കാലം അതിവേഗം കുതിക്കുകയാണ്. വൈ 2 കെ പ്രശ്നത്തിൽ നിന്നും എങ്ങനെ പുറത്തുകടക്കാം എന്ന് തലപുകഞ്ഞ് അതിനൊരു ഉത്തരം കണ്ടെത്തിയപ്പോഴാണ് ഇരുപത്തൊന്നാം നൂറ്റാണ്ട് തുടങ്ങിയത്. ഇപ്പോഴിതാ അതിവേഗം വളർന്ന ശാസ്ത്രലോകം നിർമ്മിതബുദ്ധിയുടെ ഗുണവും ദോഷവും ഇഴകീറി പരിശോധിച്ചുകൊണ്ടിരിക്കുന്ന കാലമായപ്പോഴേക്കും കാൽനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. പിന്നിട്ട രണ്ടരദശകത്തിന്റെ ഗുണഫലങ്ങൾ ചികഞ്ഞുനോക്കാൻ ഏതായാലും മിനക്കെടുന്നില്ല. പകരം ഈ നൂറ്റാണ്ടിന്റെ ഇരുപത്തഞ്ചാം വർഷം കേരളം കണ്ട കാഴ്ചകൾ പെട്ടെന്ന് പറഞ്ഞുപോകാം. ഉയരങ്ങളിൽ വിരാജിച്ചവരും ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നവരും അതിവേഗം താഴേക്ക് പതിച്ച കാഴ്ചകളാണ് വർഷാവസാനം നാം കണ്ടുകൊണ്ടിരിക്കുന്നത്. ഒപ്പം, മറഞ്ഞുപോയ വിപ്ലവനക്ഷത്രവും ജയചന്ദ്രികയും സാംസ്കാരികരംഗത്തെ മറ്റനേകം ശുഭ്രനക്ഷത്രങ്ങളും തീർത്ത ശൂന്യതയും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് മലയാളികൾ.
കഴിഞ്ഞവർഷത്തെ വയനാട് ദുരന്തം മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു. പക്ഷേ വർഷമൊന്നു കഴിഞ്ഞിട്ടും പുനരധിവാസം എങ്ങുമെത്തിയില്ല എന്നത് പറയേണ്ടിയിരിക്കുന്നു. ദുരിതബാധിതർക്ക് വീടുകെട്ടാനുള്ള കരാർ ഒരു ലേലവും കൂടാതെ ഉയർന്ന തുകയ്ക്ക് ഊരാളുങ്കലിനെ ഏൽപ്പിച്ച കാഴ്ചയും അതോടൊപ്പം ഉയർന്ന വിവാദവുമായിരുന്നു തുടക്കം തന്നെ നാം കണ്ടത്. വിവാദങ്ങൾ നോക്കി നടക്കുന്ന ചിലർക്ക് അടിക്കാൻ കൊടുത്ത വടിപോലെയായി പിന്നീട് വന്ന അമ്പലത്തിൽ ഷർട്ട് ഇടാൻ അനുവദിക്കണമെന്ന അഭിപ്രായം. NSS ഉം SNDP യും രണ്ടുതട്ടിലാകാൻ ഇത് മതിയായിരുന്നു. വർഷങ്ങൾക്ക് ശേഷം വന്ന പെരിയ ഇരട്ട കൊലക്കേസിന്റെ വിധി സിപിഎം നു പ്രഹരമായിരുന്നു. ജീവപര്യന്തവും കഠിനതടവുമടക്കം ശിക്ഷാവിധി. മേൽക്കോടതിയിൽ അപ്പീൽ പോയി ഗൂഢാലോചനക്കുറ്റം തെളിഞ്ഞ ചിലർ പുറത്തിറങ്ങിയിട്ടുണ്ട് ഏതായാലും.
വയനാട് ഡിസിസി ട്രഷറുടെ ആത്മഹത്യ കോൺഗ്രസിനെ പിടിച്ചുലച്ചു. പാർട്ടിക്ക് വേണ്ടി കടം വാങ്ങി ഒടുവിൽ പാർട്ടി സഹായിച്ചില്ല എന്ന് കുടുംബം പരസ്യമായി പരാതി പറഞ്ഞു. ബത്തേരി എം എൽ എ അടക്കമുള്ളവരെ പ്രതിയാക്കി പോലീസ് കേസ് എടുത്തു. മാസങ്ങൾക്ക് ശേഷം ചില സാമ്പത്തികബാധ്യത പാർട്ടി തീർക്കുകയും ചെയ്തിട്ടുണ്ട്. നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി ഉണ്ടാക്കിയ പുകിൽ ചെറുതല്ല. അച്ഛന്റെ ആഗ്രഹപ്രകാരം സമാധിയിരുത്തിയതാണെന്നും അതല്ല കൊലപാതകമാണെന്നും അഭിപ്രായങ്ങളുയർന്നു. പോലീസ് അന്വേഷണവും മറ്റുമായി നീങ്ങിയെങ്കിലും ഈ കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയില്ല.
