽ സൂര്യകൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ  അണിയിച്ചൊരുക്കിയ കേരളോത്സവത്തിന്റെ സംഘാടകരുടെ കൂട്ടത്തിൽ കുന്ദലഹള്ളി കേരള സമാജവും ആദ്യാവസാനം ഉണ്ടായിരുന്നു. നഗരത്തിലെ മറ്റു സമാജങ്ങൾക്കിടയിൽ കുന്ദലഹള്ളി സമാജത്തിന് ഏറെ മതിപ്പുണ്ടാക്കിക്കൊടുക്കാൻ ഈ സംഘാടനം വഴിയൊരുക്കി. കേരളത്തനിമയാർന്ന പലഹാരങ്ങൾ വിളമ്പിയ 'തട്ടുകട' കാണികളുടെ മനസ്സ് മാത്രമല്ല വയറും നിറച്ചിരുന്നു.

കലയുടെ കേദാരഭൂമി:-

 കുന്ദലഹള്ളി കേരളസമാജത്തിന്റെ തുടക്കം മുതൽ തന്നെ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം കൊടുത്തിരുന്നു. മാത്രമല്ല, പൊതുവായി ഭാരതത്തിന്റെയും പ്രത്യേകമായി കേരളത്തിന്റെയും കലകളും സംസ്കാരവും പൈതൃകവും ഒക്കെ വളർത്തേണ്ടതിന്റെയും അടുത്ത തലമുറകളിലൂടെ അവ നിലനിറുത്തേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് സ്ഥാപകനേതാക്കൾക്ക് നല്ല ബോധ്യവുമുണ്ടായിരുന്നു. അതിനാൽ സ്വന്തമായി കെട്ടിടം പണിയുന്നതിന് മുൻപുതന്നെ മോഹിനിയാട്ടവും ഭരതനാട്യവും പഠിപ്പിക്കുന്ന ഒരു നൃത്തവിദ്യാലയം സമാജത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. കലാമണ്ഡലം പോലുള്ള കലയുടെ ഭൂമികയിൽ നിന്നും പ്രാവീണ്യം നേടിയവരായിരുന്നു അധ്യാപകരായി കടന്നുവന്നത്. ഏറെ താമസിയാതെ 'കലാക്ഷേത്ര' എന്ന പേരിൽ ഈ വിദ്യാലയം വികസിപ്പിക്കാൻ അന്നത്തെ പ്രവർത്തകസമിതിക്ക് കഴിഞ്ഞു. നൃത്തങ്ങൾക്കു പുറമെ പലതരം സംഗീതോപകരണങ്ങളും ക്ലാസിക് സംഗീതങ്ങളും സൗജന്യഭാഷാപഠനങ്ങളുമുൾപ്പെടെ വിവിധങ്ങളായ വിഷയങ്ങളും നിരവധി പഠിതാക്കളുമായി അത് വളർന്നു. മഹാമാരിയുടെ തേരോട്ടത്തിൽ പകച്ചുപോയി അടച്ചിരിക്കേണ്ട കാലമാകുമ്പോഴേക്കും പതിനെട്ടോളം വിഷയങ്ങളും മുന്നൂറോളം പഠിതാക്കളും ചേർന്ന കലയുടെ കേദാരഭൂമിയായി  'കലാക്ഷേത്ര' വളർന്നിരുന്നു. കലാക്ഷേത്രയിലെ കുട്ടികളുടെ പഠനമികവിന്റെ  മാറ്റുരക്കാനുള്ള വേദിയൊരുക്കിക്കൊടുക്കാനും സമാജം മറക്കാറില്ല. വാർഷികാഘോഷത്തിന്റെ നിറച്ചാർത്തണിഞ്ഞ വേദിയിൽ പ്രായ-ലിംഗ ഭേദമില്ലാതെ ഓരോ പഠിതാവും തങ്ങളുടെ അറിവിന്റെ കെട്ടഴിക്കുകയും, അവർ കാണികളെ വിസ്മയം കൊള്ളിക്കുകയും ചെയ്യാറുണ്ട്. കാണികളുടെ നിലയ്ക്കാത്ത കൈയ്യടി വിദ്യാർത്ഥികളെ പുളകിതരാക്കുക മാത്രമല്ല അതവരിൽ ആത്മവിശ്വാസത്തിന്റെ മേമ്പൊടി വാരിവിതറുകയും ചെയ്തു.  മഹാമാരിക്കാലത്ത് പോലും കലാക്ഷേത്ര പൂർണ്ണമായും അടച്ചിടേണ്ടി വന്നിട്ടില്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദൂരത്ത് നിന്നുപോലും അദ്ധ്യയനം തുടർന്ന വിദ്യാർഥികളുണ്ടായിരുന്നു. ഏതായാലും ആപത്ഘട്ടമൊഴിഞ്ഞുവരുന്ന വേളയിൽ വീണ്ടും കലയുടെ നാദം ഇവിടെ മുഴങ്ങാൻ തുടങ്ങിയിരിക്കുന്നു.

പ്രായഭേദമെന്യേ അതാത് സർക്കാരുകളുടെ സഹായത്തോടെ മലയാളം, കന്നഡ ഭാഷകൾ ഇവിടെ സൗജന്യമായി അഭ്യസിപ്പിക്കുന്നുണ്ട്. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർ സർക്കാരിന്റെ സാക്ഷ്യപത്രം നേടിയെടുക്കുന്നുണ്ട്. സമാജം തുടങ്ങിയ ആദ്യവർഷങ്ങളിൽ തന്നെ അംഗങ്ങളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒരു ഗ്രന്ഥശാല ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നെങ്കിലും അത് സാധിച്ചെടുക്കാൻ കുറച്ചു കാലതാമസം ഉണ്ടായി. എങ്കിലും പലഭാഷകളിലെ നിരവധി പുസ്തകങ്ങൾ സമാഹരിച്ചു കൊണ്ട് നല്ലൊരു ഗ്രന്ഥാലയം കെട്ടിപ്പടുക്കാൻ സാഹിത്യതല്പരരായ ഒരുപറ്റം ആൾക്കാരിലൂടെ സമാജത്തിന് കഴിഞ്ഞിട്ടുണ്ട്.

കുട്ടികളുടെയും മുതിർന്നവരുടെയും അറിവ് വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തിൽ എല്ലാ വർഷവും കേരളപ്പിറവി ദിനത്തിൽ നടത്തുന്ന പ്രശ്നോത്തരി മത്സരം, സമാജത്തിന്റെ സ്ഥാപക പ്രസിഡന്റിന്റെ സ്മരണാർത്ഥം നടത്തുന്ന കവിതാരചന മത്സരം, സുരഭിയുടെയും യുവജനവേദിയുടെയും നേതൃത്വത്തിൽ നടത്തുന്ന കലാപരിപാടികൾ എന്നിവയാൽ സമൃദ്ധമാണ് കുന്ദലഹള്ളി കേരള സമാജം. അംഗങ്ങൾക്കിടയിലെ സാഹിത്യതല്പരത പരിപോഷിപ്പിക്കാനായി  'സാഹിത്യവേദി' എന്നൊരു ശാഖയും സമാജത്തിൽ തുടങ്ങിയിരുന്നെങ്കിലും പാട്ടും ആട്ടവും കളിയും ചിന്തയും ഒക്കെച്ചേരുന്ന 'സാംസ്കാരികവേദി'യായത് മാറാൻ അധികകാലം വേണ്ടി വന്നില്ല. ഇന്നിപ്പോൾ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ വൈജാത്യങ്ങളായ പരിപാടികൾ ഇതൾ വിടർത്തുന്ന വേദിയായി കുന്ദലഹള്ളി കേരള സമാജം മാറിയിരിക്കുന്നു.

