ആമുഖം:
കുടുംബവും ജോലിയും ആളും ആരവവും ആയി ജീവിക്കുന്നതിനിടയിൽ ഒന്ന് വീണു. ഗുരുത്വാകർഷണത്തെ വെല്ലുവിളിച്ചു കൊണ്ട് ജീവിക്കുകയായിരുന്ന ആറടിയിലേറെയുള്ള അഹങ്കാരത്തിന്റെ പത്തി തൽക്കാലത്തേക്ക് ചെറുതായി മടങ്ങി . നീണ്ടു നിവർന്നു നടന്നിരുന്ന ഒരു മനുഷ്യന് അപ്രതീക്ഷിതമായി തന്റെ ജീവിതം ഒരു കട്ടിലിൽ ഒതുക്കേണ്ടി വന്നു ഒരു ചെറിയ കാലയളവിലേക്കെങ്കിലും; ജീവിതത്തിലെ ഒരു ചെറിയ വീഴ്ച..
എത്രയോക്കാലമായി അനുഭവിക്കുന്ന നടുവേദനയായിരുന്നു പ്രതിനായകസ്ഥാനത്ത്. പലപ്പോഴും ഇതിന്റെ ആക്രമണത്തിൽ ഞാൻ വീണുപോയിട്ടുണ്ട്. അപ്പോഴൊക്കെ പൂർവ്വാധികം ശക്തിയോടെ തിരിച്ചു കയറിയിട്ടുമുണ്ട്. പക്ഷേ ഇത്തവണ, കണക്കുകൂട്ടലുകൾക്കും അപ്പുറമായിരുന്നു വീഴ്ചയുടെ ആഘാതം. പല ഡോക്ടർമാർ പലപ്പോഴായി പറഞ്ഞിട്ടുണ്ട് വ്യായാമം മുടങ്ങാതെ ചെയ്യണമെന്ന്. പക്ഷെ ഇത്തിരി തണൽ കണ്ടാൽ പിന്നിട്ട വെയിൽവഴികൾ മറക്കുന്നവരാണല്ലോ നാം. നടന്നു തീർക്കാനുള്ള വഴികളിൽ വെയിലിന്റെ തീക്ഷ്ണത കൂടുമോ എന്ന് നമ്മൾ ആശങ്കപ്പെടാറുമില്ലല്ലോ. ചോരയും നീരും നിറഞ്ഞ യൗവനാരംഭത്തിലെ ഒരു അഭിശപ്ത നിമിഷത്തിൽ എന്നോടൊപ്പം പൊറുതി തുടങ്ങിയതാണ് കക്ഷി. എവിടെ നിന്ന് വന്നു, എങ്ങിനെ വന്നു എന്ന ചോദ്യങ്ങൾക്കൊന്നും ഇന്നും എനിക്കുത്തരമില്ല. ഡോക്ടർമാരടക്കം ആര് ചോദിച്ചാലും 'ആ....' എന്ന് വായ് പൊളിക്കുകയാണ് ഞാൻ ചെയ്യാറ്. ഇത്തവണയും പതിവ് പൊടിക്കൈകൾ പ്രയോഗിച്ചെങ്കിലും കക്ഷി കൂട്ടാക്കിയില്ല. വേദന പതുക്കെ പിൻഭാഗത്തുനിന്ന് കാലുകളിലേക്ക് ഊർന്നിറങ്ങി നടക്കാനും ഇരിക്കാനും വയ്യാതെയായി. വൈദ്യന്മാരുടെ സഹായം തേടിയെങ്കിലും പൂർണ്ണമായും ഒഴിഞ്ഞുപോയില്ല. അതിനിടയിൽ അഹംമതി എന്നോ അഹങ്കാരമെന്നോ പറയാം കാറോടിച്ച് സകുടുംബം നാട്ടിലേക്കും പോയി. ഒറ്റയ്ക്ക് കഴിയുന്ന രണ്ടുമാസം ചെയ്യേണ്ട കാര്യങ്ങൾ ഞാൻ മനസ്സിൽ കണക്കുകൂട്ടി വച്ചിരുന്നു. തിരിച്ചെത്തിയ ആദ്യത്തെ വാരാന്ത്യത്തിൽ തന്നെ തെരുവുകളിലൂടെ നടന്നും തട്ടുദോശ കഴിച്ചും വളരെ വൈകി വീട്ടിലേക്കു വന്നും ഞാൻ ആഘോഷിച്ചു. പക്ഷെ ആ സന്തോഷത്തിന് ഒരു ദിവസത്തെ ആയുസ്സുമാത്രമേ ഉണ്ടായിരുന്നുള്ളു. തിങ്കളാഴ്ച പുലർന്നത് കാലുകുത്താൻ കഴിയാതെയുള്ള എന്റെ നിലവിളിയോടെയാണ്. കഷ്ടപ്പെട്ട് ഓഫീസിൽ പോയെങ്കിലും ഇരിക്കാനും നടക്കാനും കഴിയാതെ പിന്തിരിയേണ്ടി വന്നു. പിന്നീടുള്ള ദിവസങ്ങളിലും അത് തന്നെയായിരുന്നു അവസ്ഥ. ഒടുവിൽ ഒരു സുഹൃത്ത് പറഞ്ഞു തന്ന ആയുർവേദഡോക്ടർ തൽക്കാല രക്ഷയ്ക്കെത്തി. വളഞ്ഞു 'ഗ' പോലെ നടന്ന് ആശുപത്രിയിൽ എത്തിയ എന്നെ കണ്ടപ്പോൾ തന്നെ എത്രമാത്രം പരിതാപകരമാണെന്ന് എന്റെ അവസ്ഥയെന്ന് ഡോക്ടർക്ക് മനസ്സിലായി. പൊടിക്കിഴിയാണ് പരിഹാരമായി നിർദ്ദേശിച്ചത്. തൃശ്ശൂർക്കാരനായ തിരുമ്മുഗഡിയുടെ മുൻപിൽ മുക്കാലും നഗ്‌നനായി കിടക്കുമ്പോൾ ഞാൻ വേദന കൊണ്ട് പുളയുകയായിരുന്നു. അവശേഷിച്ച തുണി കൂടി പെട്ടെന്ന് വലിച്ചു താഴ്ത്തുമ്പോൾ ഒരു ജാള്യത മനസ്സിൽ തിരയടിച്ച് വന്നെങ്കിലും അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനയുടെ തീക്ഷ്ണത അതിനെ അടക്കിക്കളഞ്ഞു.അവന്റെ കൈകൾ പലവട്ടം എന്റെ ശരീരത്തിൽ പാദം മുതൽ കഴുത്തുവരെ കയറി ഇറങ്ങി; പേശികളെ ഞെരിച്ചുടച്ചുകൊണ്ട്, പരമാവധി നൊമ്പരം പ്രദാനം ചെയ്തു കൊണ്ട്. ആ വേദനക്കിടയിലും എന്നെ സുഖിപ്പിച്ചത് "ചേട്ടനെ കണ്ടാൽ 32 വയസ്സ് മാത്രമേ പ്രായം തോന്നുന്നുള്ളൂ" എന്ന അവന്റെ 'സത്യസന്ധമായ' അഭിപ്രായം മാത്രമായിരുന്നു.
