പേജുകള്‍‌

2018 ന്റെ തിരുശേഷിപ്പുകൾ


ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പതിനെട്ട് വർഷങ്ങൾക്ക് തിരശീല വീഴുന്നത് പതിനെട്ടുമലകൾക്കിടയിൽ വാഴുന്ന പതിനെട്ടാം പടിക്കുടയനാഥന്റെ പേരിൽ നടക്കുന്ന പൊറാട്ടു നാടകങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണെന്നത് തികച്ചും യാദൃശ്ചികം മാത്രം. പതിനെട്ടു പുരാണങ്ങളുടെ ജന്മഭൂവായ, പതിനെട്ടു ദിവസങ്ങൾ നീണ്ടു നിന്ന ധർമ്മാധർമ്മ യുദ്ധം കണ്ട മഹത്തായ പാരമ്പര്യമുള്ള ഒരു രാജ്യത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നേരാംവണ്ണം നിവർന്നു നില്ക്കാൻ ശേഷിയില്ലാത്ത ഒരു കൊച്ചു നാട്ടിൽ ഈ പതിനെട്ടാം വർഷം നടന്ന സംഭവപരമ്പരകളിലൂടെ വെറുതെ ഒരു എത്തിനോട്ടം. ഒരു കൗതുകത്തിന്, ഒരു ഓർമ്മപ്പെടുത്തലിന്, ചില തിരുത്തലുകൾക്ക് നേരമായി എന്നറിയിക്കാൻ.
കാനനത്തിൽ അഭയം തേടിയിരുന്ന സാധുവായ, സ്ഥിരബുദ്ധിയില്ലാത്തതായിരുന്നെന്ന് പറയപ്പെടുന്ന ഒരു മനുഷ്യൻ വിശപ്പ് സഹിക്കാൻ വയ്യാതെ നാട്ടിലിറങ്ങിയപ്പോൾ സ്ഥിരബുദ്ധിയുണ്ടെന്നവകാശപ്പെടുന്ന, സംസ്കാരത്തിൽ 'സമ്പന്ന'രായ ഒരു കൂട്ടം നരാധമന്മാരുടെ അടികൊണ്ട് പരലോകം പൂകിയ സംഭവത്തോടെയാണ് 2018 ന് നാന്ദി കുറിച്ചത് എന്ന് പറയാം. പ്രാകൃതമായ രീതിയിൽ കെട്ടിയിട്ടായിരുന്നത്രെ മർദ്ദനം, കൂടാതെ ആധുനികതയുടെ മുഖമുദ്രയായ സെൽഫി എടുത്ത് തങ്ങളുടെ മഹത്തായ നേട്ടത്തെ ലോകത്തിന്റെ മുന്നിൽ എത്തിക്കുകയും ചെയ്തു ഈ ശൂരന്മാർ. മനുഷ്യമനഃസാക്ഷി മരവിച്ചുപോയ ഈ കൃത്യത്തോടെ ആൾക്കൂട്ടക്കൊല ഉത്തരേന്ത്യക്കാർക്ക് മാത്രമല്ല ദൈവത്തിന്റെ സ്വന്തം നാട്ടിലും നടത്താൻ പ്രാപ്തിയുള്ളവരാണ് മലയാളികൾ എന്ന് കാണിച്ചു കൊടുക്കാൻ നമുക്കായി (പിന്നെയും ഇതുപോലുള്ള കലാപരിപാടികൾ നടന്നു എന്നതും ഓർക്കണം). അന്ന് ആ പാവം ചെറുപ്പക്കാരന്റെ പേരിൽ ആവേശം കൊണ്ടിരുന്നവരൊക്കെ ഇപ്പോഴെവിടെയാണ് എന്നത് അന്വേഷിക്കേണ്ട ഒരു കാര്യമാണ്.
തലചായ്ക്കാൻ പോലും ഇടം കിട്ടാതെ നിരാലംബരായ അനേകം ആൾക്കാർ ഭാവിയുടെ മുന്നിൽ പകച്ചു നിൽക്കുമ്പോൾ, ഭരിക്കുന്നവരുടെ മുൻപിൽ കൈനീട്ടി കൈനീട്ടി മടുപ്പോടെ യാതനയോടെ ജീവിതം തള്ളി നീക്കുമ്പോൾ, അത്യാർത്തി മൂത്ത് കൈയ്യൂക്കും അധികാരവും ഉപയോഗിച്ച് ഒരു കൂട്ടം കവർച്ചക്കാർ കവർന്നെടുത്ത ഭൂമി ഒഴിപ്പിക്കാനായി നിയമം മാത്രം നോക്കി പ്രവർത്തിച്ചിരുന്ന നട്ടെല്ലുള്ള ഉദ്യോഗസ്ഥവൃന്ദത്തെ, തങ്ങളുടെ താളത്തിന് ഇവരെ തുള്ളാൻ കിട്ടില്ല എന്നും കണ്ണുരുട്ടിയും ആക്രോശിച്ചും പേടിപ്പിക്കാനാവില്ല എന്നുമറിഞ്ഞ ജനസേവകന്മാർ നിയമത്തെ നോക്കുകുത്തിയാക്കി വോട്ട് രാഷ്ട്രീയം കളിച്ച് കസേരയിൽ നിന്ന് തെറിപ്പിച്ചപ്പോൾ തോറ്റുപോയത് മേൽപറഞ്ഞ നിരാലംബർ മാത്രമല്ല നമ്മൾ മലയാളികൾ മുഴുവനുമായിരുന്നു.
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക എന്നത് കാലങ്ങളായി നമ്മുടെ മാത്രമല്ല മറ്റു നാടുകളിലേയും പോലീസിന്റെ ഒരു കലാപരിപാടിയാണ്. എന്നാൽ കട്ടവനെ കിട്ടാത്തതിനാലാണോ അതോ ഏതോ തല്പരകക്ഷിയെ പ്രീതിപ്പെടുത്താനോ എന്നിപ്പോഴും തീർപ്പുകല്പിച്ചിട്ടില്ലാത്ത ഒരു നിരപാധിയുടെ മാപ്പർഹിക്കാത്ത കൊലപാതകത്തിന് കേരളം സാക്ഷ്യം വഹിക്കുന്നതും 2018 ൽ നമ്മൾ കണ്ടു. എല്ലാവരെയും പോലെ നല്ലൊരു നാളെ സ്വപ്നം കണ്ടുനടന്നിരുന്ന, ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതം നിയമപാലകരുടെ തോന്ന്യവാസത്തിന് ഇരയായപ്പോൾ വരാപ്പുഴ എന്ന കൊച്ചു ഗ്രാമവും അവിടുത്തെ അന്തേവാസികളും നീതിദേവതയുടെ ലീലാവിലാസത്തിന്റെ മുന്നിൽ വിറങ്ങലിച്ചു നിന്നു. പതിവുപോലെ അരയും തലയും മുറുക്കി വന്ന മനുഷ്യസ്നേഹികൾ പക്ഷേ ഈ ക്രൂരതയ്ക്ക് കരണക്കാരായവരെ വീണ്ടും നീതിവ്യവസ്ഥയുടെ താക്കോൽ ഏൽപ്പിക്കാൻ വർഷാവസാനം സർക്കാർ തീരുമാനിച്ചപ്പോൾ ഒന്നും മിണ്ടാതെ ഒന്നും കാണാതെ പിന്തിരിഞ്ഞു നിന്നുകളഞ്ഞു. എല്ലാം ശരിയാകുമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അതവരുടെ തെറ്റ്, അല്ലാതെന്ത് പറയാൻ.
മനുഷ്യന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി ആർക്കും ചോദ്യം ചെയ്യാൻ കഴിയാത്ത ശക്തിയായി നിപ്പ വൈറസ് ആഞ്ഞടിച്ചപ്പോൾ പേടിച്ചുവിറച്ചു നമ്മൾ നിന്നതും ഈ കാലയളവിലാണ്. സഹജീവികളോടുള്ള കാരുണ്യമാണ് സ്വന്തം ജീവനേക്കാൾ വലുതെന്ന് ലോകത്തിനു കാണിച്ചു കൊടുത്ത മാലാഖയെയും നമ്മൾ കണ്ടു. ആ സത്പ്രവൃത്തിയിലൂടെ അനാഥമായ ഒരു കുടുംബത്തിനെ നെഞ്ചോട് ചേർത്തു നമ്മൾ മലയാളികൾ. ആദ്യത്തെ അമ്പരപ്പ് മാറി തളരാത്ത മനസ്സോടെ പോരാടാൻ ഉറച്ചപ്പോൾ നിപ്പ പോലും തോറ്റുപോയി നമ്മുടെ മുൻപിൽ. എവിടെയോ വായിച്ച ഒരോർമ്മയിൽ നിപ്പയെ ആദ്യമായി തിരിച്ചറിഞ്ഞ ദൈവദൂതനായ ഡോക്ടർക്ക് ഒരായിരം കൂപ്പുകൈ; ഒപ്പം ജനങ്ങളെ ഒരുമിച്ചു നിർത്തി ഈ പോരാട്ടത്തിന് മുൻകൈയെടുത്ത പോരാളികൾക്കും അതേറ്റെടുത്ത ജനങ്ങൾക്കും നിറഞ്ഞ കൈയ്യടി.
നിപ്പയുടെ പിൻവാങ്ങലിൽ ആശ്വസിക്കുമ്പോഴേക്കും കണ്ടു പ്രകൃതിയുടെ സംഹാരതാണ്ഡവം. കിഴക്കൻ മലകൾ ആർത്ത് ചിരിച്ചപ്പോൾ കിടന്നുറങ്ങിയ പലരുടെയും ജീവനും ജീവിതവും മണ്ണിലാഴ്ന്നുപോയി. സർവ്വതും തകർത്ത് മലകളിൽ നിന്ന് ഹൃദയരക്തം ഇരമ്പിവന്നപ്പോൾ കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ പലർക്കും അവരുടെ സ്വപ്‌നങ്ങൾ ദുസ്വപ്നങ്ങളായി മാറി. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ഒന്ന് കരയാൻ പോലും മറന്ന് നിർവ്വികാരതയോടെ ഇരിക്കുന്നവരുടെ ചിത്രങ്ങൾ ഒരു നൊമ്പരമായി പലർക്കും അനുഭവപ്പെട്ടു. സഹാനുഭൂതി കാണിച്ചു മാറിപ്പോകുന്ന മലയാളികൾ പക്ഷെ വീണ്ടുവിചാരത്തിനു മുതിരുന്നില്ല എന്നത് വിരോധാഭാസം. കിട്ടാവുന്നതിലും വലിയ യന്ത്രങ്ങളും വെടിമരുന്നുകളുമായി സഹ്യന്റെ മാറ് കൂടുതൽ പിളർത്തുന്നതിൽ വ്യാപൃതരായി ആർത്തിമൂത്തവർ, വികസനത്തിന്റെ കാവലാളുകൾ. അതിനുള്ള ഒത്താശകൾ ചെയ്തുകൊണ്ട് ഭരണവർഗ്ഗവും കൂടെനിൽക്കുന്ന കാഴ്ചയും നമ്മൾ കണ്ടു. നിൽക്കക്കള്ളിയില്ലാതെ ചിലർ കസേരയിൽ നിന്നിറങ്ങിയെങ്കിലും മറ്റു ചിലർ തങ്ങളുടെ ചുറ്റുമുള്ള സംരക്ഷണവലയത്തിൽ കഴിയുകയാണ്, ഒന്നും സംഭവിക്കില്ല എന്ന ഉറപ്പോടെ. അതെ, അധികാരവും പണവും ഉണ്ടെങ്കിൽ ഈ ദൈവത്തിന്റെ സ്വന്തം നാട്ടിലും ആർക്കും എന്തും ചെയ്യാം, എന്തും.
വാക്കുകളിലും പ്രവൃത്തിയിലും ആവേശം തിരയടിച്ചു നടന്നിരുന്ന, ജീവിതം എന്താണെന്ന് തിരിച്ചറിയാൻ തുടങ്ങിയിട്ടില്ലാത്ത സവ്യസാചിയുടെ മകന്റെ പേരുകാരനായ ഒരു പൂമൊട്ട് വിടരാൻ തുടങ്ങുമ്പോഴേക്കും കൊഴിഞ്ഞുവീണു, അല്ല നുള്ളി (കശക്കി) താഴെയിട്ടു ഒരുകൂട്ടം നരാധമന്മാർ. പുരാണത്തിന്റെ ആവർത്തനമെന്നുപോലെ
ചതിയിൽപെട്ടവൻ പിടഞ്ഞുവീണപ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിലെ അമ്മമാർ പൊഴിച്ച കണ്ണീർ കേരളമണ്ണിനെ ചുട്ടുപൊള്ളിച്ചു. സമൂഹത്തിനെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന തീവ്രവാദം എന്ന ആപത്തിനെ കണ്ട്, അതിന്റെ ആഴം കണ്ട് ഞെട്ടിത്തരിച്ചുപോയി നാം ഓരോരുത്തരം . മറ്റുള്ളവരെ ചൂണ്ടി അവൻ വർഗ്ഗീയവാദിയയാണെന്ന് ഉറക്കത്തിലും വിളിച്ചു പറയുന്നവർ പക്ഷെ ഇവിടെ ഒന്നും കേട്ടില്ല കണ്ടില്ല എന്ന് നടിച്ചു, പകരം പതിവ് പല്ലവികൾ മാത്രം ഉരുവിട്ടു. കൂട്ടുകക്ഷി ഭരണം സർവ്വാധികം ഭംഗിയായി നടന്നുകൊണ്ടിരിക്കുന്നു, കൊലയാളി ഇപ്പോഴും ഇരുട്ടിൽ. ആ പാവം അമ്മയുടെ കണ്ണുനീർ ഇപ്പോഴും തോർന്നിട്ടുണ്ടാവില്ല, തോരുകയുമില്ല.
അങ്ങിനെയിരിക്കെ വേനലിൽ ഒരു മഴ എന്നപോലെ ഫുട്ബോൾ ലോകകപ്പിന്റെ അലയൊലികൾ നമ്മുടെ കൊച്ചു കേരളത്തിലും എത്തിച്ചേർന്നത്. എല്ലാ ദുഃഖങ്ങളും പ്രശ്നങ്ങളും മാറ്റിവച്ച് മലയാളികൾ ഒന്നടങ്കം ആ മാമാങ്കത്തെ വരവേറ്റു. ബ്രസീലിന്റെയും അർജ്‌ജന്റീനയുടെയും ആരാധകന്മാർ പരസ്പരം പോർവിളി നടത്തിയെങ്കിലും ഒടുവിൽ ഒരേപോലെ നാണം കേട്ട് പുറത്തു പോയപ്പോൾ പരസ്പരം ആശ്വസിച്ചു. ഒരു രാജ്യത്തിൻറെ ആത്‌മവീര്യം മുഴുവൻ നെഞ്ചിലേറ്റി പോരാടിയ ക്രൊയേഷ്യക്ക് കപ്പിനും ചുണ്ടിനുമിടയിൽ വച്ച് ലോകകപ്പ് നഷ്ടപ്പെട്ടപ്പോൾ അവരോടൊപ്പം നമ്മളും തേങ്ങി. പരാജയത്തിലും വിജയികളായി നടന്നു നീങ്ങിയ ആ ധീരന്മാർക്ക് മനസ്സുകൊണ്ട് അഭിവാദ്യമർപ്പിച്ചു ഓരോ മലയാളിയും.
2018 ലെ ഏറ്റവും ലജ്ജാവഹകമായ സംഭവം ഏതെന്നു ചോദിച്ചാൽ ഒരു പക്ഷെ എല്ലാവരുടെയും മനസ്സിൽ ഓർമ്മ വരുന്നത് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് എന്ന നാടകം തന്നെയായിരിക്കും. 150 -ഓളം മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവി ഓർത്താണത്രെ ഇത് കൊണ്ട് വന്നത്. ഇവരുടെ ഭാവി എങ്ങിനെ പോയി എന്നും ആരാണ് ഇതിനു കാരണക്കാർ എന്ന് കൂടി അറിഞ്ഞാലേ ഈ നാടകത്തിന്റെ സത്യസന്ധത കൃത്യമായി നമുക്ക് മനസ്സിലാവുകയുള്ളൂ. ജെയിംസ് കമ്മിറ്റിയുടെ എല്ലാം നിയമങ്ങളും കാറ്റിൽ പരത്തിയ കണ്ണൂർ-കരുണ കോളേജുകളെ ഹൈക്കോടതി മുതൽ സുപ്രീംകോടതി വരെ കോടികൾ മുടക്കി കേസ് നടത്തി അനുകൂല വിധി സമ്പാദിച്ച സർക്കാർ തങ്ങൾ ആരെയാണോ തോൽപ്പിച്ചത് അവർക്കു വേണ്ടി കോടതി വിധിക്കെതിരായി ഓർഡിനൻസ് പാസ്സാക്കി..!!! എന്തൊരു ശുഷ്‌കാന്തി ഒന്നോർക്കണം. ഈ ഓർഡിനൻസ് നിയമമാക്കാൻ വലുപ്പ-ചെറുപ്പമില്ലാതെ എല്ലാ പാർട്ടികളും യോജിച്ചു എന്ന് കൂടി അറിയുമ്പോഴാണ് 'പണത്തിനു മേലെ പരുന്ത് മാത്രമല്ല കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ കൂടി പറക്കില്ല' എന്ന് മനസ്സിലാവുന്നത്.
ഖസൽ എന്ന് കേട്ടാൽ നമുക്കെല്ലാം ഓർമ്മ വന്നിരുന്നത് ഹിന്ദുസ്ഥാനിസംഗീതത്തിലെ ഗായകരെ മാത്രമായിരുന്നു. സൗമ്യമായി എന്നാൽ ആർദ്രതയും പ്രണയവും വിരഹവും നിറച്ച് അവർ പാടിയപ്പോൾ നമ്മുടെ ഹൃദയവും ആ ഭാവതീവ്രതകളേറ്റു വാങ്ങി. ആ ഇഷ്ടവും, ആരാധനയും തെല്ലും കുറയാതെയാണ് മലയാളത്തിലെ ഖസലിന്റെ രാജകുമാരനായ ഉമ്പായിയെയും നമ്മൾ ഏറ്റെടുത്തതും ഹൃദയത്തിൽ പ്രതിഷ്ഠിച്ചതും. എന്നാൽ നമ്മളെ അത്ഭുതപ്പെടുത്തിയ സ്വതസിദ്ധമായ ഗാനാലാപനശൈലിയാൽ നമ്മുടെയെല്ലാം ഹൃദയതന്ത്രികൾ മീട്ടിയ കേരളസൈഗാൾ ഒരു ദിവസം മൃത്യുവിന്റെ അനന്തതയിലേക്ക് ചിറകടിച്ച് പറന്നകന്നപ്പോൾ തന്ത്രികൾ തകർന്ന തംബുരുവിനെ പോലെയായി ആ ഗാനധാരയിൽ നീന്തിത്തുടിച്ചവരുടെ ഹൃദയം. തന്റെ സംഗീതവിരുന്ന് ആസ്വദിക്കാനായി ഗാനപ്രിയരെ ക്ഷണിക്കാൻ ഇനിയദ്ദേഹം ഉണ്ടാവില്ലെന്ന തിരിച്ചറിവ് ഓരോ മലയാളിയുടെയും ഇടനെഞ്ചിലെ തീരാവേദനയായി നിൽക്കുന്നു ഇപ്പോഴും.
അതിനിടയിലാണ് കോളിളക്കം സൃഷ്ടിച്ച മതമാറ്റവും കല്യാണവും ഈ കൊച്ചു കേരളത്തിൽ ആഞ്ഞുവീശിയത്. ആരാന്റെയമ്മയ്ക്കു പിരാന്ത് പിടിച്ചാൽ കാണാൻ നല്ല ശേലെന്ന് പറഞ്ഞത് പോലെ എല്ലാ മതേതരവാദികളും രാജ്യസ്നേഹികളും ഒക്കെയിറങ്ങി ചാനലുകൾക്ക് ഒരു പാട് കാലത്തേക്ക് വച്ച് വിളമ്പാനുള്ളത് കൊടുത്തു എന്നല്ലാതെ മലയാളികൾക്ക് ഒന്നും സംഭവിച്ചില്ല. ഒരു പാവം അച്ഛന്റെയും അമ്മയുടേയും ദുഃഖം കാണാൻ ചാനലുകൾക്കോ സ്വന്തം മകൾക്കോ കഴിഞ്ഞില്ല എന്നത് മാത്രം സത്യമായി അവശേഷിക്കുന്നു.
പ്രളയം..പ്രളയം...സർവത്ര പ്രളയം...മഴമേഘങ്ങൾ അറിഞ്ഞൊന്ന് പെയ്തപ്പോൾ മനുഷ്യൻ എത്ര നിസ്സാരനാണെന്ന് മനസ്സിലായി. കൊടിയുടെയും വിശ്വാസത്തിന്റെയും തൊലിയുടെയും പേരിൽ പല ചേരികളിൽ കഴിഞ്ഞിരുന്ന, പല തരത്തിൽ അഹങ്കരിച്ചിരുന്ന മനുഷ്യരെ എല്ലാം മറന്ന് ഒരുമിക്കാൻ ഉയരത്തിൽ പാറി നടന്നിരുന്ന കാർമേഘങ്ങൾക്ക് കഴിഞ്ഞു. ഭൂമിയെ കുളിപ്പിച്ച് ഒഴുകിയ ജലകണങ്ങൾ തങ്ങൾക്ക് പോകാനുള്ള വഴി കാണാതെ മുന്നിൽ തടസ്സമായി നിന്ന വീടുകളിലും കെട്ടിടങ്ങളിലും വഴി തിരഞ്ഞ് കയറിയിറങ്ങിയപ്പോൾ തകർന്നു തരിപ്പണമായത് അല്ലെങ്കിൽ തകർത്തെറിഞ്ഞത് ഒരു പാട് മനുഷ്യരുടെ ഒരു പാട് കാലത്തെ പ്രയത്‌നവും സ്വപ്നങ്ങളുമായിരുന്നു. കാലങ്ങളായി സ്വാതന്ത്ര്യം നഷ്ടപ്പെട്ട് കെട്ടിയടക്കപ്പെട്ട പുഴകളും അരുവികളും അപ്രതീക്ഷിതമായി കിട്ടിയ സ്വാതന്ത്ര്യം ആഘോഷിച്ചത് തങ്ങളെ നശിപ്പിച്ചവരോടുള്ള പക നിർദ്ദയം വീട്ടിക്കൊണ്ടായിരുന്നു. തലയ്ക്കു മുകളിൽ വെള്ളം ഇരമ്പിയാർത്തുവന്നപ്പോൾ മരണം മുന്നിൽ കണ്ടവർ തങ്ങളുടെ നേരെ നീട്ടിയ കൈകളാരുടെതാണെന്ന് നോക്കിയില്ല. സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കാൻ മടിയില്ലാത്ത മലയാളികൾ കൈയ്യോട് കൈ ചേർത്ത് വലിച്ചു കയറ്റി പലരെയും ജീവിതത്തിലേക്ക്; മറിച്ചൊന്നും പ്രതീക്ഷിക്കാതെ. നിറഞ്ഞ മനസ്സോടെ ലോകം കൈയ്യടിച്ചു ആ സ്നേഹം കണ്ട് , ആ ഒത്തൊരുമ കണ്ട്..പോരാട്ടവീര്യവും നേതൃഗുണവും കണ്ട്. അനുഭവത്തിൽ നിന്ന് ഒരു പാട് പഠിക്കാനുണ്ടായിരുന്നു, പഠിക്കേണ്ടതുമായിരുന്നു. അങ്ങിനെ ഉണ്ടാകും എന്ന് വെറുതെ മോഹിച്ചു പലരും. പക്ഷെ ഒന്നും സംഭവിച്ചില്ല. എല്ലാ കുറ്റവും മഴയിൽ ചാർത്തി കൈയ്യൊഴിഞ്ഞു ഉത്തരവാദികളായവരും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവരും ഉത്തരവാദികളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരേണ്ടവരും. വിധിയുടെ വിളയാട്ടത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് അവരുടെ നഷ്ടങ്ങൾ മാത്രം ബാക്കി.