സമൂഹത്തിന് താങ്ങായി:-

ജനിച്ച നാടും വീടും വിട്ടവർക്ക് ഒത്തുചേരാനൊരിടം സൃഷ്ടിക്കുക, കേരളത്തിന്റെ സംസ്കൃതി പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്നതിനോടൊപ്പം അശരണർക്കൊരു കൈത്താങ്ങ് എന്നൊരു ലക്‌ഷ്യം കൂടിയുണ്ടായിരുന്നു സമാജത്തിന്റെ ജനനം വിഭാവനം ചെയ്തവർക്ക്. സമാജം രൂപീകൃതമായവേളയിൽ ബാലാരിഷ്ടതകളിൽക്കൂടി കടന്നുപോകുമ്പോൾ പോലും ഈയൊരു ലക്‌ഷ്യം മറന്നിട്ടാരും പ്രവർത്തിച്ചിട്ടില്ല. ജീവിതത്തിന്റെ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീണവർക്ക് സാന്ത്വനമായി, കുഞ്ഞു നയനങ്ങളിലെ നക്ഷത്രത്തിളക്കം കെട്ടുപോയ കുരുന്നുകൾക്ക് വഴിവിളക്കായി അക്ഷരക്കൂട്ടമായി, അശരണർക്ക് താങ്ങായി, അഗതിമന്ദിരങ്ങളിൽ ചിരിക്കാൻ മറന്നുപോയവർക്ക് കുളിർകാറ്റായി, ഉറ്റവരില്ലാത്തോർക്ക് തണലായി മാറാൻ ഈ സമാജത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ സമൂഹത്തിൽ യാതനയും കഷ്ടപ്പാടും അനുഭവിക്കുന്നവരെ തങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് സമാജം അംഗങ്ങൾ നെഞ്ചോട് ചേർത്ത് നിർത്തിയ എത്രയോ സന്ദർഭങ്ങൾ പോയവർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്. നാലുചുവരുകൾക്കുള്ളിൽ തങ്ങളുടെ നിശ്വാസങ്ങളും കൊച്ചുകൊച്ചു മോഹങ്ങളും തളച്ചിടേണ്ടി വന്ന സ്ത്രീകളെയും അമ്മമാരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക, അവർക്കവരുടെ ആത്മപ്രകാശനത്തിന് വേദിയൊരുക്കുക എന്ന മഹത്തരമായ കർമ്മം മുടങ്ങാതെ നിർവ്വഹിക്കുന്നു വനിതാകൂട്ടായ്മയായ 'സുരഭി'. പ്രളയജലത്തിൽ മുങ്ങിപ്പോയ ചെന്നൈയിലെ ജീവിതങ്ങളെ ചേർത്തുപിടിക്കാൻ കൈമെയ് മറന്നോടിയെത്തിയിട്ടുണ്ട് സമാജത്തിലെ മനുഷ്യത്വം നിറഞ്ഞ മുഖങ്ങൾ. ലോകത്തിലെ പലഭാഗത്തുനിന്നും അന്നമായും ആടയായും സഹായഹസ്തങ്ങൾ ഒഴുകിയെത്തിയപ്പോൾ അതിലൊരുപങ്ക് കുന്ദലഹള്ളി കേരളസമാജത്തിന്റേതായിരുന്നു. പിറന്നുവീണ നാടിനെ സർവ്വസംഹാരിണിയായി ഇരുളിന്റെ മറവിലൊഴുകിയെത്തിയ പ്രളയജലം തകർത്തെറിഞ്ഞപ്പോൾ, എല്ലാം നഷ്ടപ്പെട്ടവരുടെ നിലവിളി കാതിൽ മുഴങ്ങിയപ്പോൾ ഒരുനിമിഷം പോലും മടിച്ചുനില്ക്കാതെ മലയിറങ്ങിയ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത കുറെയേറെ സുമനസ്സുകൾ. തങ്ങളുടെ കാര്യമെല്ലാം മാറ്റിവെച്ച്, കേട്ടിട്ടോ കണ്ടിട്ടോ പോലുമില്ലാത്തവരുടെ കണ്ണീരൊപ്പാൻ ഇറങ്ങിയവരാണേറെയും. ഉദ്യാനനഗരിയിലെ പ്രാർഥനാനിരതമായ മനസ്സുകൾ ആഘോഷങ്ങൾ മാറ്റിവെച്ചപ്പോൾ കുന്ദലഹള്ളി കേരളസമാജവും മടിച്ചു നിന്നില്ല. പിറന്ന നാടിനെ മാത്രമല്ല വളർന്ന നാട്ടിലെ ദുരിതവും തങ്ങളുടേതായി ഏറ്റെടുത്തിട്ടുണ്ട് സമാജത്തിലെ അംഗങ്ങൾ. അതിവർഷത്താൽ കുടകുമലയുടെ മാറിടം പിളർന്നപ്പോൾ, മലദൈവങ്ങൾ കോപിച്ചപ്പോൾ ജീവിതത്തിന്റെ മുന്നിൽ വിറങ്ങലിച്ചുപോയവരെ ചേർത്തുപിടിക്കാനും ഓടിയെത്തി അവർ. ഇത്തിരിക്കുഞ്ഞന്റെ തേരോട്ടത്തിൽ പകച്ചുപോയവർക്ക് തലോടലാകാനും അവരുണ്ടായിരുന്നു. ഇരുളടഞ്ഞ ഭാവിയിൽ പകച്ചുപോയ കൊച്ചുകുട്ടികൾക്ക് പുസ്തകരൂപത്തിൽ ഒരു കൈത്തിരി വെട്ടമാകാൻ എന്നും ശ്രമിച്ചിട്ടുണ്ട് ഈ കൊച്ചു സമാജം. അവയവദാനത്തിന്റെയും രക്തദാനത്തിന്റെയും മഹത്വം സമൂഹത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പലവട്ടം ഈ സമാജം നടത്തിയിട്ടുണ്ട്. അംബരചുംബികളായ കെട്ടിടം ഉയർത്തുന്നതിലോ ആഘോഷരാവുകളിൽ മതിമറക്കുന്നതിലോ അല്ല മറിച്ച് ആരുമില്ലാത്തവർക്ക് ആലംബമാകുന്നതാണ് യഥാർത്ഥ ഈശ്വരസേവ എന്ന് വിശ്വസിച്ചു മുന്നോട്ടു പോകാനാണ് മുൻഗാമികൾ ശ്രമിച്ചതും അവരുടെ നിഴൽപറ്റി വളർന്ന പിൻഗാമികൾ ഇപ്പോൾ ശ്രമിക്കുന്നതും.

ചുരുക്കത്തിൽ:-

കഴിഞ്ഞ ഒരു ദശകമായി കുന്ദലഹള്ളിയിലും പരിസരപ്രദേശങ്ങളിലും വിവിധ പ്രവർത്തനങ്ങൾ കൊണ്ട് നിറസാന്നിധ്യമായി തുടരുന്ന കേരള സമാജത്തെക്കുറിച്ചുള്ള ഒരു രത്നചുരുക്കമേ മുകളിൽ പ്രസ്താവിച്ചിട്ടുള്ളൂ. അവ കൂടാതെ വർഷാവർഷം നടക്കുന്ന കേരള-കർണ്ണാടകപ്പിറവി ആഘോഷങ്ങൾ, സ്വാതന്ത്ര്യദിനാഘോഷം, വിദ്യാരംഭം, അന്താരാഷ്ട്ര യോഗാദിനം, സുരഭിയുടെ നേതൃത്വത്തിൽ നടക്കുന്ന മാതൃ-വനിതാ ദിനാഘോഷം, ശിശുദിനാഘോഷം എന്നിങ്ങനെ ഒരുപാട് ഒത്തുചേരലുകൾ കൊണ്ടും ആഘോഷങ്ങളാലും സമ്പുഷ്ടമാണ് കുന്ദലഹള്ളി കേരള സമാജം. കൂടാതെ കന്നഡ മണ്ണിൽ കന്നഡ നാടിനെ സ്നേഹിച്ചു വളരുമ്പോഴും ആ വായു ആവോളം ശ്വസിക്കുമ്പോഴും മലയാള ഭാഷയെ പ്രണയിക്കുന്ന, ആ സംസ്കാരത്തെ ചേർത്തുപിടിക്കുന്ന, കേരളീയ കലകളെ മാറോട് പുൽകുന്ന എഴുന്നൂറോളം കുടുംബങ്ങളാലും സമൃദ്ധമാണ് ചെറുതല്ലാത്ത ഈ സമാജം.

