പേജുകള്‍‌

വയനാടൻ യാത്രാവിശേഷങ്ങൾ

 

വയനാട് - പ്രകൃതി രമണീയമായ സ്ഥലം. പേരിന്റെ അർഥം തേടിപ്പോയാൽ വയലുകളുടെ നാട് എന്നും. പച്ചപ്പട്ടുപുതച്ചു കിടക്കുന്ന പശ്ചിമ മലനിരകളും വയലേലകൾ നിറഞ്ഞ താഴ്വാരങ്ങളാലും അതീവസുന്ദരിയായിരുന്നു ഈ നാട്. ഈറ്റക്കാടുകളും വന്മരങ്ങളും പലതും മനുഷ്യന്റെ ആർത്തിയുടെ ഫലമായി നിലംപതിച്ചെങ്കിലും കോടമഞ്ഞിന്റെ പഴയ തണുപ്പില്ലെങ്കിലും ഇന്നും സന്ദർശകരുടെ ഹരമാണ് ഈ മലനാട്. കണ്ണിന് കുളിരണിയിക്കുന്ന കാഴ്ചകളും കാതിനിമ്പമേകുന്ന കിളിക്കൊഞ്ചലുകളും പാൽനുരയൊഴുക്കുന്ന കബനി നദിയും അതിലെ വെള്ളച്ചാട്ടങ്ങളും ചരിത്രമുറങ്ങുന്ന ഗുഹകളും സാഹസികത നിറച്ചുവെച്ച വിനോദസഞ്ചാരമേഖലകളും വായിൽ വെള്ളം നിറയ്ക്കുന്ന രുചികരമായ ഭക്ഷണങ്ങളും എന്നുവേണ്ട പറഞ്ഞാൽ തീരാത്തത്രയും വിഭവങ്ങളുണ്ട് സഞ്ചാരികൾക്ക് ഈ പ്രദേശം തിരഞ്ഞെടുക്കാൻ. പക്ഷെ ഇതിനേക്കാളുപരി എല്ലാവരും ഒത്തുചേർന്ന നിമിഷങ്ങൾ പങ്കിടാൻ ബാംഗളൂരിൽ നിന്നും അധികം ദൂരെയല്ലാത്ത ഒരിടം എന്നതുമാത്രമായിരുന്നു ഈ പ്രദേശം തിരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ഞങ്ങൾ എന്നുപറഞ്ഞാൽ കേരളത്തിലെ പല പല ജില്ലകളിൽ നിന്നും ജീവിതവൃത്തിക്കായി ബാംഗ്ളൂരിൽ എത്തി പലയിടങ്ങളിലായി ചുറ്റിത്തിരിഞ്ഞ് ഒടുവിൽ ശരണ്യ സരോവർ എന്ന ഇടത്തരം ഭവനസമുച്ചയത്തിൽ താമസിക്കുന്ന പത്ത് വീട്ടുകാർ. ഊരുചുറ്റുന്ന കാര്യത്തിലും തിന്നുന്ന കാര്യത്തിലും പരസ്പരം കളിയാക്കുന്ന കാര്യത്തിലും തൊലിക്കട്ടിയുടെ കാര്യത്തിലും ഏതാണ്ട് സമാനമനസ്കരായ പത്ത് വീട്ടുകാർ! വൈദേശികാക്രമണമായിരുന്നു ആദ്യത്തെ ഉദ്ദേശം. പക്ഷേ, പടയും പടക്കോപ്പുകളുമില്ലെന്നറിഞ്ഞ് ഗോവ വഴി പോണ്ടിച്ചേരി കടൽത്തീരം സ്വപ്നത്തിൽ കീഴടക്കി ഒടുവിൽ ഉള്ള കാലാൾപ്പടയുമായി വയനാടൻ മലനിരയിലേക്ക് നീങ്ങാൻ വിധിക്കപ്പെട്ട പാവം ശിപ്പായിമാർ. എങ്കിലും കൈയ്യിലുള്ള തുരുമ്പിച്ച കോപ്പുകളുമായി, ആക്രമിക്കാൻ വന്ന കോഴിയോടും ആടുമാടുകളോടും നിർദ്ദയം പോരാടി അവരെ കീഴടക്കി ഏമ്പക്കവും വിട്ട് യുദ്ധച്ചെലവ് കണ്ടു കണ്ണുതള്ളിപ്പോയി എന്നത് പറയാതിരിക്കാനാവില്ല.  

ഏതാണ്ട് ഒരുമാസത്തെ തയ്യാറെടുപ്പുകളുണ്ടായിരുന്നു. ലക്‌ഷ്യം തീരുമാനിക്കാൻ തന്നെ കുറച്ചുദിവസങ്ങൾ വേണ്ടി വന്നു. അതിനുശേഷം എവിടെ പള്ളിയുറങ്ങുമെന്നതായിരുന്നു അടുത്ത ചിന്ത. സുലൈമാൻ പപ്പുവിനെപ്പോലെ പതിവായി താമരശ്ശേരി ചുരം കയറിയിറങ്ങുന്ന സന്ദീപിനെ ആ പണി ഏൽപ്പിച്ചു. പലവിധ കൂടിയാലോചനകൾക്കുശേഷം അതിന്റെ കാര്യത്തിലും തീരുമാനമായി. അവിടെ ചെന്നിട്ട് എന്ത്, എങ്ങനെ എന്നത് ചാറ്റ് ജി പി ടി യിൽ ഗവേഷണം നടത്തി മഞ്ജിമ തയ്യാറാക്കി. ദോഷം പറയരുതല്ലോ ശ്വാസം വിടാൻ പോലും സമയം കിട്ടരുതെന്ന ഉദ്ദേശത്തോടെയാണ് ജി പി ടി ചേട്ടൻ സംഭവം തയ്യാറാക്കിയത്, പക്ഷേ നമ്മളാരാ മൊതല്? ഏതായാലും ആക്രമണം കഴിഞ്ഞിട്ട് സമയം ഉണ്ടെങ്കിൽ മാത്രമേ നാടുചുറ്റാനിറങ്ങു എന്ന നമ്മുടെ പദ്ധതി അങ്ങേർക്ക് പിടികിട്ടിയിരുന്നില്ല. സഞ്ചരിക്കാനുള്ള ശകടം സംഘടിപ്പിക്കാനുള്ള ചുമതല എനിക്കായിരുന്നു. കൈയ്യിലുണ്ടായിരുന്ന ബന്ധം വെച്ച് ഒരാളെ മുട്ടി. മറുപടി കിട്ടുന്നയിടത്തോളം മുട്ടി ശല്യപ്പെടുത്തിയപ്പോൾ കാര്യം നടന്നു. അല്ലെങ്കിലും മുട്ടുവിൻ തുറക്കപ്പെടും എന്നാണല്ലോ. ഈ ശകടത്തിന്റെ പേരിൽ പിന്നീട് പലരും എന്റെ നെഞ്ചത്തോട്ട് കയറാൻ വന്നു എന്നത് മറ്റൊരുകാര്യം. പിന്നെ നമ്മുടെ പിള്ളേരായതുകൊണ്ട് ഒക്കെ ക്ഷമിച്ചു എന്നുപറഞ്ഞാൽ മതിയല്ലോ. യാത്ര ചെയ്യുമ്പോൾ കൊറിക്കാനുള്ള വക വാങ്ങാൻ ചിലരോട് പറഞ്ഞപ്പോൾ അവർക്കൊക്കെ മൊട. അതിനാൽ ഒന്നിൽ കൂടുതൽ ആൾക്കാർ എന്തൊക്കെയോ വാങ്ങിക്കൊണ്ടുവന്നു. കുറേ തിന്നു, കുറേ ബാക്കിയായി. ഏതായാലും ചൂടേറിയ ചർച്ചകൾക്കും തയ്യാറെടുപ്പുകൾക്കും ശേഷം ഒക്ടോബർ 31 നു രാവിലെ അഞ്ചരയോടെ ആ ശകടം മുപ്പത്തിമൂന്നു പേരെയും വഹിച്ചുകൊണ്ട് സുൽത്താൻ ബത്തേരിയിലേക്ക് കുതിച്ചു. കുതിപ്പിന്റെ ശക്തി കൊണ്ടായിരിക്കാം രണ്ടടി മുന്നോട്ടു വെക്കുമ്പോൾ ഒരടി പിന്നോട്ട് എന്ന രീതിയിലായിരുന്നു വാഹനം നീങ്ങിയിരുന്നത്. ഏതായാലും എട്ടു മണി കഴിഞ്ഞപ്പോൾ ഞങ്ങൾ വയറിന്റെ വിളി കേട്ടു. റോഡരികിൽ കണ്ട അധികം വലുതല്ലാത്ത എന്നാൽ കാഴ്ചയ്ക്ക് തെറ്റില്ലാത്ത ഒരു ഭക്ഷണശാലയുടെ മുന്നിൽ വാഹനം നിർത്തി. വാഹനം നിർത്തിയെങ്കിലും ആരും സംസാരം നിർത്തിയിരുന്നില്ല. അല്ലെങ്കിലും ഞങ്ങൾക്ക് വയർ നിറഞ്ഞാലും ഒഴിഞ്ഞാലും സംസാരിച്ച് നിറയാറുമില്ല, വാക്കുകൾ ഒഴിയാറുമില്ല. ഞങ്ങളെ ഒരുമിച്ചു കണ്ടതിന്റെ സന്തോഷം കൊണ്ടാണോ അതോ പണി പാളിയെന്ന് തോന്നിയതിനാലാണോ എന്നറിയില്ല ഒരു വല്ലാത്ത ഭാവത്തോടെയായിരുന്നു അവിടുത്തെ ജോലിക്കാർ ഞങ്ങളെ വരവേറ്റത് (ദേഹണ്ഡക്കാരൻ രണ്ടാഴ്ച അവധിയിൽപ്പോയി എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. ഇവിടെ മാത്രമല്ല ഞങ്ങൾ കഴിക്കാൻ പോയ ഇടങ്ങളിലൊക്കെ!).