ദിനമൊട്ടുകഴിഞ്ഞപ്പോൾ മാനം തെളിഞ്ഞു, മഴമേഘങ്ങൾ ദൂരെയെവിടെയോ പോയൊളിച്ചു. വഴി നോക്കി നടന്ന ജലകണങ്ങൾ പലതും കടലിലലിഞ്ഞു, ചിലതാകട്ടെ ഭൂമിയുടെ മാറു പിളർന്ന് അഗാധതയിലെവിടെയോ മറഞ്ഞു. മറ്റുചിലവ സൂര്യകിരണങ്ങളേറ്റ് അന്തരീക്ഷത്തിലെ അനന്തതയിൽ വിലയം പ്രാപിച്ചു. ബാക്കിയായ ചെളിയാകട്ടെ ആളുകൾ പരസ്പരം വാരിയെറിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് അയാൾ മീശ പിരിച്ചു കടന്നു വന്നത്. അനവസരത്തിൽ അനാവശ്യമായി ഒരു ജനവിഭാഗത്തെ അകാരണമായി അപമാനിച്ചുകൊണ്ടു വന്ന അയാളെ താങ്ങി നടക്കാൻ നിർഭാഗ്യവശാൽ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരുണ്ടായിരുന്നു. അവർ വാദിച്ചു അയാൾക്ക്‌ വേണ്ടി, അയാളുടെ എഴുത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി. അതിനിടയിൽ അപമാനിതരായിക്കൊണ്ടിരിക്കുന്ന അമ്മ പെങ്ങമ്മാരുടെ മാനം അവർക്കൊരു വിഷയമേ അല്ലായിരുന്നു. പക്ഷേ ഇവരുടെ കാപട്യം തുറന്നു കാണിക്കാനുള്ള മറുമരുന്ന് കാലം തന്നെ കരുതിവച്ചിട്ടുണ്ടായിരുന്നു, അവരാകട്ടെ അതൊട്ടും പ്രതീക്ഷിച്ചിരുന്നുമില്ല.
ശ്രുതിമധുരമായി നാദം പൊഴിച്ചിരുന്ന മണിവീണ പെട്ടെന്ന് നിലത്തുവീണ് തകർന്നാൽ? ആ നാദധാര എന്നെന്നേയ്ക്കുമായി നിലച്ചാൽ..? സംഗീതം ജീവനും ജീവിതവുമായി കരുതുന്നവർക്ക് അത് പക്ഷെ പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞു എന്ന് വരില്ല. പക്ഷെ മലയാളികളുടെ മാണിക്യവീണ തകർന്നു, ഒരു വാഹനാപകടത്തിൽ. നിഷ്കളങ്കമായി ചിരിതൂകി കൊണ്ട് വയലിൻ തന്ത്രികളിൽ സംഗീതത്തിന്റെ കുളിർമഴ പെയ്യിച്ച ഒരു സമാനതകളില്ലാത്ത ഒരു ഹൃദയത്തിന്റെ ഉടമ - അങ്ങിനെ മാത്രമേ നമുക്ക് ബാലഭാസ്കറിനെ വിശേഷിപ്പിക്കാൻ കഴിയുകയുള്ളൂ. മധ്യാഹ്നത്തിൽ എരിഞ്ഞമർന്ന ഭാസ്കരൻ!!! ഒരു വയലിൻ കൊണ്ട് ജനഹൃദയങ്ങളിൽ ഇന്ദ്രജാലം തീർത്തവൻ. ഒരു ചിരി കൊണ്ട് ആ മനസ്സുകളിലാകെ കുളിരു കോരിയിട്ടവൻ. ഒരു പക്ഷെ പോയവർഷം മലയാളികൾ ഏറ്റവും പ്രാർഥിച്ചത് ഈയൊരു ജീവൻ നിലനിർത്താനായിരിക്കും, ഏറ്റവും കൂടുതൽ വിതുമ്പിയതും ഈയൊരു നഷ്ടം താങ്ങാൻ വയ്യാതെയായിരിക്കും. ദൈവത്തിന്റെ മടിയിലിരുന്ന് അവന്റെ കുഞ്ഞു മാലാഖ വിളിച്ചപ്പോൾ പോകാതിരിക്കാൻ സ്നേഹമയനായ ആ അച്ഛന് കഴിഞ്ഞില്ല. പ്രിയപെട്ടവരെ ഇരുട്ടിലേക്കാഴ്ത്തിയിട്ട് അനശ്വരതയിലേക്കവൻ യാത്രയായപ്പോൾ അവർക്കു കൂട്ടിന് അവനിൽ നിന്ന് പൊഴിഞ്ഞുവീണ സംഗീതം മാത്രം. അവയിലൂടെ കാലങ്ങളോളം അവന്റെ ഓർമ്മകൾ ഈ ഭൂമിയെ ഉഷ്മളമാക്കട്ടെ.
ഇതിനിടയിലെപ്പോഴോ തിരുവസ്ത്രമണിഞ്ഞ കർത്താവിന്റെ മണവാട്ടിയുടെ ചൂണ്ടുവിരലിനു മുന്നിൽ പരിശുദ്ധമെന്നേവരും കരുതുന്ന ളോഹയണിഞ്ഞ ഒരു പുരോഹിതന്റെ ബ്രഹ്മചര്യം വിയർക്കുന്നതും നമുക്ക് കാണേണ്ടിവന്നു. വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ചുനടക്കുന്ന ഇടതനും വലതനും പ്രതികരണശേഷി നഷ്ടപ്പെട്ടവരെ പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നെങ്കിലും നീതിക്കു വേണ്ടി ഇരക്കുന്ന നിസ്സഹായയായ സ്ത്രീയുടെ പിന്നിൽ നിഷ്പക്ഷരായ ജനം അണിനിരന്നതോടെ പരിശുദ്ധ കുപ്പായത്തിനുള്ളിലെ കുറ്റാരോപിതനെ തൽക്കാലത്തേക്കെങ്കിലും ഇരുമ്പഴിക്കുള്ളിൽ അടക്കാൻ നിർബന്ധിതരായി ഭരണവർഗ്ഗം. നിങ്ങൾ ഒരു വോട്ടുബാങ്കിന്റെ കാവൽക്കാരനായാൽ ഏതു നിയമവും നിങ്ങളുടെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കും എന്നൊരിക്കൽ കൂടി നമ്മുടെ ജനാധിപത്യം നമുക്ക് കാണിച്ചുതന്നു. നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഇനിയും എത്ര നാൾ? അറിയില്ല..
അങ്ങിനെ കാര്യങ്ങളൊക്കെ രസാവഹമായി നടന്നുകൊണ്ടിരിക്കുമ്പോഴാണ് പരമോന്നത നീതിപീഠം ഒരു വെടി പൊട്ടിച്ചത്. അത് കൊണ്ടതും മലയാളികളുടെ നെഞ്ചത്തേക്ക് തന്നെയായിരുന്നു. നൂറ്റാണ്ടുകളായി പുലർത്തിപ്പോന്ന ഒരു വിശ്വാസത്തിന്റെ കടക്കൽ കത്തിവെച്ചതായിരുന്നു ആ വിധി. നാളിതുവരെ എല്ലാ കോടതിയോടും കോടതിവിധികളോടും ബഹുമാനത്തോടെ പെരുമാറിയിരുന്ന, എല്ലാ വിധികളും യഥാവിധി നടപ്പിലാക്കിയിരുന്ന സർക്കാർ ഇത്തവണയും അതിദ്രുതം പ്രവർത്തിച്ചു. കോടതിവിധി നടപ്പിലാക്കി മാതൃകാഭരണകർത്താക്കളാകാൻ അവർ വെമ്പൽ കൊണ്ടു. പക്ഷേ വിശ്വാസികളായ പാവം വീട്ടമ്മമാർ ഇറങ്ങി, ആരും പറയാതെ നാമജപവുമായി തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാൻ. അതിൽ വിറളി പൂണ്ടു ഭരണമുള്ളവരും ഇല്ലാത്തവരും രണ്ടു ചേരികളായി തിരിഞ്ഞുള്ള വടംവലിയായിരുന്നു പിന്നെയുള്ള ദിവസങ്ങൾ. നാറാണത്തുഭ്രാന്തൻ കല്ലുരുട്ടി മലമുകളിലേക്ക് ചെന്ന് അതിനെ താഴേക്ക് ഉരുട്ടിവിടുന്നത് പോലുള്ള കലാവിരുന്നും യഥേഷ്ടം കാണാനുള്ള ഭാഗ്യമുണ്ടായി നമ്മൾ മലയാളികൾക്ക്. അതും എല്ലാ മോഹങ്ങളും ഉപേക്ഷിച്ച് യോഗനിദ്രയിൽ കഴിയുന്ന കലിയുഗവരദന്റെ പേരും പറഞ്ഞ്. ഈ ഒരു പോരാട്ടത്തിൽ പലരുടെയും മുഖമൂടി അഴിഞ്ഞുവീണു, വിശ്വാസിയാണെന്ന് അവകാശപ്പെടുന്നവരുടെയടക്കം. ജാതീയത ഇളക്കിവിട്ട് ജനങ്ങളെ വേർതിരിക്കാനും നനഞ്ഞ മണ്ണിൽ കുഴിക്കാനും കൈ നനയാതെ മീൻ പിടിക്കാനും എല്ലാവരും ആവേശത്തോടെ മത്സരിച്ചു, അല്ല ഇപ്പോഴും മത്സരിച്ചുകൊണ്ടിരിക്കുന്നു. എല്ലാം കണ്ടും കേട്ടും മിണ്ടാതെ ഇരിക്കുന്ന ജനം പക്ഷേ ഇതിനൊക്കെ ഒരു മറുപടി നല്കാതിരിക്കില്ല എന്ന് തന്നെ കരുതാം, കാലവും.
ഒരു കുന്നിന് ഒരു കുഴിയുണ്ടെന്ന് പറയുന്നത് വെറുതെയല്ല. നൈഷ്ഠിക ബ്രഹ്മചാരിയുടെ പേരും പറഞ്ഞ് പ്രശസ്തി ആഗ്രഹിച്ചു വന്നവരെയൊക്കെ കണ്ടം വഴി ഓടിച്ചുകൊണ്ടിരിക്കുമ്പോഴാണ് യുവജനോത്സവം കടന്നു വന്നത്. നാടിന്റെ അകമറിയുന്നവർ കിത്താബ് തുറന്ന് പിടിച്ച് കാണികളെ രസിപ്പിച്ചുകൊണ്ടിരിക്കെയാണ് അപമാനിതനായി എന്ന വാദവുമായി മുന്പത്തേത് പോലെ വേറൊരു കൂട്ടർ രംഗപ്രവേശം ചെയ്തത്. കിത്താബ് അടച്ചുവെക്കാൻ അവർ ആവശ്യപ്പെട്ടപ്പോൾ മീശ പിരിച്ച് ആവിഷ്കാരസ്വാതന്ത്ര്യത്തിനായി വാദിച്ചവരെല്ലാം തലയിൽ മുണ്ടിട്ട് നടന്നു. ആരെങ്കിലുമൊക്കെ പ്രതികരിക്കും എന്ന് പ്രതീക്ഷിച്ചു നിന്ന ജനതയെ പാടെ നിരാശപ്പെടുത്തി എല്ലാവരും സ്വയം വാ മൂടിക്കെട്ടി എന്നിട്ട് വടക്കേഇന്ത്യയിലേക്ക് നോക്കിയിരിപ്പായി. എന്തിനും ഏതിനും സാമൂഹ്യമാദ്ധ്യമത്തിൽ ഉറഞ്ഞുതുള്ളിയവരാരും ഇങ്ങിനെയൊരു സംഭവം നടന്നതായി ഭാവിച്ചുമില്ല. ഇതെന്ത് നീതി എന്ന് ചോദിച്ചവർക്കായി കിട്ടിയ മറുപടി 'ഇതാണ് മതേതരത്വം' എന്നത് മാത്രമായിരുന്നു. അല്ലെങ്കിലും സാംസ്കാരികകേരളത്തിലെ നായകരുടെ പ്രതികരണം എന്ന് പറയുന്നത് ആളും തരവും മാത്രം നോക്കി നടത്തുന്ന കലാപരിപാടിയാണല്ലോ. അല്ലാതെ സമൂഹത്തെ ഉദ്ധരിക്കാൻ മാത്രം ആർക്കാ താല്പര്യം? അതല്ലേ പ്രീണനരാഷ്ട്രീയം, അതാണല്ലോ ജനാധിപത്യം.
കള്ളം ആര് ചെയ്താലും കള്ളം തന്നെ. പക്ഷേ ആര് ചെയ്തു, എന്തിനു ചെയ്തു എന്നതൊക്കെയാണ് അതിന്റെ തീവ്രത കൂട്ടുന്നതും കുറയ്ക്കുന്നതും. വിശപ്പ് സഹിക്കാൻ വയ്യാതെ ഒരിത്തിരി ആഹാരം കട്ടെടുത്താൽ അത് അക്ഷന്തവ്യമായ തെറ്റ്, മരണശിക്ഷ വിധിക്കേണ്ടതും നടപ്പിൽ വരുത്തേണ്ടതുമായ കുറ്റം. പക്ഷെ ഒരിത്തിരി പ്രശസ്തിക്ക് വേണ്ടി ചെയ്താൽ? അതും ചെയ്യാൻ പാടില്ലാത്ത സ്ഥാനത്ത് ഇരിക്കേണ്ട ഒരാൾ? മനപ്പൂർവ്വമല്ലെങ്കിലും ശിക്ഷാർഹനോ ശിക്ഷാർഹയോ അല്ലെ? മറ്റുള്ളവർ ചെയ്യുന്നതിലൊക്കെ കുറ്റം പറയുകയും പരിഹസിക്കുകയും ചെയ്യുന്ന ഒരാൾ കുറഞ്ഞപക്ഷം സ്വന്തം കാര്യത്തിലെങ്കിലും ഒരിത്തിരി ശ്രദ്ധ കൂടുതൽ ചെലുത്തേണ്ടതായിരുന്നു. അങ്ങിനെ വേണമായിരുന്നു എന്ന് മാത്രമല്ലെ നമുക്ക് പറയാൻ കഴിയൂ. അല്ലെങ്കിലും പറഞ്ഞു കൊടുക്കേണ്ട പ്രായമോ അവസ്ഥയോ അല്ലല്ലോ.
പീഡനങ്ങൾക്ക് പഞ്ഞമില്ലാത്ത കാലമാണല്ലോ കലികാലം. 2018 അതിൽ നിന്നൊന്നും വ്യത്യസ്തമായിരുന്നില്ല. പക്ഷെ പീഡിപ്പിക്കപ്പെട്ടു എന്നൊരു യുവതി പരാതിപ്പെട്ടപ്പോൾ സ്റ്റെതസ്കോപ്പ് വച്ച് പനി അളക്കുന്നതുപോലെ പീഡനത്തിന്റെ തീവ്രതയും അളക്കാമെന്നും അതുവഴി ശിക്ഷ വിധിക്കാമെന്നും ലോകത്തിന് ആദ്യമായി കാണിച്ചുകൊടുത്ത നാടായി മാറി നമ്മുടെ സ്വന്തം കേരളം. പീഡിതനുള്ള ശിക്ഷ അത് അളക്കാൻ ഏൽപ്പിച്ചവർ വിധിക്കുകയും ചെയ്തു. കിട്ടാവുന്നതിൽ വച്ചേറ്റവും വലിയ ശിക്ഷയാണത്രേ അവർ കൊടുത്തത്. നിയമവ്യവസ്ഥ അനുശാസിക്കുന്ന വിധത്തിലായിരിക്കും ഇതൊക്കെ നടന്നിട്ടുണ്ടാവുക എന്ന് നിങ്ങൾ കരുതരുത്. കാരണം നിയമം നിയമത്തിന്റെ വഴിക്ക് പോകും പക്ഷേ നമുക്ക് പോകാൻ വഴികൾ വേറെയും നിരന്നുകിടക്കുകയല്ലേ. അപ്പോഴും ഒരു ചോദ്യം ബാക്കി, പാർട്ടിയിലെ സ്ഥാനമാനങ്ങൾ വഹിക്കാൻ യോഗ്യതയില്ലാത്ത ഒരാൾക്ക് ജനങ്ങളുടെ പ്രതിനിധിയാകാൻ എന്താണ് യോഗ്യത?
വിശ്വാസത്തിന്റെ പേരിൽ വിശ്വാസികളും അതിനേക്കാൾ വലിയ വിശ്വാസികളെന്നു തോന്നിപ്പിക്കുന്ന അവിശ്വാസികളും കാണിച്ചുകൂട്ടുന്ന പേക്കൂത്തുകൾ അക്ഷീണം നടന്നുകൊണ്ടിരിക്കുമ്പോഴാണ് 'ഉണ്ടുകൊണ്ടിരിക്കുന്ന നായർക്കൊരു വെളിപാടുണ്ടായി" എന്ന് പറഞ്ഞത് പോലെ ഒരു മതിൽ പണിഞ്ഞാലോ എന്നൊരു വെളിപാടുണ്ടായത്. പ്രളയം തകർത്തെറിഞ്ഞ കേരളത്തിന് പകരം പുതിയ കേരളത്തിന്റെ സൃഷ്ടി ഏതാണ്ട് അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോൾ ചെയ്യാനായിട്ട് ഇതിനേക്കാൾ മഹത്തരമായ കാര്യങ്ങൾ വേറേയില്ലല്ലോ. മനസ്സിലും ഭൂമിയിലും കെട്ടിപ്പൊക്കിയ മതിലുകൾ ഇടിച്ചു നിരത്തിയും തുറന്നുകൊടുത്തും നവോത്ഥാനം നടത്തിയ ഈ നാട്ടിൽ മതിലുകൾ സൃഷ്ടിച്ചു കൊണ്ട് പുതിയൊരു നവോത്ഥാനം നടത്താൻ പറ്റുമോ ഇല്ലയോ എന്ന് കാണിച്ചുകൊടുക്കണമല്ലോ. ലിംഗസമത്വം ഇതുവഴി സാധ്യമാകുമെന്നും ഒരിക്കൽ ഈ മതിൽ പണിതാൽ ഈ നാട്ടിൽ ആൺ-പെൺ വേർതിരിവുണ്ടാകില്ല എന്നുമൊക്കെ ഇവിടുത്തെ ജനങ്ങളെ കാണിച്ചു കൊടുക്കേണ്ടേ? അതിനിടയിൽ വിശ്വാസം സംരക്ഷിക്കാൻ എന്ന പേരിൽ വഴി നീളെ ജ്യോതിയും തെളിയിച്ചു ഒരു പറ്റം ആൾക്കാർ. പ്രകാശം പരത്തുന്നത് നല്ലതാണ്, അത് പക്ഷെ പരക്കേണ്ടത് മനസ്സിലാണെന്നു മാത്രം. അയ്യപ്പന്റെ പേരിൽ നിന്നാരംഭിച്ച ലിംഗസമത്വവുമായി ഇരുപക്ഷവും മുന്നേറുമ്പോഴാണ്‌ മുതലാഖുമായി കേന്ദ്രസർക്കാർ വന്നത്. അതും ലിംഗസമത്വത്തിലേക്ക് മുന്നേറാനാണത്രേ. അയ്യപ്പൻറെ കാര്യത്തിൽ വിശ്വാസത്തിന്റെ മേലെ ലിംഗസമത്വത്തിനെ കെട്ടി വയ്ക്കുന്നവർ പക്ഷെ മുതലാഖിൽ ഈ പറയുന്നത് കാണുന്നില്ല. മുതലാഖിൽ സമത്വം കാണുന്നവരാകട്ടെ ശബരിമലയിൽ കാണുന്നുമില്ല. അവിടെയും ഇവിടെയും ഇത് വേണ്ട എന്ന് പറയുന്ന കൂട്ടരുമുണ്ട് ഇതിനിടയിൽ എന്നത് മറന്നിട്ടില്ല. മതേതരത്വം മഹാശ്ചര്യം നമുക്കും കിട്ടണം വോട്ട് അത്രമാത്രം. ഇതിനിടയിൽ പെട്ട് നട്ടം തിരിഞ്ഞ് കഴിയുന്ന പാവം മർത്യൻ കഥയെന്തറിഞ്ഞു?
പറയാനാണെങ്കിൽ ഇനിയും ഒരുപാടുണ്ട് നമ്മുടെ നാട്ടിലെയും മറുനാടുകളിലെയും പുറംനാടുകളിലെയും ഇത് പോലുള്ള സംഭവങ്ങൾ. സ്നേഹിച്ച പെണ്ണിന് വേണ്ടി ജീവൻ ത്യജിക്കേണ്ടിവന്ന യുവാവിന്റെ കണ്ണീരിൽ കുതിർന്ന കഥയും കാത്തിരിപ്പുകൾക്കറുതി വരുത്തി കേരളക്കരയുടെ അഭിമാനം വാനോളമുയർത്തി ഭീമൻ യന്ത്രപ്പക്ഷി അറബിക്കടലിനക്കരയിലേക്ക് പറന്നിറങ്ങിയതും പ്രളയത്തിൽ തകർന്ന നമ്മുടെ നാടിനെ കൈപിടിച്ചുയർത്താൻ രാഷ്ട്രീയവൈരം മറന്ന് എല്ലാവരും ഒരുമിക്കാൻ തീരുമാനിച്ചതും മഹാകവികൾ പിറന്നതും നടിയുടെ മാനത്തിൽ വിണ്ണിലെ താരങ്ങൾ പരസ്പരം കൊമ്പുകോർത്തതും അങ്ങിനെ പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങൾ. പക്ഷെ അതിനു തുനിഞ്ഞാൽ എഴുതിയെഴുതി ഞാനും വായിച്ചുവായിച്ചു നിങ്ങളും തളരും. അതിനാൽ കൂടുതൽ ഒന്നും പറയാതെ
2018 നെ നമുക്ക് യാത്രയാക്കാം, 2019 നെ സഹർഷം സ്വാഗതം ചെയ്യാം. ഇതിനേക്കാൾ ചടുലവും ആവേശം കൊള്ളിക്കുന്നതുമായ സംഭവപരമ്പരകൾ 2019 ലും ഒരു പക്ഷെ നമ്മെ കാത്തിരിക്കുണ്ടാകാം. എങ്കിലും നീതിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെള്ളരിപ്രാവുകൾ ചിറകടിച്ചുയർന്ന് പറക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഏതായാലും കാനനത്തിൽ അഭയം പ്രാപിച്ച പാവം മധുവിന്റെ നിശ്ചലമായ ശരീരം കണ്ട് പുതുവർഷത്തിന് തുടക്കം കുറിച്ച നമുക്ക് മറ്റൊരു കാനനവാസന്റെ പേരിൽ നടക്കുന്ന പേക്കൂത്തുകൾ കണ്ടു കൊണ്ടുതന്നെ അതവസാനിപ്പിക്കേണ്ടി വരുന്നു എന്നത് കാലത്തിന്റെ മറ്റൊരു വികൃതി. എന്റെ അയ്യപ്പസ്വാമീ, നിന്നെ നീ തന്നെ കാത്തോളണേ എന്നല്ലാതെ എന്തു പറയാൻ?
എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ....