സമാജത്തിന്റെ സ്ഥാപകർ സ്വപ്നം കണ്ടതുപോലെ ജാതി-മത-ഭേദ-രാഷ്ട്രീയ വൈജാത്യങ്ങൾ ഇല്ലാതെ സന്തോഷത്തിലും സന്താപത്തിലും ഒരുമിച്ചു നിൽക്കുന്ന കൂട്ടായ്മയായി ഇനിയും ഒരുപാട് കാലം വളരാനുള്ള  പ്രവർത്തനങ്ങളുമായി മുന്നോട്ടുനീങ്ങുകയാണ് സമാജവും അതിലെ അംഗങ്ങളും. തൊഴിലുതേടി, നല്ലൊരു ജീവിതം സ്വപ്നം കണ്ട് സഹ്യന്റെ നാട്ടിൽ നിന്നും ഈ ഉദ്യാനനഗരിയിലെത്തുന്ന നാളത്തെ പ്രവാസികൾക്കും താങ്ങായും തണലായും ഈ നന്മമരം ഇനിയുമുണ്ടാകുമിവിടെ, കാലങ്ങളോളം. 

മാർഗ്ഗം

 

സുഹൃത്തായ മധുവിന്റെ ആംഗലകവിതയുടെ പരിഭാഷ:


എനിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു, പക്ഷെ മാർഗ്ഗം? 

അതറിയില്ലായിരുന്നു.

ലക്ഷ്യത്തിനു മുന്നേ മാർഗ്ഗം തേടി ഞാൻ അലഞ്ഞു.

അങ്ങനെ അലയുമ്പോൾ ഞാൻ ഒരാളെ കണ്ടു,

തികച്ചും അപരിചിതനായ ഒരാൾ.

അയാൾ വഴിയരികിൽ നിന്ന് നിർത്താതെ സംസാരിക്കുകയായിരുന്നു,

വിരലുകൾ അനന്തതയിലേക്ക് ചൂണ്ടിക്കൊണ്ട്..

അദൃശ്യനായ ഒരാൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതുപോലെ.

തിരക്കുള്ള വീഥിയായിട്ടും ആരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല;

അവരാരും വഴിയറിയാത്തവരായിരുന്നില്ല.

അവരുടെ അശ്രദ്ധ ആ മനുഷ്യനെയും തീരെ അലോസരപ്പെടുത്തിയില്ല.

അൽപനേരം ഞാനാ മനുഷ്യനെ നോക്കിനിന്നു.

"വെറും ഭ്രാന്ത്, അല്ലാതെന്ത്?" ഞാൻ അടിവരയിട്ടു.

ആ ഭ്രാന്തനെ പിന്നിലുപേക്ഷിച്ച്, 

എന്റെ മാർഗ്ഗം തേടി വീണ്ടും അലയാൻ തുടങ്ങി.

കുറച്ചുനേരം അങ്ങനെ നടന്നപ്പോഴാണ് ഞാൻ അറിഞ്ഞത്,

ദൈവമേ..! ആ മനുഷ്യൻ വിരൽചൂണ്ടിയ ദിക്കിലേക്കായിരുന്നു ഞാൻ നടന്നുകൊണ്ടിരിക്കുന്നത്..!!!

ശുദ്ധി

 


മനുഷ്യരെ നോക്കുകുത്തിയാക്കി 

ലോകമെമ്പാടും കാടു കത്തുകയാണ്. 

കാട്ടുമൃഗങ്ങൾ മാത്രമല്ല, കാട്ടുത്തീയും കാടിറങ്ങുകയാണ് 

ഭൂമി വിയർക്കുന്നതിന്റെ അനന്തരഫലം. 

ആഗോളതാപനം അതിന്റെ ബലം കൂട്ടുകയാണ്!

ഭൂമിയുടെ ദുരിതത്തിന് അറുതിവരുത്താൻ 

അഗ്നിയാൽ ഒരു ശുദ്ധികലശം 

'ആഗ്നേയം ഇദം നമാമ' എന്ന് അവനി. 

എത്ര പാപങ്ങൾ കഴുകിയാലും  

പരിശുദ്ധിയായി നില്ക്കാൻ അഗ്നിക്ക് മാത്രമല്ലെ കഴിയൂ!! 

കാവൽ

 

ഒട്ടു മേനി നടിച്ചിരുന്നു ഞാൻ 

എന്റെ നാട്ടിലെ കാവലിനെയോർത്ത്.

വേലത്തരങ്ങൾ കൈയ്യോടെ പൊക്കാൻ 

കാരണവന്മാർ പടച്ചോരു കാവൽ. 

അയൽനാട്ടിൽ കാണാത്ത കാവൽ 

അഴിമതിമുക്തമൊരു നാടത്രെ സ്വപ്നം. 

വിശ്വവിഖ്യാത മൂക്കുപോലെ

വിശ്വത്തിനു മാതൃകയായ കാവൽ. 

വർഷം പലകുറി പെയ്തിറങ്ങി 

കാവൽവേല തുടർന്നു ബഹുകേമം. 

അഴിമതിരഹിതമെൻ നാട്ടകം 

പുളകിതമായെന്നന്തരംഗം.  

ഒരുനാൾ ഒരുവൻ വലയിൽ വീണു 

അയ്യോ ചതിച്ചു! സ്വന്തക്കാരൻ!

കാവൽക്കാരൻ ധിക്കാരി,യേറി   

ശൂരത്വമെന്നുപദേശം ചുറ്റിലും.

പറിച്ചു ഞങ്ങളാ പല്ലും നഖവും 

വിശ്വമാതൃകയിനിമേൽ പഴങ്കഥ. 

ഉയരുന്നു പുകിലുകൾ ചുറ്റിലും 

മൗനം യുക്തമെന്നോതുന്നു കസേര.  

കരുത്തന്മാർ ഭരിക്കുന്നീ നാട്ടിൽ

കാവലാൾ വെറുമൊരു പാഴ്‌ച്ചെലവ്. 

ഇരകൾ

 

പരിസ്ഥിതിയെ തച്ചുടച്ച്, ആയിരങ്ങളെ തെരുവിലിറക്കി സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കെ റയിലിനെതിരെയുള്ള പ്രതിഷേധം. 




ഒന്ന്:


കുടിയൊഴിയണമത്രേ ഞങ്ങൾ! 

ഇത്തിരിയുള്ളൊരീ മണ്ണിൽ നിന്നും 

വികസനവണ്ടി വരുന്നത്രെ! 

ഭാവി ശോഭനമാക്കീടാൻ 


അപ്പോൾ ഞങ്ങളുടെ ഭാവി?

പിഴയ്ക്കുക വേറെങ്ങാനും മാറി 

പണം വാരിക്കോരിത്തരുന്നില്ലേ? 

പൊറുതി മറ്റൊരിടത്താകാം. 


പിച്ചവെച്ചു നടന്നൊരീ മണ്ണും, 

പിച്ചകമണമൂറും സ്വപ്നങ്ങളും 

പിച്ചിചീന്തിയെറിയരുതേ 

പെരുവഴിയിലേക്ക് നട തള്ളരുതെ


ചോരനീരാക്കി കെട്ടിയ ഗേഹം 

ചേതനയേറെ നൽകിയ ഭവനം 

ശവമഞ്ചമായി മാറേണം

വികസനവണ്ടി കുതിച്ചീടാൻ


പല ലക്ഷങ്ങൾ വിലയിട്ടത്രേ, 

തകരുന്നോരോ ഗേഹങ്ങൾക്കും. 

ആ ലക്ഷങ്ങൾ ചേർന്നാൽ കിട്ടും 

സചിവന് വെറുമൊരു ശൗചാലയം! 


അരുതരുത്  വാ തുറന്നേക്കരുത്

വികസനവിരോധിപ്പട്ടം ചാർത്തും. 

അലമുറയിട്ടു കരഞ്ഞെന്നാലെല്ലാം

നടനമാണെന്നാർത്തു ചിരിക്കും. 


ഇരയാണെന്നൊരു നാമം കിട്ടി 

നല്ല പൗരപ്രമുഖർ അല്ലത്രേ! 

മുഖം കാണിക്കുവാൻ വയ്യത്രെ, 

വെറും ഇരകളായിപ്പോയല്ലോ. 


