1. ഗാലറിയിൽ ഇരുന്ന് കാൽപ്പന്ത് കളിയുടെ സൗന്ദര്യതാളത്തിനനുസൃതമായി മനസ്സ് കുതിക്കുമ്പോഴാണോ പാട്ടുവഴിയോരത്തിരുന്നുകൊണ്ട് പാട്ടിന്റെ ശ്രുതിയിൽ ലയിച്ചിരിക്കുമ്പോഴാണോ കൂടുതൽ സന്തോഷം തോന്നിയിട്ടുള്ളത്?
# രണ്ടും രണ്ടു മേഖലകളാണ്. അന്തരീക്ഷവും വ്യത്യസ്തം. ഏകാന്തതയിൽ ഇരുന്ന് കേട്ടാലേ പാട്ട് മനസ്സിനെ തൊടൂ. ഫുട്ബാൾ ആകട്ടെ വലിയൊരു ആൾക്കൂട്ടത്തിനിടയിൽ ഗാലറിയിലിരുന്ന് തന്നെ ആസ്വദിക്കണം . വീട്ടിൽ ഇരുന്ന് ലൈവ് ടെലികാസ്റ്റ് കണ്ടാലൊന്നും ആ ഫീൽ കിട്ടില്ല. പാട്ടും പന്തുകളിയും മനസ്സിൽ ഉണർത്തുന്ന വികാരങ്ങൾ വ്യത്യസ്തം. അവ തമ്മിൽ താരതമ്യം ചെയ്യാനാവില്ല. രണ്ടും ആസ്വദിക്കുമ്പോഴത്തെ മാനസികാവസ്ഥയും പ്രധാനമാണ്. ലയണൽ മെസ്സിയുടെ ഗോൾ കാണുമ്പോഴത്തെ ആവേശമല്ല തലത്ത് മഹ്‌മൂദിന്റെ അല്ലെങ്കിൽ ഹേമന്ത് കുമാറിന്റെ നല്ലൊരു പാട്ട് കേൾക്കുമ്പോൾ ഉണ്ടാകുക. ആദ്യത്തേത് ആവേശമുണർത്തുമെങ്കിൽ രണ്ടാമത്തേത് ആർദ്രതയാർന്ന അനുഭവമാണ്.
2. ബാല്യകാലമെന്നത് കഥകളും പാട്ടുകളും നിറഞ്ഞ കാലമായിരിക്കും. കഥ കേട്ട് വളർന്നതിലാണോ പാട്ട് കേട്ടുവളർന്ന ബാല്യമായതിനാലാണോ പാട്ടിന്റെ പിന്നാമ്പുറക്കഥകളും കൗതുകങ്ങളും അറിയാൻ ഇത്രയും താല്പര്യം ജനിച്ചത്?
# എങ്ങനെ ഈ വിചിത്രമായ താല്പര്യം മനസ്സിൽ കടന്നുവന്നു എന്നറിയില്ല. അമ്മ പറഞ്ഞുതന്ന കഥകൾ ഒരു സ്വാധീനമാകാം. പിന്നെ, പാട്ടിന്റെ പിന്നാമ്പുറ രഹസ്യങ്ങൾ ഒരിക്കലും തിരഞ്ഞു പോകാൻ ആഗ്രഹിച്ചിട്ടില്ല. പലതും ഇങ്ങോട്ട് തിരഞ്ഞുവരികയായിരുന്നു.
കുട്ടിക്കാലത്ത് പാട്ടുകൾ കേൾക്കുമ്പോൾ അതിന്റെ വിഷ്വലുകൾ മനസ്സിൽ സങ്കൽപ്പിക്കുന്നത് ഒരു ശീലമായിരുന്നു. പിന്നീട് സിനിമ കാണുമ്പൊൾ നിരാശ തോന്നും. ഗാനരംഗം ഞാൻ അങ്ങനെയല്ലല്ലോ മനസ്സിൽ കണ്ടത്. അകലെയകലെ നീലാകാശം എന്ന പാട്ട് കേൾക്കുമ്പോൾ ആർത്തലക്കുന്ന കടലും തിരമാലകളും ചക്രവാള സീമകളും വിദൂരതയിൽ നോക്കി പാടുന്ന കാമുകനും ഒക്കെയായിരുന്നു മനസ്സിൽ. സിനിമയിൽ കണ്ടത് കൂളിങ് ഗ്ളാസൊക്കെ ധരിച്ച് കടലോരത്തുകൂടി ചുമ്മാ ശാരദയുടെ പിന്നാലെ ഓടുന്ന സത്യനെയും. നിരാശ തോന്നി. അന്നത്തെ പല മലയാളം പാട്ടുകളുടെയും ചിത്രീകരണത്തിന്റെ അവസ്ഥ ഇതായിരുന്നു.