കുറച്ചുസമയത്തെ ബഹളത്തിനുശേഷം ഓരോരുത്തരായി ഇരിപ്പിടങ്ങളിൽ അമർന്നു. പ്ലെയിൻ ദോശ, നെയ്യ് ദോശ, മസാല ദോശ, നെയ്യ് മസാല ദോശ, ദോശയും വടയും , ഒരു ഇഡലി ഒരു വട, രണ്ട് ഇഡലി വട എന്നിങ്ങനെ എത്രമാത്രം സങ്കീർണ്ണമാക്കാൻ പറ്റുമോ അതൊക്കെ ചെയ്താണ് ഭക്ഷണം പറഞ്ഞത്. അയാളുടെ ദയനീയഭാവം കണ്ടിട്ട് ഞങ്ങളും ഭക്ഷണം കൊണ്ടുവരാനും കൊടുക്കാനുമൊക്കെ സഹായിച്ചു. ഏതായാലും ഏതാണ്ട് ഒന്നരമണിക്കൂർ നേരമെടുത്തു ഈ കലാപരിപാടി പൂർത്തിയാക്കി പുറത്തുകടക്കാൻ. വീണ്ടും ബസ്സിൽ. ഡ്രൈവർ ചവിട്ടാത്തതുകൊണ്ടാണോ അതോ ചവുട്ടിയാലും ഞാൻ ഓടില്ല എന്ന ബസ്സിന്റെ വാശി കാരണമാണോ എന്നറിയില്ല സൈക്കിൾ ഒഴിച്ച് ബാക്കി വാഹനങ്ങളൊക്കെ മുന്നിൽ പോകുന്നത് ഒരുതരം നിസ്സംഗതയോടെ കണ്ടുനിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു. പിന്നിൽ നിന്നും ഉയർന്ന അഭിപ്രായങ്ങൾ ഞാൻ മനപ്പൂർവ്വം കേട്ടില്ലെന്നു നടിച്ചു. വയർ നിറഞ്ഞതിനാലാണോ അതോ ബസ്സിന്റെ വേഗതയിൽ മനം മടുത്തിട്ടോ പലരും നിദ്രയിൽ അഭയം പ്രാപിച്ചു. അതിന്റേതായ ശാന്തത ബസ്സിൽ കാണാനുമുണ്ടായിരുന്നു. ചിലർ യൂനോ കാർഡുമായി കളിക്കാനിറങ്ങി, തോറ്റുതുന്നംപാടി. നീങ്ങിയും നിരങ്ങിയും കേരള അതിർത്തിയിൽ എത്തിയപ്പോൾ പോലീസുകാർ ബസ്സിൽ പരിശോധനയ്ക്കായി കയറി. മനസ്സിൽ പൊട്ടിക്കാനായി ഒരു ലഡു കരുതിക്കൊണ്ടാണ് അവർ വന്നതെങ്കിലും സ്ത്രീകളേയും കുട്ടികളേയും കണ്ടപ്പോൾ 'തപ്പിയാൽ സാധനം കിട്ടുമെന്ന് അറിയാം, എങ്കിലും നോക്കുന്നില്ല' എന്ന് ആരെയൊക്കെയോ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞിട്ട് ലഡുവുമായവർ പിൻവാങ്ങി. കണക്കുകൂട്ടിയ സമയവും കഴിഞ്ഞ് ബത്തേരിയിലെ ഐറിസ് ഗ്രാൻഡ് ഹോട്ടലിൽ എത്തുമ്പോൾ ഒരു മണി കഴിഞ്ഞിരുന്നു. മുറികളൊക്കെ ഒരുക്കിവെച്ചിട്ടുണ്ടായിരുന്നതിനാൽ പെട്ടെന്ന് തന്നെ അവരവരുടെ മുറികളിൽ സ്ഥാനം പിടിച്ചു. വിശപ്പിന്റെ വിളി അസഹനീയമാകുന്നതിന് മുന്നേ എല്ലാവരും അങ്കത്തിനിറങ്ങി. അങ്കത്തട്ട്, 'മുട്ടിൽ' എന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള 'ഓലൻ' ആയിരുന്നു. പോരാളികളെ ആവേശത്തോടെ സ്വീകരിക്കുമ്പോൾ അവിടുത്തെ ജോലിക്കാർ പോലും കരുതിക്കാണില്ല ഇങ്ങനെയൊരു പോരാട്ടം കാണേണ്ടിവരുമെന്ന്. ഏതായാലും ഒരു മണിക്കൂറിലേറെ നീണ്ട യുദ്ധത്തിൽ കോഴികളും പോത്തും ആടും (?) മീനുകളുമൊക്കെ ചത്തുമലച്ചു. അതിന്റെ ക്ഷീണവുമായാണ് കാരാപ്പുഴ അണക്കെട്ടും പരിസരപ്രദേശങ്ങളും കാണാൻ പോയത്. ഗൂഗിൾ മാപ്പിൽ നോക്കിയാൽ പല ശാഖകളും ഉപശാഖകളുമായി കിടക്കുന്ന ഒരു മുൾച്ചെടിയുടെ രൂപത്തിലാണ് കാരാപ്പുഴ നദി കിടക്കുന്നതെന്ന് കാണാം. ഇതിന്റെ ഒഴുക്ക് തടഞ്ഞാണ് 600 മീറ്ററിലേറെ നീളത്തിലും 28 മീറ്ററിലേറെ ഉയരത്തിലുമായി ജലസേചനത്തിനായുള്ള അണക്കെട്ട് പണിതിരിക്കുന്നത്. 25 വർഷത്തോളം എടുത്തു ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാൻ. വലിയൊരു പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന നിറഞ്ഞ ജലാശയവും മനോഹരമായ ഭൂപ്രകൃതിയൊക്കെയാണെങ്കിലും സഞ്ചാരികൾക്ക് ഒരു ചെറിയ നിശ്ചിത ദൂരം മാത്രമേ അണക്കെട്ടിന്റെ മുകളിലൂടെ നടക്കാൻ അനുവാദമുള്ളൂ. എന്നിരുന്നാലും ആ കാഴ്ച നയനാനന്ദകരമായിരുന്നു. അണക്കെട്ടിനോട് ചേർന്നുള്ള ഉദ്യാനത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനുള്ള പലതും ഒരുക്കിയിട്ടുണ്ടായിരുന്നു. വട്ടത്തിൽ കറങ്ങുന്നതും ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്നതും വലിയ ഊഞ്ഞാലും ചുറ്റുപാടും നന്നായി വീക്ഷിക്കാനുള്ള നിരീക്ഷണസ്ഥലവും തുടങ്ങി കുറെയേറെ സംഗതികൾ അവിടെയുണ്ടായിരുന്നു. വലിയ ഊഞ്ഞാൽ കണ്ടപ്പോൾ കൂട്ടത്തിലെ ചില മാമന്മാർക്ക് ആവേശം അടക്കാൻ കഴിഞ്ഞില്ല. 'നമ്മളിതെത്ര കണ്ടതാ' എന്ന ഭാവത്തിൽ വലിയ ഊഞ്ഞാലിൽ സാഹസികത കാണിക്കാൻ പോയവർ ഉള്ള ധൈര്യമെല്ലാം ചോർന്ന് നനഞ്ഞ കോഴിയെപ്പോലെ തിരിച്ചു വന്നപ്പോൾ 'വസൂ.., ദേ നിന്റെ മോ....ൻ" എന്ന് പറയാൻ 'ഒടുവിൽ' ഉണ്ടായിരുന്നെങ്കിൽ എന്ന് ചിലരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും. ചാറ്റ് ജി പി ടി യുടെ കണക്കുകൂട്ടലുകൾ ആദ്യദിനം തന്നെ തെറ്റി. കാണാൻ ആഗ്രഹിച്ച മറ്റു രണ്ടു സ്ഥലങ്ങളും ഒഴിവാക്കി. കളിയും ചിരിയുമായി അവിടെ നിന്നും തിരിച്ചിറങ്ങുമ്പോൾ പരിസരം ഇരുട്ടിലമരാൻ തുടങ്ങിയിരുന്നു. നേർത്ത കുളിരിന്റെ അകമ്പടിയോടെ എല്ലാവരും ബസ്സിൽ കയറി. ഉച്ചയ്ക്ക് അകത്തേക്ക് കയറ്റിവിട്ടത് കനമുള്ളതായതിനാൽ ആർക്കും വിശപ്പും ദാഹവുമുണ്ടായിരുന്നില്ല. അതിനാൽ അത്താഴം വേണ്ടെന്നും പകരം ലഘുഭക്ഷണം മതിയെന്നും ശ്രീമതികൾ ഒന്നാകെ പറഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ ബസ് നേരെ ബത്തേരിയിലെ അല്ലെങ്കിൽ വയനാട്ടിലെ തന്നെ ഏറ്റവും പ്രശസ്തമായ ഹോട്ടലുകളിലൊന്നായ 'വിൽട്ടൻ' ലക്ഷ്യമാക്കി കുതിച്ചു. ഹോട്ടലിൽ തിരക്ക് തുടങ്ങിയിരുന്നില്ല. അതിനാൽ പെട്ടെന്നുതന്നെ അവർ എല്ലാവർക്കും ഒരുമിച്ചിരിക്കാനുള്ള സൗകര്യവും ഒരുക്കിത്തന്നു. വിശപ്പില്ലാത്തതിനാൽ എത്രമാത്രം കുറച്ചാണോ പറയാൻ പറ്റുക അത്രയും കുറച്ചാണ് എല്ലാവരും ഭക്ഷണം പറഞ്ഞത്. ഇടയ്ക്കിടയ്ക്ക് ചില ഭാഗങ്ങളിൽ നിന്നും എല്ലിൻ കഷണങ്ങൾ തകരുന്നതിന്റെ ശബ്ദവും ആവിപറക്കുന്ന ബിരിയാണി ഗന്ധവുമൊക്കെ ഉയർന്നിരുന്നെങ്കിലും അതൊക്കെ വെറും തോന്നലുകളായിരുന്നെന്ന് പിന്നീട് മനസ്സിലായി. ഭക്ഷണത്തിന്റെ കാശു കൂട്ടുന്നതിൽ ഹോട്ടലിലെ ജോലിക്കാർക്ക് തെറ്റുപറ്റിയതിനാലോ അതോ അപ്പുറത്തെ ആളുകളുടെ ബില്ല് കൂടി ചേർത്തതിനാലോ എന്നറിയില്ല ബില്ല് കിട്ടിയപ്പോൾ സന്ദീപിന്റെ മുഖം വിവർണ്ണമായത്. അല്ലാതെ ലളിതഭക്ഷണത്തിന് അത്രയും ഉയർന്ന തുക വരാൻ യാതൊരു സാധ്യതയുമില്ലല്ലോ. ഏതായാലും മാന്യന്മാരായതിനാൽ തർക്കവിതർക്കങ്ങൾക്ക് നിൽക്കാതെ ചോദിച്ച കാശും കൊടുത്ത് പകുതി നിറഞ്ഞ വയറും ചവച്ചുകൊണ്ടിരിക്കുന്ന വായയും നിർത്താത്ത ഏമ്പക്കവുമായി എല്ലാവരും ഹോട്ടലിലേക്ക് മടങ്ങി. അതിരാവിലെ എഴുന്നേറ്റതിനാലും ദീർഘയാത്ര ചെയ്തതിനാലും എല്ലാവരും ക്ഷീണിതനായിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ പരദൂഷണങ്ങൾക്ക് മുതിരാതെ, വായയ്ക്കും വയറിനും വിശ്രമം അനുവദിച്ച് എല്ലാവരും കിടക്കയെ അഭയം പ്രാപിച്ചു. ശീതീകരണിയുടെ സുഖശീതളിമയിൽ വൈകാതെ ഏവരും നിദ്ര പ്രാപിക്കുകയും ചെയ്തിട്ടുണ്ടാകും എന്നുതന്നെയാണ് കരുതുന്നത്.