രണ്ട്:


പൂവുകൾ നീരുകൾ പൈങ്കിളികൾ  

മാനം മുട്ടും തരുക്കളുമേറെ 

ചെങ്കുത്തായ മലകള്‍ പലതിൽ  

കാര്‍മുകില്‍ പോലെ പാറക്കൂട്ടം  


പശ്ചിമഘട്ടം നയന മനോഹരം 

പച്ചില ചാർത്തിൽ നിറയും ഭൂമി 

പുല്ലിനും പുഴുവിനും മർത്യനുമെല്ലാം

പോറ്റമ്മയായി നിൽക്കും ഭൂമി 


വികസനം ചീറിവരുന്നേരം 

കൊത്തിക്കീറാൻ നൽകേണം 

ഇരയെന്നൊരു സ്ഥാനവുമില്ല 

പരിഹാസത്തിൻ കുറവില്ല 


മാന്തിയെടുക്കും കുന്നുകളൊക്കെ

വെട്ടി നിരത്തും വൃക്ഷലതാദികൾ   

ആറുകൾ എല്ലാം കുഴിപോൽ മൂടും 

കല്ലിൻ ചീളുകൾ പൊട്ടിച്ചിതറും  


കുറ്റികൾ താഴും വേദനയെല്ലാം 

മിണ്ടാതിനിയും സഹിച്ചീടാം 

പെരുവഴി മുന്നിൽ കാണും പാവം 

ഇരയുടെ വേദന പൊള്ളുന്നു 


നാളെയ്ക്കുള്ള കുതിപ്പിന്നിടയിൽ   

പലതും മർത്യാ മറക്കുന്നു 

ഒരു ചെറുചലനം അതിവർഷം

ഇനിയുമിതുവഴി വന്നേക്കാം


വികസനമുദ്രകൾ ഉയർത്തിക്കാട്ടി 

അതിനേയും അതിജീവിക്കൂ 

ഞാനില്ലെങ്കിൽ നീയില്ലെന്ന 

പൊരുളറിയുവതെന്നിനി നീ 

കുംദലഹള്ളി കേരള സമാജം ദശവർഷചരിതം: സംഗ്രഹം

 

പടർന്ന് പന്തലിക്കട്ടെ:-

കഴിഞ്ഞ ഒരു ദശകമായി കുംദലഹള്ളിയിലും പരിസരപ്രദേശങ്ങളിലും വിവിധ പ്രവർത്തനങ്ങൾ കൊണ്ട് നിറസാന്നിധ്യമായി തുടരുന്ന കേരള സമാജത്തിൽ ഓരോ വർഷവും സംഭവിച്ച പ്രധാനസംഭവങ്ങൾ മാത്രമേ വിശദമായി മുകളിൽ പ്രസ്താവിച്ചിട്ടുള്ളൂ. അവ കൂടാതെ വർഷാവർഷം നടക്കുന്ന ഓണാഘോഷം (അതോടൊപ്പം നടക്കുന്ന കലാപരിപാടികൾ, സ്മരണിക പ്രകാശനം തുടങ്ങിയവയും) കേരള-കർണ്ണാടകപ്പിറവി ആഘോഷങ്ങൾ, സ്വാതന്ത്ര്യദിനാഘോഷം, വിദ്യാരംഭം, അന്താരാഷ്ട്ര യോഗാദിനം, പ്രശ്നോത്തരി മത്സരം, കവിതാരചന മത്സരം സുരഭിയുടെ നേതൃത്വത്തിൽ നടക്കുന്ന വനിതാ ദിനാഘോഷം, ശിശുദിനാഘോഷം എന്നിങ്ങനെ ഒരുപാട് ഒത്തുചേരലുകൾ കൊണ്ടും ആഘോഷങ്ങളാലും സമ്പുഷ്ടമാണ് കുംദലഹള്ളി കേരള സമാജം. കൂടാതെ കന്നഡ മണ്ണിൽ കന്നഡ നാടിനെ സ്നേഹിച്ചു വളരുമ്പോഴും ആ വായു ആവോളം ശ്വസിക്കുമ്പോഴും മലയാള ഭാഷയെ പ്രണയിക്കുന്ന, ആ സംസ്കാരത്തെ ചേർത്തുപിടിക്കുന്ന, കേരളീയ കലകളെ മാറോട് പുൽകുന്ന എഴുന്നൂറോളം കുടുംബങ്ങളാലും സമൃദ്ധമാണ് ചെറുതല്ലാത്ത ഈ സമാജം.

സമാജത്തിന്റെ പ്രവർത്തനങ്ങളെ പ്രതിപാദിക്കുന്ന കൂട്ടത്തിൽ വളരെ ചുരുക്കം പേരുകൾ മാത്രമേ ഈ ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളൂവെങ്കിലും അതിന്റെ വളർച്ചയ്ക്കായി സ്വകുടുംബബന്ധങ്ങളിൽ ഉലച്ചിൽ വരുന്നത്രയും വരെ ഊർജ്ജവും സമയവും ചെലവഴിച്ച ധാരാളമാളുകൾ ഇനിയുമുണ്ട്. അക്കൂട്ടത്തിൽ സമാജത്തിന്റെ ആദ്യവർഷങ്ങളിൽ അംഗങ്ങളെ ചേർക്കാനും വളർത്താനുമായി വീടുവീടാന്തരം കയറിയിറങ്ങി, അക്ഷീണം പ്രവർത്തിച്ച ആദ്യ പ്രവർത്തകസമിതിയിലെ ഓരോ അംഗവും സ്മരണികയിൽ പരസ്യങ്ങൾ തേടിപ്പിടിച്ചവരും ഓരോ പരിപാടിയുടെയും മുന്നിലും പിന്നിലും ഓടിനടന്നവരും സംഭാവന നൽകിയവരും വീഴ്ചകളിൽ താങ്ങായി നിന്നവരും കലാക്ഷേത്രയുടെ ദൈനംദിനകാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചവരും ആവശ്യഘട്ടങ്ങളിൽ ഓടിയെത്തുന്നവരും മാത്രമല്ല സമാജത്തിന്റെ ഉന്നമനത്തിനായി പരിശ്രമിക്കുന്ന, ആഗ്രഹിക്കുന്ന ഈ സമൂഹത്തിലെ എല്ലാ വ്യക്തികളുമുണ്ട്. അവരുടെയോരോരുത്തരുടേയും പരിശ്രമത്തിന്റെ, വിയർപ്പിന്റെ ഫലം കൂടിയാണ് ഇന്ന് നാം കാണുന്ന കുംദലഹള്ളി കേരളസമാജം. 

ഈ പത്തുവർഷത്തിനുള്ളിൽ സമാജത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളുമായി സഹകരിച്ച ചിലരെങ്കിലും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ചിലർ പല കാരണങ്ങളാൽ വഴി പിരിഞ്ഞു സഞ്ചരിച്ചു. ഋതുഭേദങ്ങൾക്കനുസൃതമായി കൊഴിയുന്ന ഇലകൾക്കും, പൂവുകൾക്കും കായ്കൾക്കും പകരമായി പുതുനാമ്പുകൾക്ക് ജീവനേകി, പാറിയലയുന്ന കിളികൾക്ക് കൂടൊരുക്കാൻ ചില്ലയേകി, അശരണരായ വഴിയാത്രക്കാർക്ക് തണലേകി ഇന്നും മാനത്തേക്ക് കുതിക്കുകയാണ് പൂർവ്വാധികം ശക്തിയോടെ പൂത്തു തളിർക്കുകയാണ് ഏത് പ്രളയത്തിലും മഹാമാരിയിലും കടപുഴകി വീഴാതെ കുംദലഹള്ളി കേരള സമാജം എന്ന നന്മമരം. 

സമാജത്തിന്റെ സ്ഥാപകർ സ്വപ്നം കണ്ട ജാതി-മത-ഭേദ-രാഷ്ട്രീയ വൈജാത്യങ്ങൾ ഇല്ലാതെ ഒരുമയോടെ വാഴുന്ന, സന്തോഷത്തിലും സന്താപത്തിലും ഒരുമിച്ചു നിൽക്കുന്ന സ്വാർത്ഥ താല്പര്യങ്ങൾ ഇല്ലാത്ത ഒരു ജനതയായി, കൂട്ടായ്മയായി ഒരുപാടു കാലം മുന്നോട്ടു പോകാൻ സമൂഹമാകെ വളർന്നു പന്തലിക്കാൻ, കാരുണ്യത്തിന്റെ ദീപം തെളിയിക്കാൻ ഇതിലെ അംഗങ്ങൾക്ക് കഴിയും എന്ന് നമുക്ക് വിശ്വസിക്കാം. ജാതിമത ചിന്തകളില്ലാതെ കക്ഷി രാഷ്ട്രീയ താല്പര്യങ്ങൾക്ക് വഴങ്ങാതെ സമൂഹത്തിലെ നാനാതുറകളിൽപെട്ട ജനങ്ങൾക്ക് സാന്ത്വനമായി തണലായി മാറുന്ന പ്രവർത്തനങ്ങളുമായി മുന്നേറാൻ ഇന്നത്തെയും നാളെത്തേയും ഭരണസമിതിക്ക് കഴിയട്ടെ എന്ന് ആശംസിക്കാം.

