പേജുകള്‍‌

എന്റെ വിഷു - അന്നും ഇന്നും


"വിഷൂന് കണി വെക്കണ്ടേ..?" ചോദ്യം ഭാര്യയുടേതാണ്.
"പിന്നേ..കണിയില്ലാത്ത പരിപാടിയില്ല" ഞാൻ അസന്നിഗ്ധമായി പറഞ്ഞു.
"കണി വെക്കാൻ ഈട ഒന്നും ഇല്ലല്ലോ.?" വീണ്ടും ഭാര്യ.
"*കൊറച്ച് കയിഞ്ഞിറ്റ് പൂവ്വാം .." ഞാൻ മൊഴിഞ്ഞു.
"എന്ത്ന്നാ വേണ്ടത്..?" ഭാര്യ ചോദിച്ചു.
ഞാൻ പറഞ്ഞു "ബെള്ളരിക്ക, പച്ചമാങ്ങ, കോയക്ക, ചക്കകണ്ടൽ, പഴം..കൊന്ന കിട്ടിയാൽ അതും..."

നാളെ വിഷുവാണ്, അതിനുള്ള ഒരുക്കങ്ങൾക്ക് വേണ്ടി ഞാനും എന്റെ നല്ലപാതിയും നടത്തിയ സംഭാഷണപരമ്പരയിലെ ഏതാനും ശകലങ്ങളാണ് നിങ്ങൾ മുകളിൽ വായിച്ചത്.

അങ്ങനെ രാവിലത്തെ ഭക്ഷണവും അത്യാവശ്യ ജോലിയും തീർത്തു 2 സഞ്ചിയുമായി ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി. മോളെ അടുത്ത വീട്ടിൽ കളിക്കാൻ പറഞ്ഞയച്ചു. വീടിന്റെ തൊട്ടടുത്താണ് കട,നടക്കാനുള്ള ദൂരമേയുള്ളൂ. ഒരു ചെറിയ കടയാണ്, പച്ചക്കറിതട്ടുകളുടേയും കാശിടുന്ന മേശയുടേയും ഇടയിലൂടെ കഷ്ടിച്ച് രണ്ടുപേർക്കു നെഞ്ചുരസ്സി അങ്ങോട്ടുമിങ്ങോട്ടും പോകാം. ഞങ്ങൾ ചെല്ലുമ്പോഴേക്കും അത്യാവശ്യം തിരക്കുണ്ടായിരുന്നു. എല്ലാവരും രാവിലെത്തന്നെ സാധനങ്ങൾ വാങ്ങാൻ വന്നതാണ്. കുറച്ചു കഴിഞ്ഞാൽ തീർന്നു പോകുമെന്നും, ഇനി കിട്ടിയാൽ തന്നെ വാടിയ പച്ചക്കറികളെ കിട്ടുകയുള്ളൂ എന്നും എല്ലാവരും മനസ്സിലാക്കിയിരുന്നതിന്റെ ഗുണഫലം. ആ തിരക്കിനിടയിലും കഷ്ടപ്പെട്ട് ഒരു കൂട്ട സംഘടിപ്പിച്ച് ഞങ്ങളും ഓരോന്നായി വാരിയെടുക്കാൻ തുടങ്ങി.

"മാഷേ..ചക്കയില്ലേ..?

അതിനിടയിൽ ഞാൻ പീടികക്കാരനോട് ചോദിച്ചു.

"അതല്ലേ പൊറത്ത് വെച്ചിറ്റ്..നല്ല കണി വെക്കേണ്ട തരത്തിലുള്ള ചക്ക."

ഞാൻ കൂട്ടയുമായി പുറത്തേക്കു നീങ്ങി, ചക്കക്കു വേണ്ടി പരതി. എല്ലാം വാരിവലിച്ചിട്ടിരിക്കുന്നതിനിടയിൽ നിന്ന് ചക്കയെ കണ്ടുപിടിക്കാൻ ഇച്ചിരി സമയമെടുത്തു. ഞാൻ ചക്കയെ നോക്കി, അതെന്നെയും നോക്കി, വേറാരും നോക്കിയില്ല. 'ഇതാണോ കണിവെക്കാൻ പറ്റിയ ചക്ക?' ഞാൻ മനസ്സിൽ പുച്ചിച്ചു കൊണ്ട് എടുക്കണോ വേണ്ടയോ എന്ന ഉൽപ്രേക്ഷാലങ്കാരത്താൽ വീണ്ടും വീണ്ടും ചക്കയെ നോക്കി.

"എന്തോന്നാടോ ഇത്ര ആലോചിക്കുന്നത്? വേണമെങ്കിൽ എടുത്തു വട്ടിയിലിട് .."

ഞാൻ ഞെട്ടി. 'ഇതാരപ്പാ ഈ ഡയലോഗ് അടിച്ച'തെന്നറിയാൻ തിരിഞ്ഞു നോക്കി. ഇനി ഭാര്യയെങ്ങാനുമാണോ? ഞാൻ അവളെ നോക്കി.
അവൾ സംഭവമൊന്നുമറിയാതെ കോയക്ക ഓരോന്നായി തപ്പിയെടുക്കുകയാണ്. കുറച്ചു നേരം തിരിഞ്ഞും മറിഞ്ഞും നോക്കിയശേഷം ചക്കയുടെ കാര്യത്തിൽ ഞാൻ വീണ്ടും സംശയാലുവായി.

"തന്നോടല്ലേ കോപ്പേ പറഞ്ഞത് എടുത്ത് സഞ്ചിയിലിടാൻ"

ഒരിക്കൽ കൂടി ഞാൻ ഞെട്ടിയെങ്കിലും അത് പുറത്തു കാണിക്കാതെ ചക്കയെ തന്നെ സൂക്ഷിച്ചു നോക്കി. അപ്പോഴല്ലേ ആളെ പിടി കിട്ടിയത്. ഈ വീരസ്യമെല്ലാം  മുഴക്കിക്കൊണ്ടിരുന്നത് നരുന്തു പോലേ ഒന്നിനും കൊള്ളാതെ കിടക്കുന്ന  ഉണക്കചക്കയായിരുന്നു. എന്റെ പരമമായ പുച്ഛം അതിനു പിടിച്ചില്ല. അസൂയ അല്ലാതെന്ത്. എങ്കിലും വേറെ വഴിയില്ലാത്തതിനാൽ ഞാൻ ആ വാടിയ ചക്കയെടുത്ത്  മനസ്സില്ലാമനസ്സോടെ കൂട്ടയിലിട്ടു. 'ഈശ്വരാ, വന്ന് വന്ന് ചക്ക വരെ തെറി പറയാൻ തുടങ്ങിയോ' എന്നൊരു സങ്കടം പറച്ചിലും നടത്തി. അടുത്തത് കണി വെള്ളരി; അതിന്റെ കാര്യവും തഥൈവ. അതിന്റെ നോട്ടം കണ്ടപ്പോൾ തന്നെ അധികം ആലോചിക്കാൻ നിന്നില്ല, എടുത്തു കൂട്ടയിലിട്ടു.മുൻ അനുഭവങ്ങൾ കാരണം മാങ്ങയുടെ നേരെ ഒന്ന് നോക്കിയതുപോലുമില്ല. മുഖത്തൊരു പുഞ്ചിരി ഒട്ടിച്ച് വേഗം തന്നെ 2 -3 എണ്ണം കൈക്കലാക്കി.