3. വെള്ളിവെളിച്ചത്തിൽ നിന്നും ജീവിതത്തിന്റെ അന്ധകാരത്തിലേക്ക് വീണുപോയവരുടെ അനുഭവം സമ്മാനിച്ച വികാരം അല്ലെങ്കിൽ പാഠങ്ങൾ?
# പലതും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ദുഖിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ ആരാധക സഹസ്രങ്ങൾക്കിടയിൽ രാജകുമാരനായി തിളങ്ങി നിന്ന താരം പിൽക്കാലത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ, തിരിച്ചറിയപ്പെടാതെ നിൽക്കുന്ന കാഴ്ച്ചകൾ സുലഭമാണ് സിനിമയുടെ മായാലോകത്ത്. അത്തരം അനുഭവങ്ങൾ നമുക്കും വിലപ്പെട്ട പാഠമാണ്. സിനിമയിൽ ഇന്നലെകളിലല്ല എന്ന് തോന്നും ചിലപ്പോൾ. ഇന്നുകൾ മാത്രമേ ഉള്ളൂ. ഇന്ന് നമ്മൾ ആരാണെന്നത് മാത്രമാണ് പ്രധാനം.
4. ഇന്നത്തെ തലമുറ പഴയ പാട്ടുകൾ പുതിയ കുപ്പിയിൽ ഇറക്കുന്നത് കാണുമ്പോൾ എന്ത് തോന്നുന്നു?
# പഴയ പാട്ടുകളുടെ കവർ വേർഷൻസ് ഇറക്കുന്നതിനോട് എനിക്ക് വിയോജിപ്പൊന്നുമില്ല. ബന്ധപ്പെട്ടവരിൽ നിന്ന് ആവശ്യമായ അനുമതി വാങ്ങി വൃത്തിയായി ഇറക്കണം എന്ന് മാത്രം. മറവിയുടെ മാറാല പിടിച്ചു കിടക്കുന്ന പല പാട്ടുകളും പൊടി തട്ടി പുറത്തു കൊണ്ടുവരാൻ ഇത്തരം ശ്രമങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഒറിജിനൽ പതിപ്പിനോടും അവയുടെ സ്രഷ്ടാക്കളോടും ഉള്ള ആദരം ഉൾക്കൊണ്ട് തന്നെ വേണം പുനരവതരണം എന്നൊരു അഭിപ്രായമുണ്ട്. അല്ലാതെ ട്യൂൺ തോന്നുംപടി മാറ്റുക, വരികൾ മാറ്റുക... ഇതൊന്നും ആശാസ്യമല്ല. ഈണത്തിന് നമ്മുടേതായ ഒരു ഭാഷ്യം അല്ലെങ്കിൽ ഭാവം കൊടുക്കുന്നതിൽ തെറ്റില്ല. പിന്നെ, ഇതെല്ലാം കാലത്തെ അതിജീവിക്കുമോ എന്നത് മറ്റൊരു കാര്യം. കാലമാണല്ലോ അന്തിമ വിധികർത്താവ്.
5. യേശുദാസ് തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ചതായി തോന്നിയിരുന്നോ? പല സംഗീത സംവിധായകരും (രവീന്ദ്രൻ മാഷിനെ ഒഴിച്ച് നിർത്തിയാൽ) ഇക്കാര്യത്തിൽ പരിഭവം (രഹസ്യമായെങ്കിലും) പറഞ്ഞതായി കേട്ടിട്ടുണ്ട്.
