പേജുകള്‍‌

2018 ന്റെ തിരുശേഷിപ്പുകൾ


ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പതിനെട്ട് വർഷങ്ങൾക്ക് തിരശീല വീഴുന്നത് പതിനെട്ടുമലകൾക്കിടയിൽ വാഴുന്ന പതിനെട്ടാം പടിക്കുടയനാഥന്റെ പേരിൽ നടക്കുന്ന പൊറാട്ടു നാടകങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണെന്നത് തികച്ചും യാദൃശ്ചികം മാത്രം. പതിനെട്ടു പുരാണങ്ങളുടെ ജന്മഭൂവായ, പതിനെട്ടു ദിവസങ്ങൾ നീണ്ടു നിന്ന ധർമ്മാധർമ്മ യുദ്ധം കണ്ട മഹത്തായ പാരമ്പര്യമുള്ള ഒരു രാജ്യത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നേരാംവണ്ണം നിവർന്നു നില്ക്കാൻ ശേഷിയില്ലാത്ത ഒരു കൊച്ചു നാട്ടിൽ ഈ പതിനെട്ടാം വർഷം നടന്ന സംഭവപരമ്പരകളിലൂടെ വെറുതെ ഒരു എത്തിനോട്ടം. ഒരു കൗതുകത്തിന്, ഒരു ഓർമ്മപ്പെടുത്തലിന്, ചില തിരുത്തലുകൾക്ക് നേരമായി എന്നറിയിക്കാൻ.
കാനനത്തിൽ അഭയം തേടിയിരുന്ന സാധുവായ, സ്ഥിരബുദ്ധിയില്ലാത്തതായിരുന്നെന്ന് പറയപ്പെടുന്ന ഒരു മനുഷ്യൻ വിശപ്പ് സഹിക്കാൻ വയ്യാതെ നാട്ടിലിറങ്ങിയപ്പോൾ സ്ഥിരബുദ്ധിയുണ്ടെന്നവകാശപ്പെടുന്ന, സംസ്കാരത്തിൽ 'സമ്പന്ന'രായ ഒരു കൂട്ടം നരാധമന്മാരുടെ അടികൊണ്ട് പരലോകം പൂകിയ സംഭവത്തോടെയാണ് 2018 ന് നാന്ദി കുറിച്ചത് എന്ന് പറയാം. പ്രാകൃതമായ രീതിയിൽ കെട്ടിയിട്ടായിരുന്നത്രെ മർദ്ദനം, കൂടാതെ ആധുനികതയുടെ മുഖമുദ്രയായ സെൽഫി എടുത്ത് തങ്ങളുടെ മഹത്തായ നേട്ടത്തെ ലോകത്തിന്റെ മുന്നിൽ എത്തിക്കുകയും ചെയ്തു ഈ ശൂരന്മാർ. മനുഷ്യമനഃസാക്ഷി മരവിച്ചുപോയ ഈ കൃത്യത്തോടെ ആൾക്കൂട്ടക്കൊല ഉത്തരേന്ത്യക്കാർക്ക് മാത്രമല്ല ദൈവത്തിന്റെ സ്വന്തം നാട്ടിലും നടത്താൻ പ്രാപ്തിയുള്ളവരാണ് മലയാളികൾ എന്ന് കാണിച്ചു കൊടുക്കാൻ നമുക്കായി (പിന്നെയും ഇതുപോലുള്ള കലാപരിപാടികൾ നടന്നു എന്നതും ഓർക്കണം). അന്ന് ആ പാവം ചെറുപ്പക്കാരന്റെ പേരിൽ ആവേശം കൊണ്ടിരുന്നവരൊക്കെ ഇപ്പോഴെവിടെയാണ് എന്നത് അന്വേഷിക്കേണ്ട ഒരു കാര്യമാണ്.
തലചായ്ക്കാൻ പോലും ഇടം കിട്ടാതെ നിരാലംബരായ അനേകം ആൾക്കാർ ഭാവിയുടെ മുന്നിൽ പകച്ചു നിൽക്കുമ്പോൾ, ഭരിക്കുന്നവരുടെ മുൻപിൽ കൈനീട്ടി കൈനീട്ടി മടുപ്പോടെ യാതനയോടെ ജീവിതം തള്ളി നീക്കുമ്പോൾ, അത്യാർത്തി മൂത്ത് കൈയ്യൂക്കും അധികാരവും ഉപയോഗിച്ച് ഒരു കൂട്ടം കവർച്ചക്കാർ കവർന്നെടുത്ത ഭൂമി ഒഴിപ്പിക്കാനായി നിയമം മാത്രം നോക്കി പ്രവർത്തിച്ചിരുന്ന നട്ടെല്ലുള്ള ഉദ്യോഗസ്ഥവൃന്ദത്തെ, തങ്ങളുടെ താളത്തിന് ഇവരെ തുള്ളാൻ കിട്ടില്ല എന്നും കണ്ണുരുട്ടിയും ആക്രോശിച്ചും പേടിപ്പിക്കാനാവില്ല എന്നുമറിഞ്ഞ ജനസേവകന്മാർ നിയമത്തെ നോക്കുകുത്തിയാക്കി വോട്ട് രാഷ്ട്രീയം കളിച്ച് കസേരയിൽ നിന്ന് തെറിപ്പിച്ചപ്പോൾ തോറ്റുപോയത് മേൽപറഞ്ഞ നിരാലംബർ മാത്രമല്ല നമ്മൾ മലയാളികൾ മുഴുവനുമായിരുന്നു.
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക എന്നത് കാലങ്ങളായി നമ്മുടെ മാത്രമല്ല മറ്റു നാടുകളിലേയും പോലീസിന്റെ ഒരു കലാപരിപാടിയാണ്. എന്നാൽ കട്ടവനെ കിട്ടാത്തതിനാലാണോ അതോ ഏതോ തല്പരകക്ഷിയെ പ്രീതിപ്പെടുത്താനോ എന്നിപ്പോഴും തീർപ്പുകല്പിച്ചിട്ടില്ലാത്ത ഒരു നിരപാധിയുടെ മാപ്പർഹിക്കാത്ത കൊലപാതകത്തിന് കേരളം സാക്ഷ്യം വഹിക്കുന്നതും 2018 ൽ നമ്മൾ കണ്ടു. എല്ലാവരെയും പോലെ നല്ലൊരു നാളെ സ്വപ്നം കണ്ടുനടന്നിരുന്ന, ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതം നിയമപാലകരുടെ തോന്ന്യവാസത്തിന് ഇരയായപ്പോൾ വരാപ്പുഴ എന്ന കൊച്ചു ഗ്രാമവും അവിടുത്തെ അന്തേവാസികളും നീതിദേവതയുടെ ലീലാവിലാസത്തിന്റെ മുന്നിൽ വിറങ്ങലിച്ചു നിന്നു. പതിവുപോലെ അരയും തലയും മുറുക്കി വന്ന മനുഷ്യസ്നേഹികൾ പക്ഷേ ഈ ക്രൂരതയ്ക്ക് കരണക്കാരായവരെ വീണ്ടും നീതിവ്യവസ്ഥയുടെ താക്കോൽ ഏൽപ്പിക്കാൻ വർഷാവസാനം സർക്കാർ തീരുമാനിച്ചപ്പോൾ ഒന്നും മിണ്ടാതെ ഒന്നും കാണാതെ പിന്തിരിഞ്ഞു നിന്നുകളഞ്ഞു. എല്ലാം ശരിയാകുമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അതവരുടെ തെറ്റ്, അല്ലാതെന്ത് പറയാൻ.
മനുഷ്യന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി ആർക്കും ചോദ്യം ചെയ്യാൻ കഴിയാത്ത ശക്തിയായി നിപ്പ വൈറസ് ആഞ്ഞടിച്ചപ്പോൾ പേടിച്ചുവിറച്ചു നമ്മൾ നിന്നതും ഈ കാലയളവിലാണ്. സഹജീവികളോടുള്ള കാരുണ്യമാണ് സ്വന്തം ജീവനേക്കാൾ വലുതെന്ന് ലോകത്തിനു കാണിച്ചു കൊടുത്ത മാലാഖയെയും നമ്മൾ കണ്ടു. ആ സത്പ്രവൃത്തിയിലൂടെ അനാഥമായ ഒരു കുടുംബത്തിനെ നെഞ്ചോട് ചേർത്തു നമ്മൾ മലയാളികൾ. ആദ്യത്തെ അമ്പരപ്പ് മാറി തളരാത്ത മനസ്സോടെ പോരാടാൻ ഉറച്ചപ്പോൾ നിപ്പ പോലും തോറ്റുപോയി നമ്മുടെ മുൻപിൽ. എവിടെയോ വായിച്ച ഒരോർമ്മയിൽ നിപ്പയെ ആദ്യമായി തിരിച്ചറിഞ്ഞ ദൈവദൂതനായ ഡോക്ടർക്ക് ഒരായിരം കൂപ്പുകൈ; ഒപ്പം ജനങ്ങളെ ഒരുമിച്ചു നിർത്തി ഈ പോരാട്ടത്തിന് മുൻകൈയെടുത്ത പോരാളികൾക്കും അതേറ്റെടുത്ത ജനങ്ങൾക്കും നിറഞ്ഞ കൈയ്യടി.
നിപ്പയുടെ പിൻവാങ്ങലിൽ ആശ്വസിക്കുമ്പോഴേക്കും കണ്ടു പ്രകൃതിയുടെ സംഹാരതാണ്ഡവം. കിഴക്കൻ മലകൾ ആർത്ത് ചിരിച്ചപ്പോൾ കിടന്നുറങ്ങിയ പലരുടെയും ജീവനും ജീവിതവും മണ്ണിലാഴ്ന്നുപോയി. സർവ്വതും തകർത്ത് മലകളിൽ നിന്ന് ഹൃദയരക്തം ഇരമ്പിവന്നപ്പോൾ കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ പലർക്കും അവരുടെ സ്വപ്‌നങ്ങൾ ദുസ്വപ്നങ്ങളായി മാറി. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ഒന്ന് കരയാൻ പോലും മറന്ന് നിർവ്വികാരതയോടെ ഇരിക്കുന്നവരുടെ ചിത്രങ്ങൾ ഒരു നൊമ്പരമായി പലർക്കും അനുഭവപ്പെട്ടു. സഹാനുഭൂതി കാണിച്ചു മാറിപ്പോകുന്ന മലയാളികൾ പക്ഷെ വീണ്ടുവിചാരത്തിനു മുതിരുന്നില്ല എന്നത് വിരോധാഭാസം. കിട്ടാവുന്നതിലും വലിയ യന്ത്രങ്ങളും വെടിമരുന്നുകളുമായി സഹ്യന്റെ മാറ് കൂടുതൽ പിളർത്തുന്നതിൽ വ്യാപൃതരായി ആർത്തിമൂത്തവർ, വികസനത്തിന്റെ കാവലാളുകൾ. അതിനുള്ള ഒത്താശകൾ ചെയ്തുകൊണ്ട് ഭരണവർഗ്ഗവും കൂടെനിൽക്കുന്ന കാഴ്ചയും നമ്മൾ കണ്ടു. നിൽക്കക്കള്ളിയില്ലാതെ ചിലർ കസേരയിൽ നിന്നിറങ്ങിയെങ്കിലും മറ്റു ചിലർ തങ്ങളുടെ ചുറ്റുമുള്ള സംരക്ഷണവലയത്തിൽ കഴിയുകയാണ്, ഒന്നും സംഭവിക്കില്ല എന്ന ഉറപ്പോടെ. അതെ, അധികാരവും പണവും ഉണ്ടെങ്കിൽ ഈ ദൈവത്തിന്റെ സ്വന്തം നാട്ടിലും ആർക്കും എന്തും ചെയ്യാം, എന്തും.