"കൊന്ന വേണ്ടേ?" ചോദ്യം പീട്യക്കാരന്റേതാണ്.
"ദാ, ഫ്രിഡ്ജിനകത്തുണ്ട്" അയാൾ വിരൽചൂണ്ടി.

ഞാൻ ഫ്രിഡ്ജിന്റെ നേരെ നടന്നു, വാതിൽ തുറക്കാതെ തന്നെ അകത്തോട്ടു നോക്കി. "താൻ വാങ്ങിയാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല' എന്ന ഭാവത്തിൽ പ്ലാസ്റ്റിക്‌ കൂടുകളിലായി ചുരുണ്ടി കൂടി കിടക്കുന്ന കൊന്നയെ പതുക്കെ ഒന്ന് എത്തി നോക്കി.സ്വർണ്ണവർണ്ണമണിയേണ്ടുന്ന നമ്മുടെ നായകൻ ആകെ കരുവാളിച്ചു വാടിക്കുഴഞ്ഞ്‌ കിടക്കുന്നതു കണ്ടപ്പോൾ തന്നെ ഞാൻ തീരുമാനം വിളംബരം ചെയ്തു.

"കണിക്കൊന്ന ഒരാളോട് പറഞ്ഞിറ്റ്ണ്ട് , ഉച്ചക്ക് കിട്ടും".

അത് ഫ്രിഡ്ജിനകത്തു കിടക്കുന്ന കൊന്ന കേട്ടുവോ എന്ന് ശ്രദ്ധിക്കാൻ ഞാൻ നിന്നില്ല; നല്ല തെറി നാട്ടിലും കിട്ടുമല്ലോ.

അങ്ങിനെ കൂട്ടാൻ വെക്കാനും കണി വെക്കാനുമായി വാടിയതും അല്ലാത്തതുമായ പച്ചക്കറികൾ വാങ്ങി മീനച്ചൂടിൽ ഉരുകിയൊലിച്ച് ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി. ഉച്ചഭക്ഷണവും രാത്രിയിലെ അത്താഴവും കഴിഞ്ഞ് 11 മണിയോട് കൂടി കണി ഒരുക്കാൻ തുടങ്ങി (രാവിലെ ഏൽപ്പിച്ച കണിക്കൊന്ന പക്ഷേ കിട്ടിയില്ല. ഫ്രിഡ്ജിൽ കിടന്നിരുന്ന കൊന്നയെ പറ്റി 'അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ' എന്ന് ഒരു മാത്ര വെറുതെ ഞാൻ നിനച്ചുപോയി). ചുമരിൽ തൂക്കിയ പൂജാമുറിയായതിനാൽ താഴെ ഒരു വെളുത്ത മുണ്ട് വിരിച്ച് അതിന്റെ ഒത്ത നടുക്ക് 5 തിരിയിട്ട നിലവിളക്ക് എണ്ണയൊഴിച്ചു വച്ചു. ഉരുളിയിൽ അരി നിറച്ച് അതിൽ കോയക്ക വച്ചു, കൂടാതെ പുത്തൻ നോട്ടുകളും ഇത്തിരി പൊന്നും മുകളിൽ കാണാവുന്ന തരത്തിൽ വച്ചു. വാടിയ പച്ചക്കറികൾ ഓരോന്നോയി വിഷമത്തോടെ നിരത്തിവച്ചു. രാമായണവും കൃഷ്ണപ്പാട്ടും വിളക്കിനരികിലായി വച്ചു. ഇനി ദൈവങ്ങളെ ഭൂമിയിലേക്കിറക്കണം. ആദ്യം തന്നെ ഗുരുവായൂരപ്പനെ കൂട്ടിൽ നിന്ന് താഴെയിറക്കി വിളക്കിന്റെ വലതു ഭാഗത്തായി വച്ചു. അടുത്തതായി ശിവപാർവതിമാരെ എടുത്തു.

"ഗുരുവായൂരപ്പൻ മാത്രം പോരെ? വിഷൂന് കൃഷ്ണനെയല്ലേ കണി  കാണണ്ടത്?.." വാമഭാഗമാണ്.

സംഭവം സത്യമാണ്. എന്തുകൊണ്ടെന്നറിയില്ല,പണ്ട് മുതലേ വിഷു കൃഷ്ണന് തീറെഴുതികൊടുത്തതാണ്. പക്ഷെ,ഞാൻ വിട്ടില്ല.

"ആയിരിക്കാം, എന്നാലും പനയാലപ്പനെ*വിട്ടുള്ള പരിപാടിയില്ല" ഞാൻ നയം വ്യക്തമാക്കി.

അങ്ങിനെ ലോകമാതാപിതാക്കളെ വിളക്കിന്റെ ഇടതു ഭാഗത്തായി പ്രതിഷ്ഠിച്ചു. തീപ്പെട്ടി എടുത്ത് രാവിലെ കിട്ടാൻ പാകത്തിൽ വച്ചു. എഴുന്നേറ്റ് മാറി നിന്ന് എല്ലാം ഒരിക്കൽ കൂടി സൂക്ഷ്മമായി പരിശോധിച്ചു. വാടിയ പച്ചക്കറികൾ കണ്ടപ്പോൾ മുഖം ചുളിഞ്ഞെങ്കിലും അതിന്റെ നല്ല ഭാഗം മാത്രം കാണുന്ന രീതിയിൽ തിരിച്ചുവച്ച് താൽക്കാലികമായി പ്രശ്നം പരിഹരിച്ച്‌ ഞാൻ ഉറങ്ങാൻ കിടന്നു. പുലർച്ചക്ക് കണി കാണാനായി 4 മണിക്ക് അലാറം വച്ചിട്ടാണ് കിടന്നത്.