# ഒരു കലാകാരനും സ്വന്തം കഴിവ് ബോധപൂർവം മറച്ചുവെക്കാൻ ശ്രമിക്കും എന്ന് എനിക്ക് അഭിപ്രായമില്ല. യേശുദാസും തനിക്ക് കഴിയുന്നത്ര ഭംഗിയായി ഓരോ ഗാനത്തോടും നീതി പുലർത്തിയിട്ടുണ്ട്. ഓരോ സംഗീത സംവിധായകനും വ്യത്യസ്ത രീതിയിലാണ് ആ ശബ്ദം പ്രയോജനപ്പെടുത്തിയത് എന്ന് മാത്രം. മന്ദ്ര സ്ഥായിയുടെ സാദ്ധ്യതകൾ ഏറ്റവും ഉപയോഗിച്ചത് രവീന്ദ്രൻ മാഷ് ആവണം.
ഗായകന്റെ അല്ലെങ്കിൽ ഗായികയുടെ കഴിവുകൾ മുഴുവൻ വെളിച്ചത്ത് കൊണ്ടുവരിക എന്നത് ഗാനത്തിന്റെ ധർമ്മമല്ല. സിനിമയിലെ സന്ദർഭത്തോട് ചേർന്നുനിൽക്കുകയാണ് പ്രധാനം.
ആത്യന്തികമായി ഗാനം സംഗീത സംവിധായകന്റെ ശില്പമാണ് എന്ന് വിശ്വസിക്കുന്നവരിലാണ് എന്റെ സ്ഥാനം. കവിതയും ഗായക ശബ്ദവും ഒക്കെ സംഗീതത്തോട് ഔചിത്യപൂർവം ചേർന്ന് നിൽക്കുമ്പോൾ അനശ്വര ഗാനങ്ങൾ പിറക്കുന്നു. ദേവരാജൻ മാഷിനെ പോലുള്ളവർ, അനാവശ്യമായി ഗായകൻ/ഗായിക പാട്ടിൽ എക്സ്ട്രാ സംഗതികൾ കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്നത് പോലും വിലക്കുന്നത് കണ്ടിട്ടുണ്ട്. സ്വന്തം പാട്ടിന് ആവശ്യമുള്ള ആലാപന ശൈലി ഇന്നതാണ് എന്ന് ഉത്തമ ബോധ്യം ഉള്ളവരായിരുന്നു പഴയ സംഗീത സംവിധായകർ. അല്ലാതെ പാട്ടിന്റെ ഒരു സ്ട്രക്ച്ചർ മാത്രം തട്ടിക്കൂട്ടി, ഇനിയെല്ലാം ദാസേട്ടൻ ഇഷ്ടപ്രകാരം ചെയ്തുകൊള്ളൂ എന്ന് പറഞ്ഞു കയ്യും കെട്ടി നോക്കി നിൽക്കുന്ന സമ്പ്രദായക്കാർ ആയിരുന്നില്ല അവരൊന്നും. സംഗീതസംവിധായകർ ആരാധകരായി മാറുമ്പോഴാണ് മറിച്ചു സംഭവിക്കുക.
6. സ്വതന്ത്ര്യ സംഗീതത്തിന്റെ പുതുതലമുറയിൽ ചലച്ചിത്രസംഗീതത്തിന്റെ ഭാവി എത്ര ശോഭനമാണ്. ഇന്ത്യൻ ചലച്ചിത്ര സംഗീതം അസ്തമനത്തിലേക്കാണോ? പാട്ടുകളില്ലാത്ത ഹോളിവുഡ്/വിദേശസിനിമളെ പോലെ ആയിത്തിരുമോ ഇന്ത്യൻ സിനിമയും?
# അന്നും ഇന്നും എന്റെ വിശ്വാസം സിനിമയിൽ ഗാനങ്ങൾ അനിവാര്യമല്ല എന്ന് തന്നെയാണ്. പിന്നണി ഗാനം എന്നത് ഇന്ത്യയിലെ, അല്ലെങ്കിൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ സിനിമയിലെ ഒരു പ്രത്യേക പ്രതിഭാസം മാത്രമാണ്. വേറൊരിടത്തും ഒരു അഭിനേതാവ് വേറെ ഏതോ ഒരാളുടെ പാട്ടിനൊത്ത് ചുണ്ടനക്കുന്ന പതിവില്ല. ഹോളിവുഡിലൊക്കെ മ്യൂസിക്കൽസ് എന്ന പേരിൽ വരുന്ന ചിത്രങ്ങളിലേ പാട്ടുകൾ തന്നെ ഉള്ളൂ. അപൂർവം ഘട്ടങ്ങളിൽ പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായി ചില ഗാനശകലങ്ങൾ കടന്നുവരാറുണ്ട് എന്ന് മാത്രം.