2 ദിവസത്തെ കിഴി ചെയ്ത് വേദന ഒരുവിധം മാറ്റി വിഷുക്കണി കാണാനും ആഘോഷിക്കാനും ഒക്കെയായി ഞാൻ നാട്ടിലേക്കുള്ള ബസ് കയറി. നാട്ടിൽ എത്തിയാൽ ചികിത്സ തുടരണം അതല്ലെങ്കിൽ തിരിച്ചുവന്നു ചെയ്യണം എന്നൊരുപദേശവും ഡോക്ടർ തന്നിരുന്നു. കിടന്നുറങ്ങുന്ന ബസിൽ രാത്രി നാട്ടിലേക്കു പുറപ്പെട്ടു. തണുത്ത കാറ്റേറ്റ് പുറത്തെ നഗരക്കാഴ്ചകളിൽ കണ്ണോടിച്ച് സീറ്റിൽ ചാഞ്ഞിരിക്കുന്നതിനിടയിൽ വലതുകാലിന്റെ കണങ്കാലിൽ നിന്ന് പതുക്കെ ഒരു വേദന മുളപൊട്ടി വരുന്നത് ഒരാശങ്കയോടെ ഞാൻ തിരിച്ചറിഞ്ഞു. ആ ആശങ്കയിൽ മനസ്സൊന്നു ഉലഞ്ഞതിനാലാവണം ഏറെ വൈകിയാണ് ഉറക്കം എന്നെ തേടിയെത്തിയത്.
പിന്നീട് നടന്നത്:
വേദനയോടെയാണ് വീട്ടിലേക്കെത്തിയതെങ്കിലും അടുത്ത രണ്ടുദിവസവും ഞാൻ വീട്ടിനകത്ത് അടങ്ങിയിരുന്നില്ല. എന്റെ ഈ അഹമ്മതിക്കു ഞാൻ പിന്നീട് നല്ല വില നൽകേണ്ടി വന്നു.കഴിഞ്ഞ രണ്ടുദിവസവും ചെയ്ത ചികിത്സകൾ എല്ലാം നിഷ്ഫലമാക്കി വേദന മേലോട്ട് കയറിക്കൊണ്ടിരുന്നു. വിഷു ആഘോഷിക്കാൻ നാട്ടിൽപോയ ഞാൻ ആഘോഷം കട്ടിലിൽ ഒതുക്കി. പിന്നീട് ഒരു മാസത്തേക്ക് എന്റെ ജീവിതത്തിലെ കൂടുതൽ സമയവും ചെലവഴിക്കാൻ പോകുന്നത് ഇതുപോലുള്ള ഒരു കട്ടിലിൽ ആയിരിക്കുമെന്ന് അപ്പോഴൊന്നും ഞാൻ കരുതിയിരുന്നില്ല. ഡോക്ടരേട്ടനെ (ഭാര്യയുടെ ചേച്ചിയുടെ ഭർത്താവ്) കാര്യം അറിയിച്ചു. എത്രയും പെട്ടെന്ന് ആശുപത്രിയിൽപോയി കിടക്കുക എന്നല്ലാതെ എനിക്ക് മുന്നിൽ മറ്റു വഴികൾ ഒന്നും ഇല്ലെന്ന തിരിച്ചറിവിലേക്ക് ഒത്തിരി സങ്കടത്തോടെയും ഇത്തിരിയല്ലാത്ത നിരാശയോടെയും ഞാൻ എത്തിച്ചേരുകയായിരുന്നു.
ചികിത്സാക്കാലം:
2019 ഏപ്രിൽ 16 നു ഉച്ചയോടെ ഏകദേശം 12 :30 യോടെ ഞാൻ സൗഖ്യം (Soukhyam at Bekal) ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. ലാപ്ടോപ്പ് കൂടെ കരുതിയിരുന്നു. ഭക്ഷണം കഴിഞ്ഞ് 3 മണിയോടെ എന്റെ ഇവിടുത്തെ ചികിത്സാവിധികൾക്ക് തുടക്കം കുറിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന ഈ കലാപരിപാടിക്കാണ് തങ്ങൾ നാന്ദി കുറിച്ചതെന്ന് എന്റെ മാത്രമല്ല ആരുടെ ചിന്തയിലും ഉരുത്തിരിഞ്ഞില്ല.
മണൽക്കിഴി വച്ചായിരുന്നു ഉദ്‌ഘാടനം. ജെട്ടി മാത്രമിട്ട് തിരുമ്മുകാരന്റെ മുന്നിൽ കമിഴ്ന്നു കിടക്കുമ്പോൾ മുൻ അനുഭവം കാരണം മനസ്സിൽ സങ്കോചം തീരെയില്ലായിരുന്നു. അതുകൊണ്ടു തന്നെ ആ ചെറിയ തുണി അയാൾ നിർദ്ദാക്ഷിണ്യം വലിച്ചു താഴ്ത്തുമ്പോൾ ഒരു അപരിചതന് മുന്നിൽ നഗ്നത വെളിപ്പെട്ടതിൽ ഒരു അസ്വാഭാവികതയും എനിക്ക് തോന്നിയില്ല. മണൽക്കിഴി ചൂടാക്കി ശരീരത്തിൽ അമർത്തുകയും ഉരയ്ക്കുകയും ചെയ്യുന്ന പ്രയോഗമായിരുന്നു അത്. തന്റെ ബലം മുഴുവൻ അയാൾ എന്റെ ശരീരത്തിൽ പ്രയോഗിച്ചു എങ്കിലും അതെന്നെ വേദനിപ്പിച്ചില്ല, മറിച്ചു സുഖകരമായ ഒരു അനുഭവമായത് മാറി. മുക്കാൽ മണിക്കൂർ നേരത്തേ പ്രകടനത്തിന് ശേഷം ഞാൻ മുറിയിലേക്ക് മടങ്ങി. അടുത്തത് മരുന്ന് തേച്ചു പിടിപ്പിച്ചുകൊണ്ടുള്ള ഒരു ചികിത്സയായിരുന്നു. മുറിയിൽ വച്ച് തന്നെ അത് ചെയ്തു. നേരത്തെ അത്രയില്ലെങ്കിലും എന്റെ പിൻഭാഗത്തെ നഗ്നത വെളിപ്പെടുത്തിക്കൊണ്ടു ആ കട്ടിലിൽ കമിഴ്ന്നുകിടന്നു. അവർ എന്റെ അരയിലും കാലിലും മരുന്ന് തേച്ചു പിടിപ്പിച്ചു, അനന്തരം മുക്കാൽ മണിക്കൂർ കഴിഞ്ഞു വരാമെന്നു പറഞ്ഞു എല്ലാവരും പോയി. വയറമർത്തി കുറെ നേരം കമിഴ്ന്നു കിടക്കുന്നതിനേക്കാൾ പിന്നീടുള്ള ദിവസങ്ങളിൽ എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നത് നീളം കുറഞ്ഞ കട്ടിലായിരുന്നു. പറഞ്ഞത് പോലെ മുക്കാൽ മണിക്കൂർ കഴിഞ്ഞു ചൂട് വെള്ളവുമായി അനൂപ് (ഇയാൾ തന്നെയാണ് എന്നെ കിഴി വച്ചത്) വന്നു. മരുന്ന് കഴുകി വൃത്തിയാക്കുമ്പോഴേക്കും ഫിസിയോതെറാപ്പിയുടെ ഉപകരണങ്ങളുമായി ഡോക്ടർ അജിത് എത്തിയിരുന്നു. ഇരുപതു മിനുട്ടു നേരം അയാൾ വൈദ്യുതി ഉപയോഗിച്ച് എന്റെ അരയിലും കാലിലും തരംഗങ്ങൾ കടത്തിവിട്ടു. രാത്രി അക്യുപഞ്ചർ ചെയ്യാൻ വരാമെന്നു പറഞ്ഞു അയാൾ പോയി. ആ വിവരം എന്റെ മനസ്സിൽ ആശങ്കയുടെ ഒരു നേർത്ത അല സൃഷ്ടിച്ചു. ലക്‌ഷ്യം കഠിനമാകുമ്പോൾ മാർഗ്ഗവും അങ്ങനെയല്ലാതെ തരമില്ലല്ലോ എന്ന് ഞാൻ എന്റെ മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