                                                                                                                                              ശുഭം.


കുംദലഹള്ളി കേരള സമാജം ദശവർഷചരിതം: ഭാഗം-6

 

സുരഭി: 

കെ കെ എസ് സ്ഥാപിച്ചു അധികം വൈകാതെ തന്നെ Ladies Wing അഥവാ സ്ത്രീകൾക്ക് മാത്രമായൊരു കൂട്ടായ്മ എന്നൊരു ആശയം മുന്നോട്ടു വെക്കുമ്പോൾ സമാജത്തിന്റെ സ്ഥാപക കാര്യദർശ്ശിയുടെ മനസ്സിൽ എന്തായിരുന്നെന്ന് അറിയില്ല. ജോലിയുള്ളവരുമില്ലാത്തവരും കുടുംബ പ്രാരാബ്ദ്ധങ്ങൾക്കിടയിൽ പെട്ട് വീടിന്റെ നാലുചുവരുകൾക്കുള്ളിൽ തങ്ങളുടെ കലാസാഹിത്യമോഹങ്ങളെ തളച്ചിട്ടു നെടുവീർപ്പുകളുതിർത്തിരുന്ന അവർക്ക് ആദ്യമാദ്യം തങ്ങൾ ചെയ്‌താൽ ശരിയാകുമോ എന്ന സംശയം മൂലമാവാം പാട്ടോ നൃത്തമോ ഒക്കെ ചെയ്യാൻ മടിയായിരുന്നു. 

എന്നാൽ 2012 മാർച്ച് 11നു പ്രവർത്തക സമിതി അംഗീകരിച്ച് 23നു 16 പേരുമായി തുടക്കം കുറിച്ച കെ കെ എസ് സ്ത്രീകൂട്ടായ്മ രണ്ടുമൂന്നു യോഗങ്ങൾ കൂടിയപ്പോഴേക്കും 'സുരഭി' എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ആ വർഷത്തെ ഓണത്തിന് തിരുവാതിരകളിയും കിച്ചൻ ഡാൻസും അവതരിപ്പിച്ചു കൊണ്ട് തുടങ്ങിയ പ്രയാണം ഇന്നിപ്പോൾ പ്രായഭേദമന്യേ നല്ലൊരു ശതമാനവും സജീവമായി പരിപാടികളിൽ പങ്കെടുക്കുന്ന അംഗങ്ങളുമായി തുടരുന്നു. ഇക്കാലയളവിൽ എടുത്തുപറയേണ്ട നേട്ടങ്ങൾ എന്ന് പറയാവുന്നത് താഴെ കൊടുക്കുന്നു. 

ബാംഗ്ലൂർ കേരള സമാജം നടത്തിയ തിരുവാതിര കളി മത്സരത്തിൽ പ്രോത്സാഹന സമ്മാനം നേടി ഇവർ മറ്റു മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റി. 2015 ലെ തിരുവാതിര കളി മത്സരത്തിൽ 'സുരഭി'യിലെ യുവതികൾ മൂന്നാം സമ്മാനം നേടിയപ്പോൾ അമ്മമാർ പ്രോത്സാഹന സമ്മാനം നേടി വീണ്ടും ശ്രദ്ധ പിടിച്ചുപറ്റി. അങ്ങനെ പടിപടിയായി മുന്നേറി ഒടുവിൽ 2019 ൽ ഒരു പ്രോത്സാഹനസമ്മാനത്തോടൊപ്പം ഒന്നാം സമ്മാനവും കരസ്ഥമാക്കി ഇവർ മറ്റെല്ലാ  സമാജങ്ങളേയും ഞെട്ടിച്ചു. 2015 ൽ കേരളസർക്കാരിന്റെ ധനസഹായത്തോടെ നടന്ന 'കേരളോത്സവ'ത്തിൽ സുരഭിയിലെ അംഗങ്ങൾ കേരളനടനവും തിരുവാതിരയും അവതരിപ്പിച്ചു. കുന്ദലഹള്ളി കേരള സമാജത്തിനെ പറ്റി മറ്റു മലയാളികൾക്കിടയിൽ ഏറെ മതിപ്പു നൽകിയ പരിപാടിയായിരുന്നു കേരളോത്സവം. 

നൃത്തം മാത്രമല്ല സുരഭിയിലെ അംഗങ്ങൾക്ക് വഴങ്ങിയിരുന്നത്, എല്ലാവർഷവും വനിതാദിനത്തിൽ പായസമത്സരമുൾപ്പടെയുള്ള ശ്രദ്ധേയമായ പരിപാടികൾ നടത്താനും ഈ കൂട്ടായ്മ ശ്രദ്ധിച്ചിരുന്നു. ഉൾവലിഞ്ഞു നിന്നിരുന്ന അമ്മമാരെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ഈ പരിപാടികൾ ഏറെ സഹായകമായി.  പരിശീലിക്കുമ്പോൾ പറ്റിയ അപകടത്തിൽ കാലുളുക്കിയതുകൊണ്ടോ അംഗപരിമിതികൊണ്ടോ ഒന്നും അവർ പിന്നോട്ട് പോകാൻ ഒരുക്കമല്ല. പരിപാടി അവതരിപ്പിച്ചു വേദിയിൽ നിന്നിറങ്ങുമ്പോൾ അവരുടെ കണ്ണുകൾ നിറയുന്നത് വേദനയെക്കാളും സങ്കടങ്ങളെക്കാളും ഒക്കെ ഉപരിയായി സന്തോഷത്താലാണ് എന്നതും ഈ അവസരങ്ങൾ അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു എന്നതും ഏറെ ചാരിതാർഥ്യവും അഭിമാനവും നൽകുന്ന കാര്യമാണ്. 

മാസത്തിൽ ഓരോ അംഗവും 20 രൂപ നിരക്കിൽ ചേർത്തുവെച്ച് സാമ്പത്തികഭദ്രത നേടാനുള്ള പദ്ധതി തുടക്കത്തിൽ തന്നെ 'സുരഭി' ആവിഷ്കരിച്ചിരുന്നു. ആദ്യകാലങ്ങളിൽ വീടുകളിലായിരുന്നു സ്ത്രീകൾ ഒത്തുചേർന്നിരുന്നത്. മുടങ്ങാതെ എല്ലാ വർഷവും വിനോദയാത്ര നടത്താറുള്ള ഇവർ അതിൽ ബാക്കി വരുന്ന കാശും 'സുരഭി'യുടെ കണക്കിൽ ഉൾപ്പെടുത്തുമായിരുന്നു. 

കരയുന്നവരുടെ കണ്ണീരൊപ്പാനും 'സുരഭി' എന്നും ശ്രമിച്ചിരുന്നു. കർമേലാരാത്തുള്ള 'സാന്ത്വനം' എന്ന അഗതിമന്ദിരത്തിൽ മുടങ്ങാതെ എല്ലാവർഷവും അന്നമായും പഠനത്തിനുള്ള സഹായമായും ഇവർ ചെല്ലാറുണ്ട്. നിത്യവൃത്തിക്ക് വഴിയില്ലാതെ കുട്ടികൾക്ക് അറിവിന്റെ വെളിച്ചമേകാനും ഇവരുടെ സഹായമുണ്ട്, അങ്ങനെയൊരു കഥ പറയാനുണ്ടാവും 'കൈവാര'യിലെ കുട്ടികൾക്ക്. രമേശ് നഗറിലുള്ള അന്ധവിദ്യാലയത്തിലേക്ക് ഭക്ഷണത്തിന്റെ രൂപത്തിൽ ഇവരുടെ വാത്സല്യം കടന്നുചെന്നിരുന്നു. 