ഒരു നാടകാനുഭവം


വടകര വരദ അവതരിപ്പിച്ച 'അച്ചൻ' എന്ന നാടകം കണ്ട അനുഭവത്തിൽ നിന്ന് എഴുതിയത്.

ഇന്നലെ ഞാനൊരു നാടകം കണ്ടു, വർഷങ്ങൾക്ക് ശേഷം. വർഷങ്ങൾ നീണ്ട ഈ ഇടവേള തന്നെയാണ് നാടകം കാണാൻ എന്നെ പ്രേരിപ്പിച്ച ആദ്യ ഘടകം. നാടകം നടക്കുന്നത് വീട്ടിൽ നിന്ന് നടന്നു പോകാനുള്ള ദൂരത്തിലാണെന്നതും എന്റെ ഒരു ഇളയച്ഛൻ അംഗമായ സമാജമാണ്‌ ഇത് സംഘടിപ്പിക്കുന്നതെന്നതും നാടകം കാണാനുള്ള തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു. പ്രഗത്ഭ എഴുത്തുകാരനായ എം മുകുന്ദന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട 'അച്ചൻ' എന്ന ചെറുകഥയെ ആസ്പദമാക്കി രൂപപ്പെടുത്തിയ നാടകമായിരുന്നു. വടക്കൻ പാട്ടിന്റെ നാടായ വടകരയിലെ ഒരു കൂട്ടം കലാപ്രേമികളുടെ സംരംഭമായ 'വരദ'യാണ് നാടകം അണിയിച്ചൊരുക്കിയത്.

അങ്ങിനെ ഡിസംബറിലെ മഞ്ഞുപെയ്യുന്ന സന്ധ്യാനേരത്ത് സുഹൃത്തുക്കളായ ഹരിയോടും സന്ദീപിനുമൊടപ്പം ഞാൻ നാടകം കാണാനിറങ്ങി. കേരളത്തിന് പുറത്തു ജനിച്ചു വളരാൻ വിധിക്കപ്പെട്ടവനായതിനാൽ നാടകം എന്ന് കേട്ടതല്ലാതെ അത് എന്താണെന്ന് കാണാനുള്ള ഭാഗ്യം ഇതുവരെ സന്ദീപിനുണ്ടായിരുന്നില്ല. ഹരിയാകട്ടെ നല്ലൊരു പുസ്തകപ്രേമിയും കലാസ്വാദകനും നാടകം കാണുന്നത് ഒരു ലഹരിയായി മാറ്റിയവനുമാണ്. അതിനാൽ തന്നെ നാടകം കാണാനുള്ള തീരുമാനത്തിലെത്താൻ ഞങ്ങൾക്ക് അധികം ആലോചിക്കേണ്ടി വന്നില്ല (ഹരിയുടെ ഭാര്യയായ രൂപക്കും നാടകം കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ,ഏതാനും ദിവസങ്ങൾക്ക് മുൻപ് അപ്രതീക്ഷിതമായി കടന്നുവന്ന നടുവേദനയ്ക്ക് ചികിത്സയായി മൂന്നാഴ്ചത്തെ പരിപൂർണ്ണ വിശ്രമം വൈദ്യന്മാർ നിർദ്ദേശിച്ചപ്പോൾ അനുസരിക്കുകയല്ലാതെ വേറൊരു മാർഗ്ഗവും രൂപയുടെ മുന്നിലില്ലായിരുന്നു. നല്ലൊരു വായനക്കാരിയും നാടകപ്രേമിയും കവിതാരചനയിൽ താല്പര്യമുള്ളവളുമാണ് രൂപ എന്ന് കൂടി പറഞ്ഞാലേ നാടകം കാണാത്തതിൽ അവൾക്കുണ്ടായ സങ്കടത്തിന്റെ ആഴം മനസ്സിലാക്കാൻ പറ്റുകയുള്ളൂ). 2 മണിക്കൂറോളമുള്ള നാടകം മുഷിപ്പിക്കുമോ എന്നൊരാശങ്ക ഉണ്ടായിരുന്നു. അവധിദിവസമായ ഞായറാഴ്ചയായിട്ടുപോലും തിരക്ക് വളരെ കുറവായിരുന്നു. സിനിമയുടെയും ടെലിവിഷന്റെയും അതിപ്രസരത്തിൽ വീണുപോയവർക്ക് ആസ്വദിക്കാൻ പറ്റുന്നതല്ലല്ലോ നാടകം.

വേദിയുടെ ഏതാണ്ട് മുന്നിൽ തന്നെയായിരുന്നു ഞങ്ങളുടെ ഇരിപ്പിടം. അധികം താമസിയാതെ നാടകം ആരംഭിച്ചു. ഒരു ചായപ്പീടികയിലെ വർത്തമാനത്തിൽ നിന്ന് പതുക്കെ പതുക്കെ ഞങ്ങളെ ഒരു അച്ഛന്റെയും മകളുടെയും ലോകത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും അതിനിടയിലെ അമ്മയുടെ കുശുമ്പും ഒക്കെ മനോഹരമായിത്തന്നെ ഞങ്ങളെ കാണിച്ചുതന്നു. എല്ലാ നാട്ടിലും കാണുന്നത് പോലെ ഇവിടെയുമുണ്ടായിരുന്നു പ്രമാണിയും സർവ്വോപരി പരദൂഷണക്കാരനും സ്ത്രീലമ്പടനുമായ കുറുപ്പാൾ. അദ്ദേഹത്തിന്റെ പ്രകടനം പലപ്പോഴും കാണികളിൽ ചിരിയുണർത്തി. അച്ഛന്റെയും മകളുടെയും ബന്ധത്തെ വരെ മോശമായി പറഞ്ഞു നടന്ന് കുടുംബം കലക്കാൻ നോക്കുന്ന സാമൂഹ്യവിരുദ്ധർ തീർച്ചയായും ഇന്നത്തെക്കാലത്ത് ഏതൊരു സമൂഹത്തിലും കാണാൻ കഴിയുന്ന കഥാപാത്രങ്ങൾ തന്നെയാണ്. 'അച്ഛന്റെ മണമില്ലാതെ എനിക്കുറങ്ങാൻ കഴിയില്ല' എന്നൊരു മകൾ പറയുമ്പോൾ അലിയാത്ത പിതൃഹൃദയമുണ്ടാവുമോയെന്ന് സംശയമാണ്. എന്നാൽ 'മകൾ ഈ ലോകത്തിലുള്ളവർക്ക് ഒരു സാധാരണ പെണ്ണ് മാത്രമാണെന്നും എന്നാൽ അച്ഛനായ തനിക്ക് അവൾ കണ്ടാലും തീരാത്ത സ്വപ്‌നമാണെന്ന്‌' ആ അച്ഛൻ പറയുമ്പോൾ ആ പിതൃ-പുത്രീ ബന്ധം വാക്കുകൾക്കതീതമാവുകയാണ്. ഇതിനപ്പുറം ആ സ്നേഹബന്ധത്തെ പറ്റി വർണ്ണിക്കാൻ പറ്റില്ല എന്ന് നമ്മൾ കാണികൾക്കു തോന്നിപോകും.

അപ്രതീക്ഷിതമായി മകൾക്കു സംഭവിക്കുന്ന ദുരന്തത്തിന് കാരണക്കാരൻ സ്നേഹനിധിയായ അച്ഛനാണെന്ന തെറ്റിദ്ധാരണയിൽ നാട്ടുകാരോടൊപ്പം ഭാര്യയും അയാളെ ആട്ടിപ്പുറത്താക്കുകയാണ്. മാനസികനില തെറ്റിയ മകളാവട്ടെ ഒന്നുമറിയുന്നുമില്ല. ഒടുവിൽ യഥാർത്ഥ പ്രതിയെ കണ്ടെത്തുമ്പോഴേക്കും വ്രണിതഹൃദയവുമായി ആ മനുഷ്യൻ നാടുവിട്ടു പോവുകയാണ്. എങ്ങോട്ടെന്നറിയാതെ, ആരോടും ഒന്നും മിണ്ടാതെ. തെറ്റ് മനസ്സിലാക്കിയ ഭാര്യ, അച്ഛന്റെ മണമില്ലാതെ ഉറങ്ങാൻ കഴിയില്ല എന്ന് പറഞ്ഞു കരയുന്ന മകളോടൊപ്പം കാത്തിരിക്കുകയാണ്, യാത്രക്കാരെ കുത്തിനിറച്ചു കടന്നുപോകുന്ന ഏതെങ്കിലും ഒരു തീവണ്ടിയിൽ അവരുടെ പ്രിയപ്പെട്ടയാളിന്റെ വരവും കാത്ത്. മറ്റുള്ളവർക്കായി ഉള്ളം നീറിക്കൊണ്ട് കുതിച്ചുപായുന്ന തീവണ്ടിയെപ്പോലെ അവരുടെ ഉള്ളും ഉരുകുകയാണ്, തങ്ങൾക്ക് നഷ്ടപ്പെട്ട ദൈവത്തിനായി.

നാടകം കഴിയുമ്പോൾ ഈ അമ്മയേയും മകളേയും പോലെ കാണികളും ആഗ്രഹിച്ചുപോകുന്നു അയാളുടെ തിരിച്ചു വരവിനായി.
നാഴികകൾ നീണ്ട ഈ നാടകത്തിനിടയിൽ ഒരു തുള്ളി കണ്ണുനീരെങ്കിലും കൺകോണിൽ ഉരുണ്ടു കൂടാത്ത കാണികളുണ്ടാവില്ല. അത്രയ്ക്ക് തീവ്രമേറിയ, ഹൃദയസ്പർശിയായ ആവിഷ്കാരമായിരുന്നു 'വരദ'യുടേത്. അഭിനേതാക്കളൊക്കെ ഒന്നിനൊന്നു മികച്ചതായിരുന്നു. സംവിധാനമായാലും സംഭാഷണമായാലും പശ്ചാത്തലമായാലും കവിതയായാലും തിരക്കഥയായാലും ഏതാണ് കൂടുതൽ മികച്ചതെന്ന് എടുത്തു പറയാൻ സാധിക്കില്ല. തികച്ചും കാലികപ്രസക്തിയുള്ള ഒരു വിഷയം ഏറെ മനോഹരമായും ലളിതമായും കാണികളെ പിടിച്ചിരുത്തുന്ന രീതിയിൽ എങ്ങിനെ അവതരിപ്പിക്കാം എന്ന് വടകര വരദ നമുക്ക് കാണിച്ചു തരുന്നു.

നാടകാന്തം, കാണികളുടെ അഭിപ്രായം ചോദിച്ചപ്പോൾ മേൽപറഞ്ഞ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം എനിക്ക് കിട്ടി. അതിന് അവതാരകൻ ഷിബുവിന്‌ നന്ദി പറഞ്ഞേ തീരൂ (കൂട്ടത്തിൽ പറയട്ടെ, അണിയറയിൽ ചെന്ന് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഉള്ളുതുറന്ന് അഭിനന്ദിക്കാൻ ഞാൻ മറന്നിരുന്നില്ല).
നാടകം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ, സന്ദീപ് പറഞ്ഞു, "ഇവർക്ക് എന്തുകൊണ്ട് സിനിമയിൽ അവസരം കിട്ടുന്നില്ല എന്നതാണ് എനിക്കത്ഭുതം' എന്ന്. കാണികളിൽ നിന്ന് കിട്ടുന്ന ഈ നല്ല വാക്കുകൾ തന്നെയാണ് ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഏതൊരവാർഡിനേക്കാളും മഹത്തരം. വടകര വരദ എന്ന നാടകകുടുംബവും അതിലെ അംഗങ്ങളും ഇത്തരം പ്രശംസകൾ തീർച്ചയായും അർഹിക്കുന്നു. അതവർക്ക് കൂടുതൽ ഉയരങ്ങളിൽ എത്താനുള്ള ഊർജ്ജം നൽകട്ടെ. നവോഥാനത്തിന്റെ പേര് പറഞ്ഞു വിഭാഗീയതയുടെ മതിലുകൾ ഉയർത്താൻ വെമ്പൽ കാട്ടുന്ന സമൂഹം, അത് പക്ഷേ പടുത്തുയർത്തേണ്ടത് നമ്മുടെ പെൺമക്കൾക്ക് ചുറ്റുമാണ്. അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി കൂട്ടിലിട്ടു വളർത്താനല്ല മറിച്ച് അധമന്മാരായ ഞരമ്പുരോഗികളിൽ നിന്ന് അവരെ സംരക്ഷിക്കാനായിരിക്കണം എന്ന് മാത്രം. കാരണം ഏതൊരച്ഛനും തന്റെ മകൾ കണ്ടാലും കണ്ടാലും തീരാത്ത ഒരു മനോഹരമായ സ്വപ്നമാണ്; പൂമ്പാറ്റയെപോലെ നിർമ്മലമായ, മനോഹരമായ സ്വപ്നം.

മറുപുറം:
നാടകത്തിന്റെ പേര് എഴുതിയിരിക്കുന്നത് 'അച്ചൻ' എന്നാണ് മറിച്ച് 'അച്ഛൻ' എന്നല്ല. എന്തുകൊണ്ടാണ് ഇങ്ങിനെയൊരു തെറ്റ് കടന്നുവന്നതെന്ന് ചോദിച്ചപ്പോൾ, കഥാകൃത്ത് പറഞ്ഞത്രേ കർക്കശക്കാരനായ അച്ഛനല്ല മറിച്ച് സ്നേഹത്തിന്റെ മൃദുലഭാവമായ അച്ചനാണ് നമുക്ക് വേണ്ടതെന്ന്. സ്നേഹത്തോടൊപ്പം ഇത്തിരി കാർക്കശ്യവും ദേഷ്യവും ഉള്ള അച്ഛൻ തന്നെയാണ് ഏതൊരു കുടുംബത്തിന്റെയും ഭദ്രതയ്ക്ക് നല്ലതെന്ന് ഞാൻ കരുതുന്നു, അതിനാൽ എന്നെ സംബന്ധിച്ചിടത്തോളം അച്ചനല്ല, പകരം അച്ഛൻ തന്നെയാണ് ശരി.

വിരഹം

അപ്രതീക്ഷിതമായി എന്റെ മനസ്സിൽ വേദനകൾ തീർത്ത രണ്ടു വ്യക്തികളെ ഞാൻ ഓർത്തെടുക്കുന്നു. രണ്ടുപേരുടെയും വേർപിരിയൽ എന്നെ എങ്ങിനെ ബാധിച്ചു എന്ന് ഈ ലേഖനം പറയുന്നു. ഒരാൾ അനിവാര്യമായ മരണത്തിലേക്ക് യാത്രയായപ്പോൾ മറ്റൊരാൾ നടത്തിയതാകട്ടെ ജോലി സംബന്ധമായ യാത്രയും. ആദ്യത്തെയാളുടെ മരണവാർത്തയും  മറ്റെയാളിനോട് ഞാൻ വൈകാരികമായി യാത്ര പറഞ്ഞ് പിരിഞ്ഞതും ഒരേ ദിവസമാണെന്ന യാദൃശ്ചികതയും ഇവിടെയുണ്ട്.  

                                                                                     **************
നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന അനേകം മുഖങ്ങളിൽ ഒന്ന്, അങ്ങിനെയായിരുന്നു ഇന്നലെ വരേയ്ക്കും. അതിനപ്പുറത്തേക്ക് ആ ബന്ധത്തിന് ഒരർത്ഥവും പ്രാധാന്യവും ഞാൻ കല്പിച്ചിരുന്നില്ല. പക്ഷെ അപ്രതീക്ഷിതമായി അനിവാര്യമായ മരണത്തിലേക്ക് അയാൾ യാത്രയായപ്പോൾ ഞാൻ അറിയുന്നു, എന്റെ ഉള്ളിലെവിടെയോ അയാൾക്കൊരു സ്ഥാനമുണ്ടായിരുന്നു എന്ന്.