വാക്കുകളിലും പ്രവൃത്തിയിലും ആവേശം തിരയടിച്ചു നടന്നിരുന്ന, ജീവിതം എന്താണെന്ന് തിരിച്ചറിയാൻ തുടങ്ങിയിട്ടില്ലാത്ത സവ്യസാചിയുടെ മകന്റെ പേരുകാരനായ ഒരു പൂമൊട്ട് വിടരാൻ തുടങ്ങുമ്പോഴേക്കും കൊഴിഞ്ഞുവീണു, അല്ല നുള്ളി (കശക്കി) താഴെയിട്ടു ഒരുകൂട്ടം നരാധമന്മാർ. പുരാണത്തിന്റെ ആവർത്തനമെന്നുപോലെ
ചതിയിൽപെട്ടവൻ പിടഞ്ഞുവീണപ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിലെ അമ്മമാർ പൊഴിച്ച കണ്ണീർ കേരളമണ്ണിനെ ചുട്ടുപൊള്ളിച്ചു. സമൂഹത്തിനെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന തീവ്രവാദം എന്ന ആപത്തിനെ കണ്ട്, അതിന്റെ ആഴം കണ്ട് ഞെട്ടിത്തരിച്ചുപോയി നാം ഓരോരുത്തരം . മറ്റുള്ളവരെ ചൂണ്ടി അവൻ വർഗ്ഗീയവാദിയയാണെന്ന് ഉറക്കത്തിലും വിളിച്ചു പറയുന്നവർ പക്ഷെ ഇവിടെ ഒന്നും കേട്ടില്ല കണ്ടില്ല എന്ന് നടിച്ചു, പകരം പതിവ് പല്ലവികൾ മാത്രം ഉരുവിട്ടു. കൂട്ടുകക്ഷി ഭരണം സർവ്വാധികം ഭംഗിയായി നടന്നുകൊണ്ടിരിക്കുന്നു, കൊലയാളി ഇപ്പോഴും ഇരുട്ടിൽ. ആ പാവം അമ്മയുടെ കണ്ണുനീർ ഇപ്പോഴും തോർന്നിട്ടുണ്ടാവില്ല, തോരുകയുമില്ല.
അങ്ങിനെയിരിക്കെ വേനലിൽ ഒരു മഴ എന്നപോലെ ഫുട്ബോൾ ലോകകപ്പിന്റെ അലയൊലികൾ നമ്മുടെ കൊച്ചു കേരളത്തിലും എത്തിച്ചേർന്നത്. എല്ലാ ദുഃഖങ്ങളും പ്രശ്നങ്ങളും മാറ്റിവച്ച് മലയാളികൾ ഒന്നടങ്കം ആ മാമാങ്കത്തെ വരവേറ്റു. ബ്രസീലിന്റെയും അർജ്‌ജന്റീനയുടെയും ആരാധകന്മാർ പരസ്പരം പോർവിളി നടത്തിയെങ്കിലും ഒടുവിൽ ഒരേപോലെ നാണം കേട്ട് പുറത്തു പോയപ്പോൾ പരസ്പരം ആശ്വസിച്ചു. ഒരു രാജ്യത്തിൻറെ ആത്‌മവീര്യം മുഴുവൻ നെഞ്ചിലേറ്റി പോരാടിയ ക്രൊയേഷ്യക്ക് കപ്പിനും ചുണ്ടിനുമിടയിൽ വച്ച് ലോകകപ്പ് നഷ്ടപ്പെട്ടപ്പോൾ അവരോടൊപ്പം നമ്മളും തേങ്ങി. പരാജയത്തിലും വിജയികളായി നടന്നു നീങ്ങിയ ആ ധീരന്മാർക്ക് മനസ്സുകൊണ്ട് അഭിവാദ്യമർപ്പിച്ചു ഓരോ മലയാളിയും.
2018 ലെ ഏറ്റവും ലജ്ജാവഹകമായ സംഭവം ഏതെന്നു ചോദിച്ചാൽ ഒരു പക്ഷെ എല്ലാവരുടെയും മനസ്സിൽ ഓർമ്മ വരുന്നത് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് എന്ന നാടകം തന്നെയായിരിക്കും. 150 -ഓളം മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവി ഓർത്താണത്രെ ഇത് കൊണ്ട് വന്നത്. ഇവരുടെ ഭാവി എങ്ങിനെ പോയി എന്നും ആരാണ് ഇതിനു കാരണക്കാർ എന്ന് കൂടി അറിഞ്ഞാലേ ഈ നാടകത്തിന്റെ സത്യസന്ധത കൃത്യമായി നമുക്ക് മനസ്സിലാവുകയുള്ളൂ. ജെയിംസ് കമ്മിറ്റിയുടെ എല്ലാം നിയമങ്ങളും കാറ്റിൽ പരത്തിയ കണ്ണൂർ-കരുണ കോളേജുകളെ ഹൈക്കോടതി മുതൽ സുപ്രീംകോടതി വരെ കോടികൾ മുടക്കി കേസ് നടത്തി അനുകൂല വിധി സമ്പാദിച്ച സർക്കാർ തങ്ങൾ ആരെയാണോ തോൽപ്പിച്ചത് അവർക്കു വേണ്ടി കോടതി വിധിക്കെതിരായി ഓർഡിനൻസ് പാസ്സാക്കി..!!! എന്തൊരു ശുഷ്‌കാന്തി ഒന്നോർക്കണം. ഈ ഓർഡിനൻസ് നിയമമാക്കാൻ വലുപ്പ-ചെറുപ്പമില്ലാതെ എല്ലാ പാർട്ടികളും യോജിച്ചു എന്ന് കൂടി അറിയുമ്പോഴാണ് 'പണത്തിനു മേലെ പരുന്ത് മാത്രമല്ല കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ കൂടി പറക്കില്ല' എന്ന് മനസ്സിലാവുന്നത്.
ഖസൽ എന്ന് കേട്ടാൽ നമുക്കെല്ലാം ഓർമ്മ വന്നിരുന്നത് ഹിന്ദുസ്ഥാനിസംഗീതത്തിലെ ഗായകരെ മാത്രമായിരുന്നു. സൗമ്യമായി എന്നാൽ ആർദ്രതയും പ്രണയവും വിരഹവും നിറച്ച് അവർ പാടിയപ്പോൾ നമ്മുടെ ഹൃദയവും ആ ഭാവതീവ്രതകളേറ്റു വാങ്ങി. ആ ഇഷ്ടവും, ആരാധനയും തെല്ലും കുറയാതെയാണ് മലയാളത്തിലെ ഖസലിന്റെ രാജകുമാരനായ ഉമ്പായിയെയും നമ്മൾ ഏറ്റെടുത്തതും ഹൃദയത്തിൽ പ്രതിഷ്ഠിച്ചതും. എന്നാൽ നമ്മളെ അത്ഭുതപ്പെടുത്തിയ സ്വതസിദ്ധമായ ഗാനാലാപനശൈലിയാൽ നമ്മുടെയെല്ലാം ഹൃദയതന്ത്രികൾ മീട്ടിയ കേരളസൈഗാൾ ഒരു ദിവസം മൃത്യുവിന്റെ അനന്തതയിലേക്ക് ചിറകടിച്ച് പറന്നകന്നപ്പോൾ തന്ത്രികൾ തകർന്ന തംബുരുവിനെ പോലെയായി ആ ഗാനധാരയിൽ നീന്തിത്തുടിച്ചവരുടെ ഹൃദയം. തന്റെ സംഗീതവിരുന്ന് ആസ്വദിക്കാനായി ഗാനപ്രിയരെ ക്ഷണിക്കാൻ ഇനിയദ്ദേഹം ഉണ്ടാവില്ലെന്ന തിരിച്ചറിവ് ഓരോ മലയാളിയുടെയും ഇടനെഞ്ചിലെ തീരാവേദനയായി നിൽക്കുന്നു ഇപ്പോഴും.
അതിനിടയിലാണ് കോളിളക്കം സൃഷ്ടിച്ച മതമാറ്റവും കല്യാണവും ഈ കൊച്ചു കേരളത്തിൽ ആഞ്ഞുവീശിയത്. ആരാന്റെയമ്മയ്ക്കു പിരാന്ത് പിടിച്ചാൽ കാണാൻ നല്ല ശേലെന്ന് പറഞ്ഞത് പോലെ എല്ലാ മതേതരവാദികളും രാജ്യസ്നേഹികളും ഒക്കെയിറങ്ങി ചാനലുകൾക്ക് ഒരു പാട് കാലത്തേക്ക് വച്ച് വിളമ്പാനുള്ളത് കൊടുത്തു എന്നല്ലാതെ മലയാളികൾക്ക് ഒന്നും സംഭവിച്ചില്ല. ഒരു പാവം അച്ഛന്റെയും അമ്മയുടേയും ദുഃഖം കാണാൻ ചാനലുകൾക്കോ സ്വന്തം മകൾക്കോ കഴിഞ്ഞില്ല എന്നത് മാത്രം സത്യമായി അവശേഷിക്കുന്നു.
പ്രളയം..പ്രളയം...സർവത്ര പ്രളയം...മഴമേഘങ്ങൾ അറിഞ്ഞൊന്ന് പെയ്തപ്പോൾ മനുഷ്യൻ എത്ര നിസ്സാരനാണെന്ന് മനസ്സിലായി. കൊടിയുടെയും വിശ്വാസത്തിന്റെയും തൊലിയുടെയും പേരിൽ പല ചേരികളിൽ കഴിഞ്ഞിരുന്ന, പല തരത്തിൽ അഹങ്കരിച്ചിരുന്ന മനുഷ്യരെ എല്ലാം മറന്ന് ഒരുമിക്കാൻ ഉയരത്തിൽ പാറി നടന്നിരുന്ന കാർമേഘങ്ങൾക്ക് കഴിഞ്ഞു. ഭൂമിയെ കുളിപ്പിച്ച് ഒഴുകിയ ജലകണങ്ങൾ തങ്ങൾക്ക് പോകാനുള്ള വഴി കാണാതെ മുന്നിൽ തടസ്സമായി നിന്ന വീടുകളിലും കെട്ടിടങ്ങളിലും വഴി തിരഞ്ഞ് കയറിയിറങ്ങിയപ്പോൾ തകർന്നു തരിപ്പണമായത് അല്ലെങ്കിൽ തകർത്തെറിഞ്ഞത് ഒരു പാട് മനുഷ്യരുടെ ഒരു പാട് കാലത്തെ പ്രയത്‌നവും സ്വപ്നങ്ങളുമായിരുന്നു. കാലങ്ങളായി സ്വാതന്ത്ര്യം നഷ്ടപ്പെട്ട് കെട്ടിയടക്കപ്പെട്ട പുഴകളും അരുവികളും അപ്രതീക്ഷിതമായി കിട്ടിയ സ്വാതന്ത്ര്യം ആഘോഷിച്ചത് തങ്ങളെ നശിപ്പിച്ചവരോടുള്ള പക നിർദ്ദയം വീട്ടിക്കൊണ്ടായിരുന്നു. തലയ്ക്കു മുകളിൽ വെള്ളം ഇരമ്പിയാർത്തുവന്നപ്പോൾ മരണം മുന്നിൽ കണ്ടവർ തങ്ങളുടെ നേരെ നീട്ടിയ കൈകളാരുടെതാണെന്ന് നോക്കിയില്ല. സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കാൻ മടിയില്ലാത്ത മലയാളികൾ കൈയ്യോട് കൈ ചേർത്ത് വലിച്ചു കയറ്റി പലരെയും ജീവിതത്തിലേക്ക്; മറിച്ചൊന്നും പ്രതീക്ഷിക്കാതെ. നിറഞ്ഞ മനസ്സോടെ ലോകം കൈയ്യടിച്ചു ആ സ്നേഹം കണ്ട് , ആ ഒത്തൊരുമ കണ്ട്..പോരാട്ടവീര്യവും നേതൃഗുണവും കണ്ട്. അനുഭവത്തിൽ നിന്ന് ഒരു പാട് പഠിക്കാനുണ്ടായിരുന്നു, പഠിക്കേണ്ടതുമായിരുന്നു. അങ്ങിനെ ഉണ്ടാകും എന്ന് വെറുതെ മോഹിച്ചു പലരും. പക്ഷെ ഒന്നും സംഭവിച്ചില്ല. എല്ലാ കുറ്റവും മഴയിൽ ചാർത്തി കൈയ്യൊഴിഞ്ഞു ഉത്തരവാദികളായവരും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവരും ഉത്തരവാദികളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരേണ്ടവരും. വിധിയുടെ വിളയാട്ടത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് അവരുടെ നഷ്ടങ്ങൾ മാത്രം ബാക്കി.