മുഖ്യമന്ത്രിയുടെ അടുത്ത ആളായി വിലസിയിരുന്ന പി വി അൻവർ ഒരു സുപ്രഭാതത്തിൽ പോലീസിനെയും സർക്കാരിനെയും വിമർശിച്ചുകൊണ്ട് പടിയിറങ്ങിയത് അമ്പരപ്പിക്കുന്ന ഒരു സംഭവമായിരുന്നു. സംസ്ഥാനത്തെ സ്വർണ്ണക്കടത്തിൽ പൊലീസിലെ ഉന്നതർക്ക് പങ്കുണ്ടെന്നും അവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കലഹം. അതുവരെ അൻവറിനെ പൂർണ്ണമായും പിന്തുണച്ചിരുന്ന മുഖ്യമന്ത്രി ഈ ഘട്ടത്തിൽ കൈയ്യൊഴിഞ്ഞത് ഒരു പക്ഷേ അൻവറിനെ പ്രകോപിപ്പിച്ചിട്ടുണ്ടാകാം. മുഖ്യമന്ത്രിക്കെതിരേയും അതിരൂക്ഷമായി അൻവർ വിമർശനം ഉന്നയിച്ചു. തൃശൂർ പൂരം ADGP കലക്കിയത് ബിജെപിക്ക് തിരഞ്ഞെടുപ്പ് ജയിക്കാനായിരുന്നു എന്ന വാദം പ്രതിപക്ഷവും സിപിഐയും ഏറ്റെടുത്തു. അൻവർ എം എൽ എ സ്ഥാനം രാജിവെച്ചത് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കി. UDF-ന്റെ പിന്തുണയോടെ വീണ്ടും മത്സരിക്കാം എന്ന അതിമോഹം സ്വന്തം വാക്കിനാൽ അൻവറിന് നഷ്ടപ്പെട്ടു. UDFന്റെ പ്രവേശനം കാത്തുനിൽക്കുന്ന സമയത്തുപോലും അവരുടെ സ്ഥാനാർത്ഥിയെ ഇകഴ്ത്തി പറഞ്ഞത് നേതാക്കളെ പ്രകോപിതരാക്കുകയും അൻവറിനെ മുന്നണിയിൽ എടുക്കാൻ കഴിയില്ല ഉറച്ച നിലപാട് വി ഡി സതീശനെ പോലുള്ളവർ എടുക്കുകയും ചെയ്തതോടെ അൻവറിന്റെ മുന്നിലെ അവസാന വാതിലും അടഞ്ഞു. ആര്യാടൻ ഷൗക്കത്തിനെ ഇറക്കി UDF ഉം സ്വരാജിനെ ഇറക്കി LDF ഉം കാലം നിറഞ്ഞപ്പോൾ മമത ബാനർജിയെ സ്വാധീനിച്ച് തൃണമൂൽ സ്ഥാനാർത്ഥിയായി അൻവറും എത്തി. കേരള കോൺഗ്രസ്സുകാരനെ മറുകണ്ടം ചാടിച്ച് സ്ഥാനാർത്ഥിയാക്കി ബിജെപിയും. വീറും വാശിയും കണ്ട തിരഞ്ഞെടുപ്പിൽ ഒടുവിൽ പതിനൊന്നായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആര്യാടൻ ഷൗക്കത് ജയിച്ചു. അത് വി ഡി സതീശന്റെ നിലപാടിനുള്ള വിജയവും അൻവറിന്റെ ധാർഷ്ട്യത്തിനെതിരെയുള്ള മറുപടിയും സർക്കാരിനെതിരെയുള്ള ജനവിധിയുമായി മാറി.
ഭൂഗർഭജലം ഊറ്റുന്നതിന് കാരണമാകാവുന്ന സ്വകാര്യമദ്യനിർമ്മാണശാലയ്ക്ക് കഞ്ചിക്കോട് അനുമതി നൽകാനുള്ള സർക്കാരിന്റെ തീരുമാനം വലിയ കോലാഹലങ്ങൾക്കാണ് വഴിവെച്ചത്. പഞ്ചായത്തിന്റെ അനുവാദമില്ലാതെ, വളഞ്ഞ വഴിയിലൂടെയാണ് സർക്കാർ കമ്പനിയെ കൊണ്ടുവരുന്നതെന്നായിരുന്നു ആക്ഷേപം. സാമൂഹ്യ ആഘാത പഠനങ്ങളോ ഭൂഗർഭജലത്തെ പറ്റിയുള്ള പഠനങ്ങളോ ഇല്ലാതെ നടത്തിയ ഈ നീക്കം അതിശക്തമായ പ്രതിഷേധത്തിനാണ് കാരണമായത്. എന്തുവന്നാലും മദ്യനിർമ്മാണശാല സ്ഥാപിക്കും എന്ന് സർക്കാർ നിലപാടെടുത്തിരുന്നെങ്കിലും ഏറ്റവും ഒടുവിൽ, സർക്കാർ നൽകിയ അനുമതി കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന കാരണത്താൽ റദ്ദാക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്. കഴിഞ്ഞ സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ ആരോപണമായിരുന്നു കോവിഡ് കാലത്തുള്ള പി പി പി കിറ്റിന്റെ മറവിലുള്ള കൊള്ള. നിരവധി വാദങ്ങളുയർത്തി അതിനെയൊക്കെ സർക്കാർ പ്രതിരോധിച്ചെങ്കിലും അതിൽ അഴിമതിയുണ്ടെന്നാണ് ഒടുവിൽ സി ഐ ജി കണ്ടെത്തിയിരിക്കുന്നത്. തങ്ങൾക്കെതിരായതിനാൽ പതിവുപോലെ സർക്കാരും പാർട്ടിയും ആ കണ്ടെത്തലിനെ തള്ളിപ്പറയുകയും ചെയ്തു. പത്തു വർഷമായി അധികാരത്തിന് പുറത്താണെങ്കിലും അതൊന്നും തങ്ങളുടെ ആഭ്യന്തരകലഹത്തിന് ബാധകമല്ലെന്ന രീതിയിലാണ് കോൺഗ്രസ് നേതാക്കളുടെ തൊഴുത്തിൽ കുത്തും പരസ്പരമുള്ള പടയൊരുക്കങ്ങളും നടക്കുന്നത്. പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും തമ്മിലുള്ള അധികാരവടംവലിയും മുതിർന്ന നേതാക്കൾ തമ്മിലുള്ള പ്രശ്നങ്ങളും അതിനിടയിൽ കേന്ദ്രനേതാവിന്റെ രംഗപ്രവേശനവുമെല്ലാം അടുത്ത ഭരണവും തട്ടിക്കളയുന്ന രീതിയിലാണ് നടന്നുകൊണ്ടിരുന്നത്. ഇതിന്റെയെല്ലാം പരിസമാപ്തിയെന്നോണം കെ സുധാകരനെ മാറ്റി സണ്ണി ജോസഫിനെ പുതിയ പാർട്ടി പ്രസിഡന്റായി കൊണ്ടുവന്നു. ഈ പ്രശ്നങ്ങൾക്കിടയിലും നിലംബൂർ തിരഞ്ഞെടുപ്പ് ജയിച്ചത് നേതാക്കളുടെ ആത്മവിശ്വാസം ഉയർത്താൻ കാരണമായി. എങ്കിലും വി ഡി സതീശന് കിട്ടുന്ന സ്വീകാര്യത മറ്റുള്ളവരെ അസ്വസ്ഥപ്പെടുത്തുന്നു എന്നുപറഞ്ഞാൽ അധികമാവില്ല. ശശി തരൂർ നിരന്തരം പാർട്ടിയുമായി കലഹിക്കുന്നതും അനാവശ്യമായ പ്രസ്താവനകളിലൂടെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതും നാം കണ്ടവർഷമായിരുന്നു 2025