7 :30 വരെ ഞാൻ ജോലി ചെയ്തു. രാത്രി എന്റെ ശരീരത്തിൽ കുത്തിയിറക്കാനുള്ള സൂചികളുമായി അജിത് ഡോക്ടർ വന്നു. ആ കർമ്മത്തിനായി കമിഴ്ന്നു കിടക്കുമ്പോൾ ഞാൻ എന്റെ പേടിയെപ്പറ്റി പറഞ്ഞു. വേദനയൊന്നും ഉണ്ടാവില്ല എന്നയാൾ മറുപടി പറഞ്ഞത് എന്നെ സമാധാനിപ്പിക്കാനല്ല എന്ന് അല്പനേരത്തിനകം എനിക്ക് മനസ്സിലായി. സ്പിരിറ്റ് തേച്ചിട്ടു പതുക്കെ ഓരോ സൂചികളായി അയാൾ എന്റെ ദേഹത്ത് കുത്തിയിറക്കി. ഒന്നുരണ്ട് പോയിന്റ് ഒഴിച്ച് ബാക്കിയൊന്നും വേദനിപ്പിച്ചില്ല. ഏകദേശം പത്തോളം സൂചികൾ അയാൾ എന്റെ ദേഹത്ത് കുത്തിയിറക്കി. ഇരുപതു മിനിറ്റോളം ഞാൻ ആ കിടപ്പു കിടന്നു, അമ്പ് കൊണ്ട് വീണ മൃഗത്തിനെപ്പോലെ അനങ്ങാതെ. സൂചികൾ ഇളക്കിയെടുത്തു വീണ്ടും സ്പിരിറ്റ് കൊണ്ട് തുടച്ചപ്പോൾ അവിടെയൊക്കെ ചെറുതായി നീറ്റൽ അനുഭവപ്പെട്ടു. അതോടെ ഇന്നത്തെ കലാപരിപാടികൾ അവസാനിച്ചതായിഅറിയിപ്പ് കിട്ടി. മരുന്നുകളൊക്കെ കഴിച്ചതിന് ശേഷം ബെന്ന്യാമന്റെ 'അൽ-അറേബ്യൻ നോവൽ ഫാക്ടറി' എന്നെ തടിച്ച പുസ്തകം കുറച്ചു വായിച്ചു, ശേഷം ഞാൻ 'സൗഖ്യ' ത്തിലെ ആദ്യ ഉറക്കത്തിലേക്ക് ഊളിയിട്ടിറങ്ങി. ഇന്ന് അരങ്ങേറിയ സംഭവങ്ങളുടെ ഒരു ഏകദേശ ആവർത്തനമായിരിക്കും ആതുരാലയത്തിലെ വരും ദിവസങ്ങളിൽ സംഭവിക്കുകയെന്ന് ആദ്യദിവസം തന്നെ എനിക്ക് മനസ്സിലായി.
തുടർന്നുള്ള എത്രയോ ദിവസം നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങി എന്റെ ജീവിതം . ആദ്യ കുറേ ദിവസങ്ങൾ ശരിക്കും തിരിയാനോ മറിയാനോ ഇരിക്കാനോ കഴിയാതെ വേദന കൊണ്ട് പുളഞ്ഞു. തൈലത്തിന്റെയും പച്ചമരുന്നുകളുടെയും ഗന്ധം മാത്രം മൂക്കിൽ തങ്ങി. തിരുമ്മലും കിഴികളുമായിരുന്നു പ്രധാനചികിത്സ. രണ്ടും ചെയ്തിരുന്നത് അനൂപായിരുന്നു. കാഴ്ചക്ക് ദുർബ്ബലനെങ്കിലും കർമ്മത്തിൽ അങ്ങിനെയല്ല എന്ന് തിരുമ്മലിന്റെ ആദ്യദിവസം തന്നെ മനസ്സിലായി. അനൂപിന്റെ ബലിഷ്ഠമായ കൈകൾ എന്റെ ശരീരത്തിലെ പേശികളെ അമർത്തി ഞെരിച്ചു കൊണ്ട് താഴേക്കും മുകളിലേക്കും നീങ്ങിക്കൊണ്ടിരുന്നു, മരത്തിന്റെ പരുത്ത പരുത്ത പ്രതലം ചിപ്ലിയിട്ടു മിനുക്കുന്ന ആശാരിയെപ്പോലെ. അതിനിടയിൽ കാലിലേയും തുടയിലെയും നീർക്കെട്ടുകളെ ഒരു ദാക്ഷിണ്യവുമില്ലാതെ ഞെക്കി ഉടയ്ക്കുന്നുണ്ടായിരുന്നു. വേദന അസഹ്യമായിരുന്നെങ്കിലും കശാപ്പുശാലയിലെ മൃഗത്തിനെപ്പോലെ മിണ്ടാതെ അനങ്ങാതെ കിടന്നുകൊടുത്തു ഞാൻ. കാരണം എത്രയും പെട്ടെന്ന് സാധാരണനിലയിലേക്കു മടങ്ങിയെത്തുക എന്നതായിരുന്നു എന്റെ ലക്‌ഷ്യം. പച്ച മരുന്ന് നിറച്ച, താപത്തെ ആവാഹിച്ച കിഴികൾ എന്റെ മേൽ താഡനങ്ങളായും പൊള്ളലുകളായും കോശങ്ങളെയും പേശികളേയും ഉത്തേജിപ്പിച്ചു കൊണ്ടേയിരുന്നു. മനസ്സിൽ അനിഷ്ടം നിറച്ചുകൊണ്ട് മുഖം ചുളിച്ച് ദിവസത്തിൽ പലതവണ കയ്പ്പും ചവർപ്പും പുളിപ്പും രസങ്ങൾ മരുന്നുകളുടെ രൂപത്തിൽ അന്നനാളത്തിലൂടെ ഇറങ്ങിപ്പോയി. വൈദ്യുതതരംഗങ്ങൾ എന്റെ ശരീരത്തിൽ വിറയുലകൾ സമ്മാനിച്ച് കടന്നുപോയി. ലോഹസൂചികൾ എന്റെ തുടയിലും കാലിലും തുളഞ്ഞിറങ്ങി.എന്റെ ചുടുനിശ്വാസങ്ങൾ എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്ന പങ്കയിൽ തട്ടി ചിതറി, നിശബ്ദമായി ചുമരുകൾ അതേറ്റു വാങ്ങി. മുടങ്ങാതെ വരുന്ന ഫോൺ വിളികളും പുസ്തകങ്ങളും ആ ഏകാന്തതയിൽ എനിക്ക് കൂട്ടായി. അവ എന്റെ വേദനകളെ മറക്കാൻ എന്നെ സഹായിച്ചു.