മലയാള സിനിമയിലും പാട്ടിന്റെ സിറ്റുവേഷനുകൾ ഇല്ലാതായി വരുന്നു. നമ്മുടെ പുതിയ സിനിമകളിൽ പാട്ടുകൾ തീർത്തും അനാവശ്യമാണ് എന്ന് തോന്നാറുണ്ട്. കഥാഗതിക്ക് ഭംഗം വരുത്താനേ അനവസരത്തിൽ കയറിവരുന്ന പാട്ടുകൾ ഉപകരിക്കൂ. പിന്നെ, പല പാട്ടുകളുടെയും വരികൾക്ക് കഥയുമായോ കഥാപാത്രങ്ങളുടെ മാനസിക ഭാവവുമായോ പുല ബന്ധം പോലും കാണില്ല. ഈണത്തിന് അനുസരിച്ച് കാറ്റ്, മഴ, കുളിര്, തളിര്, കാതൽ, പ്രണയം എന്നിങ്ങനെ ചില സ്റ്റോക്ക് പദങ്ങൾ തിരുകിക്കയറ്റി, യു ട്യൂബ് വ്യൂസ് മാത്രം ലക്ഷ്യമിട്ട് പടച്ചുവിടുന്ന ഇത്തരം ഗാനങ്ങൾ നൂറു കണക്കിന് വരുന്നുണ്ട്, ആരുടേയും ശ്രദ്ധയിൽ പെടാതെ മൃതിയടയുന്നു എന്ന് മാത്രം.
അതേ സമയം, സിനിമയിൽ നിന്ന് വേറിട്ട അസ്തിത്വമുള്ള പാട്ടുകൾക്ക് പ്രസക്തി കൂടി വരുന്നു. ഇനി അത്തരം പാട്ടുകൾക്കേ ഉള്ളൂ നിലനിൽപ്പ്. നിർഭാഗ്യവശാൽ ആ വഴിക്ക് പരീക്ഷണങ്ങൾ കുറവേ ഉണ്ടാകുന്നുള്ളൂ മലയാളത്തിൽ. പഴയ സിനിമാപ്പാട്ടുകളിൽ ചില്ലറ മിനുക്കുപണി നടത്തി എളുപ്പം ശ്രദ്ധ പിടിച്ചുപറ്റാനുള്ള തത്രപ്പാടിലാണ് അധികം പേരും. അല്ലെങ്കിൽ നാടൻ പാട്ട് എന്ന പേരിൽ ഈ കാലത്തിരുന്ന് തട്ടിക്കൂട്ടുന്ന പാട്ടുകൾ. മറ്റു ഭാഷകളിൽ, പ്രത്യേകിച്ച് തമിഴിൽ വേറിട്ട പരീക്ഷണങ്ങൾ താരതമ്യേന കൂടുതൽ ഉണ്ടാവുന്നുണ്ട്. അവരുടെ റാപ് മ്യൂസിക്ക് പോലും കാലികമാണ്. അവയിൽ അർത്ഥമുണ്ട്. ആശയമുണ്ട്. നിലപാടുകളുണ്ട്.
7. സാധാരണ ഒരു വ്യക്തി മരിച്ചാൽ മാത്രമേ അയാളുടെ ഗുണഗണങ്ങളെക്കുറിച്ച് ആളുകൾ പുകഴ്ത്തി പറയാറുള്ളൂ, പ്രത്യേകിച്ച് അയാൾ മറവിയിലേക്ക് തള്ളപ്പെട്ടയാളാണെങ്കിൽ. പക്ഷെ താങ്കൾ അപ്രശസ്തവരായെക്കുറിച്ചുപോലും അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ അവരുടെ സംഭാവനകൾ എടുത്തുപറയാൻ തയ്യാറാകുന്നു, എന്താണ് അതിനു പിന്നിലുള്ള ചേതോവികാരം?