ആന, കടുവ, പന്നി തുടങ്ങിയ വന്യജീവി അക്രമണങ്ങളാൽ നട്ടം തിരിയുന്ന മലയോരജനതയ്ക്ക് ഒരാശ്വാസവും നല്കാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് കഴിയുന്നില്ല എന്നത് അവരുടെ പ്രതിഷേധത്തിന് ആക്കം കൂട്ടാൻ ഇടയാക്കി. ഒന്നും ചെയ്യാതെ വനംവകുപ്പും സർക്കാരും പാഴ്വാക്കുകളാൽ ജനങ്ങളെ തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും എല്ലാം വൃഥാവായി എന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്കാൻ കഴിയാത്തത് സർക്കാരിന്റെ പിടിപ്പുകേട് തന്നെയാണ്. വർഷാവസാനവും കടുവയുടെ ആക്രമണത്തിൽ ഒരു ആദിവാസി കൊല്ലപ്പെട്ടു എന്ന വാർത്തയാണ് ഇതുസംബന്ധിച്ച് ഒടുവിൽ കേൾക്കേണ്ടിവന്നത്. ജനങ്ങൾ പ്രതിഷേധിച്ചെങ്കിലും പതിവ് വാഗ്ദാനങ്ങൾ തന്നെ നൽകി ആ രോഷം ശമിപ്പിക്കാൻ ശ്രമിക്കാനാണ് സാധ്യത. അല്ലാതെ ശാശ്വതപരിഹാരം നല്കാൻ ആരും ശ്രമിക്കുമെന്ന് തോന്നുന്നില്ല. പലവിധ തട്ടിപ്പുകൾ അരങ്ങേറുന്ന സംസ്ഥാനത്തെ ഏറ്റവും പുതിയ തട്ടിപ്പാണ് പതിവിലയ്ക്ക് സ്കൂട്ടർ എന്ന ആശയം. മോഹനവാഗ്ദാനത്തിൽ കുടുങ്ങിപ്പോയത് ആയിരങ്ങളാണ്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിൽ പ്രധാനപ്രതികളെല്ലാം പോലീസ് പിടിയിലായിക്കഴിഞ്ഞു. ഹൈക്കോടതി ജഡ്ജി അടക്കം പല പ്രമുഖരുടെയും പേരുകൾ പറഞ്ഞു കേട്ട തട്ടിപ്പായിരുന്നു ഇത്.
നിലപാടിൽ നിന്നും മലക്കം മറിയുക എന്നത് സി പി എം നെ സംബന്ധിച്ച് ആദ്യത്തെ കാര്യമൊന്നുമല്ല. അതാണ് സ്വകാര്യസർവ്വകലാശാലകൾ അനുവദിക്കാമെന്ന നയം മാറ്റത്തിലും പ്രകടമായത്. മുൻപ് നടത്തിയ സമരങ്ങൾ കാണിച്ച്, കേരളത്തെ പിന്നോട്ടടിച്ചതിന് മാപ്പുപറയണമെന്ന പ്രതിപക്ഷാവശ്യം പക്ഷേ താത്വികമായ അവലോകനത്തിലൂടെ പാർട്ടി തള്ളി. പോയവർഷം കണ്ട വലിയ സമരം പക്ഷേ ഇതൊന്നുമായിരിക്കില്ല. ശമ്പളവർദ്ധനവും ജോലി സ്ഥിരതയും പിരിയുമ്പോളുള്ള ന്യായമായ വേതനവും ലഭിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റ് പടിക്കൽ നടന്ന ആശ ജീവനക്കാരുടെ സമരമായിരിക്കും. തങ്ങൾക്ക് ലഭിക്കുന്ന തുച്ഛമായ വേതനവും എന്നാൽ തങ്ങൾക്ക് ചെയ്യേണ്ടിവരുന്ന കഠിനമായ ജോലികളെല്ലാം പറഞ്ഞുകൊണ്ട് ചർച്ചകൾ ഒരുപാട് നടത്തിയെങ്കിലും എല്ലാം പതിച്ചത് ബധിരകർണ്ണങ്ങളിലായിരുന്നു. സർക്കാരിനെതിരെ ആയതിനാൽ പാർട്ടിക്കാരും മന്ത്രിമാരുമടക്കം നിരവധിപേർ അവർക്കെതിരെ ആക്ഷേപങ്ങൾ ചൊരിഞ്ഞു. ചേർത്തുപിടിക്കാൻ സന്മനസ്സുകാണിച്ചവരെ പോലും എതിർപക്ഷത്തുള്ളവർ അപഹസിച്ചു. ഇരുന്നൂറിലേറെ ദിവസങ്ങളാണ് അവർ സമരരംഗത്തുണ്ടായിരുന്നത്. കേന്ദ്രവും സംസ്ഥാനവും പരസ്പരം വിമർശിച്ചതല്ലാതെ ആശമാരുടെ ദുഃഖം കണ്ടില്ല. മാസങ്ങൾക്ക് ശേഷം സർക്കാർ നടത്തിയ പ്രഖ്യാപനത്തിൽ ആശമാർക്കായി കരുതിവെച്ചത് മാസം 1000 രൂപയെന്ന തുച്ഛമായ വർദ്ധനവ് മാത്രം. മഴയും വെയിലും മഞ്ഞും വകവെയ്ക്കാതെയുള്ള ഈ സമരം മനഃസാക്ഷിയുള്ള ഏവരേയും ഇരുത്തിച്ചിന്തിപ്പിക്കുന്നതായിരുന്നു. സാമ്പത്തികപ്രതിസന്ധിയാണ് കാരണമായി പറയുന്നതെങ്കിലും 'ലാൽസലാം' പോലുള്ള പരിപാടികൾ നടത്താനോ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ക്രിസ്തുമസ് വിരുന്ന് സംഘടിപ്പിക്കാനോ PSC യിലെ അംഗങ്ങളുടെ ശമ്പളത്തിൽ വൻവർദ്ധന വരുത്താനോ ഒന്നും ഈ പ്രതിസന്ധി ഒരു തടസ്സമേ ആയിരുന്നില്ല.