സമാജം നടത്തിയ കായികമത്സരങ്ങളിലും വർഷാവർഷം വരുന്ന ഓണാഘോഷങ്ങളിലും മാത്രമല്ല ചെറുതും വലുതുമായ മറ്റു ആഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് 'സുരഭി'. വർഷത്തിൽ ഒരു തവണയെങ്കിലും മുടങ്ങാതെ എല്ലാവരും ചേർന്നുള്ള ഉല്ലാസയാത്ര അവരിൽ പലർക്കും നൽകുന്ന ആനന്ദം എത്രയെന്ന് വിവരിക്കാൻ വയ്യ. മഹാമാരിയുടെ വരവിൽ ഒന്നൊതുങ്ങിപ്പോയിരുന്നെങ്കിലും പതുക്കെ പതുക്കെ 'സുരഭി' വീണ്ടും സുരഭിലമാവുകയാണ്. ഒരു ഫോൺ വിളിക്കപ്പുറം സാന്ത്വനമായും ആനന്ദമായും ഓടിയെത്താൻ വീണ്ടും തുടങ്ങിയിരിക്കുന്നു ഈ കൂട്ടായ്മ.

യുവജനവേദി: 

സ്ത്രീകളുടെ കൂട്ടായ്മയോടൊപ്പം തന്നെ വെറും ഓഫീസും വീടുമായി നടക്കുന്ന യുവാക്കളെ സമാജത്തിലേക്കു ആകർഷിക്കുക, സാമൂഹ്യ സാംസ്‌കാരിക കാര്യങ്ങളിൽ ഇടപെടാൻ പ്രേരിപ്പിക്കുക, സമാജത്തിനെ ഭാവിയിൽ നയിക്കാൻ പ്രാപ്തിയുള്ളവരെ കണ്ടെത്തുക അങ്ങനെ സമാജത്തിന്റെ ഭാവി ഭദ്രമാക്കുക എന്നിങ്ങനെ കുറെ ഉദ്ദേശങ്ങൾക്കായി യുവജനങ്ങളുടെ കൂട്ടായ്മയും ആവശ്യമുണ്ടെന്നു 2012 മാർച്ച് 11നു ചേർന്ന പ്രവർത്തകസമിതിയോഗത്തിൽ തീരുമാനമെടുത്തിരുന്നു. അതിൻപ്രകാരം 'യൂത്ത് വിങ്' എന്ന പേരിൽ തുടങ്ങിയ ഉപവിഭാഗത്തിന്റെ ആദ്യ ചുമതല ഓണാഘോഷത്തിന്റെ കാര്യങ്ങൾ ഏകോപിപ്പിക്കുക എന്നതായിരുന്നു. 

കൂടുതൽ ആളുകളെ കണ്ടെത്തിത്തുടങ്ങിയതോടെ 2012 ജൂണിൽ 16 അംഗങ്ങളുള്ള Youth Wing നു ഔദ്യോഗിക തുടക്കമായി. ആ വർഷം മാത്രമല്ല പിന്നീടുള്ള എല്ലാ വർഷങ്ങളിലും ഓണാഘോഷം ഗംഭീരമാക്കാൻ കൈമെയ് മറന്നു പ്രവർത്തിച്ചുവരുന്ന അംഗങ്ങൾ രക്തദാന ക്യാമ്പും അവയവദാന ക്യാമ്പും നടത്തി സാമൂഹികപ്രതിബദ്ധതയിലും തങ്ങൾ പിന്നിലല്ലെന്നു തെളിയിച്ചെങ്കിലും പക്ഷെ മാസാമാസമുള്ള യോഗത്തിൽ പങ്കെടുക്കാനോ മുന്നോട്ടുള്ള കാര്യങ്ങൾക്ക് വേണ്ടുന്ന ആശയങ്ങൾ കൊണ്ടുവരാനോ മുതിരാതെയായപ്പോൾ കൂടുതൽ യുവാക്കളെ ആകർഷിക്കുന്നതിനായി 2013ലും 2015ലും കായികദിനവും നടത്തിയിരുന്നു.

45 വയസ്സിനു താഴെയുള്ളവരുടെ കൂട്ടായ്മ എന്ന നിലയിൽ സമാജത്തിനു ഊർജ്ജമാവേണ്ടുന്ന വിഭാഗമായി വിഭാവനം ചെയ്ത യുവജനവേദി പക്ഷെ സ്ത്രീകൾക്ക് മറ്റൊരു കൂട്ടായ്മ(സുരഭി)യുള്ളതിനാൽ അവരുടെ സജീവസാന്നിദ്ധ്യം ഇല്ലാതെപോവുകയും മറ്റു പുരുഷ അംഗങ്ങളുടെ ഔദ്യോഗികതിരക്കുകളും പിന്നെ ആസൂത്രണം ചെയ്ത ഷട്ടിൽ ടൂർണമെന്റ് പോലെയുള്ള ചില പരിപാടികൾ കോവിഡ് മൂലം നടക്കാതെ പോവുകയും ഒക്കെ ചെയ്തപ്പോൾ ഊർദ്ധ്വം വലിച്ച മട്ടിലായിരുന്നു. ഇക്കഴിഞ്ഞ ഗാന്ധിജയന്തിയോടനുബന്ധിച്ച് 'സുരഭി'യോടൊപ്പം ചേർന്ന് സേവനദിനം ആഘോഷിച്ചതിലൂടെ സമാജത്തിന്റെ പ്രവർത്തനങ്ങളിൽ വീണ്ടും സജീവമാകാനൊരുങ്ങുകയാണീ വിഭാഗം.

കലാക്ഷേത്ര: 

കുംദലഹള്ളി കേരളസമാജത്തിന്റെ തുടക്കം മുതൽ തന്നെ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം കൊടുത്തിരുന്നു. എന്ന് മാത്രമല്ല പൊതുവായി ഭാരതത്തിന്റെയും പ്രത്യേകമായി കേരളത്തിന്റെയും കലകളും സംസ്കാരവും പൈതൃകവും ഒക്കെ വളർത്തേണ്ടതിന്റെയും അടുത്ത തലമുറകളിലൂടെ നിലനിറുത്തേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് ബോധമുണ്ടായിരുന്നതുകൊണ്ടു കെട്ടിടം നിർമ്മാണം നടക്കുന്ന വേളയിൽ തന്നെ വിവിധ കലകൾ അഭ്യസിപ്പിക്കുന്ന ഒരു വിദ്യാലയത്തിന്റെ ചർച്ചകളിലേക്കും സമിതി കടന്നിരുന്നു. 

സമാജം തുടങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ക്ലാസിക് നൃത്തങ്ങൾ പഠിപ്പിക്കുന്ന ഒരു വിദ്യാലയം തുടങ്ങിയിരുന്ന കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. ചില സാങ്കേതിക കാരണങ്ങളാൽ അത് അധികകാലം തുടർന്നുകൊണ്ടുപോകാൻ കഴിയാതിരുന്നത് ഒരു പക്ഷെ പുതിയ വിദ്യാലയം തുടങ്ങേണ്ടതിന്റെ ആവശ്യകതകളിലേക്ക് കടക്കാൻ പ്രവർത്തകസമിതിയെ പ്രേരിപ്പിച്ചിരുന്നിരിക്കാം. കലകൾ അഭ്യസിപ്പിക്കുന്നതിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ പ്രധാനപങ്ക് അദ്ധ്യാപകർക്ക് കൊടുത്തുകൊണ്ട് ബാക്കിവരുന്ന ഒരംശം ഭരണ നിർവ്വഹണത്തിനും ദൈനംദിന ചെലവുകൾക്കും വേണ്ടി ഉപയോഗിക്കാമെന്നുമുള്ള ചിന്ത കലാക്ഷേത്ര തുടങ്ങുന്നതിനു പ്രേരകമായി. 