# ആ ഉദ്ദേശ്യത്തോടെ തന്നെ എഴുതുന്നതാണ്. ജീവിച്ചിരിക്കുമ്പോൾ സ്വന്തം കഴിവുകൾ തിരിച്ചറിയപ്പെടാൻ ആഗ്രഹം ഇല്ലാത്തവർ ആരുണ്ട്? അവഗണിക്കപ്പെട്ട പലരെയും തിരഞ്ഞു കണ്ടെത്തിയിട്ടുണ്ട്. അവരെ പറ്റി എഴുതുക മാത്രമല്ല, ചിലർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കിയിട്ടുമുണ്ട്. മറ്റു ചിലർക്ക് പെൻഷൻ സംഘടിപ്പിച്ചു കൊടുക്കാൻ പറ്റി. അവരൊക്കെ സ്നേഹം പങ്കിടാൻ ഇപ്പോഴും വിളിക്കും. വലിയ ആത്മ സംതൃപ്തി പകരുന്ന കാര്യങ്ങളാണ് അതൊക്കെ.
8. പാട്ടുവഴികൾ ഓരോന്നായി പിന്നിടുമ്പോൾ ലഭിക്കുന്ന സംതൃപ്തി എങ്ങനെ വിവരിക്കാം?
# ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിട്ടില്ലാത്ത എത്രയോ മഹാരഥന്മാരെ കാണാനും അവരുടെ സൗഹൃദ വലയത്തിൽ ചെന്ന് പെടാനും കഴിഞ്ഞത് മഹാഭാഗ്യം. പിന്നെ, എന്റെ എഴുത്ത് ഇഷ്ടപെടുന്ന സാധാരണക്കാരായ എത്രയോ പേരെ പരിചയപ്പെടാൻ കഴിഞ്ഞു. അവരുടെയൊക്കെ സ്നേഹം എന്നെ വികാരാധീനനാക്കുന്നു. ഇതൊക്കെ നമ്മെ മുന്നോട്ട് നടക്കാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ തന്നെ. ജീവിതം ജീവിക്കാൻ കൊള്ളാവുന്നതാണ് എന്ന് അടിവരയിട്ടു പറയുന്നു ഇത്തരം അനുഭവങ്ങൾ.
9. തെന്നിന്ത്യൻ ചലച്ചിത്ര സംഗീതം അഖിലേന്ത്യാ തലത്തിൽ അത്രധികം ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ കാരണം ഭാഷ മാത്രമാണോ? ഇന്ത്യ കണ്ട മികച്ച ഗായകരിൽ പലരും ഇവിടെ നിന്നായിട്ടു പോലും.
# ഹിന്ദി ബെൽറ്റ് വളരെ വിശാലമാണ്. അവിടത്തെ പ്രേക്ഷക സമൂഹവും വളരെ വലുതാണ്. സ്വാഭാവികമായും ഹിന്ദിയുടെ സ്വീകാര്യത മറ്റു ഭാഷകൾക്ക് ലഭിക്കണം എന്നില്ല. ഗുണനിലവാരം നോക്കിയാലും ഹിന്ദി ഗാനങ്ങൾ, പ്രത്യേകിച്ച് 1950 മുതൽ 70 കൾ വരെയുള്ള കാലഘട്ടത്തിലെ പാട്ടുകൾ മറ്റു ഭാഷകളിലെ പാട്ടുകളേക്കാൾ ഒരു ചുവട് മുന്നിൽ നിൽക്കുന്നു എന്ന് തോന്നിയിട്ടുണ്ട്.
10. ഭാവഗായകൻ ജയചന്ദ്രന് ഒരു പാടു പാട്ടുകൾ നഷ്ടമായി എന്നു തോന്നിയിട്ടുണ്ടോ? ഒരു പദ്മശ്രീയ്ക്ക് പോലും അദ്ദേഹം ശുപാർശ ചെയ്യപ്പെടാതിരിക്കാനെന്തായിരിക്കും കാരണം?