പഴയ ഗവർണ്ണർ മാറി പുതിയ ആൾ വന്നെങ്കിലും സർക്കാരുമായുള്ള പോരിന് ശമനമുണ്ടായില്ല. ഇടയ്ക്ക് സർക്കാരും ഗവർണറും ഡൽഹിയിൽ പോയി കേന്ദ്രധനകാര്യമന്ത്രിയുമായി ചർച്ചയൊക്കെ നടത്തുകയുണ്ടായി. അതിനിടയിൽ ഭാരതാംബയുടെ ചിത്രത്തിന്റെ പേരിൽ വീണ്ടും ഉടക്കി. സർവ്വകലാശാലകളിൽ വി സി മാരെ നിയമിക്കുന്ന കാര്യത്തിലും പരസ്പരം പോരടിക്കാൻ ഒരുമടിയും ഇരുകൂട്ടർക്കുമുണ്ടായിരുന്നില്ല. കോടതി കയറിയ നടപടി ഒടുവിൽ സുപ്രീകോടതിയുടെ കണ്ണുരുട്ടലിലൂടെ ഒരുവിധം കലങ്ങിത്തെളിഞ്ഞിട്ടുണ്ട്. പക്ഷേ എത്ര നാൾ നീണ്ടുനിൽക്കും എന്നത് കണ്ടുതന്നെയറിയണം. ഏറെ വിവാദമായ മാസപ്പടിക്കേസിൽ SFIO മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചെങ്കിലും കാര്യമായ ഒരു പുരോഗതി പിന്നീട് ഉണ്ടായിട്ടില്ല. എന്ന് മാത്രമല്ല, CMRIL ന്റെ കേസ് പലതവണയായി ഡൽഹി ഹൈക്കോടതിയിൽ മാറ്റിവെച്ചുകൊണ്ടിരിക്കുകയാണ്. ലാവ്‌ലിൻ ആണെങ്കിൽ അടുത്ത കാലത്തൊന്നും തീരാനും പോകുന്നില്ല. തൃശൂർ പൂരം കലക്കിയതിലും RSS നേതാക്കളെ കണ്ടതിലും ADGP യോട് വിശദീകരണം ചോദിക്കാതിരിക്കുന്നതും അച്ചടക്ക നടപടി എടുക്കാതിരിക്കുന്നതും കൊടകര കുഴൽപ്പണക്കേസും മേൽപ്പറഞ്ഞ മറ്റു കേസുകളുടെ നിലവിലെ സ്ഥിതിയും എല്ലാം ചേർത്തുവെച്ച് വായിക്കുമ്പോൾ അന്തർധാരകൾ സജീവമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല.
ആരോഗ്യരംഗവും വകുപ്പും എത്രമാത്രം പരാജയമാണെന്ന് കാണിക്കുന്ന നിരവധി സംഭവങ്ങൾ പോയവർഷം നാം കാണുകയുണ്ടായി. കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടുത്തത്തിൽ രോഗികൾ മരിച്ചത്, കോട്ടയം മെഡിക്കൽ കോളേജിന്റെ ഒരുഭാഗം ഇടിഞ്ഞുപൊളിഞ്ഞു വീണ് ഒരു സ്ത്രീ മരിച്ചത് എന്നിവ ചിലതുമാത്രം. അതിനൊക്കെ പുറമെയാണ് ഉപകരണമില്ലാത്തതിനാൽ ശസ്ത്രക്രിയ മാറ്റിവെക്കേണ്ടിവന്നു എന്ന ഡോ ഹാരിസിന്റെ തുറന്നുപറച്ചിൽ. ആദ്യം ഡോക്ടറിനെ പിന്തുണച്ച ആരോഗ്യമന്ത്രിയും സർക്കാരും ഒടുവിൽ അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണവും മറ്റു നടപടികളുമായി മുന്നോട്ടു പോവുകയുണ്ടായി. എങ്കിലും സിസ്റ്റത്തിന്റെ തകരാണ് കാരണമെന്ന മന്ത്രിയുടെ വാദങ്ങൾ ശരിവെക്കുന്ന പലകാര്യങ്ങളും ആരോഗ്യവിഭാഗവും ചികിത്സകളുമായി ബന്ധപ്പെട്ട് പുറത്തുവരികയുണ്ടായി. അന്വേഷണറിപ്പോർട്ട് മുറയ്ക്ക് സമർപ്പിക്കുന്നു എന്നല്ലാതെ തിരുത്താനാവശ്യമായ മറ്റു നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നും കാണുന്നില്ല. അമീബിയാക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടേയും മരണപ്പെടുന്നവരുടേയും എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നുണ്ടെങ്കിലും ഇതുവരെയായിട്ടും അതിന്റെ ഉറവിടം കണ്ടെത്താനോ കൃത്യമായ ഒരു വിശകലനം നടത്താനോ കഴിയാത്തതും ഈ വകുപ്പിന്റെ പരാജയമായി പറയാവുന്നതാണ്. അതുപോലെ തന്നെയാണ് പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്സിൻ എടുത്തിട്ടും ആളുകൾ മരിക്കാനിടയായ സംഭവവും.