ദിനമൊട്ടുകഴിഞ്ഞപ്പോൾ മാനം തെളിഞ്ഞു, മഴമേഘങ്ങൾ ദൂരെയെവിടെയോ പോയൊളിച്ചു. വഴി നോക്കി നടന്ന ജലകണങ്ങൾ പലതും കടലിലലിഞ്ഞു, ചിലതാകട്ടെ ഭൂമിയുടെ മാറു പിളർന്ന് അഗാധതയിലെവിടെയോ മറഞ്ഞു. മറ്റുചിലവ സൂര്യകിരണങ്ങളേറ്റ് അന്തരീക്ഷത്തിലെ അനന്തതയിൽ വിലയം പ്രാപിച്ചു. ബാക്കിയായ ചെളിയാകട്ടെ ആളുകൾ പരസ്പരം വാരിയെറിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് അയാൾ മീശ പിരിച്ചു കടന്നു വന്നത്. അനവസരത്തിൽ അനാവശ്യമായി ഒരു ജനവിഭാഗത്തെ അകാരണമായി അപമാനിച്ചുകൊണ്ടു വന്ന അയാളെ താങ്ങി നടക്കാൻ നിർഭാഗ്യവശാൽ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരുണ്ടായിരുന്നു. അവർ വാദിച്ചു അയാൾക്ക്‌ വേണ്ടി, അയാളുടെ എഴുത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി. അതിനിടയിൽ അപമാനിതരായിക്കൊണ്ടിരിക്കുന്ന അമ്മ പെങ്ങമ്മാരുടെ മാനം അവർക്കൊരു വിഷയമേ അല്ലായിരുന്നു. പക്ഷേ ഇവരുടെ കാപട്യം തുറന്നു കാണിക്കാനുള്ള മറുമരുന്ന് കാലം തന്നെ കരുതിവച്ചിട്ടുണ്ടായിരുന്നു, അവരാകട്ടെ അതൊട്ടും പ്രതീക്ഷിച്ചിരുന്നുമില്ല.
ശ്രുതിമധുരമായി നാദം പൊഴിച്ചിരുന്ന മണിവീണ പെട്ടെന്ന് നിലത്തുവീണ് തകർന്നാൽ? ആ നാദധാര എന്നെന്നേയ്ക്കുമായി നിലച്ചാൽ..? സംഗീതം ജീവനും ജീവിതവുമായി കരുതുന്നവർക്ക് അത് പക്ഷെ പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞു എന്ന് വരില്ല. പക്ഷെ മലയാളികളുടെ മാണിക്യവീണ തകർന്നു, ഒരു വാഹനാപകടത്തിൽ. നിഷ്കളങ്കമായി ചിരിതൂകി കൊണ്ട് വയലിൻ തന്ത്രികളിൽ സംഗീതത്തിന്റെ കുളിർമഴ പെയ്യിച്ച ഒരു സമാനതകളില്ലാത്ത ഒരു ഹൃദയത്തിന്റെ ഉടമ - അങ്ങിനെ മാത്രമേ നമുക്ക് ബാലഭാസ്കറിനെ വിശേഷിപ്പിക്കാൻ കഴിയുകയുള്ളൂ. മധ്യാഹ്നത്തിൽ എരിഞ്ഞമർന്ന ഭാസ്കരൻ!!! ഒരു വയലിൻ കൊണ്ട് ജനഹൃദയങ്ങളിൽ ഇന്ദ്രജാലം തീർത്തവൻ. ഒരു ചിരി കൊണ്ട് ആ മനസ്സുകളിലാകെ കുളിരു കോരിയിട്ടവൻ. ഒരു പക്ഷെ പോയവർഷം മലയാളികൾ ഏറ്റവും പ്രാർഥിച്ചത് ഈയൊരു ജീവൻ നിലനിർത്താനായിരിക്കും, ഏറ്റവും കൂടുതൽ വിതുമ്പിയതും ഈയൊരു നഷ്ടം താങ്ങാൻ വയ്യാതെയായിരിക്കും. ദൈവത്തിന്റെ മടിയിലിരുന്ന് അവന്റെ കുഞ്ഞു മാലാഖ വിളിച്ചപ്പോൾ പോകാതിരിക്കാൻ സ്നേഹമയനായ ആ അച്ഛന് കഴിഞ്ഞില്ല. പ്രിയപെട്ടവരെ ഇരുട്ടിലേക്കാഴ്ത്തിയിട്ട് അനശ്വരതയിലേക്കവൻ യാത്രയായപ്പോൾ അവർക്കു കൂട്ടിന് അവനിൽ നിന്ന് പൊഴിഞ്ഞുവീണ സംഗീതം മാത്രം. അവയിലൂടെ കാലങ്ങളോളം അവന്റെ ഓർമ്മകൾ ഈ ഭൂമിയെ ഉഷ്മളമാക്കട്ടെ.
ഇതിനിടയിലെപ്പോഴോ തിരുവസ്ത്രമണിഞ്ഞ കർത്താവിന്റെ മണവാട്ടിയുടെ ചൂണ്ടുവിരലിനു മുന്നിൽ പരിശുദ്ധമെന്നേവരും കരുതുന്ന ളോഹയണിഞ്ഞ ഒരു പുരോഹിതന്റെ ബ്രഹ്മചര്യം വിയർക്കുന്നതും നമുക്ക് കാണേണ്ടിവന്നു. വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ചുനടക്കുന്ന ഇടതനും വലതനും പ്രതികരണശേഷി നഷ്ടപ്പെട്ടവരെ പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നെങ്കിലും നീതിക്കു വേണ്ടി ഇരക്കുന്ന നിസ്സഹായയായ സ്ത്രീയുടെ പിന്നിൽ നിഷ്പക്ഷരായ ജനം അണിനിരന്നതോടെ പരിശുദ്ധ കുപ്പായത്തിനുള്ളിലെ കുറ്റാരോപിതനെ തൽക്കാലത്തേക്കെങ്കിലും ഇരുമ്പഴിക്കുള്ളിൽ അടക്കാൻ നിർബന്ധിതരായി ഭരണവർഗ്ഗം. നിങ്ങൾ ഒരു വോട്ടുബാങ്കിന്റെ കാവൽക്കാരനായാൽ ഏതു നിയമവും നിങ്ങളുടെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കും എന്നൊരിക്കൽ കൂടി നമ്മുടെ ജനാധിപത്യം നമുക്ക് കാണിച്ചുതന്നു. നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഇനിയും എത്ര നാൾ? അറിയില്ല..
അങ്ങിനെ കാര്യങ്ങളൊക്കെ രസാവഹമായി നടന്നുകൊണ്ടിരിക്കുമ്പോഴാണ് പരമോന്നത നീതിപീഠം ഒരു വെടി പൊട്ടിച്ചത്. അത് കൊണ്ടതും മലയാളികളുടെ നെഞ്ചത്തേക്ക് തന്നെയായിരുന്നു. നൂറ്റാണ്ടുകളായി പുലർത്തിപ്പോന്ന ഒരു വിശ്വാസത്തിന്റെ കടക്കൽ കത്തിവെച്ചതായിരുന്നു ആ വിധി. നാളിതുവരെ എല്ലാ കോടതിയോടും കോടതിവിധികളോടും ബഹുമാനത്തോടെ പെരുമാറിയിരുന്ന, എല്ലാ വിധികളും യഥാവിധി നടപ്പിലാക്കിയിരുന്ന സർക്കാർ ഇത്തവണയും അതിദ്രുതം പ്രവർത്തിച്ചു. കോടതിവിധി നടപ്പിലാക്കി മാതൃകാഭരണകർത്താക്കളാകാൻ അവർ വെമ്പൽ കൊണ്ടു. പക്ഷേ വിശ്വാസികളായ പാവം വീട്ടമ്മമാർ ഇറങ്ങി, ആരും പറയാതെ നാമജപവുമായി തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാൻ. അതിൽ വിറളി പൂണ്ടു ഭരണമുള്ളവരും ഇല്ലാത്തവരും രണ്ടു ചേരികളായി തിരിഞ്ഞുള്ള വടംവലിയായിരുന്നു പിന്നെയുള്ള ദിവസങ്ങൾ. നാറാണത്തുഭ്രാന്തൻ കല്ലുരുട്ടി മലമുകളിലേക്ക് ചെന്ന് അതിനെ താഴേക്ക് ഉരുട്ടിവിടുന്നത് പോലുള്ള കലാവിരുന്നും യഥേഷ്ടം കാണാനുള്ള ഭാഗ്യമുണ്ടായി നമ്മൾ മലയാളികൾക്ക്. അതും എല്ലാ മോഹങ്ങളും ഉപേക്ഷിച്ച് യോഗനിദ്രയിൽ കഴിയുന്ന കലിയുഗവരദന്റെ പേരും പറഞ്ഞ്. ഈ ഒരു പോരാട്ടത്തിൽ പലരുടെയും മുഖമൂടി അഴിഞ്ഞുവീണു, വിശ്വാസിയാണെന്ന് അവകാശപ്പെടുന്നവരുടെയടക്കം. ജാതീയത ഇളക്കിവിട്ട് ജനങ്ങളെ വേർതിരിക്കാനും നനഞ്ഞ മണ്ണിൽ കുഴിക്കാനും കൈ നനയാതെ മീൻ പിടിക്കാനും എല്ലാവരും ആവേശത്തോടെ മത്സരിച്ചു, അല്ല ഇപ്പോഴും മത്സരിച്ചുകൊണ്ടിരിക്കുന്നു. എല്ലാം കണ്ടും കേട്ടും മിണ്ടാതെ ഇരിക്കുന്ന ജനം പക്ഷേ ഇതിനൊക്കെ ഒരു മറുപടി നല്കാതിരിക്കില്ല എന്ന് തന്നെ കരുതാം, കാലവും.