നാഴികമണിയിലെ കിളിക്കൊഞ്ചൽ എന്നെ സുഖകരമായ നിദ്രയിൽ നിന്നും  ഉണർത്തി. സമയം ആറര. ശീതീകരണിയുടെ തണുപ്പ് സഹിക്കാവുന്ന നിലയിലായിരുന്നു. പുലരിയിലെ കുളിരുമാസ്വദിച്ച് ഇത്തിരിനേരം കൂടി കിടക്കണമെന്നുണ്ടായിരുന്നെങ്കിലും എഴുന്നേറ്റു. പതുക്കെ ജാലകതിരശീല നീക്കി. മരതകപട്ടണണിഞ്ഞ മാമലകൾ കോടമഞ്ഞിന്റെ കിന്നരത്തലപ്പാവുമായി നിൽക്കുന്ന കാഴ്ച അനിർവചനീയമായിരുന്നു. സമയം കടന്നുപോകുന്നു. ഇന്നത്തെ യാത്ര കൃത്യമായി എവിടേക്കാണെന്ന് അറിയില്ല, ഏകദേശ ധാരണ ഉണ്ടെങ്കിലും. കഴിയുന്നതും രാവിലെതന്നെ ഇറങ്ങണമെന്ന് ഇന്നലെ തീരുമാനിച്ചിരുന്നു. പ്രഭാതകൃത്യങ്ങൾക്കു ശേഷം തണുത്ത വെള്ളത്തിലൊരു കുളി. സൗമ്യയോട് പറഞ്ഞതിനുശേഷം ലുങ്കിയും മടക്കിക്കുത്തി വെളിയിലേക്കിറങ്ങി. പ്രഭാതകാഴ്ചകളും ഒരു ചൂട് ചായയുമായിരുന്നു ലക്‌ഷ്യം. വെളിയിലെ മഞ്ഞിനെ വക വെക്കാതെ നിരത്തിലേക്കിറങ്ങി. വയനാടൻ കാറ്റിന്റെ കുസൃതിക്കൈകൾ എന്നിൽ കുളിരുകോരിയിട്ടപ്പോൾ മടക്കികുത്തിയ ലുങ്കി താഴ്ത്തിയിടേണ്ടിവന്നു. നേരം പുലരുന്നതേയുണ്ടായിരുന്നുവെങ്കിലും സംസ്ഥാനപാതയിൽ വാഹനങ്ങളുടെ മോശമല്ലാത്ത തിരക്കുണ്ടായിരുന്നു. റോഡിന്റെ ഓരം പിടിച്ച് തണുപ്പാസ്വദിച്ച്‌ ഒറ്റയ്ക്കൊരു നടത്തം. അധികം പോകേണ്ടി വന്നില്ല ചായക്കട കാണാൻ. സമോവറിൽ ഉണ്ടാക്കിയ ചൂടുചായ പതുക്കെ മൊത്തിക്കുടിച്ചതിനു ശേഷം തിരികെ മുറിയിലേക്ക്. കോടമഞ്ഞിന്റെ സ്നേഹാശ്ലേഷത്തിൽ അമർന്ന് ഒരു സ്വപ്‌നാടകനെപ്പോലെ പതുക്കെ പതുക്കെ. ഹോട്ടലിന്റെ മുറ്റത്തു നിന്നും മുത്തുമാല പോലെ കിടക്കുന്ന സഹ്യമലനിരകളെ കുറച്ചുനേരം നിർന്നിമേഷനായി നോക്കിനിന്നു. സൂര്യന്റെ സ്വർണ്ണവർണ്ണം മൗലിയിൽ അണിയാനായി മഞ്ഞിൻ തലപ്പാവ് ധൃതിയിൽ ഊരിമാറ്റുകയാണവ. ആ മാസ്മരിക കാഴ്ച എല്ലാവരും കാണട്ടെ എന്ന് കരുതി ഒരു സന്ദേശം കൊടുത്തയച്ചു ഉടനെ. ആരൊക്കെ സന്ദേശം കണ്ടു ആരൊക്കെ കാഴ്ച കണ്ടു എന്നറിയില്ല. 

എട്ടുമണിക്കാണ് പ്രഭാതഭക്ഷണം കിട്ടുക എന്നത് നേരത്തെ ചോദിച്ചു മനസ്സിലാക്കിയിരുന്നു. സമയമായപ്പോൾ ഓരോരുത്തരായി വരാൻ തുടങ്ങി. നേരത്തെ വന്നവരും വൈകി വന്നവരും ഉണ്ടായിരുന്നു കൂട്ടത്തിൽ. ഇഡ്ഡലിയും ദോശയും ബ്രെഡ്ഡും പഴങ്ങളും പഴച്ചാറും ചായയും കാപ്പിയും അങ്ങനെ കഴിക്കാൻ പറ്റുന്നതൊക്കെ 'ചെറുതായി' കഴിച്ചു. അല്ലെങ്കിലും രാവിലത്തെ ഭക്ഷണം ഒഴിവാക്കരുതെന്നാണല്ലോ പ്രമാണം. ഒൻപത് മണിക്ക് യാത്ര തുടങ്ങണമെന്നാണ് ഇന്നലെ തീരുമാനിച്ചിരുന്നു, എങ്കിലും കുറച്ച് വൈകിയാണ് പുറപ്പെട്ടത്. പൂക്കോട് തടാകമാണ് ലക്‌ഷ്യം. കല്പറ്റയ്ക്ക് അടുത്താണീ സ്ഥലം. ഒരു മണിക്കൂറിന്റെ ദൂരമുണ്ട്. ഇന്നലെ നതാഷയും   മഞ്ജിമയുമൊക്കെ പിന്നിലിരുന്ന് പ്രാകിയത് ഡ്രൈവർ കേട്ടോ എന്ന് തോന്നി, കാരണം കുറച്ചുകൂടി വേഗത്തിലാണ് ബസ് സഞ്ചരിച്ചിരുന്നത്. പാട്ടും മേളവുമായി ഹരിത കഞ്ചുകമണിഞ്ഞ ഭൂമികയിലൂടെ, കൂടെയോടുന്ന മലനിരകളെ പിന്നിലാക്കി കറുത്ത പാമ്പിനെപ്പോലെ വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിലൂടെ പൂക്കോട് തടാകം ലക്ഷ്യമാക്കി ഞങ്ങൾ കുതിച്ചു. ഈ യാത്രയിലുടനീളം ഞങ്ങൾ മുതിർന്നവർ സംസാരവും കളിചിരികളുമായി കടന്നുപോകുന്ന ഓരോ നിമിഷത്തെയും അവിസ്മരണീയമായ ഓർമ്മകളാക്കാൻ ശ്രമിച്ചപ്പോൾ കുട്ടികൾ ചതുരപ്പെട്ടിയിൽ കണ്ണും നട്ട് ചുറ്റുമുള്ളതൊന്നും കാണാതെ, കളിചിരികൾ ഇല്ലാതെ ഇരിക്കുന്നത്  കണ്ടപ്പോൾ സങ്കടവും നിരാശയും ദേഷ്യവും തോന്നി. ചില അവസരങ്ങളിൽ ഞാൻ അത് പ്രകടിപ്പിക്കുകയും ചെയ്തു. വയനാട് യാത്രയിൽ നിങ്ങളെന്ത് കണ്ടു എന്നവരോട് ചോദിച്ചാൽ 'വീഡിയോ ഗെയിം' എന്നുള്ള ഉത്തരമായിരിക്കും അവർക്കുണ്ടാവുക. ബസ്സിൽ നിന്നിറങ്ങി കുറച്ചു ദൂരം നടക്കാനുണ്ടായിരുന്നു. സന്ദർശകരുടെ തിരക്ക് തുടങ്ങുന്നതേയുള്ളൂ. ടിക്കറ്റ് എടുത്ത് അകത്ത് കയറി. ബോട്ട് യാത്രയായിരുന്നു ലക്ഷ്യമെന്നതിനാൽ നേരെ അങ്ങോട്ട് നീങ്ങി. പല തരത്തിലുള്ള ബോട്ട് യാത്രകൾ ഉണ്ടായിരുന്നെങ്കിലും ഏറ്റവും ചെലവ് കുറച്ച് എല്ലാവരെയും ഉൾക്കൊള്ളിക്കാൻ പറ്റുന്ന രീതിയിലുള്ള ബോട്ടുകളാണ് തിരഞ്ഞെടുത്തത്. പക്ഷേ ബോട്ടുകൾ ആവശ്യത്തിനുണ്ടായിരുന്നെങ്കിലും ഡ്രൈവർമാർ കുറവായിരുന്നു. അതിനാൽ ഞങ്ങൾ കുറച്ചുപേർക്ക് കരയിൽ അരമണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു. കൂട്ടത്തിൽ ചിലർക്കൊക്കെ കെട്ടിയോനും മക്കളുമൊക്കെയായി പോകണമെന്നുണ്ടായിരുന്നെങ്കിലും ബോട്ടുകളിൽ കയറാവുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നതിനാൽ ആ ആഗ്രഹം രണ്ടായി മടക്കി കീശയിൽ വെക്കേണ്ടി വന്നു. കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജലതടാകമാണിതെന്നും അതിനാൽ തന്നെ യന്ത്രവത്കൃത യാനങ്ങൾ ഇവിടെ പാടില്ല എന്നും ഡ്രൈവർ പറഞ്ഞുതന്നപ്പോൾ അതൊരു പുതിയ അറിവായി തോന്നി. ആദിവാസികൾക്ക് മാത്രമേ മീൻ പിടിക്കാനുള്ള (അതും പരമ്പരാഗതമായ രീതിയിൽ) അവകാശമുള്ളൂ എന്നുകൂടി പറഞ്ഞു അയാൾ. തടാകത്തിൽ നിറയെ പായൽ പോലുള്ള ചെടിയായിരുന്നു. ആ ചെടികളിൽ  വിരിഞ്ഞ ഒരായിരം പൂക്കൾ ഒരുമിച്ചു ചുറ്റും നിരന്നപ്പോൾ, തടാകം  ഇളംചുവപ്പു നിറമുള്ള പാവാടയുടുത്ത സുന്ദരിയായി മാറി. ആ സൗന്ദര്യത്തെ തെല്ലും അലോസരപ്പെടുത്താതെ യുവാവായ ഞങ്ങളുടെ ഡ്രൈവർ പതുക്കെ  പതുക്കെ ബോട്ട് മുന്നോട്ടു നീക്കി. തടാകത്തിന് ചുറ്റും നടക്കാനുള്ള പാതയുണ്ടായിരുന്നു. സൈക്കിൾ ഉണ്ടായിരുന്നെങ്കിൽ ഇളംകാറ്റിന്റെ തലോടലേറ്റ്, കാടിന്റെ ഗന്ധമറിഞ്ഞ് ഒരു കാമുകനെപ്പോലെ ആ വന്യസൗന്ദര്യം നുണയാമായിരുന്നു എന്നുതോന്നി. നേരത്തെ കയറിപ്പോന്നവർ ഞങ്ങളേയും കാത്തിരിക്കുന്നുണ്ടാവും എന്നുതോന്നിയതിനാൽ അനുവദിച്ച സമയത്തിലും നേരത്തെ ഞങ്ങൾ മടങ്ങി. ഡ്രൈവർക്ക് നന്ദി പറഞ്ഞ്  ഞങ്ങൾ കരയിലേക്കിറങ്ങിയപ്പോൾ അടുത്ത യാത്രക്കാരേയും കൊണ്ട് മറ്റൊരു യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു അയാൾ. അല്ലെങ്കിലും നമ്മളൊക്കെ വെറും യാത്രക്കാർ മാത്രമല്ലേ. എവിടെനിന്നോ വന്ന് കുറച്ചുനേരം ഒന്നിച്ചിരുന്നു എവിടേക്കോ മടങ്ങുന്ന പഥികർ! ഞങ്ങൾ എത്തുമ്പോഴേക്കും മറ്റുള്ളവർ അവിടെക്കിട്ടുന്ന പലഹാരങ്ങൾ കഴിക്കുന്ന തിരക്കിലായിരുന്നു. ഞങ്ങളും എന്തൊക്കെയോ വാങ്ങിക്കഴിച്ചു. വാനരമാരുടെ നിരയായിരുന്നു ചുറ്റിലും. ശ്രദ്ധിച്ചില്ലെങ്കിൽ കൈയിലുള്ളത് പോകും. കുട്ടികൾ ഭയത്തോടെ പാത്തും പതുങ്ങിയുമാണ് ഐസ്ക്രീമും മറ്റും കഴിച്ചത്. അങ്ങനെയാണെങ്കിൽക്കൂടിയും അവറ്റകളുടെ സാന്നിദ്ധ്യം കുട്ടികൾക്ക് രസകരമായിത്തോന്നി, ഞങ്ങൾ മുതിർന്നവർക്കും. ഇനി പുറത്തേക്ക് ഇറങ്ങുകയാണ്. പോകുന്ന വഴിക്ക് കൗതുകമുണർത്തുന്ന കരകൗശലവസ്തുക്കൾ വിൽക്കാൻ വച്ചിരിക്കുന്ന കടകൾ ഉണ്ട്. കുട്ടികളുടെ വാശിക്ക് മുന്നിൽ കീഴടങ്ങി ചിലതൊക്കെ എല്ലാവരും വാങ്ങി. അല്ലെങ്കിലും ഇത്തരമൊരു യാത്രയിൽ മനസ്സമാധാനമാണല്ലോ ഏറ്റവും മുഖ്യം. ആ വഴിയിൽക്കൂടിയാണ് അടുത്ത ലക്ഷ്യത്തിലേക്ക് എന്നതിനാൽ ഡ്രൈവറെ വിളിച്ച് ബസ്സുമായി ഇങ്ങോട്ടു വരാൻ പറയുകയും ഞങ്ങൾ 'എൻ ഊര്' പേരിൽ എന്ന മലമുകളിൽ സ്ഥാപിച്ചിട്ടുള്ള ആദിവാസികേന്ദ്രം കാണാൻ നീങ്ങുകയും ചെയ്തു.