രാജ്യത്തെ ഞെട്ടിച്ച പഹൽഗാം കൂട്ടക്കൊലയിലും അഹമ്മദാബാദ് വിമാനാപകടത്തിലും മലയാളികൾ ഉൾപ്പെട്ടിരുന്നു എന്ന വാർത്തയും കേരളത്തെ ദുഃഖത്തിലാഴ്ത്തി. യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി മികച്ച ഇടപെടലുകളാണ് കേരളത്തിലെ ജനങ്ങളും ചില സംഘടനകളും നടത്തിയത്. കാന്തപുരത്തിന്റെ ഇടപെടൽ കാര്യമായി ചില ചലനങ്ങൾ സൃഷ്ടിച്ചു എന്നും അറിയുകയുണ്ടായി. അതിനിടയിൽ, സുപ്രീംകോടതിയിൽ കേസ് എത്തുകയും കേന്ദ്രത്തിന്റെ ഇടപെടലുകളുടെ വിവരം കോടതി ആരായുകയുമുണ്ടായി. അനേകദിവസങ്ങൾ വാർത്തകളുടെ തലക്കെട്ടിൽ ഇടംപിടിച്ചിരുന്നെങ്കിലും വധശിക്ഷ നീട്ടിവെച്ചു എന്നതിനപ്പുറത്തേക്ക് പുതുതായി ഒന്നും പിന്നീട് കേൾക്കുകയുണ്ടായില്ല. പിന്നീട് വന്ന വാർത്തകൾ ഈ വാർത്തയെ വിസ്മൃതിയിലേക്ക് തള്ളിയതുമാകാം.
ചുരുങ്ങിയ കാലം കൊണ്ടും സംഘടനയിലും പാർട്ടിയിലും ഉയരങ്ങളിലേക്ക് കുതിക്കുന്നതിനിടയിലാണ് രാഷ്ട്രീയത്തിലെ യുവതാരമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ സ്ത്രീപീഡനാരോപണം ഉയർന്നത്. വെറും ആരോപണം എന്ന് പറഞ്ഞ് തള്ളിയെങ്കിലും കൂടുതൽ ആരോപണങ്ങൾ വന്നപ്പോൾ പാർട്ടിയിൽ നിന്നും താൽക്കാലികമായി മാറ്റിയും നിയമസഭയിൽ മാറ്റിയിരുത്തിയും കോൺഗ്രസ് പാർട്ടി പുതിയൊരു മാതൃക ഇക്കാര്യത്തിൽ കാണിക്കുകയുണ്ടായി. തങ്ങളുടെ കൂട്ടത്തിലും ആരോപണവിധേയരായ MLA മാരും മന്ത്രിമാരും ഉണ്ടെന്നിരിക്കെ രാഹുലിന്റെ MLA സ്ഥാനത്തിനെതിരെ പ്രതിഷേധിക്കാനോ രാജിയാവശ്യം ഉന്നയിക്കാനോ തങ്ങളുടെ ധാർമ്മികത മറ്റു പാർട്ടികൾക്കൊരു തടസ്സമേയായിരുന്നില്ല. ആരോപണം ഉന്നയിച്ചവർ പരാതി നൽകാത്തതിനാൽ കുറച്ചുദിവസങ്ങൾക്കു ശേഷം വിവാദം തണുക്കുകയും രാഹുൽ വീണ്ടും സജീവമാവുകയും ചെയ്തു. തദ്ദേശതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിനിടയിൽ വീണ്ടും പഴയ ആരോപണം കുത്തിപ്പൊക്കുകയും അതിജീവിതയെക്കൊണ്ട് പരാതി കൊടുപ്പിക്കുകയും ചെയ്തു. ആറിത്തണുത്ത കേസ് വീണ്ടും ആഞ്ഞടിച്ചപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ് മുഖം രക്ഷിച്ചു. പോലീസിന്റെ പിടിയിൽ പെടാതെ രണ്ടാഴ്ചയോളം ഒളിവിൽ കഴിഞ്ഞ രാഹുൽ പുറത്തു വന്നത് ജാമ്യം കിട്ടിയെന്നറിഞ്ഞ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാണ്. തിരഞ്ഞെടുപ്പിൽ രാഹുൽ വിഷയം ആളിക്കത്തിക്കാൻ LDF ശ്രമിച്ചെങ്കിലും രാഷ്ട്രീയപ്രേരിതമാണെന്ന രാഹുലിന്റെ വാദം ശരിവെക്കുന്ന രീതിയിലാണ് കോടതികൾ പ്രതികരിച്ചത്. പിന്നീട് ഒരു കേസ് കൂടി വന്നെങ്കിലും അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിനാൽ തല്ക്കാലം ആശ്വസിച്ചിരിക്കുകയാണ് രാഹുലും അനുയായികളും. സാമൂഹ്യപ്രവർത്തകർ വ്യക്തി ജീവിതത്തിലും എത്രമാത്രം ശ്രദ്ധാലുക്കളായിരിക്കണമെന്ന് ഈ പാഠം ഏതായാലും എല്ലാവരേയും പഠിപ്പിക്കുമെന്നു കരുതാം.