ഒരു കുന്നിന് ഒരു കുഴിയുണ്ടെന്ന് പറയുന്നത് വെറുതെയല്ല. നൈഷ്ഠിക ബ്രഹ്മചാരിയുടെ പേരും പറഞ്ഞ് പ്രശസ്തി ആഗ്രഹിച്ചു വന്നവരെയൊക്കെ കണ്ടം വഴി ഓടിച്ചുകൊണ്ടിരിക്കുമ്പോഴാണ് യുവജനോത്സവം കടന്നു വന്നത്. നാടിന്റെ അകമറിയുന്നവർ കിത്താബ് തുറന്ന് പിടിച്ച് കാണികളെ രസിപ്പിച്ചുകൊണ്ടിരിക്കെയാണ് അപമാനിതനായി എന്ന വാദവുമായി മുന്പത്തേത് പോലെ വേറൊരു കൂട്ടർ രംഗപ്രവേശം ചെയ്തത്. കിത്താബ് അടച്ചുവെക്കാൻ അവർ ആവശ്യപ്പെട്ടപ്പോൾ മീശ പിരിച്ച് ആവിഷ്കാരസ്വാതന്ത്ര്യത്തിനായി വാദിച്ചവരെല്ലാം തലയിൽ മുണ്ടിട്ട് നടന്നു. ആരെങ്കിലുമൊക്കെ പ്രതികരിക്കും എന്ന് പ്രതീക്ഷിച്ചു നിന്ന ജനതയെ പാടെ നിരാശപ്പെടുത്തി എല്ലാവരും സ്വയം വാ മൂടിക്കെട്ടി എന്നിട്ട് വടക്കേഇന്ത്യയിലേക്ക് നോക്കിയിരിപ്പായി. എന്തിനും ഏതിനും സാമൂഹ്യമാദ്ധ്യമത്തിൽ ഉറഞ്ഞുതുള്ളിയവരാരും ഇങ്ങിനെയൊരു സംഭവം നടന്നതായി ഭാവിച്ചുമില്ല. ഇതെന്ത് നീതി എന്ന് ചോദിച്ചവർക്കായി കിട്ടിയ മറുപടി 'ഇതാണ് മതേതരത്വം' എന്നത് മാത്രമായിരുന്നു. അല്ലെങ്കിലും സാംസ്കാരികകേരളത്തിലെ നായകരുടെ പ്രതികരണം എന്ന് പറയുന്നത് ആളും തരവും മാത്രം നോക്കി നടത്തുന്ന കലാപരിപാടിയാണല്ലോ. അല്ലാതെ സമൂഹത്തെ ഉദ്ധരിക്കാൻ മാത്രം ആർക്കാ താല്പര്യം? അതല്ലേ പ്രീണനരാഷ്ട്രീയം, അതാണല്ലോ ജനാധിപത്യം.
കള്ളം ആര് ചെയ്താലും കള്ളം തന്നെ. പക്ഷേ ആര് ചെയ്തു, എന്തിനു ചെയ്തു എന്നതൊക്കെയാണ് അതിന്റെ തീവ്രത കൂട്ടുന്നതും കുറയ്ക്കുന്നതും. വിശപ്പ് സഹിക്കാൻ വയ്യാതെ ഒരിത്തിരി ആഹാരം കട്ടെടുത്താൽ അത് അക്ഷന്തവ്യമായ തെറ്റ്, മരണശിക്ഷ വിധിക്കേണ്ടതും നടപ്പിൽ വരുത്തേണ്ടതുമായ കുറ്റം. പക്ഷെ ഒരിത്തിരി പ്രശസ്തിക്ക് വേണ്ടി ചെയ്താൽ? അതും ചെയ്യാൻ പാടില്ലാത്ത സ്ഥാനത്ത് ഇരിക്കേണ്ട ഒരാൾ? മനപ്പൂർവ്വമല്ലെങ്കിലും ശിക്ഷാർഹനോ ശിക്ഷാർഹയോ അല്ലെ? മറ്റുള്ളവർ ചെയ്യുന്നതിലൊക്കെ കുറ്റം പറയുകയും പരിഹസിക്കുകയും ചെയ്യുന്ന ഒരാൾ കുറഞ്ഞപക്ഷം സ്വന്തം കാര്യത്തിലെങ്കിലും ഒരിത്തിരി ശ്രദ്ധ കൂടുതൽ ചെലുത്തേണ്ടതായിരുന്നു. അങ്ങിനെ വേണമായിരുന്നു എന്ന് മാത്രമല്ലെ നമുക്ക് പറയാൻ കഴിയൂ. അല്ലെങ്കിലും പറഞ്ഞു കൊടുക്കേണ്ട പ്രായമോ അവസ്ഥയോ അല്ലല്ലോ.
പീഡനങ്ങൾക്ക് പഞ്ഞമില്ലാത്ത കാലമാണല്ലോ കലികാലം. 2018 അതിൽ നിന്നൊന്നും വ്യത്യസ്തമായിരുന്നില്ല. പക്ഷെ പീഡിപ്പിക്കപ്പെട്ടു എന്നൊരു യുവതി പരാതിപ്പെട്ടപ്പോൾ സ്റ്റെതസ്കോപ്പ് വച്ച് പനി അളക്കുന്നതുപോലെ പീഡനത്തിന്റെ തീവ്രതയും അളക്കാമെന്നും അതുവഴി ശിക്ഷ വിധിക്കാമെന്നും ലോകത്തിന് ആദ്യമായി കാണിച്ചുകൊടുത്ത നാടായി മാറി നമ്മുടെ സ്വന്തം കേരളം. പീഡിതനുള്ള ശിക്ഷ അത് അളക്കാൻ ഏൽപ്പിച്ചവർ വിധിക്കുകയും ചെയ്തു. കിട്ടാവുന്നതിൽ വച്ചേറ്റവും വലിയ ശിക്ഷയാണത്രേ അവർ കൊടുത്തത്. നിയമവ്യവസ്ഥ അനുശാസിക്കുന്ന വിധത്തിലായിരിക്കും ഇതൊക്കെ നടന്നിട്ടുണ്ടാവുക എന്ന് നിങ്ങൾ കരുതരുത്. കാരണം നിയമം നിയമത്തിന്റെ വഴിക്ക് പോകും പക്ഷേ നമുക്ക് പോകാൻ വഴികൾ വേറെയും നിരന്നുകിടക്കുകയല്ലേ. അപ്പോഴും ഒരു ചോദ്യം ബാക്കി, പാർട്ടിയിലെ സ്ഥാനമാനങ്ങൾ വഹിക്കാൻ യോഗ്യതയില്ലാത്ത ഒരാൾക്ക് ജനങ്ങളുടെ പ്രതിനിധിയാകാൻ എന്താണ് യോഗ്യത?
വിശ്വാസത്തിന്റെ പേരിൽ വിശ്വാസികളും അതിനേക്കാൾ വലിയ വിശ്വാസികളെന്നു തോന്നിപ്പിക്കുന്ന അവിശ്വാസികളും കാണിച്ചുകൂട്ടുന്ന പേക്കൂത്തുകൾ അക്ഷീണം നടന്നുകൊണ്ടിരിക്കുമ്പോഴാണ് 'ഉണ്ടുകൊണ്ടിരിക്കുന്ന നായർക്കൊരു വെളിപാടുണ്ടായി" എന്ന് പറഞ്ഞത് പോലെ ഒരു മതിൽ പണിഞ്ഞാലോ എന്നൊരു വെളിപാടുണ്ടായത്. പ്രളയം തകർത്തെറിഞ്ഞ കേരളത്തിന് പകരം പുതിയ കേരളത്തിന്റെ സൃഷ്ടി ഏതാണ്ട് അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോൾ ചെയ്യാനായിട്ട് ഇതിനേക്കാൾ മഹത്തരമായ കാര്യങ്ങൾ വേറേയില്ലല്ലോ. മനസ്സിലും ഭൂമിയിലും കെട്ടിപ്പൊക്കിയ മതിലുകൾ ഇടിച്ചു നിരത്തിയും തുറന്നുകൊടുത്തും നവോത്ഥാനം നടത്തിയ ഈ നാട്ടിൽ മതിലുകൾ സൃഷ്ടിച്ചു കൊണ്ട് പുതിയൊരു നവോത്ഥാനം നടത്താൻ പറ്റുമോ ഇല്ലയോ എന്ന് കാണിച്ചുകൊടുക്കണമല്ലോ. ലിംഗസമത്വം ഇതുവഴി സാധ്യമാകുമെന്നും ഒരിക്കൽ ഈ മതിൽ പണിതാൽ ഈ നാട്ടിൽ ആൺ-പെൺ വേർതിരിവുണ്ടാകില്ല എന്നുമൊക്കെ ഇവിടുത്തെ ജനങ്ങളെ കാണിച്ചു കൊടുക്കേണ്ടേ? അതിനിടയിൽ വിശ്വാസം സംരക്ഷിക്കാൻ എന്ന പേരിൽ വഴി നീളെ ജ്യോതിയും തെളിയിച്ചു ഒരു പറ്റം ആൾക്കാർ. പ്രകാശം പരത്തുന്നത് നല്ലതാണ്, അത് പക്ഷെ പരക്കേണ്ടത് മനസ്സിലാണെന്നു മാത്രം. അയ്യപ്പന്റെ പേരിൽ നിന്നാരംഭിച്ച ലിംഗസമത്വവുമായി ഇരുപക്ഷവും മുന്നേറുമ്പോഴാണ്‌ മുതലാഖുമായി കേന്ദ്രസർക്കാർ വന്നത്. അതും ലിംഗസമത്വത്തിലേക്ക് മുന്നേറാനാണത്രേ. അയ്യപ്പൻറെ കാര്യത്തിൽ വിശ്വാസത്തിന്റെ മേലെ ലിംഗസമത്വത്തിനെ കെട്ടി വയ്ക്കുന്നവർ പക്ഷെ മുതലാഖിൽ ഈ പറയുന്നത് കാണുന്നില്ല. മുതലാഖിൽ സമത്വം കാണുന്നവരാകട്ടെ ശബരിമലയിൽ കാണുന്നുമില്ല. അവിടെയും ഇവിടെയും ഇത് വേണ്ട എന്ന് പറയുന്ന കൂട്ടരുമുണ്ട് ഇതിനിടയിൽ എന്നത് മറന്നിട്ടില്ല. മതേതരത്വം മഹാശ്ചര്യം നമുക്കും കിട്ടണം വോട്ട് അത്രമാത്രം. ഇതിനിടയിൽ പെട്ട് നട്ടം തിരിഞ്ഞ് കഴിയുന്ന പാവം മർത്യൻ കഥയെന്തറിഞ്ഞു?
പറയാനാണെങ്കിൽ ഇനിയും ഒരുപാടുണ്ട് നമ്മുടെ നാട്ടിലെയും മറുനാടുകളിലെയും പുറംനാടുകളിലെയും ഇത് പോലുള്ള സംഭവങ്ങൾ. സ്നേഹിച്ച പെണ്ണിന് വേണ്ടി ജീവൻ ത്യജിക്കേണ്ടിവന്ന യുവാവിന്റെ കണ്ണീരിൽ കുതിർന്ന കഥയും കാത്തിരിപ്പുകൾക്കറുതി വരുത്തി കേരളക്കരയുടെ അഭിമാനം വാനോളമുയർത്തി ഭീമൻ യന്ത്രപ്പക്ഷി അറബിക്കടലിനക്കരയിലേക്ക് പറന്നിറങ്ങിയതും പ്രളയത്തിൽ തകർന്ന നമ്മുടെ നാടിനെ കൈപിടിച്ചുയർത്താൻ രാഷ്ട്രീയവൈരം മറന്ന് എല്ലാവരും ഒരുമിക്കാൻ തീരുമാനിച്ചതും മഹാകവികൾ പിറന്നതും നടിയുടെ മാനത്തിൽ വിണ്ണിലെ താരങ്ങൾ പരസ്പരം കൊമ്പുകോർത്തതും അങ്ങിനെ പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങൾ. പക്ഷെ അതിനു തുനിഞ്ഞാൽ എഴുതിയെഴുതി ഞാനും വായിച്ചുവായിച്ചു നിങ്ങളും തളരും. അതിനാൽ കൂടുതൽ ഒന്നും പറയാതെ
2018 നെ നമുക്ക് യാത്രയാക്കാം, 2019 നെ സഹർഷം സ്വാഗതം ചെയ്യാം. ഇതിനേക്കാൾ ചടുലവും ആവേശം കൊള്ളിക്കുന്നതുമായ സംഭവപരമ്പരകൾ 2019 ലും ഒരു പക്ഷെ നമ്മെ കാത്തിരിക്കുണ്ടാകാം. എങ്കിലും നീതിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെള്ളരിപ്രാവുകൾ ചിറകടിച്ചുയർന്ന് പറക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഏതായാലും കാനനത്തിൽ അഭയം പ്രാപിച്ച പാവം മധുവിന്റെ നിശ്ചലമായ ശരീരം കണ്ട് പുതുവർഷത്തിന് തുടക്കം കുറിച്ച നമുക്ക് മറ്റൊരു കാനനവാസന്റെ പേരിൽ നടക്കുന്ന പേക്കൂത്തുകൾ കണ്ടു കൊണ്ടുതന്നെ അതവസാനിപ്പിക്കേണ്ടി വരുന്നു എന്നത് കാലത്തിന്റെ മറ്റൊരു വികൃതി. എന്റെ അയ്യപ്പസ്വാമീ, നിന്നെ നീ തന്നെ കാത്തോളണേ എന്നല്ലാതെ എന്തു പറയാൻ?
എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ....