അക്യുപഞ്ചർ ചികിത്സ എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ ഇവിടം വരുന്നതിന് മുൻപ്. പുറംവേദന വന്നപ്പോൾ ഈ ചികിത്സ ചെയ്ത ഒരു സുഹൃത്ത് അവൻ കടന്നുപോയ വേദനാജനകമായ നിമിഷങ്ങളെ പറ്റി വിവരിക്കുമ്പോഴും ഇതൊന്നും എന്നെ ബാധിക്കാത്ത കാര്യമായതിനാൽ ഒരു സിനിമാക്കഥ കേൾക്കുന്ന ലാഘവത്തോടെ ഞാൻ അത് കേട്ടിരുന്നിരുന്നു. കൂർത്ത സൂചികൾ ശരീരത്തിൽ തട്ടുമ്പോൾ തന്നെ മനസ്സിൽ അനുഭവപ്പെട്ടിരുന്ന ആശങ്കകളെ പുറത്തു കാണിക്കാതിരിക്കാൻ ഞാൻ നന്നായി പരിശ്രമിച്ചു. അധികം വേദന തോന്നിയില്ലെങ്കിലും ഓരോ സൂചി കയറുമ്പോഴും മനസ്സും ശരീരവും വല്ലാതെ ജാഗ്രത പാലിച്ചു. ആ ജാഗ്രതക്കൂടുതൽ കൊണ്ടാകണം പച്ചമാംസത്തിലേക്ക് നിർദ്ദയം ആഴ്ന്നിറങ്ങിയ ചില വികൃതികളായ സൂചികൾ എന്നെ വേദനിപ്പിക്കാൻ ഇടയായത്. അതും അത്യാവശ്യം നന്നായി തന്നെ. നടുഭാഗത്തും തുടയിലും കാൽവണ്ണയിലും പാദത്തിലുമായി പത്തോളം സൂചികൾ എന്റെ സമാധാനം കെടുത്തിക്കൊണ്ട് ആകാശത്തേക്ക് തെറിച്ചു നിന്നു. കാൽ ഒന്നനങ്ങിയാൽ അവ എന്റെ മാംസപേശികളിൽ കുറുമ്പ് കാട്ടുമായിരുന്നു. അതാകട്ടെ എനിക്ക് പ്രദാനം നൽകിയത് നൊമ്പരം മാത്രമായിരുന്നു. അതിനാൽ തന്നെ അണുകിട ചലിക്കാതെ ആ ശരശയ്യയിൽ ഞാൻ കിടന്നു; ഉത്തരായനം കഴിയാൻ കാത്തുകിടന്ന ഭീഷ്മപിതാമഹനെ പോലെ.അദ്ദേഹം ആഗ്രഹിച്ചത് മരണമാണെങ്കിൽ ഞാൻ ശ്രമിക്കുന്നത് ഉയിർത്തെഴുന്നേല്പ്പിനും.
തിരുമ്മൽ അല്ലെങ്കിൽ കിഴി കഴിഞ്ഞാൽ പിന്നെ ചൂട് വെള്ളത്തിൽ കുളിയാണ്. കുളിമുറിയിൽ കയറി വാതിലടച്ചാൽ എണ്ണയിലോ മരുന്നുപൊടിയിലോ മുങ്ങിയ എന്റെ നഗ്ന ശരീരം അതിനകത്തുണ്ടായിരുന്ന കണ്ണാടിയിൽ നോക്കി നിൽക്കുമായിരുന്നു. പുരുഷലക്ഷണങ്ങളിൽ ഒന്ന് പോലും പാലിക്കാത്ത എന്റെ നീണ്ട ശരീരം കുറച്ചുനേരം നോക്കി നിന്ന് നെടുവീർപ്പിടുക എന്നത് എന്റെ പതിവ് പല്ലവിയായി. ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ട് സമാന്തരരേഖകൾക്കിടയിലൂടെ താഴേക്ക് നീണ്ടു പോകുന്ന ശരാശരി വണ്ണം മാത്രമുള്ള ദേഹം. അതിന്റെ മദ്ധ്യഭാഗത്തായി ചെറിയ കുടം കമിഴ്ത്തിയത് പോലുള്ള ഉദരവും ആസനവും. അട്ടപ്പാടി കുന്നുകളെ ഓർമ്മിപ്പിക്കുന്ന തല, അതിന്റെ വശങ്ങളിൽ സമൃദ്ധമായി വളർന്നുനിൽക്കുന്ന ചോലമരക്കാട്. പുറംലോകത്തേക്ക് വരൻ വെമ്പി നിൽക്കുന്ന ഏതാനും നരച്ച രോമങ്ങൾ ഉള്ള ചെറിയ താടി. നിരതെറ്റി വളരുന്ന മീശ കാണുമ്പോൾ എനിക്കോർമ്മ വന്നത് 'കക്കൂസ് കഴുകുന്ന ബ്രഷ് പോലെ' എന്ന എന്റെ ഒരു സുഹൃത്തിന്റെ പ്രയോഗമാണ്. അതിൽ ഒളിഞ്ഞും തെളിഞ്ഞും വളരുന്ന, സായിപ്പിനെ ഓർമ്മിപ്പിക്കുന്ന ചെമ്പൻ രോമങ്ങൾ. കുറേക്കാലങ്ങൾക്ക് ശേഷമായിരിക്കും ഞാൻ എന്റെ പ്രതിരൂപത്തെ നിർന്നിമേഷനായി നോക്കിനിൽക്കാൻ തുടങ്ങിയത്. അതിനും പക്ഷേ നടുവേദനയുടെ രൂപത്തിൽ കാലം അവതരിക്കേണ്ടി വന്നു എന്നത് കാലത്തിന്റെ തന്നെ തമാശ.
പുസ്തകം വായിച്ചും ടീവി കണ്ടും ചിന്തിച്ചും ദീർഘനിശ്വാസം വിട്ടും തള്ളിനീക്കിയ ദിവസങ്ങൾ. ആദ്യത്തെ കുറെ നാളുകൾ പക്ഷെ ഒരു നിമിഷം പോലും മുഷിച്ചിലോ നിരാശയോ തോന്നിയില്ല എന്നതും സത്യമായ അത്ഭുതങ്ങളാണ്. മുറ തെറ്റാതെ വരുന്ന അമ്മയുടെയും ഭാര്യയുടെയും ഫോൺ വിളികൾ. ചിലപ്പോൾ അവ കടന്നു വന്നിരുന്നത് പുസ്തകങ്ങളിലെ ഏറെ ആകാംക്ഷ നിറഞ്ഞ ഭാഗങ്ങൾ വായിക്കുമ്പോഴായിരിക്കും എന്നത് എന്നെ ചെറുതായി അലോസരപ്പെടുത്തിയിരുന്നു. അങ്ങിനെ വായനക്കാരനെ ഒരുപാട് ത്രസിപ്പിക്കുകയും,ചിന്തിപ്പിക്കുകയും ചെയ്യുന്ന കൃതികളൊന്നുമല്ല ഞാൻ വായിച്ചിരുന്നത്; എങ്കിൽ കൂടി എന്നെ തേടി വന്ന ഫോൺ വിളികൾ പലപ്പോഴും വായനയുടെ രസച്ചരട് മുറിച്ചുകൊണ്ടേയിരുന്നു. പക്ഷെ ഓരോ ഫോൺ വിളികളും എന്നിൽ നിറച്ചത് വല്ലാത്തൊരു ഊർജ്ജമായിരുന്നു, പകരം വെക്കാനില്ലാത്ത ആശ്വാസമായിരുന്നു.