മലയാളിമനസ്സുകളെ ഞെട്ടിച്ച കൊലപാതകി ഗോവിന്ദച്ചാമി അതീവസുരക്ഷാസന്നാഹങ്ങൾ നിറഞ്ഞ കണ്ണൂർ ജയിലിൽ നിന്നും വളരെ നിസ്സാരമായി രക്ഷപ്പെട്ട വാർത്ത, നമ്മുടെ ജയിലുകളിലെ സുരക്ഷാസംവിധാനത്തിലെ പാളിച്ചകൾ അക്ഷരാർത്ഥത്തിൽ വെളിപ്പെടുത്തുന്നതായിരുന്നു. ദിവസങ്ങൾ നീണ്ടുനിന്ന തയ്യാറെടുപ്പുകളോ മണിക്കൂറുകളെടുത്ത് രക്ഷപ്പെട്ടതോ ഒന്നും ജയിൽ ഉദ്യോഗസ്ഥർ അറിഞ്ഞില്ല എന്നതും അവരുടെ കഴിവുകേടിനെ തുറന്നുകാണിക്കുന്നതായിരുന്നു. രാഹുൽ ഗാന്ധി നടത്തിയ വോട്ട് തട്ടിപ്പിന്റെ അലയൊലികൾ കേരളത്തിലും പ്രതിഫലിച്ചു. തൃശൂരിലടക്കം പുറത്തുനിന്നുള്ള ആളുകളെ വോട്ടർ പട്ടികയിൽ ചേർത്ത കഥകൾ പുറത്തുവന്നു. വീട്ടുകാരറിയാതെ അവരുടെ മേൽവിലാസത്തിൽ അപരിചിതരെ കുത്തിനിറച്ച് ജയിക്കാനായി ഏതറ്റവും വരെ പോകുന്ന കാഴ്ച ജനാധിപത്യത്തിനെ അപഹസിക്കുന്നതായിരുന്നു.
ആഭ്യന്തരവകുപ്പിന്റെ പരാജയവും സംസ്ഥാനത്ത് ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. ലോക്കപ്പ് മരണങ്ങളും പോലീസ് സ്റ്റേഷനിൽ നടക്കുന്ന ക്രൂരതകളും മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. മറ്റുപലതും പോലെ ഇതും ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമായി സർക്കാരും പാർട്ടിയും വിശദീകരിച്ചു.
ഛത്തീസ്‌ഗഡിൽ മതപരിവര്തനക്കുറ്റം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം കേരളത്തിൽ വലിയ വാർത്തയായി മാറി. ഹിന്ദു സംഘടനകളുടെ പ്രതിഷേധം പിന്നീട് കന്യാസ്ത്രീകളുടെ അറസ്റ്റിലേക്ക് വഴി തെളിയിക്കുകയായിരുന്നു. കൃസ്ത്യൻ വിഭാഗത്തെ കൂടെ കൂട്ടാൻ പ്രത്യേകിച്ച് കേരളത്തിൽ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബിജെപിക്ക് ഇത് വലിയ ക്ഷീണമായി മാറി. മറ്റു മുന്നണികളും കിട്ടിയ അവസരം ഉപയോഗിക്കാൻ രംഗത്തിറങ്ങി. പാർട്ടി പ്രതിനിധികൾ അറസ്റ്റിലായവരെ കാണുകയും ഡൽഹിയിൽ അമിത്ഷായോട് ചർച്ച നടത്തുകയും ഒക്കെ ചെയ്ത് കാര്യങ്ങൾ തങ്ങൾക്കനുകൂലമാക്കാൻ ശ്രമം നടത്തുകയുണ്ടായി. ഒടുവിൽ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചവർ പുറത്തിറങ്ങിയതിന്റെ നേട്ടവും ഓരോരുത്തരും അവകാശപ്പെടുകയുമുണ്ടായി എന്നതും പറയാതിരിക്കാനാവില്ല.
ഭൂരിപക്ഷ സമൂഹത്തെ കൂടെനിർത്താനായി അയ്യപ്പസംഗമം നടത്താനുതകിയ സർക്കാരിനും പാർട്ടിക്കും മേലെ ഇടിത്തീ പോലെ വന്നുപതിച്ച സ്വർണ്ണക്കൊള്ള, സർക്കാരിനെയും പാർട്ടിയേയും ദേവസ്വംബോർഡിനേയും ഒരുപോലെ വെട്ടിലാക്കി. ദ്വാരപാലകരുടെ പീഠത്തിന്റെ കഥയുമായി വന്ന ഉണ്ണികൃഷ്ണൻ പോറ്റി പ്രതിപക്ഷത്തിന്റെ ആളാണെന്ന നുണ പക്ഷേ വളരെ വേഗം ചീറ്റിപ്പോയി. കോടതിയെ അറിയിക്കാതെ സ്വർണ്ണപാളികൾ പുറത്തേക്കു കൊണ്ടുപോയതറിഞ്ഞയുടൻ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു ദേവസ്വം ബെഞ്ച്. അതും കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ. തുടർന്നുള്ള അന്വേഷണത്തിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരും ഉദ്യോഗസ്ഥരുമടക്കം നിരവധി പേര് അറസ്റ്റിലായി. അന്താരാഷ്ട്രകൊള്ളയാണെന്ന സംശയമാണ് കോടതി ഉന്നയിച്ചത്. ദേവസ്വം ബോർഡിനോ മന്ത്രിക്കോ യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് മുൻകൂർ ജാമ്യം എടുത്ത മന്ത്രി വാസവന് പക്ഷേ മുൻ പ്രസിഡന്റുമാർ അകത്തായതോടെ തന്റെ വാക്കുകൾ വിഴുങ്ങേണ്ടി വന്നു. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തതോടു കൂടി അന്വേഷണത്തിന് വേഗത കുറഞ്ഞെന്നു പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിവെക്കുന്ന രീതിയിൽ തന്നെയാണ് മേൽനോട്ടം വഹിക്കുന്ന കോടതിയും അഭിപ്രായം പ്രകടിപ്പിച്ചത്. ഒത്തുകളി സംശയം ജനിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ അന്വേഷണം നീങ്ങുന്നതെന്ന് വേണം മനസ്സിലാക്കാൻ. കളം പിടിക്കാൻ ഇ ഡി യും എത്തുന്നു എന്നതാണ് ഇതിലെ ഒടുവിലെ വിവരം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സ്വർണ്ണക്കൊള്ള ഉന്നയിക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