                                                                 **************

"അയിത്തേ*..കുഞ്ഞീ..എണീക്ക്..കണി കാണണ്ടേ..?" ആരോ വിളിക്കുന്ന പോലെ.
"ങേ...?"
"കണി കാണേണ്ടേ..? എണീക്ക്*"
"കണിയൊ..? കൊറച്ച്‌ കയ്യട്ട്*"
"ഇതാ, എല്ലാവരും കുളിച്ച് അമ്പലത്തിൽ പൂവ്വാനൊരുങ്ങി,ബേഗം എണീക്ക്.."
അമ്മയുടെ ശബ്ദം ഇപ്പോൾ വ്യക്തമായി കേട്ടു.

"കണ്ണ് തൊറക്കലാ..എന്റൊക്കെന്നെ* വാ.." അമ്മ പറഞ്ഞു.

വാതിലും ചുമരും തപ്പിപ്പിടിച്ച് പതുക്കെ പടിഞ്ഞാറ്റയിലെത്തി.

"ആട ഇരുന്നോ..എന്നിറ്റ് കണ്ണ് തൊറക്ക്.."

പതുക്കെ നിലത്തിരുന്ന് ഉറക്കച്ചവട് മാറാതെ കഷ്ടപ്പെട്ട് കണ്ണ് തുറന്നു. പാതി തുറന്ന കണ്ണിൽ ആദ്യം പതിഞ്ഞത് നിലവിളക്കിൽ നിന്നുള്ള സ്വർണ്ണപ്രഭയാണ്, അവ്യക്തമായി. അതിനെ തന്നെ നോക്കിക്കൊണ്ട് കണ്ണ് മുഴുവനായി തുറന്നു. ഇപ്പൊ വ്യക്തമായി കാണാം അഞ്ചുതിരിയിട്ട നിലവിളക്കിൽ നിന്ന് പൊഴിയുന്ന ഐശ്വര്യത്തിന്റെ കിരണങ്ങൾ.തൊഴുകൈയ്യോടെ നിർന്നിമേഷനായി അഗ്നിദേവന്റെ അനുഗ്രഹം ഹൃദയത്തിൽ ഏറ്റു വാങ്ങി. ഏതാനും നിമിഷങ്ങൾക്ക് ശേഷം വിളക്കിൽ നിന്ന് കണ്ണ് പിൻവലിച്ചു ബാക്കിയുള്ള കാഴ്ചകൾ ഓരോന്നായി കാണാൻ തുടങ്ങി. വേണുധാരിയായ കൃഷ്ണനോടൊപ്പം മറ്റു ദൈവങ്ങളെയും അവിടെ നിരത്തി വച്ചിരുന്നു. ഓരോരുത്തരെയായി മനസ്സുകൊണ്ട് കുമ്പിട്ടു പ്രാർത്ഥിച്ചു. നടപ്പുവർഷം ഐശ്വര്യസമൃദ്ധമാകേണ്ടത് അത്യാവശ്യമായതിനാൽ  ഉറക്കം തൂങ്ങുന്ന കണ്ണുകളാൽ എല്ലാം ഓടിച്ചു നോക്കി. ഇന്നലെ സംഘടിപ്പിച്ച ചക്ക-മാങ്ങ-തേങ്ങാദികൾ, വിഷമില്ലാത്ത പച്ചക്കറികൾ, അച്ഛന്റെ കീശയിൽ നിന്നെടുത്തുവച്ച ഒരു പിടി നാണയങ്ങൾ, അമ്മയുടെ സ്വർണ്ണമാല, കസവുമുണ്ട് തുടങ്ങി കാണുമ്പോൾ തന്നെ കണ്ണിനു കുളിർമ്മ പകരുന്ന വസ്തുക്കൾ. അത് നോക്കി നിൽക്കെ എന്റെ മനസ്സിലൂടെ ഇന്നലത്തെ പകൽ ഒരിക്കൽ കൂടി കയറി ഇറങ്ങുകയായിരുന്നു.

പതിവിനു വിപരീതമായി ഞങ്ങൾ മൂന്നുപേരും രാവിലെ തന്നെ എഴുന്നേറ്റു, അച്ഛൻ കാസർഗോട്ട് ഷോപ്പിലേക്ക് പോകുന്നതിനും മുൻപായിത്തന്നെ. പടക്കത്തിന്റെ കാര്യം അവതരിപ്പിക്കണം എന്നത് തന്നെ കാര്യം. അച്ഛൻ കുളിച്ചു ഭക്ഷണം കഴിച്ചു വീട്ടിൽ നിന്ന് ഇറങ്ങുന്നത് വരെ ഓരോരുത്തരായി മാറി മാറി നേരിട്ടും അമ്മ വഴിയും ആ ധർമ്മം നിർവ്വഹിച്ചു. 'നോക്കട്ട്' എന്നൊരു ഒഴുക്കൻ മറുപടിയാൽ അച്ഛൻ പടിയിറങ്ങി.ഇനി രാത്രി 8 മണി വരെ കാത്തിരിക്കണം തീരുമാനം അറിയാൻ. അച്ഛൻ പടക്കം കൊണ്ടുവന്നില്ലെങ്കിൽ ഇക്കൊല്ലത്തെ വിഷു തഥൈവ..!!! 'ഹോ..ആലോചിക്കാനേ പറ്റില്ല...'.
സമയം ഇഴഞ്ഞു നീങ്ങുകയാണ്,ഒച്ചിനെക്കാൾ പതുക്കെ. എവിടെ നിന്നൊക്കെയോ ഒറ്റപ്പെട്ട ശബ്ദങ്ങൾ കേട്ട് തുടങ്ങിയിരിക്കുന്നു.അന്നേരം മുതൽ ഇരിപ്പുറക്കാതായതാണ്. തൊട്ടടുത്തുള്ള ചിണ്ടേട്ടന്റെ കടയിൽ പോയാൽ അത്യാവശ്യം പടക്കം കിട്ടും, പക്ഷെ അച്ഛനറിഞ്ഞാൽ..??അമ്മയോട് ചോദിച്ചപ്പോൾ 'എന്നോട് ചോയിച്ചിറ്റ് പോണ്ട*' എന്ന് എടുത്തടിച്ചു പറഞ്ഞു. ഭാഗ്യം, 'കടക്ക് പുറത്ത്' എന്ന് പറഞ്ഞില്ല. എന്ത് ചെയ്യും? ഞങ്ങൾ ആലോചിച്ചു. ഒടുവിൽ വീണ്ടും അമ്മയുടെ അടുത്ത് തന്നെയെത്തി.മൂന്നുഭാഗത്തും നിന്നും കരഞ്ഞും വാശി പിടിച്ചും മുഖം വീർപ്പിച്ചും ഒക്കെ സ്വൈരം കെടുത്തിയപ്പോൾ ആദ്യത്തെ പടി കടന്നു, ഇനി കാശ്. അതിനിനി എന്ത് ചെയ്യും? മൂവരും ഭണ്ഡാരങ്ങളിലും വാതിൽപ്പടിയിലും എവിടെയൊക്കെ കിട്ടുമോ അവിടെയൊക്കെ തപ്പി കുറച്ചൊപ്പിച്ചു. അമ്മയെ സോപ്പിട്ടും കുറച്ചു ചില്ലറ ഒപ്പിച്ചു. കാശ് കിട്ടിയതും ഒരോട്ടമായിരുന്നു, ചിണ്ടേട്ടന്റെ പീടികയിലേക്ക്. ഓലയും മാലയും പൂത്തിരിയും കമ്പിത്തിരിയും ഒക്കെയായി കിട്ടിയ കാശു തീർത്തിട്ട് വീട്ടിലേക്കു തിരിച്ചൊരു ഓട്ടം. ആ പടക്കങ്ങളെല്ലാം പൊട്ടിച്ചു തീർത്താണ് നേരത്തെ ഓടിയതിന്റെ ക്ഷീണം തീർത്തത്. ഒന്നുരണ്ട് തവണ ആ യജ്ഞം തുടർന്നു.