ആശുപത്രിയിൽ അഭയം തേടിയതിന് ശേഷമുള്ള ആദ്യദിവസങ്ങളിൽ രാത്രിയാകുമ്പോൾ കണങ്കാലിൽ നിന്ന് ചുട്ടുപറിക്കുന്ന വേദന ഉടലെടുക്കുമായിരുന്നു. അത് പിന്നെ തുടയിലേക്കും നടുവിലേക്കും വ്യാപാരിക്കുകയും എന്റെ ഉറക്കം കളയുകയും ചെയ്യുമായിരുന്നു. എങ്ങിനെയെങ്കിലും ഒന്ന് നേരം വെളുത്ത് കിട്ടിയാൽ മതിയെന്ന് പ്രാർത്ഥിച്ചുകൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. കമിഴ്ന്നു കിടന്ന് ശീലിച്ച എനിക്ക് അതുപോലെ കിടക്കാനും പറ്റില്ല എന്നതിന്റെ സങ്കടം വേറെ. മലർന്നോ ചെരിഞ്ഞോ മാത്രമേ കിടക്കാവൂ എന്ന നിർദ്ദേശം എന്റെ ശീലത്തിന്റെ ഭാഗമാക്കാൻ ഞാൻ കുറച്ചു കഷ്ടപ്പെട്ടു, എങ്കിലും ഉറങ്ങാൻ ഇപ്പോഴും ഞാൻ ഈ പുതിയ ശീലം തന്നെയാണ് പാലിക്കുന്നത്.
ആശുപത്രിയിൽ വരുന്നതിനു മുൻപേ ക്ഷൗരം ചെയ്തതായിരുന്നു. അത് കുറേശ്ശെ വളർന്ന് ചൊറിച്ചിൽ ഉണ്ടാക്കിയെങ്കിലും വടിച്ചു കളയാൻ ശ്രമിച്ചതേയില്ല. ദിവസം കഴിയുന്തോറും നരയുടെ എണ്ണം കൂടാനും ഒരു രോഗിയുടെ രൂപത്തിലേക്ക് മാറാനും തുടങ്ങിയപ്പോൾ അതിനാൽ എത്രയും പെട്ടെന്ന് വടിച്ചു കളയാൻ ജിതീഷേട്ടൻ പറഞ്ഞു. ആദ്യമൊന്നു മടിച്ചെങ്കിലും ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ കഷ്ടപ്പെട്ട് ഞാൻ അത് വൃത്തിയാക്കി. ആകാശത്തിലേക്ക് തെറിച്ചു നിന്നിരുന്ന ചെമ്പനും കറുമ്പനുമായ മീശ രോമങ്ങളെ ചാഞ്ഞും ചരിഞ്ഞും വളഞ്ഞും നിന്ന് ഞാൻ വെട്ടിയൊതുക്കി പ്രകൃത്യാ ഉടലെടുത്ത അരിപ്പയെ ഇല്ലാതാക്കി. നന്നായി ഇരിക്കാനും മടങ്ങാനും കഴിയാത്തതിനാലാണ് ഞാൻ ഈ കർമ്മം നീട്ടി നീട്ടി കൊണ്ടുപോയത്. എങ്കിലും സട കളഞ്ഞ് വൃത്തിയായ എന്നെ കണ്ടപ്പോൾ എനിക്ക് തന്നെ മതിപ്പു തോന്നി എന്നതാണ് യാഥാർഥ്യം. പിന്നീട് ഒരു രോഗിയുടെ രൂപത്തിലേക്ക് മാറുന്നു എന്ന് തോന്നുമ്പോഴൊക്കെ ഞാൻ ഈ കർമ്മം ആവർത്തിക്കുകയുണ്ടായി.
പുസ്തകങ്ങൾ എന്നെ എത്ര മാത്രം സഹായിച്ചു എന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല.മേടച്ചൂടിൽ പൊരിയുമ്പോഴും മലർന്നു കിടന്ന് ഓരോ താളുകളായി അവ വായിച്ചു തീർക്കുമ്പോൾ ഞാൻ അനുഭവിച്ച സന്തോഷം വേറെ തന്നെയായിരുന്നു. നീണ്ട ആശുപത്രി വാസത്തിനിടയിൽ വിരസത അകറ്റാൻ എന്നെ സഹായിച്ചതിൽ പുസ്തകങ്ങൾക്കുള്ള പങ്ക് നിസ്തുലമാണ്. അറിയപ്പെടുന്നതും അല്ലാത്തതുമായ എഴുത്തുകാരുടെ ചെറുതും വലുതുമായ പത്തോളം പുസ്തകങ്ങളാണ് ഒരു മാസത്തിനിടയിൽ വായിച്ചു തീർത്തത്. ചികിത്സകർമ്മങ്ങളും ഓഫീസിലെ ജോലിയും കഴിഞ്ഞുള്ള ഇടവേളകൾ ഉപയോഗിച്ചാണ് ഞാൻ ഈ നേട്ടം കൈവരിച്ചത്. വായിച്ച പുസ്തകങ്ങളിൽ അപൂർവ്വമായി എനിക്ക് തോന്നിയത് വയലാറിന്റെ കഥാസമാഹാരമാണ്. ആവേശത്തോടെയാണ് ഞാൻ ആ പുസ്തകം വായിക്കാൻ തുടങ്ങിയത്, പക്ഷെ വയലാർ കവിതകളുടെ ഭംഗിയും ലാളിത്യവും ഒന്നും എനിക്ക് അതിൽ കാണാൻ കഴിഞ്ഞില്ല. ബെന്യാമന്റെ അറബിനാട്ടിലെ അനുഭവം ഒരു തടിയൻ പുസ്തകമായിരുന്നിട്ടുകൂടി വളരെ വേഗത്തിൽ അത് വായിച്ചു തീർക്കാൻ കഴിഞ്ഞതിന് കാരണം അദ്ദേഹത്തിന്റെ എഴുത്തിലെ ലാളിത്യം തന്നെയായിരുന്നു. എൻമകജെ എന്ന ഗ്രാമത്തിലെ എൻഡോസൾഫാൻ ഇരകളെ കുറിച്ച് എന്റെ അദ്ധ്യാപകൻ കൂടിയായ അംബികാസുതൻ മാങ്ങാട് എഴുതിയ 'എൻമകജെ' നല്ലൊരു വായനാനുഭവമായിരുന്നു.തിരുവനന്തപുരത്തെ പഴയകാല ലോഡ്‌ജിലെ അനുഭവങ്ങളെ കുറിച്ചെഴുതിയ 'സ്റ്റാച്യു പി ഒ' എന്ന നോവലും ഇഷ്ടമായി. ഒന്നിലധികം പുസ്തകങ്ങളുടെ പ്രമേയത്തിന് സമാനത തോന്നിയത് ആസ്വാദനത്തിനെ ബാധിച്ചെങ്കിലും വായിച്ച പുസ്തകങ്ങളെല്ലാം മുഴുവനാക്കിയിരുന്നു. പുസ്തകങ്ങൾ ഒരു നല്ല സുഹൃത്താണെന്ന് പറയുന്നത് വെറുതെയല്ലെന്ന് ഈ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചു. 'നിങ്ങൾ ഒരു കാര്യം അതിയായി ആഗ്രഹിച്ചാൽ അത് സാധിക്കാനായി ഈ ലോകം മുഴുവൻ നിങ്ങളുടെ കൂടെ നിൽക്കും' എന്ന് പറഞ്ഞ പൗലോ കൊയ്‌ലോയുടെ 'ആൽക്കമിസ്റ്റ്' ഒരു നവ്യമായ അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ തന്നെ 'പെഡ്ര നദി തീരത്തിരുന്നു ഞാൻ തേങ്ങിക്കരഞ്ഞു' എന്ന പ്രണയവും വിശ്വാസവും സ്വപ്നവും ഒക്കെ കൂടിക്കലർന്ന പുസ്തകവും വായിച്ചു, അത്രയ്ക്ക് ഇഷ്ടമായില്ലെങ്കിലും.