പുറകിലോട്ടു ചീകിയൊതുക്കിയ മുടി, നെറ്റിയിൽ ചെറുനീളത്തിലുള്ള കുങ്കുമക്കുറി, നരച്ച കുറ്റിത്താടി, വിടർന്ന ചിരി, ഒതുങ്ങിയതും എന്നാൽ അധികം ഉയരമില്ലാത്തതുമായ ശരീരം, ജോലി ചെയ്യാനുള്ള ഉത്സാഹം  - ഇത്രയുമായിരുന്നു അയാളിൽ ഞാൻ ശ്രദ്ധിച്ച അടയാളങ്ങൾ. ഞാൻ ജോലി ചെയ്യുന്ന ഓഫീസിനു പുറത്തായി, നടപ്പാതയിൽ മറ്റു പലരെ പോലെ അയാളും ഒരു തട്ടകടയിൽ തന്റെ ഉപജീവനമാർഗ്ഗം കണ്ടെത്തുകയായിരുന്നു. അയാൾ അവിടെ വന്നതെന്നാണെന്നോ, ഞാൻ അയാളെ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്നാണെന്നോ എന്നൊന്നും എനിക്കിപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്, അയാളെ കണ്ടുമുട്ടി പിന്നെയും കുറേനാളുകൾ (അതോ മാസങ്ങളോ?) കഴിഞ്ഞാണ് ഞങ്ങൾ (സന്ദീപും സനീഷും പിന്നെ ഞാനും) ആ കടയിൽ നിന്നും ചായ കുടിക്കാൻ തുടങ്ങിയത്. കുറെ മാസങ്ങളായി വൈകുന്നേരത്തെ ചായ പുറത്തു നിന്ന് കുടിക്കുക എന്നതാണ് ശീലം. പലരെയും മാറി മാറി പരീക്ഷിച്ചതിനുശേഷമാണ് അയാളുടെ കടയിൽ എത്തിയത്. അതും മറ്റ് സുഹൃത്തുക്കൾ അയാളുടെ ചായയെ പറ്റി നല്ലത് പറയുന്നത് കേട്ടത് കൊണ്ട് മാത്രം. നാട്ടിൻപുറത്തു കാണുന്നത് പോലെ വലിയ ഓട്ടുപാത്രത്തിൽ വെള്ളം തിളപ്പിച്ച് ചായപ്പൊടിയിട്ട അരിപ്പയിലൂടെ ഗ്ലാസ്സിലേക്കൊഴിച്ച് പാലും പഞ്ചസാരയും ചേർത്ത് നീട്ടിയടിച്ചാണ് അയാൾ ചായ ഉണ്ടാക്കിയിരുന്നത്. എന്ത് കൊണ്ടോ ഞങ്ങൾ ആ ചായയെ ഇഷ്ടപ്പെട്ടു. മറ്റു കടകളിൽ കാണുന്നതിനേക്കാളും വലുപ്പമുള്ള ഗ്ലാസ്സുകൾ. അതിൽ മുക്കാൽ ഭാഗം മാത്രമേ ചായ നിറക്കാറുള്ളൂ, ബാക്കി പതയും. ഗ്ലാസ് നിറച്ചും ചായ കാണാനാഗ്രഹിക്കുന്ന എന്നെ അത് തെല്ലൊന്ന്  അലോസരപ്പെടുത്തിയെങ്കിലും ഈ കടയിലെ നിത്യസന്ദർശകരായി ഞങ്ങൾ മാറുകയായിരുന്നു. കട തുറക്കാത്ത ദിവസങ്ങളിൽ മാത്രമാണ് ഞങ്ങൾ മറ്റു മേച്ചിൽപ്പുറങ്ങൾ തേടി പോയിരുന്നത്. ഒന്നോ രണ്ടോ അല്ലെങ്കിൽ ഏതാനും ദിവസങ്ങളോ  കഴിഞ്ഞ് അയാൾ തിരിച്ചുവന്നാൽ ഉടനെ ഞങ്ങൾ താവളം വീണ്ടും അവിടുത്തേക്ക്‌ തന്നെ മാറ്റുമായിരുന്നു. ദൂരെ നിന്ന് ഞങ്ങളെ കാണുമ്പോൾ തന്നെ ചിരിച്ചു കൊണ്ട് അയാൾ ചായയെടുക്കാൻ തുടങ്ങും.അത്യാവശ്യം മലയാളം അറിയാമായിരുന്നു അങ്ങേർക്ക്. ആ ചിരിയിൽ എന്തോ ഒരാകർഷണീയത ഞാൻ കണ്ടു. ഭാര്യയും മകളും ബന്ധുക്കളും അടങ്ങുന്ന സംഘമായിട്ടായിരുന്നു അയാൾ അവിടെ കട നടത്തിയിരുന്നത് (കൂടെയുള്ളവരെപ്പറ്റിയുള്ള വിവരങ്ങൾ തന്നത് സുഹൃത്തായ അനിലായിരുന്നു). ചായയോടൊപ്പം എണ്ണയിൽ വറുത്തെടുത്ത ചില പലഹാരങ്ങളും അവിടെയുണ്ടായിരുന്നു. പക്ഷെ ഞങ്ങൾ അതിൽ അധികം കൈ കടത്തിയില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആ കട അടച്ചു കിടക്കുന്നതു കണ്ട്  ഞങ്ങൾ വേറെ കടയിൽ കുടികെടപ്പ് തുടങ്ങി. പതിവുപോലെ ഒന്നോ രണ്ടോ ഏറിയാൽ നാലോ ദിവസത്തിനകം കട തുറക്കുമെന്ന് പ്രതീക്ഷിച്ച്‌ എന്നും വൈകീട്ട് ഞങ്ങൾ അതിന്റെ മുന്നിലെത്തും. ആളില്ല എന്ന് കാണുമ്പോൾ പുതിയ താവളത്തിലേക്ക് ചെല്ലും. ദസറ അവധിക്കു നാട്ടിൽ പോയതായിരിക്കും എന്നും അതല്ല കച്ചവടം മോശമായതിനാൽ  നിർത്തി പോയതായിരിക്കാമെന്നും ഒക്കെ ഞങ്ങൾ ആ അഭാവത്തെ വ്യാഖ്യാനിച്ചു. അയാളുടെ അസാന്നിദ്ധ്യം ഞങ്ങളുടെ ദിനചര്യയെ തെല്ലും ബാധിച്ചതേയില്ല. പതിവ് പോലെ പുതിയ കടയിൽ നിന്ന് ചായയും വാങ്ങി സൊറ പറഞ്ഞു ഞങ്ങൾ നേരം പോക്കി. ഏതാണ്ട് ഒരാഴ്ച മുൻപാണെന്ന് തോന്നുന്നു, കട വീണ്ടും തുറന്നിരിക്കുന്നത് കണ്ടു. എല്ലാവരും പഴയതു പോലെ ജോലിയെടുക്കുന്നു, അയാൾ ഒഴിച്ച്. അയാളെ മാത്രം അവിടെ കണ്ടില്ല. ഞങ്ങൾ ചോദിച്ചുമില്ല. അയാൾ ഇല്ലാത്തതിനാൽ ഞങ്ങൾ പുതിയ സങ്കേതത്തിലേക്കു നടന്നു. ദിവസങ്ങൾ നാലഞ്ച് കഴിഞ്ഞുപോയി.നമ്മുടെ നായകൻ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം പതിവുപോലെ കാര്യങ്ങൾ നടത്തിക്കൊണ്ടിരുന്നു.വേറെ എവിടെയെങ്കിലും കട തുടങ്ങിയിട്ടുണ്ടാകുമെന്ന് ഞങ്ങൾ പുതിയ വ്യാഖ്യാനം ചമച്ചു. ഇന്നലെ പതിവിനു വിപരീതമായി സതീഷും അനിലും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ഈ കടക്കാരനെക്കുറിച്ചു മുൻപ് ഞങ്ങൾക്ക് പറഞ്ഞു തന്നതും അവരായിരുന്നു . അവർ കൂടെയുള്ളതിനാൽ എല്ലാവരും ആ കടയിൽ കയറി. കയറും മുൻപ് അനിൽ പറഞ്ഞ വാക്യം എന്നെ വല്ലാതെ അമ്പരിപ്പിച്ചു കളഞ്ഞു."ഇനി എന്നും നിങ്ങൾ ഇവിടെ നിന്നും ചായ കുടിക്കണം, നമ്മുടെ കടക്കാരൻ ഒരു അപകടത്തിൽ കുറച്ചു ദിവസം മുൻപ് മരിച്ചു പോയി.." അനിൽ തമാശ പറയുകയാണോ എന്ന് പോലും ഞാൻ ചിന്തിച്ചു. ഞങ്ങളുടെ വിദൂരചിന്തകളിൽ പോലും അങ്ങിനെയൊരു സാധ്യതയുണ്ടായിരുന്നില്ല. എന്നിൽ നിന്നും മറ്റുള്ളവർ ഇക്കാര്യമറിഞ്ഞപ്പോൾ അവർക്കും അവിശ്വസനീയമായി തോന്നി. ഞാൻ കടയിലെ ആൾക്കാരെ നോക്കി. അവിടെ ഒരു മാറ്റവും കണ്ടില്ല. അയാളുടെ ഭാര്യ പഴയതു പോലെ ചിരിച്ചു കൊണ്ട് എന്തോ എണ്ണയിലിട്ട് പൊരിക്കുന്നു. മോളും മറ്റുള്ളവരും അവരവരുടെ ജോലിയിൽ മുഴുകിയിരിക്കുന്നു. ചായയടിക്കുന്ന ആൾ മാത്രം മാറിയിരിക്കുന്നു. സാധാരണപോലെ തമാശകൾ പറഞ്ഞു കൊണ്ട് ഞങ്ങൾ ചായ കുടിക്കുന്നതിനിടയിൽ പതുക്കെ പതുക്കെ ഒരു നൊമ്പരമായി അയാൾ എന്റെ മനസ്സിലേക്ക് പടർന്നു കയറുന്നതു ഞാൻ അറിഞ്ഞു. തമാശകളിൽ മനസ്സിനെ ഉറപ്പിക്കാൻ കഴിയാതെ ഞാൻ വിഷമിച്ചു. ഒരു ചായ കുടിക്കുമെന്നല്ലാതെ ഇതുവരെ ഞങ്ങളാരും അയാളോട് സൗഹൃദം സ്ഥാപിച്ചിരുന്നില്ല, 'രണ്ട് ചായ' അല്ലെങ്കിൽ 'മൂന്ന് ചായ' എന്ന വാക്കല്ലാതെ അതിനപ്പുറത്തേക്ക് ഇതുവരെ ഒന്നും മിണ്ടിയിരുന്നില്ല. എന്നിട്ടും എങ്ങിനെയാണ് ഇയാൾ എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചത്? എന്ത് കൊണ്ടാണ് ഈ മരണം എന്നെ വേദനിപ്പിക്കുന്നത്? ഈ ചോദ്യങ്ങൾക്കൊന്നും എന്റെ കൈയ്യിൽ ഉത്തരമില്ല. പക്ഷെ ഒന്ന് മാത്രം ഞാൻ അറിയുന്നു; നിഷ്കളങ്കമായി ചിരിക്കാറുണ്ടായിരുന്ന ഏറെക്കുറെ അപരിചിതനായ, പേരുപോലും അറിയാത്ത ആ മനുഷ്യന്റെ ഓർമ്മകൾ കുറച്ചുകാലം എന്നെ വിടാതെ പിന്തുടരുമെന്നതും ചെറുതായി നൊമ്പരപ്പെടുത്തുമെന്നതും.

                                                      *****************************************************

വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരു പാട് കാലത്തെ പരിചയക്കാരാണെന്ന അവസ്ഥയിലേക്ക് മാറിയ ഒരു സ്നേഹബന്ധം. ജോലിസംബന്ധിയായ ഒരു യാത്ര മൂലം  അപ്രതീക്ഷിതമായി ആ ബന്ധത്തിന് അർദ്ധവിരാമം ഇടേണ്ടി വന്നപ്പോൾ അനുഭവിച്ച വേദനയിൽ നിന്ന് എഴുതിയ കുറിപ്പ്.

വിടർന്ന ചിരിയോടെ അവൻ എന്നെ ഇങ്ങോട്ട് പരിചയപെടുകയായിരുന്നു. കുറച്ചു ആഴ്ചകളായി എല്ലാ ശനിയും ഞായറും പരസ്പരം കാണുന്നത് കൊണ്ടായിരിക്കാം എന്നെ പരിചയപ്പെട്ടേക്കാം എന്നവന് തോന്നിയത്.അതൊരു തുടക്കമായിരുന്നു. ഒരു വലിയ സൗഹൃദത്തിലേക്ക് ഞങ്ങൾ പരസ്പരം കൈപിടിച്ച് നടന്നുകയറുകയായിരുന്നു. ഞങ്ങളുടെ മക്കൾ നൃത്തം പഠിക്കുന്ന കേരളസമാജത്തിലെ കണ്ടുമുട്ടലാണ് ഞങ്ങളെ പരിചയപ്പെടാൻ ഇടയാക്കിയത്. വെളുത്തു മെലിഞ്ഞ അധികം ഉയരമില്ലാത്ത ചിരിച്ച മുഖത്തോടെയുള്ള തൃശൂർക്കാരനായ ഒരു മേനോൻ യുവാവ്. ക്ലാസ് കഴിയുന്നത് വരെ ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരുന്നു മുഷിഞ്ഞിരുന്ന എന്നെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസകരമായിരുന്നു ആ പരിചയപ്പെടൽ. ഡാൻസ് ക്ലാസ് നടക്കുന്ന ഒരു മണിക്കൂർ സമയം ഞങ്ങളെ കൂടുതൽ അടുപ്പിച്ചു. ജോലിയെപ്പറ്റിയും കുടുംബത്തെപ്പറ്റിയും ഒക്കെ ചർച്ച ചെയ്തു. ഒരു മണിക്കൂർ കടന്നു പോകുന്നത് ഞങ്ങൾ അറിഞ്ഞിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം. സംസാരപ്രിയരായിരുന്നു രണ്ടുപേരും എന്നതും അനുകൂലഘടകമായി. പച്ചക്കറി വാങ്ങാൻ പോകുമ്പോഴും സൂപ്പർമാർക്കെറ്റിൽ പോകുമ്പോഴും പരസ്പരം അനുഗമിച്ചു. അതിനിടയിൽ കുടുംബങ്ങൾ തമ്മിൽ പരിചയപ്പെട്ടു. കുട്ടികൾ തമ്മിൽ നല്ല കൂട്ടായി.അവന്റെ ഇളയകുട്ടി അമ്മിണി ഞങ്ങളുടെയും ഓമനയായി മാറി. അവളുടെ കൊഞ്ചലിൽ, കളിചിരിയിൽ ഞങ്ങളും സ്വയം മറന്നു. അവളുടെ കൂടെ കളിക്കാൻ എന്റെ മോൾക്കും ആവേശമായിരുന്നു. വെറുതെ ഇരുന്ന് മുഷിഞ്ഞിരുന്ന ഡാൻസ് ക്ലാസിനു പുറത്തുള്ള നിമിഷങ്ങൾ ചൂടേറിയ ചർച്ചകൾക്ക് വഴി മാറി. മോളേക്കാൾ ആവേശത്തോടെ ഞാൻ സമാജത്തിൽ പോകുന്നത് കാണുമ്പോൾ ഭാര്യ കളിയാക്കി. ആരെങ്കിലും ഒരാൾ നാട്ടിൽ പോയാൽ വല്ലാത്ത ശൂന്യതഅനുഭവപ്പെടുമായിരുന്നു. ഈ അടുപ്പം ഒരുമിച്ചു സമാജത്തിലെ കമ്മിറ്റിയിൽ ചേരുന്നതുവരെയായി. പക്ഷെ പെട്ടെന്നായിരുന്നു കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. ജോലിസംബന്ധമായ ആവശ്യത്തിന് അവൻ നെതെർലാന്റിൽ പോകാൻ തീരുമാനിച്ചു. വളരെ വേദനയോടെയാണ് ഞാനും എന്റെ കുടുംബവും ആ വാർത്ത ഏറ്റെടുത്തത്. ഹൃദയത്തിലെവിടെയോ ഒരു പോറലുണ്ടാക്കി അത്. പോകാൻ മനസ്സില്ലെന്ന് അവനും പറഞ്ഞു. മോൾക്കും വിഷമമായി. 'ഇനി എന്നാണ് അമ്മിണിയെ കാണാൻ പറ്റുക?' എന്ന് മോളും സങ്കടത്തോടെ ചോദിച്ചു. എല്ലാ ദുഖവും ഉള്ളിലൊതുക്കി ഞങ്ങൾ അവർക്ക് ആശംസകൾ നേരുകയാണ്. വീണ്ടും കാണാമെന്ന പ്രത്യാശയോടെ, ഈ സ്നേഹം ഇതുപോലെ നിലനില്കും എന്ന പ്രതീക്ഷയോടെ. അല്ലെങ്കിലും ജീവിതം എന്ന് പറയുന്നത് അപ്രതീക്ഷിതമായ ഉയർച്ചകളും താഴ്ചകളും സുഖവും ദുഖവും ഒക്കെ നിറഞ്ഞതാണല്ലോ. അത് അംഗീകരിച്ച്‌ മുന്നോട്ട് പോകുക എന്നത് നമ്മുടെ കടമയും.

അച്ഛച്ഛനെപ്പോലൊരു അങ്കിൾ


കുന്ദലഹള്ളി കേരള സമാജത്തിലെ മുതിർന്ന അംഗമായ ടി എം എസ് നമ്പീശൻ അങ്കിളുമായുള്ള ഒരു കൂടിക്കാഴ്ചയുടെ ഓർമ്മകൾ.

മുന്നിലിരിക്കുന്ന ആ മനുഷ്യനെ ഞാൻ കൗതുകത്തോടെ നോക്കിക്കാണുകയായിരുന്നു; ജരാനരകൾ ബാധിച്ച, ശരീരമാസകലം വാർദ്ധക്യത്തിന്റെ ചുളിവുകൾ നിറഞ്ഞ കൃശഗാത്രനായ ആ എൺപത്തഞ്ചുകാരനെ. സംസാരിക്കുമ്പോൾ തെളിയുന്നത് പക്ഷേ ആയിരം പൂർണചന്ദ്രന്മാരെ കണ്ട വയ്യായ്കയല്ല, മറിച്ച് ഊർജ്ജസ്വലനായ ഒരു യുവാവിന്റെ ചുറുചുറുക്കും കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയും മാത്രം. പഴയ കാര്യങ്ങളൊക്കെ വിവരിക്കുമ്പോൾ മുറിഞ്ഞു മുറിഞ്ഞുപുറത്തേക്ക് വീഴുന്ന വാക്കുകളിലെ ആവേശം,വാർദ്ധക്യത്തെ മറയ്ക്കുന്ന തരത്തിൽ മുഖത്ത് തെളിഞ്ഞു കണ്ട സന്തോഷം, കുഴിഞ്ഞ കണ്ണുകളിലെ തെളിച്ചം ഒക്കെ എന്നെപ്പോലെത്തന്നെ മറ്റുള്ളവരും ശ്രദ്ധിച്ചിരിക്കണം.

ഈയൊരു കൂടിക്കാഴ്ച, ഞാൻ പോലും അറിയാതെ അച്ഛച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ എന്നിലേക്ക്‌ വന്നു നിറയുകയായിരുന്നു. ഗോതമ്പുനിറമുള്ള, കുഞ്ഞുങ്ങളെപ്പോലെ പുഞ്ചിരിക്കുമായിരുന്ന, ദേഹം മുഴുവൻ നര കയറി ചുളിഞ്ഞതെങ്കിലും ആരോഗ്യദൃഢഗാത്രനായിരുന്ന എന്റെ അച്ഛന്റെ അച്ഛൻ. ജീവിച്ചിരുന്നിരുന്നെങ്കിൽ ഇപ്പോൾ നൂറിന്റെ നിറവിലെത്തുമായിരുന്നു. പ്രായത്തിൽ ഏറെ കുറവുണ്ടെങ്കിലും എവിടെയൊക്കെയോ ഈ മനുഷ്യനും എന്റെ അച്ഛച്ഛനും സാമ്യമുള്ളതുപോലെ എനിക്ക് തോന്നി. അതിന് കാരണം മുഖത്ത് തെളിഞ്ഞു കണ്ട നിഷ്കളങ്കതയാണോ, കുസൃതി നിറഞ്ഞ ചിരിയാണോ അതോ മറ്റു വല്ലതുമാണോ എന്ന് കൃത്യമായി ഓർത്തെടുക്കാൻ എനിക്ക് കഴിഞ്ഞില്ല.

എല്ലാവരും അങ്കിൾ എന്ന് വിളിക്കുന്ന ഈ മനുഷ്യനെ സ്വാഭാവികമായി ഞാനും അങ്ങനെത്തന്നെ വിളിച്ചു; ആ ഒരു സംബോധനയും രൂപവും പൊരുത്തമില്ലായിരുന്നിട്ട് കൂടി. ഒരു വർഷം മുൻപാണ് ഞാൻ ഇദ്ദേഹത്തെ ആദ്യമായി കണ്ടത്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ വർഷം കേരളപ്പിറവി ആഘോഷത്തിന്റന്ന്. സന്ദേഹമേതുമില്ലാതെ, തനിക്കറിയാവുന്ന ഉത്തരം ഉറക്കെ പറഞ്ഞുകൊണ്ട് ക്വിസ് മത്സരത്തിലും അത് കഴിഞ്ഞ് പരിഭ്രമം തെല്ലും കാണിക്കാതെ  കവിത ചൊല്ലലിലും പ്രായത്തിന്റെ തളർച്ചയൊന്നും വകവെക്കാതെ അങ്കിൾ പങ്കെടുത്തത് ഞാൻ ശ്രദ്ധിച്ചിരുന്നു. മുൻപ് പറഞ്ഞതുപോലെത്തന്നെ ഒത്തിരി കൗതുകത്തോടെയും പിന്നെ ഒരിത്തിരി ഇഷ്ടത്തോടെയും .

