പേജുകള്‍‌

അച്ഛച്ഛനെപ്പോലൊരു അങ്കിൾ


കുന്ദലഹള്ളി കേരള സമാജത്തിലെ മുതിർന്ന അംഗമായ ടി എം എസ് നമ്പീശൻ അങ്കിളുമായുള്ള ഒരു കൂടിക്കാഴ്ചയുടെ ഓർമ്മകൾ.

മുന്നിലിരിക്കുന്ന ആ മനുഷ്യനെ ഞാൻ കൗതുകത്തോടെ നോക്കിക്കാണുകയായിരുന്നു; ജരാനരകൾ ബാധിച്ച, ശരീരമാസകലം വാർദ്ധക്യത്തിന്റെ ചുളിവുകൾ നിറഞ്ഞ കൃശഗാത്രനായ ആ എൺപത്തഞ്ചുകാരനെ. സംസാരിക്കുമ്പോൾ തെളിയുന്നത് പക്ഷേ ആയിരം പൂർണചന്ദ്രന്മാരെ കണ്ട വയ്യായ്കയല്ല, മറിച്ച് ഊർജ്ജസ്വലനായ ഒരു യുവാവിന്റെ ചുറുചുറുക്കും കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയും മാത്രം. പഴയ കാര്യങ്ങളൊക്കെ വിവരിക്കുമ്പോൾ മുറിഞ്ഞു മുറിഞ്ഞുപുറത്തേക്ക് വീഴുന്ന വാക്കുകളിലെ ആവേശം,വാർദ്ധക്യത്തെ മറയ്ക്കുന്ന തരത്തിൽ മുഖത്ത് തെളിഞ്ഞു കണ്ട സന്തോഷം, കുഴിഞ്ഞ കണ്ണുകളിലെ തെളിച്ചം ഒക്കെ എന്നെപ്പോലെത്തന്നെ മറ്റുള്ളവരും ശ്രദ്ധിച്ചിരിക്കണം.

ഈയൊരു കൂടിക്കാഴ്ച, ഞാൻ പോലും അറിയാതെ അച്ഛച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ എന്നിലേക്ക്‌ വന്നു നിറയുകയായിരുന്നു. ഗോതമ്പുനിറമുള്ള, കുഞ്ഞുങ്ങളെപ്പോലെ പുഞ്ചിരിക്കുമായിരുന്ന, ദേഹം മുഴുവൻ നര കയറി ചുളിഞ്ഞതെങ്കിലും ആരോഗ്യദൃഢഗാത്രനായിരുന്ന എന്റെ അച്ഛന്റെ അച്ഛൻ. ജീവിച്ചിരുന്നിരുന്നെങ്കിൽ ഇപ്പോൾ നൂറിന്റെ നിറവിലെത്തുമായിരുന്നു. പ്രായത്തിൽ ഏറെ കുറവുണ്ടെങ്കിലും എവിടെയൊക്കെയോ ഈ മനുഷ്യനും എന്റെ അച്ഛച്ഛനും സാമ്യമുള്ളതുപോലെ എനിക്ക് തോന്നി. അതിന് കാരണം മുഖത്ത് തെളിഞ്ഞു കണ്ട നിഷ്കളങ്കതയാണോ, കുസൃതി നിറഞ്ഞ ചിരിയാണോ അതോ മറ്റു വല്ലതുമാണോ എന്ന് കൃത്യമായി ഓർത്തെടുക്കാൻ എനിക്ക് കഴിഞ്ഞില്ല.

എല്ലാവരും അങ്കിൾ എന്ന് വിളിക്കുന്ന ഈ മനുഷ്യനെ സ്വാഭാവികമായി ഞാനും അങ്ങനെത്തന്നെ വിളിച്ചു; ആ ഒരു സംബോധനയും രൂപവും പൊരുത്തമില്ലായിരുന്നിട്ട് കൂടി. ഒരു വർഷം മുൻപാണ് ഞാൻ ഇദ്ദേഹത്തെ ആദ്യമായി കണ്ടത്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ വർഷം കേരളപ്പിറവി ആഘോഷത്തിന്റന്ന്. സന്ദേഹമേതുമില്ലാതെ, തനിക്കറിയാവുന്ന ഉത്തരം ഉറക്കെ പറഞ്ഞുകൊണ്ട് ക്വിസ് മത്സരത്തിലും അത് കഴിഞ്ഞ് പരിഭ്രമം തെല്ലും കാണിക്കാതെ  കവിത ചൊല്ലലിലും പ്രായത്തിന്റെ തളർച്ചയൊന്നും വകവെക്കാതെ അങ്കിൾ പങ്കെടുത്തത് ഞാൻ ശ്രദ്ധിച്ചിരുന്നു. മുൻപ് പറഞ്ഞതുപോലെത്തന്നെ ഒത്തിരി കൗതുകത്തോടെയും പിന്നെ ഒരിത്തിരി ഇഷ്ടത്തോടെയും .