സെമിഫൈനൽ തിരഞ്ഞെടുപ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ട തദ്ദേശ തിരഞ്ഞെടുപ്പ് ഇതിനിടയിൽ കടന്നു വരികയുണ്ടായി. പതിവിലും നേരത്തെ സ്ഥാനാർഥി നിർണ്ണയം പൂർത്തിയാക്കി കോൺഗ്രസ് ആദ്യം തന്നെ കളത്തിലിറങ്ങി. പിന്നാലെ മറ്റുള്ള പാർട്ടികളും. സ്വർണ്ണക്കൊള്ള പ്രധാന വിഷയമാക്കി മുന്നേറുന്നതിനിടയിലാണ് അപ്രതീക്ഷിതമായി രാഹുൽ മാങ്കൂറ്റത്തിന്റെ ഗർഭഛിദ്ര കഥ വീണ്ടും ഉയർന്നുവന്നത്. പ്രതിരോധിക്കാനാവാതെ വെട്ടിലായ പാർട്ടി പക്ഷേ അധികം വൈകാതെ രാഹുലിനെ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കി ശക്തമായ നിലപാടെടുത്തു. മറ്റുള്ളവർ ഈ വിഷയവുമായി മുന്നേറാൻ ശ്രമിച്ചെങ്കിലും രാഹുലിനെ അറസ്റ്റ് ചെയ്യാൻ കഴിയാഞ്ഞതും കോടതികളിൽ നിന്നും രാഹുലിന് അനുകൂലമായി വിധിയുണ്ടായതും കാരണം തിരഞ്ഞെടുപ്പിൽ കാര്യമായി പ്രതിഫലിച്ചില്ല. ഏതായാലും വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ UDF അതിശക്തമായ മുന്നേറ്റമാണ് തിരഞ്ഞെടുപ്പിൽ നടത്തിയത്. സമസ്തമേഖലകളിലും അവർ LDF-നെ പിന്നിലാക്കി. തിരുവനന്തപുരം കോർപറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തത് LDF-നു വലിയ തിരിച്ചടിയായി. സ്വർണ്ണക്കൊള്ള വിഷയമായ പാരഡിയാണ് തോൽക്കാൻ കാരണമെന്നാണ് സിപിഎം കണ്ടെത്തിയിരിക്കുന്നതെന്ന അതിലേറെ തമാശ. പാരഡിക്കെതിരെ കേസ് എടുക്കുന്ന കോമഡിയാണ് പിന്നീട് കണ്ടത്. അതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ മതം നോക്കി വർഗ്ഗീയക്കളി കളിക്കാനും ശ്രമിച്ചപ്പോൾ പ്രതിഷേധം അതിശക്തമായി. ഒടുവിൽ കേസിൽ നിന്നും പിന്നോക്കം പോയി തലയൂരാൻ സർക്കാർ ശ്രമിക്കുന്നു എന്നാണ് വായിച്ചറിഞ്ഞത്.
ഏറെ കോളിളക്കമുണ്ടാക്കിയ നടിയെ ബലാത്സംഗം ചെയ്ത കേസിൽ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടു എന്നത് വാർത്താപ്രാധാന്യം നേടിയ മറ്റൊരു വൻ വാർത്തയായിരുന്നു. മറ്റൊരു ഗൂഢാലോചനക്കാരില്ലാതെ, സാമ്പത്തികലാഭത്തിന് വേണ്ടി മാത്രം പ്രതികൾ കുറ്റകൃത്യം നടത്തിയെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഒരുപാട് സംശയങ്ങൾ ജനങ്ങളിൽ സൃഷ്ടിച്ചാണ് ഈ വിധി വന്നിരിക്കുന്നത്. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കും എന്ന് പ്രോസിക്യൂഷൻ പറയുന്നുണ്ടെങ്കിലും ഇതുവരെ അതിനുള്ള നടപടിയിലേക്ക് കടന്നതായി അറിയില്ല.
പി എം ശ്രീ പദ്ധതിയും അതിനോടനുബന്ധിച്ച നാടകവും കേരളം കണ്ട മറ്റൊരു തമാശയായിരുന്നു. ഘടകകക്ഷികളോ പാർട്ടിയോ മന്ത്രിമാർ പോലുമറിയാതെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചേർന്ന് കേന്ദ്രസർക്കാരമായുണ്ടാക്കിയ കരാർ മുന്നണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. സിപിഐ-യുടെ ഉറച്ച നിലപട് കരാറിൽ നിന്നും പിന്നോട്ട് പോകാൻ സർക്കാരിനെ പ്രേരിപ്പിച്ചു. ബിജെപിക്കെതിരെ എന്ന് പറയുമ്പോഴും അവരുമായുള്ള അന്തർദ്ധാര സജീവമാക്കി സിപിഎം നിർത്തിയത് തദ്ദേശതിരഞ്ഞെടുപ്പിൽ വലിയ വിഷയമാവുകയും ചെയ്തു. പിബി യിലെ കത്തുചോർച്ച വിവാദവും സിപിഎം നെ ഉലച്ച മറ്റൊരു വിഷയമായിരുന്നു. സിപിഎം ന്റെ സംസ്ഥാനസമ്മേളനം കഴിഞ്ഞതും പുതിയ പാർട്ടി സെക്രട്ടറി വന്നതും ഈ വർഷം തന്നെയായിരുന്നു. ഒരു ഇടവേളക്കുശേഷം മലയാളിയായ എം എ ബേബി പാർട്ടിയുടെ കേന്ദ്ര ജനറൽ സെക്രട്ടറിയായി അവരോധിക്കപ്പെട്ടു. കേരളത്തിലെ സർക്കാർ നടത്തിയ പി എം ശ്രീ കരാർ ഒപ്പിട്ടത് പാർട്ടി അറിഞ്ഞിട്ടില്ല എന്ന് തുറന്നുപറയേണ്ടി വന്നതും ഇതേ ബേബിക്ക് തന്നെയായിരുന്നു.