അധികം ദൂരമുണ്ടായിരുന്നില്ല അടുത്ത സ്ഥലത്തേക്ക്. ഗൂഗിൾ മാപ് കൃത്യമായി വഴി കാണിച്ചുതരുന്നുണ്ടായിരുന്നു. 'എൻ ഊരി'ലേക്ക് നേരിട്ട് പോകാൻ പറ്റില്ല. ബസ്സിൽ നിന്നുമിറങ്ങി അതിന്റെ നടത്തിപ്പുകാർ ഏർപ്പാടാക്കിയ ജീപ്പിൽ മാത്രമേ മലമുകളിലേക്ക് പോകാൻ കഴിയുകയുള്ളൂ. കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമമാണിത്. ലക്കിടിക്കടുത്തുള്ള സുഗന്ധഗിരിക്കുന്നിലാണ് സഞ്ചാരികൾക്കായി ഈ പൈതൃകഗ്രാമം അണിഞ്ഞൊരുങ്ങിയത്. കേരളത്തിലെ ഗോത്രജനതയുടെ പൈതൃകവും സംസ്കാരവും സംരക്ഷിക്കുകയും അവരുടെ പാരമ്പര്യ വിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കാനുമായി സർക്കാർ ഒരുക്കിയതാണ് ഈ ഗ്രാമം. ബസ്സിൽ നിന്നിറങ്ങി ഞങ്ങൾ മൂന്നാലുപേർ ടിക്കറ്റ് കൊടുക്കുന്ന സ്ഥലത്ത് ചെന്ന് കാര്യങ്ങൾ തിരക്കി. സമയം മദ്ധ്യാഹ്നം. പകലോന്റെ രശ്മികൾക്ക് നല്ല തീക്ഷ്ണതയുണ്ടായിരുന്നു. കുട്ടികളും സ്ത്രീകളും മുതിർന്നവരും അടങ്ങിയ സംഘമായതിനാൽ വൈകുന്നേരം പോകുന്നതായിരിക്കും നല്ലതെന്നൊരു നിർദ്ദേശം അവർ മുന്നോട്ടുവെച്ചപ്പോൾ സ്വീകരിക്കാതിരിക്കാൻ തോന്നിയില്ല. 'നാലുമണിക്ക് മുൻപായി വന്നോളൂ' എന്നവർ പറയുകയും ചെയ്തു. ഞങ്ങൾ തിരിച്ച് നടന്നു. പക്ഷേ ഞങ്ങളെ ഇറക്കിയതിനുശേഷം സൗകര്യമായി നിർത്തിയിടാനുള്ള സ്ഥലം നോക്കി ബസ് കുറേ മുന്നോട്ടുപോയിരുന്നു. അവരെ തിരിച്ചുവിളിക്കേണ്ടി വന്നു. അത്രയും നേരം റോഡരികിൽ കൊച്ചുവർത്തമാനം പറഞ്ഞുനിന്നു. അടുത്തത് ഗ്ലാസ് ബ്രിഡ്ജ് (സ്ഫടികപ്പാലം) ആണെന്ന് പറഞ്ഞപ്പോൾ സ്ഥലം അറിയാമെന്നും അതിന്റെ അടുത്താണ് ബസ് നിർത്തിയിട്ടിരുന്നതെന്നും ഡ്രൈവർ പറഞ്ഞു. പെട്ടെന്ന് തന്നെ മേല്പറഞ്ഞ സ്ഥലത്തെത്തി. ഇറങ്ങുമ്പോൾ തന്നെ കാണാം ഒരു ചെറിയ കുന്നിൻ മുകളിലായി ഒരറ്റം വലിയ തൂണുകളിൽ ബന്ധിതമായും മറ്റേ അറ്റം വായുവിലേക്ക് നീണ്ട് ചൂണ്ടുവിരൽ പോലെ ഭൂമിക്ക് തിരശ്ചീനമായി നിൽക്കുന്ന സ്ഫടികനിർമ്മിതി. അതിന്റെ അഗ്രഭാഗം, ചുറ്റുമുള്ള കാഴ്ചകൾ കാണാനുതകുന്ന രീതിയിൽ വൃത്താകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു ബസ് നിറയെ ആൾക്കാർ വരുന്നത് കണ്ടപ്പോൾ തീർച്ചയായും പാലം പണിക്കാരുടെ മനസ്സിൽ ഒന്നല്ല ഒരുപാട് ലഡ്ഡു പൊട്ടിയിട്ടുണ്ടാവും പക്ഷേ നമ്മളാരാ മൊതല്? പാലത്തിലൂടെയുള്ള നടത്തമാണ് നമ്മുടെ ഉദ്ദേശം. പക്ഷേ അവർ അവിടെ തയ്യാറാക്കിവെച്ചിരിക്കുന്ന മറ്റു സാഹസിക വിനോദങ്ങളുമൊക്കെ വിവരിച്ചു. സംഭവം കൊള്ളാം, പക്ഷേ കാശ് ഇത്തിരി കനത്തതായിരുന്നു. അതിനാൽ നടത്തം മാത്രം മതിയെന്നുവെച്ചു. അതുതന്നെ വിലപേശി കുറയ്ക്കാൻ ഫെബിനും സന്ദീപിനുമൊക്കെ സാധിച്ചു. പാലത്തിൽ കയറണമെങ്കിൽ പടവുകളിലൂടെ മുകളിലോട്ടു കയറണം. നേരത്തെ പാലത്തിൽ കയറിയ കൂട്ടർ ഇറങ്ങാനായി ഞങ്ങൾ കാത്തിരുന്നു. ആ നേരം കൊണ്ട് ഡ്രോണിൽ വീഡിയോ എടുത്തുതരാമെന്നുപറഞ്ഞ് അതിന്റെ നടത്തിപ്പുകാരിൽ ചിലർ ഞങ്ങളെ സമീപിച്ചു. അവരുടെ പ്രലോഭനത്തിൽ വീണുവെന്ന് പറഞ്ഞാൽ മതിയല്ലോ. പാലത്തിൽ കയറുന്നതിനു മുൻപ് ഒരു തുണിയുടെ ആവരണം കാലിനു മുകളിലൂടെ ധരിക്കണം.ഇല്ലെങ്കിൽ ചെരുപ്പും ഷൂവുമൊക്കെ ഗ്ലാസ് പ്രതലത്തിൽ വരയും കുറിയും തീർക്കും, അത് താഴോട്ടുള്ള കാഴ്ചയ്ക്ക് മങ്ങൽ സൃഷ്ടിക്കും. ഓരോരുത്തരായി കയറി. ആവേശത്തോടെ കയറിയവർ കുറച്ചുദൂരം മുന്നോട്ടുപോയി. വെറുതെ താഴോട്ടു നോക്കിയപ്പോൾ ദേഹമാസകലം ഒരു വിറയൽ. മാനത്താണ് നിൽപ്പ്. ഇതെങ്ങാനും പൊട്ടിയാൽ?? ആ ചിന്തയിൽ തന്നെ പലരുടെയും ഉള്ളുകാളി. ധീരന്മാരെന്ന് കരുതിയവരൊക്കെ നിരങ്ങിയും പിച്ചവെച്ചും നടക്കുന്നത് കണ്ടപ്പോൾ ചിരിപൊട്ടി. എങ്കിലും അറിയാതെ കണ്ണുകൾ താഴോട്ട് തെന്നിയപ്പോൾ ആ ചിരി മാഞ്ഞുപോയി. ചിലരെയൊക്കെ നിർബന്ധിച്ച് കൊണ്ടുപോകേണ്ടി വന്നു അറ്റം വരെ. ചിലർ 'ഞാൻ വരില്ല' എന്നൊക്കെ പറഞ്ഞ് നിലത്ത് കുത്തിയിരുന്നെങ്കിലും ധൈര്യം നൽകി മുന്നോട്ടു കൊണ്ടുപോയി. അവിടെ നിന്നും മുന്നോട്ടുള്ള കാഴ്ച അപാരമായിരുന്നു (നിങ്ങൾ താഴോട്ട് നോക്കുന്നില്ലെങ്കിൽ). ഞങ്ങൾ നേരത്തെ പോകാൻ വിചാരിച്ചിരുന്ന 'എൻ ഊര്' അങ്ങ് ദൂരെയുള്ള മലമുകളിൽ കാണാമായിരുന്നു. അവിടുത്തെ ആദിവാസിക്കുടിലുകൾ ഒരു പൊട്ടുപോലെ തോന്നിച്ചു. സുഗന്ധഗിരിക്കുന്നുകളും സഖിമാരും ഒരു മാലയിലെ മുത്തുകൾ പോലെ മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്നുണ്ടായിരുന്നു. പൂണൂൽപോലെ ഊർന്നുവീഴുന്ന അരുവികളും പച്ചപ്പാർന്ന താഴ്വാരങ്ങളും. അവിടെ നിന്നും കോരിയെടുത്ത കുളിരുമായി വന്ന വയനാടൻ തെന്നൽ ഞങ്ങളേയും വലംവെച്ച് എങ്ങോ പറന്നുപോയി. കാഴ്ചയുടെ, അനുഭൂതിയുടെ അനർഘനിമിഷങ്ങൾ! അതിനിടയിൽ ഡ്രോൺ മൂളിപറന്നുവന്നു. ഇടത്തും വലത്തും മുന്നിലും ചാഞ്ഞും ചരിഞ്ഞും പൊങ്ങിയും താണുമൊക്കെ ഞങ്ങളെ ഒപ്പിയെടുത്തു. കുഞ്ഞമ്മാമന്റെ ഷാരൂഖ് ശൈലി ഡ്രോണിനും 'ക്ഷ' പിടിച്ചൂന്ന് തോന്നി. അനുവദിക്കപ്പെട്ടതിൽ കൂടുതൽ നേരം ഞങ്ങൾ അവിടെ ചെലവഴിച്ചു. ആദ്യത്തെ ഭയം കുറേയൊക്കെ മാറിയിരുന്നു. ഒറ്റയ്ക്കും കൂട്ടായും കുടുംബസമേതവും ചിത്രങ്ങൾ പകർത്തി. പിന്നിൽ സഹ്യമലകൾ ആ ചിത്രങ്ങൾക്ക് പശ്ചാത്തലമൊരുക്കി. ഞങ്ങളുടെ കളിചിരികൾക്ക് സാക്ഷ്യം വഹിച്ചു. 