പിന്നീട് കുറേനാളുകൾ അതോ മാസങ്ങൾ തന്നെയോ കഴിഞ്ഞാണ് വീണ്ടും കണ്ടത്. ഞങ്ങളുടെ സമാജത്തിലെ ഏറ്റവും മുതിർന്ന എക്സിക്യൂട്ടീവ് അംഗമാണ് അങ്കിൾ. ഞാനാകട്ടെ താരതമ്യേന പുതുമുഖവും. പയ്യന്നൂർക്കാരനായ അങ്കിൾ, കാഞ്ഞങ്ങാട്ടുകാരനായ എന്റെ ഭാര്യാപിതാവിനെ കാണണം എന്നറിയിച്ചപ്പോൾ (തലേദിവസം നാട്ടുകാരനായ ഒരാളെ പരിചയപ്പെട്ടു എന്ന് മകനായ രാജീവേട്ടൻ അദ്ദേഹത്തെ അറിയിച്ചിരുന്നു, അതിന്റെ പരിണിതഫലമാണ് ഈ കൂടിക്കാഴ്ച). അങ്കിളിന്റെ വീട്ടിലേക്കു വന്നതാണ് ഞങ്ങൾ, കൂടെ സമാജം സെക്രട്ടറി രജിത്തും.

നാട്ടുകാര്യങ്ങളെക്കുറിച്ച് പറഞ്ഞ് തുടങ്ങിയ പരിചയപ്പെടൽ. അതിനിടയിൽ ചായ വന്നു. അറുപത്തിനാലിൽ പാർട്ടിയിൽ അംഗമായതും പഴയ നേതാക്കന്മാരെ കുറിച്ചുള്ള കഥകളും ഉണ്ണികൃഷ്ണൻ നമ്പൂതിരിയെക്കുറിച്ചും ഒക്കെ പറഞ്ഞു. രണ്ടുപേർക്കും അറിയാവുന്ന ചിലരെ കുറിച്ചും സംസാരിക്കുകയുണ്ടായി. ഈ രംഗത്തിലെ ഭാവപ്രകടനങ്ങളാണ് ഞാൻ തുടക്കത്തിൽത്തന്നെ വിവരിച്ചതും കൗതുകത്തോടെ വീക്ഷിച്ചതും. ഒരു മണിക്കൂറോളം ഞങ്ങൾ അവിടെ ചെലവഴിച്ചു. കൂടുതൽ സമയവും കേൾവിക്കാരന്റെ വേഷമായിരുന്നു ഞാൻ അണിഞ്ഞിരുന്നത്.

ഒടുവിൽ 'ഇനി വരുമ്പോഴും കാണണം' എന്നും പറഞ്ഞ് കൈപിടിച്ച് ഞങ്ങളെ യാത്രയാക്കിയപ്പോൾ എന്തുകൊണ്ടോ വീണ്ടും ഞാൻ അച്ഛച്ഛനെ ഓർത്തു. എന്നും കാൽതൊട്ട് വണങ്ങി യാത്ര പറയുമ്പോൾ നിറഞ്ഞു തുളുമ്പാറുണ്ടായിരുന്ന ആ മിഴികൾ എന്റെ മനസ്സിൽ തെളിഞ്ഞുവന്നു. അറിയാതെ എന്റെ കണ്ണുകൾ സജലങ്ങളായി.

ഞാൻ അറിഞ്ഞ് ആസ്വദിച്ച, കഴിഞ്ഞുപോയ ഏതാനും നിമിഷങ്ങൾ ഏറ്റവും ഇഷ്ടത്തോടെ ഓർമ്മകളുടെ പുസ്തകത്താളുകളിൽ ഒരു മയിൽപ്പീലി തണ്ടുപോലെ സൂക്ഷിച്ചുവച്ച് മറ്റുള്ളവരോടൊപ്പം ഞാനും അവിടെ നിന്നും പടിയിറങ്ങി; ഒരു മുഖം ഹൃദയത്തിലും മനസ്സിലും ചേർത്തുവെച്ച്.

എന്റെ വിഷു - അന്നും ഇന്നും


"വിഷൂന് കണി വെക്കണ്ടേ..?" ചോദ്യം ഭാര്യയുടേതാണ്.
"പിന്നേ..കണിയില്ലാത്ത പരിപാടിയില്ല" ഞാൻ അസന്നിഗ്ധമായി പറഞ്ഞു.
"കണി വെക്കാൻ ഈട ഒന്നും ഇല്ലല്ലോ.?" വീണ്ടും ഭാര്യ.
"*കൊറച്ച് കയിഞ്ഞിറ്റ് പൂവ്വാം .." ഞാൻ മൊഴിഞ്ഞു.
"എന്ത്ന്നാ വേണ്ടത്..?" ഭാര്യ ചോദിച്ചു.
ഞാൻ പറഞ്ഞു "ബെള്ളരിക്ക, പച്ചമാങ്ങ, കോയക്ക, ചക്കകണ്ടൽ, പഴം..കൊന്ന കിട്ടിയാൽ അതും..."

നാളെ വിഷുവാണ്, അതിനുള്ള ഒരുക്കങ്ങൾക്ക് വേണ്ടി ഞാനും എന്റെ നല്ലപാതിയും നടത്തിയ സംഭാഷണപരമ്പരയിലെ ഏതാനും ശകലങ്ങളാണ് നിങ്ങൾ മുകളിൽ വായിച്ചത്.

അങ്ങനെ രാവിലത്തെ ഭക്ഷണവും അത്യാവശ്യ ജോലിയും തീർത്തു 2 സഞ്ചിയുമായി ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി. മോളെ അടുത്ത വീട്ടിൽ കളിക്കാൻ പറഞ്ഞയച്ചു. വീടിന്റെ തൊട്ടടുത്താണ് കട,നടക്കാനുള്ള ദൂരമേയുള്ളൂ. ഒരു ചെറിയ കടയാണ്, പച്ചക്കറിതട്ടുകളുടേയും കാശിടുന്ന മേശയുടേയും ഇടയിലൂടെ കഷ്ടിച്ച് രണ്ടുപേർക്കു നെഞ്ചുരസ്സി അങ്ങോട്ടുമിങ്ങോട്ടും പോകാം. ഞങ്ങൾ ചെല്ലുമ്പോഴേക്കും അത്യാവശ്യം തിരക്കുണ്ടായിരുന്നു. എല്ലാവരും രാവിലെത്തന്നെ സാധനങ്ങൾ വാങ്ങാൻ വന്നതാണ്. കുറച്ചു കഴിഞ്ഞാൽ തീർന്നു പോകുമെന്നും, ഇനി കിട്ടിയാൽ തന്നെ വാടിയ പച്ചക്കറികളെ കിട്ടുകയുള്ളൂ എന്നും എല്ലാവരും മനസ്സിലാക്കിയിരുന്നതിന്റെ ഗുണഫലം. ആ തിരക്കിനിടയിലും കഷ്ടപ്പെട്ട് ഒരു കൂട്ട സംഘടിപ്പിച്ച് ഞങ്ങളും ഓരോന്നായി വാരിയെടുക്കാൻ തുടങ്ങി.

"മാഷേ..ചക്കയില്ലേ..?

അതിനിടയിൽ ഞാൻ പീടികക്കാരനോട് ചോദിച്ചു.

"അതല്ലേ പൊറത്ത് വെച്ചിറ്റ്..നല്ല കണി വെക്കേണ്ട തരത്തിലുള്ള ചക്ക."

ഞാൻ കൂട്ടയുമായി പുറത്തേക്കു നീങ്ങി, ചക്കക്കു വേണ്ടി പരതി. എല്ലാം വാരിവലിച്ചിട്ടിരിക്കുന്നതിനിടയിൽ നിന്ന് ചക്കയെ കണ്ടുപിടിക്കാൻ ഇച്ചിരി സമയമെടുത്തു. ഞാൻ ചക്കയെ നോക്കി, അതെന്നെയും നോക്കി, വേറാരും നോക്കിയില്ല. 'ഇതാണോ കണിവെക്കാൻ പറ്റിയ ചക്ക?' ഞാൻ മനസ്സിൽ പുച്ചിച്ചു കൊണ്ട് എടുക്കണോ വേണ്ടയോ എന്ന ഉൽപ്രേക്ഷാലങ്കാരത്താൽ വീണ്ടും വീണ്ടും ചക്കയെ നോക്കി.

"എന്തോന്നാടോ ഇത്ര ആലോചിക്കുന്നത്? വേണമെങ്കിൽ എടുത്തു വട്ടിയിലിട് .."

ഞാൻ ഞെട്ടി. 'ഇതാരപ്പാ ഈ ഡയലോഗ് അടിച്ച'തെന്നറിയാൻ തിരിഞ്ഞു നോക്കി. ഇനി ഭാര്യയെങ്ങാനുമാണോ? ഞാൻ അവളെ നോക്കി.
അവൾ സംഭവമൊന്നുമറിയാതെ കോയക്ക ഓരോന്നായി തപ്പിയെടുക്കുകയാണ്. കുറച്ചു നേരം തിരിഞ്ഞും മറിഞ്ഞും നോക്കിയശേഷം ചക്കയുടെ കാര്യത്തിൽ ഞാൻ വീണ്ടും സംശയാലുവായി.

"തന്നോടല്ലേ കോപ്പേ പറഞ്ഞത് എടുത്ത് സഞ്ചിയിലിടാൻ"

ഒരിക്കൽ കൂടി ഞാൻ ഞെട്ടിയെങ്കിലും അത് പുറത്തു കാണിക്കാതെ ചക്കയെ തന്നെ സൂക്ഷിച്ചു നോക്കി. അപ്പോഴല്ലേ ആളെ പിടി കിട്ടിയത്. ഈ വീരസ്യമെല്ലാം  മുഴക്കിക്കൊണ്ടിരുന്നത് നരുന്തു പോലേ ഒന്നിനും കൊള്ളാതെ കിടക്കുന്ന  ഉണക്കചക്കയായിരുന്നു. എന്റെ പരമമായ പുച്ഛം അതിനു പിടിച്ചില്ല. അസൂയ അല്ലാതെന്ത്. എങ്കിലും വേറെ വഴിയില്ലാത്തതിനാൽ ഞാൻ ആ വാടിയ ചക്കയെടുത്ത്  മനസ്സില്ലാമനസ്സോടെ കൂട്ടയിലിട്ടു. 'ഈശ്വരാ, വന്ന് വന്ന് ചക്ക വരെ തെറി പറയാൻ തുടങ്ങിയോ' എന്നൊരു സങ്കടം പറച്ചിലും നടത്തി. അടുത്തത് കണി വെള്ളരി; അതിന്റെ കാര്യവും തഥൈവ. അതിന്റെ നോട്ടം കണ്ടപ്പോൾ തന്നെ അധികം ആലോചിക്കാൻ നിന്നില്ല, എടുത്തു കൂട്ടയിലിട്ടു.മുൻ അനുഭവങ്ങൾ കാരണം മാങ്ങയുടെ നേരെ ഒന്ന് നോക്കിയതുപോലുമില്ല. മുഖത്തൊരു പുഞ്ചിരി ഒട്ടിച്ച് വേഗം തന്നെ 2 -3 എണ്ണം കൈക്കലാക്കി.

"കൊന്ന വേണ്ടേ?" ചോദ്യം പീട്യക്കാരന്റേതാണ്.
"ദാ, ഫ്രിഡ്ജിനകത്തുണ്ട്" അയാൾ വിരൽചൂണ്ടി.

ഞാൻ ഫ്രിഡ്ജിന്റെ നേരെ നടന്നു, വാതിൽ തുറക്കാതെ തന്നെ അകത്തോട്ടു നോക്കി. "താൻ വാങ്ങിയാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല' എന്ന ഭാവത്തിൽ പ്ലാസ്റ്റിക്‌ കൂടുകളിലായി ചുരുണ്ടി കൂടി കിടക്കുന്ന കൊന്നയെ പതുക്കെ ഒന്ന് എത്തി നോക്കി.സ്വർണ്ണവർണ്ണമണിയേണ്ടുന്ന നമ്മുടെ നായകൻ ആകെ കരുവാളിച്ചു വാടിക്കുഴഞ്ഞ്‌ കിടക്കുന്നതു കണ്ടപ്പോൾ തന്നെ ഞാൻ തീരുമാനം വിളംബരം ചെയ്തു.

"കണിക്കൊന്ന ഒരാളോട് പറഞ്ഞിറ്റ്ണ്ട് , ഉച്ചക്ക് കിട്ടും".

അത് ഫ്രിഡ്ജിനകത്തു കിടക്കുന്ന കൊന്ന കേട്ടുവോ എന്ന് ശ്രദ്ധിക്കാൻ ഞാൻ നിന്നില്ല; നല്ല തെറി നാട്ടിലും കിട്ടുമല്ലോ.

അങ്ങിനെ കൂട്ടാൻ വെക്കാനും കണി വെക്കാനുമായി വാടിയതും അല്ലാത്തതുമായ പച്ചക്കറികൾ വാങ്ങി മീനച്ചൂടിൽ ഉരുകിയൊലിച്ച് ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി. ഉച്ചഭക്ഷണവും രാത്രിയിലെ അത്താഴവും കഴിഞ്ഞ് 11 മണിയോട് കൂടി കണി ഒരുക്കാൻ തുടങ്ങി (രാവിലെ ഏൽപ്പിച്ച കണിക്കൊന്ന പക്ഷേ കിട്ടിയില്ല. ഫ്രിഡ്ജിൽ കിടന്നിരുന്ന കൊന്നയെ പറ്റി 'അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ' എന്ന് ഒരു മാത്ര വെറുതെ ഞാൻ നിനച്ചുപോയി). ചുമരിൽ തൂക്കിയ പൂജാമുറിയായതിനാൽ താഴെ ഒരു വെളുത്ത മുണ്ട് വിരിച്ച് അതിന്റെ ഒത്ത നടുക്ക് 5 തിരിയിട്ട നിലവിളക്ക് എണ്ണയൊഴിച്ചു വച്ചു. ഉരുളിയിൽ അരി നിറച്ച് അതിൽ കോയക്ക വച്ചു, കൂടാതെ പുത്തൻ നോട്ടുകളും ഇത്തിരി പൊന്നും മുകളിൽ കാണാവുന്ന തരത്തിൽ വച്ചു. വാടിയ പച്ചക്കറികൾ ഓരോന്നോയി വിഷമത്തോടെ നിരത്തിവച്ചു. രാമായണവും കൃഷ്ണപ്പാട്ടും വിളക്കിനരികിലായി വച്ചു. ഇനി ദൈവങ്ങളെ ഭൂമിയിലേക്കിറക്കണം. ആദ്യം തന്നെ ഗുരുവായൂരപ്പനെ കൂട്ടിൽ നിന്ന് താഴെയിറക്കി വിളക്കിന്റെ വലതു ഭാഗത്തായി വച്ചു. അടുത്തതായി ശിവപാർവതിമാരെ എടുത്തു.

"ഗുരുവായൂരപ്പൻ മാത്രം പോരെ? വിഷൂന് കൃഷ്ണനെയല്ലേ കണി  കാണണ്ടത്?.." വാമഭാഗമാണ്.

സംഭവം സത്യമാണ്. എന്തുകൊണ്ടെന്നറിയില്ല,പണ്ട് മുതലേ വിഷു കൃഷ്ണന് തീറെഴുതികൊടുത്തതാണ്. പക്ഷെ,ഞാൻ വിട്ടില്ല.

"ആയിരിക്കാം, എന്നാലും പനയാലപ്പനെ*വിട്ടുള്ള പരിപാടിയില്ല" ഞാൻ നയം വ്യക്തമാക്കി.

അങ്ങിനെ ലോകമാതാപിതാക്കളെ വിളക്കിന്റെ ഇടതു ഭാഗത്തായി പ്രതിഷ്ഠിച്ചു. തീപ്പെട്ടി എടുത്ത് രാവിലെ കിട്ടാൻ പാകത്തിൽ വച്ചു. എഴുന്നേറ്റ് മാറി നിന്ന് എല്ലാം ഒരിക്കൽ കൂടി സൂക്ഷ്മമായി പരിശോധിച്ചു. വാടിയ പച്ചക്കറികൾ കണ്ടപ്പോൾ മുഖം ചുളിഞ്ഞെങ്കിലും അതിന്റെ നല്ല ഭാഗം മാത്രം കാണുന്ന രീതിയിൽ തിരിച്ചുവച്ച് താൽക്കാലികമായി പ്രശ്നം പരിഹരിച്ച്‌ ഞാൻ ഉറങ്ങാൻ കിടന്നു. പുലർച്ചക്ക് കണി കാണാനായി 4 മണിക്ക് അലാറം വച്ചിട്ടാണ് കിടന്നത്.

                                                                 **************

"അയിത്തേ*..കുഞ്ഞീ..എണീക്ക്..കണി കാണണ്ടേ..?" ആരോ വിളിക്കുന്ന പോലെ.
"ങേ...?"
"കണി കാണേണ്ടേ..? എണീക്ക്*"
"കണിയൊ..? കൊറച്ച്‌ കയ്യട്ട്*"
"ഇതാ, എല്ലാവരും കുളിച്ച് അമ്പലത്തിൽ പൂവ്വാനൊരുങ്ങി,ബേഗം എണീക്ക്.."
അമ്മയുടെ ശബ്ദം ഇപ്പോൾ വ്യക്തമായി കേട്ടു.

"കണ്ണ് തൊറക്കലാ..എന്റൊക്കെന്നെ* വാ.." അമ്മ പറഞ്ഞു.

വാതിലും ചുമരും തപ്പിപ്പിടിച്ച് പതുക്കെ പടിഞ്ഞാറ്റയിലെത്തി.

"ആട ഇരുന്നോ..എന്നിറ്റ് കണ്ണ് തൊറക്ക്.."

പതുക്കെ നിലത്തിരുന്ന് ഉറക്കച്ചവട് മാറാതെ കഷ്ടപ്പെട്ട് കണ്ണ് തുറന്നു. പാതി തുറന്ന കണ്ണിൽ ആദ്യം പതിഞ്ഞത് നിലവിളക്കിൽ നിന്നുള്ള സ്വർണ്ണപ്രഭയാണ്, അവ്യക്തമായി. അതിനെ തന്നെ നോക്കിക്കൊണ്ട് കണ്ണ് മുഴുവനായി തുറന്നു. ഇപ്പൊ വ്യക്തമായി കാണാം അഞ്ചുതിരിയിട്ട നിലവിളക്കിൽ നിന്ന് പൊഴിയുന്ന ഐശ്വര്യത്തിന്റെ കിരണങ്ങൾ.തൊഴുകൈയ്യോടെ നിർന്നിമേഷനായി അഗ്നിദേവന്റെ അനുഗ്രഹം ഹൃദയത്തിൽ ഏറ്റു വാങ്ങി. ഏതാനും നിമിഷങ്ങൾക്ക് ശേഷം വിളക്കിൽ നിന്ന് കണ്ണ് പിൻവലിച്ചു ബാക്കിയുള്ള കാഴ്ചകൾ ഓരോന്നായി കാണാൻ തുടങ്ങി. വേണുധാരിയായ കൃഷ്ണനോടൊപ്പം മറ്റു ദൈവങ്ങളെയും അവിടെ നിരത്തി വച്ചിരുന്നു. ഓരോരുത്തരെയായി മനസ്സുകൊണ്ട് കുമ്പിട്ടു പ്രാർത്ഥിച്ചു. നടപ്പുവർഷം ഐശ്വര്യസമൃദ്ധമാകേണ്ടത് അത്യാവശ്യമായതിനാൽ  ഉറക്കം തൂങ്ങുന്ന കണ്ണുകളാൽ എല്ലാം ഓടിച്ചു നോക്കി. ഇന്നലെ സംഘടിപ്പിച്ച ചക്ക-മാങ്ങ-തേങ്ങാദികൾ, വിഷമില്ലാത്ത പച്ചക്കറികൾ, അച്ഛന്റെ കീശയിൽ നിന്നെടുത്തുവച്ച ഒരു പിടി നാണയങ്ങൾ, അമ്മയുടെ സ്വർണ്ണമാല, കസവുമുണ്ട് തുടങ്ങി കാണുമ്പോൾ തന്നെ കണ്ണിനു കുളിർമ്മ പകരുന്ന വസ്തുക്കൾ. അത് നോക്കി നിൽക്കെ എന്റെ മനസ്സിലൂടെ ഇന്നലത്തെ പകൽ ഒരിക്കൽ കൂടി കയറി ഇറങ്ങുകയായിരുന്നു.