ഒരു നാടകാനുഭവം


വടകര വരദ അവതരിപ്പിച്ച 'അച്ചൻ' എന്ന നാടകം കണ്ട അനുഭവത്തിൽ നിന്ന് എഴുതിയത്.

ഇന്നലെ ഞാനൊരു നാടകം കണ്ടു, വർഷങ്ങൾക്ക് ശേഷം. വർഷങ്ങൾ നീണ്ട ഈ ഇടവേള തന്നെയാണ് നാടകം കാണാൻ എന്നെ പ്രേരിപ്പിച്ച ആദ്യ ഘടകം. നാടകം നടക്കുന്നത് വീട്ടിൽ നിന്ന് നടന്നു പോകാനുള്ള ദൂരത്തിലാണെന്നതും എന്റെ ഒരു ഇളയച്ഛൻ അംഗമായ സമാജമാണ്‌ ഇത് സംഘടിപ്പിക്കുന്നതെന്നതും നാടകം കാണാനുള്ള തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു. പ്രഗത്ഭ എഴുത്തുകാരനായ എം മുകുന്ദന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട 'അച്ചൻ' എന്ന ചെറുകഥയെ ആസ്പദമാക്കി രൂപപ്പെടുത്തിയ നാടകമായിരുന്നു. വടക്കൻ പാട്ടിന്റെ നാടായ വടകരയിലെ ഒരു കൂട്ടം കലാപ്രേമികളുടെ സംരംഭമായ 'വരദ'യാണ് നാടകം അണിയിച്ചൊരുക്കിയത്.

അങ്ങിനെ ഡിസംബറിലെ മഞ്ഞുപെയ്യുന്ന സന്ധ്യാനേരത്ത് സുഹൃത്തുക്കളായ ഹരിയോടും സന്ദീപിനുമൊടപ്പം ഞാൻ നാടകം കാണാനിറങ്ങി. കേരളത്തിന് പുറത്തു ജനിച്ചു വളരാൻ വിധിക്കപ്പെട്ടവനായതിനാൽ നാടകം എന്ന് കേട്ടതല്ലാതെ അത് എന്താണെന്ന് കാണാനുള്ള ഭാഗ്യം ഇതുവരെ സന്ദീപിനുണ്ടായിരുന്നില്ല. ഹരിയാകട്ടെ നല്ലൊരു പുസ്തകപ്രേമിയും കലാസ്വാദകനും നാടകം കാണുന്നത് ഒരു ലഹരിയായി മാറ്റിയവനുമാണ്. അതിനാൽ തന്നെ നാടകം കാണാനുള്ള തീരുമാനത്തിലെത്താൻ ഞങ്ങൾക്ക് അധികം ആലോചിക്കേണ്ടി വന്നില്ല (ഹരിയുടെ ഭാര്യയായ രൂപക്കും നാടകം കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ,ഏതാനും ദിവസങ്ങൾക്ക് മുൻപ് അപ്രതീക്ഷിതമായി കടന്നുവന്ന നടുവേദനയ്ക്ക് ചികിത്സയായി മൂന്നാഴ്ചത്തെ പരിപൂർണ്ണ വിശ്രമം വൈദ്യന്മാർ നിർദ്ദേശിച്ചപ്പോൾ അനുസരിക്കുകയല്ലാതെ വേറൊരു മാർഗ്ഗവും രൂപയുടെ മുന്നിലില്ലായിരുന്നു. നല്ലൊരു വായനക്കാരിയും നാടകപ്രേമിയും കവിതാരചനയിൽ താല്പര്യമുള്ളവളുമാണ് രൂപ എന്ന് കൂടി പറഞ്ഞാലേ നാടകം കാണാത്തതിൽ അവൾക്കുണ്ടായ സങ്കടത്തിന്റെ ആഴം മനസ്സിലാക്കാൻ പറ്റുകയുള്ളൂ). 2 മണിക്കൂറോളമുള്ള നാടകം മുഷിപ്പിക്കുമോ എന്നൊരാശങ്ക ഉണ്ടായിരുന്നു. അവധിദിവസമായ ഞായറാഴ്ചയായിട്ടുപോലും തിരക്ക് വളരെ കുറവായിരുന്നു. സിനിമയുടെയും ടെലിവിഷന്റെയും അതിപ്രസരത്തിൽ വീണുപോയവർക്ക് ആസ്വദിക്കാൻ പറ്റുന്നതല്ലല്ലോ നാടകം.

