2013 ജന 13 -നു കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്സ് & സയന്‍സ് കോളേജില്‍ വച്ച് നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിന്റെ സ്മരണക്കായി..
വര്‍ഷങ്ങള്‍ക്കു ശേഷം ആ മണ്ണില്‍ വീണ്ടും കാലു കുത്തിയപ്പോള്‍ ശരീരമാകെ കോരിത്തരിക്കുന്നത് പോലെ തോന്നി. ഓരോ ചുവടും വച്ച് പതുക്കെ മുന്നോട്ടു നടക്കുമ്പോള്‍ ഓര്‍മ്മകളുടെ വേലിയേറ്റം മനസ്സിനെ ദുഖാര്‍ത്തമാക്കി . പുതു തലമുറയിലെ കുട്ടികള്‍ ഞങ്ങളെ സ്വീകരിക്കാന്‍ ആവേശത്തോടെ നില്‍ക്കുന്നുണ്ടായിരുന്നു. തങ്ങളുടെ മുന്‍ഗാമികളെ കാണുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിറഞ്ഞ ആദരവു കലര്‍ന്ന തിളക്കം ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. എത്രയോ വട്ടം ഞാന്‍ ചവുട്ടി മെതിച്ചു കടന്നു പോയ പുല്‍ക്കൊടികളും മണല്‍ത്തരികളും എന്നെ സ്വാഗതം ചെയ്യുന്നതായി എനിക്ക് തോന്നി, അവയൊക്കെ എന്റെ വരവ് പ്രതീക്ഷിച്ചിരുന്നുവോ?..
മോളുടെ വിരലും പിടിച്ചു വരാന്തയിലൂടെ നടക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് അപ്പുറത്തുള്ള വിദ്യാര്‍ഥിയായി ഞാന്‍ മാറുകയായിരുന്നു. ക്ലാസ്സ് മുറികള്‍ എന്നെ മാടിവിളിക്കുന്നുണ്ടായിരുന്നു .വിറയാര്‍ന്ന കൈകളോടെ ഞാന്‍ അവിടം സ്പര്‍ശിച്ചു. അദൃശ്യതയില്‍ നിന്ന് ആരൊക്കെയോ എന്റെ പേര് വിളിക്കുന്നത് പോലെ, എന്നെ തലോടുന്നത് പോലെ. അനേകം മുഖങ്ങളുടെ കൂടെ എന്റെ മുഖവും ശബ്ദവും ഗന്ധവും ഒക്കെ ഒരു ചിത്രത്തിലെന്നവണ്ണം അവിടെ തെളിഞ്ഞു. എന്റെ കണ്ണുകള്‍ നിറഞ്ഞു,ഡെസ്കില്‍ തലചായ്ച്ചു ഞാന്‍ ഇരുന്നു.
എത്രയോ വട്ടം കണ്ടതാണെങ്കിലും, ആദ്യമായി കാണുന്ന ഒരു കുഞ്ഞിന്റെ കൌതുകത്തോടെ ആ കലാലയം മുഴുവന്‍ വീണ്ടും ചുറ്റി നടന്നു. പഴയ വിദ്യാര്‍ഥിയായി ഞാന്‍ മാറുകയായിരുന്നു. ഓരോന്നും ഭാര്യക്ക് വിവരിച്ചു കൊടുക്കുമ്പോള്‍ ഞാന്‍ വല്ലാതെ ആവേശഭരിതനായി.
കലാലയ അങ്കണത്തിലെ കാറ്റാടി മരങ്ങള്‍ സന്തോഷത്തോടെ തലയാട്ടി. വര്‍ഷങ്ങള്‍ക്കു മുന്‍പ് പിരിഞ്ഞുപോയ ഒരു സുഹൃത്തിനെ വീണ്ടും കണ്ട സന്തോഷത്താലെന്നവണ്ണം ഒരു ഇളംകാറ്റു വീശി വന്നു എന്നെ ഗാഡമായി ആലിംഗനം ചെയ്തു. ആ നിര്‍വൃതിയില്‍ മുഴുകി ഒരു നിമിഷം എല്ലാം മറന്നു.പരിചിത മുഖങ്ങള്‍ അന്വേഷിച്ചു നടന്നെങ്കിലും അധികം കണ്ടെത്താന്‍ കഴിയാത്തത് ആ അവസ്ഥയിലും എന്നെ ദു:ഖാര്‍ത്തനാക്കി.
തൃപ്തി വന്നില്ല പക്ഷേ മടക്കയാത്രക്ക് സമയമായി, കാറില്‍ കയറും മുന്‍പ് ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി. 'ഇനി എന്ന്?' എന്ന ചോദ്യം അദൃശ്യതയില്‍ മുഴങ്ങുന്നത് പോലെ തോന്നി.അതിനുത്തരം പറയാന്‍ കഴിയാതെ ദുഃഖം പെയ്തൊഴിയാത്ത മനസ്സുമായി ഞാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.