പതിവിനു വിപരീതമായി ഞങ്ങൾ മൂന്നുപേരും രാവിലെ തന്നെ എഴുന്നേറ്റു, അച്ഛൻ കാസർഗോട്ട് ഷോപ്പിലേക്ക് പോകുന്നതിനും മുൻപായിത്തന്നെ. പടക്കത്തിന്റെ കാര്യം അവതരിപ്പിക്കണം എന്നത് തന്നെ കാര്യം. അച്ഛൻ കുളിച്ചു ഭക്ഷണം കഴിച്ചു വീട്ടിൽ നിന്ന് ഇറങ്ങുന്നത് വരെ ഓരോരുത്തരായി മാറി മാറി നേരിട്ടും അമ്മ വഴിയും ആ ധർമ്മം നിർവ്വഹിച്ചു. 'നോക്കട്ട്' എന്നൊരു ഒഴുക്കൻ മറുപടിയാൽ അച്ഛൻ പടിയിറങ്ങി.ഇനി രാത്രി 8 മണി വരെ കാത്തിരിക്കണം തീരുമാനം അറിയാൻ. അച്ഛൻ പടക്കം കൊണ്ടുവന്നില്ലെങ്കിൽ ഇക്കൊല്ലത്തെ വിഷു തഥൈവ..!!! 'ഹോ..ആലോചിക്കാനേ പറ്റില്ല...'.
സമയം ഇഴഞ്ഞു നീങ്ങുകയാണ്,ഒച്ചിനെക്കാൾ പതുക്കെ. എവിടെ നിന്നൊക്കെയോ ഒറ്റപ്പെട്ട ശബ്ദങ്ങൾ കേട്ട് തുടങ്ങിയിരിക്കുന്നു.അന്നേരം മുതൽ ഇരിപ്പുറക്കാതായതാണ്. തൊട്ടടുത്തുള്ള ചിണ്ടേട്ടന്റെ കടയിൽ പോയാൽ അത്യാവശ്യം പടക്കം കിട്ടും, പക്ഷെ അച്ഛനറിഞ്ഞാൽ..??അമ്മയോട് ചോദിച്ചപ്പോൾ 'എന്നോട് ചോയിച്ചിറ്റ് പോണ്ട*' എന്ന് എടുത്തടിച്ചു പറഞ്ഞു. ഭാഗ്യം, 'കടക്ക് പുറത്ത്' എന്ന് പറഞ്ഞില്ല. എന്ത് ചെയ്യും? ഞങ്ങൾ ആലോചിച്ചു. ഒടുവിൽ വീണ്ടും അമ്മയുടെ അടുത്ത് തന്നെയെത്തി.മൂന്നുഭാഗത്തും നിന്നും കരഞ്ഞും വാശി പിടിച്ചും മുഖം വീർപ്പിച്ചും ഒക്കെ സ്വൈരം കെടുത്തിയപ്പോൾ ആദ്യത്തെ പടി കടന്നു, ഇനി കാശ്. അതിനിനി എന്ത് ചെയ്യും? മൂവരും ഭണ്ഡാരങ്ങളിലും വാതിൽപ്പടിയിലും എവിടെയൊക്കെ കിട്ടുമോ അവിടെയൊക്കെ തപ്പി കുറച്ചൊപ്പിച്ചു. അമ്മയെ സോപ്പിട്ടും കുറച്ചു ചില്ലറ ഒപ്പിച്ചു. കാശ് കിട്ടിയതും ഒരോട്ടമായിരുന്നു, ചിണ്ടേട്ടന്റെ പീടികയിലേക്ക്. ഓലയും മാലയും പൂത്തിരിയും കമ്പിത്തിരിയും ഒക്കെയായി കിട്ടിയ കാശു തീർത്തിട്ട് വീട്ടിലേക്കു തിരിച്ചൊരു ഓട്ടം. ആ പടക്കങ്ങളെല്ലാം പൊട്ടിച്ചു തീർത്താണ് നേരത്തെ ഓടിയതിന്റെ ക്ഷീണം തീർത്തത്. ഒന്നുരണ്ട് തവണ ആ യജ്ഞം തുടർന്നു.

വൈകുന്നേരം കണി വെക്കാനുള്ള മാങ്ങയും ചക്കയും പറിക്കാൻ ഉത്സാഹത്തോടെ കത്തിയും തോട്ടിയുമായി ഇറങ്ങി. പറമ്പിൽ നിറയെ മാവും പ്ലാവുമായതിനാൽ ഏതിൽ നിന്ന് പറിക്കും എന്നായിരുന്നു സംശയം. മധുരമൂറും പഞ്ചസാര മാങ്ങയും നാരുകൾ നിറഞ്ഞ ചേരിയൻ മാങ്ങയും തനി നാടൻ ഗോമാങ്ങയും കപ്പ മാങ്ങയും അടുത്തുകൂടെ ചെന്നാൽ പോലും പല്ലു പുളിച്ചു പോകുന്ന പുളിയൻ മാങ്ങയും കാഴ്ച്ചയിൽ കുള്ളനായ ചുണ്ണ്യൻ മാങ്ങയും തുടങ്ങി പേരറിയാൻ പാടില്ലാത്തതും എന്നാൽ മാധുര്യമാർന്നതുമായ പലതരം മാങ്ങകളാൽ സമ്പന്നമായിരുന്നു ഞങ്ങളുടെ വളപ്പ്. പ്ലാവുകളും സമൃദ്ധമായുണ്ടായിരുന്നു. ഏതായാലും മാങ്ങകളുടെ ഭാരത്താലാണോ എന്നോടുള്ള വിനയം കൊണ്ടാണോ എന്നറിയില്ല, ഭൂമിയോളം താഴ്ന്നു കിടക്കുന്ന ഗോമാവിൽ നിന്ന് തന്നെ നല്ലൊരു കുല മാങ്ങ പറിച്ചെടുത്തു. രണ്ടാമത്തെ ഏട്ടൻ പ്ലാവിൽ വലിഞ്ഞു കയറി നല്ല രണ്ടിളം ചക്കകൾ അരിഞ്ഞു വീഴ്ത്തി, മൂത്ത ഏട്ടൻ അത് ചായ്പ്പിൽ കൊണ്ടുവച്ചു. സന്ധ്യയോടെ കുളിയും (?) പ്രാർഥനയും ഒരു ചടങ്ങു പോലെ തീർത്തു. പിന്നെയൊരു കാത്തിരിപ്പായിരുന്നു പടക്കപ്പൊതിയുമായി അച്ഛൻ വരുന്നുണ്ടോ എന്നറിയാൻ. ഇടയ്ക്കിടെ ടൈംപീസിൽ കണ്ണെറിഞ്ഞും അപ്പുറത്തെ വീടുകളിൽ നിന്ന് ഒറ്റയ്ക്കും കൂട്ടമായും കേൾക്കുന്ന പടക്കത്തിന്റെ ശബ്ദത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചും ഒരു നീണ്ട കാത്തിരിപ്പ്.

പതിവായി വരുന്ന സമയം കഴിഞ്ഞും അച്ഛനെ കാണാത്തപ്പോൾ തികട്ടി വന്ന സങ്കടം ഉള്ളിൽ ഒളിപ്പിച്ചു വച്ച് വഴിയിലേക്ക് തന്നെ കണ്ണും നട്ട് തിണ്ണയിൽ കുത്തിയിരുന്നു. ഇടയ്ക്കിടെ ആകാശത്തു വിരിയുന്ന വർണ്ണവിസ്മയത്തിൽ അസൂയപൂണ്ടുള്ള ഒരു കാത്തിരിപ്പ് തന്നെയായിരുന്നു അത്. അതിനിടയിൽ മനസ്സില്ലാമനസ്സോടെ എങ്ങിനെയൊക്കെയോ ഭക്ഷണം കഴിച്ചെന്നു വരുത്തി. ഒടുവിൽ കൈയിലൊരു പൊതിയുമായി വൈകിവന്ന അച്ഛനെ കണ്ടപ്പോഴുണ്ടായ സന്തോഷത്തിരയിളക്കം പറഞ്ഞറിയിക്കാൻ കഴിയില്ല. മുറ്റത്തു കണ്ട പടക്കത്തിന്റെ അവശിഷ്ടങ്ങളിൽ നേരിയ കോപം കാണിച്ചെങ്കിലും അമ്മയുടെ ഇടപെടലിൽ വാങ്ങിയ പടക്കം മുഴുവനും കൈയിൽ കിട്ടിയപ്പോൾ ഹൃദയത്തിൽ നിറഞ്ഞത് സന്തോഷത്തേക്കാളേറെ വീര്യമായിരുന്നു. ഇത്രയും നേരം മിണ്ടാതിരുന്ന ഞങ്ങളിതാ ഞെട്ടിക്കാൻ പോകുന്നു എന്ന അയൽക്കാരോടുള്ള വെല്ലുവിളി. നേരത്തേ തന്നെ തയ്യാറാക്കി വച്ചിരുന്ന ചിമ്മിനി വിളക്കും തീപ്പെട്ടിയും വടിയും കുപ്പിയും ഉപയോഗിച്ച് പിന്നെയൊരു മണിക്കൂർ നേരത്തേക്ക് ഒരു ആഘോഷമായിരുന്നു. ഉള്ളിൽ കിടന്ന് വീർപ്പുമുട്ടിയിരുന്ന സങ്കടമെല്ലാം നാദ - വർണ്ണ വിസ്മയമായി മുറ്റത്തും ആകാശത്തും ചിതറിത്തെറിച്ചു.  പൂത്തിരിയും കമ്പിത്തിരിയും ചക്രവും ഓലപ്പടക്കവും മാലപടക്കവും ബാണവും ഒക്കെ പൊട്ടിച്ചും കത്തിച്ചും തീർക്കുമ്പോൾ ഞങ്ങളുടെ വിഷു ആഘോഷം അതിന്റെ ഉച്ചസ്ഥായിലെത്തുകയായിരുന്നു. വീടുകളിൽ നിന്നും ഉതിരുന്ന ശബ്ദഘോഷങ്ങൾ പുതുവർഷത്തെ  വരവേൽക്കുന്ന മംഗളഗാനമായി മാറി. ഒരിത്തിരി പൂത്തിരിയും കമ്പിത്തിരികളും പടക്കങ്ങളും കാലത്തേക്ക് മാറ്റി വച്ച് ബാക്കി എല്ലാം തീർത്തപ്പോഴേക്കും ചുറ്റുവട്ടത്തുനിന്നുമുള്ള ശബ്ദങ്ങളും ഏതാണ്ട് നിലച്ചിരുന്നു. ഒരല്പസമയം കൂടി അവിടുന്നും ഇവിടുന്നുമായി ഒറ്റക്കും തെറ്റക്കും പടക്കങ്ങളുടെ ശബ്ദം കേട്ടു. എല്ലാം കഴിഞ്ഞ് കിടക്കുമ്പോൾ നേരം ഒരു പാട് വൈകിയിരുന്നു. നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ദൂരെ നിന്ന് കടന്നുവന്ന മുഴക്കത്തിൽ കാതോർത്തു കിടന്നപ്പോൾ അറിയാതെ ഉറക്കം ഞങ്ങളെയും തഴുകി കടന്നുപോയി.

"*ബെളക്കിന്റെ മുന്പിലിരുന്നിറ്റ്  നീ എന്ത്ന്ന് ത്ര ആലോയിക്കുന്നേ*..?" ബേഗം പോയി പല്ലു തേച്ച്‌ കുളിക്കാൻ നോക്ക്..അമ്പലത്തിൽ പോകാൻ ഇപ്പോന്നെ *ബൈതു.." അമ്മയുടെ പിറുപിറുപ്പ് എന്നെ ഓർമ്മകളിൽ നിന്നുണർത്തി. കടന്നുവന്ന ഉറക്കച്ചടവിനെ ഒരു വലിയ കോട്ടുവായിലൂടെ പുറത്തേക്കു വിട്ട് പതുക്കെ എഴുന്നേറ്റ് തലയും മാന്തി കിണറ്റിൻകരയിലേക്ക് നടന്നു. ഏട്ടന്മാർ കുളി തുടങ്ങിയിരുന്നു. പല്ലുതേപ്പൊക്കെ പെട്ടെന്ന് തീർത്തു. കിണറ്റിൽ നിന്ന് വെള്ളം കോരി ഏഴരവെളുപ്പിന് നഗ്നമേനിയിൽ ഒഴിക്കുമ്പോൾ ആകെ തണുത്തു വിറച്ചുപോയി. എങ്ങിനെയൊക്കെയോ സോപ്പ് തേച്ചു രണ്ടു ബക്കറ്റ് വെള്ളം കൂടി തലയിലൂടെ ഒഴിച്ച് പെട്ടെന്ന് തോർത്തി അകത്തേക്കോടി. വിഷുക്കോടി എന്ന ഏർപ്പാട് ഇല്ലാത്തതിനാൽ ഉള്ളതിൽ നല്ല കുപ്പായം നോക്കി അമ്മ എടുത്തു വച്ചിട്ടുണ്ടായിരുന്നു.അത് വേഗം വലിച്ചു കേറ്റി ഇത്തിരി നേരം അടുപ്പിൻ തിണ്ണയിൽ കുത്തിയിരുന്ന് ദേഹം ചൂടാക്കി.
ഏതാണ്ട് 5 മണിയോടെ വീടും പൂട്ടി എല്ലാവരും ഇറങ്ങി. മിന്നാമിനുങ്ങിന്റെ വെട്ടമുള്ള വലിയ ടോർച്ചുമായി അച്ഛൻ മുൻപിലും ബാക്കിയുള്ളവർ പിന്നാലെയുമായി ഒരു ജാഥപോലെ ഞങ്ങൾ അഞ്ചംഗസംഘം പനയാലപ്പന്റെ തിരുനട ലക്ഷ്യമാക്കി നീങ്ങി.

ഞങ്ങളുടെ വളപ്പിൽ നിന്ന് പുറത്തെത്തുമ്പോഴേക്കും പല ദിക്കുകളിൽ നിന്നായി ടോർച്ചുകളും ചൂട്ടുകെട്ടുകളും മിന്നിച്ചുകൊണ്ട്  ആളുകൾ ഇരുട്ടിന്റെ മറ നീക്കി പുറത്തുവരുന്നത് കാണാമായിരുന്നു. എല്ലാവരുടെയും ലക്‌ഷ്യം ഒന്നുതന്നെയായിരുന്നു. ലോകൈകനാഥനായ ശ്രീ മഹാലിംഗേശ്വരന്റെ തിരുനട. ഈ വിഷുപ്പുലരിയിൽ ശിവലിംഗദർശനം എന്ന പുണ്യം നുകരുക, ആ തിരുനടയിൽ കൈകൂപ്പി എല്ലാം മറന്നു ഇത്തിരി നേരം നിൽക്കുക എന്നത് ഞങ്ങൾ പനയാൽ നിവാസികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു; അന്നും ഇന്നും. മിന്നാമിന്നുകൾ ഒന്നിച്ചു ചേരുന്നതുപോലെ പതുക്കെ പതുക്കെ ആ വെട്ടങ്ങളൊക്കെ ഒന്ന് ചേർന്ന് ഒരു വലിയ തീപ്പന്തമായി മാറി. അടുത്തെത്തിയ ഒരു ചൂട്ടുകെട്ടിന്റെ ഉടമയോട് "ആര്ഡോ അത് ?"  എന്ന് അച്ഛൻ ചോദിച്ചപ്പോൾ "ഞാനെന്നെ കണ്ണേട്ടാ" എന്ന് അയാൾ പ്രതികരിച്ചു. അത് ഞങ്ങളുടെ അയൽവാസിയായ കണ്ണേട്ടനായിരുന്നു. രണ്ടു കണ്ണന്മാരും കൃഷിയുടെ കാര്യം പറഞ്ഞു കൊണ്ട് മുന്നിൽ നടന്നു. അവിടുന്നും ഇവിടുന്നുമായി ആൾക്കാർ ആ സംഘത്തിൽ ചേർന്നുകൊണ്ടിരുന്നു. അങ്ങിനെ പുരുഷന്മാരുടെ സംഘം മുന്നിൽ, പിന്നാലെ കുട്ടിപ്പട്ടാളം, ഏറ്റവും പിന്നിൽ സ്ത്രീകൾ എന്ന രീതിയിൽ നിശബ്ദതയെ വലിച്ചു കീറിമുറിച്ചു കൊണ്ട് ഞങ്ങൾ പനയാലപ്പന്റെ തിരുനട ലക്ഷ്യമാക്കി നടന്നു. ഏതാനും മിനിട്ടുകൾക്കകം ഞങ്ങൾ അമ്പലത്തിൽ പ്രവേശിച്ചു. തൊഴുതു കൊണ്ട് ഓരോരുത്തരായി അകത്തുകയറി. നിറഞ്ഞുകത്തുന്ന തിരിനാളങ്ങൾക്കു നടുവിലായി സർവ്വാലങ്കാരവിഭൂഷണനായി വിരാജിക്കുന്ന മഹാദേവനെ കൺനിറയെ കണ്ടു. വിഗ്രഹത്തിനു മുന്നിലുള്ള ഉണ്ണിയപ്പത്തിനെ ഞങ്ങൾ കുട്ടികൾ കൊതിയോടെ നോക്കി വെള്ളമിറക്കി. ഇമ്പ്രാശൻ* തന്ന ചന്ദനം ഭക്തിയോടെ നെറ്റിയിൽ ചാർത്തി. തണുത്ത ചന്ദനം നെറ്റിയിൽ കൊണ്ടപ്പോൾ അതൊരു സുഖകരമായ അനുഭവമായി. അന്തരീക്ഷത്തിൽ വ്യാപാരിച്ചിട്ടുള്ള ചന്ദനത്തിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം ഞങ്ങൾ അപ്പാടെ മൂക്കു വിടർത്തി വലിച്ചെടുത്തു. ഇമ്പ്രാശൻ തന്ന കൈനീട്ടം ഏറ്റുവാങ്ങുമ്പോൾ മറ്റുള്ളവർക്ക് എത്ര കിട്ടി എന്ന് മെല്ലെ ഇടംകണ്ണിട്ടു നോക്കി. അവിടെയും 25 പൈസ തന്നെയെന്നറിഞ്ഞപ്പോൾ മനസ്സിന് ഒരു ആശ്വാസം. ഇന്ന് നെൽവിത്തിടുന്ന ദിവസമാണ്, ആണുങ്ങൾ അതിനെ പറ്റി സംസാരിച്ചു കൊണ്ടിരുന്നു. നാരായണേട്ടനെ കണ്ടപ്പോൾ അക്കാര്യം ഒന്നുകൂടി അച്ഛൻ ഓർമ്മിപ്പിച്ചു. അല്പസമയത്തിന് ശേഷം ഓരോരുത്തരായി പിരിയാൻ തുടങ്ങി.ഇനി വീട്ടിൽ ചെന്നിട്ടു വേണം സദ്യവട്ടത്തിന്റെ കാര്യം നോക്കാൻ.

എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങിയപ്പോൾ ഞങ്ങൾ പോയത് കരുണാകരൻ വല്യച്ഛന്റെ വീട്ടിലേക്കാണ്. അച്ഛച്ഛന്റെ അനിയനാണ് ഈ വല്യച്ഛൻ, പഴയ സ്വാതന്ത്ര്യസമരസേനാനി. ചുവന്നുതുടുത്ത് നല്ല ഗോതമ്പിന്റെ നിറമാണ് വല്യച്ഛന്. എപ്പോഴും ഒരു പുഞ്ചിരി മുഖത്ത് നിറഞ്ഞിരിക്കും (പഞ്ചസാരയുടെ അസുഖം കൂടി ഒരു കാൽ മുറിച്ചുകളഞ്ഞിട്ടു കൂടി മരിക്കും വരെ ആ ചിരിയ്ക്കൊരു മാറ്റമുണ്ടായതായി എനിക്ക് തോന്നിയിട്ടില്ല). കുട്ടികളോട് ദേഷ്യപ്പെടുന്നത് ഇതുവരെ കണ്ടിട്ട് പോലുമില്ല. വെളുത്ത ജുബ്ബയും മുണ്ടുമായിരിക്കും എപ്പോഴും വേഷം, കൈയ്യിലൊരു കാലൻകുടയും. ജുബ്ബയുടെ കീശയിൽ മിക്കപ്പോഴും മിട്ടായിയോ ചില്ലറപൈസയോ ഉണ്ടായിരിക്കും, അത് ഞങ്ങൾ കുട്ടികൾക്കുള്ളതാണ്. ഞങ്ങളെ കാണുമ്പോഴെല്ലാം കൈ പതുക്കെ ജുബ്ബയുടെ കീശയിലേക്ക് നീളും. ഒരു ചെറുപുഞ്ചിരിയോടെ എന്താണോ ഉള്ളത് അതെടുത്ത് തരും. പൂമുഖത്തുണ്ടായിരുന്ന വല്യച്ഛൻ സുന്ദരമായ പുഞ്ചിരിയോടെ ഞങ്ങളെ സ്വാഗതം ചെയ്തു. അച്ഛൻ വല്യച്ഛനോട് സംസാരിച്ചോണ്ടു നിൽക്കുമ്പോൾ ഞങ്ങൾ അവിടെത്തന്നെ ചുറ്റിപറ്റി നിന്നു. കാര്യം മനസ്സിലായ വല്യച്ഛൻ തന്റെ ജുബ്ബയുടെ കീശയിൽ നിന്ന് ഓരോ നാണയം ഞങ്ങൾക്ക് തന്നു. അത് കിട്ടിയതും ഞങ്ങൾ അടുക്കളയിലേക്കു ഓടി. ഇനി അവിടെ നിൽക്കേണ്ട കാര്യമില്ലല്ലോ. അവിടെ വല്യമ്മയും ഇളയച്ഛന്മാരും ഇളയമ്മമാരും ഉണ്ടായിരുന്നു. കോണിപ്പടി കയറി മുകളിൽ ചെന്ന് കണി കണ്ടു. എല്ലാം വിശദമായി നോക്കിയെങ്കിലും കണ്ണുടക്കിയത് കൃത്യമായും ഉണ്ണിയപ്പത്തിലാണ്. മടങ്ങുന്നതിനിടയിൽ ആരും കാണാതെ ഒരപ്പമെടുത്ത് കഴിച്ചു. കുറച്ചു സമയത്തെ ചുറ്റിത്തിരിയലിനു ശേഷം തൊട്ടപ്പുറത്തുള്ള ഗംഗ വല്യമ്മയുടെ വീട്ടിലേക്കു നടന്നു. അച്ഛച്ഛന്റെ അനിയത്തിയാണ്. സ്വർണ്ണവർണ്ണമാണ് വല്യമ്മക്ക്, കാണാൻ തന്നെ നല്ല ഐശ്വര്യം. എങ്കിലും കുരുത്തക്കേടിന് നല്ല ചീത്ത കിട്ടും എന്നതിനാൽ അത്ര പഥ്യമല്ല വല്യമ്മയെ. നല്ലതല്ലാത്ത ഏത് കാര്യം കേട്ടാലും "ഏ രാമാ.." എന്ന് ആവലാതികൊള്ളുന്ന സുന്ദരിവല്യമ്മ. പക്ഷെ നാരായണൻ വല്യച്ഛൻ അങ്ങിനെയല്ല,പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു കുശലം പറയും. ഞങ്ങളെ "മച്ചീനിയാ.." എന്നാണ് വിളിക്കാറ്. ഞങ്ങൾക്ക് അത് കേൾക്കുമ്പോൾ നാണം വരുമെങ്കിലും ആ വിളിയിൽ ഒരു സുഖമുണ്ടായിരുന്നു, ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയും. അച്ഛച്ഛന്റെയും അമ്മമ്മയുടെയും മച്ചുനിയനാണ് വല്യച്ഛൻ. അതുകൊണ്ടാണ് ഞങ്ങളെയും അങ്ങിനെ വിളിക്കുന്നത്. കണി കാണുമ്പോൾ ഞങ്ങളുടെ നോട്ടം ഉണ്ണിയപ്പത്തിലായിരിക്കുമെന്ന് വല്യമ്മക്ക് കൃത്യമായി അറിയാം. അതിനാൽ "അയില് കൈയിടേണ്ട, ബേറെ തരാം' എന്ന് ആദ്യം തന്നെ പറഞ്ഞു. മധുരമൂറും ഉണ്ണിയപ്പവും കഴിച്ച്‌ ഓരോ ഗ്ലാസ് ചായയും കുടിച്ചാണ്   ഞങ്ങൾ വീട്ടിലേക്കു മടങ്ങിയത്. വീട്ടിലെത്തിയപാടെ അമ്മ അടുക്കളപ്പണിയിലും അച്ഛൻ കണ്ടതിൽ വിത്തിടുന്ന കാര്യത്തിലും ഞങ്ങൾ ബാക്കിയുള്ള പടക്കം പൊട്ടിക്കുന്ന തിരക്കിലേക്കും മുഴുകി.