സമയം രണ്ടാവാറായി. അങ്കത്തട്ടിൽ നിന്നും ആരവങ്ങൾ പതുക്കെ കേൾക്കാൻ തുടങ്ങി. ഇനിയും അങ്കം വൈകിയാൽ ശരിയാവില്ല, എല്ലാവർക്കും മനസ്സിലായി. അങ്കത്തട്ട് നോക്കി ബസ് പ്രയാണം തുടങ്ങി. ആളൊഴിഞ്ഞൊരെണ്ണം കണ്ടെങ്കിലും ആർക്കും തൃപ്തിയായില്ല. കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ 'വിൽട്ടൻ' ഞങ്ങളേയും കാത്തിരിക്കുന്നു. തിരക്കുണ്ടായിരുന്നു. തൊട്ടടുത്തുതന്നെ പച്ചക്കറി മാത്രമുള്ള അങ്കത്തട്ടുണ്ടായിരുന്നു. അവിടെപോകാമെന്നു പറഞ്ഞപ്പോൾ എല്ലാവരും എന്നെ പുച്ഛത്തോടെ നോക്കി. ഞാനാ ആഗ്രഹം ചീന്തിയെറിഞ്ഞു. താമരശ്ശേരി ചുരവും കടന്നതതെങ്ങോ അപ്രത്യക്ഷമായി. അങ്കത്തട്ടുകൾ പലതായിരുന്നു. അതിനാൽ തന്നെ ഓരോ അങ്കവും വ്യക്തമായും കൃത്യമായും കാണാനും അറിയാനും കഴിഞ്ഞില്ല. പക്ഷേ ഗംഭീരമായ പോരാട്ടമായിരുന്നുവെന്ന് ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ മനസ്സിലായി. ഏതായാലും അതിന്റെ ആലസ്യം തീർക്കാനായി ഒരു വിളിപ്പാടകലെയുള്ള താമരശ്ശേരി ചുരം കാണാൻ നടന്നുപോയി. അറ്റം കാണാൻ കഴിയാത്ത,  വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഒരു കൂറ്റൻ പെരുമ്പാമ്പ് ഇര കാത്തുകിടക്കുകയാണെന്ന് തോന്നൂ. പച്ചയാർന്ന ഭൂമികയിൽ കറുത്തനൂലുപോലെ അത് സഞ്ചാരികളെ ആകർഷിക്കുകയാണ്. ഇതാണ് പപ്പു പറഞ്ഞ 'നമ്മടെ താമരശ്ശേ..രി ചൊരം..". അങ്ങോട്ടുള്ള നടത്തത്തിനിടയിൽ ബ്രിട്ടീഷുകാർക്ക് ഈ വഴി ആദ്യമായി കാണിച്ചുകൊടുത്ത് പിന്നീട് രക്തസാക്ഷിയായിത്തീർന്ന കരിന്തണ്ടന്റെ പേരിലുള്ള ക്ഷേത്രം കണ്ടു. ഇവിടെനിന്നും കുറച്ചുമാറിയാണ് അദ്ദേഹത്തിന്റെ ആത്മാവിനെ ചങ്ങലയ്ക്കിട്ട മരം സ്ഥിതിചെയ്യുന്നത്. തിരിച്ചുനടക്കുമ്പോൾ വഴിയരികിലെ ഓട്ടോ ഡ്രൈവർമാർ എന്തോ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടെങ്കിലും ശ്രദ്ധിച്ചില്ല. ബസ്സിന്റെ അടുത്തെത്തിയപ്പോൾ മനസ്സിലായി കലഹം ഞങ്ങളുടെ ഡ്രൈവർമാരോടാണ്. തിരിക്കാൻ പോയ ബസ് ഒരു ഓട്ടോയിൽ തട്ടിയത്രേ. അതാണെങ്കിൽ നിർത്താതെ പോയി ഡ്രൈവർ തന്റെ മാന്യത കാണിക്കുകയും ചെയ്തു. ഏതായാലും ഞങ്ങളിടപെട്ട് എല്ലാം  കോംപ്ലിമെന്റാക്കി. വീണ്ടും ബസ്സിലേക്ക്. അങ്കം ജയിച്ച വീരന്മാർ ഉടവാളും അരയിൽ തിരുകി വിജയശ്രീലാളിതന്മാരായി രാജരഥത്തിൽ അമർന്നിരുന്നു. നാൽക്കാലികൾ എത്രയെണ്ണം ചത്തുമലച്ചുവെന്ന് കൃത്യമായൊരു കണക്കെടുക്കാൻ പറ്റിയിരുന്നില്ല, പക്ഷേ വെട്ടിവീഴ്ത്തപ്പെട്ടുവെന്ന് വ്യക്തം. വീണ്ടും 'എൻ ഊര്' ലക്ഷ്യമാക്കി നീങ്ങി. ബസ്സിറങ്ങി വിവരമന്വേഷിക്കാൻ നീങ്ങി. എന്താണെന്നോ എന്തിനാണെന്നോ അറിയാതെ കൂടെച്ചാടിയ ചില പത്നിമാരും കൂട്ടത്തിൽ ഉണ്ടായിരുന്നു. ജീപ്പ് കാത്തുനിൽക്കുന്നവരുടെ നീണ്ടനിര കാണാമായിരുന്നു. അന്വേഷിച്ചപ്പോൾ ചുരുങ്ങിയത് മുക്കാൽ മണിക്കൂർ കാത്തിരിക്കേണ്ടിവരുമെന്ന് അറിഞ്ഞു. അതും കഴിഞ്ഞ് മുകളിൽ കയറി തിരിച്ചിറങ്ങുമ്പോൾ ഒരുപാട് വൈകുമെന്ന് മനസ്സിലായപ്പോൾ മനസ്സില്ലാമനസ്സോടെ ഊരുപേക്ഷിക്കേണ്ടിവന്നു.