# പാടിയ പാട്ടുകളിൽ ഭൂരിഭാഗവും ഹിറ്റാക്കിയ ഗായകനാണ് ജയചന്ദ്രൻ. മലയാളികൾക്ക് ഇന്നും എന്നും യേശുദാസ് കഴിഞ്ഞാൽ ജയചന്ദ്രൻ തന്നെ. പിന്നെ, യേശുദാസിനെ പോലെ അപൂർവ പ്രതിഭാശാലിയായ ഒരു ഗായകൻ സജീവമായി നിൽക്കുമ്പോൾ മറ്റൊരു ഗായകന് സാന്നിധ്യം അറിയിക്കുക എളുപ്പമല്ല. എല്ലാ സംഗീത സംവിധായകർക്കും അവരുടെ ഈണം, അവർ ഉദ്ദേശിക്കുന്ന തരത്തിൽ പൂർണ്ണതയോടെ, ചിലപ്പോൾ അവരുടെ പ്രതീക്ഷക്ക് പോലും അപ്പുറത്തേക്ക് കടന്നുചെന്ന് ആലപിക്കുന്ന ഗായകരോടാകും താൽപ്പര്യം. യേശുദാസ് അവരുടെ പ്രതീക്ഷകൾക്ക് പൂർണ്ണതയേകിയ ഗായകനായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് പാട്ട് പഠിച്ചെടുത്ത് ഏറ്റവും ഭാവമധുരമായി പാടുന്ന അടിമുടി പ്രൊഫഷണൽ ആയ ഒരാൾ. അദ്ദേഹത്തെ ഒത്തുകിട്ടാത്തപ്പോഴേ പല സംഗീത സംവിധായകരും മറ്റ് ഗായകരെ തിരഞ്ഞു പോയിട്ടുള്ളൂ.
11. ഒരുപാട് മഹാന്മാരായ കലാകാരന്മാരെ പരിചയപ്പെടാൻ കഴിഞ്ഞത് ജീവിതത്തിലെ മഹാസൗഭാഗ്യങ്ങളായി കരുതുന്നുവെന്ന് താങ്കൾ പറഞ്ഞിട്ടുണ്ട്, പക്ഷെ ആഗ്രഹിച്ച ആരെയെങ്കിലും പരിചയപ്പെടാനോ അവരുമായി അടുത്തിടപഴകാനോ കഴിയാത്തതിൽ ദുഖിക്കേണ്ടി വന്ന അവസരങ്ങളുണ്ടായിട്ടുണ്ടോ?
# പലരും നേരത്തെ കടന്നുപോയി എന്നത് നഷ്ടബോധത്തോടെ ഓർക്കുന്ന കാര്യം. ബാബുരാജ്, റഫി, കിഷോർ, മദൻ മോഹൻ, എസ് ഡി ബർമ്മൻ, ആർ ഡി ബർമ്മൻ ... ഇവരെയൊന്നും പരിചയപ്പെടാൻ കഴിഞ്ഞില്ല. ആശാ ഭോസ്ലെയുമായി സംസാരിച്ചു, പക്ഷെ ലതാജിയെ കണ്ടില്ല. അത് മറ്റൊരു നഷ്ടം.
12. പാട്ടുവഴിയിലൂടെ ഇനിയും എത്രനാൾ? അല്ലെങ്കിൽ മൈതാനത്ത് നിന്നും പാട്ടുവഴിയിലേക്ക് എത്തിയതുപോലെ വീണ്ടും ഒരു മാറിനടത്തം ഉണ്ടാകുമോ?
# എഴുതിയാലും ഇല്ലെങ്കിലും, പാട്ടിനൊപ്പമുള്ള യാത്രക്ക് അവസാനമില്ല. പൂർണ്ണമായ കളിയെഴുത്ത് ജീവിതത്തിലേക്ക് ഇനി തിരിച്ചുപോകാൻ ഇടയില്ല.