കുറച്ച് കഴിഞ്ഞ് ഞാൻ അടുക്കളയിലേക്ക് നീങ്ങി. അടുപ്പിൻ തിണ്ണയിൽ കുത്തിയിരുന്ന് അമ്മ ദോശ ചുടുന്നതും നോക്കി.ചട്ടിയിൽ നിന്നും വീഴുന്ന ദോശയുടെ വരണ്ട കഷണങ്ങൾ പെറുക്കിത്തിന്നുകൊണ്ടും തീ കാഞ്ഞു കൊണ്ടും അടുപ്പിൻ തിണ്ണയിൽ കുത്തിയിരിക്കാൻ നല്ല സുഖമായിരുന്നു. അങ്ങനെ ആ സുഖത്തിൽ ഞാൻ മുഴുകിയിരിക്കുമ്പോഴാണ് പിന്നിൽ നിന്ന് ഒരു പടക്കം പൊട്ടിയത്, "എന്റമ്മോ......." ഞാൻ അലറിയതും താഴേക്ക് ചാടിയതും ഒരുമിച്ചായിരുന്നു.

"അജിത്തേട്ടാ, അജിത്തേട്ടാ...എന്ത് പറ്റി? എന്തിനാ കരഞ്ഞത്..?"
"പടക്കം.."
"പടക്കോ? എന്ത് പടക്കം..?"
"അല്ല, ആരോ എന്റെ പിന്നിൽ നിന്ന് പടക്കം പൊട്ടിച്ചു, പൊള്ളിയോ എന്ന് സംശയമുണ്ട്, ഒന്ന് നോക്ക്..." ഞാൻ എന്റെ പുറകിൽ തപ്പി.
"കുന്തം...അത് അലാറം അടിച്ചത്..മണി നാലായി..പോയി വെളക്ക് കത്തിക്ക്, കണി കാണണ്ടേ .."
ഒരു നിമിഷം മൗനം
"ഓരോന്ന് വിചാരിച്ചിറ്റ് കിടക്കും, വെറുതെ എന്തെങ്കിലും സ്വപ്നം കണ്ട്  ബാക്കിയുള്ളോരെ കൂടി പേടിപ്പിക്കാൻ.."
ഞാൻ കാത് കൂർപ്പിച്ചു, ഭാര്യയുടെ ശബ്ദം.
'അപ്പൊ എല്ലാം സ്വപ്നമായിരുന്നോ..????'
"ആദ്യേ ഉറങ്ങിയോ" വീണ്ടും ഭാര്യയുടെ ശബ്ദം. നിരാശയോടെ ഞാൻ വർത്തമാനത്തിലേക്ക് തിരിച്ചു കയറി.
അഴിഞ്ഞലുങ്കി വാരിക്കെട്ടി തപ്പിതടഞ്ഞു ഞാൻ പൂജാമുറിയുടെ മുൻപിലേക്ക് പോയി. പോകുന്ന പോക്കിൽ കൈയും തലയും കാലുമൊക്കെ ചുമരുമായി കലഹം കൂട്ടി.

പാതി തുറന്ന കണ്ണുമായി ഒരുവിധത്തിൽ ഞാൻ പൂജാമുറിയുടെ മുൻപിൽ എത്തി. നിലത്തു ചമ്രം പടിഞ്ഞിരുന്നു വിളക്ക് കത്തിച്ചു. ആ കൂരിരുട്ടിൽ നിലവിളക്കിന്റെ ഇത്തിരിവെട്ടത്തിൽ പോലും എന്റെ കണ്ണ് മഞ്ഞളിച്ചുപോയി. കഷ്ടപ്പെട്ട് കണ്ണ് തുറന്നു ഞാൻ മുന്നിൽ നിരത്തി വച്ചിരിക്കുന്ന കണിയിലേക്കു നോക്കി. ഐശ്വര്യപൂർണ്ണമായി പുതുവർഷത്തിന് തുടക്കം കുറിക്കേണ്ടതാണ്. അഞ്ചുതിരിയാൽ നിറഞ്ഞു കത്തുന്ന നിലവിളക്കിനെ നോക്കി തൊഴുതു. അരിയിൽ നിരത്തി വച്ചിരിക്കുന്ന പൊന്നും പണവും നോക്കി മുഖവും മനസ്സും തെളിച്ചു. അത് കഴിഞ്ഞു എന്റെ കണ്ണുകൾ ചെന്ന് പെട്ടത് പഴത്തിലാണ്. "ലേശം കറുത്തുപോയോ?" എനിക്ക് സംശയം. ഉടനെ തന്നെ നിവൃത്തികേട്‌ വരുത്തി, "ഏയ്..ഇല്ല, തോന്നുന്നതാ..." ഞാൻ സമാധാനിച്ചു. പഴത്തിൽ നിന്ന് ചക്ക, മാങ്ങ, പച്ചക്കറികൾ എന്നിവയിലൂടെ കണ്ണോടിച്ചു. "വാടിയിട്ടുണ്ടോ..?" വീണ്ടും സംശയം. പക്ഷെ ഇത്തവണ സംശയദുരീകരണം ഉടനെ നടന്നില്ല. "വാടിയിട്ടില്ലേ.." എന്ന് വീണ്ടും തോന്നി.

ആ തോന്നലോടെയാണ് ഞാൻ ഗുരുവായൂരപ്പനെ നോക്കിയത്. കണ്ണടച്ച് ഒരു നിമിഷം പ്രാർത്ഥിച്ചതിന് ശേഷം ഉണർവോടെ കണ്ണ് തുറന്ന് അങ്ങേരെ നോക്കി.
ആ മുഖത്തൊരു ചിരിയുണ്ടോ..?' കണ്ണ് തിരുമ്മി വീണ്ടും നോക്കി. 'ഉണ്ട്, സംശയമില്ല. നമ്മളെ ഒന്നാക്കിയുള്ള ചിരിയല്ലേ അത്?'
'വാടിയ പച്ചക്കറിയാണ് കണി അല്ലെ..' എന്ന് ചോദിച്ചോ..?
ഇപ്പൊ വാടിയത് എന്റെ മുഖമാണ്. ആ വാടിയ മുഖത്തോടെ ഞാൻ ശിവപാർവ്വതിമാരെ ഒന്ന് പാളി നോക്കി. 'അവിടെയും ചിരിയുണ്ടോ..?' ഇല്ല, തല്ക്കാലം മൂപ്പര് ഒന്നും മിണ്ടുന്നില്ല. ആശ്വാസം. മുഖത്ത് ഒരു പുഞ്ചിരി വരുത്തി ഞാൻ പറഞ്ഞു
"ഇത്തവണ പറ്റിപ്പോയി, അടുത്തകൊല്ലം നമുക്ക് ഗംഭീരമാക്കാം".

അത് വിശ്വസിച്ചോ എന്നറിയില്ല എങ്കിലും എന്നെ ആശ്വസിപ്പിക്കാനെന്ന മട്ടിൽ 'സാരമില്ല' എന്ന് പറഞ്ഞ് മൂപ്പര് കണ്ണടച്ചു. നമുക്ക് ജാമ്യം നില്ക്കാൻ ആളുണ്ടെന്നറിവോടെ ഒരിത്തിരി ഗമയിൽ ഞാൻ വീണ്ടും കൃഷ്ണനെ നോക്കി പറഞ്ഞു.

"അടുത്തകൊല്ലം പുതിയ പച്ചക്കറികളും പഴങ്ങളും വാടാത്ത കണിക്കൊന്നയുമായി നമ്മൾ  തകർക്കും.."

ഇതെത്ര കേട്ടിരിക്കുന്നു എന്ന മട്ടിൽ അങ്ങേരു വീണ്ടും ഒരു ചിരി. എന്നിട്ട് 'തഥാസ്തു' എന്നൊരനുഗ്രഹവും ചെയ്തു എല്ലാവരും. ഇപ്പോൾ എന്റെ വാട്ടം നേരെയായി പക്ഷേ ഇപ്രാവശ്യത്തെ കണി ഏതായാലും വാടിത്തന്നെ. 

                                                                           ശുഭം  

ഭാഷാസഹായി:

ഈട: ഇവിടെ 
കൊറച്ച് കയിഞ്ഞിറ്റ് പൂവ്വാം: കുറച്ച് കഴിഞ്ഞ് പോകാം 
പനയാലപ്പൻ: പനയാൽ ഗ്രാമത്തിലെ ദേവൻ, മഹാലിംഗേശ്വരൻ  
അയിത്തേ: അജിത്തേ എന്നതിന്റെ നാടൻ പ്രയോഗം 
എണീക്ക്: എഴുന്നേൽക്ക് 
കൊറച്ച്‌ കയ്യട്ട്: കുറച്ച് കഴിയട്ടെ 
ബെളക്ക്/വെളക്ക്: വിളക്ക്   
ബൈതു: വൈകി 
ബേഗം: വേഗം
എന്റൊക്കെന്നെ: എന്റെ ഒന്നിച്ച് തന്നെ
ആട: അവിടെ   
എന്നോട് ചോയിച്ചിറ്റ് പോണ്ട: എന്നോട് ചോദിച്ചിട്ട് പോകണ്ട 
എന്ത്ന്ന് ത്ര ആലോയിക്കുന്നേ: എന്താണ് ഇത്ര ആലോചിക്കുന്നത് 
ഇമ്പ്രാശൻ: എമ്പ്രാന്തിരി, അമ്പലത്തിലെ പൂജാരി 

'പെരും ആളി'ന്റെ വായന - രണ്ടാം ഭാഗം

 'പെരും ആളി'ന്റെ വായന തുടരുന്നു...

രാവണന്റെ വ്യത്യസ്തങ്ങളായ  മുഖങ്ങൾ കാണിച്ചുതരികയാണ് ഓർമ്മകളുടെ അടരുകൾ  നിറഞ്ഞ 'മൂഹൂർത്തം എന്ന രണ്ടാംഭാഗംജീവിതത്തിലെ നിർണ്ണായകമായ മുഹൂർത്തങ്ങളിലൂടെതന്നെ സ്വാധീനിച്ച നിർണ്ണായകവ്യക്തികളിലൂടെ സഞ്ചാരം നടത്തുമ്പോൾ രാവണന്റെ മുഖങ്ങൾ ഓരോന്നായി വായനക്കാരുടെ മുൻപിൽ അനാവരണം ചെയ്യപ്പെടുകയാണ്സഹോദരങ്ങളോട് തനിക്കുണ്ടായ അന്ധമായ സ്നേഹമാണ് തന്റെയും കുലത്തിന്റെയും നാശത്തിന് ഹേതുവായതെന്ന് രാവണൻ ഇവിടെ വ്യക്തമാക്കുന്നുവിഭീഷണന്റെ ജീവൻ തന്റെ വഴി തെറ്റിയ ദാനമായിരുന്നെന്നും മറ്റെന്തിനേക്കാളും വലുതായി സഹോദരങ്ങളെ സ്നേഹിച്ചിരുന്നതിനാലാണ് അങ്ങിനെ സംഭവിച്ചതെന്നും എന്നാണ് രാവണൻ ഓർത്തെടുക്കുന്നത്മകനെ പോലെ സ്നേഹിച്ച അനുജൻ ലങ്കയുടെ സിംഹാസനത്തോടുള്ള ആർത്തിമൂത്ത് രാമന്റെ  കൂടെ ചേർന്ന് തന്നെ ചതിക്കുകയായിരുന്നു എന്നും രാവണൻ പറയുന്നുതന്റെ യുദ്ധക്കൊതി ആഴമേറിയ ഒരു സൗഹൃദത്തിലേക്ക് വഴിമാറിയ ഓർമ്മകളാണ് ബാലിയെക്കുറിച്ചുള്ള  അദ്ധ്യായത്തിൽ പങ്കുവെക്കുന്നത്. നമ്മൾ കേട്ടറിഞ്ഞതിൽ നിന്നും വ്യത്യസ്തനായ ഒരു മനുഷ്യസ്നേഹിയായതന്റെ രാജ്യം പോലും സ്നേഹിതനുമായി പങ്കുവെക്കുന്ന വിശാലമനസ്കനായ  രാജാവായാണ് ബാലിയെ രാവണൻ ഓർത്തെടുക്കുന്നത്ബാലിയെക്കുറിച്ചുള്ള ഓർമ്മകൾ  രാവണനെന്ന രാക്ഷസരാജാവിന്റെ കണ്ണുകൾ ഈറനണിയിക്കുന്നുതാനൊരു രാക്ഷസനാണെങ്കിലും ആർദ്രമായ ഒരു ഹൃദയത്തിന്റെ ഉടമയാണെന്നു കൂടി  കുറിപ്പിലൂടെ വായനക്കാരെ അറിയിക്കുന്നുഒരു പക്ഷെ  നോവലിലെ ഏറ്റവും ഹൃദ്യമായ ഓർമ്മക്കുറിപ്പാണിതെന്നു കൂടി പറയാൻ സാധിക്കുംബാലിയുടെ മരണം അത് രാവണനെ എത്രമാത്രം തളർത്തിയിരുന്നെന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുംഎന്നിരുന്നാലും പരുഷമായ വാക്കുകൾ കൊണ്ട് രാമനെ നിന്ദിക്കാൻ അദ്ദേഹം ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധനേയുംശൂർപ്പണഖയെക്കുറിച്ചോർക്കുമ്പോൾ രാവണൻ സ്നേഹനിധിയായ ഒരു ജ്യേഷ്ഠൻ മാത്രമായി മാറുന്നുശൂർപ്പണഖയുടെ അമിതമായ കാമാസക്തിയാണ് അവളുടെ അംഗഭംഗത്തിന് കാരണമായതെന്ന് ചാരന്മാർ അറിയിച്ചിട്ടും അനിയത്തിയോടുള്ള സ്നേഹത്താൽ അതിനെയൊക്കെ നിസ്സാരവൽക്കരിക്കുന്നു രാവണൻ,   ശൂർപ്പണഖയുടെ സ്വഭാവദൂഷ്യം ശരിക്കറിയാമായിരുന്നിട്ടുകൂടി. അവളുടെയുള്ളിൽ ആളിക്കത്തുന്ന പ്രതികാരത്തിന്റെഅപമാനത്തിന്റെ തീയണക്കാൻ  വേണ്ടി മാത്രമാണ് താൻ സീതാപഹരണം നടത്തിയതെന്ന് വായനക്കാരെ വിശ്വസിപ്പിക്കുന്നു രാവണൻഎന്തിനേറെ പറയുന്നുസഹോദരീഭർത്താവിനെ കൊന്നതുപോലും അവളെ അപമാനിച്ച് സംസാരിച്ചതിനാലാണെന്നും അല്ലാതെ അയാൾ ശത്രുപക്ഷത്ത് ചേർന്നതിനാലല്ല എന്നാണ് രാവണൻ നൽകുന്ന ന്യായീകരണംതുടക്കത്തിൽ രാവണനോട് വായനക്കാർക്ക് തോന്നിയ മൃദുലവികാരം നിലനിർത്തുന്ന രീതിയിൽ തന്നെയുള്ള ആഖ്യാനശൈലിയാണ് അല്ലെങ്കിൽ അത്തരത്തിലുള്ള ഓർമ്മകളാണ് ഇവിടെയും  കഥാകൃത്ത് തുടർന്നുപോരുന്നത്.  സീതാപഹരണത്തിന് സഹായം തേടിയാണ് രാവണൻ താടകാസുതനായ മാരീചന്റെ അടുത്തെത്തുന്നത്രാമഭക്തനായ മാരീചൻ രാവണന്റെ കൈകൊണ്ടു മരിക്കുന്നതിനേക്കാളേറെ നന്ന് രാമന്റെ കൈ കൊണ്ട് ചാവുന്നതാണ് എന്നറിഞ്ഞിട്ടാണ് പൊന്മാനായി മാറി സീതാപഹരണത്തിനു കൂട്ടുനിൽക്കുന്നതെന്നാണ് എഴുത്തച്ഛൻ പറയുന്നതെങ്കിൽ ഉള്ളിൽ കുടിലത ഒളിപ്പിച്ചു വച്ച സന്യാസിയായിട്ടാണ് നമ്മുടെ കഥാകാരൻ മാരീചനെ അവതരിപ്പിക്കുന്നത്സഹോദരിക്കേറ്റ അപമാനത്തിന് ശാന്തി നൽകാനായി സീതാപഹരണം നടത്തിയ രാവണൻ പക്ഷെ  സൗന്ദര്യത്തിൽ കാമാസക്തനായി നടത്തുന്ന പരാക്രമത്തോടെ ഓർമ്മകളുടെ അടരുകൾ അവസാനിക്കുകയാണ്വീരനായ പെരും ആളിന്റെ മുഖംമൂടി അഴിച്ചുവീഴ്ത്തിക്കൊണ്ട്.

അയനം എന്നാൽ ഗതി എന്നാണ് ഒരു അർത്ഥംഒരു പക്ഷെ അത് തന്നെയായിരിക്കും മൂന്നാം  ഭാഗത്തിന് പേര് കൊടുക്കുമ്പോൾ കഥാകൃത്തിന്റെ മനസ്സിലുണ്ടായിരുന്നതുംഓർമ്മകളാകുന്ന വേലിയേറ്റങ്ങളും വൻതിരമാലകളും നിറഞ്ഞ സമുദ്രമായാണ്  ഭാഗത്തിനെ അദ്ദേഹം  അടയാളപ്പെടുത്തുന്നത്തന്റെ ജീവിതത്തിലെ ഗതി നിർണ്ണയിച്ച ഓർമ്മകളാണ് രാവണൻ  മുങ്ങിയെടുക്കുന്നത്ബാലനായ രാവണനിൽ ചമേലിയുമായുള്ള പ്രണയം എത്രമാത്രം 
രൂഢമായിരുന്നെന്ന്  ഭാഗത്തിലൂടെ നമുക്ക് മനസ്സിലാകും.പ്രണയത്തിന്റെ തീവ്രതയും വിരഹവും വളരെ ഹൃദ്യമായി കഥാകൃത്ത് ഇവിടുങ്ങളിൽ വരച്ചുകാണിക്കുന്നുണ്ട്മഹത്തായ തന്റെ ജീവിതലക്ഷ്യത്തിനു വേണ്ടി അത്രമാത്രം പ്രിയപ്പെട്ട ചമേലിയെപ്പോലും ഒഴിവാക്കി രാവണൻ പോകുന്നു. പക്ഷെ ശരീരം മാത്രമേ ജനസ്ഥാനം വിട്ടു പോകുന്നുള്ളൂ, രാവണന്റെ മനസ്സ്  എന്നും ചമേലിയിൽ തന്നെയായിരുന്നുചമേലിയുടെ ഓർമ്മകളെ ഇടവിട്ടുള്ള ആഖ്യാന ശൈലിയിലൂടെയാണ് കഥാകൃത്ത് ചിത്രീകരിച്ചിരിക്കുന്നത്തിരമാലകൾ അലയടിച്ചു വരുന്നതുപോലെ. നമ്മൾ വായിച്ചറിഞ്ഞ ക്രൂരനായ രാക്ഷസരാജാവ് എത്രമാത്രം പ്രണയതരളിതനാണെന്ന്  ഭാഗം നമുക്ക് കാണിച്ചു തരുന്നുവർഷങ്ങൾക്കിപ്പുറവും ചമേലിയുടെ വേദന നിറഞ്ഞ  ഓർമ്മകൾ രാവണനിൽ കേറിവന്നുകൊണ്ടേയിരുന്നുവേലിയേറ്റം പോലെഎല്ലാം നേടിയതിനുശേഷം അതിന്റെ പൂർണ്ണതയ്ക്കായി ചമേലിയെ തേടി രാജാവ് പോകുന്നെങ്കിലും  നിരാശയായിരുന്നു ഫലംഇതിൽ നിന്നും രാവണനെന്ന പച്ചയായ  മനുഷ്യന്റെ നിർമ്മലമായ ഹൃദയമാണ് വെളിവാകുന്നത്ചമേലി എന്ന നാടോടിപ്പെൺകൊടിയിൽ ചുറ്റിത്തിരിഞ്ഞിരുന്ന രാവണൻ എന്ന സാധാരണക്കാരനായ  ഗോത്രബാലൻ തന്റെ ജീവിതത്തിന്റെ ഗതി മാറ്റി രാക്ഷസരാജാവാകാൻ നടത്തിയ വിട്ടുവീഴ്ചകളുടെയും തയ്യാറെടുപ്പുകളുടെയും നേർചിത്രം ഇവിടെ തെളിഞ്ഞു കാണാംഒരു വലിയ ലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ  ഏറ്റവും പ്രിയപ്പെട്ടതിനെപ്പോലും ചിലപ്പോൾ  നിർദ്ദയം ഉപേക്ഷിക്കേണ്ടി വരും എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്നുണ്ട്  'അയന'ത്തിലെ ഓർമ്മകൾ.