വേദിയുടെ ഏതാണ്ട് മുന്നിൽ തന്നെയായിരുന്നു ഞങ്ങളുടെ ഇരിപ്പിടം. അധികം താമസിയാതെ നാടകം ആരംഭിച്ചു. ഒരു ചായപ്പീടികയിലെ വർത്തമാനത്തിൽ നിന്ന് പതുക്കെ പതുക്കെ ഞങ്ങളെ ഒരു അച്ഛന്റെയും മകളുടെയും ലോകത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും അതിനിടയിലെ അമ്മയുടെ കുശുമ്പും ഒക്കെ മനോഹരമായിത്തന്നെ ഞങ്ങളെ കാണിച്ചുതന്നു. എല്ലാ നാട്ടിലും കാണുന്നത് പോലെ ഇവിടെയുമുണ്ടായിരുന്നു പ്രമാണിയും സർവ്വോപരി പരദൂഷണക്കാരനും സ്ത്രീലമ്പടനുമായ കുറുപ്പാൾ. അദ്ദേഹത്തിന്റെ പ്രകടനം പലപ്പോഴും കാണികളിൽ ചിരിയുണർത്തി. അച്ഛന്റെയും മകളുടെയും ബന്ധത്തെ വരെ മോശമായി പറഞ്ഞു നടന്ന് കുടുംബം കലക്കാൻ നോക്കുന്ന സാമൂഹ്യവിരുദ്ധർ തീർച്ചയായും ഇന്നത്തെക്കാലത്ത് ഏതൊരു സമൂഹത്തിലും കാണാൻ കഴിയുന്ന കഥാപാത്രങ്ങൾ തന്നെയാണ്. 'അച്ഛന്റെ മണമില്ലാതെ എനിക്കുറങ്ങാൻ കഴിയില്ല' എന്നൊരു മകൾ പറയുമ്പോൾ അലിയാത്ത പിതൃഹൃദയമുണ്ടാവുമോയെന്ന് സംശയമാണ്. എന്നാൽ 'മകൾ ഈ ലോകത്തിലുള്ളവർക്ക് ഒരു സാധാരണ പെണ്ണ് മാത്രമാണെന്നും എന്നാൽ അച്ഛനായ തനിക്ക് അവൾ കണ്ടാലും തീരാത്ത സ്വപ്‌നമാണെന്ന്‌' ആ അച്ഛൻ പറയുമ്പോൾ ആ പിതൃ-പുത്രീ ബന്ധം വാക്കുകൾക്കതീതമാവുകയാണ്. ഇതിനപ്പുറം ആ സ്നേഹബന്ധത്തെ പറ്റി വർണ്ണിക്കാൻ പറ്റില്ല എന്ന് നമ്മൾ കാണികൾക്കു തോന്നിപോകും.

അപ്രതീക്ഷിതമായി മകൾക്കു സംഭവിക്കുന്ന ദുരന്തത്തിന് കാരണക്കാരൻ സ്നേഹനിധിയായ അച്ഛനാണെന്ന തെറ്റിദ്ധാരണയിൽ നാട്ടുകാരോടൊപ്പം ഭാര്യയും അയാളെ ആട്ടിപ്പുറത്താക്കുകയാണ്. മാനസികനില തെറ്റിയ മകളാവട്ടെ ഒന്നുമറിയുന്നുമില്ല. ഒടുവിൽ യഥാർത്ഥ പ്രതിയെ കണ്ടെത്തുമ്പോഴേക്കും വ്രണിതഹൃദയവുമായി ആ മനുഷ്യൻ നാടുവിട്ടു പോവുകയാണ്. എങ്ങോട്ടെന്നറിയാതെ, ആരോടും ഒന്നും മിണ്ടാതെ. തെറ്റ് മനസ്സിലാക്കിയ ഭാര്യ, അച്ഛന്റെ മണമില്ലാതെ ഉറങ്ങാൻ കഴിയില്ല എന്ന് പറഞ്ഞു കരയുന്ന മകളോടൊപ്പം കാത്തിരിക്കുകയാണ്, യാത്രക്കാരെ കുത്തിനിറച്ചു കടന്നുപോകുന്ന ഏതെങ്കിലും ഒരു തീവണ്ടിയിൽ അവരുടെ പ്രിയപ്പെട്ടയാളിന്റെ വരവും കാത്ത്. മറ്റുള്ളവർക്കായി ഉള്ളം നീറിക്കൊണ്ട് കുതിച്ചുപായുന്ന തീവണ്ടിയെപ്പോലെ അവരുടെ ഉള്ളും ഉരുകുകയാണ്, തങ്ങൾക്ക് നഷ്ടപ്പെട്ട ദൈവത്തിനായി.

നാടകം കഴിയുമ്പോൾ ഈ അമ്മയേയും മകളേയും പോലെ കാണികളും ആഗ്രഹിച്ചുപോകുന്നു അയാളുടെ തിരിച്ചു വരവിനായി.
നാഴികകൾ നീണ്ട ഈ നാടകത്തിനിടയിൽ ഒരു തുള്ളി കണ്ണുനീരെങ്കിലും കൺകോണിൽ ഉരുണ്ടു കൂടാത്ത കാണികളുണ്ടാവില്ല. അത്രയ്ക്ക് തീവ്രമേറിയ, ഹൃദയസ്പർശിയായ ആവിഷ്കാരമായിരുന്നു 'വരദ'യുടേത്. അഭിനേതാക്കളൊക്കെ ഒന്നിനൊന്നു മികച്ചതായിരുന്നു. സംവിധാനമായാലും സംഭാഷണമായാലും പശ്ചാത്തലമായാലും കവിതയായാലും തിരക്കഥയായാലും ഏതാണ് കൂടുതൽ മികച്ചതെന്ന് എടുത്തു പറയാൻ സാധിക്കില്ല. തികച്ചും കാലികപ്രസക്തിയുള്ള ഒരു വിഷയം ഏറെ മനോഹരമായും ലളിതമായും കാണികളെ പിടിച്ചിരുത്തുന്ന രീതിയിൽ എങ്ങിനെ അവതരിപ്പിക്കാം എന്ന് വടകര വരദ നമുക്ക് കാണിച്ചു തരുന്നു.

നാടകാന്തം, കാണികളുടെ അഭിപ്രായം ചോദിച്ചപ്പോൾ മേൽപറഞ്ഞ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം എനിക്ക് കിട്ടി. അതിന് അവതാരകൻ ഷിബുവിന്‌ നന്ദി പറഞ്ഞേ തീരൂ (കൂട്ടത്തിൽ പറയട്ടെ, അണിയറയിൽ ചെന്ന് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഉള്ളുതുറന്ന് അഭിനന്ദിക്കാൻ ഞാൻ മറന്നിരുന്നില്ല).
നാടകം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ, സന്ദീപ് പറഞ്ഞു, "ഇവർക്ക് എന്തുകൊണ്ട് സിനിമയിൽ അവസരം കിട്ടുന്നില്ല എന്നതാണ് എനിക്കത്ഭുതം' എന്ന്. കാണികളിൽ നിന്ന് കിട്ടുന്ന ഈ നല്ല വാക്കുകൾ തന്നെയാണ് ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഏതൊരവാർഡിനേക്കാളും മഹത്തരം. വടകര വരദ എന്ന നാടകകുടുംബവും അതിലെ അംഗങ്ങളും ഇത്തരം പ്രശംസകൾ തീർച്ചയായും അർഹിക്കുന്നു. അതവർക്ക് കൂടുതൽ ഉയരങ്ങളിൽ എത്താനുള്ള ഊർജ്ജം നൽകട്ടെ. നവോഥാനത്തിന്റെ പേര് പറഞ്ഞു വിഭാഗീയതയുടെ മതിലുകൾ ഉയർത്താൻ വെമ്പൽ കാട്ടുന്ന സമൂഹം, അത് പക്ഷേ പടുത്തുയർത്തേണ്ടത് നമ്മുടെ പെൺമക്കൾക്ക് ചുറ്റുമാണ്. അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി കൂട്ടിലിട്ടു വളർത്താനല്ല മറിച്ച് അധമന്മാരായ ഞരമ്പുരോഗികളിൽ നിന്ന് അവരെ സംരക്ഷിക്കാനായിരിക്കണം എന്ന് മാത്രം. കാരണം ഏതൊരച്ഛനും തന്റെ മകൾ കണ്ടാലും കണ്ടാലും തീരാത്ത ഒരു മനോഹരമായ സ്വപ്നമാണ്; പൂമ്പാറ്റയെപോലെ നിർമ്മലമായ, മനോഹരമായ സ്വപ്നം.