അടുത്തത് തേനീച്ച മ്യൂസിയം. ഗൂഗിൾ ചേച്ചിയുടെ സഹായത്തോടെ അവിടേക്ക് പോകുമ്പോൾ അപ്രതീക്ഷിതമായി വേറൊരു തേനീച്ച മ്യൂസിയം കണ്ണിൽപ്പെട്ടു. ഉടനെ ചാടിയിറങ്ങി. ഏഷ്യയിലെ ഏറ്റവും വലിയ മ്യൂസിയം എന്നൊക്കെ എഴുതിവെച്ചിട്ടുണ്ടായിരുന്നു. എന്നാൽ അതിനെപ്പറ്റി പിന്നീട് അവരോട് ചോദിച്ചപ്പോൾ 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ.." എന്ന മട്ടിലാണവർ മറുപടി നൽകിയത്! ടിക്കറ്റ് എടുത്ത് അകത്ത് കയറി. അവിടെയുള്ള കാര്യങ്ങൾ പറഞ്ഞുതരാൻ ഒരാളുണ്ടായിരുന്നു. തേൻ എങ്ങനെ ശുദ്ധീകരിക്കാം എന്ന പ്രക്രിയ വിവരിച്ചുകൊണ്ടാണ് അയാൾ തുടങ്ങിയത്. അതിനുള്ള ഉപകരണങ്ങളും കാണിച്ചുതന്നു. അതുകഴിഞ്ഞ് തേനീച്ചയുടെ സ്വഭാവത്തെപ്പറ്റിയും തേൻ ശേഖരിക്കുന്നതിനെപ്പറ്റിയും കൂട്ടിൽ എങ്ങനെയാണ് ഇവ കഴിയുന്നതെന്നും റാണി ഈച്ചയെ എങ്ങനെയാണ്  തിരഞ്ഞെടുക്കുന്നത് എന്ന് തുടങ്ങി തേനീച്ചയുടെ സഞ്ചാരപഥവും വിവിധതരം തേനുകളും അവയുടെ ഗുണഫലവുമൊക്കെ അയാൾ വിവരിച്ചപ്പോൾ പലതും പുതിയ അറിവാണല്ലോ എന്ന് ഞങ്ങൾ വിസ്മയപ്പെട്ടു. നമ്മുടെ പ്രിയതാരം മമ്മൂട്ടി ഉപയോഗിക്കുന്ന തേനും അദ്ദേഹം കാണിച്ചുതരുകയുണ്ടായി. അതുകേട്ടപ്പോൾ പലർക്കുമത് വാങ്ങിയാൽ കൊള്ളാമെന്നു തോന്നിയെങ്കിലും വില കേട്ടപ്പോൾ "മമ്മൂട്ടിക്ക് എന്തുമാകാമല്ലോ" എന്ന് സ്വയം സമാധാനിപ്പിച്ച്, നെടുവീർപ്പിട്ട് ആ ആഗ്രഹം പറത്തിക്കളഞ്ഞു. പലതരം തേനുകളുടെ സ്വാദ് പലവട്ടം നോക്കിയും, 'ഇത് തമ്മിലെന്താ വ്യത്യാസ'മെന്ന് തമ്മിൽ തമ്മിലും ഉറക്കെയും ചോദിച്ചും  അവയുടെ ഗുണങ്ങൾ ചോദിച്ചും (ഒടുവിലൊന്നും മനസ്സിലായിട്ടില്ല എന്നത് വേറെ കാര്യം) മനസ്സിലിട്ട്‌ പലതരം കണക്കുകൂട്ടലുകൾ നടത്തിയും മായ്ച്ചും പങ്കാളിയുമായി ആലോചിച്ചുമൊക്കെ ഓരോരുത്തരും ഒടുവിൽ തേൻ വാങ്ങിക്കുക തന്നെ ചെയ്തു. കൂടാതെ, കരകൗശല വസ്തുക്കളും സുഗന്ധദ്രവ്യങ്ങളും ചായ-കാപ്പിപ്പൊടികളും കളിക്കോപ്പുകളുമടക്കം ഒരുപിടി സാധനങ്ങൾ വേറെയും അവിടെയുണ്ടായിരുന്നു. സി ഐ ഡി മൂസയിലെ ബിന്ദു പണിക്കറുടെ അവസ്ഥയിലായിരുന്നു കുട്ടികൾ അതുകണ്ടപ്പോൾ. ഏതായാലും മോശമല്ലാത്ത ഒരു തുക ചെലവാക്കേണ്ടി വന്നുവെന്നു പറഞ്ഞാൽ മതിയല്ലോ. പുറത്തു കളിക്കാൻ ഒരുകൂട്ടമുണ്ടായിരുന്നു. വേണ്ടതൊക്കെ വാങ്ങിക്കഴിഞ്ഞപ്പോൾ കുട്ടികൾ കളിക്കാനോടി. കളിക്കുന്ന സ്ഥലത്തിനോട് ചേർന്ന് താഴേക്കുള്ള വഴിയിലൂടെ ഞങ്ങൾ നാലഞ്ചുപേർ നടന്നു. കരയോട് കഥ പറഞ്ഞൊഴുകുന്ന കല്ലോലിനിയുടെ കളകളാരവം കേട്ടും കണ്ടും നിന്നു. അവിടെ ഏറുമാടം പോലെ ഉയർത്തിക്കെട്ടിയ വേദിയുണ്ടായിരുന്നു. അതിൽ കയറിയാൽ അംബരചുംബികളായ പർവ്വതനിരകളെ കാണാം. വയനാട്ടിലെ ഏറ്റവും  ഉയർന്ന സ്ഥലമായ ചേമ്പ്ര കൊടുമുടി മുന്നിൽ ആകാശത്തേക്ക് കൈകൂപ്പി ധ്യാനിച്ചു നിൽക്കുന്നത് കാണാം. തന്റെ ശിരസ്സിൽ ചവുട്ടി ഈ ലോകം കാണാൻ, മേഘങ്ങളിൽ ഊഞ്ഞാലാടാൻ, ഔന്നത്യത്തിന്റെ നെറുകയിൽ നിന്ന് ജീവിതം കാണാൻ സഞ്ചാരികളെ വിളിക്കുകയാണോ എന്ന് തോന്നിപ്പോകും. താഴെ നിൽക്കുമ്പോൾ എല്ലാവരും എത്ര നിസ്സാരന്മാരെന്ന് ഓർമ്മിപ്പിക്കാൻ. ആരാണാദ്യം ആകാശത്തെ സ്വന്തമാക്കുന്നതെന്ന മത്സരത്തിലാണോ മലകളെന്ന് തോന്നുന്ന കാഴ്ചകൾ. പടിഞ്ഞാറൻ ചക്രവാളത്തിൽ വർണ്ണങ്ങൾ വാരിവിതറിക്കൊണ്ട് അക്കരെക്കാഴ്ചകൾക്കായി കതിരോൻ പോവുകയാണ്. ഇരുട്ടിന്റെ കൈകൾ ആ വർണ്ണങ്ങൾ പതുക്കെ മായ്ക്കാൻ തുടങ്ങിയിരിക്കുന്നു. ഇവിടുത്തെ കാഴ്ചകൾ മതിയാക്കാറായി എന്നർത്ഥം. എല്ലാവരും കൂടി ചേർന്നുനിന്നൊരു ഫോട്ടോ, മനസ്സുകൊണ്ടും ശരീരം കൊണ്ടും. 