വൈകുന്നേരം കണി വെക്കാനുള്ള മാങ്ങയും ചക്കയും പറിക്കാൻ ഉത്സാഹത്തോടെ കത്തിയും തോട്ടിയുമായി ഇറങ്ങി. പറമ്പിൽ നിറയെ മാവും പ്ലാവുമായതിനാൽ ഏതിൽ നിന്ന് പറിക്കും എന്നായിരുന്നു സംശയം. മധുരമൂറും പഞ്ചസാര മാങ്ങയും നാരുകൾ നിറഞ്ഞ ചേരിയൻ മാങ്ങയും തനി നാടൻ ഗോമാങ്ങയും കപ്പ മാങ്ങയും അടുത്തുകൂടെ ചെന്നാൽ പോലും പല്ലു പുളിച്ചു പോകുന്ന പുളിയൻ മാങ്ങയും കാഴ്ച്ചയിൽ കുള്ളനായ ചുണ്ണ്യൻ മാങ്ങയും തുടങ്ങി പേരറിയാൻ പാടില്ലാത്തതും എന്നാൽ മാധുര്യമാർന്നതുമായ പലതരം മാങ്ങകളാൽ സമ്പന്നമായിരുന്നു ഞങ്ങളുടെ വളപ്പ്. പ്ലാവുകളും സമൃദ്ധമായുണ്ടായിരുന്നു. ഏതായാലും മാങ്ങകളുടെ ഭാരത്താലാണോ എന്നോടുള്ള വിനയം കൊണ്ടാണോ എന്നറിയില്ല, ഭൂമിയോളം താഴ്ന്നു കിടക്കുന്ന ഗോമാവിൽ നിന്ന് തന്നെ നല്ലൊരു കുല മാങ്ങ പറിച്ചെടുത്തു. രണ്ടാമത്തെ ഏട്ടൻ പ്ലാവിൽ വലിഞ്ഞു കയറി നല്ല രണ്ടിളം ചക്കകൾ അരിഞ്ഞു വീഴ്ത്തി, മൂത്ത ഏട്ടൻ അത് ചായ്പ്പിൽ കൊണ്ടുവച്ചു. സന്ധ്യയോടെ കുളിയും (?) പ്രാർഥനയും ഒരു ചടങ്ങു പോലെ തീർത്തു. പിന്നെയൊരു കാത്തിരിപ്പായിരുന്നു പടക്കപ്പൊതിയുമായി അച്ഛൻ വരുന്നുണ്ടോ എന്നറിയാൻ. ഇടയ്ക്കിടെ ടൈംപീസിൽ കണ്ണെറിഞ്ഞും അപ്പുറത്തെ വീടുകളിൽ നിന്ന് ഒറ്റയ്ക്കും കൂട്ടമായും കേൾക്കുന്ന പടക്കത്തിന്റെ ശബ്ദത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചും ഒരു നീണ്ട കാത്തിരിപ്പ്.

പതിവായി വരുന്ന സമയം കഴിഞ്ഞും അച്ഛനെ കാണാത്തപ്പോൾ തികട്ടി വന്ന സങ്കടം ഉള്ളിൽ ഒളിപ്പിച്ചു വച്ച് വഴിയിലേക്ക് തന്നെ കണ്ണും നട്ട് തിണ്ണയിൽ കുത്തിയിരുന്നു. ഇടയ്ക്കിടെ ആകാശത്തു വിരിയുന്ന വർണ്ണവിസ്മയത്തിൽ അസൂയപൂണ്ടുള്ള ഒരു കാത്തിരിപ്പ് തന്നെയായിരുന്നു അത്. അതിനിടയിൽ മനസ്സില്ലാമനസ്സോടെ എങ്ങിനെയൊക്കെയോ ഭക്ഷണം കഴിച്ചെന്നു വരുത്തി. ഒടുവിൽ കൈയിലൊരു പൊതിയുമായി വൈകിവന്ന അച്ഛനെ കണ്ടപ്പോഴുണ്ടായ സന്തോഷത്തിരയിളക്കം പറഞ്ഞറിയിക്കാൻ കഴിയില്ല. മുറ്റത്തു കണ്ട പടക്കത്തിന്റെ അവശിഷ്ടങ്ങളിൽ നേരിയ കോപം കാണിച്ചെങ്കിലും അമ്മയുടെ ഇടപെടലിൽ വാങ്ങിയ പടക്കം മുഴുവനും കൈയിൽ കിട്ടിയപ്പോൾ ഹൃദയത്തിൽ നിറഞ്ഞത് സന്തോഷത്തേക്കാളേറെ വീര്യമായിരുന്നു. ഇത്രയും നേരം മിണ്ടാതിരുന്ന ഞങ്ങളിതാ ഞെട്ടിക്കാൻ പോകുന്നു എന്ന അയൽക്കാരോടുള്ള വെല്ലുവിളി. നേരത്തേ തന്നെ തയ്യാറാക്കി വച്ചിരുന്ന ചിമ്മിനി വിളക്കും തീപ്പെട്ടിയും വടിയും കുപ്പിയും ഉപയോഗിച്ച് പിന്നെയൊരു മണിക്കൂർ നേരത്തേക്ക് ഒരു ആഘോഷമായിരുന്നു. ഉള്ളിൽ കിടന്ന് വീർപ്പുമുട്ടിയിരുന്ന സങ്കടമെല്ലാം നാദ - വർണ്ണ വിസ്മയമായി മുറ്റത്തും ആകാശത്തും ചിതറിത്തെറിച്ചു.  പൂത്തിരിയും കമ്പിത്തിരിയും ചക്രവും ഓലപ്പടക്കവും മാലപടക്കവും ബാണവും ഒക്കെ പൊട്ടിച്ചും കത്തിച്ചും തീർക്കുമ്പോൾ ഞങ്ങളുടെ വിഷു ആഘോഷം അതിന്റെ ഉച്ചസ്ഥായിലെത്തുകയായിരുന്നു. വീടുകളിൽ നിന്നും ഉതിരുന്ന ശബ്ദഘോഷങ്ങൾ പുതുവർഷത്തെ  വരവേൽക്കുന്ന മംഗളഗാനമായി മാറി. ഒരിത്തിരി പൂത്തിരിയും കമ്പിത്തിരികളും പടക്കങ്ങളും കാലത്തേക്ക് മാറ്റി വച്ച് ബാക്കി എല്ലാം തീർത്തപ്പോഴേക്കും ചുറ്റുവട്ടത്തുനിന്നുമുള്ള ശബ്ദങ്ങളും ഏതാണ്ട് നിലച്ചിരുന്നു. ഒരല്പസമയം കൂടി അവിടുന്നും ഇവിടുന്നുമായി ഒറ്റക്കും തെറ്റക്കും പടക്കങ്ങളുടെ ശബ്ദം കേട്ടു. എല്ലാം കഴിഞ്ഞ് കിടക്കുമ്പോൾ നേരം ഒരു പാട് വൈകിയിരുന്നു. നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ദൂരെ നിന്ന് കടന്നുവന്ന മുഴക്കത്തിൽ കാതോർത്തു കിടന്നപ്പോൾ അറിയാതെ ഉറക്കം ഞങ്ങളെയും തഴുകി കടന്നുപോയി.

