ദേവരാഗങ്ങളുടെ രാജശില്പി മണ്മറഞ്ഞ മഹാസംഗീതജ്ഞൻ ശ്രീ ജി ദേവരാജന് കുന്ദലഹള്ളി കേരള സമാജത്തിലെ സംഗീതപ്രേമികൾ നൽകിയ ഗാനാഞ്ജലി.
മലയാളികളുടെ സ്വപ്നങ്ങൾക്കും ചിന്തകൾക്കും വികാരങ്ങൾക്കും അഴകും ഈണവും നൽകിയ മഹാനായ കലാകാരൻ. ഏതാണ്ട് ആറുപതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ സംഗീതജീവിതത്തിനൊടുവിൽ സമയതീരത്തിനപ്പുറത്തേക്ക് അദ്ദേഹം കടന്നുപോകുമ്പോൾ ഈ ഭൂമിയിൽ വരുംതലമുറയ്ക്കായി അവശേഷിപ്പിച്ചത് കേട്ടാലും കേട്ടാലും മതിവരാത്ത രണ്ടായിരത്തിലേറെ ഗാനങ്ങൾ. ആ ഗാനസാഗരം മുഴുവൻ കോരിക്കുടിക്കുവാൻ ഏറെ ആഗ്രഹമുണ്ടായിരുന്നെങ്കിലും വെറും
രണ്ടോ മൂന്നോ മണിക്കൂറുകൾക്കുള്ളിൽ അതസാധ്യമായതിനാൽ അതിന്റെ തീരത്തുനിന്നും തങ്ങളുടെ കൈക്കുമ്പിളിൽ കോരിയെടുത്ത ഏതാനും തുള്ളികൾ കാണികൾക്കായി പകർന്നുനല്കുകയാണ് നമ്മുടെ പാട്ടുകാർ ചെയ്തത്. തങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ആ ഗാനങ്ങൾ നിറഞ്ഞ മനസ്സോടെയാണ് ഏവരും സ്വീകരിച്ചത്. പകർന്നുനൽകുന്ന ഗാനാമൃതം ഒരുതുള്ളി പോലും പാഴാക്കാതെ ആസ്വാദകർ കരളിൽ ഏറ്റുവാങ്ങുകയായിരുന്നു, മനസ്സ് കൊണ്ട് കൂടെ സഞ്ചരിക്കുകയായിരുന്നു. ഹൃദയം കൊണ്ട് ഏറ്റുപാടുകയായിരുന്നു. കല്മഷമകന്ന് ഏവരും ഒന്നായിത്തീർന്ന നിമിഷങ്ങൾ.
വെൺകൊറ്റക്കുട ചൂടിയ ഹിമവാനെ വർണ്ണിച്ചുകൊണ്ടുള്ള ഓ എൻ വിയുടെ മനോഹര രചനയായ 'പൊൽത്തിങ്കൾക്കല പൊട്ടുതൊട്ട..' എന്നാരംഭിക്കുന്ന 'കുമാരസംഭവ'ത്തിലെ ഗാനം അതിസുന്ദരമായി ആലപിച്ചുകൊണ്ട് വേണുമാഷാണ് സംഗീതാർച്ചനയ്ക്ക് തുടക്കം കുറിച്ചത്. ശരീരവഴക്കം മാത്രമല്ല ശാരീരവഴക്കവും തനിക്കുണ്ടെന്ന് തെളിയിച്ചു അദ്ദേഹം. മോഹനരാഗത്തിൽ ചിട്ടപ്പെടുത്തിയ 'ഉജ്ജയിനിയിലെ ഗായികയെ'പറ്റി അമ്മുക്കുട്ടി (അക്ഷയ) പാടിയപ്പോൾ അക്ഷരാർത്ഥത്തിൽ ഏവരും ആ കുഞ്ഞുഗായികയുടെ സ്വരവലയത്തിൽ മോഹിതരായി. വയലാറിന്റെ ആത്മാശംമുള്ള ഗാനമെന്നു വിലയിരുത്തപ്പെടുന്ന 'സന്യാസിനി നിൻ പുണ്യാശ്രമത്തിൽ..' എന്ന വിരഹഗാനം രാജേഷ് പാടിയത് തൊണ്ടയിൽ നിന്നായിരുന്നില്ല മറിച്ച് ആത്മാവിൽ നിന്നായിരുന്നു. കൂടാതെ 'ഇളവന്നൂർ മഠത്തിലെ..' എന്ന പ്രണയഗാനവും 'ഇലഞ്ഞിപ്പൂമണം ഒഴുകിവരുന്നു..' എന്ന ശൃംഗാരവും പ്രണയവും നിറഞ്ഞ ഗാനവും കേൾവിക്കാരിലും ആ ഭാവങ്ങളൊക്കെ മാറി മാറി നിറച്ചിട്ടുണ്ടാവും. നിരഞ്ജനക്കുട്ടിയുടെ പ്രകടനത്തെപ്പറ്റി എന്ത് പറയാൻ? നിരഞ്ജനയെപ്പോലെ തന്നെ സുന്ദരമായിരുന്നു അവളുടെ പാട്ടുകളും. തികച്ചും വ്യത്യസ്തമായ എന്നാൽ ഒരിത്തിരി അടഞ്ഞ ശബ്ദം. പക്ഷെ എന്ത് മനോഹരമായിട്ടാണെന്നോ 'രാജശില്പി'യും ഒരുദിവസം കൊണ്ടുമാത്രം പഠിച്ച 'പൂന്തേനരുവി'യും അവൾ മറ്റുള്ളവർക്കായി പകർന്നുനല്കിയത്. 