അടുത്ത യാത്ര ഇത്തിരി ദൂരേയ്ക്കാണ്. ഞങ്ങളുടെ കൂട്ടത്തിലുള്ള സാറാന്റിയുടെ വീട്ടിലേക്ക്. ശ്രീനാഥിന്റെ ആന്റിയായാണ് ഞങ്ങളൊക്കെ അവരെ പരിചയപ്പെട്ടത്. പക്ഷേ പിന്നെപ്പിന്നെ അവർ ഞങ്ങളുടെയൊക്കെ ആന്റിയും അമ്മയുമൊക്കെയായി മാറി. രാവിലെയും വൈകീട്ടുമൊക്കെയായി ദിവസത്തിൽ ഒരുതവണയെങ്കിലും കാണും അവരെ. തുടർച്ചയായി കുറച്ചു ദിവസം കണ്ടില്ലെങ്കിൽ ഉറപ്പിക്കാം വയനാട്ടിലെ തന്റെ വീട്ടിലേക്ക് അവർ പോയിട്ടുണ്ടെന്ന്. ഈ യാത്ര തീരുമാനിച്ചപ്പോൾ തന്നെ അവർ ശ്രീനാഥിനോട് പറഞ്ഞതാണത്രേ അവരുടെ വീട്ടിൽ ചെല്ലാൻ. എല്ലാവർക്കും ഭക്ഷണമൊക്കെ നൽകി സൽക്കരിക്കാനാണ് അവർ ഉദ്ദേശിച്ചത്. പക്ഷേ ഇത്രയും വലിയ കൂട്ടത്തിന് ആഹാരമൊരുക്കാനുള്ള ബുദ്ധിമുട്ട് ഓർത്തപ്പോൾ സ്നേഹപൂർവ്വമത് വിലക്കുകയാണുണ്ടായത്‌. അവരുടെ അനിയന്റെ മകനും കുടുംബവുമൊക്കെയുള്ള വീട്ടിലേക്കാണ് യാത്ര. സാറ ആന്റി കല്യാണം കഴിച്ചിട്ടില്ല. അനിയന് പെങ്ങളെന്നുവെച്ചാൽ ജീവനായിരുന്നത്രേ. അനിയൻ പോയെങ്കിലും നാത്തൂനും മകനും മരുമകളുമൊക്കെയടങ്ങുന്ന വീട് ആന്റിയെ കാത്തിരിക്കുന്നുണ്ട്. അനിയന്റെ കാര്യം ബസ്സിൽ വെച്ചെന്നോട് പറഞ്ഞപ്പോൾ ആ കണ്ഠമിടറുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയും ഇടയ്ക്ക് ആളുകളോട് ചോദിച്ചും ഞങ്ങൾ അങ്ങോട്ട് നീങ്ങി. ചിലയിടങ്ങളിൽ റോഡ് ചെറുതായിരുന്നു. വലിയ ബസ്സിനെ ഉൾക്കൊള്ളാൻ ഇത്തിരി പ്രയാസപ്പെട്ടു. എങ്കിലും അധികം ബുദ്ധിമുട്ടാതെ ഞങ്ങൾ അവിടെയെത്തി. എല്ലാവരും കാത്തിരിക്കുകയായിരുന്നു. ഉള്ളിലെ സ്നേഹം കണ്ണുകളിൽ തെളിഞ്ഞിരുന്നു. രാവ് ഭൂമിയെ പൊതിഞ്ഞിരുന്നു. പകൽ വന്നിരുന്നെങ്കിൽ നല്ല കാഴ്ചയാണ് ചുറ്റും എന്ന് ശ്രീനാഥ് പറഞ്ഞപ്പോൾ നിരാശ തോന്നി. വീടിനകത്ത് ചുമരിൽ അനിയന്റെ ചിത്രത്തിന് മുന്നിൽ ആന്റി ഒരു നിമിഷം നിന്നു. എന്നിട്ടെന്നോട് പറഞ്ഞു, 'ഇതാണ് അനിയൻ'. പക്ഷേ മുഴുമിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഉതിർന്നുവീണ കണ്ണീർ ഞാൻ കാണാതിരിക്കാൻ അവർ ശ്രമിച്ചു. ചില വേർപാടുകൾ കാലത്തിനും നികത്താനാവാത്തതാണ്. "എന്റെ കൂട്ടുകാരാ"ണിവരെന്ന് ആന്റി ഞങ്ങളെ വീട്ടുകാർക്ക് പരിചയപ്പെടുത്തിയപ്പോൾ "അല്ല മക്കളാ"ണെന്ന്‌ ഞങ്ങൾ തിരുത്തി. അതിഥികളെ സൽക്കരിക്കാൻ അവർ മത്സരിച്ചു. ആ സൽക്കാരം മനസ്സുകൊണ്ടും വയറുകൊണ്ടും ഞങ്ങൾ ഏറ്റുവാങ്ങി. ഉണ്ണിയപ്പവും അച്ചപ്പവും കുഴലപ്പവും ചായയും ഒക്കെയായി അവരുടെ സ്നേഹം ഞങ്ങളുടെ ശരീരത്തിലേക്ക് ഒഴുകിയിറങ്ങി. നേരം വൈകുന്നു. കൂട്ടത്തിലെ ചിലർ രാത്രി സിനിമക്ക് പോകാനുള്ള പദ്ധതിയിട്ടുണ്ടായിരുന്നു. അവർ അതിനുള്ള മുറവിളി തുടങ്ങി. ആദ്യമൊക്കെ അവഗണിച്ചെങ്കിലും വെറുതെ എന്തിനാ പിരാക്ക് വാങ്ങുന്നതെന്ന് കരുതി മടക്കയാത്രയ്ക്ക് തയ്യാറെടുത്തു. വീട്ടുമുറ്റത്തുനിന്നും എല്ലാവരും ചേർന്നൊരു ചിത്രം. മഴവില്ലുപോലെ മനസ്സിന്റെ മാനത്ത് ഇന്നും തെളിഞ്ഞുനിൽപ്പുണ്ടത്. കണ്ടിട്ട് അധികനേരം ആയില്ലെങ്കിലും ആരൊക്കെയോ ആണെന്നൊരു തോന്നൽ. എങ്കിലും പിരിയാതിരിക്കാൻ പറ്റില്ലല്ലോ. സിനിമാക്കാരുടെ തിരക്ക് കൂട്ടൽ അസഹനീയമാകുന്നു. കവല വരെ വന്നു ഞങ്ങളെ അവർ യാത്രയാക്കി. ഗൂഗിൾ കാണിച്ചുതന്ന വഴിയിലൂടെ എങ്ങനെയൊക്കെയോ മടക്കം. പാടത്ത് മറിഞ്ഞുവീഴാത്തത് കാരണവന്മാരുടെ പുണ്യം! സംസ്ഥാനപാതയിൽ ബസ്  എത്തുന്നത് വരെ ഒരു സമാധാനമുണ്ടായിരുന്നില്ല എന്നതാണ് സത്യം.

ഇടയ്ക്കിടെ സമയം നോക്കി ഞെളിപിരി കൊള്ളുന്ന സിനിമാക്കാർ ഒരുവശത്ത്. ബസ് വഴിയിൽ കുടുങ്ങുമോ എന്ന ആശങ്ക മറുവശത്ത്. ഇങ്ങനെയൊക്കെയാണെങ്കിലും സിനിമ തുടങ്ങുന്നതിനു മുൻപ് അവിടെ എത്തരുതേ എന്ന ദുഷ്ടലാക്കോടെയുള്ള പ്രാർത്ഥനയും എന്റെ വഴിക്കു ഞാൻ നടത്തുന്നുണ്ടായിരുന്നു. അല്ലെങ്കിലും പിള്ളകളെ നോക്കാതെ സിനിമക്ക് പോകുന്ന തള്ളമാരോട് (തന്തമാരോടും) എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. ഒക്കത്തിനും കാരണം ഒരു സിനിമയും മുടങ്ങാതെ കണ്ടുകൊള്ളാമേ എന്ന് നേർച്ച നേർന്ന പയ്യനാണ്. അവന്റെ വാക്ക് കേട്ടാണ് മുതിർന്നവർ പോലും ഇതിലേക്ക് എടുത്തുചാടിയത്. എന്റെ പ്രാർത്ഥനകൾ തെല്ലും വകവെക്കാതെ 9 മണിക്ക് മുൻപേ ഹോട്ടലിൽ എത്താനുള്ള സാഹചര്യം ദൈവം ഉണ്ടാക്കി എന്നതാണ് സത്യം. മുറികളിൽ പോയി അത്തറും പൂശി പൗഡറും വാരിത്തേച്ച് വരാനുള്ള സമയം മാത്രമേ അവിടെ കാത്തുനിൽക്കേണ്ടി വന്നുള്ളൂ. അടുത്തുതന്നെയായിരുന്നു സിനിമാകൊട്ടക. ഭക്ഷണത്തേക്കാൾ (മക്കളെക്കാളും) വലുത് സിനിമയായതിനാൽ ആ മഹാന്മാരും മഹതികളും വെറും വയറ്റിലാണ് കൊട്ടകയ്ക്കുള്ളിലേക്ക് കയറിപ്പോയത്. കാണാൻ പോകുന്നത് പേടിക്കുന്ന സിനിമയാണത്രേ, അപ്പോ വയറ്റിൽ ഒന്നും ഇല്ലാത്തതാണ് നല്ലത് എന്നവർ ചിന്തിച്ചുകാണും. അവർക്ക് വേണ്ടെങ്കിൽ വേണ്ട, ബാക്കിയുള്ള ഞങ്ങൾക്ക് വേണമല്ലോ. എല്ലാവർക്കും ലളിതമായി മതിയായിരുന്നു, അതും പച്ചക്കറി ഭക്ഷണം. അതിനാൽ അത്തരത്തിലുള്ള വിഭവങ്ങൾ കിട്ടുന്ന ഭക്ഷണശാല ഞങ്ങൾ തപ്പിയെടുത്തു. കട അടക്കാറായിരുന്നു, എന്നാലും ലക്ഷ്മീദേവി പാതിരാത്രി വന്നാലും തിരിഞ്ഞുനിൽക്കരുതെന്നാണല്ലോ. അതിനാൽ വൈകിയിട്ടും ഞങ്ങൾ പറഞ്ഞ ഭക്ഷണങ്ങൾ ഉണ്ടാക്കിത്തന്നു. ബില്ല് കൈയ്യിൽ കിട്ടിയപ്പോൾ . തന്റെ കണ്ണുകളെ വിശ്വസിക്കാൻ സന്ദീപിന് കഴിഞ്ഞില്ല. ഇനി കണക്കുകൂട്ടിയതിലുള്ള വല്ല പിശകും? തിരിച്ചും മറിച്ചും സന്ദീപ് നോക്കി. ഇല്ല, ഒരു തെറ്റുമില്ല. പാത്തും പതിനഞ്ചും ആയിരങ്ങൾ കണ്ടു ശീലിച്ച കണ്ണുകൾക്ക് മൂന്നു-നാലും ആയിരങ്ങൾ ഒന്നുമല്ലല്ലോ. ഇരുപതിലധികം ആൾക്കാർ കഴിച്ചിട്ടാണ് ഇത്രയും കുറച്ച് വന്നത്. കഴിക്കാതെ പോയവർ വെറും പത്തു മാത്രം. ആലോചിച്ചപ്പോൾ എല്ലാവർക്കും ഒരു കാര്യം  മനസ്സിലായി. മാടമ്പള്ളിയിലെ യഥാർത്ഥ ചിത്തരോഗി ആരൊക്കെയായിരുന്നുവെന്ന്! ഹോട്ടലിൽ തിരിച്ചെത്തിയെങ്കിലും ഉടനെ ആരും കിടന്നില്ല. ചെറിയ കുട്ടികൾ എല്ലാവരും ഒരു മുറിയിലിരുന്ന് കളിക്കാൻ തുടങ്ങി. മുതിർന്ന കുട്ടികൾ അവരുടേതായ നാലുചതുരത്തിനുള്ളിൽ ആഴ്ന്നിറങ്ങി. ബാക്കിയുള്ള, ഞാൻ ഉൾപ്പെടെയുള്ള ചിലർ സിനിമ കാണാൻ പോയവരേയും അല്ലാത്തവരെയുമൊക്കെ കുറ്റം പറഞ്ഞും (അതിന്റെ സുഖം   ഒന്നുവേറെത്തന്നെ!) പരദൂഷണം നടത്തിയും നേരം  കളഞ്ഞു. അല്ലെങ്കിലും ഇങ്ങനെയുള്ള ചില കലാപ്രകടനം നടത്തുമ്പോൾ സമയം പോകുന്നത് അറിയത്തേയില്ല എന്നാണല്ലോ നമ്മുടെയൊക്കെ അനുഭവം. അങ്ങനെ ഏതാണ്ട് 12 മണിവരെ ഇരുന്നപ്പോഴേക്കും സിനിമാക്കാർ എത്തി. അവരുടെ വിവരണം കുറച്ചുസമയം കേട്ടതിനുശേഷം നിദ്രതൻ പാലാഴി നീന്തി കടക്കാനായി എല്ലാവരും പോയി. നാളെ രാവിലെ ഭക്ഷണം കഴിഞ്ഞയുടൻ ബാംഗ്ലൂരിലേക്ക് മടങ്ങാനുള്ളതാണ്. വലിച്ചുവാരി പുറത്തിട്ടതും വാങ്ങിയ സാധനങ്ങളുമൊക്കെ പെട്ടിയിൽ എടുത്തുവെക്കണം. അതിനാൽ ഏറെ വൈകുന്നതുവരെ ഉറങ്ങാൻ പറ്റില്ല. പെട്ടെന്ന് തന്നെ പുതപ്പിനുള്ളിലേക്ക് നൂണിറങ്ങി കണ്ണുമടച്ചു കിടന്നു. 