മറുപുറം:
നാടകത്തിന്റെ പേര് എഴുതിയിരിക്കുന്നത് 'അച്ചൻ' എന്നാണ് മറിച്ച് 'അച്ഛൻ' എന്നല്ല. എന്തുകൊണ്ടാണ് ഇങ്ങിനെയൊരു തെറ്റ് കടന്നുവന്നതെന്ന് ചോദിച്ചപ്പോൾ, കഥാകൃത്ത് പറഞ്ഞത്രേ കർക്കശക്കാരനായ അച്ഛനല്ല മറിച്ച് സ്നേഹത്തിന്റെ മൃദുലഭാവമായ അച്ചനാണ് നമുക്ക് വേണ്ടതെന്ന്. സ്നേഹത്തോടൊപ്പം ഇത്തിരി കാർക്കശ്യവും ദേഷ്യവും ഉള്ള അച്ഛൻ തന്നെയാണ് ഏതൊരു കുടുംബത്തിന്റെയും ഭദ്രതയ്ക്ക് നല്ലതെന്ന് ഞാൻ കരുതുന്നു, അതിനാൽ എന്നെ സംബന്ധിച്ചിടത്തോളം അച്ചനല്ല, പകരം അച്ഛൻ തന്നെയാണ് ശരി.

വിരഹം

അപ്രതീക്ഷിതമായി എന്റെ മനസ്സിൽ വേദനകൾ തീർത്ത രണ്ടു വ്യക്തികളെ ഞാൻ ഓർത്തെടുക്കുന്നു. രണ്ടുപേരുടെയും വേർപിരിയൽ എന്നെ എങ്ങിനെ ബാധിച്ചു എന്ന് ഈ ലേഖനം പറയുന്നു. ഒരാൾ അനിവാര്യമായ മരണത്തിലേക്ക് യാത്രയായപ്പോൾ മറ്റൊരാൾ നടത്തിയതാകട്ടെ ജോലി സംബന്ധമായ യാത്രയും. ആദ്യത്തെയാളുടെ മരണവാർത്തയും  മറ്റെയാളിനോട് ഞാൻ വൈകാരികമായി യാത്ര പറഞ്ഞ് പിരിഞ്ഞതും ഒരേ ദിവസമാണെന്ന യാദൃശ്ചികതയും ഇവിടെയുണ്ട്.  

                                                                                     **************
നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന അനേകം മുഖങ്ങളിൽ ഒന്ന്, അങ്ങിനെയായിരുന്നു ഇന്നലെ വരേയ്ക്കും. അതിനപ്പുറത്തേക്ക് ആ ബന്ധത്തിന് ഒരർത്ഥവും പ്രാധാന്യവും ഞാൻ കല്പിച്ചിരുന്നില്ല. പക്ഷെ അപ്രതീക്ഷിതമായി അനിവാര്യമായ മരണത്തിലേക്ക് അയാൾ യാത്രയായപ്പോൾ ഞാൻ അറിയുന്നു, എന്റെ ഉള്ളിലെവിടെയോ അയാൾക്കൊരു സ്ഥാനമുണ്ടായിരുന്നു എന്ന്.

പുറകിലോട്ടു ചീകിയൊതുക്കിയ മുടി, നെറ്റിയിൽ ചെറുനീളത്തിലുള്ള കുങ്കുമക്കുറി, നരച്ച കുറ്റിത്താടി, വിടർന്ന ചിരി, ഒതുങ്ങിയതും എന്നാൽ അധികം ഉയരമില്ലാത്തതുമായ ശരീരം, ജോലി ചെയ്യാനുള്ള ഉത്സാഹം  - ഇത്രയുമായിരുന്നു അയാളിൽ ഞാൻ ശ്രദ്ധിച്ച അടയാളങ്ങൾ. ഞാൻ ജോലി ചെയ്യുന്ന ഓഫീസിനു പുറത്തായി, നടപ്പാതയിൽ മറ്റു പലരെ പോലെ അയാളും ഒരു തട്ടകടയിൽ തന്റെ ഉപജീവനമാർഗ്ഗം കണ്ടെത്തുകയായിരുന്നു. അയാൾ അവിടെ വന്നതെന്നാണെന്നോ, ഞാൻ അയാളെ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്നാണെന്നോ എന്നൊന്നും എനിക്കിപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്, അയാളെ കണ്ടുമുട്ടി പിന്നെയും കുറേനാളുകൾ (അതോ മാസങ്ങളോ?) കഴിഞ്ഞാണ് ഞങ്ങൾ (സന്ദീപും സനീഷും പിന്നെ ഞാനും) ആ കടയിൽ നിന്നും ചായ കുടിക്കാൻ തുടങ്ങിയത്. കുറെ മാസങ്ങളായി വൈകുന്നേരത്തെ ചായ പുറത്തു നിന്ന് കുടിക്കുക എന്നതാണ് ശീലം. പലരെയും മാറി മാറി പരീക്ഷിച്ചതിനുശേഷമാണ് അയാളുടെ കടയിൽ എത്തിയത്. അതും മറ്റ് സുഹൃത്തുക്കൾ അയാളുടെ ചായയെ പറ്റി നല്ലത് പറയുന്നത് കേട്ടത് കൊണ്ട് മാത്രം. നാട്ടിൻപുറത്തു കാണുന്നത് പോലെ വലിയ ഓട്ടുപാത്രത്തിൽ വെള്ളം തിളപ്പിച്ച് ചായപ്പൊടിയിട്ട അരിപ്പയിലൂടെ ഗ്ലാസ്സിലേക്കൊഴിച്ച് പാലും പഞ്ചസാരയും ചേർത്ത് നീട്ടിയടിച്ചാണ് അയാൾ ചായ ഉണ്ടാക്കിയിരുന്നത്. എന്ത് കൊണ്ടോ ഞങ്ങൾ ആ ചായയെ ഇഷ്ടപ്പെട്ടു. മറ്റു കടകളിൽ കാണുന്നതിനേക്കാളും വലുപ്പമുള്ള ഗ്ലാസ്സുകൾ. അതിൽ മുക്കാൽ ഭാഗം മാത്രമേ ചായ നിറക്കാറുള്ളൂ, ബാക്കി പതയും. ഗ്ലാസ് നിറച്ചും ചായ കാണാനാഗ്രഹിക്കുന്ന എന്നെ അത് തെല്ലൊന്ന്  അലോസരപ്പെടുത്തിയെങ്കിലും ഈ കടയിലെ നിത്യസന്ദർശകരായി ഞങ്ങൾ മാറുകയായിരുന്നു. കട തുറക്കാത്ത ദിവസങ്ങളിൽ മാത്രമാണ് ഞങ്ങൾ മറ്റു മേച്ചിൽപ്പുറങ്ങൾ തേടി പോയിരുന്നത്. ഒന്നോ രണ്ടോ അല്ലെങ്കിൽ ഏതാനും ദിവസങ്ങളോ  കഴിഞ്ഞ് അയാൾ തിരിച്ചുവന്നാൽ ഉടനെ ഞങ്ങൾ താവളം വീണ്ടും അവിടുത്തേക്ക്‌ തന്നെ മാറ്റുമായിരുന്നു. ദൂരെ നിന്ന് ഞങ്ങളെ കാണുമ്പോൾ തന്നെ ചിരിച്ചു കൊണ്ട് അയാൾ ചായയെടുക്കാൻ തുടങ്ങും.അത്യാവശ്യം മലയാളം അറിയാമായിരുന്നു അങ്ങേർക്ക്. ആ ചിരിയിൽ എന്തോ ഒരാകർഷണീയത ഞാൻ കണ്ടു. ഭാര്യയും മകളും ബന്ധുക്കളും അടങ്ങുന്ന സംഘമായിട്ടായിരുന്നു അയാൾ അവിടെ കട നടത്തിയിരുന്നത് (കൂടെയുള്ളവരെപ്പറ്റിയുള്ള വിവരങ്ങൾ തന്നത് സുഹൃത്തായ അനിലായിരുന്നു). ചായയോടൊപ്പം എണ്ണയിൽ വറുത്തെടുത്ത ചില പലഹാരങ്ങളും അവിടെയുണ്ടായിരുന്നു. പക്ഷെ ഞങ്ങൾ അതിൽ അധികം കൈ കടത്തിയില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആ കട അടച്ചു കിടക്കുന്നതു കണ്ട്  ഞങ്ങൾ വേറെ കടയിൽ കുടികെടപ്പ് തുടങ്ങി. പതിവുപോലെ ഒന്നോ രണ്ടോ ഏറിയാൽ നാലോ ദിവസത്തിനകം കട തുറക്കുമെന്ന് പ്രതീക്ഷിച്ച്‌ എന്നും വൈകീട്ട് ഞങ്ങൾ അതിന്റെ മുന്നിലെത്തും. ആളില്ല എന്ന് കാണുമ്പോൾ പുതിയ താവളത്തിലേക്ക് ചെല്ലും. ദസറ അവധിക്കു നാട്ടിൽ പോയതായിരിക്കും എന്നും അതല്ല കച്ചവടം മോശമായതിനാൽ  നിർത്തി പോയതായിരിക്കാമെന്നും ഒക്കെ ഞങ്ങൾ ആ അഭാവത്തെ വ്യാഖ്യാനിച്ചു. അയാളുടെ അസാന്നിദ്ധ്യം ഞങ്ങളുടെ ദിനചര്യയെ തെല്ലും ബാധിച്ചതേയില്ല. പതിവ് പോലെ പുതിയ കടയിൽ നിന്ന് ചായയും വാങ്ങി സൊറ പറഞ്ഞു ഞങ്ങൾ നേരം പോക്കി. ഏതാണ്ട് ഒരാഴ്ച മുൻപാണെന്ന് തോന്നുന്നു, കട വീണ്ടും തുറന്നിരിക്കുന്നത് കണ്ടു. എല്ലാവരും പഴയതു പോലെ ജോലിയെടുക്കുന്നു, അയാൾ ഒഴിച്ച്. അയാളെ മാത്രം അവിടെ കണ്ടില്ല. ഞങ്ങൾ ചോദിച്ചുമില്ല. അയാൾ ഇല്ലാത്തതിനാൽ ഞങ്ങൾ പുതിയ സങ്കേതത്തിലേക്കു നടന്നു. ദിവസങ്ങൾ നാലഞ്ച് കഴിഞ്ഞുപോയി.നമ്മുടെ നായകൻ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം പതിവുപോലെ കാര്യങ്ങൾ നടത്തിക്കൊണ്ടിരുന്നു.വേറെ എവിടെയെങ്കിലും കട തുടങ്ങിയിട്ടുണ്ടാകുമെന്ന് ഞങ്ങൾ പുതിയ വ്യാഖ്യാനം ചമച്ചു. ഇന്നലെ പതിവിനു വിപരീതമായി സതീഷും അനിലും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ഈ കടക്കാരനെക്കുറിച്ചു മുൻപ് ഞങ്ങൾക്ക് പറഞ്ഞു തന്നതും അവരായിരുന്നു . അവർ കൂടെയുള്ളതിനാൽ എല്ലാവരും ആ കടയിൽ കയറി. കയറും മുൻപ് അനിൽ പറഞ്ഞ വാക്യം എന്നെ വല്ലാതെ അമ്പരിപ്പിച്ചു കളഞ്ഞു."ഇനി എന്നും നിങ്ങൾ ഇവിടെ നിന്നും ചായ കുടിക്കണം, നമ്മുടെ കടക്കാരൻ ഒരു അപകടത്തിൽ കുറച്ചു ദിവസം മുൻപ് മരിച്ചു പോയി.." അനിൽ തമാശ പറയുകയാണോ എന്ന് പോലും ഞാൻ ചിന്തിച്ചു. ഞങ്ങളുടെ വിദൂരചിന്തകളിൽ പോലും അങ്ങിനെയൊരു സാധ്യതയുണ്ടായിരുന്നില്ല. എന്നിൽ നിന്നും മറ്റുള്ളവർ ഇക്കാര്യമറിഞ്ഞപ്പോൾ അവർക്കും അവിശ്വസനീയമായി തോന്നി. ഞാൻ കടയിലെ ആൾക്കാരെ നോക്കി. അവിടെ ഒരു മാറ്റവും കണ്ടില്ല. അയാളുടെ ഭാര്യ പഴയതു പോലെ ചിരിച്ചു കൊണ്ട് എന്തോ എണ്ണയിലിട്ട് പൊരിക്കുന്നു. മോളും മറ്റുള്ളവരും അവരവരുടെ ജോലിയിൽ മുഴുകിയിരിക്കുന്നു. ചായയടിക്കുന്ന ആൾ മാത്രം മാറിയിരിക്കുന്നു. സാധാരണപോലെ തമാശകൾ പറഞ്ഞു കൊണ്ട് ഞങ്ങൾ ചായ കുടിക്കുന്നതിനിടയിൽ പതുക്കെ പതുക്കെ ഒരു നൊമ്പരമായി അയാൾ എന്റെ മനസ്സിലേക്ക് പടർന്നു കയറുന്നതു ഞാൻ അറിഞ്ഞു. തമാശകളിൽ മനസ്സിനെ ഉറപ്പിക്കാൻ കഴിയാതെ ഞാൻ വിഷമിച്ചു. ഒരു ചായ കുടിക്കുമെന്നല്ലാതെ ഇതുവരെ ഞങ്ങളാരും അയാളോട് സൗഹൃദം സ്ഥാപിച്ചിരുന്നില്ല, 'രണ്ട് ചായ' അല്ലെങ്കിൽ 'മൂന്ന് ചായ' എന്ന വാക്കല്ലാതെ അതിനപ്പുറത്തേക്ക് ഇതുവരെ ഒന്നും മിണ്ടിയിരുന്നില്ല. എന്നിട്ടും എങ്ങിനെയാണ് ഇയാൾ എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചത്? എന്ത് കൊണ്ടാണ് ഈ മരണം എന്നെ വേദനിപ്പിക്കുന്നത്? ഈ ചോദ്യങ്ങൾക്കൊന്നും എന്റെ കൈയ്യിൽ ഉത്തരമില്ല. പക്ഷെ ഒന്ന് മാത്രം ഞാൻ അറിയുന്നു; നിഷ്കളങ്കമായി ചിരിക്കാറുണ്ടായിരുന്ന ഏറെക്കുറെ അപരിചിതനായ, പേരുപോലും അറിയാത്ത ആ മനുഷ്യന്റെ ഓർമ്മകൾ കുറച്ചുകാലം എന്നെ വിടാതെ പിന്തുടരുമെന്നതും ചെറുതായി നൊമ്പരപ്പെടുത്തുമെന്നതും.