'കൂട്ടി'ലെ ഭാവഗായകൻ പ്രകാശൻ മാഷ് മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ധനുമാസചന്ദ്രികയായപ്പോൾ ശ്രോതാക്കളെല്ലാം പ്രേമചകോരികളായി! പഞ്ചമിയുടെ തോണിയിൽ കരിമ്പിന്റെ പങ്കായവുമായി തുഴഞ്ഞെത്തി സുശീലാമ്മയുടെ ഓർമ്മകൾ ഉണർത്തിയ ശാലിനി അത്ഭുതകരമായാണ് തൊണ്ടയിൽ പരനാദപ്രവേശം നടത്തി 'തെക്കുംകൂർ അടിയാത്തി'യിലൂടെ ബി വസന്തയുടെ പുള്ളുവൻ പാട്ടിന്റെ അന്തരീക്ഷം സൃഷ്ടിച്ചത്. വിരഹത്തിന്റെ തീവ്രഭാവങ്ങളെ യേശുദാസ് എന്ന മഹാഗായകൻ എത്രമാത്രം ഉൾക്കൊണ്ടുവോ അതത്രയും ഹൃദയത്തിലേറ്റുവാങ്ങി പുനരാവിഷ്കാരം നടത്തി ഹരിശങ്കർ എന്ന കൊച്ചുമിടുക്കൻ എന്ന് നിസ്സംശയം പറയാം. ആ കൊച്ചു കണ്ഠത്തിൽ നിന്നും സ്വരരാഗപ്രവാഹമായി ഒഴുകിയിറങ്ങിയത് ആയിരം പാദസരങ്ങളുടെ കിലുക്കമുള്ള ആലുവാപ്പുഴയായിരുന്നു. പാട്ടുകാരനായ അച്ഛന്റെ പാട്ടുകാരനായ മകൻ.
'പ്രിയതമാ..മാത്രം കൊള്ളാം' എന്നാണത്രെ 'ശകുന്തള'യിലെ പാട്ടുകളെക്കുറിച്ച് നിർമ്മാതാവായ കുഞ്ചാക്കോയുടെ വീട്ടുകാർ അഭിപ്രായപ്പെട്ടത്. അത് പക്ഷെ തെറ്റാണെന്ന് കാലവും മലയാളക്കരയും തെളിയിച്ചു. ഏതു കഠിനഹൃദയനും തോറ്റുപോകുന്ന തരത്തിൽ സുശീലാമ്മ പ്രേമപുരസ്സരം 'പ്രിയതമ'നെ വിളിച്ചപ്പോൾ, അത് കേട്ട കാമുകഹൃദയങ്ങളൊന്നും അലിയാതിരുന്നിട്ടുണ്ടാവില്ല. ഒരുപക്ഷെ അത് തന്നെയല്ലേ ഇന്നലെ ലിനി പാടിയപ്പോൾ സംഭവിച്ചതും? കലാക്ഷേത്രയുടെ ചുമരുകൾക്ക് കാതുകളുണ്ടായിരുന്നെങ്കിൽ ആ കൽഹൃദയവും അലിഞ്ഞിട്ടുണ്ടാകുമായിരുന്നു, തീർച്ച. ചന്ദ്രകളഭം ചാർത്തിയുറങ്ങിയ ഈ മനോഹരതീരത്ത് ജീവിച്ചു കൊതിതീരാതെ പോയ വയലാർ പോലും ഒരുപക്ഷേ തിരിച്ചുവരാൻ ആശിച്ചേനേ ലിനിയുടെ പാട്ട് കേൾക്കാൻ കഴിഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ. അത്രയ്ക്ക് ഹൃദ്യമായിരുന്നു ആ ആലാപനം. ആദ്യമായി കാണുന്നവരുടെ മുന്നിൽ നിന്ന് പാടുന്ന സങ്കോചമുണ്ടായിരുന്നില്ല അനൂപിന്. സരസ്വതീയാമം കഴിഞ്ഞെത്തിയ ഉഷസ്സിന്റെ നൈർമ്മല്യമുണ്ടായിരുന്നു അനൂപിന്റെ ഗാനാലാപനത്തിനും. ആ ശബ്ദത്തിന് മാഘമാസത്തിൽ മാത്രമല്ല ഭാദ്രമാസത്തിലും അനുവാചകരുടെ കരളിൽ മല്ലികപ്പൂക്കൾ ചൂടിക്കാൻ കഴിഞ്ഞു. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്നും അതിന് മനസ്സിലെ പ്രണയത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നും തെളിയിച്ചു കുട്ടിമാമ്മനും അമ്മായിയും. അവരുടെ ആത്മാവിനുള്ളിലെ കാമുകമന്ത്രം രോമാഞ്ചം തളിർത്തതും ഉന്മാദം പടർത്തിയതും കേട്ടുനിന്നവരുടെ മനസ്സിലായിരുന്നു. കായാമ്പൂ കണ്ണിൽ വിടരുന്ന അനുരാഗവതിയെ കണ്ട്, ഭൂമിക്ക് പൊന്നരഞ്ഞാണമായ പുഴയുടെ ഏകാന്ത പുളിനത്തിൽ നിത്യവിസ്മയവുമായി ഇറങ്ങിയ കുട്ടിമാമനോടൊപ്പം കലാക്ഷേത്രയിലെ ആബാലവൃന്ദം ജനങ്ങളുമുണ്ടായിരുന്നു, അവർ പക്ഷെ വിസ്മയപ്പെട്ടത് ആ ശബ്ദസൗകുമാര്യത്തിലായിരുന്നു എന്നുമാത്രം. കസ്തുരി തൈലമിട്ട് മുടിമിനുക്കി ഷക്കീല ഹൃദയം തുറന്ന് പാടിയപ്പോൾ ഒരു മയിലാഞ്ചി കല്യാണത്തിന്റെ പ്രതീതിയായിരുന്നു. ആഹ്ലാദങ്ങൾ നുരപതഞ്ഞുവന്നു, മനം നിറഞ്ഞു വയർ നിറക്കാൻ ബിരിയാണി ഉണ്ടായില്ല പക്ഷെ. ചുരുൾമുടിയിൽ തുളസിത്തളിരില ചൂടിനിന്ന സുന്ദരിയോട് അരികിൽ എന്നും നീയുണ്ടായിരുന്നെങ്കിൽ എന്ന് കാതരഭാവത്തിൽ ബിജേഷ് മന്ത്രിച്ചപ്പോൾ ആ അദൃശ്യസുന്ദരിക്ക് പുളകിതയാവാതിരിക്കാനാവുമായിരുന്നില്ല. ഒരുനിമിഷമെങ്കിലും ഭൂതകാലസ്മരണകളിലെ പ്രണയകാലത്തിലേക്ക് മടങ്ങിപ്പോയ മനസ്സുകൾ ആർദ്രമായിട്ടുണ്ടാകും എന്നതും തീർച്ചയാണ്. ഇല്ലിമുളംകാടുകളിൽ പാട്ടുണർത്തുന്ന തെന്നലായി മാറി ആനന്ദും ലിനിയും. ആ ഇളംതെന്നലുകൾ പാഴ്മുളംതണ്ടുകളായിരുന്ന കാണികളുടെ ഹൃദയമിടിപ്പുകളെ ശ്രുതിമധുരമായ വേണുനാദങ്ങളാക്കി മാറ്റി.
ഓരോ പാട്ടിന്റെ തുടക്കവും ഒടുക്കവും അജിത്തും അനിലും നൽകിയ ചെറുവിവരണങ്ങളോടെയായിരുന്നു, പുട്ടിന് പീരയെന്നപോലെ. കാണികൾക്ക് ദേവരാജൻ മാഷെ പറ്റിയും ഈ പാട്ടുകളുടെ പിറവിയെപ്പറ്റിയുമൊക്കെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ ഈ അറിവുകൾ സഹായകരമായി. പാട്ടിനോളം ഈ പിന്നാമ്പുറക്കഥകളും ശ്രോതാക്കൾ ആവോളം ആസ്വദിച്ചു. ഗാനാർച്ചനയിലെ രസകരവും ഹൃദ്യവുമായ ഓരോ നിമിഷവും അതിന്റെ ദൃശ്യചാരുത ഒട്ടുമേ നഷ്ടപ്പെടാതെ ഒപ്പിയെടുത്ത ഹൃദ്യയും ഷിജിയും അവയെ ഇന്നലെകളുടെ ഓർമ്മകൾ നിറഞ്ഞ പുസ്തകത്താളിലെ മറക്കാനാവാത്ത മയിൽപ്പീലിത്തുണ്ടുകളാക്കി മാറ്റി. ഒടുവിൽ കല്യാണിയും കളവാണിയും മാണിക്യവീണയുമായി പതിനാലാം രാവിലെ അമ്പിളിയമ്മാവന്റെ മധുരിക്കുന്ന ഓർമ്മകൾ പാടിപ്പാടി വേമ്പനാട്ട് കായലിൽ താളം പിടിച്ചപ്പോഴേക്കും ദിവാകരബിംബം ആഴിക്കങ്ങേക്കരയിലേക്ക് മറഞ്ഞിരുന്നു. ശ്രുതിമധുരങ്ങളായ ദേവരാജസംഗീതം മനസ്സിനെ കൊതിപ്പിച്ചുകൊണ്ട് അപ്പോഴും അവിടെ അലയടിക്കുന്നുണ്ടായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