പിന്നീട് കുറേനാളുകൾ അതോ മാസങ്ങൾ തന്നെയോ കഴിഞ്ഞാണ് വീണ്ടും കണ്ടത്. ഞങ്ങളുടെ സമാജത്തിലെ ഏറ്റവും മുതിർന്ന എക്സിക്യൂട്ടീവ് അംഗമാണ് അങ്കിൾ. ഞാനാകട്ടെ താരതമ്യേന പുതുമുഖവും. പയ്യന്നൂർക്കാരനായ അങ്കിൾ, കാഞ്ഞങ്ങാട്ടുകാരനായ എന്റെ ഭാര്യാപിതാവിനെ കാണണം എന്നറിയിച്ചപ്പോൾ (തലേദിവസം നാട്ടുകാരനായ ഒരാളെ പരിചയപ്പെട്ടു എന്ന് മകനായ രാജീവേട്ടൻ അദ്ദേഹത്തെ അറിയിച്ചിരുന്നു, അതിന്റെ പരിണിതഫലമാണ് ഈ കൂടിക്കാഴ്ച). അങ്കിളിന്റെ വീട്ടിലേക്കു വന്നതാണ് ഞങ്ങൾ, കൂടെ സമാജം സെക്രട്ടറി രജിത്തും.

നാട്ടുകാര്യങ്ങളെക്കുറിച്ച് പറഞ്ഞ് തുടങ്ങിയ പരിചയപ്പെടൽ. അതിനിടയിൽ ചായ വന്നു. അറുപത്തിനാലിൽ പാർട്ടിയിൽ അംഗമായതും പഴയ നേതാക്കന്മാരെ കുറിച്ചുള്ള കഥകളും ഉണ്ണികൃഷ്ണൻ നമ്പൂതിരിയെക്കുറിച്ചും ഒക്കെ പറഞ്ഞു. രണ്ടുപേർക്കും അറിയാവുന്ന ചിലരെ കുറിച്ചും സംസാരിക്കുകയുണ്ടായി. ഈ രംഗത്തിലെ ഭാവപ്രകടനങ്ങളാണ് ഞാൻ തുടക്കത്തിൽത്തന്നെ വിവരിച്ചതും കൗതുകത്തോടെ വീക്ഷിച്ചതും. ഒരു മണിക്കൂറോളം ഞങ്ങൾ അവിടെ ചെലവഴിച്ചു. കൂടുതൽ സമയവും കേൾവിക്കാരന്റെ വേഷമായിരുന്നു ഞാൻ അണിഞ്ഞിരുന്നത്.

ഒടുവിൽ 'ഇനി വരുമ്പോഴും കാണണം' എന്നും പറഞ്ഞ് കൈപിടിച്ച് ഞങ്ങളെ യാത്രയാക്കിയപ്പോൾ എന്തുകൊണ്ടോ വീണ്ടും ഞാൻ അച്ഛച്ഛനെ ഓർത്തു. എന്നും കാൽതൊട്ട് വണങ്ങി യാത്ര പറയുമ്പോൾ നിറഞ്ഞു തുളുമ്പാറുണ്ടായിരുന്ന ആ മിഴികൾ എന്റെ മനസ്സിൽ തെളിഞ്ഞുവന്നു. അറിയാതെ എന്റെ കണ്ണുകൾ സജലങ്ങളായി.

ഞാൻ അറിഞ്ഞ് ആസ്വദിച്ച, കഴിഞ്ഞുപോയ ഏതാനും നിമിഷങ്ങൾ ഏറ്റവും ഇഷ്ടത്തോടെ ഓർമ്മകളുടെ പുസ്തകത്താളുകളിൽ ഒരു മയിൽപ്പീലി തണ്ടുപോലെ സൂക്ഷിച്ചുവച്ച് മറ്റുള്ളവരോടൊപ്പം ഞാനും അവിടെ നിന്നും പടിയിറങ്ങി; ഒരു മുഖം ഹൃദയത്തിലും മനസ്സിലും ചേർത്തുവെച്ച്.

5 അഭിപ്രായങ്ങൾ:

  1. പലപ്പോഴും ഒരാളുടെ രൂപം, സംസാരം, പെരുമാറ്റം എന്നിവ നമുക്കേറ്റവും ഇഷ്ടമുള്ള മറ്റാരെയെങ്കിലും ഓർമ്മിപ്പിക്കും... അതൊരു വാസ്തവമാണ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

      ഇല്ലാതാക്കൂ
    2. തികച്ചും ശരിയാണ്...
      വായിക്കാൻ സമയം കണ്ടെത്തിയതിന് ഏതായാലും നന്ദി..

      ഇല്ലാതാക്കൂ
  2. ഹാലോ
    അജിത്,
    ചിലരിൽ നമ്മുടെ പ്രീയപ്പെട്ടവരുടെ മുഖം കണ്ടെത്താനാകും ഇവിടേ നമ്പിശനങ്കിളിൽ അച്ഛന്റെ മുഖം ദർശിക്കാൻ കഴിഞ്ഞത് ഭാഗ്യം തന്നെ. ഇവിടെയിതാദ്യം, നന്നായി എഴുതി. ആശംസകൾ ബ്ലോഗചലഞ്ചിൽ പങ്കെടുത്തതിൽ സന്തോഷം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീർച്ചയായും..ഇത് പലർക്കും അനുഭവപ്പെട്ടിട്ടുള്ളതായിരിക്കുമെന്നതിൽ തർക്കമില്ല. ഏതായാലും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി, ഒപ്പം അതിയായ സന്തോഷവും രേഖപ്പെടുത്തുന്നു.

      ഇല്ലാതാക്കൂ