അതിനിടയിൽ ഫോണി വന്നു. അറിയില്ലേ, തമിഴ്‌നാട്ടിൽ ആഞ്ഞടിക്കും എന്ന് പ്രവചിച്ച് ഒടുവിൽ ഒറീസ്സ തീരത്തേക്ക് വഴി മാറിപ്പോയ ബംഗാൾ ഉൾക്കടലിൽ നിന്ന് രൂപം കൊണ്ട ചുഴലിക്കാറ്റ്. ഒരിറ്റു നീരിനായി ദാഹിച്ചിരുന്ന ധരണിയെ കുളിർപ്പിച്ചു കൊണ്ട് ഫോണിയുടെ അനുരണങ്ങൾ തകർത്തു പെയ്തു. മഴ കണ്ട് കൺകുളിർത്തിരുന്ന പാവം മർത്യജന്മങ്ങളെ പക്ഷേ അകമ്പടിയായി വന്ന ദുംദുഭി നാദങ്ങളും കണ്ണഞ്ചിപ്പിക്കുന്ന മിന്നൽപ്പിണരുകളും ഭീതിയിലാഴ്ത്തി.രാത്രി മുഴുവൻ ഫോണി അയച്ച മഴമേഘങ്ങൾ ഞങ്ങളുടെ നാടിനെ കുളിപ്പിച്ചുകൊണ്ടേയിരുന്നു. പലരും ഒരു ആധിയോടെ കണ്ടിരുന്ന ഫോണി ഒരർത്ഥത്തിൽ കേരളനാട്ടിൽ അനുഗ്രഹമായി മാറുകയായിരുന്നു; പ്രത്യേകിച്ച് വേനൽമഴയിൽ 100 % കുറവുണ്ടായിരുന്ന കാസറഗോഡ് ജില്ലക്ക്. ജനലിനോട് ചേർന്നായിരുന്നു എന്റെ കട്ടിലിന്റെ സ്ഥാനം എന്നതിനാൽ ആകാശയുദ്ധത്തിന്റെ എല്ലാ തീവ്രതയും നിവൃത്തിയില്ലാതെ പേടിയൊടെയാണെങ്കിലും എനിക്ക് അനുഭവിക്കേണ്ടി വന്നു.
തുടക്കത്തിലെ കുറച്ചു ദിവസങ്ങൾ എന്റെ ജീവിതം രണ്ടു മുറികൾക്കിടയിൽ മാത്രമായി ഒതുങ്ങി - എന്റെ മുറിയിടേയും തിരുമ്മുമുറിയുടെയും. നാളൊട്ടു കഴിഞ്ഞപ്പോൾ പുറംലോകം കാണാതെ ഒതുങ്ങിക്കൂടിയിരുന്ന എന്റെ ജീവിതം പതുക്കെ മുറ്റം കാണാൻ തുടങ്ങി. ഏറെ നാളിനു ശേഷം തെളിഞ്ഞുകിടക്കുന്ന നീലാകാശം കണ്ടപ്പോൾ, ഇളംകാറ്റെന്നെ തലോടിയപ്പോൾ, ഇളംവെയിൽ എന്നെ ഉമ്മ വച്ച് പൊതിഞ്ഞപ്പോൾ ശരീരം ഉണർന്നു, തെളിഞ്ഞ മനസ്സ് പീലിവിരിച്ചാടി. കൂട്ടിൽ നിന്ന് പുറത്തിറങ്ങിയ കിളിക്കുഞ്ഞ് തന്റെ ഇളംചിറകുകൾ വിരിച്ചു ആകാശത്തിലേക്ക് പറന്നുയർന്ന് സ്വാതന്ത്ര്യം ആഘോഷിച്ചത് പോലെ വേദന വിട്ടുമാറാത്ത കാലുകൾ വേച്ചു വെച്ച് ഇത്തിരിനേരം ഞാൻ ആ മുറ്റത്തു കൂടി നടന്നു. ഒരു പാട് നടക്കണമെന്നും അവിടെ ഒരുപാടു നേരം ഇരിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നെങ്കിലും രണ്ടും ചെയ്യാൻ ആരോഗ്യസ്ഥിതി അനുവദിക്കാത്തതിനാൽ ഞാൻ തിരിച്ചു എന്റെ കൂട്ടിൽ കയറി അടയിരുന്നു. പിന്നീടുള്ള എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കൂട്ടിൽ നിന്ന് പുറത്തു കടന്ന് ഇത്തിരിനേരം ഞാൻ ആ മുറ്റത്തുകൂടി നടക്കുമായിരുന്നു. മറ്റുള്ളവർ വെളിയിലേക്കു നടക്കാൻ പോകുമ്പോൾ ഞാൻ മാത്രം ആ ഇത്തിരിപ്പോന്ന സ്ഥലത്ത് എന്റെ സന്തോഷം കണ്ടെത്തുകയായിരുന്നു.
അങ്ങിനെ കഴിയുമ്പോഴാണ് മേടം 27 പറന്നെത്തിയത്. അമ്മവീടായ വരിക്കുളം താഴത്തുവീട്ടിലെ തെയ്യക്കാലം. മിക്കവാറും എല്ലാവർഷവും 2 ദിവസം മുൻപേ അമ്മാവന്മാരുടെ സഹായിയായി ആ മുറ്റത്ത് ഞാൻ എത്താറുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ നിസ്സഹായനായി ഇവിടെ കിടക്കുമ്പോൾ പറയാൻ കഴിയാത്ത ഒരു സങ്കടം മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ചാണകമെഴുതിയ മുറ്റത്ത് നിന്നുകൊണ്ട്, പടിഞ്ഞാറ്റ ചാമുണ്ഡിയമ്മയുടെ നിശബ്ദസാന്നിധ്യം നിറഞ്ഞുനിൽക്കുന്ന ആ അന്തരീക്ഷരത്തിൽ തെയ്യം കലാകാരൻമാർ ആസുരവാദ്യമായ ചെണ്ടയിൽ പതിഞ്ഞ താളത്തിലൂടെയും പിന്നീട് കൊട്ടിക്കയറിയും നാട്ടുകാരെയും വീട്ടുകാരെയും തെയ്യത്തിന്റെ വരവ് അറിയിക്കുമ്പോഴും തോറ്റംപാട്ടുകൾ പാടി ദൈവങ്ങളെ ഉണർത്തുമ്പോഴും അതിനു സാക്ഷ്യം വഹിച്ചുകൊണ്ട് ഞാനാ തിരുനടയിൽ തന്നെ ഉണ്ടാകേണ്ടതായിരുന്നു. ഭീകരത മുറ്റി നിൽക്കുന്ന മുഖമൂടി ധരിച്ച് ആളിപ്പടരുന്ന ഓലച്ചൂട്ടുയർത്തി അട്ടഹാസത്തിലൂടെയും തലകുലുക്കലിലൂടെയും അനുഗ്രഹങ്ങൾ ചൊരിഞ്ഞും ഭക്തരെ ചിരിപ്പിച്ചും ശിവാംശമായ ഗുളികൻ (കുളിയൻ എന്ന് നാട്ടുഭാഷ്യം) ഉറഞ്ഞുതുള്ളിയത് തറവാട്ടുമുറ്റത്ത് മാത്രമല്ല എന്റെ മനസ്സിനകത്തും കൂടിയായിരുന്നു. പിറ്റേദിവസം സൂര്യൻ ഉച്ചിയിലെത്തുമ്പോൾ സർവ്വാഭരണവിഭൂഷിതയായി കുടുംബദേവതയായ പടിഞ്ഞാറ്റ ചാമുണ്ഡിയമ്മ അരങ്ങിലെത്തും. മഹിഷാസുരന്റെ തലയറുത്ത് ഉറഞ്ഞുതുള്ളുന്ന ആ കരുണാമയി അരിയെറിഞ്ഞും വാളുയർത്തിയും മാലോകർക്ക് അനുഗ്രഹമേകുന്നു. ദൈവത്തിന്റെ വചനങ്ങളായി അമ്മയുടെ വാക്കുരി കർണ്ണപുടങ്ങളിൽ പതിക്കുമ്പോൾ ദുഃഖിക്കുന്ന മനസ്സിന് അതൊരു കുളിർകാറ്റായി മാറുന്നു. ഒടുവിൽ പകലോൻ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ മൂർദ്ധാവിൽ മഞ്ഞപ്പൊടി വിതറി അനുഗ്രഹം ചൊരിഞ്ഞ് എല്ലാ ആട്ടവും നിർത്തിവച്ച് കൊല്ലത്തോട് കൊല്ലം തികയുമ്പോൾ വീണ്ടും കാണാമെന്ന പ്രത്യാശയോടെ ആ ആനന്ദസ്വരൂപിണി അരങ്ങൊഴിയുന്നു. എത്ര കണ്ടാലും മതിവരാത്ത ആ രൂപവും കേട്ടാൽ മടുക്കാത്ത വാക്കുകളും മറയുമ്പോൾ എല്ലാവരും ദുഖാർത്ഥരാവുകയും ആ ഭക്തവത്സലയെ ഹൃദയത്തിലേക്ക് കൂടുതൽ ചേർത്ത് പിടിക്കുകയും ചെയ്യുന്നു. ഇത്തവണ ആ രംഗത്തിന് സാക്ഷ്യം വഹിക്കാതെ തന്നെ ആ ദുഃഖം ഞാൻ അനുഭവിച്ചത് നാലുചുവരുകൾക്കുള്ളിൽ നിന്നാണെന്നു മാത്രം. ഇളയമകന് വന്നുപെട്ട അനാരോഗ്യത്തിൽ ദുഖിതയായ അമ്മ സാക്ഷാൽ ജഗദംബയോട് പ്രാർത്ഥിക്കുകയും ആയുരാരോഗ്യസൗഖ്യത്തിനായി ഒരു ഇളനീർ ഭക്തി പൂർവ്വം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ആ ഇളനീർ ആശുപത്രിയിൽ എത്തിക്കുകയും ഞാൻ അത് എല്ലാവിധ വിശുദ്ധിയോടും കൂടിത്തന്നെ കഴിക്കുകയും ചെയ്തു. ഇളനീർ ജലത്തിന്റെ കുളിർമ്മയും മധുരവും കൂടാതെ അതിലടങ്ങിയിരിക്കുന്ന അനുഗ്രഹവും പ്രാർത്ഥനകളും എന്റെ മനസ്സിന്റെ വേദനയെ തെല്ലൊന്നു ശമിപ്പിച്ചുകൊണ്ട് ആമാശയത്തിലേക്ക് ഊർന്നിറങ്ങി.
നല്ലൊരു ആരോഗ്യവും ആരോഗ്യശീലവും മാത്രമല്ല എനിക്ക് ആ ആശുപത്രി സമ്മാനിച്ചത് മറിച്ച് കുറെ പുതിയ സൗഹൃദങ്ങൾ കൂടിയായിരുന്നു. അതിൽ കാസ്രോട്ടുകാരും അല്ലാത്തവരും ഉണ്ടായിരുന്നു. തുടക്കത്തിൽ എനിക്കീ സൗഹൃദങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞിരുന്നില്ല. നടക്കാൻ ആവാത്തതിനാൽ ഭക്ഷണം എനിക്ക് മുറിയിൽ കൊണ്ടുത്തരുമായിരുന്നു. അതിനാൽ പുറത്തിറങ്ങിയതും സഹരോഗികളെ പരിചയപ്പെട്ടതും കുറച്ചു ദിവസങ്ങൾക്കു ശേഷമാണ്. വൈകുന്നേരങ്ങളിൽ അവരുടെ കൂടെ ഇരുന്നു നാട്ടുവർത്തമാനം പറയാനും സമയമെടുത്തു. ആരോഗ്യം ചെറുതായി വീണ്ടു കിട്ടിയപ്പോൾ എല്ലാവരുടെയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും വെടി പറയാനും ഞാൻ ശ്രദ്ധിച്ചു. ചികിത്സ കഴിഞ്ഞ് എല്ലാവരും പോയെങ്കിലും ഫോൺ വിളികളിലൂടെ ആ ബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്നത് അതിന്റെ ആഴം വ്യക്തമാക്കുന്നു. അതുപോലെ തന്നെ എന്നെ ചികിൽസിച്ച ഡോക്ടർമാർ, കിഴി വെച്ചിരുന്നവർ എന്ന് തുടങ്ങി അവിടുത്തെ എല്ലാ ജീവനക്കാരുമായി നല്ലൊരു ബന്ധം പവളർത്തിയെടുക്കാൻ ഒരു മാസം നീണ്ട ആശുപത്രി വാസം എന്നെ സഹായിച്ചു. എന്റെ ദേഹത്തുണ്ടായിരുന്ന അസുഖം ഏറെക്കുറെയും ഇത്തിരി തൂക്കവും ഞാൻ 'സൗഖ്യ'ത്തിൽ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ പകരം അവിടുന്ന് ഹൃദയത്തിൽ ചേർത്തെടുത്തത് ഈ നിറഞ്ഞ സൗഹൃദങ്ങളായിരുന്നു, ഒരു പക്ഷെ ഉപേക്ഷിച്ചതിനെക്കാളേറെ.
ഭക്ഷണത്തെ കുറിച്ച് പറയാതെ എനിക്ക് ഈ അനുഭവക്കുറിപ്പുകൾ അവസാനിപ്പിക്കാനാവില്ല. ഇത്രയും വൈവിധ്യം നിറഞ്ഞ ഒരു ഭക്ഷണശീലം നമ്മുടെ ജീവിതത്തിനിടയിൽ ഒരിക്കൽ പോലും പുലർത്താൻ സാദ്ധ്യത ഇല്ലാത്തതിനാൽ ഒരു മറക്കാനാവാത്ത അനുഭവം തന്നെയായിരിക്കും ഈ ആശുപത്രിവാസം രോഗികൾക്ക് സമ്മാനിക്കുക. അരി ഭക്ഷണം കഴിവതും കുറച്ച്, റാഗിയിൽ അർപ്പിച്ച ഭക്ഷണക്രമം. ചില ദിവസം പച്ചക്കറി മാത്രമായിരിക്കും, ചിലപ്പോൾ പഴവർഗ്ഗങ്ങൾ ആയിരിക്കും. ചായ കിട്ടാത്തത് തുടക്കത്തിൽ ഒരു വലിയ പ്രശ്നമായി എന്റെ മുൻപിൽ ഉയർന്നുവന്നെങ്കിലും കട്ടൻചായയും ചുക്കുകാപ്പിയും ആ പ്രശ്നത്തെ മറികടക്കാൻ കുറച്ചൊക്കെ എന്നെ സഹായിച്ചു. വ്യത്യസ്തമായ ഈ രുചിക്കൂട്ടുകൾ കുറേനാൾ നാവിനെ രുചിപ്പിച്ചെങ്കിലും പോകെപ്പോകെ ആദ്യം മനസ്സിനും പിന്നെ നാവിനും മടുപ്പു അനുഭവപ്പെട്ടു എന്നത് പറയാതിരിക്കാനാവില്ല. പയർ പുഴുങ്ങിയതും ഉലുവക്കഞ്ഞിയും പച്ചക്കറി പുഴുക്കും, അവിയലും, മുത്താറി കുറുക്കിയതും ചോളത്തിന്റെ പുട്ടും മുത്താറിയുടെ ഇലയടയും, നൂൽപ്പുട്ടും, ഇഡ്ഡലിയും ദോശയും കൂടാതെ കുമ്പളങ്ങ, ബീറ്റ്റൂട്ട്,കാരറ്റ് എന്നിവയുടെ ചാർ എന്നിങ്ങനെ വൈവിധ്യങ്ങളുടെ ഒരു തൃശ്ശിവപൂരമായിരുന്നു.കൃത്യമായ ഇടവേളകളിൽ കൃത്യമായ അളവോടെയുള്ള ഭക്ഷണം. എല്ലായ്പ്പോഴും വയർ നിറയും പക്ഷെ ചിലപ്പോഴൊക്കെ മനസ്സ് നിറയാറില്ല. അത് പക്ഷേ ഇവിടുത്തെ ഭക്ഷണത്തിന്റെ കുറ്റമായിരുന്നില്ല മറിച്ച് കൊതിപ്പിക്കുന്ന മസാലയും കണ്ണ് കുളിർപ്പിക്കുന്ന നിറവും മനംമയക്കുന്ന ഗന്ധവും ചേർത്ത എന്നാൽ ആരോഗ്യത്തിന് ഹാനികരമായ ഹോട്ടൽ ഭക്ഷണം കഴിച്ചു ശീലിച്ച നമ്മുടെ നാവിന്റെയും വിഷലിപ്തമായ ആ രുചിക്കൂട്ടുകളിൽ മയങ്ങിയ നാഗരികമനസ്സിന്റെയും പ്രശ്നമായിരുന്നു.