"*ബെളക്കിന്റെ മുന്പിലിരുന്നിറ്റ്  നീ എന്ത്ന്ന് ത്ര ആലോയിക്കുന്നേ*..?" ബേഗം പോയി പല്ലു തേച്ച്‌ കുളിക്കാൻ നോക്ക്..അമ്പലത്തിൽ പോകാൻ ഇപ്പോന്നെ *ബൈതു.." അമ്മയുടെ പിറുപിറുപ്പ് എന്നെ ഓർമ്മകളിൽ നിന്നുണർത്തി. കടന്നുവന്ന ഉറക്കച്ചടവിനെ ഒരു വലിയ കോട്ടുവായിലൂടെ പുറത്തേക്കു വിട്ട് പതുക്കെ എഴുന്നേറ്റ് തലയും മാന്തി കിണറ്റിൻകരയിലേക്ക് നടന്നു. ഏട്ടന്മാർ കുളി തുടങ്ങിയിരുന്നു. പല്ലുതേപ്പൊക്കെ പെട്ടെന്ന് തീർത്തു. കിണറ്റിൽ നിന്ന് വെള്ളം കോരി ഏഴരവെളുപ്പിന് നഗ്നമേനിയിൽ ഒഴിക്കുമ്പോൾ ആകെ തണുത്തു വിറച്ചുപോയി. എങ്ങിനെയൊക്കെയോ സോപ്പ് തേച്ചു രണ്ടു ബക്കറ്റ് വെള്ളം കൂടി തലയിലൂടെ ഒഴിച്ച് പെട്ടെന്ന് തോർത്തി അകത്തേക്കോടി. വിഷുക്കോടി എന്ന ഏർപ്പാട് ഇല്ലാത്തതിനാൽ ഉള്ളതിൽ നല്ല കുപ്പായം നോക്കി അമ്മ എടുത്തു വച്ചിട്ടുണ്ടായിരുന്നു.അത് വേഗം വലിച്ചു കേറ്റി ഇത്തിരി നേരം അടുപ്പിൻ തിണ്ണയിൽ കുത്തിയിരുന്ന് ദേഹം ചൂടാക്കി.
ഏതാണ്ട് 5 മണിയോടെ വീടും പൂട്ടി എല്ലാവരും ഇറങ്ങി. മിന്നാമിനുങ്ങിന്റെ വെട്ടമുള്ള വലിയ ടോർച്ചുമായി അച്ഛൻ മുൻപിലും ബാക്കിയുള്ളവർ പിന്നാലെയുമായി ഒരു ജാഥപോലെ ഞങ്ങൾ അഞ്ചംഗസംഘം പനയാലപ്പന്റെ തിരുനട ലക്ഷ്യമാക്കി നീങ്ങി.

