പേജുകള്‍‌

ഒരു നാടകാനുഭവം


വടകര വരദ അവതരിപ്പിച്ച 'അച്ചൻ' എന്ന നാടകം കണ്ട അനുഭവത്തിൽ നിന്ന് എഴുതിയത്.

ഇന്നലെ ഞാനൊരു നാടകം കണ്ടു, വർഷങ്ങൾക്ക് ശേഷം. വർഷങ്ങൾ നീണ്ട ഈ ഇടവേള തന്നെയാണ് നാടകം കാണാൻ എന്നെ പ്രേരിപ്പിച്ച ആദ്യ ഘടകം. നാടകം നടക്കുന്നത് വീട്ടിൽ നിന്ന് നടന്നു പോകാനുള്ള ദൂരത്തിലാണെന്നതും എന്റെ ഒരു ഇളയച്ഛൻ അംഗമായ സമാജമാണ്‌ ഇത് സംഘടിപ്പിക്കുന്നതെന്നതും നാടകം കാണാനുള്ള തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു. പ്രഗത്ഭ എഴുത്തുകാരനായ എം മുകുന്ദന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട 'അച്ചൻ' എന്ന ചെറുകഥയെ ആസ്പദമാക്കി രൂപപ്പെടുത്തിയ നാടകമായിരുന്നു. വടക്കൻ പാട്ടിന്റെ നാടായ വടകരയിലെ ഒരു കൂട്ടം കലാപ്രേമികളുടെ സംരംഭമായ 'വരദ'യാണ് നാടകം അണിയിച്ചൊരുക്കിയത്.

അങ്ങിനെ ഡിസംബറിലെ മഞ്ഞുപെയ്യുന്ന സന്ധ്യാനേരത്ത് സുഹൃത്തുക്കളായ ഹരിയോടും സന്ദീപിനുമൊടപ്പം ഞാൻ നാടകം കാണാനിറങ്ങി. കേരളത്തിന് പുറത്തു ജനിച്ചു വളരാൻ വിധിക്കപ്പെട്ടവനായതിനാൽ നാടകം എന്ന് കേട്ടതല്ലാതെ അത് എന്താണെന്ന് കാണാനുള്ള ഭാഗ്യം ഇതുവരെ സന്ദീപിനുണ്ടായിരുന്നില്ല. ഹരിയാകട്ടെ നല്ലൊരു പുസ്തകപ്രേമിയും കലാസ്വാദകനും നാടകം കാണുന്നത് ഒരു ലഹരിയായി മാറ്റിയവനുമാണ്. അതിനാൽ തന്നെ നാടകം കാണാനുള്ള തീരുമാനത്തിലെത്താൻ ഞങ്ങൾക്ക് അധികം ആലോചിക്കേണ്ടി വന്നില്ല (ഹരിയുടെ ഭാര്യയായ രൂപക്കും നാടകം കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ,ഏതാനും ദിവസങ്ങൾക്ക് മുൻപ് അപ്രതീക്ഷിതമായി കടന്നുവന്ന നടുവേദനയ്ക്ക് ചികിത്സയായി മൂന്നാഴ്ചത്തെ പരിപൂർണ്ണ വിശ്രമം വൈദ്യന്മാർ നിർദ്ദേശിച്ചപ്പോൾ അനുസരിക്കുകയല്ലാതെ വേറൊരു മാർഗ്ഗവും രൂപയുടെ മുന്നിലില്ലായിരുന്നു. നല്ലൊരു വായനക്കാരിയും നാടകപ്രേമിയും കവിതാരചനയിൽ താല്പര്യമുള്ളവളുമാണ് രൂപ എന്ന് കൂടി പറഞ്ഞാലേ നാടകം കാണാത്തതിൽ അവൾക്കുണ്ടായ സങ്കടത്തിന്റെ ആഴം മനസ്സിലാക്കാൻ പറ്റുകയുള്ളൂ). 2 മണിക്കൂറോളമുള്ള നാടകം മുഷിപ്പിക്കുമോ എന്നൊരാശങ്ക ഉണ്ടായിരുന്നു. അവധിദിവസമായ ഞായറാഴ്ചയായിട്ടുപോലും തിരക്ക് വളരെ കുറവായിരുന്നു. സിനിമയുടെയും ടെലിവിഷന്റെയും അതിപ്രസരത്തിൽ വീണുപോയവർക്ക് ആസ്വദിക്കാൻ പറ്റുന്നതല്ലല്ലോ നാടകം.