ഓർമ്മകൾക്ക് വിരാമമായിഗ്രഹണം രാവണനേയും ലങ്കയേയും ബാധിച്ചിരിക്കുന്നുഗ്രഹണം ബാധിച്ചാൽ അതിനും ഒരുസമയമുണ്ട്അത് കഴിഞ്ഞാൽ പിന്നെയും ജീവിതം തെളിഞ്ഞു  വരും അതിനുള്ള സാവകാശം രാവണന് കാലം കൊടുക്കുന്നുണ്ട്, പക്ഷേ രാവണൻ  തന്നെ  ബാധിച്ച ഗ്രഹണം നീക്കാൻ ശ്രമിക്കുന്നില്ല എന്ന് വേണമെങ്കിൽ പറയാംസീതാദേവിയോടുള്ള കാമമാണ് ഇവിടെ രാവണനും ലങ്കക്കും ഗ്രഹണമായി മാറുന്നത് ഗ്രഹണം നീക്കാനുള്ള  ഒരുപാധിയും അദ്ദേഹം അംഗീകരിക്കുന്നുമില്ലമക്കളും സഹോദരന്മാരും അടക്കം തനിക്കേറെ പ്രിയപ്പെട്ടവരും സൈന്യവും നശിച്ചിട്ടും സീതയെ എങ്ങിനെ അനുഭവിക്കാം എന്നത് തന്നെയാണ് രാവണന്റെ ചിന്തസഹോദരന്മാരുടേയും മുത്തച്ഛന്റേയും പ്രിയപ്പെട്ട മണ്ഡോദരിയുടേയും  ഉപദേശങ്ങളോ കൊട്ടാരത്തിലെ കന്യകമാരായ സ്ത്രീജനങ്ങളുടെ വിലാപമോ പോലും  രാവണനെ പിന്തിരിപ്പിക്കുന്നില്ലപ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ചതിച്ചും സീതയെ  കീഴടക്കാനാണ് അയാൾ ആഗ്രഹിക്കുന്നത്ഒരുവേള സീതയെ ബലമായി കീഴടക്കാൻ 
ശ്രമിക്കുന്നുണ്ടെങ്കിലും മനസ്സ് മരിച്ച്‌ ജഡമായ സീതയെ വേണ്ട എന്നാണ് രാവണന്റെ തീരുമാനം.ഒരു പക്ഷെ നളകുബേരന്റെ ശാപം രാവണനെ ഭയപ്പെടുത്തിയിട്ടുണ്ടാകാംഅത് രാവണൻ  സമ്മതിക്കുന്നില്ലെങ്കിലുംകന്യകമാരുടെ കണ്ണുനീർ ഒരു പാട് വീഴ്ത്തിയിട്ടുള്ള,  ക്രൂരതകൾ അപരിചിതമല്ലാത്ത രാവണൻ പെട്ടെന്ന് പിന്തിരിയാൻ വേറൊരു ന്യായീകരണവും കാണാനില്ല
രാമരാവണ യുദ്ധവും യുദ്ധതന്ത്രങ്ങളും വളരെ വിശദമായി തന്നെ  ഇവിടെ പ്രതിപാദിച്ചിട്ടുണ്ട്ഒരു പക്ഷെ രാമായണത്തിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ കൂടുതലായി ഓരോ 
കഥാപാത്രത്തിനും അസ്തിത്വം  നൽകിക്കൊണ്ട് തന്നെ യുദ്ധത്തിന്റെ ഭീകരതയെയും 
ആകുലതയെയും ഇവിടെ വിവരിക്കുന്നുതനിക്കേറെ പ്രിയപ്പെട്ടവർ രണഭൂമിയിൽ മരിച്ചു വീണിട്ടും സീതയെ തിരിച്ചേൽപ്പിക്കാൻ തയ്യാറാകാതെഅതൊക്കെ വിഭീഷണന്റെ ചതി 
മൂലമാണെന്നാണ് രാവണൻ കരുതുന്നത്എഴുത്തുകാരനും രാവണനും  കൂടി അങ്ങിനെയാണ് വായനക്കാരെ  വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്

വിരാമം - രാവണന്റെ ജീവിതത്തിനും കാമത്തിനും എല്ലാ സുഖഭോഗങ്ങൾക്കും 
വിരാമമിടുകയാണ്എല്ലാം തകർന്ന് നിസ്സഹായനായി കിടക്കുമ്പോഴും ഒരു നിരാശയായി
അപ്രാപ്യയായി മനസ്സിൽ തെളിഞ്ഞു നിൽക്കുകയാണ് സീതപിന്നിട്ട ജൈത്രയാത്രകളും 
സുരതവേളകളും ഒക്കെ മിന്നിമായുകയാണ് രാവണന്റെ മനോമുകുരത്തിലൂടെപത്നിമാരുടെ 
നിലവിളി കേട്ടുകൊണ്ട്അമ്മയുടെ കണ്ണുനീരിന്റെ ഉപ്പുരസം നുകർന്ന് രാമന്റെ ശാന്തമായ വാക്കുകളിൽലയിച്ചുകൊണ്ട് മറ്റൊരു യാത്ര പോവുകയാണ് രാവണൻമൃത്യുവിന്റെ ചിറകിലേറി 
പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ് പെരും ആൾവലിയ ആളായ രാവണനെ 
സംബന്ധിച്ചിടത്തോളം ഓരോ യുദ്ധവും തന്റെ രാജ്യത്തിൻറെ വിസ്തൃതികൂട്ടാനോ തന്റെ 
പ്രതാപം  ഉയർത്തിക്കാട്ടാനോ സ്വത്തുസമ്പാദിക്കാനോ മാത്രമുള്ളതായിരുന്നില്ലഒടുങ്ങാത്ത 
തന്റെ കാമപൂരണത്തിനുള്ള മാർഗ്ഗം കൂടിയായിരുന്നു അത്യുദ്ധാവസാനം തന്റെ 
അന്തപുരത്തിലെത്തുന്ന  യക്ഷകിന്നരദേവഗന്ധർവ്വ തരുണികളെക്കുറിച്ചു അയാൾ 
ഇടയ്ക്കിടെ നമ്മളോട് വാചാലനാവുന്നുണ്ട്മരണസമയത്ത് പോലും രാവണന്റെ മനസ്സിലൂടെ അതൊക്കെ കടന്നുപോവുന്നുമുണ്ട്സകലകാലാവല്ലഭനായ തന്നിലേക്ക് സ്ത്രീകൾ 
ആകർഷിക്കപ്പെടുകയായിരുന്നു എന്ന് രാവണൻ  അഹങ്കരിക്കുന്നുണ്ടെങ്കിലും സീതാദേവിയെ കീഴടക്കാൻ കാണിക്കുന്ന പരാക്രമം  ഏറ്റുപറച്ചിലിൽ എത്രമാത്രം ആത്മാർത്ഥതയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുതന്റെയും ശൂർപ്പണഖയുടേയും ഒടുങ്ങാത്ത കാമാസക്തിയാണ് 
ലങ്കയുടെ നാശത്തിനു കാരണമായതെന്ന്രാവണൻ പറയുന്നുണ്ട്ലോകൈകസുന്ദരിയായ 
സീതാദേവിയെ പൂർണ്ണമനസ്സോടെ അനുഭവിക്കാൻ വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് 
രാവണൻഎല്ലാം നശിച്ചിട്ടും അവരെ വെറുതെ രാമന് വിട്ടുകൊടുക്കാൻ മനസ്സ് വരുന്നില്ല 
രാവണന്ശൂർപ്പണയ്ക്കേറ്റ  അപമാനത്തിന് ശമനം കിട്ടാൻ അവളുടെ ആഗ്രഹപ്രകാരമാണ് സീതാദേവിയെ അപഹരിക്കുന്നതെങ്കിലും  അലൗകീകസൗന്ദര്യത്തിന്റെ മുൻപിൽ ഉറ്റവരും ഉടയവരും സമ്പത്തും പ്രതാപവും അടക്കം എല്ലാം നശിപ്പിക്കുകയാണ് രാവണൻ ചെയ്യുന്നത്.

മുഖവുരയിൽ പറഞ്ഞതുപോലെ ആദികാവ്യത്തിൽ നിന്ന് കുറച്ചൊക്കെ വ്യത്യാസങ്ങൾ  
നോവലിൽ പലയിടത്തും കാണാം അത് പക്ഷെ മൂലകഥയെ പാടെ തിരസ്കരിച്ചോ അതിനെ 
പൊളിച്ചെഴുതിക്കൊണ്ടോ അല്ല. തന്റേതായ സ്വാതന്ത്ര്യം എഴുത്തിൽ പ്രയോഗിക്കുമ്പോൾ  തന്നെ നമ്മൾ കേട്ടറിഞ്ഞ രാമായണകഥയോട് ചേർന്ന് തന്നെയാണ് അദ്ദേഹം നീങ്ങുന്നത്വ്യാസന്റെ മൗനത്തിൽ നിന്ന് കഥ വിരിയിച്ച എം ടി യെ പോലെ തന്നെ രമേശൻ ബ്ലാത്തൂരും 
വാല്മീകിയുടെ മൗനത്തെ ബുദ്ധിപൂർവ്വം ഉപയോഗിക്കുന്നുഏതായാലും അവിടുങ്ങളിലൊക്കെ 
ഒരു ഇരുത്തം വന്ന എഴുത്തുകാരനാണ് താനെന്ന് അദ്ദേഹം തെളിയിക്കുന്നുണ്ട്ബാല്യകാലത്തെ പറ്റിയുള്ള പരാമർശംബാലിയും ചമേലിയുമായുള്ള സ്നേഹബന്ധംഅതികായന്റെ  ജന്മരഹസ്യംവിദ്യദ്ജിഹന്റെ കൊലപാതകം എന്ന് തുടങ്ങി മിക്കയിടങ്ങളിലും തന്റെ 
സ്വാതന്ത്ര്യത്തെ വളരെ വിദഗ്ദമായി അദ്ദേഹം  ഉപയോഗപ്പെടുത്തിയിട്ടുണ്ട്

പുതിയ കഥാസന്ദർഭങ്ങൾ എന്ന പോലെ പുതുതായി ചില കഥാപാത്രങ്ങളെയും എഴുത്തുകാരൻ ഇവിടെ സൃഷ്ടിച്ചിട്ടുണ്ട് കഥാപാത്രങ്ങളെയൊക്കെ വളരെ സത്യസന്ധമായി മൂലകഥയോട് വിളക്കിച്ചേർക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതിൽ എഴുത്തുകാരന് അഭിമാനിക്കാംബാല്യകാലസഖിയായ ചമേലിഅതികായന്റെ പെറ്റമ്മയെന്ന രീതിയിൽ അവതരിപ്പിക്കുന്ന 
രാജ്ഞി ചിത്രാംഗിതേരാളിയായ കർപ്പകൻ തുടങ്ങിയവആദ്യത്തെ രണ്ടു കഥാപാത്രങ്ങളേയും മിഴിവോടെ അവതരിപ്പിക്കാൻ കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്കർപ്പകൻ എന്ന 
കഥാപാത്രസൃഷ്ടിയും മോശമായില്ലെങ്കിലും അതില്ലായിരുന്നെങ്കിലും നോവലിന് ഒന്നും 
സംഭവിക്കുമായിരുന്നില്ലചമേലിയെ കുറിച്ചുള്ള രാവണന്റെ ഓർമ്മകൾ  വായനക്കാരുടെ 
ഉള്ളിൽ തട്ടുന്നവിധം തന്നെയാണ്  അവതരിപ്പിച്ചിരിക്കുന്നത്ലോകം മുഴുവൻ 
കാൽക്കീഴിലാക്കിയ  രാക്ഷസരാജാവായ രാവണന്റെ ഹൃദയം ഇത്രമാത്രം 
പ്രണയാർദ്രമാണോയെന്ന് ഒരു പക്ഷെ വായനക്കാർ അത്ഭുതം കൂറീയേക്കുംചമേലിയും 
ചിത്രാംഗിയുമൊക്കെ കടന്നുവരുന്നത് മൂലകഥയിൽ നിന്ന് മാറി സഞ്ചരിക്കുന്ന 
സന്ദർഭങ്ങളിലാണ്ഒരു രാസപ്രക്രിയയിലെ കൂടിച്ചേരൽ പോലെ രാമായണഭക്തരായ 
വായനക്കാരെപോലും വിശ്വസിപ്പിക്കുന്ന രീതിയിൽ തന്നെ കുറ്റമറ്റതായാണ് അദ്ദേഹം  കൃത്യം  ചെയ്തിരിക്കുന്നത്

തീർച്ചയായും വായനക്കാരെ രസിപ്പിക്കുന്നമനസ്സിൽ തങ്ങുന്ന കുറെ മുഹൂർത്തങ്ങളും 
സംഭാഷണങ്ങളും അടങ്ങിയ ഒരു നല്ല നോവൽ തന്നെയാണ് 'പെരും ആൾ'. നോവലിലുടനീളം 
ഉപയോഗിച്ചിരിക്കുന്ന ചടുലമായ ഭാഷയും അലങ്കാരപ്രയോഗങ്ങളും ഒന്നിനൊന്നുമേൽ  
തിളങ്ങിനിൽക്കുകയും ചെയ്യുന്നുപ്രകൃതി വർണ്ണനകളും ആവോളമുണ്ട് ഇതിൽ
കഥാപാത്രങ്ങളെ പറയുമ്പോൾ അവരുടെ ശരീരമാനസിക വർണ്ണനങ്ങളും ഇഷ്ടം പോലെ നടത്തിയിട്ടുണ്ട് കഥാകൃത്ത് ഇതിൽവായനക്കാർക്ക് കഥാപാത്രങ്ങളെ വ്യക്തമായി മനസ്സിലാക്കാൻ  പ്രയോഗം സഹായിച്ചിട്ടുണ്ട്നമ്മൾക്ക് പരിചിതങ്ങളായ രാമായണം ആസുരദൈവീക 
ശക്തികളുടെ  ഏറ്റുമുട്ടലായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെങ്കിൽ,  രമേശൻ ബ്ലാത്തൂർ എന്ന 
എഴുത്തുകാരൻ  തലത്തിൽ നിന്ന് മാറി സഞ്ചരിക്കുകയാണ്അത്ഭുതങ്ങളും 
അമാനുഷികതയും ഒക്കെ എടുത്തുമാറ്റി സാധാരണ മനുഷ്യരായാണ് എല്ലാ കഥാപാത്രങ്ങളെയും അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്പല ഗോത്രങ്ങളിൽ പെട്ട മനുഷ്യർഅവർ തമ്മിലുള്ള 
യുദ്ധങ്ങളും കീഴടക്കലുകളും പ്രതികാരവും പ്രണയവും കാമവും വിവരിക്കുന്നതാണ്  
നോവൽഈയൊരു കളം മാറ്റം നോവലിലുടനീളം കാണാംഅതുകൊണ്ടു തന്നെയായിരിക്കണം വാനരന്മാരെ മുഖംമൂടിയണിയുന്ന പ്രത്യേക ഗോത്രവർഗ്ഗമാക്കിയതും മാരീചനു പകരം അയാൾ വളർത്തുന്ന പൊന്മാനിനെ സീതാപഹരണത്തിന് ഉപയോഗിക്കുന്നതും ജടായുവിനെ 
ഗരുഡഗോത്രക്കാരനാക്കിയതും ഒക്കെകൂടാതെ ബാലിയുമായുള്ള മൽപ്പിടുത്തം
ശ്രീരാമഭക്തനായ മാരീചനെ ഒരു കള്ളസന്യാസി എന്ന രീതിയിലുള്ള അവതരണം
മഹാദേവനെ ശൈവരാജാവാക്കിയുള്ള ചിത്രീകരണം എന്നിവയൊക്കെ അത്തരമൊരു 
മനോധർമ്മത്തിൽ നിന്ന് വിരിഞ്ഞതാണ്ഈവ്വിധമുള്ള അവതരണത്തിലൂടെ തന്റെ രാഷ്ട്രീയംഎന്താണെന്നു കൂടി കൃത്യമായി സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട് എഴുത്തുകാരൻ
കാമവിവരണങ്ങൾ കുറച്ചു കൂടുതലായോ എന്ന് വായനക്കാർക്ക് സന്ദേഹമുണ്ടായാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ലചിലയിടങ്ങളിൽ അത് കഥയുടെ ഒഴുക്കിനെ ബാധിച്ചില്ലേ എന്നുപോലും തോന്നിപോകുന്നുസീതയുടെ മുൻപിൽ വച്ച് സപത്നിയുമായുള്ള കാമലീലകൾ പോലുള്ള വിവരണങ്ങൾ അനുചിതമായി തോന്നികഥയിലുടനീളം ഉപയോഗിച്ചിരിക്കുന്ന 
ആലങ്കാരികപ്രയോഗങ്ങൾ നന്നായിരുന്നെങ്കിലും അവയുടെ ആധിക്യം കുറക്കാമായിരുന്നു എന്നും തോന്നി.

വായനക്കാരുടെ മനസ്സിൽ ഒരു നൊമ്പരം ഉണർത്തിക്കൊണ്ടാണ് രാവണൻ എന്ന കഥാപാത്രം 
അവതരിക്കുന്നത്തുടർന്നുള്ള ഓർമ്മകളിലൂടെ ഒരു ആവേശമായിസ്നേഹത്തിന്റെ 
നറുംനിലാവായി പെരും ആൾ നമ്മുടെ ഹൃദയത്തിലേക്ക് പതുക്കെ കുടിയേറുന്നുപക്ഷെ 
നോവലിന്റെ പകുതി കഴിയുമ്പോഴേക്കും കാമതൃഷ്ണയും നീചവൃത്തിയും പെരും ആളിനെ 
വെറും ഒരു രാക്ഷസരാജാവായി തരംതാഴ്ത്തുന്നുരാവണപക്ഷത്തുനിന്ന് രാമായണത്തിനെ നോക്കിക്കാണാൻ ശ്രമിച്ചതിനാൽ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെ ഒരു വലിയ ഇടം തന്നെ 
കഥാകാരന് കിട്ടുന്നുണ്ടെങ്കിലും  സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നില്ല അദ്ദേഹംഅതിന് 
ഒരു പക്ഷെ നേരത്തെ സൂചിപ്പിച്ചതുപോലെ മനസ്സിൽ രൂഢമായി കിടക്കുന്ന രാമയണപ്രീതി 
തന്നെയായിരിക്കാം കാരണംഎന്തായാലും കൈയിലൊരു പേനയും കുറച്ചു കഥാപാത്രങ്ങളും 
ഉണ്ടെങ്കിൽ എന്തും എഴുതാം എന്തും പറയാം എന്ന് കരുതുന്നവർക്കിടയിൽ രമേശൻ ബ്ലാത്തൂർ 
ഒരു മികച്ച മാതൃക തന്നെയാണ്ഇത്രയും നല്ലൊരു നോവൽ എഴുതിയ വ്യക്തി പിന്നീട് 
കൂടുതലായൊന്നും പ്രസിദ്ധീകരിച്ചില്ല എന്നത് അത്ഭുതം പകരുന്നുഒപ്പം ഒരിത്തിരി നിരാശയുംഇനിയും ഒരുപാട് എഴുതി വായനക്കാരെ രസിപ്പിക്കാനും ചിന്തിപ്പിക്കാനും അദ്ദേഹത്തിന് കഴിയട്ടെ  എന്ന് പ്രാർത്ഥിക്കുന്നു.

                                                                                               -ശുഭം-