ഭരണസമിതിയിലെ അംഗങ്ങൾ ഓരോരുത്തരും പല പല പേരുകൾ മുന്നോട്ടുവെച്ചെങ്കിലും കൂടുതൽ പേർക്കും സ്വീകാര്യമായത് 'കലാക്ഷേത്ര' എന്ന പേരായിരുന്നു. ഏതൊക്കെ കലകൾ ആരെയൊക്കെ അദ്ധ്യാപകരായി വച്ച് പഠിപ്പിക്കണം എന്നായി പിന്നത്തെ ചിന്ത. ഏറെ താമസിയാതെ ഭരതനാട്യം അദ്ധ്യാപികയായി ശ്രീമതി രാധികയും, മോഹിനിയാട്ടം അദ്ധ്യാപികയായി അറിയപ്പെടുന്ന നർത്തകിയും അഭിനേത്രിയുമായ ശ്രീമതി ശ്രീദേവി ഉണ്ണിയും നിയമിതരായി. അകാലത്തിൽ വിടപറഞ്ഞ മലയാളത്തിലെ മികച്ച അഭിനേത്രിയായിരുന്ന കുമാരി മോനിഷയുടെ അമ്മ കൂടിയാണ് ശ്രീമതി ശ്രീദേവി ഉണ്ണി. ഇരു അധ്യാപികമാരും കേരള കലാമണ്ഡലത്തിൽ നിന്നും കലാകേരളത്തിന് ലഭിച്ച വരദാനമാണ്. 

കർണാടിക് സംഗീതം, വയലിൻ, ഓടക്കുഴൽ, ഗിറ്റാർ, തബല എന്നിവയ്ക്കും അനുയോജ്യരായ പ്രഗത്ഭരായ അധ്യാപകരെത്തന്നെ കണ്ടുപിടിക്കാൻ അന്നത്തെ ഭരണസമിതിക്ക് കഴിഞ്ഞു. അദ്ധ്യാപകരെ കണ്ടെത്തുന്നതിൽ കാര്യദർശ്ശിയായിരുന്ന ശ്രീ ഷിജോ ഫ്രാൻസിസിന്റെ സംഭാവന വലുതായിരുന്നെന്ന് അന്നത്തെ ഭരണസമിതിയിലുണ്ടായിരുന്ന ചിലർ ഓർത്തെടുക്കുന്നു. കലാക്ഷേത്രയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആദ്യമായി നിയോഗിക്കപ്പെട്ടത് ശ്രീ യു കെ അത്തിക്കൽ ആയിരുന്നു. അങ്ങനെ കാര്യങ്ങളെല്ലാം ഒന്നൊന്നായി ശരിയായി വന്നപ്പോൾ 2015 ലെ വിദ്യാരംഭദിനത്തിൽ മോഹിനിയാട്ടം അദ്ധ്യാപികയായെത്തിയ ശ്രീമതി ശ്രീദേവി ഉണ്ണി തിരിതെളിയിച്ചതോടെ നൃത്തസംഗീതതാളമേളങ്ങളുടെ അദ്ധ്യയനകേന്ദ്രമായ കലാക്ഷേത്ര രൂപംകൊണ്ടു. 

പ്രവർത്തകസമിതിയിലെയും അല്ലാതെയുമുള്ള അംഗങ്ങളുടെ പ്രയത്നം കൊണ്ടും കലാക്ഷേത്രയിലെ പ്രതിഭാധനരായ അദ്ധ്യാപകരുടെ കീഴിൽ പഠിക്കാനുള്ള കുട്ടികളുടെ അഭിവാഞ്ജകൊണ്ടും അല്പം ദൂരെ നിന്നു പോലും കുട്ടികൾ വന്നതോടെ മൂന്നോ നാലോ കലകൾ ഏതാനും കുട്ടികൾക്ക് വേണ്ടി അഭ്യസിപ്പിക്കുന്ന ചെറിയ സ്ഥാപനത്തിൽ നിന്നും ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ 13 വിഷയങ്ങളും 160 ലേറെ കുട്ടികളുമായി വളർച്ചയിലേക്ക് കുതിക്കാൻ കലാക്ഷേത്രയ്ക്ക് കഴിഞ്ഞു. ഈയൊരു ദീർഘവീക്ഷണം അന്നത്തെ ഭരണപ്രവർത്തകസമിതികൾക്ക് ഉണ്ടായിരുന്നത് കലാക്ഷേത്രയുടെ മാത്രമല്ല സമാജത്തിന്റെയും മൊത്തത്തിലുള്ള പുരോഗതിക്ക് വലിയരീതിയിൽ ഗുണം ചെയ്തു. തൊട്ടടുത്ത വർഷം തബല, പുല്ലാങ്കുഴൽ, വേദിക് മാത്‍സ് തുടങ്ങിയ വിഷയങ്ങൾ കൂടി പഠിപ്പിക്കാൻ ആരംഭിച്ചു. 2017 ആകുമ്പോഴേക്കും 18ലേറെ വിഷയങ്ങളിലായി 280 -ഓളം കുട്ടികൾ ദേശ-ഭാഷ വ്യത്യാസമില്ലാതെ അവിടെ പഠിക്കാൻ എത്തിയിരുന്നു. 

കേരള സർക്കാരിന്റെ കീഴിലുള്ള മലയാളം മിഷനുമായി ചേർന്ന് സൗജന്യ മലയാളഭാഷാ പഠനവും കലാക്ഷേത്രയിൽ ആരംഭിക്കുകയുണ്ടായി. അതിനുമുൻപ് സ്ഥാപക അദ്ധ്യക്ഷന്റെ വീട്ടിൽ വെച്ച് അദ്ദേഹത്തിന്റെ ഭാര്യയും മലയാളം അദ്ധ്യാപികയാകാനുള്ള പരിശീലനം പൂർത്തിയാക്കിയവരുമായ ശ്രീമതി ശാന്ത കുട്ടികളെ മലയാളം പഠിപ്പിക്കുന്നുണ്ടായിരുന്നു. കലാക്ഷേത്ര തുടങ്ങിയപ്പോൾ ആ അദ്ധ്യയനവും ഇങ്ങോട്ടു മാറ്റുകയുണ്ടായി. കാര്യാലയ നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്ത ശ്രീമതി ഉഷയും അദ്ധ്യാപക പരിശീലനം നേടി മലയാളം പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ ആ ഭാഗം ഒന്നുകൂടി ഉഷാറായി. മലയാളം മിഷന്റെ പ്രധാനപ്രവർത്തകരിലൊരാളായ ദാമോദരൻ മാഷായിരുന്നു കലാക്ഷേത്രയിൽ കുട്ടികളെ ഭാഷാപഠനത്തിന് സഹായിച്ചിരുന്നത്. ബാംഗളൂരിൽ ജനിച്ചു മലയാളമറിയാതെ വളർന്നിരുന്ന മലയാളി കുട്ടികളെ സംബന്ധിച്ചിടത്തോളം ഭാഷാപഠനം നല്ലൊരു അനുഗ്രഹമായിരുന്നു. പഠനം പൂർത്തിയാക്കി പരീക്ഷയിൽ വിജയിക്കുന്ന പഠിതാവിന് ലഭിക്കുക കേരളസർക്കാരിന്റെ സാക്ഷ്യപത്രമാണ് എന്നതും ഈ ക്ലാസ്സിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. മാത്രവുമല്ല ഈ പദ്ധതിക്ക് സർക്കാരിന്റെ സാമ്പത്തികസഹായവും സമാജത്തിന് ലഭിച്ചിരുന്നു. 

കർണ്ണാടക സർക്കാരിന്റെ കീഴിൽ കന്നഡഭാഷ പ്രോത്സാഹിപ്പിക്കാൻ സ്ഥാപിച്ച 'കന്നഡ കലി' യുടെ അംഗീകാരത്തോടെ 2016ൽ തന്നെ കന്നഡ ഭാഷ പഠനവും സൗജന്യമായി കലാക്ഷേത്രയിലാരംഭിച്ചു. ആ വർഷം ആഗസ്റ്റോടു കൂടി ആദ്യ സംഘം പഠനം പൂർത്തിയാക്കുകയും ചെയ്തു. സമാജം അംഗങ്ങളുടെ ഇടയിൽ വ്യാപക പ്രചാരം കിട്ടിയ ഈ ഭാഷാപഠനക്ലാസ്സ് ഇവിടെ താമസിക്കുന്ന പലരെയും കന്നടയിൽ കുറച്ചെങ്കിലും പ്രാവീണ്യം നേടാൻ സഹായിക്കുകയും ചെയ്തു. ആദ്യസംഘത്തിന്റെ പരിശീലനം പൂർത്തിയായപ്പോൾ അവരെല്ലാം ചേർന്ന് 2016 സെപ്റ്റംബർ 25നു ഒരു കന്നടനാടകവും അവതരിപ്പിച്ചു  എന്നറിയുമ്പോഴാണ് പഠനക്ലാസ്സിന്റെ ശക്തി മനസ്സിലാവുന്നത്. കർണ്ണാടക സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന ഈ പഠനക്ലാസ്സിൽ ഇതുവരെയായി മൂന്നോളം സംഘങ്ങൾ (രണ്ടാം സംഘം: 2017, മൂന്നാം സംഘം: 2019 നവംബർ മുതൽ 2020 ജനുവരി വരെ) പഠനം പൂർത്തിയാക്കിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. 