സ്വർണ്ണക്കൊള്ള വിഷയത്തിനിടെ ശബരിമല നടതുറന്നതും മുന്നൊരുക്കങ്ങളിലെ പോരായ്‌മയും വലിയ വിമർശനം ഏറ്റുവാങ്ങി. പുതിയ ദേവസ്വം പ്രസിഡണ്ട് കെ ജയകുമാർ എല്ലാം ശരിയാക്കാൻ ശ്രമിക്കുകയാണ്. അതിനിടയിലാണ് ചട്ടലംഘനം നടത്തിയതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ പരാതികൾ കോടതിയിൽ എത്തിയിരിക്കുന്നത്. ആൾക്കൂട്ടം തല്ലിക്കൊന്ന മധുവിനെ ആരും മറക്കുമെന്ന് തോന്നുന്നില്ല. അതിനിടയിലാണ് വീണ്ടുമൊരു ആൾക്കൂട്ടക്കൊല. മോഷണക്കുറ്റമാരോപിച്ച് ഒരുകൂട്ടം ആളുകൾ ഒരു അന്യസംസ്ഥാനത്തൊഴിലാളിയെ അതിക്രൂരമായി കൊലപ്പെടുത്തിയ വാർത്ത നടുക്കത്തോടെയാണ് മലയാളികൾ വായിച്ചത്.
സാംസ്‌കാരിക കേരളത്തിന് വലിയ നഷ്ടങ്ങളുണ്ടാക്കിയ വർഷമായിരുന്നു കടന്നുപോയത്. ഭാവാർദ്രമായ ഗാനാലാപനത്തിലൂടെ മലയാളികളുടെ മനംകവർന്ന പ്രിയഗായകൻ ജയചന്ദ്രൻ എന്ന ശാരദനിലാവ് തിരിതാഴ്ത്തിയത് ജനുവരിയിലായിരുന്നു. ഒരു നൂറ്റാണ്ടിലേറെ ജ്വലിച്ചുനിന്ന വിപ്ലവനക്ഷത്രം അച്യുതാനന്ദൻ മറഞ്ഞതും പോയവർഷം തന്നെയായിരുന്നു. മറഞ്ഞെങ്കിലും ബാക്കിവെച്ച പാട്ടുകളിലൂടെയും തലകുനിക്കാത്ത നിലപാടുകളുടെ ഓർമ്മയിലൂടെയും അവർ എന്നും മലയാളികളുടെ മനസ്സിൽ ജ്വലിക്കുന്ന താരകങ്ങളായി നിലകൊള്ളും എന്നതിൽ സംശയമില്ല. ചരിത്രത്തെയും ചരിത്രാന്വേഷണത്തെയും പുതിയൊരു തലത്തിലേക്ക് ഉയർത്തിയ, കക്ഷിരാഷ്ട്രീയത്തിനായി നിലകൊണ്ടിട്ടില്ലാത്ത കോഴിക്കോടിന്റെ പ്രിയപ്പെട്ട എം ജി എസ് ചരിത്രമായതും ഈ വർഷം തന്നെയായിരുന്നു. മലയാളികളെയേറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത തിരക്കഥാകൃത്തും അഭിനേതാവുമായ പ്രിയപ്പെട്ട ശ്രീനിവാസൻ ഇനിയൊരു താത്വികമായ അവലോകനത്തിന് കാത്തുനിൽക്കാതെ കടന്നുപോയത് ധനുമാസരാവിലായിരുന്നു. കൂടാതെ മലയാളികളെയേറെ രസിപ്പിച്ച സംവിധായകൻ ഷാഫി , പഴയകാല നടൻ രവി കുമാർ, മുതിർന്ന കോൺഗ്രസ് നേതാവും മുൻ KPCC പ്രസിഡന്റുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള, അഭിനേതാവും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ്, സാംസ്‌കാരിക കേരളത്തിലെ ഒളിമങ്ങാത്ത ശുഭ്രനക്ഷത്രമായി വിരാജിച്ചിരുന്ന പ്രൊ. എം കെ സാനു മാഷ്, ജനപ്രിയയായ കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല തുടങ്ങി ഒരുപാട് പേരുടെ വേർപാട് കണ്ടവർഷം കൂടിയാണ് കടന്നുപോയത്.
ഇനിയും പറയാൻ ഒരുപാടുണ്ട്. വാർത്താപ്രാധാന്യം നേടിയതും നേടാത്തതുമായ ഒരുപാട് വിശേഷങ്ങൾ. പക്ഷേ എല്ലാം പറയാൻ നിന്നാൽ അതിനുമുമ്പേ അടുത്ത വർഷം കടന്നുപോകും. അതിനാൽ പതിവുപോലെ, വരാനിരിക്കുന്നത് നഷ്ടങ്ങളില്ലാത്ത, ഐശ്വര്യദായകമായ നല്ലൊരുവർഷം ആയിത്തീരട്ടെയെന്ന് വെറുതെ ആഗ്രഹിക്കാം. എന്തൊക്കെ നാടകങ്ങൾ നടക്കുമെന്ന് പ്രവചിക്കാനാവില്ലല്ലോ. നടക്കുമ്പോൾ അതൊക്കെ കണ്ടു രസിക്കുക, അതിന്റെ ഭാഗമായി തീരുക എന്നതിനപ്പുറം. ഏതായാലും എല്ലാവർക്കും പുതുവത്സരാശംസകൾ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