ഞങ്ങളുടെ വളപ്പിൽ നിന്ന് പുറത്തെത്തുമ്പോഴേക്കും പല ദിക്കുകളിൽ നിന്നായി ടോർച്ചുകളും ചൂട്ടുകെട്ടുകളും മിന്നിച്ചുകൊണ്ട്  ആളുകൾ ഇരുട്ടിന്റെ മറ നീക്കി പുറത്തുവരുന്നത് കാണാമായിരുന്നു. എല്ലാവരുടെയും ലക്‌ഷ്യം ഒന്നുതന്നെയായിരുന്നു. ലോകൈകനാഥനായ ശ്രീ മഹാലിംഗേശ്വരന്റെ തിരുനട. ഈ വിഷുപ്പുലരിയിൽ ശിവലിംഗദർശനം എന്ന പുണ്യം നുകരുക, ആ തിരുനടയിൽ കൈകൂപ്പി എല്ലാം മറന്നു ഇത്തിരി നേരം നിൽക്കുക എന്നത് ഞങ്ങൾ പനയാൽ നിവാസികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു; അന്നും ഇന്നും. മിന്നാമിന്നുകൾ ഒന്നിച്ചു ചേരുന്നതുപോലെ പതുക്കെ പതുക്കെ ആ വെട്ടങ്ങളൊക്കെ ഒന്ന് ചേർന്ന് ഒരു വലിയ തീപ്പന്തമായി മാറി. അടുത്തെത്തിയ ഒരു ചൂട്ടുകെട്ടിന്റെ ഉടമയോട് "ആര്ഡോ അത് ?"  എന്ന് അച്ഛൻ ചോദിച്ചപ്പോൾ "ഞാനെന്നെ കണ്ണേട്ടാ" എന്ന് അയാൾ പ്രതികരിച്ചു. അത് ഞങ്ങളുടെ അയൽവാസിയായ കണ്ണേട്ടനായിരുന്നു. രണ്ടു കണ്ണന്മാരും കൃഷിയുടെ കാര്യം പറഞ്ഞു കൊണ്ട് മുന്നിൽ നടന്നു. അവിടുന്നും ഇവിടുന്നുമായി ആൾക്കാർ ആ സംഘത്തിൽ ചേർന്നുകൊണ്ടിരുന്നു. അങ്ങിനെ പുരുഷന്മാരുടെ സംഘം മുന്നിൽ, പിന്നാലെ കുട്ടിപ്പട്ടാളം, ഏറ്റവും പിന്നിൽ സ്ത്രീകൾ എന്ന രീതിയിൽ നിശബ്ദതയെ വലിച്ചു കീറിമുറിച്ചു കൊണ്ട് ഞങ്ങൾ പനയാലപ്പന്റെ തിരുനട ലക്ഷ്യമാക്കി നടന്നു. ഏതാനും മിനിട്ടുകൾക്കകം ഞങ്ങൾ അമ്പലത്തിൽ പ്രവേശിച്ചു. തൊഴുതു കൊണ്ട് ഓരോരുത്തരായി അകത്തുകയറി. നിറഞ്ഞുകത്തുന്ന തിരിനാളങ്ങൾക്കു നടുവിലായി സർവ്വാലങ്കാരവിഭൂഷണനായി വിരാജിക്കുന്ന മഹാദേവനെ കൺനിറയെ കണ്ടു. വിഗ്രഹത്തിനു മുന്നിലുള്ള ഉണ്ണിയപ്പത്തിനെ ഞങ്ങൾ കുട്ടികൾ കൊതിയോടെ നോക്കി വെള്ളമിറക്കി. ഇമ്പ്രാശൻ* തന്ന ചന്ദനം ഭക്തിയോടെ നെറ്റിയിൽ ചാർത്തി. തണുത്ത ചന്ദനം നെറ്റിയിൽ കൊണ്ടപ്പോൾ അതൊരു സുഖകരമായ അനുഭവമായി. അന്തരീക്ഷത്തിൽ വ്യാപാരിച്ചിട്ടുള്ള ചന്ദനത്തിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം ഞങ്ങൾ അപ്പാടെ മൂക്കു വിടർത്തി വലിച്ചെടുത്തു. ഇമ്പ്രാശൻ തന്ന കൈനീട്ടം ഏറ്റുവാങ്ങുമ്പോൾ മറ്റുള്ളവർക്ക് എത്ര കിട്ടി എന്ന് മെല്ലെ ഇടംകണ്ണിട്ടു നോക്കി. അവിടെയും 25 പൈസ തന്നെയെന്നറിഞ്ഞപ്പോൾ മനസ്സിന് ഒരു ആശ്വാസം. ഇന്ന് നെൽവിത്തിടുന്ന ദിവസമാണ്, ആണുങ്ങൾ അതിനെ പറ്റി സംസാരിച്ചു കൊണ്ടിരുന്നു. നാരായണേട്ടനെ കണ്ടപ്പോൾ അക്കാര്യം ഒന്നുകൂടി അച്ഛൻ ഓർമ്മിപ്പിച്ചു. അല്പസമയത്തിന് ശേഷം ഓരോരുത്തരായി പിരിയാൻ തുടങ്ങി.ഇനി വീട്ടിൽ ചെന്നിട്ടു വേണം സദ്യവട്ടത്തിന്റെ കാര്യം നോക്കാൻ.

എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങിയപ്പോൾ ഞങ്ങൾ പോയത് കരുണാകരൻ വല്യച്ഛന്റെ വീട്ടിലേക്കാണ്. അച്ഛച്ഛന്റെ അനിയനാണ് ഈ വല്യച്ഛൻ, പഴയ സ്വാതന്ത്ര്യസമരസേനാനി. ചുവന്നുതുടുത്ത് നല്ല ഗോതമ്പിന്റെ നിറമാണ് വല്യച്ഛന്. എപ്പോഴും ഒരു പുഞ്ചിരി മുഖത്ത് നിറഞ്ഞിരിക്കും (പഞ്ചസാരയുടെ അസുഖം കൂടി ഒരു കാൽ മുറിച്ചുകളഞ്ഞിട്ടു കൂടി മരിക്കും വരെ ആ ചിരിയ്ക്കൊരു മാറ്റമുണ്ടായതായി എനിക്ക് തോന്നിയിട്ടില്ല). കുട്ടികളോട് ദേഷ്യപ്പെടുന്നത് ഇതുവരെ കണ്ടിട്ട് പോലുമില്ല. വെളുത്ത ജുബ്ബയും മുണ്ടുമായിരിക്കും എപ്പോഴും വേഷം, കൈയ്യിലൊരു കാലൻകുടയും. ജുബ്ബയുടെ കീശയിൽ മിക്കപ്പോഴും മിട്ടായിയോ ചില്ലറപൈസയോ ഉണ്ടായിരിക്കും, അത് ഞങ്ങൾ കുട്ടികൾക്കുള്ളതാണ്. ഞങ്ങളെ കാണുമ്പോഴെല്ലാം കൈ പതുക്കെ ജുബ്ബയുടെ കീശയിലേക്ക് നീളും. ഒരു ചെറുപുഞ്ചിരിയോടെ എന്താണോ ഉള്ളത് അതെടുത്ത് തരും. പൂമുഖത്തുണ്ടായിരുന്ന വല്യച്ഛൻ സുന്ദരമായ പുഞ്ചിരിയോടെ ഞങ്ങളെ സ്വാഗതം ചെയ്തു. അച്ഛൻ വല്യച്ഛനോട് സംസാരിച്ചോണ്ടു നിൽക്കുമ്പോൾ ഞങ്ങൾ അവിടെത്തന്നെ ചുറ്റിപറ്റി നിന്നു. കാര്യം മനസ്സിലായ വല്യച്ഛൻ തന്റെ ജുബ്ബയുടെ കീശയിൽ നിന്ന് ഓരോ നാണയം ഞങ്ങൾക്ക് തന്നു. അത് കിട്ടിയതും ഞങ്ങൾ അടുക്കളയിലേക്കു ഓടി. ഇനി അവിടെ നിൽക്കേണ്ട കാര്യമില്ലല്ലോ. അവിടെ വല്യമ്മയും ഇളയച്ഛന്മാരും ഇളയമ്മമാരും ഉണ്ടായിരുന്നു. കോണിപ്പടി കയറി മുകളിൽ ചെന്ന് കണി കണ്ടു. എല്ലാം വിശദമായി നോക്കിയെങ്കിലും കണ്ണുടക്കിയത് കൃത്യമായും ഉണ്ണിയപ്പത്തിലാണ്. മടങ്ങുന്നതിനിടയിൽ ആരും കാണാതെ ഒരപ്പമെടുത്ത് കഴിച്ചു. കുറച്ചു സമയത്തെ ചുറ്റിത്തിരിയലിനു ശേഷം തൊട്ടപ്പുറത്തുള്ള ഗംഗ വല്യമ്മയുടെ വീട്ടിലേക്കു നടന്നു. അച്ഛച്ഛന്റെ അനിയത്തിയാണ്. സ്വർണ്ണവർണ്ണമാണ് വല്യമ്മക്ക്, കാണാൻ തന്നെ നല്ല ഐശ്വര്യം. എങ്കിലും കുരുത്തക്കേടിന് നല്ല ചീത്ത കിട്ടും എന്നതിനാൽ അത്ര പഥ്യമല്ല വല്യമ്മയെ. നല്ലതല്ലാത്ത ഏത് കാര്യം കേട്ടാലും "ഏ രാമാ.." എന്ന് ആവലാതികൊള്ളുന്ന സുന്ദരിവല്യമ്മ. പക്ഷെ നാരായണൻ വല്യച്ഛൻ അങ്ങിനെയല്ല,പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു കുശലം പറയും. ഞങ്ങളെ "മച്ചീനിയാ.." എന്നാണ് വിളിക്കാറ്. ഞങ്ങൾക്ക് അത് കേൾക്കുമ്പോൾ നാണം വരുമെങ്കിലും ആ വിളിയിൽ ഒരു സുഖമുണ്ടായിരുന്നു, ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയും. അച്ഛച്ഛന്റെയും അമ്മമ്മയുടെയും മച്ചുനിയനാണ് വല്യച്ഛൻ. അതുകൊണ്ടാണ് ഞങ്ങളെയും അങ്ങിനെ വിളിക്കുന്നത്. കണി കാണുമ്പോൾ ഞങ്ങളുടെ നോട്ടം ഉണ്ണിയപ്പത്തിലായിരിക്കുമെന്ന് വല്യമ്മക്ക് കൃത്യമായി അറിയാം. അതിനാൽ "അയില് കൈയിടേണ്ട, ബേറെ തരാം' എന്ന് ആദ്യം തന്നെ പറഞ്ഞു. മധുരമൂറും ഉണ്ണിയപ്പവും കഴിച്ച്‌ ഓരോ ഗ്ലാസ് ചായയും കുടിച്ചാണ്   ഞങ്ങൾ വീട്ടിലേക്കു മടങ്ങിയത്. വീട്ടിലെത്തിയപാടെ അമ്മ അടുക്കളപ്പണിയിലും അച്ഛൻ കണ്ടതിൽ വിത്തിടുന്ന കാര്യത്തിലും ഞങ്ങൾ ബാക്കിയുള്ള പടക്കം പൊട്ടിക്കുന്ന തിരക്കിലേക്കും മുഴുകി.

കുറച്ച് കഴിഞ്ഞ് ഞാൻ അടുക്കളയിലേക്ക് നീങ്ങി. അടുപ്പിൻ തിണ്ണയിൽ കുത്തിയിരുന്ന് അമ്മ ദോശ ചുടുന്നതും നോക്കി.ചട്ടിയിൽ നിന്നും വീഴുന്ന ദോശയുടെ വരണ്ട കഷണങ്ങൾ പെറുക്കിത്തിന്നുകൊണ്ടും തീ കാഞ്ഞു കൊണ്ടും അടുപ്പിൻ തിണ്ണയിൽ കുത്തിയിരിക്കാൻ നല്ല സുഖമായിരുന്നു. അങ്ങനെ ആ സുഖത്തിൽ ഞാൻ മുഴുകിയിരിക്കുമ്പോഴാണ് പിന്നിൽ നിന്ന് ഒരു പടക്കം പൊട്ടിയത്, "എന്റമ്മോ......." ഞാൻ അലറിയതും താഴേക്ക് ചാടിയതും ഒരുമിച്ചായിരുന്നു.

"അജിത്തേട്ടാ, അജിത്തേട്ടാ...എന്ത് പറ്റി? എന്തിനാ കരഞ്ഞത്..?"
"പടക്കം.."
"പടക്കോ? എന്ത് പടക്കം..?"
"അല്ല, ആരോ എന്റെ പിന്നിൽ നിന്ന് പടക്കം പൊട്ടിച്ചു, പൊള്ളിയോ എന്ന് സംശയമുണ്ട്, ഒന്ന് നോക്ക്..." ഞാൻ എന്റെ പുറകിൽ തപ്പി.
"കുന്തം...അത് അലാറം അടിച്ചത്..മണി നാലായി..പോയി വെളക്ക് കത്തിക്ക്, കണി കാണണ്ടേ .."
ഒരു നിമിഷം മൗനം
"ഓരോന്ന് വിചാരിച്ചിറ്റ് കിടക്കും, വെറുതെ എന്തെങ്കിലും സ്വപ്നം കണ്ട്  ബാക്കിയുള്ളോരെ കൂടി പേടിപ്പിക്കാൻ.."
ഞാൻ കാത് കൂർപ്പിച്ചു, ഭാര്യയുടെ ശബ്ദം.
'അപ്പൊ എല്ലാം സ്വപ്നമായിരുന്നോ..????'
"ആദ്യേ ഉറങ്ങിയോ" വീണ്ടും ഭാര്യയുടെ ശബ്ദം. നിരാശയോടെ ഞാൻ വർത്തമാനത്തിലേക്ക് തിരിച്ചു കയറി.
അഴിഞ്ഞലുങ്കി വാരിക്കെട്ടി തപ്പിതടഞ്ഞു ഞാൻ പൂജാമുറിയുടെ മുൻപിലേക്ക് പോയി. പോകുന്ന പോക്കിൽ കൈയും തലയും കാലുമൊക്കെ ചുമരുമായി കലഹം കൂട്ടി.