വേഗം ഉറങ്ങിയിരിക്കണം, കാരണം മൊബൈലിലെ കിളി ചിലയ്ക്കുമ്പോഴാണ് പിന്നീട് കണ്ണ് തുറന്നത്. തിരശീല നീക്കി ഇന്നും ജനാലയിലൂടെ പുറത്തേക്ക് നോക്കി. വിണ്ണിലെ പാലാഴി മണ്ണിലേക്കിറങ്ങിയതുപോലെ പരിസരമാകെ വെള്ളപുതച്ചു കിടക്കുന്നു! തൊട്ടുമുന്നിലുള്ളതുപോലും കാണാനാവുന്നില്ല. ഏതായാലും ബാക്കി പരിപാടികൾ തീർത്ത് ഞാൻ പുറത്തിറങ്ങി. ഇന്നലെ തുറന്നുകിടന്നിരുന്ന ചായക്കടകൾ അടഞ്ഞിരിക്കുന്നത് കണ്ടു. ഞായറാഴ്ച ആയതുകൊണ്ടായിരിക്കും. ഞാൻ മുന്നോട്ടു നടന്നു. ആദ്യം കണ്ട ചായക്കടയിൽ കയറി. അവിടെ നമ്മുടെ ഡ്രൈവർമാർ ചായ കുടിക്കുന്നുണ്ടായിരുന്നു. ചൂടുചായ കുടിച്ചിറങ്ങുമ്പോൾ അജയ് വരുന്നത് കണ്ടു. അവൻ വേറൊരു കടയിൽ നിന്നും ചായ കുടിച്ചിട്ടാണ് വരുന്നത്. എങ്കിലും ഞങ്ങൾ കുറച്ചുദൂരം കൂടി ആ മഞ്ഞിൽകൂടി മുന്നോട്ടുനടന്നു. പിന്നീട് തിരിച്ച് ഹോട്ടലിലേക്ക്. കോടമഞ്ഞ് കാരണം നേരാംവണ്ണം ഒന്നും കാണുന്നുണ്ടായിരുന്നില്ല. എട്ടുമണിയോടെ ഓരോരുത്തരായി ഭക്ഷണം കഴിക്കാൻ എത്തിത്തുടങ്ങി. എല്ലാവരുടേയും ഭക്ഷണവും കഴിഞ്ഞ് ഹോട്ടലിലെ കണക്കും തീർത്ത് മടക്കയാത്രയ്‌ക്കൊരുങ്ങുമ്പോൾ സമയം 9 : 30 ആയിട്ടുണ്ടാവണം. 'വിൽട്ട'ണിൽ എത്തിയപ്പോൾ ഈത്തപ്പഴത്തിന്റെ അച്ചാർ വാങ്ങാൻ എല്ലാവർക്കും പൂതി. കുറച്ചുമുന്നിലുള്ള അവരുടെ തന്നെ ബേക്കറിയിൽ കിട്ടും എന്നറിഞ്ഞപ്പോൾ അങ്ങോട്ട് പോയി. പക്ഷേ സാധനം ഉണ്ടായിരുന്നില്ല. അങ്ങനെ ഒരാഗ്രഹം കൂടി നാലായി മടക്കി പെട്ടിയിലിട്ടുവെച്ചു. കാടും മേടും കടന്ന് ബസ് കുതിക്കുകയാണ്. പാട്ടും അന്താക്ഷരിയുമൊക്കെ തകൃതിയായി നടക്കുന്നു. അപ്പോഴാണ് വിടർന്ന ചിരിയോടെ തലയാട്ടി നിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ വഴിയരികിൽ നിന്നും വിളിച്ചത്. ബസ് നിർത്തിയതും കുട്ടിയേയും പെട്ടിയേയും മറന്ന് എല്ലാവരും അങ്ങോട്ടോടി. 'എന്റെ തല എന്റെ ഉടൽ' അതുമാത്രമായിരുന്നു മിക്കവരുടെയും ലക്‌ഷ്യം. കെട്ടിടത്തിൽ ബോംബ് വെച്ചൂന്ന് കേട്ടപ്പോൾ ടി വി യും മിക്സിയും എടുത്ത് കുട്ടിയെ എടുക്കാതെ ഓടുന്ന ബിന്ദു പണിക്കർ ഇവരുടെ മുന്നിൽ ഒന്നുമല്ലായെന്ന് തോന്നിപ്പോയി. ആവശ്യത്തിലേറെ പടം പിടിച്ചതും അവിടെ നിന്നും ഇറങ്ങി. ഗുണ്ടൽപ്പേട്ടും കടന്ന് ഉച്ചയോടെ മൈസൂർ എത്തി. അപ്പോഴേക്കും അങ്കത്തട്ടിന്റെ കാര്യത്തിൽ തീരുമാനം ആയിരുന്നു. "പൂജാരി ദി ഫിഷ് ലാൻഡ്" ആയിരുന്നു വേദി. പൊരിഞ്ഞ യുദ്ധം തന്നെയായിരുന്നു. പക്ഷേ ഇത്തവണ ബില്ല് കിട്ടിയപ്പോൾ ശരിക്കും ഞെട്ടി. കണക്കുകൂട്ടിയും തർക്കിച്ചും കുറച്ച് കാശ് തിരിച്ചുവാങ്ങി. പക്ഷേ എന്നിട്ടും എവിടെയൊക്കെയോ ഒരു വശപ്പിശക് തോന്നി. ഞങ്ങൾ പുരുഷന്മാർ കാശിന്റെ കാര്യം നോക്കുമ്പോൾ ശ്രീമതികൾ റീൽസ് എടുത്ത് തകർക്കുകയായിരുന്നു. മൂകസാക്ഷികളായി ഡ്രൈവർമാരും. റീൽസിൽ നിന്നും പുറത്തുകടത്തി ബസ്സിൽ കയറ്റാൻ കുറച്ചധികം പാടുപെടേണ്ടിവന്നു. ബസ് ബാംഗ്ലൂർ ദേശീയപാതയിലൂടെ കുതിക്കുകയാണ്. ഇടയ്ക്ക് ചായ കുടിക്കാൻ നിർത്തി. എല്ലാവരും ശരിക്കും ആസ്വദിച്ചു കഴിഞ്ഞ രണ്ടുദിവസം. പക്ഷേ മടങ്ങുന്നതിന്റെ സങ്കടം ഒരുപാടൊന്നും ഉണ്ടായിരുന്നില്ല, കാരണം എന്നും ഇതിൽ പലരുടേയും മുഖം ഒന്നോ പലതവണയോ കാണാറുണ്ട്, ഇനി കാണുകയും ചെയ്യും. അതിനാൽ പിരിയുന്നു എന്ന തോന്നൽ ആർക്കും ഉണ്ടായിരുന്നില്ല. വീട്ടിലെത്തുമ്പോൾ രാത്രിയായി. സന്ദീപ്-രമ്യയുടെ വിവാഹവാർഷികം ഇന്നാണെന്ന വിവരം അപ്രതീക്ഷിതമായി അറിഞ്ഞതിനാൽ അവരറിയാതെ ഞങ്ങൾ കേക്കുമായി പോയി ഞെട്ടിച്ചു.  എന്തരൊക്കെ കിട്ടാനുണ്ടോ അതൊക്കെ വാങ്ങിയും എന്തരൊക്കെ കൊടുക്കാനുണ്ടോ അതൊക്കെ കൊടുത്തും ഞങ്ങൾ കണക്കുകൾ പൂട്ടിക്കെട്ടി. പതിവുപോലെ ജോലിക്കു പോയും കുട്ടികൾ സ്കൂളിൽ പോയും ജീവിതം സാധാരണനിലയിലായി. കൂട്ടിയും കിഴിച്ചും ക്രിസ്തുമസ് ആഘോഷത്തിനായി ഞങ്ങളൊരു തീയതി കണ്ടുവെച്ചിട്ടുണ്ട്. ഡിസംബറിൽ നടക്കാൻ പോകുന്ന ആ ഒത്തുചേരലിനായുള്ള കാത്തിരിപ്പിലാണ് ഞങ്ങളിപ്പോൾ.

കണ്ടതിലേറെ കാണാത്തതായുണ്ട്. കേട്ടതിലേറെ, വായിച്ചതിലേറെ പറയാനുണ്ട്. എങ്കിലും ഒന്നിച്ചുകഴിഞ്ഞ അസുലഭനിമിഷങ്ങൾ മറക്കാൻ കഴിയുന്നതല്ല. മഞ്ചാടിമണി പോലെ ഒന്നിച്ചിരുന്നതും, വളപ്പൊട്ടുകൾ പോലുള്ള കളിചിരികളും ഓർമ്മപുസ്തകത്തിലെ മയിൽപ്പീലിപോലെ കിടക്കുകയാണ്. ഇടയ്ക്കിടെ താളുകൾ പിന്നോട്ട് മറിച്ചു നോക്കാൻ. ഒന്നുതഴുകി ആ ഓർമ്മകളിലേക്ക് ഊളിയിട്ട് വീണ്ടും അവിടെത്തന്നെ വെക്കും, മറ്റൊരു ദിവസത്തേക്കായി. കാലമെത്ര കഴിഞ്ഞാലും പൊടിയാതെ നിറം മങ്ങാതെ അതവിടെ കിടക്കും. ചിലപ്പോൾ, നമ്മളൊക്കെ പണ്ട് ആഗ്രഹിച്ചതുപോലെ ഒരു കുഞ്ഞുപീലിയെ പെറ്റിട്ടുണ്ടാവും. ഓർമ്മകളിൽ നിന്നും പുതിയോർമ്മകൾ! ഓർമ്മകൾ അയവിറക്കുന്ന ഓർമ്മകളുമായി കാലം അങ്ങനെ മുന്നോട്ട് നീങ്ങട്ടെ. അതിനിടയിൽ കൂടുതൽ ഒത്തുചേരലുകൾക്ക് കാലം സാക്ഷ്യം വഹിക്കട്ടെ. 

**ശുഭം***

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