ഒരുപക്ഷെ 2012ൽ എല്ലാവർക്കുമായി നടത്തിയ കലാമത്സരങ്ങൾക്ക് ശേഷം സമാജത്തിന് വെളിയിൽ ഉള്ളവരെയും ഉൾപ്പെടുത്തി പിന്നീടൊരു ആഘോഷം കുംദലഹള്ളി കേരള സമാജത്തിൽ നടന്നത് കലാക്ഷേത്ര രൂപീകരിച്ച് ഒരുവർഷം തികയുമ്പോഴാണ്. ദേശീയ പുരസ്‌കാരങ്ങൾ നേടിയ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ചലച്ചിത്ര അക്കാദമി ബാംഗളൂരിലെ ഒരു പ്രദർശനകേന്ദ്രമായി തിരഞ്ഞെടുത്തത് കലാക്ഷേത്രയെയായിരുന്നു. 2016ന്റെ ആരംഭത്തിലായിരുന്നു (ജനുവരി 29 മുതൽ 31 വരെ) ഈ പരിപാടി. 

എല്ലാ പത്രമാധ്യമങ്ങളും വൻപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഈ സിനിമാമാമാങ്കം സമാജത്തിന്റെ പ്രശസ്തി മുൻകാലത്തേക്കാൾ വർദ്ധിപ്പിക്കാൻ സഹായിച്ചു. ശ്രീമതി ശ്രീദേവി ഉണ്ണി, സംവിധായകനും നടനും ഒക്കെയായ ശ്രീ വി കെ പ്രകാശ് അതുപോലെ മറ്റു പ്രമുഖരും പങ്കെടുത്ത ഈ സംരംഭം വൻവിജയമായി മാറി. പുരസ്‌കാരങ്ങൾ നേടിയ മലയാളത്തിലെ ഒരുപിടി നല്ല സിനിമകൾ പ്രേക്ഷകരുടെ കണ്മുന്നിൽ കാഴ്ചയുടെയും കഥകളുടെയും വസന്തം വിരിയിച്ചു. മറ്റു പല സമാജങ്ങളിൽ നിന്നുള്ളവർ പോലും കാണികളായി ഉണ്ടായിരുന്നു എന്നത് കുംദലഹള്ളി സമാജത്തിന്റെ സ്വീകാര്യതയ്ക്ക് കിട്ടിയ സമ്മാനമായിരുന്നു. 

പഠിപ്പിക്കുന്ന വിഷയങ്ങളുടെയും കുട്ടികളുടെയും ആധിക്യം മൂലം കെട്ടിടം പണിത് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ സ്ഥലപരിമിതിയാൽ വീർപ്പുമുട്ടാൻ തുടങ്ങി കലാക്ഷേത്ര. അതിനൊരു പരിഹാരമെന്നോണം നിലവിലെ കെട്ടിടത്തോട് ചേർന്നൊരു മുറി കൂടി പണിയാൻ പ്രവർത്തകസമിതി തീരുമാനിക്കുകയും 2016 ജൂൺ മാസത്തോടു കൂടി പണി പൂർത്തിയാക്കി ഉപയോഗപ്രദമാക്കുകയും ചെയ്തു. ബാംഗ്ലൂർ കേരള സമാജത്തിലെ അദ്ധ്യക്ഷൻ ശ്രീ സി പി രാധാകൃഷ്ണൻ, കാര്യദർശി ശ്രീ റെജികുമാർ എന്നിവരായിരുന്നു ഇതിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചത്. 

തൊട്ടടുത്തവർഷം കലാക്ഷേത്രയിലെ കുട്ടികൾക്ക് തങ്ങളുടെ കഴിവ് പൊതുജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ ഒരു വേദി എന്ന നിലയിൽ കലാക്ഷേത്ര വാർഷികം തുടങ്ങി. 2018 മധ്യത്തോടെ കലാക്ഷേത്ര പുതിയൊരു സ്ഥലത്തേക്ക് മാറ്റേണ്ടി വന്നു. പഴയ കെട്ടിടത്തിലുണ്ടായിരുന്ന സ്ഥലപരിമിതി മറികടക്കാനുതകുന്ന രീതിയിലായിരുന്നു പുതിയ കെട്ടിടം പണിഞ്ഞത്. അങ്ങനെ എല്ലാം കൊണ്ടും 2018 പ്രളയകാലം മാറ്റി നിറുത്തിയാൽ മഹാമാരി വരുന്നതുവരെ കലാക്ഷേത്രയുടേത് ഒരു ജൈത്രയാത്ര തന്നെയായിരുന്നു. 2019 ആകുമ്പോഴേക്കും പല പല കാരണങ്ങളാൽ ചില വിഷയങ്ങൾ ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും ഏതാണ്ട് 200നോടടുത്ത് കുട്ടികൾ അപ്പോഴും അവിടെ പഠിക്കാൻ വരുന്നുണ്ടായിരുന്നു. ഭരതനാട്യം, കർണാടിക് സംഗീതം എന്നിവയിലൊക്കെ രണ്ടോ അതിലേറെയോ ക്ലാസുകൾ ഒരു ദിവസം തന്നെ നടക്കുന്നുണ്ടായിരുന്നു. കേരളത്തിന്റെ ആയോധനമുറയായ 'കളരി' അഭ്യസിപ്പിക്കാൻ യോഗ്യനായൊരു അദ്ധ്യാപകനെ കണ്ടെത്തിയതും വളരെപ്പെട്ടെന്ന് തന്നെ കുട്ടികളെയും യുവാക്കളെയും അതിലേക്കു ആകർഷിക്കാൻ കഴിഞ്ഞതും ഇതേ വർഷമായിരുന്നു. 

കലാക്ഷേത്ര സ്ഥാപിച്ചത് മുതൽ അതിന്റെ നടത്തിപ്പിനായി ഒരു കമ്മിറ്റിയും ഓരോ പഠനവിഭാഗവും ഏകോപിക്കാനായി ഓരോ വ്യക്തിയെയും ചുമതലപ്പെടുത്തിയിരുന്നു. സമാജം അംഗങ്ങൾ തന്നെയായിരുന്നു ഈ ഏകോപനത്തിന്റെ ചുമതല ഏറ്റെടുത്തിരുന്നതും അത് ഭംഗിയായി നടത്തിക്കൊണ്ടുപോയിരുന്നതും. 

മഹാമാരിയിൽ പെട്ട് ഉഴറുന്നത് വരെ സമാജത്തിന്റെ ദൈനംദിന  പ്രവർത്തങ്ങൾക്കുള്ള വരുമാനം കലാക്ഷേത്രയിൽ നിന്നും സമാഹരിക്കാൻ ഭരണസമിതിക്ക് കഴിഞ്ഞിരുന്നു. മഹാമാരി വന്നതോടെ പല ക്ലാസ്സുകളും ഓൺലൈൻ ആയി കൊണ്ടുനടക്കുന്നുണ്ടെങ്കിലും തെല്ലൊരാവേശം കുറഞ്ഞുപോയി. രണ്ടുവർഷമായി നടക്കുന്ന യുദ്ധത്തിനൊടുവിൽ മഹാമാരി ഒന്നൊതുങ്ങിയ ഈ അവസരത്തിൽ പതുക്കെയെങ്കിലും തന്റെ ജൈത്രയാത്ര തുടരാൻ സജ്ജമായിരിക്കുകയാണ് കലാക്ഷേത്ര.

                                                                                                        തുടരും .............