13. പഴയ പല പാട്ടുകൾക്കും അതിന്റെ പിറവിയുമായി ബന്ധപ്പെട്ട് കഥകൾ ഉണ്ടാവാറുണ്ട്. അത് ചിലപ്പോൾ വളരെ രസകരമായൊരു മുഹൂർത്തത്തിൽ നിന്നോ അല്ലെങ്കിൽ തികച്ചും അവിചാരിതമായോ അതുമല്ലെങ്കിൽ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളിൽ നിന്നോ സൗഹൃദത്തിൽ നിന്നോ ഒക്കെ ഉണ്ടായതായിരിക്കാം. സന്ദർഭവും അർത്ഥവും നോക്കാതെ ബഹളമയമായ ഒരു താളത്തിനനുസരിച്ച് കുറെ വാക്കുകൾ അടുക്കിപ്പെറുക്കിയുണ്ടാക്കുന്ന ഇന്നത്തെ പാട്ടുകളുടെ വഴിയിലൂടെ സഞ്ചരിച്ചാൽ അത്തരം അനുഭവകഥകൾ കിട്ടുമെന്ന് തോന്നുന്നുണ്ടോ?
# അങ്ങനെ പ്രതീക്ഷിക്കുന്നില്ല. ആഗ്രഹിച്ചാലും നടക്കില്ല എന്നതാണ് സത്യം. വലിയ ത്യാഗങ്ങളും തപസ്യയും ഒന്നും ആവശ്യപ്പെടുന്നില്ല ഇന്ന് ഗാനസൃഷ്ടി. ട്രെൻഡിന് അനുസരിച്ചു പാട്ടുണ്ടാക്കുക എന്നതാണ് പുതിയ വെല്ലുവിളി. നിർമാതാവും സംവിധായകനും നായകനും ഉൾപ്പെടെ പലരുടെയും ഇടപെടലുകൾ അതിൽ ഉണ്ടാകും. മുൻപ് ഹിറ്റായ പാട്ടുകൾ മാതൃകയാക്കി വേറൊരു പാട്ട് ഉണ്ടാക്കാനാണ് പലപ്പോഴും ആവശ്യപ്പെടുക. പാട്ടിന്റെ ആദ്യ വരി/ വാക്ക് നിർദേശിക്കുന്നത് പോലും സംവിധായകൻ അല്ലെങ്കിൽ നിർമ്മാതാവ് ആകാം. പ്രചോദനത്തിനായി യുട്യൂബിനെ ആശ്രയിക്കാം. ലോക സംഗീതം മുഴുവൻ വിരൽ തുമ്പിൽ കിട്ടുമല്ലോ ഇന്ന്.
റേഡിയോ പോലും അത്യപൂർവമായിരുന്ന കാലത്ത് ശൂന്യതയിൽ നിന്ന് പാട്ടുകൾ സൃഷ്ടിച്ച പഴയ സംഗീത സംവിധായകരെ നമിച്ചു പോകുന്നത് അതുകൊണ്ടാണ്. കുട്ടിക്കാലത്തു കേട്ട നാടൻ പാട്ടുകളുടെ ഓർമ്മയിൽ നിന്നാണ് നീലക്കുയിലിലെ എട്ടൊമ്പത് പാട്ടുകൾ രാഘവൻ മാഷ് സൃഷ്ടിച്ചത്. ഏഴു പതിറ്റാണ്ടോളം കഴിഞ്ഞിട്ടും ആ പാട്ടുകൾ നിലനിൽക്കുന്നു. റീമിക്സ് ചെയ്ത് പുതിയ പാട്ടുകാർ പാടി പുറത്തിറക്കിയാൽ ഇന്നും സൂപ്പർ ഹിറ്റായിരിക്കും ആ പാട്ടുകൾ.
പാട്ടുണ്ടാക്കാൻ അത്തരം സാഹസങ്ങൾ ഒന്നും വേണ്ട ഇന്ന്. ഇത്തവണ ഓണപ്പാട്ടുകൾ എന്ന പേരിൽ പുറത്തിറങ്ങിയ പാട്ടുകളുടെ എണ്ണം നോക്കിയാൽ അറിയാം. ഗാനസൃഷ്ടി ആർക്കും എപ്പോഴും നിർവഹിക്കാവുന്ന ഏർപ്പാടായി മാറിയിരിക്കുന്നു. പഴയ പോലെ ഒരു പ്രത്യേക വിഭാഗത്തിന്റെ കുത്തകകയല്ല അത്. സ്വാഗതാർഹമായ കാര്യം. ഈ പാട്ടുകളിൽ എത്രയെണ്ണം ഓണത്തിനപ്പുറത്തേക്ക് സഞ്ചരിക്കും എന്നേ നോക്കേണ്ടതുള്ളൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