വേദിയുടെ ഏതാണ്ട് മുന്നിൽ തന്നെയായിരുന്നു ഞങ്ങളുടെ ഇരിപ്പിടം. അധികം താമസിയാതെ നാടകം ആരംഭിച്ചു. ഒരു ചായപ്പീടികയിലെ വർത്തമാനത്തിൽ നിന്ന് പതുക്കെ പതുക്കെ ഞങ്ങളെ ഒരു അച്ഛന്റെയും മകളുടെയും ലോകത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും അതിനിടയിലെ അമ്മയുടെ കുശുമ്പും ഒക്കെ മനോഹരമായിത്തന്നെ ഞങ്ങളെ കാണിച്ചുതന്നു. എല്ലാ നാട്ടിലും കാണുന്നത് പോലെ ഇവിടെയുമുണ്ടായിരുന്നു പ്രമാണിയും സർവ്വോപരി പരദൂഷണക്കാരനും സ്ത്രീലമ്പടനുമായ കുറുപ്പാൾ. അദ്ദേഹത്തിന്റെ പ്രകടനം പലപ്പോഴും കാണികളിൽ ചിരിയുണർത്തി. അച്ഛന്റെയും മകളുടെയും ബന്ധത്തെ വരെ മോശമായി പറഞ്ഞു നടന്ന് കുടുംബം കലക്കാൻ നോക്കുന്ന സാമൂഹ്യവിരുദ്ധർ തീർച്ചയായും ഇന്നത്തെക്കാലത്ത് ഏതൊരു സമൂഹത്തിലും കാണാൻ കഴിയുന്ന കഥാപാത്രങ്ങൾ തന്നെയാണ്. 'അച്ഛന്റെ മണമില്ലാതെ എനിക്കുറങ്ങാൻ കഴിയില്ല' എന്നൊരു മകൾ പറയുമ്പോൾ അലിയാത്ത പിതൃഹൃദയമുണ്ടാവുമോയെന്ന് സംശയമാണ്. എന്നാൽ 'മകൾ ഈ ലോകത്തിലുള്ളവർക്ക് ഒരു സാധാരണ പെണ്ണ് മാത്രമാണെന്നും എന്നാൽ അച്ഛനായ തനിക്ക് അവൾ കണ്ടാലും തീരാത്ത സ്വപ്‌നമാണെന്ന്‌' ആ അച്ഛൻ പറയുമ്പോൾ ആ പിതൃ-പുത്രീ ബന്ധം വാക്കുകൾക്കതീതമാവുകയാണ്. ഇതിനപ്പുറം ആ സ്നേഹബന്ധത്തെ പറ്റി വർണ്ണിക്കാൻ പറ്റില്ല എന്ന് നമ്മൾ കാണികൾക്കു തോന്നിപോകും.

അപ്രതീക്ഷിതമായി മകൾക്കു സംഭവിക്കുന്ന ദുരന്തത്തിന് കാരണക്കാരൻ സ്നേഹനിധിയായ അച്ഛനാണെന്ന തെറ്റിദ്ധാരണയിൽ നാട്ടുകാരോടൊപ്പം ഭാര്യയും അയാളെ ആട്ടിപ്പുറത്താക്കുകയാണ്. മാനസികനില തെറ്റിയ മകളാവട്ടെ ഒന്നുമറിയുന്നുമില്ല. ഒടുവിൽ യഥാർത്ഥ പ്രതിയെ കണ്ടെത്തുമ്പോഴേക്കും വ്രണിതഹൃദയവുമായി ആ മനുഷ്യൻ നാടുവിട്ടു പോവുകയാണ്. എങ്ങോട്ടെന്നറിയാതെ, ആരോടും ഒന്നും മിണ്ടാതെ. തെറ്റ് മനസ്സിലാക്കിയ ഭാര്യ, അച്ഛന്റെ മണമില്ലാതെ ഉറങ്ങാൻ കഴിയില്ല എന്ന് പറഞ്ഞു കരയുന്ന മകളോടൊപ്പം കാത്തിരിക്കുകയാണ്, യാത്രക്കാരെ കുത്തിനിറച്ചു കടന്നുപോകുന്ന ഏതെങ്കിലും ഒരു തീവണ്ടിയിൽ അവരുടെ പ്രിയപ്പെട്ടയാളിന്റെ വരവും കാത്ത്. മറ്റുള്ളവർക്കായി ഉള്ളം നീറിക്കൊണ്ട് കുതിച്ചുപായുന്ന തീവണ്ടിയെപ്പോലെ അവരുടെ ഉള്ളും ഉരുകുകയാണ്, തങ്ങൾക്ക് നഷ്ടപ്പെട്ട ദൈവത്തിനായി.

നാടകം കഴിയുമ്പോൾ ഈ അമ്മയേയും മകളേയും പോലെ കാണികളും ആഗ്രഹിച്ചുപോകുന്നു അയാളുടെ തിരിച്ചു വരവിനായി.
നാഴികകൾ നീണ്ട ഈ നാടകത്തിനിടയിൽ ഒരു തുള്ളി കണ്ണുനീരെങ്കിലും കൺകോണിൽ ഉരുണ്ടു കൂടാത്ത കാണികളുണ്ടാവില്ല. അത്രയ്ക്ക് തീവ്രമേറിയ, ഹൃദയസ്പർശിയായ ആവിഷ്കാരമായിരുന്നു 'വരദ'യുടേത്. അഭിനേതാക്കളൊക്കെ ഒന്നിനൊന്നു മികച്ചതായിരുന്നു. സംവിധാനമായാലും സംഭാഷണമായാലും പശ്ചാത്തലമായാലും കവിതയായാലും തിരക്കഥയായാലും ഏതാണ് കൂടുതൽ മികച്ചതെന്ന് എടുത്തു പറയാൻ സാധിക്കില്ല. തികച്ചും കാലികപ്രസക്തിയുള്ള ഒരു വിഷയം ഏറെ മനോഹരമായും ലളിതമായും കാണികളെ പിടിച്ചിരുത്തുന്ന രീതിയിൽ എങ്ങിനെ അവതരിപ്പിക്കാം എന്ന് വടകര വരദ നമുക്ക് കാണിച്ചു തരുന്നു.

നാടകാന്തം, കാണികളുടെ അഭിപ്രായം ചോദിച്ചപ്പോൾ മേൽപറഞ്ഞ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം എനിക്ക് കിട്ടി. അതിന് അവതാരകൻ ഷിബുവിന്‌ നന്ദി പറഞ്ഞേ തീരൂ (കൂട്ടത്തിൽ പറയട്ടെ, അണിയറയിൽ ചെന്ന് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഉള്ളുതുറന്ന് അഭിനന്ദിക്കാൻ ഞാൻ മറന്നിരുന്നില്ല).
നാടകം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ, സന്ദീപ് പറഞ്ഞു, "ഇവർക്ക് എന്തുകൊണ്ട് സിനിമയിൽ അവസരം കിട്ടുന്നില്ല എന്നതാണ് എനിക്കത്ഭുതം' എന്ന്. കാണികളിൽ നിന്ന് കിട്ടുന്ന ഈ നല്ല വാക്കുകൾ തന്നെയാണ് ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഏതൊരവാർഡിനേക്കാളും മഹത്തരം. വടകര വരദ എന്ന നാടകകുടുംബവും അതിലെ അംഗങ്ങളും ഇത്തരം പ്രശംസകൾ തീർച്ചയായും അർഹിക്കുന്നു. അതവർക്ക് കൂടുതൽ ഉയരങ്ങളിൽ എത്താനുള്ള ഊർജ്ജം നൽകട്ടെ. നവോഥാനത്തിന്റെ പേര് പറഞ്ഞു വിഭാഗീയതയുടെ മതിലുകൾ ഉയർത്താൻ വെമ്പൽ കാട്ടുന്ന സമൂഹം, അത് പക്ഷേ പടുത്തുയർത്തേണ്ടത് നമ്മുടെ പെൺമക്കൾക്ക് ചുറ്റുമാണ്. അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി കൂട്ടിലിട്ടു വളർത്താനല്ല മറിച്ച് അധമന്മാരായ ഞരമ്പുരോഗികളിൽ നിന്ന് അവരെ സംരക്ഷിക്കാനായിരിക്കണം എന്ന് മാത്രം. കാരണം ഏതൊരച്ഛനും തന്റെ മകൾ കണ്ടാലും കണ്ടാലും തീരാത്ത ഒരു മനോഹരമായ സ്വപ്നമാണ്; പൂമ്പാറ്റയെപോലെ നിർമ്മലമായ, മനോഹരമായ സ്വപ്നം.

മറുപുറം:
നാടകത്തിന്റെ പേര് എഴുതിയിരിക്കുന്നത് 'അച്ചൻ' എന്നാണ് മറിച്ച് 'അച്ഛൻ' എന്നല്ല. എന്തുകൊണ്ടാണ് ഇങ്ങിനെയൊരു തെറ്റ് കടന്നുവന്നതെന്ന് ചോദിച്ചപ്പോൾ, കഥാകൃത്ത് പറഞ്ഞത്രേ കർക്കശക്കാരനായ അച്ഛനല്ല മറിച്ച് സ്നേഹത്തിന്റെ മൃദുലഭാവമായ അച്ചനാണ് നമുക്ക് വേണ്ടതെന്ന്. സ്നേഹത്തോടൊപ്പം ഇത്തിരി കാർക്കശ്യവും ദേഷ്യവും ഉള്ള അച്ഛൻ തന്നെയാണ് ഏതൊരു കുടുംബത്തിന്റെയും ഭദ്രതയ്ക്ക് നല്ലതെന്ന് ഞാൻ കരുതുന്നു, അതിനാൽ എന്നെ സംബന്ധിച്ചിടത്തോളം അച്ചനല്ല, പകരം അച്ഛൻ തന്നെയാണ് ശരി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