                                                      *****************************************************

വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരു പാട് കാലത്തെ പരിചയക്കാരാണെന്ന അവസ്ഥയിലേക്ക് മാറിയ ഒരു സ്നേഹബന്ധം. ജോലിസംബന്ധിയായ ഒരു യാത്ര മൂലം  അപ്രതീക്ഷിതമായി ആ ബന്ധത്തിന് അർദ്ധവിരാമം ഇടേണ്ടി വന്നപ്പോൾ അനുഭവിച്ച വേദനയിൽ നിന്ന് എഴുതിയ കുറിപ്പ്.

വിടർന്ന ചിരിയോടെ അവൻ എന്നെ ഇങ്ങോട്ട് പരിചയപെടുകയായിരുന്നു. കുറച്ചു ആഴ്ചകളായി എല്ലാ ശനിയും ഞായറും പരസ്പരം കാണുന്നത് കൊണ്ടായിരിക്കാം എന്നെ പരിചയപ്പെട്ടേക്കാം എന്നവന് തോന്നിയത്.അതൊരു തുടക്കമായിരുന്നു. ഒരു വലിയ സൗഹൃദത്തിലേക്ക് ഞങ്ങൾ പരസ്പരം കൈപിടിച്ച് നടന്നുകയറുകയായിരുന്നു. ഞങ്ങളുടെ മക്കൾ നൃത്തം പഠിക്കുന്ന കേരളസമാജത്തിലെ കണ്ടുമുട്ടലാണ് ഞങ്ങളെ പരിചയപ്പെടാൻ ഇടയാക്കിയത്. വെളുത്തു മെലിഞ്ഞ അധികം ഉയരമില്ലാത്ത ചിരിച്ച മുഖത്തോടെയുള്ള തൃശൂർക്കാരനായ ഒരു മേനോൻ യുവാവ്. ക്ലാസ് കഴിയുന്നത് വരെ ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരുന്നു മുഷിഞ്ഞിരുന്ന എന്നെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസകരമായിരുന്നു ആ പരിചയപ്പെടൽ. ഡാൻസ് ക്ലാസ് നടക്കുന്ന ഒരു മണിക്കൂർ സമയം ഞങ്ങളെ കൂടുതൽ അടുപ്പിച്ചു. ജോലിയെപ്പറ്റിയും കുടുംബത്തെപ്പറ്റിയും ഒക്കെ ചർച്ച ചെയ്തു. ഒരു മണിക്കൂർ കടന്നു പോകുന്നത് ഞങ്ങൾ അറിഞ്ഞിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം. സംസാരപ്രിയരായിരുന്നു രണ്ടുപേരും എന്നതും അനുകൂലഘടകമായി. പച്ചക്കറി വാങ്ങാൻ പോകുമ്പോഴും സൂപ്പർമാർക്കെറ്റിൽ പോകുമ്പോഴും പരസ്പരം അനുഗമിച്ചു. അതിനിടയിൽ കുടുംബങ്ങൾ തമ്മിൽ പരിചയപ്പെട്ടു. കുട്ടികൾ തമ്മിൽ നല്ല കൂട്ടായി.അവന്റെ ഇളയകുട്ടി അമ്മിണി ഞങ്ങളുടെയും ഓമനയായി മാറി. അവളുടെ കൊഞ്ചലിൽ, കളിചിരിയിൽ ഞങ്ങളും സ്വയം മറന്നു. അവളുടെ കൂടെ കളിക്കാൻ എന്റെ മോൾക്കും ആവേശമായിരുന്നു. വെറുതെ ഇരുന്ന് മുഷിഞ്ഞിരുന്ന ഡാൻസ് ക്ലാസിനു പുറത്തുള്ള നിമിഷങ്ങൾ ചൂടേറിയ ചർച്ചകൾക്ക് വഴി മാറി. മോളേക്കാൾ ആവേശത്തോടെ ഞാൻ സമാജത്തിൽ പോകുന്നത് കാണുമ്പോൾ ഭാര്യ കളിയാക്കി. ആരെങ്കിലും ഒരാൾ നാട്ടിൽ പോയാൽ വല്ലാത്ത ശൂന്യതഅനുഭവപ്പെടുമായിരുന്നു. ഈ അടുപ്പം ഒരുമിച്ചു സമാജത്തിലെ കമ്മിറ്റിയിൽ ചേരുന്നതുവരെയായി. പക്ഷെ പെട്ടെന്നായിരുന്നു കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. ജോലിസംബന്ധമായ ആവശ്യത്തിന് അവൻ നെതെർലാന്റിൽ പോകാൻ തീരുമാനിച്ചു. വളരെ വേദനയോടെയാണ് ഞാനും എന്റെ കുടുംബവും ആ വാർത്ത ഏറ്റെടുത്തത്. ഹൃദയത്തിലെവിടെയോ ഒരു പോറലുണ്ടാക്കി അത്. പോകാൻ മനസ്സില്ലെന്ന് അവനും പറഞ്ഞു. മോൾക്കും വിഷമമായി. 'ഇനി എന്നാണ് അമ്മിണിയെ കാണാൻ പറ്റുക?' എന്ന് മോളും സങ്കടത്തോടെ ചോദിച്ചു. എല്ലാ ദുഖവും ഉള്ളിലൊതുക്കി ഞങ്ങൾ അവർക്ക് ആശംസകൾ നേരുകയാണ്. വീണ്ടും കാണാമെന്ന പ്രത്യാശയോടെ, ഈ സ്നേഹം ഇതുപോലെ നിലനില്കും എന്ന പ്രതീക്ഷയോടെ. അല്ലെങ്കിലും ജീവിതം എന്ന് പറയുന്നത് അപ്രതീക്ഷിതമായ ഉയർച്ചകളും താഴ്ചകളും സുഖവും ദുഖവും ഒക്കെ നിറഞ്ഞതാണല്ലോ. അത് അംഗീകരിച്ച്‌ മുന്നോട്ട് പോകുക എന്നത് നമ്മുടെ കടമയും.