പേരിൽ ആശുപത്രിയാണെങ്കിലും ഗൃഹാന്തരീക്ഷം നിറഞ്ഞ, സ്വന്തം വീട്ടിലിരിക്കുന്ന പ്രതീതി ഉളവാക്കുന്ന, ഒരു ഗ്രാമത്തിന്റെ സൗന്ദര്യവും വിശുദ്ധിയും നിറഞ്ഞ, ഏറെ കരുതൽ സമ്മാനിക്കുന്ന സ്ഥാപനമാണ് 'സൗഖ്യം'. ഈയൊരു പ്രത്യേകത തന്നെയായിരിക്കും കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം ആളുകളെ ചികിത്സക്കും വിശ്രമത്തിനുമായി തുളുനാട്ടിലെ ഈ സ്ഥാപനത്തിലേക്ക് ആകർഷിക്കുന്നത്. കാസർഗോഡ് ജില്ലയിലെ ഏറെ പ്രശസ്തമായ ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും രണ്ടോ മൂന്നോ കിലോമീറ്റർ ദൂരം മാത്രമേ സൗഖ്യത്തിലേക്കുള്ളു. വാഹനസൗകര്യം ഏറെയുള്ള, കാസർഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാനപാതയുടെ സമീപത്താണ് ഈ ആശുപത്രി എന്നത് ഇവിടം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ആശ്വാസകരമാണ്.
നമ്മൾ വീഴുമ്പോഴേ ചുറ്റും കാണുന്ന സ്നേഹത്തിന്റെ സത്യസന്ധത അറിയാൻ പറ്റൂ എന്നാണ് കാരണവന്മാർ പറയാറുള്ളത്. എന്റെ അസുഖത്തിന്റെ കാര്യം ഞാൻ മനപ്പൂർവ്വം പലരിൽ നിന്നും മറച്ചുപിടിച്ചിരുന്നു. എന്നിട്ടും കേട്ടറിഞ്ഞവരിൽ പലരും എന്നെ കാണാനെത്തി. വരാൻ പറ്റാത്തവർ ആശ്വാസവിളികളുമായി കാതിൽ നിറഞ്ഞു. ഈശ്വരകൃപ ആയിരിക്കാം, എനിക്ക് ചുറ്റും നിറഞ്ഞുനിൽക്കുന്നത് കലർപ്പില്ലാത്ത സ്നേഹം തന്നെയാണെന്ന് യാതൊരു പുനരാലോചനയില്ലാതെ എനിക്ക് പറയാൻ കഴിയും. അവരുടെ പ്രാർത്ഥനകളുടെ ശക്തി കൂടിയായിരിക്കും വീഴ്ചയിൽ നിന്നും എഴുന്നേൽക്കാൻ എന്റെ മനസ്സിനും ശരീരത്തിനും ബലമേകിയത്. ഇക്കൂട്ടത്തിൽ ഞാൻ ഒരു പക്ഷെ ആദ്യം പറയേണ്ട പേര് എന്റെ മാനേജരുടേതായിരിക്കും. എന്റെ രോഗാവസ്ഥ അറിഞ്ഞയുടൻ അതിനുവേണ്ട ഉപദേശങ്ങൾ തരുകയും പൂർവ്വസ്ഥിതിയിലാകാനുള്ള ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും നിർലോഭം തരികയും ചെയ്ത ആളാണ് അദ്ദേഹം. പലതവണ ഞാൻ ആശുപത്രി വാസം നീട്ടിയപ്പോൾ മുഷിയാതെ 'ആരോഗ്യം ശ്രദ്‌ധിക്കു' എന്ന് പറയുകയും എനിക്ക് ആശുപത്രിയിൽ നിന്നും പറ്റുന്നത് പോലെ ജോലി ചെയ്യാനുള്ള സൗകര്യം അനുവദിക്കുകയും ചെയ്ത ആളിന്റെ മഹാമനസ്കതയെപ്പറ്റി ഒന്നും പറയാതെ ഈ കുറിപ്പിന് പൂർണ്ണത കൈവരില്ല. കൂടാതെ മോനെപ്പോലെ സ്നേഹിക്കുന്നവർ, കൂടപിറപ്പിനെ പോലെ കരുതുന്ന സുഹൃത്തുക്കൾ, ബന്ധുക്കൾ അങ്ങിനെ ഒരുപാടു പേരുടെ ആശ്വാസധ്വനികളും, സന്ദേശങ്ങളും എന്നെ തേടി വന്നുകൊണ്ടേയിരുന്നു.
ഞാൻ ഇപ്പോൾ തിരിച്ചു കയറിക്കൊണ്ടിരിക്കുകയാണ്, പതുക്കെ. മരുന്നുകളുടെയും യോഗയുടെയും കരുതലിന്റെയും സഹായത്തോടെ. എല്ലായിടവും ഓടിയെത്തിയിരുന്ന എനിക്കായി, എന്റെ വിളിപ്പുറത്ത് ഒരുപാട് പേര് കാത്തുനിൽക്കുന്നത് ഞാൻ അറിയുന്നു, അവരുടെ സ്നേഹവും ആത്മാർത്ഥതയും എനിക്ക് ചുറ്റും നിറയുന്നതും മനസിലാക്കുന്നു. അവരുടെ മുടങ്ങാത്ത പ്രാർത്ഥനകളിൽ എനിക്ക് കൂടി ഇടമുണ്ടെന്നതും ഞാൻ അറിയുന്നു. അതെന്നെ കൂടുതൽ കരുത്തനാക്കുന്നു, എന്നിലെ പ്രതീക്ഷയുടെ കൈത്തിരിനാളത്തെ കെടാതെ സൂക്ഷിക്കുന്നു.
അനുബന്ധം:
സൗഖ്യത്തിലെ ചികിത്സ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക:
Website: www.soukhyam.in
Email : soukhyamab@gmail.com
Phone : 04672310000