പാതി തുറന്ന കണ്ണുമായി ഒരുവിധത്തിൽ ഞാൻ പൂജാമുറിയുടെ മുൻപിൽ എത്തി. നിലത്തു ചമ്രം പടിഞ്ഞിരുന്നു വിളക്ക് കത്തിച്ചു. ആ കൂരിരുട്ടിൽ നിലവിളക്കിന്റെ ഇത്തിരിവെട്ടത്തിൽ പോലും എന്റെ കണ്ണ് മഞ്ഞളിച്ചുപോയി. കഷ്ടപ്പെട്ട് കണ്ണ് തുറന്നു ഞാൻ മുന്നിൽ നിരത്തി വച്ചിരിക്കുന്ന കണിയിലേക്കു നോക്കി. ഐശ്വര്യപൂർണ്ണമായി പുതുവർഷത്തിന് തുടക്കം കുറിക്കേണ്ടതാണ്. അഞ്ചുതിരിയാൽ നിറഞ്ഞു കത്തുന്ന നിലവിളക്കിനെ നോക്കി തൊഴുതു. അരിയിൽ നിരത്തി വച്ചിരിക്കുന്ന പൊന്നും പണവും നോക്കി മുഖവും മനസ്സും തെളിച്ചു. അത് കഴിഞ്ഞു എന്റെ കണ്ണുകൾ ചെന്ന് പെട്ടത് പഴത്തിലാണ്. "ലേശം കറുത്തുപോയോ?" എനിക്ക് സംശയം. ഉടനെ തന്നെ നിവൃത്തികേട്‌ വരുത്തി, "ഏയ്..ഇല്ല, തോന്നുന്നതാ..." ഞാൻ സമാധാനിച്ചു. പഴത്തിൽ നിന്ന് ചക്ക, മാങ്ങ, പച്ചക്കറികൾ എന്നിവയിലൂടെ കണ്ണോടിച്ചു. "വാടിയിട്ടുണ്ടോ..?" വീണ്ടും സംശയം. പക്ഷെ ഇത്തവണ സംശയദുരീകരണം ഉടനെ നടന്നില്ല. "വാടിയിട്ടില്ലേ.." എന്ന് വീണ്ടും തോന്നി.

ആ തോന്നലോടെയാണ് ഞാൻ ഗുരുവായൂരപ്പനെ നോക്കിയത്. കണ്ണടച്ച് ഒരു നിമിഷം പ്രാർത്ഥിച്ചതിന് ശേഷം ഉണർവോടെ കണ്ണ് തുറന്ന് അങ്ങേരെ നോക്കി.
ആ മുഖത്തൊരു ചിരിയുണ്ടോ..?' കണ്ണ് തിരുമ്മി വീണ്ടും നോക്കി. 'ഉണ്ട്, സംശയമില്ല. നമ്മളെ ഒന്നാക്കിയുള്ള ചിരിയല്ലേ അത്?'
'വാടിയ പച്ചക്കറിയാണ് കണി അല്ലെ..' എന്ന് ചോദിച്ചോ..?
ഇപ്പൊ വാടിയത് എന്റെ മുഖമാണ്. ആ വാടിയ മുഖത്തോടെ ഞാൻ ശിവപാർവ്വതിമാരെ ഒന്ന് പാളി നോക്കി. 'അവിടെയും ചിരിയുണ്ടോ..?' ഇല്ല, തല്ക്കാലം മൂപ്പര് ഒന്നും മിണ്ടുന്നില്ല. ആശ്വാസം. മുഖത്ത് ഒരു പുഞ്ചിരി വരുത്തി ഞാൻ പറഞ്ഞു
"ഇത്തവണ പറ്റിപ്പോയി, അടുത്തകൊല്ലം നമുക്ക് ഗംഭീരമാക്കാം".

അത് വിശ്വസിച്ചോ എന്നറിയില്ല എങ്കിലും എന്നെ ആശ്വസിപ്പിക്കാനെന്ന മട്ടിൽ 'സാരമില്ല' എന്ന് പറഞ്ഞ് മൂപ്പര് കണ്ണടച്ചു. നമുക്ക് ജാമ്യം നില്ക്കാൻ ആളുണ്ടെന്നറിവോടെ ഒരിത്തിരി ഗമയിൽ ഞാൻ വീണ്ടും കൃഷ്ണനെ നോക്കി പറഞ്ഞു.

"അടുത്തകൊല്ലം പുതിയ പച്ചക്കറികളും പഴങ്ങളും വാടാത്ത കണിക്കൊന്നയുമായി നമ്മൾ  തകർക്കും.."

ഇതെത്ര കേട്ടിരിക്കുന്നു എന്ന മട്ടിൽ അങ്ങേരു വീണ്ടും ഒരു ചിരി. എന്നിട്ട് 'തഥാസ്തു' എന്നൊരനുഗ്രഹവും ചെയ്തു എല്ലാവരും. ഇപ്പോൾ എന്റെ വാട്ടം നേരെയായി പക്ഷേ ഇപ്രാവശ്യത്തെ കണി ഏതായാലും വാടിത്തന്നെ. 

                                                                           ശുഭം  

ഭാഷാസഹായി:

ഈട: ഇവിടെ 
കൊറച്ച് കയിഞ്ഞിറ്റ് പൂവ്വാം: കുറച്ച് കഴിഞ്ഞ് പോകാം 
പനയാലപ്പൻ: പനയാൽ ഗ്രാമത്തിലെ ദേവൻ, മഹാലിംഗേശ്വരൻ  
അയിത്തേ: അജിത്തേ എന്നതിന്റെ നാടൻ പ്രയോഗം 
എണീക്ക്: എഴുന്നേൽക്ക് 
കൊറച്ച്‌ കയ്യട്ട്: കുറച്ച് കഴിയട്ടെ 
ബെളക്ക്/വെളക്ക്: വിളക്ക്   
ബൈതു: വൈകി 
ബേഗം: വേഗം
എന്റൊക്കെന്നെ: എന്റെ ഒന്നിച്ച് തന്നെ
ആട: അവിടെ   
എന്നോട് ചോയിച്ചിറ്റ് പോണ്ട: എന്നോട് ചോദിച്ചിട്ട് പോകണ്ട 
എന്ത്ന്ന് ത്ര ആലോയിക്കുന്നേ: എന്താണ് ഇത്ര ആലോചിക്കുന്നത് 
ഇമ്പ്രാശൻ: എമ്പ്രാന്തിരി, അമ്പലത്തിലെ പൂജാരി 

2 അഭിപ്രായങ്ങൾ:

  1. ഇക്കൊല്ലത്തേക്കാൾ അടുത്തകൊല്ലം ഗംഭീരമാക്കുമെന്ന പ്രതീക്ഷയാണല്ലോ എല്ലാ ആഘോഷവും ബാക്കിവെക്കുന്നത്...:-)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രതീക്ഷയില്ലെങ്കിൽ ജീവിതത്തിനു എന്തർത്ഥം..?

      ഇല്ലാതാക്കൂ